Wednesday, May 09, 2007

സൌജന്യ വിദ്യാഭ്യാസവും സാമുഹിക പ്രതിബദ്ധതയും

സ്വയാശ്ര നിയമം സുപ്രിം കോടതിയും തള്ളിയതോടെ സര്‍ക്കാര്‍ പരുങ്ങലിലായി. ആന്റണിയുടെ 50:50 എന്ന ഫോര്‍മുല നടക്കണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. മുന്‍ കരുതലുകള്‍ ഇല്ലാതെ കോളെജ്‌ അനുവദിക്കുകയും 2 സ്വയാശ്രക്കോളേജ്‌ = 1 സര്‍ക്കാര്‍ക്കോളെജ്‌ എന്ന് മനക്കോട്ടകെട്ടുകയും ചെയ്ത രാഷ്ട്രീയ നേതൃത്വം ഇന്ന് ഇരുട്ടില്‍ത്തപ്പുകയാണ്‌. ഇവരെ നിയന്ത്രിക്കാന്‍ കൊണ്ടു വന്ന നിയമം പരമോന്നത കോടതിയും തള്ളിയതോടെ സൌജന്യ സീറ്റ്‌ എന്നത്‌ ഒരു വിദൂര സ്വപന്മായി അവസനിച്ചു. എന്നാല്‍ 25% വരെ സൌജന്യ വിദ്യഭ്യാസം ( പാവപ്പെട്ടവര്‍ക്ക്‌ മാത്രം) നല്‍കാമെന്നാണ്‌ മെഡിക്കല്‍ മാനേജ്‌മെന്റിന്റെ നിലപാട്‌. എന്നാല്‍ 50% സീറ്റ്‌ സര്‍ക്കാരിന്‌ നല്‍കുമെങ്കിലും 70000 രുപ ഫീസ്‌ വേണമെന്നാണ്‌ എഞ്ചിനിയറിഗ്‌ കോളേജുകളുടെ വാദം. എന്നാലും ചില നല്ല മാറ്റങ്ങള്‍ സ്വയാശ്രയ മാനേജ്‌മന്റ്‌ തയ്യാറായിട്ടുണ്ട്‌.

പ്രവേശനം സുതാര്യമാക്കും.

കഴിഞ്ഞ തവണ ദീപികയിലും ചന്ദ്രികയിലും പരസ്യം നല്‍കിയാണ്‌ പ്രവേശനത്തിന്‌ ഇവര്‍ ശ്രമിച്ചത്‌. കേവലം 500 കുട്ടികള്‍ക്ക്‌ മാത്രമേ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതിയുള്ളൂ. അപേക്ഷിച്ച മിക്ക കുട്ടികള്‍ക്കും അപേക്ഷ ഫോറം പോലും ലഭിച്ചില്ല. എന്നാല്‍ ഇത്തവണം വ്യക്തമായ മാനദണ്ഡം അവര്‍ക്കുണ്ട്‌ എന്ന് മാത്രമല്ല. അവരുടെ പരീക്ഷയില്‍ മേല്‍ നോട്ടം വഹിക്കാന്‍ ജസ്റ്റീസ്‌ മുഹമ്മദ്‌ കമ്മിറ്റിയേ അനുവദിക്കും . കൂടാതെ അഭിമുഖം ഒഴിവക്കുകയും പൊതു ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങള്‍ തലവരി ഒഴിവാക്കപ്പെടാനുള്ള സാധ്യതകള്‍ തെളിഞ്ഞു വരുന്നു എന്നതിലേക്ക്‌ വഴിതുറക്കുന്നു.

എഞ്ചിനിയറിഗ്‌ മാനേജ്‌മെന്റകട്ടെ 10 ആം ക്ലാസ്സിലെയും 12 ആം ക്ലാസിലേയും മാര്‍ക്കും സര്‍ക്കാര്‍ പ്രവേശനപ്പരീക്ഷയിലെ റാങ്കും ചേര്‍ത്ത്‌ മറ്റൊരു ലിസ്റ്റ്‌ തയ്യാറാക്കാനാണ്‌ പരിപാടി. 50% പ്രവേശനം സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് നല്‍കാന്‍ ഇവര്‍ തയ്യാറെങ്കിലും 70000 രൂപ ഫീസ്‌ നല്‍കണം എന്ന് അവര്‍ ശഠിക്കുന്നു.

മാനെജ്‌മന്റ്‌ വന്‍ ഫീസ്‌ ആവശ്യപ്പെടുന്നു.

എന്നാല്‍ വന്‍ ഫീസാണ്‌ മെഡിക്കല്‍ എഞ്ചിനിയറിഗ്‌ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടുന്നത്‌. മെഡിക്കല്‍ കോളെജുകളില്‍ അത്‌ 3 ലക്ഷം മുതല്‍ 6 ലക്ഷം വരേയും എഞ്ചിനിയറിഗ്‌ കോളേജുകളില്‍ 70000 വരേയും ആകും. എന്നാല്‍ മെഡികല്‍ മാനേജ്മെനുകള്‍ 25% ഫ്രീ സീറ്റ്‌ നല്‍കാന്‍ തയ്യാറുള്ളപ്പോള്‍ എഞ്ചിനിയറിഗ്‌ മാനേജ്‌മന്റ്‌ അതിന്‌ തയ്യാറല്ല. ഒരു സര്‍ക്കാര്‍ എഞ്ചിനിയറിഗ്‌ കോളെജില്‍ ഒരു വിദ്യാര്‍ത്ഥിക്കായി 70000 രൂപ ചിലവാക്കുന്നു എന്നതാണ്‌ GPC നായരെ ഈ തുക വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്‌. എന്നാല്‍ IHRD പോലുള്ള സ്ഥാപനങ്ങള്‍ 50% സീറ്റില്‍ 38000 രൂപയും 50% സീറ്റില്‍ സര്‍ക്കാര്‍ ഫീസിലും പഠിപ്പിക്കുന്നുണ്ട്‌ എന്നത്‌ കാണാതെ പോകുന്നു.
സൌജന്യ വിദ്യഭ്യാസവും സാമൂഹിക പ്രതിബദ്ധതയും.

ഇനി നമ്മള്‍ ഉന്നത വിദ്യാഭ്യാസം സൌജന്യമായി നല്‍കേണ്ടറ്റുണ്ടോ ( സര്‍ക്കാരായലും സ്വകാര്യമായാലും) ചിന്തിക്കേണ്ടെ ? പ്രത്യേകിച്ച്‌ മെഡിക്കല്‍ മേഖലയില്‍. മെറിറ്റ്‌ അല്ലെങ്കില്‍ സംവരണം ഏതായാലും അങ്ങനെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ ഇന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാനോ അഥവ കയറിയാല്‍ത്തന്നേ ഗ്രാമീണ മേഖലയില്‍ സേവനം അനുഷ്ടിക്കാനോ തയ്യാറല്ല എന്ന പച്ചയായ യാതാര്‍ഥ്യം നാം നോക്കിക്കാണേണ്ടതുണ്ട്‌. സര്‍ക്കാറിന്റെ സേവന വേതന നിരക്കുകള്‍ തുഛമാണ്‌ എന്ന ഒറ്റക്കാരണത്താല്‍ ഇവര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ താത്പര്യമില്ല എന്നത്‌ വസ്തുതകള്‍ക്ക്‌ നിരക്കുന്നതാണോ. ചില നേരത്തെങ്കിലും മെഡിക്കല്‍ മാനെജ്‌മന്റ്‌ പ്രതിനിധി ജോര്‍ജ്‌ പോള്‍ പറയുന്നതില്‍ ചില കാര്യമില്ലേ. 70% സര്‍ക്കാര്‍ സീറ്റില്‍ പഠിക്കുന്ന കുട്ടികളും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണ്‌. എന്നാല്‍ സൌജന്യ വിദ്യാഭ്യാസം നേടുന്ന ഇവര്‍ സമൂഹത്തോട്‌ കടപ്പാടില്ല യാതാര്‍ഥ്യം നമ്മേ തുറിച്ചു നോക്കുന്നില്ലെ. മിക്ക സര്‍ക്കാര്‍ ഡോക്ടര്‍മാരും അവധിയില്‍പ്പോകുന്നു. അവരെ ആകെ ചെയ്യാന്‍ കഴിയുന്നത്‌ പിരിച്ചു വിടുക മാത്രമാണ്‌. പിരിച്ചു വിട്ടാല്‍ സംഗതി കുശാല്‍ ഇനി പ്രൈവറ്റ്‌ ആശുപത്രിയില്‍ പോകാമല്ലോ എന്നാണ്‌ ഡോക്ടര്‍മാര്‍ കരുതുക.

ആവശ്യത്തിന്‌ ഡോക്ടര്‍മാരോ സ്റ്റാഫോ ഇല്ല എന്നതാണ്‌ ഇന്ന് സര്‍ക്കാര്‍ മേഖല അനുഭവിക്കുന്ന ദുരന്തം . അത്‌ ഇനിയു തുടരുകത്തന്നേ ചെയ്യും. അങ്ങനേ നമ്മുടെ പൊതു വിദ്യാഭ്യാസ മേഖല തകര്‍ന്നതുപോലെ ഇതും തകരും. സാധരണക്കാരന്റെ അവസാന അഭയ കേന്ദ്രങ്ങളും അടച്ചു പൂട്ടല്‍ ഭീക്ഷിണിയിലേക്കാണെന്നാണ്‌ SAT സംഭവം വിരള്‍ ചൂണ്ടുന്നത്‌, ഇന്ന് SAT നാളെ അത്‌ മറ്റൊരിടത്ത്‌ കാത്തിരിക്കാം അതിനായി.

14 comments:

കിരണ്‍ തോമസ് said...

നമ്മള്‍ ഉന്നത വിദ്യാഭ്യാസം സൌജന്യമായി നല്‍കേണ്ടറ്റുണ്ടോ ( സര്‍ക്കാരായലും സ്വകാര്യമായാലും) ചിന്തിക്കേണ്ടെ ? പ്രത്യേകിച്ച്‌ മെഡിക്കല്‍ മേഖലയില്‍. മെറിറ്റ്‌ അല്ലെങ്കില്‍ സംവരണം ഏതായാലും അങ്ങനെ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ ഇന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറാനോ അഥവ കയറിയാല്‍ത്തന്നേ ഗ്രാമീണ മേഖലയില്‍ സേവനം അനുഷ്ടിക്കാനോ തയ്യാറല്ല എന്ന പച്ചയായ യാതാര്‍ഥ്യം നാം നോക്കിക്കാണേണ്ടതുണ്ട്‌.

സൂര്യോദയം said...

വളരെ പ്രസക്തമായതും ചിന്തിക്കേണ്ടതുമായ വിഷയം... ഒരു അഭിപ്രായം പറയാന്‍ ഇനിയും ആലോചിക്കേണ്ടിയിരിയ്ക്കുന്നു...

അനംഗാരി said...

ആന്റണിയെ മഹാപാപീയെന്ന് കേരളത്തിലെ വരും തലമുറ വിളിച്ച് പറയും.
കേരളത്തിലെ വിദ്യാഭ്യാസമേഖല ഇത്രയും കലുഷിതമാക്കുകയും,സാധാരണക്കാരന്റെ നെഞ്ചില്‍ കഠാരകുത്തിയിറക്കുകയും ചെയ്ത ഒരാളെ നമുക്കിനി കാ‍ണാന്‍ കഴിയില്ല.

njjoju said...

അനംഗാരീ,

ആന്റണി എപ്രകാരം മഹാപാപിയാകുന്നൂ‍ എന്നു മനസ്സിലായില്ല. അന്നു നിലവിലുണ്ടായിരുന്ന ഒരു ഫ്രീസീറ്റു പോലും കുറഞ്ഞിട്ടില്ല. അന്നു നിലവിലുണ്ടായിരുന്ന അത്രയും ഗവര്‍മെന്റ് കോളെജുകളും സര്‍ക്കാര്‍ സ്വാശ്രയങ്ങളും ഇന്നും ഉണ്ട്.അന്നു നിലവിലുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ഒരു പടിപോലും പിറകോട്ടൂപോയിട്ടുമില്ല. അതായത് സാധാരണക്കാരന്‍ എന്നു താങ്കള്‍ വിളിക്കുന്നവര്‍ക്ക് അന്നുണ്ടായിരുന്ന എല്ലാ സൌകര്യങ്ങളും ഇന്നുമുണ്ട്.

അതേ സമയം സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിച്ചു എന്നതു ശരിയാണ്. ആന്റണി അന്ന് NOC കൊടൂത്തു എന്നതും സത്യമാണ്. സര്‍ക്കാരിന്റെ NOC ഇല്ലാതെതന്നെ സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കാം എന്നിരിക്കെ ആന്റണി ചെയ്തതില്‍ എന്ത് അപരാധമാണുള്ളത്.

kaithamullu - കൈതമുള്ള് said...

കിരണ്‍,

ആന്റണി സിയാച്ചെന്‍ മലകളില്‍ ‘ബിസി’യായതിനാലാണു “ന്‍‌ജ്ജോജു”വിനെ മറുപടി പറയാനേല്‍പ്പിച്ചത്.

-ആ, പറ, എന്നിട്ടെന്തുണ്ടായി?

കിരണ്‍ തോമസ് said...

ജോജു ആന്റണി NOC കൊടുക്കുമ്പോള്‍ NOC ഇല്ലാതെ സ്വയാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ന്യൂനപക്ഷ പദവി വേണമായിരിന്നു. അന്ന് ആന്റണി പറഞ്ഞത്‌ 50:50 എന്ന അനുപാതത്തിലാണ്‌ കോളെജ്‌ നടത്തുക എന്നതും ഓര്‍ക്കുക. അന്ന് NOC കൊടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ന് പലര്‍ക്കും കോളെജ്‌ നടത്താന്‍ കഴിയില്ലായിരുന്നു. 2006 ഇല്‍ മദ്രാസ്‌ ഹൈക്കോടതി വിധി വരുന്നതു വരേ ന്യൂനപക്ഷ പദവി ഇല്ലാത്തവര്‍ക്ക്‌ NOC ആവശ്യമായിരുന്നു.

കിരണ്‍ തോമസ് said...

പിന്നെ ഇന്ന് നിലവിലുള്ള ഫ്രീ സീറ്റ്‌ കുറയുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണണം . കാരണം ക്രോസ്‌ സബ്സിഡി പാടില്ലാ എന്ന സുപ്രീം കോടതിയുടെ പ്രസിദ്ധമായ കണ്ടെത്തല്‍ സര്‍ക്കാര്‍ സ്വയാശ്രയ കോളെജുകളില്‍ 2 തരം ഫീസ്‌ പാടില്ലാ എന്ന രീതിയില്‍ ആരെങ്കിലും ഒരു കേസു കൊടുത്താല്‍ കാര്യം ഗുലുമാലാകും. പിന്നെ 50:50 എന്നത്‌ സര്‍ക്കാര്‍ കോളെജിലും മാറ്റേണ്ടി വരും.
2001 ഇലെ ആന്റണി NOC കൊടുക്കാന്‍ തീരുമാനിച്ച വാര്‍ത്ത താഴെ കൊടുക്കുന്നു
Friday, August 17, 2001
അന്ന് NOC കൊടുക്കുന്നതിന്‌ മുന്‍പ്‌ ഒരു വ്യകതമായ കരാര്‍ ഉണ്ടാക്കി ലീഗലി രജിസ്റ്റര്‍ ചെയ്തിരിന്നു എങ്കില്‍ ഈ ഗതിയൊന്നും ഉണ്ടാകില്ലായിരുന്നു.

njjoju said...

കിരണ്‍,

1.കോടതികള്‍ നിയമങ്ങളുണ്ടാക്കുന്നില്ല. കോടതി നിയമത്തെ നിലവിലുള്ള വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്യുന്നത്. അപ്രകാരം നിലവിലുള്ള നിയമത്തെ വ്യാഖ്യാനിച്ചാണ് 2006ലെ മദ്രാസ് ഹൈക്കോടതി വിധി വന്നത്. അല്ലാതെ അതുവരെ ഇല്ലായിരുന്ന ഒരു നിയമം കൊണ്ടു വരികയല്ലായിരുന്നു.

2.NOC ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു മാത്രമല്ല ഒരു സ്വാശ്രയ സ്ഥാപനത്തിനും ആവശ്യമില്ല എന്നാണ് എന്റെ അറിവ്.(ഉറപ്പില്ല കേട്ടോ, ഇതില്‍ ഒരു ചര്‍ച്ച നടന്നതാണല്ലോ.) സ്വാശ്രയസ്ഥാപനങ്ങളില്‍ ന്യൂനപക്ഷ പദവി വലിയ വ്യത്യാസമുണ്ടാക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ എയിഡഡ് സ്ഥാപനങ്ങളിലാണ് ന്യൂനപക്ഷപദവിയുടെ പ്രസക്തി.(ഇതു വിവാദമാക്കണ്ട.)

3.ആന്റണി NOC കൊടുത്തിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കിരണിന്റെ തന്നെ മറ്റൊരു ബ്ലോഗില്‍ ഞാന്‍ ഈ ദിവസം പരാമര്‍ശിച്ചിട്ടൂണ്ട്. ആന്റണിയെ മഹാപാപി എന്നൊക്കെ വിളിച്ചതിലെ അടിസ്ഥാനമില്ലായ്മയെക്കുറിച്ചു മാത്രമേ ഞാന്‍ പറഞ്ഞൊള്ളൂ.

4.ക്രോസ് സബ്സിഡി പാടില്ലാ എന്നത് കോടതി നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്. രണ്ടു തരം ഫീസ് ഒഴിവാക്കി പകുതിപ്പേര്‍ക്ക് മെറിറ്റിന്റെയൊ വരുമാനത്തിന്റെയോ അടിസ്ഥാനത്തില്‍ സ്കോളര്‍‌ഷിപ്പു കൊടുത്താല്‍ കോടതി എതിര്‍ക്കാനിടയില്ല.തന്നെയുമല്ല ക്രോസ് സബ്സിഡി ഇല്ലാതാക്കിയാല്‍ ഒരു കോളേജിലെ ശരാശരി ഫീസ് ഉയരില്ലല്ലോ. ഇരട്ടി ഫീസ് കൊടുത്തവര്‍ പകുതി ഫീസും പകുതി ഫീസ് കൊടുത്തവര്‍ പകുതിയുടെ ഇരട്ടിയും അതായത് എല്ലാവരും മുഴുവന്‍ ഫീസും കൊടുക്കേണ്ടി വരും അത്രയേ ഉള്ളൂ.

5.ഒരാളുടെ സാമൂഹിക പ്രതിബദ്ധതഉള്ള ഒരാളുടെ സാമൂഹിക പ്രതിബദ്ധത അയാള്‍ ഫീസുകൊടുത്തു പഠിച്ചാല്‍ നഷ്ടപ്പെടുകയോ ഇല്ലാത്ത ഒരാള്‍ ഫ്രീയായി പഠിച്ചാല്‍ ഉണ്ടാവുകയോ ചെയ്യില്ല.

കിരണ്‍ തോമസ് said...

ജോജു സ്വയശ്രയ സ്ഥാപനത്തില്‍ ന്യൂനപക്ഷ പദവി വ്യത്യാസമുണ്ടാക്കും. കാരണം കേരളത്തിലെ സര്‍വ്വ കലാ ശാലകള്‍ നിയമങ്ങള്‍ ശക്തമായി നടപ്പാക്കിത്തുടങ്ങിയാല്‍ ന്യൂനപക്ഷ പദവി ലഭിച്ച സ്ഥാപനഗള്‍ക്ക്‌ ഇന്ത്യയിലേ ഏത്‌ സര്‍വ്വാകലശാലയുമായി വേണമെങ്കിലും അഫിലിയേഷന്‍ നേടാവുന്നതാണ്‌. ഉദാഹരണമായി എഞ്ചിനിയറിഗ്‌ കോളേജ്‌ പ്രവേശനത്തിന്‌ 50% മാര്‍ക്ക്‌ +2 വിന്‌ വേണം എന്ന് കേരളത്തിലെ സര്‍വ്വകലാശലകള്‍ നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ഇത്‌ മറികടക്കാന്‍ കേരളത്തിന്‌ വെളിയിലുള്ള ഒരു സ്ഥാപനവുമായി ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക്‌ അഫിലിയേഷന്‍ തേടാം. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഇത്‌ ചെയ്യാന്‍ കഴിയുമോ എന്ന് എനിക്ക്‌ ഉറപ്പില്ല ( ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറയുക). എന്നാല്‍ ഇനിയും ഒരു കോളെജ്‌ തുടങ്ങിയ്‌ ന്യൂനപക്ഷ അവകാശം നേടി ( അതിന്റെ മാനദണ്ഡം ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്‌) പുറത്ത്‌ അഫിലിയേഷന്‍ നേടാവുന്നതാണ്‌.

ഇനി ആന്റണിയുടെ തെറ്റ്‌ നിയമങ്ങള്‍ മുന്‍പും ഉണ്ടെങ്കില്‍ ശരിയായ കരുതലുകള്‍ ഇല്ലാതെയാണ്‌ ആന്റണി NOC കൊടുത്തത്‌. ആന്റണി NOC കൊടുക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ കേസ്‌ വിധിയാണ്‌ നിലവിലിരുന്നത്‌. അത്‌ 50:50 എന്നതിന്‌ അനുകൂലമായിരുന്നു. അപ്പോള്‍ 50:50 എന്ന രീതിയിലാണ്‌ കോളെജുകള്‍ക്ക്‌ അനുമതി നല്‍കുന്നത്‌ എന്ന രീതിയിലുള്ള ഒരു എഗ്രിമന്റ്‌ ലീഗലി രജിസ്റ്റര്‍ ചെയ്തിരുന്നു എങ്കില്‍ ഈ പ്രതിസന്ധി ഒന്നും ഉണ്ടാകില്ലായിരുന്നു.


പിന്നെ ഞാന്‍ സാമൂഹിക പ്രതിബദ്ധതയെപ്പറ്റിപ്പറഞ്ഞത്‌. സമ്പന്നരായ 70% പേര്‍ സര്‍ക്കാര്‍ കോളെജുകളില്‍ സൌജന്യ വിദ്യാഭ്യാസം നേടുന്നതിനെപ്പറ്റിയാണ്‌. മെറിറ്റ്‌ എന്നത്‌ മാത്രം അടിസ്ഥാനമാകി നല്‍കുന്ന് ഈ സൌജന്യ വിദ്യഭ്യാസം അവരുടെ സാമൂഹിക പ്രതിബദ്ധത പ്രതീക്ഷിച്ചുകൊണ്ടാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്‌. എന്നാല്‍ പരമാവധി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് അകന്നു നില്‍ക്കാനും അഥവ കയറിയാല്‍ ഗ്രാമങ്ങളില്‍ സേവനം അനിഷ്ടിക്കാനോ നമ്മുടെ മെറിറ്റ്‌ ഡോക്ടര്‍മാര്‍ തയ്യാറല്ല എന്നതാണ്‌ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്‌

njjoju said...

kiran,

ഉണ്ണികൃഷ്ണന്‍ കേസിലെ വിധിയെ സുപ്രീം കോടതി ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞിട്ടൂണ്ട്(2004 ഇല്‍). ഭരണഘടനാവിരുദ്ധമായ ഒരു വിധിയുടെ അടിസ്ഥാനത്തില്‍ ഏതു കരാറുണ്ടാക്കിയാലും അതും ഭരണഘടനാവിരുദ്ധമാവും. അതുകൊണ്ടു തന്നെ കിരണിന്റെ എഗ്രിമന്റ്‌ ലീഗലി രജിസ്റ്റര്‍ ചെയ്യണമായിരുന്നെന്ന അഭിപ്രായത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അന്ന് ആന്റണി NOC കൊടുത്തില്ലായിരുന്നെന്ന്കില്‍ ഒരു പക്ഷേ സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കാലതാമസം നേരിടുമായിരുന്നേനേ.

“കേരളത്തിന്‌ വെളിയിലുള്ള ഒരു സ്ഥാപനവുമായി ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക്‌ അഫിലിയേഷന്‍ തേടാം.” അതെലെന്താണ് തെറ്റ്. വെളിയിലെ യൂണുവെര്‍സിറ്റിയില്‍ 45% മാര്‍ക്കുകാരന്‍ പ്രോഫഷണല്‍ വിധ്യാഭ്യാസം നേടി ജോലി സമ്പാദിക്കുന്നുണ്ടെങ്കില്‍ അത് ഇവിടെയും ആയിക്കൂടാ എന്നില്ലല്ലോ.

കിരണ്‍ തോമസ് said...

ന്യൂനപക്ഷ അവകാശം നിലവിലുള്ള സ്ഥിതിക്ക്‌ വ്യത്യസഥത ഉണ്ടാക്കുന്നില്ല എന്ന ജോജുവിന്റെ മുന്‍ അഭിപ്രായത്തിന്‌ ് മറുപടി പറഞ്ഞതാണ്‌. പിന്നെ സംസ്ഥാന സര്‍ക്കരിന്‌ ഈ സ്ഥാപനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലത്ത ഒരവസ്ഥയും ഉണ്ടാകും. സംസ്ഥാന നിയമത്തിന്‌ പുറത്തുപോകാന്‍ ഇത്‌ ഉപയോഗിക്കം. അപ്പോള്‍ അത്‌ ഒരു സമുദായത്തില്‍ ജനിച്ചവര്‍ക്കയി ലഭിക്കുമ്പോള്‍ സ്വാഭാവികമായും അസ്വസ്ഥത മറ്റ്‌ ജന സമൂഹങ്ങളിലും ഉണ്ടാകും. ഭൂരിപക്ഷക്കാരന്‍ മണ്ടന്‍ അവന്‌ സംസ്ഥാന ഗവണ്മെന്റിന്റെയും യൂനിവേഷ്സിറ്റികളുടെയും നിയന്ത്രണങ്ങള്‍ ന്യൂനപക്ഷകാരനോ ഇതൊന്നും ഇല്ല. ഇതില്‍ ധാര്‍മീകമായ തെറ്റുണ്ട്‌ പ്രത്യേകിച്ച്‌ കേരളം പോലോ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ വിദ്യഭ്യാസ രംഗത്ത്‌ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത്‌

പിന്നെ ലീഗല്‍. കോണ്ട്രക്റ്റിന്റെ കാര്യം. രണ്ട്‌ രീതിയില്‍ അത്‌ കാണണം.

1- സ്വയാശ്രയ കോളെജ്‌ പ്രശ്നങ്ങള്‍ മറ്റ്‌ സംസ്ഥാനങ്ങള്‍ പരിഹരിച്ചത്‌ ലീഗല്‍ കോണ്ട്രക്റ്റ്‌ ഉപയോഗിച്ചണ്‌. ഇരു കക്ഷികളും ചേര്‍ന്ന് തയ്യാറാക്കി രജിസ്റ്റര്‍ ചെയ്യുന്ന കോണ്ട്രക്റ്റിന്‌ നിയമ പരിരക്ഷയുണ്ട്‌. കേരളത്തിന്റെ സ്വയാശ്രയ നിയമത്തിനെതിരെ വാദം നടക്കുമ്പോള്‍ എന്തുകൊണ്ട്‌ കേരളം ഈ പാത സ്വികരീകുന്നില്ല എന്ന് കോടതി പലപ്പോഴായ്‌ ചോദിച്ചിട്ടുണ്ട്‌.

2- ഇന്ന് ഞങ്ങള്‍ 50:50 സമ്മതിച്ചിട്ടില്ല അല്ലെങ്കില്‍ അതിന്‌ തെളിവുണ്ടോ എന്ന് ചോദിക്കുന്ന മാനേജ്മെന്റുകള്‍ക്ക്‌ മുന്‍പില്‍ 50:50 നെ സാധൂകരിക്കുന്ന ഒരു തെളിവു പോലും ഇല്ല. ഇത്‌ രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പു കേടായി വ്യാഖ്യാനിക്കില്ലായിരുന്നു.

njjoju said...

ന്യൂനപക്ഷപ്രശ്നം തല്‍കാലം വിടാം. പിന്നീടൊരിക്കല്‍ മറുപടി പറയാം.

“ഇരു കക്ഷികളും ചേര്‍ന്ന് തയ്യാറാക്കി രജിസ്റ്റര്‍ ചെയ്യുന്ന കോണ്ട്രക്റ്റിന്‌ നിയമ പരിരക്ഷയുണ്ട്‌.” തീര്‍ച്ചയായും, അത് ഭരണഘടനാവിരുദ്ധമല്ലെനില്‍.
ഇതിന് രണ്ടുകൂട്ടരും സമ്മതിക്കണം. മറ്റു സംസ്ഥാനങ്ങളിലെ കോണ്ട്രാടുകള്‍ നോക്കൂ. ഫീസ് കേരളസര്‍ക്കാര്‍ മുപോട്ടുവച്ച ഫീസിനെക്കാള്‍ കൂടുതലാണ്. അതുതന്നെയാണ് മാനേജുമെന്റുകളുടെ ആവശ്യവും. പിന്നെ സര്‍ക്കാര്‍ കോട്ട. എന്‍‌ജിനീയറിംഗിന് 50 ശതമാനവും മെഡിക്കലിന് 25% കോട്ടാ സര്‍ക്കാരിന് തങ്ങള്‍ക്കനുകൂലമായ വിധിക്കു ശേഷവും മാനേജുമെന്റുകള്‍ കൊടുക്കാന്‍ തയ്യാറാണ്. കോറ്റതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു കോണ്ട്രാക്റ്റാണ് മുന്‍പോട്ടു വയ്ക്കുന്നതെങ്കില്‍ അത് അംഗീകരിക്കപ്പെടാനുള്ള സാധ്യതയും നിയമ സാധുതയും ഉണ്ട്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരിന് അതിനു താത്പര്യമില്ലെന്നു തോന്നുന്നു. ഒരു win-win സിറ്റുവേഷനേക്കാള്‍ പൊരുതി തോല്‍ക്കാനാണ് സര്‍ക്കാരിന് താത്പര്യം.

50-50 യ്ക്ക് മാനേജുമെന്റുകള്‍ സമ്മതിച്ചോ എന്ന് എനിക്കറിയില്ല. അന്ന് 50-50യ്ക്ക് സമ്മതിച്ചില്ല എന്ന കാരണത്താല്‍ NOC നിഷേധിക്കപ്പെട്ടിരുന്നെങ്കില്‍ അന്നു തന്നെ മാനേജുമെന്റുകള്‍ കോടതിയില്‍ പോകുമായിരുന്നേനെ. അന്നും ന്യൂനപക്ഷ പരിരക്ഷയ്ക്കുവേണ്ടി മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടാല്‍ എന്തുചെയ്യണമെന്ന് സര്‍ക്കാരിന് ഒരു ഊഹവുമില്ലായിരുന്നു.(ഹിന്ദുവിന്റെ ഓണ്‍ ലൈനില്‍ കിട്ടൂം.) NOC എന്ന സാധനത്തിനു തന്നെ പ്രസ്ക്തിയുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നിടത്ത് ഈ വാദങ്ങളില്‍ കഴമ്പുമില്ല. രാഷ്ടീയനേതൃത്വത്തിന്റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ വലിയ കാര്യമൊന്നും ഉണ്ടെന്നു തോന്നുന്നില്ല.(സ്വാശ്രയ വിധികളിലെ തോല്‍‌വി പോലും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വിജയമാണ്. ഒരു ഒത്തുതീര്‍പ്പിനു തയ്യാറായിരുന്നെങ്കില്‍ മാനേജുമെന്റിനു മുന്‍പില്‍ തലകുനിച്ചു എന്ന പേരും കൂടി അവര്‍ക്ക് ചാര്‍ത്തിക്കിട്ടിയേനേ. ഇപ്പൊ പശുവിന്റെ കടിയും മാറി, കാക്കയുടെ വിശപ്പും.)

കിരണ്‍ തോമസ് said...

ജോജു ഞാന്‍ സംസരിക്കുന്നത്‌ ആന്റണി ആദ്യമായി സ്വകാര്യ പ്രൊഫഷണല്‍ കോളെജ്‌ തുടങ്ങാന്‍ NOC നല്‍കുന്ന കാലഘട്ടത്തേക്കുറിച്ചാണ്‌. അന്ന് NOC വേണമെന്നാണ്‌ എല്ലാവരും കരുതിയിരുന്നത്‌. അതുകൊണ്ടാണ്‌ ഇവിടെ മറ്റ്‌ സ്വയാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങാതിരുന്നത്‌. അതായത്‌ അന്നുള്ള കീഴ്‌വഴക്കം സര്‍ക്കാര്‍ NOC നല്‍കിയാലേ സ്വകാര്യ കോളെജുകള്‍ക്ക്‌ യൂണിവേഴ്സിറ്റികള്‍ അഫിലിയേഷന്‍ നല്‍കൂ. അന്നു വരെ കേരളത്തില്‍ സ്വയാശ്രയ കോളേജുകള്‍ സ്വകാര്യ മേഖലയില്‍ ഇല്ല. ഉള്ളതാകട്ടെ സര്‍ക്കാര്‍ സ്വയാശ്രയ കോളെജുകള്‍ അവിടെ 50:50 നിലനില്‍ക്കുന്നു. അവര്‍ ലാഭകരമായും ന്യായമായ ഫീസ്‌ വാങ്ങിയും സ്ഥാപനം നടത്തിപ്പോരുന്നു. ആ സാഹചര്യത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ഫീസ്‌ നിലയില്‍ ഒരു കരാര്‍ ഉണ്ടാകി രജിസ്റ്റര്‍ ചെയ്തിരുന്നും എങ്കില്‍ ഇന്ന് ഈ ഗതി വരില്ലയിരുന്നു. മറ്റ്‌ സംസ്ഥാനങ്ങളും TMA പൈ കേസിന്റെ വിധി വന്നതിന്‌ ശേഷമാണ്‌ കരാറിലേക്ക്‌ നീങ്ങിയത്‌. അതുകൊണ്ട്‌ തന്നെ മാനേജ്‌മന്റ്‌ പറയുന്ന ഒരു ഫീസ്‌ ഘടനയിലേക്ക്‌ സര്‍ക്കാരിന്‌ സന്ധി ചെയ്യേണ്ടി വന്നു, എന്നാല്‍ ഇത്‌ മുന്‍ കൂട്ടിക്കാണാനോ നമുക്കുണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കി തുടക്കത്തിലെ മാനേജ്‌മെന്റുകളെ ഒരു കരാറിന്റെ കീഴില്‍ കൊണ്ടു വരാനോ ആന്റണിക്ക്‌ കഴിഞ്ഞില്ല

njjoju said...

The National Commission for Minority Educational Institutions (NCMEI) on Wednesday granted minority status to five educational institutions under the Pushpagiri Medical Society; ending an eight-year-old wait that began in February 1999.(നെറ്റില്‍ നിന്ന്, ഉറപ്പില്ല)

അതായത് 1999 ഇല്‍ തന്നെ പുഷ്പഗിരിക്കാര്‍ മൈനോറിറ്റി സ്റ്റാറ്റസിനു ശ്രമം തുടങ്ങിയിരുന്നു. NOC കൊടുക്കുന്നത് 2001 ഇല്‍. അതായത് അന്ന് 50-50യ്ക്ക് സമ്മതിച്ചിരുന്നെങ്കിലും മൈനോറിറ്റി ആയതുകൊണ്ടു വിധി വരുമ്പോള്‍ അവര്‍ക്ക് നയം മാറ്റാന്‍ അവകാശമുണ്ടായിരുന്നു.

രണ്ടാ‍മതായി സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യയില്‍ പല സ്ഥലത്തുമായി കേസുകള്‍ നിലവിലുണ്ട്. അത് ആന്റണി യ്ക്ക് ശേഷം മാത്രമല്ല.പുതിയ വിധികള്‍ വരുമ്പോള്‍ അവ തങ്ങള്‍ക്കനുകൂലമാണെങ്കില്‍ 50-50 യില്‍ നിന്ന് അവര്‍ക്ക് വ്യതിചലിക്കാന്‍ സാധിക്കും.

ഒരു എഗ്രിമെന്റ് തങ്ങളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണ് എന്നു തോന്നുന്ന പക്ഷം എഗിമെന്റ് ഒപ്പിട്ടാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും. കാരണം എഗിമെന്റിനേക്കാള്‍ വലുതാണ് ഭരണഘടന.

ആന്റണി അന്ന് അനുവദിച്ചതുകൊണ്ട് അത്രയെങ്കിലും നേരത്തേ ഇവിടെ കോളേജുകള്‍ വന്നൂ എന്നേ ഞാന്‍ കരുതുന്നുള്ളൂ. അല്ലെങ്കിലും ഇവിടെ കോളേജുകള്‍ വന്നേനേ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ്. പണവും സ്വാധീനവും ഉള്ളവര്‍ അക്കാലമത്രയും പഠിക്കാതിരിക്കുമായിരുന്നോ? അവരെവിടെയെങ്കിലും പോയി പഠിച്ചേനേ.