Friday, November 30, 2007

ഭൂപരിഷ്ക്കരണം പിന്‍വലിക്കാനായോ?

ഭൂപരിഷ്കരണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപിക്കപ്പെട്ട സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍സെക്രട്ടറി ടി. ബാലകൃഷ്ണന്റെ നിര്‍ദേശങ്ങളുടെ പൂര്‍ണരൂപം മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നു. എന്നാല്‍ വാര്‍ത്ത വിവാദമാക്കുകയും കിട്ടിയ അവസരത്തില്‍ ഇളമരം കരീമിനിട്ട്‌ ഒരു പണികൊടുക്കാനുപയോഗിക്കുകയും ചെയ്ത മാതൃഭൂമിയില്‍ നിന്ന് വ്യത്യസ്ഥമായി മനോരമ ഈ വിഷയത്തില്‍ ഒരു അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തു. അച്ചായന്‌ ഇതില്‍ എന്തെങ്കിലും സ്വാര്‍ത്ഥ താല്‍പര്യം കാണും എന്ന് മനോരമ വിരുദ്ധര്‍ കരുതും എങ്കിലും അതില്‍ മാതൃഭൂമിയേപ്പോലെ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചില്ല എന്നത്‌ ശ്രദ്ധേയം

ടി. ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം മനോരമയോടുള്ള കടപ്പാട്‌ അറിയിച്ചുകൊണ്ട്‌ യൂണിക്കോഡ്‌ പരിഭാഷ ചുവടേ ചേര്‍ക്കുന്നു
ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം


കേരളം വന്‍ ജനസംഖ്യാ വര്‍ധന നേരിട്ടുകൊണ്ടിരുന്ന അന്‍പതുകളിലും അറുപതുകളിലും കാര്‍ഷിക മേഖലയില്‍ അഭൂതപൂര്‍വമായ അസ്വാസ്ഥ്യം നിലനിന്നിരുന്നു. ജനസംഖ്യയുടെ 70 ശതമാനവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ സമഗ്രമായ നിയമനിര്‍മാണം അന്ന് അത്യാവശ്യമായിരുന്നു.

അങ്ങനെയാണു കേരളത്തിന്റെ ഗ്രാമീണ ഭൂമിശാസ്ത്രം തന്നെ മാറ്റിമറിച്ച കേരള ഭൂപരിഷ്കരണ നിയമം 1963ല്‍ kകൊണ്ടുവന്നത്. ലോകമെമ്പാടും വാഴ്ത്തപ്പെട്ട അത് മാതൃകാനിയമം തന്നെയായിരുന്നു. മറ്റു സംസ്ഥാനങ്ങളും ചില രാജ്യങ്ങള്‍ തന്നെയും ആ നിയമം പകര്‍ത്തി. കുടികിടപ്പുകാരന്റെ അവകാശം സ്ഥാപിക്കുന്നതില്‍ ആ നിയമം വിജയംകണ്ടു. മാന്യമായ വാടകയെന്ന ആശയം ആ നിയമമാണു കൊണ്ടുവന്നത്. കൃഷിചെയ്യുന്ന ഭൂമിയുടെ അവകാശം ജന്മികളില്‍നിന്നു ചോദിച്ചുവാങ്ങാന്‍ കുടിയാന്മാര്‍ക്കു കഴിഞ്ഞു. കുടികിടപ്പെന്ന സംവിധാനം തന്നെ ഇല്ലാതാക്കിയ ആ നിയമം പുതിയ കുടിയാന്മാര്‍ സൃഷ്ടിക്കപ്പെടുന്നതും തടഞ്ഞു. ആ നിയമംമൂലം കുടികിടപ്പുകാര്‍ക്കു പല അവകാശങ്ങളും ലഭിക്കുകയും അവനു വീടുവയ്ക്കാന്‍ സ്ഥലം ലഭ്യമാകുകയും ചെയ്തു. ഓരോരുത്തര്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂമിക്കു പരിധി നിശ്ചയിച്ചുവെന്നതാണ് ആ നിയമത്തിന്റെ മറ്റൊരു പ്രധാന നേട്ടം. അധികമായുണ്ടായിരുന്ന ഭൂമി മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.

ലക്ഷ്യം നേടാന്‍ കഴിഞ്ഞ വിജയകരമായ നിയമങ്ങളിലൊന്നാണു ഭൂപരിഷ്കരണ നിയമം. നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്നതായിരുന്നു ആ നിയമം എന്നതാണ് പ്രധാനപ്പെട്ട കാര്യം. കര്‍ഷകത്തൊഴിലാളികള്‍ക്ക് അത് മാന്യത നല്‍കി, വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു, അവര്‍ക്കു ഭൂമിയില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹനവും നല്‍കി. കുടികിടപ്പുഭൂമിയില്‍നിന്ന് കുടിയിറക്കപ്പെടുകയില്ലെന്ന ഉറപ്പ് ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വാസമായി. നിയതമായ വരുമാനമില്ലാതിരുന്ന ആയിരങ്ങള്‍ക്കു തൊഴില്‍ നേടാനും നിയമംമൂലം കഴിഞ്ഞു. മറ്റു തരത്തില്‍ ഭൂമിവാങ്ങാന്‍ പ്രാപ്തിയില്ലാതിരുന്ന ആയിരങ്ങള്‍ക്കു മിച്ചഭൂമി വിതരണത്തിലൂടെ ഭൂമി ലഭിച്ചു. സ്വന്തമായി ഒരു തുണ്ടു ഭൂമിയെന്നത് അവര്‍ക്കു സാമ്പത്തിക ഭദ്രത നല്‍കി; സമൂഹത്തില്‍ അവരുടെ അന്തസും ഉയര്‍ന്നു.

നിയമം നിലവില്‍വന്ന 1963ലെ സാഹചര്യവും 2007ലെ സ്ഥിതിയും തുലോം വിഭിന്നമാണ്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി 1963ല്‍ നിജപ്പെടുത്തിയിരുന്നു. അത്രയും ഭൂമി കൈവശമുണ്ടായിരുന്ന കുടുംബങ്ങള്‍ അത് ഇതിനകം കുറഞ്ഞത് രണ്ടു തവണയെങ്കിലും വിഭജിച്ചിട്ടുണ്ടാവും. ആറു കുട്ടികളുണ്ടായിരുന്ന ഒരു കുടുംബം ഭൂസ്വത്ത് വീതംവയ്ക്കുമ്പോള്‍ ഒരു കുട്ടിക്കു രണ്ടോ മൂന്നോ ഏക്കര്‍ മാത്രമാണല്ലോ ലഭിക്കുക. ഒരു വിഭജനംകൂടി നടന്നുവെന്നു കരുതുക. ഒരോ കുടുംബത്തിനും ലഭിക്കുന്ന ഭൂമിയുടെ വിസ്തീര്‍ണം ഒരേക്കര്‍വരെയായി കുറയും. ഇത്തരത്തിലുള്ള തുണ്ടുഭൂമികളില്‍ കൃഷിനടത്തുന്നത് ഒരിക്കലും ആദായകരമാവില്ല. അതിനാല്‍ പലരും ഭൂമി മറ്റുള്ളവര്‍ക്കു വില്‍ക്കുകയോ വീടുവയ്ക്കാനുള്ള പ്ളോട്ടുകളായി മാറ്റുകയോ ചെയ്തുകഴിഞ്ഞു. കുറെയേറെ ഭൂമി തരിശായി ഇട്ടിട്ടുമുണ്ട്. ചെറുകിട ഭൂ ഉടമകള്‍ക്കു കൃഷിക്കും ജലസേചനത്തിനും വന്‍തോതില്‍ പണം മുടക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ ഭൂപരിഷ്കരണ നിയമം വിജയകരമായി നടപ്പാക്കിയിട്ടും കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു വ്യക്തം.

കുടികിടപ്പില്ലാതായതോടെ ജന്മിത്വം അവസാനിച്ചു. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ സ്ഥലം പാട്ടത്തിനു കൊടുക്കുന്ന രീതി അനിവാര്യമായി മാറിയിരിക്കുന്നു. വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കു മാത്രമല്ല കൃഷിക്കുപോലും ഇത് അത്യന്താപേക്ഷിതമാണ്. കുടുംബശ്രീ, ഗ്രൂപ്പ് ഫാമിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ പരോക്ഷമായി പാട്ടവ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. അയല്‍ക്കാരന്റെ ഭൂമി പാട്ടത്തിനെടുത്ത് കൂടുതല്‍ സ്ഥലത്തു കൃഷിയിറക്കുകയെന്നത് കര്‍ഷകനു ലാഭകരമായ തൊഴിലാണിപ്പോള്‍. അതേസമയം ഭൂ ഉടമ കൂടുതല്‍ വരുമാനത്തിനായി വ്യവസായത്തിലോ മറ്റു മേഖലകളിലോ ജോലിചെയ്യേണ്ടതായും വരുന്നു. ഇപ്പോഴത്തെ പാട്ടസംവിധാനത്തിനു നിയമത്തിന്റെ പരിരക്ഷയില്ല. അതുകൊണ്ടു തന്നെ നിയമവിരുദ്ധമായ പുതിയ തരം പാട്ടവ്യവസ്ഥ വ്യാപകമായിട്ടില്ല.

ഭൂപരിഷ്കരണ നിയമത്തിനു മുന്‍പ് കുടികിടപ്പുകാരായിരുന്നവര്‍ നിയമം വന്നശേഷം സര്‍ക്കാര്‍ ഗ്രാന്റും മറ്റും നേടി നല്ല വീടുകള്‍ നിര്‍മിക്കുകയും ഭേദപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. അവരുടെ കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടി; ആരോഗ്യപരമായും അവര്‍ മെച്ചപ്പെട്ടു. ഭൂമിയുടെ വില വന്‍തോതില്‍ വര്‍ധിക്കുന്നതും യന്ത്രവല്‍ക്കരണവും വിവിധ സര്‍ക്കാര്‍ പദ്ധതികളുമെല്ലാം മുന്‍കാലത്ത് ഉണ്ടായിരുന്നതുപോലെയുള്ള കുടികിടപ്പ് ഇപ്പോള്‍ മിക്കവാറും അസാധ്യമാക്കിയിട്ടുണ്ട്. വന്‍ തോതില്‍ സബ്സിഡി നല്‍കിയിട്ടും കാര്‍ഷികോല്‍പാദനം ദിനംപ്രതിയെന്നോണം കുറഞ്ഞുവരുകയാണ്. ഇതിന്റെ യഥാര്‍ഥ കാരണങ്ങളെന്താണ്?

. തുണ്ടുഭൂമികളിലെ ലാഭകരമല്ലാത്ത കൃഷി
. ഫലപ്രദമല്ലാത്ത മാനേജ്മെന്റ്
. നിയമപരമായ കുരുക്കുകള്‍മൂലം സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ അഭാവം
കേരളത്തിന്റെ സമ്പദ് രംഗം വളരുന്നതിനനുസരിച്ച് വ്യവസായങ്ങള്‍ വരേണ്ടതുണ്ട്. ഐടി സമുച്ചയങ്ങള്‍, വന്‍ പാര്‍പ്പിട പദ്ധതികള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം കൂടുതലായി ഉണ്ടാകണം. ഇവയ്ക്കെല്ലാം വന്‍ തോതില്‍ ഭൂമി വേണം. എന്നാല്‍ നിലവിലുള്ള ഭൂപരിധിയോ 15 ഏക്കര്‍ മാത്രവും. ആവശ്യമായത്ര ഭൂമി ലഭ്യമാക്കാന്‍ കഴിയാത്തതുമൂലം വന്‍ പദ്ധതികള്‍ കേരളത്തിലേക്കു വരാന്‍ മടിക്കുന്നു.

ഭൂപരിഷ്കരണം കാര്‍ഷിക രംഗത്ത് സമാധാനം കൊണ്ടുവന്നു. അതുകൊണ്ടു തന്നെ നക്സലിസം പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഇവിടെ വേരുറച്ചില്ല. ഭൂപരിഷ്കരണ നിയമം എല്ലാ തരത്തിലും അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു. സാമ്പത്തിക രംഗം വളര്‍ച്ച നേടിയ ഇന്നത്തെ സാഹചര്യത്തില്‍ ആ നിയമത്തിന്റെ പുനര്‍വായന നടത്തേണ്ടതുണ്ട്. കാരണം നിയമത്തിലെ പല വ്യവസ്ഥകളും കേരളത്തിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നതാണ്; രാജ്യാന്തര കീഴ്വഴക്കങ്ങള്‍ക്കു വിരുദ്ധവുമാണ്. അതുകൊണ്ടു തന്നെ നാം പലപ്പോഴും ആ നിയമത്തിലെ വ്യവസ്ഥകള്‍ വ്യാപകമായി ലംഘിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ഈ നിയമം തുടരുന്നതിനു നീതീകരണമുണ്ടോയെന്നു സര്‍ക്കാþരും പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെങ്കില്‍, കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍, നിക്ഷേപം ആകര്‍ഷിക്കപ്പെടണമെങ്കില്‍ 1963ലെ ഭൂപരിഷ്കരണ നിയമം പിന്‍വലിക്കേണ്ടിയിരിക്കുന്നു.

വലിയൊരു വിഭാഗം ജനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെങ്കില്‍ പോലും ഇത്തരമൊരു നീക്കം പൊതുജനത്തിന് ഉടനെ ദഹിച്ചെന്നു വരില്ല. അതിനാല്‍ ഇതേപ്പറ്റി വ്യാപകമായ ചര്‍ച്ചകളുണ്ടാകണം. അങ്ങനെ നിയമം ഉപേക്ഷിക്കുന്നതിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപീകരിക്കണം. ഭൂപരിഷ്കരണ നിയമത്തിനപ്പുറത്തേക്കു നോക്കേണ്ട കാലമായി.

നിയമം നടപ്പാക്കുന്നതിനു പ്രകടിപ്പിച്ചതുപോലെയുള്ള നേതൃത്വപരമായ കഴിവ് സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി പ്രകടിപ്പിക്കണം. അത് നിയമം പിന്‍വലിക്കാനാകണമെന്നു മാത്രം.


ഈ വിഷയത്തില്‍ വിവിധ ആള്‍ക്കാര്‍ നടത്തിയ പ്രതികരണങ്ങളും മനോരമയില്‍ നിന്ന് തന്നെ ചുവടെ ചേര്‍ക്കുന്നു


ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ (സംസ്ഥാന നിയമ പരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍)


. ഭൂപരിഷ്കരണ നിയമം നടപ്പാക്കുമ്പോള്‍ അത് ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ, ഇന്നും അതിനു വളരെയേറെ പ്രസക്തിയുണ്ട്. ആരു പറഞ്ഞാലും ഈ നിയമം പിന്‍വലിക്കരുത്. കൂടുതല്‍ കര്‍ശനമായി നടപ്പാക്കാനുള്ള ഇച്ഛാ ശക്തിയാണു സര്‍ക്കാര്‍ കാണിക്കേണ്ടത്.

നഗരത്തിലെ ഭൂമിവില സാധാരണക്കാരന് എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ കുതിച്ചുയരുകയാണ്. ഒരുലക്ഷം രൂപ വിലയുണ്ടായിരുന്ന ഭൂമി ഒരുകോടി രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഫ്ളാറ്റുകളുടെ വില ലക്ഷങ്ങള്‍ കടന്നു കോടികളായിരിക്കുന്നു. പാവങ്ങള്‍ക്കും സാധാരണക്കാരനും മണ്ണും വീടും അപ്രാപ്യമാക്കുന്ന സംവിധാനമാണിത്.

നാട്ടിന്‍പുറങ്ങളിലേക്കും ഈ പ്രവണത വ്യാപിക്കുന്നു. ഇതിനു പിന്നില്‍ കള്ളപ്പണം ഒഴുക്കുന്ന ഭൂമി മാഫിയയാണ്. ഇത്തരക്കാരെ കര്‍ക്കശമായി നിയന്ത്രിക്കാന്‍ കഴിയണം. നഗരത്തില്‍ ഭൂമിക്കു പരമാവധി വില നിശ്ചയിക്കണം. വ്യക്തികള്‍ക്കു കൈവശം വയ്ക്കാവുന്ന നഗരഭൂമിയുടെ കാര്യത്തിലും കര്‍ശനമായ നിയന്ത്രണം വരണം. ഭൂവിനിയോഗ നിയമവും കര്‍ശനമായി നടപ്പാക്കണം. പാലക്കാട്ടും കുട്ടനാട്ടിലും പോലും പാടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതു പുനരധിവാസം നടപ്പാക്കിയ ശേഷമാവണം. അങ്ങനെയെങ്കില്‍ അതിന്റെ പേരിലുള്ള പ്രതിഷേധങ്ങളും ഒഴിവാക്കാവുന്നതാണ്.
എം.എം. ലോറന്‍സ് (സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി)


ഭൂപരിഷ്കരണ നിയമം ലക്ഷ്യം നേടി എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ വ്യക്തിപരമായ അഭിപ്രായമായി കണക്കുകൂട്ടിയാല്‍ മതി. ഇതെല്ലാം ഇടതുമുന്നണിയിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലും ചര്‍ച്ചചെയ്തു സമവായമുണ്ടാക്കേണ്ട കാര്യങ്ങളാണ്. ഭൂപരിഷ്കരണ നിയമംതന്നെ കുറ്റമറ്റ പൂര്‍ണരൂപത്തിലുള്ള നിയമമാണെന്ന് അന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിപ്രായമില്ലായിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. അതിന്റെ ചുവടുപിടിച്ചു പലതും ചെയ്യേണ്ടതുണ്ടായിരുന്നു.
സക്കറിയ (സാഹിത്യകാരന്‍)


1963ലെ കേരളമല്ല, 2007ലേത്. 1963ലെ ഭൂപരിഷ്കരണ നിയമം അതിന്റെ സാമുദായികമായ ജോലി നിര്‍വഹിച്ചു. പക്ഷേ, ഭൂമിയുടെ പ്രാഥമിക ഉപയോഗമായ കൃഷിയെ സംബന്ധിച്ച് അതിനൊന്നും നേടാന്‍ കഴിഞ്ഞില്ല. മറിച്ചു പരമ്പരാഗതമായി കൃഷിയില്‍ ഉറച്ചുനില്‍ക്കുന്ന ഒരു ചെറുശതമാനമൊഴികെയുള്ള കേരളം കൃഷി കൈവെടിഞ്ഞു. ഒരുവശത്തു കമ്യൂണിസം കൃഷിക്കാരനെ വില്ലനായി ചിത്രീകരിച്ചു. മറുവശത്തു കൃഷിത്തൊഴിലാളിയെ കൈവിട്ടു വിപ്ലവം വെള്ളക്കോളര്‍ ധാരികളുടെ മടിത്തട്ടില്‍ സ്വയം പ്രതിഷ്ഠിച്ചു. ഇനിയുമൊരു വശം കൂടിയുണ്ട്. മലയാളിയുടെ ഫ്യൂഡല്‍ ജാതിഡംഭുകള്‍ അവനെ മണ്ണില്‍ തൊടാന്‍ അറയ്ക്കുന്നവനാക്കി.

അങ്ങനെ, തൊഴിലില്ലായ്മകൊണ്ടു വലയുന്നു എന്ന വായ്ത്താരി മുഴങ്ങുന്ന കേരളത്തില്‍ ലക്ഷക്കണക്കിനു ബംഗാളികളും ഒറിയാക്കാരുമൊക്കെ അധ്വാനിക്കുന്നു. മലയാളി 'നോക്കിനില്‍പ്പില്‍ ആനന്ദം കൊള്ളുന്നു. കൃഷി തമിഴന്റെ ഉത്തരവാദിത്തമായി. മലയാളിക്കു തിന്നാനുള്ളത് അവന്‍ ഉണ്ടാക്കുകയും വേണം, കൊടുക്കാനുള്ള വെള്ളം കൊടുക്കുകയുമില്ല!

ഭൂമിയുടെ ഉപയോഗങ്ങള്‍ കാലത്തിനൊത്തു മാറിക്കൊണ്ടേയിരിക്കും. ഏറ്റവും ബഹുമാന്യ പരിസ്ഥിതി വാദിയുടെ വീടിരിക്കുന്നതു കഷ്ടിച്ചു 150 വര്‍ഷം മുന്‍പു കാടായിരുന്ന സ്ഥലത്താണ്. ഏറ്റവും വാചാലനായ നദീസംരക്ഷകന്റെ വീടുപണിക്കു ഭാരതപ്പുഴയുടെ പ്രിയങ്കര മണ്ണു തന്നെയാണു ലോറിക്കണക്കിനു വന്നിറങ്ങുനനത്. സമൂഹത്തിന്റെയും ലോകത്തിന്റെയും സാമ്പത്തിക ക്രമത്തിന്റെ വളര്‍ച്ചയ്ക്കനുസൃതമായി ഉപയോഗിക്കാനല്ലെങ്കില്‍ പിന്നെ ഭൂമി എന്തിന്? മണ്ണപ്പം ഉണ്ടാക്കിത്തിന്നാല്‍ വിശപ്പുമാറുമോ?

ഭൂപരിഷ്കരണമല്ല ആവശ്യം, പരിസ്ഥിതി - ഭൌമശാസ്ത്രപരമായ ആസൂത്രണത്തോടെ ഭൂമിയുടെ വിദഗ്ധോപയോഗമാണ്. പക്ഷേ, എല്ലാ ആസൂത്രണവും കൈക്കൂലിയിലേക്കും കെടുകാര്യസ്ഥതയിലേക്കും നയിക്കുന്ന ഭരണകൂടങ്ങള്‍ക്കു കീഴില്‍ ഭൂമി പീഡനത്തിനിരയാകുന്നു. അതാണു കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.വി. വിശ്വനാഥമേനോന്‍ (മുന്‍ മന്ത്രി )


ഇപ്പോള്‍ ഒരു ഭൂപരിഷ്കരണനിയമ വിവാദത്തിന്റെ കാര്യമുണ്ട് എന്നു തോന്നുന്നില്ല. ഇതൊരു സജീവമായ പ്രശ്നമല്ല. സജീവമല്ലാത്ത പ്രശ്നങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചകളും നടക്കുന്നത്. ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ടുവെന്നോ പുതിയ നിയമം വരണമെന്നോ എനിക്കു തോന്നുന്നില്ല. അന്നു നിയമം കൊണ്ടുവരുമ്പോഴും ഇതൊരു സമഗ്ര നിയമമാണെന്നു പാര്‍ട്ടിയില്‍ ഏകാഭിപ്രായമില്ലായിരുന്നു. പ്ളാന്റേഷന്റെയും മറ്റും കാര്യത്തില്‍ ചില കോംപ്രമൈസുകളൊക്കെ ചെയ്താണു നിയമമുണ്ടാക്കിയത്. സമൂഹത്തിന്റെ താഴെത്തട്ടില്‍ കിടന്നവര്‍ മാനസ്സികമായ അടിമത്തത്തില്‍ നിന്നുകൂടിയാണ് അന്നു മോചനം നേടിയത് എന്നു വിസ്മരിക്കാനാവില്ല.
ജസ്റ്റിസ് കെ.എ. അബ്ദുല്‍ ഗഫൂര്‍ (കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍)


ഭൂപരിഷ്കരണ നിയമം അന്നത്തെ സാഹചര്യത്തില്‍ കൊണ്ടുവന്നതു പാട്ടവ്യവസ്ഥ നിയന്ത്രിക്കാനും ഭൂമിയില്‍ കൃഷിക്കാര്‍ക്കു സ്ഥിരാവകാശം നല്‍കാനുമാണ്. 1970നുശേഷം ജന്മി - കുടിയാന്‍ ബന്ധം ഇല്ലാതായി. ഇപ്പോള്‍ പാട്ടക്കാരനും ജന്മിയും കുടിയാനുമൊന്നുമില്ല. അതുകൊണ്ടു തന്നെ മറ്റൊരു ഭൂപരിഷ്കരണത്തിനു സാധ്യതയുമില്ല. ഇപ്പോഴത്തെ ഭൂപരിഷ്കരണ നിയമം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കഴിഞ്ഞു. ഇനി അതു പരിഷ്കരിക്കേണ്ട കാര്യമില്ല.

ആലപ്പുഴയിലെ മുരിക്കന്റെ കായല്‍ നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കര്‍ഷകര്‍ക്കു വീതിച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍, ഇന്നു കര്‍ഷകര്‍ കൂട്ടായി കൃഷി ചെയ്താണു നിലനില്‍ക്കാന്‍ ശ്രമിക്കുന്നത്. യന്ത്രവല്‍ക്കരണമൊക്കെ വന്നതോടെ ഗ്രൂപ്പ് ഫാമിങ്ങിന്റെ പ്രസക്തി കൂടി. കൃഷിക്കാരനും - കൃഷിഭൂമിയും തമ്മിലുള്ള ബന്ധത്തില്‍ സ്വയംസഹായസംഘങ്ങള്‍ക്കും കര്‍ഷക സമിതികള്‍ക്കുമുള്ള പ്രസക്തി കൂടി. കരഭൂമിയിലും ഒരു പ്ളാനിങ്ങുമില്ലാത്ത വികസനങ്ങളാണു നടക്കുന്നത്. ഇക്കാര്യത്തില്‍ വ്യവസായ ഭൂമി, കൊമേഴ്സ്യല്‍ ഏരിയ, റസിഡന്‍ഷ്യല്‍ ഏരിയ തുടങ്ങിയ തരംതിരിവുകള്‍ ആവശ്യമാണ്.
ഡോ. എം. ഗംഗാധരന്‍ (ചരിത്രകാരന്‍)


വ്യവസായങ്ങള്‍ക്കു വേണ്ടി ഭൂപരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന വാദം അര്‍ഥശൂന്യവും മനുഷ്യത്വരഹിതവുമാണ്. കേരളത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരമൊരു നിര്‍ദേശത്തിനു പിന്നില്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി പരന്നുകിടക്കുന്ന ആവാസ വ്യവസ്ഥയാണു കേരളത്തിന്റേത്. എല്ലായിടത്തും വെള്ളം കിട്ടുമെന്നതാണ് ഇതിനു കാരണം. അതു മനസ്സിലാക്കാതെ വ്യവസായ സമുച്ചയങ്ങള്‍ക്കു വേണ്ടി വാശിപിടിക്കുമ്പോള്‍ ഒട്ടേറെ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. വ്യവസായശാലകളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ വലിയ വിപത്തുകള്‍ക്കിടയാക്കും. മാവൂര്‍ ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.

നമുക്കു വേണ്ടതു വീടുകള്‍ കേന്ദ്രീകരിച്ചുള്ള കുടില്‍വ്യവസായങ്ങളുടെ ശൃംഖലയാണ്. പണ്ടു കുന്നംകുളത്ത് ഇതു വിജയകരമായി നടപ്പാക്കിയിരുന്നു. കോഴിക്കോട്ടെ കാലിക്കോ തുണി നിര്‍മാണവും ഇതിന്റെ തെളിവാണ്. നമ്മുടെ വിഭവങ്ങള്‍ക്കനുസരിച്ച വ്യവസായ സംരംഭങ്ങളാണ് ഇവിടെ തുടങ്ങേണ്ടത്. സോപ്പുനിര്‍മാണത്തിന്റെ കാര്യമെടുക്കാം. സോപ്പുകളുടെ ഏറ്റവും വലിയ വിപണി കേരളത്തിലാണ്. പ്രധാന അസംസ്കൃത വസ്തുവായ വെളിച്ചെണ്ണയും ധാരാളം. മുതല്‍മുടക്കാനുള്ളവരും കേരളത്തില്‍ ഒട്ടേറെയുണ്ട്.

അതുപോലെ തന്നെ റബര്‍, കശുവണ്ടി, കുരുമുളക്, വെറ്റില പോലുള്ളവയുടെ സാധ്യതകളും നാം ഉപയോഗിക്കുന്നില്ല. കാര്‍ഷികവിഭവത്തെ വ്യാവസായിക വിഭവമാക്കി മാറ്റുമ്പോഴാണ് അതിന്റെ മൂല്യം വര്‍ധിക്കുന്നത്. ഇവയ്ക്കൊന്നും വന്‍കിട ഫാക്ടറികള്‍ ആവശ്യമില്ല. വീടുകള്‍ കേന്ദ്രീകരിച്ചു ചെയ്യാവുന്ന കാര്യങ്ങളാണ്. ഇത്രയുംപോലും സൌകര്യമില്ലാത്ത ജപ്പാന്‍ വന്‍കിട വ്യാവസായിക രാജ്യമായതെങ്ങനെയെന്നു നമ്മുടെ ഭരണാധികാരികള്‍ കണ്ടുപഠിക്കണം.

പണ്ടുകാലത്തു നെല്‍ക്കൃഷി നടത്തിയിരുന്നതു പുലയരെയും ചെറുമരെയും പോലുള്ള അടിയാള വിഭാഗങ്ങളായിരുന്നു. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ഇവര്‍ക്കായിരുന്നു കൃഷിഭൂമി കൊടുക്കേണ്ടിയിരുന്നത്. അതിനുപകരം കൃഷി അറിയാത്ത കുടിയാന്മാര്‍ക്കാണു ഭൂമി കൊടുത്തത്. ഭൂപരിഷ്കരണത്തിലെ ഏറ്റവും വലിയ പാളിച്ചയും അതാണ്. അതു മിക്കവയും നികത്തുകയോ തരിശിടുകയോ ചെയ്തു. തരിശിട്ട ഭൂമി പിടിച്ചെടുത്തു കൃഷിയിറക്കണമെന്നു നിയമമുണ്ടെങ്കിലും അതു പ്രായോഗികമല്ല. പിടിച്ചെടുക്കുന്ന ഭൂമി അടിയാളര്‍ക്കു കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അങ്ങനെ പണ്ടു ചെയ്ത തെറ്റു സിപിഎം തിരുത്തണം.

ഏക്കറുകണക്കിനു ഭൂമിയില്‍ കെട്ടിപ്പൊക്കുന്ന ഐടി വ്യവസായങ്ങളാണു കേരളത്തിന്റെ ഭാവിയെന്ന ചിന്താഗതി തെറ്റാണ്. ഐടി ആശ്രിത വ്യവസായമാണ്. അമേരിക്കയിലും മറ്റും ഈ വ്യവസായം തകര്‍ന്നാല്‍ അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നതു നമ്മളാകും. അമേരിക്കക്കെതിരെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന സിപിഎമ്മുകാര്‍ ഇവിടെ ഐടി പാര്‍ക്കുകള്‍ക്കു പിന്നാലെ പോകുന്നതു വിചിത്രമാണ്.
ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍


ഭൂപരിഷ്കരണ നിയമം ലക്ഷ്യംനേടി പിന്‍വലിക്കേണ്ട കാലമായിട്ടില്ല. കാലോചിതമായ ഭേദഗതികളോടെ ഇതു നടപ്പാക്കണം. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതിക്ക് അതിനു കഴിയും. നിയമം ഒരു വന്‍വിപ്ളവം തന്നെയായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. കുടിയാന്മാര്‍ക്കു സ്വപ്നം കാണാന്‍ കഴിയുന്ന കാര്യമായിരുന്നില്ല പാട്ടഭൂമിയില്‍ അവകാശം ലഭിച്ചത്. എത്രയോ പേരുടെ ജീവിതത്തെ മാറ്റിമറിച്ച നിയമമാണു ഭൂപരിഷ്കരണം.പി.എന്‍.സി. മേനോന്‍ (ചെയര്‍മാന്‍, ശോഭ ഡെവലപ്പേഴ്സ്)


ഭൂപരിഷ്കരണ നിയമത്തില്‍ കാലോചിതമാറ്റം വരണമെന്നത് അത്യാവശ്യമാണ്. നിക്ഷേപം നടത്തുമ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പ്രധാനകാര്യം തന്നെയാണ്. നിശ്ചിത ആവശ്യത്തിനു ഭൂമി നല്‍കുകയും അതു പറഞ്ഞ സമയത്തു നടന്നില്ലെങ്കില്‍ നിര്‍ബന്ധമായും തിരിച്ചെടുക്കുകയും ചെയ്യുന്ന നിയമമാണു വേണ്ടത്. അല്ലാതെ ഭൂപരിധികൊണ്ടു ഭൂമിയുടെ ന്യായമായ ഉപയോഗം ഉറപ്പാക്കാനാകില്ല. പാര്‍പ്പിടം പോലുള്ള മേഖലകളിലെ ആവശ്യം ഈ നിയമം ഉണ്ടാക്കുന്ന കാലവുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

കേരളത്തിനു വേണ്ടതു രാഷ്ട്രീയമായ അഭിപ്രായ ഐക്യമാണ്. അതില്ലാതെ ഭൂപരിഷ്കരണം മാത്രമായി നന്നാക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. മാറ്റങ്ങള്‍ക്ക് അനുസരിച്ച് എല്ലാ ഭാഗത്തും മാറ്റങ്ങള്‍ ഉണ്ടാകണം. രാഷ്ട്രീയ കാഴ്ചപ്പാടിലും ഇത് അത്യാവശ്യമാണ്. അതില്ലാത്തതു കൊണ്ടാണു ഭൂപരിഷ്കരണം പോലുള്ള പ്രശ്നങ്ങള്‍ വലിയ പ്രശ്നങ്ങളാകുന്നത്. കേരളം നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്നം ഇതല്ല. രാഷ്ട്രീയ അഭിപ്രായ ഐക്യമില്ലായ്മയാണ്.

18 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഭൂപരിഷ്കരണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപിക്കപ്പെട്ട സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍സെക്രട്ടറി ടി. ബാലകൃഷ്ണന്റെ നിര്‍ദേശങ്ങളുടെ പൂര്‍ണരൂപം മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നു. എന്നാല്‍ വാര്‍ത്ത വിവാദമാക്കുകയും കിട്ടിയ അവസരത്തില്‍ ഇളമരം കരീമിനിട്ട്‌ ഒരു പണികൊടുക്കാനുപയോഗിക്കുകയും ചെയ്ത മാതൃഭൂമിയില്‍ നിന്ന് വ്യത്യസ്ഥമായി മനോരമ ഈ വിഷയത്തില്‍ ഒരു അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തു. അച്ചായന്‌ ഇതില്‍ എന്തെങ്കിലും സ്വാര്‍ത്ഥ താല്‍പര്യം കാണും എന്ന് മനോരമ വിരുദ്ധര്‍ കരുതും എങ്കിലും അതില്‍ മാതൃഭൂമിയേപ്പോലെ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചില്ല എന്നത്‌ ശ്രദ്ധേയംടി. ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം മനോരമയോടുള്ള കടപ്പാട്‌ അറിയിച്ചുകൊണ്ട്‌ യൂണിക്കോഡ്‌ പരിഭാഷ ചുവടേ ചേര്‍ക്കുന്നു

Radheyan said...

ഇത്തരം ഒരു ചര്‍ച്ച തുടങ്ങി വെയ്ക്കുന്നതില്‍ ദുരൂഹതയുണ്ട് എന്നു പറഞ്ഞു കൊണ്ട് ചര്‍ച്ചയിലേക്ക് കടക്കുന്നതിലെ കല്ലുകടി മനസ്സിലാകാഞ്ഞിട്ടല്ല.

ബാലകൃഷ്ണന്‍ മനപ്പൂര്‍വ്വം മറന്ന ചില സംഗതികള്‍ ഒന്നു കുറിക്കാന്‍ ശ്രമിക്കട്ടെ.

1. ഭൂമിയുടെ ലഭ്യത മാത്രമല്ല വന്‍ വ്യവസായവല്‍ക്കരണത്തിനു തടസ്സം.ജനസാന്ദ്രത കൂടിയ പ്രദേശമെന്ന രീതിയില്‍ പല വ്യവസായങ്ങളും നമ്മുക്ക് പറ്റില്ല.
2.ഐ.ടി. എന്നത് ഭൂമി ലഭ്യത ആവശ്യമുള്ള സംരംഭമല്ല.കണക്റ്റിവിറ്റി,ഭേദപ്പെട്ട അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങിയവയാണ് വേണ്ടത്.പിന്നെ നല്ല ഹ്യൂമന്‍ റിസോഴ്സും.പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചേ ഐ.ടി. വരൂ എന്നതും മിഥ്യാധാരണയല്ലേ?

3.കൃഷിഭൂമിയുടെ ഫ്രാഗ്മെന്‍‌റ്റേഷന്‍ ഒരു സത്യമാണ്.പക്ഷെ കൃഷിയുടെ നാശം അതിലൂടെയല്ല.കൃഷിയോട് താല്‍പ്പര്യം ഇല്ലാതായി എന്നത് ഒരു സംഗതി.എന്റെ നാടായ കുട്ടനാ‍ട്ടിലൊക്കെ വന്‍ തോതിലുള്ള രാസപ്രയോഗവും മറ്റും ഭൂമിയുടെ ഫെര്‍ട്ടിലിറ്റിയും ഋതുത്വവും നശിപ്പിച്ചു.തണ്ണീര്‍മുക്കം ബണ്ട് തുടങ്ങിയ സംഗതികള്‍ ഗുണത്തെക്കാള്‍ ദോഷം ചെയ്തു.

4.ഫ്രാഗ്മെന്‍‌റ്റേഷന്‍ മുന്‍‌കൂട്ടി കാണാന്‍ ഭൂപരിഷ്ക്കരണസമയത്ത് കഴിഞ്ഞില്ല എന്നത് വസ്തുത.ഭൂമിയുടെ അവകാശം പ്രത്യുല്‍പ്പാദനപരമായി പ്രയോജനപ്പെടുത്താന്‍ ഉതകുന്ന പരിഷ്ക്കാരങ്ങള്‍ കൂടി വേണ്ടിയിരുന്നു.പലരും ഭൂമി മകളുടെ കല്യാണത്തിനും മറ്റും വിറ്റു.അങ്ങനെ പിന്നെയും ഫ്രാഗ്മെന്‍‌റ്റേഷന്‍ സംഭവിച്ചു.

5.ഗ്രൂപ്പ് ഫാമിംഗ് നല്ല ഒരു സാധ്യത ആയിരുന്നു.87-91 കാലത്തെ നയനാര്‍ സര്‍ക്കാരില്‍ വി.വി.രാഘവന്‍ കുറച്ച് ഇതില്‍ മുന്നോട്ട് പോവുകയും ചെയ്തു.പ്രാദേശിക ഭരണകൂടത്തിനും സഹകരണ പ്രസ്ഥാനത്തിനും ഇതില്‍ നല്ല പങ്കു വഹിക്കാനാവും.വിളകളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മാര്‍ക്കറ്റില്‍ ബ്രാന്‍ഡ് ചെയ്തു എത്തിക്കുന്നത് വരെ ഇത്തരം കാര്‍ഷിക കൂട്ടായ്മകള്‍ക്ക് കീഴില്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ കര്‍ഷകനും ഉപഭോക്താവിനും ഗുണം കിട്ടും.

6.കുത്തകകളുടെ കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ബാലകൃഷ്ണന്റെ മനസ്സിലിരുപ്പ്.അത് ഭാവിയില്‍ ദോഷകരമാകും എന്നതില്‍ സംശയമില്ല.അത് ഭൂപരിഷ്ക്കരണത്തിന്റെ ഉദ്ദേശത്തെ തകര്‍ക്കും.ഇത്തരത്തില്‍ പെപ്സിക്കും റിലയന്‍സിനും മറ്റും ബംഗാള്‍ സര്‍ക്കാര്‍ വഴങ്ങി കൊടുത്തു എന്നതിലാണ് മാതൃഭൂമി ഇവിടെയും ദുരുദ്ദേശം കാണുന്നത് എന്നു തോന്നുന്നു.കരീമും മറ്റും ബുദ്ധയുടെ ആരാധകരാണെന്നാണല്ലോ പറയപ്പെടുന്നത്

sajesh said...

Group farming is the best approach.Social capital development is needed in all aspects of agriculture, ie from planting to marketing.Vertical integration is also needed.An umbrella organisation of farmers groups can function effectively if fractionalism is avoided

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ ഇതില്‍ സക്കറിയായുടെ അഭിപ്രായാമാണ് എനിക്കുള്ളത്. കൃഷി ചെയ്യാന്‍ താല്പര്യമുള്ള ആള്‍ക്കാര്‍ വള്രെ കുറവാണിവടേ. പുത്തന്‍ തലമുറയാകട്ടേ വിദ്യാഭ്യാസം നേടുകയും കാര്‍ഷിക ജോലികളോട് താല്‍‌പറ്ര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. ഇന്ന് പലസ്ഥലത്തും കാര്‍ഷിക ഭൂമി തരിശ് കിടക്കുകയാണ്. കുടുംബശ്രീ പോലുള്ളവര്‍ ഈ നിലങ്ങളില്‍ കൃഷി ചെയ്യുന്നുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തില്‍ ഗ്രൂപ്പ് ഫാമിങ്ങ് പോലുള്ളവ പ്രോത്സാഹിപ്പിക്കപ്പെടണം എന്നാണ് എന്റെ അഭിപ്രായം. അതി കര്‍ഷക കൂട്ടായ്മയോ റീലയന്‍സോ ചെയ്യട്ടേ എന്നാണ് എന്റെ പക്ഷം

Radheyan said...

റിലയന്‍സിനെ പാട്ടകൃഷിക്ക് അനുവദിക്കുന്നത് പുലിപ്പുറത്ത് യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നത് പോലെ ഇരിക്കും.പുലിയുടെ പുറത്തു നിന്നിറങ്ങിയാള്‍ പുലി തിന്നും.

കൃഷി ഇവിടെ യാന്ത്രികമായി പുരോഗമിക്കണമെന്ന ചിന്ത മാത്രമാണെങ്കില്‍ അത് അനുവദിക്കാമായിരുന്നു.
അതു മൂലം താഴെ പറയുന്ന ലാഭമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

1. ഉല്‍പ്പാദനം മെച്ചപ്പെടണം.അതു മൂലം കൂടുതല്‍ മിച്ചമൂല്യം ഉണ്ടാവണം
2. കൃഷിക്കാരുടെയും കര്‍ഷകരുടെയും കര്‍ഷക തൊഴിലാളിയുടെയും അവസ്ഥ നന്നാവണം.ഈ മൂന്നു വിഭാഗങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാവണം.തമ്പ്രാന്‍ വരമ്പത്ത് കുട ചൂടി നില്‍ക്കും,അടിയാന്‍ വെയിലത്ത് പണി എടുക്കും എന്നത് മാറി കൃഷിയില്‍ താല്‍പ്പര്യമുള്ളവര്‍ മുണ്ടു മടക്കി കുത്തിയോ പാന്റ് കയറ്റി വെച്ചോ ചേറിലേക്ക് ഇറങ്ങണം.
3.ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില കര്‍ഷകനു കിട്ടണം
4.ഉപഭോക്താവിന് നല്ല ഉല്‍പ്പന്നം ന്യായമായ വിലയ്ക്ക് കിട്ടണം.

റിലയന്‍സിന് പാട്ടത്തിനു നല്‍കിയാല്‍ ഇവയില്‍ ഒന്നു പോലും സംഭവിക്കും എന്ന് തോന്നുന്നില്ല.

സക്കറിയയുടെ ചിന്തകള്‍ വളരെ അപകടം പിടിച്ചതാണ്.കഴിഞ്ഞ ദിവസം കലാകൌമുദിയില്‍ അദ്ദേഹം ഗള്‍ഫിനെയും കേരളത്തെയും താരതമ്യം ചെയ്ത് ഒരു കുറിപ്പിട്ടു.അതില്‍ ഇമ്പീരിയല്‍ സ്വഭാവമുള്ള ഇവിടുത്തെ മുതലാളിത്ത വ്യവസ്ഥിതിയെ അദ്ദേഹം വാനോളം പുകഴ്ത്തുന്നു.അവിടുത്തെ പോലെ ഇവിടെയും വരേണമേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.

അങ്ങനെ വന്നിരുന്നെങ്കില്‍ സക്കറിയാമാരുടെ നാവുകള്‍ എന്നേ വിലങ്ങില്‍ കുടുങ്ങിയേനെ എന്നു മാത്രം പറയുന്നു.

ഭൂപരിഷ്ക്കരണത്തെ കുറിച്ച് ഇത്തരമൊരു നീക്കത്തിനെ ആദ്യം എതിര്‍ക്കേണ്ടത് മാര്‍ക്സിസ്റ്റ് കമ്മ്യൂ.പാര്‍ട്ടിയുടെ നേതൃത്വമായിരുന്നു.തങ്ങള്‍ ജീവനോടെ ഇരിക്കുമ്പോള്‍ അങ്ങനെ ഒന്നു സംഭവിക്കില്ല എന്ന് ഉറപ്പ് പറയേണ്ടത് അതീന്റെ സെക്രട്ടറി ആയിരൂന്നു.എന്തു കൊണ്ടോ അത് ഉണ്ടായില്ല എന്നത് നിഗൂഡമായി തോന്നുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ കേരളത്തിലെ നെല്‍പ്പാടങ്ങള്‍ റിലയന്‍സ്‌ പോലുള്ള ഏജന്‍സികള്‍ക്ക്‌ നല്‍കിയാല്‍ അതെങ്ങനെ പുലിപ്പുറത്ത്‌ കയറുന്നത്‌ പോലെയാകും എന്ന് മനസ്സിലാകുന്നില്ല. ഏക്കറു കണക്കിന്‌ നെല്‍പ്പാടങ്ങള്‍ കൃഷി ചെയ്യാനാളില്ലാതെയോ അലെങ്കില്‍ കൃഷിചെയ്താല നഷ്ടമോ ആയി കിടപ്പുണ്ട്‌. അതിലൊന്നും കൃഷി ചെയ്യാന്‍ ഭൂരിഭാഗത്തിനും താല്‍പര്യമില്ല. ഇനി ആധൂനിക രീതിയില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയാല്‍ അതിന്‌ വേണ്ട ഇന്‍വെസ്റ്റ്‌മന്റ്‌ ചെറുകിടക്കാര്‍ക്ക്‌ മുതലാകില്ല. വന്‍ കര്‍ഷകക്കൂട്ടായ്മ എന്നതൊക്കെ കേരളത്തില്‍ ഇപ്പോള്‍ അപ്രാപ്യമായ ഒന്നാണ്‌. പിന്നെ മണ്ണില്‍ പണിയെടുക്കാന്‍ താല്‍പര്യമില്ലാത്ത പുതിയ തലമുറയുംകൂടിയാകുമ്പോള്‍ സ്ഥിതിഗതികള്‍ വ്യത്യസ്ഥമാകുന്നു. ഒരു അവസരം കിട്ടിയാല്‍ നെല്‍പ്പാടം നികത്താന്‍ പറ്റുമോ എന്ന് നോക്കുന്നവരാണ്‌ ഭൂരിഭാഗം ഉടമകളും.

ഇനി സക്കറിയ എന്താണ്‌ തെറ്റായിപ്പറഞ്ഞതെന്നും മനസ്സിലായില്ല. അദ്ദേഹം പറയുന്നത്‌ പച്ചയായ യാഥാര്‍ത്ഥ്യമാണ്‌. തൊഴിലില്ലായമയേക്കുറിച്ച്‌ മുറവിളി കൂട്ടുന്ന കേരളത്തില്‍ ലക്ഷക്കണക്കിന്‌ അന്യ സംസ്ഥാനക്കാര്‍ പണിയെടുക്കുന്നില്ലെ എന്ന അദ്ദേഹത്തിന്റെ ചോദ്യം ഈ അവസരത്തില്‍ പ്രസ്കതമാണ്‌.

മാരീചന്‍ said...

പട്ടി പുല്ലു തിന്നുകയുമില്ല, പശുവിനെ തീറ്റിക്കുകയുമില്ല എന്ന ദുരവസ്ഥയാണ് കേരളത്തിന്റേത്.

ഭൂപരിഷ്കരണം ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കിട്ടേണ്ടതും തന്നെ. എന്നാല്‍ കൃഷിഭൂമി കിട്ടിയത് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്കല്ല. കര്‍ഷകത്തൊഴിലാളികളെ ലക്ഷം വീട് കോളനിയില്‍ ആവാഹിച്ച് തറച്ച് ഭൂമി പാട്ടക്കുടിയാന്മാര്‍ക്ക് നല്‍കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈകഴുകി. ഭൂപരിഷ്കരണനിയമത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മയും താങ്ങിപ്പിടിച്ച് ഇപ്പോഴും നടപ്പാണ് സഖാക്കന്മാര്‍.

കാലം മാറിയതറിയാതെ വീണ്ടും മിച്ചമൂല്യത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്ന പ്രത്യയശാസ്ത്ര വങ്കന്മാരെ ചമ്മട്ടിക്കടിക്കേണ്ടിയിരിക്കുന്നു. കഴിവും കാര്യപ്രാപ്തിയുമുളളവനൊക്കെ വിമാനം കേറിയും കടല്‍ കടന്നും കൊളളാവുന്ന വേതനം പറ്റിക്കഴിയുന്നു. പാര്‍ട്ടി നേതാക്കന്മാരുടെ മക്കളടക്കം.

നാട്ടില്‍ ഒന്നും വേണ്ടേ വേണ്ട. റിലയന്‍സ് വന്നാല്‍ ചൂഷണം, ഫാബ്മാള്‍ വന്നാല്‍ ചൂഷണം. ഇതൊക്കെ ആരെപ്പറ്റിക്കാനാണപ്പാ.

കേരളത്തിലെ കൊടിയ ചൂഷകര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളാണ്. കേരളത്തിന്റെ യൗവനങ്ങളെയും സ്വപ്നങ്ങളെയും ചൂഷണം ചെയ്ത് നേതാക്കളായി വിലസുന്നവരില്‍ നിന്നാണ് നാട് മോചനം നേടേണ്ടത്.

പ്രത്യയശാസ്ത്ര പടുക്കളായി സ്വയം അവരോധിച്ച് സ്വന്തം വിഡ്ഡിത്തങ്ങള്‍ ജനതയ്ക്കു മേല്‍ അടിച്ചേല്‍പിച്ച് പുരോഗതി തടയുന്ന നേതൃപുംഗവന്മാരെ അറബിക്കടലില്‍ എറിഞ്ഞേ ഈ നാടു നന്നാവൂ. നിശ്ചയം.

Radheyan said...

കൃഷി ചെയ്യാന്‍ ആളില്ലാഞ്ഞിട്ടല്ല.അതു നഷ്ടമാണ് എന്ന അവസ്ഥ ഉണ്ടാക്കിയിട്ടാണ്.അത് 90നു ശേഷമുള്ള അവസ്ഥയാണ്.അമേരിക്കയും മറ്റും കര്‍ഷകനെ സബ്സിഡി കൊടുത്ത് സംരക്ഷിക്കുമ്പോള്‍ ഇവിടെ കര്‍ഷകന്റെ ഭൂമി കവര്‍ന്ന് വ്യവസായം വളര്‍ത്താനുള്ള തത്രപ്പാടാണ്.

വെടക്കാക്കി റിലയന്‍സിനാക്കേണ്ട കാര്യമുണ്ടോ?റിലയന്‍സ് അങ്ങനെ കൃഷി ചെയ്യുന്നത് കൊണ്ട് തരിശിടുന്നതിനേക്കാള്‍ എന്ത് പ്രയോജനം കേരളത്തിനുണ്ട്?കൂട്ടുകൃഷി അത്ര അപ്രായോഗികമൊന്നുമല്ല.സഹകരണത്തിന്റെ ശക്തി അത്തരം മേഖലകളിലാണ് കാണേണ്ടത്.അല്ലാതെ സ്വാശ്രയകോളേജ് തുറന്ന് മറ്റു കഴുത്തറപ്പന്മാരോട് മത്സരിക്കുന്നതിലല്ല..


സക്കറിയായുടെ പോയിന്റിനെ കുറിച്ച്:
കേരളത്തിലെ ജീവിത നിലവാരം വെച്ച് നോക്കിയാല്‍ നമ്മുടെ നാട്ടില്‍ വേതനം തീരെ കുറവാണ്.പക്ഷെ അത് മറ്റ് സംസ്ഥാനക്കാര്‍ക്ക് ഗള്‍ഫാകുന്നത് അവരുടെ ജീവിത നിലവാരവും ജീവിത ചിലവും കുറഞ്ഞതായതു കൊണ്ടാണ്.ഇതേ കാരണമാണ് കേരളത്തില്‍ നിന്നും ആളുകള്‍ ഗല്‍ഫിലെത്തി പണിയെടുക്കുന്നതിനു കാരണം.രൂപയുടെ മൂല്യം കൂടുകയോ വിദേശത്ത് നിന്നുള്ള റെമിറ്റന്‍സിനു നികുതി വരുകയോ ചെയ്താല്‍ ഞങ്ങളാരെങ്കിലും ഇവിടെ നില്‍ക്കുമോ?കേരളത്തില്‍ നിന്നും ഇവിടെ വന്ന് ചായക്കടയില്‍ ജോലി ചെയ്യുന്നതും റോഡ് പണി ചെയ്യുന്നതും അത് കേരളത്തില്‍ ചെയ്യാന്‍ മാ‍നക്കേടുള്ളതു കൊണ്ടല്ല,മറിച്ച് കൂടുതല്‍ പ്രയോജനമുള്ളതു കൊണ്ടാണ്.അതു പോലെ കേരളത്തില്‍ അന്യ സംസ്ഥാനക്കാരെ പണിയെടുപ്പിക്കുന്നത് അവരെ കുറഞ്ഞ കൂലിക്ക് കിട്ടും എന്നതു കൊണ്ടാണ്.കുറഞ്ഞ കൂലിക്ക് മലയാളികള്‍ ജോലി ചെയ്യാത്തതാണോ ഈ മഹാനുഭാവന്റെ വേവലാതി.

N.J ജോജൂ said...

“ഐ.ടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചേ ഐ.ടി ഇന്‍‌വെസ്റ്റ്മെന്റ് വരികയുള്ളോ?”


രാധേയന്‍,

ഐ.ടി പാര്‍ക്കുകള്‍ എന്നത് പ്രായോഗികമായ ഒരു സമീപനമാണ് (പ്രായോഗിക സമീപനം മാത്രമാണ് എന്നു സമ്മതിയ്ക്കുമ്പോഴും). ഇവിടെ അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യതയാണ് പ്രശ്നം. രാധേയന്‍ പറഞ്ഞ സാങ്കേതിക സൌകര്യങ്ങള്‍ മാത്രമല്ല ആവശ്യമായിട്ടുള്ളതെന്നു ചുരുക്കം. പത്തോ പതിനഞ്ചോ കമ്പനികള്‍ക്ക് പലയിടങ്ങളില്‍ ഈ അടിസ്ഥാന സൌകര്യമൊരുക്കുന്നതിനേക്കാള്‍ എളുപ്പം കുറേ കമ്പനികള്‍ക്ക് ഒരുമിച്ച് ഒരുക്കുന്നതായിരിയ്ക്കുമല്ലോ.

N.J ജോജൂ said...

"കുറഞ്ഞ കൂലിക്ക് മലയാളികള്‍ ജോലി ചെയ്യാത്തതാണോ ഈ മഹാനുഭാവന്റെ വേവലാതി."

കേരളത്തിലെ കൂലി താരതമേന്യ കൂടുതലാണ്.

ഇവിടെയും ചില വിരോധാഭാസങ്ങളുണ്ട്.

കൂടിയകൂലിയ്ക്കും ആളെകിട്ടാനില്ല. ഇതേ ആള്‍ക്കാര്‍ കേരളത്തിലേതിലും കുറഞ്ഞ കൂലിയ്ക്ക് കേരളത്തിനു വെളിയില്‍ ജോലിചെയ്യുന്നതായി എനിയ്ക്കറിയാം.

ഇത്രയ്യുംകൂലികൊടുത്തു ചെയ്യുന്നത് ലാഭകരമാണോ എന്നത് അടുത്ത ചോദ്യം. ലാഭകരമല്ലാത്തയിടവും ഉണ്ട്, ലാഭകരമായ സ്ഥലവുമുണ്ട്. അപ്പോള്‍ നമ്മുടെ കൂലിയെ ലാഭത്തിനനുസരിച്ച് ക്രമീകരിയ്ക്കുന്ന രീതിയിലേയ്ക്ക് തൊഴില്‍ ദാതാക്കളും തൊഴിലാളികളും മാറേണ്ടതുണ്ട്. നമ്മുടെ കാര്‍ക്ഷിക സംസ്കാരവും തൊഴില്‍ സംസ്കാരവും മാറേണ്ടതുമുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ താങ്കള്‍ക്ക്‌ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‌ കിട്ടുന്ന വരുമാനം എത്രയെന്ന് അറിയുമോ? അതിലും കൂടുതല്‍ വരുമാനം കിട്ടും കേരളത്തില്‍ മറ്റ്‌ സംസ്ഥാനക്കാര്‍ ചെയ്യുന്ന ജോലിക്ക്‌ 200 രൂപയും ചിലവും കൊടുത്താലേ ഒരു തമിഴന്‍ തൊഴിലാളിയേ ഒരു ദിവസം മുഴുവന്‍ പണിയെടുക്കാന്‍ കിട്ടുകയുള്ളൂ. സ്ഥിരം പണിയാനേങ്കില്‍ കൂലി കുറച്ചു കൂടി കുറയും. പോട്ടെ നമുക്കത്‌ 150 രൂപയും ചിലവും എന്നെടുക്കാം. 3 വര്‍ഷം സര്‍വ്വീസുള്ളസര്‍ക്കാര്‍ ജോലിക്കാരിയായ എന്റെ ഭാര്യക്ക്‌ കിട്ടുന്ന ശമ്പളം കഷ്ടി 5500 രൂപ. 150 രൂപയും ഒരു ദിവസം 35 രൂപ ചിലവും നല്‍കി പണിയെടുക്കുന്ന അണ്‍ സ്കില്‍ഡ്‌ തൊഴിലാളിക്ക്‌ കിട്ടുന്ന വരുമാനം ഏതാണ്ട്‌ 4800 രൂപ. ഇത്‌ ഏറ്റവും ചുരിങ്ങിയ വരുമാനമാണ്‌. ഇനി ഇതേ കുടുബത്തിലെ തൊഴിലാളിയുടെ ഭാര്യ ജോലി ചെയ്യാന്‍ സന്നദ്ധയാണെങ്കില്‍ ചുരിങ്ങിയത്‌ 2000 രൂപയെങ്കിലും സമ്പാദിക്കാന്‍ കഴിയും. നമുക്ക്‌ 4800 നെ 4000 എന്നെടുക്കാം 4000+2000 = 6000 രൂപ ജോലി ചെയ്യണം എന്ന് വിചാരമുള്ള ഒരു കുടുമ്പത്തിനെ വളരെ എളുപ്പം സമ്പാദിക്കാന്‍ കഴിയുന്ന അവസ്ഥ കേരളത്തിലുണ്ട്‌ എന്ന് അല്‍പ്പം ജനസമ്പര്‍ക്കമുള്ളവര്‍ക്ക്‌ അറിയാം. ഇത്‌ തുറന്ന് പറഞ്ഞതാണോ സക്കറിയ ചെയ്ത തെറ്റ്‌.

ഇനി 150 രൂപയും ചിലവും കിട്ടുന്ന എന്റെ ബന്ധുവിന്റെ ബേക്കറിയില്‍ ഒരു സെയില്‍സ്‌മാന്റെ ഒഴിവ്‌ 2 മാസക്കാലമായി നികത്തതെ നില്‍ക്കുന്നു. ഇനി എന്റെ സുഹൃത്തിന്റെ എര്‍ണ്ണാകുളാത്തുള്ള ലോഡ്ജില്‍ റൂം ബോയിക്ക്‌ കൊടുക്കുന്ന ശമ്പളം 3000 രൂപ + ചിലവ്‌ + താമസം. ആളെ കിട്ടത്തതിനാല്‍ അട്ടപ്പാടിയില്‍ നിന്നാണ്‌ കൊണ്ടുവന്നത്‌. ഇനി ഒരു റബ്ബര്‍ ടാപ്പിംഗ്‌ തൊഴിലാളിക്ക്‌ ഒരു മരം വെട്ടാന്‍ 50 പൈസ കിട്ടും 450 മരം വരെ ഒരു ദിവസം വെട്ടാം. ഇത്‌ ഞങ്ങളുടെ നാട്ടിലെ കൂലി. ഏര്‍ണ്ണാകുളം ജില്ലയില്‍ ആളെ കിട്ടത്തതിനാല്‍ എന്റ്‌ സുഹൃത്തിന്റെ എസ്റ്റേറ്റില്‍ കൂലിക്ക്‌ പകരം ഷെയര്‍ നല്‍കുന്നു. അതിങ്ങനെ

റബ്ബര്‍ വില 65 രൂപ വരെ മൊത്തം ഷീറ്റിന്റെ മൂന്നില്‍ ഒന്ന്

റബ്ബര്‍ വില 65 മുതല്‍ 100 വരെ രൂപ വരെ മൊത്തം ഷീറ്റിന്റെ നാലില്‍ ഒന്ന്

റബ്ബര്‍ വില 100 ഇല്‍ കൂടുതല്‍ മൊത്തം ഷീറ്റിന്റെ അഞ്ചില്‍ ഒന്ന്

ഇനിപ്പറയണം കേരളത്തില്‍ കൂലി കുറവും തൊഴിലില്ലായ്മയും ഉണ്ട്‌ എന്ന്

N.J ജോജൂ said...

കിരണ്‍,

ഷെയര്‍ എന്ന കണ്‍സപ്റ്റ് എനിയ്ക്ക് ഇഷ്ടപ്പെട്ടു. അതേ സമയം അത് ഇമ്പ്ലിമെന്റ് ചെയ്ത് രീതിയോട് എനിയ്ക്ക് അത്ര താത്പര്യം പോര. തൊഴിലാളിയ്ക്ക് മാന്യമായ മിനിമം വേതനം ഉറപ്പുവരുന്നണം, അതേ സമയം ലാഭത്തിന് തക്കതായ വിഹിതവും കൊടുക്കണം. ഇപ്പറഞ്ഞ റബ്ബറിന്റെ കാര്യത്തില്‍ മിനിമം വേതനമെന്നത് വളരെ കൂടുതലാണ്, അത് കുറയേണ്ടതുണ്ട്. അതേ സമയം വിലകൂടുന്നതനുസരിച്ച് ലാഭവിഹിതം ഉണ്ടാവുന്നുമില്ല. ഫലമോ തൊഴിലാളിയ്ക്ക് തൊഴില്‍ ദാദാവിന് ലാഭമുണ്ടായില്ലെങ്കിലും കുഴപ്പമില്ല എന്ന നില വരുന്നു. തൊഴില്‍ ദാതാവിന് ലാഭകരമല്ല എന്ന നിലവരുന്നു

Radheyan said...

കിരണ്‍,രസകരമായ ഒരു സംഗതി പറയാം.

ഇവിടെ ദുബായിയില്‍ ചായക്കടയില്‍ നില്‍ക്കുന്നവരില്‍ അധികം പേര്‍ നാദാപുരം എന്ന സ്ഥലത്തുള്ളവരാണ്.അവര്‍ ഇവിടെ കടയില്‍ നില്‍ക്കുകയാണ് എന്ന് അവരുടെ നാട്ടില്‍ മിക്ക ആളുകള്‍ക്കും അറിയാം.കാരണം അവിടുത്തെ ഓരോ വീട്ടിലെ ഒരാളെങ്കിലും ഇവിടെ ഉണ്ട്.അപ്പോള്‍ കേരളത്തില്‍ ഈ പണി ചെയ്യാത്തത് മിഥ്യാഭിമാന ബോധമാണ് എന്ന് എങ്ങനെ പറയാന്‍ കഴിയും.തൊഴില്‍ സാഹചര്യങ്ങള്‍ ആണെങ്കില്‍ നാട്ടിലേതിലും മോശം.

പിന്നെ കിരണ്‍,സര്‍ക്കാര്‍ ഉദ്യോ‍ഗസ്ഥയായ ഭാര്യക്ക് പെന്‍ഷന്‍,പി.എഫ് എന്നീ സംഗതികള്‍ കൂടിയില്ലേ.അതു കൂടി കോസ്റ്റില്‍ കൂട്ടണ്ടേ.പ്രത്യേകിച്ചും ആയുര്‍ ദൈര്‍ഘ്യം കൂടുന്ന
ഇക്കാലത്ത്.

ബാക്കി പോയിന്റിന് പിന്നീട് മറുപടി പറയാം.എനിക്ക് പുതിയ ഒരു ജോലി തരപ്പെട്ടു.ഇനി ഈ കളി നടക്കുമോ എന്നറിയില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ പി.എഫ്‌ ഉണ്ടെങ്കിലും താങ്കള്‍പ്പറഞ്ഞതു പോലെ ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ 5500 രൂപ കൊണ്ട്‌ ജീവിക്കാന്‍ കഴിയില്ലല്ലോ. 150 രൂപയും ചിലവും കിട്ടുന്ന ജോലിക്ക്‌ തുല്ല്യമേ ഫലത്തില്‍ അതൊള്ളൂ. കേരളത്തിലുള്ളവര്‍ ആവേശപൂര്‍വ്വം ശ്രമിക്കുന്ന് ജോലീക്കാണ്‌ ഈ തുച്ഛമായ സാലറി. ഇനി ദുരഭിമാനത്തിന്റെ കഥ ഞാന്‍ നേരത്തെ സൂചിപ്പിച്ച എന്റെ സുഹൃത്തിന്റെ ലോഡ്ജില്‍ മാനേജര്‍ തസ്തികയില്‍ 3500 രൂപ സാലറിയി ( ചെലവ്‌ ഇല്ല) ഇഷ്ടം പോലെ ആളുകളെ കിട്ടാനുണ്ട്‌. ഗള്‍ഫില്‍ ലഭിക്കുന്ന കൂലി ഇവിടെയും ലഭിക്കും എന്ന് പറഞ്ഞ ഒരുപാട്‌ ഡ്രൈവര്‍മാരെ എനിക്കറിയാം. പക്ഷെ ഇവിടെ നിന്നാല്‍ മിച്ചം കുറയും എന്നത്‌ കൊണ്ടാണ്‌ പലരും ഗള്‍ഫില്‍ പോകുന്നതെന്നും അവര്‍ പറയുന്നു. ഞങ്ങളുടെ കമ്പനിയിലെ പല cab ഡ്രൈവര്‍മാരും ഗള്‍ഫ്‌ റിട്ടേണ്‍ ആണ്‌.ഇവിടെ ഒരു ദിവസം 400 മുതല്‍ 500 രൂപ വരെ സമ്പാദിക്കാന്‍ കഴിയുന്നതിനാല്‍ ഗള്‍ഫ്‌ ജോലി കളഞ്ഞ്‌ ഇവിടെ ജോലിചെയ്യുന്നു.

പിന്നെ ഇവിടെ ജോലി ചെയ്യുന്ന 250 മുതല്‍ 400 രൂപ വരെ കിട്ടുന്ന മലയാളിത്തൊഴിലാളികള്‍ ഗതിപിടിക്കത്തതിന്‌ കാരണം അവരുടെ ജീവിത രീതി തന്നേയാണ്‌. നല്ലൊരു തുക ബാറിലോ ബീവറേജ്‌ കോര്‍പ്പറേഷനിലോ കൊടുക്കുന്നു. കിട്ടുന്ന പണം പൊടിച്ചു തീര്‍ക്കുക എന്ന രീതിയും ഇവര്‍ക്കുണ്ട്‌. 1200 മുതല്‍ 15000 രൂപ വരെ ഷെയര്‍ കിട്ടുന്ന എന്റെ സുഹൃത്തിന്റെ എസ്റ്റേറ്റിലെ ടാപ്പിഗ്‌ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളില്‍ ഒരു മാറ്റവും വരത്തതിന്‌ കാരണം ഇതാണ്‌. എന്നാല്‍ നേരെ മറിച്ച്‌ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ അവന്റെ പണം വളരെ കൃത്യതയോടെ ചെലവാക്കുന്നതിനാല്‍ പുരോഗതി ഉണ്ടാകുകയും ചെയ്യുന്നു.

ഇനി മറ്റൊരു കാര്യം കേരളത്തിലെ തൊഴിലാളികളെ ഇങ്ങനെ ജനറലൈസ്‌ ചെയ്യുന്നതിന്‌ മുന്‍പ എന്റെ അയല്‍ക്കാരനും കര്‍ഷക തൊഴിലാളിയുമായ ഒരാളേ പരിചയപ്പെടുത്താം. പേര്‌ അമ്പാട്ട്‌ മാത്യു. അദ്ദേഹത്തിന്‌ ഒരു മകന്‍. കുടുമ്പ സ്വത്ത്‌50 സെന്റ്‌ സ്ഥലം ( ഞെട്ടേണ്ട എന്റെ നാട്‌ കണ്ണൂര്‍ ജില്ലയിലെ ഒരു കുടിയേറ്റ മലമ്പ്രദേശമാണ്‌ ) . അദ്ദേഹത്തിന്റെ ഒരു ദിവസത്തെ വരുമാനം 200 നിം 250 നും ഇടയില്‍. 24 ദിവസം ജോലി ചെയ്യും. ഭാര്യ ജോലിക്ക്‌ പോകുന്നില്ല. അരേയേക്കര്‍ സ്ഥലത്ത്‌ ആടിനേയും പന്നിയേയും പശുവിനേയും വളര്‍ത്തുന്നു. ആട്ടിന്‍ പാലും പശുവിന്‍ പാലും വില്‍ക്കുന്നു. മകന്‍ +2 പാസായി മാത്യു അവനോട്‌ ഡിഗ്രിക്ക്‌ പോകാന്‍ പറഞ്ഞു. അവന്‍ പറഞ്ഞു എനിക്ക്‌ താല്‍പര്യമില്ല. 3 വര്‍ഷം BA പഠിച്ചാല്‍ വലിയ മെച്ചമൊന്നും എനിക്കുണ്ടാകില്ല. ഞാന്‍ മാര്‍ബിളിന്റെ പണിക്ക്‌ പോകുകയാണ്‌ ഇപ്പോള്‍ 150 രൂപയും ചിലവൌം ലഭിക്കും 2 വര്‍ഷത്തിനുള്ളില്‍ അത്‌ 450 രൂപയാകും. മാത്യു തടഞ്ഞില്ല. അവനും സമ്പാദിക്കുന്നു. 3 മുറിയുള്ള കോണ്‍ക്രീറ്റ്‌ വീട്‌ അവര്‍ പണിതു. വീട്ടില്‍ ടി.വി. ഫ്രിഡ്ജ്‌ തുടങ്ങിയവ ഉണ്ട്‌. പിന്നെ പന്നി വളര്‍ത്താല്‍ ഉള്ള തീറ്റ ഹോട്ടലുകളില്‍ പോയി വെയിസ്റ്റ്‌ ഏറ്റുത്ത്‌ കൊണ്ടുവന്ന് കൊടുക്കും. പന്നി വിറ്റ്‌ കിട്ടുന്ന വരുമാനം വേറേ. ഇതിനിടെ തെങ്ങില്‍ നിന്ന് വീണ്‌ മാത്യുവിന്‌ കുറച്ചുകാലം കിടക്കേണ്ടി വന്നു. എന്നാല്‍ ചികില്‍സിക്കാനുള്ള പണവും അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മൊത്തം കടം 2 ലക്ഷം രൂപ. പുള്ളി പറയുന്നത്‌ തനിക്ക്‌ 2 വര്‍ഷത്തിനുള്ളില്‍ ഇത്‌ പൂര്‍ണ്ണമായും വീട്ടാന്‍ കഴിയുമെന്നാണ്‌. കാരണം ഇത്‌ തിരിച്ചടക്കാന്‍ പാകത്തിന്‌ ചിട്ടികള്‍ അദ്ദേഹം ചേര്‍ന്നിട്ടുണ്ടത്രേ.

കണ്ണൂസ്‌ said...

പഴയ ഭൂപരിഷ്കരണ നിയമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പലരും കരുതുന്ന പോലെ കാര്‍ഷിക മേഖലയുടെ ഉന്നമനം ആയിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. അത് കൂടുതല്‍ ഒരു സാമൂഹ്യ പരിഷ്കരണം ലക്ഷ്യം വെച്ചു കൊണ്ടുള്ള നിയമമായിരുന്നു എന്നാണ്‌ എന്റെ തോന്നല്‍. ജാതി-ഫ്യൂഡല്‍ വ്യവ്സ്ഥകള്‍ കേരളത്തില്‍ ഊന്നിയിരുന്ന വേരുകള്‍ ഒരു പരിധി വരെ പറിച്ചെറിയാന്‍ ആ നിയമം സഹായകമായി. രാധേയന്‍ സൂചിപ്പിച്ച ജനസാന്ദ്രത തന്നെയാണ്‌ കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനമൊന്നും കൊണ്ടുവരാന്‍ ഈ നിയമത്തിന്‌ കഴിയാതിരുന്നതിന്‌ കാരണം. കൂട്ടത്തില്‍, കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകര്‍ച്ചയും. ഭൂമിയുടെ ലഭ്യത കുറയുക എന്നത് കേരളത്തിലെ സ്വാഭാവികമായിരുന്ന ഒരു പരിണാമമായിരുന്നു. ഇത് തിരിച്ചറിഞ്ഞിട്ടും, നമ്മള്‍ പാരമ്പര്യത്തില്‍ മുറുക്കിപ്പിടിക്കുന്നു എന്നത് കഷ്ടമാണ്‌.

കൃഷി എന്ന് പറഞ്ഞാല്‍ നെല്ല്, നാളികേരം, നാണ്യവിളകല്‍ എന്നിങ്ങനെ മൂന്നെണ്ണത്തിന്റെ കാര്യമേ നമുക്കറിയൂ. നാളികേരം ആണ്‌ നമുക്കേറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇപ്പോള്‍. നാളികേരത്തിന്റെ ഭക്ഷ്യ യോഗ്യമായ ഉപോത്‌പന്നങ്ങളുടെ മാര്‍ക്കറ്റിന്റെ ഭാവി ശോചനീയമാണ്‌. എണ്ണയും പുണ്ണാക്കും, വെള്ളവും ഒന്നും ആര്‍ക്കും വേണ്ട. അതിന്‌ ഇനി ഈ ജന്മത്തില്‍ ഒരു മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ സാധിക്കുകയുമില്ല. (ഒരു വില യുദ്ധം നടത്താന്‍ നാം തയ്യാറല്ലെങ്കില്‍). ഈ ഉത്‌പന്നങ്ങളില്‍ വരുന്ന നഷ്ടം, ചകിരി, കൊമ്പ്, പട്ട മുതലായ മറ്റ് ഉപോത്പന്നങ്ങളില്‍ നിന്ന് നികത്താന്‍ ആയില്ലെങ്കില്‍ തെങ്ങിന്‍ തോപ്പുകള്‍ നശിപ്പിച്ച് കളഞ്ഞ്, ആ ഭൂമി ബുദ്ധിപരമായി ഉപയോഗിക്കുക എന്നത് മാത്രമാണ്‌ പോം‌വഴി. വലിയ ഒരു പരിധി വരെ നെല്പ്പാടങ്ങള്‍ ഗാര്‍ഹിക ആവശ്യത്തിനായി ഉപയോഗിക്കുന്നത് തടയാനും ഇത് കൊണ്ട് പറ്റും. കേരളം എന്ന് പേരുണ്ട് എന്നതു കൊണ്ട്, കേരത്തെ എല്ലാക്കാലവും സം‌രക്ഷിച്ച് നിര്‍ത്താമെന്ന് നമ്മള്‍ തീരുമാനിക്കുന്നതെന്തിന്‌? നന്നായി വളരാന്‍ സാഹചര്യമുണ്ടെന്നത് വേറെ കാര്യം. അതേ സാഹചര്യം, കമ്മ്യൂണിസ്റ്റ് പച്ചക്കും ഉണ്ട്.

നെല്‍ക്കൃഷിയിലുള്ള സമ്മര്‍ദ്ദം, നമ്മള്‍ നാളികേരം ഉപേക്ഷിച്ചാല്‍ തന്നെ വലിയൊരളവ് കുറയും. പിന്നെ ഒരല്പ്പം ശാസ്ത്രീയമായ കൃഷി രീതികളും, ഗ്രൂപ്പ് ഫാമിംഗും ഒക്കെ ഉണ്ടെങ്കില്‍ നെല്‍ക്കര്‍ഷകന്‌ വലിയ ഏനക്കേടില്ലാതെ പിഴച്ചു പോവാന്‍ പറ്റുന്ന വില ഇപ്പോഴും കിട്ടുന്നുണ്ട്. നമ്മുടെ ഉപയോഗത്തിന്‌ ആവശ്യമായ ഉത്‌പാദനം ഒരിക്കലും ഉണ്ടാവില്ലെങ്കിലും.

നാണ്യവിളകളുടെ കാര്യം, താരതമ്യേന ഇപ്പോള്‍ സുരക്ഷിതമാണെന്ന് തോന്നുന്നു. ചെറിയ കാലയളവുകളിലുള്ള വിലവ്യതിയാനം മനസ്സിലാക്കി പെരുമാറാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ മതി.

ഇതു കൂടാതെ, ഇപ്പോള്‍ തരിശ് കിടക്കുന്ന പല പാടങ്ങളിലും (പ്രത്യേകിച്ച് ചിറ്റൂര്‍ ഭാഗത്ത്) കരിമ്പ്, കടല, സൂര്യകാന്തി ഒക്കെ കൃഷി ചെയ്യാനുള്ള സാഹചര്യമുണ്ട്. ഇവിടേയും, പണ്ടെങ്ങോ നെല്പ്പാടമായിരുന്നു, വേറൊന്നും ചെയ്യാന്‍ പാടില്ല എന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിച്ചേ മതിയാവൂ. വേറെ കൃഷി ചെയ്യാന്‍ തയ്യാറുള്ളവരെ അതിനനുവദിക്കുകയാണ്‌ വേണ്ടത്.

നമ്മുടേത്, ഭക്ഷ്യ വിളകളെ സംബന്ധിച്ചിടത്തോളം, ഒരു ഉപഭോഗ സംസ്ഥാനമായി തുടരും എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി മറ്റു രീതിയില്‍ അത് നികത്താനുള്ള സം‌വിധാനം നാം നോക്കിയേ തീരൂ. വ്യവസായ വത്‌കരണമാണ്‌ ഒരേ ഒരു പ്രതിവിധി എന്ന് പറയുന്നില്ല. പ്രത്യേകിച്ച് ഘന വ്യവസായങ്ങള്‍ നമ്മുടെ സംസ്ഥാനത്തിന്‌ ചേര്‍ന്നതല്ല. പക്ഷേ, നേരത്തെ ആരോ സൂചിപ്പിച്ച പോലെ കുടില്‍ വ്യ്വസായങ്ങള്‍ തീര്‍ച്ചയായും ആവാം. (പാരമ്പര്യം, മണ്ണാങ്കട്ട എന്ന വാശിയൊന്നും ഇവിടേയും വേണ്ട - കുടുംബ ശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗുജറാത്തില്‍ നിന്ന് ഇറക്കിയ തുണി കൊണ്ട് ചുഡിദാര്‍ തുന്നുന്ന വ്യ്വസായം മതി. നന്നായി ചെയ്താല്‍ മാര്‍ക്കറ്റ് തന്നെ വരും!).

കിരണ്‍ തോമസ് തോമ്പില്‍ said...

എല്ലാറ്റിലും വിവാദം കണ്ടെത്തുക എന്നതാണ് കേരളത്തിലെ മുഖ്യ ജോലി. നമുക്ക് ചില ബിംബങ്ങള്‍ പൊക്കിപ്പിടിക്കുക അതിന്റെ ഓര്‍മ്മകളില്‍ മുഴുകി കാലം മാറുന്നതറിയാതെ ജീവിക്കുക എന്നതിലാണ് താല്പര്യം. ഭൂപരിഷക്കരണ നിയമം കാലോചിതമായി പരിഷ്ക്കരിക്കണം എന്ന പറഞ്ഞ സെക്രട്ടറിയുടെ നെഞ്ചത്ത് കേറാന്‍ ഇടത് വലത് നേതാക്കള്‍ മത്സരിക്കുകയായിരുന്നു. നമുക്ക് ബോധോദയമുണ്ടാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. ഭാവിയേപ്പറ്റി ആശങ്കാകുലരായി ഭൂതകാലത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. ആരെങ്കിലും അല്പം മാറി ചിന്തിച്ചാല്‍ അവന്‍ സോഷ്യല്‍ ഡെമോക്രാറ്റോ അമേരിക്കന്‍ ചാരനോ മുതലാളിത്ത വാദിയോ ആയി മുദ്രകുത്തപ്പെടൂം ഇവിടെ. 12000രൂപ പെന്‍ഷനും സാന്‍‌ട്രോ സിങ് കാറുമുള്ള അധിനിവേശ പ്രതിരോധസമിതി നേതാക്കളും വിവാദങ്ങള്‍ക്കായി വേഴാന്മ്പലിനെപ്പോലെ കാത്തിരിക്കുന്ന മാധ്യമങളും നമ്മേ എത്രകാലം പിന്നോട്ട് നയിക്കും എന്ന് കാത്തിരുന്ന് കാണാം

Nishanth said...

Sorry for the off Topic:

Please see the comment section of one ur articles abt christian marriages!

maheshcheruthana/മഹേഷ്‌ ചെറുതന said...

കിരണ്‍,
ഇപ്പൊള്‍ ആവശ്യമായ പോസ്റ്റു തന്നെ !