Sunday, October 21, 2007

പരിഷത്ത് ചാര സംഘടനയോ ?

ശാസ്ത്ര സാഹിത്യ പരിഷത്ത് വിദേശ ചാര സംഘടനയാണ് എന്ന് പാഠം മാസിക എഴുതിയതിനേത്തുടര്‍ന്ന് പരിഷത്ത് നല്‍കിയ മാന നഷ്ടക്കേസ് കോടതി തള്ളുകയുണ്ടായി. അതേത്തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനനത്തിലാണ് വിജയന്‍ മാഷ് മരണമടഞ്ഞത്. വിജയന്‍ മാഷുടേ മരണം വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റില്‍ ഈ വിഷയം പറയുകയുണ്ടായി എന്നാല്‍ ആ ചര്‍ച്ചയിലും പരിഷത്ത് ചാര സംഘടനയാണോ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ഈ വിഷയത്തില്‍ മരീചന്‍ എന്ന ബ്ലോഗര്‍ എഴുതിയ പോസ്റ്റ് തനിമലയാളത്തിലോ ചിന്തയിലോ വരാതിരുന്നതിനാള്‍ ശ്രദ്ധിക്കപ്പെടാതെ പോയി . ഞാന്‍ എഴുതിയ പോസ്റ്റിനോട് ബന്ധപ്പെട്ടുള്ള ഒന്നാകയാല്‍ ഇത് ശ്രദ്ധിക്കപ്പെടണമെന്ന് എനിക്ക് തോന്നി.മരീചന്റെ അനുവാദത്തോടെ ഞാന്‍ അത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

'പാഠ'മേവ ജയതേ.........! --> മാരീചന്‍
ഒരാള്‍ മറ്റൊരാളെ 'ചാരന്‍' എന്നു വിളിച്ചാല്‍, അത് തെളിയിക്കാനുളള ചുമതല ആര്‍ക്കാണ്? ആരോപിതന്‍ ചാരനാണെന്ന് ആരോപണം ഉന്നയിച്ചയാള്‍ തെളിയിക്കണോ, താന്‍ ചാരനല്ലെന്ന് വിളി കേട്ടവന്‍ തെളിയിക്കണോ?

രണ്ടാമതു പറഞ്ഞതാണ് ചെയ്യേണ്ടതെന്ന് വിധിക്കുന്നു, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്. എന്താണിതിന്റെ ഗുട്ടന്‍സ് എന്നതിന്റെ നിയമവശങ്ങളൊന്നും മാരീചന് വലിയ പിടിയില്ല. എന്നാല്‍ വിജയന്‍മാഷുടെ മരണത്തോടെ വിശ്വരൂപം പ്രാപിച്ച പരിഷത്ത് ചാരക്കേസിന്റെ ഉളളിതൊലിച്ചു നോക്കുമ്പോള്‍ സാമാന്യബുദ്ധിയെന്നു പറയുന്ന സാധനം ചോദിക്കുന്നു, എവിടെയോ അല്‍പം പിശകിയില്ലേ.

ഒന്നു റീവൈന്‍ഡു ചെയ്തു നോക്കാം. 2004 ഫെബ്രുവരി 18നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ. പാപ്പൂട്ടിയും ജനറല്‍ സെക്രട്ടറി എന്‍ കെ ശശിധരന്‍ പിളളയും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് വിവാദത്തെക്കുറിച്ചുളള പരിഷത്ത് നിലപാട് വിശദീകരിച്ചത്.

പരിഷത്തോ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐആര്‍ടിസിയോ യാതൊരു വിദേശ ഫണ്ടും കൈപ്പറ്റിയിട്ടില്ലെന്ന് ഇരുവരും വിശദീകരിച്ചു.

വിദേശ ഫണ്ട് കൈപ്പറ്റണമെങ്കില്‍ എഫ്ആര്‍സിഎ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) രജിസ്ട്രേഷന്‍ വേണമെന്നും പരിഷത്തിനോ ഐആര്‍ടിസിയ്ക്കോ ആ രജിസ്ട്രേഷന്‍ ഇല്ലായെന്നുമായിരുന്നു പരിഷത്ത് ഭാരവാഹികളുടെ വാദം.

പണമെങ്ങനെ കൈയില്‍ വന്നുവെന്നും അവര്‍ വിശദീകരിച്ചു. ഡച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സര്‍ക്കാര്‍ സ്ഥാപനമായ സിഡിഎസ് ഏറ്റെടുത്ത ഗവേഷണ പദ്ധതികളിലൊന്നാണ് ഐആര്‍ടിസിയ്ക്ക് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഈ സഹായം ഇന്ത്യയിലെത്തിയത്. പത്രപ്പരസ്യം നല്‍കിയാണ് അവര്‍ പദ്ധതിയേറ്റെടുക്കാന്‍ ആളെ ക്ഷണിച്ചത് (ചാരപ്പണി പത്രപ്പരസ്യം നല്‍കിയാണത്രേ നടത്തുക! സിഐഎയുടെ ഒരു പുരോഗതിയേ!).

പണിയെടുത്തവര്‍ക്കുളള ശംബളമായും അച്ചടിയ്ക്കും മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായും ചെലവിട്ട തുകയുടെ കണക്കും പരിഷത്ത് പൊതുജനസമക്ഷം ഹാജരാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഓഡിറ്റും ആദായനികുതി വകുപ്പിന്റെ ഓഡിറ്റും സോഷ്യല്‍ ഓഡിറ്റും നടത്തുന്ന ഐആര്‍ടിസിയ്ക്ക് കണക്ക് ഹാജരാക്കാന്‍ ആരെ പേടിക്കണം?

ഇതൊക്കെ ഈ നാട്ടിലെ ജനങ്ങള്‍ക്കു മുന്നില്‍ പരിഷത്ത് ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യങ്ങളാണ്. എന്നാല്‍ പാഠത്തിനും സുധീഷിനും കുറെ സാംസ്ക്കാരിക ഊളന്മാര്‍ക്കുമൊന്നും ഇത് തലയില്‍ കയറില്ല. ജീവിതത്തിന്റെ സമസ്തമേഖലകളിലും പരാജയപ്പെട്ടാല്‍ പിന്നെ "കേട്ടുവോ എന്നുടെ സ്വരം വേറിട്ടെ"ന്ന് അലറി നാലുപേരുടെ സ്വൈരം കെടുത്തുന്നതാണല്ലോ സാംസ്കാരിക പ്രവര്‍ത്തനം. അവര്‍ എന്നു മുയലിനെപ്പിടിച്ചാലും അഞ്ചും ആറും കൊമ്പുളളവ തന്നെയാവുമെന്നത് വേറൊരത്ഭുതം.

എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ പരിഷത്ത് വിശദീകരിച്ച കാര്യങ്ങളെ കോടതി കാണുന്ന വിധം വിചിത്രമാണ്. സിഡിഎസിന്റെ സാമ്പത്തിക സഹായത്താലാണ് കേരള റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായി പിഎല്‍ഡിപി ഏറ്റെടുത്തതെന്നും അത് ഡച്ച് ഗവണ്മെന്റിന്റെ സഹായമാണെന്നും എത്രയോ കാലമായി പരിഷത്ത് പറയുന്നു. അക്കാര്യം പാപ്പൂട്ടി കോടതിയില്‍ മനസില്ലാ മനസോടെയാണത്രേ സമ്മതിച്ചത്. മനസില്ലാതെ മനസോടെയുളള സമ്മതം അളക്കുന്ന വിദ്യ നിയമത്തിലെ ഏതു വകുപ്പു പ്രകാരമാണെന്ന് പക്ഷേ, ജഡ്ജി പറ‍ഞ്ഞില്ല.

തങ്ങള്‍ക്ക് എത്ര തുക വിദേശ ഫണ്ട് കിട്ടിയിട്ടുണ്ട് എന്നു തെളിയിക്കാന്‍ പരിഷത്തിന് കഴിഞ്ഞില്ലെന്ന് ബഹുമാന്യനായ സിജെഎം നിരീക്ഷിക്കുന്നു. ആദരവോടെ നമുക്ക് അദ്ദേഹത്തോട് ഇങ്ങനെ ചോദിക്കാം. അതെത്രയെന്ന് തെളിയിക്കാനുളള ചുമതല പാഠത്തിന്റെ പ്രവര്‍ത്തകര്‍ക്കല്ലേ യുവര്‍ ഓണര്‍! അവരല്ലേ ആരോപണം ഉന്നയിച്ചത്? ഈ ചോദ്യങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്നും നിശ്ചയമില്ല. പക്ഷേ ചോദിക്കാതിരുന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ട് പ്രായത്തിന് പിന്നെയെന്തര്‍ത്ഥം?

കണക്കുകെട്ടും കിത്താബുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളുമടക്കം പരിഷത്തിന്റെ രേഖകള്‍ കോടതിമുമ്പാകെ. കുറേ വെബ് സൈറ്റുകളില്‍ നിന്നെടുത്ത പ്രിന്റൗട്ടുകള്‍ പാഠത്തിന്റെ കൈവശം. (വെബ് സൈറ്റില്‍ പ്രസിദ്ധം ചെയ്താണല്ലോ സിഐഎ തങ്ങളുടെ ചാരവൃത്തി നടത്തുന്നത്!). പക്ഷേ, പരിഷത്തിനെ ചാരസംഘടനയെന്നു വിളിക്കാന്‍ പാഠം ഹാജരാക്കിയ രേഖകളുടെ ആധികാരികതയൊന്നും വിധിന്യായത്തിലില്ല.

പരിഷത്തിന് പണം കൊടുത്ത സിഡിഎസിനെയോ അവര്‍ക്ക് പണം കൊടുത്ത നെതര്‍ലണ്ട്സുകാരെയോ വിസ്തരിച്ചോയെന്നും അറിയില്ല.

അപ്പീലിന്മേല്‍ ഈ ചോദ്യങ്ങളുടെ ഉത്തരം കിട്ടിയേക്കാം. ഇനി സിഡിഎസ് വഴിയല്ല പരിഷത്തിന് ചാരപ്പണം എത്തിയതെങ്കില്‍ അതിന്റെ ഉറവിടവും വഴികളും പാഠം ബഹുമാനപ്പെട്ട ന്യായാധിപനെ അറിയിക്കേണ്ടേ. ആ അറിവ് വിധി ന്യായത്തിന്റെ പ്രധാന ഭാഗമാകണ്ടേ. ചോദ്യങ്ങള്‍ ഇനിയും നീളും.

ഡച്ച് സര്‍ക്കാരില്‍ നിന്നും സിഡിഎസിന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് പ്രോജക്ടുകള്‍ ചെയ്ത 300 പേരില്‍ ഒരു സംഘടന മാത്രമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. മുന്‍ ചീഫ് സെക്രട്ടറി പദ്മ രാമചന്ദ്രന്‍, ഐജി ബി സന്ധ്യ, അന്വേഷി പ്രസിഡന്റ് അജിത, സിഎംപി നേതാവ് സി പി ജോണ്‍ എന്നിങ്ങനെ നീളുന്നു ആ സാമ്പത്തിക സഹായം കൈപ്പറ്റി വിവിധ പ്രോജക്ടുകള്‍ ചെയ്തവരുടെ നിര.

ഇവരെല്ലാം ചാരന്മാരാണോ? അതോ ഇവര്‍ ചാരന്മാരും ചാരത്തികളും അല്ലാതാവുകയും പരിഷത്തിനെ ആ ഗണത്തില്‍ പെടുത്തുകയും ചെയ്യുന്ന മഹേന്ദ്രജാലം എന്താണ്?

പണ്ടൊക്കെ ആണവരഹസ്യങ്ങളും പ്രതിരോധ രഹസ്യങ്ങളുമൊക്കെയാണ് ചാരന്മാര്‍ തപ്പിക്കൊണ്ടു പോവുക. വെളളാങ്ങന്നൂര്‍ പഞ്ചായത്തില്‍ ആകെയെത്ര കിണറുകളുണ്ട്, അവയിലെ ആകെ ജലം എത്ര ഘനമീറ്റര്‍ മുതലായ കാര്യങ്ങളിലാണ് സിഐഎ ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതത്രേ!

സിപിഎമ്മിലെ ഗ്രൂപ്പു പോരില്‍, പരിഷത്തിനെ ഇരയായി കൊളുത്തി വലിയ മത്സ്യത്തെ പിടിക്കാനിട്ട ചൂണ്ടയാണ് ഈ ചാരക്കഥയെന്ന് അറിയാത്തവര്‍ ആരുണ്ട് കേരളത്തില്‍. ചിലര്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നുവെന്നു മാത്രം.

ആഗോളീകരണത്തില്‍ കേരളീയരെ രക്ഷിക്കാന്‍ അവതരിച്ച ഉഗ്രമൂര്‍ത്തിയാണ് പ്രൊഫസര്‍ എസ് സുധീഷ്. തെറിവിളിച്ചും തന്തയ്ക്കു പറഞ്ഞും ആഗോളീകരണപ്പിശാചിനെ തുരത്താമെന്നു കരുതുന്ന ഒരു നിഷ്കാമ കര്‍മ്മി. കാലണയുടെ പ്രയോജനം നാടിനോ നാട്ടാര്‍ക്കോ ഇദ്ദേഹത്തിനെക്കൊണ്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുളള ഗവേഷണത്തിന് ആരെങ്കിലും വല്ല വിദേശ ഫണ്ടോ മറ്റോ അനുവദിക്കേണ്ടി വരും. അത്രയ്ക്കാണ് മാഹാത്മ്യം.

യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പട്ടാളം വഴി ദേശാഭിമാനിയില്‍ ലാന്റു ചെയ്ത അപ്പുക്കുട്ടന്‍ വളളിക്കുന്ന്, ഡിപിഇപി നടപ്പാക്കിയപ്പോള്‍ മാഷു പണിക്ക് ദേഹമനങ്ങുമെന്ന് തിരിച്ചറിഞ്ഞ് ജോലി തന്നെ രാജിവെച്ച വി പി വാസുദേവന്‍, ആഗോളീകരണത്തെ ആവാഹിച്ച് കുറ്റിയില്‍ തറയ്ക്കാന്‍ പോന്ന ഉഗ്രരൂപങ്ങളെത്ര!

ഇവരെഴുതുന്ന 'പാഠ'ങ്ങള്‍ വായിച്ചാണത്രേ ശാസ്ത്രസാഹിത്യ പരിഷത്ത് മര്യാദ പഠിക്കേണ്ടത്. നേര്‍വഴി നടക്കേണ്ടത്! നന്നായി വളരേണ്ടത്!

'പാഠം' വായിച്ചു പരിഷത്ത് നന്നാവട്ടെ. "പാഠം അധ്വാനം, പാഠം സമ്പത്ത്, പാഠം ജനനന്മയ്ക്ക്" എന്ന് മുദ്രാവാക്യം മാറ്റിയെഴുതാന്‍ ഏതായാലും കോടതി പരിഷത്തിനോട് ആവശ്യപ്പെട്ടില്ല. അത്രയും ഭാഗ്യം. പാഠമേവ ജയതേ!

വഴിയില്‍ കേട്ടത് : രാജിയും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് യശ:ശരീരനായ വിജയന്‍ മാഷ് (ജോലി രാജിവെയ്ക്കുന്നതല്ല , പുകസ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുന്നത്)

അപ്പോള്‍ 1976ല്‍ പൊതുപ്രവര്‍ത്തനത്തില്‍ കമ്പം കയറി ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജോലി രാജിവെച്ച ഡോ. എം പി പരമേശ്വരന്‍ ചെയ്തതോ? തോന്ന്യാസം, അല്ലാതെന്ത്?

അനു:ബന്ധ പോസ്റ്റുകള്‍
  1. പരിഷത്തു ചാരസംഘടനയോ? കിരണിനു മറുപടി.

33 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ശാസ്ത്ര സാഹിത്യ പരിഷത്ത് വിദേശ ചാര സംഘടനയാണ് എന്ന് പാഠം മാസിക എഴുതിയതിനേത്തുടര്‍ന്ന് പരിഷത്ത് നല്‍കിയ മാന നഷ്ടക്കേസ് കോടതി തള്ളുകയുണ്ടായി. അതേത്തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനനത്തിലാണ് വിജയന്‍ മാഷ് മരണമടഞ്ഞത്. വിജയന്‍ മാഷുടേ മരണം വളരെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റില്‍ ഈ വിഷയം പറയുകയുണ്ടായി എന്നാല്‍ ആ ചര്‍ച്ചയിലും പരിഷത്ത് ചാര സംഘടനയാണോ എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

ഈ വിഷയത്തില്‍ മരീചന്‍ എന്ന ബ്ലോഗര്‍ എഴുതിയ പോസ്റ്റ് തനിമലയാളത്തിലോ ചിന്തയിലോ വരാതിരുന്നതിനാള്‍ ശ്രദ്ധിക്കപ്പെടാതെ പോയി . ഞാന്‍ എഴുതിയ പോസ്റ്റിനോട് ബന്ധപ്പെട്ടുള്ള ഒന്നാകയാല്‍ ഇത് ശ്രദ്ധിക്കപ്പെടണമെന്ന് എനിക്ക് തോന്നി.മരീചന്റെ അനുവാദത്തോടെ ഞാന്‍ അത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

സിമി said...

പരിഷത്ത് കേസിനു പോവേണ്ട കാര്യമില്ലായിരുന്നു.

പാഠം വിളിച്ചുപറഞ്ഞതുകൊണ്ട് ആരും കേരളത്തില്‍ പരിഷത്ത് സി.ഐ.ഐ. ചാരന്മാര്‍ എന്ന് വിശ്വസിക്കില്ല. ഇനി കോടതി പറഞ്ഞാലും ആള്‍ക്കാര്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

never argue with fools, because they drag you down to their level and then beat you with experience എന്നല്ലേ. പരിഷത്ത് ഭാരവാഹികള്‍ ഇതൊക്കെ ചിരിച്ചു തള്ളിയിരുന്നെങ്കില്‍, ഫണ്ട് വിവരങ്ങള്‍ ഒരു വെബ് വിലാസത്തിലോ മാസികയിലോ ഇട്ടിരുന്നെങ്കില്‍, തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ.

ഓ.ടോ: സുധീഷിനെക്കൊണ്ടുള്ള ഒരു ഗുണം: സുകുമാര്‍ അഴീക്കോട് കേരളത്തിന്റെ സാംസ്കാരിക ശബ്ദം,നാക്ക്,മൂക്ക് ഒന്നും അല്ല എന്ന് പരക്കെ തെളിയിച്ചു എന്നതാണ്. ദേ അയാള്‍ എന്നെ പട്ടി എന്നു വിളിച്ചു എന്ന് പത്രക്കാരോട് സുകുമാര്‍ അഴിക്കോട് പറഞ്ഞപ്പോള്‍ അയ്യേ എന്നാണ് തോന്നിയത് :-) എങ്കിലും ഇതില്‍ ചര്‍ച്ച ചെയ്താല്‍ തുടക്കത്തിലേ വഴിതെറ്റും.

റഫീക്ക് കിഴാറ്റൂര്‍ said...

തീര്‍ച്ചയായും ചര്‍ച്ച ചെയപെടണം.വിര്‍ശിക്കുന്നവര്‍ക്കു അതു തെളീക്കാനുള്ള ബാധ്യധ ഇല്ലാ എന്നുള്ളതു വല്യകഷ്ടമാണ്. പിന്നെ പരിഷത്തിനു മിണ്ടാതിരുന്നൂടെന്ന്.തീര്‍ച്ചയായും വിമര്‍ശകരുടെ ഭാഷയില്‍ പരിഷത്ത് പ്രതികരിച്ചിട്ടില്ല. പരിഷത്ത് കാര്യം മാത്രം പറഞു.എന്നിട്ടും വിമര്‍ശനം തുടരുബോള്‍ വേറെ എന്താണു മാര്‍ഗം?വിമര്‍ശകര്‍ക്കു മറ്റു താല്‍പ്പര്യം തീര്‍ച്ചയായും ഉണ്ടായിരിക്കണം.

പിന്നെ ഈ.... വിമര്‍ശകര്‍ സമൂഹത്തിനു എന്തു സംഭാവനയാണു നല്‍കിയതു???
വിമര്‍ശനങ്ങള്‍ പലതും സമൂഹനന്മ്മക്കായിരുന്നുവോ?
അതൊ വ്യ്കിതി കേന്ദ്രികൃതമൊ?
വിമര്‍ശിച്ചവ്യ്ക്കു ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍?????
ഇവരുടെ ഭാഷ ????............

N.J ജോജൂ said...

ഇക്ബാലിന്റെ ഒരു പുസ്തകത്തില്‍ വായിച്ച ഒരു കാര്യം ഓര്‍ക്കുന്നു. “ആരെങ്കിലും ഒരു ആരോപണം ഉന്നയിയ്ക്കുന്നു. അത് തെളിയിക്കേണ്ട് ബാധ്യത ആരോപിതന്റെയാവുന്നു. എനിക്കു മനസില്ല തെളിയിയ്ക്കാന്‍. വേണ്ടവര്‍ തെളിയിയ്ക്കട്ടെ.” ഏതാണ്ട് ഇങ്ങനെയായിരുന്നു അത്.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു ഇന്ന് ഒട്ടുമിക്ക ആരോപണത്തിന്റേയും നിജസ്ഥിതി ഇങ്ങനെയാണ്‌. പരിഷത്തിനെതിരെയുള്ള കോടതി വിധികണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. ഒരു മാധ്യമ പ്രവര്‍ത്തകനും പരിഷത്തിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തെ നോക്കിക്കണ്ടില്ല എന്ന പരാതി എനിക്കുണ്ട്‌. മരീചന്റെ ഈ പോസ്റ്റ്‌ മാത്രമാണ്‌ ഇങ്ങനെയൊരു ചിന്ത പങ്കു വച്ചത്‌.

ഏറ്റവും രസകരമായ വസ്തുത പാഠം ആക്രമിച്ചത്‌ പരിഷത്തിനേയും ഐസക്കിനേയും നാലാം ലോക വാദക്കാരേയുമാണ്‌. എന്നാല്‍ അത്‌ ഏറ്റുപിടിച്ചവര്‍ പറയുന്നത്‌ അതല്ല് CPM ലെ വലതുവല്‍ക്കരണത്തെയും അഴിമതിയേയും തുറന്നു കാട്ടുകയായിരുന്നു പാഠം എന്നാണ്‌. കഴിഞ്ഞ ദിവസം സുധീഷ്‌ പറഞ്ഞതു അതു തന്നെയാണ്‌. പക്ഷെ പാഠത്തിന്റെ ശത്രു ഒരിക്കലും പിണറായി ആയിരുന്നില്ല. മറിച്ച്‌ ഐസക്കും പരമേശ്വരനും ജോയി ഇളമണ്ണും ഡോ: ഇക്ബാലും പരിഷത്തുമായിരുന്നു. വിദേശ ചാരന്മാര്‍ ഐസ്ക്കും പരിഷത്തും വലതു വ്യതിയാനത്തിന്‌ ചുക്കാന്‍ പിടിക്കാന്‍ നാലാം ലോകവാദവും പരമേശ്വരനും ഇക്ബാലും ജോയിയും.

Radheyan said...

കിരണ്‍ പതിവില്ലാതെ വികാര വിക്ഷുബ്ദ്ധനായി കാണുന്നു.ഇത് ഒരു വിഷയമേ അല്ല.

സി.ഡി.എസ്. ഒരു സര്‍ക്കാര്‍ നിയന്ത്രിത സ്വതന്ത്ര സ്ഥാപനമാണ്.അതില്‍ തന്നെ പൊളിയുന്നു എല്ലാ വാദഗതികളും.അവര്‍ അംഗീകരിച്ചു നടത്തിയ ഗവേഷണങ്ങള്‍ എങ്ങനെ ചാരപ്രവര്‍ത്തനമാകും എന്ന് മനസ്സിലാകുന്നില്ല.മാത്രമല്ല അവര്‍ ഈ കേസിലെങ്ങും കക്ഷി പോലും ആകുന്നില്ല.

ഈ കേസ് നടത്തിയ രീതിയിലും സ്വഭാവത്തിലും പാളിച്ച പറ്റി എന്ന് എനിക്ക് തോന്നുന്നു.ചാരപ്രവര്‍ത്തനം നടത്തിയോ ഇല്ലയോ എന്നല്ല മറിച്ച് പാഠത്തിന്റെ പരാമര്‍ശങ്ങള്‍ മാനഹാനിക്ക് ഇടയാക്കിയോ എന്നാണ് കോടതിയില്‍ വന്ന ചോദ്യം.സ്വാഭാവികമായി ചാരപ്പണിയുടെ മെറിറ്റിലോട്ട് കടക്കാതെ പരാമര്‍ശങ്ങളുടെ പുറമ്പോക്കുകളിലാവണം സി.ജെ.എം ചുറ്റിതിരിഞ്ഞത്.ഹാനികരമല്ലാത്ത ഒരു സാമൂഹിക വിമര്‍ശനം എന്ന കാറ്റഗറിയില്‍ പെടുത്തി പാഠത്തെ വെറുതേ വിട്ടും കാണും.

ഇനി ചാരപ്പണി നടന്നു എന്ന് ജഡ്ജിക്ക് ഉറപ്പായാല്‍ ഇങ്ങനെ ചൊറിയും കുത്തി ഇരിക്കുകയാണോ കോടതി ചെയ്യേണ്ടത്.ഉടന്‍ കേന്ദ്ര സംസ്ഥാനങ്ങളോട് രാജ്യരക്ഷാ നിയമപ്രകാരം കേസെടുത്ത് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ പറയുകയല്ലേ വേണ്ടത്.

മാറിയ ചുറ്റുപാടുകളോട് പ്രത്യയശാസ്ത്രം എങ്ങനെ സംവദിക്കണമെന്ന് ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നു മനസ്സിലാക്കാം.പുതുമയും പഴമയും തമ്മില്‍ അരോഗ്യകരമായി സംവാദം നടത്തണം.സംവാദത്തില്‍ താല്‍പ്പര്യമില്ലാത്ത നമ്മള്‍ വിവാദങ്ങളില്‍ അഭിരമിക്കുന്നു എന്നു മാത്രം.(സ്ഥിരം വിവാദങ്ങളുടെ ചോരയില്‍ മാത്രം കൌതുകമുള്ളവരാണ് സര്‍വ്വശ്രീ ഞാന്‍,കിരണ്‍,മാരീചന്‍ തുടങ്ങിയ ബ്ലോഗര്‍സ് എന്നത് മറ്റൊരു സംഗതി.)

ഇവിടെ പ്രത്യയശാസ്ത്ര പോര് കവലവഴക്കും ജൌളിപൊക്കി കാണിക്കലും പുലയാട്ടും ആയി.1964ല്‍ പാര്‍ട്ടി പിളര്‍ന്ന കാതലായ സംഘര്‍ഷകാലത്ത് പോലും കാര്യങള്‍ ഇതിലും ആരോഗ്യകരമായിരുന്നു.പത്രവും പാര്‍ട്ടി ആപ്പീസ് പിടിച്ചടക്കലും മറ്റും ഉണ്ടായിരുന്നിട്ടു പോലും.

മാര്‍ക്സിസം ലെനിനിസം കുറ്റമറ്റ ഒരു പ്രയോഗ രീതിയൊന്നുമല്ല.അതിന് അതിന്റേതായ ചട്ടകൂടില്‍ മാത്രമേ പിടിച്ച് നില്‍ക്കാനാകൂ.അതില്‍ പ്രധാനപ്പെട്ടതാണ് ഭൂരിപക്ഷത്തിന് ന്യൂനപക്ഷം വഴങ്ങുക എന്നത്.

മാര്‍ക്സ് കമ്മ്യൂണിസത്തിന്റെ അന്ത്യപ്രവാചകനൊന്നുമല്ല.അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ കാറ്റും വെള്ളവും നിഷിദ്ധമായ മൌലികവാദവുമല്ല.ഒരു ശാസ്ത്രമെന്ന നിലയില്‍ മാറ്റങ്ങളോട് കമ്മ്യൂണിസം കാലികമായി പ്രതികരിച്ചേ മതിയാവൂ.


ഓരോ കാലത്ത് പാര്‍ട്ടി എടുക്കുന്ന നിലപാട് ആ കാലത്തിന് അനുസൃതമാവണം.അപ്പോഴെല്ലാം അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കപ്പെട്ടു എന്ന തോന്നല്‍ പലര്‍ക്കും ഉണ്ടാകാം.അതിന്റെ പേരില്‍ പാര്‍ട്ടി പിളര്‍ത്തുക എന്നത് സംഘടന എന്ന നിലയില്‍ കമ്യൂണിസത്തിന് നല്ലതാവില്ല.അത് അന്നായാലും ഇന്നായാലും നാളെ ആയാലും.

കിരണ്‍ തോമസ് തോമ്പില്‍ said...

സിമി പരിഷത്ത്‌ കേസിന്‌ പോകാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. അന്ന് പാഠം ഉയര്‍ത്തിയ കൊടുങ്കാറ്റ്‌ അതിശക്തമായിരുന്നു. മാതൃഭൂമിയും മനോരമയുമൊക്കെ ഇത്‌ ആഘോഷിക്കുകയും ചെയ്തു. നാലാം ലോക വാദവും ജനകീയ ആസൂത്രണവും വിദേശ ഫണ്ടിങ്ങുമായിരുന്നു മുഖ്യ അജണ്ട. ഗത്യന്തരമില്ലാതെയാണ്‌ പരിഷത്ത്‌ കോടതി കയറിയത്‌

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ കാലത്തിനനുസ്സരിച്ചുള്ള മാറ്റങ്ങള്‍ വേണം എന്നു തന്നെയാണ്‌ എന്റെ പക്ഷം. പക്ഷെ മാറ്റത്തെപ്പറ്റി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടക്കരുതെന്ന് കരുതുന്നവര്‍ക്ക്‌ ലഭിക്കുന്ന അമിത പ്രാധാന്യമാണ്‌ ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. മയില്‍ കുയിലാകുമോ എന്ന് ചോദിച്ച വിജയന്‍ മാഷുടെ മനോഭാവത്തിലാണ്‌ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടത്‌. മാറിയ സാഹചര്യത്തില്‍ പുതിയ സാമ്പത്തീക നയങ്ങളും വികസന അജണ്ടയും യാഥാര്‍ത്യമാകാന്‍ തക്കവിധം പാര്‍ട്ടി മാറുക തന്നെ വേണം. മാറ്റം എവിടെ വരെ പോകാം എന്നതിന്‌ ചൈനീസ്‌ പാര്‍ട്ടി സ്വീകരുക്കുന്ന മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യേണ്ടതാണ്‌. ഈശ്വര വിശ്വാസത്തിന്റെ കാര്യത്തില്‍ ചൈനയിലെ പാര്‍ട്ടി തീരുമാനം വന്നത്‌ CPM പ്രവര്‍ത്തകര്‍ക്ക്‌ മത വിശ്വാസമോ ആചാരങ്ങളോ പാടുണ്ടോ എന്നത്‌ വിവാദമായ സമയത്താണ്‌ എന്നത്‌ തികച്ചും യാഥര്‍ഛികമാകാം.

പേര്.. പേരക്ക!! said...

പരിഷത്തിന്റെ കാര്യം എനിക്കറിയില്ല, പക്ഷെ നാടന്‍ കല,ഫോക് ലോര്‍,പരിസ്ഥിതി എന്നൊക്കെപ്പറഞ്ഞ് പണവും കൈപ്പറ്റി വിദേശപര്യടനവുമായിക്കറങ്ങുന്ന ചിലരെയെങ്കിലും അറിയാം. സ്കൂളില്‍ പോകാതെ, കുട്ടികളെ പഠിപ്പിക്കാതെ പരിഷത്ത് പ്രവര്‍ത്തനം എന്നു പറഞ്ഞുനടക്കുന്ന അധ്യാപകരേയും എനിക്കു നേരിട്ടറിയാം. ഇവരൊക്കെയാണ് പരിഷത്ത് പോലുള്ള സംഘടനകള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്നത്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
Radheyan said...

പാര്‍ട്ടി വിശ്വാസികള്‍ക്ക് ദൈവ വിശ്വാസം പാടില്ല എന്ന് മാര്‍ക്സോ ഇന്ത്യയിലെ പാര്‍ട്ടിയോ നിഷ്കര്‍ഷിക്കുന്നില്ല.പക്ഷെ അടിസ്ഥാനപരമായി വൈരുദ്ധ്യാത്മിക ഭൌതികവാദത്തില്‍ ഊന്നിയ ശാസ്ത്രമെന്ന നിലയില്‍ മാര്‍ക്സിസം ദൈവം എന്ന ഒറ്റമൂലിയില്‍ വിശ്വസിക്കുന്നില്ല.അതേ സമയം തന്നെ അത് ബഹുജനത്തിനേകുന്ന ആശ്വാസത്തെ മാര്‍ക്സ് തന്നെ വിലമതിച്ചിട്ടുണ്ട്.ആ ആശ്വാസങ്ങള്‍ ഒരു മിഥ്യാബോധമാണെന്ന് പറയുമ്പോള്‍ തന്നെയും.

ഇവിടെ പാര്‍ട്ടി മുകള്‍ ഘടകങ്ങളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോള്‍ സഖാക്കളുടെ പ്രത്യയശാസ്ത്രബോധത്തിന്റെ അളവുകോലായി അവരുടെ ഭൌതികവാദ പ്രതിബദ്ധതയെ കണക്കാക്കാറുണ്ട്.അതു കൊണ്ട് അതില്‍ പാര്‍ട്ടി നിഷ്കര്‍ഷിക്കാറുമുണ്ട്.പക്ഷെ അത് കീഴ്ഘടകത്തിലോ അനുഭാവികള്‍ക്കോ നിര്‍ബന്ധിക്കാറില്ല.ഇത്തരം വിഷയങ്ങളില്‍ കേവല ഭൌതികവാദികള്‍ എന്നു വിളിക്കപ്പെടുന്ന യുക്തിവാദികള്‍ക്ക് പാര്‍ട്ടിയോട് എതിര്‍പ്പും ഉണ്ട്.

കേരളത്തില്‍ ശ്രീനാരയിണീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍.അത് കൊണ്ട് തന്നെ ആത്മീയതയുടെ വേരുകള്‍ പൂര്‍ണ്ണമായി മുറിച്ചുകളയാന്‍ ഇടതുപക്ഷത്തിനാവില്ല.ഇതേ സാഹചര്യം ബംഗാളിലും ലാറ്റിന്‍ അമേരിക്കയിലുമുണ്ട്.അവിടെയും വിശ്വാസം ഇടതുപക്ഷപോരാട്ടവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു.

ചൈനയില്‍ വിശ്വാസം അത്ര രൂഡമൂലമല്ല എന്നാണ് എന്റെ അറിവ്.പക്ഷെ വിശ്വാസികളായ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാനാ‍കണം ഇത്തരം ഒരു മാറ്റം.മാത്രമല്ല ജനങ്ങളുടെ അവകാശങ്ങള്‍,അവ തങ്ങളുടെ പ്രമാണങ്ങള്‍ക്ക് എതിരാണെങ്കില്‍ കൂടി അംഗീകരിക്കുക എന്നത് ജനാധിപത്യത്തിലോട്ടുള്ള നല്ല ചുവടു വെയ്പ്പാണ്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

"അതിന്റെ പേരില്‍ പാര്‍ട്ടി പിളര്‍ത്തുക എന്നത് സംഘടന എന്ന നിലയില്‍ കമ്യൂണിസത്തിന് നല്ലതാവില്ല.അത് അന്നായാലും ഇന്നായാലും നാളെ ആയാലും"

രാധേയന്‍ പറഞ്ഞത് അടിസ്ഥാനപരമായി ഒരു വസ്തുതയാണ് . എന്നാല്‍ ഈ വ്യതിയാനം തുടങ്ങിയത് 1964ല്‍ ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തെ ധിക്കരിച്ച് പുറത്ത് പോയി സി.പി.എം എന്ന പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയ മുതലല്ല . മെന്‍ഷെവിക്ക് -ബോള്‍ഷെവിക്ക് പിളര്‍പ്പിന് മുന്‍പ് തന്നെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈ പ്രവണത തുടങ്ങിയിരുന്നു . തെറ്റില്‍ നിന്ന് തെറ്റിലൂടെ തെറ്റിലേക്ക് തന്നെയാണ് മറ്റെതൊരു എസ്റ്റാബ്ലിഷ്‌മെന്റ്കളും പോലെ കമ്മ്യൂ:പാര്‍ട്ടികളും സഞ്ചരിച്ചിട്ടുള്ളതും സഞ്ചരിക്കുന്നതും . പാര്‍ട്ടികള്‍ക്കോ,പ്രത്യയശാസ്ത്രങ്ങള്‍ക്കോ,മതങ്ങള്‍ക്കോ , സംഘടനകള്‍ക്കോ ലോകത്തെ നന്നാക്കിയെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല . അടിത്തട്ടില്‍ നിന്ന് വ്യക്തികള്‍ നന്നാകണം ,നന്നാകുന്നവരുടെ എണ്ണം പെരുകിയാല്‍ ഒരു പക്ഷെ അത്തരം നല്ലവരുടെ സ്വാധീനത്താല്‍ ലോകം നന്നായേക്കാം ! കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇനിയും വിശ്വാസമര്‍പ്പിക്കുന്നത് മറ്റൊരു തരം മൌലികവാദമാണ് . ജനാധിപത്യ രീതികളിലൂടെയുള്ള സംവാദങ്ങളിലൂടെയല്ലാതെ അടിച്ചമര്‍ത്തിയും അടിച്ചേല്‍പ്പിച്ചും ഇനി ലോകത്തെ നന്നാക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനുള്ള വിനയമാണ് എല്ലാവര്‍ക്കും നല്ലത് !!

കിരണ്‍ തോമസ് തോമ്പില്‍ said...

പേരക്ക പറഞ്ഞതും കാര്യമാണ്‌ അങ്ങനെയുള്ളവരും ഉണ്ട്‌. എന്നാല്‍ അതല്ല ഇവിടെ വിഷയം എന്നതുകൊണ്ട്‌ അതില്‍ നമുക്ക്‌ ചര്‍ച്ച്‌ വേണ്ട എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഒരു കാലത്ത്‌ CPM ന്റെ തണലില്‍ വളര്‍ന്ന പരിഷത്തിന്‌ ഇപ്പോള്‍ കഷ്ടകാലമാണ്‌ എന്ന് തോന്നുന്നു. പാര്‍ട്ടികള്‍ക്ക്‌ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നാല്‍ പരിഷത്ത്‌ പോലെയുള്ള സംഘടനകള്‍ക്ക്‌ കാലത്തിനനുസ്സരിച്ച്‌ മാറിയില്ലെങ്കില്‍ നിലനില്‍പ്പില്ല. മാറിയില്ലെങ്കില്‍ അത്‌ DYFI പോലെയോ പു.ക.സ പോലെയോ ആയിത്തീരും.

Radheyan said...

സുകുമാരന്‍ ചേട്ടാ,

ഒരു എസ്റ്റാബ്ലിഷ്മെന്റ് നിലനിര്‍ത്താനുള്ള തത്രപാടിനെ കുറിച്ച് തന്നെയാണ് ഞാനും പറഞ്ഞത്.ഗുണകമല്ലാത്ത എസ്റ്റാബ്ലിഷ്മെന്റുകള്‍ പൊഴിഞ്ഞു പൊയ്ക്കൊള്ളും.അത് പ്രകൃതിയുടെ പരിണാമത്തിന്റെ നിയമമാണ്.പക്ഷെ ഒരു എസ്റ്റാബ്ലിഷ്മെന്റില്‍ വിശ്വസിക്കുന്നവര്‍ തന്നെ അതിന്റെ സംഘടനാ തത്വങ്ങള്‍ ലംഘിച്ച് അതിന്റെ തകര്‍ച്ചക്ക് വഴി വെയ്ക്കുന്ന സംഗതി ചൂണ്ടികാ‍ട്ടി എന്ന് മാത്രം

കിരണ്‍ തോമസ് തോമ്പില്‍ said...

മതവിശ്വാസം സംബന്ധിച്ച്‌ കമ്യൂണിസ്റ്റുകള്‍ ആളുകളെ പൊട്ടന്‍ കളിപ്പിക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറേയായി. ദൈവ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത ഐഷ പോറ്റിയേയും മോനായിയേയും CPM നേതൃത്വം വിമര്‍ശിച്ചിരുന്നു. എന്നാല്‍ അത്‌ ഈ നേതാക്കളുടെ ഈശ്വര വിശ്വാസത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കിയതായി കരുതാന്‍ കഴിയില്ല. വിശ്വാസത്തെ അവനവന്റെ വഴിക്കു വിടുക. ബംഗളില്‍ അങ്ങനെ നടക്കുകയും ചെയ്യുന്നു. മുസ്ലിം വോട്ട്‌ ബാങ്ക്‌ ബംഗാളില്‍ CPM ന്‌ വോട്ട്‌ ബാങ്ക്‌ തന്നെയാണ്‌. മതേതര സമൂഹത്തില്‍ ഒരു വിശ്വാസി എങ്ങനെ ആയിരിക്കണം എന്ന് മാതൃകയാകാന്‍ കഴിയുന്ന തരത്തില്‍ CPM നേതാക്കള്‍ക്ക്‌ മത വിശ്വാസിയയി കാണിച്ചു കൊടുക്കുകയാണ്‌ വേണ്ടത്‌. അല്ലാതെ ഒളിഞ്ഞും തെളിഞ്ഞു ആചാരങ്ങള്‍ അനുഷ്ടിക്കുകയും ജനങ്ങളുടെ മുന്‍പില്‍ ദൌതീക വാദിയായി അഭിനയിക്കുകയും ചെയ്യുന്നത്‌ എന്തിന്‌. അമ്പലക്കമ്മറ്റികളില്‍ വരെ CPM നേതാക്കന്മാര്‍ പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍ ഭൌതീകവാദി ആയിരിക്കണം എന്ന് വാശിപിടിക്കുന്നതെന്തിന്‌. ഭൌതീക വാദിക്ക്‌ അവന്റെ വഴി ഈശ്വര വാദിക്ക്‌ അവന്റെ വഴി. മതം വേറെ രാഷ്ട്രീയം വേറെ.

N.J ജോജൂ said...

"ഗുണകമല്ലാത്ത എസ്റ്റാബ്ലിഷ്മെന്റുകള്‍ പൊഴിഞ്ഞു പൊയ്ക്കൊള്ളും.അത് പ്രകൃതിയുടെ പരിണാമത്തിന്റെ നിയമമാണ്." രാധേയന്‍ പറഞ്ഞത് ശരി.

വിദേശമൂലധനം, ആഗോളവത്കരണം, കുത്തകകള്‍ തുടങ്ങിയവയെയൊക്കെ മാര്‍ക്സിസ്റ്റുപാര്‍ട്ടികള്‍ക്ക് (ഇടതുപക്ഷം എന്ന് മനപ്പൂര്‍വ്വം പറയാത്തതാണ്.)താത്വികമായി അംഗീകരിക്കാനാവില്ല എന്നാണ് എന്റെ പക്ഷം.
അതേ സമയം മേല്‍പ്പറഞ്ഞവയെ സമൂഹനന്മയ്ക്കായി ഉപയോഗപ്പെടുത്തുക കാലികമായ ഒരു ആവശ്യമാകുന്നു, ആദ്യം കോണ്‍ഗ്രസ്സിനും ഇപ്പോള്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടികള്‍ക്കും. ഇത് കാലികമായ അനിവാര്യതയാണ്. അതേ സമയം മാര്‍ക്സിസ്റ്റ് എസ്റ്റാബ്ലിഷ്‌‌മെന്റിന്റെ പ്രഖ്യാപിതതത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്.

ഇവയെ അംഗീകരിച്ചാല്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടികള്‍ മാര്‍ക്സിസ്റ്റുപാര്‍ട്ടികള്‍ അല്ലാതാവും. അംഗീകരിക്കാതിരിക്കുന്നത് ജനവഞ്ചനയുമാകും. ഇതിന്റെ കാരണം വളരെ വ്യക്തമാണ്, എന്തിനുവേണ്ടി മാര്‍ക്സിസ്റ്റുപാര്‍ട്ടികള്‍ രൂപകല്പനചെയ്യപ്പെട്ടോ ആ പരിതസ്ഥിതിയല്ല ഇന്നുള്ളത്. ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികള്‍ മറ്റൊന്നാണ്. അഥവാ സമൂഹം അന്നു നേരിട്ട പ്രശ്നങ്ങള്‍ക്ക് രൂപമാറ്റം സംഭവിച്ചിരുയ്ക്കുന്നു.

പ്രശ്നം പാര്‍ട്ടിയാണോ ജനങ്ങളാണോ എന്നതാണ്. കിരണിന്റെ കഴിഞ്ഞ ബ്ലോഗുകളിലേതിലോ ഞാന്‍ ഇതു പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടി പാര്‍ട്ടിയ്ക്കുവേണ്ടി നിലകൊള്ളൂകയാണെങ്കില്‍ പാഠത്തിന്റെ വഴിയേ പോകണം. അഥവാ ജനങ്ങള്‍ക്കു വേണ്ടീയാണെങ്കില്‍ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം, പാര്‍ട്ടി പാര്‍ട്ടിയല്ലാതായി മാറിയാല്‍ പോലും.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു ആ നിരീക്ഷണം നന്നായിരിക്കുന്നു. EMS ന്റെ അഭാവം വളരെയേറെ ഓര്‍മ്മിക്കപ്പെടുന്നു. അദ്ദേഹമുണ്ടായിരുന്നു എങ്കില്‍ ഇതിനെയൊക്കെ പ്രത്യേശാസ്ത്രപരമായി വ്യഖ്യാനിച്ച്‌ അവതരിപ്പിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ മാറ്റം വേണമെന്ന് പറയുന്നവര്‍ക്ക്‌ ക്രഡിബിലിറ്റി ഇല്ലാതെ പോയി എന്നതാണ്‌ പ്രശ്നം.

റഫീക്ക് കിഴാറ്റൂര്‍ said...

പാഠത്തിന്‍റെ വിമര്‍ശനത്തിലേക്കു തന്നെവരാം
ചര്‍ച്ച.
പരിഷത്തടുപ്പും,സോപ്പും,ചൂടാറാപെട്ടിവരെ ചാരപ്രവര്‍ത്തനമായിരുന്നുവെന്ന്.
ഇവയൊക്കെ ആഗോളീകരണത്തിന്റെ ചെറുത്തു നില്‍പ്പുകളെ തകര്‍ക്കുമെത്രെ;
ഇങ്ങിനെ എന്തെല്ലാം പാഠം വിഭവങ്ങള്‍....

മാരാര്‍ said...

പാഠത്തിനെതിരായ അപകീര്‍ത്തിക്കേസ് തള്ളിയെങ്കിലും, “പരിഷത്ത് ചാര സംഘടനയാണെന്ന് ആരും കരുതുകയില്ല“ എന്നാണ് കോടതി അഭിപ്രായപ്പെട്ടത് . ദി ഹൂട്ട് -ല്‍ വന്ന റിപ്പോറ്ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ താഴെക്കൊടുക്കുന്നു.

Going through the actual words used by the authors in their articles, the court comes to the conclusion that these “comments were per se defamatory.” The court finds that the language generally used in the article against a highly respected public organization like KSSP, and public personalities like Dr. T M Thomas Isaac, then a State committee member of the CPM and currently Finance Minister of the State, and Dr. B Ekbal, an eminent neurosurgeon and then vice chancellor of Kerala University, were “excessive and volatile”.

But when the other points were being considered as to the culpability of the offence, the court makes the important observation that Patom magazine was a political journal edited by an eminent left wing thinker like Prof. M N Vijayan, who is known as a “leading light in Kerala society and public life” along with other similar eminences like Justice V R Krishna Iyer and Prof. Sukumar Azhikode. Both the magazine and the KSSP are known to be forces in the left circles and hence the criticism can be construed as a “corrective effort” against the tendency to toe the line of globalization and acceptance of foreign funding. The court comes to the conclusion, based on the evidence before the court and from the “reluctant admission” made by the KSSP president during cross examination that they had received foreign funding for research work, that the “accused are justified in their allegation” about acceptance of foreign funding by the KSSP. It can be considered as fair criticism made in pursuance of public good. “Though the words are excessive, they would not lead anyone to think that the KSSP (had) really engaged in espionage” activities, averred the court acquitting all the accused, the editor, printer& publisher and the columnist of Patom, political magazine.


മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ.
ഇതു വായിച്ചാല്‍ തോന്നുന്നത് ശ്രീ എം എന്‍ വിജയന്റെ Reputation കൊണ്ടാണ് പാഠം കേസ് ജയിച്ചത് എന്നാണ്. വെറും വി ആര്‍ സുധീഷ് മാത്രമായിരുന്നെങ്കില്‍ പണിയായേനെ.
ഈ കോടതി വിധിയെ വളച്ചൊടിച്ചുപയോഗിക്കാന്‍ പരുവത്തിലാക്കുകയാണ് പാഠവും ഏറ്റു പാടിയ മറ്റുള്ളവരും ചെയ്തത്.

Radheyan said...

കിരണ്‍,

ഇ.എം.എസ്. പാര്‍ട്ടി നിലപാടുകള്‍ക്കൊത്ത് താത്വിക നിലപാടുകള്‍ വ്യാഖ്യാനിച്ചിരുന്ന വ്യക്തിയാണ്.അദ്ദേഹം മൌലികമായ നിലപാടുകള്‍ കൈക്കൊണ്ടിരുന്നതായും എനിക്ക് വ്യക്തിപരമായി തോന്നിയിട്ടില്ല.തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അനുഗുണമായ വ്യാഖ്യാനങ്ങള്‍,അതായിരുന്നു ഇ.എം.എസിന്റെ രീതി.മദനി-ഗാന്ധി വിവാദം,കുമാരനാശാന്‍ വിവാദം തുടങ്ങി കാര്യമായ ബൌദ്ധികപ്രസക്തി ഇല്ലാത്ത വിഷയങ്ങളിലൂടെ കോലാഹലമുണ്ടാക്കി അതില്‍ പാര്‍ട്ടിക്ക് മേല്‍ക്കൈ നേടി കൊടുക്കുന്ന അദ്ദേഹത്തിന്റെ ശൈലി പലരും വിമര്‍ശിച്ചിട്ടുണ്ട്.എന്റെ ഓര്‍മ്മയില്‍ അദ്ദേഹം ഉണ്ടാക്കിയ കാമ്പുള്ള ഒരു സംവാദം ശരിയത്ത് സംബന്ധിച്ചതാണ്.ജനകീയാസൂത്രണത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ പരക്കെ അംഗീകരിക്കപ്പെടുകയായിരുന്നു എന്നതിനാല്‍ അതില്‍ കാര്യമായ സംവാദങ്ങളുണ്ടായില്ല.മാത്രമല്ല ജനകീയാസൂത്രണം ഗാന്ധിജിയുടെ ഗ്രാമസ്വരാജില്‍ നിന്നും രാജീവിന്റെ പഞ്ചായത്ത് രാജ് ബില്ലില്‍ നിന്നും ഇവേള്‍വ് ചെയ്തു വന്ന ഒന്നാകയാല്‍ മൌലികതയും അവകാശപ്പെടാനാകില്ല.

കെ.ദാമോദരനെ പോലെ സത്യസന്ധനായ ഒരു താത്വികനായിരുന്നു ഇ.എം എന്നും സംശയമുണ്ട്.(ചന്ദനത്തോപ്പ് വെടിവെയ്പ്പിനെ കുറിച്ച് ഇവര്‍ ഇരുവരും എടുത്ത നിലപാടുകള്‍ ഒരു പക്ഷെ ഇവരുടെ താരതമ്യ പഠനത്തിന് ഉതകുന്നതാണ്).പാര്‍ട്ടിക്ക് വേണ്ടി മാത്രം വര്‍ക്ക് ചെയ്ത ഒരു യന്ത്രമായിരുന്നു ഇ.എം.

ആത്യന്തികമായി സോഷ്യലിസം നടപ്പാക്കുക എന്ന ലക്‌ഷ്യത്തില്‍ നിന്നും പിറകോട്ട് പോകാന്‍ പാര്‍ട്ടിക്ക് ആവില്ല,പിന്നെ അത് കമ്മ്യൂ.പാര്‍ട്ടി ആവില്ല.പക്ഷെ ഉത്തരാധുനിക കാലത്ത് സോഷ്യലിസത്തിലേക്കുള്ള വഴി വര്‍ഗ്ഗ സമരത്തിന്റേതാവില്ല എന്നാണ് ചൈന നമ്മോട് പറയുന്നത്.വര്‍ഗ്ഗ സഹകരണമോ അതിനപ്പുറം വര്‍ഗ്ഗമേതെന്ന് അറിയാതെ വരുന്ന വിധത്തിലുള്ള അതിരുകളുടെ അപ്രസക്തമാല്‍ സംഭവിക്കുമെന്നവര്‍ കരുതുന്നു.(ഉദ:ഒരു തൊഴിലാളിയുടെ അവസ്ഥ മെച്ചപ്പെടുകയും അയാള്‍ തന്റെ മിച്ചമൂല്യം ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയില്‍ നിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ അയാളുടെ വര്‍ഗ്ഗം എന്തായിരിക്കും)

മാറ്റത്തിന്റെ വക്താക്കളുടെ ക്രെഡിബിലിറ്റി എന്ന കിരണിന്റെ പോയിന്റ് വളരെ പ്രസക്തമാണ്.ഇവിടെ മാറ്റത്തിന്റെ വക്താക്കള്‍ മാഫിയാ മൂലധനത്തിന്റെ വക്താക്കളാണെന്ന തോന്നല്‍ ജനത്തിനുണ്ടാകുന്നു.പാഠം പോലുള്ള സംരംഭങ്ങള്‍ ആ തോന്നലിനു ബലമേകുന്നു.സീസറിന്റെ ഭാര്യ സംശയത്തിനുപോലും അതീതയാവണം എന്ന സിദ്ധാന്തം വെച്ച് നോക്കിയാല്‍ പലരുടെയും നില പരുങ്ങലിലാണ്.നേതാക്കളുടെ സിംഗപ്പൂര്‍-ചെന്നൈ ബന്ധങ്ങള്‍,പുത്തന്‍ പണക്കാരുമായും മാഫിയാക്കരുമായുള്ള അതിരില്ലാത്ത ചങ്ങാത്തം,മന്ത്രിപുത്രരുടെ സിനിമാ-സീരിയല്‍-പെണ്‍ വാ‍ണിഭ ബന്ധങ്ങള്‍ എല്ലാം പരിഷ്ക്കരണ വാദികളുടെ നിലപാടുകളെ പരിഷ്ക്കരണവാദം എന്നതിലുപരി മാഫിയാബന്ധം എന്ന് വിളിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.സ്വന്തം അണികളെ പോലും കണ്‍‌വിന്‍സ് ചെയ്യാന്‍ സാധിക്കാതെ വരുകയും അതില്‍ നിന്നുളവാകുന്ന ജളത ജയരാജന്മാരുടെ ധാര്‍ഷ്ട്യം കലര്‍ന്ന വാക്കുകളില്‍ പുറത്തു വരുകയും കൂടി ചെയ്യുമ്പോല്‍ കാര്യം കൂടുതല്‍ വഷളാവുന്നു.

ഇപ്പോഴും ഐസക്കിന്റെ പരീക്ഷണങ്ങളെ താല്‍പ്പര്യപൂര്‍വ്വം ഞാന്‍ നോക്കി കാണുന്നു,കാരണം അദ്ദേഹത്തിന് ഗൂഡമായ താല്‍പ്പര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ല.എന്നാല്‍ മറ്റു പലരുടെയും വിശ്വാസ്യത ഇപ്പോഴും ഇരുളിലാണ്.

Radheyan said...

മാരാരേ വി.ആര്‍ സുധീഷ് നല്ലൊരു കഥാകാരനാണ്.ഈ വഴക്കാളിയുടെ പേര്‍ എസ്.സുധീഷ് എന്നാണ്.

വെറുതേ വി.ആര്‍.സുധീഷിനെ കൊണ്ട് മാനഹാനി കേസ് ഫയല്‍ ചെയ്യിക്കരുത്....

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ ഈ പോസ്റ്റ്‌ കണ്ടിരുന്നോ?
http://saadhyatha.blogspot.com/2007/10/blog-post_22.html


പിന്നെ ഞാന്‍ മുന്‍പത്തെപ്പോസ്റ്റില്‍ സൂചിപ്പിച്ച കാര്യം തന്നെ വീണ്ടും എനിക്ക്‌ പറയുവാനുള്ളത്‌. പാഠത്തിന്റെ ടാര്‍ഗറ്റ്‌ ഒരിക്കലും പിണറായിയോ ജയരാജന്മാരോ ആയിരുന്നില്ല. മറിച്ച്‌ ഐസക്കും നാലാം ലോകക്കാരും പരിഷത്തും ആയിരുന്നു. എന്നാല്‍ ഇന്ന് പാഠംകാര്‍ പറയുന്നത്‌ ഇന്നത്തെ ജീര്‍ണ്ണതയെ ഞങ്ങള്‍ മുന്‍കൂട്ടി കണ്ടതാണ്‌ എന്നാണ്‌. അങ്ങനെ വ്യഖ്യാനിക്കുന്നതില്‍ എല്ലാവരും സന്തോഷം കണ്ടെത്തുന്നു. ഏറ്റവും രസകരം എറ്റവും വിമര്‍ശന വിധേയനായ ഐസക്കിനെ നേരിട്ടാക്രമിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല എന്നതാണ്‌. അപ്പോള്‍ എല്ലാം പിണറായിക്ക്‌ നേരെ തിരിച്ച്‌ വച്ച്‌ മീഡിയ ശ്രദ്ധ നേടുക എന്ന തലത്തിലേക്ക്‌ സുധീഷും കൂട്ടരും എത്തി നില്‍ക്കുന്നു. തികച്ചും വിരോധഭാസം എന്നല്ലാതെ എന്തു പറയാന്‍.

മാരാര്‍ said...

രാധേയാ.. തിരുത്തിയതിനു നന്ദി. എഴുതി വന്നപ്പോള്‍ ഉല്‍‌പ്രേക്ഷാഖ്യയലംകൃതി ആയിപ്പോയി...

Snigdha Rebecca Jacob said...

കിരണ്,

മനോഹരമായ പോസ്റ്റ്. പ്രസക്തമായ മറുപടികള്. മാരീചന്റെ പോസ്റ്റ് കണ്ടിരുന്നില്ല. അതിവിടെ വീണ്ടുമിട്ടതില് നന്ദിയുണ്ട്. തുടര്ന്ന് നടന്ന ചര്ച്ചയും സാര്ത്ഥകം.

nariman said...

യു.ഡി.എഫും, ബി.ജെ.പിയും,എം.എന്‍.വിജയനും
അധിനിവേശപ്രതിരോധസമിതിയും ഒരുപോലെ എതിര്‍ക്കുന്നതു മാര്‍ക്സിസ്റ്റ്സ്റ്റു പാര്‍ടിയെയും അതിന്റെ നേതൃത്വത്തെയുമാണ്.പണ്ട് നക്സലൈറ്റുകള്‍ചെയ്തിരുന്ന പിളര്‍പ്പന്‍ പണി വിജയന്‍‌മാഷും കൂട്ടരും ചെയ്തു എന്നു മാത്രം. അതുകൊണ്ടാണല്ലോ മനോരമയും മാതൃഭൂമിയും ജന്മഭൂമിയും കേസരിയും മാധ്യമവും എല്ലാം എം . എന്‍ വിജയനെ മത്സരിച്ചു സ്തുതിക്കുന്നത്.എം. എന്‍. വിജയന്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയോടൊപ്പം നിന്നപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്ത വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അദ്ദേഹം എത്രമേല്‍ പ്രിയങ്കരനായിരിക്കുന്നു!! ഇടതുപക്ഷത്തെയും മാര്‍ക്സ്സിസ്റ്റു പാര്‍ടിയെയും തകര്‍ക്കാന്‍ ഏറ്റവും പറ്റിയ ആയുധം തീവ്രവാദവും ആദര്‍ശവാദവുമാണെന്നു വലതുപക്ഷം കണ്ടെത്തിയിരിക്കുന്നു

രാജീവ് ചേലനാട്ട് said...

മാരീചന്‍,

ആരോപണം ഉന്നയിച്ചവര്‍ക്കും ആരോപിതരായവര്‍ക്കും, ഇരുകൂട്ടര്‍ക്കും തങ്ങളുടെ നിലപാടുകള്‍/ആരോപണങ്ങള്‍ സാധൂകരിക്കാന്‍ ബാധ്യതയുണ്ട്. ഒരു തരത്തിലുമുള്ള വിദേശ ഫണ്ടുകള്‍ സ്വീകരിച്ചിട്ടില്ലെന്ന തോമസ്സ് ഐസക്കിന്റെ വിശദീകരണം വന്നതിന്റെ തൊട്ടടുത്ത ദിവസത്തില്‍ തന്നെയായിരുന്നു, (അതും സുധീഷുകൂടി പങ്കെടുത്ത ഒരു സമ്മേളനത്തില്‍)വിദേശ പണം കിട്ടിയിട്ടുണ്ടെന്ന തോമസ്സ് ഐസക്കിന്റെ വെളിപ്പെടുത്തല്‍. പണം വാങ്ങിയിട്ടില്ലെന്നു തെളിയിക്കാന്‍ പരിഷത്തിനായിട്ടില്ലെന്നു മാത്രമാണ് കോടതിയും നിരീക്ഷിച്ചത്. ചാരപ്രവര്‍ത്തനം നടത്തിയെന്നൊന്നും കോടതി കണ്ടെത്തിയിട്ടുമില്ല. സി.ഡി.എസ്. വഴി ആയാലും, സ്വന്തമെന്ന നിലയിലായാലും, വിദേശപണം വിദേശം തന്നെയാണ്. ഇത്തരം വിദേശ സഹായത്തോടെ നടക്കുന്ന ഫോക്‍ലോര്‍ പഠനം എന്നൊക്കെയുള്ള പല പേരിലും നടക്കുന്ന ഗവേഷണങ്ങളെ കണ്ണടച്ചു വിശ്വസിക്കുക എന്തായാലും ‘കിരണീയ’മല്ലതന്നെ. അതിനി, അജിതയായാലും, സി.പിയായാലും, പരിഷത്തായാലും. എത്ര പണം, എന്താവശ്യത്തിനു് എവിടെനിന്ന് കിട്ടിയെന്നൊന്നും പാഠത്തിനു തെളിയിക്കാനായില്ലെങ്കില്‍, പരിഷത്ത് അത് ചെയ്യേണ്ടതായിരുന്നു. ഭാവിയിലും വന്നേക്കാവുന്ന ആരോപണങ്ങളെ ആ ഒരു ‘അഗ്നിപരീക്ഷ’ കൊണ്ടുതന്നെ പരിഷത്തിനു നേരിടാന്‍ കഴിയുമായിരുന്നു. പ്രത്യേകിച്ചു, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ പരിഷത്തിനുള്ള(ഉണ്ടായിരുന്ന) ക്രെഡിബിലിറ്റിയുടെ അടിസ്ഥാനത്തിലെങ്കിലും.

മാരീചന്റെ പല നിരീക്ഷണങ്ങളും (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, മനസ്സില്ലാമനസ്സിന്റെ അളവുകോല്‍, എം.എന്‍.ന്റേയും എം.പിയുടെയും രാജി ആദിയായവ) ഉത്തരം അര്‍ഹിക്കുന്നവയല്ല. കിരണിന്റെ ഇതിനുമുന്‍പത്തെ പോസ്റ്റില്‍ ((ഇടക്കു കയറിവന്ന ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ )മാരീചന്‍ ക്ഷണിച്ചിട്ട് ഞാന്‍ പങ്കെടുക്കാതിരുന്നതും, അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ ആ generalized സ്വഭാവം കൊണ്ടാണ്. അതേ സമയം, രാധേയന്റെ മിക്ക നിരീക്ഷണങ്ങളും പ്രസക്തവുമായിരുന്നു. മാരീചന്റെയാകട്ടെ, ചിലതുമാത്രവും. പിന്നെ, എം.പി. പരമേശ്വരന്റെ നാലാം ലോകവാദത്തോട് തത്ത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും, അദ്ദേഹം, സാ‍മ്രാജ്യത്വ ചാരനാണെന്നോ, ആഗോളവത്ക്കരണത്തിന്റെ ഏജന്റാണെന്നൊ ഒന്നും ഞാന്‍ അര്‍ത്ഥമാക്കുന്നുമില്ല. ഇന്നത്തെ പല ഔദ്യോഗിക മാര്‍ക്സിസ്റ്റ്കളെക്കാളും എത്രയോ ഉയര്‍ന്ന കമ്മ്യൂണിസ്റ്റുതന്നെയാണ് എം.പി.)പക്ഷേ അദ്ദേഹത്തിന്റെ നാലാം ലോകവാദം വ്യക്തമായും സോഷ്യലിസ്റ്റ് വിരുദ്ധ ചേരിയുടെ ആയുധമാകാനേഎ ഉപകരിക്കൂ എന്നാണ് ഞാന്‍ കരുതുന്നത്.

ഇനി രാധേയനോട്
1. ചൈനീസ് പാര്‍ട്ടിയില്‍ നടക്കുന്നത്, പുതിയതും, പഴയതും തമ്മിലുള്ള സംവാദമാണെന്നു തോന്നുന്നില്ല. ക്രുത്യമായ മുതലാളിത്ത അജണ്ടകള്‍ തന്നെയാണ്‍്. മനുഷ്യാദ്ധ്വാ‍നത്തിനെ കമ്പോളത്തില്‍ വിലകുറഞ്ഞ ചരക്കാക്കി മാറ്റി വിപണനം ചെയ്യുന്ന മുതലാളിത്ത രാജ്യങ്ങളുടെ ഉത്പാദന-വികസന പരിപ്രേക്ഷ്യമാണ് അവിടെ നടക്കുന്ന ‘സംവാദം’.

2. പാര്‍ട്ടിയുടെ മുകള്‍ ഘടകങ്ങളില്‍. അംഗങ്ങളുടെ ഭൌതികവാദ പ്രതിബദ്ധതയാണ് ക്രൈറ്റീരിയ എന്നാരു പറഞ്ഞു? ശാന്തം..പാപം.

3. അതുപോലെ, ശ്രീ നാരായണീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്ന് എങ്ങിനെയാണ് ‘നിഗമനി’ച്ചത്? കാലഗണനാക്രമത്തിലാണോ? എങ്കില്‍ ശരിയാണ്. അല്ലെങ്കില്‍ അല്ല തന്നെ.

4. വിശ്വാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാളും ഭയങ്കരമാണ് ചൈനയുടെയും, എന്തിന് റഷ്യുടെ പോലും സ്ഥിതി. പാര്‍ട്ടി പ്രവര്‍ത്തകരിലും, സാധാരണ അനുഭാവികളിലും കൂടുതലും വിശ്വാസികള്‍തന്നെയാണ് (ചിലപ്പോള്‍ രാധേയന്‍ അമിത ലളിതവത്ക്കരണത്തില്‍ ചെന്നെത്തുന്നു എന്ന് തോന്നുന്നു. ഉദാ: വര്‍ഗ്ഗാതിരുകളുടെ അപ്രസക്തമാകല്‍,ചരകന്റെ കത്തികൊണ്ട് കീ ഹോള്‍ സര്‍ജറി, വിശാസികളായ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കല്‍-പോലുള്ള കാഴ്ച്ചപ്പടുകളില്‍). വര്‍ഗ്ഗാതിരുകള്‍ കൂടുതല്‍ പ്രത്യക്ഷമായിക്കൊണ്ടിരിക്കുകതന്നെയാണ് രാധേയന്‍.രണ്ടാമത്തേതില്‍ ശാസ്ത്രത്തെയും, സാമൂഹ്യശാസ്ത്രത്തെയും ഒരേ മാനദണ്ഡങ്ങള്‍കൊണ്ട്, തമാശക്കാണെങ്കില്‍പ്പോലും സമീകരിക്കുന്നത് തെറ്റായ ധാരണകളിലേക്കുമാത്രമേ നയിക്കൂ).ഇ.എം.എസ്സിനെക്കുറിച്ചുള്ള രാധേയന്റെ നിരീക്ഷണങ്ങള്‍ (പാര്‍ട്ടി നിലപാടുകള്‍ക്കൊത്ത്....)ശരിതന്നെയാണ്.

ഇനി പരിഷത്തിലേക്ക്:

പരിഷത്ത് ചാരസംഘടനയാണെന്നും മറ്റുമുള്ള ധാരണകളൊന്നും ഇതെഴുതുന്ന ആള്‍ക്ക് തത്ക്കാലമില്ല. എങ്കിലും,അതൊരു തികഞ്ഞ അരാ‍ഷ്ട്രീയ സംഘടനയായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന ബോധം നല്ലവണ്ണമുണ്ട് താനും. അതിന്റെ സാധാരണ പ്രവര്‍ത്തകരില്‍ ഇപ്പോഴും ഭൂരിപക്ഷവും, ഇടതുപക്ഷ സഹയാത്രികരാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുമ്പോള്‍തന്നെ, അങ്ങിനെയല്ലെന്നാ‍ണ് അനുഭവം.അമ്പല-പള്ളിക്കമ്മിറ്റികളിലും,അതിന്റെ യുവജന വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവരടക്കമുള്ള ഒരു സന്നദ്ധ-സംഘടനയായി അത് മാറിക്കഴിഞ്ഞു. പേരിനുമാത്രമുള്ള issue-based പ്രവര്‍ത്തനങ്ങളിലും, ബാലവേദി, ശാസ്ത്രമാസികപ്രചരണം, പരിസ്ഥിതി ദിനാചരണ യജ്ഞങ്ങളിലുമാണ് പരിഷത്ത് ഇന്ന് ഏറെയും ശ്രദ്ധ പതിപ്പിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ പരിഷത്ത് പണ്ട് ഊര്‍ജ്ജ്വസലമായി കൈകാര്യം ചെയ്തിരുന്ന മേഖലകളില്‍ ഇന്ന് അത് ഏറെക്കുറെ നിര്‍ജ്ജീവമാണ്. പ്രത്യേകിച്ചും, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെയും, ആതുരാരോഗ്യരംഗത്തെ കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്റെയുമൊക്കെ ഭീഷണമായ സാഹചര്യത്തില്‍ പരിഷത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിരുന്ന ഒരു തലമുറ ഇപ്പോഴും കുറ്റിയറ്റു പോയിട്ടൊന്നുമില്ലതിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ രംഗത്ത് പരിഷത്ത് കുറ്റകരമായ മൌനവും, പ്രവര്‍ത്തനരാഹിത്യവുമാണ് കാഴ്ച്ചവെക്കുന്നത്. പകരം, നടക്കുന്നതോ, വിദേശ സഹായത്തോടെയുള്ള ഗവേഷണങ്ങളും, കേരള പഠനം പോലെയുള്ള പ്രവര്‍ത്തങ്ങളും. ഗവേഷണവും, പഠനവും ഒക്കെ വേണ്ടതുതന്നെ. ഇതിനൊക്കെ വിദേശ സഹായവും, പല-തലത്തിലുമുള്ള വിദേശ ഇടനിലകളും വേണമെന്നു വരുമ്പോഴാണ്, ഊന്നല്‍ ‘അതില്‍ മാത്രമായി’ ചുരുങ്ങുകയും ചെയ്യുമ്പോഴാണ് സംശയങ്ങള്‍ ബാക്കിയാവുന്നത്. തണുത്ത വെള്ളത്തെയും ഭയപ്പാടോടെ മാത്രം കാണേണ്ടിവരുന്നത് എന്നര്‍ത്ഥം. ചുരുക്കത്തില്‍ പരിഷത്ത് നടത്തുന്നത്, ഒരു ക്ലീഷേ ഉപയോഗിച്ചാല്‍, കുതിരയെ പിന്നില്‍ കെട്ടി രഥമുരുട്ടല്‍ തന്നെയാണെന്നു പറയേണ്ടിവരും. സ്വീഡന്‍ മുന്തിയ തോക്കുകള്‍ നല്‍കിയത്, ഇന്ത്യയുടെ പ്രതിരോധത്തില്‍ അമിതമായ ഉത്ക്കണ്ഠ ഉള്ളതുകൊണ്ടൊന്നുമായിരുന്നില്ലാത്തതുപോലെ, വിദേശ സഹായത്തോടെയുള്ള പല ഗവേഷണങ്ങളും, അമിത ഗവേഷണകുതുകം കൊണ്ടല്ലെന്നുതന്നെയാണ്, മാറിയ ലോകതാത്പര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുക. ആണവരഹസ്യവും, പ്രതിരോധ രഹസ്യവും ഒന്നുമാവണമെന്നില്ല പുതിയ അധിനിവേശ ഫോര്‍മുലകള്‍. തനതു വിഭവങ്ങളുടെമേലുള്ള കയ്യടക്കത്തിലൂടെയും അതൊക്കെ സാധിക്കാം. വെറുമൊരു ഇറക്കുമതി, കയറ്റുമതി തന്ത്രം തന്നെ ധാരാളം ‘മതി’, ഒരു രാജ്യത്തെ കീഴ്പ്പെടുത്താന്‍. ചൊല്‍പ്പടിയില്‍ വരുത്താന്‍. ഒരു ഭ്രാന്തിന്റെ ഉച്ചസ്ഥായിയില്‍ പണ്ട് ബഷീര്‍ പറഞ്ഞപോലെ, “അവന്‍ വരും. പുനലൂര്‍ ബാലന്റെ വേഷത്തിലും വരും. ശ്രദ്ധിക്കണം.”

റഫീക്ക് കിഴാറ്റൂര്‍ said...

പ്രിയ രാജീവ്
കേരള പഠനം വിദേശ പണം കൊണ്ട് നടത്തിയെന്നാണോ പറയുന്നത്?

രാജീവ് ചേലനാട്ട് said...

റഫീഖ്,

അല്ലെന്നാണ് കുഞ്ഞിക്കണ്ണന്‍ മാഷ് പറഞ്ഞതില്‍നിന്നു മനസ്സിലാക്കാന്‍ സാധിച്ചത്. അദ്ദേഹം യു.എ.ഇ.യില്‍ വന്നപ്പോള്‍. കേരള പഠനം അല്‍പ്പം സമഗ്രമായ ഒരു പഠനവുമാണ്. ആ പഠനത്തെ ടൈംസ് ഓഫ് ഇന്ത്യ വളച്ചൊടിച്ച്, കേരളത്തിലെ ഹിന്ദുക്കള്‍ endangered ആയിത്തുടങ്ങി എന്ന മട്ടിലൊക്കെ വ്യാഖ്യാനങ്ങളും ഇ-മെയില്‍ വഴി പ്രചരണത്തിലുണ്ട്. കേരള പഠനം പരിഷത്തിന്റെയും, പരിഷത്തിനു പുറത്തുള്ള ചിലരുടെയും പ്രവര്‍ത്തനമാണെന്നാണ്‍് അറിയാന്‍ കഴിഞ്ഞത്. ചിലര്‍ സൌജന്യമായും, പുറത്തുള്ളവര്‍ (പരിഷത്തിനുപുറത്തുള്ളവര്‍)നാമമാത്രമായി പ്രതിഫലം വാങ്ങിയുമാണ് അത് നടത്തിയിട്ടുള്ളതെന്നാണ് പ്രൊഫ്.കുഞ്ഞിക്കണ്ണന്‍ മാഷ പറഞ്ഞത്.

കിരണ്‍ തോമസ് തോമ്പില്‍ said...

രാജീവ്‌

പരിഷത്ത്‌ എന്തു കൊണ്ട്‌ പല മേഖലയില്‍ നിന്നും പിന്നോട്ട്‌ പോയി എന്നതിന്‌ കാലത്തിന്റെ മാറ്റം കൊണ്ടാണ്‌ എന്നാണ്‌ മറുപടി. പണ്ട്‌ സര്‍ക്കാര്‍ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സജീവമായി നിന്നുരുന്ന കാലത്താണ്‌ പരിഷത്ത്‌ ശക്തമായി നിലനിന്നു പോന്നത്‌. ഇന്ന് ആ സ്ഥിതി മാറി ക്രീം ലെയര്‍ സ്വകാര്യ വിദ്യാലയങ്ങളിലേക്ക്‌ മാറ്റപ്പെട്ടു. പിന്നെ എക്ട്ര ആക്റ്റിവിറ്റിയായി പരിഷത്ത്‌ പരിപാടികളില്‍ പങ്കെടുക്കാനുള്ള തതപര്യവും വിദ്യാര്‍ത്ഥികള്‍ക്ക്‌ കുറഞ്ഞു. അവര്‍ക്ക്‌ മറ്റ്‌ അനേകം വിനോദ അവസരങ്ങള്‍ വന്നു. കുറേക്കൂടി ജോബ്‌ ഓറിയന്റണ്ടായി കുട്ടികള്‍ മാറി. സത്യത്തില്‍ സജീവരായ വിദ്യാര്‍ത്ഥികളായിരുന്നു പരിഷത്തിന്റെ ശക്തി. യുറേക്ക, ശാസ്ത്രകേരളം തുടങ്ങിയ മാസികകളും മറ്റ്‌ ശാസ്ത്ര പുസ്തകങ്ങളും ഒരു കാലത്ത്‌ പരിഷത്തിന്റെ സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ കാലത്തിന്റെ കുത്തൊഴിക്കില്‍ പരിഷത്തിന്റെ പ്രസ്കതി പതിയെ നഷ്ടപ്പെടുകയയിരുന്നു. പിന്നെ അവര്‍ക്ക്‌ ചെയ്യാവുന്നത്‌ ഗവേഷണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതാണ്‌ അതവര്‍ ചെയ്തു. ആള്‍ക്കാര്‍ക്ക്‌ വേണ്ടാതായതുകൊണ്ടാണ്‌ പരിഷത്ത്‌ നശിച്ചത്‌ എന്ന് കരുതേണ്ടി വരും

Radheyan said...

രാജീവ്,

എന്നോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാം.

1. ചൈന,ചൈനയും ചൈനക്കാരുമായി കഴിഞ്ഞ 5 വര്‍ഷമായി അടുത്ത വ്യാപരബന്ധം ഞാന്‍ പുലര്‍ത്തുന്നു.ക്യൂബാ മുകുന്ദന്‍ ചൈനക്കാരെ കാണുമ്പോള്‍ മാവോയെ കുറിച്ച് ചോദിക്കുന്നത് പോലെ ഞാനും പലതും ചോദിക്കാറുണ്ട്.(പലര്‍ക്കും കമ്മ്യൂണിസത്തെ കുറിച്ചോ മാവോയെ കുറിച്ചോ അറിയില്ല എന്നത് സത്യം).അധ്വാനത്തിന്റെ അപ്രമാദിത്തമല്ല,മൂലധനത്തിന്റെ അപ്രമാദിത്തമാണ് ചൈനയില്‍ സംഭവിക്കുന്നത് എന്ന തരത്തിലുള്ള രാജീവിന്റെ വീക്ഷണം ശരി തന്നെയാണ്.പക്ഷെ അത് പുതിയ ലോകക്രമത്തിന് അനുഗുണമായി ഇവോള്‍വ് ചെയ്തതാണ്.അത് കമ്മ്യൂണിസമാണോ എന്നും അത് ഗുണപരമാണൊ എന്നും കാലം തെളിയിക്കേണ്ട സംഗതിയാണ്.അത് പോലെ തന്നെ അത് സമത്വത്തിലേക്ക് നയിക്കുമോ എന്ന സംഗതിയും.പക്ഷെ സോവിയറ്റ് യൂണിയന്റെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വേണം ചൈനയിലെ മാറ്റങ്ങളെ കാണേണ്ടത് എന്ന് തോന്നുന്നു.സ്റ്റേറ്റ് ഓണര്‍ഷിപ്പും പഞ്ചവത്സര പദ്ധതികളുമടക്കം പ്രത്യയശാസ്ത്രത്തിനുള്ളില്‍ നിന്നു നടത്തിയ സോവിയറ്റ് പരീക്ഷണം വന്‍ തോതിലുള്ള അഴിമതിക്കും ജനകീയ അസംതൃപ്തിക്കും ഇട നല്‍കി എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.നേതൃത്വം കങ്കാണി സ്വഭാവത്തിലേക്കും പിന്നീട് മാഫിയാ സ്വഭാവത്തിലേക്കും നീങ്ങാന്‍ സ്റ്റേറ്റ് ഓണര്‍ഷിപ്പിന്റെ ബ്യൂറോക്രാറ്റിക്ക് സ്വഭാവവും അതിന്റെ അതാര്യതയും ഇടയാക്കി.അതില്‍ നിന്നു മാറി ഒന്ന് ചൈനയില്‍ പരീക്ഷിക്കപ്പെടുന്നു.വളരെ നിയന്ത്രിതമായ പരിഷ്ക്കാരങ്ങള്‍ ക്രമേണെയുള്ള ജനാധിപത്യത്തിലേക്കുള്ള പോക്കായി വീക്ഷിക്കപ്പെടുന്നു.അടിമുടി ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള ഒരു കമ്യു.പാര്‍ട്ടിയുടെ ഏകകക്ഷീ ഭരണമാവും അവര്‍ വിഭാവനം ചെയ്യുന്നത് എന്ന് തോന്നുന്നു.
2.വീശ്വാസം-അത് തെളിയിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള സംഗതിയാണ്.ഒരു പരിധി വരെ അത് അപ്രസക്തവുമാണ്.കോടിയേരി പൂമുടിയെന്നും രാജേന്ദ്രന്‍ കൊടുങ്ങല്ലൂര്‍ ചെന്ന് പൂജ നടത്തിയെന്നും ഒക്കെയുള്ള ആരോപണങ്ങള്‍ ഇപ്പോഴുമുണ്ട്.എന്റെ വീട്ടില്‍ തന്നെ പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗമായ അമ്മ അവിശ്വാസി ആയിരിക്കുമ്പോള്‍ മുന്‍പ് ജില്ല കമിറ്റി അംഗമായിരുന്ന അച്ഛന്‍ ദൈവവിശ്വാസി ആയി അനുഭവപ്പെട്ടിട്ടുണ്ട്.ജീവിതസാഹചര്യങ്ങള്‍ നന്നാക്കാന്‍ കുറുക്കു വഴി ഇല്ല എന്നും സമരം മാത്രമാണ് അതിനു പോംവഴി എന്നും മാര്‍ക്സിസം വിശ്വസിക്കുന്നു.വിശ്വാസം ഒരു പരിധിവരെ ചരിത്രപരവും ജനിതകവുമായ ഒരു സംഗതി ആയി എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ട്.

3.എന്തു കൊണ്ട് ശ്രീനാരായണ ഗുരു നടത്തിയ സാമൂഹിക വിപ്ലവം ആഹ്വാനം ഇടതുപക്ഷത്തിന് അടിത്തറയായില്ല എന്ന് രാജീവ് പറയുന്നു എന്ന് മനസ്സിലാകുന്നില്ല.കേരളത്തെക്കാള്‍ ബംഗാളിനേക്കാള്‍ സാമ്പത്തിക ചൂഷണ വ്യവസ്ഥിതി നില നിന്നിരുന്ന ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെക്കാള്‍ കേരളത്തിലും ബംഗാളിലും പാര്‍ട്ടി ശക്തമായി എന്നതിന് പല സാമൂഹിക ശാസ്ത്രജ്ഞരും പറയുന്ന കാരണം അവിടുത്തെ (കേരളം ബംഗാള്‍‌) സാമൂഹിക പരിഷ്ക്കരണ വിപ്ലവമാണ്.ഉദാഹരണത്തിന് കമ്മ്യൂണിസത്തിലേക്ക് ആര്‍.സുഗതന്‍ എത്തിയത് ശ്രീനാരയണ ചിന്തയിലൂടെ ആയിരുന്നു.അങ്ങനെ പലരും.ഇരു പാര്‍ട്ടിയുടെയും ശക്തി ഈഴവരാണെന്നതും ഈ വസ്തുതയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

4.വര്‍ഗ്ഗാതിരുകള്‍ കൂടുതല്‍ പ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്നത് ഞാനും അംഗീകരിക്കുന്നു.പക്ഷെ വര്‍ഗ്ഗസമരത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ ഏതു വിധേനെയും മുകളിലെ വര്‍ഗ്ഗശ്രേണിയില്‍ എത്തിപ്പെടാനാണ് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്.ആഗോളവല്‍ക്കരണം നടത്തുന്ന ചൂഷണത്തെ സാമാന്യജനം കാ‍ണാതെ പോവുകയും അത് സൃഷ്ടിക്കുന്ന മായകളില്‍ ജനം ആസക്തമാവുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.ചൈനയില്‍ സംഭവിക്കുന്നതിനു പിന്നിലെ താത്വിക വിശദീകരണം ഇതാവാനാണ് സാധ്യത എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്.അല്ലാതെ വര്‍ഗ്ഗങ്ങള്‍ അപ്രസക്തമാവുന്ന കാലം ഉണ്ടാവില്ല.പക്ഷെ വര്‍ഗ്ഗസമരങ്ങളും ഇനി ഉണ്ടാകുമോ എന്നത് സംശയമാണ് എന്നു കൂടി പറയട്ടെ.

മാരീചന്‍ said...

രാജീവേ,
എന്നാ ആഞ്ഞ നിരൂപണമാ സഖാവേ ഇത്. സര്‍വവിധ സൈദ്ധാന്തിക സമസ്യകള്‍ക്കും ഉത്തരമുളള താങ്കളുടെ മറുപടികള്‍ക്ക് മാരീചന്റെ നിരീക്ഷണങ്ങള്‍ അര്‍ഹമാകുന്നില്ലെന്ന വെളിപാട് കേട്ട് എഴുത്തു തന്നെ മതിയാക്കിയാലോ എന്നാലോചിക്കുകയാണ്.

ആരോപിതരായവര്‍ എങ്ങനെയാണാവോ ആരോപണങ്ങള്‍ തെളിയിക്കുന്നത്?
ഒരു തരത്തിലുമുള്ള വിദേശ ഫണ്ടുകള്‍ സ്വീകരിച്ചിട്ടില്ലെന്ന തോമസ്സ് ഐസക്കിന്റെ വിശദീകരണം വന്നതിന്റെ തൊട്ടടുത്ത ദിവസത്തില്‍ തന്നെയായിരുന്നു, (അതും സുധീഷുകൂടി പങ്കെടുത്ത ഒരു സമ്മേളനത്തില്‍) വിദേശ പണം കിട്ടിയിട്ടുണ്ടെന്ന തോമസ്സ് ഐസക്കിന്റെ വെളിപ്പെടുത്തല്‍.

ഇത് താങ്കളുടെ വാചകമാണ്. എവിടെ, എന്ന്, എപ്പോഴാണ് പരിഷത്തും തോമസ് ഐസക്കുമൊക്കെ താങ്കള്‍ പറയുന്നതു പോലെ പറഞ്ഞു കളഞ്ഞത്?

പരിഷത്ത് അന്നും ഇന്നും പറയുന്നത് തങ്ങള്‍ സിഡിഎസിന്റെ പണം വാങ്ങിയെന്നു തന്നെയാണ്. ആ പണം എങ്ങനെ ചെലവഴിച്ചു എന്നതിന്റെ കണക്കും പരിഷത്ത് ഹാജരാക്കിയിട്ടുണ്ട്. ഈ വാദങ്ങള്‍ കളളമാണെങ്കില്‍ അതു തെളിയിക്കാനുളള ചുമതലയും താങ്കള്‍ പരിഷത്തിന്റെ തോളില്‍ തന്നെ ചാരി വയ്ക്കുന്നതു കാണുമ്പോള്‍ ഊറിച്ചിരിക്കാനാണ് തോന്നുന്നത്.

പണം വാങ്ങിയിട്ടില്ലെന്ന് തെളിയിക്കാന്‍ പരിഷത്തിനായിട്ടില്ലെന്നു മാത്രമാണ് കോടതിയുടെ കണ്ടെത്തല്‍ എന്നാണ് താങ്കള്‍ വാദിക്കുന്നത്. സിഡിഎസില്‍ നിന്നും പ്രോജക്ടിന് തങ്ങള്‍ പണം വാങ്ങിയെന്ന് 2004 മുതല്‍ പരിഷത്ത് സമ്മതിച്ചിട്ടുളളതാണ്. പിന്നെയേതു വകുപ്പിലാണ് പണം വാങ്ങിയിട്ടില്ലെന്ന് തെളിയിക്കേണ്ടത്?

പാഠത്തിന് തെളിയിക്കാനായില്ലെങ്കില്‍ പരിഷത്ത് തെളിയിക്കണമായിരുന്നു പോലും. ഭയങ്കരം തന്നെ താങ്കളുടെ വാദങ്ങളുടെ ഒരുപ്പോക്ക്.

അപ്പുക്കുട്ടന്‍ വളളിക്കുന്ന്, മനസില്ലാ മനസിന്റെ അളവുകോല്‍, വിജയന്‍ മാഷിന്റെയും എം പിയുടെയും രാജി എന്നിവയൊന്നും താങ്കളുടെ ഉത്തരം മോഹിച്ച് എഴുതിയല്ലെന്നറിയിക്കട്ടെ.

ഒന്നു കൂടി, ജനകീയാസൂത്രണത്തെക്കുറിച്ചുളള ഒരു ചര്‍ച്ചയിലും താങ്കളെ മാരീചന്‍ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചത് എം പിയുടെ നാലാംലോകവാദം മാര്‍ക്സിസ്റ്റ് വിരുദ്ധമാകുന്നതെങ്ങനെ എന്ന് വിശദീകരിക്കാനാണ്. അതിന് താങ്കള്‍ക്ക് കഴിയുമെന്ന് മാരീചന്‍ കരുതുന്നുമില്ല.

നാലാംലോകവാദത്തെക്കുറിച്ച് കിരണിന്റെ പഴയൊരു പോസ്റ്റില്‍ താങ്കള്‍ നടത്തിയ നിരീക്ഷണം ഇങ്ങനെയാണ്.

നാലാം ലോകവാദം, പ്രത്യക്ഷത്തില്‍ തന്നെ,ആഗോളീകരണത്തെ സഹായിക്കുന്ന ഒരു സമവായത്തെയാണ് ദര്‍ശിക്കുന്നത് (രാധേയന്റെ നിരീക്ഷണം ശരിയാണ്). വളരെ പ്രായോഗികമായ ചില തത്ത്വവിചാരങ്ങള്‍ എന്ന മട്ടില്‍ അവതരിപ്പിച്ചിട്ടുള്ള അതിലെ പല നിര്‍ദ്ദേശങ്ങളും, കാലാകാലങ്ങളായി, സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്ന വാദമുഖങ്ങള്‍ തന്നെയാണ്. നിയോ-ലിബറലിസത്തിലേക്കുള്ള (ഈ വാക്കുപയോഗിച്ച് മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു; ഉപയോഗിക്കാതിരിക്കാനും ആവുന്നില്ല)വാതിലുകള്‍ തന്നെയാണ് അവ തുറന്നു വെക്കുന്നത്. വര്‍ഗ്ഗസിദ്ധാന്തത്തെ പാടെ കയ്യൊഴിയുന്നു എന്നുള്ളതാണ് നാലാം ലോകവാദത്തിന്റെ കാതലായ ഭാഗം.

താങ്കളുടെ കമന്റിന് മറുപടിയായി മാരീചന്‍ എഴുതിയത് ഇങ്ങനെയാണ്.

നാലാം ലോകം പ്രത്യക്ഷത്തില്‍ തന്നെ ആഗോളീകരണത്തെ സഹായിക്കുന്ന സമവായത്തെയാണ് ദര്‍ശിക്കുന്നതെന്നൊക്കെ വിധികല്‍പിക്കുന്ന ഗൗരവത്തോടെ എഴുതിവിടുമ്പോള്‍ അതെങ്ങനെ എന്ന് വിശദീകരിക്കേണ്ടേ. അതിനു പകരം സ്വന്തം നിഗമനങ്ങളാണ് പ്രപഞ്ചശരിയെന്ന മട്ടില്‍ വിധികല്‍പിക്കുമ്പോള്‍ അപ്രമാദിയുടെ ഭാവമാണ് താങ്കളില്‍ കാണുന്നത്.

നിയോ ലിബറലിസ്റ്റെന്നും സോഷ്യല്‍ ഡെമോക്രാറ്റെന്നുമൊക്കെ എഴുതിയാല്‍ ആരെങ്കിലും ഇക്കാലത്ത് പേടിക്കുമോ? എം പിയുടെ നാലാം ലോകം - സ്വപ്നവും യാഥാര്‍ത്ഥ്യവും എന്ന പുസ്തകത്തിന്റെ പേജ് ബൈ പേജായി അധ്യായം ബൈ അധ്യായമായി നമുക്കൊരു സംവാദം നടത്താം. എവിടെ, ഏതു വാദമാണ്, അതില്‍ ആഗോളീകരണത്തെ സഹായിക്കുന്നതെന്ന് വിശദീകരിക്കാമോ? ആത്മനിഷ്ഠമായ വിലയിരുത്തലാണ് ആത്യന്തികമായ ശരിയെന്ന് കരുതുന്നുണ്ടെങ്കില്‍ പിന്നൊന്നും പറയാനുമില്ല.

രാധേയനുളള മറുപടിയില്‍ താങ്കള്‍ ഇങ്ങനെ പറയുന്നു....


ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, എം.പി.പരമേശ്വരനും മറ്റും രൂപപ്പെടുത്താന്‍ ശ്രമിച്ച നാലാം ലോകവാദം ഈ രണ്ടാമത് പറഞ്ഞ ആഗോളവത്ക്കരണത്തിന്റെ രീതിയിലുള്ളതായിരുന്നുവെങ്കിലും അതിന്റെ ഉള്ളടക്കം ആദ്യം പറഞ്ഞ (സാമ്രാജ്യത്വ അജണ്ടയില്‍ ഊന്നിയ) ആഗോളവത്ക്കരണത്തിലേക്കു നയിക്കാന്‍ സഹായിക്കുന്ന ഒന്നായിരുന്നു എന്നതാണ്.

ഏത് അളവുകോലുപയോഗിച്ചാണ് താങ്കള്‍ ഈ നിഗമനങ്ങളില്‍ എത്തുന്നത്.

അടുത്ത വാദം.
എം പി പരമേശ്വരന്റെ നാലാം വാദത്തിന്റെ ആകെത്തുക മാര്‍ക്സിന്റെ ആ പ്രസിദ്ധമായ വാചകമാണെന്ന, മാരീചന്റെ അഭിപ്രായം പരമാബദ്ധമാണ്‌. മൂലധനത്തിന്റെയും, സൈനികശക്തിയുടെയും അസന്തുലിതമായ സാമൂഹ്യക്രമങ്ങള്‍ നിലനില്‍ക്കുന്ന വര്‍ത്തമാന ലോകക്രമത്തില്‍,ആ ഒരു ലോജിക്കിന്റെ അയുക്തികത എന്താണെന്നു പ്രത്യേകം വിവരിക്കേണ്ടതുണ്ടെന്ന് വിചാരിക്കുന്നില്ല.

ആധുനിക ലോകക്രമത്തില്‍ മാര്‍ക്സിന്റെ ലോജിക്ക് അയുക്തമാണെന്ന് തുറന്നു പറഞ്ഞതിന് നന്ദി. മാര്‍ക്സിന്റെ ലോജിക് അയുക്തമാകുന്നതു കൊണ്ടാണ് നാലാം ലോകവും അയുക്തമാകുന്നത്. എം പിയുടെ ചിന്തകള്‍ അപ്രായോഗികമാകുന്നതും അതുകൊണ്ടു തന്നെയാണ്.

മൂലധനത്തിന്റെയും സൈനിക ശക്തിയുടെയും അസന്തുലിതമായ സാമൂഹ്യക്രമങ്ങള്‍ നിലനില്‍ക്കുന്ന വര്‍ത്തമാന ലോകക്രമത്തില്‍ പ്രായോഗികവും പ്രസക്തവുമായ ഏതേതു വാദമുഖങ്ങളാണ് എം എന്‍ വിജയന്‍ എന്ന ചിന്തകന്‍ മുന്നോട്ടു വെച്ചത് എന്നറിയാനും താല്‍പര്യമുണ്ട്.


അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴിയെന്നു പറയാനുളള മര്യാദയെങ്കിലും കാണിക്കേണ്ടേ? നാലാംലോകവാദം എന്ന പേരില്‍ എം പി അവതരിപ്പിക്കുന്ന ചിന്തകള്‍ പ്രത്യക്ഷത്തില്‍ തന്നെ ആഗോളീകരണത്തെ സഹായിക്കുന്നവയാണെന്ന് രാജീവ് ചേലനാട്ട് വിധി പറയുമ്പോള്‍, അവ്വിധം ഒരു വിധിയിലെത്താന്‍ അദ്ദേഹം ഉപയോഗിച്ച ടൂളുകള്‍ എന്താണ് എന്ന് മാരീചന്‍ ചോദിച്ചു. ടിയാന്‍ കേട്ടഭാവം നടിച്ചില്ല. എന്നിട്ട് വേറൊരിടത്തു കേറി പറയുന്നു, മാരീചന്റെ നിരീക്ഷണങ്ങള്‍ ജെനറലൈസ്ഡ് ആയിപ്പോയതു കൊണ്ടാണ് പോലും ജനകീയാസൂത്രണത്തെക്കുറിച്ചുളള ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ട് പോകാത്തത്. കളളം പറയുന്നതിനും വേണ്ടേ സുഹൃത്തേ ഒരു മര്യാദ?

നാലാം ലോകവാദം സോഷ്യലിസ്റ്റ് വിരുദ്ധ ചേരിയുടെ ആയുധമാകാനേ ഉപകരിക്കൂ എന്ന് താങ്കള്‍ ഇപ്പോഴും ഉവാച. അതെങ്ങനെ എന്ന് ചോദിച്ചാലോ, കൊണ്ടുപിടിച്ച നിശബ്ദതയും. കെങ്കേമമീ മാര്‍ക്സിസ്റ്റ് ജ്ഞാനം. ആദരണീയമീ വിശകലന പാടവം. നമോവാകം.

കിരണ്‍ തോമസ് തോമ്പില്‍ said...

മരീച ഒരു അനു:ബന്ധ ചര്‍ച്ച്‌ ഇവിടെയും നടക്കുന്നുണ്ട്‌

http://saadhyatha.blogspot.com/2007/10/blog-post_22.html

മാരീചന്‍ said...

ചതുര്‍മാനത്തോട്,

മാരീചന്‍ എഴുതിയതത്രയും ശരിയെന്ന് വിശ്വസിക്കരുത് എന്ന മുന്നറിയിപ്പോടു കൂടി ചില കാര്യങ്ങള്‍ പറയുമ്പോള്‍, വിശ്വസിക്കേണ്ട കാര്യങ്ങള്‍ അന്വേഷിച്ച് എഴുതുകയായിരുന്നു ബുദ്ധി. അങ്ങനെയെഴുതിയിട്ട് ഇതൊന്നും വിശ്വസിക്കരുത് എന്ന മുന്നറിയിപ്പു നല്‍കിയിരുന്നെങ്കില്‍ ഒരു ശോഭയുണ്ടാകുമായിരുന്നു.

1992 മുതല്‍ നെതര്‍ലന്റ്സ് മിനിസ്ട്രി ഓഫ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ വികസ്വര രാഷ്ട്രങ്ങളിലെ പ്രദേശിക വികസനത്തിനു വേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മള്‍ട്ടി ആനുവല്‍ മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് പ്രോഗ്രാം (എംഎംആര്‍പി) എന്നാണ് ഈ പദ്ധതിയുടെ പേര്. ഡച്ച് സര്‍ക്കാര്‍ സ്കീമനുസരിച്ചാണ് സിഡിഎസിന് ഗവേഷണ സഹായം ലഭിച്ചത്. ഒമ്പതു രാജ്യങ്ങളിലാണ് ഈ ഗവേഷണം നടത്താന്‍ ഡച്ച് സര്‍ക്കാര്‍ പണം അനുവദിച്ചത്. ഏഷ്യയില്‍ നിന്നും ഇന്ത്യയ്ക്കു പുറമേ വിയറ്റ്നാമും ബംഗ്ലാദേശും ഈ സഹായം സ്വീകരിച്ചിട്ടുണ്ട്.

എംഎംആര്‍പിയുടെ ലക്ഷ്യം ഇങ്ങനെ നിര്‍വചിച്ചിരിക്കുന്നു.
1. to promote demand-oriented research which is essential to local development,
2. to stimulate the dissemination and use of its research findings for policy formulation and implementation, and
3. to promote relevant research capacity strengthening.

ഗവേഷണം, പഠനം, പരിശീലനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി 1971ല്‍ പ്രൊഫസര്‍ കെ എന്‍ രാജ് സ്ഥാപിച്ച സ്വാശ്രയ സ്ഥാപനമാണ് സിഡിഎസ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് സിഡിഎസ്.

കേരള സര്‍ക്കാര്‍, ഐസിഎസ്എസ്ആര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സിഡിഎസ് ഗവേഷണത്തിന് സാമ്പത്തിക സഹായം സ്വീകരിക്കുന്നത്. റിസര്‍വ് ബാങ്കും ഇന്ത്യന്‍ പ്ലാനിംഗ് കമ്മിഷനും തെരഞ്ഞെടുത്ത മേഖലകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സിഡിഎസില്‍ എന്‍ഡോവ്മെന്റ് യൂണിറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡച്ച് സര്‍ക്കാരില്‍ നിന്നും പ്രാദേശിക വികസനം സംബന്ധിച്ച ഗവേഷണത്തിനുളള സാമ്പത്തിക സഹായം ഇന്ത്യാ സര്‍ക്കാരിന്റെ അനുമതിയോടും അംഗീകാരത്തോടും കൂടിയേ സിഡിഎസിന് കൈപ്പറ്റാനാകൂ.

കെ എന്‍ രാജും ഐ എസ് ഗുലാത്തിയുമടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയാണ് പ്രാദേശിക വികസനത്തിനുളള പ്രോജക്ട് പ്രൊപൊസല്‍ ക്ഷണിച്ചതും അതു പ്രകാരം ഐആര്‍ടിസി അത് സമര്‍പ്പിച്ചതും.

അനര്‍ഹമായതോ അംഗീകാരമില്ലാത്തതോ ആയ പണമാണ് സിഡിഎസ് വഴി ഐആര്‍ടിസിയ്ക്ക് ലഭിച്ചത് എന്ന് ഇന്നോളം ആരും തെളിയിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണെന്നിരിക്കെ, മാരീചന്റെ വാദങ്ങള്‍ വിശ്വസനീയമല്ലെന്നൊക്കെ വിധി കല്‍പിക്കുന്നത് അല്‍പം കടന്ന കൈയാണേ.

സിഡിഎസ് എങ്ങനെയാണ് ഐആര്‍ടിസിയ്ക്ക് പ്രോജക്ട് നല്‍കിയത് എന്ന് മാരീചന്‍ പറയുന്നത് ചതുര്‍മാനം വിശ്വസിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. അവിശ്വസനീയമെന്ന ആരോപണം ഉന്നയിക്കുമ്പോള്‍ വിശ്വസനീയമായതു പറയാനുളള ബാധ്യതയുമുണ്ടെന്ന് ഓര്‍ക്കുക.

സിഡിഎസ് പരസ്യം നല്‍കിയത് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് എന്നീ താല്‍ക്കാലിക ഒഴിവുകളിലേയ്ക്കായിരിക്കും എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നതിനു മുമ്പ് ഒന്നന്വേഷിക്കേണ്ടേ സുഹൃത്തേ. ദേണ്ടേ കിടക്കുന്നു വേറൊരു വെളിച്ചപ്പെടല്‍.
സി. ഡി. എസ്സിന്റെ പ്രൊജെക്ടുകള്‍ ഏറ്റെട്ടുത്തു നടത്താന്‍ യോഗ്യത ഉള്ളവര്‍ കേരള, എം.ജി, കാലിക്കട്ട് തുടങ്ങിയ യൂണിവേര്‍സിറ്റി ആസ്ഥാനങ്ങളിലെ ചില ഹുമാനിറ്റീസു വിഭാഗം പ്രൊഫെസൊര്‍മാരൊ, അല്ലെങ്കില്‍ ഐ. ആര്‍. ടി. സി. പോലെയുള്ള സ്ഥാപനമോ മാത്രമാണു.

എവിടെ നിന്നാണ് ഈ മഹത്തായ അറിവ് കിട്ടിയതെന്നു കൂടി കൂട്ടിച്ചേര്‍ക്കാമായിരുന്നു.

ചതുര്‍മാനം ഇങ്ങനെ തുടരുന്നു..........
സി.ഡി.എസ്സിന്റെ പ്രോജക്ട് ഏറ്റെടുത്തു നടത്താന്‍ യോഗ്യതയുള്ളവര്‍ ഒരു പരസ്യം കണ്ടു ഓടിക്കയറി വരുന്നവരല്ല എന്നു എനിക്കുറപ്പിച്ചു പറയാന്‍ പറ്റും.

ആര്‍ക്കും എന്തും ഉറപ്പിച്ചു പറയാമല്ലോ. തെളിവൊന്നും ചോദിക്കരുതെന്നേയുളളൂ

അവരൊക്കെ പ്രൊജക്ട് പ്രൊപോസലിന്റെ ആദ്യ ഡ്രാഫ്റ്റ് മുതല്‍ സഹകരിക്കുന്നവരായിരിക്കും. അതായതു സി.ഡി. എസ്സ് സമര്‍പ്പീച്ച പ്രൊപൊസലില്‍ ഐ. ആ‍ര്‍. ട്. സി ഉള്‍പ്പെട്ടിട്ടുണ്ടാകണം. അല്ലാതെ ഡച്ചു ഗവണ്മെന്റ്റൂ കുറെ പൈസ സി.ഡി. എസ്സിനെ ഏല്ല്‍പ്പിക്കുന്നു. അവര്‍ അതു അക്കരെ അക്കരെ സിനിമയില്‍ മോഹന്‍ലാ‍ല്‍ വിളിച്ചു കൂവുന്നതു പോലെ “സാധനം കൈയ്യിലുണ്ടൊ, യൂറോ തരാം..’ എന്ന നിലയിലായിരിക്കാന്‍ വഴിയില്ല.

താങ്കളുടെ നിഗമനങ്ങള്‍ താങ്കളെ രക്ഷിക്കട്ടെ!

ഐ. ആ‍ര്‍. ടി. സി ആ പ്രൊപ്പോസലില്‍ ഉള്‍പ്പെട്ടിട്ടുള്ളതു കൊണ്ടാകണം കോടതിയില്‍ ഉത്തരം പറയാന്‍ പേടിച്ചതു.

ചുമ്മാ തമാശ പറയല്ലേ, ആര് ആരെ പേടിച്ചെന്നാ ഈ പറഞ്ഞു വരുന്നത്?

പ്രൊപൊസലില്‍ ഐ. ആ‍ര്‍. ടി. സിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ FRCA യുടെ രജിസ്ട്രേഷന്‍ ഇല്ലാതെ പണം വാങ്ങിയതു ഗുരുതരമായ കുറ്റം തന്നെയാണു.

ഹൊ ഭയങ്കരം! പ്രൊപോസലില്‍ ഐആര്‍ടിസി ഉള്‍പ്പെട്ടിണ്ടാകുമെന്നൊക്കെ ഉറപ്പിച്ചു പറയുമ്പോള്‍ ഒരു സംശയം. ഇനി മരിച്ചു പോയ ഐ എസ് ഗുലാത്തിയെങ്ങാനുമാണോ ഈ ചതുര്‍മാനന്‍. ഇത്ര കൃത്യവും ആധികാരികവുമായി വിധി പറയുമ്പോള്‍ ചുരുങ്ങിയ പക്ഷം അത്രയെങ്കിലുമാകണം.

മാരീചന്‍ എഴുതിവചിരിക്കുന്നതിലെ വ്യക്തതയില്ലായ്മ കാണുമ്പോള്‍ വെറുതെ എഴുതാന്‍ വേണ്ടി എഴുതിക്കൂട്ടിയിരിക്കുകയാണോ എന്നു ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.

സംശയം ഒരുപാട് ബലപ്പിക്കല്ലേ, പൊട്ടിപ്പോകും