Friday, September 08, 2006

സ്വയാശ്രയം പുതിയ വഴിത്തിരിവില്‍

അങ്ങനെ ഈ രാജ്യത്തും നിയമ വാഴ്ച ഉണ്ടാകും എന്ന പ്രതീക്ഷ വന്നു തുടങ്ങി. മുഹമ്മദ്‌ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം നിയമ വിരുദ്ധമാണ്‌ എന്ന് പറഞ്ഞിരിക്കുന്നു. കേരളത്തിലെ ജനങ്ങളേ നിയമത്തിന്റെ പഴുതുകളിലൂടെ വിഢികളാക്കിക്കൊണ്ടിരുന്ന മാനേജ്മെന്റുകള്‍ക്ക്‌ അവസാനം തിരിച്ചടി കിട്ടി. അവരുടേ എല്ലാ അവകാശവാദവും പൊളിഞ്ഞപ്പോള്‍ പുതിയ പഴുതുമായി അവര്‍ ഇറങ്ങിയിരിക്കുന്നു. ഹൈക്കോടതി വിധി അനുസരിച്ച്‌ ഒരു വിദ്യാര്‍ത്ഥിയെയും പുറത്താക്കന്‍ പാടില്ലാ എന്നും ഹൈക്കോടതി വിധി ഒരു കോടതിയും ചോദ്യം ചെയ്തിട്ടില്ലാ എന്നുമാണ്‌ അവര്‍ ഇപ്പോള്‍ പറയുന്നത്‌.സമവായത്തിനു വേണ്ടി സര്‍ക്കാര്‍ ശക്തമായി ശ്രമിക്കുന്ന സാഹചര്യത്തില്‍ എത്രത്തോളം ഈ റിപ്പോര്‍ട്ട്‌ നടപ്പിലാകും എന്ന് കണ്ടറിയണം. ഏതായാലും സ്വായാശ്രയ പ്രവേശന പരീക്ഷ ഒരു തട്ടിപ്പാണ്‌ എന്ന് തെളിയിക്കപ്പെടനെങ്കിലും ഈ നിയമ യുദ്ധങ്ങള്‍ സഹായിച്ചു. പിന്നെ ആര്‍ക്കൊക്കെ ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയുണ്ട്‌ എന്ന് ഇനി വരുന്ന ദിവസങ്ങളില്‍ നമുക്ക്‌ മനസ്സിലാകും.

ഇന്നു രാവിലെ UDF ന്റെ അഭിപ്രായം തിരുവഞ്ചൂര്‍ മൊഴിഞ്ഞു. സര്‍ക്കാര്‍ നോമിനികളുള്ള മുഹമ്മദ്‌ കമ്മിറ്റിയേ ഉപയോഗിച്ച്‌ മാനേജ്മെന്റുകളേ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌ എന്നും സമവായ ചര്‍ച്ചയില്‍ മാനേജ്മെന്റുകളേ മുട്ടുക്കുത്തിക്കാന്‍ ഈ റിപ്പോര്‍ട്ട്‌ ഉപയോഗിക്കുകയാണ്‌ എന്നും ഇത്‌ സത്യസന്ധമല്ല എന്നുമാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

കുട്ടികളുടെ ഭാവി എന്ന പിടിവള്ളിയില്‍ അച്ചന്മാരും നേതാക്കന്മാരുകൂടി ഈ കണ്ടെത്തലുകളെല്ലാം മുക്കും എന്നതിന്റെ സൂചനകളും കാണുന്നുണ്ട്‌. മന്ത്രി ബിനോയ്‌ വിശ്വം അരമനകള്‍ കയറി ഇറങ്ങുന്നുണ്ട്‌ എന്ന വാര്‍ത്ത ഇതിനോട്‌ കൂട്ടി വായിക്കാവുന്നതാണ്‌.50:50 എന്ന അനുപാതമെങ്കിലും നേടിയെടുക്കാന്‍ ഈ സുവര്‍ണ്ണാവസ്സരം ഉപയോഗിക്കണം എന്ന അഭിപ്രായമായിരിക്കും കേരളീയര്‍ക്ക്‌ എന്നാണ്‌ എനിക്കു പറയാനുള്ളത്‌

8 comments:

കിരണ്‍ തോമസ് said...

അങ്ങനെ ഈ രാജ്യത്തും നിയമ വാഴ്ച ഉണ്ടാകും എന്ന പ്രതീക്ഷ വന്നു തുടങ്ങി. മുഹമ്മദ്‌ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മാനേജ്മെന്റുകള്‍ നടത്തിയ പ്രവേശനം നിയമ വിരുദ്ധമാണ്‌ എന്ന് പറഞ്ഞിരിക്കുന്നു

വക്കാരിമഷ്‌ടാ said...

ചില സമയം വെറുതെ ബീപ്പീ കൂടും. മാഫിയ മാഫിയ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇതുപോലൊരു മാനേജ്‌മെന്റ് മാഫിയ ആദ്യമായാണ് കാണുന്നത്.

ആദ്യം തന്നെ കാശ് വാങ്ങിച്ച് കുട്ടികള്‍ക്ക് അഡ്‌മിഷന്‍ കൊടുക്കും. പിന്നെ അതേ കുട്ടികളുടെ ഭാവി എന്ന് പറഞ്ഞ് എല്ലാ തോന്ന്യവാസത്തിനും മറയിടുകയും ചെയ്യും. ഭാവി അങ്ങിനെ കയറിയ കുട്ടികള്‍ക്ക് മാത്രമേ ഉള്ളോ?

എന്തൊരു തന്ത്രം. എന്തായാലും സത്യം എന്നെങ്കിലും ജയിക്കും എന്നൊരു ശുഭാപ്‌തി വിശ്വാസമുണ്ട്.

ഇതുമായിട്ട് ബന്ധമില്ലെങ്കിലും:

എയിഡഡ് സ്ഥാപനങ്ങളുടെ നിയമനം പിയെസ്സിക്ക് വിടണമെന്ന് ഒരു എയിഡഡ് സ്ഥാപന നടത്തിപ്പുകാരനായ വെള്ളാപ്പള്ളി പറഞ്ഞു. അപ്പോള്‍ തക്കം നോക്കി ക്രിസ്ത്യന്‍ മാനേജ്‌മെന്റും എന്നെസ്സെസ്സും ഒന്നിച്ചു. ആറുമാസം മുന്‍‌പ് വരെ യെന്നെസ്സെസ്സും യെസ്സെന്‍ഡീപ്പീയും ചേര്‍ന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെ ചീത്ത പറയുകയായിരുന്നു.

ആരാണ് ശരിക്കും വിഡ്ഡികള്‍. ഏതായാലും ഇവര്‍ ആരുമല്ല.

കിരണ്‍ തോമസ് said...

എന്റെ വക്കാരി ഇതൊക്കെയാണ്‌ രാഷ്ട്രീയം മതം എന്നൊക്കെപ്പറഞ്ഞാല്‍. കൂടതല്‍ കാശ്‌ അധികാരം മാധ്യമ കവറേജിതിന്റെ ഒക്കെ അടിസ്ഥാനത്തിലാണ്‌ ഒരാളുടെ വില സമൂഹത്തില്‍ ഉണ്ടാകുന്നത്‌. ജോസഫ്‌ ലക്ഷ്മിയേ തൊട്ടോ എന്ന സംശയം നിലനില്‍ക്കുമ്പോള്‍ അദ്ദേഹം രാജി വയ്ക്കണമെന്ന് മുറവിളി കൂട്ടിയ മാധ്യമങ്ങള്‍ (അച്ചടി) നിയമവിരുദ്ധമായി പ്രവേശനം നടത്തിയ കോളെജുകള്‍ക്കെതിരേ നടപടി എടുക്കാന്‍ പറയില്ല. കാരണം അത്‌ നിയമയുദ്ധത്തിനു വഴി വയ്ക്കുമത്രേ. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി സമവായം എന്നതാണ്‌ എല്ലാ പത്രങ്ങളുടേയും പൊതു മുഖ പ്രസംഗം. എനിക്ക്‌ തോന്നുന്നത്‌ നമ്മുടെ സമൂഹത്തിന്റെ പൊതു നിലപാടണ്‌ ഈ പത്രങ്ങള്‍ പങ്കു വയ്ക്കുന്നത്‌ എന്നാണ്‌. കാരണം സ്ത്രീ വിഷയങ്ങളില്‍ കൂടുതല്‍പ്പെടുന്നത്‌ വമ്പന്‍ സ്രാവുകളാണ്‌ പക്ഷേ കോഴകൊടുത്ത്‌ അഡ്മിഷന്‍ വാങ്ങുന്നത്‌ പൊതു സമൂഹവും. കോഴയും അഴിമതിയുമൊന്നും വിദ്യാഭ്യാസക്കര്യത്തില്‍ മലയാളിക്ക്‌ പ്രശ്നമല്ല കാരണം LKG മുതല്‍ അവന്‍ അത്‌ ശീലമാണ്‌ LKG അഡ്മിഷന്‌ 20000 കോഴകൊടുക്കുന്നവര്‍ക്കു 35 ലക്ഷം MBBS ന്‌ കൊടുക്കുന്നത്‌ ഒരു വലിയ സംഭവം അല്ല. ഏതെങ്കിലും വഴിയില്‍ ഒരു സീറ്റ്‌ അടിച്ചെടുക്കാന്‍ ഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നുണ്ട്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌

chithragupthan said...

ithalla raashtreeyam, ithalla matham,ithalla vidyaabhyaasam. Managements use loopholes in law for their private gains. Political leaders abuse politics and democracy for the same purpose. "politico-commerce" institutions in the garb of religious "gangsters" do what they do anywhere in the world.Please don't call these education, politics and religion. Let us find out new words, instead of new meanings.

പല്ലി said...

സര്‍ക്കാര്‍ സമവായത്തിനു ശ്രമിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു.എന്നല്‍ പിന്നെ അദ്യമെ ഇതു പോരായിരുന്നോ?

അനംഗാരി said...

ഇപ്പോള്‍ ആര് ആരുടെ ഭാഗത്ത് എന്ന് തെളിഞ്ഞു കഴിഞ്ഞു. യു.ഡി എഫ് നേരത്തെ ഇതു കണ്ടു കൊണ്ടാണ് എല്‍. ഡി .എഫ് നോമിനി എന്ന് ആരോപണം ഉന്നയിച്ചത്. നിയമവാഴ്ച എന്നത് ഇന്ന് കാശുണ്ടെങ്കില്‍ മാത്രം കിട്ടുന്ന ഒന്നായി മാറിക്കൊണ്ടിരിക്കയാണ്. മുതലാളിത്ത രാജ്യങ്ങളില്‍ പോയി ഇവനൊക്ക പഠിക്കട്ടെ. വിദ്യാഭാസ ചിലവ് താങ്ങാനാതെ സ്വന്തം നെറ്റിയില്‍ പരസ്യം ചെയ്ത പെണ്‍കുട്ടിയെ ഓര്‍മ്മയില്ലെ. നമ്മുടെ നാട്ടില്‍ ഇതും നടക്കും. ഇനി വ്യഭിചാരം ആവും അതിനുള്ള വഴികളില്‍ ഒന്നു. സര്‍ക്കാരിന് അതു നിയമവിധേയമാക്കിക്കൊടുക്കേണ്ടിയും വരും. അല്ലെങ്കില്‍ അന്നും ഇറങ്ങും വൃത്തികെട്ട മാ“നേജന്റുമാര്‍”.ഇപ്പോള്‍ പറയുന്ന അതേ ന്യായം അന്നും പറയും. കുട്ടികളുടെ ഭാവി! മണ്ണാങ്കട്ട. എവിടെ നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകള്‍? എവിടെ നമ്മുടെ യൂത്തന്‍‌മാര്‍?. മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ആര്‍ജ്ജവം മന്ത്രിസഭ കാണിക്കട്ടെ.

വിനീതം said...

hai kiran thomas...ഞാനും ഇതിനോട് ശരിവെക്കുന്നു..വീണ്ടൂമെഴുതുക ....ഞാന്‍ തന്റെ
നാട്ടുകാരനണേ..വളക്കൈക്കാരന്‍.. പുതിയതാ...

ശാലിനി said...

മുഹമ്മദ് കമ്മിറ്റി ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കൊടുക്കും എന്നു കരുതിയില്ല. എന്തായാലും അച്ചന്മാരുടെ അടുത്ത നീക്കം കോടതിയിലേക്ക് ആയിരിക്കുമല്ലോ. ഒരു കരണത്തടിക്കുന്നവനു മറ്റേ കരണം കൂടി കാണിച്ചു കൊടുക്കണം, എന്നു പറഞ്ഞ ക്രിസ്തുവിന്റെ അനുയായികള്‍ എന്നു പറയാന്‍ നാണമാവുന്നില്ലേ ഇവര്‍‍ക്ക്? വക്കാരിമഷ്ടാ പറഞതു പോലെ ഇതൊരു മാഫിയായാണ്, പക്ഷേ ഒരു സംശയം - ക്രിസ്തുവിന്റെ പേരില്‍ തന്നെ വേണമായിരുന്നോ ഇതൊക്കെ.

കേരളത്തിലേ ഇതൊക്കെ നടക്കൂ, കാരണം ഇവിടുത്തെ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയമില്ല. വാര്‍ത്ത വായിച്ചു അഭിപ്രായം പറയുന്നതോടെ നമ്മുടെ പ്രതികരണം കഴിഞ്ഞു.

സിനിമയില്‍ കാണുന്നതുപോലെ ഒരു ‘അന്യന്‍‘ അല്ലെങ്കില്‍ ഒരു 4the people gang കേരളത്തിലും ഉണ്ടായിരുന്നു എങ്കില്‍?

കിരണ്‍ പറഞ്ഞതുപോലെ, പി ജെ ജോസഫിനെ രാജിവയ്പിക്കാന്‍ കാണിച്ച ആ ആവേശം ഇതിനുവേണ്ടി കാണിച്ചിരുന്നെങ്കില്‍. എങ്ങനെ ചെയ്യും, പൈങ്കിളികഥകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു പിന്നെ സമയമില്ലല്ലോ. എനിക്കു മനസിലാവാത്തത് മലയാളികളുടെ കൈയ്യില്‍ എവിടുന്നാണ് ഇത്രയും പണം എന്നാണ്. 35 ലക്ഷം കൊടുക്കാന്‍ ആളുകള്‍ ക്യൂ ആണത്രേ!