Thursday, June 28, 2007

ഭരണത്തോടൊപ്പം സമരവും

ചില്ലറ വില്‍പന രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ വ്യാപരി വ്യവസായികള്‍ നടത്തിയ മാര്‍ച്ചില്‍ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ( ഉമ്മന്‍ ചാണ്ടി പങ്കെടുത്തോ എന്ന് ഉറപ്പില്ല. ദീപികയിലും ദേശാഭിമാനിയിലും പീപ്പീള്‍ ചാനലിലും മാത്രമേ ഉമ്മന്‍ ചാണ്ടി പങ്കെടുത്തു എന്ന് കാണുന്നുള്ളൂ. അദ്ദേഹം എന്താണ്‌ പറഞ്ഞെതെന്നും ആരും പറഞ്ഞിട്ടില്ല) അടക്കം കേരളത്തിലെ എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. പിണറായിയും വെളിയവും ഇതിനെതിരേ ആഞ്ഞടിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ ഒരു സംശയം ആര്‍ക്കെതിരെയാണ്‌ ഈ ആക്രോശം ജനങ്ങള്‍ക്കെതിരെയോ കാരണം ഈ നിയമം ഒക്കെ അംഗീകരിച്ചത്‌ ഉമ്മന്‍ ചാണ്ടിയുടേയും പിണറായിയുടേയും പാര്‍ട്ടികള്‍ അംഗമായുള്ള UPA ഗവണ്മെന്റണ്‌. ഇവിടെയുള്ളവരെല്ലാം ഇതിനെതിരും. എന്നാല്‍പ്പിന്നെ ഇതൊക്കെ UPA യോഗത്തിലോ ഇടത്‌ ഏകപന സമിതി യോഗത്തിലോ പറഞ്ഞാല്‍പ്പോരെ. അപ്പോള്‍ ഇതൊക്കെ ആരേക്കാണിക്കാനാണ്‌ ജനത്തയോ വ്യാപരികളയോ.

സത്യം പറഞ്ഞാല്‍ പൊതു ജനത്തിന്‌ ഇത്‌ വ്യാപരികളുടെ പ്രശ്നമായിട്ടെ തോന്നിയിട്ടുള്ളൂ. അതുകൊണ്ട്‌ തന്നേ അവര്‍ക്കിതില്‍ തെല്ലും ആശങ്കയില്ല. സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടും എന്നതാണ്‌ അവരില്‍ ഭൂരിപക്ഷത്തിന്റെയും പ്രതീക്ഷ. ഇനി കര്‍ഷകര്‍ക്കകട്ടെ ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ( ഭഷ്യവിളകള്‍ക്ക്‌) നല്ല വില ലഭിക്കാനുള്ള സാധ്യതയും ഈ സമരങ്ങളേ മുഖവിലക്കെടുക്കാതിരിക്കാന്‍ കാരണമാകുന്നു. പിന്നെ നമ്മുടെ ചില്ലറ വ്യാപരക്കാരില്‍ നിന്നുണ്ടാകാറുള്ള പെരുമാറ്റവും ഇവരുടെ പ്രശ്നങ്ങളെ തങ്ങളേ ബാധിക്കുന്നതായി കരുതുന്നതില്‍ നിന്ന് അവരേ തടയുന്നു.

ഇനി ചില തമാശകള്‍ ഓര്‍ക്കാം. 90 കളില്‍ ആഗോളവല്‍ക്കരണം വന്നപ്പോള്‍ അത്‌ ഏറ്റവും മോശമായി ബാധിച്ചത്‌ ഇന്ത്യന്‍ വ്യവസായ മേഖലകളേ ആണ്‌ പിന്നീടത്‌ പൊതുമേഖല സ്ഥാപനങ്ങളിലേക്കും ബാധിച്ചു. അ കലഘട്ടത്തില്‍ ഈ മേഖലയില്‍ ഉള്ളവര്‍ സമരങ്ങളും പ്രചരണങ്ങളുമായി രംഗത്തെത്തി. എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഉണ്ടായ കാര്‍ഷിക മേഖലയിലെ ഉണര്‍വും മറ്റും ഈ സമരങ്ങളെ ആരും ശ്രദ്ധിച്ചതേ ഇല്ല. അദ്ധ്വാന വര്‍ഗ്ഗ സിദ്ധന്തത്തിന്റെ വകതാക്കളായ കര്‍ഷക പാര്‍ട്ടികള്‍ ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകളേപ്പറ്റി വാചാലരായി. ഭൂരിപക്ഷ മാധ്യമങ്ങളിലും അന്ന് നിറഞ്ഞ്‌ നിന്നത്‌ പൊതുമേഖലാ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയും ലൈസന്‍സ്‌ രാജിന്റെ പിഴവുകളുമായിരുന്നു. പിന്നീട്‌ IT മേഖലയിലും മറ്റും ഉണ്ടായ വന്‍ മുന്നേറ്റങ്ങളും ചന്ദ്രബാബു നായിഡുവിനേപ്പോലെയുള്ള മുഖ്യമന്ത്രിമാരുമൊക്കെ നിറച്ചു നിര്‍ത്തിയ മാധ്യമങ്ങള്‍ IT മേഖലയിലേ തകര്‍ച്ചയോടെയാണ്‌ അല്‍പമെങ്കിലും ആഗോളവല്‍ക്കരണ അനുകൂല സ്വഭാവം മാറ്റിയത്‌. പിന്നീടുണ്ടായ കാര്‍ഷിക തകര്‍ച്ചയും കര്‍ഷക ആത്മഹത്യകളും ഒക്കെ മാധ്യമങ്ങളെ പിന്നോട്ടടിച്ചു. എന്നാല്‍ IT മേഖലക്കൊപ്പം ഇന്ത്യന്‍ വ്യവസായ മേഖലയും കരുത്തുകാട്ടി തിരിച്ചു വരുന്നതാണ്‌ നാം പിന്നീട്‌ കണ്ടത്‌. കാര്‍ഷിക മേഖല അപ്പോളും താഴേത്തന്നേ. എന്നാല്‍ മാധ്യമ രംഗത്ത്‌ വിദേശ നിക്ഷേപം ആകാം എന്ന നയം വന്നതോടെ മാധ്യമങ്ങളുടെ തനി നിറം പുറത്തു വന്നു. അവര്‍ അതിനെതിരെ ആഞ്ഞടിച്ചു. പണ്ട്‌ മറ്റുള്ളവര്‍ പറഞ്ഞതൊക്കെ അവരും പറഞ്ഞു തുടങ്ങി. എന്നാല്‍ അപ്പോഴും വ്യപാരികള്‍ ആഗോളവല്‍ക്കരണത്തിനനുകൂലമായിരുന്നു എന്നതാണ്‌ ചരിത്രം. അവസാനം ഇതാ അവരേയും ഇത്‌ നേരിട്ട്‌ ബാധിക്കാന്‍ പോകുന്നു. ഇപ്പോള്‍ അവരും പഴമൊഴികള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഏറ്റവും വലിയ തമാശ അതൊന്നുമല്ല. എന്നും ഇതിനെതിരെ മുറവിളികൂട്ടുന്നവര്‍ക്കൊപ്പം ഇടതുപക്ഷം ഉണ്ടെന്നതാണ്‌. 90 ന്‌ ശേഷം ഉണ്ടായ പല ഗവണ്മെന്റുകള്‍ക്കും ഇടതു പിന്തുണ ഉണ്ടായിരുന്നു എന്നതാണ്‌ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം. ആഗോളവല്‍ക്കരണത്തെ എതിര്‍ത്ത്‌ പുസ്തകങ്ങള്‍ എഴുതിയ ഇടത്‌ സഹയാത്രികന്‍ M.P. വീരെന്ദ്രകുമാര്‍ ആഗോളവല്‍കരണം നടത്തുന്ന ചിദമ്പരത്തിന്റെ സഹമന്ത്രിവരെയായി ഈ നയം നടപ്പിലാക്കി.

എല്ലാ നേതാക്കളോടും കൂടി ഒരപേക്ഷയുണ്ട്‌ ദയവുചെയ്ത്‌ നയം വ്യക്തമാക്കണം. ആഗോള വല്‍കരണം വേണോ ? വേണമെങ്കില്‍ എങ്ങനെ ? വേണ്ടങ്കില്‍ എങ്ങനേ ?. വേറുതെ ജനത്തെ പൊട്ടന്‍ കളിപ്പിക്കരുത്‌.

12 comments:

കിരണ്‍ തോമസ് said...

ഭരണത്തോടൊപ്പം സമരവും നടത്തുകയാണ്‌ UPA യില്‍ അംഗമായിട്ടുള്ള കക്ഷികള്‍. ചില്ലറ വ്യാപര രംഗത്ത്‌ വിദേശ നിക്ഷേപം നടത്തുന്നതിനെതിരെ കോണ്‍ഗ്രസും CPM ഉം ധര്‍ണ്ണ നടത്തുന്നതിലെ ഇരട്ടത്താോയിനെക്കുറിച്ച്‌ ഒരു പോസ്റ്റ്‌

അനംഗാരി said...

കിരണ്‍:ഈ തമാശ ഞാന്‍ പത്രത്തില്‍ ഇന്ന് കണ്ടു.കൊച്ചിയിലെ സി.പി.എം.നേതാവിനെ കുറിച്ച് മനോരമയില്‍.
ആഗോളവല്‍ക്കരണം നമ്മളെ മുടിപ്പിക്കും എന്ന് തന്നെയാണ് എന്റെ കാഴ്ചപ്പാട്.അതിവിടെ വിവരിക്കണമെങ്കില്‍ ഒരു പാട് സ്ഥലം വേണം.എന്നാല്‍ ആഗോളവല്‍ക്കരണത്തിന് ചില മെച്ചങ്ങളുമുണ്ട്.
ചെറുകിട കച്ചവടക്കാരന്റെ ആശങ്ക അസ്ഥാനത്തല്ല.ടി മഹാന്‍‌മാര്‍, ഉപഭോക്താവിനോട്, “വേണോങ്കി കൊണ്ടുപോടെ, തിരയാനും ചോദിക്കാനും നീയാരു” എന്ന മനോഭാവത്തിലാണ് പെരുമാറുന്നത്.അഹന്ത നിറഞ്ഞ മലയാളിയുടെ മറ്റൊരു മുഖമാണ് ഇവര്‍ കാണിക്കുന്നത്.കൃത്യമായ ബില്ലോ, വിലവിവരപട്ടികയോ,ചീത്ത സാധനം തിരിച്ചെടുക്കാനുള്ള ബോധമോ ഇല്ലാത്ത അഹങ്കാരികള്‍.കുത്തകകളുടെ കടന്ന് കയറ്റം ഇവരെ കുത്തുപാള എടുപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.ഇവനെ നന്നാക്കാന്‍ ഇതാണോ മാര്‍ഗ്ഗം എന്ന് ചോദിച്ചാല്‍ അല്ല.കര്‍ശനമായി നിയമം നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ഇല്ലാത്ത ഭരണകൂടവും,കൈക്കൂലി കൊതിയന്‍‌മാരാ‍യ ഭരണകൂടവും..അത് തന്നെയാണ് തകരാര്‍.
ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നേരമായിരിക്കുന്നു.നമുക്ക് ആരിലാണ് പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുക?എല്ലാ യുവജന പ്രസ്ഥാനങ്ങള്‍ക്കും,അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ക്കും അധികാരസ്ഥാനത്തേക്കുള്ള ഒരു ഏണിപ്പടി മാത്രമാണ് രാഷ്ട്രീയവും,യുവജന സംഘടനകളും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ആഗോളവല്‍ക്കരണം എന്നത് ആരങ്കിലും ആഗ്രഹിച്ച് നടപ്പാക്കുന്നതോ,ആരെങ്കിലും ജാഥ നടത്തിയാല്‍ ഇല്ലാത്താകുന്നതോ ആയ ഒന്നല്ല എന്നാണു എനിക്ക് തോന്നുന്നത്. അത് സാമൂഹ്യവളര്‍ച്ചയുടെ അനിവാര്യമായ ഒരു ഫലമാണു. ശാസ്ത്രത്തിന്റെയും,സാങ്കേതിക വളര്‍ച്ചയുടെയും ഫലമായി ഇന്ന് ലോകം തന്നെ ഒരു ആഗോള ഗ്രാമമായി മാറിക്കഴിഞ്ഞു. നാളെ ഒരു പക്ഷെ,ആഗോള ഗവണ്‍‌മെന്റും,വിശ്വപൌരത്വവും എന്ന സങ്കല്പം യാഥാര്‍ത്ഥ്യമായിക്കൂടെന്നില്ല. നിലവിലുള്ള സമ്പ്രദായങ്ങള്‍ പ്രളയം വരെ തുടരണമെന്നോ, ദേശീയമായ അതിരുകള്‍ അലംഘനീയവും പാവനവും എന്ന് കരുതുന്നത് ശരിയല്ല. പിന്നെ ഇന്ന് നമ്മുടെ നാട്ടിലെ ചെറുകിട കച്ചവട പീടികകളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ അധികവും മായം കലര്‍ന്നതും,ഡ്യൂപ്ലിക്കേറ്റും,ഗുണനിലവാരം തീരെ ഇല്ലാത്തതുമാണു. ഒന്നും അങ്ങോട്ട് ചോദിക്കുന്നത് കച്ചവടക്കാരനു ഇഷ്ടമല്ല. വേണമെങ്കില്‍ വാങ്ങീട്ട് പോ എന്ന മട്ടിലാണു അവന്റെ പെരുമാറ്റം.മാറുന്ന ലോകക്രമത്തില്‍ ഇനി ,സ്വദേശി വിദേശി എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. നല്ലത് നിലനില്‍ക്കും,അഥവാ നിലനില്‍ക്കണം അത്ര തന്നെ !

കിരണ്‍ തോമസ് said...

ആഗോള വല്‍ക്കരണം ഇന്ത്യന്‍ സാഹചര്യങ്ങളിലെടുത്താല്‍ ചിലപ്പോള്‍ നല്ലതല്ല എന്ന് തോന്നാം. എന്നാല്‍ കേരളത്തില്‍ അത്‌ നല്ല ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. സംഘടിത തൊഴിലാളി വര്‍ഗത്തെയാണ്‌ കേരളത്തില്‍ ആഗോളവല്‍ക്കരണം പ്രതികൂലമായി ബാധിച്ചിട്ടുള്ളത്‌.

kunjali said...

യോജിക്കാന്‍ വയ്യ...

Joyan said...

കിരണ്‍,
വിക്കിപീഡിയ ആഗോളവല്‍കരണത്തെ ഇങ്ങനെ നിര്‍വചിക്കുന്നു
In economics, globalization is the convergence of prices, products, wages, rates of interest and profits towards developed country norms.[2] Globalization of the economy depends on the role of human migration, international trade, movement of capital, and integration of financial markets. The International Monetary Fund notes the growing economic interdependence of countries worldwide through increasing volume and variety of cross-border transactions, free international capital flows, and more rapid and widespread diffusion of technology. Theodore Levitt is usually credited with globalization's first use in an economic context.

ചില്ലറ വില്‍പന രംഗത്ത്‌ വിദേശ നിക്ഷേപം വരുന്നതുകൊണ്ടു ആര്‍ക്കാണു ഗുണം?

1. മുതല്‍ മുടക്കുന്ന കമ്പനികള്‍ക്ക്‌. - ഇതു തീര്‍ത്തും സ്വാഭാവികം. മുതല്‍മുടക്കി മല്‍സരിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറണെങ്കില്‍ local market ലെ അനുഭവ സമ്പത്തു അവര്‍ക്കും മുതലാക്കവുന്നതേയുള്ളു.
2. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക്‌.
\ - വിപണിയിലെ ശക്തമായ കിടമത്സരങ്ങളും, കൂടുതല്‍ കാര്യക്ഷമമായ supply chain ഉം വിലകുറയാന്‍ ഇടയാക്കും. തുല്യ വിലയ്ക്കു ഗുണനിലവാരം കൂടിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.
- മെച്ചപ്പ്പെട്ട ഉപഭോക്ത സേവനം ലഭ്യമാകും. customer/consumer is the king
3.ഗവണ്മെന്റിന്‌ - വ്യക്തമായ നിലപാടുകള്‍ എടുക്കാന്‍ തയ്യാറാണെങ്കില്‍ ഈ വിദേശനിക്ഷേപത്തെ ജനഹിതപരമായി ഉപയോഗിക്കാന്‍ കഴിയും.

4. തൊഴില്‍- ബ്രഹത്തായ ചില്ലറ വില്‍പന ശാലകളും അവരുടെ വിതരണ ശൃംഘലകളും അവിദഗ്ധ തൊഴിലാളികള്‍ക്കു (low skilled labour) സ്ഥിരമായ തൊഴില്‍ നല്‍കും. ശക്തമായ തൊഴില്‍നിയമങ്ങള്‍ കൊണ്ടുവരാനുള്ള നട്ടെല്ലു ഗവണ്മെന്റു കാണിക്കണം എന്നു മാത്രം.
5. നിര്‍മ്മാണ രംഗത്ത്‌ - അമേരിക്കയിലും മറ്റും ചെയ്യുന്ന പോലെ ഉല്‍പന്നങ്ങല്‍ ഒന്നും china യില്‍ നിന്നും ഇരക്കുമതി ചെയ്യാന്‍ പൊകുന്നില്ല. ഇന്ത്യയിലെ ഉല്‍പാദന ചിലവു വളരെ കുറവായതിനാല്‍, ഉല്‍പാദനരംഗം കൂടുതല്‍ ശക്തവും, സംഘടിതവും, കാര്യക്ഷമവുമാകും.പരോക്ഷമായി ഇതു വില കുറയാനും തൊഴില്‍ കൂടാനും ഇടയാക്കും.

നഷ്ടം?
വ്യാപാരികള്‍ക്കു.- വ്യാപരികളുടെ ധാര്‍ഷ്ട്യം എന്നതു സത്യം ആണെങ്കിലും, സമൂഹത്തിലെ ഒരുവിഭാഗം എന്ന നിലക്കു അവരുടെ ജീവിതമാര്‍ഗം നഷ്ടപ്പെടുന്നതു കണ്ടില്ലെന്നു നടിക്കാന്‍ , ഇന്ത്യയെ പോലെ ഒരു soocialistസമൂഹത്തിനാവില്ല. ഏന്നുവെച്ചു മെചപ്പെട്ട ഒരു കമ്പോളവ്യവസ്ഥ വരുക എന്നതു തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കുമാവില്ല. അവര്‍ മാറിവരുന്ന വ്യവസ്ഥക്കനുസരിച്ചു പുതിയ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്തേ മതിയാവൂ.

njjoju said...

കൊള്ളാം ജോയന്‍ നല്ല നിരീക്ഷണങ്ങള്‍.
സുകുമാരേട്ടന്റെയും.

കിരണ്‍,

സംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന്റെ ന്യായമായ അവകാശങ്ങളൊന്നും ആഗോളവര്‍ക്കരണം കൊണ്ട് ഇല്ലാതാകുന്നില്ല. ഒരു മാതിരി ഗവര്‍മെന്റ് സ്ഥാപനങ്ങളിലേതുപോലെ തോന്നുമ്പോള്‍ വരുകയും തോന്നുമ്പോള്‍ പോവുകയും അതിനിടയില്‍ ചായകുടിയും പുകവലിയും ഒക്കെയായി സമയം മിനക്കെടുത്തുന്നവരാണ് സംഘടിത തൊഴിലാളിവര്‍ഗ്ഗമെങ്കില്‍ അവര്‍ക്ക് ആഗോളവല്‍ക്കരണം പ്രതികൂലമാണ്.

തൊഴിലാളികള്‍ക്കും കുടിയാന്മാര്‍ക്കും ഒന്നും കൊടുക്കാതെ പരമാവധി ചൂഷണം ചെയ്യുന്ന പഴയ ജന്മി വ്യവസ്ഥയുടെ തിരിച്ചുവരവല്ല ആഗോളവര്‍ക്കരണം.

തൊഴിലാളിയുടെ കാര്യക്ഷമതയ്ക്ക് അനുസരിച്ചും സ്ഥാപനത്തിന്റെ ലാഭത്തിനനുസരിച്ചും തൊഴിലാളികളെ പരമാവധി സംതൃപ്തരാക്കുക എന്ന മാനേജുമെന്റ് തന്ത്രമാണ് ഇന്ന് പ്രയോഗിക്കപ്പെടുന്നത്.

മുക്കുവന്‍ said...

globalisztion makes richer more richest. no doubt about it.
the same token if you want to cheapest items you need globalization.

for example, WAL-MART is the largest retail stores in the world they have a best buying power and get the lowest price for any item.
so they can sell it much cheaper than any other stores.

their inventory control is managed by the suppliers itself, ie when an item is sold from their shelf, its updated in manufactors inventory. aaahaa computerization.

now wal-mart like big corp. rules all market. who makes money by this company, the stock owners. ie the richest people.

so ultimately richer getting richer.

do you want to stop this. you might be able to. but you have to pay more from your pocket. for that no one ready.

vimathan said...

കിരണ്‍, ചില്ലറ വില്പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെമാത്രമല്ലാ, ചില്ലറ വില്പന രംഗത്ത്, ഇന്ത്യന്‍ കമ്പനികള്‍ കടന്നുവരുന്നതിനെതിരെയും (റിലയന്‍സ് തുടങിയ) , കേരളത്തിലെ വ്യാപാരിവ്യവസായി എകോപന സമിതിക്കാരും, സി പി എമ്മും, കോണ്‍ഗ്രസ്സും, ഒരേ സ്വരത്തില്‍ സംസാരിക്കുന്നു. ഇവിടെ കൊച്ചിയില്‍ എന്റെ താമസസ്ഥലത്തിനടുത്തുള്ള റിലയന്‍സ് ഫ്രഷ് സ്റ്റോറിനെതിരെ ഉപരോധ സമരവും മറ്റും നടക്കുക്കയുണ്ടായി. ആദ്യ ദിവസങളില്‍ വില കുറച്ച് വിറ്റിരുന്ന റിലയന്‍സ് ഇപ്പോള്‍ വ്യാപാരികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വില കൂട്ടീയാണ് വില്‍ക്കുന്നത് എന്നാണ് ജന സംസാരം. (സ്ഥിരീകരിക്കാ‍ത്ത വാര്‍ത്ത). റിലയന്‍സ് ഫ്രഷ് സ്റ്റോര്‍ സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് തോന്നിയ ഒരു കാ‍ര്യം, അവര്‍ പഴങളും, പച്ചക്കറികളും, ഗ്രേഡ് ചെയ്ത്, ഒരു മിനിമം ഗുണ നിലവാരം ഉള്ള സാധനങള്‍ മാത്രമാണ് വില്പനയ്ക്ക് വച്ചിട്ടുള്ളത് എന്നാണ്. അങിനെ ഉപഭോക്താവിന് ന്യായ വിലയ്ക്ക് ഗുണ നിലവാ‍ാരമുള്ള സാധനങള്‍ വാങുവാനുള്ള അവകാശത്തെ സമര ഭീഷണി കൊണ്ട് ബ്ലാക്മെയില്‍ ചെയ്യുന്ന വ്യാപാരി വ്യവസായി കൂട്ടത്തിനെതിരെ കേരളത്തിലെ ഉപഭോക്തൃ സംരക്ഷണ സമിതിക്കാര്‍ ആരും പ്രതികരിച്ച് കണ്ടീല്ലാ. അതോ മേല്‍പറഞ്ഞ സംഘടന ഇപ്പോള്‍ ആക്റ്റീവ് അല്ല എന്നുണ്ടോ എന്നറീയില്ലാ. ഇവിടെ കൊച്ചിയില്‍ റിലയന്‍സ് ഫ്രഷിനേക്കാളും വലിയ സൂപര്‍ മാര്‍ക്കറ്റുകള്‍ വേറെയുണ്ട്. അതില്‍ തന്നെ മിത്ര് എന്ന സൂപ്പര്‍ മാര്‍കറ്റ് ചെയിന്‍ സ്റ്റോര്‍, ജില്ലാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് എന്നാണ് അറിവ്. പക്ഷെ എതിര്‍പ്പ് മുഴുവനും റിലയന്‍സ്, ഫാബ് മാള്‍ തുടങിയവയ്ക്കെതിരെയാണ്. റിലയന്‍സിന്റെ പബ്ലിക് റിലേഷന്‍സ് ഡീപ്പാ‍ര്‍ട്ട്മെന്റ് ശരിയ്ക്കും വര്‍ക്ക് ചെയ്ത് തുടങിയിട്ടില്ലാ എന്നു തോന്നുന്നു. അവരൊന്ന് ഉണര്‍ന്ന് പ്രവൃത്തിച്ചാല്‍, മുട്ടു കുത്താന്‍ പറഞ്ഞാല്‍ ഇഴയുന്ന പാരമ്പര്യമുള്ള നമ്മുടെ മാധ്യമങളും, പ്രവര്‍ത്തകരും, എതിര്‍പ്പിന്റെ സ്വരം മാറ്റി, കുത്തക അനുകൂല വാര്‍ത്തകള്‍ എഴുതാനും, പ്രചരിപ്പിക്കാനും മടിക്കില്ലാ. കുറഞ്ഞ വിലയ്ക്ക് നല്ല സാധനങള്‍ ലഭിക്കും എന്നതിനാല്‍ ഉപഭോക്താക്കളും ഇവരെ തുണയ്ക്കും. ഇടനിലക്കാരില്ലാതെ, നേരിട്ട് ന്യായ വിലയ്ക്ക് (ഇപ്പോള്‍ കിട്ടുനതില്‍ നിന്നും കൂടുതല്‍ വിലയ്ക്ക്)ഉല്പന്നങള്‍ വില്‍ക്കാം എന്നതിനാല്‍, നേതാക്കന്മാര്‍ എന്തൊക്കെ പറഞ്ഞാലും, കര്‍ഷകരും, ഇവരെ തുണയ്ക്കും. ഈ സമരം പരാജയപ്പെടാനാണ് കൂടുതല്‍ സാധ്യത.

കിരണ്‍ തോമസ് തോമ്പില്‍ said...

സത്യത്തില്‍ എല്ലാവര്‍ക്കും മത്സരത്തെ ഭയമാണ്‌. വിദേശ നിക്ഷേപത്തെപ്പറ്റി വാതോരാതെ സംസരിച്ച മനോരമ പത്ര രംഗത്ത്‌ വിദേശ നിക്ഷേപം വരുന്നു എന്ന് കേട്ടപ്പോള്‍ ഉറഞ്ഞു തുള്ളിയത്‌ ഓര്‍ക്കുക. ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്നു ഈ കച്ചവടക്കാര്‍ ഇന്ന് മത്സരം വരുമെന്നായപ്പോള്‍ അവരും ഉറഞ്ഞ്‌ തുള്ളുന്നു. പണ്ടെ ഇരട്ടത്താപ്പ്‌ കാട്ടുന്ന ഇടതുപക്ഷം ഇപ്പോള്‍ അവരെ പിന്തുണക്കുന്നു. കേരളം വീണ്ടും പഴയ കപട ഇടതുപക്ഷ മുഖമൂടി അണിഞ്ഞു തുടങ്ങിയതിന്റെ സൂചനയാണ്‌ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. മാര്‍ജിന്‍ ഫ്രീയും വര്‍ക്കീസും മിത്രയും ഒന്നും കുഴപ്പമില്ല റിലയന്‍സും ഫാബ്‌ മാളുമൊക്കെ പ്രശ്നമാണ്‌. എന്തൊരു വിരോധഭാസം. ഇവര്‍ കര്‍ഷകര്‍ക്ക്‌ താരതമ്യേന ഉയര്‍ന്ന വിലയും ഉപ്ഭോക്തക്കള്‍ക്ക്‌ കുറഞ്ഞ വിലക്ക്‌ സാധനങ്ങളും നല്‍കും എന്നത്‌ ഇവിടെ വിഷയമേ അല്ല. കച്ചവടക്കാര്‍ പൂട്ടി പോകുമല്ലോ എന്ന ആശങ്കയാണ്‌ വിഷയം. അപ്പോള്‍ പവം കര്‍ഷകരും ഉപഭോകതാക്കളും സഹിച്ച്‌ വ്യാപരികളെ വളര്‍ത്തണം. ഉപഭോക്ത്‌ സംഘടനകള്‍ മാത്രമല്ല കര്‍ഷക സംഘടനകളും പ്രതികരിക്കേണ്ടിയിരിക്കുന്നു.

വാല്‍ക്കഷ്ണം:
സിഗരട്ടിന്റെ ടാക്സ്‌ വിഷയവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടര്‍ന്ന് ഇന്ന് ITC യുടെ പ്രോഡക്റ്റുകള്‍ ഇന്ന് മിക്ക്‌ വ്യാപരികളും ബഹിഷ്ക്കരിച്ചിരിക്കുന്നു

ദില്‍ബാസുരന്‍ said...

രാഷ്ട്രീയക്കാര് പാവങ്ങള്‍. സത്യം പറഞ്ഞാല്‍ നിലപാട് എന്നൊന്നുമില്ല സാറേ ഒഴുക്കിനൊത്ത് നീന്തണം, വെള്ളം കലങ്ങിയാല്‍ മീന്‍ പിടിയ്ക്കണം ഇത്രേ ഉള്ളൂ എന്ന് അവരെങ്ങനെ ജനങ്ങളോട് തുറന്ന് പറയും?

ഇടതിന്റെ കാര്യമാ കഷ്ടം. ആഗോളവല്‍ക്കരണത്തിനെ എതിര്‍ക്കണം എന്ന്‍ പറച്ചിലുണ്ട്. പക്ഷെ അത് ചെയ്താല്‍ വിവരമറിയും. അപ്പൊ ഒരു മയത്തില്‍ ഇങ്ങനെയൊക്കെ അങ്ങട്...

ചന്ദ്രശേഖരന്‍ നായര്‍ said...

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലിങ്ക്‌