Friday, December 14, 2007

ധനമന്ത്രിയേ ഒറ്റപ്പെടുത്തുന്നതിന്‌ മുന്‍പ്‌

ഇന്ന് കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും ഘടകകക്ഷികളും എല്ലാം തോമസ്‌ ഐസക്ക്‌ എന്ന ധനമന്ത്രിയുടെ ചോരക്ക്‌ വേണ്ടി ദാഹിക്കുകയാണ്‌. കേരളത്തിലെ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക്‌ പണം നല്‍ക്കാതെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്നതാണ്‌ പ്രധാന ആരോപണം. പിന്നെ KSTP പദ്ധതിയില്‍ പതി ബെല്‍ കമ്പനിയുട്‌ ബില്‍ പാസാക്കതെ ആ പദ്ധതി അട്ടിമറിച്ചതും ഇപ്പോള്‍ അവരെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക്‌ എത്തിച്ചതും ധനമന്ത്രിയാണ്‌ എന്നതാണ്‌ മാധ്യമങ്ങളും മറ്റും പ്രചരിപ്പിക്കുന്നത്‌. ഇതില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട്‌ എന്ന് അന്വേഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ

ധനവകുപ്പിന്റെ ഭരണാനുമതി വേണ്ടത്‌ വെറും 163 കോടിക്ക്‌ മാത്രം
പദ്ധതികള്‍ക്ക്‌ പണം നല്‍കുന്നില്ല എന്നാണ്‌ വിവിധ വകുപ്പുകളുടെ പ്രധാന പരാതി. ധനവകുപ്പിന്റെ അനുമതി കിട്ടാത്തതിനാലാണ്‌ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ നടക്കാതെ പോകുന്നതെന്നും ഇവര്‍ പരാതി പറയുന്നു. എന്നാല്‍ 7000 കോടി രൂപയുടെ പ്ലാന്‍ സ്ക്കീമുകളില്‍ വെറും 163 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ മാത്രമാണ്‌ ധനവകുപ്പിന്റെ അനുമതി വേണ്ടത്‌ .ഏതാണ്ട്‌ 6800 കോടി രൂപയുടെ പദ്ധതികള്‍ ഒരനുമതിയും വേണ്ടാതെ സംസ്ഥാനത്ത്‌ നടത്താന്‍ കഴിയുന്നതാണ്‌. ഇതില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ ഒക്കെ ഭാവനയും ഇഛാശക്തിയും ഉപയോഗിച്ച്‌ നടപ്പിലാക്കാന്‍ ശ്രമിക്കാത്ത മന്ത്രിമാര്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ ധനമന്ത്രിക്കെതിരെ തിരിയുന്നു.

ഏതാണ്ട് 1800 കോടി രൂപയുടെ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അനുമതി വേണം. ഇതിനു വേണ്ട മുന്‍കൈയെടുക്കേണ്ടതും ഫയല്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കേണ്ടതും അതാത് വകുപ്പുകളാണ്.900 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിക്കേണ്ടത് കെഎസ്ഇബിയില്‍ നിന്നാണ്. 650 കോടിയുടെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാരും 450 കോടി രൂപയുടെ പദ്ധതികള്‍ നബാര്‍ഡുമാണ് അംഗീകരിക്കേണ്ടത്.മറ്റ് ഏജന്‍സികളുടെ അംഗീകാരം വേണ്ട 1500 കോടിയോളം രൂപയുടെ പദ്ധതികളും ഉണ്ട്. നടപ്പിലുളള 1200 കോടി രൂപയുടെ പദ്ധതികള്‍ കൂടി കണക്കാക്കിയാല്‍ അവശേഷിക്കുന്നത് 400ല്‍ താഴെ കോടികളുടെ പദ്ധതികള്‍ മാത്രം.ഇതില്‍ 60 ശതമാനവും ഒരു കോടിയില്‍ താഴെ മാത്രം ചെലവുളള പദ്ധതികളാണ്. അതാത് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ അംഗീകാരം മാത്രമാണ് ഈ പദ്ധതികള്‍ക്ക് വേണ്ടത്.ഇതെല്ലാം കഴിച്ചാല്‍ അവശേഷിക്കുന്നതാണ് 163 കോടി രൂപയുടെ പദ്ധതികള്‍. ഇവയ്ക്ക് ധനവകുപ്പിന്റെ അംഗീകാരം വേണം.

പതിബെല്‍ വിട്ട്‌ പോകാന്‍ കാരണം ധനമന്ത്രി മാത്രമോ?
എം സി റോഡ് പുനര്‍ നിര്‍മ്മാണച്ചുമതല പതിബെല്‍ കമ്പനിയെ വീണ്ടും ഏല്‍പ്പിക്കാന്‍ കരാര്‍ ഒപ്പിട്ടതിനു തൊട്ടടുത്ത ദിവസം തന്നെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ആസൂത്രിതമായ നീക്കമാണ്. ധനവകുപ്പിന്റെ പിടിപ്പുകേടു കൊണ്ട് ഖജനാവിന് നഷ്ടം വരുന്നു എന്ന മട്ടിലാണ് വ്യാഴാഴ്ച പ്രമുഖ പത്രങ്ങളിലടക്കം വന്ന വാര്‍ത്തകള്‍.പതിബെലുമായി കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ അക്കാലത്തു തന്നെ ഇടതുമുന്നണി നഖശിഖാന്തം എതിര്‍ത്തിരുന്നു. കരാറിലെ പഴുതുകള്‍ ഉപയോഗിച്ച് പൊതുഖജനാവില്‍ നിന്നും കോടികള്‍ ചോര്‍ത്തുന്നതായി ഭരണത്തിലെത്തിയ ശേഷവും ഇടതു നേതൃത്വം ആരോപിച്ചിരുന്നു.റോഡ് നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയാല്‍, ദിവസം ഒരുലക്ഷം രൂപയെന്ന നിരക്കില്‍ നഷ്ടപരിഹാരം പതിബെല്ലിന് നല്‍കണമെന്ന കരാര്‍ വ്യവസ്ഥ നഗ്നമായ അഴിമതി ലക്ഷ്യമിട്ടാണെന്ന് പ്രസ്താവിച്ചത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തന്നെയാണ്. 2006 നവംബര്‍ 22നായിരുന്നു അച്യുതാനന്ദന്റെ ഈ പ്രസ്താവന. അഴിമതിക്കെതിരെ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു

കെഎസ് ടിപി പദ്ധതിയിലെ അഴിമതിയും ക്രമക്കേടും കണ്ടെത്താനും പരിഹരിക്കാനും നാല് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്ക്, നിയമമന്ത്രി എം വിജയകുമാര്‍, റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി ടി യു കുരുവിള എന്നിവരായിരുന്നു ഈ കമ്മിറ്റിയിലെ അംഗങ്ങള്‍.പണം നല്‍കുന്നത് വൈകിയതിനെക്കുറിച്ചുളള അവകാശവാദങ്ങള്‍ കരാറുകാര്‍ ഉപേക്ഷിക്കുകയാണെങ്കില്‍ റോഡ് നിര്‍മ്മാണത്തിനുളള സമയം നീട്ടി നല്‍കാമെന്ന് മന്ത്രിസഭാ ഉപസമിതി 2006 ഡിസംബര്‍ 2ന് ചേര്‍ന്ന യോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു.പതിബെല്ലുമായി നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം 106 കോടിയുടെ പണികളാണ് അവശേഷിക്കുന്നത്. ഈ പണി ചെയ്യുന്നതിന് നിലവിലുളള പൊതുമരാമത്ത് കരാറനുസരിച്ച് 180 കോടി രൂപ നല്‍കാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്.2002ല്‍ കണക്കാക്കിയ 106 കോടിയുടെ പണി 2007ലും അതേ നിരക്കില്‍ തന്നെ ചെയ്യാമെന്ന് ലോകത്ത് ഒരു കമ്പനിയും സമ്മതിക്കില്ല. കരാര്‍ ഒപ്പിട്ട കാലത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഇപ്പോള്‍ കമ്പനിയ്ക്ക നല്‍കാമെന്ന് സമ്മതിച്ച 180 കോടി രൂപ അധികമല്ലെന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മതി.പണി വീണ്ടും ടെന്‍ഡര്‍ ചെയ്തപ്പോള്‍ 95 ശതമാനം അധികം തുക വരെ ക്വോട്ട് ചെയ്തിരുന്നു. എന്നാല്‍ പതിബെല്ലിന് നല്‍കിയ വര്‍ദ്ധന 72.5 ശതമാനമാണ്. പൊതുമരാമത്ത് പണികളുടെ വര്‍ദ്ധിച്ച നിരക്കനുസരിച്ച് ഇത് അധികത്തുകയല്ല.

പണി പൂര്‍ത്തിയായെന്ന് പൊതുമരാമത്ത് വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗം സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ 14 ദിവസത്തിനകം ബില്ല് മാറി പണം നല്‍കാമെന്ന് ഇപ്പോഴത്തെ കരാറില്‍ വ്യവസ്ഥയുമുണ്ട്. 96 കോടി രൂപ അധികനഷ്ടപരിഹാരം ചോദിച്ചിരുന്ന കമ്പനി അത് 35 കോടിയായി കുറയ്ക്കാമെന്നും ആര്‍ബിട്രേഷന്‍ കേസുകള്‍ ഉപേക്ഷിക്കാമെന്നും സമ്മതിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ധനമന്ത്രിയും സെക്രട്ടറിയും ചേര്‍ന്ന ബില്ലുകള്‍ തടഞ്ഞുവെച്ചത് മാത്രമാണ് എംസി റോഡ് പുനര്‍നിര്‍മ്മാണത്തിലെ പ്രശ്നമെന്നാണ് പ്രചരിപ്പിക്കുന്നത്.
കിസാന്‍ ശ്രീ പദ്ധതിയുടെ പിന്നില്‍
കിസാന്‍ ശ്രീ പദ്ധതി പ്രകാരം 2 ഹെക്‌ടര്‍ വരെ കൃഷി ഭൂമിയുള്ളവരായ 5 ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക്‌ വാര്‍ഷിക പ്രീമിയം 20 രൂപ പ്രകാരം ഇന്‍ഷുറന്‍സ്‌ നല്‍കുന്ന ഒന്നാണ്‌. എന്നാല്‍ ഈ പദ്ധതി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതല്ല. അതുകൊണ്ട്‌ തന്നെ ഇതിന്‌ ഫണ്ട്‌ നല്‍കുന്നതിന്‌ മുന്‍പ്‌ ധനവകുപ്പ്‌ ചില സംശയങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചതിനെ പര്‍വ്വതീകരിക്കുകയാണ്‌ CPI ചെയ്തത്‌. ഇതില്‍ പ്രധാന്‍ നിര്‍ദ്ദേശമായ 20 ഇല്‍ 10 രൂപ കര്‍ഷകന്‍ അടക്കണം എന്നതാണ്‌ ഇപ്പോള്‍ വിവാദമായത്‌. എന്നാല്‍ ഈ പദ്ധതിയില്‍ ഉള്ള ഒരു പ്രധാന്‍ പോരായമ ആരും കാണാതെ പോകുന്നു. 2 ഹെക്ടര്‍ നെല്‍പ്പാടമുള്ളവനേയും 2 ഹെക്ടര്‍ റബ്ബര്‍ ഉള്ളവനും സര്‍ക്കാര്‍ എന്തിന്‌ 20 രൂപയുടെ സൌജന്യം നല്‍കണം. റബ്ബര്‍ കിലോക്ക്‌ 75 രൂപ കിട്ടുന്ന ഒരു റബ്ബര്‍ കര്‍ഷകന്‌ സാമ്പത്തീകമായി തകര്‍ന്ന് നില്‍ക്കുന്ന് ഒരു ഗവണ്മെന്റിന്റെ 10 രൂപ സൌജന്യത്തിന്‌ അര്‍ഹനാണോ? അപ്പോള്‍ ഇത്തരം ലോജിക്കലായ കാര്യങ്ങള്‍പ്പോലും പരിഗണിക്കാതെ ഒരു പദ്ധതി നടപ്പിലാക്കാന്‍ ഇറങ്ങുന്ന മന്ത്രിമാരോട്‌ യുക്തിഭദ്രമായ ഒരു ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉടനെ പത്രക്കാരെ ഉപയോഗിച്ച്‌ സമ്മര്‍ദ്ദത്തിലാഴ്‌ത്തുന്ന നടപ്ടി ശരിയാണോ?

സര്‍ക്കാരിന്റെ പണം എന്നാല്‍ എന്തെങ്കിലും ഒരു തട്ടിക്കൂട്ട്‌ പദ്ധതി നടപ്പിലാക്കി ചെലവാക്കി അത്‌ പൊക്കിപ്പിടിച്ച്‌ പത്രസമ്മേളനം നടത്തി കൈയടി വാങ്ങാന്‍ ഉള്ളതല്ല എന്ന് തിരിച്ചറിവ്‌ എന്നാണ്‌ നമ്മുടെ മന്ത്രിമാര്‍ക്ക്‌ ഉണ്ടാകുക.

ഈ വിഷയത്തിലുള്ള കൂടുതല്‍ വാര്‍ത്തകള്‍

13 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഇന്ന് കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും ഘടകകക്ഷികളും എല്ലാം തോമസ്‌ ഐസക്ക്‌ എന്ന ധനമന്ത്രിയുടെ ചോരക്ക്‌ വേണ്ടി ദാഹിക്കുകയാണ്‌. കേരളത്തിലെ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക്‌ പണം നല്‍ക്കാതെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നു എന്നതാണ്‌ പ്രധാന ആരോപണം. പിന്നെ KSTP പദ്ധതിയില്‍ പതി ബെല്‍ കമ്പനിയുട്‌ ബില്‍ പാസാക്കതെ ആ പദ്ധതി അട്ടിമറിച്ചതും ഇപ്പോള്‍ അവരെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക്‌ എത്തിച്ചതും ധനമന്ത്രിയാണ്‌ എന്നതാണ്‌ മാധ്യമങ്ങളും മറ്റും പ്രചരിപ്പിക്കുന്നത്‌. ഇതില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട്‌ എന്ന് അന്വേഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ

N.J ജോജൂ said...

കിരണ്‍,

ഇടതുപക്ഷത്ത് എനിയ്ക്ക് ഏറ്റവും ബഹുമാനമുള്ള മന്ത്രിയായിരുന്നു തോമസ് ഐസക്. ഐക്യജനാധിപത്യമുന്നണിയില്‍ എനിയ്ക്ക് ഏറ്റവും ബഹുമാനമുള്ളവരായിരുന്നു ഗണേശ് കുമാറും മുനീറൂം.

മുനീറിനെതിരെ അന്വേഷണം നടക്കുന്നു. അതില്‍ പതിബെല്ലുമായുള്ള കരാറും വരും എന്നാണ് എനിയ്ക്കു മനസിലായത്.

പതിബെല്ലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നു പറഞ്ഞവര്‍ തന്നെ പതിബെല്ലിനു കരാറു നല്‍കുന്നതില്‍ സാമാന്യയുക്തിയ്ക്ക് ദഹിക്കാത്തതായി ഒന്നും ഇല്ലേ?
അഴിമതി ഇതുവരെ തെളിയിയ്ക്കപ്പെട്ടിട്ടൂമില്ല.
ഇപ്പോഴും പതിബെല്ലിനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റമില്ലെങ്കില്‍ അവര്‍ക്കു തന്നെ കരാറുകൊടുക്കില്ലായിരുന്നല്ലോ.

അതുകൊണ്ട് ഉണ്ടായ കാലതാമസം അനാവശ്യമായിരുന്നെന്നും അതുമൂലം ഉണ്ടായ കരാറുതുകയിലെ വര്‍ദ്ധനവ് ഒഴിവാക്കാമാകുന്നാതാണെന്നും വരുന്നു. ഇതില്‍ തോമസ് ഐസക്കിന്റെ പങ്ക് നിഷേധിയ്ക്കാനാവില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ,

ഇവിടെ ഐസക്കിന്റെ മന്ത്രി സഭയിലെ അംഗം എന്ന നിലയിലും ഭരണ കക്ഷി അംഗം എന്ന നിലയിലും പതിയേ തിരികേ വിളിക്കെണ്ട വന്നത്‌ ഗതികേട്‌ തന്നേ. എന്നാല്‍ ഇതിന്റെ മൊത്തം ഉത്തരവാദിത്തം ഐസക്കിനേയും ധനവകുപ്പുമാണ്‌ എന്ന രീതിയിലാണ്‌ ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌.

പതിയുടെ ജോലിക്ക്‌ പണം നല്‍കാതിരുന്നത്‌ ധനവകുപ്പാണ്‌ എന്നത്‌ ശരി. ഇനി പതിക്ക്‌ ഐസക്ക്‌ പണം നല്‍കുകയും അവര്‍ ആര്‍ബിട്ട്രേഷന്‌ പോകുകയും ചെയ്തിരുന്നു എങ്കില്‍ ഇന്ന് ഐസക്കിനെ എങ്ങനെയായിരുക്കും മാധ്യമങ്ങള്‍ വിലയിരുത്തുക. പതിയും ഐസക്കും തമ്മില്‍ ഗൂഡാലോചന നടന്നു എന്ന് പറഞ്ഞേനേ. കാരണം ജോസഫ്‌ ഗ്രൂപ്പോഴിച്ച്‌ മറ്റാരും LDF ഇല്‍ പതി കരാറിനെ അംഗീകരിച്ചിരുന്നില്ല. മാത്രവുമല്ല പറ്റുമെങ്കില്‍ ഒരു വിജിലന്‍സ്‌ അന്വേഷണവും നടത്തേണ്ടി വന്നേനേ. പതിയുടെ മാനേജര്‍ ആതമഹത്യ ചെയ്തു എന്നത്‌ കൊണ്ട്‌ മാത്രമാണ്‌ ഈ വിഷയം ഇങ്ങനെ തിരിഞ്ഞത്‌.

ഇനി മുനീറും ഗണേശും അഴിമതി ചെയ്യില്ലാ എന്നത്‌ നമ്മുടെ പ്രതീക്ഷ മാത്രാണ്‌. KSRTC യുടെ ഹൈട്ടെക്ക്‌ ബസ്സ്‌ വാങ്ങിയ വഴി അധിക ബാധ്യതയുണ്ടാക്കുക മാത്രമല്ല അവ്‌ വഴിയാധാരമാകുകയും ചെയ്തു എന്നത്‌ ഗണേശിന്റെ മികവാണ്‌. പിന്നെ മുനീറിന്റെ കാര്യം CAG റിപ്പോട്ട്‌ പ്രകാരം 300 കോടിയുടെ ക്രമക്കേട്‌ അന്നത്തെ പൊതുമരാമത്ത്‌ വകുപ്പിനെക്കുറിച്ചുണ്ട്‌ എന്നതും നമുക്ക്‌ മറക്കാതിരിക്കാം. അത്‌ കാലം തെളിയിക്കട്ടേ. SNC ലാവലിന്‍ കേസും ഇതേപോലെ ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കീയാണ്‌ തുടങ്ങിയത്‌

Sebin Abraham Jacob said...

കിരണ്‍, നല്ല ലേഖനം. ജോജുവിന് നല്‍കിയ മറുപടിയും നന്നായി.

നചികേതസ്സ് said...

കേരളാ നിയമസഭയിലിപ്പോള്‍ പ്രൊഫണലായി കാര്യങ്ങള്‍ നോക്കുന്നു ഒരേ ഒരു മന്ത്രിയാണ് ശ്രീ തോമസ്സ് ഐസക്ക് , അദ്ദേഹത്തിനെതിരെയുള്ള ചെളിവാരിയെറിയല്‍ സ്വന്തം കഴിവുകേടുമറക്കാനുള്ളവരുടെ ശ്രമം മാത്രമായി കണ്ടാല്‍ മതി .

നന്ദി കിരണ്‍ more informative this article

കിരണ്‍ തോമസ് തോമ്പില്‍ said...

ഐസക്കിനേപ്പോലെ അത്രക്ക് പ്രൊഫഷനല്‍ അലെങ്കിലും ഇളമരം കരീമും മികച്ച മന്ത്രിയാണ്. പക്ഷെ എന്തു ചെയ്യാം മാധ്യമങ്ങള്‍ക്ക് എല്ലാവരും അവിശുദ്ധ പിണറായി പക്ഷത്തെ കിങ്കരന്മാര്‍ മാത്രം

Radheyan said...

ഭരണാന്നുമതി 163 കോടിക്ക് മാത്രം മതി എന്ന് താങ്കള്‍ എന്ത് ഉദ്ധരിച്ച് ആണോ പറയുന്നത്?

താഴെകൊടുത്ത ലിങ്ക് ആണ് അതിന് ആധാരമെങ്കില്‍ പിന്നെ ഒന്നും പറയാതിരിക്കുകയാണ് നല്ലത്.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ ധനവകുപ്പിന്റെ അനുമതിയെന്നാണ് ഉദ്ദേശിച്ചത്. പിന്നെ വിവിധ വകുപ്പുകളില്‍ ചിലവാക്കാതെ കിടക്കുന്ന കേന്ദ്രപദ്ധതികളുടെ വിവരങ്ങള്‍ മനോരമ ന്യൂസില്‍ കാണിച്ചിരുന്നു.

Radheyan said...

പക്ഷെ സാമ്പത്തിക മാനേജ്മെന്റിനെകുറിച്ചൂള്ള പരിമിതമായ അറിവ് വെച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓഡിറ്റ് പരിചയം വെച്ചും അത് ശരി ആണെന്നു തോന്നുന്നില്ല.

പല ഘട്ടങ്ങളിലായി ഫയല്‍ ധനകാര്യ വകുപ്പില്‍ ചെല്ലുന്നുണ്ട്.സ്വകാ‍ര്യ സ്ഥാപനങ്ങളിലെ പോലെ പൂര്‍ണ്ണ അനുമതി,നടപ്പക്കിയതിനു ശേഷം ഓഡിറ്റ് എന്ന രീതി അല്ല സര്‍ക്കാരിനു.സാമ്പത്തിക ചിലവ് വരുന്ന ഘട്ടങ്ങളിലെല്ലാം ധന വകുപ്പിന്റെ പല രീതിയിലുള്ള ഇടപെടല്‍ നമ്മുടെ വ്യവസ്ഥിതിയില്‍ ഉണ്ട്.പലതും പ്രവര്‍ത്തന വേഗത്തെ ബാധിക്കുന്നതാണ്.

റ്റെന്‍ഡറുകള്‍ തുടങ്ങിയ കാലതാമസമുള്ള ബ്യൂറോക്രാറ്റിക്ക് ഏര്‍പ്പാടുകള്‍ അവശ്യഘട്ടത്തില്‍ പോലും ഒഴുവാക്കാനാകുന്നില്ല.പ്രൊപ്രൈറ്റി എന്ന സാമ്പത്തിക തത്വത്തിനു ഇത് ആവശ്യമാണ് താനും.പക്ഷെ സുനാമി പുനരധിവാസം പോലെ ഉള്ള കാര്യങ്ങളിലും ചുവപ്പു നാട കൊലകുരുക്കാകുന്നു.ശിഷ്ടകാലം വിജലന്‍സ് കോ‍ാടതിയുടെ തിണ്ണ നിരങ്ങാന്‍ ആഗ്രഹമില്ലാത്ത മന്ത്രി മുതലുള്ളവര്‍ ധൈര്യമായി ചില പടികളെങ്കിലും ചാടി കടന്നു മുന്നോട്ട് പോകാന്‍ മടിക്കുന്നു.

പേമന്റ് റിലീസ് വരെ ധനവകുപ്പിനു എല്ലാ‍ പദ്ധതികളെയും നിയന്ത്രിക്കാന്‍ കഴിയുന്നതാണ് ഇന്നത്തെ വ്യവസ്ഥിതി.രാഷ്ട്രീയമോ ഗ്രൂപ്പോ ഒക്കെ ഇത്തരം നിയന്ത്രണത്തിനു പിന്നില്‍ ഉണ്ടാകാം.(തകഴി പാലം-അന്നത്തെ അമ്പലപ്പുഴ എം.എല്‍.എയും മന്ത്hരിയും ആയിരുന്ന സുശീലാ ഗോപാലന്റെ സ്വപ്നമായിരുന്നു.അത് സാധ്യമാകാതിരിക്കാന്‍ അന്ന് വി.എസ്. പക്ഷക്കാരനായിരുന്ന ധനമന്ത്രി ശിവദാസമേനോന്‍ ഒരുപാട് വലിപ്പിച്ച കഥ കുറേ ഏറെ പാര്‍ട്ടിക്കാര്‍ക്ക് അറിയാം.സുശീല അറിയപ്പെടുന്ന സി.ഐ.ടി.യു പക്ഷക്കാരി ആയിരുന്നു)
മാത്രമല്ല ഐസക്ക് ഒരു പരിധി വരെ നിയോ-ലിബറല്‍ പക്ഷപാതിയാണ്.അദ്ദേഹമോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോ അങ്ങനെ ആകുന്നതില്‍ ആര്‍ക്കും വിരോധമുണ്ടാകേണ്ട കാര്യമില്ല.പക്ഷെ മുയലുകള്‍ക്കൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുക എന്ന തേഞ്ഞ ചൊല്ല് അന്വര്‍ത്ഥമാക്കി കൊണ്ട് മന്മോഹനിസത്തെ എതിര്‍ക്കുകയ്യും ഐസക്കിസത്തെ പിന്താങ്ങുകയും ചെയ്യുമ്പോള്‍ ഒരു അരുചി ഉണ്ടാകുന്നു.

നിയോ ലിബറല്‍ ധനമാനേജ്മെന്റില്‍ സബ്സിഡിയും മാര്‍ക്കറ്റ് ഇന്റര്‍‌വെന്‍ഷനും പാപങ്ങളാണ്.പക്ഷെ കേരളത്തിലെ ഇടതുപക്ഷം കാലകാലമായി അതിനെ അനുകൂലിക്കുന്നു.ചിലര്‍ക്ക് അത് സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നതായി തോന്നാം.അങ്ങനെ ഉള്ളവര്‍ അത് തുറന്നുപറയണം.അല്ലാതെ ഇടതുപക്ഷത്തിന്റെ വ്യാജവേഷം കെട്ടാതിരിക്കുകയല്ലേ നല്ലത്.

നിയോലിബറല്‍ നയങ്ങളോട് എനിക്ക് പാടെ എതിര്‍പ്പൊന്നുമില്ല.പക്ഷെ അതിനോട് ചില റിസര്‍വേഷന്‍സ് ഉണ്ട്.അത് എല്ലാവര്‍ക്കും ആകാം.പക്ഷെ മാനിഫെസ്റ്റോയില്‍ ഒന്നു പറയുകയും അതിന്റെ പേരില്‍ വോട്ട് നേടുകയും മറിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഹിപ്പോക്രിസി വിമര്‍ശിക്കപെടേണ്ടതല്ലേ?

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ

മുയലുകള്‍ക്കൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുക എന്ന തേഞ്ഞ ചൊല്ല് അന്വര്‍ത്ഥമാക്കി കൊണ്ട് മന്മോഹനിസത്തെ എതിര്‍ക്കുകയ്യും ഐസക്കിസത്തെ പിന്താങ്ങുകയും ചെയ്യുമ്പോള്‍ ഒരു അരുചി ഉണ്ടാകുന്നു


ഇപ്പറഞ്ഞത്‌ വളരേ ശരി. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത്‌ മന്‍മോഹന്‍ സാമ്പത്തീക നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ CPM ന്‌ ഒരു കുറ്റബോധവുമില്ല. ലോകബാങ്കോ ADB യോ എന്തുമാകാം ബംഗാളിലും കേരളത്തിലും. പിന്നെ കേരളത്തില്‍ അച്ചുതാനന്ദന്റെ വക ചില പൊട്ടന്‍ കളികള്‍ ഉണ്ട്‌ എന്നതൊഴിച്ചാല്‍ ( CPM ന്റെ കേന്ദ്ര നയം തന്നെ ഞാന്‍ അറിഞ്ഞില്ല എന്ന രീതിയില്‍ ഉള്ള അഭിനയം) ബാക്കിയൊക്കെ ഉശാര്‍. പിന്നെ ഒരു മെച്ചമുണ്ട്‌ CPI യേപ്പോലെ ക്യാബിനറ്റില്‍ ഇരുന്ന് ഒരു തീരുമാനം എടുക്കുക പിന്നീട്‌ യുവജന സംഘടനകളേക്കൊണ്ട്‌ അതിനെതിരെ സമരം ചെയ്യിക്കുക എന്ന വൃത്തികേട്‌ കേരളത്തില്‍ CPM ചെയ്യുന്നില്ല ( കേന്ദ്രവിരുദ്ധ സമരം ഇതേ മാതൃകയില്‍ ഉണ്ടെങ്കിലും).

Radheyan said...

1. സി.പി.എമ്മിന്റെ കേന്ദ്ര നയം നിയോ ലിബറലിസത്തെ അനുകൂലിക്കുന്നതാണോ? ഈ ധാരണ കിരണിനു എങ്ങനെ ഉണ്ടായി എന്നറിയില്ല.പാര്‍ട്ടിക്ക് പരിപാടി എന്നൊരു സംഗതി ഉണ്ട്.അത് ഇപ്പോഴും മരവിപ്പിച്ചിട്ടില്ല.അത് ഇപ്പോഴും ജനകീയ ജനാധിപത്യ വിപ്ലവത്തെ കുറിച്ച് പറയുന്നു.

2. അതു പോലെ വിദേശ ഫണ്ടും.ഉപാധികളില്ലാത്ത ഫണ്ട് എന്നാണ് പാര്‍ട്ടി കേന്ദ്രം പറയുന്നത്.ഉപാധികളില്ലാത്ത വിദേശ ഫണ്ടില്ലെന്ന് പരക്കെ അംഗീകരിക്കപ്പെടുന്നു.അപ്പോള്‍ പിന്നെ അത് എങ്ങനെ കേന്ദ്ര നയമാകും

3. CPI സംഘടനകള്‍ പ്രധാനമായും എതിര്‍ത്തത് 4 കാര്യങ്ങളെയാണ്.
ക. ADB- അതിനെ ഡി.വൈ.എഫ്.ഐയും മറ്റും കഴിഞ്ഞ സര്‍ക്കാരിന്റെ കാര്യത്തില്‍ എതിര്‍ത്തിരുന്നു.അതില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാതെ ഈ സര്‍ക്കാര്‍ അംഗീകരിക്കുമ്പോള്‍ -നമ്മുടെ ഉമ്മ ഉമ്മ,ബാക്കിയുള്ളോന്റെ ഉമ്മ ചുമ്മ എന്ന് പറഞ്ഞ് കൊടിയും മടക്കി പോകുന്നത് ഹിപോക്രിസി അല്ലേ?
ഖ. വിദ്യാഭ്യാസനയം-അത് ഏത് പരുവത്തിലാണെന്ന് പറയാന്‍ പാഴൂര്‍ കണിയാനു പോലും പറ്റുമെന്നു തോന്നുന്നില്ല.ഏത് കോടതി വിധിയാണ് ഇപ്പോള്‍ നിലവില്‍ എന്ന് പറയാന്‍ കിരണിനു കഴിയുമോ?പല‍പ്പോഴും നയങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തിരുന്നില്ല.മന്ത്രിയുടെ പാര്‍ട്ടിയില്‍ പോലും ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ഇത്ര കാല്‍പ്പനികമാകുമായിരുന്നുവോ ആ നിയമങ്ങള്‍ എന്ന് സംശയമുണ്ട്.സ്വാഭാവികമായും അതിനെതിരേ സമരമുണ്ടാകുന്നു.
ഗ. വ്യവസായം-മുന്നണി പറയുന്നു തകര്‍ന്ന പൊതുമേഖല സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുകയോ പകരം പുതിയ വ്യവസായങ്ങള്‍ തുടങ്ങുകയോ ചെയ്യും എന്ന്.പക്ഷെ അവ വിദ്യാഭ്യാസ കച്ചവടത്തിനു വിട്ടു കൊടുത്താല്‍ തൊഴില്‍ സംഘടനകള്‍ എതിര്‍ക്കില്ലേ?
ഖ. ചെറുകിട കുത്തകകള്‍. ഇവയ്ക്കെതിരേയുള്ള ആദ്യസമരത്തില്‍ പിണറായി ഉമ്മന്‍ ചാണ്ടി,വെളിയം അടക്കം എല്ലാവരും പങ്കെടുത്തതാണ്.ചെറികിട കുത്തകകള്‍ക്കെതിരേ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേന്ദ്രനേതൃത്വം നിലപാട് എടുത്തതാണ്.അപ്പോള്‍ അവയ്ക്കെതിരേ സമരം മുന്നണിയുടെ ചുമരുകള്‍ക്കുള്ളില്‍ ഉള്ളതാണ്.മാത്രമല്ല ഈ വകുപ്പ് ഭരിക്കുന്നത് സി.പി.ഐ തന്നെ ആണ്.അപ്പോള്‍ മറ്റുപാര്‍ട്ടികള്‍ ഭരിക്കുന്ന വകുപ്പുകള്‍ക്കെതിരേ ആണ് സമരം എന്നു പറയാന്‍ കഴിയില്ല.

സമരങ്ങളോട് കമ്മ്യൂ.പാര്‍ട്ടികള്‍ക്ക് അസഹിഷ്ണുത ഒന്നുമില്ല.ജനകീയ പ്രശ്നങ്ങള്‍ സമരങ്ങളിലൂടെ പരിഹരിക്കുക എന്നത് ആണ് കമ്മ്യു.പാര്‍ട്ടികളുടെ നയം.അതില്‍ എനിക്കോ കിരണിനോ വിയോജിപ്പുണ്ടായ്തു കൊണ്ട് മാറ്റമുണ്ടാകും എന്നു തോന്നുന്നില്ല.പാര്‍ട്ടി വളരെ വ്യക്തമായി പറയുന്ന ഒരു സംഗതി ഉണ്ട്.പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയല്‍ഊടെ ചൂഷണം നിര്‍ത്താം എന്നു പാര്‍ട്ടി ധരിക്കുന്നില്ലെങ്കിലും,ഒരു താല്‍ക്കാലിക നിലപാടു തറ എന്ന നിലയില്‍ മാത്രം അത് ഉപയോഗിക്കം എന്ന്.എന്നു വെച്ചാല്‍ അധികാരം ഉള്ളത് കൊണ്ട് സമര സംഘടന എന്ന അവസ്ഥ മാറ്റേണ്ട കാര്യമില്ല എന്ന്.

ഇതൊക്കെ ശരി ആണെന്ന അഭിപ്രായമൊന്നും എനിക്കില്ല.കമ്മ്യൂ.പാര്‍ട്ടികള്‍ പൊതുവേ സ്വീകരിക്കുന്ന നിലപാടുകളാണ് ഞാന്‍ പറഞ്ഞത്.കിരണിനെ പോലെ സാമൂഹിക ജനാധിപത്യ വ്യവസ്ഥയെന്ന നിയോ ലിബറല്‍ വ്യവസ്ഥയെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് അവയോട് വിയോജിക്കാം.പുറമെ നിന്നുള്ള ഒരാള്‍ എന്ന നിലയില്‍ തീര്‍ച്ചയായും.പക്ഷെ പാര്‍ട്ടിക്കാര്‍ നിയോ ലിബറല്‍ ചിന്താഗതികളെ എന്തിന് ട്രോജന്‍ കുതിരയില്‍ ഒളിപ്പിച്ച് പാര്‍ട്ടിയില്‍ സന്നിവേശിപ്പിക്കണം.സമ്മേളനം നടക്കുകയല്ലേ.അവര്‍ തുറന്നു പറയട്ടെ ഇനി പാര്‍ട്ടിയുടെ നയം നിയോ ലിബറലായിരിക്കുമെന്ന് അതിനാണ് അംഗങ്ങളുടെ അംഗീകാരമെങ്കില്‍ വി.എസിന് പെട്ടിയും കിടക്കയുമെടുത്ത് വേലിക്കകത്ത് വീട്ടിലേക്ക് മടങ്ങാമല്ലോ?

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയ ഉപാദികളില്ലാത്ത ഫണ്ട്‌ എന്നാണോ ചരടുകള്‍ ഇല്ലാത്ത ഫണ്ട്‌ എന്നതാണോ എന്നതില്‍ എനിക്ക്‌ സംശയമുണ്ട്‌. പിന്നെ ബംഗാളില്‍ വാങ്ങാന്‍ സമ്മതം കിട്ടിയ വായ്പകളൊക്കെയേ കേരളത്തിലും സര്‍ക്കാര്‍ വാങ്ങിയിട്ടുള്ളൂ. അപ്പോള്‍ അത്‌ തന്നെയാണ്‌ CPM ന്റെ നയം എന്ന് വ്യക്തമല്ലേ. പിന്നെ പുറത്തുന്ന് നോക്കുന്ന ആള്‍ക്കാര്‍ക്ക്‌ അങ്ങനെ തോന്നുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ല. മാത്രവുമല്ല പ്രകാശ്‌ കാരാട്ട്‌ തന്നെ ADB വിഷയത്തില്‍ അലമ്പുണ്ടാക്കിയ അച്ചുതാനന്ദനെ സെന്‍ഷര്‍ ചെയ്തതുകൂടി കണ്ടപ്പോള്‍ അത്‌ CPM ന്റെ നയത്തിന്റെ ഭാഗമാണ്‌ എന്ന് കരുതാതെ പോകുന്നത്‌ എങ്ങനെ ? പിന്നെ അച്ചുതാനന്ദന്‍ അടക്കമുള്ള CPM ന്റെ സെക്രട്ടറിയേറ്റ്‌ യോഗം UDF ഭരിക്കുമ്പോള്‍ തന്നെ ഇതേ വായ്പ വാങ്ങാന്‍ അനുമതിയും നല്‍കീയിരുന്നു. അതും എന്നേപ്പോലെ പുറത്തുന്ന് കാണുന്നവരെ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും

ഇനി CPI യുടെ കാര്യം കേന്ദ്ര സര്‍ക്കാര്‍ ADB യില്‍ നിന്നോ ലോകബാങ്കില്‍ നിന്നോ എടുത്ത്‌ തരുന്ന വായ്പ CPI മന്ത്രിയുടെ വകുപ്പില്‍ വാങ്ങുന്നതും ഒരു തരം ഹിപ്പോക്രസി അല്ലേ?

പിന്നെ കോടതി ആയ കോടതി മുഴുവന്‍ തള്ളിക്കളഞ്ഞ ഒരു നിയമം അലെങ്കില്‍ ഇനി ഒരിക്കലൌം നടത്താന്‍ കഴിയാത്ത ഒന്ന് അതിന്റെ ഏതാണ്ടൊരു പുനരവതരണമാണ്‌ CPI വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്‌. ഇടതുമുന്നണി പണ്ട്‌ പറഞ്ഞിരുന്ന ഒന്നും നടപ്പിലാക്കാന്‍ കഴിയില്ലാ എന്നും 100% സീറ്റിലും മാനേജ്മെന്റിന്‌ പൂര്‍ണ്ണ അധികാരം ഉണ്ട്‌ എന്ന് ഉറപ്പായതിനാലും സര്‍ക്കാരിന്‌ ഇനി പ്രത്യേകിച്ച്‌ ഒന്നു ചെയ്യാനില്ല. എന്നാല്‍ AYSF കാര്‍ ഞങ്ങള്‍ ഈ നാട്ടിലേ അല്ലാ എന്ന രീതിയില്‍ സമരാഭാസം നടത്തുന്നു. അവരുടെ മന്ത്രി തന്നെ കര്‍ദ്ദിനാളുമായി ചര്‍ച്ച ചെയ്യാന്‍ പോയി അദ്ദേഹം ഉള്‍പ്പെടുന്ന ഉപസമതിയുടെ റിപ്പോര്‍ട്ടുകള്‍ അനുസ്സരിച്ച്‌ ചില ഒത്തു തീര്‍പ്പില്‍ എത്താനേ സര്‍ക്കാരിന്‌ കഴിയൂ എന്നതു അറിയാതെ ആണോ AISF സമരം ചെയ്യുന്നത്‌.


ഇനി നഷ്ടത്തില്‍ കിടക്കുന്ന പൊതുമേഖല സ്ഥാപനത്തിന്റെ സ്ഥലം ഏറ്റെടുത്ത്‌ വിദ്യാഭാസ കച്ചവടം നടത്തുന്നതില്‍ എനിക്ക്‌ വലിയ തെറ്റൊന്നും തോന്നുന്നില്ല. കാരണം പൊതു ഫണ്ട്‌ നല്‍കി നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തിന്നതിനോടു എനിക്ക്‌ അശേഷം താല്‍പര്യവും ഇല്ല. അവിടെ ന്യായമായ ഫീസില്‍ ഒരു സ്വകാര്യ സ്ഥാപനം വരട്ടെ എന്നേ യാഥാര്‍ത്ഥ്യ ബോധമുള്ളവര്‍ കരുതൂ.

പിന്നെ കുത്തക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എറിഞ്ഞ്‌ തകര്‍ത്തത്‌ അടുത്ത പൊറാട്ട്‌ നാടകം. രധേയാ പറയൂ നഗരസഭ അനുംതി നല്‍കിയ സ്ഥാപനങ്ങള്‍ ( അതേ നഗര സഭയിലെ CPI മെമ്പര്‍മാര്‍ അടക്കം ഉത്തരവാദിത്തത്തില്‍) അടിച്ച്‌ തകര്‍ക്കുന്നത്‌ എന്ത്‌ അളവ്‌ കോലുകൊണ്ടാണ്‌ നിങ്ങള്‍ ന്യായീകരിക്കുന്നത്‌. പൊറാട്ട്‌ നാടകം കളിക്കാന്‍ ഇനിയെങ്കിലും ഒരു പരിധി വേണ്ടേ?

ഇനി CPM നെക്കുറിച്ച്‌ നവലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്ന ഒരു രാജ്യത്ത്‌ അതിനോട്‌ മുഖം തിരിച്ച്‌ നടപ്പിലാക്കാന്‍ എന്ത്‌ അജണ്ടയാണ്‌ CPM മുന്നോട്ട്‌ വച്ചിട്ടുള്ളത്‌ എന്ന് എനിക്കറിയില്ല. എന്തിനേയും എതിര്‍ക്കാന്‍ നല്ല എളുപ്പം അത്‌ അച്ചുതാനന്ദനും കാരാട്ടിനും യച്ചൂരിക്കും പിണറായിക്കും പറ്റും. പക്ഷെ ഭരണം കിട്ടിയാല്‍ വിയര്‍ക്കും. അപ്പോള്‍ യഥാര്‍ത്ഥ്യങ്ങളെ അറിയാതെ മുഖം തിരിച്ച്‌ നില്‍ക്കാന്‍ എത്രകാലം കഴിയും. കൊട്ടിഘോഷിക്കപ്പെട്ട്‌ ADB വായ്പക്ക്‌ അപേക്ഷിച്ചത്‌ UDF ഓ ഉമ്മന്‍ ചാണ്ടിയോ അല്ല അത്‌ സഖാവ്‌ നയനാരു ശിവദാസ മേനോനുമായിരുന്നു അന്ന് സഖാവ്‌ അച്ചുതാനന്ദനായിരുന്നു LDF കണ്‍-വീനര്‍.

Radheyan said...

കിരണ്‍,
ശരി തെറ്റുകളെ കുറിച്ചല്ല മറിച്ച് ന്യായീകരണങ്ങളെ കുറിച്ചാണ് ഞാന്‍ അക്കമിട്ട് പറഞ്ഞത്.

റവന്യൂ വകുപ്പ് വാങ്ങിയ സുനാമി പുനരധിവാസത്തിനുള്ള ലോകബാങ്ക് വായ്പയെയാണോ കിരണ്‍ ഉദ്ദേശിച്ചത്.അത് വാങ്ങിയത് മുന്‍ സര്‍ക്കാറല്ലേ? എന്റെ സംശയമാണ് കേട്ടോ.ഉപയോഗിക്കുന്നത് ഈ സര്‍ക്കാരാണ് എന്നത് സത്യം.(എനിക്ക് നല്ല ബോധ്യമില്ല)

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരു സ്റ്റേല്‍മേറ്റ് ഉണ്ട് എന്നത് വാസ്തവം.ഇതേ പ്രശ്നം 3 വര്‍ഷം കഴിഞ്ഞ് ഇനിയും എസ്.എഫ്.ഐ ഉന്നയിക്കുമെന്നതിനു 3 തരം.ബേബിയുടെ ഉദ്ദേശശുദ്ധിയെ മാനിക്കുമ്പോള്‍ തന്നെ അദ്ദേഹം നയങ്ങള്‍ രൂപീകരിക്കുന്നത് പാര്‍ട്ടിയിലോ മുന്നണിയിലോ അല്ല,മറിച്ച് കോക്കസായി കൂടിയ ചില(അല്പ)ബുദ്ധിജീവികളുമായി ആലോചിച്ചാണ് എന്നതും സത്യമല്ലേ?സമരത്തില്‍ നിന്നും പിന്വാങ്ങുക എന്നത് ഇപ്പോളത്തെ അസന്തുലിതമായ അവസ്ഥയെ അംഗീകരിക്കുക എന്നതല്ലേ?അങ്ങനെയെങ്കില്‍ 3 കൊല്ലം കഴിഞ്ഞ് എങ്ങനെ സമരം ചെയ്യാന്‍ കഴിയും.

കുത്തകവിരുദ്ധസമരം AIYF മാത്രമല്ല നടത്തുന്നത്.DYFI അടക്കം നടത്തുന്നു..അന്ന് തിരുവനന്തപുരത്ത് ഉണ്ടായ ചില സംഭവങ്ങളെ വല്ലാതെ പെരുപ്പിച്ചത് മൂലം മറിച്ച് തോന്നുതാണ്.വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനനുസരിച്ച് നയപരമാ‍യ തീരുമാനങ്ങളെടുക്കുന്ന രീതിയല്ല നഗരസഭകള്‍ക്കുള്ളത്,മാത്രമല്ല കൌണ്‍സില്‍ ആണോ ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്.കൌണ്‍സിലില്‍ ചര്‍ച്ച ചെയ്തല്ല എന്നുറപ്പ്.ചിലപ്പോള്‍ സെക്രട്ടറിയുടെയും മേയറിന്റെയും ഒപ്പ് വേണമായിരിക്കും.നയപരമായി ഇടതുമുന്നണി പാടില്ല എന്നു പറഞ്ഞ് ശേഷം അത്തരം ലൈസന്‍സുകള്‍ നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്.

കുത്തകകള്‍ വരുന്നതിലെ ആദ്യത്തെ അപായമണി ഇപ്പോഴെ മുഴങ്ങി കഴിഞ്ഞു.അത് അരി വിലയുടെ രൂപത്തിലാണ്.അരി ധാരാളം കുത്തകകളുടെ കൈയ്യില്‍ സ്റ്റോക്കുണ്ട്.MRTP Act 91നു ശേഷം വരിയുടക്കപ്പെട്ടു.അതുകൊണ്ട് പൂഴ്ത്തിവെയ്പ്പ് നിയമങ്ങള്‍ ബാധകമല്ല.കുറേശേ ഇനി ഇവര്‍ അരി മാര്‍ക്കറ്റിലെത്തിക്കും.ഡിമാന്‍ഡിനേക്കാള്‍ ഒരു പടി താഴെ ആയിരിക്കും സപ്ലൈ.എപ്പോഴും വില്‍പ്പന വില ഉയര്‍ന്നു നില്‍ക്കും.ഉല്‍പ്പാദകനു കാര്യമായ ഗുണം ഉണ്ടാവില്ല.കാരണം വയലുകള്‍ പാട്ടത്തിലെടുത്താണ് കൃഷി.ഉല്‍പ്പാദകന്‍ തന്നെ ഇല്ല എന്ന അവസ്ഥ.വെള്ളം വെള്ളം സര്‍വ്വത്ര,കുടിപ്പാനില്ല ഒരു തുള്ളി എന്ന സ്ഥിതി.

ലോകത്തെമ്പാടും നിയോ ലിബറല്‍ ആശയങ്ങള്‍ക്ക് കിരണിനെ പോലെ ധാരാളം ആരാധകരുണ്ട്.ചുറ്റുമുള്ളവരെ അത് ചൂഷണം ചെയ്ത് തടിച്ച് കൊഴുത്ത ഒരു എങ്കിലും അംഗസംഖ്യ കുറഞ്ഞ ഒരു ഉപരിവര്‍ഗ്ഗത്തെ ഉണ്ടാക്കുമ്പോള്‍ നാം കിട്ടുന്ന ചില അപ്പത്തുണ്ടുകള്‍ക്കായി അവയെ കൈയ്യടീച്ച് പ്രോത്സാഹിപ്പിക്കുന്നു.പക്ഷെ ഒരു നാള്‍ അവ എന്റെയും നിങ്ങള്ഉടെയും കഴുത്തിനു പിടിക്കും.അപ്പോള്‍ നമുക്കായി കരയാ‍ന്‍ ആരും കാണില്ല.അവഷേഷിക്കുന്നവര്‍ നമ്മൂടെ എല്ലിന്‍ തുണ്ടിനായി കടികൂടുന്ന തിരക്കിലായിരിക്കും.

പകരം ആശയം മുന്നോട്ട് വെയ്ക്കേണ്ടത് സി.പി.എം അല്ല നാം ഒരോ വ്യക്തിയുമാണ്.നാം ഒരു സമൂഹം എന്ന നിലയില്‍ ആണ്.ഓരോ സംവാദവും അതിന് ഇന്ധനമാകും എന്നാണ് എന്റെ പ്രതീക്ഷ.