Thursday, August 30, 2007

ജനാധിപത്യത്തിന്റെ ചിലവ്‌

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ചിലവായത്‌ 38,08,233 എന്ന് യുവജന ദള്‍ നേതാവിന്‌ വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നത്തെ മനോരമയില്‍ നിന്ന്. നിരീക്ഷകര്‍ എന്ന് പറഞ്ഞ്‌ രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ വരുന്നവരുടെ ധൂര്‍ത്ത്‌ നിയന്ത്രിക്കാന്‍ അതിന്‌ മുകളിലും സമിതികളെ വയ്ക്കേണ്ടി വരുമോ ആവോ
മനോരമ വാര്‍ത്ത

കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വന്‍തുക ചെലവഴിച്ച ഉദ്യോഗസ്ഥര്‍ 'മീഡിയ സെന്റര്‍ സ്ഥാപിച്ചതിനു വാടകയിനത്തില്‍ 6600 രൂപ ബില്ലെഴുതി. തിരുവമ്പാടി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കായി പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ല. വോട്ടെണ്ണല്‍ ദിവസമാകട്ടെ മാധ്യമപ്രവര്‍ത്തകരെ കൌണ്ടിങ് സ്റ്റേഷനില്‍ നിന്ന് അന്നത്തെ കലക്ടര്‍ ബി.ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം പുറത്താക്കിയിരുന്നു.

യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ച രേഖകളിലാണ് ഈ കണക്കുള്ളത്. ഉപതിരഞ്ഞെടുപ്പിന് മൊത്തം 38,08,233 രൂപ ചെലവായതായാണു കണക്ക്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭക്ഷണത്തിനും യാത്രക്കും ഭീമമായ സംഖ്യ ചെലവാക്കിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. പെട്ടെന്നുണ്ടായ ചെലവെന്ന പേരില്‍ 6,17,749 രൂപയും ചെലവില്‍ ഉണ്ട്.

താമരശ്ശേരി ഗസ്റ്റ്ഹൌസില്‍ രണ്ടു ദൃശ്യമാധ്യമങ്ങള്‍ സ്വന്തം ചെലവില്‍ മുറിയെടുത്തിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനത്തെ രണ്ടു ദിവസം ഇവരെ അന്നത്തെ കലക്ടര്‍ ഒരു പൊതുമുറിയിലേക്കു നിര്‍ബന്ധിച്ചു മാറ്റിയിരുന്നു. ഇതിന്റെ ചെലവും ചാനലുകള്‍ തന്നെയാണു വഹിച്ചത്. 60 രൂപയാണ് ഇവിടെ മുറിക്കു ദിവസവാടക.

വോട്ടെണ്ണല്‍ നടന്ന വെസ്റ്റ്ഹില്‍ പോളി ടെക്നിക്കില്‍ മീഡിയ സെന്റര്‍ എന്ന പേരില്‍ കുറച്ചു മേശയും കസേരയും നിരത്തിയിട്ടിരുന്നു. കൌണ്ടിങ് സ്റ്റേഷനിലേക്കു പ്രവേശിപ്പിക്കാത്തതിന്റെ പേരില്‍ ഇതു മാധ്യമങ്ങള്‍ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. എവിടെ മീഡിയ സെന്റര്‍ തയാറാക്കിയതിനാണ് 6600 രൂപ വാടകയായതെന്ന ചോദ്യത്തിന് അധികൃതര്‍ക്കു വ്യക്തമായ മറുപടിയില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അധികച്ചെലവ് വക മാറ്റി എഴുതിയെടുക്കുന്നുവെന്നു നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

നിരീക്ഷകനായിരുന്ന സുധീര്‍ഥ ഭട്ടാചാര്യ, പി.കെ.സുമന്‍, ഗഗ്രാണി, കലക്ടര്‍ ബി.ശ്രീനിവാസ് എന്നിവരുടെ താമസ, ഭക്ഷണച്ചെലവുകള്‍ മാത്രം 52,213 രൂപയായിരുന്നു. പിന്നീട് ഇതു വെട്ടിക്കുറച്ച്47,793 രൂപയാക്കി. കലക്ടറായിരുന്ന എ. ജയതിലകിനെ നിരീക്ഷകരുടെ ശുപാര്‍ശ പ്രകാരം മാറ്റിയതു വിവാദമായിരുന്നു. പരിധിക്കപ്പുറമുള്ള നിരീക്ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതാണു കലക്ടറെ മാറ്റിയതിനു പിന്നിലെന്നു സംസാരമുണ്ടായിരുന്നു.

പിന്നീടാണ്, കൊല്ലം കലക്ടറായിരുന്ന ബി.ശ്രീനിവാസിനെ കോഴിക്കോട്ടേക്കു മാറ്റിയത്. നിരീക്ഷകന്റെ സന്ദര്‍ശനത്തിനായി 25,000 രൂപ ചെലവഴിച്ചുവെന്നും രേഖകളിലുണ്ട്. 'അണ്‍ഫൊര്‍സീന്‍ എക്സ്പെന്‍സസ് എന്ന പേരിലാണ് ഇതിനു പുറമെ 6,17,749 രൂപ ചെലവിട്ടിരിക്കുന്നത്. ഭൂഷണ്‍ ഗഗ്രാണി അഞ്ചു ദിവസം കൊണ്ടു മണ്ഡലത്തില്‍ എസി കാറില്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്തുവെന്നും കണക്കിലുണ്ട്. തിരുവമ്പാടി പോലെയുള്ള മലയോരമണ്ഡലത്തില്‍ ഇതിനു സാധ്യതയില്ലെന്നു ചൂണ്ടിക്കാണിച്ച് സലിം മടവൂര്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ക്കും അക്കൌണ്ടന്റ് ജനറലിനും മറ്റും പരാതി അയച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിലേക്കു സര്‍ക്കാര്‍ ചെലവില്‍ യാത്ര നടത്തിയെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

2 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ ചിലവായത്‌ 38,08,233 എന്ന് യുവജന ദള്‍ നേതാവിന്‌ വിവരാവകാശ നിയമപ്രകാരം അറിയാന്‍ കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നത്തെ മനോരമയില്‍ നിന്ന്. നിരീക്ഷകര്‍ എന്ന് പറഞ്ഞ്‌ രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ വരുന്നവരുടെ ധൂര്‍ത്ത്‌ നിയന്ത്രിക്കാന്‍ അതിന്‌ മുകളിലും സമിതികളെ വയ്ക്കേണ്ടി വരുമോ ആവോ

ശാലിനി said...

"അണ്‍ഫൊര്‍സീന്‍ എക്സ്പെന്‍സസ്" - ഈ ചിലവ് എനിക്ക് ഇഷ്ടപ്പെട്ടു.

ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. പഴയതുപോലെ അഴിമതികള്‍ തുറന്നു നടത്താന്‍ പലരും മടിക്കും, ഇപ്പോള്‍ ചാനലുകള്‍ ഒരു സ്ക്കൂപ്പ് തേടി അങ്ങോട്ടും ഇങ്ങോട്ടും പായുകയാണ്, അവരുടെ കൈയ്യില്‍ പെടാതെ വേണ്ടേ അഴിമതി നടത്താന്‍, അതുകൊണ്ട് കുറച്ചു കുറയുമായിരിക്കും.