Friday, December 14, 2007

ധനമന്ത്രിയേ ഒറ്റപ്പെടുത്തുന്നതിന്‌ മുന്‍പ്‌

ഇന്ന് കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും ഘടകകക്ഷികളും എല്ലാം തോമസ്‌ ഐസക്ക്‌ എന്ന ധനമന്ത്രിയുടെ ചോരക്ക്‌ വേണ്ടി ദാഹിക്കുകയാണ്‌. കേരളത്തിലെ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക്‌ പണം നല്‍ക്കാതെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്നതാണ്‌ പ്രധാന ആരോപണം. പിന്നെ KSTP പദ്ധതിയില്‍ പതി ബെല്‍ കമ്പനിയുട്‌ ബില്‍ പാസാക്കതെ ആ പദ്ധതി അട്ടിമറിച്ചതും ഇപ്പോള്‍ അവരെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക്‌ എത്തിച്ചതും ധനമന്ത്രിയാണ്‌ എന്നതാണ്‌ മാധ്യമങ്ങളും മറ്റും പ്രചരിപ്പിക്കുന്നത്‌. ഇതില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട്‌ എന്ന് അന്വേഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ

ധനവകുപ്പിന്റെ ഭരണാനുമതി വേണ്ടത്‌ വെറും 163 കോടിക്ക്‌ മാത്രം
പദ്ധതികള്‍ക്ക്‌ പണം നല്‍കുന്നില്ല എന്നാണ്‌ വിവിധ വകുപ്പുകളുടെ പ്രധാന പരാതി. ധനവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ്‌ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ നടക്കാതെ പോകുന്നതെന്നും ഇവര്‍ പരാതി പറയുന്നു. എന്നാല്‍ 7000 കോടി രൂപയുടെ പ്ലാന്‍ സ്ക്കീമുകളില്‍ വെറും 163 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ മാത്രമാണ്‌ ധനവകുപ്പിന്റെ അനുമതി വേണ്ടത്‌ .ഏതാണ്ട്‌ 6800 കോടി രൂപയുടെ പദ്ധതികള്‍ ഒരനുമതിയും വേണ്ടാതെ സംസ്ഥാനത്ത്‌ നടത്താന്‍ കഴിയുന്നതാണ്‌. ഇതില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ ഒക്കെ ഭാവനയും ഇഛാശക്തിയും ഉപയോഗിച്ച്‌ നടപ്പിലാക്കാന്‍ ശ്രമിക്കാത്ത മന്ത്രിമാര്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ ധനമന്ത്രിക്കെതിരെ തിരിയുന്നു.

ഏതാണ്ട് 1800 കോടി രൂപയുടെ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അനുമതി വേണം. ഇതിനു വേണ്ട മുന്‍കൈയെടുക്കേണ്ടതും ഫയല്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കേണ്ടതും അതാത് വകുപ്പുകളാണ്.900 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിക്കേണ്ടത് കെഎസ്ഇബിയില്‍ നിന്നാണ്. 650 കോടിയുടെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരും 450 കോടി രൂപയുടെ പദ്ധതികള്‍ നബാര്‍ഡുമാണ് അംഗീകരിക്കേണ്ടത്.മറ്റ് ഏജന്‍സികളുടെ അംഗീകാരം വേണ്ട 1500 കോടിയോളം രൂപയുടെ പദ്ധതികളും ഉണ്ട്. നടപ്പിലുളള 1200 കോടി രൂപയുടെ പദ്ധതികള്‍ കൂടി കണക്കാക്കിയാല്‍ അവശേഷിക്കുന്നത് 400ല്‍ താഴെ കോടികളുടെ പദ്ധതികള്‍ മാത്രം.ഇതില്‍ 60 ശതമാനവും ഒരു കോടിയില്‍ താഴെ മാത്രം ചെലവുളള പദ്ധതികളാണ്. അതാത് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ അംഗീകാരം മാത്രമാണ് ഈ പദ്ധതികള്‍ക്ക് വേണ്ടത്.ഇതെല്ലാം കഴിച്ചാല്‍ അവശേഷിക്കുന്നതാണ് 163 കോടി രൂപയുടെ പദ്ധതികള്‍. ഇവയ്ക്ക് ധനവകുപ്പിന്റെ അംഗീകാരം വേണം.

പതിബെല്‍ വിട്ട്‌ പോകാന്‍ കാരണം ധനമന്ത്രി മാത്രമോ?
എം സി റോഡ് പുനര്‍ നിര്‍മ്മാണച്ചുമതല പതിബെല്‍ കമ്പനിയെ വീണ്ടും ഏല്‍പ്പിക്കാന്‍ കരാര്‍ ഒപ്പിട്ടതിനു തൊട്ടടുത്ത ദിവസം തന്നെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ആസൂത്രിതമായ നീക്കമാണ്. ധനവകുപ്പിന്റെ പിടിപ്പുകേടു കൊണ്ട് ഖജനാവിന് നഷ്ടം വരുന്നു എന്ന മട്ടിലാണ് വ്യാഴാഴ്ച പ്രമുഖ പത്രങ്ങളിലടക്കം വന്ന വാര്‍ത്തകള്‍.പതിബെലുമായി കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ അക്കാലത്തു തന്നെ ഇടതുമുന്നണി നഖശിഖാന്തം എതിര്‍ത്തിരുന്നു. കരാറിലെ പഴുതുകള്‍ ഉപയോഗിച്ച് പൊതുഖജനാവില്‍ നിന്നും കോടികള്‍ ചോര്‍ത്തുന്നതായി ഭരണത്തിലെത്തിയ ശേഷവും ഇടതു നേതൃത്വം ആരോപിച്ചിരുന്നു.റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയാല്‍, ദിവസം ഒരുലക്ഷം രൂപയെന്ന നിരക്കില്‍ നഷ്ടപരിഹാരം പതിബെല്ലിന് നല്‍കണമെന്ന കരാര്‍ വ്യവസ്ഥ നഗ്നമായ അഴിമതി ലക്ഷ്യമിട്ടാണെന്ന് പ്രസ്താവിച്ചത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തന്നെയാണ്. 2006 നവംബര്‍ 22നായിരുന്നു അച്യുതാനന്ദന്റെ ഈ പ്രസ്താവന. അഴിമതിക്കെതിരെ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു

കെഎസ് ടിപി പദ്ധതിയിലെ അഴിമതിയും ക്രമക്കേടും കണ്ടെത്താനും പരിഹരിക്കാനും നാല് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്ക്, നിയമമന്ത്രി എം വിജയകുമാര്‍, റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി ടി യു കുരുവിള എന്നിവരായിരുന്നു ഈ കമ്മിറ്റിയിലെ അംഗങ്ങള്‍.പണം നല്‍കുന്നത് വൈകിയതിനെക്കുറിച്ചുളള അവകാശവാദങ്ങള്‍ കരാറുകാര്‍ ഉപേക്ഷിക്കുകയാണെങ്കില്‍ റോഡ് നിര്‍മ്മാണത്തിനുളള സമയം നീട്ടി നല്‍കാമെന്ന് മന്ത്രിസഭാ ഉപസമിതി 2006 ഡിസംബര്‍ 2ന് ചേര്‍ന്ന യോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു.പതിബെല്ലുമായി നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം 106 കോടിയുടെ പണികളാണ് അവശേഷിക്കുന്നത്. ഈ പണി ചെയ്യുന്നതിന് നിലവിലുളള പൊതുമരാമത്ത് കരാറനുസരിച്ച് 180 കോടി രൂപ നല്‍കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.2002ല്‍ കണക്കാക്കിയ 106 കോടിയുടെ പണി 2007ലും അതേ നിരക്കില്‍ തന്നെ ചെയ്യാമെന്ന് ലോകത്ത് ഒരു കമ്പനിയും സമ്മതിക്കില്ല. കരാര്‍ ഒപ്പിട്ട കാലത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഇപ്പോള്‍ കമ്പനിയ്ക്ക നല്‍കാമെന്ന് സമ്മതിച്ച 180 കോടി രൂപ അധികമല്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി.പണി വീണ്ടും ടെന്‍ഡര്‍ ചെയ്തപ്പോള്‍ 95 ശതമാനം അധികം തുക വരെ ക്വോട്ട് ചെയ്തിരുന്നു. എന്നാല്‍ പതിബെല്ലിന് നല്‍കിയ വര്‍ദ്ധന 72.5 ശതമാനമാണ്. പൊതുമരാമത്ത് പണികളുടെ വര്‍ദ്ധിച്ച നിരക്കനുസരിച്ച് ഇത് അധികത്തുകയല്ല.

പണി പൂര്‍ത്തിയായെന്ന് പൊതുമരാമത്ത് വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ 14 ദിവസത്തിനകം ബില്ല് മാറി പണം നല്‍കാമെന്ന് ഇപ്പോഴത്തെ കരാറില്‍ വ്യവസ്ഥയുമുണ്ട്. 96 കോടി രൂപ അധികനഷ്ടപരിഹാരം ചോദിച്ചിരുന്ന കമ്പനി അത് 35 കോടിയായി കുറയ്ക്കാമെന്നും ആര്‍ബിട്രേഷന്‍ കേസുകള്‍ ഉപേക്ഷിക്കാമെന്നും സമ്മതിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ധനമന്ത്രിയും സെക്രട്ടറിയും ചേര്‍ന്ന ബില്ലുകള്‍ തടഞ്ഞുവെച്ചത് മാത്രമാണ് എംസി റോഡ് പുനര്‍നിര്‍മ്മാണത്തിലെ പ്രശ്നമെന്നാണ് പ്രചരിപ്പിക്കുന്നത്.
കിസാന്‍ ശ്രീ പദ്ധതിയുടെ പിന്നില്‍
കിസാന്‍ ശ്രീ പദ്ധതി പ്രകാരം 2 ഹെക്‌ടര്‍ വരെ കൃഷി ഭൂമിയുള്ളവരായ 5 ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക്‌ വാര്‍ഷിക പ്രീമിയം 20 രൂപ പ്രകാരം ഇന്‍ഷുറന്‍സ്‌ നല്‍കുന്ന ഒന്നാണ്‌. എന്നാല്‍ ഈ പദ്ധതി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതല്ല. അതുകൊണ്ട്‌ തന്നെ ഇതിന്‌ ഫണ്ട്‌ നല്‍കുന്നതിന്‌ മുന്‍പ്‌ ധനവകുപ്പ്‌ ചില സംശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചതിനെ പര്‍വ്വതീകരിക്കുകയാണ്‌ CPI ചെയ്തത്‌. ഇതില്‍ പ്രധാന്‍ നിര്‍ദ്ദേശമായ 20 ഇല്‍ 10 രൂപ കര്‍ഷകന്‍ അടക്കണം എന്നതാണ്‌ ഇപ്പോള്‍ വിവാദമായത്‌. എന്നാല്‍ ഈ പദ്ധതിയില്‍ ഉള്ള ഒരു പ്രധാന്‍ പോരായമ ആരും കാണാതെ പോകുന്നു. 2 ഹെക്ടര്‍ നെല്‍പ്പാടമുള്ളവനേയും 2 ഹെക്ടര്‍ റബ്ബര്‍ ഉള്ളവനും സര്‍ക്കാര്‍ എന്തിന്‌ 20 രൂപയുടെ സൌജന്യം നല്‍കണം. റബ്ബര്‍ കിലോക്ക്‌ 75 രൂപ കിട്ടുന്ന ഒരു റബ്ബര്‍ കര്‍ഷകന്‌ സാമ്പത്തീകമായി തകര്‍ന്ന് നില്‍ക്കുന്ന് ഒരു ഗവണ്മെന്റിന്റെ 10 രൂപ സൌജന്യത്തിന്‌ അര്‍ഹനാണോ? അപ്പോള്‍ ഇത്തരം ലോജിക്കലായ കാര്യങ്ങള്‍പ്പോലും പരിഗണിക്കാതെ ഒരു പദ്ധതി നടപ്പിലാക്കാന്‍ ഇറങ്ങുന്ന മന്ത്രിമാരോട്‌ യുക്തിഭദ്രമായ ഒരു ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉടനെ പത്രക്കാരെ ഉപയോഗിച്ച്‌ സമ്മര്‍ദ്ദത്തിലാഴ്‌ത്തുന്ന നടപ്ടി ശരിയാണോ?

സര്‍ക്കാരിന്റെ പണം എന്നാല്‍ എന്തെങ്കിലും ഒരു തട്ടിക്കൂട്ട്‌ പദ്ധതി നടപ്പിലാക്കി ചെലവാക്കി അത്‌ പൊക്കിപ്പിടിച്ച്‌ പത്രസമ്മേളനം നടത്തി കൈയടി വാങ്ങാന്‍ ഉള്ളതല്ല എന്ന് തിരിച്ചറിവ്‌ എന്നാണ്‌ നമ്മുടെ മന്ത്രിമാര്‍ക്ക്‌ ഉണ്ടാകുക.

ഈ വിഷയത്തിലുള്ള കൂടുതല്‍ വാര്‍ത്തകള്‍