Thursday, August 30, 2007

ജനാധിപത്യത്തിന്റെ ചിലവ്‌

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ചിലവായത്‌ 38,08,233 എന്ന് യുവജന ദള്‍ നേതാവിന്‌ വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നത്തെ മനോരമയില്‍ നിന്ന്. നിരീക്ഷകര്‍ എന്ന് പറഞ്ഞ്‌ രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ വരുന്നവരുടെ ധൂര്‍ത്ത്‌ നിയന്ത്രിക്കാന്‍ അതിന്‌ മുകളിലും സമിതികളെ വയ്ക്കേണ്ടി വരുമോ ആവോ
മനോരമ വാര്‍ത്ത

കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വന്‍തുക ചെലവഴിച്ച ഉദ്യോഗസ്ഥര്‍ 'മീഡിയ സെന്റര്‍ സ്ഥാപിച്ചതിനു വാടകയിനത്തില്‍ 6600 രൂപ ബില്ലെഴുതി. തിരുവമ്പാടി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കായി പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ല. വോട്ടെണ്ണല്‍ ദിവസമാകട്ടെ മാധ്യമപ്രവര്‍ത്തകരെ കൌണ്ടിങ് സ്റ്റേഷനില്‍ നിന്ന് അന്നത്തെ കലക്ടര്‍ ബി.ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം പുറത്താക്കിയിരുന്നു.

യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ച രേഖകളിലാണ് ഈ കണക്കുള്ളത്. ഉപതിരഞ്ഞെടുപ്പിന് മൊത്തം 38,08,233 രൂപ ചെലവായതായാണു കണക്ക്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭക്ഷണത്തിനും യാത്രക്കും ഭീമമായ സംഖ്യ ചെലവാക്കിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. പെട്ടെന്നുണ്ടായ ചെലവെന്ന പേരില്‍ 6,17,749 രൂപയും ചെലവില്‍ ഉണ്ട്.

താമരശ്ശേരി ഗസ്റ്റ്ഹൌസില്‍ രണ്ടു ദൃശ്യമാധ്യമങ്ങള്‍ സ്വന്തം ചെലവില്‍ മുറിയെടുത്തിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനത്തെ രണ്ടു ദിവസം ഇവരെ അന്നത്തെ കലക്ടര്‍ ഒരു പൊതുമുറിയിലേക്കു നിര്‍ബന്ധിച്ചു മാറ്റിയിരുന്നു. ഇതിന്റെ ചെലവും ചാനലുകള്‍ തന്നെയാണു വഹിച്ചത്. 60 രൂപയാണ് ഇവിടെ മുറിക്കു ദിവസവാടക.

വോട്ടെണ്ണല്‍ നടന്ന വെസ്റ്റ്ഹില്‍ പോളി ടെക്നിക്കില്‍ മീഡിയ സെന്റര്‍ എന്ന പേരില്‍ കുറച്ചു മേശയും കസേരയും നിരത്തിയിട്ടിരുന്നു. കൌണ്ടിങ് സ്റ്റേഷനിലേക്കു പ്രവേശിപ്പിക്കാത്തതിന്റെ പേരില്‍ ഇതു മാധ്യമങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. എവിടെ മീഡിയ സെന്റര്‍ തയാറാക്കിയതിനാണ് 6600 രൂപ വാടകയായതെന്ന ചോദ്യത്തിന് അധികൃതര്‍ക്കു വ്യക്തമായ മറുപടിയില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അധികച്ചെലവ് വക മാറ്റി എഴുതിയെടുക്കുന്നുവെന്നു നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

നിരീക്ഷകനായിരുന്ന സുധീര്‍ഥ ഭട്ടാചാര്യ, പി.കെ.സുമന്‍, ഗഗ്രാണി, കലക്ടര്‍ ബി.ശ്രീനിവാസ് എന്നിവരുടെ താമസ, ഭക്ഷണച്ചെലവുകള്‍ മാത്രം 52,213 രൂപയായിരുന്നു. പിന്നീട് ഇതു വെട്ടിക്കുറച്ച്47,793 രൂപയാക്കി. കലക്ടറായിരുന്ന എ. ജയതിലകിനെ നിരീക്ഷകരുടെ ശുപാര്‍ശ പ്രകാരം മാറ്റിയതു വിവാദമായിരുന്നു. പരിധിക്കപ്പുറമുള്ള നിരീക്ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതാണു കലക്ടറെ മാറ്റിയതിനു പിന്നിലെന്നു സംസാരമുണ്ടായിരുന്നു.

പിന്നീടാണ്, കൊല്ലം കലക്ടറായിരുന്ന ബി.ശ്രീനിവാസിനെ കോഴിക്കോട്ടേക്കു മാറ്റിയത്. നിരീക്ഷകന്റെ സന്ദര്‍ശനത്തിനായി 25,000 രൂപ ചെലവഴിച്ചുവെന്നും രേഖകളിലുണ്ട്. 'അണ്‍ഫൊര്‍സീന്‍ എക്സ്പെന്‍സസ് എന്ന പേരിലാണ് ഇതിനു പുറമെ 6,17,749 രൂപ ചെലവിട്ടിരിക്കുന്നത്. ഭൂഷണ്‍ ഗഗ്രാണി അഞ്ചു ദിവസം കൊണ്ടു മണ്ഡലത്തില്‍ എസി കാറില്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്തുവെന്നും കണക്കിലുണ്ട്. തിരുവമ്പാടി പോലെയുള്ള മലയോരമണ്ഡലത്തില്‍ ഇതിനു സാധ്യതയില്ലെന്നു ചൂണ്ടിക്കാണിച്ച് സലിം മടവൂര്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ക്കും അക്കൌണ്ടന്റ് ജനറലിനും മറ്റും പരാതി അയച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലേക്കു സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

Friday, August 10, 2007

മകര ജ്യോതി വിവാദം സമവായത്തിലെത്തിയപ്പോള്‍

കഴിഞ്ഞ 3 ദിവസത്തില്‍ ഏറെ എന്റെ ബ്ലോഗില്‍ നടന്ന മകരജ്യോതി വിവാദത്തിന്‌ പരിസമപ്തി കുറിച്ചു കൊണ്ട്‌ സിമി എഴുതിയ സമവായ വാദങ്ങള്‍ ഇവിടെ നല്‍കുന്നു. എന്റെ ബ്ലോഗ്‌ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഇട്ട ഒരു പോസ്റ്റില്‍ എനിക്ക്‌ നിയന്ത്രണം ലഭിക്കാതെ പോയത്‌ ഈ പോസ്റ്റില്‍ മാത്രമാണ്‌. ഈ പോസ്റ്റിടുമ്പോള്‍ ഈ വാര്‍ത്തയിലെ കൌതുകം പങ്കു വയ്ക്കുക എന്നത്‌ മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ട്‌ തന്നെ ഈ ചര്‍ച്ച ഉണ്ടാകിയ ആരോഗ്യകരമായ സംവാദങ്ങളില്‍ എന്റെ പങ്ക്‌ വിരളമായി. സംവാദത്തെ നയിച്ച ഡിങ്കനും വക്കാരിക്കും സിമിക്കും കുതിരവട്ടനും സുകുമരേട്ടനും മറ്റെല്ലാ ബ്ലോഗേഷ്സിനും എന്റെ നന്ദി
  1. മകരജ്യോതി സ്വയംഭൂവാകുന്ന അല്‍ഭുത ദിവ്യ ജ്യോതി ആണെന്ന് ഇവിടെ ഒരു ബ്ലോഗനും ബ്ലോഗിണിയും വിശ്വസിക്കുന്നില്ല.
  2. മകരജ്യോതി മനുഷ്യനിര്‍മ്മിതം ആണെന്ന് തെളിയിക്കാതെ ഇരുന്നാല്‍ കുറെപ്പേരുടെ വിശ്വാസം തകരാതെ ഇരിക്കില്ലേ, അതല്ലേ നല്ലത്: സര്‍ക്കാരും ദേവസ്വവും കൂടെ ചേര്‍ന്ന് നടത്തുന്ന ഒരു കളിപ്പിക്കല്‍ ആണെങ്കില്‍ ഇത് തെളിയിക്കണം എന്ന് സമവായം.
  3. 81-ല്‍ തെളിയിച്ചത് വീണ്ടും തെളിയിക്കണോ? വേണം. ഫോട്ടോ / വീഡിയോ ഇന്റര്‍നെറ്റില്‍ വേണം. മകരജ്യോതി കത്തിക്കുന്നതിന്റെ ചിത്രം എല്ലാ വര്‍ഷവും എടുക്കണം.
  4. ദേവസ്വത്തിന്റെ കാശുകൊണ്ടാണോ ജ്യോതി കത്തിക്കുന്നത് എന്ന് സംശയം ഉണ്ടായി. സംശയം മാറാന്‍ ഉതകുന്ന തെളിവുകള്‍ പലരും നല്‍കി. സര്‍ക്കാരിന്റെ കാശ് അതിനു ചിലവാകുന്നുണ്ട്.
  5. ഈ വിശ്വാസം തകര്‍ത്താല്‍ പകരം എന്തു ചെയ്യും. ഉണ്ടാവുന്ന ശൂന്യത നികത്തണോ? പകരം വ്യക്തമായ റോഡ്മാപ്പോടു കൂടിയേ ജനങ്ങളെ പറ്റിക്കുന്ന തരത്തിലുള്ള വിശ്വാസങ്ങള്‍ തകര്‍ക്കാവുള്ളോ? ശൂന്യത നികത്തേണ്ടത് യുക്തിവാദിളുടെ കടമയല്ല, റോഡ് മാപ്പിന്റെ ആവശ്യമില്ല.
  6. ഇത് ദിവ്യജ്യോതി ആണെന്ന് പരോക്ഷമായി എങ്കിലും പ്രസ്താവിക്കുന്ന തെളിവുകള്‍: മാധ്യമ റിപ്പോര്‍ട്ടുകള്‍, എന്‍.ഡി.റ്റി.വി, ദേവസ്വം പ്രസിഡന്റുമായി ഉള്ള ഇന്റര്‍വ്യൂ, കൈരളി റ്റിവി കമന്ററി എന്നിവ ചര്‍ച്ചയില്‍ വന്നു.
  7. യുക്തിവാദികള്‍ക്ക് ഇതല്ലാതെ വേറെയും പ്രധാനപ്പെട്ട പണികളില്ലേ? പല പണികളുടെയും തെളിവു കൊടുത്തു.
  8. എന്തിന് ഇതു മാത്രം? ഇതിലും പ്രധാന വിഷയങ്ങള്‍ ഇല്ലേ? മറ്റ് എല്ലാ വിഷയങ്ങളും ഇതേ ചര്‍ച്ചയില്‍ എടുത്തിടാതെ താല്പര്യമുള്ളവര്‍ അവരുടെ ബ്ലോഗില്‍ ചര്‍ച്ച തുടങ്ങുക് എന്ന് ഏകദേശ തീരുമാനം ആയി.
  9. ക്രിസ്ത്യാനികള്‍ക്ക് ഇങ്ങനത്തെ കാര്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടോ? കിരണ്‍ ഉരകല്ല് പെട്ടിയില്‍ തന്നെ വെക്കണോ? അവകാശം ഉണ്ട്, ഉരകല്ല് പെട്ടിയില്‍ തന്നെ വെക്കണ്ടാ.

ആര്‍ക്കേലും ഈ സമവായത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച തുടരാം.

Tuesday, August 07, 2007

മകരജ്യോതി വ്യാജമെന്നു തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം തേടി

മകരജ്യോതി വ്യാജമെന്ന് തെളിയിക്കാന്‍ യുക്തിവാദികള്‍ പോലീസ്‌ സംരക്ഷണം തേടി എന്ന മംഗളം വാര്‍ത്ത ചുവടെ കൊടുക്കുന്നു. കേരളത്തിന്റെ യുക്തിചിന്ത ഉരച്ചു നോക്കാന്‍ കിട്ടുന്ന ഈ അസുലഭ മുഹൂര്‍ത്തം ഉണ്ടാകുമോ. സഖാവ്‌ സുധാകരന്‍ ദേവസം മന്ത്രിയായിരിക്കുമ്പോള്‍ ഇത്‌ സംഭവിക്കാതിരിക്കുമോ കാത്തിരുന്നു കാണാം അല്ലേ?

മംഗളം വാര്‍ത്ത

ശബരിമല മകരജ്യോതി ദിവ്യജ്യോതിസല്ലെന്ന അവകാശവാദം തെളിയിക്കാന്‍ പൊന്നമ്പലമേട്ടിലേക്കു പോകാന്‍ യുക്തിവാദികള്‍ പോലീസ് സംരക്ഷണം തേടി. ആവശ്യമുന്നയിച്ചു കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ്് യു. കലാനാഥന്‍, ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍, ധനുവച്ചപുരം സുകുമാരന്‍ എന്നിവര്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു കത്തയച്ചു. ജനുവരി 16നു പൊന്നമ്പലമേട്ടിലെത്താന്‍ സൌകര്യം ചെയ്തുകൊടുത്താല്‍ മകരജ്യോതി വ്യാജമാണെന്നു തെളിയിക്കാമെന്നാണ് ഇവരുടെ അവകാശവാദം.


സംരക്ഷണം ലഭിച്ചില്ലെങ്കിലും മകരവിളക്കു ദിവസം പൊന്നമ്പലമേട്ടിലെത്താന്‍ ഇവര്‍ക്കു പദ്ധതിയുണ്ടെന്നാണു സൂചന. രണ്ടാഴ്ച മുമ്പാണു കത്തയച്ചത്. മറുപടി ലഭിച്ചിട്ടില്ല.

ശബരിമലയ്ക്കെതിരേ രംഗത്തുവന്നാല്‍ സര്‍ക്കാരിനു തിരിച്ചടിയാകുമെന്നതിനാലാണ് മറുപടി നല്‍കാത്തതെന്ന് ഇവര്‍ ആരോപിച്ചു. 1981-ല്‍ യുക്തിവാദികള്‍ പൊന്നമ്പലമേട്ടിലെത്തി ചിത്രങ്ങളെടുത്തു മകരജ്യോതി വ്യാജമാണെന്നു പറഞ്ഞിരുന്നതു വിവാദമായിരുന്നു. 1983-ല്‍ പരസ്യപ്രഖ്യാപനം നടത്തി പൊന്നമ്പലമേട്ടിലേക്കു കടക്കാന്‍ നടത്തിയ ശ്രമം പോലീസ് തടയുകയായിരുന്നു.

കത്തിന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥന്‍ 'മംഗള'ത്തോടു പറഞ്ഞു.

Monday, August 06, 2007

മാധ്യമ ലോകം ഫാരിസ്‌ അഭിമുഖത്തിന്‌ ശേഷം

കൈരളിയില്‍ നടന്ന ഫാരിസിനെ കണ്ടെത്തല്‍ എന്ന പരിപാടിയേത്തുടര്‍ന്ന് കേരളത്തില്‍ മാധ്യമങ്ങള്‍ ഫാരിസിനു പുറകേയാണ്‌. പത്രങ്ങള്‍ ദിവസവും 5 വാര്‍ത്തകളില്‍ കുറയാത്ത പരിഗണന ഫാരിസിനു നല്‍കുന്നു. എന്നാല്‍ ആധികാരികത കുറവുള്ള ഈ വാര്‍ത്തകള്‍ ശിവാജി ഇമേജ്‌ നേടിയ ഫാരിസിനാണ്‌ ജനപ്രീതി നേടിക്കൊടുക്കുന്നതെന്ന് മുഖ്യധാര മാധ്യമങ്ങള്‍ മറന്നു പോകുന്നു. ഒന്ന് രണ്ട ഉദാഹരണങ്ങള്‍ നോക്കാം.

ഉഷാ സ്കൂളിന്‌ ഫാരിസ്‌ ഒന്നരക്കോടി നല്‍കിയില്ലാ നല്‍കിയത്‌ വാഗ്ദാനം മാത്രമാണ്‌ എന്ന് കണ്ടെത്തലോടെയാണ്‌ എഷ്യാനെറ്റ്‌ ലേഖകന്‍ ഷാജഹാന്‍ എത്തിയത്‌. ഉഷ സ്കൂളിലെന്റെ പണി നടക്കുന്ന സ്ഥലത്ത്‌ ശോഭാ ഡെവലപ്പേഴ്‌സിന്റെ ബോര്‍ഡ്‌ ഉണ്ടെന്നും ഫാരിസിന്റെ കമ്പനിയുടെ ബോര്‍ഡില്ലാ എന്നുമായിരുന്നു അതിലെ മറ്റൊരു കണ്ടെത്തല്‍. ഏതാനും ലക്ഷങ്ങള്‍ മാത്രമേ ഫാരിസ്‌ മുടക്കിയിട്ടുള്ളൂ എന്നും ഷാജഹാന്‍ അനുമാനിക്കുന്നു. എന്നാല്‍ വൈകിട്ട്‌ ന്യൂസ്‌ അവറില്‍ പീ.ടി. ഉഷ ഫോണിലെത്തി ഫാരിസിനെ ന്യായികരിച്ചതോടെ ആ വാര്‍ത്ത തൊണ്ട തൊടാതെ വിഴുങ്ങി ഏഷ്യാനെറ്റ്‌. എന്നൊക്കെ താന്‍ പണം ആവശ്യപ്പെട്ടിട്റ്റുണ്ടോ അന്നൊക്കെ ഫാരിസ്‌ പണം നല്‍കിയിട്ടുണ്ട്‌ എന്ന് ഉഷ വെളിപ്പെടുത്തി. മാത്രവുമല്ല് സിന്തറ്റിക്ക്‌ ട്രാക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതേ ഉള്ളൂ എന്നും അതിനു വേണ്ടി ഒന്നരക്കോടി ചിലവാകും എന്ന് കരുതുന്നതായും അതിനുള്ള പണം ഫാരിസ്‌ നല്‍കും എന്നും ഉഷ പറഞ്ഞതോടെ അവതാരകന്‍ വിഷയം മാറ്റി നമ്മുടെ മുഖ്യമന്ത്രി വെറുക്കപ്പെട്ടവന്‍ എന്നു പറഞ്ഞ്‌ ആളുടെ അടുത്തന്ന് പണം വാങ്ങാമോ എന്നായി. എന്നാല്‍ തന്റെ സ്ഥാപനം പണം തരുന്നവന്‌ എന്തെങ്കിലും മെച്ചമുണ്ടാകുന്ന ഒന്നല്ലാ എന്നും മറിച്ച്‌ ഇതിനെ സഹായിക്കാന്‍ വരുന്നവരെ ഇത്തരം വിവാദമുണ്ടാക്കി തടയരുതെന്നും ഉഷ പറയുഞ്ഞു. ഇനി നാളെ ഫാരിസ്‌ വെറുക്കപ്പെട്ടവായി പ്രഖ്യാപിക്കപ്പെട്ടാല്‍ എന്തു ചെയ്യും എന്ന് അടുത്ത ചോദ്യത്തിന്‌ താന്‍ പോസിറ്റീവായി ചിന്തിക്കുന്നു എന്ന മറുപടിയാണ്‌ ഉഷ പറഞ്ഞത്‌.

ഇനി ഫാരിസിനെ കുത്തിപ്പൊക്കിയ മാതൃഭുമിയാണ്‌ ഏറ്റവും നിലവാരം കുറഞ്ഞ കളി തുടരുന്നത്‌. ആദ്യം ഒരു ക്ലീറ്റസുമായി എത്തിയ മാതൃഭുമി ഇന്ന് ദിലീപുമായി എത്തി. ക്ലീറ്റസ്‌ സമയ ബന്ധിതമായി പണം നല്‍കാത്തതാണ്‌ ഷെയര്‍ ലഭിക്കാന്‍ തടസമായത്‌ എന്നും അത്‌ കോണ്ട്രക്റ്റില്‍ പറഞ്ഞിട്ടുണ്ട്‌ എന്നും ദീപിക MD ഫ: റോബിന്‍ തന്നെ വിശദീകരിച്ചു. മാത്രവുമല്ല സഭക്കും ക്ലീറ്റസിന്‌ ഓഹരി നല്‍കാന്‍ തത്പര്യമില്ലായിരുന്നു എന്നും വെളിപ്പെടുത്തിയതോടെ ചീറ്റിപ്പോയ മാതൃഭുമി വാര്‍ത്തക്ക്‌ ബദലായി ദീപികയില്‍ കോണ്ട്രക്റ്റിലെ ഈ ഭാഗം പ്രസിദ്ധികരിക്കുകയും ചെയ്തു. എന്നാല്‍ മാതൃഭൂമിയുണ്ടോ വിടുന്നു. എന്ന് ദിലീപിന്റെ ചെക്കു മടങ്ങിയ മഹ വാര്‍ത്ത മുന്‍പേജില്‍ കൊടുത്തുകൊണ്ട്‌ ഫാരിസ്‌ ക്രിമിനല്‍ കേസ്‌ പ്രതിയാണ്‌ എന്ന് സ്ഥാപിച്ചു. എന്നാല്‍ ആ വാര്‍ത്ത കൂടുതല്‍ വായിക്കുമ്പോള്‍ നമ്മുടെ പത്രപ്രവര്‍ത്തകര്‍ ഇത്രക്കും നിലവാരം കുറഞ്ഞവരാണോ എന്ന് തോന്നിപ്പോകും. 2005 ഇല്‍ ജോസ്‌ പട്ടാര്‍ MD ആയിരിക്കുമ്പോള്‍ രാഷ്ട്രദീപികയുടെ ഒരു ചെക്ക്‌ മടങ്ങിയ കേസിനേക്കുറിച്ചാണ്‍` വാര്‍ത്ത. അന്ന് ഡയരക്ടര്‍ ബോര്‍ഡില്‍ ഫാരിസ്‌ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹവും പ്രതിപ്പട്ടികയിലുണ്ട്‌. എന്നാല്‍ തന്റെ പേരില്‍ ക്രിമിനല്‍ക്കേസ്‌ ഇല്ലാ എന്ന് ഫാരിസിന്റെ വാദം തെറ്റാണ്‌ എന്ന് തെളിയിക്കാന്‍ മാതൃഭൂമി കണ്ടെത്തിയതാണ്‌ ഈ വാര്‍ത്ത. ( സിങ്കപ്പൂര്‍ കേസ്‌ സിവില്‍ക്കേസാണ്‌ എന്ന് മാതൃഭുമി തന്നെ ഞായറാഴ്ച നേരിട്ടല്ലെങ്കിലും സമ്മതിച്ചിട്ടുണ്ട്‌. )

ഇനി മാധ്യമം വാര്‍ത്ത വായിച്ചാലോ സിങ്കപ്പൂര്‍ കേസില്‍ പിഴ അടച്ചത്‌ ദുരൈ ആണെന്നാണ്‌ മനസിലാക്കുക ബാക്കി ഭാഗങ്ങള്‍ പത്രക്കാരുടെ ഭാവനയെന്ന് പറഞ്ഞ്‌ തള്ളിക്കളയാന്‍ ഫാരിസിന്‌ കഴിയും എന്നതാണ്‌ രസകരം. കാരണം വിവാദ സ്ഥാപനത്തിന്‌ സോഫ്‌റ്റ്‌ വെയര്‍ ചെയ്തു എന്നതല്ലാതെ മറ്റ്‌ കാര്യങ്ങളില്‍ ഫാരിസ്‌ ഇടപെട്ടതായി നമുക്കറിയില്ല ഇനി ആകേ ചിന്തിക്കാവുന്നത്‌ ദുരൈ ഫാരിസിന്റെ സുഹൃത്താണ്‌ കളങ്കിതരായ ആളുകളുമായി സൌഹൃദം പങ്കിട്ടു എന്നൊക്കെ ആരോപിക്കാം എന്നതില്‍ കവിഞ്ഞ്‌ ഒന്നും ഈ വാര്‍ത്തകള്‍ ചെയ്യുന്നില്ല.

പത്രപ്രവര്‍ത്തനത്തില്‍ അഭിപ്രയം പറയാനുള്ള അനുഭവ പരിചയമൊന്നുമില്ലെങ്കിലും എന്റെ പൊട്ട ബുദ്ധില്‍ തോന്നിയ ഒരു കാര്യം പറയട്ടേ. ഒരു ഘട്ടത്തില്‍ താന്‍ ബിസിനസില്‍ പൊളിഞ്ഞു പോയി എന്ന് ഫാരിസ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്നാല്‍ അതിന്‌ ശേഷം എങ്ങനെ ഇത്രക്ക്‌ വളര്‍ന്നു എന്ന വിഷയം മാത്രം അനേഷിച്ചാല്‍ ഇതിലും നല്ല തെളിവുകള്‍ കിട്ടും എന്നെനിക്ക്‌ തോന്നുന്നു. അങ്ങനെ ഒരു വാര്‍ത്ത അന്വേഷിച്ച്‌ കണ്ടെത്താന്‍ മെനക്കെടതെ ഇത്തരത്തിലുള്ള ഉൌഹാപോഹങ്ങള്‍ പടച്ചു വിടുമ്പോള്‍ അത്‌ ഫാരിസിനു തന്നെ ഗുണം ചെയ്യും എന്ന് പറയാതെ വയ്യ. കാരണം ഫാരിസില്‍ നിന്ന് സഹായം വാങ്ങിയവര്‍ അദ്ദേഹത്തിന്‌ നല്ല സര്‍ട്ടിഫിക്കേറ്റുമായി വരുമ്പോള്‍ അദ്ദേഹം ശിവാജിയാകും( രജനിയുടെ ശിവാജി).

ഫാരിസിനെതിരെ മാതൃഭുമി ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടിയും തെളിവ്‌ ലഭ്യമാക്കാന്‍ ഉള്ള വെല്ലുവിളി ഇപ്പോഴും ദീപികയില്‍ നില നില്‍ക്കുമ്പോള്‍ അതിനൊന്നും മറുപടി പറയാതെ മറ്റ്‌ പലതിന്റെയും പിന്നാലെ ഓടുന്ന മാതൃഭുമി പത്രം എന്ത്‌ ധാര്‍മികത പുലര്‍ത്തുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്‌. ദീപികയുടെ മറുവശമാണോ മാതൃഭുമി. ഏറ്റവും തമാശയായത്‌ മനോരമുടെ ഞായറാഴ്ചയിലെ ഫാരിസിന്റെ അഭിമുഖമാണ്‌ VS നെ അഭിനവ ഗോര്‍ബ്ബച്ചേവാകി ഫാരിസ്‌ എന്ന ശിവജിയെ ( രജനിയുടെ ശിവാജി) വാഴ്‌ത്തപ്പെടുത്താന്‍ മനോരമക്കും കിട്ടി അവസരം. അങ്ങനെ ഫാരിസ്‌ താരമാകുകയും CPM ചാരമാകുകയും ചെയ്യുന്ന ദിനങ്ങളിലേക്ക്‌ നാം അടുത്തുകൊണ്ടിരിക്കുന്നു. പ്രിയ സഖാക്കള്‍ VS ഉം പിണറായിയും കൂടി സ്വന്തം വ്യക്തി വൈരം തീര്‍ക്കാന്‍ ഈ പാര്‍ട്ടിയേ ഉപയോഗിക്കുന്നു എന്ന് പറയാന്‍ ചങ്കുറപ്പുള്ള ആരും ഇല്ലാതെ പോയല്ലോ എന്നോര്‍ത്ത്‌ വിലപിക്കാനെ നമുക്ക്‌ കഴിയൂ. ആരെങ്കിലും അത്‌ ഉടനെ പറയണം ഇത്‌ പാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല മറിച്ച്‌ സംസ്ഥാനത്തിന്റെ പ്രശ്നമാണ്‌ . അല്ല്ലാതെ ഇത്‌ പ്രത്യേശാസ്ത്ര പ്രശ്നമാണ്‌ എന്ന് പറഞ്ഞ്‌ ദിനവും വിവാദം ഉണ്ടാക്കുന്നത്‌ ആര്‍ക്കെന്ത്‌ ഗുണം ചെയ്യും.

Friday, August 03, 2007

ഫാരിസിനെ കണ്ടെത്തല്‍

‍രണ്ട്‌ ദിവസമായി ചാനലുകാര്‍ സ്വതന്ത്രമെന്നും നാട്ടുകാര്‍ പാര്‍ട്ടി ചാനലെന്നും പറയുന്ന കൈരളിയില്‍ നടന്ന ഫരിസിനെ കണ്ടെത്തല്‍ എന്ന പരിപാടിയെ പല കോണുകളില്‍ നിന്ന് വീക്ഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ. എന്റെ പിണറായി ചായ്‌വ്‌ ചില പരാമര്‍ശങ്ങള്‍ വന്നു പോയാല്‍ വായനക്കാര്‍ ചൂണ്ടിക്കാണിക്കണം എന്ന അപേക്ഷയോടെ തുടങ്ങട്ടേ.

എന്റെ അഭിപ്രായത്തില്‍ VS ചെയ്തുകൊണ്ടിരിക്കുന്നതും പിണറായി തെറ്റെന്ന് പറയുന്നതുമായ മാധ്യമ സിണ്ടിക്കെറ്റ്‌ പരിപാടി പിണറായി പക്ഷം തിരിച്ച്‌ ചെയ്യുന്നതാണ്‌ ഈ മനോഹരമായ അഭിമുഖം. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്‌ നടന്നു എന്ന് ഖേദപൂര്‍വ്വം ഉള്‍ക്കൊള്ളാനെ എനിക്ക്‌ കഴിയുന്നുള്ളൂ. പക്ഷെ ഈ സംഭവമും അതിനോടനുബന്ധിച്ച്‌ നടന്ന മറ്റ്‌ സംഭവങ്ങളും വെളിപ്പെടുത്തുന്ന ഒന്നുണ്ട്‌ CPM വിഭാഗീയത വെറും വ്യക്തി വിരോധം മാത്രമാണ്‌ എന്ന്.
ചരിത്രം

നയനാര്‍ സ്മാരക ഫുട്ബോള്‍ മത്സര്‍ത്തില്‍ പേരു വെളിപ്പെടുത്തതെ പണം നല്‍കിയ ഫാരിസിനെ സംബന്ധിച്ച്‌ യക്ഷിക്കഥകളെ അനുസ്മരിപ്പുന്ന വിധം വന്ന റിപ്പോര്‍ട്ടുകളും അതെത്തുടര്‍ന്ന് ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്നും പണം വാങ്ങിയത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്നും മാധ്യമങ്ങളില്‍ VS പറഞ്ഞതാണ്‌ വിവാദമായത്‌. അത്‌ CPM ലെ കണ്ണൂര്‍ നേതാക്കള്‍ക്കെതിരെ പുതിയ വിവാദത്തിന്‌ തിരി കൊളുത്തുകയും ചെയ്‌തു. മാതൃഭുമിയില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഇവിടെ

എന്നാല്‍ അതിനെ വിമര്‍ശിച്ച്‌ ദീപിക എഴുതിയ മുഖപ്രസംഗത്തില്‍ ഫാരിസിനെതിരെ ഉള്ള ആരോപണം തെളിയിക്കാന്‍ വെല്ലുവിളിയുണ്ടായി.

എന്നാല്‍ അതിന്‌ ശേഷം മാതൃഭൂമി കുറ്റകരമായ മൌനത്തിലേക്ക്‌ പോകുകയായിരുന്നു. ഇതെത്തുടര്‍ന്ന് കൈരളി MD ബ്രിട്ടാസ്‌ നടത്തിയ അഭിമുഖം ആ ചാനലില്‍ സംപ്രേകഷം ചെയ്തു.

അഭിമുഖം ആദ്യ ഭാഗം

ഫാരിസിനെക്കുറിച്ചുള്ള മാതൃഭുമി വാര്‍ത്തകള്‍ വായിച്ചിട്ടുള്ള ആള്‍ക്കാര്‍ വളരെ ആകാംഷയോടെയാണ്‌ ഈ അഭിമുഖം കാണാന്‍ കാത്തിരുന്നത്‌. ബ്രിട്ടാസിന്റെ വാക്യം കടമെടുത്താല്‍ ഇരുട്ടറയിലിരിക്കുന്ന ഒറ്റക്കണ്ണന്‍ ഭീകരന്‍. പക്ഷെ നമ്മള്‍ കാണുന്നത്‌ ഒരു ചെത്തു പയ്യന്‍ കൂടി വന്നാല്‍ 35 വയസ്‌. അഭിമുഖത്തിന്റെ ആദ്യഭാഗം ഏതാണ്ട്‌ മുഴുവനും ദീപിക പ്രശ്നമായിരുന്നു. കത്തോലിക്കാ സഭയേ മാര്‍പ്പാപ്പ പോലും പുകഴ്താത്ത തരത്തില്‍ ഫാരിസ്‌ പുകഴ്‌ത്തുന്നത്‌ കേട്ടാല്‍ ആരായാലും പുളകം കൊണ്ടുപോകും. വിവാദ ബിഷപ്പ്‌ അറക്കലിന്റെ മാഹാത്മ്യമായിരുന്നു അതില്‍ ഏറെയും. മാര്‍ അറക്കലിന്റെ സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടനായ താന്‍ അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കിയെന്നും വെളിപ്പെടുത്തി. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ദീപികയില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്ന് ഫാരിസ്‌ വെളിപ്പെറ്റുത്തി. തന്റെ നിക്ഷേപമായ 20 കോടി തിരിച്ചു നല്‍കി ദീപിക 8 ആഴ്ചക്കുള്ളില്‍ സഭക്ക്‌ സ്വന്തമാകും എന്നും താന്‍ വെറും സൂക്ഷിപ്പ്‌കാരന്‍ മാത്രമെന്നുമായിരുന്നു ഫാരിസിന്റെ പക്ഷം. നയനാര്‍ മെമ്മോറിയല്‍ ഫുട്ബോള്‍ മത്സരത്തില്‍ പണം നല്‍കിയത്‌ നയനാരോടും ഫുട്ബോളിനോടുമുള്ള സ്നേഹം കൊണ്ടായിരുന്നു എന്നും ഇതിലും വലിയ തുക ഉഷ സ്കൂളിന്‌ നല്‍കിയിട്ടുണ്ടെന്നും ഫാരിസ്‌ കൂട്ടി ചേര്‍ത്തു. പണം നല്‍കുമ്പോള്‍ വിളിച്ചറിയിക്കുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടാണ്‌ പേരു വയ്ക്കാതിരുന്നതെന്നും ഫാരിസ്‌ വെളിപ്പെടുത്തി. മാതൃഭുമി പത്രത്തിന്റെ എല്ലാ വാദങ്ങളെയും മുറിക്കുക എന്ന നയമായിരുന്നും ഫാരിസ്‌ തുടര്‍ന്നത്‌. KTC ഗ്രൂപ്പുമായി നല്ല ബന്ധം പുലര്‍ത്തുന്ന തനെ പടം പോലും ലഭ്യമല്ല എന്ന വാര്‍ത്ത നല്‍കിയ മാതൃഭുമി P.V. നിധീഷിനോട്‌ ചോദിച്ചിരുന്നെങ്കില്‍ പടം ലഭിക്കുമായിരുന്നു എന്ന് പറഞ്ഞു. വെയില്‍ കൊള്ളാതെ പത്രപ്രവര്‍ത്തനം നടത്തുന്നവരാണ്‌ ഇത്തരം വാര്‍ത്ത പടച്ചു വിടുന്നതെന്നും ഫാരിസ്‌ കളിയാക്കി. ബ്രിട്ടാസും അത്തരത്തില്‍ ഒരുത്തനാണ്‌ എന്ന് പറയാനും ഫാരിസ്‌ സമയം കണ്ടെത്തി. എന്നാല്‍ അതുവരെ പ്രശ്നങ്ങളില്ലാതെ നീങ്ങിയ അഭിമുഖത്തില്‍ പിണറായിയേയും ലവ്ലിനേയും ബന്ധപ്പെടുത്തി ഉള്ള ചോദ്യങ്ങള്‍ക്ക്‌ CBI അനേഷണം നടത്തണമെന്ന് പറഞ്ഞ്‌ ഫാരിസ്‌ മ റ്റെല്ലാ നേതാക്കളെ അറിയുന്നത്‌ പോലെ പിണറായിയെ അറിയാം എന്ന് പറഞ്ഞതിന്‌ പിന്നലെ VS തന്നെ അറക്കല്‍ പിതാവ്‌ വഴി ബന്ധപ്പെട്ടിട്ടുണ്ട്‌ എന്ന് പറഞ്ഞു. പക്ഷെ എന്തിനെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറിയില്ല. ഇവിടെ ഓന്നം ഭാഗം അവസാനിച്ചു.

വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു.

ഒന്നാം ഭാഗത്തിലെ താന്‍ ഫാരിസിനെ ബന്ധപ്പെട്ടു എന്ന പരാമര്‍ശം തെറ്റാണ്‌ എന്നും ഇതിന്റെ പിന്നില്‍ ഗൂഡാലോചയുണ്ട്‌ എന്നും VS ആരോപിക്കുകയും ഫാരിസ്‌ പറഞ്ഞത്‌ സത്യം എന്ന് മാര്‍ അറക്കല്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ പുതിയ വിവാദങ്ങള്‍ പൊട്ടി പുറപ്പെടുകയാണ്‌.

അഭിമുഖം രണ്ടാം ഭാഗം

എന്നാല്‍ ഒന്നാം ഭാഗത്തിന്റെ ആവേശം രണ്ടാം ഭാഗത്തില്‍ ഇല്ലായിരുന്നു എന്ന് പറായാതെ വയ്യ. തനിക്കെതിരെ വിലകുറഞ്ഞ പരാമര്‍ശം നടത്തിയ VS നോട്‌ ക്ഷമിക്കുന്ന ഫാരിസിനെയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌ ( കാലു താലിയൊടിച്ച ഗോപലകൃഷ്ണനോട്‌ ആശാന്‍ ക്ഷമിച്ചൂ എന്ന് മാന്നാര്‍ മത്തായി സിനിമയില്‍ കണ്ടത്‌ ഓര്‍മ്മ വന്നു). VS ന്റെ പരാമര്‍ശങ്ങള്‍ മാതൃഭുമിക്കുള്ള സഹായമാണെന്നും ഒരാള്‍ വെറുക്കപ്പെറ്റുന്നവനാണോ എന്ന് തീരുമാനിക്കുന്നത്‌ അയാളുടെ നാട്ടുകാരും വീട്ടുകരൌം ജീവനക്കാരുമൊക്കെയാണെന്നും അവര്‍ക്കൊന്നും തന്നെക്കുറിച്ച്‌ പരാതി ഇല്ലെന്നും ഫാരിസ്‌ അറിയിച്ചു. പിണറായിയെ പരിചയപ്പെടുന്നത്‌ കേരള യാത്രയുടെ ഭാഗമായി ആണെന്നും അതില്‍ ഉയര്‍ത്തിയ വികസന സ്വപ്നങ്ങളില്‍ കണ്ണ്‍ മഞ്ഞളിച്ചാണ്‌ ദീപിക ഇടതുപക്ഷ നിലപാടിലേക്ക്‌ ചാഞ്ഞതെന്നും എന്നാല്‍ അതൊന്നും ഉണ്ടായില്ലാ എന്നും ഫാരിസ്‌ പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ നീതിപൂര്‍വ്വമായ ഒരു ഒഴിപ്പിക്കലല്ല നടന്നതെന്നും അതുകൊണ്ടാണ്‌ അതിനെ എതിര്‍ത്തതെന്നും ന്യായമായ ഒഴിപ്പിക്കലിനെ എതിര്‍ക്കുന്നില്ലെനും ഫാരിസ്‌ വെളിപ്പെറ്റുത്തി. എന്നാല്‍ VS പക്ഷക്കാരനായ്‌ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്തത്തില്‍ എര്‍ണ്ണാകുളത്ത്‌ നടന്ന ഒഴിപ്പിക്കല്‍ തടഞ്ഞത്‌ എന്ത്‌ കൊണ്ട്‌ വിവാദമായില്ല എന്നും മൂന്നാറുകാരെ കൈയേറ്റക്കാര്‍ എന്ന് ചാപ്പ കുത്തുകയായിരുന്നു എന്നും ഫാരിസ്‌ ആരോപിച്ചു.CPM ന്റെ മാധ്യമങ്ങളെക്കുറിച്ചുള്ള പരാതികളേയും മുതലാളിമാരോടുള്ള കാപട്യത്തേയും പുഛിക്കാനും ഫാരിസ്‌ സമയം കണ്ടെത്തി.കേരളത്തില്‍ പത്രമൊഴികെ ഒരു വ്യവസായവും നടത്താന്‍ പറ്റാത്തതിനാല്‍ അത്‌ തുടങ്ങുമെന്നും 24 മാസങ്ങള്‍ക്കുള്ളില്‍ മാതൃഭുമിയേക്കാല്‍ ഒരു കോപ്പി അധികമടിക്കുമെന്നും ഫാരിസ്‌ വെളിപ്പെടുത്തി. തന്റെ പേരില്‍ കിഡ്ണി ഫൌഡേഷനുമായി ബന്ധപ്പെറ്റുത്തിയുള്ള വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും 30 കോടി നഷ്ടമുണ്ടായ ഒരു S/W കോള്‍ സെന്റര്‍ വിഷയുമായി മാത്രമാണ്‌ തനിക്കവരുമായി ബന്ധമെന്നും ഫാരിസ്‌ പറഞ്ഞു. ഇന്നു വരെ ലോകത്തൊരിടത്തും ഒരു ക്രിമിനല്‍ കേസും നിലവില്ല എന്നും ഏത്‌ ബിസിനസുകാര്‍ക്കും ഉള്ളതു പോലെ ചില സിവില്‍ കേസുകള്‍ ഉണ്ടെന്നും ഫാരിസ്‌ പറഞ്ഞു. 100% വൈറ്റ്‌ മണിയാലാണ്‌ താന്‍ ബിസിനസ്‌ ചെയ്യുന്നതെന്നും അങ്ങനെ അല്ലാ എന്ന് തെളിയിച്ചാല്‍ മുഴുവന്‍ തുകയും ബ്രിട്ടാസിന്‌ നല്‍കാമെന്നും ഫാരിസ്‌ പറയുന്നു.

അനുരണനങ്ങള്

‍തികച്ചും സാധരണക്കരന്റെ ഭാഷയില്‍ കുറിക്ക്‌ കൊള്ളുന്ന മറുപടികളിലൂടെ കാണികളെ പുളകം കൊള്ളിക്കാന്‍ ഫാരിസിനു കഴിഞ്ഞു എന്നത്‌ അവഗണിക്കാന്‍ കഴിയില്ല. ഫാരിസ്‌ അക്ഷാരാര്‍ത്ഥില്‍ ഗവണ്‍മെന്റിനെ വെല്ലുവിളിക്കുകയായിരുന്നു. ഫാരിസിന്‌ തിളങ്ങാന്‍ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്കുടി ആയതോടെ ഈ നാടകം വന്‍ വിജയമായി. ഇനി പന്ത്‌ സര്‍ക്കാരിന്റെയും മറ്റ്‌ മാധ്യമങ്ങളുടെയും കോര്‍ട്ടിലാണ്‌. ഫാരിസിനെതിരെ പ്രചരിപ്പിക്കപ്പെട്ട കളങ്കങ്ങള്‍ തെളിയിക്കുക എന്ന ഉത്തരവാദിത്വം അങ്ങനെ ഇവരുടെ ചുമലില ആയി. കുറച്ചു കാലത്തിനുള്ളില്‍ ഇത്‌ സാധിച്ചില്ലെങ്കില്‍ ഫാരിസ്‌ ഒരു ബിംബമായി മാറും എന്നതില്‍ സംശയമില്ല. അതിന്‌ വളം ഒരുക്കിക്കോടുക്കുന്നതിലൂടെ CPM എന്തു നേടും എന്ന് കാത്തിരുന്നു കാണാം.