Monday, October 29, 2007

വിശ്വാസവും വികസനവും കാണപ്പുറവും

സേതു സമുദ്രം പദ്ധതിയേപ്പറ്റി മാന്യ ബ്ലോഗര്‍ നകുലന്റെ മൂന്നാമത്തെ പോസ്റ്റും കണ്ടപ്പോള്‍ അതില്‍ പ്രധാനമായി പരാമര്‍ശിക്കപ്പെട്ട ഒരു വിഷയത്തേക്കുറിച്ച്‌ അഭിപ്രായം പറയേണ്ടതാണ്‌ എന്ന് തോന്നിയതിനാലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. ശരിക്കും ഇത്‌ നകുലന്റെ ബ്ലോഗില്‍ എഴുതേണ്ടതാണ്‌ പക്ഷെ അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഒരു കമന്റ്‌ അവിടെ എഴുതാന്‍ പാടില്ല എന്ന് ഒരു സന്ദേശം ലഭിച്ചതിനാലാണ്‌ എന്റെ ബ്ലൊഗില്‍ ഇത്‌ എഴുതുന്നത്‌

നകുലന്‍ പ്രധാനമായി ഉയര്‍ത്തിക്കൊണ്ട്‌ വന്ന വാദം ഏത്‌ വികസനം നടക്കുമ്പോഴും ഒരുപാട്‌ കാര്യങ്ങള്‍ പരിഗണിക്കണം. അതില്‍ പ്രധാനപ്പെട്ട ഒന്ന് അത്‌ ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസപരമായ ഒന്നിനെ ഹനിക്കുന്നതാകരുത്‌ ( നകുലന്‍ ഹിന്ദു സമൂഹത്തിന്റെ കാര്യം പറയുന്നു.) . നകുലന്റെ അഭിപ്രായത്തില്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുവിന്റെ വികാരം വൃണപ്പെടുത്തി ഒരു വികസനം വരുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നു. അതിന്‌ ഉദാഹരണമായി അദ്ദേഹം പറഞ്ഞത്‌ ചുവടെ ചേര്‍ക്കുന്നു

ഇക്കണക്കിനാണെങ്കില്‍, ഇവിടെ, ഈ ഭാരതത്തില്‍ ഹിന്ദുക്കളായി ജീവിച്ചു മരിക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ നാളെ എന്തിനൊക്കെ തെളിവു ഹാജരാക്കേണ്ടി വരും? അവര്‍ ഏതൊക്കെ കോടതികള്‍ക്കു മുന്നില്‍ ഇരക്കേണ്ടി വരില്ലെന്ന്‌ ആരു കണ്ടു? ഏതൊക്കെ വിശ്വാസങ്ങള്‍ക്ക്‌ ശാസ്ത്രീയ അടിത്തറ സമര്‍ത്ഥിച്ചു കൊടുക്കേണ്ടി വരും? ഏതൊക്കെ ആചാരങ്ങള്‍ അല്ലാതെ തന്നെ അനുവദിക്കപ്പെടും?നേരിട്ടൊരു താരതമ്യം സാദ്ധ്യമല്ല. എന്നാലും ഈ മട്ടും ഭാവവുമൊക്കെക്കണ്ട്‌ പേടിയോടെ ഓര്‍ത്തു പോകുകയാണ്‌. പാപനാശിനിയിലോ പുനര്‍ജ്ജനിയിലോ ആലുവാ മണപ്പുറത്തോ ഒക്കെ ’ഞങ്ങള്‍ വലിയ തടയണകള്‍ നിര്‍മ്മിച്ച്‌ വികസനമെത്തിക്കാന്‍ പോവുകയാണെ‘ന്നും പറഞ്ഞ്‌ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം ഞാന്‍ എവിടെ എന്റെ പിതൃക്കള്‍ക്കു ബലിയിടും എന്നു പലരും ആശങ്കപ്പെട്ടു പോകും. അതേപ്പറ്റി ചോദിക്കാമെന്നു വച്ചാല്‍, “മരണാനന്തരജീവിതത്തിന്റെ യുക്തി തെളിയിക്കാതെ ഇത്തരം പരിപാടികളൊന്നും ഇനിയിവിടെ നടപ്പില്ല“ എന്നാണു കിട്ടുന്ന മറുപടിയെങ്കിലോ?

അപ്പോള്‍ ഇവിടെ പ്രധാനമായത്‌ ഒരുവന്‌ അവന്റെ വിശ്വാസം സംരക്ഷിച്ചുകൊണ്ട്‌ ജീവിച്ച്‌ മരിച്ച്‌ മരണാനന്തരക്രിയകള്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതാണ്‌ പരമപ്രധാനം എന്ന് കാണാന്‍ കഴിയും. ഈ വികാരവും വികസനകാര്യങ്ങളില്‍ പരിഗണിക്കുമ്പോള്‍ നാം പരിഗണിക്കേണ്ടതായിട്ടുണ്ട്‌. അതോടൊപ്പം പരിസ്ഥിതിയും മറ്റും കാര്യങ്ങളും പരിഗണിക്കപ്പെടണ്ടതാണ്‌ എന്നും നകുലന്‍ പറയുന്നുണ്ടെങ്കിലും വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടുന്നതിലാണ്‌ അദ്ദേഹത്തിന്റെ ആശങ്ക.

അദ്ദേഹത്തിന്റെ അടുത്ത പരാതി സംഘപരിവാര്‍ ഈ വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത്‌ വര്‍ഗ്ഗീയമായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ്‌. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടം ഏടുത്താല്‍

[ജോജു]ഒരിയ്ക്കലും ഒരു പരിസ്ഥിതി പ്രശ്നമെന്ന പേരില്‍ ഈ വിഷയം സംഘകുടുംബത്തിലെ ഒരംഗവും അവതരിപ്പിച്ചും കണ്ടില്ല.

[നകുലന്‍] :പരിസ്ഥിതി പ്രശ്നം "മാത്രം" എന്ന നിലയില്‍ എന്നാണു ജോജു ഉദ്ദേശിച്ചതെങ്കില്‍ ഞാനും സമ്മതിക്കാം.
A (മതം-സാംസ്കാരികം-കെട്ടുപിണഞ്ഞ ഹിന്ദുത്വം)
B (രാഷ്ട്രീയം)
C (പരിസ്ഥിതി)
ഇതില്‍ A+B മാത്രമാണ് സംഘപരിവാറുമായി ജോജു ലിങ്കു ചെയ്യുന്നത്‌. C അവര്‍ ഒരിക്കലും അവതരിപ്പിച്ചിട്ടില്ലെന്ന മട്ട്

ഇനി എന്റെ അഭിപ്രായത്തിലേക്ക്‌ വരാം. വികസനവും വിശ്വാസവും എത്രത്തോളം ഒരുമിച്ച്‌ കൊണ്ടുപോകാം എന്ന കണ്ടറിയേണ്ട ഒരു സംഭവമാണ്‌. അത്‌ സംഘപരിവാറിന്‌ അധികാരം കിട്ടിയാല്‍പ്പോലും ചെയ്യാന്‍ കഴിയത്ത ഒന്നാണ്‌. ഒരു ഉദാഹരണത്തിലൂടെ ഞാന്‍ അത്‌ വ്യക്തമാക്കാം. നര്‍മ്മദ നദിയില്‍ അണകെട്ടി ആ വെള്ളം ഗുജറാത്തിലെ കുടിവെള്ള പദ്ധതിക്കും കൃഷിക്കും ഉപയോഗമാക്കാന്‍ ഉള്ള സര്‍ദ്ദാര്‍ സരോവര്‍ പ്രോജക്ട്‌ നടപ്പിലാക്കുന്നതിനെ വികാരപരമായ ഒന്നായി ഗുജറത്ത്‌ ജനത കാണുന്നു. അവരുടെ പോയന്റില്‍ അത്‌ ആ സംസ്ഥാനത്തിന്റെ വന്‍ കുതിപ്പിന്‌ അത്യന്താപേക്ഷിതമായ ഒന്നാണ്‌. എന്നാല്‍ നര്‍മ്മദ ഡാം മുക്കിക്കളയുന്ന പരിസ്ഥിതിയും വീടും ജീവനോപാധിയും നഷ്ടപ്പെടുകയും ചെയ്യുന്ന 30000 ഓളം വരുന്ന കുടുംബങ്ങളുടെയും കാഴ്ചപ്പാടില്‍ അവര്‍ വികസനത്തിന്‌ വേണ്ടി ബലിയാടുകളാകുന്നത്‌ പോലെയുള്ള സംഭവമാണ്‌. ഇനി അവര്‍ക്ക്‌ പുനരധിവാസ പാകേജുകള്‍ ലഭ്യമല്ലെ എന്ന ചോദ്യം ഉയരാം. എന്നാല്‍ നകുലന്‍ പറഞ്ഞ രീതിയിലുള്ള അളവുകോലുകള്‍ വച്ച്‌ നോക്കുമ്പോള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ്‌ ഈ ഡാം. കാരണം ആ അണക്കെട്ട്‌ മൂലം എത്ര ആള്‍ക്കാരുടെ വിശ്വാസങ്ങളുടെ മൂലക്കല്ലുകള്‍ മുങ്ങിപ്പോയേക്കാം. ആലൂവാപ്പുഴയില്‍ ഒരു തടയണകെട്ടിയാല്‍ ബലിമണ്ഡപങ്ങള്‍ മുങ്ങിപ്പോകുന്നതിനെപ്പറ്റി ആശങ്കപ്പെടുന്നവര്‍ക്ക്‌ നര്‍മ്മദ ഡാം മൂലം മുങ്ങുന്ന വിശ്വാസ ബിബങ്ങളെപ്പറ്റി മിണ്ടാട്ടമില്ലാതെ പോകുന്നു. നര്‍മ്മദാ അണക്കെട്ടിനെതിരെ മേധാ പടകര്‍ നയിച്ച സമരങ്ങളെല്ലാം വസ്തുതകള്‍ നിരത്തിയായിരുന്നു. എന്നാല്‍ അതെല്ലാം നിയമങ്ങളുടെ മുന്നില്‍ ഒന്നൊന്നായി തകര്‍ന്നു വീണു. എന്നാല്‍ അവര്‍ രാമസേതു സമരമുറയാണ്‌ സ്വീകരിച്ചിരുന്നെങ്കിലോ കാര്യങ്ങള്‍ വേറോരു തലത്തില്‍ എത്തിയേനേ. മേധ ആദ്യം ചെയ്യേന്റിയിരുന്നത്‌ നര്‍മ്മദ നദിയും വിശ്വാസങ്ങളും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുക. പിന്നീട്‌ എത്ര ക്ഷേത്രങ്ങള്‍ ഈ അണക്കെട്ട്‌ മൂലം മുങ്ങുന്നു എന്ന് പഠിക്കുക. ഇവ പ്രഥമ വിഷയമായി അവതരിപ്പിക്കുക സര്‍ക്കാര്‍ മതവികാരങ്ങള്‍ പരിഗണിക്കുന്നില്ല എന്നും വിശ്വാസങ്ങള്‍ മാത്രമല്ല ഒപ്പം പരിസ്ഥിതിയും മറ്റും പ്രധാന്യമുള്ളതാണ്‌ എന്നും പറഞ്ഞിരുന്നു എങ്കില്‍ നര്‍മ്മദ ഡാം നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞേനേ എന്ന് എനിക്ക്‌ തോന്നുന്നു.

എന്നാല്‍ സംഘപരിവാര്‍ ഒരിക്കലും ഈ അണക്കെട്ട്‌ ഉണ്ടാകുന്നതിനെതിരെ ഒന്നും മിണ്ടിയിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. അവിടെ മുങ്ങിപ്പോകുന്ന ക്ഷേത്രങ്ങളെപ്പറ്റി വ്യാകുലപ്പെട്ടിട്ടില്ല. കാരണം ഗുജറത്ത്‌ ഭരിക്കുന്നത്‌ സംഘപരിവാര്‍ക്ക്‌ വേണ്ടപ്പെട്ടവര്‍. പ്രിയ നകുലാ ഇതൊക്കെ കൊണ്ടാണ്‌ A+B യേപ്പറ്റി മാത്രം പറയുകയും C ഇതില്‍ വിഷയമല്ല എന്ന് പറയുന്നതും

അനു:ബന്ധ പോസ്റ്റുകള്‍
സോണിയാഗാന്ധിക്കുള്ള മറുപടി.


Sunday, October 21, 2007

പരിഷത്ത് ചാര സംഘടനയോ ?

ശാസ്ത്ര സാഹിത്യ പരിഷത്ത് വിദേശ ചാര സംഘടനയാണ് എന്ന് പാഠം മാസിക എഴുതിയതിനേത്തുടര്‍ന്ന് പരിഷത്ത് നല്‍കിയ മാന നഷ്ടക്കേസ് കോടതി തള്ളുകയുണ്ടായി. അതേത്തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനനത്തിലാണ് വിജയന്‍ മാഷ് മരണമടഞ്ഞത്. വിജയന്‍ മാഷുടേ മരണം വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റില്‍ ഈ വിഷയം പറയുകയുണ്ടായി എന്നാല്‍ ആ ചര്‍ച്ചയിലും പരിഷത്ത് ചാര സംഘടനയാണോ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ഈ വിഷയത്തില്‍ മരീചന്‍ എന്ന ബ്ലോഗര്‍ എഴുതിയ പോസ്റ്റ് തനിമലയാളത്തിലോ ചിന്തയിലോ വരാതിരുന്നതിനാള്‍ ശ്രദ്ധിക്കപ്പെടാതെ പോയി . ഞാന്‍ എഴുതിയ പോസ്റ്റിനോട് ബന്ധപ്പെട്ടുള്ള ഒന്നാകയാല്‍ ഇത് ശ്രദ്ധിക്കപ്പെടണമെന്ന് എനിക്ക് തോന്നി.മരീചന്റെ അനുവാദത്തോടെ ഞാന്‍ അത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

'പാഠ'മേവ ജയതേ.........! --> മാരീചന്‍
ഒരാള്‍ മറ്റൊരാളെ 'ചാരന്‍' എന്നു വിളിച്ചാല്‍, അത് തെളിയിക്കാനുളള ചുമതല ആര്‍ക്കാണ്? ആരോപിതന്‍ ചാരനാണെന്ന് ആരോപണം ഉന്നയിച്ചയാള്‍ തെളിയിക്കണോ, താന്‍ ചാരനല്ലെന്ന് വിളി കേട്ടവന്‍ തെളിയിക്കണോ?

രണ്ടാമതു പറഞ്ഞതാണ് ചെയ്യേണ്ടതെന്ന് വിധിക്കുന്നു, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്. എന്താണിതിന്റെ ഗുട്ടന്‍സ് എന്നതിന്റെ നിയമവശങ്ങളൊന്നും മാരീചന് വലിയ പിടിയില്ല. എന്നാല്‍ വിജയന്‍മാഷുടെ മരണത്തോടെ വിശ്വരൂപം പ്രാപിച്ച പരിഷത്ത് ചാരക്കേസിന്റെ ഉളളിതൊലിച്ചു നോക്കുമ്പോള്‍ സാമാന്യബുദ്ധിയെന്നു പറയുന്ന സാധനം ചോദിക്കുന്നു, എവിടെയോ അല്‍പം പിശകിയില്ലേ.

ഒന്നു റീവൈന്‍ഡു ചെയ്തു നോക്കാം. 2004 ഫെബ്രുവരി 18നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. പാപ്പൂട്ടിയും ജനറല്‍ സെക്രട്ടറി എന്‍ കെ ശശിധരന്‍ പിളളയും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് വിവാദത്തെക്കുറിച്ചുളള പരിഷത്ത് നിലപാട് വിശദീകരിച്ചത്.

പരിഷത്തോ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐആര്‍ടിസിയോ യാതൊരു വിദേശ ഫണ്ടും കൈപ്പറ്റിയിട്ടില്ലെന്ന് ഇരുവരും വിശദീകരിച്ചു.

വിദേശ ഫണ്ട് കൈപ്പറ്റണമെങ്കില്‍ എഫ്ആര്‍സിഎ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) രജിസ്ട്രേഷന്‍ വേണമെന്നും പരിഷത്തിനോ ഐആര്‍ടിസിയ്ക്കോ ആ രജിസ്ട്രേഷന്‍ ഇല്ലായെന്നുമായിരുന്നു പരിഷത്ത് ഭാരവാഹികളുടെ വാദം.

പണമെങ്ങനെ കൈയില്‍ വന്നുവെന്നും അവര്‍ വിശദീകരിച്ചു. ഡച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സര്‍ക്കാര്‍ സ്ഥാപനമായ സിഡിഎസ് ഏറ്റെടുത്ത ഗവേഷണ പദ്ധതികളിലൊന്നാണ് ഐആര്‍ടിസിയ്ക്ക് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ സഹായം ഇന്ത്യയിലെത്തിയത്. പത്രപ്പരസ്യം നല്‍കിയാണ് അവര്‍ പദ്ധതിയേറ്റെടുക്കാന്‍ ആളെ ക്ഷണിച്ചത് (ചാരപ്പണി പത്രപ്പരസ്യം നല്‍കിയാണത്രേ നടത്തുക! സിഐഎയുടെ ഒരു പുരോഗതിയേ!).

പണിയെടുത്തവര്‍ക്കുളള ശംബളമായും അച്ചടിയ്ക്കും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായും ചെലവിട്ട തുകയുടെ കണക്കും പരിഷത്ത് പൊതുജനസമക്ഷം ഹാജരാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഓഡിറ്റും ആദായനികുതി വകുപ്പിന്റെ ഓഡിറ്റും സോഷ്യല്‍ ഓഡിറ്റും നടത്തുന്ന ഐആര്‍ടിസിയ്ക്ക് കണക്ക് ഹാജരാക്കാന്‍ ആരെ പേടിക്കണം?

ഇതൊക്കെ ഈ നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ പരിഷത്ത് ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യങ്ങളാണ്. എന്നാല്‍ പാഠത്തിനും സുധീഷിനും കുറെ സാംസ്ക്കാരിക ഊളന്മാര്‍ക്കുമൊന്നും ഇത് തലയില്‍ കയറില്ല. ജീവിതത്തിന്റെ സമസ്തമേഖലകളിലും പരാജയപ്പെട്ടാല്‍ പിന്നെ "കേട്ടുവോ എന്നുടെ സ്വരം വേറിട്ടെ"ന്ന് അലറി നാലുപേരുടെ സ്വൈരം കെടുത്തുന്നതാണല്ലോ സാംസ്കാരിക പ്രവര്‍ത്തനം. അവര്‍ എന്നു മുയലിനെപ്പിടിച്ചാലും അഞ്ചും ആറും കൊമ്പുളളവ തന്നെയാവുമെന്നത് വേറൊരത്ഭുതം.

എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പരിഷത്ത് വിശദീകരിച്ച കാര്യങ്ങളെ കോടതി കാണുന്ന വിധം വിചിത്രമാണ്. സിഡിഎസിന്റെ സാമ്പത്തിക സഹായത്താലാണ് കേരള റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായി പിഎല്‍ഡിപി ഏറ്റെടുത്തതെന്നും അത് ഡച്ച് ഗവണ്മെന്റിന്റെ സഹായമാണെന്നും എത്രയോ കാലമായി പരിഷത്ത് പറയുന്നു. അക്കാര്യം പാപ്പൂട്ടി കോടതിയില്‍ മനസില്ലാ മനസോടെയാണത്രേ സമ്മതിച്ചത്. മനസില്ലാതെ മനസോടെയുളള സമ്മതം അളക്കുന്ന വിദ്യ നിയമത്തിലെ ഏതു വകുപ്പു പ്രകാരമാണെന്ന് പക്ഷേ, ജഡ്ജി പറ‍ഞ്ഞില്ല.

തങ്ങള്‍ക്ക് എത്ര തുക വിദേശ ഫണ്ട് കിട്ടിയിട്ടുണ്ട് എന്നു തെളിയിക്കാന്‍ പരിഷത്തിന് കഴിഞ്ഞില്ലെന്ന് ബഹുമാന്യനായ സിജെഎം നിരീക്ഷിക്കുന്നു. ആദരവോടെ നമുക്ക് അദ്ദേഹത്തോട് ഇങ്ങനെ ചോദിക്കാം. അതെത്രയെന്ന് തെളിയിക്കാനുളള ചുമതല പാഠത്തിന്റെ പ്രവര്‍ത്തകര്‍ക്കല്ലേ യുവര്‍ ഓണര്‍! അവരല്ലേ ആരോപണം ഉന്നയിച്ചത്? ഈ ചോദ്യങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്നും നിശ്ചയമില്ല. പക്ഷേ ചോദിക്കാതിരുന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ട് പ്രായത്തിന് പിന്നെയെന്തര്‍ത്ഥം?

കണക്കുകെട്ടും കിത്താബുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളുമടക്കം പരിഷത്തിന്റെ രേഖകള്‍ കോടതിമുമ്പാകെ. കുറേ വെബ് സൈറ്റുകളില്‍ നിന്നെടുത്ത പ്രിന്റൗട്ടുകള്‍ പാഠത്തിന്റെ കൈവശം. (വെബ് സൈറ്റില്‍ പ്രസിദ്ധം ചെയ്താണല്ലോ സിഐഎ തങ്ങളുടെ ചാരവൃത്തി നടത്തുന്നത്!). പക്ഷേ, പരിഷത്തിനെ ചാരസംഘടനയെന്നു വിളിക്കാന്‍ പാഠം ഹാജരാക്കിയ രേഖകളുടെ ആധികാരികതയൊന്നും വിധിന്യായത്തിലില്ല.

പരിഷത്തിന് പണം കൊടുത്ത സിഡിഎസിനെയോ അവര്‍ക്ക് പണം കൊടുത്ത നെതര്‍ലണ്ട്സുകാരെയോ വിസ്തരിച്ചോയെന്നും അറിയില്ല.

അപ്പീലിന്മേല്‍ ഈ ചോദ്യങ്ങളുടെ ഉത്തരം കിട്ടിയേക്കാം. ഇനി സിഡിഎസ് വഴിയല്ല പരിഷത്തിന് ചാരപ്പണം എത്തിയതെങ്കില്‍ അതിന്റെ ഉറവിടവും വഴികളും പാഠം ബഹുമാനപ്പെട്ട ന്യായാധിപനെ അറിയിക്കേണ്ടേ. ആ അറിവ് വിധി ന്യായത്തിന്റെ പ്രധാന ഭാഗമാകണ്ടേ. ചോദ്യങ്ങള്‍ ഇനിയും നീളും.

ഡച്ച് സര്‍ക്കാരില്‍ നിന്നും സിഡിഎസിന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് പ്രോജക്ടുകള്‍ ചെയ്ത 300 പേരില്‍ ഒരു സംഘടന മാത്രമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. മുന്‍ ചീഫ് സെക്രട്ടറി പദ്മ രാമചന്ദ്രന്‍, ഐജി ബി സന്ധ്യ, അന്വേഷി പ്രസിഡന്റ് അജിത, സിഎംപി നേതാവ് സി പി ജോണ്‍ എന്നിങ്ങനെ നീളുന്നു ആ സാമ്പത്തിക സഹായം കൈപ്പറ്റി വിവിധ പ്രോജക്ടുകള്‍ ചെയ്തവരുടെ നിര.

ഇവരെല്ലാം ചാരന്മാരാണോ? അതോ ഇവര്‍ ചാരന്മാരും ചാരത്തികളും അല്ലാതാവുകയും പരിഷത്തിനെ ആ ഗണത്തില്‍ പെടുത്തുകയും ചെയ്യുന്ന മഹേന്ദ്രജാലം എന്താണ്?

പണ്ടൊക്കെ ആണവരഹസ്യങ്ങളും പ്രതിരോധ രഹസ്യങ്ങളുമൊക്കെയാണ് ചാരന്മാര്‍ തപ്പിക്കൊണ്ടു പോവുക. വെളളാങ്ങന്നൂര്‍ പഞ്ചായത്തില്‍ ആകെയെത്ര കിണറുകളുണ്ട്, അവയിലെ ആകെ ജലം എത്ര ഘനമീറ്റര്‍ മുതലായ കാര്യങ്ങളിലാണ് സിഐഎ ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതത്രേ!

സിപിഎമ്മിലെ ഗ്രൂപ്പു പോരില്‍, പരിഷത്തിനെ ഇരയായി കൊളുത്തി വലിയ മത്സ്യത്തെ പിടിക്കാനിട്ട ചൂണ്ടയാണ് ഈ ചാരക്കഥയെന്ന് അറിയാത്തവര്‍ ആരുണ്ട് കേരളത്തില്‍. ചിലര്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നുവെന്നു മാത്രം.

ആഗോളീകരണത്തില്‍ കേരളീയരെ രക്ഷിക്കാന്‍ അവതരിച്ച ഉഗ്രമൂര്‍ത്തിയാണ് പ്രൊഫസര്‍ എസ് സുധീഷ്. തെറിവിളിച്ചും തന്തയ്ക്കു പറഞ്ഞും ആഗോളീകരണപ്പിശാചിനെ തുരത്താമെന്നു കരുതുന്ന ഒരു നിഷ്കാമ കര്‍മ്മി. കാലണയുടെ പ്രയോജനം നാടിനോ നാട്ടാര്‍ക്കോ ഇദ്ദേഹത്തിനെക്കൊണ്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുളള ഗവേഷണത്തിന് ആരെങ്കിലും വല്ല വിദേശ ഫണ്ടോ മറ്റോ അനുവദിക്കേണ്ടി വരും. അത്രയ്ക്കാണ് മാഹാത്മ്യം.

യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പട്ടാളം വഴി ദേശാഭിമാനിയില്‍ ലാന്റു ചെയ്ത അപ്പുക്കുട്ടന്‍ വളളിക്കുന്ന്, ഡിപിഇപി നടപ്പാക്കിയപ്പോള്‍ മാഷു പണിക്ക് ദേഹമനങ്ങുമെന്ന് തിരിച്ചറിഞ്ഞ് ജോലി തന്നെ രാജിവെച്ച വി പി വാസുദേവന്‍, ആഗോളീകരണത്തെ ആവാഹിച്ച് കുറ്റിയില്‍ തറയ്ക്കാന്‍ പോന്ന ഉഗ്രരൂപങ്ങളെത്ര!

ഇവരെഴുതുന്ന 'പാഠ'ങ്ങള്‍ വായിച്ചാണത്രേ ശാസ്ത്രസാഹിത്യ പരിഷത്ത് മര്യാദ പഠിക്കേണ്ടത്. നേര്‍വഴി നടക്കേണ്ടത്! നന്നായി വളരേണ്ടത്!

'പാഠം' വായിച്ചു പരിഷത്ത് നന്നാവട്ടെ. "പാഠം അധ്വാനം, പാഠം സമ്പത്ത്, പാഠം ജനനന്മയ്ക്ക്" എന്ന് മുദ്രാവാക്യം മാറ്റിയെഴുതാന്‍ ഏതായാലും കോടതി പരിഷത്തിനോട് ആവശ്യപ്പെട്ടില്ല. അത്രയും ഭാഗ്യം. പാഠമേവ ജയതേ!

വഴിയില്‍ കേട്ടത് : രാജിയും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് യശ:ശരീരനായ വിജയന്‍ മാഷ് (ജോലി രാജിവെയ്ക്കുന്നതല്ല , പുകസ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുന്നത്)

അപ്പോള്‍ 1976ല്‍ പൊതുപ്രവര്‍ത്തനത്തില്‍ കമ്പം കയറി ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജോലി രാജിവെച്ച ഡോ. എം പി പരമേശ്വരന്‍ ചെയ്തതോ? തോന്ന്യാസം, അല്ലാതെന്ത്?

അനു:ബന്ധ പോസ്റ്റുകള്‍
  1. പരിഷത്തു ചാരസംഘടനയോ? കിരണിനു മറുപടി.

Wednesday, October 17, 2007

വിവാഹം കത്തോലിക്ക സമൂഹത്തില്‍

മത്തായി ചാക്കോ പള്ളിയില്‍ വച്ച്‌ വിവാഹിതനായി എന്ന പുതിയ വിവാദവും അതേത്തുടര്‍ന്ന്‌ വിവാഹ രജിസ്റ്ററില്‍ ഉള്ളത്‌ വ്യാജ ഒപ്പാണ്‌ എന്നരീതിയിലുള്ള മറ്റൊരു വിവാദവും ഉയര്‍ന്ന സാഹചര്യത്തില്‍ കത്തോലിക്ക സഭയില്‍ വിവാഹം നടക്കുന്നതിന്റെ ഒരു സംഷിപ്ത വിവരണം ഞാന്‍ പങ്കുവയ്ക്കുന്നു.

ക്രിസ്ത്യ‍ന്‍ സമുദായത്തില്‍ പ്രപ്പോസലുകള്‍ പൊതുവേ ബ്രോക്കര്‍മാര്‍ മുഖേനയാണ്‌ നടാക്കുക. പല ആള്‍ക്കാരും കല്യാണത്തെപ്പറ്റി ചിന്തിച്ച്‌ തുടങ്ങുന്നത്‌ ഈ ബ്രോക്കര്‍മാര്‍ നിങ്ങളുടെ മകന്‍/മകള്‍ ക്ക്‌ പറ്റിയ ഒരു നല്ല ഒരു പ്രപ്പോസല്‍ ഉണ്ടെന്ന്‌ ചെറുക്കന്റെയോ പെണ്ണിന്റെയോ അഛന്റെ അടുത്ത്‌ പറയുമ്പോളാണ്‌. സൗകര്യത്തിന്‌ നമുക്ക്‌ ചെറുക്കന്റെ ആംഗിളില്‍ വിശദീകരിക്കാം

പെണ്ണുകാണാല്‍

ചെറുക്കന്‍ ബ്രോക്കര്‍ക്കൊപ്പം തന്റെ സുഹൃത്തുക്കളില്‍ ആരേയെങ്കിലും ഒരാളേക്കൂട്ടി പെണ്ണിന്റെ വീട്ടില്‍ പോയി പെണ്ണ്‌ കാണുന്നതാണ്‌ ആദ്യ ചടങ്ങ്‌. ചായ ലഡ്ഡു, ജിലെബി മിക്ചര്‍ തുടങ്ങിയ കഴിക്കാനായി കിട്ടുമെങ്കിലും ഫസ്റ്റ്‌ ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ വേണ്ടി ഒരു ലഡുവോ മറ്റോ ഏടുത്തെങ്കിലായൈ. ചായ കുടിക്കുന്നതിനിടയില്‍ പെണ്ണിന്റെ വീട്ടുകാര്‍ ബ്രോക്കറോടും സുഹൃത്തിനോടും ഭയങ്കര പരിചയക്കാരേപ്പോലെ സംസാരിച്ചുകൊണ്ടിരിക്കും. അതിനിടയില്‍ പെണ്ണിന്റെ ബന്ധുക്കളില്‍ ആരെങ്കിലും ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കനുണ്ടെങ്കില്‍ ആകട്ടേ എന്ന്‌ പറഞ്ഞ്‌ ഒരു മുറിയിലേക്ക്‌ വിടും. അവിടെ വച്ച്‌ ചെറുക്കനും പെണ്ണും എന്തെങ്കിലുമൊക്കെ സംസാരിക്കും. ഈ സമയത്തിനുള്ളില്‍ ചെറുക്കന്‍ ഒരു തീരുമാനത്തില്‍ എത്തിയിരിക്കണം. പിന്നീട്‌ വീട്ടില്‍ ചെന്ന്‌ ചെറുക്കന്‍ മാതാപിതാക്കളേ തീരുമാനം അറിയിക്കും. പെണ്ണ്‌ വീട്ടുകാര്‍ക്കും ചെറുക്കനേ ബോധിച്ചാല്‍ പിന്നെ പെണ്ണുവീട്ടുകാര്‍ ചെറുക്കന്‍ കാണന്‍ വരുന്ന ചടങ്ങണ്‌ അടുത്തത്‌

ചെറുക്കന്‍ കാണല്‍

പെണ്ണിന്റെ ഉറ്റബന്ധുക്കള്‍ ചെറുക്കന്റെ വീട്‌ കാണാന്‍ വരുന്ന ചടങ്ങാണ്‌ ഇത്‌. ചെറുക്കന്റെ വീട്‌ ചുറ്റുവട്ടം ബന്ധുക്കള്‍ ഇവയൊക്കെ ക്ലോസ്‌ വാച്ച്‌ ചെയ്യുക എന്നതാണ്‌ ഈ ചടങ്ങിന്റെ ലക്ഷ്യം. കാര്‍ഷിക പശ്ചത്തലമുള്ള ഇടത്തരം കുടുംബങ്ങളില്‍ ചെറുക്കന്റെ വീട്ടിലെ റബ്ബര്‍ മരങ്ങളുടെ കരുത്തും തെങ്ങിലേ കായ്‌ഫലം പോലും നിയുക്ത അളിയന്മാര്‍ അനലൈസ്‌ ചെയ്യു. ഇതൊക്കെ ബോധിച്ചാല്‍ എല്ലാവരും കൂടി പുറത്തിറങ്ങി കൂലംകുലിഷമായി ചര്‍ച്ച തുടങ്ങും. ഭൂരിപക്ഷ അഭിപ്രായം അനുകൂലമെങ്കില്‍ പിന്നെ ചെറുക്കന്‍ വീട്ടുകാരെ പെണ്ണ്‌ വീട്‌ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയായി.

പെണ്ണ്‌ വീട്‌ സന്ദര്‍ശനം

ചെറുക്കന്റെ ഉറ്റ ബന്ധുക്കള്‍ പ്രത്യേകിച്ച്‌ പെങ്ങന്മാര്‍ അമ്മായിമാര്‍ എന്നിവര്‍ക്ക്‌ നിര്‍ണ്ണായകമായ ഒരു ചടങ്ങാണ്‌ ഇത്‌. പെണ്ണ്‌ വീട്ടുകാരെ നന്നായി പഠിക്കുക എന്നതാണ്‌ ഈ ചടങ്ങിന്റെ ഉദ്ദേശം. പെണ്ണ്‌ വീട്ടുകാര്‍ക്ക്‌ അടുക്കും ചിട്ടയുമുണ്ടോ വീടും പരിസരവും വൃത്തിയുള്ളതാണ്‌ എന്തിന്‌ പറയുന്നു പെണ്ണ്‌ വീട്ടില്‍ വെള്ളം കോരുന്ന തൊട്ടി മുതല്‍ തോര്‍ത്തുവരെ ഇവിടെ ക്ലോസ്‌ വാച്ചിന്‌ വിധേയമാകും. സംഗതികള്‍ ഒക്കെ ബോധിച്ചാല്‍ എല്ലാവരും പുറത്തിറങ്ങി വീണ്ടും കുശുകുശുപ്പ്‌ തുടങ്ങും. അവസാനം തെരെഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുന്നത്‌ പോലെ ചെറുക്കന്റെ അമ്മാവനോ വല്യഛനോ തീരുമാനം പ്രഖ്യാപിക്കും. തീരുമാനം പോസിറ്റീവാണെങ്കില്‍ പെണ്ണുവീട്ടില്‍ നിന്ന്‌ ഭക്ഷണം കഴിക്കും പിന്നീട്‌ കല്യാണ നിശ്ചയം നടത്താന്‍ ഇവരെ ചെറുക്കന്‍ വീട്ടിലേക്ക്‌ ക്ഷണിക്കും.

കല്ല്യാണം ഉറപ്പിക്കല്‍

ചെറുക്കന്റെ വീട്ടിലേക്ക്‌ ഇതുവരെ പോകാത്ത പെണ്ണിന്റെ ബന്ധുക്കള്‍ക്കാണ്‌ ( പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌) ഈ ചടങ്ങിന്‌ പോകാന്‍ മുന്‍ഗണന. പിന്നെ പെണ്ണിന്റെ അഛനും അത്യാവശ്യം കാരണവന്മാരുമായി ഏതാണ്ട്‌ 10-15 ഓളം പേര്‍ ചെറുക്കന്റെ വീട്ടില്‍ പോയി മനസമ്മതവും കല്യാണവും നടത്താനുള്ള തിയതി നിശ്ചയിക്കുന്നു. കര്‍ക്കിടകവും കന്നിമാസവും പരമാവധി ഒഴിവാക്കിയാകും ഒരു തിയതി നിശ്ചയിക്കുക. പിന്നെ പള്ളില്‍ അച്ചന്റെ സൗകര്യവും ഹാളിന്റെ ലഭ്യതയും അനുസരിച്ച്‌ മാറ്റാവുന്ന രീതിയില്‍ മനസമ്മത്‌ കല്യാണ തിയതികള്‍ നിശ്ചയിക്കുന്നു.

[
മുകളില്‍ വിവരിച്ച്‌ ഏത്‌ സ്റ്റെപ്പില്‍ വച്ചോ അതിന്‌ ശേഷമോ കല്ല്യാണം മാറിപ്പോകാന്‍ ഏതാണ്ട്‌ 50% കൂടുതല്‍ സാധ്യതയുണ്ട്‌. എതാണ്ട്‌ മനസമ്മതം നടക്കുന്നത്‌ വരേ പെണ്ണിനേയും ചെറുക്കനേയും കുറിച്ച്‌ കൂലംകുലിഷതമായ അന്വേഷണങ്ങള്‍ നടക്കുനുണ്ടാകും. പിന്നെ സ്ത്രീധന കാര്യത്തില്‍ ചെറുക്കന്‍ കാണല്‍ ചടങ്ങില്‍ ഒരു തീരുമാനം ആകാനുള്ള സാധ്യതയും ഉണ്ടാകണം. പെണ്ണുകാണല്‍ ചടങ്ങു കഴിഞ്ഞാല്‍ കല്യാണം വരെയുള്ള ചടങ്ങുകളില്‍ വധുവരന്മാര്‍ക്ക്‌ പ്രത്യേക ഒരു റോള്‍ ഇല്ല.
]


വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും സഭ ആവശ്യപ്പെടുന്ന കാര്യങ്ങള്‍

  1. നിര്‍ബന്ധമായും സണ്‍ഡേ സ്കൂള്‍ ഡിപ്ലോമയോ കോഴ്സ്‌ സര്‍ട്ടിഫിക്കറ്റോ ഉള്ള ആളാകണം വിവാഹര്‍ത്ഥി. ഇത്‌ ഇല്ലെങ്കില്‍ രൂപതയില്‍ നിന്നും പ്രത്യേകം അനുവാദം ആവശ്യമാണ്‌
  2. വിവാഹത്തിന്‌ മുന്‍പ്‌ വിവാഹാത്ഥികള്‍ സഭ നടത്തുന്ന്‌ വിവാഹത്തിന്‌ ഒരുങ്ങള്‍ ക്ലാസ്‌ കൂടീയിരിക്കണം. 3 ദിവസം ഈ കോഴ്‌സ്‌ നടത്തുന്ന സ്ഥലത്ത്‌ താമസിച്ച്‌ ഈ കോഴ്സ്‌ ചെയ്ത്‌ തീര്‍ക്കണം. വിവാഹ നിശ്ചയത്തിന്‌ ശേഷം ചെറുക്കനും പെണ്ണും ഒന്നിച്ച്‌ ഈ കോഴ്സ്‌ കൂടാന്‍ സഭ തത്പര്യപ്പെടുന്നു(എന്നാല്‍ അത്‌ നിര്‍ബന്ധമില്ല.)
  3. പിന്നീട്‌ ചെറുക്കനും പെണ്ണും സ്വന്തം ഇടവകയില്‍ ഒരു വിവാഹ അപേക്ഷാ ഫോറം നല്‍കണം. അതില്‍ ഇരു കൂട്ടരുടേയും വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം
  4. ഇതും പ്രീമാര്യേജ്‌ കോഴ്സിന്റെ സര്‍ട്ടിഫിക്കേറ്റും നല്‍കി കഴിയുമ്പോള്‍ മനസമ്മതത്തിന്റെ കുറി ( സഭ സമ്മത പത്രം) ലഭിക്കും.
  5. വിവാഹപ്രായമായതിന്‌ ശേഷം 6 മാസത്തില്‍ കൂടുതല്‍ വിവാഹാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെ ഇടവകകളില്‍ നിന്ന്‌ ഒരു NOC വാങ്ങി വരേണ്ടതുണ്ട്‌.
  6. വിവാഹത്തിന്‌ മുന്‍പ്‌ വധു വരന്മാര്‍ അതത്‌ ഇടവക വികാരിയേ നമസ്കാരം ചൊല്ലികേള്‍പ്പിക്കുക എന്നൊരു ചടങ്ങുണ്ട്‌. ഇതില്‍ പ്രര്‍ത്ഥനകള്‍ നമസ്കാരങ്ങള്‍ എന്നിവയിലുള്ള വിവാഹാര്‍ത്ഥിയുടെ പരിജ്ഞാനം അളക്കുന്നതാണ്‌. ഇതില്‍ മികവ്‌ കാട്ടിയിലെങ്കില്‍ റീപ്പീറ്റ്‌ അടിക്കാനുള്ള സാധ്യതയുണ്ട്‌. 50% ആള്‍ക്കാരും റീപ്പീറ്റിന്‌ അര്‍ഹരാണെങ്കിലും പുരോഹിതര്‍ കുറച്ച്‌ ഉപദേശമൊക്കെ നല്‍കി ജയിപ്പിച്ച്‌ വിടുകയാണ്‌ പതിവ്‌ ( ഞാന്‍ റിപ്പീറ്റ്‌ ചെയ്തു.)
  7. വിവാഹം നിശ്ചയിച്ചതിന്‌ ശേഷം 3 ഞായറാഴ്ച ഇരു ഇടവകകളിലും കുര്‍ബാന മധ്യേ കല്ല്യാണം വിളിച്ചു ചൊല്ലും. വിവാഹ നിശ്ചയം നടന്ന വിവരം പരസ്യമാക്കാനാണ്‌ ഇത്‌.( ഇത്‌ ഏറ്റവും ഗുണം ചെയ്യുന്നത്‌ കല്ല്യാണ മുടക്കികള്‍ക്കാണ്‌ കാരണം ഇരു കൂട്ടരുടേയും വിവരങ്ങള്‍ ഇവര്‍ക്ക്‌ കൃത്യമായി ലഭിക്കും. ഈക്കൂട്ടരേയും അതിജീവിച്ചാണ്‌ ഒരു ക്രിസ്ത്യന്‍ കല്ല്യാണം നടക്കുന്നത്‌) . എന്നാല്‍ ചില പ്രത്യേക സാഹ്ചര്യങ്ങളില്‍ ഒരു തവണ മാത്രം വിളിച്ച്‌ ചൊല്ലി വിവാഹം നടത്താവുന്നതാണ്‌. അതിന്‌ ഫോറോനാ വികാരിയുടെ അനുവാദം വേണം.

മനസമ്മതം ( ഒത്തു കല്ല്യാണം)

പെണ്ണിന്റെ ഇടവകയിലാണ്‌ മനസമ്മതം നടക്കുക. പണ്ടൊക്കെ ഇത്‌ വളരെ ചെറിയ ചടങ്ങായിരുന്നു. എന്നാല്‍ ഇന്ന് പെണ്ണിന്റെ വീട്ടിലെ കല്ല്യാണം എന്നാണ്‌ ഈ ചടങ്ങ്‌ അറിയപ്പെടുന്നത്‌. എന്നാല്‍ സഭയുടെ മനസമ്മത ചടങ്ങ്‌ വളരെ ലളിതമാണ്‌ ഏതാണ്ട്‌ 20 മിനിറ്റ്‌ നീണ്ട്‌ നില്‍ക്കുന്ന് ചടങ്ങ്‌. വരനും വധുവും തങ്ങളുടെ വിവാഹ സമ്മതം പരസ്യമായി അറിയിക്കുന്ന ചടങ്ങാണ്‌ ഇത്‌. കാര്‍മ്മികന്റെ മുന്‍പില്‍ തങ്ങള്‍ സ്വതന്ത്രമായ മനസ്സോടെ ഏടുത്ത തീരുമാനമാണ്‌ ഇതെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു. ഇതിന്‌ ശേഷം ആ ഇടവകയുടെ ഒരു രജിസ്റ്ററില്‍ ഇരുവരും ഒപ്പിടുന്നു. ഒപ്പം ഇരു വിഭാഗത്തില്‍ നിന്നും ഓരോ സാക്ഷികള്‍ക്കൂടി ഒപ്പ്‌ വയ്ക്കുന്നു. ഇരുവരുടേയും അടുത്ത ബന്ധുക്കളാണ്‌ സാക്ഷിയാകുന്നത്‌. മനസമ്മതം കഴിയുമ്പോള്‍ ഇരു കൂട്ടര്‍ക്കും ഈ ഇടവകയില്‍ നിന്ന് കുറി ലഭിക്കുന്നു. ഇത്‌ വിവാഹത്തിന്‌ വരുമ്പോള്‍ കാണിക്കേണ്ടതുണ്ട്‌. മനസമ്മതത്തിന്‌ വരുമ്പോള്‍ ചെറുക്കന്റെ ഇടവകയില്‍ നിന്നും കുറി കൊണ്ടുവരേണ്ടതുണ്ട്‌.

വിവാഹം

കത്തോലിക്ക വിവാഹങ്ങള്‍ വരന്റെ ഇടവകയിലാണ്‌ നടക്കുക. മനസമ്മതിന്റെ അന്ന് ലഭിച്ച്‌ കുറിയുമായി വധുവും കൂട്ടരും വരന്റെ ഇടവകപ്പള്ളിയില്‍ എത്തുന്നു. തുടര്‍ന്ന് കുറി കൈമാറുന്നു. ( ഇതില്ലെങ്കില്‍ വിവാഹം നടക്കില്ല). തുടര്‍ന്ന് വിശുദ്ധ കുബാന മധ്യേയാണ്‌ വിവാഹ കൂദാശ പരികര്‍മ്മം ചെയ്യപ്പെടുന്നത്‌. വിവാഹ കൂദാശയുടെ ഭാഗമായി വീണ്ടും ഒരിക്കല്‍ക്കൂടി ഇരു കൂട്ടരോടും മനസു ചോദ്യം നടത്തും. തുടര്‍ന്ന് താലികെട്ടും മോതിരം മാറലും മന്ത്രകോടി അണിയക്കലും നടക്കുന്നു. തുടര്‍ന്ന് ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും സന്താപത്തിലും സുഖത്തിലും ദു:ഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഒരുമിച്ച്‌ കഴിഞ്ഞുകൊള്ളാമെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തി ഇരുവരും പ്രതിജ്ഞ ചെയ്യുന്നു. തുടര്‍ന്ന് പുരോഹിതന്റെ പ്രസംഗവും കുര്‍ബാനയുടെ ബാക്കിയും നടക്കുന്നു. വിവാഹ ശേഷം ആ ഇടവകയിലെ രജിസ്റ്ററില്‍ ഇരുകൂട്ടരും സാക്ഷികളും ഒപ്പ്‌ വയ്ക്കുന്നു. തുടര്‍ന്ന് സഭ മാര്യേജ്‌ സര്‍ട്ടിഫിക്കറ്റ്‌ തരുന്നു.തുടര്‍ന്ന് നടക്കുന്ന ആര്‍ഭാടകരമായ സദ്യക്ക്‌ ശേഷം വരന്‍ വധുവിന്റെ വീട്ടിലേക്ക്‌ പോകുന്നു ( ആ പതിവ്‌ മാറി വരുന്നുണ്ട്‌)


കത്തോലിക്ക സഭയുടെ നിയമമനുസ്സരിച്ച്‌ ഇരുവരും കത്തോലിക്കരാകണമെന്നാണ്‌ സഭ നിഷ്കര്‍ഷിക്കുന്നത്‌ എങ്കിലും മറ്റ്‌ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരയോ അക്രൈസ്തവരേപ്പോലുമോ പള്ളിയില്‍ വച്ച്‌ വിവാഹം കഴിക്കാന്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ അനുവദിക്കാറുണ്ട്‌. അകത്തോലിക്കനായ വിവാഹാര്‍ത്ഥി തങ്ങള്‍ക്കുണ്ടാകുന്ന കുട്ടികളെ ക്രൈസ്തവ വിശ്വാസമനുസ്സരിച്ച്‌ വളര്‍ത്താം എന്നും ഒരിക്കലൗം കത്തോലിക്ക പങ്കാളിയുടെ വിശ്വാസം മാറ്റാന്‍ ശ്രമിക്കില്ലാ എന്നും ഒരു സത്യവാങ്ങ്‌ നല്‍കണം. പിന്നെ ഇതിനും ബിഷപ്പിന്റെ പ്രത്യേക അനുമതി ആവയമാണ്‌.

Monday, October 15, 2007

അന്ത്യ കൂദാശ വിവാദം

അങ്ങനെ വീണ്ടും കിട്ടി നമുക്കൊരു വിവാദം അതാണ്‌ അന്ത്യകൂദാശ വിവാദം. വിവാദ സൃഷ്ടാവ്‌ സ്‌:പിണറായി ആയതിനാല്‍ ഇത്‌ പിടിച്ചാല്‍ കിട്ടില്ല . മാത്തുക്കുട്ടിച്ചയനും നികേഷും തൊട്ട്‌ കിരണ തോമസ്‌ വരെ എഴുതിക്കളയും ഈ വിവാദത്തെപ്പറ്റി.

ഇനി നമുക്ക്‌ വിവാദ സംഭവങ്ങള്‍ ഒന്ന് പരിശോധിക്കാം.

കഴിഞ്ഞ മാസം എട്ടിന്‌ ന്യൂനപക്ഷ അവകാശ റാലിയില്‍ താമരശ്ശേരി ബിഷപ്പ്‌ നടത്തിയ പ്രസ്താവനെയാണ്‌ ഈ വിവാദത്തിന്‌ ആധാരം. പിറ്റേന്ന് വന്ന മനോരമ വാര്‍ത്തയില്‍ മത്തായി ചാക്കോ സുബോധത്തോടെ അന്ത്യ്‌ കൂദാശ സ്വീകരിച്ചതായി ചിറ്റിലപ്പള്ളി പിതാവ്‌ പറഞ്ഞു എന്നതാണ്‌. മരിക്കുന്നതിന്‌ മുന്‍പ്‌ അന്ത്യകൂദാശ സ്വീകരിച്ച്‌ മത്തായി ചാക്കോയേ പാര്‍ട്ടി സ്ഥലത്ത്‌ അടക്കി സഭയേയും വിശ്വാസികളേയും അപമാനിച്ച പാര്‍ട്ടി നേതൃത്വം മാപ്പ്‌ പറയണമെന്ന് ചിറ്റിലപ്പള്ളി പിതാവ്‌ പറഞ്ഞതായി ഇന്നത്തെ മാതൃഭൂമി പത്രവും സാക്ഷ്യപ്പെടുത്തുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ഏതാണ്ട്‌ ഒരു മാസത്തിന്‌ ശേഷം മത്തായിചാക്കോയുടെ ഒന്നാം ചരമവാര്‍ഷിക വേളയില്‍ പിണറായി ആഞ്ഞടിച്ചത്‌. സ്വബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചു എന്ന് പറഞ്ഞത്‌ പച്ചക്കള്ളമാണ്‌ എന്നും സ്വബോധം നഷ്ടപ്പെടുന്നവര്‍ക്ക്‌ ( രണ്ടെണ്ണം വീശിയിട്ട്‌) അങ്ങനെ പറയാന്‍ കഴിയൂ എന്നും അങ്ങനെ പറയുന്ന ആള്‍ നികൃഷ്ട ജീവിയായി കരുതേണ്ടവരാണ്‌ എന്നുമൊക്കെ സഖാവ്‌ നിലയും വിലയുമൊക്കെ മറന്ന് ആര്‍ത്തട്ടഹസിച്ചപ്പോള്‍ ഇതാവരുന്നു സഭ സിംഹങ്ങളും ന്യൂനപക്ഷ സ്നേഹികളും വിമര്‍ശനങ്ങളുമായി.

ഇനി നമുക്ക്‌ ഇതിനെ ഒന്ന് ഇഴ കീറി പരിശോധിക്കാം.

തിരുവമ്പാടിയില്‍ മത്തായി ചാക്കോയേ കത്തോലിക്കാ സഭ പിന്തുണച്ചിരുന്നു എന്നത്‌ സത്യമാണ്‌. അതുകൊണ്ട്‌ തന്നെ സഭയും ചാക്കോയും തമ്മില്‍ നേരിട്ട്‌ ഒരു വിടവ്‌ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കത്തോലിക്കാ വിശ്വാസം പിന്തുടരുകയും മക്കള്‍ കൂദാശകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിവാഹം പാര്‍ട്ടി രീതിയില്‍ ആയിരുന്നു എങ്കിലും പള്ളിയില്‍ പോയി അദ്ദേഹം വിവാഹം കഴിച്ചിട്ടുണ്ട്‌ എന്ന് ഇന്നലെ ഇന്ത്യാവിഷനില്‍ സംസാരിച്ച അദ്ദേഹത്തിന്‌ അന്ത്യ കൂദാശ നല്‍കി എന്ന് പറയുന്ന അച്ചന്‍ വെളിപ്പെടുത്തുകയുണ്ടായി. പിന്നെ അദ്ദേഹം തന്റെ മരണാസന്ന ദിനങ്ങളില്‍ തന്നെ സന്ദര്‍ശിക്കാന്‍ വന്ന പുരോഹിതര്‍ നടത്തിയ പ്രര്‍ത്ഥനയോട്‌ എതിര്‍പ്പൊന്നും കാട്ടിയിട്ടും ഉണ്ടായിരുന്നില്ല. മാത്രവുമല്ല അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമൊക്കെ വിശ്വാസികള്‍ ആണു താനും. എന്നാല്‍ അദ്ദേഹം മരിച്ചപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ അന്തിമാഭിലാഷ പ്രകാരം അദ്ദേഹത്തെ പാര്‍ട്ടി സ്ഥലത്ത്‌ അടക്കിയത്‌ സഭാ നേതൃത്വത്തിന്‌ ഇഷ്ടപ്പെട്ടില്ല. തിരുവമ്പാടി ഉപതെരെഞ്ഞെടുപ്പ്‌ നടക്കുമ്പോള്‍ ഇത്‌ ചെറിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഭ ശ്രമിച്ചിരുന്നു. അന്ന സ്വയാശ്രയ പ്രശ്നവും മുരിങ്ങൂര്‍ വിഷയവും ഉയര്‍ത്തി സഭ പരസ്യമായി UDF ന്‌ വേണ്ടി രംഗത്തുണ്ടായിരുന്നു. മുരിങ്ങൂര്‍ വിഷയത്തെ സംബന്ധിച്ച്‌ കൂടരഞ്ഞി പള്ളി വികാരി അന്ന് ഇന്ത്യവിഷനില്‍ പറഞ്ഞ കാര്യങ്ങള്‍ അക്കാലത്ത്‌ എഴുതിയ എന്റെ പോസ്റ്റുകളില്‍ കാണം.

എന്നാല്‍ പിന്നീട്‌ ന്യൂനപക്ഷ അവകാശ സമരം തുടങ്ങുകയും ബിഷപ്പുമാര്‍ നിയന്ത്രണമില്ലാതെ സംസാരിക്കുകയും രണ്ടാം വിമോചന സമരത്തേക്കുറിച്ചും സര്‍ക്കാരിനെ പ്രതിരോധത്തില്‍ നേരിടുന്നതിനേക്കുറിച്ചും പതിനായിരങ്ങള്‍ ജീവത്യാഗം ചെയ്യാന്‍ സന്നദ്ധമാണെന്നുമുള്ള രീതിയില്‍ പ്രകോപന പ്രസംഗങ്ങള്‍ തുടങ്ങിയപ്പോള്‍ ചിറ്റിലപ്പാളിപ്പിതവും ആ ലൈന്‍ പിടിച്ചു. അങ്ങനെ സഭാ വിശ്വാസികളുടെ വികാരപരമായി ഉണര്‍ത്താന്‍ ഇതേ തന്ത്രം നടത്തിയതിന്റെ ഭാഗമായിരുന്നു ഈ പ്രസ്താവന. അതിനുള്ള മറുപടി പിണറായി അതേ ഭാഷയില്‍ തിരിച്ച്‌ കൊടുക്കുകയാണ്‌ ഉണ്ടായത്‌. തങ്ങളുടെ വിശ്വാസിയേ പാര്‍ട്ടി ഹൈജാക്ക്‌ ചെയ്തു എന്ന് സഭ പറഞ്ഞപ്പോള്‍ തങ്ങളുടെ സഖാവിനെ ഹൈജാക്ക്‌ ചെയ്യാന്‍ സഭ നോക്കെണ്ട എന്ന സന്ദേശമാണ്‌ പാര്‍ട്ടി നല്‍കിയത്‌.

ഇന്നത്തെ വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ തെളിയുന്ന മറ്റൊരു കാര്യം സുബോധത്തോടെ ചാക്കോ അന്ത്യ കൂദാശ സ്വീകരിച്ചിട്ടില്ലാ എന്നാണ്‌. അപ്പോള്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവന ബിഷപ്പിന്റെ ഭാഗത്ത്‌ നിന്നുണ്ടായതും തെറ്റ്‌ തന്നേ. പിണറായി അതേ നാണയത്തില്‍ തിരിച്ചടിച്ചതു തെറ്റാണെന്നേ നിഷ്പക്ഷ മതികള്‍ക്ക്‌ പറയാന്‍ കഴിയൂ. പിണറായിക്ക്‌ അങ്ങനെ പറയുനുള്ള ഒരു പ്രകോപനം സഭ സൃഷ്ടിച്ചു എന്നത്‌ മറന്നു പോകാന്‍ പറ്റാത്ത വസ്തുതയാണ്‌.

വാല്‍ക്കഷ്ണം:

1) ജീവിതത്തിന്റെ അവസാന നിമിഷം വരെ അച്ചടക്ക നടപടിയുടെ വാള്‍ തലക്ക്‌ മീതേയുണ്ടായിരുന്ന മത്തായി ചാക്കോ ഔദോഗിക പക്ഷത്തിന്റെ കണ്ണിലെ കരടായിരുന്നു. ഇന്ന് അദ്ദേഹത്തെ ചുളിവില്‍ പിണറായി ഹൈജാക്ക്‌ ചെയ്തു. പിന്നെ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടല്ലോ കാര്യം ഇനിയെങ്ങാനും സ: ചാക്കോ വല്ല ദുര്‍ബല നിമിഷത്തിലും അന്ത്യ കൂദാശ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത്‌ കാല്‍പനീക കമ്യൂണിസ്റ്റുകളും മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ ആശയങ്ങളുടെ നേരവകാശികളും പിന്നെ വൈരുദ്ധധിഷ്ടിത ഭൗതീക വാദത്തിന്റെ യതാര്‍ത്ഥ പ്രയോഗക്കരുമായ്‌ VS പക്ഷത്തിന്റെ ദൗര്‍ബല്യം തുറന്ന് കാണിക്കാന്‍ സഹായിക്കുകയും ചെയ്യും . എങ്ങനെയുണ്ടെന്റെ ബുദ്ധി

2) പിണറായി വിജയന്‍ ബിഷപ്പിനെ പരാമര്‍ശിക്കാതെ നടത്തിയ പ്രസ്താവനയേ മുന്‍ നിര്‍ത്തി പ്രതിഷേധത്തിനിറങ്ങിയ പിതാക്കന്മാര്‍ കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ കാഞ്ഞിരപ്പള്ളി പിതാവിനെതിരെ P.C. ജോര്‍ജ്‌ ദിവസങ്ങളോളം ചാനലുകളില്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ ആരും ഒന്നും മിണ്ടിക്കണ്ടില്ല. മാത്രവുമല്ല കാഞ്ഞിരപ്പള്ളി പിതാവ്‌ മെത്രാന്‍ പോയിട്ട്‌ ഒരു കത്തോലിക്കനാകാന്‍ പോലും യോഗ്യനല്ല എന്ന പരസ്യമായി ചാനലുകള്‍ പറഞ്ഞു. വേറെ പലതും പറഞ്ഞു അതും എഴുതാന്‍ ആരും അറക്കുന്നത്‌. ഒരു പ്രതിക്ഷേദമോ പ്രസ്താവനയോ ഉണ്ടായില്ല. പിന്നെ സഭ നടത്തിയ ന്യൂനപക്ഷ അവകാശ റാലിയില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ച്‌ അത്‌ പകര്‍ത്താന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകരുടെ മെക്കിട്ട്‌ കേറി പ്രസ്‌ ക്ലബ്‌ അടിച്ച്‌ തകര്‍ത്തവരേപ്പറ്റിയും പ്രതികരണം വന്നില്ല.

ഈ വിഷയത്തില്‍ മരീചനെഴുതിയ പോസ്റ്റ്‌
കര്‍ത്താവേ, ഇവരെയങ്ങ് വിളിക്കേണമേ....!

Friday, October 05, 2007

എം.എന്‍ വിജയനും ചില സംശയങ്ങളും

എം.എന്‍ വിജയനും അന്തരിച്ചതിനേത്തുടര്‍ന്ന് മാധ്യമങ്ങളിലും ബൂലോകത്തിലും വന്ന ലേഖനങ്ങളില്‍ പൊതുവെ വിലയിരുത്തപ്പെട്ടത്‌ സി.പി.എം. ലെ ജീര്‍ണ്ണതകളെപ്പറ്റി പ്രതികരിച്ച്‌ പുറത്ത്‌ വന്ന ഒരാളായിട്ടാണ്‌. എന്നാല്‍ സി.പി.എം അനുഭാവി മാത്രമായിരുന്ന അദ്ദേഹം ദേശാഭിമാനിയില്‍ നിന്നും പുറത്തുപോകാന്‍ ഉണ്ടായ സാഹചര്യം ജീര്‍ണ്ണത പ്രശ്നം ആയിരുന്നോ?

ഞാന്‍ മനസ്സിലാക്കുന്നത്‌ സി.പി.എം ലെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതുന്നവര്‍ എന്ന് പറയപ്പെടുന്ന ഇപ്പോഴത്തെ ഒരു പറ്റം ആള്‍ക്കാര്‍ ( സുഗതനും അപ്പുക്കുട്ടനും മാതൃഭൂമിയുമൊക്കെ) ഇന്ന് പറയുന്ന ഒരു കാര്യങ്ങളുമല്ല വിജയന്‍ അന്ന് പറഞ്ഞിരുന്നത്‌. ഇന്ന് സി.പി.എം ലെ ജീര്‍ണ്ണതയുടെ പ്രതീകമായി മേല്‍പ്പറഞ്ഞ ആള്‍ക്കാര്‍ എതിര്‍ക്കുന്ന പിണറായിയോ ജയരാജന്മാരോ ഒന്നും വിജയന്‍ മാഷടേ എതിര്‍പ്പിന്റെ മുനയില്‍ നിന്നിരുന്നില്ല. മറിച്ച്‌ എല്ലാ ആരോപണങ്ങളുടേയും മുന തോമസ്‌ ഐസക്കിനെതിരെ ആയിരുന്നു. തോമസ്‌ ഐസക്ക്‌ എം.പി. പരമേശ്വരന്‍ ജോയി ഇളമണ്‍ ഡോ: ഇക്ബാല്‍ തുടങ്ങി CPM ഇല്‍ പരിഷ്കരണം വേണമെന്ന് പറഞ്ഞിരുന്ന ഒരു പറ്റം ബുദ്ധി ജീവികള്‍ക്കെതിരെയാണ്‌ വിജയന്‍ മാഷ്‌ പാഠത്തിലൂടെ ആഞ്ഞടിച്ചത്‌. പ്രത്യേകിച്ച്‌ നാലാം ലോക വാദവും ജനകീയ ആസൂത്രണവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശന വിഷയം. ഇന്നത്തെ മാധ്യമം പത്രത്തില്‍ പറയുന്നതും പ്രധാനമായി ഇത്‌ തന്നെ


മൂന്നാംലോക വികസനത്തിന് മാതൃകയായി ലോകബാങ്കും അനുബന്ധസ്ഥാപനങ്ങളും ഉയര്‍ത്തിക്കാട്ടിയ ജനകീയാസൂത്രണം സാമ്രാജ്യത്വത്തിന്റെ ഇടപെടലിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയത് എം.എന്‍. വിജയനാണ്. യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (യു.എന്‍.ഡി.പി) കേരള പതിപ്പായ ജനകീയാസൂത്രണം ഇടതുപക്ഷപ്രസ്ഥാനങ്ങളെയും പുരോഗമന പ്രസ്ഥാനങ്ങളെയും വലതുവത്കരിക്കുകയാണെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു വിജയന്‍. ഡോ. തോമസ് ഐസക്കിനെ പ്പോലുള്ള സി.പി.എം നേതാക്കള്‍ക്ക് ചില വിദേശബുദ്ധിജീവികളുമായുള്ള ബന്ധവും പങ്കാളിത്ത ജനാധിപത്യം വഴി ഇടതുപക്ഷ സംഘടനകളെ അവര്‍ വഴിതെറ്റിക്കുമെന്ന സൂചനയും വിജയന്‍ നല്‍കിയിരുന്നു.

അതായത്‌ അദ്ദേഹം പങ്കാളിത്ത ജനാധിപത്യത്തെ എതിര്‍ത്തിരുന്നു. ഇടതുപക്ഷ ആശയങ്ങള്‍ അതേ പടി നിലനില്‍ക്കണമെന്നും അതില്‍ കാലത്തിനനുസ്സരിച്ച്‌ മാറ്റങ്ങള്‍ വരരുത്‌ എന്നും അദ്ദേഹം ആഗ്രഹിച്ചു. സംഘടനയിലേക്ക്‌ കാറ്റും വെളിച്ചവും കടക്കരുത്‌ എന്ന കടുംപിടുത്തവും അദ്ദേഹത്തിനുണ്ടായിരുന്നു.

സ്വതന്ത്ര ചിന്തകന്‍ എന്നൊക്കെ മാധ്യമങ്ങള്‍ വാഴ്ത്തുന്ന വിജയന്‍ മാഷ്‌ നാലാം ലോക വാദമെന്ന നിരുപദ്രവമായ ഒരു ആശയം പങ്കുവച്ചു എന്ന ഒറ്റക്കാരണത്താല്‍ പരമേശ്വരനേയും ഇളമണ്ണിനേയും ഇക്ബാലിനേയും പാര്‍ട്ടിയില്‍ നിന്ന് പുകച്ച്‌ പുറത്തു ചാടിച്ചു. പിണറായി വിജയനെ കെട്ടിപ്പിടിച്ച്‌ നിന്നതിനാല്‍ ഐസക്ക്‌ രക്ഷപ്പെട്ടു. ഐസക്കായിരുന്നു വിജയന്റെയും കൂട്ടരുടേയും ലക്ഷ്യം എന്നാല്‍ ആക്രമണം പിന്നീടും തുടര്‍ന്നു.

എന്റെ വിലയിരുത്തലില്‍ തെറ്റുകള്‍ ഉണ്ടാകാം . എന്നാല്‍ ഇത്‌ പിണറായി പക്ഷത്തു നിന്നുള്ള നിലവിളിയാണ്‌ എന്ന മുന്‍വിധിയില്‍ സമീപിക്കാതിരിക്കുക. പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രസക്തനല്ല എന്നാണ്‌ എന്റെ പക്ഷം. എന്നാല്‍ തോമസ്‌ ഐസക്ക്‌ ആണ്‌ താനും. തോമസ്‌ ഐസക്ക്‌ വിജയന്‍ മാഷ്‌ വിമര്‍ശിക്കുന്നത്‌ പോലെ അമേരിക്കന്‍ ചാരനോ മറ്റോ ആണ്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അല്ലെങ്കില്‍ ഐസക്ക്‌ പുലര്‍ത്തുന്ന ചിന്തകളും സാമ്പത്തീക നയങ്ങളും കേരളത്തെ നശിപ്പിക്കും എന്ന് കരുതുന്നുണ്ടോ? ഇതിന്‌ ബദല്‍ എന്താണ്‌. മുന്‍കാല ഇടതുപക്ഷ ഗവണ്മെന്റുകളുടെ സാമ്പത്തീക നയം എന്തായിരുന്നു. അത്‌ എത്രത്തോളം ഈ കാലഘട്ടവുമായി ചേര്‍ന്ന് പോകും.

അനുബന്ധം : മനോരമയില്‍ പ്രസിദ്ധീകരിച്ച്‌ വിജയന്‍ മാഷൂമായി നടത്തിയ അഭിമുഖം.

Monday, October 01, 2007

ചില ജാതി ചിന്തകള്‍

സെപ്റ്റംബര്‍ 25 ആം തിയതി മാതൃഭുമിയുടെ വായനക്കാരുടെ കത്തുകളില്‍ വന്ന ഒരു കുറിപ്പാണ്‌ ഈ പോസ്റ്റ്‌ എഴുതനുള്ള പ്രചോദനം. K.S. പൗലോസ്‌ വാഴക്കുളം എന്ന ആള്‍ ജതിപ്പേര്‍ വിളിച്ചാല്‍ എന്താണ്‌ കുഴപ്പം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ്‌ എന്നെ ഞെട്ടിച്ചത്‌. ജാതീപ്പേരില്‍ എന്താണ്‌ അപമാനം എന്ന് അദ്ദേഹത്തിന്‌ എത്ര ആലോചിട്ടും മനസ്സിലാകുന്നില്ലത്ര. അദ്ദേഹം ഉപസംഹരിക്കുന്നത്‌ ഇങ്ങനെയാണ്‌ " ജാതിയുടേയും മതത്തിന്റെയും പേരില്‍ ആനുകൂല്യങ്ങള്‍ വേണം , എന്നാല്‍ മറ്റാരെങ്കിലും ജാതിപ്പേര്‌ പറഞ്ഞാല്‍ അപമാനമായി ഇതെന്ത്‌ ന്യായം. ഇത്തരം അന്തസാര ശൂന്യവും അസംബന്ധവുമായ പരാതികള്‍ ഉന്നയിക്കാതിരിക്കാനുള്ളാ സാമാന്യബുധ്ദി നമുക്കെന്നാണ്‌ ഉണ്ടാകുക . പൌലോസിന്റെ കുറിപ്പ് ചുവടേ കൊടുക്കുന്നു


എന്നാല്‍ 3 ദിവസങ്ങള്‍ക്ക്‌ ശേഷം ടി. പരമേശ്വരന്‍ ആമ്പലൂര്‍ ഏര്‍ണ്ണാകുളം ഇതിന്‌ മറുപടി എഴുതുകയുണ്ടായി. പൗലോസിന്റെ പാരമ്പര്യമടക്കം ചോദ്യം ചെയ്തുകൊണ്ട്‌ ശക്തമായ തിരിച്ചടിയാണ്‌ പര്‍മേശ്വരന്‍ നല്‍കിയത്‌ . അത് ചുവടേ വായിക്കുക

ഇത്‌ രണ്ടും വായിച്ചപ്പോള്‍ നമ്മുടെ നവോദ്ധാനം എവിടെയെത്തി എന്ന് ചിന്തിച്ച്‌ പോയി. എത്ര തൂത്താലും പുറത്ത് കാണിക്കാതിരുന്നാലും മലയാളി മനസ്സില്‍ ജാതി പൊടി പിടിച്ചു കിടക്കും എന്ന തോന്നലിലേക്ക് എത്തിചേരുന്നു