Monday, October 29, 2007

വിശ്വാസവും വികസനവും കാണപ്പുറവും

സേതു സമുദ്രം പദ്ധതിയേപ്പറ്റി മാന്യ ബ്ലോഗര്‍ നകുലന്റെ മൂന്നാമത്തെ പോസ്റ്റും കണ്ടപ്പോള്‍ അതില്‍ പ്രധാനമായി പരാമര്‍ശിക്കപ്പെട്ട ഒരു വിഷയത്തേക്കുറിച്ച്‌ അഭിപ്രായം പറയേണ്ടതാണ്‌ എന്ന് തോന്നിയതിനാലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. ശരിക്കും ഇത്‌ നകുലന്റെ ബ്ലോഗില്‍ എഴുതേണ്ടതാണ്‌ പക്ഷെ അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഒരു കമന്റ്‌ അവിടെ എഴുതാന്‍ പാടില്ല എന്ന് ഒരു സന്ദേശം ലഭിച്ചതിനാലാണ്‌ എന്റെ ബ്ലൊഗില്‍ ഇത്‌ എഴുതുന്നത്‌

നകുലന്‍ പ്രധാനമായി ഉയര്‍ത്തിക്കൊണ്ട്‌ വന്ന വാദം ഏത്‌ വികസനം നടക്കുമ്പോഴും ഒരുപാട്‌ കാര്യങ്ങള്‍ പരിഗണിക്കണം. അതില്‍ പ്രധാനപ്പെട്ട ഒന്ന് അത്‌ ഏതെങ്കിലും മതവിഭാഗത്തിന്റെ വിശ്വാസപരമായ ഒന്നിനെ ഹനിക്കുന്നതാകരുത്‌ ( നകുലന്‍ ഹിന്ദു സമൂഹത്തിന്റെ കാര്യം പറയുന്നു.) . നകുലന്റെ അഭിപ്രായത്തില്‍ ഇവിടുത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുവിന്റെ വികാരം വൃണപ്പെടുത്തി ഒരു വികസനം വരുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നു. അതിന്‌ ഉദാഹരണമായി അദ്ദേഹം പറഞ്ഞത്‌ ചുവടെ ചേര്‍ക്കുന്നു

ഇക്കണക്കിനാണെങ്കില്‍, ഇവിടെ, ഈ ഭാരതത്തില്‍ ഹിന്ദുക്കളായി ജീവിച്ചു മരിക്കണമെന്ന്‌ ആഗ്രഹമുള്ളവര്‍ നാളെ എന്തിനൊക്കെ തെളിവു ഹാജരാക്കേണ്ടി വരും? അവര്‍ ഏതൊക്കെ കോടതികള്‍ക്കു മുന്നില്‍ ഇരക്കേണ്ടി വരില്ലെന്ന്‌ ആരു കണ്ടു? ഏതൊക്കെ വിശ്വാസങ്ങള്‍ക്ക്‌ ശാസ്ത്രീയ അടിത്തറ സമര്‍ത്ഥിച്ചു കൊടുക്കേണ്ടി വരും? ഏതൊക്കെ ആചാരങ്ങള്‍ അല്ലാതെ തന്നെ അനുവദിക്കപ്പെടും?നേരിട്ടൊരു താരതമ്യം സാദ്ധ്യമല്ല. എന്നാലും ഈ മട്ടും ഭാവവുമൊക്കെക്കണ്ട്‌ പേടിയോടെ ഓര്‍ത്തു പോകുകയാണ്‌. പാപനാശിനിയിലോ പുനര്‍ജ്ജനിയിലോ ആലുവാ മണപ്പുറത്തോ ഒക്കെ ’ഞങ്ങള്‍ വലിയ തടയണകള്‍ നിര്‍മ്മിച്ച്‌ വികസനമെത്തിക്കാന്‍ പോവുകയാണെ‘ന്നും പറഞ്ഞ്‌ ഏതെങ്കിലും സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം ഞാന്‍ എവിടെ എന്റെ പിതൃക്കള്‍ക്കു ബലിയിടും എന്നു പലരും ആശങ്കപ്പെട്ടു പോകും. അതേപ്പറ്റി ചോദിക്കാമെന്നു വച്ചാല്‍, “മരണാനന്തരജീവിതത്തിന്റെ യുക്തി തെളിയിക്കാതെ ഇത്തരം പരിപാടികളൊന്നും ഇനിയിവിടെ നടപ്പില്ല“ എന്നാണു കിട്ടുന്ന മറുപടിയെങ്കിലോ?

അപ്പോള്‍ ഇവിടെ പ്രധാനമായത്‌ ഒരുവന്‌ അവന്റെ വിശ്വാസം സംരക്ഷിച്ചുകൊണ്ട്‌ ജീവിച്ച്‌ മരിച്ച്‌ മരണാനന്തരക്രിയകള്‍ ചെയ്യാനുള്ള അവസരം ലഭിക്കുന്നതാണ്‌ പരമപ്രധാനം എന്ന് കാണാന്‍ കഴിയും. ഈ വികാരവും വികസനകാര്യങ്ങളില്‍ പരിഗണിക്കുമ്പോള്‍ നാം പരിഗണിക്കേണ്ടതായിട്ടുണ്ട്‌. അതോടൊപ്പം പരിസ്ഥിതിയും മറ്റും കാര്യങ്ങളും പരിഗണിക്കപ്പെടണ്ടതാണ്‌ എന്നും നകുലന്‍ പറയുന്നുണ്ടെങ്കിലും വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടുന്നതിലാണ്‌ അദ്ദേഹത്തിന്റെ ആശങ്ക.

അദ്ദേഹത്തിന്റെ അടുത്ത പരാതി സംഘപരിവാര്‍ ഈ വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അത്‌ വര്‍ഗ്ഗീയമായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ്‌. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടം ഏടുത്താല്‍

[ജോജു]ഒരിയ്ക്കലും ഒരു പരിസ്ഥിതി പ്രശ്നമെന്ന പേരില്‍ ഈ വിഷയം സംഘകുടുംബത്തിലെ ഒരംഗവും അവതരിപ്പിച്ചും കണ്ടില്ല.

[നകുലന്‍] :പരിസ്ഥിതി പ്രശ്നം "മാത്രം" എന്ന നിലയില്‍ എന്നാണു ജോജു ഉദ്ദേശിച്ചതെങ്കില്‍ ഞാനും സമ്മതിക്കാം.
A (മതം-സാംസ്കാരികം-കെട്ടുപിണഞ്ഞ ഹിന്ദുത്വം)
B (രാഷ്ട്രീയം)
C (പരിസ്ഥിതി)
ഇതില്‍ A+B മാത്രമാണ് സംഘപരിവാറുമായി ജോജു ലിങ്കു ചെയ്യുന്നത്‌. C അവര്‍ ഒരിക്കലും അവതരിപ്പിച്ചിട്ടില്ലെന്ന മട്ട്

ഇനി എന്റെ അഭിപ്രായത്തിലേക്ക്‌ വരാം. വികസനവും വിശ്വാസവും എത്രത്തോളം ഒരുമിച്ച്‌ കൊണ്ടുപോകാം എന്ന കണ്ടറിയേണ്ട ഒരു സംഭവമാണ്‌. അത്‌ സംഘപരിവാറിന്‌ അധികാരം കിട്ടിയാല്‍പ്പോലും ചെയ്യാന്‍ കഴിയത്ത ഒന്നാണ്‌. ഒരു ഉദാഹരണത്തിലൂടെ ഞാന്‍ അത്‌ വ്യക്തമാക്കാം. നര്‍മ്മദ നദിയില്‍ അണകെട്ടി ആ വെള്ളം ഗുജറാത്തിലെ കുടിവെള്ള പദ്ധതിക്കും കൃഷിക്കും ഉപയോഗമാക്കാന്‍ ഉള്ള സര്‍ദ്ദാര്‍ സരോവര്‍ പ്രോജക്ട്‌ നടപ്പിലാക്കുന്നതിനെ വികാരപരമായ ഒന്നായി ഗുജറത്ത്‌ ജനത കാണുന്നു. അവരുടെ പോയന്റില്‍ അത്‌ ആ സംസ്ഥാനത്തിന്റെ വന്‍ കുതിപ്പിന്‌ അത്യന്താപേക്ഷിതമായ ഒന്നാണ്‌. എന്നാല്‍ നര്‍മ്മദ ഡാം മുക്കിക്കളയുന്ന പരിസ്ഥിതിയും വീടും ജീവനോപാധിയും നഷ്ടപ്പെടുകയും ചെയ്യുന്ന 30000 ഓളം വരുന്ന കുടുംബങ്ങളുടെയും കാഴ്ചപ്പാടില്‍ അവര്‍ വികസനത്തിന്‌ വേണ്ടി ബലിയാടുകളാകുന്നത്‌ പോലെയുള്ള സംഭവമാണ്‌. ഇനി അവര്‍ക്ക്‌ പുനരധിവാസ പാകേജുകള്‍ ലഭ്യമല്ലെ എന്ന ചോദ്യം ഉയരാം. എന്നാല്‍ നകുലന്‍ പറഞ്ഞ രീതിയിലുള്ള അളവുകോലുകള്‍ വച്ച്‌ നോക്കുമ്പോള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ്‌ ഈ ഡാം. കാരണം ആ അണക്കെട്ട്‌ മൂലം എത്ര ആള്‍ക്കാരുടെ വിശ്വാസങ്ങളുടെ മൂലക്കല്ലുകള്‍ മുങ്ങിപ്പോയേക്കാം. ആലൂവാപ്പുഴയില്‍ ഒരു തടയണകെട്ടിയാല്‍ ബലിമണ്ഡപങ്ങള്‍ മുങ്ങിപ്പോകുന്നതിനെപ്പറ്റി ആശങ്കപ്പെടുന്നവര്‍ക്ക്‌ നര്‍മ്മദ ഡാം മൂലം മുങ്ങുന്ന വിശ്വാസ ബിബങ്ങളെപ്പറ്റി മിണ്ടാട്ടമില്ലാതെ പോകുന്നു. നര്‍മ്മദാ അണക്കെട്ടിനെതിരെ മേധാ പടകര്‍ നയിച്ച സമരങ്ങളെല്ലാം വസ്തുതകള്‍ നിരത്തിയായിരുന്നു. എന്നാല്‍ അതെല്ലാം നിയമങ്ങളുടെ മുന്നില്‍ ഒന്നൊന്നായി തകര്‍ന്നു വീണു. എന്നാല്‍ അവര്‍ രാമസേതു സമരമുറയാണ്‌ സ്വീകരിച്ചിരുന്നെങ്കിലോ കാര്യങ്ങള്‍ വേറോരു തലത്തില്‍ എത്തിയേനേ. മേധ ആദ്യം ചെയ്യേന്റിയിരുന്നത്‌ നര്‍മ്മദ നദിയും വിശ്വാസങ്ങളും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുക. പിന്നീട്‌ എത്ര ക്ഷേത്രങ്ങള്‍ ഈ അണക്കെട്ട്‌ മൂലം മുങ്ങുന്നു എന്ന് പഠിക്കുക. ഇവ പ്രഥമ വിഷയമായി അവതരിപ്പിക്കുക സര്‍ക്കാര്‍ മതവികാരങ്ങള്‍ പരിഗണിക്കുന്നില്ല എന്നും വിശ്വാസങ്ങള്‍ മാത്രമല്ല ഒപ്പം പരിസ്ഥിതിയും മറ്റും പ്രധാന്യമുള്ളതാണ്‌ എന്നും പറഞ്ഞിരുന്നു എങ്കില്‍ നര്‍മ്മദ ഡാം നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞേനേ എന്ന് എനിക്ക്‌ തോന്നുന്നു.

എന്നാല്‍ സംഘപരിവാര്‍ ഒരിക്കലും ഈ അണക്കെട്ട്‌ ഉണ്ടാകുന്നതിനെതിരെ ഒന്നും മിണ്ടിയിട്ടില്ല എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. അവിടെ മുങ്ങിപ്പോകുന്ന ക്ഷേത്രങ്ങളെപ്പറ്റി വ്യാകുലപ്പെട്ടിട്ടില്ല. കാരണം ഗുജറത്ത്‌ ഭരിക്കുന്നത്‌ സംഘപരിവാര്‍ക്ക്‌ വേണ്ടപ്പെട്ടവര്‍. പ്രിയ നകുലാ ഇതൊക്കെ കൊണ്ടാണ്‌ A+B യേപ്പറ്റി മാത്രം പറയുകയും C ഇതില്‍ വിഷയമല്ല എന്ന് പറയുന്നതും

അനു:ബന്ധ പോസ്റ്റുകള്‍
സോണിയാഗാന്ധിക്കുള്ള മറുപടി.


23 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

സേതു സമുദ്രം പദ്ധതിയേപ്പറ്റി മാന്യ ബ്ലോഗര്‍ നകുലന്റെ മൂന്നാമത്തെ പോസ്റ്റും കണ്ടപ്പോള്‍ അതില്‍ പ്രധാനമായി പരാമര്‍ശിക്കപ്പെട്ട ഒരു വിഷയത്തേക്കുറിച്ച്‌ അഭിപ്രായം പറയേണ്ടതാണ്‌ എന്ന് തോന്നിയതിനാലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. ശരിക്കും ഇത്‌ നകുലന്റെ ബ്ലോഗില്‍ എഴുതേണ്ടതാണ്‌ പക്ഷെ അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഒരു കമന്റ്‌ അവിടെ എഴുതാന്‍ പാടില്ല എന്ന് ഒരു സന്ദേശം ലഭിച്ചതിനാലാണ്‌ എന്റെ ബ്ലൊഗില്‍ ഇത്‌ എഴുതുന്നത്‌

Snigdha Rebecca Jacob said...

It was during the NDA regime that the Sethusamudram project was approved. If NDA was in power, the present situation may not have arisen.

കിനാവ് said...

നര്‍മ്മദയിലൊക്കെ എന്തോന്ന് പരിസ്ഥിതി. സേതു സമുദ്രത്തോളം വരുമോ?

കാണാപ്പുറം said...

Snigdha - I totally agree with you. Things would not have taken this (bad) shape, had it been NDA in power. Better studies - Better consideration of national interests - No ridicule about Rama - No hurries - Detailed study about all suggested alignments and many more.

By the way, if you were trying to say that NDA is playing a mere political game, hiding the fact that it was their government which initiated this project, it means that you have not read this part and this part, in my blog.

കിരണ്‍,
ഈ പോസ്റ്റ്‌ നന്നായി.
മുന്‍‌വിധികളോടെ കടിച്ചു കീറാന്‍ വരുന്നതിനു പകരം ആരോഗ്യകരമായ സംവാദങ്ങള്‍ക്കു വേദിയൊരുക്കാന്‍ തയ്യാറുള്ളവര്‍ക്ക്‌ വംശനാശം സംഭവിച്ചിട്ടില്ല എന്നത്‌ ശുഭകരം തന്നെ.

പ്രതിഷേധങ്ങള്‍ക്ക്‌ ഇന്നത്തെ രൂപം കൈവന്നതിന്റെ പ്രധാന കാരണങ്ങളില്‍ ചിലതും, ഞാന്‍ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ച ചിലതും പൂര്‍ണ്ണമായി താങ്കളിലേക്കെത്തിയിട്ടില്ല എന്നതു വ്യക്തമാണ്. "‘മരണാനന്തര ജീവിതത്തിന്റെ യുക്തി തെളിയിക്കാതെ ഇനിയിതൊന്നും ഇവിടെ നടപ്പില്ല’ എന്നാണു മറുപടിയെങ്കിലോ" എന്നൊരു ഒറ്റച്ചോദ്യത്തിലൂടെ വ്യക്തമാക്കാ‍നാവുന്ന വികാരമല്ലെന്നതു നേരു തന്നെ. നര്‍മ്മദയുടെ കാര്യത്തിലും, എതിര്‍പ്പുകളുണ്ടാകുമ്പോള്‍ പദ്ധതിയെ ന്യായീകരിക്കുവാനായി ‘ആദിവാസി സംസ്ക്രുതികളെ തിരസ്ക്കരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടുമുള്ള ഒരു നയം മാത്രം സ്വീകരിച്ചതായി കേട്ടിട്ടില്ല’ എന്നോ മറ്റോ എഴുതിയിരുന്നതും ശ്രദ്ധിച്ചതായിത്തോന്നുന്നില്ല.

അതു പോകട്ടെ. വികസനാവശ്യങ്ങളും വിശ്വാസങ്ങളുമൊക്കെ എതിര്‍ചേരിയിലാകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിനേപ്പറ്റി എനിക്കു ചില ചിന്തകളൊക്കെയുണ്ട്‌. സമയം കിട്ടുമ്പോള്‍ കുറിച്ചിടാം.
സ്നേഹപൂര്‍വ്വം.

Radheyan said...

ഭാരതീയ വിശ്വാസങ്ങള്‍ പ്രകൃതിയുമായി കെട്ടു പിണഞ്ഞു കിടക്കുന്നു.അത് വിശ്വാസങ്ങളില്‍ നിന്നു സര്‍പ്പങ്ങളെയും വാനരന്മാരെയും ഒഴിവാക്കുന്നില്ല.ഒരു പക്ഷെ കാവുകളെ ആരാധനാകേന്ദ്രങ്ങളാക്കുന്ന ഒരേ ഒരു വിശ്വാസം പോലും ഭാരതീയവിശ്വാസമാണ്.അതില്‍ എത്ര ഇടങ്ങളിലാണ് മാനും കടുവയും മനുഷ്യനും മൈത്രിയില്‍ വസിക്കുന്ന തപോസ്ഥാനങ്ങളെ കുറിച്ച് പറയുന്നത്.

പക്ഷെ ആ പറയുന്ന ഭാരതീയതയും സംഘത്തിന്റെ രണോത്സുക ഹിന്ദുത്വവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല.അല്ലെങ്കില്‍ ഏറ്റവും അധികം ക്ഷേത്രവിശ്വാസികളുള്ള കേരളം സംഘത്തിന്റെ ഗുജറാത്തിനേക്കാള്‍ വലിയ ശക്തികേന്ദ്രമായേനേ.അത് സംഭവിക്കാത്തത് ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും സനാതനമതം മുന്നോട്ട് വെയ്ക്കുന്ന ധര്‍മ്മത്തിലധിഷ്ഠിതമായ ആത്മീയതയെ തിരിച്ചറിയുന്നു എന്നതു കൊണ്ടു തന്നെ.

സനാതന ഹിന്ദുവിന്റെ രക്തത്തില്‍ സഹജീവികളോട് സമഭാവന അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.അത് ഗോപൂജ എന്ന അശ്ലീലത്തില്‍ ഒതുങ്ങുന്നതല്ല.മറിച്ച് വിശാലമായ പരിസ്ഥിതിബോധവുമായി ചേര്‍ന്നു നില്‍ക്കുന്നു.

നര്‍മ്മദയില്‍ കുടിയിറക്കപ്പെട്ടത് ആദിവാസികളും കൃഷിക്കാരുമായ ശബ്ദമില്ലാത്ത പര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാധാരണക്കാരാണ്.പദ്ധതിയുടെ ഗുണഭോക്താക്കള്‍ മാര്‍വാഡികളും സിന്ധികളുമുള്‍പ്പടെ ശബ്ദമുള്ള നാഗരികരും.അപ്പോള്‍ സംഘം എവിടെ നില്‍ക്കും?

ആഡംസ് ബ്രിഡ്ജ് എന്ന രാമസേതു ഒരു കവചമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ലാര്‍സന്‍ ആന്‍ഡ് റ്റൂബ്രോ ആണോ ഗാമന്‍ ഇന്ത്യയാണോ അതോ ശ്രീരാമന്‍ ആണോ പണിതത് എന്നതാണ് തര്‍ക്കം.(ഈ തര്‍ക്കമോ സംശയമോ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അത് പ്രഖ്യാപിച്ച അന്നത്തെ പ്രധാന്‍ മന്ത്രീ മാന്യശ്രീ വാജ്പേയിക്കോ സംഘത്തിനോ ഉണ്ടായില്ല എന്നത് വേറെ കാര്യം)ഇത് പ്രകൃതിയുടെ സൃഷ്ടി ആണെന്ന് അധികം പേര്‍ക്ക് സംശയമുണ്ടെന്ന് തോന്നുന്നില്ല.അങ്ങനെ വരുമ്പോള്‍ സനാതന ധര്‍മ്മ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രപഞ്ചത്തിലെ മറ്റേത് സൃഷ്ടിയും പോലെ ഇതും പരമാത്മാവിന്റെ തന്നെയാണ്.നാച്ചുറല്‍ എന്ന പദത്തോട് സംഘത്തിന് എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല എന്നാണ് പറഞ്ഞു വരുന്നത്.
ഏത് പരിപാടിയും മുടക്കാന്‍ അവിടെ ഒരു കല്ലു കൊണ്ട് വെച്ച് നാലു ദിവസം വിളക്കു കത്തിക്കുകയോ കുരിശടി പണിത് മെഴുകു തിരി കത്തിക്കുകയോ ചെയ്താല്‍ മതി എന്ന അവസ്ഥ ഒരു ദുരന്തം തന്നെയാണ്.ആത്മീയത എന്ന സ്വകാര്യം ഒരു റിലീഫും ആത്മീയത എന്ന പ്രകടനപരത ഒരു ആഭാസവുമാണ്.ചൈനയില്‍ പോയിട്ട് ഇന്നലെ തിരിച്ചെത്തിയ സനാതന ബ്രാഹ്മണനും ക്ഷേത്ര വിശ്വാസിയുമായ എന്റെ മേലധികാരി പറഞ്ഞു-അവര്‍ നമ്മെക്കാള്‍ 20 വര്‍ഷമെങ്കിലും മുന്നിലാണ്.പുള്ളി പറഞ്ഞ കാരണം കേട്ട ഞാന്‍ ചിരിച്ചു പോയി-അവിടെ വിശ്വാസികള്‍ തീരെ കുറവാണെന്നും ആ സമയം കൂടി ഭൌതികമായ ഉന്നതിക്ക് അവര്‍ പരിശ്രമിക്കുകയും ചെയ്യുകയാണ്.

പക്ഷെ പ്രകൃതിയുടെ പരിരക്ഷ പൊളിക്കുമ്പോള്‍ അത് ലോകത്ത് എവിടെ ആയാലും നാം ഒരു അധര്‍മ്മമാണ് ചെയ്യുന്നത്.(ദുബായില്‍ കടലില്‍ മണ്ണിട്ട് പണിയുന്ന പാം ദ്വീപുകളെ കുറിച്ചും എനിക്ക് ആശങ്കകളുണ്ട്).പ്രകൃതിയോളം പെരുത്ത ഒരു പെരുന്തച്ചനെ പ്രകൃതി ഇതുവരെ സൃഷ്ടിച്ചിട്ടില്ല.ഈ പ്രകൃതി ഒരു തുടര്‍ച്ചയാണ്.പത്തെഴുപത് കൊല്ലം താമസിക്കുന്ന ഓരോ ജീവിയും ഒരു വാടകക്കാരന്‍ മാത്രമാണ്.വാടകക്കാരന് വാടക വീട്ടില്‍ മാറ്റങ്ങള്‍ വരുത്താന്‍ എത്രത്തോളം അധികാരമുണ്ട് അത്രമാത്രമേ നാമോരോരുത്തര്‍ക്കും പ്രകൃതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അധികാരമുള്ളൂ.കാരണം ഈ ലഗസി കാര്യമായ പോറലില്ലാതെ അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

നകുലാ ആദിവാസ സംസകൃതികളേ സംഘം തിരസ്കരിച്ചു എന്ന് ഞാന്‍ പറഞ്ഞില്ല മറിച്ച്‌ നര്‍മ്മദ ബജാവോ ആന്തോളങ്കാര്‍ രാമസേതു ശെയിലിയില്‍ സമരം ചെയ്തിരുന്നു എങ്കില്‍ എന്ന ആശയമാണ്‌ മുന്നോട്ട്‌ വച്ചത്‌. എന്നാല്‍ മതവും (A) രാഷ്ട്രീയവും (B) പരിസ്ഥിതിയും (C) ഒരേപോലെ കാണുന്ന സംഘപരിവാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച്‌ നിലപാട്‌ രാമസേതു സമരത്തില്‍ നിന്നും തികച്ചും വിഭിന്നവുമാണ്‌. അവിടെയാണ്‌ രാധേയന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്‌ പ്രസക്തിയുണ്ടാകുന്നത്‌. ഇവിടെ നകുലന്‍ പറയുന്ന സംഘത്തില്‍ നിന്നും തികച്ചും വ്യത്യസഥമായ ഒന്നിനെയാണ്‌ നിഷ്പക്ഷമതികള്‍ക്ക്‌ കണ്ടെത്താന്‍ കഴിയുക. അപ്പോള്‍ സംഘത്തിന്‌ A+C ബാധകമല്ല എന്നും മറിച്ച്‌ B മാത്രമേ ഉള്ളൂ എന്നും ഇത്തരം ഇരട്ടത്താപ്പുകളില്‍ നിന്ന് മനസ്സിലാകുന്നു. അതുകൊണ്ട്‌ തന്നെ സംഘസമരങ്ങളെ മറ്റ്‌ സംഘടനകളുടെ സമരങ്ങളെപ്പോലെ വെറും വോട്ട്‌ ബാങ്ക്‌ സമരങ്ങളായി കാണുന്നവരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും

കാണാപ്പുറം said...

>>[കിരണ്‍]ആദിവാസ സംസകൃതികളേ സംഘം തിരസ്കരിച്ചു എന്ന് ഞാന്‍ പറഞ്ഞില്ല

[നകുലന്‍]കിരണ്‍ അങ്ങനെ പറഞ്ഞെന്നു ഞാനും പറഞ്ഞില്ല. രാമനെ അസഭ്യം പറയുകയും പല വികാരങ്ങളേയും അടച്ചാക്ഷേപിക്കുകയും ചെയ്തതു പോലുള്ള എതിര്‍പ്പ്‌ പ്രകടിപ്പിച്ചല്ല അവിടെ പദ്ധതി അനുകൂലിക്കപ്പെട്ടത്‌ എന്നതോര്‍മ്മിപ്പിക്കുകയായിരുന്നു. (അമീര്‍ഖാന്റെ പരാമര്‍ശവും മറ്റും വന്‍‌പ്രതിഷേധമുണ്ടാക്കിയത്‌ അത്തരമൊരു ഗണത്തില്‍ പെടില്ല) ഗുജറാത്തില്‍ ബി.ജെ.പി. മാത്രമല്ല - കോണ്‍ഗ്രസടക്കം സകല രാഷ്ട്രീയകേന്ദ്രങ്ങളില്‍ നിന്നും പദ്ധതിക്കനുകൂലമായി ശക്തമായ നീക്കങ്ങളുണ്ടായിരുന്നു. അവിടെ മുങ്ങിപ്പോകുന്ന അമ്പലങ്ങളുടെ പേരില്‍ പ്രതിഷേധമുണ്ടായാല്‍ എന്താകുമായിരുന്നു എന്നത്‌ ആലോചിക്കാവുന്നതു തന്നെയാണ്.

പക്ഷേ, ഇത്തരം ചിന്തകളെല്ലാം കിരണിനുണ്ടാകുന്നത്‌ - സംഘം ‘മതപരമായ - ദൈവീകമായ’ കാര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം കൊടുക്കുന്നു എന്നൊരു ഘടകത്തില്‍ നിന്നാണ്. എന്നാല്‍, സംഘത്തിന്റെ ദൈവമേത്‌ എന്നെന്നോടു ചോദിച്ചാല്‍ അവര്‍ ഭാരതമാതാവിനെ പൂജിക്കുന്നവരാണ് എന്നു ഞാന്‍ പറയും. രാഷ്ട്രത്തെ പ്രൌഢവും സമ്പന്നവും ശക്തിശാലിയുമാക്കുക എന്നതാണവരുടെ പ്രാഥമിക ലക്‌ഷ്യമെന്ന്‌ കിരണിനറിയാമോ എന്നറിയില്ല. "രാഷ്ട്രത്തിന്റെ പരമവൈഭവം" എന്നതാണവരുടെ സ്വപ്നവും ലക്‌‌ഷ്യവും മുദ്രാവചനവും.(നാടിന്റെ വികസനത്തിലൂടെ ആ ലക്‌‌ഷ്യം എങ്ങനെ സാക്ഷാത്കരിക്കുന്നു എന്നൊക്കെ നരേന്ദ്രമോഡി ഒരിക്കല്‍ കേരളത്തില്‍ വന്നു പ്രസംഗിച്ചപ്പോള്‍ പ്രതിപാദിച്ചതുമാണ്)

പിന്നെ, രാമസേതുവിന് മതപരമായ പ്രാധാന്യത്തിനപ്പുറമുള്ള അനവധി വൈകാരികതലങ്ങളുണ്ട്‌. അതുകൂടാതെ ദേശീയജീവിതത്തിന്റെ പ്രതീകങ്ങളിലൊന്ന്‌ എന്ന പ്രാധാന്യം വേറെയും. ‘ആസേതുഹിമാചലം‘ എന്ന പ്രയോഗമൊക്കെ വെറുമൊരു സൂചന മാത്രമേ തരുന്നുള്ളൂ. സേതു പലതുമാണ് കിരണ്‍. പലതും. വിസ്താരഭയത്താല്‍ നിര്‍ത്തുന്നു.

ഞാന്‍ ഉദാഹരണത്തിനായി പറഞ്ഞതും, കിരണ്‍ ഇവിടെ ഉദ്ധരിച്ചതുമായ A, B, C വിഷയങ്ങളില്‍ മാത്രം നമുക്ക്‌ ഒതുക്കാവുന്നതുമല്ല യഥാര്‍ത്ഥത്തില്‍ സേതു സംബന്ധിച്ച സംഘസമീപനത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍. സേതുസമുദ്രം പദ്ധതി നമ്മുടെ രാഷ്ട്രസുരക്ഷയെ എങ്ങനെ ബാധിക്കും എന്നതും, മറ്റു രാഷ്ട്രങ്ങള്‍ക്ക് ഇതിലുണ്ടായിരിക്കാവുന്ന താല്പര്യങ്ങള്‍ എന്തൊക്കെയാവാം എന്നതുമൊക്കെ സംഘപരിവാര്‍ സംഘടനകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള വിഷയങ്ങളാണ്. ഇതൊക്കെ അവര്‍ നന്നായി പഠിച്ച്‌ ചര്‍ച്ച ചെയ്യുന്നുമുണ്ട്‌. ഒരു പക്ഷേ നിങ്ങളതൊന്നും അറിയുന്നില്ലെന്നേയുള്ളൂ. ‘സ്വയംസേവകസംഘ‘ത്തിനു മുന്നിലുള്ള ‘രാഷ്ട്രീയ’ എന്നത്‌ തെരഞ്ഞെടുപ്പു രാഷ്ട്രീയമായി തെറ്റിദ്ധരിച്ചാല്‍, സംഘമെന്താണെന്നു മനസ്സിലാക്കുന്നതില്‍ ഒരടി പോലും മുന്നോട്ടു പോകാനാവില്ല. രാഷ്ട്രത്തെ സംബന്ധിക്കുന്ന പലതിലും സംഘത്തിന് അവരുടേതായ നിലപാടുകളുണ്ടാകും. എല്ലാത്തിനെയും പിന്തുടര്‍ന്നു മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ എനിക്കു സംഘബന്ധമില്ല താനും. സ്വന്തം താല്പര്യത്തിനനുസരിച്ച്‌ തേടിപ്പിടിച്ചു കണ്ടെത്തിയതാണ് സംഘസംബന്ധിയായ എന്റെ അറിവുകള്‍ മുഴുവനും.

>>[കിരണ്‍]സംഘസമരങ്ങളെ മറ്റ്‌ സംഘടനകളുടെ സമരങ്ങളെപ്പോലെ വെറും വോട്ട്‌ ബാങ്ക്‌ സമരങ്ങളായി കാണുന്നവരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും

[നകുലന്‍] ഞാന്‍ കുറ്റപ്പെടുത്തില്ല. സഹതപിക്കുകയേയുള്ളൂ. ‘സംഘവും തെരഞ്ഞെടുപ്പു രാഷ്ട്രീയവും’ എന്നത്‌ പലര്‍ക്കും തികഞ്ഞ അജ്ഞതയുള്ള ഒരു മേഖലയാണ്. പറയാനാണെങ്കില്‍ ഒരുപാടുണ്ട്‌.

ഞാന്‍ മുമ്പു പറഞ്ഞതു പോലെ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ദ്രുഷ്ടിയിലൂടെ മാത്രം സംഘത്തെ സമീപിക്കുന്നതു കൊണ്ടാണ് പലര്‍ക്കും മുന്‍‌വിധികളുണ്ടാകുന്നതെന്നും പലതും മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതെന്നും ഞാനാവര്‍ത്തിക്കുന്നു.

>>[രാധേയന്‍]പ്രകൃതിയുടെ പരിരക്ഷ പൊളിക്കുമ്പോള്‍ അത് ലോകത്ത് എവിടെ ആയാലും നാം ഒരു അധര്‍മ്മമാണ് ചെയ്യുന്നത്.

[നകുലന്‍] അപ്പോള്‍, ഇവിടെ ഞാന്‍ പറഞ്ഞതിനോടു രാധേയനും യോജിപ്പുണ്ടാവുമെന്നു കരുതുന്നു. ആ പോസ്റ്റു മുഴുവന്‍ വായിച്ചിരുന്നെങ്കില്‍, വാജ്‌പേയിയേക്കുറിച്ചുള്ള പരാമര്‍ശവും ഒഴിവാക്കാമായിരുന്നു.
സംഘത്തിന്റെ നിലപാടുകളേക്കുറിച്ചുള്ള മറ്റു ചില നിരീക്ഷണങ്ങള്‍ക്ക്‌ വിശദമായ മറുപടി വേണ്ടി വരുമെന്നതുകൊണ്ട്‌ ഒഴിവാക്കുന്നു.

________
വൈത്തോ:-
കിരണ്‍,
വ്യക്തിപരമായിപ്പറഞ്ഞാല്‍, നര്‍മ്മദയുടെ കാര്യത്തില്‍ മാത്രമല്ല - ഗുജറാത്തിന്റെ മൊത്തം വികസനകാര്യത്തില്‍ മോഡി ‘ഒരു പൊടിക്ക്‌ ഓവറാണെന്ന്‌‘ എനിക്കും തോന്നിയിട്ടുണ്ട്‌. ആരോടോ ഉള്ള വാശി തീര്‍ക്കുവാനെന്നപോലെയാണോ അദ്ദേഹം പ്രവര്‍ത്തിക്കുന്നത്‌ എന്നു സംശയിച്ചു പോയിട്ടുണ്ട്‌. വരണ്ടു കിടന്ന ചില പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനായുള്ള ഒരു പദ്ധതി പ്രകാരം, കോടിക്കണക്കിനു തുക ചെലവഴിച്ച്‌ അനേകം പമ്പുകള്‍ ഉപയോഗിച്ച്‌ വളരെ ഉയരത്തിലേക്ക്‌ ജലം പമ്പു ചെയ്തു കയറ്റുകയാണ്! അതിനൊക്കെ വേണ്ടി വന്ന തുക ഇത്ര - അതുകൊണ്ടുണ്ടായ കാര്‍ഷികാഭിവ്രുദ്ധി ഇത്ര - എന്നൊക്കെ ക്രുത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണങ്ങള്‍ ഒപ്പം കരുതുന്നതുകൊണ്ടാവണം അദ്ദേഹത്തിന് ‘ഓവറല്ലേ?’ എന്ന ചോദ്യങ്ങള്‍ നേരിടേണ്ടി വരാത്തത്‌. അന്യസംസ്ഥാനങ്ങളുമായി മത്സരത്തിനു പുറപ്പെടുന്ന മട്ടില്‍ അതിരുകടന്ന പ്രാദേശികവാദത്തിലേക്കു നയിക്കാത്തിടത്തോളം കാലം അതിങ്ങനെ ഓവറായിത്തുടരുന്നതില്‍ എനിക്കു പക്ഷേ പരാതിയില്ല. സംഘം-വികസനം-തുടങ്ങിയ വിഷയങ്ങളില്‍ ഗുജറാത്തു മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അദ്ദേഹത്തിനു പറയാനുള്ളതെന്ത്‌ എന്ന്‌ ഈ പ്രസംഗത്തിന്റെ അവസാനഭാഗത്തു കൊടുത്തിട്ടുണ്ട്‌. രാഷ്ട്രീയം കലര്‍ത്താതെ, ഗൌരവമായ വായനക്കു തയ്യാറെങ്കില്‍ ഒരു ക്ലിക്കിനു വകയുണ്ട്‌ എന്നു തന്നെയാണെന്റെ അഭിപ്രായം.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ ,
നമ്മുടെ നാട്ടില്‍ വികസനത്തിന് വിശ്വാസങ്ങള്‍ വിലങ്ങ് തടിയാവുന്നത് ഇവിടെ മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് കൊണ്ടാണെന്ന് നമുക്കറിയാമല്ലോ . അറേബ്യന്‍ രാഷ്ട്രങ്ങളില്‍ ഒരു റോഡ് വികസിപ്പിക്കേണ്ടി വരുമ്പോള്‍ കുറുക്കേ ഒരു പള്ളി വന്നാല്‍ അവര്‍ ആ പള്ളി തോണ്ടിയെടുത്ത് മറ്റൊരു സ്ഥലത്ത് സ്ഥാപിക്കും . ഇവിടെയാണെങ്കില്‍ റോഡ് പള്ളിക്ക് വഴിമാറും .

സേതു സമുദ്രം പ്രൊജക്റ്റ് അത്ര ലാഭകരമല്ല എന്ന് വിശ്വാസവും രാഷ്ട്രീയവുമായി ബന്ധമില്ലാത്ത പലരും പറഞ്ഞിട്ടുണ്ട് . ഒരു ഉദാഹരണം ഇതാ

ഈയ്യിടെയായി വര്‍ഗ്ഗീയമായ ചിന്താഗതികള്‍ വളരെ ശക്തമായി ബ്ലോഗില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട് എന്നൊരാക്ഷേപം നിവിലുണ്ടെന്ന് തോന്നുന്നു . ഒരു ഭൂരിപക്ഷ വിഭാഗം എന്ന നിലയില്‍ ഹിന്ദുക്കളുടെ മനസ്സില്‍ വര്‍ഗ്ഗീയവിദ്വേഷം വ്യാപിച്ചാല്‍ അത് ഇന്ത്യയെ ഒരു ചുടലപ്പറമ്പാക്കും എന്ന ഭീതി കൊണ്ടാണ് ഇന്നും ഹിന്ദുക്കളിലെ മതേതരവാദികള്‍ വര്‍ഗ്ഗീയതയെ എതിര്‍ക്കുന്നത് . ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് ഇന്ത്യയില്‍ അത്ര വലിയ പോറല്‍ ഒന്നും ഏല്‍പ്പിക്കാന്‍ കഴിയില്ലല്ലോ . അക്കാരണത്താലാണ് ഭുരിപക്ഷ വര്‍ഗ്ഗീയതയെ സമാധാനകാം‌ക്ഷികള്‍ എന്നും എതിര്‍ക്കുന്നത് . ഇക്കണ്ട പ്രചരണകോലാഹലങ്ങള്‍ ഒക്കെ ഉണ്ടാക്കിയിട്ടും ഇന്നും ഭൂരിപക്ഷം ഹിന്ദുക്കളും ബി.ജെ.പി.യുടെ പിന്നില്‍ അണി നിരന്നില്ലല്ലോ .

സംഘപരിവാറിന്റെ കിത്താബില്‍ ഉദാത്തമായ ആദര്‍ശങ്ങള്‍ എഴുതിവെച്ചിട്ടുണ്ടാകാം . രാഷ്ട്രത്തിന്റെ പരമവൈഭവം എന്നൊക്കെ . അങ്ങിനെയിപ്പോള്‍ എത് കിത്താബിലാണ് മഹത്തായ ദര്‍ശനങ്ങള്‍ ഇല്ലാത്തത് . പക്ഷെ പ്രവര്‍ത്തിയില്‍ അസഹിഷ്ണുതയും മനുഷ്യരെ കശാപ്പ് ചെയ്യലും അല്ലേ കണ്ടുവരുന്നത് . കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകളെയും നരഹത്യകളെയും കിത്താബ് കാണിച്ച് മൂടിവയ്ക്കുന്നത് എന്നും എല്ലാ സംഘടനകളും പയറ്റുന്നതാണ് . ആറെസ്സെസ്സ് എന്നാല്‍ അക്രമകാരികളാണെന്ന് തോന്നാന്‍ കാരണം മതേതരവാദികളാണോ ? അവരുടെ പ്രവര്‍ത്തനങ്ങളല്ലേ . ഹിന്ദു വര്‍ഗ്ഗീയതയല്ല നമുക്കാവശ്യം ഹിന്ദു മതേതരത്വമാണ് . ഇവിടെ സഹസ്രാബ്ദങ്ങളായി നിലനിന്ന് വരുന്നതും അതാണ് . അധികാരപ്രാപ്തിക്ക് വേണ്ടി ആ സന്തുലനാവസ്ഥ തകിടം മറിക്കാനാണ് ബി.ജെ.പി.യും അനുബന്ധ സംഘടനകളും ശ്രമിച്ചു വരുന്നത് . അത് വിലപ്പോവുകയില്ല എന്ന് പ്രത്യാശിക്കാം . അഥവാ വിലപ്പോവുകയാണെങ്കില്‍ പാക്കിസ്ഥാന്റെ ഗതി തന്നെ നമ്മള്‍ക്കും ! അതിനിട വാരാതിരിക്കട്ടെ !!

കിരണ്‍ തോമസ് തോമ്പില്‍ said...

നകുലാ എനിക്ക് പറയാനുള്ളത് സുകുമാരേട്ടന്‍ പറഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്. സംഘം പല ഉല്‍ക്ര്‌ഷ്ടമായ ആശയങ്ങളും വച്ചു പുലര്‍ത്തുന്നുണ്ടകാം പക്ഷേ പ്രവര്‍ത്തിയില്‍ വരുപോള്‍ അത് മറ്റേതിനേപ്പോലെയേ വരുന്നുള്ളൂ എന്ന് പറയാതെ വയ്യ.

നകുലന്‍ ചിന്തിക്കുന്ന തലത്തില്‍ നിന്ന് എല്ലാവര്‍ക്കും സംഘത്തെക്കാണാന്‍ കഴിയില്ല. ഒരു കത്തോലിക്കന്‍ സഭയേക്കാണുന്ന രീതിയാണ് നകുലന്‍ സംഘത്തെക്കാണുന്നത്. കത്തോലിക്കാ സഭയില്‍ തെറ്റുകള്‍ ഉണ്ട് എന്ന് പലര്‍ക്കും അറിയാം എന്നാല്‍ തെറ്റിനെക്കാള്‍ ശരി വളരെ അധികം എന്ന് അവര്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ കൂടുതല്‍ ശരികള്‍ മാത്രം കാണാനോ തെറ്റുകള്‍ കാര്യമാക്കാതിരിക്കാനോ അവര്‍ ശ്രമിക്കുന്നു.നകുലന്റെ സംഘത്തോടുള്ള ചായ്‌വ് അത്തരത്തിലുള്ള ഒന്നാണ് എന്ന് എനിക്ക് പറയാതെ വയ്യ. സംഘം വെറും രാഷ്റ്റ്രീയ സംഘമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് യാതോരു സംശയത്തിനും ഇടയില്ലാതെ പറയാന്‍ കഴിയില്ലെ. കത്തോലിക്ക സഭക്കുള്ളതിനേക്കാള്‍ 100 മടങ്ങ് രാഷ്ട്രീയ ലക്ഷ്യങങള്‍ സംഘത്തിനുണ്ട്. ഈ പ്രസ്താവനകള്‍ ഒക്കെ നടത്താന്‍ തനിക്കെന്ത് സംഘത്തേക്കുറിച്ചറിയാം എന്ന് നകുലന്‍ ചോദിക്കുമായിരുക്കും പക്ഷെ നകുലാ ജമായത്ത് ഇസ്ലാമിയേ വിമര്‍ശിക്കുമ്പോള്‍ ആദ്യം ജമായത്ത് ഇസ്ലാമി എന്താണ് പഠിക്കൂ എന്ന് പറയുന്ന പോലെയേ എനിക്കത് തോന്നു. സംഘപരിവാറുകാണ് എന്ന് പറയുഞ്ഞ് നടക്കുന്ന ആളുകളുമായുള്ള എന്റെ പരിചയം, സംഘത്തിലെ ആള്‍ക്കാരുടെ പ്രസംഗങ്ങള്‍ അവരുടെ പ്രസ്താവനകള്‍ ഇവയൊക്കെയാണ് എന്നെ ഇത് പറയാന്‍ പ്രേരിപ്പിക്കുന്നത്. അല്ലാതെ ഉല്‍ക്രിഷ്ടമായ്തൊന്നും അല്ലെങ്കില്‍ നകുലന്‍ കൊട്ടിഘോഷിക്കുന്ന ഒന്നും സംഘത്തിന്റെ പ്രവര്‍ത്തകരില്‍ ഇല്ലാ എന്ന് ദു:ഖത്തോടെ പറയേണ്ടി വരും. പിന്നെ അതിരു വിട്ട രാജ്യസ്നേഹമൊക്കെ ഒരു നാസി സ്വഭാവമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. രാജ്യം വിഗ്രഹമാകുന്നതൊക്കെ ഉള്‍ക്കൊള്ളാന്‍ പ്രയാസവുമുണ്ട്. പക്ഷെ അങ്ങനെ വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ചോദ്യം ചെയ്യാനും ഞാന്‍ ആളല്ല. പക്ഷെ നിങ്ങളുടേത് മറ്റുള്ളവയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളും ജമായത്ത് ഇസ്ലാമിയും കത്തോലിക്കാ സഭയും മറ്റേത് മത് പ്രസ്താനവും തമ്മില്‍ എനിക്ക് വിവേചിച്ചറിയാന്‍ ഒന്നുമില്ല എന്നും അറിയിക്കുന്നു. എന്റെ അഭിപ്രായം ഏത് സംഘടനയുടെയും ( മതമായാലും രാഷ്ട്രീയമായാലും) ഔട്ട്പുട്ട് നന്മയാകാണം. അത് പ്രകടമാകുന്നത് അതിന്റെ പ്രവര്‍ത്തകരില്‍ഊടെയാകണം. കിത്താബുകളും ആശയങ്ങളും മഹത്തരവും വിശ്വാസികളും പ്രവര്‍ത്തകരും അങ്ങനെ അല്ലാത്തവരുമാകുന്ന ഒന്നിനെ കാപാട്യം എന്നേ ഞാന്‍ പറയൂ

ഭാരതത്തിലെ ഹൈന്ദവരെ ഞാന്‍ ബഹുമാനിക്കുന്നു അവരുടെ മത സഹിഷ്ണുതയേ ആദരിക്കുന്നു. പക്ഷെ സംഘത്തെ ഹൈന്ദവന്റെ വക്താവായി കരുതാന്‍ എനിക്കാവില്ല.

മത്തായി said...

സേതു സമുദ്രം പദ്ധതിയിലെ സാമ്പത്തിക/പാരിസ്ഥിതിക/വിശ്വാ‍സ പരമായ മുന്‍ഗണനകളെപറ്റിയുള്ള കമന്റുകളും അതിന് കാണാപ്പുറം നല്‍കിയ മറുപടിയും വായിച്ചാല്‍ ഈ വിവാദത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പിടികിട്ടും. അടുത്ത കൊറെ തിരഞ്ഞെടുപ്പുകള്‍ ആ പാലം വഴികടക്കാം. അല്ലെങ്കില്‍ വാജ്പേയ് തുടങ്ങിവച്ച പദ്ധതിക്ക് ഇങ്ങനെ ഒരു വഴിത്തിരിവ് ഉണ്ടാവില്ലായിരുന്നു. വിശ്വാസവും പുരാണങ്ങളും തന്നെയാണ് നമ്മുടെ ഗതി നിര്‍ണയിക്കെണ്ടതു എന്നു കാണാപ്പുറം അടിവരയിട്ടു പറഞ്ഞിട്ടുണ്ട്, സാമ്പത്തികം പരിസ്ഥിതി എന്നോക്കെപറയുന്നതു കടുത്ത വര്‍ഗ്ഗീയതയാണത്രെ.

സഘത്തിന്റെ കിതാബുകള്‍ ഉദാത്തമായ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു എന്നു പറയാനാവില്ല. ആശയത്തിലും പ്രയോഗത്തിലും ഒരുപോലെ അതു വിമര്‍ശിക്കപ്പെടുന്നുണ്ട്. ദേശീയത എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട കടുത്ത വംശീയതയും ആഗോള ഫാസിസവുമായുള്ള ഗാഡ്ഡ ബന്ധവുമെല്ലാം.
ഈ ‘ഉദാത്തമായ‘ ആയങ്ങളില്‍ ആകൃഷ്ടരായൊന്നുമല്ല കേരളത്തിലെ സാധാരണക്കാര്‍ സംഘപരിവാരത്തില്‍ ചേരുന്നത്, അടിക്കാനും തിരിച്ചടിക്കാനുമുള്ള ശേഷി നേടാനാണ്. ഒരു ഗുണ്ട സംഘത്തിന്റെ സഹായം മാത്രം വേണ്ടവനെ ആകര്‍‍ഷിക്കുന്നതു ഏതു തരം ഉത്കൃഷ്ടതയാണ്? പിന്നെയൊരു കൂട്ടര്‍ ഹൈന്ദവപീഡനം, ന്യൂപക്ഷപ്രീണനം തുടങ്ങിയ അതിഭീകരന്മാരെക്കൊണ്ട് പൊറുതിമുട്ടിയവരും. മതവും വര്‍ഗ്ഗീയതയും സിരകളിലോടുന്ന ഉത്തര ഭാരതത്തില്‍ സംഘവളര്‍ച്ച എങ്ങനെ ഇത്രയും താമസിച്ചു എന്നതാണത്ഭുതം. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ യുഗത്തില്‍ കൂട്ടം ചേര്‍ന്നു മസില്‍ പെരുപ്പിക്കുന്നവന്‍ പരിണാമത്തിന്റെ ഒരു ഘട്ടം പിന്നിലാണെന്നു നിസ്സംശയം പറയാം.

"രാഷ്ട്രത്തിന്റെ പരമവൈഭവം" മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റെടുത്തിട്ടുള്ള പ്രശ്നങ്ങള്‍, ഗ്രാമംമുതല്‍ രാജ്യം വരെയുള്ള തലങ്ങളില്‍, ഏതൊക്കെ എന്നു പരിശോധിക്കുന്നതു രസാവഹമായിരിക്കും. രാഷ്ട്രം എന്നാല്‍ കുറെ കുന്നും മലയും നദികളും മാത്രമാണോ? അതില്‍ വസിക്കുന്ന ഏറ്റവും ദുര്‍ബലനായ മനുഷ്യനും ഉള്‍പ്പെടുന്നതല്ലേ? അത്തരം ജീവികളോടു സംഘം കാണിച്ചിട്ടുള്ള വൈഭവങ്ങള്‍ ഒരുപാടു കണ്ടതല്ലെ നാം. അതൊന്നും സംഘമല്ല അതിന്റെ പ്രവര്‍ത്തകാരാണെന്ന പറഞ്ഞ കാണാപ്പുറത്തിന്റെ വരികള്‍ ചില്ലിട്ടു വയ്ക്കേണ്ടതാണ്.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പിന്നെ അതിരു വിട്ട രാജ്യസ്നേഹമൊക്കെ ഒരു നാസി സ്വഭാവമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. രാജ്യം വിഗ്രഹമാകുന്നതൊക്കെ ഉള്‍ക്കൊള്ളാന്‍ പ്രയാസവുമുണ്ട്

കിരണ്‍ വളരെ വളരെ ശരിയായി പറഞ്ഞു. എല്ലാ രാജ്യസ്നേഹികളും മനസ്സിലാക്കേണ്ട ഒരു പ്രസ്ഥാവനയാണിത് . സാര്‍വ്വദേശീയതയിലൂന്നാത ഏത് ദേശീയവാദവും നാസിസവും അപകടകരവുമാണ് . കാരണം പരസ്പരാശ്രിതത്വത്തില്‍ മാത്രമേ ഇന്ന് ഏത് രാജ്യത്തിനും നിലനില്‍ക്കാന്‍ കഴിയൂ . ഈ ഒറ്റക്കാരണം കൊണ്ട് തന്നെ സംഘപരിവാര്‍ ആശയങ്ങള്‍ എന്ത് വില കൊടുത്തും മതേതരവാദികള്‍ പരാജയപ്പെടുത്തേണ്ടതുണ്ട് . ഇന്ത്യയിലെ ഹൈന്ദേവതര സമുദായങ്ങളില്‍ പെട്ടവരും ഇവിടത്തെ ഹിന്ദുക്കളെ പോലെ തന്നെ ഇവിടത്തെ പൂര്‍വ്വീകരുടെ സന്തതി പരമ്പരകളും ഈ മണ്ണിന്റെ അവകാശികളുമാണ് . ഹൈന്ദവികത എന്നത് മുഴുവന്‍ ഇന്ത്യക്കാരുടെയും പൊതുസ്വത്താണ് . അതിന്റെ ഉടമസ്ഥാവകാശം നാസിതാല്‍പ്പര്യങ്ങള്‍ ഹിഡന്‍ അജണ്ടയായി സ്വീകരിച്ചിട്ടുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് അടിയറ വെക്കുകയില്ല തന്നെ .

കാണാപ്പുറം said...

സുകുമാരേട്ടനും മത്തായിയുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ക്ക്‌ പലയിടത്തായി മറുപടി പറഞ്ഞതാണ്. വീണ്ടുമെഴുതുവാന്‍ വയ്യ.

ബി.ജെ.പി. ഭരിച്ചാല്‍ പാകിസ്ഥാനാകും എന്നൊക്കെയുള്ള നിരിക്ഷണങ്ങള്‍ കടന്നകയ്യായിപ്പോയി എന്നേ പറയാനുള്ളൂ. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ വച്ച്‌ പാകിസ്ഥാനുമായി സൌഹൃദം സ്ഥാപിക്കാനുള്ള ഏറ്റവും വിപ്ലവകരമായ നടപടികളുണ്ടായത്‌ ബി.ജെ.പി. ഗവണ്മെന്റിന്റെ കാലത്താണ്. ഇന്തോ-പാക്‌ കോണ്‍ഫെഡറേഷന്‍ എന്ന ആശയങ്ങള്‍ മുന്നോട്ടു വച്ചതും ബി.ജെ.പി. നേതാക്കളാണ്. അതൊക്കെയാണോ ഉദ്ദേശിച്ചത്‌ എന്നു വ്യക്തമല്ല.

മത്തായി വീണ്ടും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ലൈനില്‍ പിടിച്ചിരിക്കുന്നതു കൊണ്ട്‌ ഇനിയും വിശദീകരിച്ചിറ്റ്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. ആളുകള്‍ക്ക്‌ സംഘത്തോട്‌ ആഭിമുഖ്യം തോന്നുന്നതിന്റെ കാരണങ്ങള്‍ അദ്ദേഹം കണ്ടെത്തിയത്‌ രസാവഹമായിത്തോന്നി. മത്തായിയേപ്പോലെയുള്ളവര്‍ക്ക്‌ ലഭ്യമായ വിവരങ്ങളും അദ്ദേഹത്തിന്റെ സാഹചര്യങ്ങളുമൊക്കെ വച്ച്‌ അങ്ങനെയൊക്കെ വിചാരിച്ചു പോകുന്നതില്‍ ഞാന്‍ തെറ്റു കാണുന്നില്ല.

പിന്നെ, “രാഷ്ട്രം എന്നാല്‍ കുറെ കുന്നും മലയും നദികളും മാത്രമാണോ?“ എന്ന ചോദ്യത്തിന് “അല്ലേയല്ല. അതു പലതുമാണ്” എന്നും, “അതില്‍ വസിക്കുന്ന ഏറ്റവും ദുര്‍ബലനായ മനുഷ്യനും ഉള്‍പ്പെടുന്നതല്ലേ?“ എന്ന ചോദ്യത്തിന് “അതു പിന്നെ ചോദിക്കാനുണ്ടോ - അല്ലെങ്കില്‍പ്പിന്നെ ‘മാനവസേവയെന്നാല്‍ മാധവസേവ‘ തുടങ്ങിയ മുദ്രാവചനങ്ങള്‍ ഉണ്ടാവുമോ” എന്നും മറുപടി.

അമേരിക്കയിലിരുന്ന്‌ ഒരു സായിപ്പ്‌ “ഇന്ത്യയെന്നാല്‍ പാമ്പുകളുടെയും തേളുകളുടെയും നാടല്ലേ?” എന്നു ചോദിച്ചാല്‍ നാമെന്തു പറയും എന്നതു പോലെയൊരവസ്ഥയില്‍ ഞാന്‍ പലപ്പോഴും ചെന്നു പെടാറുണ്ട്‌. അവര്‍ക്ക്‌ അതൊക്കെയാണ് താല്പര്യം. അപ്പോള്‍ അവര്‍ അതു പൊക്കിക്കാണിക്കും. ഇന്ത്യ എന്നാല്‍ പാമ്പും തേളുമല്ല - അത്‌ എന്തൊക്കെയാണ് എന്നു പറയണമെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമെന്നു പറഞ്ഞാല്‍പ്പോലും ചോദിച്ചയാള്‍ക്കു മനസ്സിലാവണമെന്നില്ല താനും. ഇവിടെ എനിക്കു കൂടുതലൊന്നും പറയാനില്ല.

കാണാപ്പുറം said...

>> [സുകുമാരേട്ടന്‍] ഇന്ത്യയിലെ ഹൈന്ദേവതര സമുദായങ്ങളില്‍ പെട്ടവരും ഇവിടത്തെ ഹിന്ദുക്കളെ പോലെ തന്നെ ഇവിടത്തെ പൂര്‍വ്വീകരുടെ സന്തതി പരമ്പരകളും ഈ മണ്ണിന്റെ അവകാശികളുമാണ് . ഹൈന്ദവികത എന്നത് മുഴുവന്‍ ഇന്ത്യക്കാരുടെയും പൊതുസ്വത്താണ് .

[നകുലന്‍] സുകുമാരേട്ടാ.. സത്യം പറ. ആളൊരു പഴയ സംഘപ്രവര്‍ത്തകനാണല്ലേ. അതല്ലെങ്കില്‍ അവരുടെ ആശയങ്ങള്‍ മനസ്സിലെങ്കിലും ഉണ്ടല്ലേ? അല്ലെങ്കില്‍പ്പിന്നെ ദാ അവരുടെ വാക്കുകള്‍ പച്ചവെള്ളം പോലെ അതേപടി ഏറ്റു പറഞ്ഞിരിക്കുന്നതു കണ്ടില്ലേ. കള്ളി പൊളിഞ്ഞു സുകുമാരേട്ടാ :)

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നകുലന്‍ പറഞ്ഞതിന് ഒരു തിരുത്ത് . ബി.ജെ.പി.ഭരിച്ചാല്‍ ഇന്ത്യ പാക്കിസ്ഥാനാകും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല . എന്നാല്‍ ഇവിടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പോലുള്ള മതേതര പാര്‍ട്ടികള്‍ ക്ഷയിക്കുകയും ഹിന്ദുക്കളുടെയിടയില്‍ ഹൈന്ദവ വര്‍ഗ്ഗീയത വളരുകയും അങ്ങിനെ ബി.ജെ.പി ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത വിധം ഒറ്റപ്പാര്‍ട്ടിയായി ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഒരവസ്ഥ വരികയാണെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാളും മോശമാകുമെന്ന കാര്യത്തില്‍ നകുലന് പോലും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല . നകുലന്റെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ ഇങ്ങിനെ സങ്കുചിത മത വാദികള്‍ക്ക് വേണ്ടി ദുര്‍വ്യയം ചെയ്യുപ്പെടുന്നതില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിക്കുന്നു . എന്നാല്‍ നകുലന്റെ ആത്മര്‍ത്ഥതയില്‍ എനിക്ക് സംശയമേയില്ല . എന്നെങ്കിലും നകുലന്‍ യഥാര്‍ത്ഥ മതേതരത്വവും സംഘപരിവാറുകാരുടെ ഹിഡന്‍ അജണ്ടകളും തിരിച്ചറിയുമെന്നും ശരിയായ ചിന്താസരണിയില്‍ തിരിച്ചെത്തുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു . കാരണം ഇത്ര ശക്തിയായി വാദിക്കുമ്പോഴും നകുലന്‍ ഇപ്പോഴും സംഘപരിവാറിന്റെ ഭാഗമല്ല . നകുലന്റെ ബോധത്തില്‍ അന്തര്‍ലീനമായ നന്മയാണതിന്റെ കാരണം എന്ന് ഞാന്‍ നിരീക്ഷിക്കുന്നു . പിന്നെ കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും നകുലനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടവാം .

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

നകുലാ ഞാന്‍ ഒരു പരമമായ സത്യം പറഞ്ഞു എന്ന് മാത്രം . ആ വാക്കുകള്‍ക്ക് സംഘപരിവാറുകാര്‍ പേറ്റന്റ് എടുത്തിരുന്നുവോ ? എന്തായാലും അതൊരു വസ്തുതയാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവുമോ ?

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ ഇന്ത്യക്ക് ഒരു പൊതു ദേശീയത ഉണ്ട് എന്ന് ചിന്തിക്കുന്നത് തന്നെ എത്രത്തോളം ശരിയാണ് എന്നെനിക്ക് സംശയമുണ്ട്. പക്ഷെ ഭാരതീയത എന്നത് നമ്മെ എല്ലാവരേയും ഒന്നിച്ച് നിര്‍ത്തുന്ന ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. അത് ഇന്ത്യ മാത്രമല്ല പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയുമൊക്കെ ഉള്ള ഒരു വിശാല അതിരുകളിലേക്ക് അലെങ്കില്‍ അതിരുകള്‍ ഇല്ലായ്മയിലേക്കാണ് നീങ്ങേണ്ടത്. പക്ഷെ മതവും ഭാഷയൌം ജാതിചിന്തയും നമ്മേ അതില്‍ നിന്നെല്ലാം അകറ്റുന്നു.തമിഴ്നാടും ബംഗാളും കൂടി ലോക്‌സഭയില്‍ അടികൂടുന്ന തലത്തിലേക്ക് വരെ ദേശീയത പ്രാദേശികതയായി മാറി. ദേശം എന്നതില്‍ നിന്ന് സംസ്ഥാനം എന്ന രീതിയില്‍ നമ്മള്‍ സങ്കുചതരാകുന്നു. കഴിയുമെങ്കില്‍ അതിലും താഴെ

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ശരിയാണ് കിരണ്‍ .... ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ എല്ലാവരും അന്യസംസ്ഥാനം എന്നാണ് വിശേഷിപ്പിച്ചു കാണുന്നത് . ഏതോ ഒരിടത്ത് നകുലനും അങ്ങിനെ എഴുതിയതായി കണ്ടു . സത്യത്തില്‍ നമുക്ക് അയല്‍ സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളും മാത്രമേയുള്ളൂ . ഭൌതികമായി ലോകം ഒരു ഗ്രാമമായി ചുരുങ്ങുമ്പോള്‍ ആളുകളുടെ ചിന്താഗതി റിവേഴ്സായി പ്രാദേശികതയിലേക്ക് ചുരുങ്ങി വരുന്നതായിട്ടാണ് കാണുന്നത് .

കാണാപ്പുറം said...

സുകുമാരേട്ടാ,
ആ വാക്കുകള്‍ക്ക്‌ സംഘപരിവാര്‍ പേറ്റന്റ്‌ എടുത്തു എന്ന മട്ടില്‍ ദയവായി എടുക്കരുതേ. സംഘപരിവാര്‍ വേദികളില്‍ നിന്നു ഞാന്‍ കേട്ടിട്ടുള്ള നല്ല കാര്യങ്ങളിലൊന്ന്‌ താങ്കളേപ്പൊലൊരാളും ആവര്‍ത്തിക്കുന്നതു കേട്ടപ്പോളുണ്ടായ ആഹ്ലാദം പ്രകടിപ്പിച്ചു എന്നേയുള്ളൂ. സംഘാഭിമുഖ്യമുണ്ടാവണമെങ്കില്‍ സങ്കുചിത വര്‍ഗ്ഗീയ ചിന്തകളും സമുദായസ്പര്‍ദ്ധയും ഒപ്പമുണ്ടായേ തീരൂ എന്ന മുന്‍‌വിധികളില്‍ നിന് കുതറിമാറാനും, അവസരം വരുമ്പൊളൊക്കെ ആ മുന്‍‌വിധികള്‍ തെറ്റാണെന്ന്‌ വിളിച്ചു പറയാനും ശ്രമിക്കുന്നൊരാള്‍ എന്ന നിലയ്ക്ക്‌ താങ്കളുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചതില്‍ എന്താണത്ഭുതം?

കിരണ്‍,
"ഇന്ത്യക്ക് ഒരു പൊതു ദേശീയത ഉണ്ട് എന്ന് ചിന്തിക്കുന്നത് തന്നെ എത്രത്തോളം ശരിയാണ്" എന്ന കിരണിന്റെ സംശയം എന്നെ അതിശയിപ്പിക്കുന്നില്ല. വൈജാത്യങ്ങളുടെ അപാരത കാണുമ്പോള്‍ അങ്ങനെ സംശയിച്ചുപോകും. മാത്രമല്ല - ആ പൊതു ദേശീയതയേക്കുറിച്ചുള്ള ബോധം ജനങ്ങളിലുളവാക്കാനുള്ള ഒരു ശ്രമവും ആരുടെ ഭാഗത്തു നിന്നും നടക്കുന്നുമില്ല (സംഘമൊഴിച്ച്‌)- മറിച്ച്‌ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്‌. സത്യത്തില്‍, സംഘത്തേപ്പോലെയൊരു പ്രസ്ഥാനം എന്തുകൊണ്ടുണ്ടായി എന്നതിലേക്കു വരെ എത്തിക്കുന്ന അറിവുകളാണ് കിരണിന്റെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ നമുക്കു ലഭിക്കുക.

അതിരുകളില്ലായ്മയിലേക്കുള്ള മാര്‍ഗ്ഗത്തില്‍, മതവും ജാതിയും ഭാഷയുമെല്ലാം നമുക്കു തടസ്സമായി നില്‍ക്കുന്നു എന്ന കിരണിന്റെ നിരിക്ക്ഷണം സത്യത്തില്‍ സംഘത്തിന്റെ കാതലായ ചിന്താഗതികളിലൊന്നാണ്. സുകുമാരേട്ടന്റെ കാര്യം പറഞ്ഞതുപോലെ, ഇവിടെ കിരണും അറിയാതെയാണെങ്കിലും സംഘചിന്ത പേറുന്നതില്‍ ഞാന്‍ നിശ്ശബ്ദം സന്തോഷിക്കുന്നുണ്ട്‌. അതിരുകളില്ലാതാവുന്നതിനു തടസ്സങ്ങളുണ്ട്‌ എന്നൊരു സങ്കടത്തില്‍ കിരണ്‍ തടഞ്ഞു നില്‍ക്കുമ്പോള്‍, സംഘം അവിടെ നിന്നും മുന്നേറി അതിനുള്ള പരിഹാരത്തിനുള്ള പ്രായോഗികസമീപനങ്ങളുള്‍ക്കൊള്ളിച്ചു കൊണ്ട്‌ സംഘകാര്യപദ്ധതി വികസിപ്പിച്ചെടുത്ത്‌ പരീക്ഷിക്കുന്നു. അതാണു വ്യത്യാസം.

വിസ്താരഭയം വീണ്ടും. നിര്‍ത്തുന്നു.


പ്രാദേശികവാദം സംബന്ധിച്ച നിങ്ങളുടെ രണ്ടുപേരുടെയും നിരീക്ഷണങ്ങളോട്‌ എനിക്കു പൂര്‍ണ്ണമായും യോജിപ്പാണുള്ളത്‌. സത്യത്തില്‍, കരുണാനിധിയോട്‌ എനിക്കു പരാതികളുള്ളത്‌ അദ്ദേഹം ശ്രീരാമനെ അധിക്ഷേപിച്ചു സംസാരിച്ചതിനല്ല - പ്രാദേശികവാദം സംബന്ധിച്ചാണ് പരാതികള്‍ മുഴുവനും. അത്‌ അദ്ദേഹത്തിനുള്ള മറുപടി പോസ്റ്റില്‍ വിശദമായി എഴുതിക്കഴിഞ്ഞു. നാളെയോ മറ്റോ ഇടാം. മുകളില്‍ത്തന്നെ ഒരു കമന്റിലും, ഗുജറാത്തിലെ ജനങ്ങളുടെ വികസനാഭിനിവേശം, പ്രാദേശിക ചിന്തകളിലേക്കു നയിക്കാതിരിക്കട്ടെ എന്നു പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ലോക്സഭയില്‍ ബംഗാള്‍-തമിഴ്‌നാട്‌ സംഘട്ടനം നടന്നപ്പോളും മുല്ലപ്പെരിയാര്‍ വന്നപ്പോളുമെല്ലാം, പ്രാദേശികവാദം സംബന്ധിച്ച ആശങ്കകള്‍ പങ്കുവയ്ക്കുന്ന ഒരു പോസ്റ്റ്‌ എഴുതിത്തുടങ്ങിയതുമാണ്. അതു വായിച്ചിട്ട്‌ മലയാളികളിലാര്‍ക്കും തമിഴ്‌നാടിനോടു വിരോധം തോന്നരുതല്ലോ എന്നും - വെളുക്കാന്‍ തേക്കുന്നതു പാണ്ടാകരുതല്ലോ എന്നുമുള്ള സദുദ്ദേശം ഒന്നു കൊണ്ടു മാത്രമാണ് കുറേ എഴുതിയത്‌ ഡീലീറ്റ്‌ ചെയ്തു കളഞ്ഞത്‌.

Radheyan said...
This comment has been removed by the author.
Radheyan said...

ഇന്ത്യയിലെ മറ്റു സമുദായങ്ങളെ നമ്മുടെ ഭാഗമായി അംഗീകരിക്കുന്നത് ഹൈന്ദവസംസ്കാരം.പക്ഷെ അതാണ് സംഘത്തിന്റെ ജനത്തിനു ഫീല്‍ ചെയ്യുന്ന സംസ്ക്കാരം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് സാമാന്യബോധത്തിനു നിരക്കുന്നതാണ് എന്നു തോന്നുന്നില്ല.അങ്ങനെ ആയിരുന്നുവെങ്കില്‍ നൂഡില്‍‌സ് ഫോര്‍ക്കില്‍ കോര്‍ത്തെടുക്കുന്ന പോലെ ഭ്രൂണം അവര്‍ ശൂലത്തില്‍ കോര്‍ത്തെടുക്കുകയില്ലായിരുന്നു.നരഭോജികളെക്കാള്‍ അധപതിച്ചവരല്ലേ ഭ്രൂണഭോജികള്‍.

സ്വന്തം ചിന്താശേഷിക്ക് അനുസരിച്ച് ആശയങ്ങളെയും വിശ്വാസങ്ങളെയും സ്വീകരിക്കുവാന്‍ പൌരാണിക സിന്ധു സംസ്കാരത്തിനു കഴിഞ്ഞിരുന്നു.അങ്ങനെയാണ് കപിലന്റെയും ചാര്‍വ്വാകന്റെയും മറ്റും യുക്തി ചിന്താപരമായ കാഴ്ച്ചപ്പാടുകള്‍ ആ സംസ്ക്കാരത്തിന്റെ ഭാഗമായി മാറിയത്.എന്നാല്‍ ആ സംസ്ക്കാരത്തിന്റെ പിന്‍പറ്റുന്നവര്‍ എന്ന വ്യാജേനേ ഇവിടെ singularity കൊണ്ടുവരാനാണ് സംഘം ശ്രമിക്കുന്നത്.അല്ലാതെയുള്ള ഭാരതീയരുടെ ഭ്രൂണം പോലും ശൂലത്തില്‍ കോര്‍ക്കപ്പെടും.ഫാസിസം ബഹുസരതയെ വെറുക്കുന്നു.അത് ആഗോളീകരണത്തിന്റെ ഈ വിശാലലോകത്തിലും സ്വന്തം വിശ്വാസം മാത്രം ശരി എന്നു കരുതുന്നു എന്നു മാത്രമല്ല,വിമതസ്വരങ്ങള്‍ ചവുട്ടി അരയ്ക്കപ്പെടാനുള്ളതാണെന്നും കരുതുന്നു.വികലാംഗന്‍‌മാരെയും വൃദ്ധരെയും കൊന്ന് ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാമെന്ന് ഹിറ്റ്ലര്‍ കരുതിയത് പോലെ തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തതിനെ കൊന്നൊടുക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.അവര്‍ ജനാധിപത്യത്തെ ഒരു കോമഡിയായി കാണുന്നു.(മൌദൂദിയും സര്‍വ്വക്കറും ജനാധിപത്യത്തെ കുറിച്ചും മറ്റുമുള്ള കാഴ്ച്ചപ്പാടുകളില്‍ അപാരമായ സാഹോദര്യവും സമാനതയും പുലര്‍ത്തുന്നു എന്നത് കേവല യാദൃശ്ചികത അല്ല.)

ഹൈന്ദവികത എന്നത് ലിബറിലിസം തന്നെയാണ്.പക്ഷെ എല്ലാ ഫാസിസ്റ്റുകളും ലിബരിലിസത്തിന്റെ ശത്രുക്കളാണ്.ഹിന്ദുക്കള്‍ ഒരു insitutionalised മതത്തിന്റെ കടുത്ത ചട്ടകൂടുകളിലൂം മൂരാച്ചിത്തരങ്ങളിലും നിന്നു പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പല ഹിന്ദുത്വ ശാക്തീകരണ വാ‍ദികളും പലപ്പോഴും ഒരു പോരായ്മയായി പറയുന്നത്.ലിബറിലിസം എന്ന കാതല്‍ നശിച്ചാല്‍ സിന്ധുസംസ്ക്കാരം നശിച്ചു എന്നിവര്‍ മനസ്സിലാക്കുന്നില്ല.


സനാതന ഹൈന്ദവികത കൂടുതലും കാണുക ഗാന്ധി ദര്‍ശനങ്ങളിലാണ്.അത് സംഘത്തിന്റെ കാഴ്ച്ചപ്പാടിലോ പ്രവര്‍ത്തിയിലോ കാണാന്‍ സാധിച്ചിട്ടില്ല.ഗാന്ധിജിയോട് ഹിന്ദുത്വവാദികളുടെ സമീപനം എന്തായിരുന്നു എന്നത് 1948 ജനുവരി 30നു വൈകുന്നേരം അവര്‍ തിരുവനന്തപുരത്തും മറ്റു പലയിടത്തും നടത്തിയ മധുരവിതരണത്തില്‍ നിന്നും ലോകമറിഞ്ഞതാണ്.

( എന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കളിമൂലം ശാഖയ്ക്ക് ആളെ കിട്ടാതെ വന്നു എന്നതിനാല്‍ എന്നെ ശാരീരികമായി ആക്രമിക്കാന്‍ മുതിര്‍ന്ന ചരിത്രം ഞങ്ങളുടെ നാട്ടിലെ പ്രാദേശിക ആര്‍.എസ്.എസുകാര്‍ക്കുണ്ട്.)

കാണാപ്പുറം said...

രാധേയാ,
താങ്കളേപ്പോലുള്ളവര്‍ വീണ്ടും കറങ്ങിത്തിരിഞ്ഞ്‌ ഭ്രൂണഹത്യയിലെത്തുന്നതില്‍ അതിശയിക്കാനൊന്നുമില്ല. അതു താങ്കള്‍ക്ക്‌ വലിയൊരു ആയുധമാണ്. കൊതി തീരുന്നതു വരെ നാലു ചുറ്റും പ്രയോഗിച്ചു കൊള്ളുക. എനിക്കാണെങ്കില്‍ അത്‌ ഞെട്ടലും ഭീതിയും ദു:ഖവും വേദനയും അങ്ങനെ പറഞ്ഞറിയിക്കാനാവാത്ത പലതരം വികാരങ്ങളാണ് സമ്മാനിക്കുന്നത്‌. അത്‌ നിരന്തരം ഓര്‍ത്തെടുത്തു സുഖിക്കുന്നവരെ - താങ്കളടക്കമുള്ളവരെ - ആ കലാപകാരികളെ കാണുന്ന അതേ രീതിയിലേ എനിക്കു കാണാന്‍ കഴിയൂ എന്നതില്‍ എന്നോടു ക്ഷമിക്കുക. കലാപകാലത്തെ അത്യന്തം കലുഷിതമായ മനസ്സുകളുപയോഗിച്ച്‌ ഒരു സമൂഹത്തെ വിലയിരുത്താന്‍ ഞാനൊരുക്കമല്ല. ഗുജറാത്തു കലാപത്തിനിടയില്‍ മുസ്ലീങ്ങള്‍ ചേര്‍ന്ന്‌ ഹിന്ദുക്കളേയും കൊലപ്പെടുത്തിയിട്ടുണ്ട്‌. അതുപയോഗിച്ച്‌ ഞാന്‍ മുസ്ലീങ്ങളെ വിലയിരുത്തിയാല്‍ എന്തൊരു ഭോഷ്ക്കായിരിക്കും അത്‌? അന്നത്തെ എല്ലാ സാഹചര്യങ്ങളും മനസ്സിലാക്കി, അതിവൈകാരികതയോടെയും പ്രതികാരബുദ്ധിയോടെയും പ്രതികരിച്ച ജനങ്ങളുടെ പ്രവ്രുത്തികളേക്കുറിച്ച്‌ ഭയത്തോടെയും എന്നാല്‍ ‍യാഥാര്‍ത്ഥ്യബോധത്തോടെയും ചിന്തിക്കാനാണെനിക്കിഷ്ടം.
അധിനിവേശങ്ങളും വിഭജനങ്ങളുമൊക്കെ നേരിട്ടനുഭവിച്ച - അനുബന്ധകലാപങ്ങളും അവയൊഴുക്കിയ ചോരയും കണ്ണീരുമെല്ലാം ചേര്‍ന്ന്‌ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന - ഉത്തരേന്ത്യന്‍ ജനമനസ്സുകളേക്കുറിച്ചും, പക്ഷപാതപരമായിട്ടല്ലാതെ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കാനാണു ഞാന്‍ ശ്രമിക്കാറുള്ളത്‌.

ചില കലാപകാരികളുടെയും നിങ്ങളുടെ നാട്ടിലെ ഏതോ ചില പ്രാദേശിക സംഘപ്രവര്‍ത്തകരുടെയും പ്രവ്രുത്തികള്‍ വച്ച്‌ സംഘം എതിര്‍ക്കപ്പെടുന്നതിനു ന്യായീകരണം ചമയ്ക്കുകയാണു താങ്കള്‍. അങ്ങനെയാണെങ്കില്‍, കേവലം ഒന്നോ രണ്ടോ മാര്‍ക്സിസ്റ്റുകളുടെ മാത്രം ഉദാഹരണമെടുത്ത്‌ ആ പ്രസ്ഥാനത്തിനു മുകളില്‍പ്പതിച്ചാല്‍ത്തന്നെ പലര്‍ക്കും അവരെ അടിയോടെ പിഴുതെറിയാനുള്ള ന്യായീകരണങ്ങളുണ്ടാകുമല്ലോ. 'ഇങ്ങനെയൊക്കെയായതുകൊണ്ട്‌ സംഘം എതിര്‍ക്കപ്പെടണം' എന്നാണു നിങ്ങള്‍ പുറമേക്കു പറയുന്നത്‌. എന്നാല്‍, 'സംഘം എതിര്‍ക്കപ്പെടണം - കാരണം...ഇങ്ങനെയൊക്കെയാണ്' എന്നാണ് ആന്തരികമായ മുന്‍‌ഗണന. സത്യമല്ലേ എന്ന്‌ ആലോചിച്ചു നോക്കുക. ഗുജറാത്തും ബാബറിയും അങ്ങനെ ഓരോന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്നൊരു ചിന്ത പുറകോട്ടു നടത്തിയാല്‍, എത്ര കഴിഞ്ഞാലും ഒരു ‘എന്നാലും’ മനസ്സില്‍ കിടക്കും. ആ ‘എന്നാലും’ മാറാത്തിടത്തോളം കാലം കലാപത്തിന്റെ ഓര്‍മ്മകള്‍ ‘സുഖകര‘ങ്ങളായിരിത്തന്നെ അവശേഷിക്കും. സംഘത്തിനെതിരെ പ്രയോഗിക്കാവുന്ന ശക്തമായൊരു ആയുധമാണല്ലോ എന്ന സുഖം.


സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് കലാപകാലത്തെ ക്രൂരതകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്‌ അതുകൊണ്ടാണ് എതിര്‍ക്കുന്നത്‌ എന്നാവാം ഒരു ന്യായം. തെറ്റാണത്‌. അപ്പോള്‍ നാം സംഘവ്യാപനത്തിനു മുമ്പുള്ള കലാപങ്ങള്‍ - സംഘസ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ നടന്നിട്ടുള്ള കലാപങ്ങള്‍ - ഇവയൊക്കെ എങ്ങനെയുണ്ടായി എന്നതിനും സംഘമുള്ളിടത്തു തന്നെയാണെങ്കിലും അവര്‍ക്കു പുറത്തു നിന്നുള്ളവര്‍ പങ്കെടുക്കുന്നതെന്തു കൊണ്ട്‌ - ഇതിനൊക്കെ വിശദീകരണം കൊടുക്കേണ്ടി വരില്ലേ? സംഘവുമായി പുലബന്ധം പോലുമില്ലാത്ത കലാപകാരികളേക്കുറിച്ച്‌ മൌനം പാലിക്കാമെന്നല്ലാതെ മറ്റെന്തു പോംവഴിയാണു നിങ്ങള്‍ക്കുള്ളത്‌? കലാപം അവിടെ ചിലരുടെ മനസ്സുകളിലെങ്കിലും - സംഘത്തിന്റെ ഏഴയലത്തു വരാത്തവരുടെയിടയിലും - എന്തുകൊണ്ടു ന്യായീകരിക്കപ്പെട്ടു എന്നതിനേക്കുറിച്ച്‌ ചിന്തിക്കാന്‍ ഒരിക്കലെങ്കിലും നിങ്ങള്‍ തുനിഞ്ഞിട്ടുണ്ടോ? മോഡിക്കെതിരെ മത്സരിച്ചു പരാജയപ്പെട്ട കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി, ‘മാദ്ധ്യമങ്ങളാണ് ആരോപണങ്ങള്‍ വഴി മോഡിയെ ഹീറോ(!!) ആക്കിയത്‌‘ എന്ന മട്ടില്‍ പറയാനിടയായത്‌ എന്തുകൊണ്ടെന്ന ചോദ്യം ഒരു നിമിഷത്തേക്കെങ്കിലും നിങ്ങളുടെ ഹ്രുദയങ്ങളെ പിടിച്ചുലച്ചിട്ടുണ്ടോ?

സംഘം മുസ്ലീങ്ങളെ പുറത്താക്കാന്‍(?!!) ശ്രമിക്കുകയാണ് - ആസൂത്രിതമായ വംശഹത്യ അവരുടെ അജണ്ടയിലുണ്ട്‌ എന്നൊക്കെ പറയുന്നതാണ് വേറൊരു ന്യായം. ശുദ്ധഭോഷ്ക്കാണത്‌. അസംബന്ധം - പരമാബദ്ധം - എന്നൊക്കെപ്പറഞ്ഞാല്‍ക്കൂടി മതിയാവില്ല. മുസ്ലീം തീവ്രവാദികള്‍ക്ക്‌ ആളെക്കൂട്ടാന്‍ ഉപകരിക്കുന്ന ഒരു ഭീഷണി എന്നല്ലാതെ യാഥാര്‍ത്ഥ്യവുമായി അതിനു പുലബന്ധം പോലുമില്ല.
സംഘം ആരോടും അകന്നു പോകാന്‍ ആവശ്യപ്പെടുകയല്ല - എല്ലാവരോടും ചേര്‍ന്നു നില്‍ക്കാന്‍ അപേക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്‌. ചേര്‍ന്നു നില്‍ക്കുക എന്നു പറഞ്ഞാല്‍ തങ്ങളുടെ മതവിശ്വാസങ്ങള്‍ ഉപേക്ഷിച്ച്‌ പകരം അമ്പല‍ത്തില്‍പ്പോയി കുറിയിടുക എന്നല്ല താനും. ഇതൊക്കെ എത്ര തവണയാണ് പറഞ്ഞു തരേണ്ടി വരുന്നത് എന്നൊരു നിരാശ എന്നെ പിടികൂടുന്നോ എന്നൊരു സംശയം.


മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേക്കോ മറ്റോ പോകണമെന്നാണാവശ്യപ്പെടുന്നു എന്നു വാദിക്കുന്നവരേക്കുറിച്ച്‌ തികഞ്ഞ സഹതാപമാണുള്ളത്‌. എന്തൊരു മണ്ടത്തരമാണത്‌? സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി, ശത്രുരാജ്യമെന്ന വിശേഷണം മാറ്റി - സുഹ്രുദ്‌ രാജ്യമെന്നുപോലുമല്ല - സഹോദരരാജ്യമെന്ന ഉജ്ജ്വലപരിഗണനയുമായി ഇന്തോ-പാക്ക് ബന്ധങ്ങള്‍ ഊഷ്മളമാക്കുവാനായി വിപ്ലവകരമായ ചുവടുകള്‍ വച്ച വാജ്‌പേയിയെ അതിനു പ്രേരിപ്പിക്കുന്ന വികാരമെന്താവുമെന്നൊന്നും ആര്‍ക്കും ഒരു പിടിയും ഉണ്ടാവുമെന്നു തോന്നുന്നില്ല. ‘യഥാര്‍ത്ഥ ഹിന്ദുത്വം’ ‘മതേതര ഹിന്ദുത്വം’ ‘സംഘപരിവാര്‍ ഹിന്ദുത്വം’ എന്നൊക്കെയുള്ള വിചിത്രപദങ്ങള്‍ മുന്നോട്ടു വയ്ക്കുന്നവര്‍ക്ക്‌ ഉജ്വലമായ ആ ഹിന്ദുത്വ ചിന്തകളേക്കുറിച്ച്‌ യാതൊന്നും മനസ്സിലാക്കാനുള്ള ശേഷിയുണ്ടാവില്ലെന്നുറപ്പ്‌. ഇന്തോ-പാക്ക്‌ കോണ്‍ഫെഡറേഷന്‍ എന്ന ആശയം മുന്നോട്ടു വച്ച അദ്വാനിയെ നയിക്കുന്ന വികാരത്തിന്റെ കഥയും വ്യത്യസ്തമല്ല. സംഘമുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രസങ്കല്പത്തേക്കുറിച്ചും മറ്റും അഞ്ചോ പത്തോ മിനുട്ടുകള്‍ കൊണ്ട്‌ ഒരാള്‍ക്കെങ്ങനെ മനസ്സിലാകാനാണ്? സംഘത്തെ കണ്ണുമടച്ചെതിര്‍ക്കാനല്ലാതെ മറ്റൊന്നിനുമൊരുക്കമല്ലാത്ത സങ്കുചിതമനോഭാവം മനസ്സില്‍ പേറുമ്പോള്‍ പ്രത്യേകിച്ചും.

സംഘമുയര്‍ത്തിപ്പിടിക്കുന്ന ദേശീയതയെ നാസിസവുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നതും അവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു അടവായി മാത്രമേ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നുള്ളൂ. “നാസിസത്തേപ്പോലും അനുകൂലിച്ച ചില ആളുകള്‍” എന്നു അത്ഭുതപ്പെട്ടും വിമര്‍ശിച്ചും ഗോള്‍വള്‍ക്കര്‍ പറഞ്ഞതും എഴുതിയതുമൊക്കെ ഞാന്‍ മുമ്പേ തന്നെ വായിച്ചിട്ടുണ്ട്‌. അതെല്ലാം നിരത്തി അവതരിപ്പിക്കാന്‍ ഞാനാളല്ല - എനിക്കത്ര താല്പര്യവും സമയവും ഇല്ല താനും.

സംഘം പോലെ ഒന്നിനെ ചില കലാപങ്ങളുടെയും സമുദായസംഘര്‍ഷങ്ങളുടെയും കണ്ണിലൂടെ മാത്രം നോക്കി വിലയിരുത്താന്‍ താല്പര്യപ്പെടുന്നവരോടു നിരന്തരം സംസാരിച്ചിട്ട്‌ എനിക്കെന്തിനാണ് എന്നൊരു തോന്നലുളവാകുന്നു ചിലപ്പോള്‍. അല്ലെങ്കില്‍ത്തന്നെ, എന്റെ ചിന്തകളവതരിപ്പിക്കുമ്പോള്‍ സംഘത്തേക്കുറിച്ചു സംസാരിക്കുന്നവരെ കുറെയെങ്കിലുമൊക്കെ ഒഴിവാക്കി, മറുപടികള്‍ കുറച്ചാലോ എന്നൊരു ചിന്ത കുറച്ചു നാളായി ഉണ്ട്‌. എന്നേപ്പോലെ ഒരു അല്പജ്ഞാനിയിലൂടെ അവരുടെ ചില നിലപാടുകള്‍ വെളിപ്പെടുന്നത് ഞാന്‍ ആദരിക്കുന്നൊരു പ്രസ്ഥാനത്തിന് കുറച്ചിലായും ഞാന്‍ കാണുന്നു.

കലാപത്തിന്റെ ‘സുഖസ്മരണകള്‍‘ അയവിറക്കി സംഘത്തിനെതിരെ ആക്രോശം മുഴക്കുന്നവര്‍ക്ക്‌ അതിനുപയോഗിക്കുന്നതിന്റെ നൂറിലൊരംശം സമയമെങ്കിലും ഇനി മുതല്‍ വേറിട്ടൊരു കാര്യത്തിന് ഉപയോഗിച്ചു നോക്കാവുന്നതാണ്. എന്തുകൊണ്ടൊക്കെയാണ് കലാപങ്ങളുണ്ടാകുന്നത്‌ എന്ന്‌ - അകലങ്ങള്‍ സ്രുഷ്ടിക്കുന്ന യഥാര്‍ത്ഥപ്രശ്നങ്ങളെന്തൊക്കെ എന്നും അവ പരിഹരിച്ച്‌ സാമുദായികസൌഹാര്‍ദ്ദം എങ്ങനെ ഊട്ടിവളര്‍ത്താം എന്നുമൊക്കെ മനസ്സിരുത്തി ആലോചിച്ചു നോക്കാവുന്നതാണ്. ഭാരതത്തില്‍ നടന്നിട്ടുള്ള 95% കലാപങ്ങളും തുടങ്ങിവച്ചത്‌ ഹിന്ദുസംഘടനാപ്രവര്‍ത്തകരോ എന്തിന് ഹിന്ദുക്കള്‍ തന്നെയോ അല്ല എന്ന - ഗുജറാത്തില്‍ നിന്നുള്ള ഒരു മുസ്ലീം ടീച്ചറുടെ ഗവേഷണപ്രബന്ധമൊന്നും കൈകൊണ്ടു തൊടേണ്ട ആവശ്യം പോലുമില്ല. ഒരു തരത്തിലും സ്വാധീനിക്കപ്പെടാതെ - കുറ്റക്കാരെ കണ്ടെത്തുക എന്ന മട്ടില്‍ നിഷേധാത്മകമായ ഒരു രീതി അവലംബിക്കാതെ - ഇനി കലാപങ്ങളാവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യാന്‍ പറ്റും എന്ന്‌ പോസിറ്റീവ്‌ ആയി ചിന്തിച്ചു നോക്കൂ. എത്ര ആലോചിച്ചിട്ടും അവസാനം കറങ്ങിത്തിരിഞ്ഞ്‌ സംഘം മാത്രമാണ് ഉത്തരവാദി - എല്ലാ സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളും അവസാനിച്ചാല്‍, എല്ലാ പ്രവര്‍ത്തകരും അനുഭാവികളും മരിക്കുകയോ മാറിച്ചിന്തിക്കുകയോ ചെയ്താല്‍ അന്നു മുതല്‍ കലാപങ്ങള്‍ എന്നെന്നേക്കുമായി അവസാനിക്കുമെന്നൊക്കെത്തന്നെയാണ് തോന്നുന്നതെങ്കില്‍, പിന്നെയിതൊക്കെ വിധി എന്നു കരുതി സമാധാനിക്കാനേ കഴിയൂ. അത്തരമൊരു സാഹചര്യം സ്രുഷ്ടിക്കാനും മതസൌഹാര്‍ദ്ദം വളരാനുമൊക്കെ ‘പുരോഗമന-മതേതര-ജനാധിപത്യ’ മുതലായ വിശേഷണങ്ങള്‍ അവകാശപ്പെടാറുള്ള മാര്‍ക്സിസ്റ്റ്‌ വീക്ഷണങ്ങള്‍ക്കിവിടെ കൂടുതല്‍ വേരോട്ടമുണ്ടാവുകയാണു വേണ്ടത്‌ എന്നുകൂടിയാണു കണ്ടെത്തുന്നതെങ്കില്‍, അല്ലെങ്കില്‍ അത്തരമൊരു മുന്‍‌വിധിയോടെയാണു ചിന്തകള്‍ ആരംഭിക്കുന്നതെങ്കില്‍, എനിക്കതേക്കുറിച്ചിനിയൊരു അക്ഷരം പോലും പറയാനില്ല. അല്ലെങ്കില്‍ത്തന്നെ ഈ പോസ്റ്റില്‍ ഇതെന്റെ അവസാന കമന്റായിരിക്കും മിക്കവാറും.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പ്രിയപ്പെട്ട നകുലാ , പോകല്ലേ ഒരു നിമിഷം ...
പറഞ്ഞതൊക്കെ സമ്മതിക്കാം , എന്റെ ഒരു ചോദ്യത്തിന് മുന്‍‌വിധിയില്ലാതെ മറുപടി പറയാമെങ്കില്‍ !
സംഘടനകളെയും , പ്രത്യയശാസ്ത്രങ്ങളെയും , ചരിത്രത്തെത്തന്നെയും പിന്നിലാക്കിക്കൊണ്ട് കാലം അതിവേഗം മുന്നോട്ട് കുതിക്കുകയാണ് . ഭൂമി അതിന്റെ ആരംഭകാലത്ത് ഒരൊറ്റ ഖണ്ഡമായിരുന്നു എന്ന് ഭൌമശാസ്ത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് . പ്രാകൃതീകവും ഭൌമികവുമായ പല പല കാരണങ്ങളാല്‍ ഭൂഖണ്ഡങ്ങളും ഉപഭൂഖണ്ഡങ്ങളും ഒക്കെയുണ്ടായി . അതിര്‍ത്തികളും ദേശിയതകളും യുദ്ധങ്ങളും കലാപങ്ങളും ഒക്കെയുണ്ടായി . പരസ്പരം കുറ്റപ്പെടുത്തലുകള്‍ അവിരാമം നടക്കുന്നുമുണ്ട് . സംഘപരിവാറിന് വേണ്ടി ഇത്ര ആവേശപൂര്‍വ്വം നകുലന്‍ സംസാരിക്കുന്നത് ,മനുഷ്യന്റെ മോചനം സംഘപരിവാറില്‍ക്കൂടി മാത്രമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നത് കൊണ്ടാണോ ? എന്തുകൊണ്ട് നമുക്ക് ഭൂതകാലത്തിന്റെ കളങ്കങ്ങളില്ലാത്ത ഒരു വിശ്വമാനവികതയെ പറ്റി സംസാരിച്ചു കൂട ? ഇവിടെ നകുലനില്‍ എനിക്ക് ഒരു സംഘപരിവാര്‍ മൌലികവാദിയെയാണ് കാണാന്‍ കഴിയുന്നത് . ഒരു പക്ഷേ തെറ്റിദ്ദാരണയാവാം . നമ്മള്‍ മനുഷ്യന്റെ നല്ല നാളെയെക്കുറിച്ചല്ലേ ചിന്തിക്കുന്നത് ? അങ്ങിനെയെങ്കില്‍ എന്തിനത് ഭാരതം എന്ന മനുഷ്യനിര്‍മ്മിതമായ അതിര്‍ത്തിക്കുള്ളില്‍ തളച്ചിടണം ? ഒരൊറ്റ ഖണ്ഡമായിരുന്ന ആ കാലത്തേക്കിനി ഭൂമി തിരിച്ചു പോകില്ല്ല , പക്ഷെ മാനവസമുദായം ഒരൊറ്റ വിശ്വമാനവീകതയിലെക്കല്ലെ അതിവേഗം സഞ്ചരിക്കുന്നത് ? നമുക്ക് അങ്ങിനെയൊരു ലോകത്തെ സ്വപ്നം കണ്ടുകൂടെ ?

മത്തായി said...

ശ്രീ കാണാപ്പുറം എനിക്കു ലഭ്യമായ വിവരങ്ങളും സാഹചര്യങ്ങളുമൊക്കെ താങ്കള്‍ എങ്ങനെ കൃത്യമായി അറിയുന്നു! സംഘത്തിനെ പുറത്തുനിന്നു കാണുന്ന നമ്മുടെ സാഹചര്യമൊക്കെ ഒന്നല്ലെ? താങ്കള്‍ക്കു കാണുന്നതിനും എഴുതുന്നതിനും കൂലി കിട്ടുന്നുണ്ടാവാം അത്രെയുള്ളൂ വെത്യാസം. എന്നെപ്പോലെയുള്ള പാവങ്ങള്‍ക്കു തിരഞ്ഞെടുപ്പിന്റെ രാഷ്ടീയം പരമപ്രധാനമാണു, അതു തന്നെയാണു എന്റെ നാളെയെ നിര്‍ണയിക്കുന്നത്. രഥം ഉരുട്ടുകാര്‍ക്കു അതില്‍ തീരെയും താല്പര്യമുണ്ടാവില്ല. പിന്നെ സംഘത്തില്‍ ചേരുന്നവരെല്ലാം വിചാരധാര നൂറുതവണ വായിച്ചവരായിരിക്കുമല്ലേ?

ദുര്‍ബലനായ മനുഷ്യനു വേണ്ടി ‘മാനവസേവയെന്നാല്‍ മാധവസേവ‘ തുടങ്ങിയ മുദ്രാവചനങ്ങള്‍, കൂടെ പള്ളക്കു കത്തി, നമ്മുടെ സ്വന്തം ഫാക്ടറിയിലുണടാക്കിയത്. ദുര്‍ബലന്‍ രക്ഷപെട്ടു.

ഭ്രൂണഹത്യ നിങ്ങള്‍ക്കോര്‍ക്കനെ പറ്റുന്നില്ല അല്ലേ! അതു ഓര്‍ക്കുന്നവര്‍ നിരന്തരം സുഖിക്കുകയാണല്ലെ! ഇതൊന്നും എഴുതാന്‍ ലജ്ജയില്ലെ സുഹൃത്തേ? ആ ഭ്രൂണം നിങ്ങളുടെ രക്തം ആയിരുന്നു എന്നു കരുതുക, മറക്കുവാനോ സുഖിക്കുവാനോ കഴിയാത്ത ഒരോര്‍മയായിരിക്കും അത്.
അധിനിവേശങ്ങളും വിഭജനങ്ങളുമൊക്കെ കലാപത്തിന്റെ ന്യായീകരണങ്ങളായി നിങ്ങള്‍ കാണുന്നു. ഇന്നതെ ഒരു ചെറുപ്പക്കാരനില്‍ അതിന്റെ ഒക്കെ കനല്‍ ജ്വലിപ്പിച്ചു നിര്‍ത്തണങ്കില്‍ നിങ്ങള്‍ എന്തു പണിപ്പെടുന്നുണ്ടാവും!

60 ഹിന്ദുക്കളെ കൊന്നാല്‍ 600 മുസ്ലിങ്ങളെ കൊല്ലാന്‍ നിങ്ങള്‍ക്കധികാരം ഉണ്ടായിരിക്കാം, സമ്മതിച്ചു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ പ്രതികരണം അവിടെ എന്തായിരിക്കണം സുഹൃത്തെ? 600-നെ 6000 ആക്കുക fantastic! എന്നുപറഞ്ഞഭിനന്ദിക്കുക ഇതൊക്കെ ആണോ? ഗുജറാത്ത് കലാപം എന്നതു ഭരണകൂട ഭീകരതയാണു, അതൊരു വര്‍ഗ്ഗീയ കലാപം മാത്രമല്ല, അതുകൊണ്ടാണു ഇത്രയും കപട മതെതരക്കാര്‍ അതിനെ വീണ്ടും വീണ്ടും ഓര്‍ക്കുന്നതു. അതു മനസിലായില്ല എന്നു നടിക്കുന്ന താങ്കളോടെന്തു ചര്‍ച്ച ചെയ്യാന്‍, കൂലികിട്ടുന്നിടത്തോളം എഴുതിക്കോളൂ.

ഇന്തോ-പാക്ക് ബന്ധങ്ങള്‍ ഊഷ്മളമാക്കുവാനായി വിപ്ലവകരമായ ചുവടുകള്‍ വെച്ചതു വാജ്പേയ് തന്നെ. ‘മിയാന്‍ മുഷറഫിനെ‘ സംസ്ഥാന തിരഞ്ഞെടുപ്പു വിഷയമാക്കിയ നേതാവും നിങ്ങളുടെ പാര്‍ടി തന്നെയല്ലെ.