Monday, March 19, 2007

നന്ദിഗ്രാം സംഭവവും സ്മാര്‍ട്ട്‌ സിറ്റിയും.

നന്ദിഗ്രാം സംഭവം വിവാദമാകുകയും പ്രത്യേക സാമ്പത്തിക മേഖല ഉപേക്ഷിക്കാന്‍ ഭട്ടാചാര്യാ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചും വ്യവസായ വികസനത്തേ സംബന്ധിച്ചും പല പുതിയ അഭിപ്രായങ്ങളും വന്നു തുടങ്ങീയിരിക്കുന്നു. കൃഷിക്കാരുടെ തത്‌പര്യം അവഗണിച്ച്‌ ഭൂമി ഏറ്റെടുക്കരുതെന്ന് പ്രസിഡന്റും ചൈനയേപ്പോലെ വ്യവസായ വികസനം ഇന്ത്യയില്‍ പാടില്ലെന്ന് ജയറാം രമേശും ഒക്കെ പറഞ്ഞു കഴിഞ്ഞു. മൊത്തത്തില്‍ വ്യവസായിക ആവശ്യത്തിന്‌ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഒരു വികാരം രാജ്യത്താകമാനം ഉണ്ടായിരിക്കുകയാണ്‌.
ഈ വിഷയത്തെക്കുറിച്ചുള്ള K.M. റോയിയുടെ ലേഖനം മംഗളത്തില്‍ നിന്ന് വായിക്കുക

ഇത്‌ കേരളത്തിലെ ഏറ്റവും വലിയ വിവാദ പദ്ധതിയായ സ്മാര്‍ട്ട്‌ സിറ്റിയേ എങ്ങനേ ബാധിക്കും എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക്‌ തോന്നിയ ചില ചിന്തകള്‍ പങ്ക്‌ വയ്കുന്നു.

സ്മാര്‍ട്ട്‌ സിറ്റിക്കു വേണ്ടി ഇന്‍ഫോപാര്‍ക്ക്‌ വികസനം എന്ന പേരില്‍ സ്ഥലമെടുപ്പ്‌ നടക്കുന്ന സ്ഥലങ്ങളിലെ ഭൂ ഉടമകള്‍ അവര്‍ക്ക്‌ നല്‍കാന്‍ പോകുന്ന സ്ഥല വിലയില്‍ അസംതൃപതരാണ്‌. ഇതിനെതിരെ മാസങ്ങളോളം ഇന്‍ഫൊപാര്‍ക്കിന്റെ മുന്നില്‍ സമരം നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു.സര്‍ക്കാര്‍ ഇവര്‍ക്ക്‌ കൊടുക്കാന്‍ തയ്യാറായ ഏറ്റവും കൂടിയ തുക സെന്റിന്‌ 70000 രൂപയെന്നാണ്‌ അറിവ്‌ എന്നാല്‍. ഇന്ന് ഇന്‍ഫോ പാര്‍ക്കിനും പരിസര പ്രദേശങ്ങളിലേയും ഏറ്റവും ചുരിങ്ങിയ വില എന്നത്‌ 2.5 ലക്ഷത്തിന്‌ മുകളിലാണ്‌. ഇന്ത്യാ വിഷന്റെ ജന സഭ എന്ന പരിപാടിയില്‍ ഞങ്ങളേ വെടിവെച്ച്‌ കൊന്നതിനു ശേഷമേ ഈ വിലക്ക്‌ ഭുമി ഏറ്റെടുക്കാന്‍ കഴിയൂ എന്ന് ഇവര്‍ പറയുന്നുണ്ടായിരുന്നു. സ്മാര്‍ട്ട്‌ സിറ്റി പദ്ധതിയില്‍ ഏറ്റവും വലിയ വില പ്രഖ്യാപിച്ചിരിക്കുന്ന മുത്തൂറ്റ്‌ ഗ്രൂപ്പുകാര്‍പ്പോലും സെന്റിന്‌ 90000 രൂപ മാത്രമാണ്‌ വില നല്‍കാന്‍ തയ്യാറിയിരിക്കുന്നത്‌. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ഒരിക്കലും യാതാര്‍ഥ്യത്തേ ഉള്‍ക്കൊള്ളുന്ന ഒരു സെറ്റിമന്റ്‌ ഇവര്‍ക്ക്‌ ലഭിക്കുമെന്ന് തോന്നില്ല. ഇനി സ്മര്‍ട്ട്‌ സിറ്റിയുടെ 2 ആം ഘട്ട സ്ഥലമെടുപ്പ്‌ വരുമ്പോള്‍ സ്ഥിതി കൂറ്റുതല്‍ വഷളാകും. കാരണം ഭുമി ഏറ്റെടുക്കേണ്ടത്‌ കുന്നത്ത്‌ നാട്‌ താലൂക്കിലെ കൃഷി ഭൂമിയാണ്‌ . ജോജു പറഞ്ഞത്‌ ശരിയാണെങ്കില്‍ 26 കോടി രൂപക്ക്‌ 236 ഏക്കര്‍ ഭൂമിയെടുത്ത്‌ നല്‍കേണ്ടതുണ്ട്‌. അതായത്‌ ഒരു സെന്റിന്‌ maximum 1 ലക്ഷം രൂപ വച്ച്‌. എന്നാല്‍ ഭൂമി ഏറ്റെടുക്കാന്‍ ചെല്ലുമ്പഴേക്കും 1 ലക്ഷം രൂപക്ക്‌ ആരാണ്‌ കൃഷി ഭൂമി വിട്ടു കൊടുക്കുക. അപ്പോള്‍ ഇവിടെയും സമര പരിപാടികള്‍ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങും.

10 comments:

കിരണ്‍ തോമസ് said...

ഇത്‌ കേരളത്തിലെ ഏറ്റവും വലിയ വിവാദ പദ്ധതിയായ സ്മാര്‍ട്ട്‌ സിറ്റിയേ എങ്ങനേ ബാധിക്കും എന്ന് ചിന്തിക്കുമ്പോള്‍ എനിക്ക്‌ തോന്നിയ ചില ചിന്തകള്‍ പങ്ക്‌ വയ്കുന്നു.

Radheyan said...

അങ്ങനെയാണെങ്കില്‍ വെളിയം പറഞ്ഞപോലെ സ്മാര്‍ട്ട് സിറ്റി വല്ല അഗസ്ത്യകൂടത്തിലും സ്ഥാപിക്കുകയേ വഴിയുള്ളൂ.
പക്ഷെ ഇതൊരു വര്‍ത്തമാനകാല സത്യമാണ്.ഇതിനെ കൂടുതല്‍ സത്യസന്ധമായി സര്‍ക്കാറുകള്‍ സമീപിക്കണം.മരുഭൂമികള്‍ നിരത്തി Special Economic Zone (SEZ)അടക്കമുള്ള സംരംഭങ്ങള്‍ തുടങ്ങുന്ന ദുബായി മാതൃക ജനമിബിഡവും സ്ഥലപരിമിതവും ആയ കേരളത്തില്‍ നടപ്പാക്കന്‍ കഴിയുമോ?ഇല്ലെങ്കില്‍ എന്താണ് പോംവഴി?വികസനത്തിന്റെ പേരില്‍ കൂടുതല്‍ ചേരികള്‍ സൃഷ്ടിക്കപ്പെടുകയും കൂടുതല്‍ പേര്‍ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന സ്ഥിതി അതീവദുഖകരമാണ്.

ഭൂമിക്ക് നടപ്പ് കമ്പോളവില നല്‍കുക എന്നതാണ് ഒരു വഴി.പക്ഷേ ഭൂമിവില തന്നിഷ്ടത്തിനുയര്‍ത്തുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ചതിക്കുഴികളില്‍ സര്‍ക്കാര്‍ വീഴാനും പാടില്ല.

കേരളത്തില്‍ പ്രത്യേകിച്ചും കൊച്ചിയില്‍ വളര്‍ന്നുവരുന്ന മാഫിയ റിയല്‍ എസ്റ്റേറ്റ് മാഫിയ തന്നെയാണ്.തെന്നി വീഴാന്‍ സ്വിറ്റ്സര്‍ലാന്റില്‍ പോയ മുന്‍ മുഖ്യന് കൈത്താങ്ങായതും ഒരു റിയല്‍ എസ്റ്റേറ്റാണെന്നതാണ് സ്മാര്‍ട്ട് സിറ്റിയുടെ ഒരു കാണാപ്പുറം.പദ്ധതി വരുന്നതിനു മുന്‍പ്,അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നതിനു മുന്‍പ് സ്ഥലങ്ങള്‍ ചുളു വിലയ്ക്ക് വേണ്ടപ്പെട്ടവരെ കൊണ്ട് വാങ്ങിപ്പിക്കുന്ന ഈ insider trading നെടുമ്പാശേരിയില്‍ വിജയിച്ചതാണ്.

അപ്പു said...

അനുഭവം ഗുരു. കിരണ്‍, ഇതുതന്നെ സംഭവിക്കും, ഉറപ്പാ.

പതാലി said...

കൊച്ചിയില്‍ നന്ദിഗ്രാമിന്‍റെ തനിയാവര്‍ത്തണം
പ്രതീക്ഷിക്കേണ്ടതില്ല.
സ്മാര്‍ട്ട് സിറ്റിയെച്ചൊല്ലിയുള്ള കോലാഹലങ്ങള്‍ക്കിടെ
ഭൂമി ഏറ്റെടുക്കലിനെതിരായ മുറവിളികള്‍പോലും പുറം ലോകം അധികം കേട്ടില്ല.മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കേള്‍പ്പിച്ചില്ല എന്നു പറയുന്നതാവും ശരി.
മാത്രമല്ല, ശക്തമായ ഒരു ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കാന്‍ പോന്ന രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ നമ്മുടെ നാട്ടില്‍ ഇല്ലല്ലോ.
കൊച്ചി നഗരത്തിലെ ഹഡ്കോ കുടിവെള്ള പദ്ധതിക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കാന്‍ വിധിക്കപ്പെട്ട ലീലാവതി ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ മെച്ചപ്പെട്ട പുനരധിവാസത്തിനുവേണ്ടി നടത്തിയ സുദീര്‍ഘ പ്രക്ഷോഭം ഓര്‍മിക്കുന്നുണ്ടാവുമല്ലോ.
ന്യൂനപക്ഷമായിരുന്നതുകൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കാന്‍ ആരും തുനിഞ്ഞില്ല.
തെരഞ്ഞെടുപ്പുകള്‍ വരുന്പോള്‍ ഉറപ്പു നല്‍കുകയും പിന്നീട് പാലം വലിക്കുകയും ചെയ്യുന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണങ്ങളും കണ്ട്ത് അവിടെയാണ്.
എന്നിട്ടും മന്ത്രി മന്ദിരങ്ങളിലും ഗസ്റ്റ് ഹൗസുകളിലും സമ്മേളന വേദികളിലും അലഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം ലക്ഷ്യം നേടിയത് അവരുടെ മനസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ്.

കിരണ്‍ തോമസ് said...

പാതാലി നന്ദിഗ്രാം സംഭവത്തിന്‌ ശേഷമുള്ള സാഹചര്യത്തിലാണ്‌ ഞാന്‍ പുതിയ സാധ്യതകള്‍ കാണുന്നത്‌. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നടത്തുന്ന സമരങ്ങള്‍ എന്തായാലും ഇനി ശ്രദ്ധ കിട്ടാതെ പോകില്ല. അവര്‍ സാധ്യതകള്‍ ഉപയോഗിക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ക്കും ഇവരേ ശ്രദ്ധിക്കെണ്ടി വരും.

Anonymous said...

മാര്‍ക്കറ്റു വില എന്നത് പലപ്പോഴും യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. ഉദാഹരണത്തിന് സ്മാര്‍ട്ട് സിറ്റി അല്ലെങ്കില്‍ വിമാനത്താവളം അല്ലെങ്കില്‍ അതുപോലെ ഒന്ന് വരുന്നു എന്നു പറയുമ്പോള്‍ ആ പ്രദേശങ്ങളുടെ വില കുത്തനെ ഉയരും. ഇത് ആ സ്ഥലത്തിന്റെ ഉണ്ടായിരുന്ന വിലയെക്കാള്‍ വളരെക്കൂടിയിരിക്കും. ഉടമസ്ഥര്‍ക്ക് ആ വിലകൊടുക്കുക എന്നത് അപ്രായോഗികമാണ്. സ്മാര്‍ട്ട് സിറ്റി വരുന്നില്ല എന്നറിയുമ്പോള്‍ ആ വില താഴേയ്ക്കും പോവുകയും ചെയ്യും.

ഇതില്‍ രാധേയന്‍ പറഞ്ഞതുപോലെയുള്ള റിയല്‍ എസ്റ്റേറ്റ് ലോബികളുടെ(വ്യക്തികളായും കൂട്ടായും) പ്രവര്‍ത്തനം വളരെ വ്യക്തവുമാണ്.(മാഫിയ എന്ന പദം ഞാനുപയോഗിക്കുന്നില്ല.)വില കൂടുന്നതിനും ഇത് കാരണമാകും.

മരുഭൂമികള്‍ നിരത്തി Special Economic Zone (SEZ)അടക്കമുള്ള സംരംഭങ്ങള്‍ തുടങ്ങുന്ന ദുബായി മാതൃക ജനമിബിഡവും സ്ഥലപരിമിതവും ആയ കേരളത്തില്‍ നടപ്പാക്കന്‍ കഴിയുമോ? കഴിയുമോ എന്നല്ല ഇത്തരം പദ്ധതികള്‍ നമുക്കു വേണോ എന്നു വേണം ആദ്യം ചിന്തിക്കാന്‍. നമ്മുടെ ഇപ്പോഴത്തെ (ഗവര്‍മെന്‍റ്റിന്റെ അല്ല, സമൂഹത്തിന്റെ) പ്രധാന ധനാഗമമാര്‍ഗ്ഗം എന്നത് കേരളത്തിനു പുറത്തു ജോലി ചെയ്തുണ്ടാക്കുന്നതു തന്നെയാണ്. ഗള്‍ഫ് നാടുകളിലുള്‍പ്പെടെ പലയിടത്തും ഇപ്പോള്‍ സ്വദേശികളെ മുന്‍പോട്ടുവരാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് അറിവ്. ഇപ്പോള്‍ നേഴ്സുമാര്‍ക്കും മറ്റുമുള്ള വിദേശസാധ്യതകള്‍ കുറയുന്നു. അതായത് ഇനി ഒരു തലമുറയ്ക്ക് ഇപ്പോഴത്തെ തലമുറ അനുഭവിക്കുന്നത്ര അവസരങ്ങള്‍(എണ്ണത്തിലല്ല, ഉദ്യോഗാര്‍ത്ഥികളും തൊഴിലവസരങ്ങളും തമ്മിലുള്ള അനുപാതത്തിന്റെ കാര്യത്തില്‍) കിട്ടുകയില്ല.അപ്പോള്‍ നമുക്ക് നമ്മുടേതായ തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

നൂറ് ഏക്കറോ അഞ്ഞൂറ് ഏക്കറോ ഒന്നും വലിയ കാര്യമല്ല ഒരു സംസ്ഥാനത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍. ഏതാണ്ട് നൂറ് ഏക്കറോളം സ്ഥലം കൈവശമുള്ള കോളേജുകളുണ്ടിവിടെ.


നന്ദി ഗ്രാമില്‍ സംഭവിച്ചത് എന്റെ അറിവില്‍ ഗ്രാമീണര്‍ക്ക് അര്‍ഹതപ്പെട്ട (വാഗ്ദാനം ചെയ്യപെട്ട) തുക കിട്ടിയിട്ടീല്ല. അവര്‍ക്ക് ഉണ്ടായിരുന്ന തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു.

എന്റെ അഭിപ്രായത്തില്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കപ്പെടേണ്ടത് സ്ഥലത്തിനു മാര്‍ക്കറ്റു വില നല്‍കുന്നതിലല്ല. 70000ന് പകരം 2.5 ലക്ഷം കൊടുക്കുക എന്നതൊന്നും നടപ്പുള്ള കാ‍ര്യവുമല്ല. പദ്ധതി തീരുമാനിച്ചപ്പൊഴത്തെയോ, ഏറ്റെടുക്കാര്‍ തീരുമനിച്ചപോഴത്തെയോ തുകയാവും ഈ 70000. സര്‍ക്കാര്‍ ചെയ്യേണ്ടത് താമസസ്ഥലം നഷ്ടപ്പെടുന്നവര്‍ക്കുവെണ്ടി പുനരധിവാസ പദ്ധതികളും തൊഴില്‍നഷ്ടപ്പെടുന്നവര്‍ക്ക് ജോലിയും കൊടുക്കുകയാണ്. അത്തരത്തിലുള്ള ചര്‍ച്ചകളാണ് സ്മാര്‍ട്ട് സിറ്റിക്കാരുമായി നടത്തേണ്ടത്. അല്ലാതെ ഇന്‍ഫോപ്പാര്‍ക്ക് വിട്ടുകൊടുക്കാതിരിക്കുക എന്നതോ 236 ഏക്കര്‍ 26 കോടിക്ക് കൊടുക്കാതിരിക്കുകയെന്നതോ മാര്‍ക്കറ്റു വിലയായ 2.5 ലക്ഷം ഉടമസ്ഥര്‍ക്ക് കൊടുക്കുക എന്നതോ ആണ് സംസ്ഥാന താത്പര്യം എന്ന് എനിക്കഭിപ്രായമില്ല.
-joju

കിരണ്‍ തോമസ് said...

ജോജു
K.M റോയിയുടേ ലേഖനത്തില്‍ നിന്ന് നന്ദിഗ്രാമില്‍ സംഭവിച്ചതിന്റെ നിജസ്ഥിതി വ്യക്തമാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നിയമപരമായി അല്ലാതെ കൈവശമുള്ള ഭൂമി വിട്ടുകൊടുക്കെണ്ടി വരുന്നവരുന്നവര്‍ സൌജന്യമായി ഭൂമി വിട്ടുകൊടുക്കെണ്ടി വരും. ഇവരാണ്‌ കലാപത്തിന്റെ പിന്നില്‍ എന്നാണ്‌. കൃഷി ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്ക്‌ വിട്ടുകൊടുക്കരുത്‌ എന്നാണ്‌ മേധാ പട്‌ക്കറും C.R. നീലകണ്ഠനേപ്പോലുള്ള പരിസ്ഥിതി വാദികള്‍ പറയുന്നത്‌. നിര്‍ബന്ധിച്ച്‌ ഭൂമി ഏറ്റെടുക്കരുതെന്ന് രാഷ്ട്രപതിയും പറയുന്നു. നന്ദിഗ്രാം സംഭവത്തിന്‌ ശേഷമുള്ള സാഹചര്യത്തിലാണ്‌ ഭൂമി ഏറ്റെടുക്കലിനേക്കുറിച്ചുള്ള പൊതു വികാരം മാറിയിരിക്കുന്നത്‌. നര്‍മ്മദ അണക്കെട്ടിന്‌ വെണ്ടിയുണ്ടായ കുടിയൊഴിപ്പിക്കല്‍പ്പോലും ഇത്രക്കും മാധ്യമ ശ്രദ്ധ നേടിയിരുന്നില്ല എന്നോര്‍ക്കുക. ബംഗാളില്‍ SEZ വേണ്ടി കുടിയൊഴിപ്പിക്കല്‍ നടക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഈ വിഷയവും ഇത്രക്ക്‌ ശ്രദ്ധിക്കപ്പെട്ടത്‌. നന്ദിഗ്രാം സംഭവത്തോടു കൂടി ഇത്‌ പുതിയ തലത്തിലെത്തിയിരിക്കുന്നു. ഈ വികാരം ഉപയോഗിച്ച്‌ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ സ്ഥലമെടുപ്പ്‌ വിലയിരുത്തപ്പെടും എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

സുരലോഗം || suralogam said...

നര്‍മ്മദയിലും നന്ദിഗ്രാമിലും ജനങ്ങള്‍ പ്രതിഷേധിച്ചതിന്റെ പ്രധാന കാരണം ഭൂനഷ്ടം അതിജീവനത്തിന്റെ പ്രശ്നമായതുകൊണ്ടാണ്. ഇവിടെ അതല്ല സ്ഥിതി. ആര്‍ത്തികൊണ്ടുള്ള വിലപേശലിനാണ് ഇവിടെ സമരം. കാരണം, ഭൂമി പോകുന്നവന് വന്‍നഷ്ടവും കഷ്ടിച്ച് രക്ഷപ്പെടുന്നവന് വന്‍ലാഭവുമാണ് ഏറ്റെടുക്കല്‍ കൊണ്ട് പിന്നീട് ഉണ്ടാകുന്നത്. ഇത് ഒരു പരിധിവരെ ആപേക്ഷികമാണ്.

കിരണ്‍ തോമസ് said...

സുരലോഗം

അതിജീവനം ഇവിടെയും പ്രസക്തമാണ്‌. നിര്‍ദ്ദിഷ്ട സ്മാര്‍ട്ട്‌ സിറ്റി പ്രദേശത്ത്‌ ഉള്ളവരില്‍ കൃഷിഭൂമിയുള്ളവര്‍ മാത്രമേ പ്ര്ശ്നം ഉണ്ടക്കുന്നുള്ളൂ. കാരണം അത്‌ അവരുടേ ഉപജീവനമാണ്‌. വീടും സ്ഥലവും പാടവും ഉള്ളവരൊക്കെ സ്ഥലം നേരത്തേ വിട്ടു നല്‍കി. 70000 രൂപ സെന്റിന്‌ ലഭിച്ചാല്‍ ചുറ്റു വട്ടത്തൊന്നും ഇവര്‍ക്ക്‌ ഒരു സെന്റ്‌ സ്ഥലം പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്‌. ഏത്‌ വികസനത്തിന്റെ പേരിലായാലും നല്ല രീതിയിലുള്ള പുനരധിവാസം നടപ്പായില്ലെങ്കില്‍ അവരോട്‌ ചെയ്യുന്ന ദ്രോഹം തന്നേയാണ്‌.

2ആം ഘട്ട സ്ഥലമെടുപ്പ്‌ നടക്കുമ്പോഴാണ്‌ പ്രശ്നം കൂടുതല്‍ വഴളകുക.

സുരലോഗം || suralogam said...

കിരണ്‍,
താരതമ്യം ആണ് ഞാന്‍ ഉദ്ദേശിച്ചത്. കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനം കൊണ്ട് കഴിഞ്ഞുകൂടുന്നവര്‍ ഇല്ലെന്നല്ല. ഇത് യഥാര്‍ത്ഥത്തില്‍ നഗരവത്കരണത്തിന്റെ പ്രത്യാഘാതങ്ങളില്‍പ്പെടുന്നതാണ്. പ്രാന്തവാസികള്‍ ഉള്‍നാടുകളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന ഒരവസ്ഥ.

അതേസമയം ശുദ്ധമായ കൃഷിയിടങ്ങളില്‍നിന്നും തുരത്തപ്പെടുന്ന, ഇന്നത്തെരീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണ കൃഷിക്കാരന്റെയും, കാടുകളില്‍ ജീവിച്ചുശീലിച്ചശേഷം അതുപേക്ഷിക്കേണ്ടിവരുന്ന ആദിവാസികളുടെയും അവസ്ഥ തുലോം ഭിന്നമാണ്.