Wednesday, November 21, 2007

പങ്കാളിത്ത ജനാധിപത്യവും അന്താരാഷ്ട്ര ഗൂഡാലോചനകളും

ജനകീയ ആസൂത്രണത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ തോമസ് ഐസക്കിനെ വെനിസ്വലിയിലേക്ക് ക്ഷണിച്ചിരിക്കുന്നു ഷാവേസിന്റെ ഉപദേശകയായ മാര്‍ത്ത ഹാര്‍നേക്കറാണ്‌ ഐസക്കിനേ ക്ഷണിച്ചിരിക്കുന്നത്. ഈ വിഷയത്തെപ്പറ്റി പ്രസിദ്ധമായ സിന്റിക്കേറ്റ് വാരിക എന്ന് വിളിക്കപ്പെടുന്ന ജനശക്തിയില്‍ ആസാദ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് പ്രചോദനം.

തോമസ് ഐസക്കിനെയും പങ്കാളിത്ത ജനാധിപത്യത്തേയും ആസാദ് ശക്തമായി എതിര്‍ക്കുന്നു. ഐസക്കിനെതിരെ ആസാദ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രധാനമായത് താഴേത്തട്ടില്‍ രാഷ്ട്രീയം ഒഴിവാക്കുന്നു എന്നതാണ് ആസാദിന്റെ വാക്കുകള്‍ നോക്കുക

രാഷ്‌ട്രീയ വേര്‍തിരിവുകള്‍ അവഗണിച്ചുകൊണ്ടു വേണം പങ്കാളിത്ത ജനാധിപത്യ പ്രക്രിയ നടപ്പാക്കേണ്ടതെന്നും താന്‍ താഴെ തട്ടില്‍ പാര്‍ട്ടി രാഷ്‌ട്രീയം സംസാരിക്കാറില്ല എന്നും 2002 ജനുവരി 15 നെതര്‍ലാന്റില്‍ നടത്തിയ പ്രഭാഷണത്തിലും ഐസക്ക്‌ പറയുന്നുണ്ട്‌.

താഴേത്തട്ടിലേക്ക് അധിനിവേശ സക്തികള്‍ക്ക് കടന്നു ചെല്ലാന്‍ വഴി ഒരുക്കുന്ന ഒന്നാണ് പങ്കാളിത്ത ജനാധിപത്യമെന്നും. താഴേത്തട്ടിലുള്ള അരാഷ്ട്രീയവല്‍ക്കരണം വര്‍ഗ്ഗ സമരത്തെ ദുര്‍ബലപ്പെടുത്തുമെന്ന സന്ദേശവും ഈ ലേഖനത്തില്‍ ആസാദ് നല്‍കുന്നുണ്ട്. മാത്രവുമല്ല കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലാത്ത് നടന്ന ജനകീയ ആസൂത്രണം ഇത്തരത്തിലുള്ള ഒന്നാണ് എന്നും ആസാദ് സമര്‍ത്ഥിക്കുന്നു.

ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു 10 വര്‍ഷം പിന്നോട്ട് പോയി . കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഞങ്ങളുടെ നാട്ടില്‍ നടന്ന ജനകീയ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് നടന്നിരുന്നതെന്ന് ആലോചിച്ചു. അതില്‍ അരാഷ്ട്രീയവല്‍ക്കരണം ഉണ്ടായിരുന്നല്ലോ അപ്പോള്‍ അത് ഒരു അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഫലമായി നടന്നതായിരുന്നോ എന്നിങ്ങനെ ഒരുപാട് സംശയങ്ങള്‍ മിന്നി മാഞ്ഞു. ആ കാലഘട്ടത്തില്‍ എന്റെ വാര്‍ഡില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ തീരുമാനിക്കുക ഇത് എന്തായിരുന്നു.

എന്റെ വീടിന്റെ മുന്‍പിലൂടെ ഒരു ചെറിയ തോടുണ്ട്. ഈ തോട് റോഡ്മായി സന്ധിക്കുന്ന ഒരു ഭാഗമുണ്ട് മഴക്കാലാത്ത് ഈ തോട് നിറഞ്ഞ് റോഡിലേക്ക് വെള്ളം കയറി നടക്കാന്‍ പോലും വയ്യത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നു. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ പ്രശ്നം ഞങ്ങളുടെ ചുറ്റുവട്ടത്തുള്ളവരെ വളരെയേറെ ബുദ്ധിമുട്ടിച്ചിരുന്നു. എന്റെ ചെറുപ്പകാലത്ത് ഒരു ഗര്‍ഭിണിയായ സ്ത്രീയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയ ജീപ്പ് ഈ സ്ഥലത്ത് ചെളിയില്‍ താഴ്‌ന്ന് പോയപ്പോള്‍ ആ സ്ത്രീ എന്റെ വീട്ടില്‍ വച്ച് പ്രസവിക്കേണ്ട അവസ്ഥയും ഉണ്ടായി. ഒരുപാട് നാളായി ഈ ഭാഗത്ത് ഒരു കലിങ്ക് പണിയുവാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. ഞങ്ങളുടെ ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ജനകീയ ആസൂത്രണ കാലഘട്ടത്തില്‍ കലിങ്ക് പണിയുവാന്‍ 60000 രൂപാ അനുവദിച്ചു കിട്ടുകയുണ്ടായി. എന്നാല്‍ ജനകീയ ആസൂത്രണത്തില്‍ അന്നുണ്ടായിരുന്ന നിബന്ധന അനുസ്സരിച്ച് ജനകീയ സമിതിയാണ് ഈ ജോലികള്‍ ഏറ്റെടുത്ത് നടത്തേണ്ടിയിരുന്നത്. മാത്രവുമല്ല ആദ്യ ഘടുവായ 12000 രൂപ സമാഹരിച്ച് ഒന്നാം ഘട്ടം നടപ്പിലാക്കിയാല്‍ മാത്രമേ തുക ലഭിക്കുകയും ചെയ്യുകയുള്ളൂ.

ഈ വിഷയം ജനകീയ സഭയില്‍ ചര്‍ച്ച ചെയ്യുകയും എന്റെ അഛനേയും അയല്‍‌വാസിയായ മത്തച്ചന്‍ ചേട്ടനേയും മേല്‍നോട്ടത്തിനായി കമ്മിറ്റി നിയമിച്ചു. മത്തച്ചന്‍ ചേട്ടനായിരുന്നു കണ്‍‌വീനര്‍. കരാറുകാരേ പൂര്‍ണ്ണമാറ്യി ഒഴിവക്കണം എന്ന നിര്‍ദ്ദേശമുണ്ടായിരുന്നതിനാല്‍ പണം ലഭിക്കുന്നത് കണ്‍‌വീനര്‍ക്കായിരുന്നു. കമിറ്റി രൂപികരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ സ്ഥലത്തെ പ്രധാന്‍ കോണ്‍‌ട്രാക്ടര്‍ എന്റെ വീട്ടില്‍ എത്തുകയും ഈ പണി ആ കാലഘട്ടത്തിലെ പണിക്കൂലി വച്ച് തീര്‍ക്കാന്‍ കഴിയില്ല എന്നും പറഞ്ഞു. മാത്രവുമല്ല ഞങ്ങള്‍ പറയുന്നതു പോലെ ഈ കലിങ്ക് അയാള്‍ പണിതു തരാം എന്നും അയാള്‍ക്ക് ഞങ്ങള്‍ 50000 രൂപാ നല്‍കിയാല്‍ മതിയെന്നു പറഞ്ഞു. ഞങ്ങള്‍ക്ക് 60000 രൂപക്ക് നടത്താന്‍ കഴിയാത്ത പണി എങ്ങനെ 50000 ന് അയാള്‍ നടത്തും എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പണിക്കാരേ ഒറീസയില്‍ നിന്ന് കൊണ്ടുവന്ന് താമസിപ്പിച്ചിരിക്കുകയാണ് എന്നും അവരുടെ കൂലി കേവലം 50 രൂപ മാത്രമാണ് എന്നും വെളിപ്പെടുത്തി. അഛന്‍ ഈ വിവരം കമ്മിറ്റിക്കാരെ അറിയിച്ചു എന്നാല്‍ കമ്മിറ്റി സ്വന്തമായി ഈ ജോലി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ആദ്യ ഘടുവായ 12000 രൂപ കടമായി ചിലരില്‍ നിന്ന് വാങ്ങുകയും ചെയ്തു.

തയ്യില്‍ ബാബു ഈഴക്കുന്നേല്‍ ടോമി പുതുപ്പറമ്പില്‍ വര്‍ക്കിച്ചന്‍ ചേട്ടന്‍ മുതലായവരുടെ ആവേശ്വജ്ജലമായ നേതൃത്വത്തില്‍ പണി ആരംഭിച്ചു. ശനി ഞായര്‍ ദിവസങ്ങളി ചുറ്റുവട്ടത്തുള്ളവര്‍ പരമാവധി ശ്രമദാനം നടത്തി. പക്ഷെ 60000 രൂപക്ക് ഈപ്പണി തീരുമോ എന്ന സംശയം എല്ലാവരേയും അലട്ടി. അപ്പോള്‍ ഒരാള്‍ ഒരു പുതിയ സാധ്യത അവതരിപ്പിച്ചു. അന്ന് ജെ.സി.ബി വ്യാപകമായിത്തുടങ്ങിയ കാലമായിരുന്നു. രാത്രിയില്‍ ഇത് വാടക്കെടുത്താല്‍ കുറഞ്ഞ നിരക്ക്ലില്‍ ലഭിക്കും എന്നതിനാല്‍ ഞങ്ങളുടെ റോഡിലെ 2 കുന്ന് ഇടിച്ച് മണ്ണ് സംഭരിച്ചാല്‍ ഈ കലിങ്കിനാവശ്യമായ മണ്ണ് ലഭിക്കുകയും അതോടൊപ്പം റോഡിലെ കുന്ന് കുറയുകയും ചെയ്യും എന്ന നിര്‍ദ്ദേശം വച്ചു. അതോടെ പണിയുടെ വേഗത് വര്‍ദ്ധിച്ചു. പിന്നെകണ്ടത് കലിങ്ക് യാഥാര്‍ഥ്യമായതാ
ണ്
കലിങ്കിന്റെ ചിത്രങ്ങള്‍

ഈ പണി ചെയ്ത് തീര്‍ന്നതോടെ നാടുകാര്‍ ആവേശത്തിലായി. അപ്പോള്‍ അടുത്തത് എന്താണ് ചെയ്യുക എന്നതായി നോട്ടം റോഡിന്റെ ടാറിങ്ങായാലോ എന്ന ആശയം ഉയര്‍ന്നു വന്നു. അങ്ങനെ റോഡിന്റെ ടാറിങ്ങ് ഏറ്റെടുക്കാന്‍ ഇതേ കമ്മിറ്റി തീരുമാനിക്കുന്നു. അപ്പോഴേക്കും ഈ പണിയുടെ അവസാനത്തെ ഘടു ഒഴികേ എല്ലാം കിട്ടിക്കഴിഞ്ഞിരുന്നു. കുന്നിടിക്കല്‍ കലിങ്ക് പണിയുടെ ഭാഗമായി നടന്നിരുന്നതിനാല്‍ റോഡുപണിയുടെ ചിലവും കുറഞ്ഞു. 800 മീറ്ററോളം റോഡിന്റെ ടാറിങ്ങ് പൂര്‍ത്തിയാകി കമ്മിറ്റി വിദഗത സമിതിയുടെ പരിശോധനയും കഴിഞ്ഞ് മുഴുവന്‍ തുകയും വാങ്ങി അഡ്വാന്‍സായി കടം വാങ്ങിയ പണവും തിരികേക്കൊടുത്ത് അവസാന കണക്കെടുപ്പ് നടത്തിയപ്പോള്‍ 10000 ഓളം രൂപ ബാക്കി. ആ പണം കൊണ്ട് കമ്മിറ്റി തോടിന്റെ ബാക്കിയുള്ള ഭാഗത്തെ സൈഡ് വെട്ടുകല്ലുപയോഗിച്ച് കെട്ടി ആ പണവും ഗുണപരമായി ചിലവഴിച്ചു.
ഏതാണ്ട് 10 വര്‍ഷം മുന്‍പ് പണിത ആ റോഡിന്റെ ചിത്രങ്ങള്‍ കാണുക.


എന്റ അഭിപ്രായത്തില്‍ പങ്കാളിത്ത ജനാധിപത്യത്തിന്റെ നല്ല ഒരു ഉദാഹരണമായി എടുത്തു കാട്ടാവുന്ന മോഡലാണ് ഇത്. തികച്ചും അരാഷ്ട്രീയമായ ഒരു കൂട്ടായ്മയില്‍ നിന്നും നാടിന്റെ പൊതു ആവശ്യം നടപ്പിലാക്കാന്‍ ജനങ്ങളേ സഹായിക്കുന്ന ഒന്നായി ജനകീയ ആസൂത്രണത്തെ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്ന് ഞാന്‍ പറയും. നിങ്ങള്‍ എന്തു പറയുന്നു ?

15 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

പങ്കാളിത്ത ജനാതിപത്യം താഴേത്തട്ടിനെ അരാഷ്ട്രീയവല്‍ക്കരിക്കുകയും വര്‍ഗ്ഗ സമരത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് ജനശക്തിവാരികയില്‍ ആസാദ് പറഞ്ഞിരിക്കുന്നു.തോമസ് ഐസക്കിനെയും പങ്കാളിത്ത ജനാധിപത്യത്തേയും ആസാദ് ശക്തമായി എതിര്‍ക്കുന്നു. ഐസക്കിനെതിരെ ആസാദ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രധാനമായത് താഴേത്തട്ടില്‍ രാഷ്ട്രീയം ഒഴിവാക്കുന്നു എന്നതാണ് .മാത്രവുമല്ല കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലാത്ത് നടന്ന ജനകീയ ആസൂത്രണം ഇത്തരത്തിലുള്ള ഒന്നാണ് എന്നും ആസാദ് സമര്‍ത്ഥിക്കുന്നു.
ഈ അവസര‍ത്തില്‍ എന്റെ നാട്ടില കഴിഞ്ഞ ജനകീയ ആസൂത്രണത്തില്‍ നടന്ന് വികസനപ്രവര്‍ത്തനങ്ങള്‍ പങ്കുവ്യ്ക്കുന്നു.

Radheyan said...

ഇത് എല്ലായിടത്തും സംഭവിക്കുന്നില്ല എന്നത് തന്നെ അല്ലേ ജനകീയാസൂത്രണം പരാജയപ്പെടാനുള്ള കാരണം.

താത്വികമായ എതിര്‍പ്പിനു കാരണം ഇതൊന്നുമാണെന്ന് തോന്നുന്നില്ല.ഈ പറയുന്ന ഐസക്ക് വിരോധികള്‍ എല്ലാം ഇ.എം.എസ് ഭക്തരാണ്.ഈ പരിപാടിക്ക് ഒരു നിയത രൂ‍പം നല്‍കിയത് ഇ.എം.എസ് ആണെന്നാണ് പൊതുവേ പറയപ്പെടുന്നത്(അത് പൂര്‍ണ്ണമായി ശരി അല്ലെങ്കിലും).എന്തു കൊണ്ട് ഐസക്കിനെ കുറ്റപ്പെടുത്തുന്നവര്‍ ഇന്നും ഇ.എം.എസിനെ വിമര്‍ശിക്കുന്നില്ല എന്നത് അല്‍ഭുതമായി തോന്നുന്നു.

ചില പോയിന്റുകള്‍ എനിക്കും വസ്തുതാപരമായി തോന്നിയിട്ടുണ്ട്.അതില്‍ പ്രധാനം തദ്ദേശസ്ഥാപനങ്ങളെ അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളില്‍ നിന്ന് നേരിട്ട് കടം എടുക്കാന്‍ അനുവദിക്കുന്ന സാമ്പത്തിക നയമാണ്.അതിലൂടെ ആ പണത്തിന്റെ ഉപയോഗത്തിന്റെ റിമോട്ട് അത്തരം ഏജന്‍സികളുടെ കൈയ്യില്‍ ആകും എന്നതില്‍ സംശയമില്ല.അത് താഴെതട്ടിലെ ആസൂ‍ത്രണം എന്ന സങ്കല്‍പ്പം തകര്‍ക്കും.

N.J ജോജൂ said...

ഒന്നാമതായി കിരണിന് അഭിനന്ദനങ്ങള്‍.

1. അരാഷ്ടീയ വത്കരണം എന്ന പ്രയോഗം പലപ്പോഴും തെറ്റാണ്. കക്ഷി രാക്ഷ്ടീയക്കാരെ മാനിയ്ക്കാത്തവരെ പൊതുവെ പറയുന്നത് അരാഷ്ടീയക്കാരെന്നാണ്. രാഷ്ട്രീയം എന്നത് ഒരു രാഷ്ടീയപാര്‍ട്ടിയുടെയും കുത്തകയല്ല. ഒരു രാഷ്ടീയപാര്‍ട്ടിയില്‍ വിശ്വസിയ്ക്കാത്തവനും രാഷ്ടീയമുണ്ട്, നാടിന്റെ നന്മയെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ അതാണ് രാഷ്ട്രീയം. രാഷ്ട്രത്തെ സംബന്ധിയ്ക്കുന്നതും പാര്‍ട്ടികളെ സംബന്ധിയ്ക്കാത്തതും.

2. കേട്ടിടത്തോളം അഥവാ ഞാന്‍ അറിഞ്ഞിടത്തോളം (തെറ്റായിക്കൂടാ എന്നില്ല)ഇ.എം.എസ് ന്റെ ജനകീസാസൂത്രണവും ഐസക്കിന്റെ ജനകീസാസൂത്രണവും തമ്മില്‍ വ്യത്യാസമുണ്ട്. ഐസക്ക് ജനകീയാസൂത്രണത്തിലൂടെ പ്രാദേശികമായ പുരോഗതി ഉന്നംവയ്ക്കുമ്പോള്‍ ഇ.എം.എസ് അത് പാര്‍ട്ടിയുടെ വളര്‍ച്ച എന്ന സങ്കുചിതമായ താത്പര്യത്തിനു വേണ്ടിയായിരുന്നു വിഭാവനം ചെയ്തത്.

3. താഴേത്തട്ടിലെ ആസൂത്രണം എല്ലാത്തരത്തിലും ശരിയായിക്കൊള്ളണമെന്നില്ല. പലപ്പോഴും സങ്കുചിതമായ താത്പര്യങ്ങള്‍ വന്നു കൂടായ്കയില്ല. താഴേത്തട്ടിലുള്ള ആസൂത്രണത്തെ ശരിയായ ദിശയിലേയ്ക്ക് നയിയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ വേണം.

4. അനാവശ്യമായ കക്ഷിരാക്ഷിരാഷ്ട്രീയ താത്പര്യുങ്ങള്‍ പലപ്പോഴും പലതിനും വിലങ്ങു തടിയാവാറുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ പ്രദേശം CPI(M) ന് ശക്തമായ വേരോട്ടമുള്ള സ്ഥലമാണ്. CPI(M)ന് മൈലേജ് കിട്ടാത്ത പദ്ധതികളെ പരമാവധി തുരംഗം വയ്ക്കുവാനുള്ള പരിശ്രമങ്ങള്‍ പ്രതേകിച്ചും അവര്‍ പ്രതിപക്ഷത്തായിരിയ്ക്കുന്ന സന്ദര്‍ഭത്തില്‍ നടത്തിയിട്ടൂ‍ണ്ട്.(തിരിച്ച് അങ്ങനെയുണ്ടോ എന്ന് അറിഞ്ഞുകൂടാ)

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജു ജനശക്തി വാരിക വായിച്ചിട്ടുണ്ടോ. ഇപ്പോള്‍ ഓണ്‍ലൈനിലും ലഭ്യമാണ്‌ . ആസാദിന്റെ ലേഖനം അതില്‍ ഉണ്ടായിരുന്നു ഇപ്പോള്‍ കാണുന്നില്ല. ഞാന്‍ അതിന്റെ ഒരു കോപ്പി ഏടുത്തു വച്ചിട്ടുണ്ട്‌ അയച്ചു തരാം.

ആസാദിന്റ അഭിപ്രായത്തില്‍ EMS വിഭാവനം ചെയ്യുന്നത്‌ ജോജു പറഞ്ഞ തരത്തിലുള്ള ഒരാശയം തന്നേയാണ്‌ എന്നാണ്‌. ഐസക്കതിനെ അരാഷ്ട്രിയവല്‍ക്കരിച്ചു എന്നതാണ്‌ പ്രധാന ആരോപണം. എനിക്കതില്‍ ഏറ്റവും ചിരിവന്നത്‌ താഴേത്തട്ടിലെ ആസൂത്രണത്തില്‍ ആരാഷ്ട്രീയം വന്നാല്‍ വര്‍ഗ്ഗ സമരത്തെ ദുര്‍ബലപ്പെടുത്തും എന്നൊക്കെപ്പറയുന്നതാണ്‌. പക്ഷെ ഒന്ന് പറയാതെ വയ്യ കഴിഞ്ഞ 10 വര്‍ഷമായി വര്‍ഗ്ഗ സമരം ഞങ്ങളുടെ നാട്ടില്‍ ഉണ്ടായില്ല ജനകീയ ആസൂത്രണം വഴി ഉണ്ടായ അരാഷ്ട്രീയവല്‍ക്കരണം കൊണ്ടാകും അല്ലേ

ഐസക്കിനേക്കുറിച്ച്‌ പറയുമ്പോള്‍ ആന്റിണിയേക്കുറിച്ച്‌ പറയാതെ പോകുന്നത്‌ ശരിയല്ല. ആന്റണി ഭരണത്തിലിരിക്കുമ്പോള്‍ നടന്ന പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ ആന്റണി ആഹ്വാനം ചെയ്ത UDF നെ ജയിപ്പിക്കാനല്ലായിരുന്നു. കഴിവുള്ളവരെ തെരെഞ്ഞെടുക്കണം എന്നായിരുന്നു. താഴേത്തട്ടില്‍ രാഷ്ട്രീയവല്‍ക്കരണം ഗുണം ചെയ്യില്ല എന്ന് വിചാരിച്ചിരുന്ന ആളാണ്‌ ആന്റണിയും.

പിന്നെ രാഷ്ട്രീയ മെയിലേജ്‌ ഉണ്ടാക്കാന്‍ CPM മാത്രമല്ല കോണ്‍ഗ്രസും മോശമല്ല എന്നതാണ്‌ എന്റ അനുഭവം. പക്ഷെ CPM നെപ്പോലെ കടുമ്പിടുത്തം ഇല്ല പാര്‍ട്ടിക്ക്‌ താഴേത്തട്ടില്‍ ഉള്ളരവരുടെ മേല്‍ വലിയ ഹോള്‍ഡില്ലാത്തതിനാല്‍ ഒരു പരിധിവരെ അവരെ സ്വാധീനിക്കാന്‍ കഴിയും ( പണം കൊടുത്ത്‌ എന്ന് തെറ്റായി ധരിക്കരുത്‌)

നചികേതസ്സ് said...

കിരണ്‍,
കേരളത്തിലധികമില്ലാത്തതിനാല്‍ ജനകീയാസൂത്രണത്തിന്റെ പ്രായോഗിക വശങ്ങള്‍ ഏറെ മനസ്സിലായിട്ടില്ല, എന്നാലും ഒന്നു ബോധ്യമായി ഭൂ പരിഷ്കരണം നടത്തിയപ്പോള്‍ പശ്ചിമബംഗാളില്‍ പാര്‍ട്ടി കാണിച്ച് ബുദ്ധിയാണ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴി യഥാര്‍ത്ഥ ആവശ്യക്കാരനു ഭുമിയെത്തിക്കുക എന്ന ആശയം അതു പൂര്‍ണ്ണമായും വിജയിച്ചതിന്റെ ഫലമാണെന്നു തോന്നുന്നു കഴിഞ്ഞ 30 വര്‍ഷത്തെ പാര്‍ട്ടി ഭരണം .ഈ ആശയം നടപ്പിലാക്കാന്‍ ഇ.എം.എസ്സ് വേറൊരു തരത്തില്‍ കേരളത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു ഡോ.തോമസ്സ് ഐസക്ക് അതിന്റെ അരാഷ്ട്രീയമുഖം കാണിച്ചു തന്നുവെങ്കിലും കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ആധിപത്യം പൂര്‍ണ്ണമായും ഉറപ്പിക്കാന്‍ സി.പി.എം കഴിഞ്ഞുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒരു കാര്യംകൂടി ബോധ്യമായി കേരളത്തിനു പ്രാദേശികാ‍ടിസ്ഥാനത്തില്‍ ഏറെ ചെറുകിട കോണ്‍ ട്രാക്ടര്‍മാരെയും ഇപ്പോള്‍ വസ്തു ബ്രോക്കര്‍മാരെയും ഉണ്ടാക്കാനു പാര്‍ട്ടിക്ക് ഏറെ കഴിഞ്ഞു, അതും കുറച്ചു കാണാന്‍ പാടില്ലാത്തതാണ്

കിരണ്‍ തോമസ് തോമ്പില്‍ said...

രാഷ്ട്രീയവല്‍ക്കരണത്തിന്റെ അടുത്ത പടിയാണ്‌ കോണ്ട്രാക്റ്റര്‍വല്‍ക്കരണം. ഒരു കോണ്ട്രാക്ടറുടെ പ്രലോഭനത്തെ മറികടക്കണമെങ്കില്‍ അപാര ഇഛാശക്തി വേണം. 60000 രൂപയുടെ പ്രോജറ്റില്‍പ്പോലും കോണ്‍ട്രക്ടര്‍ പിറ്റിമുറുക്കും.

Anonymous said...

>>>>>>>>>>>>>>>>>>>>>
2. കേട്ടിടത്തോളം അഥവാ ഞാന്‍ അറിഞ്ഞിടത്തോളം (തെറ്റായിക്കൂടാ എന്നില്ല)ഇ.എം.എസ് ന്റെ ജനകീസാസൂത്രണവും ഐസക്കിന്റെ ജനകീസാസൂത്രണവും തമ്മില്‍ വ്യത്യാസമുണ്ട്. ഐസക്ക് ജനകീയാസൂത്രണത്തിലൂടെ പ്രാദേശികമായ പുരോഗതി ഉന്നംവയ്ക്കുമ്പോള്‍ ഇ.എം.എസ് അത് പാര്‍ട്ടിയുടെ വളര്‍ച്ച എന്ന സങ്കുചിതമായ താത്പര്യത്തിനു വേണ്ടിയായിരുന്നു വിഭാവനം ചെയ്തത്.
>>>>>>>>>>>>>>>>>>>>>


SHUDDA ABAHAM
Para congress karan find this reason to oppose Peoples Planning.

If Thomas Issac's People's planing was different then why UDF opposed it?
Why Manorama Chief Editor resign from the Peoples Planning?

EMS was alway suggesting on Developmental politics should not include any party politics. Because developmental politics itself is a left idea and beyond the party politics it is a politics of ideas.

People's Planning itself is a political ideology what kind of politics inside that CPM needs?

Success of Peoples Planning is the success of CPM to defet that congress and its followers find idiotic reasons.


When Peoples planning was introduced govt. formed a committe
EMS wast the chairman
Opposition Leader AK Antony was the Vice Chairman (If i am not wrong). Chief Editors of all Kerala Daily was in the Committe.

KM Mathew of Manorama after seeing the success of Peoples Planning resigned from the committe and start writing against it. AK Antony start playing the game against it by seeing the successs of Peoples Planning Congress understand THEY CANNOT COME BACK TO POWER if Peoples Planning will implement successfully.

Then Congress start crying this is the Idea of Rajiv Gandhi. Even the last UDF govt. Under Antony try to change the name of Peoples Planning for what reason?

Anonymous said...

K E R Reforms in Kerala Education Sector we can see VERY SOONER another game very similar PLOT on Peoples Planning.

By Manorama, Congress and Religious Leadership.

Those people who don't know the history of Peoles Planning, Please wait for coming months.

A Same Plot's Reharseal started already in the backdoor.


Please wait.

അനംഗാരി said...

കിരണ്‍:അരാഷ്ട്രീയ വാദം എന്ന് പറയുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ എതിര്‍ക്കലല്ല, മറിച്ച് രാഷ്ട്രത്തെ സംബന്ധിക്കുന്ന ഗൌരവമായ തീരുമാനങ്ങളെ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള പക്ഷം ചേരലുകളും ചെയ്യാതെ പുറം തിരിഞ്ഞു നില്‍ക്കുന്നവനാണ് അരാഷ്ട്രീയവാദി എന്നത്കൊണ്ട് അര്‍ത്ഥമാക്കുന്നത്.ഒരു അരാഷ്ട്രീയവാദി എന്നും രാഷ്ട്രത്തെ സംബന്ധിച്ച തീരുമാനങ്ങളില്‍ ഭാഗം പിടിക്കുന്നില്ല. അവര്‍ക്ക് അവരുടേതായ ലാഭേച്ഛ മാത്രമായിരിക്കും ലക്‍ഷ്യം.

ഇനി വിഷയത്തിലേക്ക്:ഞാന്‍ ജനകീയ ആസൂത്രണ പദ്ധതിയുടെ റിസോഴ്സ് പേഴ്സണ്മാരില്‍ ഒരാളായിരുന്നു ഞാന്‍.
എല്ലാ മര്‍മ്മ പ്രധാന തസ്തികകളില്‍, ശാസ്ത്ര സാഹിത്യ പരിഷത്തുകാരും, മാര്‍ക്സിസ്റ്റ് കാരും അവരോധിക്കപ്പെടുകയും, പദ്ധതിയുടെ ഭാഗമായി എന്ത് നടപ്പാക്കണം എന്ന് അവര്‍ തീരുമാനിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയ ഒരു സാ‍ഹചര്യത്തില്‍ ഞാന്‍ സ്വയം പിന്‍‌വാങ്ങി.
ഞാന്‍ പറഞ്ഞുവരുന്നത് ഇങ്ങനെ പല തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും ആസൂത്രണ പദ്ധതിയെ ഉപയോഗിച്ചെന്നാണ്.
ഒന്നു പറയട്ടെ, ഇത് പക്ഷെ സംസ്ഥാനത്തെ എല്ലായിടത്തും സംഭവിച്ചിട്ടില്ല.മറിച്ച് നല്ല കൂട്ടായ്മയിലൂടെ നല്ല നല്ല പദ്ധതികള്‍ നടപ്പിലാകുകയും അതിന്റെ ഗുണമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
തുടക്കത്തിലുണ്ടായ ജനകീയ ആസൂത്രണ പദ്ധതിയെ, പരിഷത്തുകാര്‍ അട്ടിമറിക്കുകയും, അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആസൂത്രണം ചെയ്യുകയുമാണുണ്ടായത്.
(സാക്ഷരതാ യജ്ഞ പരിപാടിയിലും ഇതു തന്നെയാണ് സംഭവിച്ചത്. ശ്രീ .കെ.ആര്‍.രാജന്‍ എറണാകുളം ജില്ലാ കളക്ടര്‍ ആയിരിക്കുമ്പോള്‍ നടപ്പിലാക്കിയ പദ്ധതിയെ പരിഷത്തിന്റെ പദ്ധതിയെന്ന നിലയില്‍ സംസ്ഥാനത്ത് മുഴുവന്‍ വ്യാപകമാക്കുകയും, അവാര്‍ഡുകള്‍ വരെ പരിഷത്ത് കാര്‍ തട്ടിയെടുക്കുകയും ചെയ്ത ദയനീയമായ കാഴ്ച പിന്നീട് കാണേണ്ടി വന്നു.)

ജനകീയാസൂത്രണ പദ്ധതിയിലും അഴിമതിയും,സ്വജന പക്ഷപാതവും ഉണ്ടായി എന്നത് നേരാണ്. അഴിമതിനിരോധന കോടതിമുന്‍പാകെ പല കേസുകളും ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നാണ് എന്റെ ഓര്‍മ്മ.എന്നാല്‍ വലിയൊരു ജനകീയ മുന്നേറ്റം ഉണ്ടാക്കുന്നതിന് ജനകീയ ആസൂത്രണ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.അതുവഴി താഴെ തട്ടിലെ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായി വേരുണ്ടാക്കാന്‍ അതിന് കഴിഞ്ഞു എന്നത് ഒരു സത്യവുമാണ്. ഇതിന്റെ ചുവടു പിടിച്ചാണ്,കുടുംബശ്രീയും, മറ്റും ഉണ്ടായത്. സ്ത്രീകള്‍ക്കിടയില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ അത് വഴി കഴിയുകയും ചെയ്തു.

കോണ്‍ഗ്രസ്സിനെയും മറ്റിതര പ്രസ്ഥാനങ്ങളേയും അകലം പാലിച്ച് നിര്‍ത്തിയതുമൂലവും, തുടക്കത്തിലുണ്ടായ രാഷ്ട്രീയ പക്ഷപാതവും മൂലവും,കോണ്‍ഗ്രസ് തുടങ്ങിയ മറ്റു പാര്‍ട്ടികള്‍ ഇതുമായി കൂടുതല്‍ സഹകരിച്ചില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തന്മൂലം,അവര്‍ക്ക് അത് ക്ഷീണവും, മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അത് നേട്ടവും ഉണ്ടാക്കി.

ചുരുക്കത്തില്‍, .അന്താരാഷ്ട്ര ഗൂഢാലോചന താഴെ തട്ടില്‍ ഉണ്ടായിട്ടില്ല.മറിച്ച് മുകള്‍ തട്ടില്‍ ഉണ്ടായി എന്ന് പലവുരു സുധീഷ് ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതാണല്ലോ?
മറ്റൊന്ന്, അന്താരാഷ്ട്ര മോനിറ്ററിംഗ് സമിതിയുടെ കൈകടത്തല്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയുകയില്ല എന്നതാണ്.അവരുടെ പണം ഉപയോഗിക്കുന്നിടത്തോളം കാലം.
പങ്കാളിത്ത ജനാധിപത്യം എല്ലായിടത്തും ഉണ്ടായിട്ടില്ല.തുടക്കത്തില്‍ ഉണ്ടായിരുന്ന പങ്കാളിത്ത ജനാധിപത്യം, മാര്‍ക്സിസ്റ്റ് ജനാധിപത്യത്തിലെക്ക് വഴിമാറുകയും അതു വഴി പദ്ധതികള്‍ അട്ടിമറിക്കപ്പെടുകയും ചെയ്തുവെന്ന് കാണാം.
പങ്കാളിത്ത ജനാധിപത്യത്തിന് അതിന്റേതായ ഗുണഗണങ്ങള്‍ ഉണ്ട്.അത് നല്ല സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കും.അതോടൊപ്പം രാഷ്ട്രീയ വല്‍ക്കരണത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്യും.ഈ അപകടം മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്നീട് രാഷ്ട്രീയ വല്‍ക്കരണത്തിലൂ‍ടെ മറികടക്കുകയും ചെയ്തു.

ചുരുക്കത്തില്‍ ജനകീയ ആസൂത്രണം ഒരു പരാജയവും വിജയുവും ആയിരുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ജനകീയ ആസൂത്രണം മികച്ച ആശയമാണ്‌ എന്നതില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടാകാന്‍ സാധ്യത ഇല്ല. അതില്‍ അരാഷ്ട്രീയ വല്‍ക്കരണം നടത്താന്‍ ഐസക്ക്‌ ശ്രമിക്കുന്നു എന്നാണ്‌ തീവ്ര ഇടതുപക്ഷക്കാര്‍ വാദിക്കുന്നത്‌. അതിന്‌ അവര്‍ പറയുന്ന കാരണങ്ങള്‍ ലോകബാങ്ക്‌ പോലെയുള്ള സ്ഥാപനങ്ങളുമായി നേരിട്ടിടപെടാന്‍ ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ സാധിക്കും എന്നതുകൊണ്ട്‌ കൂടിയാണ്‌. ഇവര്‍ പൊതുവേ ആരോപിക്കുന്നത്‌ താഴേത്തട്ടിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ഇനി ഇത്തരം ഏജന്‍സികളുടെ ഇടപെടല്‍ ഉണ്ടാകും എന്നാണ്‌. എങ്ങനെ ഉള്ള ഇടപെടലുകളാകും നടക്കുക ? അവര്‍ നല്‍കുന്ന പണം കൃത്യമായി ഉപയോഗിച്ച്‌ ഫലം കാണുന്നുണ്ടോ എന്ന് അവര്‍ നിരീക്ഷിക്കും. അതേപോലെ തിരിച്ചടവ്‌ നടത്താന്‍ ഫലപ്രദമായ ഇടപെടലുകളാണോ അവയെന്നും നിരീക്ഷിക്കും. പക്ഷെ തിരിച്ചടവ്‌ ലഭിക്കാന്‍ സഹായിക്കുന്ന പദ്ധതികളെ മാത്രമേ ഇവര്‍ സഹായിക്കൂ എന്ന് കരുതാന്‍ വയ്യ. കാരാണം അത്തരത്തിലുള്ള വന്‍ പദ്ധതികള്‍ മാത്രം നടത്താന്‍ കഴിയുന്ന ഒരു സാഹ്ചര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇല്ല. അപ്പോള്‍ കൃത്യമായി വരുമാനം ശേഖരിക്കാന്‍ പഞ്ചായത്തുകള്‍ ശ്രമിക്കുന്നുണ്ടോ. അല്ലെങ്കില്‍ പഞ്ചായത്ത്‌ നല്‍കുന്ന സേവനങ്ങള്‍ അത്‌ അര്‍ഹിക്കാത്തവര്‍ക്ക്‌ കിട്ടുന്നുണ്ടോ പദ്ധതി ചിലവകുകള്‍ കൃത്യമായി ഓഡിറ്റ്‌ ചെയ്ത്‌ സൂക്ഷിക്കിന്നുണ്ടോ എന്നൊക്കെ ഏജന്‍സികള്‍ ശ്രദ്ധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ന് പഞ്ചായത്തുകളില്‍ നടക്കുന്ന ഫണ്ട്‌ മാനേജ്മെന്റിലെ കെടുകാര്യസ്ഥത അറിഞ്ഞാല്‍ ഇത്തരത്തിലുള്ള ഒരു മോണിറ്ററിങ്ങ്‌ അത്യാവശ്യമാണ്‌ എന്ന് പറയേണ്ടി വരും. ഒരു എതിര്‍പ്പ്‌ എന്ന നിലയില്‍ നമുക്ക്‌ തോന്നുന്നത്‌ പുതുതായി ലഭിക്കുന്ന സൌകര്യങ്ങള്‍ക്ക്‌ അല്‍പം പണം അധികം നല്‍കേണ്ടി വരും. പക്ഷെ അതിനനുസ്സരിച്ച്‌ ജീവിത സാഹ്ചര്യങ്ങള്‍ മെച്ച്കപ്പെടും എന്നതുമായി തട്ടിച്ച്‌ നോക്കണം എന്നാണ്‍` എനിക്ക്‌ പറയനുള്ളത്‌

മാരീചന്‍ said...

പങ്കാളിത്ത ജനാധിപത്യം (Participatory Democrasy) എന്നാലെന്തെന്ന് വിക്കിപീഡിയ ഇങ്ങനെ പറയുന്നു.
Participatory democracy is a process emphasizing the broad participation (decision making) of constituents in the direction and operation of political systems. While etymological roots imply that any democracy would rely on the participation of its citizens (the Greek demos and kratos combine to suggest that "the people rule"), traditional representative democracies tend to limit citizen participation to voting, leaving actual governance to politicians.

യഥാര്‍ത്ഥ ഭരണ നിര്‍വഹണം രാഷ്ട്രീയക്കാരെ ഏല്‍പ്പിച്ച് പൗരന്മാരെ വെറും വോട്ടിംഗില്‍ ഒതുക്കുന്ന പ്രാതിനിധ്യ ജനാധിപത്യത്തെക്കാള്‍ സമൂഹത്തിന് ഗുണം ചെയ്യുന്നത് പങ്കാളിത്ത ജനാധിപത്യമാണെന്ന് കാണാന്‍ വിഷമമില്ല.

എന്നാല്‍ പാര്‍ട്ടി ഓഫീസുകളുടെ ഇടുങ്ങി മുറികള്‍ വഴിയാണ് വിപ്ലവം വരുന്നതെന്ന് പഠിച്ചു വെച്ചിരിക്കുന്നവര്‍ ജനപങ്കാളിത്തത്തിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കാനോ അതിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനോ അശക്തരാണ്. ഞങ്ങള്‍ പറയും നിങ്ങള്‍ കേള്‍ക്കണം എന്ന അഹങ്കാരം വിലപ്പോവാത്തതാണ് ജനകീയാസൂത്രണം സൃഷ്ടിച്ച ഏറ്റവും വലിയ നേട്ടം.

കേരളത്തിന്റെ സാഹചര്യങ്ങളില്‍ ഈ പരീക്ഷണങ്ങള്‍ക്ക് നേട്ടവും കോട്ടവും ഉണ്ട്. എന്നാല്‍ ഒരുപരീക്ഷണത്തിന്റെയും ജയാപജയങ്ങള്‍ ഉടന്‍ഫലത്തെ ആശ്രയിച്ചല്ല, വിലയിരുത്തപ്പെടേണ്ടത്.

കിരണ്‍ ഉദ്ധരിക്കുന്ന ആസാദിന്റെ ലേഖനം ലേഖകന്റെ മനോവിഭ്രാന്തികള്‍ക്ക് സൈദ്ധാന്തിക ന്യായീകരണം നല്‍കാനുളള പാഴ് ശ്രമമാണ്. പങ്കാളിത്ത ജനാധിപത്യം വഴി താഴെത്തട്ടില്‍ അധിനിവേശ ശക്തികള്‍ പ്രവേശിക്കുമെന്നും അത് വര്‍ഗ സമരത്തെ ദുര്‍ബലപ്പെടുത്തുമെന്നുമൊക്കെ തട്ടിവിട്ട് സ്വയം കാറല്‍ മാര്‍ക്സാകാന്‍ ശ്രമിക്കുകയാണ് ആസാദ്. ഇതിനൊന്നും ചരിത്രപരമോ സാമൂഹികമോ ആയ ഉദാഹരണങ്ങളൊന്നും നിരത്താന്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ താത്വികാചാര്യന്‍ എം എന്‍ വിജയനോ കഴിഞ്ഞിട്ടില്ല.

നിലവിലുളള രാഷ്ട്രീയത്തിന്റെ അപചയങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നവരെ അരാഷ്ട്രീയവാദികളെന്ന് മുദ്രകുത്തുന്നതും ഇക്കൂട്ടരുടെ സ്ഥിരം നമ്പരാണ്. അഴിമതിയും സ്വജനപക്ഷപാതവും അതിന്റെ ഏറ്റവും ഭീഷണമായ അളവില്‍ നടമാടുന്ന സമൂഹമാണ് നമ്മുടേത്. അതിനെ മുന്നോട്ടു നയിക്കാന്‍ പുതിയ പരീക്ഷണങ്ങളും ഇടപെടലുകളും കൂടിയേ കഴിയൂ.

സ്വയം നവീകരിക്കാന്‍ ശ്രമിക്കാത്തവരും മനസില്‍ ഉറഞ്ഞുപോയ പാഠങ്ങളില്‍ നിന്നും പുറത്തുകടക്കാന്‍ വൈമനസ്യമുളളവരും ഇത്തരം പരീക്ഷണങ്ങളെ എന്നും എതിര്‍ക്കും. നായകള്‍ കുരച്ചെന്നു വെച്ച് ചന്ദ്രന്‍ ഉദിക്കാതിരുന്നിട്ടില്ല.

ജനകീയാസൂത്രണവും സാക്ഷരതാ പ്രസ്ഥാനവും ചൂണ്ടിക്കാട്ടി പരിഷത്തിനെ അപമാനിക്കാന്‍ ശ്രമിക്കുകയും പരിഷത്ത് ഏതോ ഒരു ഭീകര സംഘടനയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരോട് സഹതാപമല്ലാതെ മറ്റെന്താണ് കാട്ടേണ്ടത്?

Anonymous said...

Kiran, Just a matter of Interest..Is your place a CPM dominant area or is it congress party that dominates.. from your naratives i can easily say, there wouldnt be many CPm supporters over there. IF yes,,you would be saying a different story..

chandrasekharannair said...

വര്‍ഷങ്ങളായി ഞാന്‍ കാണുന്ന എന്റെ പഞ്ചായത്ത് കിരണ്‍ പറയുന്നതില്‍ നിന്ന് വളരെ വിഭിന്നമാണ്. അതിന്റെ പ്രവര്‍ത്തനത്തിനുള്ള തെളിവായി ഞാനിട്ട പോസ്റ്റും ഇവിടെയും ഇരിക്കട്ടെ. ഗ്രാമ സഭയില്‍ ചര്‍ച്ചയോ പ്രവര്‍ത്തനമോ നടക്കാതായാല്‍ ഫണ്ടിന്റെ തെറ്റായ വിനിയോഗം മാത്രമേ നടക്കൂ. ആരും കാണാത്ത മിനിട്സും, ഗ്രാമസഭയും കള്ള ഒപ്പുകളിലൂടെ പലതും നടക്കും. ഇതിനൊരു പരിഹാരം വേണ്ടേ?

chandrasekharannair said...

അഞ്ചര ലക്ഷം ചെലവാക്കി നന്നാക്കിയ ഒരു കുളം വേണമെങ്കില്‍ ഞാന്‍ മൊബൈലില്‍ പടമെടുത്തിടാം. ആ കുളത്തിന്റെ ഒരു ചിത്രം കേരളഫാര്‍മര്‍ എന്ന പേജില്‍ ഉണ്ട്. അഞ്ചര ലക്ഷത്തില്‍ നിന്ന് എത്ര ലക്ഷം അടിച്ച് മാറ്റി എന്നറിയാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ചന്ദ്രേട്ടാ താങ്കളത്തന്നെ പറഞ്ഞല്ലോ ജന പങ്കാളിത്തം ഉണ്ടാകുന്നില്ലാ എന്ന്. അതുണ്ടാകാത്തതാണ്‌ ഈ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ജനാധിപത്യത്തിന്റെ അവസരങ്ങള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നില്ല. ഉപയോഗിച്ചാല്‍ പുരോഗതി ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. അതിനുള്ള ഉദാഹരണമാണ്‌ ഞാന്‍ മുന്നോട്ടു വച്ചത്‌. സോഷ്യല്‍ കമ്മിറ്റ്‌മന്റ്‌ ഉണ്ടായേ തീരൂ. അല്ലാതെ ജനാധിപത്യമെന്നാല്‍ രാജാവിനെ ജനങ്ങള്‍ തെരെഞ്ഞെടുക്കുന്ന ഒന്നാണ്‌ എന്ന് ധരിക്കുന്നതാണ്‌ തെറ്റ്‌