Friday, October 27, 2006

വീണ്ടും ചില യൂണിഫോം വിവാദങ്ങള്‍

പര്‍ദ്ദ വിലക്ക്‌ : പ്രൊവിഡന്‍സ്‌ കോളെജ്‌ പ്രിന്‍സിപ്പാല്‍ ഖേദം പ്രകടിപ്പിച്ചു. എന്ന മാധ്യമം വാര്‍ത്തയാണ്‌ ഈ വിഷയം വീണ്ടും ഉന്നയിക്കാന്‍ എന്നേ പ്രേരിപ്പിച്ചത്‌.പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ തന്നേ പരിഹസ്സിക്കുകയും പഠനം നിഷേധിക്കുകയും ചെയ്തു എന്ന റസ്സീന എന്ന വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി അയച്ചത്രേ.

എന്നാല്‍ യൂണിഫൊം ധരിക്കാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്ന് കോളെജ്‌ അധികൃതര്‍. അധികൃതരുടേ ഈ വാദം ഒറ്റ നോട്ടത്തില്‍ ന്യായം എന്നു തോന്നാം പക്ഷേ റസ്സിയ ഉന്നയിക്കുന്ന ശ്രദ്ദേയമായ കാര്യം അവിടേ കന്യാസ്ത്രികള്‍ യൂണിഫൊം ധിരിക്കാതെ വരുന്നു എന്നതാണ്‌. ഈ ഇരട്ടത്താപ്പിന്‌ അധികൃതര്‍ക്ക്‌ മറുപടിയില്ലാ.ഇടതു ഗവണ്‍മന്റ്‌ ന്യൂനപക്ഷ പീഠനം നടത്തുമ്പോള്‍ ഒന്നിച്ചു നില്‍ക്കേണ്ടവര്‍ ഇങ്ങനേ തുടങ്ങിയാല്‍ എന്തു ചെയ്യും.

യൂണിഫോമും മത ചിഹ്നങ്ങളും എല്ലാം കൂടി നമ്മുടേ വിദ്യാഭ്യാസ മേഖല ആകേ കലുഷിതമാണ്‌. പൊതു വിദ്യാഭ്യാസം എന്ന സങ്കല്‍പ്പം തകര്‍ന്നതും സ്വകാര്യ ന്യൂനപക്ഷ കേന്ദ്രീകൃത വിദ്യാലയങ്ങളിലേക്ക്‌ വിദ്യാഭ്യാസ നിയന്ത്രണം ചെന്നെത്തിയെതിന്റെ പരിണിത ഫലമാണിത്‌. ഇത്‌ ഇനിയും തുടരണമെന്നാണ്‌ ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നത്‌. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ എല്ലാവരും അതതു സമുദായത്തിന്റെ വിദ്യാലയങ്ങ്ലില്‍ പഠിക്കട്ടേ എന്ന് വിദഗ്തര്‍ പറയും.

9 comments:

കിരണ്‍ തോമസ് said...

പര്‍ദ്ദ ധരിച്ചതിന്റെ പേരില്‍ തന്നേ പരിഹസ്സിക്കുകയും പഠനം നിഷേധിക്കുകയും ചെയ്തു എന്ന റസ്സീന എന്ന വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി അയച്ചത്രേ

ഉത്സവം : Ulsavam said...

"പൊതു വിദ്യാഭ്യാസം എന്ന സങ്കല്‍പ്പം തകര്‍ന്നതും സ്വകാര്യ ന്യൂനപക്ഷ കേന്ദ്രീകൃത വിദ്യാലയങ്ങളിലേക്ക്‌ വിദ്യാഭ്യാസ നിയന്ത്രണം ചെന്നെത്തിയെതിന്റെ പരിണിത ഫലമാണിത്‌." തികച്ചും ശരിയാണിത്‌.

വിദ്യാഭ്യാസം കൂടും തോറും അന്ധമായ മതവിശ്വാസവും കൂടുന്ന അപകടകരമായ ഒരു പ്രവണതയാണ്‌ ഇന്ന് കാണുന്നത്‌. യൂണിഫോം എന്നത്‌ നാണം മറയ്ക്കനുള്ള തുണിക്കഷ്ണം മാത്രമല്ല എല്ലാവരും ഇവിടെ തുല്യര്‍ എന്ന് സന്ദേശത്തിന്റെ പ്രതീകമാണ്‌. ഇന്ന് അതിനും വിലയില്ലാതായിരിക്കുന്നു. എവിടെയും അസഹിഷ്ണുതമാത്രം. എന്റെ കൂട്ടുകാര്‍ എന്നതിലുപരിയായി എന്റെ ജാതിയിലെ കൂട്ടുകാര്‍ എന്റെ മതത്തിലെ കൂട്ടുകാര്‍ എന്ന നിലയിലേക്ക്‌ ചിന്തകള്‍ പടരുന്നു.

വിദ്യാലയങ്ങളിലെ മതപഠനം, മതപ്രചാരണം, മതചിഹ്നങ്ങള്‍, വര്‍ഗ്ഗീയ സംഘടനകള്‍ മുതലായവ എല്ലാം നിരോധിക്കണം. ഒരു തരത്തില്‍ കമ്മ്യൂണിസം തന്നെ നടപ്പക്കണം. പ്രാര്‍ത്ഥന, വഴിപാട്‌, മതചിഹ്നങ്ങള്‍ ഇതിനൊക്കെ നടത്താനും പ്രദര്‍ശിപ്പിക്കാനും ആരാധനാലയങ്ങളോ സ്വന്തം വീടോ ഉപയോഗിക്കണം. വിദ്യാലയം എന്നത്‌ മതപരമായ ആചാരങ്ങള്‍ പ്രദര്‍ശിപ്പിക്കന്‍ ഉള്ള ഇടമല്ല എന്ന ബോധം വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികളില്‍ ഉണ്ടാവണം. പിന്നെ ഇത്തരം പരാതികളും പരിവട്ടങ്ങളും ഉയര്‍ന്നു കേള്‍ക്കില്ല. ജാതിമത പിശാചുക്കളെ ആട്ടിപ്പായിക്കാന്‍ ഇമ്മാതിരി ബോധവല്‍ക്കരണം വിദ്യാലയങ്ങളില്‍ നിന്നേ തുടങ്ങണം.

പക്ഷേ ഇതൊക്കെ എങ്ങനെ യാഥാര്‍ത്ഥ്യമാകും..? ജനങ്ങളെ ആകര്‍ഷിച്ച്‌ തങ്ങളുടെ ചൊല്‍പ്പടിയ്ക്ക്‌ നിര്‍ത്താനും,നിയന്ത്രിയ്ക്കാനും അവരെ കൊണ്ട്‌ തല്ലിയ്ക്കാനും കൊല്ലിയ്ക്കാനും ഉള്ള ആ മാന്ത്രിക മരുന്നാണല്ലോ മതം. അത്‌ ചൊട്ടയിലെ കുത്തി വച്ച്‌ വളര്‍ത്തുക, വേര്‍തിരിവുകള്‍ പഠിപ്പിയ്ക്കുക...പിന്നെ കാര്യങ്ങള്‍ എളുപ്പമായല്ലോ...അതൊക്കെയാണ്‌ ഇന്ന് നടന്ന് കൊണ്ടിരിക്കുന്നത്‌.

കിരണിന്റെ പോസ്റ്റുകള്‍ എല്ലാം വായിക്കറുണ്ട്‌.
നല്ല ഉദ്യമം, തുടര്‍ന്നും സമകാലിക വിഷയങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

കിരണ്‍ തോമസ് said...

മതേതരം എന്ന സങ്കല്‍പ്പം ഉള്‍ക്കോള്ളാന്‍ കഴിയുകാ എന്നത്‌ വളരേ ബുദ്ധിമുട്ടുള്ള സംഗതിയായിക്കഴിഞ്ഞു. ഭരണഘടന തന്നേ ന്യൂനപക്ഷങ്ങള്‍ക്ക്‌ അവരുടേ ആചാരങ്ങള്‍ നടത്താന്‍ കഴിയുന്ന സ്ഥാപങ്ങള്‍ തുടങ്ങാന്‍ അനുവദിച്ചു. അത്‌ എങ്ങനെ നമ്മുടേ സമൂഹത്തിന്റെ മതസഹിഷത തകര്‍ക്കുന്നു എന്ന് തെളിയിക്കുന്നതാണ്‌ ഈ സംഭവം. ഇവിടേ ക്രിസ്ത്യന്‍ കന്യാസ്ത്രികള്‍ക്ക്‌ യൂനിഫൊം ധരിക്കാതെ വരാന്‍ കഴിയുമ്പോള്‍ മുസ്ലിം സ്ത്രിക്ക്‌ അത്‌ നിഷേധിക്കുന്നു.

ഈ വിഷയത്തോട്‌ അനുബന്ധിച്ച്‌ ചിന്തിക്കേണ്ട മറ്റൊരു സൊഗതികൂടിയുണ്ട്‌. സ്വകാര്യ കോളേജുകളുടേ ന്യൂനപക്ഷ പദവികളേപ്പറ്റി ഇപ്പോള്‍ കേസ്‌ നടക്കുകയാണ്‌. പുതിയ സ്വയാശ്രയ നിയമത്തിലേ ന്യൂനപക്ഷ വ്യവസ്ഥകളാണ്‌ തര്‍ക്കവിഷയം. അതില്‍ ക്രൈസ്തവ സഭ എതിര്‍ക്കുന്ന ഒരു ഭാഗം നോക്കാം " ന്യൂനപക്ഷ കോളേജുകളില്‍ 50% സീറ്റിലെങ്കിലും ആ സമുദായത്തില്‍പ്പെട്ടവര്‍ പഠിക്കണം" ഇതൊരിക്കലും അംഗീകരിക്കില്ലാ എന്നാന്‌ ഇവര്‍ പറയുന്നത്‌. അപ്പോള്‍ 50% ന്യൂനപക്ഷക്കാരേപ്പോലും ഇവര്‍ പ്രതീക്ഷിക്കുന്നില്ല. പിന്നേ ഇവിടേ പണം കൊടുത്തു പഠിക്കാന്‍ എത്തുന്നത്‌ റസ്സിയേപ്പോലുള്ള മറ്റു സമുദായക്കാരാണ്‌. അവര്‍ ഇത്‌ പോലേ വസ്ത്രധാരണത്തിലും മറ്റുമുള്ളാ തിരിച്ചു വ്യത്യാസം ഉയര്‍ത്തിക്കാട്ടി പ്രശ്നങ്ങളുണ്ടക്കുന്നു. അപ്പോള്‍ ന്യൂനപക്ഷ പദവി എന്നത്‌ മതപരമായ വന്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പോലും കാരണമാകുന്നു.

ഉത്സവം പറഞ്ഞപോലേ വിദ്യാലയങ്ങളില്‍ മത ചിഹ്നങ്ങള്‍ ഒഴിവക്കുക എന്നത്‌ ഇന്ത്യയേപ്പോലുള്ള ഒരു രാജ്യത്ത്‌ അപ്രായോഗികമാണ്‌. ഉന്നത മതേതര ബോധം പുലര്‍ത്തുന്ന ഫ്രാന്‍സ്സില്‍ ഇത്‌ നടപ്പിലാക്കിയപ്പോഴുണ്ടായ പുകില്‍ നാം കണ്ടതല്ലേ . പിന്നെയല്ലേ ഒരു ചെറിയ തീപ്പൊരിപോലും മനുഷ്യക്കുരിതിയിലേക്കു നയിക്കുന്ന ഇവിടേ. അത്രക്കൊന്നും മതേതര ബോധം നമ്മുടേ സമൂഹത്തിലില്ല. ഇനിയുണ്ടകുമെന്നു തോന്നുന്നുമില്ല.

ഡാലി said...

കിരണ്‍ മുടങ്ങാതെ വായിക്കുന്നുണ്ട് ലേഖനങ്ങള്‍.

എല്ലാവരും തുല്യര്‍ എന്ന് കാണിക്കാന്‍ മാത്രമല്ല യൂണിഫോമുകള്‍ എന്നായിരിക്കുന്നു. ആ സ്ഥാപനത്തെ തിരിച്ചറിയല്‍ ആണ് ഇന്ന് യൂണിഫോമിന്റെ പ്രധാന ഉദ്ദേശ്യം. തുല്യര്‍ എന്ന് കാണിക്കാനായിരുന്നു ഉദ്ദേശമെങ്കില്‍, അത് മതചിഹ്നങ്ങള്‍ക്കനുസരിച്ച് ഒരിക്കലും നടക്കില്ല എന്നതു കൊണ്ട്, യൂണിഫോമേ വേണ്ടാ എന്ന് വയ്ക്കമായിരുന്നു. പണ്ടത്തെ ഗവണ്മെന്റ് സ്കൂള്‍/ കോളേജ് പോലെ. അതീ നൂനപക്ഷക്കാരു ചെയ്യില്ല എന്നുറപ്പല്ലേ.

ഓഫ്: ഇസ്രായേല്‍ സ്കൂളുകളില്‍ യൂണിഫോം ഇല്ല. എന്തും ഇടാം. സ്കൂള്‍ തിരിച്ചറിയാന്‍ ഒരു ബാഡ്ജ്. മുസ്ലീമിനും, ക്രിസ്ത്യാനിക്കും, റിലീജിയസ് ജൂതനും, അല്ലാത്ത ജൂതനും അവരവരുടെ വസ്ത്രം.

തൊടുപുഴക്കാരന്‍ said...

സഭാനേതൃത്വത്തിനു വന്നുചേര്‍ന്നിരിക്കുന്ന അപചയത്തിലേക്കിത് വിരല്‍ ചൂണ്ടുന്നു.“അച്ചന്മാരും,കന്യാസ്ത്രീകളും പിന്നെ മനുഷ്യരും” എന്നു പണ്ടൊരാള്‍ പറഞ്ഞത് ഓര്‍ത്തുപോവുകയാണ്.ഇക്കാര്യത്തിലെല്ലാം അജഗണങ്ങുളുടെ പങ്കെന്താണ് ?അവരുടെ നിസ്സംഗതയാണ് ഇതിനെല്ലാം ഒരു പരിധിവരെ കാരണം.

Reshma said...

റ്റു ഉത്സവം:
യൂണിഫോം ധരിച്ചത് കൊണ്ട് മനുഷ്യരെല്ലം യൂണിഫോമായി ചിന്തിക്കുമോ? സാമൂഹിക ജീവിതത്തില് നിന്ന് തുടച്ച് മാറ്റപ്പെടേണ്ടത് മതങ്ങളണോ , മതങ്ങളോടും അവക്കിടയിലും ഉള്ള അസഹിഷ്ണുതയാണോ? എന്റേതല്ലാത്ത വിശ്വാസങ്ങള് ഈ ലോകത്തുണ്ടെന്നു അറിഞ്ഞ് ആ വിശ്വാസങ്ങളെ തെറ്റന്ന് കരുതുമ്പോള് തന്നെ അവ പുലറ്‌ത്താനുള്ള സ്വാതന്ത്രം അംഗീകരിക്കുന്നതല്ലേ സഹിഷ്ണുത. (പടച്ചോനെ ന്റെ ഭാഷ!)പ്രാര്‍ത്ഥനകളിലും, ചിഹ്നങ്ങളിലും, ആചാരങ്ങളിലുമായി വീടുകളിലും ആരാധനാലയങ്ങളിലുമായി ഒതുക്കിനിറ്‌ത്തപ്പെടേണ്ട ഒന്നല്ല മതമെന്നും കൂടെ…

റ്റോപിക് കത്തി:
ഈ പ്രൊവിഡന്‍സ് വിമന്സ് കോളെജില് (കോളെജ് ഓഫ് റ്റീച്ചര്‍ ...നില്‍ അല്ല)) ഒരു 5/6 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു റൂള് വന്ന്- ഇനി മുതല് കുട്ട്യോള്‍സ് സല്‍‌വാര്‍ കമ്മീസ് വിത് ഷാള് ധരിച്ചേ വരാവൂ എന്ന്. ഹോളിവിഡും, പാരിസും കഴിഞ്ഞാ പിന്നെ മലാപ്പറമ്പ് മൊട്ടക്കുന്നിലെ ഞങ്ങള് എന്ന കരുതി നടന്ന പ്രൊവിഡന്സിയന്സ് പൊട്ടിത്തെറിച്ച്. ഒരാഴ്ചയോളം ഫസ്റ്റ് അവര് പ്രിന്സിയുടെ അപ്പീസിനു മുന്പില് ഘോരസമരം.(( ഫൈനല് യെറ്‌ ബി എ കാര്ക്ക് ഗ്രാമ്മര് ക്ലാസ്സ് ഒഴിവാക്കനുള്ള തത്രമായിരുന്നു ഫസ്റ്റ് അവര് സമരം എന്നത് അന്നത്തെ കോണ്‍സിപരസി തിയരി) സമരിച്ചിട്ടും സമരിച്ചിട്ടും പ്രിന്സി നോ വയങ്ങത്സ്. അങ്ങനെയാണ് നെക് ലൈന് ഭൂമി തൊടാനാഴുന്ന, സൈഡ് സ്ലിട്ട്സ് ആകാശം തൊടാന് കുതിക്കുന്ന സല്‍‌വാറുകള്‍ കോഴിക്കോട്ടങ്ങാടിയില് ഇറങ്ങിയതെന്ന് ഫാഷന് ചരിത്രം. പാവം പ്രിന്‍സി. പാവം പാവം പ്രിന്സി!

Radheyan said...

ഇവിടെ പ്രശ്നം രണ്ടു തരം വിഷമനസ്സുകളാണ്.ഒന്ന് ഒരു വര്‍ഗ്ഗീയ പടപുറപ്പാടിന്റെ അങ്കവസ്ത്രമായി വേഷം കെട്ടുന്നവര്‍.പര്‍ദ്ദക്ക് കേരളത്തില്‍ ലഭിച്ച പോസ്റ്റ് ബാബറി പ്രസക്തിയൊക്കെ അങ്ങനെ ഉണ്ടായതാണ്.ഇത്തരം പ്രകടനങ്ങള്‍ കണ്ട് നീറിപുകയുന്ന മനസ്സുകളാണ് മറുവശത്തുള്ളത്.നാണയത്തിന്റെ 2 വശങ്ങള്‍ പോലെ.മതേതരത്വം ഒരു പരാജയപ്പെട്ട ആശയമായി വരുത്തീ തീര്‍ക്കാന്‍ 2 കൂട്ടരും ശ്രമിക്കുന്നു.

ശരിക്കും പറഞ്ഞാല്‍ ഭൂരിപക്ഷ ഫാസിസത്തിന്റെ അക്രമങ്ങളില്‍ നിന്നും ന്യൂനപക്ഷങ്ങളെ രക്ഷിച്ച് നിര്‍ത്തുന്നത് ഈ മതേതര ഫേബ്രിക്കാണെന്നത് ന്യൂനപക്ഷം ഒരിക്കലും മറക്കാന്‍ പാടില്ലാത്തതാണ്. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതാണ് പര്‍ദ്ദ ധരിക്കാനുള്ള/ധരിക്കാതിരിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമെന്ന് മറന്ന് പോകരുത്.
ലോകത്ത് 2 ജാതിയേ ഉള്ളൂ.മുഖ്യധാരയിലുള്ളവരും പാര്‍ശ്വവല്‍ക്കരിക്കപെട്ടവരും.ലോകത്ത് നടക്കുന്ന മതചതുരംഗം കളിക്കുന്നത് മുഖ്യധാരയിലുള്ളവരാണ്.അവരുടെ ചാവേറുകള്‍ പാര്‍ശ്വവല്‍ക്കറ്റിക്കപ്പെട്ട മറ്റേ വിഭാഗത്തില്‍ പെട്ടവരാണെന്നതാണ് പുതിയ കാലത്തിന്റെ ഐറണി.

കിരണ്‍ തോമസ് said...

മതം ഒരിക്കലും ആരാധനലയങ്ങളിലോ വീടുകളിലോ ഒതുക്കപ്പെടേണ്ട ഒന്നല്ല. എന്നാല്‍ മത ആചാരങ്ങള്‍ പൊതു രംഗങ്ങളില്‍ നിന്ന് ഒഴുവാക്കപ്പെടേണ്ടതല്ലേ?. വിദ്യാലയങ്ങളില്‍ നമുക്കാവശ്യം ഹിന്ദുവിനേയോ മുസ്ലിമിനെയോ അല്ല മറിച്ച്‌ കേരളീയനേയും ഇന്ത്യനേയുമാണ്‌. ഒരു വിദ്യാര്‍ത്ഥി അവന്റെ ഒരു ദിവസ്സത്തേ 8 മണിക്കൂര്‍ സമയമെങ്കിലും മതപരമായ നിയന്ത്രണത്തിനു പുറത്ത്‌ ഇന്ത്യക്കരനായി സഹവര്‍ത്തിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ?

മതം ആവശ്യപ്പെടുന്ന അനുഷ്ടാനങ്ങളില്‍ മാത്രമേ ഈ കടുമ്പിടുത്തം ഉള്ളൂ എന്നതാണ്‌ എറ്റവും രസകരം. മതം ആവശ്യപ്പെടുന്ന ജീവിത മൂല്യം ഉള്‍ക്കൊണ്ടു ജീവിക്കുന്നതില്‍ ആര്‍ക്കും ഒരു ആകുലത്യുമില്ലാ. കാരണം അങ്ങനെയൊക്കേ ജീവിക്കാന്‍ പറ്റുമോ എന്ന മറുചോദ്യമായിരിക്കും നമുക്ക്‌ കിട്ടുക. പിന്നേ നമുക്ക്‌ ചെയ്യാന്‍ കഴിയുന്നതെന്താണ്‌ ചുമ്മ കുറേ അനുഷ്ടാനങ്ങള്‍ ചെയ്യുക. അതിനു വേണ്ടി വാശി പിടിക്കുക. അത്ര മാത്രം. എന്നാല്‍ ദൈവം നിങ്ങളുടേ ഹൃദയങ്ങളേ അറിയുന്നവനാണ്‌ എന്ന അടിസ്താന തത്വം മനുഷ്യന്‍ മനസില്ലക്കിയാല്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

നമ്മുടേ മതത്തിന്റെ നന്മയേ നമ്മുടേ വിദ്യാലങ്ങളില്‍ നമുക്ക്‌ കാണിച്ചു കൊടുക്കാം. അതെങ്ങനെയെന്നാല്ലേ നമ്മുടേ ജീവിതം കൊണ്ട്‌. അതാണ്‌ മതങ്ങള്‍ക്ക്‌ വിദ്യാഭ്യാസ്സ സ്ഥാപങ്ങളില്‍ മതത്തിന്റെ പങ്ക്‌

s.kumar said...

കിരണ്‍ താങ്കളുടെ പോസ്റ്റുകള്‍ ഒന്നിനൊന്ന് പ്രസക്തമാണ്‌

രേഷ്മ യൂണിഫോം ധരിക്കുന്നതിനു പിന്നില്‍ പല നല്ല ഘടകങ്ങളും ഉണ്ട്‌. ഉള്ളവനും ഇല്ല്യാത്തവനും ഒരു പോലെയുള്ള വേഷം ധരിക്കുന്നത്‌ പലപ്പോഴും കുട്ടികളില്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബൊധം ഇല്ല്യാതാക്കാന്‍ നല്ലതാണ്‌.
മതചിഹ്നങ്ങള്‍ ഒഴിവാക്കുന്നത്‌ വിദ്യാലയങ്ങളിലെ കുട്ടികള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ ഇല്യാതാക്കാന്‍ സഹായിക്കും. ഞാന്‍ പഠിച്ച ക്യാമ്പസ്‌ അല്ല ഇന്നുള്ള കാമ്പസ്‌ അവര്‍ വര്‍ഗ്ഗീയമായി ചേരിതിരിയാന്‍ തുടങ്ങി.
ഫ്രാന്‍സില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ അറിയാതിരിക്കില്യല്ലോ?
നാളെ സംഘപരിവാറുകാര്‍ നീളന്‍ കുറിയും (ചന്ദനമല്ല) കാവിയുമായി വന്നാല്‍ ക്ലാസ്സില്‍ ഇരുത്തുമോ? മാനേജുമെന്റിന്റെ താല്‍പര്യപ്രകാരം പൊട്ടുതൊടാന്‍ പാടില്യാന്നും പറയുമോ? മതം ഒരു വ്യക്തിയുടെ സ്വകാര്യമാണ്‌ അതു സമൂഹത്തിലേക്ക്‌ വലിച്ചിഴക്കേണ്ട കാര്യമുണ്ടോ?


രാധേയന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌.