ഭൂപരിഷ്കരണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപിക്കപ്പെട്ട സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍സെക്രട്ടറി ടി. ബാലകൃഷ്ണന്റെ നിര്‍ദേശങ്ങളുടെ പൂര്‍ണരൂപം മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നു. എന്നാല്‍ വാര്‍ത്ത വിവാദമാക്കുകയും കിട്ടിയ അവസരത്തില്‍ ഇളമരം കരീമിനിട്ട് ഒരു പണികൊടുക്കാനുപയോഗിക്കുകയും ചെയ്ത മാതൃഭൂമിയില്‍ നിന്ന് വ്യത്യസ്ഥമായി മനോരമ ഈ വിഷയത്തില്‍ ഒരു അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തു. അച്ചായന് ഇതില്‍ എന്തെങ്കിലും സ്വാര്‍ത്ഥ താല്പര്യം കാണും എന്ന് മനോരമ വിരുദ്ധര്‍ കരുതും എങ്കിലും അതില്‍ മാതൃഭൂമിയേപ്പോലെ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ചില്ല എന്നത് ശ്രദ്ധേയം
ടി. ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം മനോരമയോടുള്ള കടപ്പാട് അറിയിച്ചുകൊണ്ട് യൂണിക്കോഡ് പരിഭാഷ ചുവടേ ചേര്‍ക്കുന്നു
ബാലകൃഷ്ണന്റെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം
കേരളം വന്‍ ജനസംഖ്യാ വര്‍ധന നേരിട്ടുകൊണ്ടിരുന്ന അന്‍പതുകളിലും അറുപതുകളിലും കാര്‍ഷിക മേഖലയില്‍ അഭൂതപൂര്‍വമായ അസ്വാസ്ഥ്യം നിലനിന്നിരുന്നു. ജനസംഖ്യയുടെ 70 ശതമാനവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ സമഗ്രമായ നിയമനിര്‍മാണം അന്ന് അത്യാവശ്യമായിരുന്നു.
അങ്ങനെയാണു കേരളത്തിന്റെ ഗ്രാമീണ ഭൂമിശാസ്ത്രം തന്നെ മാറ്റിമറിച്ച കേരള ഭൂപരിഷ്കരണ നിയമം 1963ല്‍ kകൊണ്ടുവന്നത്. ലോകമെമ്പാടും വാഴ്ത്തപ്പെട്ട അത് മാതൃകാനിയമം തന്നെയായിരുന്നു. മറ്റു സംസ്ഥാനങ്ങളും ചില രാജ്യങ്ങള്‍ തന്നെയും ആ നിയമം പകര്‍ത്തി. കുടികിടപ്പുകാരന്റെ അവകാശം സ്ഥാപിക്കുന്നതില്‍ ആ നിയമം വിജയംകണ്ടു. മാന്യമായ വാടകയെന്ന ആശയം ആ നിയമമാണു കൊണ്ടുവന്നത്. കൃഷിചെയ്യുന്ന ഭൂമിയുടെ അവകാശം ജന്മികളില്‍നിന്നു ചോദിച്ചുവാങ്ങാന്‍ കുടിയാന്മാര്ക്കു കഴിഞ്ഞു. കുടികിടപ്പെന്ന സംവിധാനം തന്നെ ഇല്ലാതാക്കിയ ആ നിയമം പുതിയ കുടിയാന്മാര് സൃഷ്ടിക്കപ്പെടുന്നതും തടഞ്ഞു. ആ നിയമംമൂലം കുടികിടപ്പുകാര്‍ക്കു പല അവകാശങ്ങളും ലഭിക്കുകയും അവനു വീടുവയ്ക്കാന്‍ സ്ഥലം ലഭ്യമാകുകയും ചെയ്തു. ഓരോരുത്തര്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂമിക്കു പരിധി നിശ്ചയിച്ചുവെന്നതാണ് ആ നിയമത്തിന്റെ മറ്റൊരു പ്രധാന നേട്ടം. അധികമായുണ്ടായിരുന്ന ഭൂമി മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.
ലക്ഷ്യം നേടാന്‍ കഴിഞ്ഞ വിജയകരമായ നിയമങ്ങളിലൊന്നാണു ഭൂപരിഷ്കരണ നിയമം. നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്നതായിരുന്നു ആ നിയമം എന്നതാണ് പ്രധാനപ്പെട്ട കാര്യം. കര്‍ഷകത്തൊഴിലാളികള്‍ക്ക് അത് മാന്യത നല്കി, വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു, അവര്‍ക്കു ഭൂമിയില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹനവും നല്കി. കുടികിടപ്പുഭൂമിയില്നിന്ന് കുടിയിറക്കപ്പെടുകയില്ലെന്ന ഉറപ്പ് ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ആശ്വാസമായി. നിയതമായ വരുമാനമില്ലാതിരുന്ന ആയിരങ്ങള്‍ക്കു തൊഴില്‍ നേടാനും നിയമംമൂലം കഴിഞ്ഞു. മറ്റു തരത്തില്‍ ഭൂമിവാങ്ങാന്‍ പ്രാപ്തിയില്ലാതിരുന്ന ആയിരങ്ങള്‍ക്കു മിച്ചഭൂമി വിതരണത്തിലൂടെ ഭൂമി ലഭിച്ചു. സ്വന്തമായി ഒരു തുണ്ടു ഭൂമിയെന്നത് അവര്‍ക്കു സാമ്പത്തിക ഭദ്രത നല്കി; സമൂഹത്തില്‍ അവരുടെ അന്തസും ഉയര്‍ന്നു.
നിയമം നിലവില്‍വന്ന 1963ലെ സാഹചര്യവും 2007ലെ സ്ഥിതിയും തുലോം വിഭിന്നമാണ്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി 1963ല്‍ നിജപ്പെടുത്തിയിരുന്നു. അത്രയും ഭൂമി കൈവശമുണ്ടായിരുന്ന കുടുംബങ്ങള്‍ അത് ഇതിനകം കുറഞ്ഞത് രണ്ടു തവണയെങ്കിലും വിഭജിച്ചിട്ടുണ്ടാവും. ആറു കുട്ടികളുണ്ടായിരുന്ന ഒരു കുടുംബം ഭൂസ്വത്ത് വീതംവയ്ക്കുമ്പോള്‍ ഒരു കുട്ടിക്കു രണ്ടോ മൂന്നോ ഏക്കര്‍ മാത്രമാണല്ലോ ലഭിക്കുക. ഒരു വിഭജനംകൂടി നടന്നുവെന്നു കരുതുക. ഒരോ കുടുംബത്തിനും ലഭിക്കുന്ന ഭൂമിയുടെ വിസ്തീര്‍ണം ഒരേക്കര്വരെയായി കുറയും. ഇത്തരത്തിലുള്ള തുണ്ടുഭൂമികളില്‍ കൃഷിനടത്തുന്നത് ഒരിക്കലും ആദായകരമാവില്ല. അതിനാല്‍ പലരും ഭൂമി മറ്റുള്ളവര്‍ക്കു വില്ക്കുകയോ വീടുവയ്ക്കാനുള്ള പ്ളോട്ടുകളായി മാറ്റുകയോ ചെയ്തുകഴിഞ്ഞു. കുറെയേറെ ഭൂമി തരിശായി ഇട്ടിട്ടുമുണ്ട്. ചെറുകിട ഭൂ ഉടമകള്‍ക്കു കൃഷിക്കും ജലസേചനത്തിനും വന്‍തോതില്‍ പണം മുടക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ ഭൂപരിഷ്കരണ നിയമം വിജയകരമായി നടപ്പാക്കിയിട്ടും കാര്ഷികോല്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു വ്യക്തം.
കുടികിടപ്പില്ലാതായതോടെ ജന്മിത്വം അവസാനിച്ചു. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ സ്ഥലം പാട്ടത്തിനു കൊടുക്കുന്ന രീതി അനിവാര്യമായി മാറിയിരിക്കുന്നു. വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കു മാത്രമല്ല കൃഷിക്കുപോലും ഇത് അത്യന്താപേക്ഷിതമാണ്. കുടുംബശ്രീ, ഗ്രൂപ്പ് ഫാമിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ പരോക്ഷമായി പാട്ടവ്യവസ്ഥ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. അയല്ക്കാരന്റെ ഭൂമി പാട്ടത്തിനെടുത്ത് കൂടുതല്‍ സ്ഥലത്തു കൃഷിയിറക്കുകയെന്നത് കര്‍ഷകനു ലാഭകരമായ തൊഴിലാണിപ്പോള്‍. അതേസമയം ഭൂ ഉടമ കൂടുതല്‍ വരുമാനത്തിനായി വ്യവസായത്തിലോ മറ്റു മേഖലകളിലോ ജോലിചെയ്യേണ്ടതായും വരുന്നു. ഇപ്പോഴത്തെ പാട്ടസംവിധാനത്തിനു നിയമത്തിന്റെ പരിരക്ഷയില്ല. അതുകൊണ്ടു തന്നെ നിയമവിരുദ്ധമായ പുതിയ തരം പാട്ടവ്യവസ്ഥ വ്യാപകമായിട്ടില്ല.
ഭൂപരിഷ്കരണ നിയമത്തിനു മുന്‍പ് കുടികിടപ്പുകാരായിരുന്നവര് നിയമം വന്നശേഷം സര്‍ക്കാര്‍ ഗ്രാന്റും മറ്റും നേടി നല്ല വീടുകള്‍ നിര്‍മിക്കുകയും ഭേദപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. അവരുടെ കുട്ടികള്‍ മികച്ച വിദ്യാഭ്യാസം നേടി; ആരോഗ്യപരമായും അവര്‍ മെച്ചപ്പെട്ടു. ഭൂമിയുടെ വില വന്‍തോതില്‍ വര്‍ധിക്കുന്നതും യന്ത്രവല്‍ക്കരണവും വിവിധ സര്‍ക്കാര്‍ പദ്ധതികളുമെല്ലാം മുന്‍കാലത്ത് ഉണ്ടായിരുന്നതുപോലെയുള്ള കുടികിടപ്പ് ഇപ്പോള്‍ മിക്കവാറും അസാധ്യമാക്കിയിട്ടുണ്ട്. വന്‍ തോതില്‍ സബ്സിഡി നല്‍കിയിട്ടും കാര്ഷികോല്പാദനം ദിനംപ്രതിയെന്നോണം കുറഞ്ഞുവരുകയാണ്. ഇതിന്റെ യഥാര്‍ഥ കാരണങ്ങളെന്താണ്?
. തുണ്ടുഭൂമികളിലെ ലാഭകരമല്ലാത്ത കൃഷി
. ഫലപ്രദമല്ലാത്ത മാനേജ്മെന്റ്
. നിയമപരമായ കുരുക്കുകള്‍മൂലം സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ അഭാവം
കേരളത്തിന്റെ സമ്പദ് രംഗം വളരുന്നതിനനുസരിച്ച് വ്യവസായങ്ങള്‍ വരേണ്ടതുണ്ട്. ഐടി സമുച്ചയങ്ങള്‍, വന്‍ പാര്‍പ്പിട പദ്ധതികള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം കൂടുതലായി ഉണ്ടാകണം. ഇവയ്ക്കെല്ലാം വന്‍ തോതില്‍ ഭൂമി വേണം. എന്നാല്‍ നിലവിലുള്ള ഭൂപരിധിയോ 15 ഏക്കര്‍ മാത്രവും. ആവശ്യമായത്ര ഭൂമി ലഭ്യമാക്കാന്‍ കഴിയാത്തതുമൂലം വന്‍ പദ്ധതികള്‍ കേരളത്തിലേക്കു വരാന്‍ മടിക്കുന്നു.
ഭൂപരിഷ്കരണം കാര്‍ഷിക രംഗത്ത് സമാധാനം കൊണ്ടുവന്നു. അതുകൊണ്ടു തന്നെ നക്സലിസം പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഇവിടെ വേരുറച്ചില്ല. ഭൂപരിഷ്കരണ നിയമം എല്ലാ തരത്തിലും അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു. സാമ്പത്തിക രംഗം വളര്‍ച്ച നേടിയ ഇന്നത്തെ സാഹചര്യത്തില്‍ ആ നിയമത്തിന്റെ പുനര്‍വായന നടത്തേണ്ടതുണ്ട്. കാരണം നിയമത്തിലെ പല വ്യവസ്ഥകളും കേരളത്തിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നതാണ്; രാജ്യാന്തര കീഴ്വഴക്കങ്ങള്‍ക്കു വിരുദ്ധവുമാണ്. അതുകൊണ്ടു തന്നെ നാം പലപ്പോഴും ആ നിയമത്തിലെ വ്യവസ്ഥകള്‍ വ്യാപകമായി ലംഘിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ഈ നിയമം തുടരുന്നതിനു നീതീകരണമുണ്ടോയെന്നു സര്ക്കാþരും പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ ഉണ്ടാകണമെങ്കില്‍, കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍, നിക്ഷേപം ആകര്‍ഷിക്കപ്പെടണമെങ്കില്‍ 1963ലെ ഭൂപരിഷ്കരണ നിയമം പിന്‍വലിക്കേണ്ടിയിരിക്കുന്നു.
വലിയൊരു വിഭാഗം ജനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെങ്കില്‍ പോലും ഇത്തരമൊരു നീക്കം പൊതുജനത്തിന് ഉടനെ ദഹിച്ചെന്നു വരില്ല. അതിനാല്‍ ഇതേപ്പറ്റി വ്യാപകമായ ചര്‍ച്ചകളുണ്ടാകണം. അങ്ങനെ നിയമം ഉപേക്ഷിക്കുന്നതിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപീകരിക്കണം. ഭൂപരിഷ്കരണ നിയമത്തിനപ്പുറത്തേക്കു നോക്കേണ്ട കാലമായി.
നിയമം നടപ്പാക്കുന്നതിനു പ്രകടിപ്പിച്ചതുപോലെയുള്ള നേതൃത്വപരമായ കഴിവ് സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി പ്രകടിപ്പിക്കണം. അത് നിയമം പിന്വലിക്കാനാകണമെന്നു മാത്രം.
ഈ വിഷയത്തില്‍ വിവിധ ആള്ക്കാര് നടത്തിയ പ്രതികരണങ്ങളും മനോരമയില്‍ നിന്ന് തന്നെ ചുവടെ ചേര്‍ക്കുന്നു
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ (സംസ്ഥാന നിയമ പരിഷ്കരണ കമ്മിഷന് ചെയര്മാന്)
. ഭൂപരിഷ്കരണ നിയമം നടപ്പാക്കുമ്പോള്‍ അത് ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ, ഇന്നും അതിനു വളരെയേറെ പ്രസക്തിയുണ്ട്. ആരു പറഞ്ഞാലും ഈ നിയമം പിന്‍വലിക്കരുത്. കൂടുതല്‍ കര്‍ശനമായി നടപ്പാക്കാനുള്ള ഇച്ഛാ ശക്തിയാണു സര്‍ക്കാര്‍ കാണിക്കേണ്ടത്.
നഗരത്തിലെ ഭൂമിവില സാധാരണക്കാരന് എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ കുതിച്ചുയരുകയാണ്. ഒരുലക്ഷം രൂപ വിലയുണ്ടായിരുന്ന ഭൂമി ഒരുകോടി രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ഫ്ളാറ്റുകളുടെ വില ലക്ഷങ്ങള്‍ കടന്നു കോടികളായിരിക്കുന്നു. പാവങ്ങള്‍ക്കും സാധാരണക്കാരനും മണ്ണും വീടും അപ്രാപ്യമാക്കുന്ന സംവിധാനമാണിത്.
നാട്ടിന്‍പുറങ്ങളിലേക്കും ഈ പ്രവണത വ്യാപിക്കുന്നു. ഇതിനു പിന്നില്‍ കള്ളപ്പണം ഒഴുക്കുന്ന ഭൂമി മാഫിയയാണ്. ഇത്തരക്കാരെ കര്‍ക്കശമായി നിയന്ത്രിക്കാന്‍ കഴിയണം. നഗരത്തില്‍ ഭൂമിക്കു പരമാവധി വില നിശ്ചയിക്കണം. വ്യക്തികള്‍ക്കു കൈവശം വയ്ക്കാവുന്ന നഗരഭൂമിയുടെ കാര്യത്തിലും കര്‍ശനമായ നിയന്ത്രണം വരണം. ഭൂവിനിയോഗ നിയമവും കര്‍ശനമായി നടപ്പാക്കണം. പാലക്കാട്ടും കുട്ടനാട്ടിലും പോലും പാടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതു പുനരധിവാസം നടപ്പാക്കിയ ശേഷമാവണം. അങ്ങനെയെങ്കില്‍ അതിന്റെ പേരിലുള്ള പ്രതിഷേധങ്ങളും ഒഴിവാക്കാവുന്നതാണ്.
എം.എം. ലോറന്‍സ് (സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി)
ഭൂപരിഷ്കരണ നിയമം ലക്ഷ്യം നേടി എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ വ്യക്തിപരമായ അഭിപ്രായമായി കണക്കുകൂട്ടിയാല്‍ മതി. ഇതെല്ലാം ഇടതുമുന്നണിയിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലും ചര്‍ച്ചചെയ്തു സമവായമുണ്ടാക്കേണ്ട കാര്യങ്ങളാണ്. ഭൂപരിഷ്കരണ നിയമംതന്നെ കുറ്റമറ്റ പൂര്‍ണരൂപത്തിലുള്ള നിയമമാണെന്ന് അന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിപ്രായമില്ലായിരുന്നു. അതൊരു തുടക്കം മാത്രമായിരുന്നു. അതിന്റെ ചുവടുപിടിച്ചു പലതും ചെയ്യേണ്ടതുണ്ടായിരുന്നു.
സക്കറിയ (സാഹിത്യകാരന്)
1963ലെ കേരളമല്ല, 2007ലേത്. 1963ലെ ഭൂപരിഷ്കരണ നിയമം അതിന്റെ സാമുദായികമായ ജോലി നിര്‍വഹിച്ചു. പക്ഷേ, ഭൂമിയുടെ പ്രാഥമിക ഉപയോഗമായ കൃഷിയെ സംബന്ധിച്ച് അതിനൊന്നും നേടാന്‍ കഴിഞ്ഞില്ല. മറിച്ചു പരമ്പരാഗതമായി കൃഷിയില്‍ ഉറച്ചുനില്‍ക്കുന്ന ഒരു ചെറുശതമാനമൊഴികെയുള്ള കേരളം കൃഷി കൈവെടിഞ്ഞു. ഒരുവശത്തു കമ്യൂണിസം കൃഷിക്കാരനെ വില്ലനായി ചിത്രീകരിച്ചു. മറുവശത്തു കൃഷിത്തൊഴിലാളിയെ കൈവിട്ടു വിപ്ലവം വെള്ളക്കോളര്‍ ധാരികളുടെ മടിത്തട്ടില്‍ സ്വയം പ്രതിഷ്ഠിച്ചു. ഇനിയുമൊരു വശം കൂടിയുണ്ട്. മലയാളിയുടെ ഫ്യൂഡല്‍ ജാതിഡംഭുകള് അവനെ മണ്ണില്‍ തൊടാന്‍ അറയ്ക്കുന്നവനാക്കി.
അങ്ങനെ, തൊഴിലില്ലായ്മകൊണ്ടു വലയുന്നു എന്ന വായ്ത്താരി മുഴങ്ങുന്ന കേരളത്തില്‍ ലക്ഷക്കണക്കിനു ബംഗാളികളും ഒറിയാക്കാരുമൊക്കെ അധ്വാനിക്കുന്നു. മലയാളി 'നോക്കിനില്‍പ്പില്‍ ആനന്ദം കൊള്ളുന്നു. കൃഷി തമിഴന്റെ ഉത്തരവാദിത്തമായി. മലയാളിക്കു തിന്നാനുള്ളത് അവന് ഉണ്ടാക്കുകയും വേണം, കൊടുക്കാനുള്ള വെള്ളം കൊടുക്കുകയുമില്ല!
ഭൂമിയുടെ ഉപയോഗങ്ങള്‍ കാലത്തിനൊത്തു മാറിക്കൊണ്ടേയിരിക്കും. ഏറ്റവും ബഹുമാന്യ പരിസ്ഥിതി വാദിയുടെ വീടിരിക്കുന്നതു കഷ്ടിച്ചു 150 വര്‍ഷം മുന്‍പു കാടായിരുന്ന സ്ഥലത്താണ്. ഏറ്റവും വാചാലനായ നദീസംരക്ഷകന്റെ വീടുപണിക്കു ഭാരതപ്പുഴയുടെ പ്രിയങ്കര മണ്ണു തന്നെയാണു ലോറിക്കണക്കിനു വന്നിറങ്ങുനനത്. സമൂഹത്തിന്റെയും ലോകത്തിന്റെയും സാമ്പത്തിക ക്രമത്തിന്റെ വളര്‍ച്ചയ്ക്കനുസൃതമായി ഉപയോഗിക്കാനല്ലെങ്കില്‍ പിന്നെ ഭൂമി എന്തിന്? മണ്ണപ്പം ഉണ്ടാക്കിത്തിന്നാല് വിശപ്പുമാറുമോ?
ഭൂപരിഷ്കരണമല്ല ആവശ്യം, പരിസ്ഥിതി - ഭൌമശാസ്ത്രപരമായ ആസൂത്രണത്തോടെ ഭൂമിയുടെ വിദഗ്ധോപയോഗമാണ്. പക്ഷേ, എല്ലാ ആസൂത്രണവും കൈക്കൂലിയിലേക്കും കെടുകാര്യസ്ഥതയിലേക്കും നയിക്കുന്ന ഭരണകൂടങ്ങള്‍ക്കു കീഴില്‍ ഭൂമി പീഡനത്തിനിരയാകുന്നു. അതാണു കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
വി. വിശ്വനാഥമേനോന് (മുന്‍ മന്ത്രി )
ഇപ്പോള്‍ ഒരു ഭൂപരിഷ്കരണനിയമ വിവാദത്തിന്റെ കാര്യമുണ്ട് എന്നു തോന്നുന്നില്ല. ഇതൊരു സജീവമായ പ്രശ്നമല്ല. സജീവമല്ലാത്ത പ്രശ്നങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചകളും നടക്കുന്നത്. ഭൂപരിഷ്കരണനിയമം കാലഹരണപ്പെട്ടുവെന്നോ പുതിയ നിയമം വരണമെന്നോ എനിക്കു തോന്നുന്നില്ല. അന്നു നിയമം കൊണ്ടുവരുമ്പോഴും ഇതൊരു സമഗ്ര നിയമമാണെന്നു പാര്‍ട്ടിയില്‍ ഏകാഭിപ്രായമില്ലായിരുന്നു. പ്ളാന്റേഷന്റെയും മറ്റും കാര്യത്തില്‍ ചില കോംപ്രമൈസുകളൊക്കെ ചെയ്താണു നിയമമുണ്ടാക്കിയത്. സമൂഹത്തിന്റെ താഴെത്തട്ടില്‍ കിടന്നവര്‍ മാനസ്സികമായ അടിമത്തത്തില്‍ നിന്നുകൂടിയാണ് അന്നു മോചനം നേടിയത് എന്നു വിസ്മരിക്കാനാവില്ല.
ജസ്റ്റിസ് കെ.എ. അബ്ദുല്‍ ഗഫൂര്‍ (കാര്‍ഷിക കടാശ്വാസ കമ്മിഷന് ചെയര്മാന്)
ഭൂപരിഷ്കരണ നിയമം അന്നത്തെ സാഹചര്യത്തില്‍ കൊണ്ടുവന്നതു പാട്ടവ്യവസ്ഥ നിയന്ത്രിക്കാനും ഭൂമിയില്‍ കൃഷിക്കാര്‍ക്കു സ്ഥിരാവകാശം നല്‍കാനുമാണ്. 1970നുശേഷം ജന്മി - കുടിയാന് ബന്ധം ഇല്ലാതായി. ഇപ്പോള്‍ പാട്ടക്കാരനും ജന്മിയും കുടിയാനുമൊന്നുമില്ല. അതുകൊണ്ടു തന്നെ മറ്റൊരു ഭൂപരിഷ്കരണത്തിനു സാധ്യതയുമില്ല. ഇപ്പോഴത്തെ ഭൂപരിഷ്കരണ നിയമം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കഴിഞ്ഞു. ഇനി അതു പരിഷ്കരിക്കേണ്ട കാര്യമില്ല.
ആലപ്പുഴയിലെ മുരിക്കന്റെ കായല്‍ നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കര്‍ഷകര്‍ക്കു വീതിച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍, ഇന്നു കര്‍ഷകര്‍ കൂട്ടായി കൃഷി ചെയ്താണു നിലനില്ക്കാന് ശ്രമിക്കുന്നത്. യന്ത്രവല്ക്കരണമൊക്കെ വന്നതോടെ ഗ്രൂപ്പ് ഫാമിങ്ങിന്റെ പ്രസക്തി കൂടി. കൃഷിക്കാരനും - കൃഷിഭൂമിയും തമ്മിലുള്ള ബന്ധത്തില്‍ സ്വയംസഹായസംഘങ്ങള്‍ക്കും കര്‍ഷക സമിതികള്ക്കുമുള്ള പ്രസക്തി കൂടി. കരഭൂമിയിലും ഒരു പ്ളാനിങ്ങുമില്ലാത്ത വികസനങ്ങളാണു നടക്കുന്നത്. ഇക്കാര്യത്തില്‍ വ്യവസായ ഭൂമി, കൊമേഴ്സ്യല്‍ ഏരിയ, റസിഡന്‍ഷ്യല്‍ ഏരിയ തുടങ്ങിയ തരംതിരിവുകള്‍ ആവശ്യമാണ്.
ഡോ. എം. ഗംഗാധരന് (ചരിത്രകാരന്)
വ്യവസായങ്ങള്‍ക്കു വേണ്ടി ഭൂപരിഷ്കരണ നിയമം പിന്‍വലിക്കണമെന്ന വാദം അര്‍ഥശൂന്യവും മനുഷ്യത്വരഹിതവുമാണ്. കേരളത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇത്തരമൊരു നിര്‍ദേശത്തിനു പിന്നില്‍.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി പരന്നുകിടക്കുന്ന ആവാസ വ്യവസ്ഥയാണു കേരളത്തിന്റേത്. എല്ലായിടത്തും വെള്ളം കിട്ടുമെന്നതാണ് ഇതിനു കാരണം. അതു മനസ്സിലാക്കാതെ വ്യവസായ സമുച്ചയങ്ങള്‍ക്കു വേണ്ടി വാശിപിടിക്കുമ്പോള്‍ ഒട്ടേറെ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. വ്യവസായശാലകളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ വലിയ വിപത്തുകള്ക്കിടയാക്കും. മാവൂര്‍ ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.
നമുക്കു വേണ്ടതു വീടുകള്‍ കേന്ദ്രീകരിച്ചുള്ള കുടില്‍വ്യവസായങ്ങളുടെ ശൃംഖലയാണ്. പണ്ടു കുന്നംകുളത്ത് ഇതു വിജയകരമായി നടപ്പാക്കിയിരുന്നു. കോഴിക്കോട്ടെ കാലിക്കോ തുണി നിര്‍മാണവും ഇതിന്റെ തെളിവാണ്. നമ്മുടെ വിഭവങ്ങള്ക്കനുസരിച്ച വ്യവസായ സംരംഭങ്ങളാണ് ഇവിടെ തുടങ്ങേണ്ടത്. സോപ്പുനിര്മാണത്തിന്റെ കാര്യമെടുക്കാം. സോപ്പുകളുടെ ഏറ്റവും വലിയ വിപണി കേരളത്തിലാണ്. പ്രധാന അസംസ്കൃത വസ്തുവായ വെളിച്ചെണ്ണയും ധാരാളം. മുതല്മുടക്കാനുള്ളവരും കേരളത്തില്‍ ഒട്ടേറെയുണ്ട്.
അതുപോലെ തന്നെ റബര്‍, കശുവണ്ടി, കുരുമുളക്, വെറ്റില പോലുള്ളവയുടെ സാധ്യതകളും നാം ഉപയോഗിക്കുന്നില്ല. കാര്ഷികവിഭവത്തെ വ്യാവസായിക വിഭവമാക്കി മാറ്റുമ്പോഴാണ് അതിന്റെ മൂല്യം വര്‍ധിക്കുന്നത്. ഇവയ്ക്കൊന്നും വന്‍കിട ഫാക്ടറികള്‍ ആവശ്യമില്ല. വീടുകള്‍ കേന്ദ്രീകരിച്ചു ചെയ്യാവുന്ന കാര്യങ്ങളാണ്. ഇത്രയുംപോലും സൌകര്യമില്ലാത്ത ജപ്പാന് വന്‍കിട വ്യാവസായിക രാജ്യമായതെങ്ങനെയെന്നു നമ്മുടെ ഭരണാധികാരികള്‍ കണ്ടുപഠിക്കണം.
പണ്ടുകാലത്തു നെല്‍ക്കൃഷി നടത്തിയിരുന്നതു പുലയരെയും ചെറുമരെയും പോലുള്ള അടിയാള വിഭാഗങ്ങളായിരുന്നു. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ഇവര്‍ക്കായിരുന്നു കൃഷിഭൂമി കൊടുക്കേണ്ടിയിരുന്നത്. അതിനുപകരം കൃഷി അറിയാത്ത കുടിയാന്മാര്ക്കാണു ഭൂമി കൊടുത്തത്. ഭൂപരിഷ്കരണത്തിലെ ഏറ്റവും വലിയ പാളിച്ചയും അതാണ്. അതു മിക്കവയും നികത്തുകയോ തരിശിടുകയോ ചെയ്തു. തരിശിട്ട ഭൂമി പിടിച്ചെടുത്തു കൃഷിയിറക്കണമെന്നു നിയമമുണ്ടെങ്കിലും അതു പ്രായോഗികമല്ല. പിടിച്ചെടുക്കുന്ന ഭൂമി അടിയാളര്‍ക്കു കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അങ്ങനെ പണ്ടു ചെയ്ത തെറ്റു സിപിഎം തിരുത്തണം.
ഏക്കറുകണക്കിനു ഭൂമിയില്‍ കെട്ടിപ്പൊക്കുന്ന ഐടി വ്യവസായങ്ങളാണു കേരളത്തിന്റെ ഭാവിയെന്ന ചിന്താഗതി തെറ്റാണ്. ഐടി ആശ്രിത വ്യവസായമാണ്. അമേരിക്കയിലും മറ്റും ഈ വ്യവസായം തകര്‍ന്നാല്‍ അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നതു നമ്മളാകും. അമേരിക്കക്കെതിരെ വാതോരാതെ പ്രസംഗിച്ചുനടക്കുന്ന സിപിഎമ്മുകാര്‍ ഇവിടെ ഐടി പാര്‍ക്കുകള്‍ക്കു പിന്നാലെ പോകുന്നതു വിചിത്രമാണ്.
ജസ്റ്റിസ് കെ.കെ. നരേന്ദ്രന്
ഭൂപരിഷ്കരണ നിയമം ലക്ഷ്യംനേടി പിന്‍വലിക്കേണ്ട കാലമായിട്ടില്ല. കാലോചിതമായ ഭേദഗതികളോടെ ഇതു നടപ്പാക്കണം. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതിക്ക് അതിനു കഴിയും. നിയമം ഒരു വന്വിപ്ളവം തന്നെയായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. കുടിയാന്മാര്ക്കു സ്വപ്നം കാണാന്‍ കഴിയുന്ന കാര്യമായിരുന്നില്ല പാട്ടഭൂമിയില്‍ അവകാശം ലഭിച്ചത്. എത്രയോ പേരുടെ ജീവിതത്തെ മാറ്റിമറിച്ച നിയമമാണു ഭൂപരിഷ്കരണം.
പി.എന്‍.സി. മേനോന് (ചെയര്മാന്, ശോഭ ഡെവലപ്പേഴ്സ്)
ഭൂപരിഷ്കരണ നിയമത്തില്‍ കാലോചിതമാറ്റം വരണമെന്നത് അത്യാവശ്യമാണ്. നിക്ഷേപം നടത്തുമ്പോള്‍ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പ്രധാനകാര്യം തന്നെയാണ്. നിശ്ചിത ആവശ്യത്തിനു ഭൂമി നല്‍കുകയും അതു പറഞ്ഞ സമയത്തു നടന്നില്ലെങ്കില്‍ നിര്‍ബന്ധമായും തിരിച്ചെടുക്കുകയും ചെയ്യുന്ന നിയമമാണു വേണ്ടത്. അല്ലാതെ ഭൂപരിധികൊണ്ടു ഭൂമിയുടെ ന്യായമായ ഉപയോഗം ഉറപ്പാക്കാനാകില്ല. പാര്‍പ്പിടം പോലുള്ള മേഖലകളിലെ ആവശ്യം ഈ നിയമം ഉണ്ടാക്കുന്ന കാലവുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
കേരളത്തിനു വേണ്ടതു രാഷ്ട്രീയമായ അഭിപ്രായ ഐക്യമാണ്. അതില്ലാതെ ഭൂപരിഷ്കരണം മാത്രമായി നന്നാക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ല. മാറ്റങ്ങള്‍ക്ക് അനുസരിച്ച് എല്ലാ ഭാഗത്തും മാറ്റങ്ങള്‍ ഉണ്ടാകണം. രാഷ്ട്രീയ കാഴ്ചപ്പാടിലും ഇത് അത്യാവശ്യമാണ്. അതില്ലാത്തതു കൊണ്ടാണു ഭൂപരിഷ്കരണം പോലുള്ള പ്രശ്നങ്ങള്‍ വലിയ പ്രശ്നങ്ങളാകുന്നത്. കേരളം നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്നം ഇതല്ല. രാഷ്ട്രീയ അഭിപ്രായ ഐക്യമില്ലായ്മയാണ്.
