Tuesday, January 29, 2013

KSRTC റിലയന്‍സിനെ ഏല്‍പ്പിക്കണമെന്നാവശ്യം ശക്തമാകുന്നു ?


തിരുവനന്തപുരം : ഡീസല്‍ വിലവര്‍ദ്ധനയെ തുടര്‍ന്ന പ്രതിസന്ധിയിലായ KSRTC റിലയന്‍സിനെ ഏല്‍പ്പിക്കണമെന്ന്  ഗതാഗത മേഖലയിലെ വിദഗ്തര്‍ ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നു. കെടുകാര്യസ്ഥതക്ക് ഒപ്പം ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യവും ശാപമായ കെ.എസ്.ആര്‍.ടി.സി ഡീസല്‍ വിലവര്‍ദ്ധനവോടെ വന്‍പ്രതിസന്ധി നേരിടുന്ന സമയത്താണ്‌ റിലയന്‍സ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നത്. വരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളും പെന്‍ഷനും നല്‍ന്ന സര്‍ക്കാരിന്‌ കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത കൂടി ഏറ്റെടുക്കാനാകില്ല എന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.ദേശസാല്‍ക്കരിച്ച് റൂട്ടുകളില്‍ മാത്രമാണ്‌ ജനം  KSRTC യെ ആശ്രയിക്കുന്നുള്ളൂ എന്നും അത് തന്നെ ഇവിടെ അവര്‍ക്കുള്ള കുത്തക കൊണ്ടുകൂടിയാണെന്നും വിദഗ്തര്‍ വിലയിരുത്തുന്നു. പ്രൈവറ്റ് ബസുകള്‍ നല്‍കുന്ന ഉയര്‍ന്ന സേവന നിലവാരത്തിന്റെ അടുത്തെത്താന്‍ പോലും KSRTC  ക്ക് ആകുന്നില്ല എന്നുള്ളതും  ഒരു വസ്തുതയാണ്‌

ഈ പ്രശ്നത്തിനുള്ള പ്രധാന പരിഹാരമായാണ്‌  KSRTC    യെ റിലയന്‍സിന്‌ കൈമാറ്റം ചെയ്യണമെന്ന്  ഇവര്‍ ആവശ്യപ്പെടുന്നത്.എന്തുകൊണ്ട് റിലയന്‍സ് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. റിലയന്‍സ് അല്ലാതെ മറ്റ് വ്യവസായികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തു കൂടെ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാല്‍ റിലയന്‍സിന്‌ അനുകൂലമായി കേരളത്തില്‍   ഒരു രാഷ്ട്രീയ കാരണവും ഒരുപാട് ബിസിനസ് കാരണങ്ങളുമുണ്ടത്രെ.

ഏത് വ്യവസായത്തെയും സംരംഭകരേയും സംശയ ദൃഷ്ടിയോടെ നോക്കുന്ന ഇവിടുത്തെ മാധ്യമങ്ങളും ചില വിശുദ്ധ നേതാക്കളും റിലയന്‍സിനോട് അത്ര എതിര്‍പ്പ് കാട്ടാറില്ല എന്നതാണ്‌ ആ രാഷ്ട്രീയ  കാരണം.റിലയന്‍സിന്റെ ലോബിയിസ്റ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ആളു പോലും  ഇവിടെ മാധ്യമങ്ങള്‍ക്ക് സ്വീകാര്യനും രാഷ്ട്രീയ നിരീക്ഷകനുമാണല്ലോ.
ഇനി ബിസിനസ് കാര്യങ്ങളെന്താണ്‌ എന്ന് നോക്കാം.  ഇന്ത്യയിലെ പ്രകൃതി വാതക നിക്ഷേപത്തിന്റെ വലിയൊരു പങ്ക്  കൈക്കലാക്കിയ  കമ്പനിയാണ്‌  റിലയന്‍സ് .എന്നു മാത്രമല്ല ഇദ്ധന വ്യവസായത്തിലെ  ശക്തരുമാണ്‌. KSRTC യെ ഇന്ധന വിലവര്‍ദ്ധനവ് ബാധിക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ റിലയന്‍സിന്റെ ഊര്‍ജ്ജ ശക്തി സംരക്ഷിക്കുമെന്നുറപ്പാണ്‌.നാളെ  ഡീസല്‍ വില ക്രമാതീതമായി കൂടിയാലും പ്രകൃതിവാതക നിക്ഷേപത്തിലെ തങ്ങളുടെ സ്രോതസുകള്‍  KSRTC ക്ക് വേണ്ടി ഒഴുക്കാനും റിലയന്‍സ് മടിക്കില്ല അപ്പോള്‍ ഇദ്ധന സുരക്ഷ എന്ന ബിസിനസ്  മോഡല്‍ കെ.എസ്.ആര്‍.ടി.സിയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും . റിലയന്‍സ് ബാന്ധവത്തോടെ  നാളെ സെന്‍സെക്സ് ഓഹരി ആയി കെ.എസ്.ആര്‍.ടി.സി മാറിയാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ല എന്ന് സാരം 

കൈമാറ്റം കൊണ്ട്  KSRTC ക്കും ജനങ്ങള്‍ക്കും നേട്ടം മാത്രമെ ഉണ്ടാകൂ എന്നാണ്‌ ഇതിന്റെ മറ്റൊരു വശം . കേരളത്തിലെ പൊതുഗതാഗതം ഒരു ഇദ്ധന കുത്തക ഏറ്റെടുക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കുറയുമെന്നാണ്‌ ഇതില്‍ പ്രധാനം . (മൊബൈല്‍ ഫോണ്‍ ഇത്രക്ക് ജനകീയമായത് 500 രൂപയുടെ ഹാന്‍സെറ്റ് നല്‍കി റിലയന്‍സ് വന്നതിന്‌ ശേഷമാണല്ലോ ).KSRTC റിലയന്‍സിന്‌  നല്‍കുന്നതോടെ പല പ്രൈവറ്റ് ഓപ്പറേറ്റേഷ്സും പൂട്ടിപ്പോകാനുള്ള സാധ്യതയും ഉണ്ട്. റിലയന്‍സിന്റെ മികവില്‍ സര്‍വ്വിസ് നടത്താന്‍ ധാര്‍ഷ്യവും അഹങ്കാരവുമുള്ള  മിക്ക സംരംഭകര്‍ക്കും കഴിയില്ലല്ലോ. പക്ഷെ സമാധാനപരമായ ബസ് യാത്ര ഇഷ്ടപ്പെടുന്നവരെ റിലയന്‍സിന്റെ വരവ് ആവേശഭരിതരാക്കുമെന്ന് ഉറപ്പാണ്‌.

കോടികള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന  KSRTC യെ റിലയന്‍സ് ഏറ്റെടുക്കുമോ എന്ന സംശയവും ചിലര്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ KSRTC   യുടെ ആസ്തികള്‍ സൌജന്യമായി റിലയന്‍സിന്‌ കൊടുക്കക വഴി അവരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ്‌ റിലയന്‍സ് അനുകൂലികളുടെ പക്ഷം . ആസ്തികള്‍ക്ക് പകരം സര്‍ക്കാരിന്‌  ഓഹരികള്‍ വാങ്ങുകയും  ലാഭ വിഹിതമായി കോടികള്‍ കൈക്കലാക്കാനും കഴിയുമെന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു ( ഇത്രയും കാലം നഷ്ടം നികത്താന്‍ കോടികള്‍ ഒഴിക്കിയ സര്‍ക്കാരിന്‌ ഇങ്ങോട്ട് കോടികള്‍ കിട്ടിയാല്‍ പുളിക്കുമോ) . അതുകൊണ്ട് തന്നെ പ്രാരംഭ ഘട്ടത്തില്‍ കടങ്ങളും ബാധ്യതകളുമൊക്കെ എഴുതി തള്ളി KSRTC   യെ റിലയന്‍സിന്റെ സുരക്ഷിത കരങ്ങളില്‍ എത്തിക്കാന്‍ ഇനി വൈകേണ്ടതില്ല എന്ന് സാരം 

Wednesday, July 18, 2012

റിലയൻസിന് ഡാറ്റ സെന്റർ നിലനിർത്താനായി മാധ്യമ പ്രവർത്തകൻ രംഗത്ത് ?
ഡൽഹി : വി.എസ് സർക്കാരിന്റെ കാലത്ത്  റിലയൻസ്  കൈവശപ്പെടുത്തിയ ഡാറ്റാ സെന്ററിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ  ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ ഡൽഹി ലേഖകന്റെ ശ്രമം വിവാദമാകുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റർ റിലയൻസിന് നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നതിനാൽ ഈ വർഷം തങ്ങൾക്ക് കരാർ ലഭിക്കാൻ ഇടയില്ല എന്നറിഞ്ഞ റിലയൻസിന് വേണ്ടി ഈ ലേഖകൻ രംഗത്ത് വന്നതെന്ന് കരുതപ്പെടുന്നു. ഇന്നത്തെ പത്രത്തിൽ അദ്ദേഹം പേരു വച്ച് എഴുതിയ കോളത്തിലെ ദു:സൂചനകളാണ് ഈ സംശയങ്ങൾ‌ ബലപ്പെടുത്തുന്നത് .

സി.പി.എമിലെ പ്രമുഖ നേതാവിന്റെ മകൾ CEO ആയ സ്ഥാപനത്തിന് ഡാറ്റാ സെന്റർ നടത്തിപ്പ്
നൽകാൻ പോകുന്നു എന്ന് വാർത്തയാണ് ദുരൂഹമായത്. സ്ഥാപനത്തിന്റെ പേര് പരമാർശിക്കാതെ നേതാക്കന്മാരുടെ മക്കളുടെ പേരുകളിലൂടെ പുക മറ സൃഷ്ടിക്കാനാണ് ലേഖകൻ ശ്രമിക്കുന്നത്. ഇത് വിവാദമാക്കി ഡാറ്റാ സെന്റർ നടത്താൻ വരുന്ന മറ്റ് കക്ഷികളെ തടസപ്പെടുത്തനുള്ള ശ്രമമായി കരുതപ്പെടുന്നു. കഴിഞ്ഞ തവണ ക്വട്ടേഷനിൽ റിലയൻസും ടാറ്റയും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിൽ കുറവ് ക്വട്ടേഷൻ നൽകിയ റിലയൻസിന്  നിയന്ത്രണം കിട്ടുകയായിരുന്നു. ഇത്തവണയും കൂടുതൽ സ്ഥാപനങ്ങൾ‌ ബിഡ്ഡിങ്ങിന് വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മാധ്യമ പ്രവർത്തകന്റെ ഇടപെടലെന്ന സംശയം ബലപ്പെടുന്നു.

ബിഡ് ചെയ്യാൻ സാധ്യത ഉള്ള സ്ഥാപനങ്ങളിലെ സി.പി.എം ബന്ധമുള്ള തൊഴിലാളികളുടെ ലിസ്റ്റ് ഈ ലേഖകൻ തയ്യാറാക്കിയിട്ടുണ്ട് എന്നും  ഈ  കമ്പനികൾ ബിഡ് നൽകുന്നതനുസരിച്ച് ഇത് പുറത്ത് വിടാമെന്നുമാണ് ഇയാൾ  തയ്യാറെടുക്കുന്നതെന്നറിയുന്നു. ഇന്നത്തെ വാർത്ത ബിഡ് ചെയ്യാൻ സാധ്യത ഉള്ള സ്ഥാപനങ്ങൾക്കുള്ള താക്കീതായാണ് കരുതപ്പെടുന്നത് . ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ ലേഖകൻ  വീട്ടിലേക്കുള്ള സാധനങ്ങൾ‌ വാങ്ങുന്നത് റിലയൻസ് ഫ്രഷിൽ നിന്നാണ് എന്നും ഇദ്ദേഹം ഉപയോഗിക്കുന്ന ഇന്റർ നെറ്റ് കണക്ഷൻ റിലയസിന്റെയാണെന്നും  എന്ന് വിശ്വസനിയ കേന്ദ്രങ്ങൾ‌ വെളിപ്പെടുത്തുന്നു. ഡാറ്റാ സെന്റർ കരാർ തുടർന്നും ലഭിച്ചാൽ വൻ ഓഫറുകൾ ഇദ്ദേഹത്തെ കാത്തിരിക്കുന്നു എന്നും സ്ഥിരിക്കരിക്കാത്ത വാർത്തകളുണ്ട്

ലേബൽ സിന്റിക്കേറ്റ് സാഹിത്യം