Friday, October 05, 2007

എം.എന്‍ വിജയനും ചില സംശയങ്ങളും

എം.എന്‍ വിജയനും അന്തരിച്ചതിനേത്തുടര്‍ന്ന് മാധ്യമങ്ങളിലും ബൂലോകത്തിലും വന്ന ലേഖനങ്ങളില്‍ പൊതുവെ വിലയിരുത്തപ്പെട്ടത്‌ സി.പി.എം. ലെ ജീര്‍ണ്ണതകളെപ്പറ്റി പ്രതികരിച്ച്‌ പുറത്ത്‌ വന്ന ഒരാളായിട്ടാണ്‌. എന്നാല്‍ സി.പി.എം അനുഭാവി മാത്രമായിരുന്ന അദ്ദേഹം ദേശാഭിമാനിയില്‍ നിന്നും പുറത്തുപോകാന്‍ ഉണ്ടായ സാഹചര്യം ജീര്‍ണ്ണത പ്രശ്നം ആയിരുന്നോ?

ഞാന്‍ മനസ്സിലാക്കുന്നത്‌ സി.പി.എം ലെ ജീര്‍ണ്ണതകള്‍ക്കെതിരെ പൊരുതുന്നവര്‍ എന്ന് പറയപ്പെടുന്ന ഇപ്പോഴത്തെ ഒരു പറ്റം ആള്‍ക്കാര്‍ ( സുഗതനും അപ്പുക്കുട്ടനും മാതൃഭൂമിയുമൊക്കെ) ഇന്ന് പറയുന്ന ഒരു കാര്യങ്ങളുമല്ല വിജയന്‍ അന്ന് പറഞ്ഞിരുന്നത്‌. ഇന്ന് സി.പി.എം ലെ ജീര്‍ണ്ണതയുടെ പ്രതീകമായി മേല്‍പ്പറഞ്ഞ ആള്‍ക്കാര്‍ എതിര്‍ക്കുന്ന പിണറായിയോ ജയരാജന്മാരോ ഒന്നും വിജയന്‍ മാഷടേ എതിര്‍പ്പിന്റെ മുനയില്‍ നിന്നിരുന്നില്ല. മറിച്ച്‌ എല്ലാ ആരോപണങ്ങളുടേയും മുന തോമസ്‌ ഐസക്കിനെതിരെ ആയിരുന്നു. തോമസ്‌ ഐസക്ക്‌ എം.പി. പരമേശ്വരന്‍ ജോയി ഇളമണ്‍ ഡോ: ഇക്ബാല്‍ തുടങ്ങി CPM ഇല്‍ പരിഷ്കരണം വേണമെന്ന് പറഞ്ഞിരുന്ന ഒരു പറ്റം ബുദ്ധി ജീവികള്‍ക്കെതിരെയാണ്‌ വിജയന്‍ മാഷ്‌ പാഠത്തിലൂടെ ആഞ്ഞടിച്ചത്‌. പ്രത്യേകിച്ച്‌ നാലാം ലോക വാദവും ജനകീയ ആസൂത്രണവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശന വിഷയം. ഇന്നത്തെ മാധ്യമം പത്രത്തില്‍ പറയുന്നതും പ്രധാനമായി ഇത്‌ തന്നെ


മൂന്നാംലോക വികസനത്തിന് മാതൃകയായി ലോകബാങ്കും അനുബന്ധസ്ഥാപനങ്ങളും ഉയര്‍ത്തിക്കാട്ടിയ ജനകീയാസൂത്രണം സാമ്രാജ്യത്വത്തിന്റെ ഇടപെടലിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയത് എം.എന്‍. വിജയനാണ്. യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (യു.എന്‍.ഡി.പി) കേരള പതിപ്പായ ജനകീയാസൂത്രണം ഇടതുപക്ഷപ്രസ്ഥാനങ്ങളെയും പുരോഗമന പ്രസ്ഥാനങ്ങളെയും വലതുവത്കരിക്കുകയാണെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു വിജയന്‍. ഡോ. തോമസ് ഐസക്കിനെ പ്പോലുള്ള സി.പി.എം നേതാക്കള്‍ക്ക് ചില വിദേശബുദ്ധിജീവികളുമായുള്ള ബന്ധവും പങ്കാളിത്ത ജനാധിപത്യം വഴി ഇടതുപക്ഷ സംഘടനകളെ അവര്‍ വഴിതെറ്റിക്കുമെന്ന സൂചനയും വിജയന്‍ നല്‍കിയിരുന്നു.

അതായത്‌ അദ്ദേഹം പങ്കാളിത്ത ജനാധിപത്യത്തെ എതിര്‍ത്തിരുന്നു. ഇടതുപക്ഷ ആശയങ്ങള്‍ അതേ പടി നിലനില്‍ക്കണമെന്നും അതില്‍ കാലത്തിനനുസ്സരിച്ച്‌ മാറ്റങ്ങള്‍ വരരുത്‌ എന്നും അദ്ദേഹം ആഗ്രഹിച്ചു. സംഘടനയിലേക്ക്‌ കാറ്റും വെളിച്ചവും കടക്കരുത്‌ എന്ന കടുംപിടുത്തവും അദ്ദേഹത്തിനുണ്ടായിരുന്നു.

സ്വതന്ത്ര ചിന്തകന്‍ എന്നൊക്കെ മാധ്യമങ്ങള്‍ വാഴ്ത്തുന്ന വിജയന്‍ മാഷ്‌ നാലാം ലോക വാദമെന്ന നിരുപദ്രവമായ ഒരു ആശയം പങ്കുവച്ചു എന്ന ഒറ്റക്കാരണത്താല്‍ പരമേശ്വരനേയും ഇളമണ്ണിനേയും ഇക്ബാലിനേയും പാര്‍ട്ടിയില്‍ നിന്ന് പുകച്ച്‌ പുറത്തു ചാടിച്ചു. പിണറായി വിജയനെ കെട്ടിപ്പിടിച്ച്‌ നിന്നതിനാല്‍ ഐസക്ക്‌ രക്ഷപ്പെട്ടു. ഐസക്കായിരുന്നു വിജയന്റെയും കൂട്ടരുടേയും ലക്ഷ്യം എന്നാല്‍ ആക്രമണം പിന്നീടും തുടര്‍ന്നു.

എന്റെ വിലയിരുത്തലില്‍ തെറ്റുകള്‍ ഉണ്ടാകാം . എന്നാല്‍ ഇത്‌ പിണറായി പക്ഷത്തു നിന്നുള്ള നിലവിളിയാണ്‌ എന്ന മുന്‍വിധിയില്‍ സമീപിക്കാതിരിക്കുക. പിണറായി വിജയന്‍ ഈ വിഷയത്തില്‍ പ്രസക്തനല്ല എന്നാണ്‌ എന്റെ പക്ഷം. എന്നാല്‍ തോമസ്‌ ഐസക്ക്‌ ആണ്‌ താനും. തോമസ്‌ ഐസക്ക്‌ വിജയന്‍ മാഷ്‌ വിമര്‍ശിക്കുന്നത്‌ പോലെ അമേരിക്കന്‍ ചാരനോ മറ്റോ ആണ്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അല്ലെങ്കില്‍ ഐസക്ക്‌ പുലര്‍ത്തുന്ന ചിന്തകളും സാമ്പത്തീക നയങ്ങളും കേരളത്തെ നശിപ്പിക്കും എന്ന് കരുതുന്നുണ്ടോ? ഇതിന്‌ ബദല്‍ എന്താണ്‌. മുന്‍കാല ഇടതുപക്ഷ ഗവണ്മെന്റുകളുടെ സാമ്പത്തീക നയം എന്തായിരുന്നു. അത്‌ എത്രത്തോളം ഈ കാലഘട്ടവുമായി ചേര്‍ന്ന് പോകും.

അനുബന്ധം : മനോരമയില്‍ പ്രസിദ്ധീകരിച്ച്‌ വിജയന്‍ മാഷൂമായി നടത്തിയ അഭിമുഖം.

42 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

എം.എന്‍ വിജയനും അന്തരിച്ചതിനേത്തുടര്‍ന്ന് മാധ്യമങ്ങളിലും ബൂലോകത്തിലും വന്ന ലേഖനങ്ങളില്‍ പൊതുവെ വിലയിരുത്തപ്പെട്ടത്‌ സി.പി.എം. ലെ ജീര്‍ണ്ണതകളെപ്പറ്റി പ്രതികരിച്ച്‌ പുറത്ത്‌ വന്ന ഒരാളായിട്ടാണ്‌. എന്നാല്‍ സി.പി.എം അനുഭാവി മാത്രമായിരുന്ന അദ്ദേഹം ദേശാഭിമാനിയില്‍ നിന്നും പുറത്തുപോകാന്‍ ഉണ്ടായ സാഹചര്യം ജീര്‍ണ്ണത പ്രശ്നം ആയിരുന്നോ?

എബ്രഹാം said...

വളരെ പ്രസക്തമായ ചിന്ത..

നാലം ലോകത്തെ നിശിതമായി എതിര്‍ത്ത ഒരാളാണ് എം.എന്‍.വിജയന്‍.അദ്ദേഹം സി.പി.എം എന്ന പാര്‍ട്ടി ഒരു തരത്തിലുള്ള പുനര്‍വിചിന്തനവും നടത്തുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. കാലത്തിനനുസരിച്ച പാര്‍ട്ടി ചട്ടങ്ങള്‍ക്ക് മാറ്റം ഉണ്ടാവണം എന്ന കാതല്‍ ഉള്‍ക്കൊണ്ട നാലാം ലോക സിദ്ധാന്തത്തെ തകര്‍ത്ത് തരിപ്പിണമാക്കുന്നതില്‍ വിജയനും ആ തെറി എഴുത്തുകാരന്‍ സുധീഷും വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

മരിച്ചതു കൊണ്ട് മാത്രം ഒരാള്‍ മഹാനാവുന്നില്ല

Anonymous said...

oompiya vada mugangal ....
gulfilokke poyi avidethu shake marude raja bahranam kandu videsha carum marubuhi polichundakkunna highwaykalum,amerikkakekku nalu neram kidannu kodukkanthaum kandu varunna chila malyalaikalkku CPM entho puthiya professional part y avan pokunnu ennu thonnum...sahodara thanglokke nivarnnu ninnu parayan prapthmayathil keralithile thalngal adishepicha kattum velichavum keratha aa idathu paksh prasthangalodu nandi paryanam, aleenkil bhooparishkranam polum nadakathe valla janmiyude bhoomiyil kidannu narakikkuyayirukkum ippolum blog malyalitham...

pinee,thomas issacinte kattu kettam ...CIA funding(vimochanamsamra kalathu cia panam irakkiyirunnu ennathu american ambasidor anu paranjthu,vijayan masahalla)

isackum teamum kattiya narithrathinte baki yanu ningal innu kanunna ashimathi kara purandu thudangunna CPM...

vijayan mashu poradiyathu ee chinthkkethireyanu...

കിരണ്‍ തോമസ് തോമ്പില്‍ said...

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇല്ലായിരുന്നു എങ്കില്‍ തല ഉയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കാന്‍ കഴിയില്ലായിരുന്നു എന്നതൊക്കെ ഒരു ഇടതുപക്ഷക്കരന്റെ വാദഗതി ആയിമാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഇടതുപക്ഷം 30 വര്‍ഷം ഭരിച്ച്‌ ബംഗാളം ഇടതും വലതു മാറി മാറി ഭരിക്കുന്ന കേരളവും കണ്ടാല്‍ അത്‌ മനസ്സിലാകും. ഭൂപരിഷ്ക്കരണം ആ കാലഘട്ടത്തില്‍ കമ്യൂനിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ റോള്‍ നിര്‍വ്വഹിക്കുന്നതില്‍ പ്രധാന്യം ഉള്ള ഒന്നു തന്നെ. അതിലൊന്നും ആര്‍ക്കും ഒരു എതിരഭിപ്രായവുമില്ല. എന്നാല്‍ CPM കാലഘട്ടത്തിനനുസ്സരിച്ച്‌ മാറരുത്‌ അല്ലെങ്കില്‍ സംഘടനയിലേക്ക്‌ കാറ്റും വെളിച്ചവും കടക്കരുത്‌ എന്നൊക്കെ പറയുന്നത്‌ എത്രത്തോളം ജനാധിപത്യ വിരുദ്ധമാണ്‌ ചിന്തിക്കൂ. ഇന്ന് ബുദ്ധദേവ്‌ ബട്ടാചാര്യക്ക്‌ ജോതിബസ്സുവിനുപോലും ഈ ചിന്തയുണ്ട്‌. മാറ്റത്തിന്‌ അവര്‍ തയ്യാറായതും അതുകൊണ്ടാണ്‌. കമ്യൂനിസ്റ്റ്‌ പാര്‍ട്ടിയുടെ സ്റ്റാലിനിസ്റ്റ്‌ സ്വഭാവത്തെ വിജയന്‍ മാഷ്‌ പിന്തുണച്ചിട്ടുണ്ട്‌. ജയകൃഷ്ണന്‍ മാഷിന്റെ വധവും പാമ്പ്‌ വളര്‍ത്തല്‍ തകര്‍ക്കലിലും ഒക്കെ ന്യായികരണം കണ്ട ആളാണ്‌ വിജയന്‍. അദ്ദേഹം ഒരു ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റുകാരനായിരിക്കാം. എന്നാല്‍ ഈ ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ പ്രഭവ കേന്ദ്രങ്ങളില്‍ തന്നെ അത്‌ കുറ്റിയറ്റ്‌ പോയത്‌ നാം കാണാതെ പോകരുത്‌. പിന്നെ നമ്മുടെ വിമര്‍ശങ്ങള്‍ വസ്തുനിഷ്ടമാകട്ടേ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു തെറിപറയല്‍ തലത്തിലേക്ക്‌ അത്‌ എത്തരുതേ എന്നും ഒരപേക്ഷ. ഒരു വിഷയത്തെ ഒരു വശത്തു നിന്ന് മാത്രം എല്ലാവരും നോക്കി കാണണം എന്ന കടും പിടുത്തവും ജനാതിപത്യ വിരുദ്ധമല്ലേ എന്നാണ്‌ എന്റെ സംശയം.

സിമി said...

കിരണ്‍,

ചിന്തകളോട് യോജിക്കുന്നു,
പക്ഷേ ഈ വിഷയം അവതരിപ്പിച്ച സമയത്തോട് യോജിക്കാനാവുന്നില്ല.

ഒരു മാസം കഴിഞ്ഞിട്ടായിരുന്നു ഈ പോസ്റ്റെങ്കില്‍ യോജിക്കാന്‍ ആയേനെ.

ഏതൊരു സംഭവവും നടന്ന് (മരണം ഉള്‍പ്പെടെ) തൊട്ടടുത്ത നാളുകളില്‍ ആളുകളുടെ പ്രതികരണങ്ങള്‍ വികാരത്തിന്റേത് ആയിരിക്കും.

കുറച്ചുകഴിയുമ്പോള്‍ വീണ്ടും കാര്യങ്ങളെ നിഷ്പക്ഷമായി കാണാനും കഴിയും.

അപ്പൊഴായിരിക്കും ചര്‍ച്ച വികാരതലത്തില്‍ നിന്നും വിചാരതലത്തിലേയ്ക്ക് എത്തിക്കാന്‍ കഴിയുക എന്നു വിശ്വസിക്കുന്നു.

അമല്‍ | Amal (വാവക്കാടന്‍) said...

Kiran,

(Sorry for typing in English )

Kaattum velichavum kadathuka ennu parayunnath enthineyaanu ?

ee paranja "nava liberal kaattum velichavum" kurach koodi poyathu kondalle, oru CPM kaaranaanennu paranj oraalkku thalayuyarthi nadakkaan pattathe pokunnath. Anganeyulla samayath, anganeyulla kaattum velichavum kadakkatheyirikkan kannilennayozhichu ninna oru poraaliyeyaanu idathu pakshathinu nashtamaayath...
Aadaraanjalikal...

കിരണ്‍ തോമസ് തോമ്പില്‍ said...

വാവക്കാടാ ഇവിടെയാണ്‌ തെറ്റിദ്ധാരണ പരത്തുന്ന ഒരു നിഗമനത്തില്‍ നാം എത്തുന്നത്‌. കാറ്റും വെളിച്ചവും കടക്കണം എന്ന് പറഞ്ഞവര്‍ പലരും പാര്‍ട്ടിക്കരല്ല. പാര്‍ട്ടിക്കരെ വിജയന്‍ മാഷ്‌ കാര്യമായി വിമര്‍ശിച്ചിട്ടില്ല. അതെന്റെ പോസ്റ്റില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എം.പി. പരമേശ്വരനോ, ജോയി ഇളമണോ, ഡോ: ഇക്ബാലോ വിചാരിച്ചാല്‍ കാറ്റ്‌ കടക്കുന്ന പാര്‍ട്ടിയാണോ സി.പി.എം. മാത്രവുമല്ല കാറ്റും വെളിച്ചവും കടക്കണമെന്ന് ഇഷ്ടപ്പെടുന്നവനാണോ പിണറായി വിജയന്‍. എന്നാല്‍ കേവലം നാലാം ലോക വാദം എന്ന ഒറ്റ്‌ വിഷയത്തില്‍ത്തട്ടി മേല്‍പ്പറഞ്ഞവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി. അവര്‍ ഒരു മാഹാ അപരാധമൊന്നും ചെയ്തിട്ടല്ല മറിച്ച്‌ ഒരു ആശയം മുന്നോട്ടു വച്ചു എന്ന് മാത്രം. ഇനി അവര്‍ അമേരിക്കന്‍ ചാരന്മാരാണ്‌ എന്ന് തെളിയിക്കുന്ന എന്റെങ്കിലും ഉണ്ടോ എന്ന് എനിക്ക്‌ വ്യക്തമായിട്ടില്ല. വിജയന്‍ മാഷേക്കുറിച്ച്‌ അനുസ്മരണ ബ്ലോഗ്‌ എഴുതിയ ഷാഫി എഴുതിയത്‌ താങ്കള്‍ ശ്രദ്ധിച്ചോ


"പിണറായി വിജയനെക്കുറിച്ചും കുറച്ചെങ്കിലും പറഞ്ഞു, ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പോലെ എതിര്‍ത്തു കൊണ്ടല്ല. ഏറെ വാത്സല്യത്തോടെ. "

ഇവിടെയാണ്‌ വിജയന്‍ മാഷ്‌ ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിച്ചു എന്നൊക്കെയുള്ള നിഗമനങ്ങളെ ഞാന്‍ ചോദ്യം ചെയ്തത്‌. തോമസ്‌ ഐസക്കും ജനകീയ ആസൂത്രണവുമായിരുന്നു വിജയന്‍ മാഷിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയത്‌ ഒപ്പം നാലാം ലോക വാദവും അതിന്റെ പിന്‍തുണക്കാരും. അല്ലാതെ ഇന്ന് തലയില്‍ മുണ്ടിട്ട്‌ നടക്കേണ്ട അവസ്ഥയുണ്ടാക്കിയ വിഭാഗീതയേപ്പറ്റിയോ സഖാക്കളുടെ മൂല്യഛുതിയേപ്പറ്റിയോ ഒന്നും വിമര്‍ശിച്ചിട്ടല്ല വിജയന്‍ മാഷ്‌ പാര്‍ട്ടിയില്‍ നിന്ന് പോയത്‌ എന്നേ ഞാന്‍ പറഞ്ഞൂള്ളൂ. വിജയന്‍ മാഷേക്കാലും വലിയ പേരാലുകളാണ്‌ ജനശക്തി സുഗുണനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും മാതൃഭുമി പത്രവും പിന്നെ ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായരും. ഇവര്‍ക്കൊക്കെ എന്തൊക്കെ അജണ്ടയുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സി.പി.എം ഇല്‍ ജീര്‍ണ്ണതയുണ്ട്‌ എന്ന് തെളിയിക്കാനായത്‌.

മാരീചന്‍ said...

വിജയന്‍ മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.
കേരളത്തിലെ ക്ഷുഭിതയൗവനങ്ങളുടെ പ്രതിനിധി തന്നെയായിരുന്നു വിജയന്‍ മാഷ്. മാഷിന്റെ ചിന്തകളില്‍ കനലും വാക്കുകളില്‍ തീയുമുണ്ടായിരുന്നു. അത്ര പെട്ടെന്നാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത പാണ്ഡിത്യത്തിന്റെ ഔന്നത്യവും ജീവിതത്തിന്റെ ലാളിത്യവും ജീവിതാവസാനം വരെ മാഷ് പുലര്‍ത്തുകയും ചെയ്തു. എന്നാല്‍........

അതൊരെന്നാലാണ്. മനോരമ വീണ്ടും പ്രസിദ്ധീകരിച്ച ജോണി ലൂക്കോസിന്റെ ഈ അഭിമുഖം വീണ്ടും ഒരാവര്‍ത്തി കൂടി വായിച്ചു നോക്കി. എന്താണ് മാഷ് പറയാന്‍ ശ്രമിക്കുന്നത്? ഏതെങ്കിലും ചോദ്യത്തിന് മാഷിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നോ? രൂപകങ്ങളിലൂടെയാണ് മാഷ് അധികവും സംസാരിച്ചത്. ആര്‍ക്കും ഏതുവിധേനെയും വ്യാഖ്യാനിക്കാവുന്ന രൂപകങ്ങള്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് രൂപാന്തരം വരരുതെന്ന വാശിയെന്തിന് എന്ന ചോദ്യത്തിന് പരിണാമം വന്നെന്നു വെച്ച് മയില്‍ കുയിലാവുമോ എന്നാണ് മാഷ് ചോദിക്കുന്നത്.

ഒരു സാമ്പിള്‍ ചോദ്യവും അതിന്റെ ഉത്തരവും.

ശാസ്ത്രത്തിന്റെ വികാസംകൊണ്ടു ജനതയ്ക്കു ലഭിച്ച ഉപകരണങ്ങള്‍ പുരോഗതിക്കായി ഉപയോഗപ്പെടുത്തിക്കൂടാ എന്ന് എങ്ങനെ വാദിക്കും?

.ആറ്റംബോംബുണ്ടല്ലോ. എന്താ പൊട്ടിക്കാത്തത് എന്ന് ആരും ചോദിക്കാത്തത് എന്ത്? ടെക്നോളജി ഈസ് നോട്ട് ഡെസ്റ്റിനി. വിഷം കണ്ടുപിടിച്ചു, അതുകൊണ്ട് അതു കുടിച്ചോണം എന്നില്ല. മണ്ടന്മാര്‍ രാജ്യം ഭരിക്കുമ്പോള്‍ ആറ്റംബോംബ് പൊട്ടിച്ചുനോക്കുമെന്നും അങ്ങനെ 'ആക്സിഡന്റല്‍ വാര്‍ഫെയര്‍ ഉണ്ടാകുമെന്നും മനസ്സിലാക്കിയാണ് ബര്‍ട്രാന്‍ഡ് റസ്സല്‍ സമാധാനവാദിയായത്. ഭരണാധികാരികള്‍ മണ്ടന്മാരാണ് എന്ന് ഒടുവില്‍ തെളിയിക്കപ്പെട്ടത് ഇറാഖിലാണ്.

എം പി പരമേശ്വരന്റെ നാലാം വാദത്തിന്റെ ആകെത്തുക മാര്‍ക്സിന്റെ സുപ്രസിദ്ധമായ ഒരു വാചകമാണ്. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തരും അവരുടെ ആവശ്യത്തിനനുസരിച്ച്. (everyone according to one's ability, everyone according to one's need) എന്ന തത്ത്വമനുസരിച്ച് ഒരു ജീവിതരീതി രൂപപ്പെടുത്തുന്നതിനെക്കുറിച്ചുളള ചിന്തയായിരുന്നു അത്.

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഗുണപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ടിയിരുന്ന ഒരാശയത്തെ സങ്കുചിതമായ ഗ്രൂപ്പു നേട്ടത്തിന്റെ കളളികളില്‍ തളച്ചിടുകയായിരുന്നു വിഎസ് അച്യുതാനന്ദനും പാഠവും. അപ്പുക്കുട്ടന്‍ വളളിക്കുന്നുമാര്‍ മാര്‍ക്സിനെക്കാള്‍ വലിയ പ്രത്യയശാസ്ത്ര വിശാരദന്മാരായി അരങ്ങു വാണപ്പോള്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജോലിയും ജീവിതവും പാര്‍ട്ടിക്കായി ത്യജിച്ച എം പി പരമേശ്വരന്‍ പാര്‍ട്ടിക്കു പുറത്തായി.

ഡോ. സുകുമാര്‍ അഴിക്കോട് സൂചിപ്പിച്ചതിനപ്പുറം ഒന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

മാഷ് ചിലരുടെ ഉപകരണമായി. മാഷിന്റെ പാണ്ഡിത്യവും യുവമനസുകളിലെ സ്വീകാര്യതയും ചിലര്‍ ബുദ്ധിപരമായി ഉപയോഗിച്ചു. സ്വന്തം നിലയില്‍ വട്ടപ്പൂജ്യമായവരുടെ ബ്രാന്റ് അംബാസഡറായി മാഷ് മാറി. ഒടുവില്‍ രോഗാതുരനായി അവശ്യം വിശ്രമം വേണ്ടിയിരുന്ന അവസരത്തിലും മാഷെ പത്രസമ്മേളനത്തിന് കെട്ടിയെഴുന്നെളളിച്ചു. (വി പി വാസുദേവന്‍ ഫോണില്‍ ആവശ്യപ്പെട്ടത്രേ പോകരുതെന്ന്. വീട്ടുകാര്യമല്ലെന്ന് മറുപടി പറഞ്ഞത്രേ മാഷ്....)

ഒരര്‍ത്ഥത്തില്‍ സിപിഎമ്മിലെ ഗ്രൂപ്പു പോരിന്റെ രക്തസാക്ഷിയാണ് മാഷ്. സ്വന്തം കൈയിലിരുപ്പു കൊണ്ട് പാര്‍ട്ടിയിലെ ന്യൂനപക്ഷമായിപ്പോയവര്‍ക്കു വേണ്ടി വിലപ്പെട്ട സമയം മാഷ് നഷ്ടപ്പെടുത്തി. സമസ്തമണ്ഡലത്തിലും ആഗോളീകരണം കൊടികുത്തി വാഴുമ്പോള്‍ മാഷിന്റെ ശത്രു തോമസ് ഐസക്ക് മാത്രമായിരുന്നു. പട്ടിക വലിച്ചു നീട്ടിയാല്‍ ഡോ ഇക്ബാലും എം പിയും ജോയി ഇളമണുമൊക്കെ വരും.

സാംസ്ക്കാരികപ്രവര്‍ത്തനങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുളള അറിവും കഴിവുമുളള ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ വാര്‍ദ്ധക്യത്തില്‍ തികച്ചും നെഗറ്റീവായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് പാഠം പ്രതിരോധ സമിതിക്ക് അഭിമാനിക്കാം. ചുളുവില്‍ കിട്ടിയ ഒരു രക്തസാക്ഷിത്വത്തിന്റെ മൈലേജില്‍ കോട്ടയം വരെ പോകാമോ എന്നു നോക്കാം.

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച എക്സലന്റ്‌ .
എന്താണോ ഞാന്‍ പറയാന്‍ ഉദ്ദ്യേശിച്ചത്‌ അത്‌ താങ്കള്‍ വ്യക്തമാക്കി.എനിക്ക്‌ പരിമിതികള്‍ ഉണ്ടായിരുന്നു. താങ്കളുടെ കമന്റിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇത്‌ ഇത്തിരി കൂടി താമസിച്ചു പോയിരുന്നു എങ്കില്‍ പലര്‍ക്കും മറുപടി പറയാന്‍ പറ്റാതെ ഞാന്‍ വിഷമിച്ചേനേ. സിമി പറഞ്ഞപോലെ ഞാന്‍ ഈ പോസ്റ്റിട്ടത്‌ ഒരു തെറ്റായ സമയത്താണ്‌. മരണത്തിന്റെ തൊട്ടടുത്ത നാളുകളില്‍ നടക്കുന്ന് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകളുടെ പ്രതികരണങ്ങള്‍ വികാരത്തിന്റേത്‌ ആയിരിക്കും.

കേരളീയന്‍ said...

വിജയന്‍ മാഷ്ക്ക് ആദരാഞ്ജലികള്‍.

അനവസരത്തിലുള്ളതാകുമെന്ന് തോന്നിയത് കൊണ്ടാണ് വിജയന്‍ മാഷെ വിഗ്രഹമാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വാര്‍ത്തകളും കമന്റ് ചെയ്യാതെ ഒഴിവാക്കിയത്. മരണത്തെ ആഘോഷിക്കുന്ന മനോനിലവാരത്തിലേക്ക് മാധ്യമങ്ങളും പൊതു ജനവും താഴുകയാണെന്ന് തോന്നുന്നു. യഥാര്‍ത്ഥ വ്യക്തിത്വത്തെ മറച്ച് ആഘോഷത്തിനുള്ള വിഗ്രഹത്തെ തയ്യാറാക്കുകകയാണ് രീതി. ഒരു തരം ഗണപതി ഉത്സവം.

എന്താണ് യഥാര്‍ത്ഥത്തില്‍ വിജയന്‍ മാഷ്. സ്നേഹ ധനനായ ഒരു അധ്യാപകന്‍ എന്ന് നിസ്സംശയം പറയാം. നല്ല ഭാഷ കൈവശമുണ്ടായിരുന്ന പ്രഭാഷകന്‍. മികച്ച സാഹിത്യ വിമര്‍ശകനോ ചിന്തകനോ അല്ല. മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രത്തെ അരച്ചു കലക്കി കുടിച്ചവന്‍ എന്ന രീതിയിലൊക്കെ ചില വാര്‍ത്തകള്‍ കണ്ടു. വിജയന്‍ മാഷ് സൌന്ദര്യ ശാസ്ത്രത്തിലോ മാര്‍ക്സിയന്‍ ചിന്തയിലോ ഒരു പന്ഥാവും വെട്ടിത്തുറന്നില്ല. മലയാളത്തിലെ ശ്രദ്ധേയമായ ഒരു പുസ്തകവും രചിച്ചില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പൂത്തുലഞ്ഞു നില്ക്കുന്ന ഭാഷക്കപ്പുറം ഒരു ചിന്തയും മുന്നോട്ട് വെച്ചില്ല.

വിജയന്‍ മാഷെ ഏറ്റിക്കൊണ്ട് നടന്നവര്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ അദ്ദേഹത്തെ വിഗ്രഹമാക്കി ആരാധിക്കുകയായിരുന്നു. അവര്‍ക്ക് വേണ്ടത് സി.പി.എമ്മിന്റെ സംഘടിത ശക്തിക്ക് ബദലായി നില്‍ക്കാവുന്ന ഒരു കരിസ്മാറ്റിക് വ്യക്തിത്വമായിരുന്നു. അത് മാറി മാറി അച്യുതാനന്ദനിലും എം.എന്‍.വിജയനിലും ആരോപിച്ച് അവര്‍ സംതൃപ്തി പൂണ്ടു. എന്നാല്‍ ഈ പാത്രസൃഷ്ടിക്ക് അവര്‍ യോജ്യരാണോ? ചിലരുടെ ആഗ്രഹങ്ങള്‍ പ്രക്ഷേപിച്ചാല്‍ വ്യക്തിയാകുമോ. നമുക്കു വേണ്ടത് അഭ്ര പാളികളില്‍ മാത്രം വിരാജിക്കുന്ന ജെയിംസ് ബോണ്ട് 007-മാരെയാണോ?

പങ്കാളിത്ത ജനാധിപത്യത്തേയും, നാലാം ലോകത്തെയും അടച്ച് എതിര്‍ത്തവര്‍ നടത്തിയ പൊറാട്ട് നാടകത്തിലെ വിദൂഷകന്‍ മാത്രമായിരുന്നില്ലേ വിജയന്‍ മാഷ്? ഒരു രീതിയില്‍, കേരള സമൂഹത്തില്‍ അനിവാര്യമായ ഒരു ചിന്താ വിപ്ലവത്തെ ഒരു പത്ത് വര്‍ഷം തടഞ്ഞ് നിര്‍ത്താന്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും കഴിഞ്ഞിരിക്കാം. അതിന് ഉപയോഗിച്ച മാര്‍ഗ്ഗങ്ങള്‍ വരും നാളുകള്‍ വിലയിരുത്തട്ടെ. മാര്‍ക്സിസം എന്ന സോഷ്യല്‍ എവൊല്യൂഷന്‍ തിയറിക്ക് എന്തെങ്കിലും സാംഗത്യമുണ്ടെങ്കില്‍ വിജയന്‍ മാഷിന് തെറ്റിയേ മതിയാകൂ.

ഹ്യൂഗോ ചാവേസ് അമേരിക്കന്‍ ചാരനാണോ? പങ്കാളിത്ത ജനാധിപത്യം എങ്ങനെയാണ് മാര്‍ക്സിസ്റ്റ് വിരുദ്ധമാകുന്നത്? നാലാം ലോകം എങ്ങനെയാണ് മാര്‍ക്സിസ്റ്റ് വിരുദ്ധമാകുന്നത്? മനുഷ്യന്റെ സര്‍ഗ്ഗപരമായ കഴിവ് വിനിയോഗിക്കാനുള്ള അവസരമുള്ള സമൂഹമല്ലേ മാര്‍ക്സിന്റെ ഉട്ടോപ്പിയ? വിജയന്‍ മാഷും കൂട്ടരും നിരത്തിയ വാദങ്ങള്‍ തീര്‍ത്തും ബാലിശമായിരുന്നു എന്ന് പറയാതെ വയ്യ. പാഠം എന്ന മാസിക ഉപയോഗിച്ച ഭാഷ എത്ര തരം താണതായിരുന്നുവെന്ന് വായിച്ചവര്‍ക്കറിയാം.

പിതാവിനെ ആദരിക്കാന്‍ അദ്ദേഹത്തെ യേശുകൃസ്തുവാക്കേണ്ടതില്ല എന്ന് എന്നാണ് മാധ്യമ സാംഘവും നീലകണ്ഠ അപ്പുക്കുട്ട പ്രഭൃതികളും മനസ്സിലാക്കുക. വിജയന്‍ മാഷ് പകര്‍ന്നു തന്ന അക്ഷര വെളിച്ചം മാത്രം മതി അദ്ദേഹത്തെ ആദരണീയനാക്കാന്‍. ലെനിന്‍ മാര്‍ക്സല്ല; വിജയന്‍ മാഷ് അല്‍ത്തൂസറുമല്ല!

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളീയ അപ്പോള്‍ പിണറായി അനുസ്മരിച്ചത് ശരിയായ രീതിയില്‍ ആയിരുന്നോ? അതായത് നല്ല ഒരു കലാലയ അധ്യാപകനായിരുന്നു എന്നത്

പാഞ്ച said...

കിരണിന് ഒരു ശൈലി ഉണ്ട്.

പത്രത്തിലോ , ടിവി.ചാനലിലോ , ബൂലോഗത്തോ കണ്ട ഒരു കാര്യം എടുക്കും. എന്നിട്ട് ഒരു വികല പ്രസ്ഥാവനയോടെ അത് ഇവിടെ എടുത്തിടും , ചര്‍ച്ചയെന്ന് ഓമനപ്പേരിട്ട് വിളിക്കും, ഉടനേ കൊമ്പും ചില്ലയും വടിയും ആയി ചിലര് വരും. പക്ഷേ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മുന്‍‌ധാരണയില്‍ നിന്ന് വ്യ്തിചലിക്കാന്‍ കഴിയാത്തിടത്തോളം ഒരിക്കലും ഒരു സംവാദം ചര്‍ച്ചയാകില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

പാഞ്ചാ അഭിപ്രായം വരവു വച്ചിരിക്കുന്നു. മറ്റുള്ളവ്രര്‍ക്കൂടി പ്രതികരിക്കട്റ്റേ. പിന്നെ എന്റെ അഭിപ്രായത്തില്‍ സംവാദം എന്നത് രണ്ട് കൂട്ടരും അവരവരുടേ പോയന്റുകള്‍ നിരത്തുക അതില്‍ പരസ്പരമുള്ള വാദങ്ങളേ എങനെ ഘണ്ഡിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത് വിജയമാണോ പരാജയമാണോ എന്ന് നിര്‍ണ്ണയിക്കുക. ഏതായലും ഞാന്‍ ഒരിക്കലും 3 കൊമ്പ് എന്ന രീതിയില്‍ അല്ല
കുഞ്ഞുങ്ങള്‍ കൂടണം എന്ന് ഇടയലേഖനം എന്ന പോസ്റ്റില്‍ തെറ്റുണ്ടായി എന്ന് ബോധ്യപ്പെട്ടപ്പോള്‍ മറ്റൊരു പോസ്റ്റ് എഴുതി ഞാന്‍ എന്റെ നിലപാട് തിരിത്തിയിട്ടുണ്ട്. പിന്നെ എവിടെയാണ് എനിക്ക് പിഴച്ചിട്ടുള്ളത് എന്ന് ചൂണ്ടിക്കാണിച്ചാല്‍ വിശദീകരണം നല്‍കാന്‍ ശ്രമിക്കാം. എന്റെ പ്രൊഫൈലില്‍ ഇ-മെയില്‍ വിലാസം ലഭിക്കും. ബന്ധപ്പെടുമല്ലോ?

അനോണി ആന്റണി said...
This comment has been removed by the author.
അമല്‍ | Amal (വാവക്കാടന്‍) said...

കിരണ്‍,
പാര്‍ട്ടിയിലെ വിഭാഗീയതയും മറ്റുമുണ്ടാവാനുള്ള കാരണങ്ങളായി, എനിക്കു കാണാന്‍ കഴിയുന്നത്, ഈ കാറ്റിനേയും വെളിച്ചത്തേയുമാണ്. ഇങ്ങനെയുള്ള കാറ്റും വെളിച്ചവും പാര്‍ട്ടിക്ക് വേണ്ട എന്നല്ലേ വിജയന്‍ മാഷ് പറഞ്ഞത്?
ശക്തമായ ഒരു കേഡര്‍ സംവിധാനത്തില്‍ നിന്നും കുത്തഴിഞ്ഞ പുസ്തകം പോലെ ആയതിന് നമുക്ക് കാലത്തെ മാറ്റമല്ല കുറ്റപ്പെടുത്താന്‍ കഴിയുക..

Radheyan said...

ഇത് ഞാന്‍ സിയായുടെ പോസ്റ്റില്‍ ഇട്ട സ്മരണിക കമന്റാണ്.കിരണിന്റെ പോസ്റ്റിനുള്ള കമന്റ് പിറകേ ഇടാം.

വിജയന്‍ മാഷ് ശരിയായിരുന്നോ എന്ന് എനിക്കറിയില്ല.പക്ഷെ അദ്ദേഹം സത്യസന്ധതയായിരുന്നു.തന്റെ ശരികളോട് അസാധരണമാം വിധം സത്യസന്ധന്‍.

പറശിനിക്കടവിലെ മൃഗമേധത്തോടും തലശേരിയിലെ നരമേധത്തോടും അദ്ദേഹം സ്വീകരിച്ച സമീപനങ്ങളോട് വിയോജിക്കുമ്പോഴും പില്‍ക്കാലത്ത് അദ്ദേഹത്തെ തള്ളിപ്പറഞ്ഞ പ്രസ്ഥാനത്തില്‍ അദ്ദേഹം പുലര്‍ത്തിയ അചഞ്ചലമായ വിശ്വാസത്തെ നമുക്ക് കാണാതെ വയ്യ.

ഒരു പക്ഷെ മജീദിന്റെ എയിഡ്സ് മരുന്നിനെ അനുകൂലിച്ച് വാദിക്കുമ്പോള്‍ അദ്ദേഹം അതിന്റെ രോഗപ്രതിരോധശേഷിയെ കുറിച്ച് തന്റെ ധാരണകള്‍ സത്യമെന്ന് തന്നെ വിശ്വസിച്ചിരുന്നു.എത്രത്തോളം യുക്തിസഹമായിരുന്നു ആ വിശ്വാസമെന്നത് മറ്റൊരു സംഗതി.

സൊമ്യമായി എന്നാല്‍ ദൃഡമായി മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ.അധികാരത്തിന്റെയോ ശക്തിയിടെയോ മറ്റെന്തിന്റെയെങ്കിലുമോ പ്രമത്തത കലരാത്ത വാക്കുകള്‍.എങ്കിലും അനേകായിരം പേരുടെ മുകളില്‍ മേധാശക്തി പുലര്‍ത്തി ആ സൌമ്യവചനധാര.

യേശുവില്‍ നിന്നും നബിയില്‍ നിന്നും ബുദ്ധനില്‍ നിന്നും കാലം കേട്ട പ്രവാചക സ്വഭാവമുള്ള സംഭാഷണശൈലി എങ്ങനെ ഈ സാധാരണക്കാരനായ അസാധാരണക്കാരന് കിട്ടി എന്നത് എനിക്ക് എന്നും അല്‍ഭുതമായിരുന്നു.ഒരുപക്ഷെ ജീവതത്തില്‍ ഒട്ടും നാടകീയത കലരാത്ത ഈ മഹാത്മാവിന്റെ അന്ത്യനിമിഷത്തിലെ നാടകീയത പോലും വിധികല്‍പ്പിതമാവാം.

അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായിരിക്കാം.പക്ഷെ അദ്ദേഹം കമ്മ്യൂണിസം എന്ന മഹത്തായ ചിന്താധാരക്ക് ഒരിക്കലും അനഭിമതനല്ല എന്നു മാത്രമല്ല അഗോളമൂലധത്തിന്റെ ആധുനികകാല വെല്ലുവിളികളെ സമൂഹം നേരിടുക മാഷിന്റെ തെളിഞ്ഞ പ്രത്യയശാസ്ത്രബോധത്തിലൂന്നിയായിരിക്കും.

Radheyan said...

മാരീചന്‍ പറഞ്ഞത് പോലെ ഓരോരുത്തര്‍ക്കും വ്യഖ്യാനിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകങ്ങളിലൂടെയാണ് മാഷിന്റെ സംഭാഷണങ്ങള്‍ വികസിച്ചു വന്നത്.

1996-2001 കാലത്ത് ജനകീയാസൂത്രണവുമായി ഞാന്‍ അടുത്ത് പ്രവര്‍ത്തിച്ചു.ഒരു സാമ്പത്തിക ശാസ്ത്രവിദ്യാര്‍ത്ഥി എന്ന നിലയിലും മാതപിതാക്കളുടെ സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നു നിന്നു കൊണ്ടുമായിരുന്നു അത്.കുറേ ഏറെ ഗ്രാമസഭകളില്‍ പങ്കെടുത്തു.കുറേ ബെനഫിഷ്യറി കമിറ്റികളില്‍ പങ്കെടുത്തു.കുറെ നോട്ടുകള്‍ തയാറാക്കി.ഗ്രാമങ്ങളിലെ തോടുകളെയും കുളങ്ങളെയും പാടശേഖരങ്ങളെയും മറ്റു വിഭവങ്ങളെയും കുറിച്ചുള്ള ഭൂപടവും സ്റ്റാറ്റിസ്റ്റിക്സും തയാറാക്കി.അവയ്ക്ക് ചേരുന്ന പദ്ധതികള്‍ പലതും നിര്‍ദ്ദേശിച്ചു.അതിനു ശേഷം അയല്‍ക്കൂട്ടങ്ങളിലും കുടുംബശ്രികളിലും സ്ത്രീപങ്കാളിത്തത്തെ അടുത്തു കാണാന്‍ ശ്രമിച്ചു.എന്റെ അടുത്ത സ്ഥലവും തോമസ് ഐസക്കിന്റെ മണ്ഡലവുമായ മാരാരിക്കുളത്ത് നടന്ന പച്ചക്കറി കൃഷി വിപ്ലവവും മറ്റും അടുത്ത് കാണാന്‍ ശ്രമിച്ചു.

അതിനു ശേഷമാണ് നമ്മുടെ വിഭവഭൂപടം ഫ്രാങ്കി കൊണ്ടു പോയി,ഐസക്ക് ചാരനാണ് എന്ന രീതിയിലുള്ള പ്രചരണം വരുന്നത്.ഞാനും ഒരു ചാരപ്പണിക്ക് സഹായിച്ചു എന്ന് എനിക്ക് ആദ്യം തോന്നി.പിന്നീടാണ് ഗ്രൂപ്പ് കളിയുമായി ഇതിനെ ബന്ധിപ്പിക്കുന്ന കൂടുതല്‍ സംഗതികള്‍ അറിയുന്നത്.RBI(Raamachandran pilla,Baby,Issac)എന്നൊരു അച്ചുതണ്ട് സി,പി.എമ്മില്‍ ഉണ്ടത്രേ.ഇ.എം.എസിനു ശേഷം പാര്‍ട്ടിയിലെ താത്വികാചാര്യന്മാര്‍ ആകാന്‍ കൊതിച്ചവരുടെ ഒരു സിണ്ടിക്കേറ്റ്.മാധ്യമ സിണ്ടിക്കേറ്റ് എന്ന പോലെ ബുജി സിണ്ടിക്കേറ്റ്.ഈ സിണ്ടിക്കേറ്റുമായി ഉണ്ടാക്കിയ നിര്‍ണ്ണായകമായ അലയന്‍സാണ് പിണറായിക്ക് പാര്‍ട്ടിയില്‍ നിര്‍ണ്ണായകമായ അപ്പര്‍ ഹാന്‍ഡ് നല്‍കിയത്.സ്വാഭാവികമാ‍യി വി.എസിന്റെ റ്റാര്‍ജറ്റ് ഈ സിണ്ടിക്കേറ്റിലെ സംസ്ഥാന കളിക്കാരായ ബേബിക്കും ഐസക്കിനും എതിരായി.

ലാവ്ലിന്‍ ആരോപണങ്ങള്‍ അന്നുമുണ്ടെങ്കിലും പിണറായി ഒരു കടുത്ത ഇടതുപക്ഷക്കാരാനായാണ് അന്ന് അറിയപ്പെട്ടിരുന്നത്.അദ്ദേഹം ലിബറലിസത്തിലേക്ക് ജ്നാനസ്നാനപ്പെടുന്നത് 2005-06ലെ കേരളമാര്‍ച്ചോട് കൂടിയാണ്.പക്ഷെ നാലാം ലോകവാദം പോലൊരു ലിബറല്‍ സിദ്ധാന്തത്തെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റ് ഹിപ്പോക്രിസി ഒരിക്കലും അനുവദിച്ചില്ല.മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്ന് ആചാര്യന്‍ ആദ്യമേ പറഞ്ഞു വെച്ചുവെങ്കിലും പിന്‍പറ്റി വന്നവര്‍ക്ക് ദേശ-കാലാനുസൃതമായി തങ്ങളുടെ ചിന്താഗതികളെ ഉടച്ച് വാര്‍ക്കാനായില്ല.എപ്പോഴൊക്കെ അതിനു ശ്രമിച്ചുവോ അപ്പോഴൊക്കെ ഒരു പൊട്ടിത്തെറി അനിവാര്യമായിരുന്നു.അത് കൊണ്ട് പണ്ട് ഓപ്പറേഷന്‍ എം.വി.ആര്‍ നടത്തിയ പോലെ ഒരു പുറത്താക്കല്‍ ഓപ്പറേഷനിലൂടെ പാര്‍ട്ടി നാലാം ലോകത്തിന്റെ ഇലയും ചെറു ചില്ലയും വെട്ടി.എന്നാല്‍ ലിബറലിസമെന്ന തായ് തടി കാര്യമായ ക്ഷതമൊന്നുമേല്‍ക്കാതെ പാര്‍ട്ടിയില്‍ ഇന്നും തുടരുന്നു.(ബദല്‍ രേഖ ഉണ്ടാക്കിയ നായനാര്‍ അകത്ത്,ലക്കും ലഗാനിമില്ലാതെ അത് പാടി നടന്ന രാഘവന്‍ ഔട്ട്.)

ജനകീയാസൂത്രണം എന്ന ചിന്താഗതി ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ഒരു സബ് സെറ്റാണ്.സ്വാഭാവികമായി അതിന്റെ ഡിസൈന്‍ സൂപ്പര്‍ സെറ്റിന് അനുയോജ്യമാണ്.അത് സമരസത്തിന്റെയും സമാവായത്തിന്റെയും പാതയാണ്.

ആഗോളവല്‍ക്കരണത്തിന്റെ ചൂഷണങ്ങള്‍ക്കെതിരേ ഒരു സമരപരമ്പരയാണ് പാര്‍ട്ടി പരിപാടി മുന്നില്‍ കാണുന്നത്.പക്ഷെ ആഗോളവല്‍ക്കരണമെന്നത് ഒരു വസ്തുതയാണെന്നും അതിനുള്ളില്‍ നിന്നും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു കൊണ്ടു തന്നെ ബദലുകള്‍ പണിയുക എന്ന ചിന്താഗതിയാണ് ജനകീയാസൂത്രണം മുന്നോട്ട് വെയ്ക്കുന്നത്.(ആഗോളവല്‍ക്കരണത്തിന് ബദലേ ഇല്ല-There is no alternative TINA- എന്നതാണ് മന്മോഹന്‍-ചിദംബരാദികളുടെ തത്വശാസ്ത്രം)

ജനകീയാസൂത്രണത്തിലെ ഈ സമാവായമെന്ന എലമെന്റിനെയാണ് മാഷ് എതിര്‍ത്തത്.അത് അഗോളവല്‍ക്കരണവിരുദ്ധസമരത്തിന്റെ തീക്ഷ്ണതയും തീവ്രതയും ചോര്‍ത്തിക്കളയുമെന്ന് അദ്ദേഹം ന്യായമായും സംശയിച്ചു.എതിര്‍പ്പ് വളര്‍ന്നു വളര്‍ന്നു കേരളത്തില്‍ എന്നും സംഭവിക്കുന്നത് പോലെ അത് നായക-വില്ലന്‍ ദ്വന്ദമായി പരിണമിച്ചു.മാതൃഭൂമിയും മാധ്യമവും എന്തിന് മനോരമ പോലും അതിതീവ്ര ഇടതുപക്ഷമായി.ഐസക്ക് അമരീഷ് പുരിയായി.സര്‍ഗ്ഗപരമായി സംഭവിക്കാവുന്ന ചര്‍ച്ച ഈ നായക-വില്ലന്‍ ദ്വന്ദം ചോര്‍ത്തികളഞ്ഞു.നമ്പൂതിരിപ്പാടിനു ശേഷം സര്‍ഗ്ഗശേഷി ഏതുമില്ലാ‍ത്ത പാര്‍ട്ടിയിലെ പുതു തലമുറ പുലയാട്ടുമായാണ് വിമര്‍ശനങ്ങളെ നേരിട്ടത് എന്നത് കാ‍ര്യങ്ങളെ കൂടുതല്‍ വഷളാക്കി.

ഐസക്കിനെകുറിച്ചുള്ള ചില ആരോപണങ്ങളെകുറിച്ച് എനിക്ക് ചില സംശയങ്ങള്‍ ഉണ്ട്.

1.ഗൂഗില്‍ എര്‍ത്തും മറ്റുമുള്ള ഈ കാലത്ത് ഒരു നാടിന്റെ വിഭവഭൂപടം തയ്യാറാക്കാന്‍ ഏതെങ്കിലും ചാര ഏജന്‍സിക്ക് ഇത്ര പ്രയാസമോ?

2.വിദേശ ഫണ്ടുകളെ ആശ്രയിക്കാന്‍ കേന്ദ്രം നിര്‍ബന്ധിക്കുമ്പോള്‍ ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തില്‍ ഒരു ഭരണകൂടം,അത് ഇടത് ഭരണകൂടമാണെങ്കില്‍ പോലും എന്ത് ചെയ്യും?

3.ആഗോളവല്‍ക്കരണത്തെ ഉള്‍കൊണ്ട് പ്രതിരോധിക്കുന്ന ഷാവേസിനെ പോലുള്ളവര്‍ വലതുപക്ഷ ചാരന്മാരാണോ?


വിജയന്‍ മാഷ് പാര്‍ട്ടി എന്ന എസ്റ്റാബ്ലിഷുമായി ഒത്തു പോകാവുന്ന ഒരു വ്യക്തിയല്ല.ഒരു ലിബറല്‍ ജനാധിപത്യത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സോഷ്യല്‍ ഡെമോക്രാറ്റായി പരിണാമം വരാതെ വര്‍ത്തിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് എന്ന ലളിതമായ സംഗതി അദ്ദേഹം മനസ്സിലാക്കിയില്ല.ആദിമരൂപത്തില്‍ തന്നെ പാര്‍ട്ടിയെ കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു.

അച്ചടക്കത്തെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി പാര്‍ട്ടി കാണുമ്പോള്‍ മാഷ് അതിനെ അടിമത്തമായി ആണ് കണ്ടത്.ഇവിടെ ഒരു അരാജകവാദിയുടെ രൂപഭാവങ്ങള്‍ കാണാം.ഒരു അരാജകവാദിക്ക് കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായി തുടരാം.പക്ഷെ എത്രത്തോളം ഒരു പാര്‍ട്ടിക്കാരനാകാം എന്നതില്‍ സംശയങ്ങളുണ്ട്.

റ്റെക്നോളജി കാലത്തെ പാര്‍ട്ടി വ്യവസായ വിപ്ലവകാലത്തെ പാര്‍ട്ടി ആയി തുടരുക എന്നത് ആത്മഹത്യാപരമാണ്.അടിസ്ഥാന തത്വങ്ങളില്‍ ഉറച്ച് നിന്ന്,എന്നാല്‍ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ട്ടിക്ക് കഴിയണം.അതിനോട് വരട്ടു വാദത്തോടെ പുറം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല.

മുറിച്ചിട്ട വാല്‍:എം എന്‍ വിജയന്‍ അനുസ്മരണങ്ങള്‍ ബി.ജെ.പി മുന്നിട്ടു നടത്തുമെന്ന് സെക്രട്ടറി രാധാകൃഷ്ണന്‍.

ഞങ്ങളുടെ വിവേകാനന്ദനെ ഡിഫിക്കാര്‍ അടിച്ചുമാറ്റിയാല്‍ നിങ്ങളുടെ കൃഷ്ണപിള്ളയെ വരെ ഞങ്ങള്‍ ചൂണ്ടും.ജാഗ്രതൈ(പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നവരേ നിങ്ങള്‍ക്കൊരാലയം, atleast ഒരു ശവകുടീരമെങ്കിലും)

Raji Chandrasekhar said...

മരണം ഇങ്ങനെയായിരിക്കണം എന്ന പോസ്റ്റിലേയ്ക്ക് ലിങ്ക് ചെയ്യുകയാണ്.
സദയം അനുവദിക്കുക.
സ്നേഹത്തോടെ
രജി മാഷ്

Ambi said...
This comment has been removed by the author.
കേരളീയന്‍ said...

രാധേയന്റെ അഭിപ്രായങ്ങള്‍ ശ്രദ്ധേയമായി. വ്യാവസായിക വിപ്ലവത്തെ ഉത്പാദന പ്രക്രിയയുടെ കുതിച്ചു ചാട്ടമായി മനസ്സിലാക്കി അത് സാമൂഹ്യസാഹചര്യങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെ പഠിക്കുവാന്‍ മാര്‍ക്സ് തയ്യാറായത് കൊണ്ടാണല്ലോ മാര്‍ക്സിസം ഉണ്ടായത്. മാര്‍ക്സ് ഒരിക്കലും ഫ്യൂഡലിസത്തിലേക്കുള്ള തിരിച്ചു പോക്ക് (അത് എത്ര റൊമാന്റിക് ആയിരുന്നെങ്കില്‍ക്കൂടി) അഭിലഷണീയമായി കണ്ടില്ല. മറിച്ച് ഉത്പാദന പ്രക്രിയയില്‍ വ്യവസായ വിപ്ലവം വരുത്തിയ കുതിച്ചു ചാട്ടം നില നിര്‍ത്തിക്കൊണ്ടേ സാമൂഹികാസമത്വം ഇല്ലാതാക്കാനും, സര്‍ഗ്ഗപരമായ ഒന്നായി മനുഷ്യാസ്തിത്വത്തെ മാറ്റിത്തീര്‍ക്കാനും കഴിയൂ എന്ന് വാദിക്കുകയും ചെയ്തു.

ആഗോളവത്കരണം അതേയര്‍ത്ഥത്തില്‍ വിഭവങ്ങളുടെ ഉപയോഗത്തിലും വിതരണത്തിലുമുണ്ടാക്കുന്ന കുതിച്ചുചാട്ടത്തെ അവഗണിച്ച് കൊണ്ട് പുതിയ മാര്‍ക്സിസ്റ്റ് സമീപനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധ്യമല്ല. ആഗോളവത്കരണത്തെ ക്രിയാത്മകമായി സമീപിക്കാതെ കേരള സമൂഹത്തെ ഒരു നൊസ്റ്റാള്‍ജിക് ഭൂതകാല ഫ്യൂഡല്‍ അസ്തിത്വത്തിലേക്ക് വലിച്ച് കൊണ്ടു പോകുന്ന ചില നിലപാടുകളാണ് ഇന്ന് മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തുന്ന ചെറുത്തുനില്പ്. ഇത് ഉണ്ടാകുന്നത് കാര്യങ്ങളെ അവധാനതയോടെ സമീപിക്കാന്‍ കഴിയാത്ത് ചില വാമനന്മാരില്‍ നിന്നാണ്. ഈ ഗൃഹാതുരത്വത്തെ തള്ളിക്കളഞ്ഞ് മാറിയ സാഹചര്യത്തെ കണക്കിലെടുക്കുന്ന വേറിട്ട സരണികളിലൂടെ കേരള സമൂഹം ചരിക്കേണ്ടതുണ്ട്. അതിലേക്ക് നയിച്ചേക്കാവുന്ന ഒരു ശ്രമം എന്ന നിലക്കാണ് പങ്കാളിത്ത ജനാധിപത്യത്തേയും, ആഗോളവത്കരണത്തിന് കോംപ്ലിമെന്ററി ആയി നീങ്ങുന്ന പ്രാദേശിക വത്കരണത്തേയും കാണേണ്ടത്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് സാധ്യമായ സാമൂഹിക പരീക്ഷണങ്ങള്‍ നടത്തേണ്ട വലിയ ബാധ്യതയാണ് ഏറ്റെടുക്കുവാനുള്ളത്.

എന്നാല്‍ ഇതിനെ ഒരു മാഫിയ - സുരേഷ്ഗോപി ദ്വന്ദമാക്കി ചിത്രീകരിച്ച് കേരള ജനതയുടെ ചിന്താശേഷി അടങ്കലെടുക്കാന്‍ ചില മാധ്യമ വാമനന്മാര്‍ കുറച്ച് ഫിഗര്‍ഹെഡ്സിനെ നിരത്തി നടത്തുന്ന ശ്രമങ്ങള്‍ക്കാണ് സമകാല കേരളം സാക്ഷ്യം വഹിക്കുന്നത്. അതില്‍ ഒരു ഫിഗര്‍ഹെഡ് ആയി എന്നതാണ് വിജയന്‍ മാഷുടെ ദുരന്തം. മൂന്നാര്‍ ആയാലും, മെര്‍കിസ്റ്റണ്‍ ആയാലും ഈ അല്പവിഭവന്മാര്‍ പകര്‍ന്നു നല്‍കുന്ന ഇത്തിരി വിവാദവൃത്തത്തിനപ്പുറം സമൂഹം നടക്കുകയോ ചിന്തിക്കുകയോ അരുത് എന്ന് ശഢിക്കുന്ന സുന്ദര വിഡ്ഡികളെ എന്തു പറയാനാണ്?

മുന്നോട്ട് ചിന്തിക്കാനും, വികല്‍പ്പങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിവുള്ള ഒരു സമൂഹമാകണം ലക്ഷ്യം. അതിന് ബൂലോകമടക്കമുള്ള സമാന്തര മാധ്യമങ്ങള്‍ക്ക് ഒരു പങ്ക് വഹിക്കാനുണ്ടെന്ന് വിശ്വസിക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

2 ദിവസനം നാട്ടിലായിരുന്നു. അതുകൊണ്ട് ഇന്നാണ് പ്രതികരണങ്ങള്‍ കണ്ടത്. മരീചനും കേരളീയനും ഏതാണ്ട് ഒരെ അഭിപ്രായമാണ് രാധേയനും ഏതാണ്ടെല്ലാം മറ്റ് രണ്ട് പേരോടും യോജിക്കുന്നു.

എനിക്ക് ഏറ്റവും ശ്രദ്ധേയമായിത്തോന്നിയത് കേരളീയന്റെ ഈ വാക്കുകളാണ്.


ആഗോളവത്കരണം അതേയര്‍ത്ഥത്തില്‍ വിഭവങ്ങളുടെ ഉപയോഗത്തിലും വിതരണത്തിലുമുണ്ടാക്കുന്ന കുതിച്ചുചാട്ടത്തെ അവഗണിച്ച് കൊണ്ട് പുതിയ മാര്‍ക്സിസ്റ്റ് സമീപനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സാധ്യമല്ല. ആഗോളവത്കരണത്തെ ക്രിയാത്മകമായി സമീപിക്കാതെ കേരള സമൂഹത്തെ ഒരു നൊസ്റ്റാള്‍ജിക് ഭൂതകാല ഫ്യൂഡല്‍ അസ്തിത്വത്തിലേക്ക് വലിച്ച് കൊണ്ടു പോകുന്ന ചില നിലപാടുകളാണ് ഇന്ന് മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തുന്ന ചെറുത്തുനില്പ്. ഇത് ഉണ്ടാകുന്നത്


ഈ സത്യം മനസ്സിലാക്കാന്‍ ജനം എത്ര കാലം എടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇടതു ഭരണകാലാത്തെ വികസന പ്രവര്‍ത്തനങളും മറ്റും. ഇടതുമുന്നണി പോയി ഐക്യമുന്നണി വന്നാല്‍ ഇവിടെ ഒരു പ്രത്യേശാസ്ത്ര വിവാദങ്ങള്‍ക്ക് സ്കോപ്പില്ലാത്തതിനാല്‍ എന്തും നടക്കുകയും ചെയ്യും

രാജീവ് ചേലനാട്ട് said...

കിരണ്‍,

പോസ്റ്റുകള്‍ ശ്രദ്ധിക്കാറുണ്ട്.

1. എം.എന്‍.വിജയന്‍ പാര്‍ട്ടിയുമായുള്ള തന്റെ വിയോജിപ്പുകള്‍ ആദ്യമായി പ്രകടമാക്കിയത്, ജനകീയാസൂത്രണം, വിദേശഫണ്ടിംഗ്, പാര്‍ട്ടിയുടെ (അനൌപചാരിക)കാര്‍മ്മികത്വത്തില്‍ നടന്നുവരുന്ന സ്വരലയ എന്ന സംഘടന,എന്നിവയെച്ചൊല്ലിയായിരുന്നു.

2. പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടക്കരുത് എന്ന പ്രയോഗം അതിന്റെ നിയതമായ അര്‍ത്ഥത്തിലല്ല അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മാരീചന്‍ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. രൂപകങ്ങളുടെ രൂപത്തിലായിരുന്നു അദ്ദേഹത്തിന്റെ മിക്ക സംഭാഷണങ്ങളും, എഴുത്തും.അതുകൊണ്ടുതന്നെ വ്യാഖാനിക്കാന്‍ ധാരാളം ഇടം നല്‍കുന്നവയായിരുന്നു അവയിലധികവും. നാലാം ലോകത്തെ കുറിച്ചും, ജനകീയാസൂത്രണത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ക്കിടയിലാണ് ഈയൊരു പ്രയോഗം ആദ്യമായി അദ്ദേഹം അവതരിപ്പിക്കുന്നതും. ജനകീയാസൂത്രണത്തിന്റെ തിക്തഫലങ്ങള്‍ കേരളം നിത്യവും ഓരോരോ രീതിയില്‍ അറിഞ്ഞുവരുന്നുമുണ്ട്. എ.ഡി.ബി.വായ്‌പ്പയുടെ നിബന്ധനകള്‍ മുതല്‍, ഇങോട്ട്, സ്കൂളുകളെ തദ്ദേശഭരണവകുപ്പിന്റെ കീഴില്‍ കൊണ്ടുവരുന്നതുവരെ ചെന്നെത്തിനില്‍ക്കുന്നു ആ‍ ‘ആസൂത്രണം’. തദ്ദേശഭരണവും ഒരു സര്‍ക്കാര്‍ ഏര്‍പ്പാടുതന്നെയാണല്ലോ എന്ന മട്ടിലുള്ള ആശ്വാസത്തിന്റെ ആയുര്‍ദൈര്‍ഘ്യം എത്രയെന്ന് നമുക്ക് ഉടന്‍ കാണാനാവുമെന്ന് പ്രതീക്ഷിക്കുക. സര്‍ക്കാരിന്റെ ചുമതലകള്‍ വളരെ സമര്‍ത്ഥമായി എന്‍.ജി.ഒ.കള്‍ കൈക്കലാക്കുന്നതിന്റെ രീതിശാസ്ത്രത്തെയാണ്, ജനകീയാസൂത്രണത്തെ എതിര്‍ക്കുക വഴി, വിജയന്‍ മാഷ് എതിര്‍ത്തത് എന്നാണെനിക്കു തോന്നുന്നത്.

നാലാം ലോകവാദം, പ്രത്യക്ഷത്തില്‍ തന്നെ,ആഗോളീകരണത്തെ സഹായിക്കുന്ന ഒരു സമവായത്തെയാണ് ദര്‍ശിക്കുന്നത് (രാധേയന്റെ നിരീക്ഷണം ശരിയാണ്). വളരെ പ്രായോഗികമായ ചില തത്ത്വവിചാരങ്ങള്‍ എന്ന മട്ടില്‍ അവതരിപ്പിച്ചിട്ടുള്ള അതിലെ പല നിര്‍ദ്ദേശങ്ങളും, കാലാകാലങ്ങളായി, സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്ന വാദമുഖങ്ങള്‍ തന്നെയാണ്. നിയോ-ലിബറലിസത്തിലേക്കുള്ള (ഈ വാക്കുപയോഗിച്ച് മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു; ഉപയോഗിക്കാതിരിക്കാനും ആവുന്നില്ല)വാതിലുകള്‍ തന്നെയാണ് അവ തുറന്നു വെക്കുന്നത്. വര്‍ഗ്ഗസിദ്ധാന്തത്തെ പാടെ കയ്യൊഴിയുന്നു എന്നുള്ളതാണ് നാലാം ലോകവാദത്തിന്റെ കാതലായ ഭാഗം(ഈ വര്‍ഗ്ഗ സിദ്ധാന്തം കളയാന്‍ സമയമായില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. അവര്‍ക്കുള്ളതല്ല ഈ കുറിപ്പ്).

മാര്‍ക്സിസം നിരന്തരം നവികരിക്കപ്പെടേണ്ടതും,മാറുന്ന കാലത്തിന്റെ ഉപരി-കീഴ് ഘടനകള്‍ക്കനുസ്ര്‌തവുമായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, കമ്മ്യൂണിസം, സോഷ്യലിസം, ഈ രണ്ട് ലക്ഷ്യങ്ങളെ മറനുകൊണ്ടുള്ള ഒരു പ്രക്രിയയായിക്കൂടാ അത്. വര്‍ഗ്ഗസിദ്ധാന്തം തന്നെയാണ്, ടെക്നോളജിയുടെ ഈ കാലത്തും അതിന്റെ, വ്യാകരണം.

രാധേയന്റെ ചില അഭിപ്രായങ്ങളെക്കുറിച്ചും ഒരു വാക്ക് (കിരണിന്റെ അനുവാദത്തോടെ)

1. ഗൂഗിള്‍ എര്‍ത്തിനെയും,അ തുപോലുള്ള ടെക്നോളജിയെയും മറ്റും മാത്രം ആശ്രയിച്ചല്ല ചാരപ്രവര്‍ത്തങ്ങളും, രാജ്യതാത്‌പ്പര്യങ്ങളുടെ മറ്റു രഹസ്യവിപണനങ്ങളും നടക്കുന്നത്. അതാതു പ്രദേശം കേന്ദ്രമാക്കി ഇത്തരം പ്രവര്‍ത്തനം നടത്തുന്ന നിരവധി ഏജന്‍സികള്‍ നമുക്കിടയില്‍തന്നെയുണ്ട്.

2.വിദേശഫണ്ടുകള്‍ സ്വീകരിക്കാന്‍ ഒരു കേന്ദ്ര വ്യവസ്ഥയും ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കുന്നില്ല. അതായത്, വിദേശ ഫണ്ട് പൂര്‍ണ്ണമായും, സംസ്ഥാനത്തിന്റെ അവകാശമാണെന്ന് അര്‍ത്ഥം. Purely optional. മറിച്ചുള്ള വാദങ്ങള്‍ വസ്തുതാവിരുദ്ധമാണ്.

3. ഷാവേസിനെപ്പോലുള്ളവര്‍ ആഗോളവത്ക്കരണത്തെയല്ല പ്രധാനമായും എതിര്‍ക്കുന്നത്. സാമ്രാജ്യത്വത്തെയാണ്. രണ്ടും രണ്ടാണ്. ആഗോളവത്ക്കരണമെന്ന വാക്കുപോലും ചിന്താക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഏകമുഖമായ ആഗോളവത്ക്കരണത്തെയാണ് നമ്മള്‍ പ്രതിരോധിക്കേണ്ടത്.അധിനിവേശത്തെ പ്രച്ഛന്നമായി അവതരിപ്പിക്കുകയും, നിലനിര്‍ത്താ‍ന്‍ സഹായിക്കുകയും ചെയ്യുന്ന സാമ്രാജ്യത്വം സ്പോണ്‍സര്‍ ചെയ്യുന്ന ആഗോളവത്ക്കരണം. അഥവാ, ഫ്രീഡ്‌മാന്‍ പറഞ്ഞ ആ പരന്ന ലോകത്തിന്റെ പ്രത്യയശാസ്ത്രം. മറ്റൊന്ന്, ആദാന-പ്രദാനങ്ങളിലൂടെ, പരസ്പരാശ്രിതത്വത്തിലൂടെ ബന്ധപ്പെടുന്ന ആഗോളവത്ക്കരണമാണ്. അത് നമുക്ക് തടയാനാവില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, എം.പി.പരമേശ്വരനും മറ്റും രൂപപ്പെടുത്താന്‍ ശ്രമിച്ച നാലാം ലോകവാദം ഈ രണ്ടാമത് പറഞ്ഞ ആഗോളവത്ക്കരണത്തിന്റെ രീതിയിലുള്ളതായിരുന്നുവെങ്കിലും അതിന്റെ ഉള്ളടക്കം ആദ്യം പറഞ്ഞ (സാമ്രാജ്യത്വ അജണ്ടയില്‍ ഊന്നിയ) ആഗോളവത്ക്കരണത്തിലേക്കു നയിക്കാന്‍ സഹായിക്കുന്ന ഒന്നായിരുന്നു എന്നതാണ്.


എം പി പരമേശ്വരന്റെ നാലാം വാദത്തിന്റെ ആകെത്തുക മാര്‍ക്സിന്റെ ആ പ്രസിദ്ധമായ വാചകമാണെന്ന, മാരീചന്റെ അഭിപ്രായം പരമാബദ്ധമാണ്‌. മൂലധനത്തിന്റെയും, സൈനികശക്തിയുടെയും അസന്തുലിതമായ സാമൂഹ്യക്രമങ്ങള്‍ നിലനില്‍ക്കുന്ന വര്‍ത്തമാന ലോകക്രമത്തില്‍,ആ ഒരു ലോജിക്കിന്റെ അയുക്തികത എന്താണെന്നു പ്രത്യേകം വിവരിക്കേണ്ടതുണ്ടെന്ന് വിചാരിക്കുന്നില്ല.

രാധേയന്റെയും, കേരളീയന്റെയും ചില അഭിപ്രായങ്ങളോട് യോജിക്കുന്നു. വിജയന്‍ മാഷിനെ പലരും ഉപയോഗിച്ച രീതിയും മറ്റും.

അഭിവാദ്യങ്ങളോടെ

കിരണ്‍ തോമസ് തോമ്പില്‍ said...

ചേലാട്ടേ ഒരു സംശയം അധികാരം താഴേത്തട്ടിലെത്തിയാല്‍ എന്താണ്‌ തെറ്റ്‌? വിദ്യാഭ്യാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചാല്‍ എന്താണ്‌ തെറ്റ്‌. പങ്കാളിത്ത ജനാധിപത്യത്തില്‍ എന്താണ്‌ തെറ്റ്‌. ഇവയൊക്കെ അന്താര്‍ഷ്ട്ര ഗൂഡാലോചനയുടെ ഫലമാണ്‌ എന്നാണോ നാം കരുതേണ്ടത്‌?

ജനകീയ ആസൂത്രണം വളരെ നല്ല പരിപാടിയായൈരുന്നു. അതിന്റെ ഗുണങ്ങള്‍ അനുഭവിച്ച ഒരു വ്യക്തി എന്ന നിലയില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടേ.

എന്റെ വീട്‌ കണ്ണൂര്‍ ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലാണ്‌. എന്റെ വീടിന്‌ മുന്നിലൂടെ ഒരു ചെറിയ തോടുണ്ട്‌ . മഴക്കാലത്ത്‌ ശക്തമായ മഴ പെയ്യുമ്പോള്‍ ഈ തോട്ടിലെ വെള്ളം റോഡിലേക്ക്‌ കയറി റോഡും തോടും ഒരുമിച്ചാകുമായിരുന്നു. ജനകീയ ആസൂത്രണ പ്രകാരം ഇവിടെ ഒരു കലിങ്ക്‌ നിര്‍മ്മിക്കാനുള്ള പ്രപ്പോസല്‍ ഞങ്ങള്‍ വയ്ക്കുകയും ആദ്യ മൂലധനമായ 12000 രൂപ സമാഹരിക്കുകയും ചെയ്തു. മൊത്തം എസ്റ്റിമേറ്റ്‌ തുക 60000 രൂപയായിരുന്നു. ഇതിനിടെ ഒരു കോണ്ട്രാക്ടര്‍ വരികയും കമ്മിറ്റി ബിനാമിയയി നിന്ന് തന്നാല്‍ മതി നിങ്ങള്‍ക്ക്‌ പണിയാന്‍ കഴിയത്ത വിധം നന്നായി ഈ പദ്ധതി പൂര്‍ത്തിയാക്കി തരമെന്നും പറഞ്ഞു. കാരണം കേവലം 50 രൂപ ദിവസക്കൂലി ഉള്ള ഒറിസ തൊഴിലാളികളാണ്‌ ഇദ്ദേഹത്തിനുള്ളത്‌ 100 രൂപ കൂലിക്ക്‌ തദ്ദേശിയരെ വച്ച്‌ ഞങ്ങള്‍ക്കിത്‌ പൂര്‍ത്തിയാക്കാന്‍ കഴിയില്ലാ. എന്നാല്‍ ധൈര്യമായി നീങ്ങിയ ജനകീയ സമിതി ഇത്‌ പൂര്‍ത്തിയാക്കി 12000 രൂപയോളം മിച്ചം പിടിച്ചു. ഇതില്‍ ഏറ്റവും രസകരമായത്‌ കലിങ്ക്‌ പണിയാന്‍ മണ്ണെടുത്തത്‌ ഞങ്ങളുടെ റോഡിലെ കുന്ന് ഇടിച്ചാണ്‌. അതുകൊണ്ട്‌ തന്നെ റോഡിലെ കുന്നിടിക്കല്‍ കലിങ്ക്‌ പണിയുടെ ബൈപ്രൊഡക്റ്റായി ലഭിച്ചു. തുടര്‍ന്ന് ഈ റോഡ്‌ ടാര്‍ ചെയ്യാനുള്ള കോണ്ട്രാക്റ്റും ഈ കമ്മറ്റി ഏറ്റെടുക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. അന്ന് പണിതീര്‍ന്ന ഈ റോഡ്‌ ഈ കനത്ത മഴയേയും അതിജീവിച്ച്‌ ഇന്നും നിലനില്‍ക്കുന്നത്‌ ആത്മാര്‍ത്ഥതയോടെ ഒരു കൂട്ടം നാട്ടുകാര്‍ പദ്ധതി നടപ്പിലാക്കിയത്‌ കൊണ്ടാണ്‌. പങ്കാളിത്ത ജനാധിപത്യത്തില്‍ ഇടപെടുകയും അതിന്റെ ഗുണം അനുഭവിക്കുകയും ചെയ്ത എന്നേപ്പോലെ ഉള്ളവര്‍ക്ക്‌ ദന്തഗോപുരങ്ങളില്‍ ഇരുന്ന് ഇതൊക്കെ സാമ്രാഹിത്വ മൂലധന ശക്തികളുടെ അജണ്ട നടപ്പാക്കലാണ്‌ എന്ന് എഴുതുന്നവരെ ഉള്‍ക്കൊള്ളുക ബുദ്ധിമുട്ടാണ്‌.

Radheyan said...

രാജീവ്,

കേന്ദ്രം വിദേശ ഫണ്ടുകളെടുക്കാന്‍ സംസ്ഥാനത്തെ നിരബന്ധിക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്.ഇപ്പോള്‍ തന്നെ നല്ല വരുമാനമാര്‍ഗ്ഗങ്ങള്‍ കേന്ദ്രന്റെ കൈയ്യിലാണ്.പദ്ധതി വിഹിതത്തിലൊക്കെ കാര്യമായ കുറവുകള്‍ വരുന്നതായി നാം കാണുന്നു.പൊതുവിപണിയില്‍ നിന്നും സംസ്ഥാനം നേരിട്ട് കടം എടുക്കുന്നതിനെ കേന്ദ്രം നിയന്ത്രണങ്ങളിലൂടെ തടയുന്നു.അടിസ്ഥാനസൌകര്യവികസനം സ്വകാര്യമേഖലയിലൂടെയും സാമൂഹ്യക്ഷേമപദ്ധതികള്‍ എയിഡഡ് ഫണ്ടുകളിലൂടെയും നടപ്പാക്കുന്നതിനെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നു.ഇതിനെ കുറിച്ച് പ്രഭാത് പട്നായിക്കിന്റെ ശ്രദ്ധേയമായ ഒരുപാട് നോട്ടുകള്‍ വന്നിട്ടുണ്ട്.ഫണ്ടിംഗ് വേണ്ട എന്ന ഓപ്ഷന്‍ സ്റ്റാന്‍ഡ് സ്റ്റില്‍ എന്ന മറ്റൊരു ഓപ്ഷന്‍ തന്നെയാണ്.

സാമ്രാജിത്വം കോളനിവല്‍ക്കരണം എന്ന അര്‍ത്ഥത്തില്‍ ഇന്നത്തെ കാലത്ത് ഇല്ല.ഇറാക്കിനെയോ അഫ്ഗാനിനെയോ സാമ്രാജ്യമാക്കന്‍ അമേരിക്ക ശ്രമിക്കുന്നില്ല.സാമ്പത്തികശ്രോതസ്സുകള്‍ കൈയ്യടക്കി രാജ്യങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്.അത് കൊണ്ട് തന്നെ ആഗോളവല്‍ക്കരണവും സാമ്രാജ്യമോഹങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നു.

ആഗോളീകരണം ചെറുക്കപ്പെടേണ്ടതു തന്നെയാണ്,പക്ഷെ നമ്മുടെ ഭൂമിക ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥിതിയിലെ ഒരു ചെറു സംസ്ഥനമാണെന്നത് ഈ കാല്‍പ്പനിക വിപ്ലവമോഹികള്‍ മറന്നു പോകരുത്.

മാരീചന്‍ said...

രാജീവിന്
ജനകീയാസൂത്രണത്തിന്റെ തിക്തഫലങ്ങള്‍ നിത്യേനെ കേരളം അറിഞ്ഞു വരികയാണ് എന്ന് താങ്കള്‍ എഴുതുന്നു. അതിനുദാഹരണങ്ങളായി താങ്കള്‍ സൂചിപ്പിക്കുന്നതൊന്നും തിക്തഫലമായി തോന്നുന്നില്ല എന്നു പറയട്ടെ.

സ്ക്കൂളുകളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കൊണ്ടുവന്നതൊന്നും പുതിയ കാര്യമൊന്നുമല്ല. എത്രയോ കാലമായി സ്ക്കൂളുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ തന്നെയാണ്.

ഹൈസ്ക്കൂളുകള്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലും പ്രൈമറി സ്ക്കൂളുകള്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലും വന്നതു കൊണ്ട് കേരളത്തില്‍ ഏതാകാശമാണ് ഇടിഞ്ഞു വീണത്?

സര്‍ക്കാരിന്റെ ചുമതലകള്‍ വളരെ സമര്‍ത്ഥമായി എന്‍ജിഒകള്‍ ഏറ്റെടുത്ത രീതിശാസ്ത്രത്തെയാണ് എംഎന്‍ വിജയന്‍ എതിര്‍ത്തതെന്ന് താങ്കള്‍ പറയുന്നു. കേരളത്തില്‍ ഏത് എന്‍ജിഒയാണ് അത്തരമൊരു പ്രവര്‍ത്തനം നടത്തുന്നത്?

നാലാം ലോകം പ്രത്യക്ഷത്തില്‍ തന്നെ ആഗോളീകരണത്തെ സഹായിക്കുന്ന സമവായത്തെയാണ് ദര്‍ശിക്കുന്നതെന്നൊക്കെ വിധികല്‍പിക്കുന്ന ഗൗരവത്തോടെ എഴുതിവിടുമ്പോള്‍ അതെങ്ങനെ എന്ന് വിശദീകരിക്കേണ്ടേ. അതിനു പകരം സ്വന്തം നിഗമനങ്ങളാണ് പ്രപഞ്ചശരിയെന്ന മട്ടില്‍ വിധികല്‍പിക്കുമ്പോള്‍ അപ്രമാദിയുടെ ഭാവമാണ് താങ്കളില്‍ കാണുന്നത്.

നിയോ ലിബറലിസ്റ്റെന്നും സോഷ്യല്‍ ഡെമോക്രാറ്റെന്നുമൊക്കെ എഴുതിയാല്‍ ആരെങ്കിലും ഇക്കാലത്ത് പേടിക്കുമോ? എം പിയുടെ നാലാം ലോകം - സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തിന്റെ പേജ് ബൈ പേജായി അധ്യായം ബൈ അധ്യായമായി നമുക്കൊരു സംവാദം നടത്താം. എവിടെ, ഏതു വാദമാണ്, അതില്‍ ആഗോളീകരണത്തെ സഹായിക്കുന്നതെന്ന് വിശദീകരിക്കാമോ? ആത്മനിഷ്ഠമായ വിലയിരുത്തലാണ് ആത്യന്തികമായ ശരിയെന്ന് കരുതുന്നുണ്ടെങ്കില്‍ പിന്നൊന്നും പറയാനുമില്ല.

രാധേയനുളള മറുപടിയില്‍ താങ്കള്‍ ഇങ്ങനെ പറയുന്നു....

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, എം.പി.പരമേശ്വരനും മറ്റും രൂപപ്പെടുത്താന്‍ ശ്രമിച്ച നാലാം ലോകവാദം ഈ രണ്ടാമത് പറഞ്ഞ ആഗോളവത്ക്കരണത്തിന്റെ രീതിയിലുള്ളതായിരുന്നുവെങ്കിലും അതിന്റെ ഉള്ളടക്കം ആദ്യം പറഞ്ഞ (സാമ്രാജ്യത്വ അജണ്ടയില്‍ ഊന്നിയ) ആഗോളവത്ക്കരണത്തിലേക്കു നയിക്കാന്‍ സഹായിക്കുന്ന ഒന്നായിരുന്നു എന്നതാണ്.

ഏത് അളവുകോലുപയോഗിച്ചാണ് താങ്കള്‍ ഈ നിഗമനങ്ങളില്‍ എത്തുന്നത്.

അടുത്ത വാദം.
എം പി പരമേശ്വരന്റെ നാലാം വാദത്തിന്റെ ആകെത്തുക മാര്‍ക്സിന്റെ ആ പ്രസിദ്ധമായ വാചകമാണെന്ന, മാരീചന്റെ അഭിപ്രായം പരമാബദ്ധമാണ്‌. മൂലധനത്തിന്റെയും, സൈനികശക്തിയുടെയും അസന്തുലിതമായ സാമൂഹ്യക്രമങ്ങള്‍ നിലനില്‍ക്കുന്ന വര്‍ത്തമാന ലോകക്രമത്തില്‍,ആ ഒരു ലോജിക്കിന്റെ അയുക്തികത എന്താണെന്നു പ്രത്യേകം വിവരിക്കേണ്ടതുണ്ടെന്ന് വിചാരിക്കുന്നില്ല.

ആധുനിക ലോകക്രമത്തില്‍ മാര്‍ക്സിന്റെ ലോജിക്ക് അയുക്തമാണെന്ന് തുറന്നു പറഞ്ഞതിന് നന്ദി. മാര്‍ക്സിന്റെ ലോജിക് അയുക്തമാകുന്നതു കൊണ്ടാണ് നാലാം ലോകവും അയുക്തമാകുന്നത്. എം പിയുടെ ചിന്തകള്‍ അപ്രായോഗികമാകുന്നതും അതുകൊണ്ടു തന്നെയാണ്.

മൂലധനത്തിന്റെയും സൈനിക ശക്തിയുടെയും അസന്തുലിതമായ സാമൂഹ്യക്രമങ്ങള്‍ നിലനില്‍ക്കുന്ന വര്‍ത്തമാന ലോകക്രമത്തില്‍ പ്രായോഗികവും പ്രസക്തവുമായ ഏതേതു വാദമുഖങ്ങളാണ് എം എന്‍ വിജയന്‍ എന്ന ചിന്തകന്‍ മുന്നോട്ടു വെച്ചത് എന്നറിയാനും താല്‍പര്യമുണ്ട്.

Radheyan said...

പുതിയ കാലത്ത് സമത്വം കൊണ്ടു വരിക വിപ്ലവമായിരിക്കില്ല.സാങ്കേതികത ആയിരിക്കും.സാങ്കേതികത സാര്‍വ്വജനവല്‍കരിക്കുക എന്നതാവും ഏറ്റവും വലിയ വിപ്ലവം.(ഇത്തരമൊരു വിപ്ലവത്തില്‍ സിറ്റിസണ്‍ ജേര്‍ണലിസമുള്‍പ്പടെ കണവേര്‍ജ്ഡ് മീഡിയയുടെ സകല രൂ‍പഭാവങ്ങളോട് കൂടി ബ്ലോഗും വലിയ ഒരു പങ്ക് വഹിക്കും).

പുതിയ കാല വിപ്ലവചിന്തകള്‍ സാങ്കേതികതയുടെ ഈ മഹവിസ്ഫോടനം കൂടി കണക്കിലെടുക്കണ്ടേ.ഇത്തരം പുത്തന്‍ ചിന്തകള്‍ വിജയന്‍ മാഷിനെ പോലുള്ളവരുടെ ചിന്തകള സ്വാധീനിച്ചിരുന്നുവോ?ചരകന്റെ ആയുധങ്ങള്‍ കൊണ്ട് കീ ഹോള്‍ സര്‍ജറി നടത്താനാകുമോ?.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ എനിക്ക്‌ ആ ഉദാഹരണം ഇഷ്ടപ്പെട്ടു. ചരകന്റെ ആയുധങ്ങള്‍ക്കൊണ്ട്‌ കീഹോള്‍ സര്‍ജറി നടത്താന്‍ അഴിയുമോ എന്ന് ചിന്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മാറ്റം ഉണ്ടായേ തീരു. മയിലിനെ കുയില്‍ ആക്കാമോ എന്നാണ്‌ വിജയന്മാഷ്‌ ചോദിച്ചത്‌

vimathan said...

കിരണ്‍, ശ്രീ എം എന്‍ വിജയനും, ശ്രീ എം പി പരമേശ്വരനും, സ: തോമസ് ഐസക്കും, സ: അച്യുതാനന്ദനും, ഇന്ത്യയിലെ എല്ലാ ഇടതുപക്ഷ പാര്‍ട്ടികളും ആഗോളവല്‍ക്കരണം എന്ന പ്രക്രിയയെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒരേ പോലെ യോജിക്കുന്നവരാണ്. ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ അവര്‍ മുന്നോട്ട് വയ്ക്കുന്ന ബദലുകളില്‍ മാത്രമാണ് അവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം എന്നാണ് എനിക്ക് തോന്നുന്നത്. ആഗോളമുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും പുതിയതും, വിപ്ലവകരവുമായ ഒരു പുതിയ കാലഘട്ടമാണ് ഗ്ലോബലൈസേഷന്‍ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്ന പ്രക്രിയ. എന്നാല്‍ ഈ പ്രക്രിയയെ അല്ലെങ്കില്‍ ചരിത്രത്തിന്റെ മുന്നോട്ടൂള്ള പ്രയാണത്തില്‍ ഇങനെയൊരു സവിശേഷ phase നെ പറ്റി മാര്‍ക്സ് എഴുതിയത് വായിച്ചാല്‍ മേല്പറഞ്ഞ എല്ലാവരും, മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടുകള്‍ ആണ് സ്വീകരിച്ചിട്ടുള്ളത് എന്നാണ് മനസ്സിലാക്കേണ്ടിവരിക. മുതലാളിത്തത്തെ കുറിച്ചും, ചരിത്രത്തിന്റെ, മനുഷ്യന്റെ, മുന്നോട്ടുള്ള വളര്‍ച്ചയില്‍ അതിന്റെ വിപ്ലവകരമായ പങ്കിനെ കുറിച്ചും, അതിന്റെ “വിനാശകാരകമായ് (destructive)” ശക്തികളെ കുറിച്ചും ഒരു പാട് വാചാലമായ ഒരാളാണ് മാര്‍ക്സ്. (മാര്‍ക്സ് destructive എന്ന് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും, ആ പദം, വിപ്ലവകരമായ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്, ഉത്പാദനശക്തികളെ വളരാന്‍ അനുവദിക്കാതെ ,വളര്‍ച്ചയെ , മനുഷ്യന്റെ പുരോഗതിയെ തടയുന്ന സങ്കുചിതവും, ഇടുങിയതുമായ ആശയങളെയും, സാമൂഹ്യ വ്യവസ്ഥകളെയും, തകര്‍ക്കുന്ന എന്നര്‍ത്ഥ്ത്തില്‍ ).ആഗോളവല്‍ക്കരണം ( globalization) എന്ന പദം മാര്‍ക്സ് ഉപയോഗിച്ചിട്ടിലെങ്കിലും 1848ല്‍ എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയില്‍ മാ‍ര്‍ക്സ് മുതലാളിത്തതിന്റെ അഗ്ഗോളവല്‍ക്കരണ സ്വഭാവത്തെ പറ്റി എഴുതിയത് വായിച്ചാല്‍, അത് ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ മുതലാളിത്തതിന്റെ ഒരു പ്രകീര്‍ത്തനം പോലെ തോന്നിയാല്‍ അത്ഭുതപ്പെടാനില്ല: “ The bourgeois cannot exist without constantly revolutionising the instruments of production, and therby the relations of production, and with them the whole relations of society....All fixed fast frozen relations, with their train of ancient venerable prejudices and opinions, are swept away, all new-formed ones becomes antiquated before they can ossify. All that is solid melts into air, all that is holy is profaned, and man is at last compelled to face with sober senses his real connection of life and his relations with his kind..”
ഇംഗ്ലണ്ടില്‍ തദ്ദേശീയ കര്‍ഷകരെ സംരക്ഷിക്കാന്‍ കൊണ്ട് വന്ന കോണ്‍ ലോ (corn law) എന്ന protectionist നിയമം പിന്‍ വലിക്കുന്നത് സംബന്ധിച്ച് , “സ്വതന്ത്ര വ്യാപാര (free trade)അനുകൂലികളും”, എതിരാളികളും തമ്മില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് കുറ്റങള്‍ ഉണ്ടെങ്കിലും വളര്‍ച്ചയെ, വികസനത്തെ സഹായിക്കും എന്നത് കൊണ്ട്, മാര്‍ക്സ് സ്വതന്ത്ര വ്യാപാരത്തെ അനുകൂലിച്ച് “the most favorable condition for the worker is the growth of capital. .. in general, the protective system of our day is conservative, while the free trade system is destructive. It breaks up the old nationalities and pushes the antagonism of proletariat and the bourgeois to the extreme point. In a word, the free trade system hastens the social revolution, It is in this revolutionary sense, gentlemen, that I vote in favor of free trade” എന്ന് പ്രസംഗിക്കുകയുണ്ടായി.

മാര്‍ക്സ് ഒരിക്കലും മുതലാളിത്തത്തെ എന്തു വില കൊടുത്തും എതിര്‍ക്കേണ്ടുന്ന ഒരു സാമൂഹ്യ തിന്മയായി കണ്ടിരുന്നില്ല എന്ന് മാത്രമല്ല, ഫ്യൂഡലിസവും, മുതലാളിത്തവും, തമ്മിലോ, അവികസിത മുതലാളിത്തവും, വികസിത മുതലാളിത്തവും തമ്മിലോ ഒരു തെര്‍ഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നുവെങ്കില്‍ തീര്‍ച്ചയയും മാര്‍ക്സ് രണ്ടാമത് പറഞ്ഞവയ്ക്കാണ് വോട്ട് ചെയ്യുക. അതു കൊണ്ട് തന്നെ ആഗോളവല്‍ക്കരണ കാലഘട്ടം കെട്ടഴിച്ച് വിടുന്ന “ഉത്പാദന ശക്തികളുടെ വളര്‍ച്ചയും (growth of productive forces)” തല്‍ഫലമായി തകരുന്ന ഫ്യൂഡല്‍ / അവികസിത മുതലാളിത്ത, ഉത്പാദന ബന്ധങളും, അവ നില നിര്‍ത്തിയിരുന്ന ജീര്‍ണ്ണിച്ച സമൂഹ്യ വ്യവസ്ഥ്തിതിയുടെ തകര്‍ച്ചയും, ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിലെ അനിവാര്യതയാണ് എന്ന മാര്‍ക്സിന്റെ നിരീക്ഷണം മന്‍സ്സിലാക്കാതെ, അതിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടാണ് സ്വീകരികുന്നത് എന്ന് എനിക്ക് തോന്നുന്നു. അതേ പോലെ തന്നെ മറുവശത്ത്, ശ്രീ എം പി പരമേശ്വരനും, പരിഷത്തും, എന്‍ ജി ഓ സംഘടനകളും, പോസ്റ്റ് മോഡേനിസ്റ്റുകളും, “സുസ്ഥിര വികസനം, ചെറുതാണ് സുന്ദരം“ തുടങിയ മുദ്രാവാക്യങളോടേ മുന്നോട്ട് വയ്ക്കുന്ന, മുതലാളിത്തത്തെ “ബഹിഷ്ക്കരിച്ചും” “ചെറുകിട തദ്ദേശീയ ഉത്പാദനത്തിലൂടെയും” മറ്റും, പ്രതിരോധിക്കണം അല്ലെങ്കില്‍ ബദലുകള്‍ ഉയര്‍ത്തണം എന്നതും, തീര്‍ത്തും, ചരിത്രവിരുദ്ധവും, മാര്‍ക്സിസ്റ്റ് വിരുദ്ധവും, പിന്തിരിപ്പനുമായ ഒരു നിലപാട് ആണ്. (കിരണ്‍, ജനകീയാസൂത്രണത്തിലെ പങ്കാളിത്ത ജനാധിപത്യ പ്രവര്‍ത്തനങളെയല്ല മറിച്ച്, നാലാം ലോക വാദത്തിന്റെ സാമ്പത്തിക നയത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്).

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ഞാന്‍ പലപ്പോഴും പറയാന്‍ ഉദ്ധേശിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്ന ഒരു ആശയമാണ് വിമതന്‍ ഇവിടെ വളരെ വ്യക്തമായി വിശദമാക്കിയത് . പക്ഷെ നമ്മുടെ ഇടത് പക്ഷ സുഹൃത്തുക്കള്‍ക്ക് ഈ ചിന്താഗതി മനസ്സിലാവണമെന്നില്ല . മാര്‍ക്സിസത്തെ വെറും യാന്ത്രികമായി പിന്‍‌തുടര്‍ന്ന ഒരു പാരമ്പര്യമാണ് നമ്മുടെ നേതാക്കള്‍ക്ക് ഉണ്ടായിരുന്നത് . ഇതില്‍ മഹാനായ ഏ.കെ.ജി മാത്രം വേറിട്ട് നില്‍ക്കുന്നു . ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ മാര്‍ക്സിസം എങ്ങിനെ നടപ്പാക്കാം എന്ന് പഠിക്കാന്‍ ഒരു ദൌത്യസംഘം സോവിയറ്റ് യൂനിയന്‍ സന്ദര്‍ശിക്കുകയും എന്നാല്‍ തൃപ്തികരമായ ഉത്തരം ലഭിക്കാതെ തിരിക്കേണ്ടിയും വന്നിട്ടുണ്ട് . അതില്‍ പിന്നീട് മാര്‍ക്സിസത്തെ ക്രിയാത്മകമായി പ്രയോഗത്തില്‍ വരുത്താന്‍ ഇവിടെ കഴിഞ്ഞിട്ടില്ല . അതിന്റെയൊക്കെ പരിണതഫലമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ അവസ്ഥ . എന്നിട്ടും കേരളത്തിലും ബംഗാളിലും ജനകീയാടിത്തറയുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ എല്ലാ അഭിപ്രായങ്ങളേയും പുച്ഛിച്ച് തള്ളാറാണ് പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ ചെയ്യാറുള്ളത് . ഇന്ന് സങ്കുചിത ദേശീയ വാദത്തിന്റെ വക്താക്കളായി മാറി സാര്‍വ്വദേശീയ ചിന്താഗതി പാടേ ഉപേക്ഷിച്ച് സംസാരിക്കുന്ന നേഠാക്കളേയും അണികളേയും കാണുമ്പോള്‍ ചിരിയല്ല സങ്കടമാണ് വരുന്നത് .
വിമതന്‍ ചൂണ്ടിക്കാട്ടിയ ദിശയിലൂടെ മാര്‍ക്സിസത്തെ വ്യാഖ്യാനിക്കാന്‍ ഇവിടെയുള്ള നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോവുകയാണ് ....

രാജീവ് ചേലനാട്ട് said...

പ്രിയപ്പെട്ട രാധേയന്‍,

കോളണിവല്‍ക്കരണമെന്ന നിലയില്‍ സാമ്രാജ്യത്വം ഇന്ന് ഇല്ല എന്നത് ഏറെക്കുറെ ശരിയാണ്.സാമ്പത്തികസ്രോതസ്സുകള്‍ കയ്യടക്കിക്കൊണ്ടുള്ള പുതിയ തരം കോളണിവല്‍ക്കരണമാണ് ഇന്ന് നടക്കുന്നത് എന്നുള്ളതും നമുക്കൊക്കെ അറിയാവുന്നതുതന്നെ. പ്രഭാത് പട്‌നായ്ക്കിന്റെ ഇതു സംബന്ധിച്ച ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയവുമാണ്. ഫണ്ടിംഗ് വേണ്ട എന്ന ഓപ്ഷന്‍ സ്റ്റാന്റ് സ്റ്റില്‍ എന്ന ഓപ്ഷനാണെന്ന ധാരണ ശരിയാണെന്ന് തോന്നുന്നില്ല. ഫണ്ടിംഗ് ആവശ്യാമായി വരുന്ന സന്ദര്‍ഭങ്ങളുണ്ട്. പരസ്പരാശ്രിതത്വത്തിന്റെ കാലത്ത് അത് ഒഴിവാക്കാവുന്നതുമല്ല. പക്ഷേ, അതിന്റെ മറ പറ്റി വരുന്ന നിബന്ധനകള്‍ എത്രമാത്രം നമ്മെ പ്രതികൂലമായി ബാധിക്കുന്നു എന്നിടത്താണ് ശ്രദ്ധ വേണ്ടത്. കാറ്റും വെളിച്ചവും എന്ന ആ‍ശയവും ഇതുമായിതന്നെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒറ്റക്ക് നില്‍ക്കുന്നത് തീരെ അപ്രായോഗികമാണെന്ന നല്ല ബോദ്ധ്യവും എനിക്കുണ്ട്.

മാരീചന്‍,

സ്വന്തം നിഗമനങ്ങളാണ് പ്രപഞ്ചശരിയെന്ന തെറ്റിദ്ധാരണ എനിക്കില്ല. അപ്രമാദി എന്ന ഭാവം എങ്ങിനെയാണ് എന്നില്‍ താങ്കള്‍ കണ്ടതെന്നും അറിയില്ല. അത് അവിടെ നില്‍ക്കട്ടെ.

(ഒന്ന്) മാര്‍ക്സിന്റെ ആ വാചകം (ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തരും അവരുടെ ആവശ്യത്തിനനുസരിച്ച്)അയുക്തികമാണെന്നല്ല ഞാന്‍ പറഞ്ഞത്. അതിനെ എം.പി.പരമേശരന്റെ വാദത്തിന്റെ ആകെത്തുകയായി കാണുന്നതിലെ (മാരീചന്റെ)അയുക്തിയെയാണ് സൂചിപ്പിച്ചത്.

(രണ്ട്)കേരളത്തിലെ എന്‍.ജി.ഒ.കളുടെ പ്രവര്‍ത്തനം: കേരള ശാസ്ത-സാഹിത്യ പരിഷത്തിന്റെ സാക്ഷരതാ പ്രവര്‍ത്തനത്തോടെയാണ് കേരളത്തില്‍ ഒരു ശക്തമായ, പ്രമുഖ എന്‍.ജി.ഒ.സാന്നിദ്ധ്യം ആദ്യമായി ഉണ്ടാകുന്നത്. ലോകബാങ്കിന്റെ വിചിത്രമായ ചില കണ്ടെത്തലുകളെത്തുടര്‍ന്നായിരുന്നു അത്. ഒരുപക്ഷേ ഉദ്ദേശ്യശുദ്ധിയോടെതന്നെയായിരിക്കാം പരിഷത്ത് അത് ഏറ്റെടുത്ത് നടത്തിയതും. സര്‍ക്കാരിന്റെ കടമകള്‍ കയ്യൊഴിയാന്‍ സ‍ര്‍ക്കാരിനെ സഹായിക്കുക എന്ന ആധുനിക എന്‍.ജി.ഒ മാനേജ്‌മെന്റില്‍ എത്തിനില്‍ക്കുന്നു അത്.

സര്‍വ്വ ശിക്ഷാ അഭിയാനിന്റെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍പ്പോലും ആ എന്‍.ജി.ഒ. സാന്നിദ്ധ്യം തന്നെയാണ് കാണാനാവുക. വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ്ണമായ വികാസത്തിനുപയോഗിക്കുന്ന സര്‍ക്കാന്‍ മിഷണറിയല്ല അത്.സാര്‍വ്വത്രിക പ്രാഥമിക വിദ്യാഭ്യാസമെന്ന, കേന്ദ്രഗവണ്മെന്റിന്റെ ആ ‘സര്‍ക്കാര്‍ മിഷണറിയില്‍’ എന്‍.ജി.ഒ.പങ്കാളിത്തം തന്നെയാണ്, (Capacity Building,NGO Participation etc.)പരമപ്രധാനം എന്നര്‍ത്ഥം.

(മൂന്ന്)പങ്കാളിത്ത ജനാധിപത്യം, അധികാര വികേന്ദ്രീകരണം എന്നിവയിലൂടെ അധികാരം ജനങ്ങളിലേക്കെത്തുമെന്ന ധാരണ തെറ്റാണ്. സ്വാര്‍ത്ഥലാഭക്കാരായ ചെറു സംഘങ്ങളിലേക്കാണ് ആത്യന്തികമായി അധികാ‍രവും, ഗുണങ്ങളും എത്തുക.മൈക്രോ-ഫിനാന്‍സ് സംഘങ്ങളില്‍ (SPG)കള്‍ക്കുള്ള പങ്കുപോലെയായിത്തുടങ്ങിയിരിക്കുന്നു നമ്മുടെ ജനകീയാസൂത്രണത്തിന്റെ ഗുണഫലങ്ങള്‍. ചുരുക്കം ചില സ്ഥലങ്ങളില്‍ ഇതിനു അപവാദമില്ലെന്നല്ല. പക്ഷേ, പൊതുവായ ചിത്രം, അധികാരവും, ഗുണഫലങ്ങളും താഴേക്കിടയിലെത്തുന്നതിന്റെയല്ല എന്നു മാത്രം.( ഈ മറുപടി കിരണിനുകൂടിയുള്ളതാണ്).

(നാല്)നാലാം ലോകവാദം: സംവാദത്തിനു തയ്യാറാണ്.

ഇനി ആത്മനിഷ്ഠമായിതന്നെയാണ് ഓരോരുത്തരും അവനവന്റെ നിഗമനങ്ങളിലേക്കെത്തുന്നത്. കാര്യങ്ങളെ വസ്തുനിഷ്ഠമായി കണ്ടതിനുശേഷമാണെന്നുമാത്രം. താങ്കളും അത്തരത്തില്‍ തന്നെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് വിശ്വസിക്കാന്‍ തന്നെയാണ്‌ എനിക്കിഷ്ടം.

കിരണ്‍ തോമസ് തോമ്പില്‍ said...

ചേലാട്ടേ ജനാധിപത്യത്തില്‍ സാധ്യതകള്‍ക്കാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌ അല്ലാതെ പ്രത്യേയ ശാസ്ത്രങ്ങള്‍ക്കല്ല. ജനകീയ ആസൂത്രണം ഒരു സാധ്യതയാണ്‌. അത്‌ നല്ലരീതിയില്‍ നടത്താന്‍ കഴിയും എന്നതിന്‌ ഒരുപാട്‌ ഉദാഹരണങ്ങള്‍ ഉണ്ട്‌ താനും. അപ്പോള്‍ എന്തുകൊണ്ട്‌ കുറെ ഏറെ സ്ഥലങ്ങളില്‍ അത്‌ പരാജയപ്പെട്ടു എന്നത്‌ നല്ല ചോദ്യമാണ്‌ അത്‌ ജനകീയ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് ആ സമൂഹങ്ങള്‍ വീഴ്ച വരുത്തിയത്‌ കൊണ്ട്‌. ഇന്ന് ത്രിതല പഞ്ചായത്തുകളിലൂടെ ഗ്രാമ സഭകൂടി നല്ല പദ്ധതികള്‍ നടപ്പിലാക്കുന്ന പഞ്ചായത്തുകള്‍ ഉണ്ട്‌. എന്റെ പഞ്ചായത്തില്‍ അത്‌ വളരെ നന്നായി നടക്കുന്നുള്ളത്‌ കൊണ്ട്‌ അതിന്‌ കുറവുകള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. താഴേത്തട്ടിലേക്ക്‌ ഇറങ്ങി നോക്കിയാലേ പല വസ്തുതകളും നമുക്ക്‌ മനസ്സിലാകൂ. അല്ലാതെ ബുദ്ധിജീവികള്‍ എന്ന് സ്വയം നടിക്കുന്നവര്‍ എഴുതി വിടുന്ന ചവറുകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ക്ക്‌ ഇത്‌ മനസ്സിലാക്കാന്‍ പറ്റിയെന്ന് വരില്ല. നിര്‍ഭാഗ്യവശാല്‍ അങ്ങനേയുള്ളവര്‍ക്ക്‌ ലഭിക്കുന്ന അമിതമായ മാധ്യമ ശ്രദ്ധയും ത്രിതല പഞ്ചായത്ത്‌ സംവിധാനങ്ങളിലെ ചെറിയ പിഴവുകളേപ്പോലെ പര്‍വ്വതീകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്‌ ഇന്ന് നിലനില്‍ക്കുന്നത്‌.

മാരീചന്‍ said...

2001ലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സാക്ഷരതാ പ്രവര്‍ത്തനമാണെന്ന് നിരീക്ഷിച്ച ഒരു സിപിഎം ഏരിയാ സെക്രട്ടറിയുണ്ടായിരുന്നു നാട്ടില്‍. സമ്പൂര്‍ണ സാക്ഷരത ആപത്താണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

രാജീവിന്റെ വാദങ്ങളിലും നിഴലിക്കുന്നത് അത്തരം സമീപനമാണ്. താങ്കളുടെ ഒരു വാദം ഉദ്ധരിക്കട്ടെ. ലോകബാങ്കിന്റെ വിചിത്രമായ ചില കണ്ടെത്തലുകളെത്തുടര്‍ന്നായിരുന്നു അത്. ഇതില്‍ "വിചിത്രമായ" എന്ന പദം വിശേഷണമായി ഉപയോഗിച്ചതിന്റെ അര്‍ത്ഥമാണ് പ്രശ്നം.

നമുക്ക് വിചിത്രമായി തോന്നുന്നത് എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നില്ല. സാക്ഷരതാ പ്രവര്‍ത്തനങ്ങളെയും പാഠ്യപദ്ധതി പരിഷ്കരണത്തെയുമൊക്കെ എതിര്‍ക്കുന്നവരുടെ സ്ഥിരം വാദമുഖങ്ങള്‍ തന്നെയാണ് ഇതും. അല്‍ഭുതമൊന്നുമില്ല.

പങ്കാളിത്ത ജനാധിപത്യം വഴിയും വികേന്ദ്രീകൃതാസൂത്രണം വഴിയും അധികാരം സ്വാര്‍ത്ഥലാഭക്കാരായ ചെറുസംഘങ്ങളില്‍ എത്തുമെന്നും താങ്കള്‍ നിരീക്ഷിക്കുന്നു. അതിനുമുമ്പ് അങ്ങനെയായിരുന്നില്ലേ.

ഗ്രാമസഭകളും മറ്റും വ്യാപകമായതോടെ പഞ്ചായത്ത് ഭരണസമിതികളുടെ തോന്നിയവാസം അവസാനിച്ചത് ചെറിയ കാര്യമാണോ?

ഇഷ്ടപ്പെട്ടവര്‍ക്ക് വീടും ആടും കോഴിയും കക്കൂസും വിതരണം ചെയ്തിരുന്നവര്‍, ഗ്രാമസഭകളിലെ തീരുമാനമനുസരിച്ച് പ്രവര്‍ത്തക്കേണ്ടി വരുമ്പോള്‍ നേട്ടം തീര്‍ച്ചയായും ജനങ്ങള്‍ക്കു തന്നെയാണ്. അന്നുവരെ ഉണ്ടായിരുന്നതിനെക്കാള്‍ ജനപങ്കാളിത്തം തീര്‍ച്ചയായും ഇപ്പോള്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുണ്ട്. എന്നുവെച്ച് എല്ലാം ആയി എന്നല്ല. പഴയതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സുതാര്യമാണ് ഇപ്പോള്‍ കാര്യങ്ങള്‍.

അധികാരം, പാര്‍ട്ടി ഓഫീസുകളില്‍ കേന്ദ്രീകരിക്കണം എന്നു വാദിക്കുന്നവര്‍ക്ക് ഇത് സഹിക്കാനാവില്ല എന്ന് സ്പഷ്ടമല്ലേ. പാര്‍ട്ടി ഓഫീസുകളുടെ കുടുസുമുറികളില്‍ നാടിന്റെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതിന്റെ അശ്ലീലതയെക്കാള്‍ എത്രയോ മികച്ചതാണ് അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് കൈവന്നിട്ടുളള അവസരങ്ങള്‍.

ജനകീയാസൂത്രണം നടപ്പാക്കിയ കാലത്ത് അന്നത്തെ തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി പാലൊളി മുഹമ്മദ് കുട്ടി, യോഗങ്ങളിലും മറ്റും ആവര്‍ത്തിച്ചു പറയാറുളള ഒരു കാര്യമുണ്ടായിരുന്നു. "അധികാരം ജനങ്ങള്‍ക്കാണ്, ജനപ്രതിനിധികള്‍ക്കല്ല" എന്ന്.

തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ സ്വന്തം സമൂഹത്തിലെ ജനങ്ങളോടുളള ഉത്തരവാദിത്വം മറക്കുന്ന ആ ജനപ്രതിനിധികള്‍ തന്നെയാണ് ജനകീയാസൂത്രണത്തെ പൊട്ടിച്ചു കൈയില്‍ കൊടുത്തത്. ജനകീയാസൂത്രണത്തിന്റെ ആശയങ്ങള്‍ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടവര്‍ അത് നന്നായി നടത്തിയേടത്തെല്ലാം ദോഷങ്ങളെക്കാള്‍ എത്രയോ മീതെയാണ് ഗുണങ്ങള്‍.

ഭരണകൂടം കൊഴിഞ്ഞു വീഴുമെന്ന് മാര്‍ക്സ് നിരീക്ഷിച്ചതിലെ അപായസൂചന കണക്കിലെടുത്ത്, അത് ഒരിക്കലും കൊഴിഞ്ഞു വീഴാതിരിക്കാന്‍ അഹോരാത്രം പാടുപെടുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. ഭരണം ഇല്ലാത്ത അവസ്ഥ (അത് സഹകരണസംഘങ്ങളിലേതായാല്‍ പോലും) അവര്‍ക്ക് സഹിക്കാനുമാകില്ല.

ജനങ്ങള്‍ക്കാവശ്യം മാര്‍ക്സിന്റെ വാചകങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സാന്നിദ്ധ്യവുമൊന്നുമല്ല. സ്റ്റേറ്റിന്റെ ചെലവില്‍ ഒരു സംഘം നേതാക്കന്മാര്‍ സുഖവാസവും തോന്നിയവാസവും നടത്തുന്നത് അവസാനിക്കുക തന്നെ വേണം. അത്തരം ചിന്താഗതികള്‍ക്ക് വേരുപിടിക്കുമെന്നതു കൊണ്ടാണ് നാലാം ലോകമെന്ന ചിന്താഗതി മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുളയിലേ നുളളിയതും പരിഷത്തിനെ വധ്യംകരിച്ചതും എംപിയെ പുറത്താക്കിയതും.

കാറ്റും വെളിച്ചവും കയറിയാല്‍ തകര്‍ന്നു പോകുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചാണ് എം എന്‍ വിജയന്‍ ഭയന്നത്. വിജയന്‍മാഷിന്റെ ആ ഭയത്തിന് സാമാന്യജനത്തെ സംബന്ധിച്ച് പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ല.

ഇനി നാലാം ലോകം എങ്ങനെയാണ് മാര്‍ക്സിസ്റ്റ് വിരുദ്ധമാകുന്നത് എന്ന ചോദ്യത്തിനുളള മറുപടി താങ്കളാണ് പറയേണ്ടത്. മാര്‍ക്സിസമെന്ന ഉട്യോപ്യയ്ക്ക് മീതെ എംപി കെട്ടിപ്പൊക്കിയ മറ്റൊരുട്ടോപ്യയാണ് ആ ചിന്ത. അതിനെ ഒരു സിദ്ധാന്തമെന്നൊന്നും വിളിക്കരുതെന്ന് എംപി തന്നെ പലയാവര്‍ത്തി പറഞ്ഞിട്ടുമുണ്ട്. ഐസക്കിന്റെയും കെഎന്‍ ഗണേഷിന്റെയും നാലാം ലോക വിമര്‍ശനങ്ങള്‍ക്ക് ജനാധിപത്യത്തെ ആര്‍ക്കാണ് പേടി എന്ന പുസ്തകത്തില്‍ എംപി വിശദമായി മറുപടിയുമെഴുതിയിട്ടുണ്ട്.

ഒമ്പത് അധ്യായങ്ങളിലായി 150 പേജോളം വരുന്ന നാലാം ലോകം സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തിലെ ഏതേത് ഭാഗങ്ങളാണ് ആഗോളീകരണത്തെ പ്രത്യക്ഷത്തില്‍ തന്നെ സഹായിക്കുന്ന സമവായങ്ങളാകുന്നതെന്ന് ദയവായി വിശദീകരിക്കാമോ?

Radheyan said...

കിരണ്‍ പറഞ്ഞതു പോലെ ജനകീയാസൂത്രണം ഒരു സാധ്യതയാണ്.ജനകീയസൂത്രണത്തിലൂടെ പലതും വികേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്.കൂട്ടത്തില്‍ അഴിമതിയും.പക്ഷെ അഴിമതിയുടെ കേന്ദ്രീകരണത്തെക്കാള്‍ എത്ര നല്ലതാണ് അതിന്റെ വികേന്ദ്രീകരണം.

ജനകീയാസൂത്രണത്തിനു മുന്‍പ് പഞ്ചായത്ത് ജനവിരുദ്ധമായ മറ്റൊരു അധികാരസ്ഥാനം മാത്രമായിരുന്നു.പുരുഷകേന്ദ്രീകൃതമായ മറ്റൊരു അധികാരഗുഹ.ഗ്രാമസഭയെന്ന സങ്കല്‍പ്പം അതില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കി.ഗുണഭോതൃലിസ്റ്റിലൊന്നും അര്‍ഹതയെ കുറിച്ച് കാര്യമായ പരാതികളുണ്ടാകുന്നില്ല.ഇനി ഉണ്ടെങ്കില്‍ തന്നെ അത് പരാതി പറയുന്നവര്‍ ഗ്രാമസഭകളില്‍ പങ്കെടുക്കാത്തതിനാലാണ്.പലപ്പോഴും ജനപ്രതിനിധികളെ ചൂളിപ്പിക്കുന്നതും ചിലപ്പോഴെങ്കിലും കണ്ണീരണിയിക്കുന്നതും ആയ തീക്ഷ്ണമായ വിമര്‍ശനങ്ങള്‍.10 കൊല്ലം പഞ്ചായത്ത് ജനപ്രതിനിധി ആയിരുന്ന എന്റെ അമ്മ പറയുന്നത് നിയമസഭയെയും ലോക്സഭയെയുംകാള്‍ വളരെ അധികമാണ് ഇന്‍കുംബന്‍സി ഫാക്റ്റര്‍ പഞ്ചായത്ത് ഇലക്ഷനുകളില്‍ എന്നാണ്.

ജനകീയാസൂത്രണത്തിലെ പ്രധാന പാളിച്ചകള്‍ എന്ന് എനിക്ക് തോന്നിയത് ഇവയാണ്.
1. ആഡിറ്റുകളുടെ അഭാവം.ശരിക്കും പറഞ്ഞാല്‍ ഗ്രാമസഭയില്‍ ഒരു ജനകീയ ആഡിറ്റും പിന്നെ ലോക്കല്‍ഫണ്ട് ഓഡിറ്റും വേണ്ട ഇടത്ത് ഓഡിറ്റുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി കൊടുത്തു.
2. ജനകീയാസൂത്രണത്തെ പാര്‍ട്ടി വളര്‍ത്താനുള്ള ഉപാധി ആക്കിയത്.ജനകീയാസൂത്രണം ഒരു ജനകീയ വിപ്ലവമാകുകയും അതിലൂടെ പാര്‍ട്ടി വളരുകയും ചെയ്യും എന്ന ഇ.എം.എസ് സങ്കല്‍പ്പം ഭാവനാശൂന്യരായ സി.പി.എം കീഴ്ഘടകങ്ങള്‍ മനസ്സിലാക്കിയില്ല.മറിച്ച് ആടിനെയും കോഴിയെയും കൊടുത്ത് ജനപിന്തുണ ഉറപ്പിക്കാനും ചെറുകിട കാരാറുകാരെ പിഴിഞ്ഞ് പാര്‍ട്ടി പരിപാടികള്‍ നടത്താനുമുള്ള വഴിയായി ഇതിനെ കണ്ടു.
3.ബനഫിഷ്യറി സമിതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചില്ല.മറിച്ച് അവരുടെ സാമ്പത്തിക പരാധീനതയും സംഘടിപ്പിക്കാനുള്ള ശേഷി കുറവും മുതലെടുത്ത് കരാറുകാറെ ബനഫിഷ്യറി കമ്മിറ്റികളുടെ ബിനാമികളാക്കുന്ന പരിപാടിക്ക് മൌനാനുവാദം നല്‍കി.
4.സര്‍ക്കാര്‍ നിശ്ചയിക്കുന്ന എസ്റ്റിമേറ്റുകള്‍ വളരെ താഴ്ന്നതും അതു മൂലം അഴിമതിക്ക് വഴിവെക്കുന്നതുമാണ്.125 രൂപ കൂലി ഉള്ളപ്പോള്‍ സര്‍ക്കാര്‍ അത് 65 രൂപയായി നിജപ്പെടുത്തുന്നു.സ്വാഭാവികമായി അഴിമതിക്കുള്ള റൂം അവിടെ ഉണ്ട്.ഇതുമൂലം ഉദ്യോഗസ്ഥര്‍ക്ക് പണിചെയ്യിക്കുന്നവരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനാവുന്നു.
5.ജനപ്രതിനിധികളുടെ ഭാവനാ പാപ്പരത്തവും ലോക്കല്‍ പാര്‍ട്ടി ഘടകങ്ങളുടെ അമിത ഇടപെടലും.

ഇവയൊക്കെ ഒന്നു ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്നതാണ്.ഓരോ ജനവും തന്റെയും സമൂഹത്തിന്റെയും അധികാരിയാവുമ്പോള്‍ ഭരണകൂടങ്ങള്‍ അപ്രസക്തമാവും,അവ കൊഴിഞ്ഞു പോയില്ലെങ്കില്‍ തന്നെയും.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ നിരീക്ഷണങ്ങള്‍ 100% കറകറ്റ്‌. ഞങ്ങളുടെ നാടിനെ സംബന്ധിച്ചിടോളം 65 രൂപ എന്നത്‌ വലിയ പ്രശ്നമുണ്ടാക്കിയില്ല. മൊത്തം എസ്റ്റിമേറ്റ്‌ തുക 60000 രൂപയായിരുന്നു. അതിന്റെ ആദ്യ ഘടു 12000 രൂപ കമ്മിറ്റിക്കാര്‍ സമാഹരിച്ച്‌ പണി തുടങ്ങി. കൂടുതല്‍ തുക വേണ്ടിയിരുന്ന് മണ്ണുമാറ്റല്‍ പോലുള്ള ജോലികള്‍ക്ക്‌ JCB ഉപയോഗപ്പെടുത്തി. സ്ഥിരമായി കൂലിപ്പണിക്ക്‌ പോകുന്നവര്‍ക്ക്‌ മാത്രം കൂലി നല്‍കി. ബാക്കി എല്ലാവരും ശ്രമധാനം നടത്തി. സത്യത്തില്‍ ഞങ്ങളുടെ നാട്ടുകാര്‍ പരസ്പര വിരോധം പോലും മറന്ന് നാടിന്റെ ആവശ്യത്തിന്‌ വേണ്ടി ഒന്നിക്കുന്നത്‌ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി. ആദ്യ പണിയുടെ ചുവടുപിടിച്ച്‌ റോഡ്‌ ടാറിങ്ങും ഇതെ ജനകീയ കമ്മറ്റി നടത്തി. അന്ന് പണിത റോഡ്‌ ഇപ്പോഴും വലിയ പ്രശ്നമില്ലാതെ കിടക്കുന്നു
ചിത്രം കാണുക.

ജനകീയ ആസൂത്രണം കഴിഞ്ഞ്‌ കുറച്ചു കാലത്തേക്ക്‌ ഒരു മന്ദതയായിരുന്നു. എന്നാല്‍ ഇത്തവണ വീണ്ടും ഞങ്ങളുടെ പഞ്ചായത്ത്‌ ആവേശത്തിലാണ്‌. ഞങ്ങളുടെ പഞ്ചായത്ത്‌ ഭരിക്കുന്നത്‌ LDF ആണ്‌. എന്നാല്‍ ഞങ്ങളുടെ പ്രദേശം ഒരു UDF കോട്ടയാണ്‌. ഞങ്ങളുടെ പ്രദേശത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കൊന്നക്കല്‍ അപ്പച്ചന്‍ ചേട്ടനാണ്‌ ഒന്നാം വാര്‍ഡ്‌ മെമ്പര്‍. പരമ്പരാഗത കച്ചവടക്കാരനായ്‌ ഇദ്ദേഹത്തെ ഇന്ന് കടയില്‍ കാണാന്‍ ഇല്ല. മുഴുവന്‍ സമയവും ഓരോ പദ്ധതി നടപ്പിലാക്കാനും ഗ്രാമ സഭയില്‍ പരമാവധി ആള്‍ക്കാരെ സംഘടിപ്പിക്കാനും ഓടി നടക്കുകയാണ്‌ അപ്പച്ചന്‍ ചേട്ടന്‍. അദ്ദേഹം കട തൊഴിലാളികളെ ഏല്‍പ്പിച്ച്‌ ഇത്രക്ക്‌ ആവേശ പൂര്‍വ്വം എന്തുകൊണ്ട്‌ ഓടിനടക്കുന്നു എന്ന് ചോദിച്ചപ്പോള്‍ പുള്ളിക്കാരന്‍ പറഞ്ഞത്‌ ഒരുപാട്‌ കാര്യങ്ങള്‍ നമുക്ക്‌ ചെയ്യാനുണ്ട്‌ എന്നാണ്‌. ഇതെ ആവേശം ശ്രീകണ്ഠപുരം ഗ്രാമ പഞ്ചായത്തില്‍ ശക്തമായി നിലനില്‍ക്കുന്നു. ഇവിടെ രാഷ്ട്രീയം പഞ്ചായത്ത്‌ കാര്യങ്ങളില്‍ ഒരു വിലങ്ങു തടിയേ അല്ല.

ഇതൊക്കെ നേരിട്ട്‌ കണ്ട്‌ മനസ്സിലാകുന്ന എന്നേപ്പോലെയുള്ള ബുദ്ധി ഇല്ലാത്ത ജീവികള്‍ക്ക്‌ പങ്കാളിത്ത ജനാധിപത്യവും ത്രിതല പഞ്ചായത്തും ജനകീയ ആസൂത്രണവും അന്താരാഷ്ട്ര ഗൂഡാലോചനയാണ്‌ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.

N.J ജോജൂ said...

കിരണ്‍, മാരീചന്‍, രാധേയന്‍ എന്നിവര്‍ പറഞ്ഞതിനോട് യോജിക്കുന്നു. ബാക്കി കമന്റുകള്‍ വായിക്കാന്‍ സമയം കിട്ടിയില്ല. വിജയം മാഷിനേക്കുറിച്ച് എനിയ്ക്ക് ഒരഭിപ്രായവുമില്ല. അതേസമയം ജനകീയാസൂത്രണം പോലെയുള്ള പരിപാടികള്‍ ഉണ്ടാവണമെന്ന അഭിപ്രായമാണുള്ളത്.

ഏത് പരിപാടിയേയും രാഷ്ടീയപാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുള്ള ആയുധമാക്കുവാനുള്ള ശ്രമമുണ്ട്.
“ജനകീയാസൂത്രണം ഒരു ജനകീയ വിപ്ലവമാകുകയും അതിലൂടെ പാര്‍ട്ടി വളരുകയും ചെയ്യും എന്ന ഇ.എം.എസ് സങ്കല്‍പ്പം .....”. അതായത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം. ഫലത്തില്‍ ഉന്നംവയ്ക്കുന്നത് അധികാരത്തെ തന്നെയാണ്. ഇത് ഒരുതരം ഗതികേടായിരിയ്ക്കാം. അതായത് അധികാരത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നാല്‍ ഒന്നും ചെയ്യാനാവാ‍തെ വരികയും അധികാരത്തില്‍ തുടരണമെങ്കില്‍ പദ്ധതികളേ രാഷ്ടീയവത്കരിച്ചേ മതീയാവൂ എന്നുവരികയും ചെയ്യുന്ന അവസ്ഥ.

യഥാര്‍ത്ഥ ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ക്കോ പ്രത്യയശാസ്ത്രങ്ങള്‍ക്കോ കാര്യനടത്തിപ്പിന്റെ രാഷ്ടീയവത്കരണത്തിനോ പ്രാധാന്യമില്ല. ജനങ്ങളുടെ നന്മയ്ക്കും കാര്യങ്ങളുടെ നടത്തിപ്പിനും ആകമാനമുള്ള പുരോഗതിയ്ക്കും മാത്രമാണ് പ്രാധാന്യം.

ഇന്ന് ജനാധിപത്യമുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ പോലും കേന്ദ്രീകൃത ജനാധിപത്യമാണ്. മേലെയുള്ളവര്‍ പറയുന്നു താഴെയുള്ളവര്‍ അനുസരിയ്ക്കുന്നു. ജനാധിപത്യത്തില്‍ യഥാര്‍ത്ഥത്തില്‍ താഴെയുള്ളവര്‍ പറയുന്നത് മേലെയുള്ളവരാണ് അനുസരിയ്ക്കേണ്ടത്.

രാഷ്ടീയപാര്‍ട്ടികള്‍ നിര്‍ത്തുന്നവരെ ജയിപ്പിക്കുവാനാണല്ലോ നമ്മുടെ ജനാധിപത്യം. ജനങ്ങള്‍(പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ല) ആവശ്യപ്പെടുന്നവരെ -പ്രവര്‍ത്തന പാരമ്പര്യം നോക്കാതെ- മത്സരിപ്പിയ്ക്കാനും വിജയിപ്പിയ്ക്കാനും കഴിഞ്ഞാലേ ജനാധിപത്യമാവൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു MLA MP. ഇത്‌ രണ്ടും രാഷ്ട്രീയപാര്‍ട്ടികള്‍ നിശ്ചയിക്കുന്ന സ്ഥാനര്‍ത്ഥികള്‍ ആകാം എന്നാണ്‌ എന്റെ അഭിപ്രായം. കാരണം ഇത്‌ രണ്ടും ഭരണവുമായി ബന്ധപ്പെട്ടതാണ്‌ ഒരു MP ക്കും MLA ക്കും തങ്ങളുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ ബ്രാന്റ്‌ അമ്പാസിഡര്‍ ആകാന്‍ പരിമിതിയുണ്ട്‌. അവര്‍ക്ക്‌ ദേശീയ സംസ്ഥാന വീക്ഷണം ഉണ്ടാകേണ്ടതാണ്‌( അങ്ങനെ ഉണ്ടോ എന്നത്‌ വേറേ വിഷയം). എന്നാല്‍ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങല്‍ കുറേക്കൂടി പ്രാദേശികമാണ്‌ മാത്രവുമല്ല ജനകീയവും. അതുകൊണ്ട്‌ തന്നെ കഴിവുള്ള നേതാക്കള്‍ക്ക്‌ വളര്‍ന്ന് വരാന്‍ ഇത്‌ ഒരു നല്ല അവസരം കൂടിയാണ്‌( ഇങ്ങനെ വളര്‍ന്നു വന്ന ഒരു മാതൃക നേതാവാണ്‌ മാവേലിക്കര MP C.S. സുജാത). ഞാന്‍ ഇത്‌ പറയാന്‍ കാരണം ജനങ്ങള്‍ ഇന്ന് ഒരാളേ MLA യോ MP യോ ആകണം എന്ന് ആഗ്രഹിക്കുന്നത്‌ അവരുടെ പ്രവര്‍ത്തനം വിലയിരുത്തപ്പെട്ടിട്ടാകണം. താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവ പാരമ്പര്യമാകാണം അവരെ മേലേത്തട്ടില്‍ എത്തിക്കേണ്ടത്‌.

മാരീചന്‍ said...

രാജേഷ് ചേലനാട്ടേ,
ഞാന്‍ നില്‍ക്കണോ പോകണോ?

N.J ജോജൂ said...

കിരണ്‍,

സമയപരിമിതിയുണ്ട്, തന്നെയുമല്ല വിഷയത്തില്‍ നിന്നും കണ്ടമാനം വ്യതിചലിയ്ക്കുകയുമാണ്. ചര്‍ച്ചയില്‍ എത്രമാത്രം involved ആകാന്‍ കഴിയും എന്ന് അറിഞ്ഞുകൂടാ.

CS സുജാതയെപ്പോലെ ഒരാള്‍ എപ്രകാരമാണ് കടന്നുവരിക? വിദ്യാര്‍ത്ഥീരാഷ്ടീയപ്രസ്ഥാനങ്ങളില്‍ അംഗമായി, പിന്നെ സാരഥിയായി, പാര്‍ട്ടിയുടെ പ്രാഥമികാംഗമായീ പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചു തോറ്റു/ജയിച്ചു, പാര്‍ലമെന്റ്/നിയമസഭ ഇലക്ഷനില്‍ മത്സരിച്ചു തോറ്റു/ജയിച്ചു, മന്ത്രിയായീ......
ഇത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മാത്രം പ്രശ്നമല്ല. ഒരുമാതിരിപ്പെട്ട എല്ലാ പാര്‍ട്ടികളും ഇങ്ങനെതന്നെ. അതേസമയം ഇവരെക്കാള്‍ മെച്ചപ്പെട്ട ഒരാള്‍ വെളിയിലുണ്ടെങ്കില്‍, അയാള്‍ പാര്‍ട്ടിയുടെ അംഗമല്ലെങ്കില്‍, ജനങ്ങള്‍ക്ക് അയാളില്‍ താത്പര്യമുണ്ടെങ്കില്‍ കൂടിയും അയാള്‍ക്ക് നേതൃനിരയിലേയ്ക്ക് കടന്നുവരാനാവില്ല. അതേ സമയം മേല്‍പ്പറഞ്ഞ രാഷ്ടീയ പാരമ്പര്യം പരിഗണിക്കാതെ ഒരാളെ നേതൃനിരയിലേയ്ക്ക് കൊണ്ടുവരികയാണെങ്കില്‍ പ്രവര്‍ത്തകരും പ്രാരമ്പര്യമുള്ളവരും പിറുപിറുക്കും, പ്രവര്‍ത്തിയ്ക്കാന്‍ ആളില്ലാതെയാവും. കാരണം അധികാരമാണല്ലോ എല്ല്ലാവരുടെയും ലക്ഷ്യം. ഇത് രാഷ്ടീയപാര്‍ട്ടികളുടെ ചട്ടക്കൂടിന്റെ പ്രശ്നമാണ്. ഇപ്രകാരമല്ലാതെ ആരങ്കിലും പ്രധാനപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി കടന്നുവന്നിട്ടുണ്ടെങ്കില്‍ അതുമിയ്ക്കവാറും ഒരു കുരുതി സീറ്റിലേയ്ക്ക് ആയിരിയ്ക്കും. എതിരാളിയുടെ കോട്ടയില്‍ ഒരു ബലിയാട്.

എന്റെ അനുഭവത്തില്‍ ഗണേശ് കുമാര്‍ നല്ലൊരു മന്ത്രിയായിരുന്നു. കേരളത്തില്‍ പൊതുവെ അങ്ങിനെയിരു അഭിപ്രായമാണുള്ളതെന്നാണ് എന്റെ അറിവ്. ഗണേശ് കുമാറിനേപ്പോലൊരാള്‍ കോണ്‍ഗ്രസില്‍ നിന്നോ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നോ ഉണ്ടാവാന്‍ ഒരു സാധ്യതയുമില്ല.

കേരളം ഇന്നുവരെ ഭരിച്ചവരേക്കാല്‍ പത്തുമടങ്ങ് കഴിവും പ്രാപ്തിയും വിവരവുമുള്ളവര്‍ വെളിയില്‍ കാണും. അവരൊന്നും ഒരു പാര്‍ട്ടിയുടെയും ഭാഗമായിരിക്കില്ല. ഒരു പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങാന്‍ അവര്‍ ആഗ്രഹിക്കുകയുമില്ല. സര്‍ക്കാരിന്റെ സഹായമൊന്നുമില്ലാതെ ജനനന്മയ്ജു വേണ്ടി പ്രവര്‍ത്തിയ്ക്കുന്നവരുണ്ട്, ആതുരസേവനം നടത്തുന്നവരുണ്ട്, വ്യവസായസംരഭങ്ങള്‍ നടത്തുന്നവരുണ്ട്. വളരെ ആത്മാര്‍ത്ഥമായി സേവനംചെയ്യുന്ന ഡോക്ടര്‍മാരുണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്, അധ്യാപകരുണ്ട്. തങ്ങളുറ്റെ ചെറിയ വൃത്തത്തിനുള്ളില്‍ നിന്നുകൊണ്ട് ഭാവനാപൂ‍ര്‍ണ്ണങ്ങളായ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുനടപ്പാക്കിയവരുണ്ട്. ഇവരെയൊന്നും കണ്ടെത്തുവാനോ ഇവരുടെ സേവനം പ്രയോഗനപ്പെടുത്തുവാനോ നമ്മുടെ രാഷ്ടീയപ്പാര്‍ട്ടികള്‍ക്ക് കഴിയില്ല.

എല്ലാറ്റിലും വലുത് പാര്‍ട്ടിയല്ല, ജനങ്ങളാണ്.
(ജനങ്ങള്‍ എന്നു പറഞ്ഞാല്‍ കൊടിപിടിയ്ക്കുകയും ഇങ്ക്വിലാബ് വിളിയ്ക്കുകയും ചെയ്യുന്ന ജനങ്ങളല്ല. അത്തരക്കാര്‍ ജനസംഖ്യയുടെ പത്തു ശതമാനം പോലും വരില്ല.)

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു പറഞ്ഞ പലതിനോടും ഞാന്‍ യോജിക്കുന്നു. പാര്‍ട്ടികള്‍ ഇല്ലാതെ ഒരാള്‍ക്ക്‌ വളര്‍ന്നു വരിക എന്നത്‌ ഒരു ജനാധിപത്യ രാജ്യത്ത്‌ ബുദ്ധിമുട്ടാണ്‌ . എന്നാല്‍ അദ്ദേഹത്തിനും ത്രിതല പഞ്ചായത്തില്‍ സാധ്യതകള്‍ ഉപയോഗിക്കാം എന്ന് തോന്നുന്നു. പിന്നെ നമ്മുടെ രാജ്യസഭ സീറ്റ്‌ എന്ന ആശയം ഇത്തരത്തിലുള്ള ആള്‍ക്കാരെ ഉള്‍ക്കൊള്ളാനാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നു. വലിയ സംസ്ഥാനങ്ങളില്‍ പണ്ട്‌ ഇതുപോലെ MLC മാരും ഉണ്ടായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. കാരണം ജയലളിതയും മറ്റും ഇത്‌ പുനസ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നെ ഇത്തരത്തില്‍ വരുന്നവര്‍ക്ക്‌ പലപ്പോഴും ചട്ടക്കൂട്ടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.

റഫീക്ക് കിഴാറ്റൂര്‍ said...

വിജയന്‍ മാഷ് എന്ന നിലയിലല്ല.
അധിനിവേശപ്രതിരോധ സമധി എന്ന നിലയില്‍
അവര്‍ കേരള സമൂഹത്തിനു എന്തു സംഭാവനയാണു നല്‍കിയതു???
വിമര്‍ശനങ്ങള്‍ പലതും സമൂഹനന്മ്മക്കായിരുന്നുവോ?
അതൊ വ്യ്കിതി കേന്ദ്രികൃതമൊ?
വിമര്‍ശിച്ചവ്യ്ക്കു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍?????
ഇവരുടെ ഭാഷ ????

nariman said...

യു.ഡി.എഫും, ബി.ജെ.പിയും,എം.എന്‍.വിജയനും
അധിനിവേശപ്രതിരോധസമിതിയും ഒരുപോലെ എതിര്‍ക്കുന്നതു മാര്‍ക്സിസ്റ്റ്സ്റ്റു പാര്‍ടിയെയും അതിന്റെ നേതൃത്വത്തെയുമാണ്.പണ്ട് നക്സലൈറ്റുകള്‍ചെയ്തിരുന്ന പിളര്‍പ്പന്‍ പണി വിജയന്‍‌മാഷും കൂട്ടരും ചെയ്തു എന്നു മാത്രം. അതുകൊണ്ടാണല്ലോ മനോരമയും മാതൃഭൂമിയും ജന്മഭൂമിയും കേസരിയും മാധ്യമവും എല്ലാം എം . എന്‍ വിജയനെ മത്സരിച്ചു സ്തുതിക്കുന്നത്.എം. എന്‍. വിജയന്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയോടൊപ്പം നിന്നപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്ത വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അദ്ദേഹം എത്രമേല്‍ പ്രിയങ്കരനായിരിക്കുന്നു!! ഇടതുപക്ഷത്തെയും മാര്‍ക്സ്സിസ്റ്റു പാര്‍ടിയെയും തകര്‍ക്കാന്‍ ഏറ്റവും പറ്റിയ ആയുധം തീവ്രവാദവും ആദര്‍ശവാദവുമാണെന്നു വലതുപക്ഷം കണ്ടെത്തിയിരിക്കുന്നു

ibnu said...

മാഷിന്‍റെ വിമര്‍ശന ശരങ്ങളുടെ അറ്റത്ത് പാര്‍ടി സെക്രടരിയും ഉണ്ടായിരുന്നു എന്നതാണ് സത്യം