Wednesday, September 27, 2006

വിദ്യാലയങ്ങളില്‍ മതപഠനവും മത ചിഹ്നങ്ങളും ആവശ്യമോ?

വിദ്യാലയങ്ങളില്‍ മത പഠനവും മത ചിഹ്നങ്ങളും ഒഴിവക്കണം എന്ന രീതിയില്‍ മാറാട്‌ അന്വേഷണ കമ്മീഷന്‍ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം കേരള സമൂഹം വളരേ കാര്യമായി ചര്‍ച്ച ചെയ്യേണ്ടതല്ലേ എന്ന് തോന്നുന്നു.

ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ നടത്തുന്ന സര്‍ക്കാര്‍ എയ്ഡഡ്‌ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത്‌ ഞങ്ങള്‍ക്ക്‌ എല്ലാ ആദ്യ വെള്ളിയാഴ്ച്ചയും കുമ്പസാരിക്കാന്‍ പോകാന്‍ സൌകര്യം ഉണ്ടായിരുന്നത്‌ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. അതുപോലേ മറ്റു വെള്ളിയാഴ്ച്ചകളില്‍ ഉച്ചക്ക്‌ മതപഠനവും നിര്‍ബന്ധമായിരുന്നു. അക്രൈസ്തവര്‍ക്ക്‌ സന്മാര്‍ഗം എന്ന് പേരില്‍ വേറൊരു ക്ലാസ്സും ഉണ്ടായിരുന്നു.

സര്‍ക്കാര്‍ സഹായത്തോടേ നടത്തുന്ന ഇത്തരം വിദ്യാലയങ്ങളില്‍ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ രാവിലേയും ഉച്ചക്കും വൈകിട്ടും നടന്നിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മറ്റു മാനെജ്മെന്റുകള്‍ നിയന്ത്രിക്കുന്ന വിദ്യാലയങ്ങളില്‍ സമാനമായ രീതിയില്‍ മതബോധനം നടക്കുന്നുണ്ടകും എന്നണ്‌ ഞാന്‍ കരുതുന്നത്‌.

മത നിരപേക്ഷമായ സര്‍ക്കാര്‍ നില നില്‍ക്കുന്ന രാജ്യത്ത്‌ ഇത്തരം വിദ്യാലയങ്ങള്‍ എന്തു പ്രയോജനമാണ്‌ ചെയ്യുന്നത്‌ എന്ന് പുനര്‍ വിചിന്തനം ചെയ്യേണ്ടതല്ലേ ?

Wednesday, September 13, 2006

സ്വയാശ്രയം മാനേജ്മെന്റുകള്‍ നേടിയത്‌ 100 കോടി

ജമായത്‌ ഇസ്ലാമിയുടേ പത്രമാണെങ്കിലും ചില പ്രശ്നങ്ങളില്‍ മാധ്യമം പത്രം എടുക്കുന്ന നിലപാടുകള്‍ അഭിനന്ദിക്കാതെ വയ്യ സ്വയാശ്രയം മാനേജ്മെന്റുകള്‍ നേടിയത്‌ 100 കോടിയണ്‌ എന്നാണ്‌ ഈ മാധ്യമം വാര്‍ത്ത പറയുന്നത്‌.

കൂടുതല്‍ വായനക്ക്‌

മാനെജ്‌മന്റ്‌ കണ്‍സോഷ്യത്തിനെതിരേ നടപടി തുടങ്ങി
സ്വയശ്രയ മെഡിക്കല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു

Monday, September 11, 2006

സ്വയാശ്രയ പ്രശ്നം കേരളം ഇരുട്ടില്‍ തപ്പുന്നു.

ജസ്റ്റിസ്‌ മുഹമ്മദ്‌ കമ്മിറ്റിയുടേ ഞെട്ടിപ്പിക്കുന്ന (? ആരു ഞെട്ടാന്‍ ) കണ്ടെത്തലുകള്‍ വന്നിട്ട്‌ 3 ദിവസമാകുന്നു . ഇന്നു വരേ അതിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ഒരു കേന്ദ്രത്തില്‍ നിന്നും ആവശമുണ്ടായിട്ടില്ലാ എന്നത്‌ ഈ വിഷയത്തില്‍ കേരളീയ സമൂഹത്തന്റെ ആത്മാര്‍ത്ഥയേ ചോദ്യം ചെയ്യുന്നു.

ഏത്‌ ചെറിയ പ്രശ്നത്തിലും ആക്രോശിക്കുന്ന സംസ്കാരിക നേതാക്കന്മാര്‍ എവിടേ.നഗ്നമായ നിയമ ലംഘനം നടന്നു എന്നും തട്ടിക്കൂട്ട്‌ പ്രവേശനപരീക്ഷ റദ്ദക്കണമെന്നുമുള്ള ഒരു അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള ഒരു കമ്മിറ്റിയുടേ കണ്ടെത്തല്‍ എങ്ങനേയാണ്‌ നമുക്ക്‌ തമസ്കരിക്കാന്‍ കഴിയുക?

സ്ത്രീ പീഡനക്കേസും ചാരക്കേസുമൊക്കേ ആഘോഷിച്ച മാധ്യമങ്ങള്‍ എവിടേ?.മാതൃഭൂമിയുടെ മുഖപ്രസംഗത്തില്‍ നിറഞ്ഞു നിന്നതും കുട്ടികളുടേ ഭാവിയും സമവായവും. കോഴകൊടുത്ത്‌ വിശ്വാസ വഞ്ചിതരായ വിദ്യാര്‍ത്ഥികളേക്കുരിച്ചുവരേ മാധ്യമങ്ങള്‍ ഉത്‌കണ്ഠകുലരാകുന്നു. പക്ഷേ ആരും പറയുന്നില്ല ഈ വിദ്യാഭ്യാസ മാഫിയക്കെതിരേ നടപടി വേണം എന്ന്. നീതി ബോധം നഷ്ടപ്പെട്ടുപോകുന്നില്ലേ എന്ന് പത്രപ്രവര്‍ത്തകര്‍ ആത്മപരിശോധന ചെയ്യണം.

ചെറിയ നിയമ ലംഘനത്തേപ്പോലും വലിയ വിമര്‍ശനം നടത്തുന്ന V.R. കൃഷ്ണയ്യര്‍ എവിടേ. DPEP നടപ്പിലാക്കിയപ്പോള്‍ അമേരിക്കന്‍ അജണ്ടയാണ്‌ എന്ന് പറഞ്ഞ്‌ കേരളം മുഴുവന്‍ പ്രസംഗിച്ചു നടന്ന ആളാണ്‌ V.R. . എഴുത്തഛന്‍ പുരസ്ക്കാരം അഴീക്കോടിനേകൊണ്ട്‌ വാങ്ങാതിരിക്കാന്‍ പ്രേരിപ്പിച്ച ആളാണ്‌ V.R. അദ്ദേഹമെങ്കിലും ഒന്ന് പ്രതികരിച്ചെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ അഴിമതി നടത്താന്‍ കഴിയുകയെന്ന് സമൂഹവും സംസ്കാരിക നായകരും വിശ്വസിക്കുന്നുണ്ടോ?. മറ്റുള്ളവര്‍ക്കൊക്കേ എന്തുമാകാമോ. ഒന്നു ചിന്തിച്ചു നോക്കൂ ഇതാണോ നം നേടിയ പുരോഗതി ?

എന്തായിരുന്നു ഇവിടുത്തേ മത മേലദ്ധ്യക്ഷന്മാരുടേ ഭാവം. കോടതി വിധികള്‍ക്കനുസൃതമായി കോളേജ്‌ നടത്താന്‍ അവരേ അനുവദിക്കണം എന്നായിരുന്നു. ഏതെങ്കിലും മാനേജ്മെന്റുകള്‍ തട്ടിപ്പുകാണിച്ചാല്‍ അതിന്‌ എല്ലാവരേയും കുറ്റപ്പെടുത്തരുത്‌. അവസാനം എന്തായി എല്ലാവരും തട്ടിപ്പുകാര്‍ എന്നു തെളിഞ്ഞു. അപ്പോള്‍ പറയുന്നു സര്‍ക്കാര്‍ ഒതുക്കാന്‍ ശ്രമിക്കുന്നൂ എന്ന്.നിയമങ്ങളൊക്കേ മനുഷ്യര്‍ നിര്‍മ്മിക്കുന്നതാണല്ലോ മത മേലധ്യക്ഷന്മാര്‍ ദൈവത്തിന്റെ ആളുകളയതിനാല്‍ ഇതൊന്നും ബാധകമല്ലാ എന്നായിരിക്കും അവരുടേ ഭാവം.വല്ലപ്പോഴുമൊക്കെ ബൈബിള്‍ വായിക്കുന്നത്‌ തിരുമേനിമാരുടെ നിലവാരം കൂട്ടാന്‍ സഹായിക്കും എന്ന് ഓര്‍മ്മിപ്പികാന്‍ ആഗ്രഹിക്കുന്നു.

എവിടെപ്പോയി വിദ്യാഭ്യാസ പരിഷ്‌കര്‍ത്താക്കള്‍ ?
എവിടെപ്പോയി വിദ്യാര്‍ത്ഥി സംഘടനകള്‍ ?

കുട്ടികളുടെ ഭാവി എന്ന പിടിവള്ളി അതുപയോഗിച്ച്‌ എല്ലാം നമുക്ക്‌ പ്രതിരോധിക്കാം .
ബര്‍ണ്ണഡ്‌ ഷായുടേ ഒരു ആപ്തവാക്യം ഇവിടേ അന്വര്‍ത്ഥമാകുന്നു.
"ഒരു സമൂഹത്തിന്‌ അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളേ ഉണ്ടാകൂ."

അതാണ്‌ സത്യം അതു മാത്രം.

Friday, September 08, 2006

സ്വയാശ്രയം പുതിയ വഴിത്തിരിവില്‍

അങ്ങനെ ഈ രാജ്യത്തും നിയമ വാഴ്ച ഉണ്ടാകും എന്ന പ്രതീക്ഷ വന്നു തുടങ്ങി. മുഹമ്മദ്‌ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം നിയമ വിരുദ്ധമാണ്‌ എന്ന് പറഞ്ഞിരിക്കുന്നു. കേരളത്തിലെ ജനങ്ങളേ നിയമത്തിന്റെ പഴുതുകളിലൂടെ വിഢികളാക്കിക്കൊണ്ടിരുന്ന മാനേജ്മെന്റുകള്‍ക്ക്‌ അവസാനം തിരിച്ചടി കിട്ടി. അവരുടേ എല്ലാ അവകാശവാദവും പൊളിഞ്ഞപ്പോള്‍ പുതിയ പഴുതുമായി അവര്‍ ഇറങ്ങിയിരിക്കുന്നു. ഹൈക്കോടതി വിധി അനുസരിച്ച്‌ ഒരു വിദ്യാര്‍ത്ഥിയെയും പുറത്താക്കന്‍ പാടില്ലാ എന്നും ഹൈക്കോടതി വിധി ഒരു കോടതിയും ചോദ്യം ചെയ്തിട്ടില്ലാ എന്നുമാണ്‌ അവര്‍ ഇപ്പോള്‍ പറയുന്നത്‌.സമവായത്തിനു വേണ്ടി സര്‍ക്കാര്‍ ശക്തമായി ശ്രമിക്കുന്ന സാഹചര്യത്തില്‍ എത്രത്തോളം ഈ റിപ്പോര്‍ട്ട്‌ നടപ്പിലാകും എന്ന് കണ്ടറിയണം. ഏതായാലും സ്വായാശ്രയ പ്രവേശന പരീക്ഷ ഒരു തട്ടിപ്പാണ്‌ എന്ന് തെളിയിക്കപ്പെടനെങ്കിലും ഈ നിയമ യുദ്ധങ്ങള്‍ സഹായിച്ചു. പിന്നെ ആര്‍ക്കൊക്കെ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ട്‌ എന്ന് ഇനി വരുന്ന ദിവസങ്ങളില്‍ നമുക്ക്‌ മനസ്സിലാകും.

ഇന്നു രാവിലെ UDF ന്റെ അഭിപ്രായം തിരുവഞ്ചൂര്‍ മൊഴിഞ്ഞു. സര്‍ക്കാര്‍ നോമിനികളുള്ള മുഹമ്മദ്‌ കമ്മിറ്റിയേ ഉപയോഗിച്ച്‌ മാനേജ്മെന്റുകളേ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌ എന്നും സമവായ ചര്‍ച്ചയില്‍ മാനേജ്മെന്റുകളേ മുട്ടുക്കുത്തിക്കാന്‍ ഈ റിപ്പോര്‍ട്ട്‌ ഉപയോഗിക്കുകയാണ്‌ എന്നും ഇത്‌ സത്യസന്ധമല്ല എന്നുമാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

കുട്ടികളുടെ ഭാവി എന്ന പിടിവള്ളിയില്‍ അച്ചന്മാരും നേതാക്കന്മാരുകൂടി ഈ കണ്ടെത്തലുകളെല്ലാം മുക്കും എന്നതിന്റെ സൂചനകളും കാണുന്നുണ്ട്‌. മന്ത്രി ബിനോയ്‌ വിശ്വം അരമനകള്‍ കയറി ഇറങ്ങുന്നുണ്ട്‌ എന്ന വാര്‍ത്ത ഇതിനോട്‌ കൂട്ടി വായിക്കാവുന്നതാണ്‌.50:50 എന്ന അനുപാതമെങ്കിലും നേടിയെടുക്കാന്‍ ഈ സുവര്‍ണ്ണാവസ്സരം ഉപയോഗിക്കണം എന്ന അഭിപ്രായമായിരിക്കും കേരളീയര്‍ക്ക്‌ എന്നാണ്‌ എനിക്കു പറയാനുള്ളത്‌