Tuesday, September 04, 2007

പ്ലാസ്റ്റിക്ക്‌ നിരോധനത്തിന്‌ ശേഷമുള്ള ചില കാഴ്ചകള്‍.

സെപ്‌റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക്ക്‌ നിരോധനത്തെത്തുടര്‍ന്ന് കണ്ട ചില കാഴ്ചകള്‍ ഞാന്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.

സീന്‍ - 1

നിരോധനം തുടങ്ങിയ ഒന്നാം തിയതി എന്റെ ഭാര്യയുടെ മുത്തശിയുടെ ശവസംസ്ക്കാര ദിനമായിരുന്നു. ഒരുപാടാളുകള്‍ വരികയും റീത്ത്‌ സമര്‍പ്പിക്കുകയും ചെയ്തു. എല്ലാ റീത്തും കൊണ്ടുവന്നത്‌ പ്ലാസ്റ്റിക്ക്‌ കവറുകളില്‍. അവര്‍ അതവിടെ ഉപേക്ഷിച്ച്‌ പോയി.

സീന്‍ 2

ശനിയാഴ്ച രാത്രി ഞാന്‍ ജന്മ നാടായ കണ്ണൂരിലേക്ക്‌ പോകുന്നു. പിറ്റേന്ന് ( അതായത്‌ 2ആം തിയതി) വൈകുന്നേരം വീട്ടില്‍ ഒരു കര്‍ഷക സംഘടനയുടെ മീറ്റിംഗ്‌ കം ഗെറ്റുഗതര്‍ ഉണ്ടായിരുന്നു. വരുന്നവര്‍ക്കൊക്കെ ചായ പ്ലാസ്റ്റിക്ക്‌ ഗ്ലാസില്‍ ഞാന്‍ കൊണ്ടുകൊടുത്തു. പിന്നെ ഭക്ഷണം നല്‍കിയപ്പോള്‍ വെള്ളം കൊടുത്തതും പ്ലാസ്റ്റിക്ക്‌ ഗ്ലാസില്‍. പക്ഷെ യോഗത്തില്‍ സ്വാഗതം പറഞ്ഞ എന്റെ അപ്പന്‍ പ്ലാസ്റ്റിക്ക്‌ നിരോധനത്തെക്കുറിച്ചും അവ ഉപേക്ഷിക്കേണ്ടതിനേക്കുറിച്ചും വാചാലനായി. ഞാനും കസിന്‍സും അതു കേട്ട്‌ ചിരിച്ച്‌ മണ്ണുകപ്പി. പ്രകൃതിയിലേക്ക്‌ മടങ്ങണമെന്നൊക്ക്‌ അപ്പോഴും അപ്പന്‍ പ്രസംഗിക്കുന്നുണ്ടായിരുന്നു. പിന്നീട്‌ അദ്ദേഹത്തോട്‌ ഇതിനേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ബദല്‍ സംവിധാനം വരുന്നവരെ എന്തു ചെയ്യും എന്ന മറുചോദ്യവും കിട്ടി

സീന്‍ 3

മൂന്നം തിയതി രാവിലേ ഏര്‍ണ്ണാകുളത്തേക്ക്‌ വരുന്ന വഴി ബസ്സില്‍ ഒരു സ്ത്രീക്ക്‌ ശര്‍ദ്ദിക്കാന്‍ വന്നു. കൂടെയുള്ള സ്ത്രീ ബസ്‌ ജീവനക്കാരോട്‌ പ്ലാസ്റ്റിക്ക്‌ കൂട്‌ ചോദിക്കുന്നു. നിരോധനം നിലനില്‍ക്കുന്നതിനാല്‍ സ്റ്റോക്കില്ല എന്ന മറുപടി. ശര്‍ദ്ദിക്കാനുള്ളവള്‍ ശര്‍ദ്ദി അടക്കിപ്പിടിച്ചിരിക്കുന്നു. കൂടെയുള്ളവര്‍ മുഖം വക്രിപ്പിച്ചിരിക്കുന്നു. ഭാഗ്യവശാല്‍ ആരൂടെയോ ബാഗില്‍ നിന്ന് ഒരു കൂട്‌ കണ്ടക്ടര്‍ സംഘടിപ്പിച്കെടുക്കുന്നു. ശര്‍ദ്ദി പ്രതിസന്ധി പരിഹരിക്കപ്പെടുന്നു.

സീന്‍ 4

നാലം തിയതി രാവിലെ ആലുവായില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോകുന്നു. കടയില്‍ തലങ്ങും വിലങ്ങും വലിയ അക്ഷരത്തില്‍ എങ്ങനെ എഴുതിയിരിക്കുന്നു " സാധനങ്ങള്‍ കൊണ്ടു പോകാന്‍ ഉള്ള പ്ലാസ്റ്റിക്ക്‌ ബാഗുകള്‍ ഇനി മുതല്‍ നല്‍കുന്നതല്ല. സ്വന്തമായി ബാഗുകള്‍ കൊണ്ടുവന്ന് പ്ലാസ്റ്റിക്ക്‌ നിരോധനത്തോട്‌ സഹകരിക്കുക " . ബിഗ്‌ ഷോപ്പറുമ്മയി ഷോപ്പിഗിന്‌ പോകുന്ന അപൂര്‍വ്വമാള്‍ക്കാരില്‍ ഒരാളായ ഞാന്‍ സന്തോഷിച്ചു.പക്ഷെ സാധനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പൊതിഞ്ഞു തരുന്നത്‌ പ്ലാസ്റ്റിക്ക്‌ കവറില്‍ തന്നേ. അതിനെക്കുറിച്ച്‌ ഞാന്‍ ചോദിച്ചപ്പോള്‍ അത്‌ അനുവദനീയമായ പ്ലാസിക്കാണെന്ന മറുപടിയാണ്‌ കിട്ടിയത്‌.

സീന്‍ 5

സൂപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുമ്പോള്‍ ഒരു ടയോട്ട കൊറോളക്കാരില്‍ ഒരു ചുള്ളാപ്പി വന്നിറങ്ങുന്നു. അരക്കിലോ ശര്‍ക്കര വാങ്ങി ക്യാരിബാഗ്‌ ചോദിക്കുന്നു. ഇനി അത്‌ കിട്ടില്ല എന്ന മാനെജര്‍. പുള്ളി ശര്‍ക്കര്‍ കാറില്‍ കൊണ്ടുവയ്ക്കുന്നു. മീന്‍കട ലക്ഷ്യമാക്കി നീങ്ങുന്നു. മീന്‍ പൊതുഞ്ഞു കിട്ടിയത്‌ കടലാസില്‍. അതുമായി പാവം കാറിലേക്ക്‌ നീങ്ങുന്നു.

ഈ സംഭവങ്ങളൊക്കെ കണ്ട ശേഷം ഞാന്‍ ഈ കടക്കാരോട്‌ പഴേ ബാഗൊക്കെ എന്തു ചെയ്തെന്ന് ചോദിച്ചു. അതൊക്കെ അവിടെ നിന്ന് മാറ്റിയത്രെ. എങ്ങാനും പിടിച്ചാല്‍ ഫൈന്‍ അടച്ചു മുടിയും എന്നാണ്‌ അവരുടെ പേടി. അച്ചുമാമയേ പേടിക്കതെ പറ്റില്ലാ എന്ന ഒരു പ്രതീതിയാണ്‌ നിലനില്‍ക്കുന്നതത്രേ. ഒരു ചെറുകിട ബേക്കറി നടത്തുന്നതും വ്യാപാരി വ്യവസായി നേതാവുമായ അമ്മായിയപ്പനോട്‌ ഇതിനേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പുള്ളി വികാരം കൊണ്ടു ഇതിന്റെ ഒക്കെ ഉത്പാദനം അങ്ങ്‌ തടഞ്ഞാല്‍പ്പോരെ ഞങ്ങളെങ്ങനെയാണ്‌ ഇത്‌ അനുവദനീയമാണോ അല്ലയോ എന്നൊക്കെ അറിയുന്നത്‌. ജനങ്ങള്‍ ബാഗൊന്നും കൊണ്ടുവരാന്‍ പോകാന്നില്ല എന്ന് പുള്ളി ഉറപ്പിച്ച്‌ പറയുന്നു.

വക്രദൃഷ്ടി

വ്യാപരികള്‍ പ്ലാസ്റ്റിക്ക്‌ ബാഗ്‌ നല്‍കുന്നില്ലെങ്കില്‍ ജനം ഷോപ്പിങ്ങൊക്കെ ഒരുമിച്ചാക്കും. അപ്പോള്‍ അവര്‍ തങ്ങളുടെ ഷോപ്പിംഗ്‌ വലിയ (കുത്തക) കടകളിലേക്ക്‌ മാറ്റും. അങ്ങനെ ഇവരുടെ കടയില്‍ കച്ചവടം കുറയും . ഇവര്‍ അടച്ചു പൂട്ടല്‍ വക്കിലെത്തും. അപ്പോള്‍ വ്യാപാരി വ്യവസായി നേതാവ്‌ നസ്രുദീന്‍ ഇങ്ങനെ പറയും " വിദേശ കുത്തക കമ്പനികളേ സഹായിക്കാനാണ്‌ സര്‍ക്കാര്‍ പ്ലാസിക്ക്‌ നിരോധനം കൊണ്ടുവന്നത്‌".

17 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

സെപ്‌റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക്ക്‌ നിരോധനത്തെത്തുടര്‍ന്ന് കണ്ട ചില കാഴ്ചകള്‍ ഞാന്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.

സു | Su said...

:) പ്ലാസ്റ്റിക്ക് നിരോധനം നല്ലതെന്ന അഭിപ്രായം ഉണ്ട്. പക്ഷെ കിരണ്‍ പറഞ്ഞതുപോലെ, നിരോധനം വന്നിട്ടും അതിനെ വിട്ടു ചിന്തിക്കാന്‍ ആവുന്നില്ല. സാധനങ്ങളൊക്കെ, തുണിസഞ്ചിയും കൊണ്ടുചെന്ന് കടലാസ്സില്‍ പൊതിഞ്ഞുവാങ്ങി, അതിലിട്ടാലും, യാത്രയ്ക്കിടയില്‍ ചര്‍ദ്ദിക്കാന്‍ വരുമ്പോള്‍, കടലാസ്സില്‍ പറ്റുമോ? അല്ലെങ്കില്‍ വാഹനത്തിലാവും. അത് വൃത്തിയാക്കുന്ന വിഷമം തടയാനാണ്, ബസ്സുകാരൊക്കെ പ്ലാസ്റ്റിക് കവര്‍ സൂക്ഷിച്ച്, ആവശ്യക്കാര്‍ക്ക് കൊടുക്കുന്നത്. പിന്നെ, കല്യാണങ്ങള്‍ക്കൊക്കെ പായസവും,പ്ലാസ്റ്റിക് ഗ്ലാസ്സില്‍ അല്ലേ കൊടുക്കുന്നത്. എല്ലാത്തിനും ഒരു പകരക്കാരന്‍ ഉണ്ടായാല്‍, പ്ലാസ്റ്റിക് വേണ്ടെന്ന് വെക്കാം. അതു നല്ലതു തന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...

ഞാന്‍ പ്ലാസ്റ്റിക്ക് നിരോധനത്തെ സ്വാഗതം ചെയ്യുന്ന ആളാണ്. സാധനം വാങ്ങാന്‍ പോകുമ്പോള്‍ ബിഗ് ഷോപ്പര്‍ കൊണു പോകാന്‍ ഞാന്‍ ശ്രമിക്കാറുണ്.എന്നാല്‍ ഇതുവരെയുള്ള ഒരു പ്രധാന പ്രശ്നം പച്ചക്കറി വാങ്ങാന്‍ പോകുമ്പോഴായിരുന്നു. കടലാസില്‍ പൊതിഞ്ഞ് തരാന്‍ പച്ചക്കറിക്കടക്കരന് യാതൊരു താത്പര്യവും ഉണായിരുന്നില്ല. എല്ലാം കൂടീ ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ ഇടുന്നതായിരുന്നു അവര്‍ക്ക് സൌകര്യം. ബസ്സിലേ ശര്‍ദ്ദി ഒരു പ്രശ്നമാണ് അതിനിനി 50 മൈക്രോണില്‍ കൂടുതലുള്ള കവര്‍ കരുതേണി വരും. പായസം വിളമ്പാനും വെള്ളം കൊടുക്കാനുമൊക്കെ ഇന്ന് പേപ്പര്‍ ഗ്ലാസ് ലഭിക്കുമല്ലോ.

അനംഗാരി said...

പ്ലാസ്റ്റിക് നിരോധനത്തില്‍ എല്ലാത്തരം പ്ലാസ്റ്റിക്കും ഉള്‍പ്പെടുനില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.കോടതി ഉത്തരവനുസരീച്ച് മൈകോണിന്റെ അളവ് പറഞ്ഞിട്ടുണ്ട്(എത്രയാണെന്ന് ഓര്‍ക്കുന്നില്ല).അപ്രകാരം പറയുന്ന മൈകോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ആണ് നിരോധിച്ചതെന്ന് തോന്നുന്നു?

Satheesh :: സതീഷ് said...

കിരണ്‍,
സിംഗപ്പൂരില്‍ പ്ലാസ്റ്റിക് കൂട് ഉപയോഗത്തിന്‍ Restriction ഉണ്ട്. നമ്മുടെ നാട്ടില്‍ കാണുന്ന ഉള്ളിത്തോല്‍ പോലുള്ള തരം പ്ലാസ്റ്റിക് കൂട് ഇവിടെ കിട്ടില്ല. പക്ഷെ കുറച്ച് കനം കൂടിയ തരം, ഇവിടെ എല്ലാ ഷോപ്പിലും ഉണ്ട് താനും. അതേ സമയം വളരെ രസകരമായി തോന്നിയത് ഈ അടുത്ത കാലത്തായി വന്ന ഒരു മാറ്റമാണ്‍. ഇവിടത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ആയ Fair price ഇല്‍( ഇതിന്റെ ഉടമ ഇവിടത്തെ തൊഴിലാളി സംഘടന ആണ്‍-national Trade union congress. നമ്മുടെ CITU!) ആഴ്ചയില്‍ ഒരു ദിവസം പോളിത്തീന്‍ കവറില്‍ സാധനം കൊടുക്കില്ല. അഥവാ കവര്‍ വേണമങ്കില്‍ വേറെ കാശ് കൊടുത്ത് അത് വാങ്ങണം. നമ്മുടെ നാട്ടിലും ഇത് പ്രരീക്ഷിക്കാവുന്നതേ ഉള്ളൂ.. ആദ്യമായി ഒരു നോമിനല്‍ ചാര്‍ജ് മാത്രം ഈടാക്കുക (50 paisa!?).

ശ്രീ said...

പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കേണ്ടതു തന്നെ. ഞാനും അതിനോട് പൂര്‍‌ണ്ണമായും യോജിക്കുന്നു. പക്ഷെ, ഒരൊറ്റ ദിവസം കൊണ്ട് യാതൊരു ബദല്‍‌ സംവിധാനങ്ങളുമില്ലാതെ അതു നിറുത്തലാക്കുക എന്നത് സാധാരണ ജനങ്ങള്‍‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുക തന്നെ ചെയ്യും.
കിരണ്‍‌ പറഞ്ഞതു പോലെ ചടങ്ങുകളില്‍‌ പേപ്പര്‍‌ ഗ്ലാസ്സുകള്‍‌ തന്നെ ഉപയോഗിക്കാവുന്നതാണ്‍. എന്നാല്‍‌ യാത്രയ്ക്കിടയിലും മറ്റും ബദലായി എന്തു ചെയ്യും എന്ന ചോദ്യം നില നില്‍‌ക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ചില പ്രധാന കാര്യങ്ങള്‍ ഇവിടെ പ്രസകതമാണ്‌ എന്നെനിക്ക്‌ തോന്നുന്നു.
1- 50 മൈക്രോണില്‍ കൂടുതല്‍ കട്ടിയുള്ള പ്ലാസ്റ്റിക്ക്‌ ഉപയോഗിക്കാം എന്ന് സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ നമ്മുടേ അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത്തിരി വില കൂടിയതാണെങ്കിലും ( പരമാവധി 2 രൂപ) അത്‌ ഉപയോഗിക്കാം. എനിക്ക്‌ തോന്നുന്നത്‌ ബസിലേ ശര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ ഇത്‌ ഒഴിവക്കും എന്നാണ്‌.

2- പ്ലാസ്റ്റിക്ക്‌ കവര്‍ ഇത്ര സുലഭമായി ലഭിക്കുന്നതിനാലാണ്‌ അത്യാവശ്യം ഉയര്‍ന്ന ഷോപ്പിങ്ങിന്‌ പോകുന്നവര്‍പ്പോലും ഒരു ക്യാരി ബാഗ്‌ കൊണ്ടു പോകാത്തത്‌.1000 രൂപയുടെ സാധനങ്ങള്‍ വാങ്ങി കടയില്‍ നിന്ന് തന്നെ പായ്ക്ക്‌ ചെയ്യുന്നത്‌ ഞാന്‍ നേരിട്ട്‌ കണ്ടിട്ടുണ്ട്‌. ഒരു ചെറിയ സാധനം വാങ്ങിയാല്‍പ്പോലും കവര്‍ ആവശ്യപ്പെടുന്നത്‌ നേരിട്ടനുഭവിച്ചിട്ടുണ്ട്‌. അപ്പോള്‍ അത്‌ കൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന സാഹചര്യം വന്നാല്‍ സ്വന്തമായി മറ്റ്‌ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ ഉപഭോക്താവ്‌ തയ്യാറാകും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. സീന്‍ നാലില്‍ പറഞ്ഞ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെ ചെന്നപ്പോള്‍ എല്ലാവരും തന്നെ ബാഗ്‌ കൊണ്ടുവരുന്നത്‌ കണ്ടു എന്നത്‌ നല്ല തുടക്കമാണ്‌.

3- ഇതില്‍ ഉള്ള മറ്റൊരു പ്രശ്നം ഈ 50 മൈക്രോണ്‍ പ്ലാസിക്കിനും വലിയ വിലയില്ല ഒരു കവറിന്‌ 2 രൂപയടുത്തെ വരൂ എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌ . നമ്മുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ( കുത്തക മാത്രമല്ല എല്ലാ കടകളും) ഇത്‌ വാങ്ങി നല്‍കിയാല്‍ വീണ്ടും പ്ലാസ്റ്റിക്ക്‌ ചവര്‍ കുന്നുകൂടും . പിന്നെ ആകെയുള്ള ആശ്വാസം ഇത്‌ റീസൈക്കിള്‍ ചെയ്യാം എന്നതാണ്‌. പക്ഷെ ഇവിടെ ഒരു പ്രധാന പ്രശ്നം ഉണ്ട്‌. നമ്മള്‍ മാലിന്യം നിക്ഷേപിക്കുന്നത്‌ ഇത്തരം കവറുകളില്‍ പൊതിഞ്ഞാണ്‌ ( ഇപ്പോള്‍ 30 മൈക്രോണില്‍ താഴെയുള്ളതില്‍ ഇനി 50 മൈക്രോണില്‍ കൂടുതലുള്ളതില്‍) അതുകൊണ്ട്‌ തന്നേ ഓര്‍ഗ്ഗാനിക്ക്‌ നോണ്‍ ഓര്‍ഗ്ഗാനിക്ക്‌ വേര്‍തിരിവോടെ ഇവ സംസ്ക്കരിക്കാന്‍ കഴിയത്ത ഒരു സാഹചര്യം ഈ പ്ലാസ്റ്റ്ക്ക്‌ സംസ്ക്കാരം നമ്മേ കൊണ്ടെത്തിച്ചു. അതുകൊണ്ടു തന്നെ ഇനിയൊരു തിരിച്ചു പോക്കിന്‌ കരി നിയമങ്ങള്‍ത്തന്നേ വേണ്ടി വരും.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പറഞ്ഞത് നന്നായി ഇനി നാട്ടിലോട്ട് വരുമ്പോള്‍ സുക്ഷിക്കണമല്ലോ..

Navi | നവീ said...

പണ്ട് ഉപയോഗിച്ചിരുന്ന ബിഗ് ഷൊപ്പറും പച്ചക്കറി സഞ്ചിയും ഒക്കെ വീണ്ടും പോടി തട്ടി എടുക്കാം അല്ലെ !!
ഞാന്‍ നിരോധനത്തൊടു പൂര്‍ണ്ണമായും യോചിക്കുന്നു.

വക്കാരിമഷ്‌ടാ said...

പ്ലാസ്റ്റിക്കിന് പകരമുള്ള പേപ്പര്‍ ബാഗുകളും പേപ്പര്‍ കപ്പും എവിടെനിന്ന് വരുന്നു? - മരം-പരിസ്ഥിതി... :)

റീസൈക്കിള്‍ ചെയ്യുക, റീസൈക്കിള്‍ സംസ്കാരം ഉണ്ടാക്കുക. അതും കൂടി വേണം.

നിരോധിച്ചതുകൊണ്ട് കഷ്ടപ്പെട്ട് ചെയ്യാതിരിക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് തന്നെ ഒരു ബോധം വരണം പരിസ്ഥിതിപ്രശ്‌നങ്ങളെപ്പറ്റി. ഇപ്പോള്‍ തന്നെ എന്തിനാണ് കട്ടികുറഞ്ഞ പ്ലാസ്റ്റിക് നിരോധിച്ചതെന്ന് ചോദിച്ചാല്‍ അതിന് കാര്യങ്ങള്‍ ശരിക്ക് മനസ്സിലാക്കി ഉത്തരം പറയാന്‍ എത്രപേര്‍ക്ക് പറ്റും?

:)

കിരണ്‍ തോമസ് തോമ്പില്‍ said...

വക്കാരി കേരളം പോലുള്ള ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഒരു പ്രദേശം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്‌ മാലിന്യ സംസ്കരണം. മാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ നഗര സഭകള്‍ക്ക്‌ സ്ഥലം പോലും കിട്ടാത്ത അവസ്ഥയാണ്‌. നഗരസഭകള്‍ അടുത്ത പഞ്ചായത്തില്‍ പോയി കുറച്ച്‌ സ്ഥലം വാങ്ങി മാലിന്യം നിക്ഷേപം തുടങ്ങുന്നു. ഉടനെ അത്‌ ആ പഞ്ചായത്തിലെ ജനങ്ങളുടെ പ്രശ്നമാകുന്നു. അവര്‍ എതിര്‍ക്കുന്നു.

അപ്പോള്‍ നമ്മുടെ മുന്‍പില്‍ ഉള്ള ഏക പോംവഴി മാലിന്യ സംസ്ക്കരണ പ്ലാന്റുകളാണ്‌. ഞാന്‍ മനസിലാക്കിയടത്തോളം സംസ്ക്കരിച്ച മാലിന്യം വളമാക്കി മാറ്റിയിരുന്ന തിരുവനന്തപുരത്തെ സംസ്ക്കരണ കേന്ദ്രത്തില്‍ ഉണ്ടാക്കിയ വളം വാങ്ങാനാളില്ലാതെ കെട്ടിക്കിടന്ന് ഈച്ചപിടിച്ച്‌ പരിസരവാസികള്‍ക്ക്‌ പ്രശ്നങ്ങളുണ്ടാക്കി. കേരളത്തില്‍ മാലിന്യം സംസ്ക്കരിച്ച്‌ കിട്ടുന്ന ജൈവവളം വാങ്ങാന്‍ ആളില്ലെ എന്ന് ഞാന്‍ അത്ഭുതപെട്ട്‌ പോയി.

പരമാവധി മാലിന്യം അവനവന്‍ തന്നേ സംസ്ക്കരിക്കുക എന്നതാണ്‌ മറ്റൊരു പോം വഴി. എന്നാല്‍ കൊച്ചി പോലുള്ള 3 സെന്റ്‌ 5 സെന്റ്‌ വീടുകാര്‍ക്ക്‌ എങ്ങനെ ഇത്‌ സാധിക്കും. അല്ലെങ്കില്‍ വീട്‌ പണിയുന്നതിനൊപ്പം ഒരു ബയോ മാലിന്യ സംസ്ക്കരണം സംവിധാനം ഉണ്ടാക്കാണം. അപ്പോള്‍ പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങള്‍ മാത്രം ബാക്കിയാകും . അത്‌ റോഡ്‌ പണിക്ക്‌ ഉപയോഗിക്കാന്‍ കഴിയുമെന്നാണ്‌ ഇന്ന് നിയമസഭയില്‍ മോന്‍സ്‌ ജോസഫ്‌ പറഞ്ഞ്‌ കേട്ടത്‌.

ശാലിനി said...

പണ്ട് അപ്പന്‍ പച്ചക്കറിചന്തയിലും മീഞ്ചന്തയിലുമൊക്കെ പോകുമ്പോള്‍ കൊണ്ടുപോകാന്‍ ബിഗ് ഷോപ്പറുകള്‍ പ്രത്യേകം കരുതിവച്ചിട്ടുണ്ടായിരുന്നു അമ്മച്ചി. പിന്നെ പതുക്കെ അതൊക്കെ കളഞ്ഞു, പ്ലാസ്റ്റിക് കവറുകളുണ്ടല്ലോ എന്നായി. വീണ്ടും അതൊക്കെ കഴുകി എടുത്തുകാണും. പണ്ടൊക്കെ ഇറച്ചിയും മീനും നല്ല വട്ടയിലയിലായിരുന്നു പൊതിഞ്ഞുകിട്ടിയിരുന്നത്, വാഴനാരോ, ചാക്കുനൂലോ കൊണ്ടോകെട്ടി.

നിരോധനം നന്നായി. പക്ഷേ അതിനുപകരം എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ?

ശാലിനി said...

കിരണ്‍ ആ വിഷയം അവതരിപ്പിച്ച രീതി നന്നായി.

കിരണ്‍ തോമസ് തോമ്പില്‍ said...

ശാലിനിയെ എന്തെങ്കിലും ഒരു ബദല്‍ സംവിധാനം ഉണ്ടാക്കിയിട്ട്‌ നിരോധിക്കാനുള്ള സാഹചര്യമല്ല നിലവിലുള്ളത്‌. അത്രക്കും പ്ലാസ്റ്റിക്ക്‌ ചവറാണ്‌ കൊച്ചിയില്‍ മാത്രം ഉള്ളത്‌. നിര്‍ലോബം കിട്ടുന്നതുകൊണ്ടാണ്‌ ആള്‍ക്കാര്‍ ഉപയോഗിക്കുന്നത്‌. ആള്‍ക്കാര്‍ ചോദിക്കുന്നത്ര കവറുകള്‍ കച്ചവടക്കാര്‍ നല്‍കും. കൊടുക്കതിരുന്നാല്‍ കിട്ടുന്ന കടയിലേക്ക്‌ ആള്‍ക്കാര്‍ പോകും. നല്‍കാന്‍ കഴിയില്ലാ എന്ന നിയമം വന്നാല്‍ ആര്‍ക്കും പരാതിയില്ല. എല്ലാവരും ഷോപ്പിഗ്‌ ശൈലിയങ്ങ്‌ മാറ്റുക. ഒരുമിച്ച്‌ സാധനങ്ങള്‍ വാങ്ങുന്ന ശീലം പരിശീലിക്കുക. എന്റെ അഭിപ്രായത്തില്‍ ചുരിങ്ങിയത്‌ 50% പ്ലാസ്റ്റിക്ക്‌ ഉപയോഗമെങ്കിലും നമുക്ക്‌ ഇങ്ങനെ കുറക്കാമെന്നാണ്‌.


ഗ്രാമങ്ങളില്‍ ഒരു ഷോപ്പിഗ്‌ ബാഗ്‌ കൊണ്ടുപോകുന്നത്‌ ഒരു കുറച്ചിലാകില്ല. നഗരങ്ങളില്‍ ഭൂരിപക്ഷത്തിനും ഒരു ടൂവീലറെങ്കിലും ഉണ്ട്‌. അതില്‍ എവിടെയെങ്കിലും ഒരു ഷോപ്പിഗ്‌ ബാഗ്‌ കരുതിവയ്ക്കുക.

N.J ജോജൂ said...

പ്ലാസ്റ്റിക് പോലെ സകലമാന മനുഷ്യജീവിതങ്ങളെയും സ്വാധീനിച്ച ഒരു കണ്ടൂപിടുത്തം വളരെക്കുറവായിരിക്കും. അതുകൊണ്ടു തന്നെ ഒരു ആള്‍ട്ടര്‍നേറ്റീവ് കണ്ടൂ പിടിച്ചിട്ട് നിരോധിയ്ക്കാം എന്നു ചിന്തിച്ചാല്‍ അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല.

മൂര്‍ത്തി said...

Plastic manufacture, sale and usage rules 1999 ഇവിടെ.
Features
Rules are applicable in all the States/Union Territories;
The prescribed authority for enforcement of these Rules in the States are State Pollution Control Boards and in the Union Territory, the Pollution Control Committees;
No vendor shall use carry bags/containers made of recycled plastics for storing, carrying, dispensing, or packaging of foodstuffs;
No person shall manufacture, stock, distribute or sell carry bags made of virgin; or recycled plastics which are <8´ 12 inches in size and <20 micron in thickness;>or recycled plastics which are <8´ 12 inches in size and <20 micron in thickness; Carry bags/containers made of virgin plastic shall be in natural shade or white;
Every Plastics manufacturing and recycling Units shall be registered with concerned State Pollution control Board/Pollution Control Committee fulfilling consent conditions.
((as amended in 2003)) ലിങ്ക് ഇവിടെ

സര്‍ക്കാര്‍ ഇപ്പോള്‍ നിരോധിച്ചിട്ടുള്ളത് 30 മൈക്രോണില്‍ കുറവുള്ള പ്ലാസ്റ്റിക് ആണ്.

evuraan said...

പ്ലാസ്റ്റിക് നിരോധനം പരിസ്ഥിതി സംരക്ഷണത്തിനുള്ളതാണു്. എന്നാല്‍, പ്ലാസ്റ്റിക് നിരോധിച്ചതു കൊണ്ടു മാത്രം അതു പൂര്‍ണ്ണമാകുന്നുമില്ല. കത്തിച്ചു കളയാതെ മാലിന്യം സംസ്കരിച്ചെടുക്കാനുള്ള വഴി കൂടി നാം ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. മാലിന്യങ്ങളില്‍ നിന്നും റീ ഫര്‍ബിഷ്ഡ് പ്ലാസ്റ്റിക്, ജൈവ വളം തുടങ്ങിയവ ഉണ്ടാക്കാന്‍ നമുക്ക് സംവിധാനങ്ങളില്ല എന്നു തോന്നുന്നു. എവിടെങ്കിലും കൂന കൂട്ടിയിടുക എന്നതാണു നമ്മുടെ സംസ്കരണം.

ഛര്‍ദ്ദിക്കാന്‍ പ്ലാസ്റ്റിക് കവറോ പേപ്പര്‍ കവറോ എന്നത് മാത്രമല്ല, ആ കവര്‍ വഴിവക്കില്‍ കിടന്നു ചീയാതെ സംസ്ക്കരിക്കപ്പെടുകയും വേണം.