Friday, September 28, 2007
ഇത് മനോരമയുടെ പേജ് തന്നേയോ ?
ഇത് വായിക്കാന്‍ ഞാന്‍ നിര്ബന്ധിക്കില്ല. ഇത് മനോരമയുടെ സൈറ്റാണെങ്കില്‍ ഈ ലിങ്ക് ഒഴിവാക്കാന്‍ ബൂലോകത്തുള്ളാ മനോരമ പ്രവര്‍ത്തകര്‍ ശ്രമിക്കുമല്ലോ. ദയവായി മോഡറേഷന് ഇല്ലാതെ ഇത്തരം ആശംസകള്‍ മലയാളികള്‍ക്ക് തുറന്ന് കൊടുക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു
Thursday, September 27, 2007
ഇടയലേഖനം : തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പ്
ഇടയലേഖനം
ദൈവപരിപാലനയാല്‍ തൃശ്ശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായ ഞാന്‍ അതിരൂപതയിലെ വൈദികര്‍ക്കും സന്യസ്തര്ക്കുംദൈവജനം മുഴുവനും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും സമാധാനവും നേരുന്നു.യേശുവില്‍ പ്രിയസഹോദരരേ, വത്സലമക്കളേ,തൃശ്ശൂരിന്റെ മെത്രാപ്പോലീത്തയായശേഷം നിങ്ങളുടെ ആത്മീയപിതാവെന്ന നിലയില്‍ ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന രണ്ടാമത്തെ ഇടയ ലേഖനമാണിത്. കുടുംബവര്‍ഷാചരണത്തിന്റെ തുടര്‍ച്ചയായി 2007മാര്‍ച്ച് 25 മുതല്‍ 2008 മാര്‍ച്ച് 25 വരെ .ജീവന്റെ സമഗ്രപോഷണവര്ഷ..മായി ആചരിക്കുവാന്‍ കേരള കത്തോലിക്ക മെത്രാന്‍സമിതിയുടെ കീഴിലുള്ള ഫാമിലി കമ്മീഷന് ആഹ്വാനം ചെയ്തിരുന്നു.ഇതോടനുബന്ധിച്ച് നമ്മുടെ അതിരൂപതയിലെ ഫാമിലി അപ്പസ്തോലേറ്റിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളായ സെപ്തംബര്‍ 8-ാം തീയതി .ജീവന് രക്ഷാദിനമായി ആചരിക്കുന്നു.
ഇത്തരുണത്തില്‍ ജീവന്റെ മൂല്യത്തെക്കുറിച്ചും അതിനെ പരിപോഷിപ്പിക്കേണ്ടതിനെക്കുറിച്ചും നിങ്ങളെ ഉദ്ബോധിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കുടുംബം, മനുഷ്യജീവന് എന്നീ വിഷയങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത് ആവശ്യമാണെന്ന് എന്റെ അജപാലനശുശ്രൂഷയുടെ ആരംഭത്തില്‍ത്തന്നെ എനിക്ക് ബോധ്യമായിട്ടുണ്ട്. മാനവവംശത്തിന്റെ നന്മ മുന്നില്‍ കണ്ടുകൊണ്ട് ആധുനിക മാര്‍പ്പാപ്പമാര്‍ ഏറ്റവും ശക്തമായി പഠിപ്പിച്ചിട്ടുള്ളതും ഈ വിഷയങ്ങളാണ്. പോള്‍ ആറാമന്‍ പാപ്പയുടെ `മനുഷ്യജീവന്', ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ `ജീവന്റെ സുവിശേഷം' എന്നീ ചാക്രികലേഖനങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണല്ലോ.ജീവന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകള്ക്കുമുമ്പേ മനുഷ്യജീവനെ കുറിച്ചുള്ള ഉത്കണ്ഠകളാണ് എന്നില്‍ ആദ്യം ഉയര്‍ന്നുവരുന്നത്. ദൈവം മനുഷ്യനെ ഭരമേല്പിച്ച ഏറ്റവും വലിയസ്നേഹദാനമായ ജീവനോട് നിരുത്തരവാദപരമായ സമീപനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പ്രബലമായിക്കൊണ്ടിരിക്കുന്നു. പ്രയോജനവാദാനുകൂല നിലപാടുകളും അവ വരുത്തിവെക്കുന്ന മരണസംസ്കാരവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ .ഭീതിപ്പെടുത്തുന്നവയാണ്.സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് ഉപയോഗപ്പെടാത്തവയെ തിരസ്കരിക്കുന്ന പ്രവണത കൂടി വരുന്നു. ഓരോ വ്യക്തിയും ഓരോ കുടുംബവും വ്യത്യസ്ത ദ്വീപുകളായി കഴിയുന്ന അവസ്ഥ ആഴപ്പെടുന്നു.നിരാശരുടെ എണ്ണം ഏറി വരുന്നു. ധാര്‍മികത നഷ്ടപ്പെട്ട് പാപബോധമില്ലായ്മ മനുഷ്യമനസ്സുകളില്‍ വേരുറയ്ക്കുന്നു. ലൈംഗികതയെക്കുറിച്ചുള്ള .ഭൗതികമായ കാഴ്ചപ്പാടുകളില്‍ ദാമ്പത്യബന്ധത്തിന്റെ പവിത്രത ചോദ്യം ചെയ്യപ്പെടുന്നു. ജീവന്റെ സംസ്കാരം നല്കുന്ന ക്രിസ്തുവിന്റെ പ്രബോധനം തിരസ്കരിക്കുന്നവരില് മരണസംസ്കാരം വളരുന്നുവെന്നത് വേദനാജനകമാണ്. ഈ പശ്ചാത്തലത്തില്‍ മനുഷ്യജീവന്റെ മൂല്യത്തെക്കുറിച്ചും അതിനെതിരെയുള്ള വെല്ലുവിളികളെക്കുറിച്ചും നാം ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.വ്യാപകമാകുന്ന മദ്യപാനം, മയക്കുമരുന്ന്, ലൈംഗികാക്രമണങ്ങള്‍, സ്ത്രീപീഡനം, വേശ്യാവൃത്തി, ഗുണ്ടായിസം, ധൂര്‍ത്ത്, ദൃശ്യശ്രാവ്യമാധ്യമങ്ങളിലെ അശ്ലീലത, ബാലപീഡ, പരിസ്ഥിതി മലിനീകരണം തുടങ്ങിയവ മരണസംസ്കാരത്തിലേക്കുള്ള പല കൈവഴികളാണ്. ഇവ മനുഷ്യനെക്കൊണ്ടെത്തിക്കുന്നത് ഗര്‍ഭഛിദ്രം, ദയാവധം, ആത്മഹത്യ, കൊലപാതകം തുടങ്ങിയ ഘോരതിന്മകളിലും എയ്ഡ്സ് തുടങ്ങിയ മാറാരോഗങ്ങളിലുമാണ്.
ഗര്‍ഭഛിദ്രം തെറ്റാണെന്ന് സഭയും ഇതരമതങ്ങളും പഠിപ്പിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിലധികം മനുഷ്യജീവന് അമ്മമാരുടെ ഉദരങ്ങളില്‍ വെച്ച് വര്‍ഷംതോറും നശിപ്പിക്കപ്പെടുന്നു. ജനപ്പെരുപ്പം കാരണവും സാമ്പത്തിക സാമൂഹിക സുസ്ഥിതിയെപ്രതിയും ദമ്പതിമാരുടെ സ്വാതന്ത്ര്യത്തെപ്രതിയും ആണ്പലരും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നത്. ജീവനെതിരെയുള്ള ഈതിന്മയെ ഒരു കാരണംകൊണ്ടും ന്യായീകരിക്കാനാവില്ല. കേരളത്തില്‍ മാത്രം പ്രതിദിനം നൂറുകണക്കിനു കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്നത് എന്നത് ഈ തിന്മയുടെ .ഭീകരത വെളിെപ്പടുത്തുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ക്രൈസ്തവരുടെ ജനസംഖ്യ 24 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറഞ്ഞത് ഏവരുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്. അതിനാല്‍ അമ്മയുടെ ഉദരം ജീവന്റെ സംരക്ഷണത്തിനുവേണ്ടി ദൈവം നല്കിയ രക്ഷാപേടകമാണ് എന്ന തിരിച്ചറിവോടെ ഓരോ മനുഷ്യജീവനെയും വളര്‍ത്താന്‍ മാതാപിതാക്കന്മാര് തയ്യാറാകണം.വാര്‍ദ്ധക്യമോ രോഗമോ മനുഷ്യജീവന്റെ മാഹാത്മ്യം കുറയ്ക്കുന്നില്ല. അതിനാല്‍ ദയാവധമല്ല, ദയാപൂര്‍വകമായ പരിപാലനമാണ് ജീവന്റെ നേര്‍ക്കുള്ള ശരിയായ സമീപനം. ഏതൊരുമനുഷ്യജീവനും അതിന്റെ ഉത്ഭവനിമിഷം മുതല്‍ സ്വാഭാവികാന്ത്യംവരെ ജീവിക്കാനുള്ള അവകാശം അഭംഗുരം പാലിക്കപ്പെടണം (ജീവന്റെ സുവിശേഷം ന.60). അതിനാല്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് ജീവനെ പരിപാലിക്കണം. വൃദ്ധരും ശാരീരിക, മാനസികരോഗികളും കുടുംബം, സമൂഹം എന്നിവരുടെ ഉത്തരവാദിത്തത്തില്‍ പരിചരിക്കപ്പെടുകയാണ് വേണ്ടത്. ജീവിതത്തിന്റെ ഭാഗമായ സഹനത്തെ സ്വീകരിക്കാനുള്ള താല്പര്യക്കുറവാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഒറ്റപ്പെടല്‍, പരാജയങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, മാനഹാനി, മാനസികപ്രശ്നങ്ങള്‍ തുടങ്ങിയവയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന മുഖ്യഘടകങ്ങള്‍. ഇവയില്‍ പലതും മനുഷ്യന് സ്വയംവരുത്തിവെക്കുന്നവയാണ്. ആത്മഹത്യ ദൈവികനിയമത്തിന് എതിരാണ്. ജീവന്റെ അധികാരി ദൈവമാണ്. ജീവന് നല്കുന്ന ദൈവത്തിനു മാത്രമെ ജീവനെ തിരിച്ചെടുക്കാനുള്ള അധികാരമുള്ളൂ. ആത്മഹത്യ പ്രകൃതിനിയമത്തിനും എതിരാണ്. പ്രകൃതിയിലേക്ക് ഒന്നുനോക്കൂ. സ്വന്തം ജീവനെ പക്ഷിമൃഗാദികള്‍ നശിപ്പിക്കുന്നില്ലല്ലോ.മനുഷ്യനെ സംബന്ധിച്ചും ഇതു തന്നെയാണ് പ്രകൃതി നല്കുന്ന പാഠം. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും വെളിച്ചത്തില്‍ ജീവിതപ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കാത്തതാണ് മനുഷ്യനെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. പ്രതിസന്ധികളില്‍ ഉഴലുന്നവരെ സൗഹൃദത്തിലൂടെയും പ്രോത്സാഹനത്തിലൂടെയും സഹായങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന് സാധിക്കണം.കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും ഇന്ന് ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. ഇവ തൊഴിലാക്കിയവരുമുണ്ട് എന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന `ഗുണ്ടായിസം'ഈ തിന്മയുടെ വ്യാപ്തി വിളിച്ചറിയിക്കുന്നു. അസൂയ, സ്വാര്‍ത്ഥത, അത്യാഗ്രഹം, അധ്വാനിക്കാതെ പണമുണ്ടാക്കാനുള്ള വ്യഗ്രത, നീതിയുടെ അവഗണന എന്നിവയാണ് അക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും പലപ്പോഴും നയിക്കുന്നത്. .കൊല്ലരുത്.എന്ന ദൈവകല്പനയുടെ നഗ്നമായ ലംഘനമാണ് ഇതെല്ലാം. മരണസംസ്കാരത്തിന്റെ വളര്‍ച്ചയാണ് ഇത്തരം പ്രവണതകള്‍ കാണിച്ചുതരുന്നത്.മരണസംസ്കാരത്തിലേക്ക് നയിക്കുന്ന സാമൂഹിക സാഹചര്യങ്ങളും ഇന്ന് വളര്‍ന്നു- ക്കൊണ്ടിരിക്കുകയാണ്. ചെയ്യുന്നതെല്ലാം ലാഭത്തിനു വേണ്ടിയും പറയുന്നതെല്ലാം പരസ്യത്തിനു വേണ്ടിയും എന്ന നിലയിലേക്ക് സമൂഹം മാറുന്നു.
സമ്പത്തിന്റെ ദുരുപയോഗംപ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തെ തിന്മയിലേക്കു നയിക്കുന്നു. സമ്പത്തു കൂടുതലുള്ളവര്‍ ആഘോഷങ്ങളും ആഢംബരങ്ങളും വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റുപലരിലും അത് അന്ധമായ അനുകരണങ്ങള്‍ക്കും അസൂയയ്ക്കും കാരണമാകുന്നു. കവര്‍ച്ചകള്‍ക്കും കൊലപാതകങ്ങള്ക്കുംവരെ ഈ പ്രവണതകള്‍ ഇടയാക്കുന്നുണ്ട്.സ്വസഹോദരനായ ആബേലിനെതിരെ തന്റെ ഉള്ളില്‍ കായേന് വളര്‍ത്തിയ അസൂയ അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ജീവനുനേരെയുള്ള കയ്യേറ്റത്തിലാണ് എന്ന് വിശുദ്ധ ഗ്രന്ഥംതന്നെ സാക്ഷിക്കുന്നു.സമ്പത്തും സുഖസൗകര്യങ്ങളും പങ്കുവെയ്ക്കാനുള്ള വിമുഖതയാണ് മക്കളുടെ എണ്ണം കുറയ്ക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്. ജീവന്റെ സമൃദ്ധിയിലാണ് യഥാര്‍ത്ഥ അഭിവൃദ്ധി എന്ന് മനസ്സിലാക്കണം. ആഢംബരങ്ങളേക്കാള് ജീവന് മുന്‍ഗണന നല്കാന് തയ്യാറാകണം. സുഖസൗകര്യങ്ങള്‍, ഭവനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ മിതത്വം പാലിക്കാനും ആഢംബരങ്ങള്‍ക്കും ധൂര്‍ത്തിനും ഉപയോഗിക്കുന്ന ധനം ജീവന്റെ പോഷണത്തിനായി കുട്ടികള്‍, നിരാലംബര്‍, രോഗികള്‍, അനാഥര്‍ എന്നിവര്‍ക്കു വേണ്ടി നീക്കിവെക്കാനും ഞാനാഹ്വാനം ചെയ്യുന്നു.മേല്‍പ്രസ്താവിച്ച വസ്തുതകള്‍ നമ്മുടെ സമൂഹത്തില്‍ ജീവന്റെ സംസ്കാരം വളര്‍ത്തേണ്ടതിന്റെ ആവശ്യകത കൂടുതല്‍ സ്പഷ്ടമാക്കുന്നു. അതിനുള്ള കൂട്ടായ ചിന്തകള്‍ക്കും പരിശ്രമങ്ങള്‍ക്കും നിങ്ങളേവരേയും ഞാന്‍ ക്ഷണിക്കുകയാണ്.ജീവിതത്തില്‍ ലക്ഷ്യബോധം നഷ്ടപ്പെടുന്നതാണ് ജീവന്റെ സംസ്കാരത്തിന് പ്രധാന .ഭീഷണിയായിരിക്കുന്നത്. അതുകൊണ്ട് ജീവിതലക്ഷ്യത്തെക്കുറിച്ച് ക്രൈസ്തവവിശ്വാസത്തിലധിഷ്ഠിതമായ ഉത്തമബോധ്യം പകര്‍ന്നു കൊടുക്കാന്‍ ഏവരെയും ഞാന്‍ ഉദ്ബോധിപ്പിക്കുന്നു.ജീവിക്കുന്നതെന്തിനാണ് എന്നചോദ്യത്തിനു ഇന്ന് മനുഷ്യന് നല്കുന്ന ഉത്തരം പലവിധത്തിലാകും. .സുഖിക്കാനായി ജനിച്ചവര്‍, സഹിക്കാനായി ജനിച്ചവര്‍ . എന്നൊക്കെ ചിന്തിക്കുന്നവര്‍ക്ക് ആറടിമണ്ണിനപ്പുറം ജീവിതമില്ല. ഈ ഭൂമിയില്‍ കഴിയാവുന്നിടത്തോളം സുഖം തേടണമെന്നുള്ളവര്‍ക്ക് ധാര്‍മികതയും സനാതനമൂല്യങ്ങളും പ്രശ്നമല്ലപോലും. നിരീശ്വരവാദത്തിനു പിടിച്ചു നില്ക്കണമെങ്കില് മനുഷ്യനെ ജഡികതയിലും ഭൗതികതയിലും ഒതുക്കി നിറുത്തണം. അങ്ങനെയുള്ളവരുടെ ലക്ഷ്യം ഭൂമിയിലെ സ്വര്‍ഗം മാത്രമാണ്. എന്നാല്‍..പിതാവിന്റെ ഭവനത്തില്‍..- സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരലാണ് യഥാര്‍ത്ഥ ലക്ഷ്യമെന്ന് യേശു വ്യക്തമാക്കി. ..വഴിയും സത്യവുംജീവനുമായി.. (യോഹ. 14:6) വന്ന അവിടുന്ന് പുനരുത്ഥാനത്തിലേക്കാണ് മനുഷ്യനെ നയിക്കുന്നത്. യേശു പറഞ്ഞു: ..ഞാന്‍ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോള്‍ നിങ്ങളേയും കൂട്ടിക്കൊണ്ടുപോകാന്‍ വരും.
ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കും. (യോഹ.14:3).ഉല്പ്പത്തിവിവരണത്തിലൂടെ മനുഷ്യജീവനെക്കുറിച്ച് വിശുദ്ധഗ്രന്ഥം നല്കുന്ന പാഠം ജീവന്റെ ഉറവിടവും ലക്ഷ്യവും ദൈവമാണ് എന്നാണ്. മനുഷ്യനെ ദൈവം സൃഷ്ടിച്ച് സൃഷ്ടികളുടെ മകുടമായി നിയോഗിച്ചത് പ്രത്യേകവിധമാണ്. തന്റെ ജീവശ്വാസം പകര്‍ന്നുകൊടുത്താണ് അവന് ദൈവം ഉയിരേകിയത് (ഉല്പ. 2:7). ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യന് സൃഷ്ടിക്കപ്പെട്ടത് (ഉല്പ. 1:26). പെരുകി വര്‍ദ്ധിക്കാനും ഭൂമിയെ കീഴടക്കാനുംവേണ്ടി സര്വ്വജീവജാലങ്ങളുടേയുംമേല് ദൈവം അവന് അധികാരവും നല്കി (ഉല്പ. 1:28). എന്നാല്‍ മനുഷ്യനു ദൈവം നല്കിയഏറ്റവും വലിയ ദാനമായ ജീവനും സ്വാതന്ത്ര്യവും സ്വാര്ത്ഥതയാല്മനുഷ്യന് നശിപ്പിച്ച ചരിത്രമാണ് പിന്നീട് കാണുക. ആദിമാതാപിതാക്കന്മാര് ദൈവഹിതത്തിന് എതിരുനിന്നപ്പോള്‍ പാപവും മരണവും ലോകത്തിലേക്കു പ്രവേശിച്ചു.നഷ്ടപ്പെട്ട പറുദീസയും നിത്യജീവനും തിരികെ നല്കി രക്ഷിക്കാന്‍ ദൈവം മനുഷ്യനായതുതന്നെ മനുഷ്യജീവന് ദൈവം നല്കുന്ന പ്രാധാന്യത്തെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. രക്ഷകനായി യേശുവന്നത് നമുക്ക് .ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.(യോഹ. 10:10). മരണത്തെ മറികടക്കുന്ന ജീവന്റെ സംസ്കാരത്തിലേക്കാണ് യേശു മനുഷ്യനെ നയിക്കുന്നത്. അവിടുന്ന് പറഞ്ഞു:..ഞാന്‍ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും മരിക്കുകയില്ല.. (യോഹ. 11:25). മനുഷ്യജീവനെഅമര്ത്യമാക്കുന്നതിന് .ജീവന്റെ അപ്പമായി (യോഹ. 6:35),. ജീവന്റെ വചനമായി (യോഹ. 6:63,68), .ജീവന്റെ പ്രകാശമായി (യോഹ. 8:12) ജീവജലമായി (യോഹ. 4:14) .ജീവാത്മാവായി (യോഹ.7:39; 16:7) യേശു തന്നെത്തന്നെ സഭയിലൂടെ ഇന്നും നല്കികൊണ്ടിരിക്കയാണ്. അതിനാല്‍, മരിക്കുന്നതിനുവേണ്ടിയല്ല, ജീവിക്കുന്നതിനു വേണ്ടിയാണ്ദൈവം മനുഷ്യനെ സൃഷ്ടിച്ചത് (ജ്ഞാനം 1: 13-14; 2:23) എന്ന സത്യം ജീവനോടുള്ള നമ്മുടെ സമീപനങ്ങളെ ഭരിക്കുകയും നയിക്കുകയും വേണം.വി.ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു: .ഇതാ ഇന്നു ഞാന്‍ നിന്റെ മുമ്പില്‍ ജീവനും മരണവും നന്മയും തിന്മയും വച്ചിരിക്കുന്നു..... നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന് തെരഞ്ഞെടുക്കുക. (നിയമ.30:15-19). ജറെമിയ പ്രവാചകനിലൂടെ ദൈവം പറയുന്നു: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്കുന്നതിനുമുന്പേ ഞാന്‍ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനുമുന്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു..(ജെറ.1:4-5). അതിനാല്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ജീവനില്‍ അധികാരമില്ല. മാതാപിതാക്കന്മാരും കുടുംബവും സമൂഹവും ജീവന്റെ ഉടമസ്ഥരല്ല, സൂക്ഷിപ്പുകാരും സംരക്ഷകരും പരിപോഷകരും മാത്രമാണ്. ഭ്രൂണാവസ്ഥയിലായാലും, മാറാരോഗമോ അംഗവൈകല്യമോഉള്ളതായാലും ദൈവത്തിന്റെ ഛായയും സാദൃശ്യവും ഉള്‍ക്കൊള്ളുന്നതുകൊണ്ട് മനുഷ്യജീവന് അമൂല്യമാണ്. .കൊല്ലരുത്. എന്ന കല്പന നല്കി ജീവന്റെ സംരക്ഷണം ദൈവം ഉറപ്പുവരുത്തുന്നു (പുറ.20:14; നിയമാ. 5:17). ജീവന്റെ സുവിശേഷം പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്യേണ്ട ശ്രീകോവിലാണ് കുടുംബം എന്ന് ദിവംഗതനായ പോള്‍ ആറാമന്‍ പാപ്പ `മനുഷ്യജീവന്' എന്ന ചാക്രികലേഖനത്തിലൂടെ നമ്മെ ഓര്‍മപ്പെടുത്തുന്നു.പ്രിയ മാതാപിതാക്കന്മാരേ, നിങ്ങളെ പ്രത്യേകം ഞാനോര്മിപ്പിക്കുന്നു: ദമ്പതികള്‍ പരസ്പരം നല്കുന്ന ദാനത്തിന് ദൈവം നല്കുന്ന അനുഗ്രഹമാണ് മക്കള്‍. ഓരോ ശിശുവും ദാനവും വാഗ്ദാനവും സാധ്യതയുമാണ്. ദൈവികപ്രവര്ത്തനങ്ങള്ക്ക് നിങ്ങള്‍ അതിരുകല്പിക്കരുത്; എതിരു നില്ക്കുകയുമരുത്.നമ്മുടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലും വിശിഷ്യ കുടുംബം, കുടുംബകൂട്ടായ്മ, മതബോധനം, യുവജനം, ആതുരസേവനരംഗങ്ങള് എന്നീ തലങ്ങളില്‍, ജീവന്റെ സംസ്കാരം വളര്ത്തുന്നതിനുള്ളപരിശ്രമങ്ങള് വിജയിപ്പിക്കണം. ദൈവഹിതത്തോടുള്ള വിധേയത്വമാണ് ജീവന്റെ സംസ്കാരം വളര്‍ത്തുന്നതിന്റെ അടിസ്ഥാനം. ദൈവഹിതം മനസ്സിലാക്കാനും പകര്‍ന്നുകൊടുക്കാനും ആഴമേറിയ പ്രാര്‍ത്ഥനാജീവിതത്തിന്റെ മൂലധനം ആവശ്യമാണ്.
ദൈവാലയങ്ങളിലും സന്യാസ.ഭവനങ്ങളിലും കുടുംബങ്ങളിലും വ്യക്തിപരമായും പൊതുവായും ജീവസംരക്ഷണത്തിനുള്ള നിയോഗം വച്ച് പ്രാര്‍ത്ഥനകള്‍ നടത്തണം. ഉപവാസം, മധ്യസ്ഥപ്രാര്ത്ഥനകള് എന്നിവ കൊണ്ട്ജീവന്സംരക്ഷണ ശുശ്രൂഷകളെ സമ്പന്നമാക്കണം. 2007 സെപ്തംബര്‍ 8-ാം തീയതി എല്ലാ ഇടവകകളിലും .ജീവന് രക്ഷാദിന.(Pro-Life Dayമായി ആചരിക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഇടവകകള്‍ തോറും പ്രോ-ലൈഫ് യൂണിറ്റുകള്‍ സ്ഥാപിച്ച് അംഗങ്ങളെ ചേര്‍ത്ത് ജീവന് രക്ഷാ പദ്ധതികള്‍ ശക്തിപ്പെടുത്തണം. ഇടവകകള്‍, സ്ക്കൂളുകള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജീവന്‍രക്ഷാ ബോധവല്ക്കരണയാത്രകള് നടത്തണം. പഠനശിബിരങ്ങള്, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് കാര്യക്ഷമമായ ബോധവല്‍ക്കരണം നല്‍കണം. കൂടുതല്‍ മക്കളുള്ള മാതാപിതാക്കന്മാരെ സഹായിക്കുകയും ആദരിക്കുകയും വേണം.ജീവന്റെ സംസ്കാരം വളര്‍ത്താനുള്ള കടമയെ കുറിച്ച് ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍മപ്പെടുത്തുന്നു. മാതാപിതാക്കന്മാര്, ആരോഗ്യപാലകര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍, വൈദികര്‍, സമര്‍പ്പിതര്‍ എന്നിവര്‍ ജീവനെ സവിശേഷമായ വിധം കൈകാര്യം ചെയ്യുന്നവരാണല്ലോ.ആഴമേറിയ പ്രാര്‍ത്ഥനാജീവിതം, ഉത്തരവാദിത്വബോധം, ത്യാഗാരൂപി, ആത്മദാനം, സംലഭ്യത, ഐക്യദാര്‍ഢ്യം, മിതത്വം എന്നീ മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതശൈലി നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹദായകവും ഫലപ്രദവും ആക്കും. ആരോഗ്യപരിപാലനരംഗത്ത് വര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നേഴ്സുമാരും ആശുപത്രി അധികൃതരും ജീവനെ ഒരിക്കലും നശിപ്പിക്കാതിരിക്കാന്‍ അതീവ ശ്രദ്ധാലുക്കളായിരിക്കണം.നമ്മുടെ അതിരൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ് സെന്ററിന്റെ കീഴിലുള്ള കുടുംബകൂട്ടായ്മ, മാതൃസംഘം, പ്രോലൈഫ് മൂവ്മെന്റ് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ജീവന്റെ മൂല്യം പ്രചരിപ്പിക്കാനുംജീവനെതിരെയുള്ള വെല്ലുവിളികള്‍ നേരിടുവാനും അനേകം പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.അവരെയും ജീവന്റെ പോഷണത്തിനായി യത്നിക്കുന്ന സര്‍വ്വരേയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നു. ഫാമിലി അപ്പോസ്തലേറ്റ് സെന്ററുമായി സഹകരിച്ച് ഇനിയും കൂടുതല്‍പേര്‍ ജീവന്റെ ശുശ്രൂഷയ്ക്കായി കടന്നുവരട്ടെയെന്ന് ഞാന്‍പ്രാര്‍ത്ഥിക്കുന്നു.ജീവന് സമൃദ്ധമായി നല്കാന് വന്ന യേശുനാഥന്റെ വചനങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദീപമായിരിക്കട്ടെ. ജീവന്‍രക്ഷിക്കാനുള്ള എല്ലാ ഉദ്യമങ്ങളെയും ശുശ്രൂഷകളെയും നമുക്ക്പ്രോത്സാഹിപ്പിക്കാം.
പിതാവിന്റെയും + പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും+ നാമത്തില്‍ നിങ്ങളേവരേയും ഞാന്‍ ആശീര്‍വദിക്കുന്നു.എന്ന്സ്നേഹപൂര്വം,മാര്‍ ആന്‍ഡ്രൂസ് താഴത്ത്തൃശ്ശൂര് അതിരൂപതാ മെത്രാപ്പോലീത്ത
Wednesday, September 26, 2007
കുഞ്ഞുങ്ങള്‍ കൂടണം എന്ന് ഇടയലേഖനം
സംസ്ഥാനത്ത് ക്രൈസ്തവരുടെ ജനസംഖ്യ ആനുപതികമായി കുറയുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കുന്ന തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ ഇടയലേഖനം പള്ളികളില്‍ വായിച്ചു. ജീവന്റെ വിശുദ്ധിയെക്കുറിച്ചും ഭ്രൂണഹത്യയും കൃത്രിമ ജനന നിയന്ത്രണവും ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പോസ്റ്റര്‍ പ്രചരണം ആരംഭിക്കാന്‍ ഇടവകകള്‍ക്ക് ആര്‍ച്ച്ബിഷപ്പ് നിര്‍ദേശം നല്കി.
1991ലെ സെന്‍സസില്‍ കേരളത്തിലെ ജനസംഖ്യ 2.9 കോടിയായിരുന്നപ്പോള്‍ അതില്‍ 19.5 ശതമാനമായിരുന്ന ക്രൈസ്തവര്‍. 2001 ആയപ്പോള്‍ ജനസംഖ്യ 3.18 കോടിയായി ഉയര്‍ന്നപ്പോള്‍ ക്രൈസ്തവരുടെ അനുപാതം 19 ആയി കുറഞ്ഞു. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും ജീവന്റെ വിശുദ്ധിയെ ആദരിക്കുകയുമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗമെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
ഈ വാര്‍ത്ത വായിച്ച്പ്പോള്‍ തോന്നിയ ചില ചിന്തകള്‍ പങ്കുവയ്ക്കുന്നു
ഏതെങ്കിലും ഹിന്ദു സംഘടനയോ മുസ്ലിം സംഘടനയോ ഇത്തരത്തില്‍ ആഹ്വാനം ചെയ്തിരുന്നു എങ്കില്‍ എന്താകുമായിരുന്നു പുകില്.ഭാഗ്യത്തിന് ഞങ്ങള്‍ ന്യൂനപക്ഷമായിപ്പോയി അതുകൊണ്ട് തന്നെ .5% കുറഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്പാദനത്തേക്കുറിച്ച് ചിന്തിക്കാനായി.
സത്യത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള ബുദ്ധിമുട്ടുകള്‍ ഒരു കുട്ടിയുടെ ഉല്പാദകന് എന്ന നിലയില്‍ ചിന്തിച്ചു പോയി. ഭാര്യ ഗര്‍ഭിണിയായ 2ആം ത്തെ മാസം മുതല്‍ 4 ആം മാസം വരെ പൂര്‍ണ്ണ വിശ്രമം. പിന്നെ 8ആം മാസം ആയപ്പോഴേക്കും ഭാര്യക്ക് പ്രഷര്‍ വര്‍ദ്ധിച്ച് ഒരു മാസത്തോളം ആശുപത്രിയില്‍ . അവസാനം പ്രഷര്‍ നിയന്ത്രാണാധീനമായപ്പോള് സിസേറിയന്. മൊത്തം ആശുപത്രി ചിലവ് 17000 രൂപ. ( മള്‍ട്ടി സ്പെഷ്യാലിറ്റിയൊന്നുമല്ല സഭാ സന്യാസി സമൂഹം നടത്തുന്ന ആശുപത്രി. പണം കൂടുതലാണ് എന്നും എനിക്ക് അഭിപ്രായമില്ല. ചികിത്സയും നല്ലതായിരുന്നു). എന്നാല്‍ ഈ 17000 ഒക്കെ എനിക്കോ എന്റെ കുടുമ്പത്തിനോ താങ്ങാന്‍ കഴിയും. കുട്ടിക്കും തള്ളക്കും വലിയ കോമ്പ്ലിക്കേഷന് ഒന്നും ഇല്ലാതിരുന്നതിനാല്‍ തുക ഇത്രയില്‍ നിന്നു. എന്നാല്‍ ഒരു സാധാരണക്കാരനേ സംബന്ധിച്ച് ഇത് വലിയ തുകയാണ് മാത്രവുമല്ല ഇത് ഇനിയും കൂടാം. അപ്പോള്‍ 2 കുട്ടിയില്‍ കൂടുതല്‍ ഒന്നും ഉത്പാദിപ്പികാനുള്ള പണമോ ആരോഗ്യമോ ഭൂരിപക്ഷത്തിനും ഇല്ല.
ഇനി പ്രസവം കഴിഞ്ഞ് കുട്ടികളെ വളര്‍ത്താന്‍ തുടങ്ങുന്നു. നല്ല വിദ്യാഭ്യാസം നല്‍കുക എന്നതാണ് പിന്നെയുള്ളാ പ്രശ്നം. അത് തന്നേ ഏറ്റവും നല്ലത് നല്‍കണം എന്നതാണ് മതാപിതക്കളുടെ ലക്ഷ്യം. സ്വകാര്യ വിദ്യാലയത്തില്‍ എല്‍.കെ.ജിയില്‍ ഹരിശ്രീ കുറിച്ച് തുടങ്ങിയാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ എത്ര പണം വേണമെന്ന് ഊഹിക്കാമല്ലോ. ഇത് ഉണ്ടാക്കണമെങ്കില്‍ മാതാപിതാക്കള്‍ നെട്ടോട്ടമോടണം. ഇത് കഴിഞ്ഞ് ഒരു ജോലി കിട്ടുന്നത് വരെ ( കിട്ടിയില്ലെങ്കില്‍ പിന്നെ ജീവിത കാലം മുഴുവന്‍) ആണ്‍കുട്ടിയേയും കല്യാണം കഴിച്ച് കൊടുക്കുന്നവരെ പെണ്‍കുട്ടിയേയും നോക്കണം. പെണ്‍കുട്ടികളാണെങ്കില്‍ നല്ല സ്ത്രീധനം നല്‍കിയില്ലെങ്കില്‍ ഒരു ക്രിസ്ത്യാനിയും കെട്ടിക്കോണ്ട് പോകുകയുമില്ല. അപ്പോല്‍ 2 കുട്ടികളുള്ള മാതാപിതാക്കള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പെടാപ്പാട് തന്നെ ധാരാളം.
ഇനി രാജ്യത്തിനെ കാഴ്ചപ്പാടില്‍ ചിന്തിക്കുക. 120 കോടി കവിഞ്ഞ് നില്‍ക്കുകയാണ് നമ്മുടെ ജനസംഖ്യ. നാം രണ്ട് നമുക്ക് രണ്ട് എന്ന് മുദ്രാവാക്യം നെഞ്ചില്‍ ഏറ്റിയ സമൂഹമാണ് ഇത്. നമ്മുടെ ജനസംഖ്യാ നിയന്ത്രണത്തൂടെ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാത്രികയായതാണ്. നമ്മുടെ നാടിന്റെ പുരോഗതിയില്‍ ഈ ജനസംഖ്യാ നിയന്ത്രണം വലിയ പങ്കാണ് വഹിച്ചത്. അവിടെ കേവലം .5 ശതമാനത്തിന്റെ കുറവ് സമുദായത്തിന് എന്ത് കുറവാണ് ഉണ്ടാക്കിയത് എന്ന് എത്ര ആലോചിചിട്ടും മനസ്സിലായില്ല. ഇന്ന് ലോകത്ത് ഏറ്റവും നല്ല ജീവിത സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ജനസംഖ്യ കുറവാണ് എന്ന് നാം തിരിച്ചറിയേണ്ടതില്ലേ? അവര്‍ ഇന്ന് കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാന് ആഹ്വാനം ചെയ്യുന്നത് മനസ്സിലാക്കാം. എന്നാല്‍ 30% ആള്ക്കാര് ദാരുദ്ര്യ രേഖക്ക താഴേക്കിടക്കുമ്പോള് എങ്ങനെ നമുക്ക് ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിയും.
ജീവന്റെ മൂല്യത്തെക്കുറിച്ച് സഭ പഠിപ്പിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണത്തില്‍ തന്നെ കൊന്നൊടുക്കുന്ന് അപരിഷ്ക്രിത രീതിയേ എതിര്‍ക്കപ്പെടേണ്ടതു തന്നെ എന്നാല്‍ അത് ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ആഹ്വാനമായി പരിണമിക്കുമ്പോല് എവിടെയോ ചില തെറ്റുകള്‍ പറ്റിയില്ലേ?
Sunday, September 23, 2007
ദീപികയുടെ എഡിറ്റോറിയല്‍ പോളിസി മാറ്റം
വിവാദങ്ങള്‍ അതിന്റെ ക്രമത്തില്‍ ഓര്‍ക്കാന്‍ കഴിയുന്നില്ലാത്തതിനാലും ദീപികയുടെ ആര്‍ക്കൈവ്സ് ലഭ്യമല്ലാത്തതിനാലും പല കാര്യങ്ങളും ഓര്‍മ്മയില്‍ നിന്നാണ് എഴുതുന്നത്. തെൂകള് ഉണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷിക്കുന്നു
ADB വിഷയം
ADB വിഷയത്തില്‍ ദീപിക UDF ന്റെ കാലത്ത് പുലര്‍ത്തിയ അതേ നിലപാടാണ് പുലര്‍ത്തിയത്. ലോണ്‍ വാങ്ങാം എന്ന നിലപാടില്‍ ദീപിക ഉറച്ചു നിന്നു. എന്നാല്‍ ഇതിനെതിരെ VS കൈക്കൊണ്ട ഇരട്ടത്താപ്പ് ദീപിക നന്നായി ആഘോഷിച്ചു. ADB വായ്പ വാങ്ങാന്‍ 2005 നവമ്പറില്‍ തന്നെ VS അടക്കമുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതാണ് എന്ന പിണറായുടെ പരാമര്‍ശവും ദീപിക VS നെതിരെ ഉപയോഗിച്ചു. ഫയല്‍ താന്‍ കണ്ടില്ലാ എന്ന് VS ന്റെ പരാമര്‍ശത്തെ പാലോളിയുടെ മറുപടി ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി കള്ളം പറയുന്നു എന്ന് ദീപിക വാര്‍ത്തയെഴുതി.മാത്രവുമല്ല VS ന് എതിരെ അച്ചടക്ക നടപടിയുണ്ടായപ്പോള്‍ അതിന്റെ സത്യാവസ്ഥ VS നെ സെന്‍ഷര്‍ ചെയ്തു എന്നും ദീപിക റിപ്പോട്ട് ചെയ്തു. എന്നാല്‍ ADB വിഷയത്തില്‍ ദീപിക തനിക്കെതിരെ വാര്‍ത്തകള്‍ എഴുതുന്നതിനെതിരെ VS പ്രസ്ക്ലബ്ബില്‍ പരാതി നല്കി. ഈ വിഷയത്തില്‍ ദീപികയുടെ നിലപാട് സഭയുടെ എതിര്‍പ്പ് നേരിടുന്നതായി കാണാന്‍ കഴിയില്ല
വ്യാജ സി.ഡി വിവാദം
വ്യാജ സി.ഡി വിവാദത്തില്‍ ദീപിക മുഖ്യമന്ത്രിക്കെതിരെ നിലപാട് എടുത്തു. അവര്‍ CD കടകളില്‍ നടത്തുന്ന സുരേഷ് ഗോപി ശൈലിയുള്ളാ റേയിഡിനെ എതിര്‍ത്തു. വ്യാജനല്ലാത്തതും ലൈബ്രറികളില്‍ ഉപയോഗിക്കാവുന്നതുമായ എല്ലാ CD യും എടുത്തുകൊണ്ട് പോകുന്ന IG യുടെ നിലപാടിനെ എതിര്‍ത്തു. ബീമ പള്ളി പോലുള്ളാ സ്ഥലങ്ങളില്‍ റെയിഡ് ചെയ്യാത്തതിനെ വിമര്‍ശിച്ചു. വീഡിയോ ലൈബ്രറിക്കാരുടെ പക്ഷം പിടിച്ച് പകര്‍പ്പവകാശ നിയമത്തിലെ പല കഠിന വകുപ്പുകളും എടുത്തുപയോഗിച്ച് IG നടത്തുന്ന റെയിഡ് ഈ വീഡീയോ ലൈബ്രറികള്‍ എന്നന്നേക്കുമായി പൂട്ടിക്കും എന്നും കുത്തക കമ്പനിയായ മോസര്‍ബെയര്‍ ഈ രംഗം കൈയടക്കുമെന്നും ദീപിക പ്രവചിച്ചു. മോസര്ബെയറിനുവേണ്ടിയാണ് IG ഋഷിരാജ് സിംഗ് ഇത് ചെയ്യുന്നതെന്നും ദീപിക എഴുതി. അവസാനം ദീപിക പ്രവചിച്ചതുപോലെ സംഭവിച്ചു. CD കടകള്‍ പൂട്ടി മോസര്‍ ബെയര്‍ പെട്ടികടവഴി വരെ ഇപ്പോള്‍ CD വില്‍ക്കുന്നു. വ്യാജ സി.ഡികള്‍ ഇപ്പോഴും നിര്ലോബം കിട്ടുന്നു.
പൂമൂടല്‍ വിവാദം
ബാക്കിയെല്ലാവരും പൂമൂടല്‍ കൊണ്ടാടിയപ്പോള്‍ ദീപിക മിതത്വം പാലിച്ചു. മാത്രവുമല്ല ഈ വിവാദം പൊക്കികൊണ്ടു വന്ന ജനശക്തി വാരിക വാര്‍ത്ത പിന്വലിച്ചകാര്യവും ദീപിക മാത്രമേ റിപ്പോട്ട് ചെയ്തുള്ളൂ.
മുരിങ്ങൂര്‍ റെയിഡ്
ഇതിന് മുന്‍പ് പ്രതിപാദിച്ച വിവാദങ്ങളൊന്നും സഭയുമായി ബന്ധപ്പെട്ടതല്ല. മുരിങ്ങുര് ധ്യാനകേന്ദ്രത്തിലെ വിവാദ പരിശോധന പ്രശ്നം വന്നപ്പോള്‍ ദീപിക സഭക്കൊപ്പം നിന്നു. ഈ വാര്‍ത്തയുടെ ഒരു തലത്തിലും ദീപിക സഭയെ കൈവിട്ടില്ല. പക്ഷെ തിരുവമ്പാടി ഉപതെരെഞ്ഞെടുപ്പില്‍ സഭയിലെ ചിലര്‍ ഇത് ഉപയോഗിച്ചപ്പോള്‍ ദീപിക മൗനം പാലിച്ചു. ദീപികക്ക ജോര്‍ജ്ജ് എം. തോമസ് ജയിക്കണം എന്നായിരുന്നു
വിദ്യാഭ്യാസ നിയമം
കത്തോലിക്ക സഭയേ ഏറ്റവും അധികം ബാധിച്ച ഒരു പ്രശ്നമായിരുന്നു സ്വയാശ്രയ നിയമം. കടുത്ത പിണറായി പക്ഷക്കാരനായ ബേബിയേ ഒരു തലത്തിലും ദീപിക സഹായിച്ചില്ല. സഭക്ക് വേണ്ടി ദീപിക ശക്തമായി നിലകൊണ്ടു. ഇപ്പോഴും തുടരുന്നു.
വെടിയുണ്ട വിവാദം
വെടിയുണ്ട വിവാദത്തില്‍ ദീപിക വ്യക്തമായി പിണറായിക്കൊപ്പം നിലകൊണ്ടു.ദീപിക ഒരു കഥയും മെനഞ്ഞില്ല. അവാസനം വരെ ഒരേ നിലപാടില്‍ നിന്നും. ആ നിലപാട് തന്നെ ഈ കേസില്‍ അവസാനം ഉണ്ടായി.
വിമാന യാത്ര വിവാദം
ഇതില്‍ ദീപിക ജോസഫിനൊപ്പം നിന്നു. സഭയുടെ കുഞ്ഞാടായ ജോസഫിനെ സഹായിക്കുക എന്നതില്‍ കവിഞ്ഞ സഭാവിരുദ്ധമായ ഒരു അജണ്ട ദീപികക്ക് ഉണ്ടെന്ന് വിശ്വസിക്കാന്‍ വയ്യ. മാത്രവുമല്ല കുരുവിള പ്രശ്നത്തില്‍ ദീപിക കുരുവിളക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല
സ്മാര്‍ട്ട് സിറ്റി
ഈ വിഷയത്തില്‍ മറ്റെല്ലാ മാധ്യമങ്ങളു VS നെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ദീപിക ഒരു മൃദു സമീപനം പുലര്‍ത്തി. ചര്‍ച്ചകള്‍ അനിയന്ത്രിതമായി നീണ്ടു പോയപ്പോള്‍ സ്മാര്‍ട്ട് സിറ്റി ഇവിടെ വരണം എന്ന് ദീപിക പലപ്പോഴായി ഓര്മ്മിപ്പിച്ചുകൊന്റിരിന്നു. എന്നാല്‍ സ്മാര്‍ട്ട് സിറ്റിയുടെ ക്രഡിറ്റ് VS ന് നലകാന്‍ ദീപിക തയ്യാറായിരുന്നില്ല.
മൂന്നാര്‍ കൈയേറ്റം.
വ്യാജ CD വിവാദത്തില്‍ എന്ന പോലെ മൂന്നാര്‍ ഒഴിപ്പിക്കലിലും ദീപിക മുഖ്യമന്ത്രിയേ എതിര്‍ത്തു എന്ന് മാത്രമല്ല് പൊളിക്കലിനെതിരെ ദീപിക ശക്തമായി രംഗത്ത് വരുകയും ചെയ്തു. കോടതി അടച്ചിട്ടിരുന്ന സമയത്ത് ഉടമകളുടെ വാദം പോലും കേള്‍ക്കാതെ പൊളിക്കുന്നത് അവകാശ ലംഘനമെന്ന് വരെ ദീപിക പറഞ്ഞു. എന്നാല്‍ പൊളിക്കലിന് കിട്ടിയ വന്‍ ജനപിന്തുണ ദീപികയെ ഞെട്ടിച്ചു. പിന്നെ പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് ദീപികയെയില വന്നത്. എന്നാല്‍ ആദ്യം മുതലേ പൊളിക്കന് എതിര്‍ക്കുന്നതിന് ഉപയോഗിച്ച വാദങ്ങള്‍ അവസാനം വരെ ഉപയോഗിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ ഉണ്ടായ കോടതി വിധികളെ ചൂണ്ടിക്കാണിച്ച് ഞെളിയാമായിരുന്നു. എന്നാല്‍ ഇടക്ക് നടന്ന കൈവിട്ട കളികള്‍ മൂലം ദീപികക്ക് അടിതെറ്റി.
ഇനി ഈ വിഷയത്തില്‍ ദീപികയുടെ നിലപാടിന് പിന്നില്‍ ഫാരിസിന്റെ താതപര്യമായിരുന്നോ സഭയുടെ തത്പര്യമായിരുന്നോ ദീപിക സംരക്ഷിച്ചത് എന്ന് ചോദ്യം ഉയരും. ലാന്റ് മാഫിയക്കരന് എന്ന് വിളിക്കുന്ന ഫാരിസിന് മൂന്നാറില്‍ ഭൂമിയില്ല എന്നറിയുമ്പോഴാണ് പിന്നെ സഭക്ക് എന്താണ് ഈ വിഷയത്തില്‍ താല്പര്യം എന്ന് ചിന്തിക്കുന്നത്. CHR ഭൂമിയില്‍ കൂടുതല്‍ ഉള്ളത്ത് സഭാവിശ്വാസികളാണ് CHR ഭുമിയില്‍ ഉള്ള കെട്ടിടങ്ങളും മറ്റും പൊളിക്കുകയോ അല്ലെങ്കില്‍ പാട്ട വ്യവസ്ഥ ലംഘിച്ച് ഏലമല്ലാത്ത വിള കൃഷിചെയ്യുകയോ ചെയ്തു എന്ന പേരില്‍ പാട്ടക്കരാര്‍ റദ്ദാക്കപ്പെടുകയോ ചെയ്താല്‍ ഇവരെ അത് സാരമായി ബാധിക്കും. ഒരു അഭിമുഖത്തില്‍ ശ്രീ ഫെലിക്സ് ജെ. പുല്ലൂടന്‍ പറഞ്ഞത് കാഞ്ഞരപ്പള്ളി രൂപതുയുടെ 50 ഇല് അധികം പള്ളികള്‍ ഈ CHR ഭൂമിയില്‍ ഉണ്ടെന്നാണ്. അപ്പോള്‍ ഈ വിഷയത്തിലും ഫാരിസ് സഭയുടെ താത്പര്യം സംരക്ഷിച്ചു എന്ന് കാണാന്‍ കഴിയും.
CPM ലെ പ്രശ്നങ്ങള്‍
എന്നാല്‍ ദീപിക വളരെ വ്യക്തമായിത്തന്നെ CPM ഇലെ പ്രശ്നങ്ങളില്‍ പിണറായി പക്ഷത്തു നിന്നു എന്നതാണ് സത്യം. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഫാരിസ് പറഞ്ഞത് ദീപിക എല്ലാ പാര്‍ട്ടികളിലേയും ഔദോഗിക പക്ഷത്തോടൊപ്പമാണ് എന്നാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് പിണറായി നയിച്ച് ജാഥകളില്‍ ഉയര്‍ത്തിയ സമഗ്ര വികസനം സാമുഹിക നീതി എന്നീ മുദ്രാവാക്യങ്ങളും പിന്നെ CPM സംഘടിപ്പിച്ച് കേരള വികസന സെമിനാറുമൊക്കെ കണ്ടാണ് താന്‍ പിണറായിയെ പിന്തുണച്ചതെന്നും പറഞ്ഞിരുന്നു. ഇതില്‍ സഭക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.
എന്നാല്‍ പിണറായി തന്റെ കേരള യാത്രയുടെ ഭാഗമായി എല്ലാ മത നേതാക്കന്മാരെ കാണുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു എന്നും അതേ തുടര്‍ന്നാണ് ഈ മാറ്റം സഭാ തലത്തില്‍ ഉണ്ടായതെന്നും ഞാന്‍ മനസ്സിലാക്കുന്നത്. മുരിങ്ങുര് സംഭവം ഉണ്ടായപ്പോള്‍ പിണറായി ധ്യാന കേന്ദ്രം സന്ദര്സിച്ചത് ഓര്‍ക്കുക. അപ്പോള്‍ തീര്‍ച്ചയായും ഒരു പ്രശ്നാധിഷ്ടിത സഹകരണം പിണറായിയും സഭയും തമ്മിലുണ്ടായിരുന്നു. അത് ദീപികയില്‍ പ്രകടവുമായി. പാലോളിയേയും പിണറായിയെയുമൊക്കെ ദീപിക സഹായിച്ച്പ്പോള് ബേബിക്കെതിരെ ഉറഞ്ഞു തുള്ളി.
എന്നാല്‍ പിണറായിക്കുള്ള പിന്തുണ VS നോടുള്ള എതിര്‍പ്പ് പോലെ ദീപിക തോന്നിപ്പിച്ചു. എന്തിന് ദേശാഭിമാനി ഇടപാടുകളില്‍ ഉണ്ടായ വിവാദങ്ങളില്‍ പോലും ദീപിക പിണറായിക്കൊപ്പം നിന്നു. ദീപികയുടെ ഈ കാര്യത്തിലെ നിലപാട് സഭയിലെ പലര്‍ക്കും സുഖിക്കുന്ന ഒന്നല്ല. മാത്രവുമല്ല ഇതെത്തുടര്‍ന്ന് വന്ന നയനാര്‍ ഫുട്ബോള്‍ വിവാദവും ഫാരിസിന്റെ കൈരളി അഭിമുഖവും പ്രശ്നങ്ങളെ വ്യത്യസ്ഥ തലത്തില്‍ എത്തിച്ചു. മുഖ്യമന്ത്രി വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ചതോടേ ഫാരിസ് താരമായി. എന്നാല്‍ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ഫാരിസിനു വേണ്ടി ദീപികക്ക് എഴുതേണ്ടി വന്നു. ഇതോടെ പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുകയും ചെയ്തു.
ഫാരിസ് എന്ന് ഒരു മുസ്ലിം കത്തോലിക്കര്‍ പോലും തിരിഞ്ഞു നോക്കാത്ത ദീപികയെ രക്ഷിക്കാന്‍ വന്നു എന്നൊന്നും ആരും വിശ്വസിച്ചില്ല. എല്ലാം ഫാരിസ് കൈക്കലാക്കി എന്ന് രീതിയില്‍ കാര്യങ്ങള്‍ എത്തി. ഒപ്പം അറക്കല്‍ പിതാവിനെക്കൂടി ഈ വിഷയത്തില്‍ ബന്ധപ്പെടുത്താന്‍ കഴിഞ്ഞതോടെ സഭയിലെ വിഭാഗീയതയും മറനീക്കി പുറത്തു വന്നു. ഇപ്പോള്‍ എല്ലാം വിട്ട് കൊടുത്ത് ഫാരിസ് പടിയിറങ്ങുകയാണ് വര്‍ക്കി വിതയത്തിലിന്റെ സ്വഭാവ സര്ട്ടിഫിക്കറ്റോടേ. ദീപിക മൊത്തമായി സഭാ വിശ്വാസികള്‍ നടത്തുന്നു. ഇനി ഫാരിസിന്റെ കാലഘട്ടത്തില്‍ എന്തു നടന്നു എന്നൊക്കെ അവര്‍ നാളെ നമ്മേ അറിയിക്കുന്നവരെ കാര്ത്തിരിക്കാം.
Friday, September 21, 2007
പ്രതിസന്ധിയില്‍ ഫാരിസ് സഹായിച്ചു എന്ന് വര്‍ക്കി വിതയത്തില്‍
ദീപികയും കമ്പനിയും തിരികെക്കൊടുക്കുന്നതിനു ചെയര്മാന് ഫാരിസ് മുമ്പോട്ടു വച്ചിരിക്കുന്ന ഏക നിബന്ധന ഇതുവരെ ദീപികയില്‍ എന്തു സംഭവിച്ചു എന്നു പിതാക്കന്മാര് ജനങ്ങളെയും വിശ്വാസികളെയും ഒരു പ്രസ്താവനയിലൂടെ അറിയിക്കണം എന്നതു മാത്രമാണ്. ദീപികയെ സഹായിക്കാന്‍ വന്ന ഫാരിസും സഭയ്ക്കുവേണ്ടി അദ്ദേഹത്തോടതിനാവശ്യപ്പെട്ട അഭിവന്ദ്യ അറയ്ക്കല്‍ പിതാവും ഇതിനകം ഒരുപാട് അപമാനിക്കപ്പെട്ടു. കണക്കില്ലാതെ ആക്ഷേപിക്കപ്പെട്ടു. ഒരു കാരണവശാലും അവര്‍ നേരിടേണ്ടിവന്ന മനോവിഷമം അവഗണിക്കാന്‍ കഴിയുന്നതല്ല. ആ മനോവിഷമം നീക്കുക എന്നത് ഏറ്റവും അടിയന്തരമായ ആവശ്യവുമാണ്.
ഇന്ന് ദീപികയില്‍ വര്ക്കിവിതയ്ത്തില് പിതാവ് ഈ കാര്യങ്ങളൊക്കെ വിശദീകരിച്ച് ലേഖനം എഴുതിയിരിക്കുന്നു. ജൂലൈ 27 ന് മാത്ര്ഭുമിയില് വന്ന ഈ വാര്‍ത്തയായിരുന്നു ഈ വിവാദങ്ങള്‍ക്കെല്ലാം തിരി കൊളുത്തിയത്. അതേത്തുടര്‍ന്ന് ദീപികയും മാത്ര്ഭൂമിയും തമ്മില്‍ ഏറ്റുമുട്ടുകയും ഇന്ത്യാവിഷന് ഇത് ഏറ്റ് പിടിക്കുകയും ചെയ്തു. ഇതിനിടെ കൈരളിയിലെ വിവാദ അഭ്ഹിമുഖവും മറ്റും പ്രശ്നം ആളിക്കത്തിച്ചു. അതിനിടെ ദീപിക സംരക്ഷണ സമിതി എന്ന പേരില്‍ ചില വൈദീകരുടെ നേത്ര്ത്വത്തില് വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയുമുണ്ടായി. ഒരുപാട് ഊഹാപോഹങ്ങളും വാര്‍ത്തകളും ഇതിനിടെ ഉണ്ടായി. അത് പലതും ഞാന്‍ ഏറ്റുപിടിക്കുകയും ചെയ്തിട്ടുണ്ട്. അതിലുള്ള എന്റെ പല നിരീക്ഷണങ്ങളും ഇന്ന് തെറ്റായിത്തീര്ന്നിട്ടുണ്ട്. വാര്‍ത്ത എന്ന പേരില്‍ പുതിയ പത്രം തുടങ്ങാന്‍ ഫാരിസ് ദീപികയും മറ്റും വിട്ട് കൊടുത്ത് രാഷ്ട്രദീപിക സ്വന്തമാക്കും എന്നൊക്കെ ഞാനൂം എഴുതിയിട്ടുണ്ട്.
വര്‍ക്കി വിതയത്തിലിന്റെ ലേഖനം യൂണിക്കോടില്‍ താഴേ ദീപികയില്‍ നിന്ന് നേരിട്ട് വായിക്കാന്‍
പ്രതിസന്ധിയില്‍ ഫാരിസ് സഹായിച്ചു
ദീപികയിലെ യാഥാര്‍ഥ്യങ്ങള്‍
ദീപികയുടെ പേരില്‍ കഴിഞ്ഞ കുറേ നാളുകളായി ജനങ്ങളുടെ ഇടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകള്‍ക്കു വിരാമം കുറിക്കാന്‍, രാഷ്ട്രദീപിക കമ്പനിയില്‍ അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവും ശ്രീ. ഫാരിസും നടത്തിയ ഇടപെടലുകളുടെ യഥാര്‍ഥമായ വിശദീകരണം ആവശ്യമായതുകൊണ്ട് ഈ കുറിപ്പ് എഴുതുകയാണ്.
ഇന്ന് ദീപികയെപ്പറ്റി പ്രചരിച്ചിരിക്കുന്ന വാര്‍ത്തകള്‍ പലതും തെറ്റിദ്ധാരണകള്‍ മൂലവും, നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കാതെ ഊഹാപോഹങ്ങള്‍ വഴിയും ഉണ്ടായതാണ്. ഏറ്റവും പ്രധാനമായ ആരോപണം മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ സഹകരണത്തില്‍ ഗൂഢനീക്കം നടത്തി രാഷ്ട്രദീപിക കമ്പനി ശ്രീ. ഫാരിസ് കൈവശപ്പെടുത്തി എന്നതാണ്.
വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രദീപിക കമ്പനി സാമ്പത്തിക പ്രതിസന്ധി മൂലം മുന്‍പോട്ടു പോകുവാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ദീപിക കമ്പനിയുടെ അപ്പോഴുണ്ടായിരുന്ന മാനേജ്മെന്റ് സീറോ മലബാര്‍ സഭാ സിനഡിനെ സമീപിച്ച് ദീപികയുടെ നടത്തിപ്പിനുവേണ്ട സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു. സിനഡിന്റെ ആഗ്രഹപ്രകാരം മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് ദീപികയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
ദീപികയുടെ നടത്തിപ്പിനുവേണ്ട സാമ്പത്തികം സമാഹരിക്കുവാന്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ട് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സഹായിക്കാന്‍ തയാറായ ശ്രീ. ഫാരിസില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങിച്ചത്.
പിതാവിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തന ഫലമായി ദീപികയുടെ മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന നഷ്ടം വളരെയേറെ കുറയ്ക്കുവാനും കടം കുറേയേറെ നികത്തുവാനും സാധിച്ചിട്ടുണ്ട് എന്ന് 2005-06 ലെ ദീപികയുടെ റിപ്പോര്‍ട്ടും കണക്കും വായിച്ചാല്‍ മനസിലാക്കാവുന്നതാണ്.
കൂടുതല്‍ കൂടുതല്‍ സാമ്പത്തികം മുടക്കി രാഷ്ട്രദീപിക കമ്പനിയും ദീപിക ദിനപത്രവും മുന്പോട്ട് ഒരുമിച്ചു പോകുന്നതുമൂലം ഉണ്ടാകുവാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി എന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി, തിരുവനന്തപുരം, മലങ്കര, തൃശൂര്‍, കോട്ടയം, തലശേരി അതിരൂപതകളിലെ അഭിവന്ദ്യ ആര്‍ച്ചു ബിഷപ്പുമാരും, സി.എം.ഐ സഭാ ജനറാളും ഉള്‍പ്പെട്ട ഉപരിസമിതി (അുലഃ യീറ്യ) പലവട്ടം ചര്‍ച്ച ചെയ്തു. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയ സമന്വയ പ്രകാരമാണ് ദീപികയുടെ കോട്ടയം ഓഫീസും ദീപിക ദിനപത്രവും കുട്ടികളുടെ ദീപികയും ദീപിക ബാലസഖ്യവും ഏറ്റെടുക്കാനും കൂടാതെ ദീപികയുടെ ബാധ്യതയായി നില്ക്കുന്ന എട്ടരക്കോടി രൂപ കൊടുത്തുവീട്ടുകയോ, കൊടുത്തു വീട്ടാനുള്ള ബാധ്യത ഏറ്റെടുക്കുകയോ കൂടി ചെയ്യുവാനും തീരുമാനിച്ച് ധാരണാപത്രം (ങഛഡ) ഒപ്പു വച്ചത്.
രാഷ്ട്രദീപിക കമ്പനിയും മറ്റു പ്രസിദ്ധീകരണങ്ങളും സ്ഥാവര ജംഗമ വസ്തുക്കളും ഏറ്റെടുക്കേണ്ട എന്നു പിതാക്കന്മാര് തീരുമാനിച്ചത് കമ്പനിയില്‍ കാലാകാലങ്ങളായി കിടക്കുന്ന കടബാധ്യതകളും നിയമക്കുരുക്കുകളും മുന്പോട്ട് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നു മനസിലാക്കിയതുകൊണ്ടാണ്. ഈ തീരുമാനങ്ങള്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെയോ ശ്രീ. ഫാരിസിന്റെയോ ആഗ്രഹപ്രകാരം എടുത്തവയല്ല.
ശ്രീ. ഫാരിസിന് ഉണ്ടായിരുന്ന നിബന്ധന സഭയ്ക്ക് നിയന്ത്രണമുള്ള ഒരു ട്രസ്റിനോ, കമ്പനിക്കോ മാത്രം ദീപിക കൈമാറുകയുള്ളു എന്നതു മാത്രമായിരുന്നു. ഈ നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് അഭിവന്ദ്യപിതാക്കന്മാര് ദീപ്തി ട്രസ്റ് എന്ന പേരില്‍ ഒരു ട്രസ്റ് രൂപീകരിച്ചത്.
ദീപിക ഇങ്ങനെ വിഭജിക്കപ്പെടുന്നതുകൊണ്ട് കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സമുദായ സ്നേഹികളുടെ ഉത്ക്കടമായ വികാരം ദീപികയ്ക്ക് അനുകൂലമായി വളര്‍ന്നുവരുവാന്‍ തുടങ്ങി. ഈ വികാരം മനസിലാക്കി കേരള കത്തോലിക്കാ കോണ്‍ഗ്രസും, കേരള കാത്തലിക് ട്രസ്റും, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ക്ളീമിസ് പിതാവും, സി.എം.ഐ കോട്ടയം പ്രോവിന്‍സും, പല രൂപതകളില്‍ നിന്നുള്ള ചില വൈദികരും ദീര്‍ഘമായ ചര്‍ച്ചകളും ആലോചനകളും നടത്തി ദീപികയും രാഷ്ട്രദീപിക കമ്പനിയും പൂര്‍ണമായി സമുദായത്തിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുവാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞു. ഈ നീക്കത്തിന് അഭിവന്ദ്യ പിതാക്കന്മാരുടെ പിന്തുണയും ലഭിക്കുകയുണ്ടായി. ഞാനുമായി ഒപ്പുവച്ച ധാരണാപത്രത്തില്‍ നിന്നു വളരെ വ്യത്യസ്തമായി രാഷ്ട്രദീപിക കമ്പനി കൂടി വിട്ടുതരണം എന്ന് വീണ്ടും ഇപ്പോള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും ശ്രീ. ഫാരിസ് തയാറായിരിക്കുകയാണ്. കൈമാറുന്നതിനുള്ള വ്യവസ്ഥകള്‍ പ്രകാരം അദ്ദേഹം കമ്പനിയില്‍ കണക്കുപ്രകാരം എടുത്തിട്ടുള്ള ഷെയര്‍ തുകയും, മാര്‍ അറയ്ക്കല്‍ പിതാവ് ചെയര്മാന് ആയശേഷം കടബാധ്യതകള്‍ തീര്‍ക്കുവാനായി അദ്ദേഹം നല്കിയിട്ടുള്ളതായി കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയും മാത്രം യാതൊരു പലിശയോ ആനുകൂല്യങ്ങളോ ഇല്ലാതെ കൊടുത്താല്‍ മതിയെന്നുമാണ് ശ്രീ. ഫാരിസ് സമ്മതിച്ചിരിക്കുന്നത്.
ദീപികയുടെ ഷെയറും ലോണും സംബന്ധിച്ചു മാത്രമല്ല, പാതാളം, പാലാരിവട്ടം എന്നിവിടങ്ങളിലെ ഭൂമിയിടപാടുകള്‍ സംബന്ധിച്ചും ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് ദീപിക ഏറ്റെടുത്തതിനുശേഷം വില്പന നടത്തിയ പാലാരിവട്ടത്തും പാതാളത്തുമുള്ള ദീപികയുടെ സ്ഥലങ്ങള്‍ ഇന്നു വിറ്റാല്‍ അന്നത്തേതിനേക്കാള്‍ വളരെ കൂടുതല്‍ വില ലഭിക്കും എന്നതിന് ആര്‍ക്കും സംശയമില്ല. ഇത് കേരളത്തിലെ റിയല്‍ എസ്റേറ്റ് ബൂമിന്റെ ഫലമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഈ സ്ഥലങ്ങള്‍ വില്ക്കുവാന് ധാരണയുണ്ടായത് അറയ്ക്കല്‍ പിതാവ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്ന ബോര്‍ഡിന്റെ കാലത്താണ്. ഇതല്ലാതെ ദീപിക കമ്പനി വക വേറെ ഒരു സ്ഥലവും മാര്‍ മാത്യു അറയ്ക്കല്‍ പിതാവിന്റെ കാലത്ത് വിറ്റിട്ടില്ല. ഭൂമി വില്ക്കുവാനുള്ള തീരുമാനം പ്രധാനമായും ദീപിക ലാഭകരമാക്കുവാനുള്ള പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതി(ഢഞട) പ്രകാരം പിരിഞ്ഞുപോകുവാന്‍ തയാറായവര്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുവാന്‍ വേണ്ടിയായിരുന്നു. അങ്ങനെ ആ സ്ഥലങ്ങള്‍ വിറ്റ് ജോലിക്കാരുടെ പ്രശ്നങ്ങളും മറ്റ് അടിയന്തര സാമ്പത്തിക ഇടപാടുകളും തീര്‍ക്കുകയാണ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം കോട്ടയം, എറണാകുളം ഓഫീസുകളില്‍ നടന്ന കൈയേറ്റ ശ്രമങ്ങള്ക്ക്് സഭാനേതൃത്വത്തിന്റെ യാതൊരുവിധ പിന്തുണയും അംഗീകാരവും ഇല്ലായിരുന്നു. ദീപികയുടെ പേരില്‍ ചാനലുകളിലോ, പ്രസിദ്ധീകരണങ്ങളിലോ വാര്‍ത്തകളോ വിശദീകരണങ്ങളോ കൊടുക്കുവാന്‍ ആരെയും സഭ ചുമതലപ്പെടുത്തിയിട്ടില്ല. റവ.ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ദീപികയെ സംബന്ധിച്ച് ഇന്ത്യാവിഷനിലും മറ്റു മാധ്യമങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ സഭയുടെ വക്താവെന്ന നിലയിലായിരുന്നില്ല എന്നും അതിനാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത പ്രസ്താവനകളുമായി സഭയ്ക്കു ബന്ധമില്ലെന്നും ഇവിടെ വ്യക്തമാക്കുകയാണ്.
120 വര്‍ഷത്തെ പാരമ്പര്യമുള്ള ദീപിക സമുദായത്തിന്റെ അമൂല്യ പിതൃസ്വത്താണ്. പക്ഷേ, പിതൃസ്വത്തിനെ പാവനമായി പരിരക്ഷിക്കുന്നതില്‍ സമുദായത്തിന് വീഴ്ചവന്നു. ആ വീഴ്ച ഇന്നു വലിയ അനുഗ്രഹമായി ഭവിച്ചിരിക്കുകയാണ്. ദീപിക സമുദായത്തിന്റെതാണെന്ന് പ്രഖ്യാപിക്കുന്ന ആയിരങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടുമുണ്ട്. അവരുടെയെല്ലാം ഉത്ക്കടമായ അഭിലാഷവും പ്രാര്‍ത്ഥനയും സഫലമായതില്‍ നമുക്കു സന്തോഷിക്കാം.
ഈ ആവേശം തുടര്‍ന്ന് എന്നും ദീപികയോടും സമുദായത്തോടും പ്രകടിപ്പിച്ച് ദീപികയെ രാജ്യത്തെ ഒരു ഒന്നാംകിട പത്രമായി ഉയര്‍ത്തുവാന്‍ നമുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം. ആധുനിക പുരോഗതിയുടെ നല്ല വശങ്ങള് ഉള്‍ക്കൊണ്ടുകൊണ്ട് ദീപികയ്ക്ക് ആധുനികതയുടെ പരിവേഷം നല്‍കാം.
ദീപിക എന്നും സത്യത്തിന്റെയും നീതിയുടെയും നിഷ്പക്ഷതയുടെയും പ്രവാചിക ആയിരിക്കണം. പാവപ്പെട്ടവര്‍ക്കു സാമൂഹിക നീതി ഉറപ്പുവരുത്തുവാനും മതസൌഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുവാനും എന്നെന്നും നിലകൊള്ളണം.
അതുപോലെ തന്നെ രാഷ്ട്രീയമായ നിഷ്പക്ഷത എന്നും അവളുടെ മൌലിക ആദര്‍ശമായിരിക്കണം. അങ്ങനെ ലോകത്തിന്റെ ദീപമായി സനാതന ചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് ദീപിക നിലകൊള്ളണം.
കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍
മേജര്‍ ആര്‍ച്ച് ബിഷപ്, സീറോ മലബാര്‍ സഭ.
Saturday, September 15, 2007
മെര്‍ക്കിസ്റ്റണ്‍ വിവാദം ചില സംശയങ്ങള്‍
എന്റെ അനുമാനങ്ങള്‍
- 2001 ഇല് LDF സര്‍ക്കാര്‍ EFL ഓര്‍ഡിനനസ് കൊണ്ടുവരുന്നു. അതില്‍ ഏലവും കാപ്പിയും മാത്രം EFL നിന്ന് ഒഴിവാകുന്നു. ബീര്ള്ളയുടെതായിരുന്ന എസ്റ്റേറ്റ് സര്ക്കരിന്റെയാകുന്നു
- 2003 ഇല് ഓര്‍ഡിനന്‍സ് നിയമമായപ്പോള്‍ തേയില, കവുണ്ട്, തെങ്ങ് കശുമാവ് എന്നിങ്ങനെ ഒട്ടുമിക്ക കൃഷികളേയും ഇതില്‍ നിന്ന് ഒഴിവക്കുന്നു. പുതിയ നിയമമനുസ്സരിച്ച് ബീര്ള്ളയുടെ എസ്റ്റേറ്റ് EFL അല്ലാതെ വരുന്നു. സര്‍ക്കരില്‍ ഒരു അപേക്ഷ നല്കിയാല് അത് ഡീനോട്ടിഫൈ ചെയ്തു കിട്ടും
- എന്നാല്‍ 2005 ഡീനോട്ടിഫൈ ചെയ്യാതെ ഇവര്‍ സേവി മനോ മാത്യുവിന് ഇത് വില്‍ക്കുന്നു
- സേവി ഇതില്‍ 80 ഏക്കറോളം 2007 ഇല് ISRO ക്ക് കൈമാറുന്നു.
- ഇതിനിടെ തന്റേത് എന്ന് സേവി വിശ്വസിക്കുന്ന എസ്റ്റേറ്റില്‍ നിന്ന് 60 ഇല് പരം മരം മുറിക്കുന്നു. 2001 ഇലെ നിയമം അനുസ്സരിച്ച് EFL ആയ സ്ഥലത്തു നിന്ന് മരം മുറിച്ചതിന് സേവിക്കെതിരെ കേസ്.
- തൊഴില്‍ മന്ത്രിയും വനം മന്ത്രിയും ഈ എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നം തീര്‍ക്കാന്‍ വന്ന യോഗത്തില്‍ വച്ച് വിറകിനായി മരം മുറിക്കാന്‍ സേവിയേ അനുവദിക്കുന്നു. അതോടൊപ്പം എസ്റ്റേറ്റ് ഡീനോട്ടിഫൈ ചെയ്യാനുള്ള സേവിയുടെ അപേക്ഷയേപ്പറ്റി ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ പറയുന്നു.
ഈ വിഷയത്തില്‍ പാവം അച്ചുതാനന്ദന് പെട്ടു പോയി എന്ന അഭിപ്രായം എനിക്കുണ്ട്. എങ്ങാനും ഒരു അന്വേഷണം ISRO യെ ഉള്‍പ്പെടുത്തി നടത്തിയാല്‍ ISRO എങ്ങാനും ഈ പ്രോജക്റ്റ് ഇട്ടേച്ച് പോയാല്‍ ഇവിടെയുള്ള എല്ലാ മാധ്യമങ്ങളും വികസന വാദികളും കൂടി അദ്ദേഹത്തെ ഇട്ട് പൊരിക്കും. കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ.
ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയ ഒരു PDF
THE KERALA FORESTS (VESTING AND MANAGEMENT OF ECOLOGICALLY FRAGILE LANDS) ACT, 2003 . ഇത് തന്നേയാണ് വിവാദമായ EFL നിയമം എന്ന് തോന്നുന്നു. വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല. അറിവുള്ളവര്‍ വായിച്ച് പറഞ്ഞു തരുമല്ലോ.
ഇത് 2001ലെ നിയമം എന്ന് കരുതുന്ന പി.ഡി.എഫ്
THE KERALA FOREST (Vesting and Management of Ecologically Fragile Lands) BILL, 2001
NB: രണ്ടാം അഭിപ്രായ വോട്ടെടുപ്പ് ഫലം
യു.ഡി.എഫിലെ മികച്ച യുവ നേതാവാര്
- വി.ഡി. സതീശന് 7 (17%)
- സി.പി.ജോണ്‍ 9 (21%)
- ജോസ് കെ. മാണി 1 (2%)
- കെ.ബി.ഗണേശ് കുമാര്‍ 24 (58%)
Sunday, September 09, 2007
ഒന്നാം അഭിപ്രായ വോട്ടെടുപ്പ് ഫലം
കഴിഞ്ഞ വാരം ബ്ലോഗര്‍ നല്കുന്ന Poll option ഞാന്‍ എന്റെ ബ്ലൊഗ്ഗില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അച്ചുതാനാന്ദനും പിണറായിയും മാറിയാല്‍ നിങ്ങള്‍ ആരേ പ്രതീക്ഷിക്കുന്നു എന്നതായിരുന്നു ആദ്യ ചോദ്യം. തെരെഞ്ഞെടുപ്പിനായി 4 ഓപ്ഷനുകള്‍ നല്കി.
- പാലോളി, വൈക്കം വിശ്വന്
- കോടിയേരി, ബേബി
- ഗുരുദാസന്, ശര്‍മ്മ
- SRP, ഉമാകാന്ത്
കേവലം 14 ആള്ക്കാര് മാത്രമേ സര്‍വ്വേയില്‍ വോട്ട് ചെയ്തുള്ളൂ. അതില്‍ 8 പേര് പാലോളി വൈക്കം വിശ്വനിലും 6 പേര് കോടിയേരി, ബേബിക്കും വോട്ട് രേഖപ്പെടുത്തി. മറ്റ് രണ്ട് ഓപ്ഷനും ഒറ്റ വോട്ടും ലഭിച്ചില്ല. പലതവണ വോട്ടിംഗ് ദിനങ്ങള്‍ കൂട്ടി നല്‍കിയിട്ടും എന്തുകൊണ്ടാണ് ഇത്രക്കും പരിമിതമായ ഒരു പ്രതികരണം ഉണ്ടായതെന്ന് ഞാന്‍ ചിന്തിച്ചു നോക്കി. എന്റെ ചിന്തകള്‍ ഇങ്ങനെ പോയി
- ഞാന്‍ നല്കിയ ഓപ്ഷനുകളേക്കാല് മികച്ചതാണ് അച്ചുതാനന്ദനും പിണറായിയും
- ഞാന്‍ നല്കിയ കോമ്പിനേഷനുകള്‍ ശരിയായില്ല. ഉദാഹരണത്തിന് (പാലോളി, കോടിയേരി) അല്ലെങ്കില്‍ ( പാലോളി,ഗുരുദാസന്) തുടങ്ങിയ സബ് കോമ്പിനേഷന്സിലായിരിക്കും കൂടുതല്‍ ആള്ക്കാര് ഇഷ്ടപ്പെടുക
- ഞാന്‍ നല്കിയ ഓപ്ഷനുകളില്‍ ഇവരില്‍ ആരുമല്ല, അഭിപ്രായമില്ല തുടങ്ങിയ ഓപ്ഷന്‍സ് നല്കാത്തതുകൊണ്ടുമാകാം
ഏതായാലും CPM ന്റെ സമ്മേളനങ്ങള്‍ തുടങ്ങുമ്പോള്‍ ഇത്തരം ചില് ചിന്തകള്‍ക്ക് പ്രസക്തിയുണ്ട് എന്ന വിശ്വാസത്തിലായിരുന്നു ഞാന്‍ ഈ പോള്‍ ഇട്ടത്. ഇതുമായി സഹകരിച്ചവര്‍ക്ക് നന്ദി. തുടര്‍ന്നും പോള്‍ ഓപ്ഷനോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Saturday, September 08, 2007
ചില എക്സ്ലൂസിവ് ദുരന്തങ്ങള്‍
ഈ വാര്‍ത്ത മലയാള ദൃശ്യമാധ്യമങ്ങളൊന്നും വലിയ പ്രാധാന്യം നല്‍കിയില്ല എന്നാല്‍ മാധ്യമംവും മംഗളവും ദീപികയും വലിയ പ്രാധാന്യം നല്കി. . ദീപിക ഒരു മുഖപ്രസംഗം തന്നെ എഴുതിക്കളഞ്ഞു. അതില്‍ ഇന്ത്യാവിഷനെ ഇത്തരം ചാനലുകളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. മാധ്യമത്തിനും മംഗളത്തിനും ധാര്‍മ്മിക രോഷമൊന്നുമില്ല. മാധ്യമത്തിന് അതുണ്ടാകാന്‍ പാടില്ല. വാര്‍ത്ത സത്യമാണോ എന്നൊന്നും നോക്കാന്‍ പറ്റില്ല എന്ന് അവരുടെ മുഖ്യപത്രധിപര് AR തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നാളെ തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറഞ്ഞാല്‍ മതിയെന്നു അദ്ദേഹം അരുളി ചെയ്തിട്ടുണ്ട്.
മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വന്ന ഒരു വാര്‍ത്ത നാളെ തെറ്റാണ് എന്ന് തെളിഞ്ഞതുകൊണ്ടോ മാപ്പ് എഴുതിയതുകൊണ്ടോ അതുകൊണ്ടുണ്ടായ മാനസീക ആഘാതം മാറില്ല, കുറെപ്പെരുടെയെങ്കിലും മനസ്സില്‍ അത് തീരാ ദു:ഖമായി തളം കെട്ടി നില്‍ക്കുകയും ചെയ്യും. നമുക്കും ഉണ്ടല്ലോ ചാരക്കേസിലെ മാധ്യമ രക്ത സാക്ഷികള്‍.
ദീപികയുടെ മുഖപ്രസംഗത്തിലെ ഇന്ത്യാവിഷനെതിരായ ഭാഗം : മലീമസമായ ചാനല്‍ പ്രവര്‍ത്തനം
ഇങ്ങനെ ആളുകളെ ക്രൂരമായി തുണിയുരിയുന്ന ഒരു ചാനല്‍ കേരളത്തിലുമുണ്ട്. നിരപരാധികളെയും നിസഹായരെയും ചിത്രവധം ചെയ്യാന്‍ മടിയില്ലാത്ത ഇന്ത്യാവിഷനെന്ന ചാനല്‍. ഗള്‍ഫിലെ പാവങ്ങളെ വഞ്ചിച്ചുണ്ടാക്കിയ ചാനല്‍. അഴിമതിപ്പണം കൊണ്ടു നടത്തിക്കൊണ്ടുപോകുന്ന ചാനല്‍.
അങ്ങനെയൊരു ചാനലിന് അന്തസില്ലാത്തവരെ മാത്രം ചര്‍ച്ചയ്ക്കു വിളിച്ചുനിരത്തി തങ്ങളുടെ മനോധര്‍മം പോലെ എന്തും പറയിക്കാം. നിത്യേന അസത്യങ്ങളും അര്‍ധസത്യങ്ങളും മുടങ്ങാതെ വിളമ്പാം. രാജ്യത്തെ അന്തസ് കെട്ട ചാനലുകളുടെയെല്ലാം ദുര്‍ഗന്ധവും മാലിന്യവും ഒരൊറ്റ ചാനലില്‍നിന്നുതന്നെ മലയാളിക്ക് അനുഭവിക്കാനിടയാക്കുകയും ചെയ്യാം.
Wednesday, September 05, 2007
രാഷ്ട്രദീപിക മൊത്തം സഭക്ക് ഏറ്റെടുക്കാം ദീപിക മുഖപ്രസംഗം
എന്നാല്‍ മുഖപ്രസംഗം പറയുന്നതിങ്ങനെയാണ് ദീപികയും കമ്പനിയും തിരികെക്കൊടുക്കുന്നതിനു ചെയര്മാന് ഫാരിസ് മുമ്പോട്ടു വച്ചിരിക്കുന്ന ഏക നിബന്ധന ഇതുവരെ ദീപികയില്‍ എന്തു സംഭവിച്ചു എന്നു പിതാക്കന്മാര് ജനങ്ങളെയും വിശ്വാസികളെയും ഒരു പ്രസ്താവനയിലൂടെ അറിയിക്കണം എന്നതു മാത്രമാണ്. ദീപികയെ സഹായിക്കാന്‍ വന്ന ഫാരിസും സഭയ്ക്കുവേണ്ടി അദ്ദേഹത്തോടതിനാവശ്യപ്പെട്ട അഭിവന്ദ്യ അറയ്ക്കല്‍ പിതാവും ഇതിനകം ഒരുപാട് അപമാനിക്കപ്പെട്ടു. കണക്കില്ലാതെ ആക്ഷേപിക്കപ്പെട്ടു. ഒരു കാരണവശാലും അവര്‍ നേരിടേണ്ടിവന്ന മനോവിഷമം അവഗണിക്കാന്‍ കഴിയുന്നതല്ല. ആ മനോവിഷമം നീക്കുക എന്നത് ഏറ്റവും അടിയന്തരമായ ആവശ്യവുമാണ്.
സത്യത്തില്‍ ഇപ്പോള്‍ പ്രതിസന്ദിയിലായത് കത്തോലിക്ക സഭയാണ്. കാരണം ഇന്ന് 20 കോടി നല്കി രാഷ്ട്രദീപിക കമ്പനി വാങ്ങാന്‍ സഭ തയ്യാറാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.പിന്നെയുള്ള ഒരു മാര്‍ഗ്ഗം ദീപിക സംരകഷണ സമിതി എന്ന സംഘടനക്ക് കൈമാറുക എന്നതാണ്. P.C. ജോര്‍ജ്ജിനൊക്കെ പിന്‍ബലമുള്ള ഈ സമിതിക്ക് പത്രം ഏല്‍പ്പിച്ച് കൊടുത്താല്‍ അത് എങ്ങനെയായിത്തീരും എന്നതൊക്കെ കണ്ടറിയണം.
ദീപികയുടെ മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കുക
Tuesday, September 04, 2007
പ്ലാസ്റ്റിക്ക് നിരോധനത്തിന് ശേഷമുള്ള ചില കാഴ്ചകള്‍.
സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക്ക് നിരോധനത്തെത്തുടര്‍ന്ന് കണ്ട ചില കാഴ്ചകള്‍ ഞാന്‍ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.
സീന്‍ - 1
നിരോധനം തുടങ്ങിയ ഒന്നാം തിയതി എന്റെ ഭാര്യയുടെ മുത്തശിയുടെ ശവസംസ്ക്കാര ദിനമായിരുന്നു. ഒരുപാടാളുകള്‍ വരികയും റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. എല്ലാ റീത്തും കൊണ്ടുവന്നത് പ്ലാസ്റ്റിക്ക് കവറുകളില്‍. അവര്‍ അതവിടെ ഉപേക്ഷിച്ച് പോയി.
സീന്‍ 2
ശനിയാഴ്ച രാത്രി ഞാന്‍ ജന്മ നാടായ കണ്ണൂരിലേക്ക് പോകുന്നു. പിറ്റേന്ന് ( അതായത് 2ആം തിയതി) വൈകുന്നേരം വീട്ടില്‍ ഒരു കര്‍ഷക സംഘടനയുടെ മീറ്റിംഗ് കം ഗെറ്റുഗതര്‍ ഉണ്ടായിരുന്നു. വരുന്നവര്‍ക്കൊക്കെ ചായ പ്ലാസ്റ്റിക്ക് ഗ്ലാസില്‍ ഞാന്‍ കൊണ്ടുകൊടുത്തു. പിന്നെ ഭക്ഷണം നല്കിയപ്പോള് വെള്ളം കൊടുത്തതും പ്ലാസ്റ്റിക്ക് ഗ്ലാസില്‍. പക്ഷെ യോഗത്തില്‍ സ്വാഗതം പറഞ്ഞ എന്റെ അപ്പന് പ്ലാസ്റ്റിക്ക് നിരോധനത്തെക്കുറിച്ചും അവ ഉപേക്ഷിക്കേണ്ടതിനേക്കുറിച്ചും വാചാലനായി. ഞാനും കസിന്സും അതു കേട്ട് ചിരിച്ച് മണ്ണുകപ്പി. പ്രകൃതിയിലേക്ക് മടങ്ങണമെന്നൊക്ക് അപ്പോഴും അപ്പന് പ്രസംഗിക്കുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തോട് ഇതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ബദല്‍ സംവിധാനം വരുന്നവരെ എന്തു ചെയ്യും എന്ന മറുചോദ്യവും കിട്ടി
സീന്‍ 3
മൂന്നം തിയതി രാവിലേ ഏര്ണ്ണാകുളത്തേക്ക് വരുന്ന വഴി ബസ്സില്‍ ഒരു സ്ത്രീക്ക് ശര്‍ദ്ദിക്കാന്‍ വന്നു. കൂടെയുള്ള സ്ത്രീ ബസ് ജീവനക്കാരോട് പ്ലാസ്റ്റിക്ക് കൂട് ചോദിക്കുന്നു. നിരോധനം നിലനില്‍ക്കുന്നതിനാല്‍ സ്റ്റോക്കില്ല എന്ന മറുപടി. ശര്ദ്ദിക്കാനുള്ളവള് ശര്‍ദ്ദി അടക്കിപ്പിടിച്ചിരിക്കുന്നു. കൂടെയുള്ളവര്‍ മുഖം വക്രിപ്പിച്ചിരിക്കുന്നു. ഭാഗ്യവശാല്‍ ആരൂടെയോ ബാഗില്‍ നിന്ന് ഒരു കൂട് കണ്ടക്ടര്‍ സംഘടിപ്പിച്കെടുക്കുന്നു. ശര്‍ദ്ദി പ്രതിസന്ധി പരിഹരിക്കപ്പെടുന്നു.
സീന്‍ 4
നാലം തിയതി രാവിലെ ആലുവായില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോകുന്നു. കടയില്‍ തലങ്ങും വിലങ്ങും വലിയ അക്ഷരത്തില്‍ എങ്ങനെ എഴുതിയിരിക്കുന്നു " സാധനങ്ങള്‍ കൊണ്ടു പോകാന്‍ ഉള്ള പ്ലാസ്റ്റിക്ക് ബാഗുകള്‍ ഇനി മുതല്‍ നല്‍കുന്നതല്ല. സ്വന്തമായി ബാഗുകള്‍ കൊണ്ടുവന്ന് പ്ലാസ്റ്റിക്ക് നിരോധനത്തോട് സഹകരിക്കുക " . ബിഗ് ഷോപ്പറുമ്മയി ഷോപ്പിഗിന് പോകുന്ന അപൂര്വ്വമാള്ക്കാരില് ഒരാളായ ഞാന്‍ സന്തോഷിച്ചു.പക്ഷെ സാധനങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പൊതിഞ്ഞു തരുന്നത് പ്ലാസ്റ്റിക്ക് കവറില്‍ തന്നേ. അതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അത് അനുവദനീയമായ പ്ലാസിക്കാണെന്ന മറുപടിയാണ് കിട്ടിയത്.
സീന്‍ 5
സൂപ്പര്‍മാര്‍ക്കറ്റില്‍ നില്ക്കുമ്പോള് ഒരു ടയോട്ട കൊറോളക്കാരില് ഒരു ചുള്ളാപ്പി വന്നിറങ്ങുന്നു. അരക്കിലോ ശര്‍ക്കര വാങ്ങി ക്യാരിബാഗ് ചോദിക്കുന്നു. ഇനി അത് കിട്ടില്ല എന്ന മാനെജര്‍. പുള്ളി ശര്ക്കര് കാറില്‍ കൊണ്ടുവയ്ക്കുന്നു. മീന്‍കട ലക്ഷ്യമാക്കി നീങ്ങുന്നു. മീന്‍ പൊതുഞ്ഞു കിട്ടിയത് കടലാസില്‍. അതുമായി പാവം കാറിലേക്ക് നീങ്ങുന്നു.
ഈ സംഭവങ്ങളൊക്കെ കണ്ട ശേഷം ഞാന്‍ ഈ കടക്കാരോട് പഴേ ബാഗൊക്കെ എന്തു ചെയ്തെന്ന് ചോദിച്ചു. അതൊക്കെ അവിടെ നിന്ന് മാറ്റിയത്രെ. എങ്ങാനും പിടിച്ചാല്‍ ഫൈന്‍ അടച്ചു മുടിയും എന്നാണ് അവരുടെ പേടി. അച്ചുമാമയേ പേടിക്കതെ പറ്റില്ലാ എന്ന ഒരു പ്രതീതിയാണ് നിലനില്‍ക്കുന്നതത്രേ. ഒരു ചെറുകിട ബേക്കറി നടത്തുന്നതും വ്യാപാരി വ്യവസായി നേതാവുമായ അമ്മായിയപ്പനോട് ഇതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ പുള്ളി വികാരം കൊണ്ടു ഇതിന്റെ ഒക്കെ ഉത്പാദനം അങ്ങ് തടഞ്ഞാല്പ്പോരെ ഞങ്ങളെങ്ങനെയാണ് ഇത് അനുവദനീയമാണോ അല്ലയോ എന്നൊക്കെ അറിയുന്നത്. ജനങ്ങള്‍ ബാഗൊന്നും കൊണ്ടുവരാന്‍ പോകാന്നില്ല എന്ന് പുള്ളി ഉറപ്പിച്ച് പറയുന്നു.
വക്രദൃഷ്ടി
വ്യാപരികള്‍ പ്ലാസ്റ്റിക്ക് ബാഗ് നല്കുന്നില്ലെങ്കില് ജനം ഷോപ്പിങ്ങൊക്കെ ഒരുമിച്ചാക്കും. അപ്പോള്‍ അവര്‍ തങ്ങളുടെ ഷോപ്പിംഗ് വലിയ (കുത്തക) കടകളിലേക്ക് മാറ്റും. അങ്ങനെ ഇവരുടെ കടയില്‍ കച്ചവടം കുറയും . ഇവര്‍ അടച്ചു പൂട്ടല്‍ വക്കിലെത്തും. അപ്പോള്‍ വ്യാപാരി വ്യവസായി നേതാവ് നസ്രുദീന് ഇങ്ങനെ പറയും " വിദേശ കുത്തക കമ്പനികളേ സഹായിക്കാനാണ് സര്‍ക്കാര്‍ പ്ലാസിക്ക് നിരോധനം കൊണ്ടുവന്നത്".
