Thursday, March 01, 2007

മാധ്യമങ്ങളും ചായ്‌വുകളും

മാധ്യമ പ്രവര്‍ത്തനത്തിലെ പുത്തന്‍ പ്രവണതകള്‍ എന്ന് എന്റെ പോസ്റ്റിന്റെ കമന്റുകള്‍ ഒന്നില്‍ ഞാന്‍ എഴുതിയ കമന്റ്‌ ഒരു പോസ്റ്റാക്കിയാല്‍ കൊള്ളാം എന്ന ജോജുവിന്റെ അഭിപ്രായം മാനിച്ച്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇവ തികച്ചും എന്റെ വ്യക്തിപരമായ വിലയിരുത്തലുകളാണ്‌. തിരുത്തുകളും കൂട്ടിചേര്‍ക്കലും വിമര്‍ശനങ്ങളും സ്വാഗതം ചെയ്യപ്പെടും.
 1. മനോരമ
  • അനുകൂലിക്കുന്നവര്‍
   • ഓര്‍ത്തഡോക്സ്‌ സഭ
   • കോണ്‍ഗ്രസ്‌ പാര്‍ട്ടി
   • മരിച്ചു പോയതോ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോ ആയ കമ്യൂണിസ്റ്റുകള്‍
   • മത ന്യൂനപക്ഷങ്ങള്‍
   • ആള്‍ദൈവങ്ങള്‍
  • എതിര്‍ക്കുന്നവര്‍
   • ഇടതു പാര്‍ട്ടികള്‍
   • യാക്കോബായ സഭ
   • കരുണാകരന്‍
 2. മാതൃഭൂമി
  • അനുകൂലിക്കുന്നവര്‍
   • M.P. വീരേന്ദ്രകുമാര്‍
   • VS പക്ഷം
   • പരിസ്തിതി പ്രവര്‍ത്തകര്‍
   • ആള്‍ദൈവങ്ങള്‍
  • എതിര്‍ക്കുന്നവര്‍
   • പിണറായി പക്ഷം
   • കരുണാകരന്‍
   • ദേവഗൌഡ
   • തോമസ്‌ ഐസക്ക്‌
 3. ദീപിക
  • അനുകൂലിക്കുന്നവര്‍
   • കത്തോലിക്ക സഭ
   • കേരളാ കോണ്‍ഗ്രസ്‌
   • ഉമ്മന്‍ ചാണ്ടി
   • പിണറായി വിജയന്‍
   • ആന്റണി
  • എതിര്‍ക്കുന്നവര്‍
   • V.S.
   • M.A. ബേബി
 4. മാധ്യമം
  • അനുകൂലിക്കുന്നവര്‍
   • ജമായത്‌ ഇസ്ലാമി
   • V.S.
   • പാലസ്തിന്‍
   • പൊതുവേ മുസ്ലിം സമുദായം
  • എതിര്‍ക്കുന്നവര്‍
   • സുന്നി മുസ്ലിമുകള്‍
   • മുസ്ലിം ലീഗ്‌
   • പിണറായി പക്ഷം
   • അമേരിക്ക
   • ഇസ്രയേല്‍

കൌമുദി പത്രത്തേക്കുറിച്ച്‌ എനിക്ക്‌ വലിയ അറിവില്ല. SNDP യേ പിന്തുണക്കുന്ന പത്രം എന്നാണ്‌ കേട്ടിരിക്കുന്നത്‌. പിന്നെ മംഗളം പത്രം എങ്ങനെ വിലയിരുത്തുമെന്നും അറിയില്ല.ദേശാഭിമാനി,വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയവയൊക്കെ പ്രഖ്യാപിത നിലപാടുകള്‍ ഉള്ളതിനാല്‍ പറയേണ്ടതില്ലല്ലോ

23 comments:

കിരണ്‍ തോമസ് said...

മാധ്യമ പ്രവര്‍ത്തനത്തിലെ പുത്തന്‍ പ്രവണതകള്‍ എന്ന് എന്റെ പോസ്റ്റിന്റെ കമന്റുകള്‍ ഒന്നില്‍ ഞാന്‍ എഴുതിയ കമന്റ്‌ ഒരു പോസ്റ്റാക്കിയാല്‍ കൊള്ളാം എന്ന ജോജുവിന്റെ അഭിപ്രായം മാനിച്ച്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇവ തികച്ചും എന്റെ വ്യക്തിപരമായ വിലയിരുത്തലുകളാണ്‌. തിരുത്തുകളും കൂട്ടിചേര്‍ക്കലും വിമര്‍ശനങ്ങളും സ്വാഗതം ചെയ്യപ്പെടും.

njjoju said...

മാണി അനുകൂലനിലപാടുകളാണ് മംഗളം എടുക്കാറ് എന്നാണ് അറിഞ്ഞിട്ടൂള്ളത്.

സജിത്ത്|Sajith VK said...

ടിവി ചാലനുകളെക്കൂടി ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു..
കേരളകൌമുദിയുടെ നിലപാടുകള്‍ വെള്ളപ്പാളിയുടെ അപ്പപ്പൊഴത്തെ നിലപാടുകള്‍ തന്നെയാണ്. സംവരണവിഷയത്തില്‍ അവര്‍ അനുകൂലമായി ഏതതരിവരെയും പോകാറുണ്ട്.

മംഗളം ആന്റി കമ്യൂണിസ്റ്റ് ആണ്.

കിരണ്‍ തോമസ് said...

ടെലിവിഷന്‍ ചാനലുകളില്‍ അങ്ങനെ ഒരു പ്രത്യേക പക്ഷപാതം കാണുന്നില്ല.
കൈരളിക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയോടെും പിണറായിയോട്‌ പ്രത്യേകവും സ്നേഹമുണ്ടെങ്കിലും അവര്‍ക്കെതിരെയുള്ള വാര്‍ത്തകളും കാണിക്കാറുണ്ട്‌. ചിലപ്പോള്‍ വിശദീകരണം കാണുമെങ്കിലും മിക്കപ്പോഴും അത്തരം വാര്‍ത്തകള്‍ വായിച്ച്‌ വിടുകയാന്‌ ചെയ്യാറ്‌. പിന്നെ VS ന്‌ എതിരെ ഉള്ള വാര്‍ത്തകള്‍ക്ക്‌ നല്ല പ്രാമുഖ്യം കിട്ടാറുണ്ട്‌. എന്നാലും വാര്‍ത്തകള്‍ ദേശാഭിമാനി പോലെ അവതരിപ്പിക്കുകയല്ല കൈരളി ചെയ്യുന്നത്‌. എന്നാല്‍ അമൃതക്ക്‌ അതിന്റെ പ്രമോട്ടറോടുള്ള വിധേയത്തം പ്രകടിപ്പിക്കാതെ വയ്യല്ലോ. അമൃതാനന്ദമയുടെ യാത്ര പരിപാടികള്‍ പോലും TOP 10 ഇടം പിടിക്കാറുണ്ട്‌. പിന്നെ ഒരു ഹിന്ദുത്ത്വ (?) അജണ്ടയും അമൃതക്കുണ്ട്‌ ( കൈരളിക്ക്‌ ഇടതുപക്ഷ (?) അജണ്ട ഉള്ള പോലേ). എന്നാലും സഹിക്കാവുന്നതെ ഉള്ളൂ ഈ രണ്ട്‌ ചാനലുകളും.

എന്നാല്‍ മനോരമ വളരെ വ്യക്തമായി തന്നെ പക്ഷം പിടിക്കുന്നുണ്ട്‌. ഓര്‍ത്തഡോക്സ്‌ സഭാ മാര്‍ച്ചിലുണ്ടായ ലാത്തിചാര്‍ജ്‌ റിപ്പോട്ട്‌ ചെയ്ത വിധം കണ്ടാല്‍ അത്‌ വ്യക്തമായി മനസിലാകും. ഇടത്‌ വിരോധം അത്രക്ക്‌ പ്രകടമായി നടപ്പിലാക്കുന്നിലെങ്കിലും രഹസ്യമായി അതും ഉണ്ട്‌. വാര്‍ത്ത റിപ്പോട്ടിങ്ങും ചര്‍ച്ചകളിലും അത്‌ പ്രകടവുമാണ്‌. എന്നാലും മനോരമ പത്രം പോലേ ശക്തമായ ഒരു ആക്രമണമല്ല.പക്ഷെ അവതരണത്തില്‍ ഒരു വ്യത്യസ്ഥത മനോരമ ന്യൂസ്‌ തരുന്നു എന്നത്‌ തള്ളിക്കളയാനവില്ല്. എന്തൊക്കെയാലും പത്രമല്ല ചാനല്‍.

മനോരമ വന്നതാണ്‌ ഏഷ്യാനെറ്റിനെ കുഴക്കിക്കളഞ്ഞത്‌. ഇന്ത്യ വിഷനുമായി ഇടിച്ച്‌ വലിയ കോട്ടം തട്ടാതെ നില്‍ക്കുകയായിരുന്നു പക്ഷെ മനോരമ കൊണ്ടു പോയത്‌ ഏഷ്യനെറ്റിന്റെ പ്രേക്ഷകരേയാണ്‌. അതോടെ ബുദ്ധിജീവി ജാഡയൊക്കെ വിട്ട്‌ ഏഷ്യനെറ്റും പൈങ്കിളി വാര്‍ത്തക്ക്‌ പുറകേ ആയി. പിന്നെ കൊള്ളാവുന്ന റിപ്പോര്‍ട്ടന്മാരൊക്കെ മനോരമയില്‍ ചേക്കേറിയതും ഏഷ്യനെറ്റിന്‌ അടിയായി. പിന്നെ ഉള്ള ചില വനിത ലേഖികമാരെ വച്ച്‌ മനോരമയോട്‌ മത്സരിക്കുക എന്നത്‌ മാത്രമാണ്‌ ഏഷ്യനെറ്റിന്റെ മുന്നിലുള്ള വഴി.

ഇനി ഇന്ത്യ വിഷനാണ്‌. ഇപ്പോഴും അല്‍പമെങ്കിലും വിശ്വാസിയത ഉള്ളത്‌ ഇന്ത്യ വിഷനില്‍ തന്നേയാണ്‌. മനോരമ പ്രമോദിനേയും ഷാനിയേയും മാത്രമല്ല അടിച്ചെടുത്തത്‌ വേറെ പല ലേഖകരേയും കൊണ്ടുപോയി. എന്നാലും ഭഗത്തിന്റെയും , M.P. ബഷീറിന്റെയും നികേഷിന്റെയും , അപര്‍ണ്ണയുടെയും മികവില്‍ വലിയ കോട്ടം തട്ടാതെ നില നില്‍ക്കുന്നു.

ജീവന്‍ ടി.വി. കത്തോലിക്ക സഭക്ക്‌ പ്രകടമായ പങ്കാളിത്തമുണ്ട്‌ . ജീവന്‍ വാര്‍ത്തകള്‍ക്ക്‌ പ്രേക്ഷകരുണ്ടോ എന്ന് അറിയില്ല. അതുകൊണ്ട്‌ ആരും ഒന്നും പറഞ്ഞ്‌ കേക്കുന്നില്ല. കൊള്ളാവുന്ന പത്രപ്രെവര്‍ത്തകരേ ഒക്കെ മറ്റുള്ള ചാനലുകാര്‍ കൊണ്ടുപോയേപ്പിന്നെ ജീവന്‍ വാര്‍ത്ത ഞാനും കാണാറില്ല.

പിന്നെ എല്ലാവര്‍ക്കും മുഴുവന്‍ സമയ വാര്‍ത്ത കൊടുക്കാന്‍ മാത്രം വാര്‍ത്ത ഇല്ലാത്തതിനാല്‍ പല അപ്രധാന സംഭവങ്ങളും ആഘോഷിക്കേണ്ടതായി വരും . എന്നാല്‍ അതില്‍ ഏറ്റവും നിലവാര തകര്‍ച്ക വന്നത്‌ ഏഷ്യനെറ്റിനാണ്‌.

കേരളീയന്‍ said...

കിരണ്‍,
വളരെ പ്രസക്തമാ‍യ പോസ്റ്റ്. മാധ്യമ താത്പര്യങ്ങള്‍ പകല്‍ പോലെ വ്യക്തമായിട്ടും അവയെടുക്കുന്ന ഒരു മോറല്‍ സ്റ്റാന്‍ഡ് - ഞങ്ങള്‍ നിഷ്പക്ഷരും ജനനന്മ ആഗ്രഹിക്കുന്നവരുമാണെന്നത് - എത്ര പൊള്ളയാണ്‍. വന്ന് വന്ന് മാധ്യമങ്ങളില്‍ വരുന്ന ഒരു വാര്‍ത്തയും മുഖവിലക്കെടുക്കാ‍ന്‍ വയ്യാത്ത ഗതികേടായി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിങ് എന്ന ധര്‍മ്മം തിരസ്കരിച്ച സ്ഥിതിക്ക്, ബൂലോകത്തിന്റെ സാധ്യതകള്‍ വിപുലപ്പെടുകയാണ്‍.

ഷാജുദീന്‍ said...

മംഗളം ആരെയും പിന്തുണയ്ക്കുന്നില്ല. ആരെയും വെറുതേ എതിര്‍ക്കുന്നുമില്ല. എല്ലാവര്‍ക്കും തുല്യ പരിഗണനയേ നല്‍കുന്നുള്ളൂ.

njjoju said...

"പിന്നെ ഒരു ഹിന്ദുത്ത്വ (?) അജണ്ടയും അമൃതക്കുണ്ട്‌". (കിരണ്‍)

അമൃതാനന്ദമയീ മഠത്തിന്റെ ചാനല്‍ എന്ന നിലയ്ക്ക് അവര്‍ അര്മൃതാനന്ദമയിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതു ശരിതന്നെ. ഒരു ഹിന്ദുത്വ അജണ്ട അമൃതയ്ക്കുണ്ട് എന്നതും ശരിയായിരിക്കം. എന്നാലും RSS, BJP വിശ്വഹിന്ദു പരിഷത്ത് ഇവയുടെ ഹിന്ദുത്വ അജണ്ടയല്ല അമൃതയുടെ ഹിന്ദുത്വ അജണ്ട. തെറ്റ് ഹിന്ദുവിന്റേതാണെങ്കില്‍ ന്യായികരിക്കണം എന്ന നിലപാട് അമൃതക്ക് ഉള്ളതായി തോന്നിയിട്ടില്ല. എന്നാല്‍ ഹിന്ദു ആചാര, അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ അമൃതയില്‍ ഉണ്ട്. ഹിന്ദു ആശയങ്ങളുമായി ബന്ധപ്പെട്ട പരിപാടികളുണ്ട്. അതൊരു ന്യൂനതയായി ഞാന്‍ കാണുന്നില്ല.അതൊരിക്കലും പക്ഷേ വര്‍ഗ്ഗീയത വളര്‍ത്താനോ മറ്റോ ഉള്ളതായി തോന്നിയിട്ടിമില്ല.

അമൃതാ T.V യുടെ സൂപ്പര്‍ സ്റ്റാര്‍ മലയാള ചാനലുകളുടെ ചരിത്രത്തിലെ തന്നെ ഒരു സൂപ്പര്‍ഹിറ്റായിരുന്നു. മറ്റു ചാനലുകളിലെ സംഗീത പരിപാടികളെയെല്ലാം കടത്തി വെട്ടാനും അവര്‍ക്കു കഴിഞ്ഞു.

“സമാഗമം” ഒരു മികച്ച പരിപാടിയാണ്. മറ്റു ചാനലുകള്‍ ചെയ്യുന്നതുപോലെ സിനിമാ താരങ്ങളെ കൊണ്ടു വരുന്നതിന്നു പകരം വിവിധമേഖലകളില്‍ നിന്നുള്ളവരെ കൊണ്ടൂ വരുവാന്‍ അമൃത ശ്രദ്ധിച്ചിട്ടൂണ്ട്. മറ്റു അഭിമുഖങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അനുഭവം നല്‍ക്കാന്‍ സമാഗമത്തിന് കഴിയുന്നുമുണ്ടായിരുന്നു.

വാര്‍ത്ത അധിഷ്ടിത പരിപാടികളായ ഉള്ളറകളും നാടകമേ ഉലകവും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്.

പൊതുവെ കാണാറുള്ള മസാല-സെന്‍സേഷന്‍ പരിപാടികള്‍ അമൃതയില്‍ കുറവുമാണ്.

“ഒഴിവാക്കാനാവാത്ത” അമൃതാനന്ദമയീ ഭക്തി ഒഴിച്ചാല്‍ അമൃത പൊതുവെ ഒരു നല്ല ചാനലാണ്.
( അമൃത ലഭ്യമായിരുന്ന കുറച്ചു കാലത്തെ നിരീക്ഷണത്തില്‍ നിന്നുമാണ് ഇത്രയും പറഞ്ഞത്.ഇപ്പോള്‍ ഞങ്ങള്‍ക്ക് ലഭ്യമല്ല)

njjoju said...

ഷാജുദീന്റെ ഒരു സഹപ്രവര്‍ത്തകന്‍ തന്നെയാണ് എന്നോടു പറഞ്ഞത് മംഗളത്തില്‍ മാണിയെക്കുറിച്ച്(നെഗറ്റിവ് ആയി)ഒന്നും എഴുതില്ലെന്നും ദേവസ്വത്തിനെക്കുറിച്ച് (നെഗറ്റീവ് ആയി)എന്തും എഴുതുമെന്നും.

വിചാരം said...

ഇതില്‍ എന്‍റെയൊരു കമന്‍റിന്‍റെ ആവശ്യം ഒട്ടും ഇല്ല ശരിക്കും അത്ഭുതപ്പെടുത്തും വിധം കിരണ്‍ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു കിരണിന്‍റെ അഭിപ്രായാം 100% വും ഞാനും എന്‍റെ നിരീക്ഷണ വലയത്തില്‍ അനുഭവപ്പെട്ടതാണ്
വളരെ നല്ല ലേഖനം വളരെ നല്ല വര്‍ക്ക്

പതാലി said...

ചില വിയോജിപ്പുകളുണ്ടെങ്കിലും കിരണിന്‍റെ വീക്ഷണങ്ങള്‍ ഏറെക്കുറെ ശരിയാണ്. അഭിനന്ദനങ്ങള്‍.

സമീപകാലത്ത് കേരളത്തിലെ അച്ചടി മാധ്യമ രംഗത്ത് സംഭവിച്ച പ്രകടമായ ഒരു മാറ്റം പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒരു കാലത്ത് കത്തോലിക്കാ സഭയുടെ പത്രമെന്ന ലേബല്‍ പേറിയിരുന്ന ദീപിക ദേശാഭിമാനിയെപ്പോലും പിന്നിലാക്കി സി.പി.എമ്മിലെ പിണറായി വിഭാഗത്തിന്‍റെ മുഖപത്രമായി മാറിയിരിക്കുന്നു.

പഴയ സ്ഥാപനത്തെ തള്ളിപ്പറയുകയല്ല.
ദീപിക എന്ന സ്ഥാപനത്തോടുള്ള(പത്രത്തോടല്ല) ബഹുമാനം തെല്ലും കുറഞ്ഞിട്ടുമില്ല.

പത്രമുത്തശ്ശിയുടെ നിലപാടുകളിലെ മലക്കംമറിച്ചിലിനെക്കുറിച്ചും അണിയറക്കളികളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തി ഒരു പോസ്റ്റിട്.

വസ്തുതാപരമെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന ഒരു പോസ്റ്റായിരിക്കും അത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

mumsy-മുംസി said...

നല്ല പോസ്റ്റ് സര്‍..
രാവിലെ മനോരമ വായിക്കാനെടുത്താല്‍ ഒരുതരം മനംപിരട്ടല്‍ വരും.
എന്തു ചെയ്യാം.. ഒരു വര്‍ഷത്തെ വരിസംഖ്യ അടച്ചു പോയി.

വിഷ്ണു പ്രസാദ് said...

കിറു കൃത്യം.കൊടു കൈ...:)

sandoz said...

ഏതെങ്കിലും ഒരു പക്ഷം ചേരാത്ത.....എപ്പോഴെങ്കിലും പക്ഷം പറഞ്ഞിട്ടില്ലാത്ത......എന്തെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും കാണിച്ച്‌ തരാമോ.....പക്ഷങ്ങള്‍ ഒക്കെ അവരവരുടെ കാഴ്ചപ്പടുകള്‍ തന്നെയാണു......മനുഷ്യന്‍ ആയാലും മാധ്യമം ആയാലും......എന്താന്നു വച്ചാല്‍ മാധ്യമങ്ങളുടെ പുറകിലും മനുഷ്യര്‍ തന്നെ അല്ലേ.......

സുരലോഗം || suralogam said...

വീരേന്ദ്രകുമാറിന്റെ കൂടി പത്രമാണ് മാതൃഭൂമി. അപ്പോള്‍ അനുകൂലിക്കുന്നുവെന്ന് പ്രത്യേകിച്ച് എഴുതേണ്ടതുണ്ടോ?

കിരണ്‍ തോമസ് said...

പക്ഷേ വീരേന്ദ്രകുമാറിനേ പ്രമോട്ട്‌ ചെയ്യുന്നതിന്‌ ഒരു പരിധിയുമില്ല മാതൃഭൂമിക്ക്‌. പിന്നെ മുഖപ്രസംഗങ്ങളിലൊക്കെ തങ്ങള്‍ നിഷ്പക്ഷരാണെന്ന് വിളിച്ച്‌ പറയുന്നുമുണ്ട്‌ മാതൃഭൂമി.

ആഗോളവല്‍ക്കരണം ഗാട്ട്‌ കരാര്‍ എന്നിവയക്കൊക്കേ എതിരെ പുസ്തകങ്ങളും ലേഖനങ്ങളും വീരന്‍ എഴുതി കൂട്ടിയിട്ടുണ്ട്‌. പക്ഷേ ദേവഗൌഡ മന്ത്രി സഭയില്‍ ധനകാര്യമന്ത്രി ആയപ്പോള്‍ ഇതേ സാമ്പത്തീക പരിപാടികളാണ്‌ നടപ്പിലാക്കിയത്‌. അപ്പോള്‍ എഴുത്തും പ്രവര്‍ത്തിയുമൊന്നും ഇതു പോലെ മാറ്റിയവര്‍ ചുരുക്കം.

പിന്നെ അദ്ദേഹം കരുണാകരന്റെ മക്കള്‍ രാഷ്ട്രീയത്തിന്‌ എതിരേയും വാചാലനായിരുന്നു പക്ഷെ സ്വന്തം മകനെ MLA ആക്കികൊണ്ടാണ്‌ അദ്ദേഹം കളം മാറിച്ചവിട്ടയത്‌.

പക്ഷേ മാതൃഭൂമി വീരനെ അവതരിപ്പിക്കുന്നത്‌ മഹാനായിട്ടാണ്‌. അതുകൊണ്ട്‌ തന്നേ പ്രത്യേകം ഏടുത്തു പറയേണ്ടതാണ്‌. ഇന്ത്യ വിഷന്‍ മുനീറിനേയോ ലീഗിനേയോ ഉയത്തിക്കാട്ടിയിട്ടില്ല എന്നതുകൊണ്ടും ഇത്‌ പ്രത്യേകം പരമര്‍ശ്ശിക്കേണ്ടത്‌ തന്നേയെന്ന് എനിക്ക്‌ തോന്നുന്നു. മാതൃകയാക്കെണ്ട നയമാണ്‌ ഇന്ത്യ വിഷന്‍ നടപ്പാക്കുന്നത്‌

സുരലോഗം || suralogam said...

ഒരു കാലത്ത് 'ആ തല'(mast'head'!) ഇല്ലാതെ മാതൃഭൂമി കാണുന്നത് അപൂര്‍വ്വമായിരുന്നു. ഇപ്പോള്‍ കുറെ ഭേദമാണ്.

മുക്കുവന്‍ said...

കിരണ്‍,
നല്ല പോസ്റ്റ്. ഞാനും തന്നോടു യോജിക്കുന്നു. കാശില്ലാതെ ഒരു പേപ്പറും,ചാനലും ഓടില്ല, കാശു വരുന്നത് പരസ്യത്തിലൂടെയും. അതു കിട്ടാന്‍ നല്ല കോര്‍പറേറ്റ് അല്ലേല്‍ പൊലിക്റ്റിക്കല്‍ കണക്ഷന്‍ വേണം. അതിനു വേണ്ടി അവര്‍ എന്തും എഴുതും. നേരബോക്കിനു വായിക്കനുനും, കാണാനും ഉള്ളവ എന്ന് വിചാരിച്ചാല്‍ വിഷമം ഉണ്ടാവില്ലാ ഗഡ്ഡീ...

njjoju said...

സന്‍ഡോസ് പറഞ്ഞതില്‍ കുറച്ചുകാര്യമുണ്ട്. “പക്ഷങ്ങള്‍ ഒക്കെ അവരവരുടെ കാഴ്ചപ്പടുകള്‍ തന്നെയാണ്.” കാഴ്ചപ്പാടുകള്‍ ഉണ്ടാവേണ്ടതു തന്നെയാണ്. ആ കാഴ്ചപ്പാടുകള്‍ കാലാനുസൃതവും പ്രായോഗികവും പുരോഗമനാത്മകവും ആയിരിക്കണം.

കാഴ്ചപ്പാടുകള്‍ക്കപ്പുറത്തു നിന്നുള്ള ഒരു പക്ഷം പിടിക്കലുണ്ട്. തങ്ങലുടെ പക്ഷക്കാരുടെ തെറ്റുകളെ ന്യായീ‍കരിക്കുവാന്‍ വേണ്ടി ആടിനെ പട്ടിയാക്കുന്നതരം ഏര്‍പ്പാട്. അല്ലെങ്കില്‍ തങ്ങളുടെ വിരുധപക്ഷക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതി. ഇതൊക്കെ കാഴ്ചപ്പാടുകളില്‍ നിന്നുണ്ടാകുന്നവയല്ല. അവസരവാ‍ദപരമായ ഇത്തരം സമീപനങ്ങളാണ് അവരെ അപഹാസ്യരാക്കുന്നത്.

കിരണ്‍ തോമസ് said...

ജോജു
100% ശരിയായ നിരീക്ഷണം

ഷാനവാസ്‌ ഇലിപ്പക്കുളം said...

നല്ല നിരീക്ഷണവും വിലയിരുത്തലും,കിരണിന് ആശംസകള്‍!

സജിത്ത്|Sajith VK said...

മാധ്യമങ്ങള്‍ക്ക് ചായ്വ് ഉള്ളതല്ല പ്രശ്നം. നിഷ്പക്ഷമാണെന്ന അവരുടെ അവകാശവാദമാണ്. അല്ലെങ്കില്‍, അവരുടെ ചായ്വുകള്‍ കൃത്യമായി പ്രഖ്യാപിക്കാത്തതാണ്. രണ്ടോമൂന്നോ പത്രങ്ങള്‍ വായിക്കുന്നവര്‍ക്ക് ഇതൊരു പ്രശ്നമല്ല. എന്നാല്‍ ഒരു പത്രം മാത്രം വരുത്തുന്നവരുടെ കാഴ്ചപ്പാടുകളെ വല്ലാതെ സ്വാധീനിക്കും ഈ രീതി. ഇത്തരം ചര്‍ച്ചകള്‍ ആ പ്രശ്നത്തെ കുറച്ചെങ്കിലും പരിഹരിക്കുമെന്നു തോന്നുന്നു..
ഷാജുദീന്റെ അഭിപ്രായത്തോട് മംഗളം വായിക്കുന്ന ആരും യോജിക്കുമെന്നുകരുതുന്നില്ല. ആ കമന്റ് എന്നെ അത്ഭുതപ്പെടുത്തി എന്നത് സത്യം. (വിമര്‍ശനത്തെ വ്യക്തിപരമായി കാണരുതേ..)
ഏഷ്യാനെറ്റിലെ ന്യൂസ് അവര്‍ അവതരണത്തെക്കുറിച്ച് എന്ത് തോന്നുന്നു? പലപ്പോഴും അവതാരകന്‍ പങ്കെടുക്കുന്നവനെ അപമാനിക്കുന്നതായി തോന്നിയിട്ടുണ്ട്. താനാഗ്രഹിക്കുന്ന കാര്യം പറഞ്ഞില്ലേല്‍ "താങ്കളിലേക്ക് തിരിച്ചുവരാം" എന്നും പറഞ്ഞ് അടുത്ത ഇരയിലേക്കോടുന്ന ഒരു രീതി. താന്‍ പ്ലാന്‍ ചെയ്തപോലെ ചര്‍ച്ച കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം എന്നു തോന്നിയിട്ടുണ്ട് (ഇപ്പൊ അതു കാണാറില്ല)

njjoju said...

സജിത്ത് ഇവിടെ പറഞ്ഞിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ വേണുവിനെക്കുറിച്ച് ആണെന്നു തോന്നുന്നു.
പലപ്പോഴും പങ്കെടുക്കുന്നവരെ വെള്ളംകുടിപ്പിക്കുന്ന ചോദ്യങ്ങളാണ്‌ വേണു ചോദിക്കാറുള്ളത്. ഭവ്യതയുടെ മുഖമ്മൂടി ഇല്ലാതെ തന്നെ വേണു തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നുമുണ്ട്. അതായിരിക്കാം ഒരു പക്ഷേ അപമാനിക്കലായി തോന്നിയത്. “താങ്കളിലേക്ക് തിരിച്ചുവരാം” എന്നു പറയുന്നത് പലപ്പോഴും സമയപരിമിതി മൂലമോ ഉത്തരം പറയുന്നയാള്‍ കാടുകയറുന്നതുകൊണ്ടോ ആണെന്നാണ് എനിക്ക് തോന്നുയിട്ടൂള്ളത്. ഇതില്‍ പക്ഷം പിടിക്കലുള്ളതായി തോന്നിയിട്ടുമില്ല.

Radheyan said...

കിരണിന്റെ വിലയിരുത്തലുകള്‍ ഏകദേശം ശരിയാണ്.ദീപികയുടെ ശത്രു പക്ഷത്ത് ബേബിയേക്കാള്‍ അധികം സി.പി.ഐ. ആണ്.ബേബി വിരോധം സ്വാശ്രയവിഷയത്തില്‍ മാത്രമേ ഉള്ളൂ.അത് പോലെ അവരുടെ പിണറായി ഭക്തി ദേശാഭിമാനിയെ പോലും അസൂയാലുക്കളാക്കും.

സജിത്തിന്റെ അഭിപ്രായത്തില്‍ കാര്യമുണ്ട്.അവര്‍ നിശ്ചയിക്കുന്ന വഴിയിലൂടെ ചര്‍ച്ച മുന്നോട്ട് പോകണമെന്ന് പലരും നിര്‍ബന്ധം പിടിക്കുന്നപോലെ തോന്നും പല ടിവി ചര്‍ച്ചകളും കണ്ടാല്‍.അതുപോലെ ചര്‍ച്ചകളെ ബാലന്‍സ് ചെയ്യാനും ശ്രമിച്ച് കണ്ടിട്ടില്ല.തങ്ങളുടെ പോയിന്റ് പറയാന്‍ അനുവദിക്കില്ലെങ്കില്‍ ഇതില്‍ പങ്കെടുക്കാതിരിക്കുകയാണ് നല്ലത് എന്ന് തോന്നി പോകും.

നല്ല വിഷയം,നിലവാരമുള്ള ചര്‍ച്ച.പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം