Sunday, November 23, 2008

P.K. പ്രകാശിന്‌ ഇതെന്തുപറ്റി ?

കഴിഞ്ഞ ദിവസങ്ങളില്‍ P.K. പ്രകാശിന്റെതായി വന്ന ചില വാര്‍ത്തകളാണ്‌ ഈ കുറിപ്പിനുള്ള പ്രചോദനം. മൂന്നാര്‍ ഒഴിപ്പിക്കലും മറ്റും നടക്കുമ്പോള്‍ അതിന്റെ മുഖ്യ പ്രചാരകനായിരുന്ന പ്രകാശിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ ഇവ വായിക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതമായേക്കാം. CPI എതിരെ അന്ന് അന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനഗള്‍ എയ്തത്‌ പ്രകാശായിരുന്നു. മാത്രവുമല്ല ദൗത്യ സംഘത്തിന്റെ ബ്രാന്റ്‌ മാധ്യമ പ്രചാകരകനും പ്രകാശ്‌ ആയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യേകിച്ച്‌ ഇന്ത്യാവിഷനിലെ സജീവ സാനിധ്യമായിരുന്നു പ്രകാശ്‌. എന്നാല്‍ 22 നവമ്പര്‍ 2008 ലെ മാധ്യമം പത്രത്തില്‍ പികെ പ്രകാശ്‌ എഴുതിയ ലേഖനം ചുവടെ കൊടുക്കുന്നു. അതിന്റെ തലക്കെട്ട്‌ തന്നെ ഇങ്ങനെ 
പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
വാര്‍ത്തയുടെ യൂണിക്കോഡ്‌ പരിഭാഷ ഇവിടെ വായിക്കുക


പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
തൊടുപുഴ: ടാറ്റയുടെയും മറ്റും കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ രംഗത്ത്. ന്യൂനപക്ഷ കമീഷനംഗം ജോണ്‍ ജോസഫിന്റെ ഗ്ലോറിയ ഫാംസില്‍നിന്ന് 463 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നേരിട്ടെത്തി പിടിച്ചെടുത്തുകൊണ്ടാണ് റവന്യൂ മന്ത്രി വി.എസിനെ കടത്തിവെട്ടിയത്. ഒഴിപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്നും റവന്യൂ വകുപ്പുതന്നെ ഇക്കാര്യത്തില്‍ ശക്തമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു രാജേന്ദ്രന്റെ നടപടി. മൂന്നാറിലെ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ മുന്‍ ദൌത്യസംഘം മേധാവി, സസ്പെന്റ് ചെയ്യപ്പെട്ട ജില്ലാ സര്‍വേയര്‍, ഗവ. പ്ലീഡര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു താക്കീത് കൂടിയായി ഗ്ലോറിയ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി. ഗ്ലോറിയ എസ്റ്റേറ്റിന്റെ ഉടമകള്‍ അവകാശപ്പെടുന്ന പട്ടയഭൂമി സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആ ഭൂമിയും പിടിച്ചെടുക്കാനും റവന്യൂ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ദൌത്യസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറും ദൌത്യസംഘവും നടത്തിയ ശ്രമം ഇല്ലാത്ത കോടതി ഉത്തരവിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഉപയോഗിച്ച് ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് റവന്യൂ മന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത്. ഇന്നലെ മൂന്നാറിലെത്തിയ റവന്യൂ മന്ത്രി എ.ഐ.ടി.യു.സി ഓഫീസിലെത്തി പ്രാദേശിക സി.പി.ഐ^സി.പി.എം രാഷ്ട്രീയ നേതൃത്വങ്ങളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

എട്ടു വര്‍ഷമായി മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് വി.എസ് പ്രഖ്യാപിക്കുന്നു. സി.പി.എമ്മിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത് മറികടക്കാനുള്ള തന്ത്രം മാത്രമാണ് വി.എസിന്റെ മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപനങ്ങളെന്ന് ഓരോ ദിവസവും തുറന്നുകാട്ടപ്പെടുകയാണ്. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ മൂന്നാര്‍ ഇടപെടല്‍ അതുകൊണ്ടുതന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പുതിയ മുഖം നല്‍കുമെന്നാണ് സൂചന.

മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതിന് ഭൂമിയില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ആദ്യ ദൌത്യസംഘം ഏറ്റെടുത്തത് വെറും 130 ഏക്കര്‍ ഭൂമി മാത്രമാണ്. ഈ സാഹചര്യത്തിലാണ് ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിച്ചെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കവുമായി റവന്യൂ മന്ത്രി മൂന്നാറില്‍ എത്തിയിരിക്കുന്നത്.

പി.കെ. പ്രകാശ്



ഈ വാര്‍ത്തയിലെ ഏറ്റവും രസകരമായ ഭാഗം ഇതാണ്‌
സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ.

CPI ഓഫീസ്‌ പൊളിക്കുന്നതിനെതിരെ പന്ന്യനും വെളിയവും ഇസ്മായേലും ഒക്കെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ അന്നൊക്കെ CPI ക്കെതിരെ ആഞ്ഞടിച്ച പ്രകാശിന്‌ എന്ത്‌ പറ്റി എന്ന് ചിന്തിക്കുന്നത്‌ ഇപ്പോള്‍ രസകരായി തോന്നുന്നു. അപ്പോഴാണ്‌ നവമ്പര്‍ രണ്ടാം തിയതിയും പ്രകാശിന്റെ തന്നെയായി മാധ്യമത്തില്‍ വന്ന മറ്റൊരു
വാര്‍ത്ത എന്റെ ഓര്‍മ്മയില്‍ വന്നത്‌ അതിങ്ങനെ



മൂന്നാര്‍: ആദ്യ ദൌത്യസംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍
തൊടുപുഴ: ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ആദ്യ മൂന്നാര്‍ ദൌത്യ സംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍. ഇതിനായി ചെലവഴിച്ചത് 45 ലക്ഷം രൂപയും.മൂന്നാറില്‍ കൈയേറ്റക്കാരില്‍ നിന്ന് ഏറ്റെടുത്ത 16000 ഏക്കറില്‍ 1600 ഏക്കര്‍ മൂന്നുമാസത്തി നകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തി ലാണ് ഈ കണ്ടെത്തല്‍.ഏലം കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് റിസോര്‍ട്ട് നിര്‍മിച്ചതിനാണ് 130 ഏക്കറില്‍ ഭൂരിഭാഗവുംഏറ്റെടുത്തത്. ഈ ഭൂമി വീട് നിര്‍മിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി നല്‍കാന്‍ കഴിയില്ല. കൂടാതെ ഭൂമി ഏറ്റെടുത്ത പ്രശ്നം കോടതിയിലുമാണ്. അതിനാല്‍ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാനും കഴിയില്ല. മൂന്നാറില്‍ കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2007 ഏപ്രിലില്‍ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനെ ചുമതലപ്പെടുത്തി യിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഉള്‍പ്പടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ പ്ര ത്യേക ദൌത്യസംഘത്തെ ചുമതലപ്പെടുത്തി. സ്പെഷല്‍ ഓഫീസറായി കെ. സുരേഷ്കുമാറിനെയും ഐ.ജി ഋഷിരാജ്സിംഗ്, ഇടുക്കി ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ദൌത്യസംഘം രൂപവത്കരിച്ചത്. സ്പെഷല്‍ സോണ്‍ രൂ പവത്കരണത്തിനായി പ്രത്യേകഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനിച്ചു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ യും ചുമതലപ്പെടുത്തി.എന്നാല്‍, ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന്ഭൂമി തിരിച്ചെടുക്കാന്‍ ദൌത്യസം ഘം വിമുഖത പുലര്‍ത്തി. ഏലംകുത്തകപാട്ടം ലംഘിച്ചതിന് 11 റിസോര്‍ട്ടുകളുടെ ഭൂമിയാണ് സംഘം ഏറ്റെടുത്തത്.ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഗ്യാപ്പ് ഭാഗത്ത് 250ഏക്കര്‍ 2007 മെയ് 29ന് തിരിച്ചെടുത്തതായി ദൌത്യസംഘം അവകാശപ്പെട്ടെങ്കിലും ഇതില്‍ 20 ഏക്കര്‍മാത്രമാണ് ഉപയോഗയോഗ്യമായഭൂമിയെന്ന് കണ്ടെത്തി. കുത്തനെകിടക്കുന്ന ചെരിവ് പാറയാണ് ബാക്കി സ്ഥലം. ഇതുകൂടാതെമൊബൈല്‍ ടവര്‍ നിലനിന്നിരുന്നസി.പി.എം മുന്‍ നേതാവ് ലംബോധരന്റെ സഥ് ലം, ശമ് ശാനത്തിന്‍െ റ കുറച്ച് ഭാഗം എന്നിവയും ചൊക്രമുടിയില്‍ കുട്ടപ്പനും മറ്റുള്ളവരും ചേര്‍ന്ന് കൈയേറിയ 12 ഹെക്ടറും ആദ്യ സംഘം ഏറ്റെടുത്ത ഭൂമിയില്‍ ഉള്‍പ്പെടുന്നു. ഇതിനായി ജെ.സി.ബി വാടക ഇനത്തില്‍ മാത്രം 14 ലക്ഷം രൂപ ചെലവഴിച്ചു. ദൌത്യസംഘത്തിന്റെ യാത്ര^ഭക്ഷണം എന്നിവക്കുംവന്‍തുക ചെലവായി. നാനൂറോളം പോലിസുകാര്‍ക്ക് വന്ന ചെലവുകള്‍, അന്യ ജില്ലകളില്‍നിന്ന് സര്‍വേ ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസഥ് രെയും എത്തിച്ചതിന്‍െറ ചെലവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. അബാദ് ഗ്രൂപ്പിന്റെ റിസോര്‍ട്ട്, ലക്ഷ്മിയിലെ പുളിമൂട്ടില്‍ ഹൌസ് എന്നിവ ആദ്യ ദൌത്യസംഘം ഏറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാ ക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍പല പ്രാവശ്യം നിര്‍ദേശിച്ചിട്ടുംചിന്നക്കനാലിലെ വന്‍കിട റി സോര്‍ട്ടുകളുടെ കൈയേറ്റം ഒഴിപ്പിക്കാനും സംഘം തയാറായുമില്ല. ടാറ്റ കൈവശപ്പെടുത്തിയസര്‍ക്കാര്‍ ഭൂമി അളന്നുതിരിച്ചെടു ക്കാനുള്ള നിര്‍ദേശവും നടപ്പാക്കിയില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി 2007 ജൂലൈ മൂന്നിന്നേമക്കാട് 1200 ഏക്കര്‍ ടാറ്റയില്‍ നിന്ന് തിരിച്ചുപിടിച്ചത്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ഏറ്റെടുത്ത ഭൂമിയുടെ കണക്ക് നല്‍കാന്‍ മുഖ്യമന്ത്രി പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും സംഘം നല്‍കിയില്ല.ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 70000 ഏക്കര്‍ഏറ്റെടുക്കാത്തതാണ് മൂന്നാറിലെഎല്ലാ കൈയേറ്റങ്ങളുടെയും അടിസ്ഥാനമെന്ന് നിവേദിത പി. ഹ രന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍ നിന്ന് ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വന്തമാക്കിയാണ് പല റിസോര്‍ട്ടുക ളും സ്ഥാപിക്കപ്പെട്ടത്. വന്‍കിടക്കാരില്‍നിന്ന് ഭൂമി ഏറ്റെടുത്താലേ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും കഴിയൂ. ഇതിനായി ആരംഭി ച്ച നടപടികളാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്


ഈ വാര്‍ത്തയുടെ കൂടെ ബോക്സില്‍ മറ്റൊരു വാര്‍ത്തയും പ്രകാശ്‌ അന്നെഴുതി. അതിങ്ങനെ



ഭൂമി പിടിച്ചത് വി.എസും രാജേന്ദ്രനും
തൊടുപുഴ: ദൌത്യസംഘങ്ങള്‍ മാറി മാറി വന്നിട്ടും മൂന്നാറില്‍ഭൂമി പിടിച്ചത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും റവന്യൂ മ ന്ത്രി കെ.പി. രാജേന്ദ്രനും. ടാറ്റ കമ്പനിയുടെ കൈവശം ഉണ്ടായിരുന്ന 1200 ഏക്കറാണ് വി.എസ് ഒറ്റ മണിക്കൂര്‍കൊണ്ട് പിടിച്ചത്.ഇടുക്കി ജില്ലയിലെ കീഴാന്തൂരിലാണ് 4311 ഹെക്ടര്‍ (ഏകദേശം ഒമ്പതിനായിരം ഏക്കര്‍) റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഒരുദിവസം കൊണ്ട് പിടിച്ചെടുത്തത്. കെ. സുരേഷ്കുമാറിന്റെനേതൃത്വത്തിലുള്ള ദൌത്യസംഘത്തെ മറികടക്കാനാണ് രാജേന്ദ്രന്‍ ഭൂമി പിടിച്ചതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നെങ്കിലും ഈഭൂമിയാണ് ഇപ്പോള്‍ ജില്ലയില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ കഴിയുന്നത്.


കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം മൂന്നാര്‍ ഒഴിപ്പക്കലിലെ നായക വില്ലന്മാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ തക്കവിധം പി.കെ പ്രകാശിന്‌ എന്തുപറ്റി എന്ന് വായനക്കാര്‍ തീരുമാനിക്കുക. 


വാര്‍ത്തകള്‍ക്ക്‌ കടപ്പാട്‌ മാധ്യമം ദിനപത്രം




Monday, October 13, 2008

സെസ്‌ : കാളിദാസന്‌ മറുപടി

സെസും കേരള വികസനവും എന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ്‌ ഈ പോസ്റ്റ്‌. സെസ്‌ സംബന്ധിച്ച വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ്‌ ഞാന്‍ ആ പോസ്റ്റ്‌ എഴുതിയത്‌. അവിടെ പ്രധാനമായും വിമര്‍ശങ്ങള്‍ ഉന്നയിച്ച കാളിദാസന്‍ എന്ന ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള ഒരു മറുപടിയായും ഇതിനെ കരുതാം

ചര്‍ച്ചയില്‍ ഉടനീളം സ്മാര്‍ട്ട്‌ സിറ്റി മാതൃക മാത്രമാണ്‌ ഉദാത്തം എന്ന നിലപാടിലായിരുന്നു കാളിദാസന്‍. 10 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക്‌ കൈവശം വയ്ക്കാന്‍ പാടില്ല എന്ന ഭൂപരിഷക്കരണ നിയമത്തെ മറികടക്കാനാണ്‌ സെസ്‌ അപേക്ഷകര്‍ വരുന്നത്‌ എന്നായിയിരുന്നു കാളിദാസന്റെ പ്രധാന വാദം. എന്നാല്‍ വരുന്നത്‌ IT സെസുകളാണെന്നും അവക്ക്‌ 25 ഏക്കര്‍ മതിയെന്നും ഞാന്‍ വ്യക്തമാക്കിയപ്പോള്‍ എന്തിനാണ്‌ IT വ്യവസായത്തിന്‌ 25 ഏക്കര്‍ എന്നായി കാളിദാസന്‍. 25 ഏക്കര്‍ സ്ഥലം IT സെസുകള്‍ ലഭിക്കാനുള്ള മാനദണ്ഡത്തിന്റെ ഭാഗമാണ്‌ എന്ന് വിശദീകരിച്ചപ്പോള്‍ കാളിദാസന്‍ നയം മാറ്റി. ഇത്തരത്തില്‍ ഉള്ള സെസ്‌ അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാരാണ്‌ അവര്‍ അവിടെ ബില്‍ഡിംഗ്‌ പണിത്‌ വില്‍ക്കുന്നവരാണ്‌ സംസ്ഥാന്‍ ഗവണ്‍മന്റ്‌ നല്‍കുന്ന ഇളവുകള്‍ ഒന്നും വേണ്ടെങ്കില്‍ അവര്‍ എന്തിന്‌ സെസ്‌ എന്ന ലേബലിനു വേണ്ടി ശ്രമിക്കുന്നു എന്നായി . എന്നാല്‍ സെസില്‍ ഒരുപാട്‌ കേന്ദ്ര ഇളവുകള്‍ ഉണ്ടെന്നും അവ ലഭിക്കാന്‍ സെസ്‌ പദവി വേണമെന്നും വിശദീകരിച്ചപ്പോള്‍ കാളിദാസന്റെ മറുപടി ഇങ്ങനെ

ഇതു വരെ ഒരു IT കമ്പനിയും സര്‍ക്കാരിനു അപേക്ഷ നല്കിയതായി അറിവില്ല. DIC പോലെ IT Infrastructure നിര്‍ മ്മിച്ചു പരിചയമുള്ള ഒരു കമ്പനിയും അപേക്ഷ നല്‍കിയതായി അറിവില്ല. സ്മര്‍ ട്ട് സിറ്റി നിര്‍മ്മിക്കുന്നത്, DIC പോലെ IT Infrastructure നിര്‍ മ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്.അറിഞ്നിടത്തോളം പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകരുമാണ്, ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അവര്‍ക്കെന്തിനാണ്, I T കമ്പനികള്‍ക്ക് നല്‍കേണ്ട ഇളവുകള്‍ 
സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിക്കുന്ന SEZ കള്‍ കേന്ദ്ര സര്‍കാര്‍ ആ പദവി നല്കി കഴിഞ്ഞാല്‍ കേരള സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ IT Infrastructure നിര്‍മിച്ചില്ലെങ്കിലും IT കമ്പനികള്‍ വന്നില്ലെങ്കിലും , കേരള സര്‍ക്കാരിനു ഒരു നിയന്ത്രണവും ചെലുത്തനാവില്ല.കേരളത്തില്‍ ഇപ്പോഴുള്ള പ്രശ്നം , സ്വന്തം അധികാരപരിധിയില്‍ ഇല്ലാത്ത ഒരു വകുപ്പില്‍ വ്യവസായ വകുപ്പു മന്ത്രി അമിത താഅല്‍പ്പര്യം കാണിക്കുന്നതു കൊണ്ടുണ്ടായതാണ്.

കാളിദാസന്‍ നിലവിലുള്ള സ്വകാര്യ സെസ്‌ അപേക്ഷകരെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ്‌ താല്‍പര്യം ഉള്ളവരായി മാത്രം കാണാന്‍ ശ്രമിക്കുകയാണ്‌ ഇവിടെ ഉണ്ടായത്‌. മാത്രവുമല്ല സ്വകാര്യം സംരംഭകര്‍ സര്‍ക്കാരിന്‌ പ്രയത്ന ഓഹരി തരണം എന്ന നിബന്ധന മഹത്തരമാണ്‌ എന്നും പറയുക ഉണ്ടായി. കൂടാതെ ഇത്തരക്കാര്‍ ആദ്യം 70% പ്രദേശവും IT വ്യവസായത്തിന്‌ അനുകൂലമാക്കിയതിന്‌ ശേഷം സെസ്‌ പദവി വേണമെങ്കില്‍ ആവശ്യപ്പെടട്ടെ എന്നും വാദിച്ചു.

എന്നാല്‍ സെസ്‌ അപേക്ഷകര്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചാല്‍ അവരുടെ ഭൂമി ഭൂപരിഷ്ക്കരണ നിയമം വഴി തിരിച്ചെടുക്കാം എന്നതും 30% അനുബന്ധ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സെസ്‌ ആനുകൂല്യം ഉണ്ടാകില്ല എന്നതും ഒന്നും ഉള്‍ക്കൊള്ളാന്‍ കാളിദാസന്‍ തയ്യാറായില്ല. മാത്രവുമല്ല വ്യവസായ വകുപ്പ്‌ മന്ത്രി IT വകുപ്പില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ വ്യവസായ വകുപ്പ്‌ അവിഹിതമായി IT വകുപ്പില്‍ ഇടപെടുന്നു എന്ന് ആരോപണം ഒരു കോണില്‍ നിന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത്‌ എന്റെ ചിന്തിക്കുന്ന യന്ത്രം നന്നായി പ്രവര്‍ത്തിക്കത്ത്‌ കൊണ്ടാണ്‌ എന്നായിരുന്നു കാളിദാസന്റെ മറുപടി. കാളിദാസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ്‌

1)എന്തുകൊണ്ട്‌ സ്വകാര്യ സംരംഭകര്‍ IT വകുപ്പിനെ സമീപിക്കാതെ വ്യവസായ വകുപ്പിനെ സമീപിച്ചു

2) എന്തുകൊണ്ട്‌ IT അപേക്ഷകള്‍ IT വകുപ്പിലേക്ക്‌ അയച്ചില്ല

3) എന്റുകൊണ്ട്‌ IT പദ്ധതികളാണ്‌ സംസ്ഥാനത്തിന്റെ വികസനത്തിന്‌ ആവശ്യം എന്ന് വ്യവസായ മന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു

തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ മുഴുവന്‍ കരീമിന്റെ IT ഇല്‍ ഉള്ള അമിത താല്‍പര്യമായിരുന്നു കാളിദാസന്റെ മുഖ്യ ആയുധം. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സെസ്‌ നയം പ്രഖ്യാപിക്കുകയും ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായുള്ള സമിതി 10 അപേക്ഷകള്‍ കേന്ദ്രത്തിലേക്ക്‌ അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ വന്ന ഒരു ദേശാഭിമാനി വാര്‍ത്തയില്‍ 10 അപേക്ഷകളില്‍ 7 എണ്ണം IT വകുപ്പ്‌ വഴിയും രണ്ടെണ്ണം വ്യവസായ വകുപ്പു വഴിയും ഒരെണ്ണം പൊതുമേഖല സ്ഥാപനത്തിന്റെതുമാണ്‌.

ദേശാഭിമനി വാര്‍ത്ത

സെസ് : 10 സംരംഭം വഴി 6100 കോടി നിക്ഷേപം
ദേശാഭിമാനി, സെപ്തം.30, 2008

തിരു: പ്രത്യേക സാമ്പത്തികമേഖലാ പദവിക്ക് അപേക്ഷിച്ച പത്ത് വ്യവസായസംരംഭംവഴി സംസ്ഥാനത്തെത്തുന്നത് 6109 കോടി രൂപയുടെ നിക്ഷേപം. ഒന്നരലക്ഷത്തോളം തൊഴിലവസരവും ഇതുവഴി സംസ്ഥാനത്തിന് ലഭിക്കും. പത്ത് അപേക്ഷയും ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.

കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയശേഷം വ്യവസായസംരംഭകര്‍ സംസ്ഥാന സര്‍ക്കാരുമായി കരാറിലെത്തണം. മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ച സെസ് നയം അടിസ്ഥാനമാക്കിയായിരിക്കും കരാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി മന്ത്രിസഭയ്ക്ക് ശുപാര്‍ശചെയ്ത പത്ത് വ്യവസായപദ്ധതിയില്‍ എട്ടും 30 ഏക്കറില്‍ താഴെമാത്രം ഭൂമി ആവശ്യമുള്ളവയാണ്. ഇതില്‍ ഭൂരിപക്ഷവും ഐടി പദ്ധതികളും ഐടി അധിഷ്ഠിത സേവനപദ്ധതികളും.

രണ്ടു പദ്ധതിയാണ് വ്യവസായവകുപ്പ് മുഖേന വന്നത്. ഏഴു പദ്ധതി ഐടി വകുപ്പുവഴിയുള്ളതാണ്്. ഒന്ന് കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റേതും. പള്‍പ്പ് ഫാക്ടറിക്കായാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് അപേക്ഷ സമര്‍പ്പിച്ചത്. കമ്പനിയുടെ കൈവശമുള്ള 126 ഹെക്ടറിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 2.05 കോടി രൂപ മുതല്‍മുടക്കുന്ന ഫാക്ടറിയില്‍ 1050 നേരിട്ടുള്ള തൊഴിലും 20,000 പരോക്ഷതൊഴിലുമാണ് വാഗ്ദാനം.

എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ് ആലുവയില്‍ 12.17 ഹെക്ടറില്‍ ഐടി കമ്പനിക്കാണ് സെസ് പദവിക്കായി അപേക്ഷിച്ചത്. 279 കോടി രൂപയാണ് മുതല്‍മുടക്ക്. 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

എറണാകുളത്ത് കിന്‍ഫ്രയുടെ 12 ഹെക്ടറില്‍ ബയോടെക്നോളജി വ്യവസായത്തിനാണ് ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് അപേക്ഷിച്ചത്. 113 കോടി രൂപ മുതല്‍മുടക്കി സ്ഥാപിക്കുന്ന വ്യവസായസംരംഭംവഴി 6000 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനംചെയ്യുന്നു.

ആലുവയില്‍ 30.76 ഹെക്ടറില്‍ ഐടി വ്യവസായത്തിനാണ് പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് അപേക്ഷിച്ചിരിക്കുന്നത്. 243.16 കോടി രൂപ ഇവിടെ മുതല്‍മുടക്കും. 30,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

ആലുവയില്‍തന്നെ എംഎം ടെക് ടവേഴ്സ് 14 ഹെക്ടറില്‍ ഐടി സംരംഭമാണ് ആരംഭിക്കുന്നത്. 400 കോടി രൂപ അവര്‍ നിക്ഷേപിക്കും. 10,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തിട്ടുണ്ട്.

സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയില്‍ കിന്‍ഫ്രയുടെ 10 ഹെക്ടറില്‍ സ്ഥാപിക്കുന്ന ഐടി-ഐടി അധിഷ്ഠിത വ്യവസായത്തിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 52 കോടി അവര്‍ മുതല്‍മുടക്കും. 3000 തൊഴിലാണ് വാഗ്ദാനം.

കൊച്ചിന്‍ ടെക്നോപാര്‍ക്ക് ആലുവ ചെങ്ങമനാട് വില്ലേജില്‍ സെസ് ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കുന്നത് 12.15 ഹെക്ടറിലാണ്. 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന സ്ഥാപനം 165 കോടി രൂപ നിക്ഷേപമിറക്കും.

ഐടി, ഐടി അധിഷ്ഠിത സേവന വ്യവസായം സ്ഥാപിക്കുന്ന ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ ടെക്നോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍ പുതുക്കാട്ട് സ്ഥാപിക്കുന്ന ഐടി സംരംഭത്തിനായി പത്ത് ഹെക്ടറിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 177.37 കോടി മുതല്‍മുടക്കും. 10,000 പേര്‍ക്ക് തൊഴിലാണ് വാഗ്ദാനം.

എറണാകുളം കുന്നത്തുനാട്ടില്‍ ഐടി സംരംഭം തുടങ്ങുന്ന യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ് 913.05 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 10.84 ഹെക്ടറിലാണ് വ്യവസായസംരംഭം. 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.


ഈ വാര്‍ത്തയോടെ വ്യവസായ വകുപ്പ്‌ IT SEZ അപേക്ഷകള്‍ കൈകാര്യം ചെയ്തു എന്ന കാളിദാസന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കാളിദാസന്‍ ഇങ്ങേ പ്രതികരിച്ചു

ചീഫ് സെക്രട്ടറി തിരഞെടുത്ത 10 അപേക്ഷകളില്‍ 7 എണ്ണവും ഐ റ്റി വകുപ്പ് വഴി വന്നതാണ്‌ 2 എണ്ണം മാത്രമെ വ്യവസായ വകുപ്പ് വഴി വന്നിട്ടുള്ളു എന്നതു ഇതു വരെ ആരും പറഞ്ഞിട്ടില്ല. ഇതു സത്യമാണെങ്കില്‍ കരീം ഐ റ്റി വകുപില്‍ അനാവശ്യമായി ഇടപെടുക തനെയായിരുനു. ഐ റ്റി വ്യവസായം കരീമിന്റെ വകുപ്പല്ല. അതിനു പ്രത്യേകമായി ഒരു വകുപ്പുണ്ട്. കേരളത്തിന്റെ നന്‍മയണ്, ലക്ഷ്യമിടുന്നതെങ്കില്‍ മറ്റു വകുപ്പുകളിലെ പദ്ധതികല്‍ക്കു വേണ്ടിയും കരീം വാദിക്കണമായിരുന്നു.ഇതില്‍ മനസിലാക്കാന്‍ പറ്റാത്ത വിഷയമൊന്നുമില്ല. ഐ റ്റി വകുപ്പ് ഒരു പ്രത്യേക വകുപ്പാക്കിയ അന്നു മുതല്‍ തുറ്റങ്ങിയ കലിപ്പാണ്. അതു മറുമെന്നും തോന്നുന്നില്ല.


10 ഇല്‍ 7 ഉം IT വകുപ്പ്‌ നല്‍കിയ അപേക്ഷയാണ്‌ എന്നതിനെക്കാള്‍ 2 അപേക്ഷ വ്യവസയ വകുപ്പില്‍ നിന്നും വന്നു എന്നത്‌ വ്യവസായ മന്ത്രി IT വകുപ്പില്‍ താല്‍പര്യം കാണിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നതാണ്‌ . അതിനാല്‍ ഇത്‌ എങ്ങനെ വന്നു എന്ന് കണ്ടെത്താനുള്ള ശ്രമം ഞാന്‍ നടത്തില്‍ . സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തില്‍ വ്യവസായ വകുപ്പ്‌ അയച്ച അപെക്ഷകള്‍ ഏതൊക്കെ എന്ന് കണ്ടെത്തി അവ എര്‍ണ്ണാകുളത്ത്‌ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിന്‍ഫ്രയുടെ കീഴില്‍ സ്ഥലം വാങ്ങിയുട്ടുള്ള ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് (12 ഹെക്ടറില്‍) and സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (10 ഹെക്ടറില്‍ ) 
ഈ രണ്ട്‌ സ്ഥാപനങ്ങളും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്നതിനാലാണ്‌ ഇവ വ്യവസായ വകുപ്പ്‌ സെസ്‌ അപേക്ഷക്ക്‌ അയച്ചത്‌

സെസ്‌ അപേക്ഷകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ക്ക്‌ കുറെക്കൂടി വ്യക്തത കൈവന്നു. എനിക്ക്‌ ലഭിച്ച വിവരങ്ങള്‍ അനുസ്സരിച്ച്‌ എല്ല സെസ്‌ അപേക്ഷകരും ആദ്യം സമീപിച്ചത്‌ വ്യവസായ വകുപ്പിനെ തന്നെയാണ്‌. അതില്‍ IT അപേഷകള്‍ വ്യവസായ വകുപ്പ്‌ IT വകുപ്പിലേക്ക്‌ അയച്ചു കൊടുത്തു. മറ്റ്‌ അപേക്ഷകള്‍ വ്യവസായ വകുപ്പ്‌ നേരിട്ട്‌ ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക്‌ അയച്ചു കൊടുത്തു എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. IT വകുപ്പില്‍ കിട്ടിയ അപെക്ഷകള്‍ IT വകുപ്പും ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക്‌ അയച്ചുകൊടുത്തു. ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ്‌ വിവിധ അപേക്ഷകരില്‍ നിന്ന് 10 അപേക്ഷകള്‍ തിരഞ്ഞെടുത്ത്‌ ക്യാബിനറ്റിന്‌ നല്‍കിയത്‌. 

എന്തുകൊണ്ട്‌ വിവിധ അപേക്ഷകര്‍ വ്യവസായ വകുപ്പിനെ ആദ്യം സമീപിക്കുന്നു എന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്‌. സെസിന്റെ നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്‌. കേന്ദ്ര ഗവണ്മെന്റിന്റെ സൈറ്റുകളിലും മറ്റും സെസ്‌ അപേക്ഷ നല്‍കാന്‍ വ്യവസായ വകുപ്പിനെ സമീപിക്കാനാണ്‌ എഴുതിയിട്ടുണ്ടാകുക. എന്നാല്‍ കേരളത്തില്‍ IT ക്ക്‌ പ്രത്യേക വകുപ്പുള്ളതിനാല്‍ ഈ അപേക്ഷകള്‍ വ്യവസായ വകുപ്പ്‌ IT വകുപ്പിലേക്ക്‌ അയക്കുന്നു.

Monday, September 15, 2008

സന്ധ്യ പ്രാര്‍ത്ഥന

തലശ്ശേരി അതിരൂപതിയിലെ ചെമ്പന്തൊട്ടി ഇടവകയില്‍ വിതരണം ചെയ്ത പ്രാര്‍ത്ഥന.

കുടുംബപ്രാര്‍ത്ഥന സമയത്ത്‌ ജപമാല മദ്ധ്യേ ചൊല്ലേണ്ടത്

ഓ എന്റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കേണമേ , ദൈവനിഷേധത്തില്‍ നിന്നും ഭൗതീക പ്രവണതകളില്‍ നിന്നും എന്നെ രക്ഷിക്കേണമേ. വര്‍ഗ്ഗ സമര ചിന്തകളില്‍ നിന്നും സര്‍വ്വധിപത്യ പ്രവണതകളില്‍ നിന്നും എനിക്ക്‌ മോചനം തരണമേ. വിദ്വേഷത്തില്‍ നിന്നും വിപ്ലവതീഷ്ണതയില്‍ നിന്നും എന്നെ കാത്തുകൊള്ളുകയും ചെയ്യേണമേ ആമ്മേന്‍ 

Monday, September 01, 2008

സെസും കേരള വികസനവും

കേരളത്തിലെ CPM ലേ പ്രശ്നങ്ങള്‍ കേരള വികസനത്തിന്‌ തടസമാകുന്ന പ്രത്യേക അവസ്ഥയിലേക്ക്‌ നീങ്ങിക്കൊന്റിരിക്കുകയാണ്‌. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളില്‍ ഒന്നാണ്‌ സ്വകാര്യ IT Infrastrure സ്ഥാപനങ്ങള്‍ക്ക്‌ SEZ പദവി അനുവദിക്കുന്നതിനേപ്പറ്റി ഉണ്ടായിട്ടുള്ളത്‌.

സെസ്‌ വിവാദം ഉണ്ടായ പശ്ചാത്തലം ഇന്ത്യാടുഡേയുടെ സെപ്റ്റമ്പര്‍ 3 2008 ഇലെ രാധാകൃഷ്ണന്‍ എം.ജി, യുടെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു

പ്രത്യേക സാമ്പത്തീക മേഖലസംബന്ധിച്ചുള്ള 20 ഓളം അപേക്ഷകള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ഈ അപേക്ഷകരുടെ യഥാര്‍ത്ഥ ലക്ഷ്യം സംബന്ധിച്ച്‌ അന്വേഷണം പൂര്‍ത്തിയാകാത്തതുകൊണ്ടാണ്‌ ഇത്‌ എന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു20 ഓളം അപേക്ഷകളില്‍ അന്വേഷണ ശേഷം പകുതിയോളം തള്ളുകയും പകുതി സ്വീകരിക്കാന്‍ CPM നിര്‍ദ്ദേശിച്ചിട്റ്റും ഫയല്‍ നീങ്ങാത്തത്‌ വ്യവസായ മന്ത്രി കരീമും മറ്റും ചൂണ്ടിക്കാണിച്ചു. അവസാനിക്കാത്ത കാലവിളംബം മൂലം പല അപേഷകരും ( ചെന്നയിലെ E.T.L Infrasture, സതര്‍ലന്റ്‌ ഗ്ലോബല്‍ തുടങ്ങിയവ കോയംബത്തൂരിലേക്ക്‌ ചേക്കേറുകയും ചെയ്തത്‌ വ്യവസായ വകുപ്പിനെ വിഷമിപ്പിച്ചിരുന്നു


അതായത്‌ സെസ്‌ അനുവദിക്കുന്നതിനെ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ താല്‍പര്യക്കുറവോ അഭിപ്രയ വ്യത്യസമോ ഉണ്ട്‌. എന്നാല്‍ എന്തുകൊണ്ടും സെസ്‌ അനുവദിക്കണം എന്ന അഭിപ്രായമാണ്‌ വ്യവസായ മന്ത്രി എളമരം കരിമിനുള്ളത്‌. അതിന്‌ അദ്ദേഹം മുന്നോട്ട്‌ വയ്ക്കുന്ന ന്യായങ്ങള്‍ 24/08/2008 ഇലെ മാതൃഭൂമി പത്രത്തില്‍ വായിക്കാം. അതിങ്ങനെ

കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സെസിന്‌ യഥേഷ്ടം അനുമതിനല്‌കുന്നു. വ്യവസായികളെല്ലാം അവിടേക്ക്‌ പോവുകയാണ്‌. സെസ്‌ ഇല്ലെങ്കില്‍ ഐ.ടി. സ്ഥാപനങ്ങള്‍ വരില്ല. കേരളത്തില്‍ വ്യവസായങ്ങളൊന്നും വന്നില്ലെങ്കില്‍ നമ്മുടെ തലമുറകള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലിതേടി പോകും. നമ്മുടെനാട്‌ ഒന്നിനും കൊള്ളാതാകും -കരീം അഭിപ്രായപ്പെട്ടു.

പരമ്പരാഗത തൊഴിലിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല. കൊച്ചി തുറമുഖത്തിന്റെ ഭാഗമായി 15 വര്‍ഷംമുമ്പ്‌ സെസ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. എന്തെങ്കിലും പ്രശ്‌നമുണ്ടായതായി കേട്ടിട്ടില്ല.

കൃഷിയിടം ഒഴിപ്പിച്ച്‌ ധാരാളംപേരെ പറിച്ചുമാറ്റിക്കൊണ്ടുള്ള വന്‍ സാമ്പത്തികമേഖല കേരളത്തില്‍ വരാന്‍പോകുന്നില്ല. ഐ.ടി. കമ്പനികള്‍ക്ക്‌ സെസിന്‌ അപേക്ഷിക്കണമെങ്കില്‍ 25 ഏക്കര്‍ മതി. അത്‌ കണ്ടെത്താന്‍ ഒരാളെയും ഒഴിപ്പിച്ചില്ല. പാടം നികത്തിയില്ല. കേന്ദ്രനിയമപ്രകാരം സെസ്‌ ലഭിച്ച ഭൂമി 50 ശതമാനം വ്യവസായത്തിനും ബാക്കി അനുബന്ധ കാര്യങ്ങള്‍ക്കും നീക്കിവെക്കണം. കേരളത്തില്‍ 70 ശതമാനം ഭൂമിയും വ്യവസായ ആവശ്യത്തിന്‌ നീക്കിവെക്കണമെന്നാണ്‌ വ്യവസ്ഥചെയ്‌തിട്ടുള്ളത്‌. എക്‌സൈസ്‌, കസ്റ്റംസ്‌ തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ്‌ കേന്ദ്രം സെസ്‌ അനുവദിക്കുന്നത്‌. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ്‌ നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്‌തിട്ടില്ല. തൊഴില്‍ പ്രശ്‌നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല. പിന്നെ എന്തിനാണ്‌ ആശങ്ക -എളമരം കരീം ചോദിച്ചു
ആധാരം മാതൃഭൂമി വാര്‍ത്താ

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളും മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളും ബുദ്ധിജീവികളുമെല്ലാം പുതിയ ഒരു വിവാദത്തിന്‌ വഴി കണ്ടെത്തുകയായിരുന്നു.CPM ഇലെ വിഭാഗിയതയുമായി ബന്ധപ്പെട്ട ഏത്‌ വാര്‍ത്തയും അതിന്റ മെറിറ്റില്‍ തട്ടി ചര്‍ച്ച ചെയ്യുക എന്നത്‌ പ്രായോഗികമല്ലാതെ വന്നിരിക്കുന്ന ഒരു സാഹചര്യമാണ്‌ ഇവിടെ ഉള്ളത്‌. ഇത്‌ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയെ സഹായിക്കാനാണ്‌ എന്ന പതിവ്‌ പല്ലവി മിക്കവരും ഏറ്റുപാടി. അതില്‍ രമേശ്‌ ചെന്നിത്തലും വി.ഡി, സതീശനും വരെ ഉണ്ടായി എന്നതാണ്‌ അത്ഭുതകരമായ കാര്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷണനും സെസ്‌ പദവിയില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനേപ്പറ്റി മാത്രം ആശങ്കപ്പെട്ടതും പ്രത്യേകം ശ്രദ്ധേയമായി, പ്രത്യക സാമ്പത്തിക മേഖലയെപ്പറ്റിയുള്ള വ്യാകുലതകള്‍ കാട്ടുതീ പോലെ പടരുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. CPI യുടെ യുവജന സംഘടനയാണ്‌ ആദ്യ പ്രതികരണവുമായി രംഗത്ത്‌ വന്നത്‌. തൊഴിലാളി അവകാശങ്ങള്‍ നിഷേധിക്കുന്ന സെസിനെ ഒരു തരത്തിലും വച്ചു പൊറിപ്പിക്കില്ല എന്ന് വി.എസ്‌. സുനില്‍ കുമാരും പി.എസ്‌. സുപാലും ആണയിട്ടു. CPI യും ജനതാദള്ളും RSP യുമൊക്കെ ഇതേ തൊഴിലാളി വര്‍ഗ്ഗപ്രശ്നം പറഞ്ഞ്‌ സെസിനെതിരെയും CPM നെതിരേയും ഉറഞ്ഞ്‌ തുള്ളി. എന്നാല്‍ പ്രകാശ്‌ കാരാട്ടിന്റ മുന്നില്‍ വച്ച്‌ അവതരിപ്പിക്കപ്പെട്ട സെസ്‌ അപേക്ഷകളില്‍മേല്‍ തീരുമാനം എടുക്കണമെന്ന് CPM സംസ്ഥാന കമ്മിയുടെ നിര്‍ദ്ദേശത്തെ മറികടക്കാന്‍ VS ഘടകകക്ഷികളുടെ മറ ഉപയോഗിച്ചു. LDF ഇല്‍ ചര്‍ച്ച ചയ്യാതെ ഇതുമായി മുന്നോട്ട്‌ പോകാനകില്ല എന്ന VS അറിയിച്ചു. CPI സെസിനെപ്പറ്റി പഠിക്കാന്‍ കമ്മിറ്റിയേ വച്ചൂ. ഇന്നലെ വരെ കമ്മിറ്റി റിപ്പോര്‍ട്ട്‌ നല്‍കാത്തതിനാല്‍ കഴിഞ്ഞ LDF യോഗത്തിലും സെസ്‌ വിഷയം ചര്‍ച്ച ചെയ്തില്ല.

സെസ്‌ ഒരു വലിയ വിവാദമായി LDF ഘടക കക്ഷികള്‍ ആഘോഷിക്കുമ്പോഴും Smart city പദ്ധതിക്ക്‌ സെസ്സ്‌ അനുവദിച്ചതിനേപ്പറ്റി ആര്‍ക്കും അറിവുണ്ടായിരുന്നില്ലേ എന്ന ഒരു പ്രധാന ചോദ്യം പ്രസക്തമാകുന്നത്‌. LDF സര്‍ക്കാരിനെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി CPI യും RSP യും ജനതാദള്ളുമൊക്കെ വീരവാദം മുഴക്കിയിരുന്ന സ്മാര്‍ട്ട്‌ സിറ്റിക്ക്‌ സെസ്സ്‌ അനുവദിച്ചിരുന്ന എന്ന വസ്തുത അറിഞ്ഞിട്ടും അറിയാതെ പോലെ നടിച്ചു കൊണ്ടേ ഇരുന്നു. ഏഷ്യനെറ്റ്‌ ന്യൂസ്‌ അവറില്‍ വേണും VS സുനില്‍ കുമാര്‍ MLA യോടെ എന്തുകൊണ്ട്‌ നിങ്ങള്‍ ഇപ്പോള്‍ സെസിനെതിരെ സമരം ചെയ്യുന്നു എന്ന ചോദ്യം ചോദിച്ചു. ഇപ്പോഴാണ്‌ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പൊന്തി വന്നതെന്നായി MLA. ഘടക കക്ഷികളോട്‌ ആലോചിക്കാതെ നയപരമായ കാര്യങ്ങളില്‍ CPM തീരുമാനമെടുക്കുന്നു എന്നും സുനില്‍ കുമാര്‍ ആരോപിച്ചു. എന്തുകൊണ്ട്‌ സ്മാര്‍ട്ട്‌ സിറ്റിക്ക്‌ സെസ്സ്‌ അനുവദിച്ചപ്പോള്‍ മിണ്ടിയില്ല എന്ന അപ്രതീഷ ചോദ്യം സുനില്‍ കുമാറിനെ കുടുക്കി. അതും തെറ്റായിപ്പോയീ എന്നായി സുനില്‍ കുമാര്‍. സമാര്‍ട്ട്‌ സിറ്റിക്ക്‌ സെസ്‌ അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍ നിയമസഭയില്‍ പലവട്ടം ഉയര്‍ന്നിട്ടും അന്നൊന്നും അതൊന്നും കേള്‍ക്കാതിരുന്ന MLA യുടെ AIYF എന്ന സംഘടന കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുകയായിരുന്നു

സെസ്സിനെപ്പറ്റി ചര്‍ച്ച ചെയ്ത ആളുകള്‍ മുഴുവന്‍ ഉന്നിയത്‌ ആയിരക്കണക്കനേക്കര്‍ കൃഷി ഭൂമിയില്‍ നിന്നും കര്‍ഷകരെ തുഛമായ വില നല്‍കി ഇറക്കി വിട്ട്‌ വ്യവസായികള്‍ക്ക്‌ സ്വന്തം ലോകം പണിയാന്‍ അവസരം കൊടുക്കുന്ന ഒന്നായിട്ടാണ്‌. അതിന്റ കേരള വേര്‍ഷനാണ്‌ കരീമും കൂട്ടരും നടത്തുന്നത്‌ എന്നായി. എന്നാല്‍ കരീം പറയുന്നതാകട്ടെ ആരും ശ്രദ്ധിക്കാതെ പോകുന്നു. കേരളത്തില്‍ അനുവദിക്കപ്പെടുന്ന സെസുകളില്‍ നെല്‍പ്പാടം നികത്തുന്നില്ല, ആരേയും നിര്‍ബന്ധിച്ച്‌ കുടിയിറക്കുന്നില്ല, സര്‍ക്കാര്‍ നല്‍കുന്ന നക്കാപ്പിച്ച തുക നല്‍കിയല്ല സ്ഥലം ഏറ്റെടുക്കുന്നത്‌. സ്ഥലം സംരംഭകര്‍ മാര്‍ക്കറ്റ്‌ വിലയില്‍ വാങ്ങുന്നു. അതില്‍ 70% വ്യവസായ ആവശ്യത്തിന്‌ ഉപയോഗിക്കണം എന്ന കരാര്‍ വയ്ക്കുന്നു. മാത്രവുമല്ല 25 ഏക്കര്‍ പോലുള്ള മിനി സെസ്സുകളാണ്‌ ഇവിടെ ഉണ്ടാകുന്നത്‌. നമ്മള്‍ ഉദാത്തമെന്ന് കൊട്ടി ഘോഷിക്കുന്ന സ്മാര്‍ട്ട്‌ സിറ്റിക്ക്‌ 136 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത്‌ നല്‍കുന്നുണ്ട്‌. അതും സെന്റിന്‌ 2000 മുതല്‍ 70000 രൂപ വരെ നല്‍കി ( ഇത്‌ തന്നെ നിരന്തര സമരത്തിന്‍` ശേഷം ലഭിച്ച വില). ഈ പദ്ധതിയേയും ഇവിടെ സെസ്സ്‌ അനുവദിക്കപ്പെട്ടതിനെയുമൊക്കെ വാതോരാതെ പിന്‍താങ്ങിയവരാണ്‌ മാര്‍ക്കറ്റ്‌ വിലക്ക്‌ സ്ഥലം വാങ്ങി സംരംഭം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്നത്‌.

കേരളത്തിലെ 1% ഭൂമി എങ്കിലും വ്യവസായത്തിന്‌ ഉപയോഗിക്കണം എന്ന കറിമിന്റയും ഐസക്കിന്റെയും ആവശ്യത്തോട്‌ പോസ്റ്റിറ്റാവായി പ്രതികരിക്കേണ്ടതുണ്ട്‌ എന്നാണ്‌ എന്റ അഭിപ്രായ, ഐസക്ക്‌ പറയുന്നത്‌ പ്രകാരം കേരളത്തിലെ മൊത്തം വ്യവസായ ഭൂമി 0.32% മാത്രം. അത്‌ മൊത്തം കൃഷി ഭൂമിയുടെ 0.42% . മാറ്റത്തിന്‌ ഏറ്റവും വലിയ വിലങ്ങു തടിയായി നില്‍ക്കുന്ന പ്രസ്ഥാനമാണ്‌ CPM അവര്‍ മാറ്റത്തിന്റ മാര്‍ഗ്ഗത്തിലേക്ക്‌ വരുമ്പോള്‍ അത്‌ കേരളത്തിന്‌ ഗുണകരമാകേണ്ടതിന്‌ പകരം അതും വിവാദങ്ങളിലേക്ക്‌ വഴുതി വീഴുകയണല്ലോ എന്നത്‌ ദുഖകരമെന്ന് മാത്രമേ പറയാന്‍ കഴിയൂ

Thursday, August 28, 2008

ചെങ്ങറ സമരം

ചെങ്ങറ ഭൂസമരം കേരളത്തിലും ബൂലോകത്തിലും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ BRP യും മാരിചനുമൊക്കെ അവരുടെ ന്യയന്യായങ്ങള്‍ നിരത്തില്‍ പോസ്റ്റുകള്‍ ഇടുകയുണ്ടായി. സംവാദത്തിന്‌ മാരീചന്‍ തയ്യാറെങ്കിലും BRP വലിഞ്ഞു. ചെങ്ങറ സമരത്തേപ്പറ്റിയുള്ള എന്റ ചിന്തകള്‍ ഇവിടെ കുറിക്കുന്നു.

സമര സമിതി നേതാവ്‌ ളാഹ ഗോപലന്‍ മാധ്യമം അഭിമുഖത്തില്‍ ഈ സമരത്തിലേക്ക്‌ എത്തിച്ചേര്‍ന്ന കാരണങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു

പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനു മുന്നില്‍ നടത്തിയ അനിശ്ചിതകാല സത്യഗ്രഹം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി 2006 ജനുവരി ഒന്നിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒത്തുതീര്‍ക്കുകയായിരുന്നു. മൂന്നു മാസത്തിനുള്ളില്‍ ഞങ്ങളുടെ 22 ആവശ്യങ്ങളെക്കുറിച്ച് നീതിയുക്തമായ തീരുമാനം എടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. അപ്പോഴേക്കും സര്‍ക്കാറുമാറി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. മൂന്നുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോള്‍ ഞങ്ങള്‍ 2006 ജൂണ്‍ 21 ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൊടുമണ്‍ പ്ലാന്റേഷനില്‍ കേറി കുടില്‍ കെട്ടി. ഒറ്റ രാത്രികൊണ്ട് നാലായിരത്തോളം കുടിലുകള്‍ കെട്ടി. അതേ മാസം 25ന് അന്നത്തെ കലക്ടറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍തലത്തില്‍ ഒരു ചര്‍ച്ച നടത്തി. അനുകൂലമായ നിലപാട് ഉണ്ടാക്കിത്തരാമെന്ന ഉറപ്പിന്മേല്‍ ഞങ്ങള്‍ കൊടുമണ്‍ പ്ലാന്റേഷനില്‍നിന്ന് അഞ്ചാം ദിവസം ഇറങ്ങി. ഒമ്പതു മാസമായിട്ടും ചര്‍ച്ച നടക്കുന്നില്ലെന്നു കണ്ടപ്പോള്‍ 2006 സെപ്റ്റംബര്‍ 17 മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് പടിക്കല്‍ മരണംവരെ നിരാഹാരസത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരപരിപാടികള്‍ക്ക് തുടക്കമിട്ടു. അന്നുതന്നെ, സെപ്റ്റംബര്‍ 27ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് ക്ഷണിച്ചുകൊണ്ട് കത്തുതന്നതിന്റെ അടിസ്ഥാനത്തില്‍ സത്യഗ്രഹം നിറുത്തിവെച്ചു. 27ലെ ചര്‍ച്ചയില്‍ 1969^1977 വരെയുള്ള അച്യുതമേനോന്റെ ഭരണകാലത്ത് നടപ്പിലാക്കിയതുപോലെയുള്ള ഒരു ഏക്കര്‍ തൊട്ട് ഒരു ഹെക്ടര്‍ വരെ ഭൂമി തരാമെന്ന് തീരുമാനമുണ്ടായി. അതായത് ഏറ്റവും കുറഞ്ഞത് ഒരു ഏക്കര്‍. പരമാവധി ഒരു ഹെക്ടര്‍. അതു നടപ്പിലാക്കാതെ വന്നപ്പോഴാണ് 2007 ആഗസ്റ്റ് നാലു മുതല്‍ വീണ്ടും സമരത്തിന് നിര്‍ബന്ധിതമായത്. ആ സമരം ഇപ്പോഴും തുടരുകയാണ്.

എന്തുകൊണ്ട്‌ ളാഹ എസ്റ്റേറ്റ്‌ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന്‌ ഗോപാലന്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്‌

ഹാരിസണും ടാറ്റയും അനധികൃതമായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന് ഈ സര്‍ക്കാറുതന്നെ രേഖാമൂലം തെളിയിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടില്‍ തന്നെ കേരളത്തിലെ മുഴുവന്‍ തോട്ടങ്ങളിലും അനധികൃത ഭൂമിയുണ്ടെന്ന് പറയുന്നു. അനധികൃത ഭൂമിയുണ്ടെങ്കില്‍ അത് പിടിച്ചെടുത്തു തരാന്‍ സര്‍ക്കാറിന് എളുപ്പമാണല്ലോ എന്ന പ്രത്യാശയിലാണ് ഹാരിസന്റെ കൈയിലുള്ള ഭൂമിയില്‍ തന്നെ സമരം ആരംഭിച്ചത്. അതുതന്നെ വേണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. കേരളത്തില്‍ എവിടെയെങ്കിലും തന്നാല്‍ മതി. ഞങ്ങള്‍ സമരം നടത്തുന്ന കുറുമ്പറ്റി ഡിവിഷന്‍ ഹാരിസണ്‍ പാട്ടത്തിനെടുത്തിരിക്കുന്ന 1048 ഹെക്ടറില്‍ വരില്ല. സംശയമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഒരു സര്‍വേ നടത്തട്ടെ. ഹാരിസണ്‍ സര്‍ക്കാര്‍വനഭൂമി കൈയേറി തോട്ടം ഉണ്ടാക്കിയതാണിവിടെ. നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടില്‍ 500 കോടിയിലധികം ഹാരിസണ്‍ പാട്ടക്കുടിശãിക വരുത്തിയിട്ടുണ്ടെന്ന് പറയുന്നു.

എന്നാല്‍ ളാഹ ഗോപാലന്റ വാദങ്ങള്‍ ഹാരിസണ്‍ അംഗീകരിച്ചില്ല. അവര്‍ കോടതിയില്‍ പോയീ. തങ്ങളുടെ പാട്ട ഭൂമിയില്‍ നിന്ന് സമരക്കാരെ ഇറക്കി വിടണമെന്ന് അവര്‍ ആവശ്യപ്പെട്ടതനുസ്സരിച്ച്‌ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചു. എന്നാല്‍ രക്തം ചിന്താതെ കുടിയിറക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. അതായത്‌ പണ്ട്‌ ഷൈലോക്കിന്റ കഥയില്‍ രക്തം വരാതെ മാംസം അറക്കണമെന്ന് പറഞ്ഞതുപോലെ. അതുവരെ സമരത്തെ അവഗണിച്ച CPM ഉം സര്‍ക്കാരും ശരിക്കും പ്രതിസന്ധിയിലായത്‌ അവിടെയാണ്‌. CPI ക്കാരന്‍ റവന്യൂ മന്ത്രി പലമോഹന വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്‌ എന്ന് അവകാശപ്പെടുന്ന സമരക്കാരെ ഇറക്കി വിടേണ്ടത്‌ CPM ന്റ ആഭ്യന്തര വകുപ്പ്‌. എന്നാല്‍ അതിലും വലിയ പ്രതിസന്ധി വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.

ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കാന്‍ ചെന്ന വന്‍ പോലീസ്‌ സംഘത്തേയും മെഡിക്കല്‍ സംഘത്തെയും സമരക്കാര്‍ നേരിട്ടത്‌ പുതിയൊരു സമര രീതിയിലാണ്‌. കൈയില്‍ മണ്ണേണ്ണ പാത്രങ്ങളുമായി സ്വയം കത്തിച്ചാമ്പലാകാന്‍ തയ്യാറായി നില്‍ക്കുന്ന സമരക്കാര്‍. കഴുത്തില്‍ കുരിക്കിട്ട്‌ മരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന സമരക്കാര്‍. പോലീസും പാര്‍ട്ടിയും വണ്ടി തിരിച്ചു വിട്ടു. എന്നാല്‍ ഈ സംഭവം ചെങ്ങറ ഭൂസമരത്തിന്‌ മാധ്യമ ശ്രദ്ധ നേടിക്കൊന്‍ സഹായിച്ചു. അതുവരെ സമരത്തെ അവഗണിച്ചിരുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉണര്‍ന്നു. അജിതയും നീലകണ്ഠനും സാറാ ജോസഫുമൊക്കെ പുതിയ പ്രോജക്റ്റ്‌ കിട്ടിയ സന്തോഷത്തില്‍ അര്‍മാദിക്കന്‍ തുടങ്ങി. പിന്നെ ചെങ്ങറക്കഥകളായി മാധ്യമങ്ങളില്‍.

സമരം മാധ്യമ ശ്രദ്ധ നേടിയതോടേ പ്രതികൂട്ടിലായത്‌ CPM ആണ്‌ . ളാഹാ ഗോപാലന്‍ തന്നെ പറയുന്നു CPM, RSP എന്നിവര്‍ മാത്രമേ ഇതിനെ എതിര്‍ക്കുന്നുള്ളൂ. കോണ്‍ഗ്രസുകാരും BJP ക്കാരും CPI ക്കാരുമൊക്കെ ചെങ്ങറ സമര ഭൂവിലേക്ക്‌ അനുഭാവ പ്രകടങ്ങള്‍ നടത്തുകയും പത്ര സമ്മേളനങ്ങള്‍ നടത്തി മുതലക്കണ്ണീര്‍ ഒപ്ഴുക്കുകയും ചെയ്തു. എന്നാല്‍ CPM ന്റ ഭാഗത്തു നിന്ന് അങ്ങനെ ഒന്നുണ്ടായുീല്ല എന്ന് മാത്രമല്ല പരസ്പരം കണ്ടാല്‍ മിണ്ടുമോ എന്ന് സംശയമുള്ള പിണറായിയും VS ഉം പോലും ഈ വിഷയത്തില്‍ ഒരേ നിലപാട്‌ പുലര്‍ത്തി. എന്നാല്‍ പ്രശ്നപരിഹാരത്തിന്‌ മുഖ്യമന്ത്രി കളക്ടറേ നിയോഗിച്ചു. കളക്ടറുമായി സംസാരിച്ച ളാഹ ഗോപാലന്‍ 5 ഏക്കര്‍ ഭൂമിയും 50000 രൂപ എന്ന ഡിമാന്റ്‌ പിന്‍വലിച്ച്‌ ഒരേക്കര്‍ ഭൂമി എന്ന നിലപാടില്‍ എത്തി. എന്നാല്‍ ബൂമി ഇല്ലാത്തവര്‍ സര്‍ക്കാരില്‍ അപേഷ നല്‍കൂ ഭൂമിയുടെ ലഭ്യത അനുസരിച്ച്‌ ഭൂമി തരാം എന്നായി സര്‍ക്കാര്‍. അതിനിടെ വെളിയം ചെങ്ങറ സമരത്തെ തള്ളിപ്പറഞ്ഞിരുന്നു.ളാഹ ഗോപാലന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രത്യേകിച്ച്‌ ഫലമൊന്നും ഉണ്ടായില്ല. ഈ ചര്‍ച്ചയില്‍ വച്ച്‌ VS പറഞ്ഞ ഈ വാചകം വിവാദമായി.ഇതിനിടെ കുടിയൊഴിപ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച സര്‍ക്കാര്‍ അത്‌ നീട്ടിക്കൊണ്ട്‌ പോകുകയാണ്‌. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട്‌ പോകുകയും സമരം ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഏറ്റെടുക്കുകയും ചെയ്തു. തൊഴില്‍ നഷ്ടപ്പെട്ട എസ്റ്റേറ്റ്‌ തൊഴിലാളികള്‍ സംഘടിക്കുകയും അവരും സമരക്കാരും തമ്മില്‍ തര്‍ക്കങ്ങളും സമരങ്ങളും ഉണ്ടാകുകയും ചെയ്യുന്നു.

ചെങ്ങറ സമരത്തിന്റെ നിയമപരമായ തെറ്റിനേപ്പറ്റിയോ അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എത്രത്തോളം നടക്കും എന്നതിനേപ്പറ്റിയോ ഒന്നും യാതോരു ബോധ്യവുമില്ലാതെയാണ്‌ ചെങ്ങറ സമരം രണ്ടാം നന്ദീഗ്രാമാണ്‌ എന്നൊക്കെപ്പറഞ്ഞ്‌ സമരത്തെ നിലനിര്‍ത്തുന്നവര്‍ ചെയ്യുന്നത്‌. സമരക്കാരുടെ ആവശ്യമായ ഒരേക്കര്‍ ഭൂമി നല്‍കിയാല്‍ ഈ സമരം ഒരു മാതൃക സമരമാകുകയും നാളെ മുതല്‍ ഈ രീതിയിലുള്ള സമരങ്ങള്‍ക്ക്‌ കേരള സാക്ഷ്യം വഹിക്കും. ഇവര്‍ ആവശ്യപ്പെടുന്നതുപോലെ ഭൂമി എവിടെ നിന്ന് നല്‍കും എന്ന ചോദ്യവും പ്രസകതം. എന്നാല്‍ പാട്ടക്കലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത്‌ നല്‍കിക്കൂടെ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നു വരും .അതിന്‌ സര്‍ക്കാരിന്‌ മുന്‍കൈ എടുക്കാം എന്നത്‌ മാത്രമാണ്‌ ഇതില്‍ ചെയ്യാനുള്ളത്‌ . അത്തരത്തിലുള്ള എസ്റ്റേറ്റുകള്‍ കണ്ടെത്തുക അതിനെതിരെ കോടറ്റിയില്‍ പോകുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിജീവികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നടത്താവുന്നതാണ്‌ . ADB വിഷയത്തില്‍ അടക്കം അധിനിവേശ പ്രതിരോധ സമിതി കോടതിയില്‍പ്പോയതാണ്‌. അപ്പോള്‍ ഇതൊന്നും ചെയ്യാതെ കേട്ട്‌ കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി മുറവിളികൂട്ടുന്ന മനുഷ്യാവകാശ സിംഹങ്ങള്‍ക്ക്‌ ഈ പ്രശനം പരിഹരിക്കപ്പെടണമെന്ന് ഇല്ല എന്നത്‌ ഉറപ്പ്‌. P.C. ജോര്‍ജ്ജും C.P. ജോണിനൊപ്പം BRP യും C.R ഉം ഒക്കെ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പ്രസ്താവനകളും പ്രസംഗങ്ങളും ഇറക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ത്‌ നിര്‍ദ്ദേശമാണ്‌ മുന്നോട്ട്‌ വയ്ക്കുന്നത്‌.

Tuesday, August 12, 2008

മാറ്റം അറിയിച്ച്‌ CPM

സംസ്ഥാന സര്‍ക്കാരിന്റ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളേപ്പറ്റി ധനമന്ത്രി തോമസ്‌ ഐസക്ക്‌ CPM സംസ്ഥാന കമ്മിറ്റിയില്‍ വച്ച നയരേഖ വലിയ കോലാഹലങ്ങളോ വിവാദങ്ങളോ ഉണ്ടാക്കാതെ കടന്നു പോയീ. ഒളിമ്പിക്സ്‌ ലഹരിയിലോട്ട്‌ മാധ്യമ ലോകം കൂടുമാറിയ സാഹചര്യത്തില്‍ വന്ന ഈ വാര്‍ത്തയേ പാര്‍ട്ടി VS നെ തിരുത്തുന്നു എന്ന രീതിയില്‍ മനോരമയും ചന്ദ്രികയും മംഗളവും വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. മാതൃഭൂമി ഉള്‍പ്പേജ്‌ വാര്‍ത്തയായി ഒതുക്കി. ഇന്ത്യാവിഷന്‍ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ ആദ്യ ദിനത്തില്‍ വലിയ പ്രാധാന്യം നല്‍കിയെങ്കിലും വിവാദപരമായി ഇതിനെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

രണ്ടാം ഭൂപരിഷക്കരണം (?) എന്ന VS ന്റ വായിത്താരിയേ ചുറ്റിപ്പറ്റിയാണ്‌ ഈ വാര്‍ത്തയേ മാധ്യമ ലോകം വിലയിരുത്തിയത്‌. രണ്ടാം ഭൂപരിഷക്കരണത്തെ കുത്തക കമ്പനികള്‍ക്കും ഭൂമാഫിയക്കാര്‍ക്കും വേണ്ടി CPM അട്ടിമറിക്കുന്നു എന്നതായിരുന്നു പൊതുവില്‍ ഇത്തരം വാര്‍ത്തകളുടെ കാതല്‍. എന്നാല്‍ ഒരുപാട്‌ പ്രകോപനമുണ്ടായിട്ടും VS മൗനം തുടര്‍ന്നതിനാല്‍ പിന്നെ അതിനെപ്പറ്റി ഫോളോ അപ്പ്‌ ഉണ്ടായില്ല. ഈ വിഷയം ഇപ്പോഴും ലൈവായി നില്‍കുന്നത്‌ ദേശാഭിമാനിയില്‍ മാത്രമാണ്‌.

ഓഗസ്റ്റ്‌ 11 ആം തിയതിയിലെ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ CPM എന്താണ്‌ ഇതില്‍ നിന്ന് ഉദ്യേശിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്‌. അത്‌ ഇവിടെ വായിക്കുക

കുതിപ്പിന്റെ മാര്‍ഗരേഖ

ആധുനിക കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയാകണം എന്നതിന്റെ വ്യക്തവും സുനിശ്ചിതവുമായ മാര്‍ഗരേഖയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചത്. കുഴഞ്ഞുമറിഞ്ഞ ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷങ്ങളുടെ ഇടപെടലിന് കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ- ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ വിജയകരമായ പ്രവര്‍ത്തനം വഹിക്കുന്ന നിര്‍ണായകമായ പങ്കിനെക്കുറിച്ച് സിപിഐ എം 19-ാം പാര്‍ടി കോഗ്രസ് ഗൌരവത്തോടെ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്, കേരളത്തിലെ ഭരണം രണ്ടുവര്‍ഷം പിന്നിടുന്ന വേളയില്‍ സംസ്ഥാന കമ്മിറ്റി ഭരണത്തെ വിലയിരുത്തിയതും നേട്ടങ്ങള്‍ സംരക്ഷിക്കാനും ദൌര്‍ബല്യങ്ങള്‍ പരിഹരിക്കാനുമുള്ള ഊര്‍ജിതമായ നടപടികളിലേക്ക് കടന്നതും. വിവിധ മേഖലകളില്‍ ബദല്‍നയങ്ങള്‍ എത്രമാത്രം ഉയര്‍ത്താന്‍ കഴിഞ്ഞു, നേട്ടങ്ങള്‍ എത്രമാത്രം ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പാര്‍ടി പരിശോധിച്ചത്. രണ്ടുവര്‍ഷംകൊണ്ട് ഗവമെന്റിന് അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു എന്നത് അവിതര്‍ക്കിതമായി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയിലെ 455 ഇനങ്ങളില്‍ 385 ഇനങ്ങള്‍ അഥവാ 85 ശതമാനം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി എന്നത് അഭിമാനകരമായ സംഗതിയാണ്. അതില്‍ 158 ഇനങ്ങള്‍ അഥവാ 35.5 ശതമാനം പൂര്‍ത്തീകരിക്കുകയോ നടപ്പാക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയോ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനുവേണ്ടി മാനിഫെസ്റോ തയ്യാറാക്കുകയും അധികാരത്തിലെത്തിയാല്‍ ആദ്യം അതു മറക്കുകയും ചെയ്യുന്ന കോഗ്രസിന്റെ സമീപനത്തില്‍നിന്ന് നേര്‍വിപരീതമായ ഈ അനുഭവം വി എസ് ഗവമെന്റിന്റെ അഭിനന്ദനാര്‍ഹമായ മികവുതന്നെയാണ്. പാര്‍ടി ചൂണ്ടിക്കാണിച്ചപോലെ, ഇന്ന് അന്തര്‍ദേശീയ-ദേശീയ സ്ഥിതിഗതികളില്‍ മാറ്റംവന്നിരിക്കുന്നു. ഇടതുപക്ഷ- ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനങ്ങള്‍ താല്‍ക്കാലിക പ്രതിഭാസമല്ല, ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയപ്രക്രിയകളാകാമെന്ന് ബംഗാളും ത്രിപുരയും തെളിയിച്ചിരിക്കുന്നു. കേരളത്തില്‍പ്പോലും 57-59, 67-69, 80-81 തുടങ്ങിയ കാലങ്ങളെ അപേക്ഷിച്ച് 1987ലും '97ലും സിപിഐ എം നേതൃത്വം നല്‍കിയ എല്‍ഡിഎഫ് ഗവമെന്റുകള്‍ ഭരണകാലാവധി പൂര്‍ത്തിയാക്കി. ഇവയൊക്കെ കണക്കിലെടുത്ത്, പാര്‍ടി നേതൃത്വത്തിലുള്ള സംസ്ഥാന ഭരണങ്ങളെ കേവലം അടിയന്തര സമാശ്വാസം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍മാത്രമായി കണ്ടാല്‍ പോരെന്നും കോഗ്രസ്, ബിജെപി ഭരണങ്ങളില്‍നിന്ന് വ്യത്യസ്തമായി ബദല്‍ സമീപനങ്ങള്‍ ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്നുമാണ് 19-ാം പാര്‍ടി കോഗ്രസ് വിലയിരുത്തിയത്. അതിനനുസൃതമായ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ തുടരാനുള്ള സമീപനമാണ് കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റി തീരുമാനമായി പുറത്തുവന്ന മാര്‍ഗരേഖയില്‍ തെളിഞ്ഞുനില്‍ക്കുന്നത്. കാര്‍ഷിക പരമ്പരാഗത മേഖലകള്‍ സംരക്ഷിക്കുക, അവയെ തകര്‍ക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ ആ മേഖലകളുടെ ഉല്‍പ്പാദനക്ഷമതയും മത്സരശേഷിയും ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക; വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ക്ഷേമസൌകര്യങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക; പട്ടികവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അഗതികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ കൊടിയ ദാരിദ്യ്രം ഇല്ലാതാക്കുക; വികസനരംഗത്ത് സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കി അവരുടെ സാമൂഹ്യപദവി ഉയര്‍ത്തുക എന്നിങ്ങനെയുള്ള കര്‍ത്തവ്യങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടുന്നു. ഈ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി അധികാരവികേന്ദ്രീകരണം വിപുലമാക്കേണ്ടതുണ്ടെന്നും പാര്‍ടി കാണുന്നു. വിദ്യാസമ്പന്നരുടെ തൊഴില്‍പ്രതീക്ഷയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക; ഉല്‍പ്പാദനമേഖലകളുടെ ദ്രുതവളര്‍ച്ച ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഐടി, ടൂറിസം, ലൈറ്റ് എന്‍ജിനിയറിങ് തുടങ്ങിയ വ്യത്യസ്ത ആധുനിക വ്യവസായങ്ങളില്‍ ഊന്നണമെന്നാണ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയത്. സ്വകാര്യനിക്ഷേപം ഈ രംഗങ്ങളില്‍ ആകര്‍ഷിക്കാന്‍ കഴിയണമെന്നും അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും വൈദ്യുതി, ഗതാഗതസൌകര്യങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ പശ്ചാത്തലസൌകര്യങ്ങള്‍ വലിയതോതില്‍ ഒരുക്കണമെന്നുമാണ് പാര്‍ടി നിര്‍ദേശിക്കുന്നത്. അതിനനുസൃതമായി അടുത്ത മൂന്നുവര്‍ഷംകൊണ്ട് ഓരോ മേഖലയിലും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളാണ് മാര്‍ഗരേഖയില്‍ അക്കമിട്ടു പറയുന്നത്. മൂന്നുവര്‍ഷത്തിനകം പശ്ചാത്തല-വ്യവസായമേഖലകളില്‍ 25,000 കോടി രൂപയുടെ മുതല്‍മുടക്ക് ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുള്ളത്. സ്വകാര്യ വ്യവസായനിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് ഊര്‍ജിതനടപടി തുടരണമെന്നും മാനദണ്ഡങ്ങള്‍ക്കനുസൃതമായ എല്ലാ സെസ് (പ്രത്യേക സാമ്പത്തികമേഖല) അപേക്ഷകളും കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളുമുണ്ട്. മുന്നണിസര്‍ക്കാരിന്റെ സ്വഭാവവും ശാക്തികപരിമിതികളും കണക്കിലെടുക്കാതെ ജനകീയ ജനാധിപത്യപരിപാടി നടപ്പാക്കാമെന്ന അപക്വ കാഴ്ചപ്പാടുകാരും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ബദല്‍സമീപനങ്ങള്‍ സാധ്യമല്ലെന്നുള്ള കീഴടങ്ങല്‍ സമീപനക്കാരും ഉയര്‍ത്തുന്ന വാദഗതികളെ തള്ളിക്കളഞ്ഞ്, മൂര്‍ത്തമായ രാഷ്ട്രീയസാഹചര്യങ്ങളെ ശരിയായി വിലയിരുത്തിയാണ് സിപിഐ എം ഈ മാര്‍ഗരേഖ അംഗീകരിച്ചതെന്ന് അതിലെ ഓരോ വരിയിലും വ്യക്തമാണ്. 1957ലെന്നപോലെ കേരളവികസനത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിക്കാന്‍ ഒരുമിച്ച് അണിനിരക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോടും അനുഭാവികളോടും കേരളത്തിലെ എല്ലാ ജനങ്ങളോടുമുള്ള ആഹ്വാനം സര്‍വാത്മനാ സ്വാഗതംചെയ്യപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ വിശാല വികസനതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സങ്കുചിത രാഷ്ട്രീയനിലപാടുകളില്‍നിന്നും സമരങ്ങളില്‍നിന്നും പിന്മാറി വികസനകാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം തയ്യാറാകേണ്ടതുണ്ട്. ഭരണത്തെ നയിക്കുന്ന രാഷ്ട്രീയപാര്‍ടി നടത്തുന്ന മാതൃകാപരമായ ഇടപെടലിനെ മറ്റു പല വ്യാഖ്യാനങ്ങളും നല്‍കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഞങ്ങളുടെ ചില സഹജീവികളും സങ്കുചിത അജന്‍ഡകള്‍ മാറ്റി സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള ഈ പരിശ്രമങ്ങളെ പിന്തുണയ്ക്കാന്‍ സന്മനസ്സ് കാട്ടെ


CPM ന്റ ബംഗാള്‍ നയത്തോട്‌ ചേര്‍ന്ന് പോകുന്ന ഒന്നാണ്‌ ഇതെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ നമുക്ക്‌ മനസിലാകുന്നതാണ്‌. പ്രത്യേശാസ്ത്ര കാല്‍പനികത വെടിഞ്ഞ്‌ യാഥാരത്ഥ്യ ബോധമുള്‍ക്കൊണ്ടുള്ള മാറ്റമായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി പാര്‍ട്ടിയില്‍ നടന്നിരുന്ന VS പിണറായി യുദ്ധത്തിന്റ മറയായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഈ കാല്‍പനിക സ്വപ്നങ്ങള്‍. എന്നാല്‍ മാറിയ സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള മുന്‍തൂക്കം പിണറായിയും കൂട്ടരും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ്‌. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കാനും വിജയിപ്പിക്കാനും ഏറ്റവും സാധ്യതയുള്ള സ്ഥലമാണ്‌ കേരളം. ഇത്തരം സാമ്പത്തീക നയങ്ങളിലൂടെ ഉണ്ടാകുന്ന ഗുണങ്ങള്‍ താഴേത്തട്ടുവരെ എളുപ്പം പ്രതിഫലിക്കുകയും ചെയ്യും. ഗുണപരമായി രീതിയില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട്‌ CPM എന്തൊക്കെ ചെയ്യുമെന്ന് നമുക്ക്‌ കാത്തിരുന്ന് കാണാം

Friday, July 18, 2008

ചന്ദനക്കുറിക്കും കുങ്കുമപ്പൊട്ടിനും വിലക്ക്‌

18/07 2008 വന്ന മാതൃഭൂമി വാര്‍ത്തയാണ്‌ ഇത്‌


മൂവാറ്റുപുഴ: സ്‌കൂള്‍ അസംബ്ലിയില്‍വെച്ച്‌ വിദ്യാര്‍ത്ഥികളുടെ ചന്ദനക്കുറിയും കുങ്കുമപ്പൊട്ടും മായ്‌പ്പിച്ച സംഭവം വിവാദമാകുന്നു. മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ സിബിഎസ്‌ഇ സ്‌കൂളിലാണ്‌ സംഭവം. ആരും രേഖാമൂലം പരാതിപ്പെടാത്തതിനെ തുടര്‍ന്ന്‌ സംഭവം പരസ്യമായിരുന്നില്ല. വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും മറ്റും പൂജിച്ച്‌ ധരിക്കുന്ന ഏലസ്‌, ചരട്‌ എന്നിവയും അഴിച്ചുമാറ്റിച്ചതായും പരാതിയുണ്ട്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട്‌ ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക്‌ സമിതിയാണ്‌ മൂവാറ്റുപുഴ ഡിഇഒക്കും ഡിവൈഎസ്‌പിക്കും പരാതി നല്‍കിയത്‌.

സംഭവം നടന്നതിനു പിന്നാലെ മാതാപിതാക്കള്‍ സ്‌കൂള്‍ മാനേജരെ കണ്ട്‌ പരാതി പറഞ്ഞിരുന്നെങ്കിലും കുട്ടികളുടെ ഭാവി കരുതി പലരും ഇത്‌ പുറത്തുപറഞ്ഞില്ല. പിന്നീട്‌ നടന്ന അസംബ്ലിയില്‍ നിയമം കര്‍ശനമല്ലെന്നു പറഞ്ഞെങ്കിലും വീണ്ടും കുട്ടികളുടെ മേല്‍ നിയമം അടിച്ചേല്‌പിച്ചതോടെയാണ്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനും എതിരെ പരാതിയുമായി രംഗത്തെത്തിയത്‌.

കുട്ടികളുടെ മനോവീര്യം കെടുത്തുംവിധം പെരുമാറുകയും ഒരു പ്രത്യേക മതത്തിന്റെ വക്താക്കളായി സ്‌കൂള്‍ അധികൃതര്‍ പെരുമാറിയതായും ജൂലായ്‌ 17ന്‌ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു.

പ്രശ്‌നം സംബന്ധിച്ച്‌ സ്‌കൂള്‍ മാനേജരേയും പ്രിന്‍സിപ്പലിനേയും നേരിട്ടുകണ്ട്‌ പ്രതിഷേധം അറിയിച്ചതാണെന്നും മേലില്‍ ഇത്തരം നടപടികള്‍ ഉണ്ടാവില്ല എന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പു നല്‍കിയതാണെന്നും ഹിന്ദു ഐക്യവേദി താലൂക്ക്‌ ജനറല്‍ സെക്രട്ടറി എസ്‌. സുധീഷ്‌ പറഞ്ഞു. എന്നാല്‍ ഇപ്പോഴും വിദ്യാര്‍ത്ഥികളെ ആചാരാനുഷുാനങ്ങളുടെ പേരില്‍ പീഡിപ്പിക്കുകയാണെന്നും ഇതാണ്‌ പരാതി പോലീസിനും വിദ്യാഭ്യാസ വകുപ്പിനും നല്‍കാന്‍ കാരണമെന്നും സുധീഷ്‌ വ്യക്തമാക്കി.

എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്‌കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ്‌ ഇതു ചെയ്യുന്നതെന്നുമാണ്‌ സ്‌കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. നേരത്തെ തന്നെ സ്‌കൂള്‍ മാനേജുമെന്റ്‌ ഇത്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.


ഈ വാര്‍ത്തയിലെ 99% കാര്യങ്ങളും അതിശയോക്തിയുടെ പേരിലോ മാതൃഭൂമിയുടെ സംഘപരിവാര്‍ ചായ്‌വിന്റ പേരിലോ തള്ളിക്കളഞ്ഞാലും കേവലം പ്രസക്തമായ 1% നിലനില്‍ക്കുന്നു എന്ന് തോന്നുന്നു. ഈ 1% മാനേജ്‌മെന്റിന്റെ വിശദീകരണത്തിലാണ്‌ കുടികൊള്ളുന്നത്‌ അത്‌ ഇങ്ങനെ

എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്‌കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ്‌ ഇതു ചെയ്യുന്നതെന്നുമാണ്‌ സ്‌കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. നേരത്തെ തന്നെ സ്‌കൂള്‍ മാനേജുമെന്റ്‌ ഇത്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.


മതമില്ലാത്ത ജിവന്‍ എന്ന ചെറിയ പാഠപുസ്തക കുറിപ്പില്‍ പോലും മത നിഷേധവും മത സ്വാതന്ത്ര്യ ലംഘനവും ആരോപിച്ച്‌ തെരുവുകള്‍ ചോരക്കളമാകുന്നകാലത്താണ്‌ യൂണിഫോമിന്‌ ചേരാത്തത്‌ എന്ന് പറഞ്ഞ്‌ ഭൂരിപക്ഷ സമുദായ ബിംബങ്ങളേ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്‌. ഈ വിഷയം ഹൈന്ദു ഐക്യവേദി ഏറ്റെടുത്തതോടെ ഇതില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ യുവജന സംഘടനയോ അഭിപ്രായം പറയുമെന്ന് കരുതാന്‍ വയ്യ. വെറുതെ എന്തിനാണ്‌ ഒരു സംഘപരിവാര്‍ ലേബല്‍ വാങ്ങി വയ്ക്കുന്നത്‌ എന്ന് അവര്‍ ചിന്തിക്കും. മാത്രവുമല്ല ന്യൂനപക്ഷ അവകാശം പോലെ ലംഘിക്കപ്പെടാന്‍ ഭൂരിപക്ഷ അവകാശം എന്നൊന്ന് ഭരണഘടനയില്‍ ഇല്ലല്ലോ. വയലാര്‍ രവിയുടെ മകന്റ്‌ കുട്ടിയുടെ ചോറൂണിന്‌ ശേഷം പുണ്യാഹം തളിച്ചതിനെപ്പറ്റി NSS നേതൃത്വം പറഞ്ഞതാണ്‌ എനിക്ക്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നത്‌ . അത എതാണ്ട്‌ ഇങ്ങനെ ആയിരുന്നു ഒരിക്കല്‍ പോയപ്പോള്‍ മനസിലായതല്ലെ പിന്നെ എന്തിനാണ്‌ വീണ്ടും പോയത്‌. പണ്ട്‌ സമാനമായ ഒരു വിഷയം ഉണ്ടായപ്പോള്‍ പറഞ്ഞത്‌ തന്നെ ഞാന്‍ വീണ്ടും പറയുന്നു എല്ലാ സമുദായങ്ങളും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം അവരുടെ മക്കളേ അവിടെ തന്നെ പഠിപ്പിക്കണം. പക്ഷെ അതിന്‌ മുന്നെ ഭൂരിപക്ഷ സമുദായക്കാര്‍ക്കും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെ തുടങ്ങാനും പ്രവേശനം നിയന്ത്രിക്കാനും നിയമനങ്ങള്‍ നടത്താനുമുള്ള ന്യൂനപക്ഷ സമാനമായ്‌ ഒരു പരിരക്ഷ അടിയന്തരമായി കൊണ്ടുവരണം. അടുത്ത BJP സര്‍ക്കാര്‍ വരുമ്പോഴെങ്കിലും ഇതിന്‍ വേണ്ടി ശ്രമിക്കാന്‍ ഹിന്ദു ഐക്യവേദി തയ്യാറാകണം. ഭൂരിപക്ഷത്തിനും ഉണ്ടല്ലോ സ്വന്തം സത്വം നിലനിര്‍ത്താനുള്ള അവകാശം ( ഭരണഘടന പ്രത്യേകം എടുത്തു പറഞ്ഞിട്ടിലെങ്കിലും)

Monday, July 07, 2008

ഈ പോസ്റ്റുകള്‍ വായിക്കുക

കഴിഞ്ഞവാരം ശ്രദ്ധ ആകര്‍ഷിച്ച രണ്ട്‌ പോസ്റ്റുളാണ്‌

 • വെള്ളെഴുത്തിന്റ പാഠപുസ്തകങ്ങളുടെ മസ്തിഷ്കം
  കേരളത്തിലെ പാഠപുസ്തക പരിഷ്കാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പരിഗണിക്കേണ്ട ഒരു ലേഖനം കൂടിയുണ്ട്. വിജു വി നായരുടെ ‘വിശക്കുന്ന മനുഷ്യാ, നീ പാഠപുസ്തകം കൈയിലെടുത്തുകൊള്ളൂ’ (മാധ്യമം ലക്കം-542) ഏഴാംക്ലാസിലെ പാഠപുസ്തകം മുന്നില്‍ വച്ച് കേരളത്തിലെ ഇടതു- വലതു കക്ഷികള്‍ കളിക്കുന്ന രാഷ്ട്രീയം, വിചാരിക്കുമ്പോലെ അത്ര നിരുപദ്രവകരമോ അവകാശപ്പെടും പോലെ പുരോഗമനപരമോ അല്ല എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്
 • തറവാടിയുടെ പിന്‍‌വലിക്കണം
  14. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
  ഉത്തരം: ഇല്ല പക്ഷെ , മത/ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.
  15. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
  ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.
  16. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
  ഉത്തരം: എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.
  17. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
  ഉത്തരം : ഇല്ല.
  18. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
  ഉത്തരം : കരുതുന്നുണ്ട്.
വെള്ളെഴുത്തിന്റ പോസ്റ്റില്‍ അദ്ദേഹം പങ്കുവയ്ക്കാനാഗ്രഹിച്ചത്‌ പുസ്തക നിര്‍മമാണത്തിലെ അദൃശ്യ ശക്തിയേപ്പറ്റിയായിരുന്നു.

ഈ വിഷയത്തിന്റ ബാക്കി ഭാഗമായി മറ്റ്‌ രണ്ട്‌ പോസ്റ്റുകള്‍ വന്നിട്ടുണ്ട്‌. അത്‌ ഇവിടെ വായിക്കുക
 • കണ്ണൂസിന്റ വെള്ളെഴുത്തും അന്ധതയും
  ഓരോ വിവാദങ്ങളുടേയും ബാക്കിപത്രം എന്താണെന്ന് എപ്പൊഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വിജയിയുടേയോ പരാജിതന്റേയോ കാഴ്ചപ്പാടില്‍ അണുവിട മാറ്റം പോലും വരുത്താന്‍ വിവാദങ്ങളുടെ അവസാനഫലത്തിന് മിക്കപ്പോഴും കഴിയാറില്ല. പലപ്പോഴും ആരും വിജയം നേടാറുമില്ല. അങ്ങിനെയുള്ള വിവാദങ്ങളില്‍, വിവാദത്തിന് ഹേതുവായ കാരണങ്ങളില്‍ താത്‌പര്യമുള്ളവര്‍ക്ക്, നേടുവാനുള്ളത് ആ കൊടുക്കല്‍-വാങ്ങല്‍ പ്രോസസ്സിനിടയില്‍ ആര്‍ജ്ജിച്ച ജ്ഞാനമായിരിക്കും, എത്തിച്ചേര്‍ന്ന ഉറച്ച നിലപാ‍ടുകളും.
 • scertkerala യുടെ ചില വേറിട്ട സ്വരങ്ങള്‍ക്ക് പറയാനുണ്ടായിരുന്നതെന്തായിരുന്നിക്കും?
  ജ്ഞാന നിര്‍മ്മിതിയുടെ പന്ഥാവുകളിലെങ്ങോ ഒളിച്ചിരിക്കുന്ന നിര്‍മ്മാതാവ് പുതു സ്വാതന്ത്രത്തിന്റെ പരപുരുഷനാണോ, അതോ വര്‍ഗസമീപനരാഷ്ട്രീയത്തിന്റെ ഉപകര്‍ത്താവാണോ എന്ന സന്ദേഹം, അതിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് പരിശോധിക്കുമ്പോള്‍ മനസ്സിലുയരുക സ്വാഭാവികമാണ്. അരമനകള്‍ വര്‍ഗസമീപനമെന്നും, അധിനിവേശവിരുദ്ധര്‍ പുത്തന്‍ സ്വാതന്ത്ര്യം എന്നും ഒരേ പാഠത്തെ ദര്‍ശിക്കുന്നതിനു പിന്നിലെ വൈരുദ്ധ്യം പ്രജ്ഞയുടെ പിന്നാമ്പുറങ്ങളില്‍ ചുറ്റിത്തിരിയുന്നതല്ലാതെ സര്‍വതലസ്പര്‍ശിയായ ഒരപഗ്രഥനത്തിന് വിഷയീഭവിക്കുന്നില്ല.
പാഠപുസ്തകം പിന്‍വലിക്കണം എന്ന ആവശ്യത്തിന്‌ പിന്‍തുണ പ്രഖ്യാപിച്ച്‌ ചില കാരണങ്ങളായിരുന്നു തറവാടിയുടെ പോസ്റ്റിന്റ കാതല്‍. ചോദ്യോത്തര രീതിയിലുള്ള ഈ പോസ്റ്റിന്‌ scertkerala യില്‍ സൂരജ്‌ എഴുതിയ മറുപടി ഇവിടെ വായിക്കുക
 • തറവാടിക്കൊരു മറുപടി !

  12. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
  ഉത്തരം: ഇല്ല പക്ഷെ , മത /ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.
  13. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
  ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.

  അങ്ങനെയാണെങ്കില്‍ ഹിന്ദു മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള സമൂഹത്തില്‍ മുസ്ലീമിനും മുസ്ലീമിനു ഭൂരിപക്ഷമുള്ള സമൂഹത്തില്‍ ഹിന്ദുവിനും ആത്മവിശ്വാസക്കുറവുണ്ടാകും എന്നും ഒരു extended logic ഉണ്ട് എന്നു സമ്മതിക്കേണ്ടിവരും.
  അപ്പോള്‍ മുസ്ലീം ഭൂരിപക്ഷരാജ്യത്ത് ഒരു പാഠപുസ്തകത്തില്‍ ഹിന്ദുമതത്തെ പരിചയപ്പെടുത്തുമ്പോഴും ഹൈന്ദവഭൂരിപക്ഷമുള്ള രാജ്യത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോഴും ഇതേ യുക്തി പ്രയോഗിക്കണം. അപ്പോള്‍ നാട്ടുകാരുടെ ഭൂരിപക്ഷ വിശ്വാസം മാത്രമേ പാഠപുസ്തകത്തില്‍ അച്ചടിക്കപ്പെടാന്‍ അര്‍ഹത നേടാവൂ എന്നും മറ്റൊരു (കു)യുക്തി കൂടി പുറകേ വരും !

  ഹിന്ദുവിന്റെ ആചാരങ്ങളില്‍ ബിംബാരാധന അതിപ്രധാനം. ഇസ്ലാമാണെങ്കില്‍ ബിംബാരാധനയെ കഠിനമായി വെറുക്കുന്നു. ഹിന്ദു ബഹുദൈവ ആരാധകന്‍. ഇസ്ലാം ഏകദൈവത്തില്‍ വിശ്വസിക്കുന്നു. ക്രൈസ്തവര്‍ക്ക് പരിശുദ്ധ ത്രിത്വത്തിലൊന്ന് കര്‍ത്താവായ യേശുവാണ്‍. ഇസ്ലാമാണെങ്കില്‍ യേശുവിനെ മനുഷ്യനായ പ്രവാചകന്‍ മാത്രമായി കാണുന്നു. സിഖ് മതത്തിനാകട്ടെ മുഹമ്മദ് അന്ത്യപ്രവാചകനോ ഖുര്‍ ആന്‍ ദൈവ വചനമോ അല്ല. ബൌദ്ധനാകട്ടെ രൂപാരൂപങ്ങള്‍ ഉള്ള ഈശ്വരസങ്കല്പം കമ്മി. പാഴ്സിക്ക് അതിലും വ്യത്യസ്ഥമായ വേറെ ചില വ്യത്യാസങ്ങള്‍….ലിസ്റ്റ് നീണ്ടു നീണ്ടു പോകും.

  അടിസ്ഥാനമേഖലകളില്‍ തന്നെ ഇങ്ങനെയുള്ള കടുത്ത വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഈ മതങ്ങളെ നാം ചരിത്രപാഠങ്ങളിലും സാമൂഹ്യപാഠങ്ങളിലും പരിചയപ്പെടുത്തുന്നില്ലേ ?
  വീട്ടില്‍ വന്ന് “ അച്ഛാ/ഉപ്പാ/ഡാഡീ, നമ്മളെന്താ ഇങ്ങനെ, അയല്പക്കത്തെ ‌‌‌കുട്ടികളായ A ഉം B ഉം അങ്ങനെയല്ലല്ലൊ” എന്ന് മകനോ മകളോ ചോദിക്കുമ്പോള്‍ നാം എന്താണ് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത് ? നമ്മുടെ വിശ്വാസത്തിന്റെ മഹത്വമല്ലേ ? അല്ലാതെ അയല്പക്കത്തെ Aയുടെയും Bയുടേയും വിശ്വാസത്തിന്റെ മേന്മയല്ലല്ലോ.
  അവിടെയൊക്കെ കുട്ടിക്ക് എന്ത് ആശയ സംഘട്ടനമാണ് ഉണ്ടാവുന്നത് ?

  താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട്ടനം മൂലം മാതാപിതാക്കളുടെ മതം ഉപേക്ഷിച്ച് കുട്ടികള്‍ മറ്റൊന്നിലേക്ക് ചേക്കേറാറുണ്ടോ ?

  14. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
  ഉത്തരം:
  എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.

  എങ്ങനെ അനുകൂലമായി തോന്നുന്നില്ല എന്നു പാഠഭാഗം വായിച്ചിട്ട് മൂര്‍ത്തമായും യുക്തിഭദ്രമായും പറയൂ.

  15. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
  ഉത്തരം : ഇല്ല.
  16. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
  ഉത്തരം : കരുതുന്നുണ്ട്.
  17. എന്താണങ്ങിനെ തോന്നാന്‍ കാരണം.
  ഉത്തരം : ഇതിനൊപ്പമുള്ള മറ്റധ്യായങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

  സ്വയം ഖണ്ഡിക്കുന്ന വാദഗതിയാണല്ലോ ഇത്. (തറവാടിയുടെ പോയിന്റ് നമ്പര്‍ 6-ഉം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക)
  “കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്നു കരുതുന്നില്ല”, “വിവാദ പാഠഭാഗം മത നിഷേധമായും തോന്നുന്നില്ല”. പിന്നെ ഇതിനു കുട്ടികളെ കമ്മ്യൂണിസ്റ്റാക്കാനുള്ള ഉദ്ദേശ്യമുണ്ട് എന്ന് തോന്നിയതെങ്ങനെ ?

  ഇനി അങ്ങനൊരു ഉദ്ദേശ്യമുണ്ടെങ്കില്‍ തന്നെ അതു സംഭവിക്കില്ലാ എന്ന് പോയിന്റ് നമ്പര്‍ 15-ല്‍ പറയുന്നു. പിന്നെന്തിനാണ് പുസ്തകം പിന്‍വലിക്കേണ്ടത് ?


ഇത്‌ ഒരു പരിചയപ്പെടുത്തല്‍ പോസ്റ്റാണ്‌ എല്ലാ ചര്‍ച്ചയും പ്രസ്തുത ബ്ലോഗുകള്‍ നടക്കട്ടേ

Wednesday, July 02, 2008

ആകാശത്തിലെ നക്ഷത്രങ്ങളേപ്പോലേയും ....

ആകാശത്തിലേ നക്ഷത്രങ്ങളേപ്പോലെയും കടലിലേ മണല്‍ത്തരികളേപ്പോലെയും സന്താനങ്ങള്‍ ഉണ്ടാകട്ടേ എന്ന ആഹ്വാനം മറയില്ലാതെ കത്തോലിക്ക സഭയില്‍ നിന്നും പുറത്തു വന്നു. പണ്ടിതു പോലെ ഒരു വാര്‍ത്തയേ ചുറ്റിപ്പറ്റി ഒരു പോസ്റ്റ്‌ എഴുതി മാപ്പ്‌ പറയേണ്ടി വന്നതിനാല്‍ കുറച്ചുകൂടി വിവരങ്ങള്‍ ശേഖരിച്ച ശേഷം ഒരു പോസ്റ്റ്‌ എഴുതാം എന്ന് കരുതി.

ഇതുവരെ കൂടുതല്‍ കുട്ടികള്‍ വേണമെന്നുള്ളത്‌ പരസ്യമായി സഭ പറഞ്ഞിരുന്നില്ല. ജീവന്റ മൂല്ല്യത്തേപ്പറ്റിയും കുടുംബ ബന്ധങ്ങളിലെ സ്വാര്‍ത്ഥായേപ്പറ്റിയുമൊക്കെ പറഞ്ഞുകൊണ്ട്‌ ഒരു വളഞ്ഞ്‌ മൂക്കുപിടിക്കല്‍ പരിപാടിയായിരുന്നു നടപ്പിലാക്കിയിരുന്നത്‌. ധ്യാനങ്ങള്‍ പ്രീ മാര്യേജ്‌ കോഴ്സ്‌ എന്നിവടങ്ങളില്‍ ഒക്കെ ഇത്തരത്തിലുള്ള ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരിന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നൊക്കെമാറി പരസ്യ നിലപാട്‌ എടുത്തു കഴിഞ്ഞു. KCBC യുടെ കീഴിലുള്ള പ്രോ ലൈഫ്‌ സമിതിയുടെ നിര്‍ദ്ദേശങ്ങളിലൂന്നി കൂടുതല്‍ കുട്ടികളേ പ്രത്സാഹിപ്പിക്കാന്‍ സഭ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. അവര്‍ മുന്നോട്ട്‌ വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌

1) ഗര്‍ഭനിരോധന്‍ സസ്ത്രക്രിയ നടത്തിയവരില്‍ പോലും സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ വീണ്ടും മക്കള്‍ ഉണ്ടാകനുള്ള സസ്ത്രക്രിയ കുറഞ്ഞ നിരക്കില്‍ ചെയ്യുക.

2) ഗര്‍ഭചിദ്രം ഗര്‍ഭനിരോധന സസ്ത്രക്രിയ തുടങ്ങിയവസഭയുടെ ആശുപത്രികളില്‍ ചെയ്യരുത്‌

3) 3 കുട്ടികളില്‍ അധികമുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ സഹായം. സഭയുടെ സ്ഥാപങ്ങളില്‍ മൂന്നാമത്തെ കുഞ്ഞിന്‌ പകുതി ഫീസ്‌. നാലമത്തെ കുഞ്ഞിന്‌ മുഴുവന്‍ ഫീസ്‌ സൗജന്യം

4) നാലും അതിലധികവും മക്കളുള്ള മാതാപിതാക്കളെ പൊതു ചടങ്ങില്‍ ആദരിക്കും. യുവ ദമ്പതികള്‍ക്ക്‌ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ പ്രേരണ പരിപാടികള്‍.


ഇത്രയും വായിച്ച്‌ കത്തോലിക്കരുടെ എണ്ണം കൂട്ടാനുള്ള ആഹ്വാനമാണ്‌ ഇതെന്ന് കരുതി സഭയെ തല്ലാന്‍ വരുന്നവര്‍ KCBC ഡെപ്യൂട്ടി സെക്രട്ടറി പറയുന്നത്‌ സ്റ്റീഫന്‍ ആലത്തറ പറയുന്നത്‌ കേള്‍ക്കൂ

കത്തോലിക്കരെ മാത്രമല്ല ഹിന്ദുക്കള്‍ ഉള്‍പ്പെട്ട മുഴുവന്‍ സമുദായങ്ങളെയും ലക്ഷ്യമിട്ടാണ്‌ പുതിയ കര്‍മ്മ പദ്ധതി മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. മറ്റ്‌ സഭകളിലും സമുദായങ്ങളിലും കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇവരുടെ മക്കള്‍ക്കും സഭയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ പഠിക്കുകയാണ്‌ എങ്കില്‍ ഫീസ്‌ ആനുകൂല്യങ്ങള്‍ ലഭിക്കും

കേരളാത്തിലെ ജനസംഖ്യയില്‍ കുട്ടികളുടെ ഏണ്ണം കുറഞ്ഞു വരുന്നതാണ്‌ സഭയേ ഇത്തരത്തിലുള്ള പ്രചരണത്തിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌.കഴിഞ്ഞ വര്‍ഷം തന്നെ ഒരു ലക്ഷമണ്‌ കുറഞ്ഞത്‌.കേരള ജനസംഖ്യയില്‍ 60% വൃദ്ധന്മാരാണ്‌. ഭാവിയില്‍ കേരളാം വൃദ്ധന്മാരുടെ നാടായി മാറും സഭാ താല്‍പര്യത്തിന്‌ പുറമേ സാമൂഹിക താല്‍പര്യമാണ്‌ മെത്രാന്‍ സമിതിക്കുള്ളതെന്ന് ആലത്തറ പറഞ്ഞു.

കോടികള്‍ മുടക്കി സര്‍ക്കാര്‍ ജനസംഖ്യാ വിസ്പോടനത്തിനെതിരേ പ്രചാരണം നടത്തുമ്പോള്‍ കുടുംബാസൂത്രണത്തിന്‌ മാതൃകയായ കേരളത്തില്‍ നിന്ന് തന്നെ അതിന്റ വിപരീത ദിശയിലുള്ള പ്രചരണം ആരംഭിക്കുന്നത്‌ കൗതുകകരമായിത്തോന്നാം. മാറിയ ജീവിത സാഹചര്യങ്ങളില്‍ മികച്ച ജീവിത സൗകര്യങ്ങള്‍ നല്‍കി കൂടുതല്‍ കുട്ടികളെ വളര്‍ത്തുക എന്നത്‌ എത്രത്തോളം ബുദ്ധിമുട്ടുള്ള സംഗതിയാണ്‌ എന്ന് ആഹ്വാനം ചെയ്യുന്ന കുടുംബ്വും കുട്ടികളുമില്ലാത്ത പുരോഹിതര്‍ക്ക്‌ മനസിലാകാന്‍ ബുദ്ധിമുട്ടാണ്‌. എന്നാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ അക്കാര്യത്തില്‍ ബോധവതികളായതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവര്‍ തള്ളിക്കളയും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട്‌. രണ്ടു കുട്ടികളെ വളര്‍ത്തുകയും ഒപ്പം ജോലിക്ക്‌ പോയി വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നവരാണ്‌ ഇന്ന് മിക്ക സ്ത്രികളും മൂന്നാമത്തെയും നാലമത്തെയും കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക്‌ ആവശ്യത്തിന്‌ നല്‍കാന്‍ സമയമുണ്ടാവില്ല എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ ആഹ്വാനം ആഹ്വാനമായിത്തന്നെ അവസാനിക്കുമെന്ന് കരുതി തള്ളിക്കളയാം

ജൂണ്‍ 27 ആം തിയതി ഡോക്ടര്‍ ബാബൂ പോള്‍ മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം നിര്‍ബന്ധിതമായും വായിച്ചിരിക്കേണ്ട ഒന്നാണ്‌. അതിന്റ PDF വേര്‍ഷന്‍ ഇവിടെ ലഭിക്കും

ഈ പോസ്റ്റിലെ വിവരങ്ങള്‍ക്ക്‌ കടപ്പാട്‌. ഇന്ത്യാ ടുഡേ, മാതൃഭൂമി ദിനപ്പത്രം, മാധ്യമം ദിനപ്രത്രം

Tuesday, June 24, 2008

പച്ചക്കുതിര ജൂണ്‍ ലക്കം

DC ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന പച്ചക്കുതിര മാസികയുടെ ജൂണ്‍ ലക്കം നല്ല ഒരു വായനാനുഭവം പ്രദാനം ചെയ്യുന്നു. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ലക്കം എന്നെ ഒരുപാട്‌ ആകര്‍ഷിച്ചു. അതിലെ വിഭവങ്ങളുടെ ആമുഖം ഞാന്‍ എഴുതുന്നു.

ദളിതരുടെ സഭയും നിയമ സഭയും . സ്പീക്കര്‍ ക്‌.രാധകൃഷ്ണനുമായി എ.വി ശ്രീകുമാര്‍ നടത്തുന്ന അഭിമുഖം

എന്റ ഒക്കെ ചെറുപ്പത്തില്‍ ജാതിയമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നു. ഒരു സദ്യക്ക്‌ പോയാല്‍ ഒന്നും രണ്ടും മൂന്നും പന്തികള്‍. ഓരോ വിഭാഗത്തിനും ഓരോ പന്തി....ആദിവാസികള്‍ മാത്രം തനിമ നില നിര്‍ത്തുക , മറ്റുള്ളവരൊക്കെ പുതിയ കാലഘട്ടത്തിനനുസ്സരിച്ച്‌ മുന്നേറുക അവരെ ഷോകെസ്‌ പീസാക്കലാണ്‌ ഇത്‌

ആദിവാസി പദ്ധതിയുടെ ദയനീയ പരിണാമം ജോസഫ്‌.കെ.ജോബ്‌

അടിമവേലയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വയനാട്ടിലെ പൂക്കോട്‌ ഡയറിഫാം പ്രോജക്റ്റ്‌ നാമാവശേഷമായതിന്റ കഥ

മുസ്ലിം സ്ത്രീയുടെ സാഹിത്യവും സന്ദേഹവും ഉമ്മര്‍ ടി.കെ റാഫി നടുവണ്ണൂര്

‍മുസ്ലിം സമൂഹത്തില്‍ നിന്നുയരുന്ന സ്ത്രീകളുടെ ശബ്ദത്തിന്‌ ചരിത്രപരമായ പ്രസക്തിയുണ്ട്‌. ആധുനിക ജനാധിപത്യ സമൂഹങ്ങള്‍ക്കിണങ്ങാത്ത മൂല്യ ചിന്തകളെ, പ്രത്യേകിച്ചും അതിലെ പുരുഷാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌, കൂടുതല്‍ ജനാധിപത്യപരമായിത്തീരാന്‍ സജ്ജമാകുക വഴി മാത്രമേ മുസ്ലിം സമൂഹത്തിന്‌ അതിനു നേരെ വരുന്ന പ്രത്യേയശാസ്ത്ര ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴീയൂ. അത്തരത്തിലുള്ള നവോത്ഥാനത്തിനായുള്ള കേരളീയ മുസ്ലിം സ്ത്രീകളുടെ ആദ്യശബ്ദങ്ങളെ വിശകലനം ചെയ്യുകയാണ്‌ ലേഖകര്‍

യത്തിംഖാനയിലെ കുട്ടികള്‍ ഡോ: അസീസ്‌ തരുവണ

വെള്ളമുണ്ടും ഷര്‍ട്ടും വെള്ളത്തൊപ്പിയുമാണ്‌ ഞങ്ങളുടെ യൂണിഫോം. സ്കൂളില്‍ ഞങ്ങളെ വേറിട്ട്‌ മനസിലാകും. ക്ലാസ്‌ മുറിയില്‍ ഞങ്ങളെ അഭിസംബോധന്‍ ചെയ്തിരുന്നത്‌ പല പേരുകളിലാണ്‌. ചിലര്‍ യത്തിംഖാന എന്ന് വിളിക്കും ചിലര്‍ റ്റൊപ്പിക്കാരനെന്നും.... അപമാനവും പരിഹാസവും ഏകാന്തതയും പീഡയും കാമവും നിറഞ്ഞ അനാഥശാലയിലെ കേരളബാലയത്തെപ്പറ്റി ആദ്യമായി ഒരു തുറന്ന കത്ത്‌

അജിതക്കും കുഞ്ഞാലിക്കുട്ടിക്കും ഇടയില്‍ അജിതയുടെ ഭര്‍ത്താവ്‌ യാക്കുബുമായി താഹ മാടായി നടത്തുന്ന അഭിമുഖം

ചോദ്യം : യാക്കുബിന്റ അറസ്റ്റിനു പിന്നില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നോ ?
ഉത്തരം സത്യത്തില്‍ അങ്ങനെ ഞാന്‍ വിശ്വസിക്കുന്നില്ല. പാലക്കാട്‌ ഭരിക്കുന്ന വളരെ പ്രമുഖനായ ഒരു അബ്കാരി കോണ്ട്രകടര്‍ അറസ്റ്റിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എന്നാല്‍ എന്നെ കുരുക്കിയതിന്‌ കുഞ്ഞാലിക്കുട്ടി നേരിട്ട്‌ പങ്കുവഹിച്ചു എന്ന് കരുതുന്നില്ല.

ജാരനും ദാമ്പത്യവും പി.കെ.ഗണേശന്‍

ജാരസാന്നിധ്യം ജീവിതത്തെ കാല്‍പനികമാക്കുമെങ്കില്‍ ആരു കൊതിക്കാതിരിക്കും ആ ജീവിതം. ഭര്‍ത്താവിന്റ പിറകിലാണ്‌ ജാരന്റ ഇടം. ഭര്‍ത്താവ്‌ കാണുന്നില്ല ജാരനെ . അതേ സമയംതന്റ ജീവിതം എന്നും വസന്തമാക്കുന്ന ജാരനെ അവള്‍ കാണുന്നു, എപ്പോഴും ഭര്‍ത്താവിനു പിന്നില്‍.......ജാര സങ്കല്‍പം മോഹനമാംവിധം പ്രമേയമാക്കപ്പെട്ട ചലച്കിത്രങ്ങളിലൂടെ ഒരു യാത്ര...സസൊീഷ്യസ്‌ റിവര്‍, തി അയണ്‍,സെക്സ്‌ , ലൈസ്‌ ആന്‍ഡ്‌ വീഡിയോ ടേപ്‌ റ്റൂ സിലബിള്‍സ്‌ ബിഹൈന്‍ഡ്‌... തുടങ്ങിയ ചിത്രങ്ങളേ അനവരണം ചെയ്യുന്നു

ആയുസിന്റ പുസ്തകവും ക്രിസ്ത്യന്‍ പാപസങ്കല്‍പവും .. കെ.സി വര്‍ഗീസ്‌

ലൈഗീകത മനോഹരമായ ആപ്പിള്‍പ്പഴമായിരുന്നു. ക്രിസ്തുമതം പാപബോധം എന്ന പുഴുവിനെ അതിലേക്ക്‌ കടത്തിവിട്ടു. ആ പുഴു മുട്ടയിട്ടു പെരുകി. സെക്സ്‌ എന്ന അപ്പിളിനെ ആകെ മലിനമാക്കി. കസാന്‍ ദ്‌ സാക്കിസിന്റ ഇഹ്റ്റേ സമീപനം തന്നെയാണ്‌ായുസിന്റ പുസ്തക കര്‍ത്താവും ക്രൈസ്തവമായ പാപബോധത്തോടും അതുമായിയ ബന്ധപ്പെട്ട ലൈഗീകതയോടും പുലര്‍ത്തുന്നത്‌

ഈ ലക്കം പച്ചക്കുതിര കേരളത്തിലെ പ്രമുഖ ബുക്ക്‌സ്റ്റാളുകളില്‍ 10 രൂപക്ക്‌ ലഭിക്കുന്നതാണ്‌. മറ്റുലക്കങ്ങളെ അപേക്ഷിച്ച്‌ ഈ ലക്കം എന്നേ ഒരുപാട്‌ ആകര്‍ഷിച്ചു.സമകാലിക മലയാളമോ മാതൃഭൂമി ആഴ്ചപ്പതിപ്പോ മാധ്യമോ ഒക്കെ വായിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു അനുഭവം.

Monday, June 09, 2008

മാക്ടയും മലയാള സിനിമയും

സന്തോഷ്‌ മാധവന്‍ തുടങ്ങി വച്ച സ്വാമി വിവാദത്തിന്‌ ശേഷം മലയാള മാധ്യമങ്ങള്‍ക്ക്‌ മാകടയുടെ വക പുത്തന്‍ വിവാദ വിരുന്ന് ഒരുങ്ങിയിരിക്കുകയാണ്‌. ദിലീപ്‌ തുളസിദാസ്‌ തര്‍ക്കത്തില്‍ തുടങ്ങി സിദ്ധിക്ക്‌ വിനയന്‍ തര്‍ക്കത്തില്‍ എത്തി നില്‍ക്കുന്ന ഈ പോര്‌ ഇപ്പോള്‍ മറ്റ്‌ സംവിധായകര്‍ കൂടി ഏറ്റെടുത്തതോടെ മറ്റൊരു വിവാദ നാടകത്തിനു കൂടി തിരി തെളിയുകയായി.

പ്രശ്നം തുടങ്ങുന്നത്‌ ദിലീകും തുളസി ദാസും തമ്മിലാണ്‌. തുളസിദാസിന്റ കുട്ടനാടന്‍ എക്സ്പ്രസ്‌ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 50000 രൂപ തുളസിദാസിന്റ കൈയില്‍ നിന്നും 40 ലക്ഷം ഉള്ളാട്ടില്‍ ശശി എന്ന നിര്‍മ്മാതവില്‍ നിന്നും പറ്റിയ ശേഷം ദിലീപ്‌ തുളസിദാസിന്‌ ഡേറ്റ്‌ നല്‍കിയില്ല എന്നതിലാണ്‌. എന്നാല്‍ 40 ലക്ഷം പറ്റിയ നിര്‍മ്മാതാവിനോട്‌ ഇനി തുളസിദാസിനെ സംവിധായകനാക്കി ഈ ചിത്രം ചെയ്യാന്‍ കഴിയില്ല എന്നും പറഞ്ഞത്രെ. ഇത്‌ തുളസിദാസ്‌ മാക്ടയിലെ സംവിധായക യൂണിയനില്‍ എത്തിക്കുകയും മാക്ട ദിലീപിനെ വിലക്കുകയും ചെയ്തു. എന്നാല്‍ ദില്ലിപിന്റ അടുത്ത ചിത്രം ചെയ്യേണ്ട സിദ്ധിക്ക്‌ ഇതില്‍ പ്രതിക്ഷേധിച്ചപ്പോള്‍ മാക്ട ഫെഡറെഷന്‍ ജനറല്‍ സെക്രട്ടറി വിനയന്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ്‌ ഇപ്പോള്‍ ഒരു പറ്റം സംവിധായകര്‍ രാജി വച്ച്‌ പുറത്ത്‌ വന്നിരിക്കുന്നത്‌.

ഈ വിഷയത്തിലുണ്ടായ തര്‍ക്കം മാക്ട എന്ന ട്രേഡ്‌ യൂനിയന്‍ സംഘടന എങ്ങനെ സിനിമ വ്യവസായത്തെ തകര്‍ക്കുന്നു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ എന്നതാണ്‌ എന്റ പക്ഷം. മുന്‍പ്‌ ഇതു പോലെ നിര്‍മ്മാതക്കള്‍ക്ക്‌ മാക്ട ഫെഡറെഷന്‍ ചില നിര്‍ദ്ദേശങ്ങള്‍ ന്‍ല്‍കിയതിനെത്തുടര്‍ന്ന ചലചിത്ര നിര്‍മ്മാണം നിര്‍ത്തി വയ്ക്കുന്ന ഒരു സാഹചര്യം ഉരിത്തിരിഞ്ഞിരുന്നു. അന്ന് ഡ്രൈവര്‍മ്മാരുടെ ബാറ്റ പ്രശ്നത്തിലാണ്‌ ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായത്‌. മാക്ട നിര്‍മ്മാതക്കളോട്‌ കല്‍പ്പിക്കേണ്ട എന്നതായിരുന്നു അന്നത്തെ പ്രശ്നം. അന്ന് നിര്‍മ്മാതക്കള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയതിനെപ്പറ്റി ബ്ലസി പറഞ്ഞതിങ്ങനെയാണ്‌. കല്‍ക്കട്ടയി ഷൂട്ടിംഗ്‌ നടക്കുമ്പോഴാണ്‌ ഈ ഉപരോധം ഉണ്ടായത്‌. നിര്‍മ്മാതാവിന്റെ ചിലവില്‍ ജീവിച്ചിട്ട്‌ നിര്‍മ്മാതവുമായി സമരം ചെയ്യേണ്ടിവരുന്ന ഒരു ദുരവസ്ഥ. ഇന്ന് അത്‌ ദിലീപിന്റ പ്രശ്നത്തില്‍ എത്തി നില്‍ക്കുമ്പോഴും സംഭവിക്കുന്നതും ഇതൊക്കെത്തന്നെ . സിനിമ എന്നത്‌ ഒരു ട്രേഡ്‌ യൂണിയന്‍ സ്വഭാവമുള്ള ഒരു തൊഴില്‍ മേഖല അല്ല എന്നത്‌ മനസിലാക്കാന്‍ എന്നാണ്‍! ഇവര്‍ പഠിക്കുക.

ഇനി ദിലീപ്‌ തുളസിദാസ്‌ പ്രശ്നത്തിലേക്ക്‌ വന്നാല്‍ കോളെജ്‌ കുമാരന്‍ എന്ന ചിത്രം കണ്ട ആരും ദിലിപ്പിന്റ അഭിപ്രായത്തോട്‌ യോജിച്ച്‌ പോകും എന്നതാണ്‌ സത്യം. എന്നാലും സംവിധായകനെ മാറ്റാന്‍ പറയത്തക്ക രീതിയില്‍ താരം വളര്‍ന്നോ എന്ന ചിന്തയും പ്രസക്തം. എന്നാല്‍ ഇത്തരം പ്രതിസധി പരിഹരിക്കേണ്ട യൂണിയങ്കാര്‍ ചെയ്യുന്നതോ വ്യവസായത്തെ തകര്‍ക്കുന്ന ഉപരോധ നടപടികളും. മാക്ടയുടേ വക്തക്കാളായി വരുന്ന മിക്കവരും സംവിധാനം ചെയ്ത ചിത്രമേത്‌ എന്ന് ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. അതില്‍ ബൈജു കൊട്ടാരക്കര , അമ്പിളി ബാലു കിരിയത്ത ഇവരൊക്കെ ഏത്‌ കാലഘട്ടത്തിലാണ്‌ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്‌ എന്ന് ചിന്തിച്ചാല്‍ ഇവരൊക്കെ സിനിമാ യൂണിയനെ എവിടെ എത്തിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. പിന്നെ ജനറല്‍ സെക്രട്ടറി വിനയനാകട്ടെ ഒരു ഹിറ്റ്‌ ചിത്രം ചെയ്ത കാലം മറന്നു.ഇനി മാക്ട എന്താണ്‌ അതിലെ അംഗങ്ങള്‍ക്ക്‌ ചെയ്തു കൊടുക്കുന്നത്‌ എന്നറിയാന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റ യൂണിക്കോഡ്‌ പരിഭാഷ താഴേക്കൊടുക്കുന്നു.



കേരളത്തില്‍ രൂപംകൊണ്ട ഏറ്റവും പ്രായം കുറഞ്ഞ തൊഴിലാളിപ്രസ്ഥാനങ്ങളിലൊന്നായ മാക്ട ഫെഡറേഷന്‍ മാസങ്ങള്‍ക്കു മുമ്പ് ഒരു പണിമുടക്ക് നടത്തി. ഫെഡറേഷനിലെ ഡ്രൈവര്‍മാരുടെ ദിവസക്കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. സിനിമാമേഖലയാകെ ദിവസങ്ങളോളം സ്തംഭിപ്പിച്ച ആ പണിമുടക്ക് വിജയം കണ്ടുവെങ്കിലും പുതുതായി രൂപംകൊണ്ട തൊഴിലാളി പ്രസ്ഥാനത്തിന്റെ ആഭ്യന്തരവൈരുധ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് അത് അവസാനിച്ചത്. ''ഡ്രൈവര്‍മാരുടെ കൂലി വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ നമ്മുടെ സ്വപ്നങ്ങള്‍ ബലികഴിക്കേണ്ടിവരുന്നത് വലിയ കഷ്ടമാണെന്ന്'' ഒരു പ്രമുഖ സംവിധായകന്‍ ആത്മഗതംപോലെ പറഞ്ഞു. കോടികള്‍ മുടക്കി (പലപ്പോഴും പാഴാക്കി) സിനിമ ചെയ്യുന്ന നിര്‍മാതാക്കളാകട്ടെ ഡ്രൈവര്‍മാര്‍ക്ക് തുച്ഛമായ കൂലിവര്‍ധന നടപ്പാക്കാന്‍ അനാവശ്യമായി ബലം പിടിക്കുകയും ചെയ്തു. ഡ്രൈവര്‍മാരുടെ ആവശ്യത്തിന് വഴങ്ങിക്കൊടുത്താല്‍ ഭാവിയില്‍ മാക്ട ഫെഡറേഷനിലെ മറ്റു യൂനിയനുകളും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി മുന്നോട്ടുവരുമെന്ന ഭയം സ്വാഭാവികമായും അവര്‍ പ്രകടിപ്പിച്ചു. അതിനിടയിലാണ് ഫെഡറേഷനിലെ തന്നെ ഡയറക്ടേഴ്സ് യൂനിയന്‍ അംഗങ്ങള്‍ അടക്കമുള്ള വന്‍തുകകള്‍ കൈപ്പറ്റുന്ന 'തൊഴിലാളികള്‍' പരസ്യമായും രഹസ്യമായും സമരത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. സമരം പിന്നെയും നീണ്ടുപോയിരുന്നെങ്കില്‍ സംഘടനയില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നുവരെ സംശയം ഉണര്‍ന്നിരുന്നു.

ഈ സമരത്തിലൂടെ ഒരു ട്രേഡ് യൂനിയനെന്ന നിലയില്‍ മാക്ട ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. അതോടൊപ്പം തൊഴിലെടുക്കാനുള്ള അവകാശവും തൊഴിലാളിയൂനിയനുകളുടെ ഇടപെടലുകളും സൃഷ്ടിച്ച വൈരുധ്യം മലയാള സിനിമയില്‍ പുതിയൊരു പ്രശ്നമേഖല സൃഷ്ടിക്കുകയായിരുന്നു. 40 ലക്ഷം പ്രതിഫലം വാങ്ങുന്ന സംവിധായകര്‍ മുതല്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന പ്രൊഡക്ഷന്‍ ബോയ് വരെയുള്ള വിവിധ സാമ്പത്തികശ്രേണിയില്‍ പെട്ടവര്‍ ഒരേ കൊടിക്കീഴില്‍ അണിനിരന്നതാണ് മാക്ട ഫെഡറേഷന്‍. സമനിരപ്പായ ഒരു തൊഴില്‍സംസ്കാരത്തിന്റെ സാധ്യതയായിരുന്നു അത് മുന്നോട്ടുവെച്ചത്. എന്നാല്‍ ആഭ്യന്തരമായ വര്‍ഗസംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും അധികാരമുറപ്പിക്കലും നിലനിറുത്തലും മുഖ്യ അജണ്ടയാവുകയുമാണുണ്ടായത്. തൊഴില്‍പരമായും സര്‍ഗാത്മകമായും സിനിമയെ മുന്നോട്ടു നയിക്കുന്നതില്‍ യൂനിയന്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശം ഉയര്‍ന്നത് ഈ ഘട്ടത്തിലാണ്. പ്രശസ്ത സംവിധായകന്‍ കമല്‍ ഒരഭിമുഖത്തില്‍ പറയുന്നു: ''...സംഘടനയിലെ അംഗങ്ങളുടെ അടിയന്തരമായ ആവശ്യങ്ങള്‍ പരിഹരിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും സംഭവിക്കുന്നില്ല. ചര്‍ച്ചക്കുള്ള വേദിയല്ല അത്. മാക്ടയില്‍മാത്രമല്ല, നിര്‍മാതാക്കള്‍ക്കിടയിലോ, താരങ്ങള്‍ക്കിടയിലോ അത്തരം ചര്‍ച്ചകള്‍ സംഭവിക്കുന്നില്ല.''

വ്യവസായമെന്ന നിലയില്‍ സിനിമ ഒരു സാമ്പത്തികസ്ഥാപനമാണ്. ഒരു സംവേദനരൂപമെന്ന നിലയില്‍ സാംസ്കാരിക സ്ഥാപനവും. സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ മൂലധനത്തിന്റെ പ്രത്യയശാസ്ത്ര താല്‍പര്യങ്ങളാണ് സിനിമയില്‍ നടക്കുന്നത്. ജനങ്ങളെ സ്വന്തം വിശ്വാസങ്ങള്‍ക്കും ലോകവീക്ഷണങ്ങള്‍ക്കുമനുസരിച്ച് ചിട്ടപ്പെടുത്താന്‍ അത് ശ്രമിക്കുന്നു. ഈ മൂലധന താല്‍പര്യങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ സാധൂകരണം നല്‍കുന്നത് സിനിമയുടെ 'സാംസ്കാരിക മൂല്യമാണ്.' ഇവിടെയാണ് ഒരു തൊഴിലാളി യൂനിയന്‍ എടുക്കുന്ന നിലപാട് വളരെ നിര്‍ണായകമാവുന്നത്.

''ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്കും ആദ്യകാല ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും വളരെയധികം വേരോട്ടമുള്ള സംസ്ഥാനമാണിത്. ഇവിടെ എല്ലാ മേഖലയിലും ട്രേഡ് യൂനിയനിസം വന്നിട്ടുണ്ട്. സിനിമയില്‍ അത് സാധ്യമായിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ എന്നത് ഒരു പാരഡോക്സ് ആണ്. തമിഴിലും തെലുങ്കിലും മറ്റ് പ്രാദേശിക ഭാഷകളിലും ട്രേഡ് യൂനിയന്‍ ശക്തമാണ്. കേരളത്തില്‍ എന്തുകൊണ്ടോ അത് വൈകി. സംവിധായകര്‍ മുതല്‍ പ്രൊഡക്ഷന്‍ ബോയ്സ് വരെയുള്ള പതിനെട്ട് ^ഇപ്പോള്‍ ഇരുപതോളം ആയി^ സംഘടനകള്‍ ചേര്‍ന്ന കോണ്‍ഫെഡറേഷന്‍ ആണ് ഇപ്പോള്‍ മാക്ട ഫെഡറേഷന്‍. ചരിത്രത്തിന്റെ ഒരു ഡിമാന്റിനോട് ഒരു ഇന്‍ഡസ്ട്രി വളരെ വൈകി പ്രതികരിച്ചതാണ് എന്നു പറയാം. അസംഘടിതമായ ഒരു തൊഴിലാളിമേഖല സംഘടിതമാവുകയാണ്. അതില്‍ ഇത്രയും അങ്കലാപ്പുകളുണ്ടാക്കേണ്ട കാര്യമില്ല. മറ്റെല്ലാ തൊഴിലാളി യൂനിയനുകള്‍ക്കും ഉള്ളതുപോലെ മാക്ടയിലെ എല്ലാ യൂനിയനിലും അംഗത്വം ലഭിക്കുന്നതിന് അതിന്റേതായ മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് അതിന്റെ ജനറല്‍ ബോഡിക്ക് സാധിക്കുന്നതുമാണ്'' ^മാക്ട ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും റൈറ്റേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഏകീകൃതമായ ട്രേഡ് യൂനിയന്‍ സ്വഭാവത്തിലേക്കും സിനിമാരംഗത്തെ ഏക ട്രേഡ് യൂനിയന്‍ എന്ന നിലയിലേക്കും മാക്ട ഫെഡറേഷന്‍ മാറുമ്പോള്‍ അത് മുന്നോട്ടുവെക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും 'ഉള്ളിലുള്ളവരെ' പരമാവധി സംരക്ഷിക്കുന്നതിനും 'പുറത്തുനിന്നുള്ളവരെ' ആവുംവിധം അകറ്റിനിറുത്തുന്നതിനും ലക്ഷ്യം വെച്ചുള്ളതാണെന്ന് ആരോപണങ്ങള്‍ ഉയരുന്നു. മാക്ട ഫെഡറേഷനില്‍ അംഗത്വം ലഭിക്കുന്നതിന് 15000 മുതല്‍ അമ്പതിനായിരം രൂപ വരെയാണ് വ്യത്യസ്ത യൂനിയനുകള്‍ ഈടാക്കുന്നത്. ഭാരിച്ച അംഗത്വഫീസ് ഒടുക്കാന്‍ തയാറായാല്‍ തന്നെ അംഗത്വം നല്‍കുന്നതിന് അനാവശ്യമായ കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു. പല യൂനിയനുകളും ഒരു തരം കുത്തക സ്വഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശം പലഭാഗത്തുനിന്നും ഉയരുന്നു.

''ഡയറക്ടേഴ്സ് യൂനിയനില്‍ 25,000 രൂപ ഈടാക്കുന്നുണ്ട്. 10,000 രൂപ അംഗത്വ ഫീസ് ഈടാക്കുന്ന യൂനിയനുകളും ഉണ്ട്. അതില്‍ കൂടുതല്‍ ഉള്ള സംഘടനകളും ഉണ്ട്. സിനിമ എന്നത് തരക്കേടില്ലാത്ത വേതനം ലഭിക്കുന്ന തൊഴില്‍മേഖലയാണ്. ട്രേഡ് യൂനിയന്‍ രൂപവത്കരണത്തിന് മുമ്പുവരെ വേതനം കിട്ടിയില്ലെങ്കില്‍ കിട്ടിയില്ല എന്നേ ഉള്ളൂ. അത് ചോദിച്ചു വാങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. പക്ഷേ ഇനി അത് അങ്ങനെയല്ല. പ്രതിഫലം വാങ്ങിച്ചുകൊടുക്കുന്നതിനുള്ള ഉത്തരവാദിത്തം യൂനിയന്‍ ഏറ്റെടുക്കും. തൊഴിലാളികളുടെ അവകാശ സംരക്ഷണം, ഇന്‍ഷൂറന്‍സ് പരിരക്ഷ, ക്ഷേമനിധി തുടങ്ങി ഒരു ട്രേഡ് യൂനിയന്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കുന്ന വ്യവസ്ഥകളെല്ലാം ഫെഡറേഷന്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു കനത്ത അംഗത്വഫീസായി പരിഗണിക്കാനാവില്ല''^ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

എഡിറ്റേഴ്സ് യൂനിയനില്‍ അംഗത്വം ലഭിക്കാന്‍ അമ്പതിനായിരം രൂപയാണ് അടയ്ക്കേണ്ടത്. പുതുമുഖങ്ങളെ പരമാവധി ഒഴിവാക്കുന്ന പ്രവണതയാണ് ഈ യൂനിയനില്‍ നിലനില്‍ക്കുന്നതെന്ന് യുവതലമുറയിലെ പല എഡിറ്റര്‍മാരും പരാതിപ്പെടുന്നു. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത 'മെയ്ഡ് ഇന്‍ യു.എസ്.എ' എന്ന ചിത്രത്തിലൂടെ എഡിറ്ററായി രംഗപ്രവേശം ചെയ്ത വിജയ് ശങ്കറിന് മാക്ട എഡിറ്റേഴ്സ് യൂനിയനില്‍ അംഗത്വമില്ല. ''അംഗത്വത്തിനുള്ള അപേക്ഷ ഒപ്പുവെക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്. ഏതെങ്കിലും എഡിറ്ററോടൊപ്പം രണ്ടുവര്‍ഷം അപ്രന്റിസായി പ്രവര്‍ത്തിച്ചിരിക്കണം. അപ്പോള്‍ മാക്ടയില്‍നിന്നും അപ്രന്റീസ് കാര്‍ഡ് കിട്ടും. അതുമായി ചെന്നാല്‍ അംഗത്വം നല്‍കാമെന്നാണ് പറയുന്നത്. പഴയ കാലത്താണെങ്കില്‍ ഇത് ശരിയായിരുന്നു. അന്നൊക്കെ എഡിറ്റിംഗ് പഠിക്കാന്‍ അവസരങ്ങള്‍ കുറവായിരുന്നു. അപ്പോള്‍ അപ്രന്റിസായി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ നിരവധി ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. അവിടെനിന്നും എഡിറ്റിംഗ് ജോലികള്‍ പഠിച്ചിറങ്ങുന്നവരാണ് എന്നെപ്പോലുള്ളവര്‍. സ്വതന്ത്രമായി സിനിമ ചെയ്ത് കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അപ്രന്റിസായും അസിസ്റ്റന്റ് എഡിറ്ററായുമൊക്കെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കണം എന്നു പറയുന്നത് അസംബന്ധമാണ്. കാലത്തിനനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തൊഴിലാളി യൂനിയനുകള്‍ തയാറാവണം.'' ബ്ലെസിയുടെ 'കല്‍ക്കട്ടാ ന്യൂസി'ന്റെയും 'ഫ്രെയിംഡ്'എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെയും എഡിറ്ററായിരുന്നു വിജയ്. മാക്ട ഇടപെടലുകളെ തുടര്‍ന്ന് 'കല്‍ക്കട്ടാ ന്യൂസി'ന്റെ ക്രെഡിറ്റ് ലിസ്റ്റില്‍ കെ.തങ്കവേല്‍ കുമരന്‍ എന്ന അംഗത്വമുള്ള ആളിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. നൂറ് ദിവസത്തോളം കൊല്‍ക്കത്തയിലും കൊച്ചിയിലുമായി നടന്ന ഷൂട്ടിംഗിന്റെ ഓണ്‍ ലൈന്‍ എഡിറ്റിംഗ് നടത്തിയതും ചിത്രത്തിന്റെ എഡിറ്റിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്തതും വിജയ് ശങ്കറായിരുന്നു. ഒടുവില്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ ക്രെഡിറ്റ് ലിസ്റ്റില്‍ ഏറ്റവും അവസാനം 'കട്ട്സ്: വിജയ്ശങ്കര്‍' എന്നു മാത്രം കാണാം. ''അംഗത്വത്തെക്കുറിച്ചൊന്നും ഞാനിപ്പോള്‍ ശ്രദ്ധിക്കാറില്ല. ക്രെഡിറ്റില്‍ പേര് വന്നാലും ഇല്ലെങ്കിലും ഞാന്‍ വര്‍ക്ക് ചെയ്യും.'' ജോലി അറിയുന്നവരെ ഒരുപാട് കാലം അകറ്റി നിറുത്താനാവില്ലെന്നാണ് വിജയ് പറയുന്നത്. മലയാളത്തില്‍ ഏറ്റവും വേഗതയാര്‍ന്ന ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിച്ച ഡോണ്‍ മാക്സിനും ഇതേ ഗതി തന്നെയാണുണ്ടായത്. എഡിറ്റര്‍ എന്ന പേരിന് പകരം 'കട്സ്' കൊണ്ടു തൃപ്തിപ്പെടേണ്ടി വരുന്നു ഇവര്‍ക്കെല്ലാം. ഇതുമൂലം അര്‍ഹതപ്പെട്ട പല അംഗീകാരങ്ങളും ഇവര്‍ക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

എഡിറ്റേഴ്സ് യൂനിയനില്‍ പുതിയ ചെറുപ്പക്കാര്‍ക്ക് വിവേചനമൊന്നുമില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. ''എഡിറ്റേഴ്സ് യൂനിയനില്‍ കുറെ പുതിയ ചെറുപ്പക്കാര്‍ കടന്നുവന്നിട്ടുണ്ട്. അങ്ങനെയുള്ള ഏഴ് ചെറുപ്പക്കാര്‍ക്ക് എഡിറ്റേഴ്സ് യൂനിയനില്‍ മെമ്പര്‍ഷിപ്പ് കൊടുത്തിട്ടുണ്ട്. അങ്ങനെ കടന്നുവന്ന ചെറുപ്പക്കാരനാണ് ഡോണ്‍ മാക്സ്. അതിന് ശേഷം എഡിറ്റേഴ്സ് യൂനിയന്‍ എടുത്ത ഒരു തീരുമാനം രണ്ടു വര്‍ഷമെങ്കിലും ഇന്‍^സ്റ്റുഡിയോ എക്സ്പീരിയന്‍സ് ഉള്ളവര്‍ക്കുമാത്രം മെമ്പര്‍ഷിപ്പ് കൊടുത്താല്‍ മതിയെന്നാണ്. എഡിറ്റിംഗ് എന്നത് വളരെ സാങ്കേതികമികവ് ആവശ്യപ്പെടുന്ന ജോലിയായതുകൊണ്ടാണ് അത്തരമൊരു മാനദണ്ഡം മുന്നോട്ടുവെച്ചത്. ആയാള്‍ അത്തരത്തില്‍ പരിശീലനം നേടിയ ആളായിരിക്കണം, അംഗീകൃത സ്ഥാപനങ്ങളില്‍ പഠിച്ച ആളുകളെ ഈ നിബന്ധനകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്'' ^അദ്ദേഹം പറയുന്നു.

എന്നാല്‍ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്ന അവകാശ സംരക്ഷണമോ ജനാധിപത്യമോ സിനിമയുടെ തൊഴിലിടങ്ങളില്‍ കാണാനാവില്ലെന്നാണ് തൊഴിലാളികള്‍ രഹസ്യമായി പങ്കുവെക്കുന്ന അനുഭവം. വന്‍തുക പ്രതിഫലം വാങ്ങുന്ന സംവിധായകരും ദിവസക്കൂലിക്ക് ജോലിചെയ്യുന്ന പ്രൊഡക്ഷന്‍ ബോയ്സും അടങ്ങുന്ന വലിയ വൃത്തത്തിനുള്ളില്‍ ഭക്ഷണം മാത്രം പ്രതിഫലമായി ലഭിക്കുന്ന മറ്റൊരു വിഭാഗമുണ്ട്^ സംവിധാന സഹായികള്‍! സിനിമ തലക്കുപിടിച്ച് ഇറങ്ങിപ്പുറപ്പെടുന്ന നിരവധി ചെറുപ്പക്കാര്‍ സിനിമാ സെറ്റുകളിലെ കോമാളികളായിത്തീരുകയാണ് പതിവ്. മാക്ടയില്‍ താല്‍ക്കാലിക അംഗത്വം നേടി സിനിമ പഠിക്കാനെത്തുന്നവര്‍ ചുരുങ്ങിയത് മൂന്ന് സിനിമകളിലെങ്കിലും സംവിധായകനൊപ്പം നിന്നെങ്കിലേ ഇവരെ സ്ഥിരാംഗത്വത്തിന് പരിഗണിക്കുകയുള്ളു. ഇക്കാലമത്രയും സംവിധായകന്റെ ആട്ടും തുപ്പും സഹിച്ച് പ്രതിഫലമൊന്നുമില്ലാതെ പണിയെടുക്കണം. വരാനിരിക്കുന്ന നല്ല കാലത്തിനുവേണ്ടിയുള്ള പരിധിയില്ലാത്ത സഹനം! മലയാളത്തിലെ ഒരു പ്രമുഖ ആക്ഷന്‍ സംവിധായകന്റെ കൂടെ നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഒരു യുവാവ് തന്റെ അനുഭവം ഇങ്ങനെയാണ് വിവരിക്കുന്നത്. നാല് ചിത്രങ്ങളില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടും തന്റെ പേരെന്താണെന്നുപോലും സംവിധായകന് അറിയില്ലായിരുന്നു. തുടക്കം മുതല്‍ 'ഇഡിയറ്റ്' എന്നാണ് സംവിധായകന്‍ ഈ അസിസ്റ്റന്റിനെ വിളിച്ചിരുന്നത്. പുതുതായി സംവിധാന രംഗത്തേക്ക് കടന്നുവരുന്ന 'താല്‍ക്കാലിക മെമ്പര്‍ക്ക്' ലഭിക്കുന്ന സ്വീകരണം ഇതാണ്.

നൂറ് ദിവസത്തോളം നീണ്ട ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനുശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ വണ്ടിക്കൂലിക്ക് 500 രൂപ ചോദിച്ച അസിസ്റ്റന്റ് ഡയറക്ടറോട് പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞത്, ഒരു പൈസപോലും അസിസ്റ്റന്‍സിന് കൊടുത്തുപോകരുതെന്നാണ് ഡയറക്ടറുടെ പ്രത്യേക നിര്‍ദേശം എന്നാണ്. ചിത്രീകരണത്തിനൊടുവില്‍ ഡബ്ബിംഗിന് സഹായിക്കാന്‍ ആദരപൂര്‍വം കാത്തുനിന്ന മറ്റൊരു സംവിധാന സഹായി താമസിക്കാന്‍ ഇടമോ ഭക്ഷണം കഴിക്കാന്‍ പണമോ ഇല്ലാതെ ഒടുവില്‍ സംവിധായകനെ തന്നെ സമീപിച്ചു. ''ഞങ്ങളൊക്കെ സിനിമ പഠിച്ചത് കടത്തിണ്ണയിലും ബസ് സ്റ്റാന്റിലുമൊക്കെ അന്തിയുറങ്ങിയാ... കൊച്ചിയിലെന്താ റെയില്‍വേ സ്റ്റേഷനൊന്നും ഇല്ലായോ?'' എന്നായിരുന്നു ഗുരുവിന്റെ മറുപടി. ലൊക്കേഷനില്‍ വെച്ചു പരിചയപ്പെട്ട മറ്റൊരു സിനിമാഭ്രാന്തന്റെ കാരുണ്യത്തില്‍ അയാളുടെ മുറിയില്‍ അന്തിയുറങ്ങിയാണ് ആ സംവിധാനസഹായി സിനിമ പൂര്‍ത്തിയാക്കിയത്. ഇത്തരം നിരവധി അനുഭവങ്ങള്‍ സിനിമാവ്യവസായ രംഗത്തെ യഥാര്‍ഥ തൊഴിലാളികള്‍ പങ്കുവെക്കുന്നു. സിനിമാ സെറ്റിലെ ഭക്ഷണവിതരണത്തില്‍ മുതല്‍ പന്തിയിലെ വലുപ്പച്ചെറുപ്പം ദൃശ്യമാകും. സൂപ്പര്‍സ്റ്റാര്‍ മുതല്‍ ലൈറ്റ്ബോയ് വരെ ഓരോ ശ്രേണിയില്‍ പെട്ടവര്‍ക്കും വ്യത്യസ്തമായ ഭക്ഷണമാണ് വിതരണം ചെയ്യുക. താമസം മുതല്‍ ഭക്ഷണം വരെയുള്ള ഈ ഉച്ചനീചത്വം ഒരുതരം അനുഷ്ഠാനം പോലെ സിനിമാവ്യവസായം പാലിച്ചുപോരുന്നുണ്ട്. ഈ തൊഴില്‍ സാഹചര്യത്തിലേക്കാണ് തൊലിപ്പുറമേയുള്ള ചില ട്രേഡ് യൂനിയന്‍ അവകാശവാദങ്ങളുമായി ഫെഡറേഷന്‍ ഇടപെടലുകള്‍ നടത്തുന്നത്.

സിനിമാ വ്യവസായരംഗത്ത് ഇത്തരം മാമൂലുകളും ഉച്ചനീചത്വങ്ങളും നിലനിറുത്തിക്കൊണ്ടുതന്നെയാണ് ട്രേഡ് യൂനിയന്‍ സ്വഭാവം കൈവരിക്കാന്‍ മാക്ട ശ്രമിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുകയെന്ന അടിസ്ഥാനപരമായ ലക്ഷ്യത്തിലേക്കുള്ള ഈ ചുവടുവെപ്പില്‍ ഒരു കലാപ്രവര്‍ത്തനം എന്ന നിലയിലുള്ള സിനിമയുടെ സവിശേഷത മറ്റൊരു തരം പ്രതിസന്ധി കൂടി സൃഷ്ടിക്കുന്നുണ്ട്. മലയാള സിനിമാരംഗത്ത് നിലനിന്നുപോരുന്ന 'ഗുരുകുലസമ്പ്രദായ'ത്തിന് പുറത്തുനിന്ന് വരുന്നവരെ അതെപ്പോഴും അകറ്റിനിറുത്താന്‍ ശ്രമിക്കുന്നു. പുതിയ സംവിധായകര്‍ക്കും പുതിയ സിനിമാസങ്കല്‍പങ്ങളുമായി വരുന്നവര്‍ക്കും നേരെ ട്രേഡ് യൂനിയന്‍ തന്ത്രങ്ങള്‍ കൂടി പുറത്തെടുക്കുമ്പോള്‍ മാക്ടയുടെ പരിധിക്ക് പുറത്തുനില്‍ക്കുന്ന സംവിധായകരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. പുതിയ കാഴ്ചശീലങ്ങളുടെ പിന്‍ബലത്തില്‍ പരമ്പരാഗത ശിക്ഷണമില്ലാതെ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കുമുമ്പില്‍ മാക്ടയുടെ തൊഴിലാളി യൂനിയന്‍ മാനദണ്ഡങ്ങള്‍ വിലങ്ങുതടിയാവുന്നുവെന്ന വിമര്‍ശം ശക്തമാണ്.

നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും പുതിയ കാലത്തിന്റെ രാഷ്ട്രീയം ധ്വനിക്കുന്ന സിനിമയെടുക്കണമെന്ന ആഗ്രഹവുമായി മുന്നോട്ടുവരുകയും ചെയ്ത ചെറുപ്പക്കാരനാണ് അജയന്‍. കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി'യെ ആസ്പദമാക്കി അജയന്‍ സംവിധാനം ചെയ്യുന്ന 'ബോധി' എന്ന ചിത്രം ആദ്യം മുതല്‍ തന്നെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. കൃത്യമായ ഒരു പ്രൊഡ്യൂസറോ സംഘാംഗങ്ങളോ ഇല്ലാതെ വളരെ ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ചിത്രത്തിന്റെ മൂലധനം ഒരേ തരംഗവേഗത്തില്‍ ചിന്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ മാക്ടയിലെ വിവിധ യൂനിയനുകള്‍ തടസ്സവാദവുമായി രംഗത്തുവന്നു. അവരുടെ യൂനിയനില്‍ പെട്ടവരെ മാത്രം ഉള്‍പെടുത്തിക്കൊണ്ടായിരിക്കണം ചിത്രീകരണം, മാക്ടയില്‍ മെമ്പര്‍ഷിപ്പില്ലെങ്കില്‍ സിനിമയെടുക്കാനാവില്ല തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തിയായിരുന്നു തടസ്സവാദങ്ങള്‍. സംവിധായകനുള്‍പ്പെടെ എല്ലാവരും മാറണം എന്നായിരുന്നു തൊഴിലാളി യൂനിയന്‍ പരോക്ഷമായി നിര്‍ദേശിച്ചത്. ''വളരെ പാഷനോടുകൂടിയാണ് സിനിമയിലേക്ക് ഞങ്ങള്‍ എത്തുന്നത്. മാത്രവുമല്ല അതിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ആ പൊളിറ്റിക്സ് നമ്മുടെ സാമൂഹികനീതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു മാധ്യമത്തിലൂടെ പുറത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ട്രേഡ് യൂനിയന്‍ മനോഭാവത്തോടെ സമീപിക്കുന്നത് വേദനാജനകമാണ് '' ^അജയന്‍ പറയുന്നു.

''മാക്ട പോലുള്ള സംഘടനകള്‍ ഒരു വ്യവസായം എന്ന നിലയില്‍ സിനിമയുടെ നിലനില്‍പിന് സഹായകമായേക്കാം. പക്ഷേ, സര്‍ഗാത്മകമായ രീതിയില്‍ അല്ലെങ്കില്‍ വളരെ റിബലായ രീതിയില്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, സമാന്തരമായ സിനിമാസങ്കല്‍പങ്ങളുമായി വരുന്ന എന്നെപ്പോലുള്ളവര്‍ക്ക് മാക്ട പോലെയുള്ള പ്രസ്ഥാനങ്ങള്‍ തടസ്സമായാണ് നില്‍ക്കുന്നത്. ജോണിന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകള്‍ കണ്ട് ആ മൂല്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ജനകീയമായ രീതിയില്‍ സിനിമ ചെയ്യാന്‍ മുന്നോട്ടുവരുമ്പോള്‍ മാക്ട മെമ്പര്‍ഷിപ്പും കനത്ത മെമ്പര്‍ഷിപ്പ് തുകയുമൊക്കെയായി പ്രതിബന്ധം സൃഷ്ടിക്കുന്നു. നിങ്ങള്‍ക്ക് മാക്ടയില്‍ മെമ്പര്‍ഷിപ്പുണ്ടോ, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സിനിമ ചെയ്യാനാവില്ല എന്നാണവര്‍ പറയുന്നത്. ഇത് ഭീഷണിയുടെ സ്വരത്തിലാണ് വരുന്നത്. ഭീഷണി ഉയരുന്നത് പലപ്പോഴും മാക്ടയുടെ നേതൃത്വത്തില്‍ നിന്നല്ല. ചിലപ്പോള്‍ കാമറാമാന്‍ ആവാം, അല്ലെങ്കില്‍ മേക്കപ്മാന്മാരാവാം. അതുമല്ലെങ്കില്‍ മറ്റു ചിലര്‍.... എനിക്കുതോന്നിയത് ക്രിയേറ്റീവ് ആയി ചെയ്യാന്‍ അവരുടെ കൈയില്‍ ഒന്നുമില്ലാത്തതിന്റെ ഭീതിയാണ് ഭീഷണിയുടെ സ്വരം സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്നാണ്. മാക്ടയുടെ മെമ്പര്‍ഷിപ്പ് ഉണ്ടെങ്കില്‍ ആര്‍ക്കും സിനിമയെടുക്കാം, പക്ഷേ എന്നെപ്പോലുള്ളവര്‍ക്ക് കൃത്യമായ പ്രൊഡ്യൂസര്‍ പോലുമില്ല. ഞാന്‍ സിനിമ ചെയ്യുന്നത് എന്റെ സുഹൃത്തുക്കളും ഈ വിഷയവുമായി താല്‍പര്യമുള്ളവരുമൊക്കെ ഒന്നുചേര്‍ന്നുകൊണ്ടുള്ള ഒരു ശ്രമമാണ്. പത്തോ ഇരുപതോ ലക്ഷം സ്വരുക്കൂട്ടിയെടുക്കുന്ന സിനിമ. ഇത്തരം സിനിമകളാണ് എല്ലാകാലത്തും മലയാള സിനിമയെയും ഭാഷയെയും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ശ്രമങ്ങളെയും തീക്ഷ്ണമായ സ്വപ്നങ്ങളെയും നശിപ്പിച്ചുകളയുന്ന ഒരു പ്രവണതയാണ് മാക്ട പോലുള്ള സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.''

സമാന്തരവും സ്വതന്ത്രവുമായ സിനിമാ പ്രവര്‍ത്തനങ്ങളേയും ശ്രമങ്ങളെയും ബാധിക്കുന്ന രീതിയിലേക്ക് മാക്ടയുടെ ട്രേഡ്യൂനിയനിസം അവകാശ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സിനിമയുടെ വ്യത്യസ്തമായ ധാരകളെ അത് തടയുന്നു. വ്യവസായത്തെയും അതിന്റെ രീതികളെയും മാനദണ്ഡങ്ങളെയും മാത്രമല്ല, സിനിമ എന്ന മാധ്യമത്തെക്കൂടി സ്വന്തം നിര്‍വചനങ്ങള്‍ക്കകത്തേക്ക് ചുരുക്കാനുള്ള ശ്രമം കൂടി ഇവിടെ വെളിപ്പെടുകയാണ്. മൂലധനകേന്ദ്രിതമായ ഒരു വ്യവസായത്തെ സാധ്യമാക്കുന്ന ഇടം എന്ന നിലക്ക് മാത്രമാണ് സിനിമാ നിര്‍മാണത്തെ മാക്ട സമീപിക്കുന്നത്. ലാഭം ലക്ഷ്യംവെക്കുന്ന ഒരു ഉല്‍പന്നം മാത്രമായി സിനിമ മാറുകയും ചെയ്യുന്നു. ട്രേഡ് യൂനിയനിസത്തിലേക്ക് പ്രവേശിക്കുന്ന ഒരു തൊഴില്‍മേഖലയുടെ ആന്തരികസംഘര്‍ഷങ്ങളെ മാത്രമേ അത് അഭിസംബോധന ചെയ്യുന്നുള്ളു. മറ്റെല്ലാത്തരം വ്യത്യസ്തതകളെയും ഇത് നിരാകരിക്കുകയും ചെയ്യുന്നു. ''ഇവിടത്തെ മധ്യവര്‍ഗ സിനിമ ഒരു വീഗാലാന്റ് സംസ്കാരമാണ് മുന്നോട്ടുവെക്കുന്നത്. അവിടെ ചെന്നാല്‍ ഒന്ന് കുളിക്കണം, നീന്തണം, കളിക്കണം ആഘോഷിക്കണം, പാട്ടുപാടി നൃത്തം വെക്കണം. ഈ ബഹളങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ഞാന്‍ മനസ്സിലാക്കിയതും കണ്ടുശീലിച്ചതും എന്റെ മനസ്സിലുള്ളതുമായ സിനിമ ചെയ്യാന്‍ ഞാന്‍ ഇറങ്ങിത്തിരിക്കുന്നു. സിനിമ എന്ന കലാരൂപത്തിന് കഥകളിപോലെത്തന്നെ, നാടകം പോലെത്തന്നെ ഒരു ഒറിജിനാലിറ്റി ഉണ്ട്. അത് മാസ്റ്റേഴ്സിന്റെ സിനിമകളില്‍ നാം കണ്ടെത്തിയിട്ടുള്ള യാഥാര്‍ഥ്യമാണ്. അത്തരം സിനിമകളെ റോള്‍ മോഡലായി നിറുത്തിക്കൊണ്ട് കേരളത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഇവിടെ നിന്ന് വളരെ നെഗറ്റീവ് ആയ പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത്തരം സിനിമകള്‍ കാണാന്‍ ആരെക്കിട്ടും എന്ന പ്രതികരണമാണ് ആദ്യം ലഭിക്കുക. പക്ഷേ, നാടകരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ കരുത്ത് ഉള്ളിലുള്ളതുകൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ എനിക്ക് കഴിയും. ഇത് മധ്യവര്‍ഗസിനിമാക്കാര്‍ ജനങ്ങളെക്കുറിച്ച് ഉണ്ടാക്കിവെച്ചിരിക്കുന്ന വികലമായ മുന്‍വിധിയാണ്. നമ്മുടെ തെരുവില്‍ പണിയെടുക്കുന്നവരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഉള്ളില്‍ പസോളിനിയും ഗൊദാര്‍ദും കുറാസോവയും ഒക്കെയുണ്ടെന്ന് ഇവര്‍ അറിയുന്നില്ല. ഗ്രാമങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ സിനിമ ആസ്വദിക്കാനെത്തുവരില്‍ ഭൂരിഭാഗവും ഈ സാധാരണക്കാര്‍ തന്നെയാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. എന്നാല്‍ സിനിമയെ കൊമേഴ്സ്യല്‍ തലത്തില്‍നിന്ന് മാത്രം ചിന്തിക്കുന്നവര്‍ക്ക് ഈ പ്രേക്ഷകരെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ല. ഇതിന്റെയൊക്കെ ഭാഗമായാണ് മാക്ട പോലുള്ള സംഘടനകള്‍ വെച്ച് അവര്‍ക്ക് ഇങ്ങനെയൊരു കളി കളിക്കേണ്ടി വരുന്നത്.'' ^അജയന്‍ അഭിപ്രായപ്പെടുന്നു.

മാക്ട മുന്നോട്ടുവെക്കുന്ന നിബന്ധനകളെക്കുറിച്ച് വളരെ വ്യത്യസ്തമായ നിലപാടാണ് ദേശീയ അവാര്‍ഡ് ജേതാവായ ഫിലിം എഡിറ്റര്‍ ബി അജിത് കുമാര്‍ പങ്കുവെക്കുന്നത്. ''സിനിമ നിര്‍മിക്കുന്നതിനോ റിലീസ് ചെയ്യുന്നതിനോ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാകാന്‍ പാടില്ല. അതിലുപരിയായി, നമ്മുടെ സിനിമയുടെ അഭിവൃദ്ധിക്കായി പുതിയ പ്രതിഭകളെയും ആശയങ്ങളെയും പ്രോല്‍സാഹിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. യൂനിയന്‍ മെമ്പര്‍ഷിപ്പിനുവേണ്ടി ഔദ്യോഗികമായ ഒരു അപ്രന്റിസ്ഷിപ്പ് നിര്‍ബന്ധമാക്കുകയല്ല വേണ്ടത്. ഒരാള്‍ക്ക് സിനിമ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍, അല്ലെങ്കില്‍ ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അയാള്‍ മെമ്പര്‍ഷിപ്പിന് അര്‍ഹനായിരിക്കണം.

ഓഡിയോ വിഷ്വല്‍ ഇമേജിംഗ് രംഗം ഇത്തരം മാനദണ്ഡങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാത്ത വിധം അങ്ങേയറ്റം ജനാധിപത്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങളുടെ മൊബൈലില്‍ പോലും സിനിമ നിര്‍മിക്കാവുന്ന കാലമാണിത്. പ്രതിഭയുള്ളവര്‍ അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്തുക തന്നെ ചെയ്യും. പുതിയ ടെക്നീഷ്യന്മാരും ചലച്ചിത്രകാരന്മാരും കഴിവുള്ളവരാണോ എന്നത് അവരുടെ സൃഷ്ടികള്‍ തന്നെ തെളിയിക്കട്ടെ. യൂനിയനുകളും പ്രൊഫഷനല്‍ സംഘടനകളും തൊഴിലാളികളുടെയും പ്രൊഫഷനലുകളുടെയും ശക്തിയാണ് പ്രകടിപ്പിക്കേണ്ടത്. മറിച്ച് അവരുടെ ദൌര്‍ബല്യങ്ങളും പ്രൊഫഷനല്‍ അരക്ഷിതത്വവുമല്ല.''

മാക്ടയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ 'വ്യവസായ'ത്തിന് അകത്തും പുറത്തുമായി സിനിമകളെ സങ്കല്‍പിക്കുകയും വ്യത്യസ്തതകളെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതുപോലെ തന്നെ അവകാശങ്ങളുടെ കാര്യത്തിലും അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലും ഇരട്ടസമീപനം സ്വീകരിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ 'മണിച്ചിത്രത്താഴി'ന്റെ തിരക്കഥാകൃത്തിന്റെ അനുഭവം ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. 'മണിച്ചിത്രത്താഴി'ന്റെ കഥ വിവിധ ഭാഷകളില്‍ സിനിമയായി. എല്ലാം വന്‍ഹിറ്റുകളുമായിരുന്നു. എന്നാല്‍, അതിന്റെ കഥാകൃത്തായ മധുമുട്ടത്തിന് ഒരു പ്രയോജനവും കിട്ടിയില്ല. പകര്‍പ്പവകാശം വാങ്ങാതെയാണ് സിനിമയുടെ കഥ വില്‍പന നടത്തിയതെന്നും കഥാകൃത്തിന്റെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മധുമുട്ടം കോടതിയെ സമീപിച്ചു. പ്രമുഖസംവിധായകരായ ഫാസിലും പ്രിയദര്‍ശനുമായിരുന്നു എതിര്‍കക്ഷികള്‍. സ്വാഭാവികമായും മാക്ട കേസില്‍നിന്നും തന്ത്രപരമായ അകലം പാലിച്ചു. ''മണിച്ചിത്രത്താഴിന്റെ പകര്‍പ്പവകാശത്തെ സംബന്ധിക്കുന്ന കേസ് ആരംഭിക്കുന്ന കാലത്ത് ഞാന്‍ മാക്ടയില്‍ അംഗമായിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട് മാക്ട എപ്പോഴെങ്കിലും ഇടപെട്ടതായി എനിക്കറിയില്ല. വളരെ അടുത്തകാലത്ത് ഞാന്‍ മാക്ട റൈറ്റേഴ്സ് യൂനിയനില്‍ അംഗത്വമെടുത്തു. എഴുത്തുകാരന്റെ അവകാശങ്ങള്‍ പരമാവധി സംരക്ഷിക്കുക എന്നതാണ് യൂനിയന്റെ ലക്ഷ്യമെന്നും എന്റെ കേസ് അതിന് ഒരു കാരണമാണെന്നുമൊക്കെ പൊതുയോഗത്തില്‍ പലരും പറഞ്ഞു. അതിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.'' ^മധുമുട്ടം പറയുന്നു.

സെല്ലുലോയ്ഡില്‍ പതിയുന്ന ഉല്‍പന്നത്തിന് മാത്രമാണ് സിനിമയുടെ നിര്‍മാതാവിന് അവകാശം. കഥയും തിരക്കഥയുമെല്ലാം എഴുത്തുകാര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പകര്‍പ്പവകാശനിയമത്തിന്റെ കാതല്‍. എന്നാല്‍, മാക്ട റൈറ്റേഴ്സ് യൂനിയന്‍ ഇക്കാര്യത്തില്‍ പുതിയ സമീപനമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു ഭാഷകളിലേക്ക് കഥ വില്‍ക്കുമ്പോള്‍ പ്രതിഫലത്തിന്റെ അമ്പത് ശതമാനം എഴുത്തുകാരനും അമ്പത് ശതമാനം നിര്‍മാതാവിനുമുള്ളതാവണം എന്നാണ് ഈ സമീപനം. മൂലധനകേന്ദ്രിതമായ ഇത്തരം സമവായങ്ങള്‍ എഴുത്തുകാരുടെ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. എന്നാല്‍ മാക്ട അംഗത്വത്തിനുവേണ്ടി ഈ നിര്‍ദേശങ്ങള്‍ക്ക് എഴുത്തുകാര്‍ക്ക് വഴിപ്പെടേണ്ടിവരുന്നു. എഴുത്തുകാരുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ പോലും മാക്ട അംഗമല്ലാത്ത പുതിയ എഴുത്തുകാരുടെ കാര്യത്തില്‍ വളരെ വിചിത്രമായ നിലപാടാണ് യൂനിയന്‍ പിന്തുടര്‍ന്നുപോരുന്നത്. കഥാകൃത്തിന് അംഗത്വമില്ലെങ്കില്‍ അയാള്‍ക്ക് അര്‍ഹമായ ക്രെഡിറ്റോ പ്രതിഫലമോ നല്‍കാന്‍ വിസമ്മതിക്കുന്ന യൂനിയന്‍ അവകാശങ്ങളേക്കാള്‍ 'വ്യവസായിക' താല്‍പര്യത്തിന് കീഴടങ്ങുകയാണ്. മറ്റു തൊഴിലാളി യൂനിയനുകളിലും അംഗത്വത്തിന് നിശ്ചിത മാനദണ്ഡങ്ങളും അംഗത്വഫീസും ഉണ്ടെന്നതു ശരി തന്നെ. എന്നാല്‍, അത്തരം തൊഴില്‍ മേഖലകളിലേതുപോലെ സ്ഥിരം ജോലിയും വേതനവും ഉറപ്പുനല്‍കുന്ന രംഗമല്ല സിനിമ. സാങ്കേതികവിദഗ്ധരെ മാറ്റിനിറുത്തിയാല്‍ ചലച്ചിത്രത്തിന്റെ സര്‍ഗാത്മകമേഖലകളില്‍ ഇടപെടുന്നവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുനല്‍കാന്‍ മാക്ടക്കു കഴിയില്ല എന്ന പ്രശ്നം ഇവിടെ ബാക്കിനില്‍ക്കുന്നു.

Thursday, June 05, 2008

കന്യാസ്ത്രീകളും വനിതാ കമ്മിഷനും

കന്യാസ്ത്രിയാകാന്‍ മിനിമം പ്രായമൊക്കെ നിര്‍ദ്ദേശിച്ച്‌ ജസ്റ്റിസ്‌ ശ്രീദേവിയുടെ കുറിപ്പടി വന്നതോടെ കത്തോലിക്ക സഭക്ക്‌ സര്‍ക്കാരിനെ തല്ലാന്‍ മറ്റൊരു വടി കൂടിയായി. ദീപികയും ഡിക്കനും എഴുതി വിടുന്നതില്‍ നിന്ന് കാര്യങ്ങളുടെ ഒരു നിജ സ്ഥിതി എല്ലാവര്‍ക്കും വ്യക്തമായിക്കാണും.

ജസ്റ്റിസ്‌ ശ്രീദേവിയുടെ ഈ കുറുപ്പടിയേപ്പറ്റി ഒറ്റ CPM നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്തിന്‌ ജനാധിപത്യ മഹിളകള്‍ പോലും സംസാരിച്ചിട്ടില്ല. ഉടന്‍ തന്നെ ആരെങ്കിലും പ്രതികരിച്ചിലെങ്കില്‍ കത്തോലിക്ക സഭയേ തകര്‍ക്കാനുള്ള ഗൂഡ ശ്രമമാണ്‌ ഇതെന്ന് വ്യാഖ്യാനം വരും. ചിലപ്പോള്‍ ഇടയലേഖനങ്ങളോ സമരങ്ങളോ പ്രതീക്ഷിക്കാം. ഇനി ശ്രീദേവി പറഞ്ഞതില്‍ കാര്യമുണ്ടോ ചിന്തിക്കുമ്പോള്‍ എനിക്ക്‌ തോന്നുന്ന ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

കത്തോലിക്ക സഭയില്‍ രണ്ട്‌ ജീവിതാന്തസുകളാണ്‌ പ്രധാനമായും ഉള്ളത്‌ അല്‍മ്മായരും സന്യസ്തരും. അച്ചന്മാരും കന്യാസ്ത്രീകളുമായവരെ സന്യസ്തര്‍ എന്നും അല്ലാത്തവരെ അല്‍മായരെന്നും വിളിക്കുന്നു. ഇനി സഭയെയില്‍ എങ്ങനെയാണ്‌ ആളുകള്‍ സന്യസ്തരാകാന്‍ പോകുന്നതെന്ന് നോക്കാം.(ഇത്‌ എന്റ ചുറ്റുപാടില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും എഴുതുന്നതാണ്‌ തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു). സഭയുടെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ 9 ആം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പല സന്യാസി സമൂഹങ്ങളിലേയും ആള്‍ക്കാര്‍ സ്കൂളുകളില്‍ എത്തുകയും അവരുടെ സന്യാസ സമൂഹങ്ങളെ പരിചയപ്പെടുത്തുകയും അതിലേക്ക ക്ഷണിക്കുകയും ചെയ്യും. ഇത്‌ 10 ക്ലാസിലും തുടരും. 10 ആം ക്ലാസ്‌ പരീക്ഷ കഴിയുമ്പോള്‍ ദൈവവിളി ക്യാമ്പ്‌ എന്ന പേരില്‍ ഒരു സെമിനാര്‍ ഓരോ ഫോറോന പള്ളി കേന്ദ്രീകരിച്ച്‌ നടത്താറുണ്ട്‌. ആ ഫോറോനയുടെ കീഴില്‍ വരുന്ന ഇടവകകളിലെ 10 ഇല്‍ പരീക്ഷ എഴുതിയ കുട്ടികള്‍ ( എല്ലാ കുട്ടികളും പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല. സന്യാസ ജീവിതം തിരഞ്ഞെടുക്കാന്‍ മാത്രം താല്‍പര്യമുള്ളവര്‍ ആയിരിക്കണമെന്നും നിരബന്ധവും ഇല്ല ) പങ്കെടുക്കുന്നു. അവിടെയുംവിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ സഭകളെ പരിചയപ്പെടുത്തുന്നു. ക്യാമ്പ കഴിഞ്ഞ്‌ വീട്ടില്‍ എത്തുന്ന കുട്ടികള്‍ മാതാപിതാക്കളുമായി സംസാരിക്കുന്നു. ചില മാതാപിതാക്കള്‍ എതിര്‍ക്കുന്നു ചിലര്‍ അനുകൂലിക്കുന്നു. അനുകൂലിക്കുന്നവര്‍ അവരെ സന്യാസ സമൂഹങ്ങളിലേക്ക്‌ പറഞ്ഞയിക്കുന്നു.

അങ്ങനെ 15 വയസില്‍ തന്നെ അച്ചനാകാനോ കന്യസ്ത്രീ ആകാനോ പോകുന്നവരാണ്‌ ബഹു ഭൂരിപക്ഷം ആള്‍ക്കാരും. അതില്‍ അച്ചനാകാന്‍ ഒരു പാട്‌ കാലം പഠിക്കേണ്ടതുണ്ട്‌. ഏതാണ്ട്‌ 10 ഓ 12 ഓ ചിലപ്പോള്‍ അതില്‍ കൂടുതല്‍ വര്‍ഷം പഠിച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ തിരുപ്പട്ടം എന്ന കൂദാശ ലഭിക്കുകയും അയാള്‍ ഒരു അച്ചനായി തീരുകയും ചെയ്യുന്നത്‌. ഈ വലിയ ഒരു കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഒരുാള്‍ക്ക്‌ മടങ്ങി പോരാവുന്നതോ അലെങ്കില്‍ സഭക്ക്‌ അയാളെ കൊള്ളില്ല എന്ന് കണ്ടാല്‍ മടക്കി അയക്കാവുന്നതോ ആണ്‌. എന്നാല്‍ കന്യാസ്ത്രി ആകാന്‍ പോകുന്ന ഒരാള്‍ക്ക്‌ ഇത്രക്ക്‌ വലിയ ഒരു കാലയളവ്‌ പഠിക്കേണ്ടതില്ല.ഏതാണ്ട്‌ 3.5 വര്‍ഷം കഴിയുമ്പോള്‍ തന്നെ അവര്‍ താല്‍ക്കാലിക വൃതം സ്വീകരിക്കാന്‍ പര്യാപ്തമാകുകയും സഭാ വസ്ത്രം അണിയാന്‍ യോഗ്യയാകുകയും ചെയ്യും. ചുരുക്കത്തില്‍ 18 വയസിന്റ അവസാനങ്ങളില്‍ അവര്‍ ഒരു കന്യാസ്ത്രി ആയി പൊതു സമൂഹം അംഗീകരിക്കും. സാങ്കേതികമായി നിത്യ വൃത വാഗ്ദാനം പിന്നേയും വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും അവര്‍ കന്യസ്ത്രിയായി സമൂഹത്തില്‍ സ്വീകാര്യയായിട്ടുണ്ടാകും.

15ആം വയസില്‍ അച്ചനാകാന്‍ പോകുന്നവരില്‍ മിക്കവരും മടങ്ങി വരാറുണ്ട്‌. പല കാരണങ്ങളാണ്‌ ഇതിന്‌ പിന്നില്‍ എന്ന് പറയപ്പെടുന്നു. സന്യാസ സമൂഹങ്ങളിലെ അച്ചടക്കമുള്ള ജീവിതത്തോട്‌ പൊരുത്തപ്പെടാന്‍ വയ്യാത്തവര്‍ മുതല്‍ ആശയപരമായ അഭിപ്രായാ വ്യത്യാസങ്ങള്‍ വരെ ഇതിന്‌ കാരണമാകുന്നുണ്ട്‌. അച്ചന്‍ പട്ടത്തിനുള്ള പഠനത്തിന്റ ഉയര്‍ന്ന നിലവാരം പലരേയും ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു. വളരെ ലിബറലായ പഠിപ്പിക്കലുകള്‍ പഠനത്തില്‍ ഉണ്ട്‌ ഇയവയൊക്കെ അതിന്റ യഥാര്‍ത്ഥ അര്‍ത്ഥ തലത്തില്‍ മനസിലാക്കാന്‍ കഴിവും പ്രാപ്തിയും ഉള്ളവര്‍ക്കേ ഈ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളൂ. അതുകൊണ്ട്‌ തന്നെ സെമിനാരിയില്‍ നിന്ന് മടങ്ങി എത്തുക എന്നത്‌ സമുദായത്തില്‍ വലിയൊരു പ്രശ്നമുള്ള ഒരു വിഷയമല്ല, അയാളുടെ സോഷ്യല്‍ സ്റ്റാറ്റസിനെ അത്‌ ഒരു തരത്തിലും ബാധിക്കില്ല. മാത്രവുമല്ല സെമിനാരിയില്‍ നിന്ന് മടങ്ങി വന്നവരില്‍ ഭൂരിപക്ഷവും English ഭാഷയില്‍ പ്രകടിപ്പിക്കുന്ന മികച്ച പ്രാവീണ്യവും സ്വഭാവത്തിലും ഇടപെടലിലും ആര്‍ജിക്കുന്ന കുലീനതയും കൊണ്ട്‌ ശ്രദ്ധിക്കപ്പെടാറുണ്ട്‌. അങ്ങനെ ഉള്ള മിക്കവരും ജീവിതത്തില്‍ നല്ല ഒരു നിലയില്‍ എത്തിച്ചേരാറും ഉണ്ട്‌. ഇതൊക്കെ കൊണ്ട്‌ തന്നെ സെമിനാരിയില്‍ നിന്ന് മടങ്ങുന്നവര്‍ പൊതുവില്‍ ഒരു പ്രശ്നവും നേരിടുന്നില്ല. അച്ചന്‍ പട്ടം ലഭിക്കുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ വരെ ഇവര്‍ മടങ്ങിയാല്‍ സമൂഹം പരിഭ്രമിക്കാറിലെങ്കിലും പട്ടം കിട്ടിയ ശേഷം മടങ്ങള്‍ അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല.

എന്നാല്‍ കന്യാസ്ത്രി മഠത്തില്‍ ചേരാന്‍ പോകുന്നവര്‍ ഭൂരിപക്ഷവും അവിടെ തന്നെ തുടരുന്നതാണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌. മാത്രവുമല്ല ഒരു കന്യാസ്ത്രീ മഠത്തില്‍ നിന്ന് മടങ്ങി വരുന്നതിനോട്‌ സമൂഹം പ്രതികരിക്കുന്നത്‌ അച്ചനാകാന്‍ പോയ ഒരാള്‍ മടങ്ങി വരുന്നത്‌ പോലെ അല്ല. മഠം ചാടി മറിയാ എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അവരെ കുത്തിപ്പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. സെമിനാരിയിലേപ്പോലെ ദീര്‍ഘമായ കാലയളവില്ലാത്തതിനാല്‍ അവര്‍ പെട്ടെന്ന ഏതാണ്ട്‌ 3.5 വര്‍ഷത്തിനുള്ളില്‍ സഭാ വസ്ത്രം ധരിച്ച്‌ കാണപ്പെടുന്നു. സഭാ വസ്ത്രം ഒഴിവാക്കി അവരെ അങ്ങനെ അല്ലാതെ കാണാന്‍ മാത്രം സമുദായം പുരോഗമിച്ച്‌ വരുന്നേ ഉള്ളൂ എന്നതാണ്‌ യഥാര്‍ത്ഥ്യം. ഇങ്ങനെ ഒരു അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ 90% കന്യാസ്ത്രികളും അവരുടെ ജിവിതാവസ്ഥ തുടരുകയാണ്‌ . മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു ശേഷമുള്ള എതിര്‍പ്പിനെ ഓര്‍ത്ത്‌ മിക്കവരും മടിക്കുന്നു.

ഇനി ശ്രീദേവിയുടെ അഭിപ്രാത്തിലേക്ക്‌ വന്നാല്‍ ഇത്‌ തികച്ചും അനവസര്‍ത്തില്‍ ഉള്ളതായിപ്പോയി എന്നേ എനിക്ക്‌ പറയുവാനുള്ളൂ. നിര്‍ദ്ദേശം വച്ചുകൊണ്ടല്ല സംവാദം നടത്തേണ്ടത്‌. അവര്‍ക്ക്‌ വേണമെങ്കില്‍ ഇങ്ങനെ ഒരു വിഷയം ഉണ്ട്‌ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു എന്നോ ചര്‍ച്ചകള്‍ക്ക്‌ ക്ഷണിക്കുന്നു എന്നോ പറയാമായിരുന്നു എന്നാണ്‌ എന്റ പക്ഷം. ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ അതൊരു കാരണമായേനേ . കുട്ടികളേ 18 വയസു തികഞ്ഞതിന്‌ ശേഷം മഠത്തില്‍ വിട്ടാല്‍ മതി എന്ന് അഭിപ്രായമുള്ള ഒരു ഭൂരിപക്ഷം സമുദായത്തില്‍ ഉണ്ട്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. സഭ തന്നെ ഭാവിയില്‍ അത്‌ അംഗീകരിക്കാനു സധ്യാതയുള്ളതായിരുന്നു എന്നാണ്‌ എന്റ നിരിക്ഷണം . നിര്‍ഭാഗ്യവശാല്‍ തെറ്റായ സമയത്ത്‌ ഉണ്ടായ്‌ ഈ നിര്‍ദ്ദേശങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുക മാത്രമല്ല ക്രിയാത്മക ചര്‍ച്ചക്കുള്ള അവസരം നഷ്ടമാക്കുകയും ചെയ്തു.

[NB]
അച്ചന്‍ പട്ടവും കന്യാസ്ത്രി ജീവിതവും ഒഴിവാക്കി വിവാഹിതരാകുന്ന രണ്ട്‌ പേരുടെ കഥ സാറാ ജോസഫ്‌ ഒതപ്പ്‌ എന്ന നോവലില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. സന്യാസ ജീവിതാന്തസില്‍ എത്തിയ ശേഷം അതില്‍ നിന്ന് പിന്‍തിരിയുന്നവൃടെ കുടുംബങ്ങള്‍ അവരെ എങ്ങനെ കാണുന്നു എന്നത്‌ വളരെ വ്യക്തമായി അതില്‍ ഇതില്‍ ഉണ്ട്‌.

Friday, May 23, 2008

ഡീക്കനെ വെറുതെ വിടുക.

കേരളത്തിലെ കത്തോലിക്ക ന്യൂനപക്ഷത്തിനെതിരെ എന്ന തലക്കെട്ടില്‍ പോസ്റ്റുകള്‍ എഴുതുന്ന ഡിക്കന്‍ റൂബിന്‍ തോട്ടുമ്പുറത്തിന്റ ബ്ലോഗില്‍ ദയവു ചെയ്ത്‌ കമന്റെഴുതി അദ്ദേഹത്തെ പ്രകോപിപ്പിക്കരുത്‌ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹം എഴുതുന്നവയില്‍ മിക്കതും മറ്റ്‌ പലരും വിവിധ കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ മറ്റ്‌ പലരും എഴുതുന്നവയണ്‌. അത്‌ ബ്ലോഗില്‍ എത്തിക്കുക എന്ന കടമ മാത്രമേ ഡീക്കനുള്ളൂ. എന്നാല്‍ അത്‌ കണ്ട്‌ പ്രകോപിതരായ നമ്മളില്‍ പലരും അവിടെപ്പോയി ക്രിയാത്മക ചര്‍ച്ചക്ക്‌ ചെന്നപ്പോള്‍ ഡിക്കന്‍ പ്രതികരിച്ചത്‌ കണ്ടല്ലോ? അപ്പോള്‍ ദയവായി ഇനി ഇത്തരം ചര്‍ച്ചകള്‍ അവിടെ നടത്തതിരിക്കുക, നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഇവയെപ്പറ്റി ചര്‍ച്ചയാകാം. അന്നയുടെ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ വന്നപ്പോള്‍ ഡിക്കന്‍ തന്നെ അവിടെ ഇടപെട്ടു.

ഡീക്കന്‍ ചെയ്യുന്ന സേവനത്തിന്റ വില നമ്മള്‍ അറിയുന്നില്ല. കേരളത്തിലെ കത്തോലിക്ക സഭ എങ്ങനെ ഒക്കെയാണ്‌ സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നതെന്ന് ഡിക്കന്റ പോസ്റ്റുകളിലൂടെ നമ്മള്‍ക്കറിയാന്‍ സാധിക്കുന്നു. വിവിധ കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ഈ ലേഖനങ്ങള്‍ യൂണിക്കോഡില്‍ ആക്കി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതുകൊണ്ടാണ്‌ ഇങ്ങനെ ഒക്കെയാണ്‌ വിവിധ വിഷങ്ങളില്‍ സഭ പ്രതികരിക്കുന്നതെന്ന് അറിയാന്‍ കഴിയുന്നത്‌. പലിടങ്ങളിലായി നടത്തുന്ന വിവിധ പ്രചരണങ്ങളെ ബ്ലോഗില്‍ എത്തിക്കുന്നതു വഴി വലിയ സേവനമാണ്‌ ഡിക്കന്‍ നടത്തുന്നത്‌. അതുകൊണ്ട്‌ ഈ സേവനങ്ങളെക്കരുതി എങ്കിലും ഡീക്കനെ വെറുതെ വിടുക

Monday, May 19, 2008

ഏകജാലകം നല്ലതിനോ ?

കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത്‌ എന്ത്‌ പരിഷക്കരണം കൊണ്ടുവന്നാലും വിവാദമാകുക സാധരണമാണ്‌. സി.പി. രാമസ്വാമി അയ്യരുടെ കാലം മുതല്‍ ഈ വിവാദങ്ങള്‍ ഉണ്ട്‌. ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രി സഭയുടെ പതനത്തിന്‌ വഴിതെളിച്ചതും വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരം തന്നെ. അത്‌ ഈ കമ്യൂണിസ്റ്റ്‌ മന്ത്രി സഭയേയും പിന്‍തുടരുമോ എന്ന് തോന്നിക്കുന്ന തരത്തിലാണ്‌ വിദ്യാഭ്യാസ പരിഷ്ക്കരണ വിവാദങ്ങളുടെ പോക്ക്‌. പുതിയ വിവാദം ഏകജലക സംവിധാനമാണ്‌. പതിവു പോലെ കത്തോലിക്ക സഭ സര്‍ക്കാരിനെതിരെ പല്ലും നഖവുമെടുത്ത്‌ ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ ഒപ്പം ഉള്ളത്‌ NSS മാത്രമെന്നാണ്‌ ഇപ്പോള്‍ കാണുന്നത്‌. ബാക്കിയെല്ലാവരേയും സര്‍ക്കാര്‍ പാട്ടിലാക്കി കഴിഞ്ഞു എന്തിന്‌ ഓര്‍ത്തഡോക്സ്‌ സഭയേപ്പോലും.

കൊട്ടിഘോഷിക്കപ്പെട്ട സ്വയാശ്രയ നിയമം കോടതിയില്‍ ഉടഞ്ഞു വീഴുന്നത്‌ വരെ ഞാനടക്കമുള്ളവര്‍ അതിനേ ശക്തമായി പിന്‍തുണച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഏകജലക പരിഷക്കാരത്തെപ്പറ്റി പെട്ടെന്ന് പിന്‍തുണക്കേണ്ട എന്ന് തീരിമാനിച്ചു. സഭക്ക്‌ പറയാനുള്ളത്‌ മുഴുവന്‍ കേട്ടിട്ടെ ഒരു നിലപാട്‌ എടുക്കൂ എന്ന് ആദ്യമേ തീരുമാനിച്ചു. ഇതാണ്‌ സഭയുടെ വാദഗതികള്‍


ഏകജാലകം: വീണ്ടുമൊരു തുഗ്ലക്‌ പരിഷ്കാരം - ഫാ. ലോറന്‍സ്‌ തൈക്കാട്ടില്‍


കേരള വിദ്യാഭ്യാസ വകുപ്പ്‌ മാര്‍ച്ച്‌ 29-ന്‌ ഇറക്കിയ ഉത്തരവനുസരിച്ച്‌ അടുത്ത അധ്യയനവര്‍ഷത്തില്‍ (2008-09) പ്ലസ്‌ വണ്‍ ക്ലാസുകളിലേക്ക്‌ ഏകജാലക സംവിധാനത്തിലൂടെയാണു വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കുക. ഈ പുതിയ സംവിധാനം പ്ലസ്‌ വണ്‍ പ്രവേശനമാകെ പ്രശ്നകലുഷിതമാക്കുമെന്ന്‌ ആദ്യമേ പറയട്ടെ.ഏകജാലക സംവിധാനംപ്ലസ്‌ വണ്‍ പ്രവേശനത്തിനു നിലവിലുള്ള രീതി മാറ്റി ഓരോ ജില്ലയ്ക്കും പൊതുവായ മെരിറ്റ്‌ ലിസ്റ്റ്‌ തയാറാക്കി പ്രവേശനം നിശ്ചയിക്കുന്ന അശാസ്ത്രീയമായ പ്രവേശന സമ്പ്രദായമാണ്‌ ഏകജാലക സംവിധാനം.ഏകജാലക സംവിധാനത്തെക്കുറിച്ചു പ്രതിപാദിക്കുന്നതിനു മുമ്പ്‌ നിലവിലുള്ള പ്രവേശന സമ്പ്രദായത്തെക്കുറിച്ച്‌ അറിയുന്നത്‌ നല്ലതാണ്‌.
+1 നിലവിലുള്ള സമ്പ്രദായം
ഓരോ സ്കൂളും പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിക്കുന്നു. മാനേജ്മെന്റ്‌ ക്വാട്ടയിലേക്കുള്ള അപേക്ഷയും അതാതു സ്കൂളിലേക്കാണു നല്‍കേണ്ടത്‌. അതാതു സ്കൂളുകള്‍ തയാറാക്കുന്ന മാനേജ്മെന്റ്‌ ക്വാട്ട അപക്ഷാഫോറത്തില്‍ അതാതു മാനേജ്മെന്റിന്റെ ഹിതാനുസരണമുള്ള കാര്യങ്ങളാണു ചോദിക്കുന്നത്‌. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷാവകാശമാണ്‌ (ഭരണഘടന 30:1). ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റിന്‌ അനുവാദം നല്‍കുന്നത്‌.
സീറ്റു വിഭജനം - നിലവിലുള്ള സമ്പ്രദായം
പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ നിലവിലുള്ള സമ്പ്രദായത്തില്‍ ന്യൂനതകളും ക്രമക്കേടുകളുമുണെ്ടന്ന പ്രചാരണമാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ ഏകജാലക സംവിധാനം കൊണ്ടുവരുന്നതിന്‌ ഉപയോഗിക്കുന്ന ഉമ്മാക്കി. ക്രമക്കേടുണെ്ടങ്കില്‍ അതു കണ്ടുപിടിക്കാനുള്ള പ്രത്യേക സ്ക്വാഡ്‌ സര്‍ക്കാരിനുണെ്ടന്ന സത്യം എന്തുകൊണ്ടു മറച്ചുവയ്ക്കുന്നു. സാധാരണരീതിയില്‍ പ്രവേശനം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ മെരിറ്റ്‌ ലിസ്റ്റും അഡ്മിഷന്‍ രജിസ്റ്ററിന്റെ ഒരു കോപ്പിയും ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആര്‍.ഡി.ഡി.ക്ക്‌ അയച്ചുകൊടുക്കുന്നുണ്ട്‌. ഇത്ര സുതാര്യമാണ്‌ നമ്മുടെ പ്ലസ്‌ വണ്‍ പ്രവേശനം.
പുതിയ ഏകജാലക സംവിധാനം
പ്രവേശനപരീക്ഷയില്‍ നേടുന്ന റാങ്കിന്റെ അടിസ്ഥാനത്തില്‍ കോളജും സീറ്റും അലോട്ട്‌ ചെയ്ത്‌ പ്രവേശനം നല്‍കുന്ന മെഡിക്കല്‍/ എന്‍ജിനീയറിംഗ്‌ അഡ്മിഷന്റെ മോഡലില്‍ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ സ്വീകരിച്ചിട്ടുള്ള രീതിയാണ്‌ ഏകജാലക സംവിധാനം. പ്രവേശന പരീക്ഷയ്ക്കുപകരം എസ്‌.എസ്‌.എല്‍.സി.ക്കു വിവിധ വിഷയങ്ങള്‍ക്കു ലഭിക്കുന്ന ഗ്രേഡിന്റെയും കുട്ടി ആവശ്യപ്പെടുന്ന പ്രധാന വിഷയത്തിന്റെ (സയന്‍സ്‌, കൊമേഴ്സ്‌, ഹ്യൂമാനിറ്റീസ്‌) കോമ്പിനേഷനിലുള്ള വിഷയങ്ങള്‍ക്കു ലഭിച്ച ഗ്രേഡിന്റെ പോയിന്റും ബോണസ്‌ പോയിന്റുണെ്ടങ്കില്‍ അതും ചേര്‍ത്ത്‌ കണെ്ടത്തുന്ന വെയ്റ്റേജ്‌ ഗ്രേഡ്‌ പോയിന്റ്‌ ആവറേജിന്റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലും റാങ്ക്‌ ലിസ്റ്റ്‌ തയാറാക്കുന്നു. അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഓപ്ഷനും വെയ്റ്റേജ്‌ ഗ്രേഡ്‌ പോയിന്റ്‌ ആവറേജിന്റെയും അടിസ്ഥാനമാക്കി കോഴ്സിന്റെ പ്രധാന വിഷയവും സ്കൂളും തീരുമാനിക്കുന്നു. ആ വിവരം ഇന്റര്‍നെറ്റില്‍നിന്നും അറിയാം. ജില്ലയിലെ ഓരോ സ്കൂളുകളിലേക്കും അവിടെ പ്രവേശനം നല്‍കേണ്ട കുട്ടികളുടെ ലിസ്റ്റ്‌ അയച്ചുകൊടുക്കും. എന്നാല്‍, ജില്ലയുടെ മൊത്തമുള്ള ലിസ്റ്റ്‌ പ്രസിദ്ധപ്പെടുത്തുകയില്ല. (അനുവാചകം: വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കംപ്യൂട്ടര്‍ വന്നപ്പോള്‍ സാധാരണക്കാരന്റെ തൊഴില്‍പോകുമെന്നു പറഞ്ഞ്‌ കംപ്യൂട്ടര്‍ തല്ലിപ്പൊളിച്ച സാധാരണക്കാരന്റെ സര്‍ക്കാരിന്റെ വളര്‍ച്ച.)
ഏകജാലകത്തിലെ അപകടങ്ങള്
‍താത്വികമായും പ്രായോഗികമായും വിദ്യാര്‍ഥിയുടെയും മാതാപിതാക്കളുടെയും അവകാശാധികാരങ്ങളെ കാറ്റില്‍പ്പറത്തുന്ന ഭീകരമായ വിദ്യാഭ്യാസ അപചയ തളര്‍ച്ചയിലേക്കു കേരളത്തെ നയിക്കുന്ന നിയമമാണിത്‌. ഈ നിയമത്തിന്റെ അന്ധകാരാംശങ്ങളിലേക്ക്‌ പരിചിന്തനം നടത്തുന്നതിനു മുമ്പ്‌ കഴിഞ്ഞവര്‍ഷം പരീക്ഷണാര്‍ഥം ഈ സമ്പ്രദായം നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലുണ്ടായ അനുഭവങ്ങളെക്കുറിച്ചു പറയാം.
ഏകജാലക സംവിധാനം തിരുവനന്തപുരത്ത്‌
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കേരളത്തില്‍ പൊതുവില്‍ ജൂണ്‍ 23-ന്‌ പ്ലസ്‌ വണ്‍ക്ലാസുകള്‍ തുടങ്ങി. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ പ്ലസ്‌ വണ്‍ പ്രവേശനം പൂര്‍ത്തിയാക്കി ശരിയായ രീതിയില്‍ പ്ലസ്‌ വണ്‍ ക്ലാസുകള്‍ തുടങ്ങിയത്‌ നവംബര്‍മാസത്തിലാണ്‌. നഷ്ടപ്പെട്ട അധ്യയനദിവസങ്ങള്‍ക്ക്‌ ആരാണുത്തരവാദി?
(അകംപൊരുള്‍ 1: കഴിഞ്ഞ അധ്യയനവര്‍ഷം 200 പ്രവൃത്തിദിനങ്ങളുണ്ടാകണമെന്നു വാശിപിടിച്ചയാളാണ്‌ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി.
അകംപൊരുള്‍ 2: പ്ലസ്‌ വണ്‍ വിദ്യാഭ്യാസം തലസ്ഥാന നഗരിയില്‍ ഉപകാരപ്രദമായിട്ടില്ലെന്നറിഞ്ഞതുകൊണ്ടാണ്‌ പ്ലസ്‌ വണ്‍ പരീക്ഷകള്‍ മധ്യവേനലവധിക്കു ശേഷമാകാമെന്നു മന്ത്രി തിരുമനസായത്‌.)
ഏക ജാലകസമ്പ്രദായത്തില്‍ തിരുവനന്തപുരത്തെ പല ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്രവേശനം ലഭിച്ചവരില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ്‌ അവസാനം വരെയുണ്ടായത്‌. ഈ അനിശ്ചിതാവസ്ഥയ്ക്ക്‌ ആരാണുത്തരവാദി?ഈ സമ്പ്രദായം അനുവര്‍ത്തിച്ച തിരുവനന്തപുരം ജില്ലയില്‍ മൂന്നു പ്രാവശ്യത്തിലധികം വിദ്യാലയങ്ങള്‍ മാറേണ്ടിവന്ന വിദ്യാര്‍ഥികളുണ്ട്‌. ഈ അസ്വസ്ഥതകളുടെ (യൂണിഫോം, പാഠപുസ്തകം എന്നിവയുടെ ചെലവ്‌) ഉത്തരവാദിത്വം വിദ്യാഭ്യാസവകുപ്പ്‌ ഏറ്റെടുക്കുമോ?തിരുവനന്തപുരം ജില്ലയില്‍ 2007-2008-ല്‍ 20 ശതമാനം വരെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ആര്‌ ഇതിന്‌ ഉത്തരവാദിത്വം പറയും? (സര്‍ക്കാര്‍ സ്കൂളുകളിലെ സ്ഥിതി ഇതിനേക്കാള്‍ മോശമാണെന്ന കാര്യം വിസ്മരിക്കുന്നില്ല.)
2008-09 ല്‍ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകജാലക സംവിധാനം താഴെപ്പറയുന്ന വിധത്തിലെല്ലാം അംഗീകരിക്കാ നാവുന്നതല്ല:
1 ഇന്ത്യന്‍ ഭരണഘടന കാത്തുസംരക്ഷിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്‌ ഈ നിയമം.
2 ഈ പുതിയ ഉത്തരവുപ്രകാരം വിദ്യാഭ്യാസവകുപ്പ്‌ രണ്ടുതരം അപേക്ഷാഫോമുകളാണ്‌ തരുന്നത്‌. ഒന്ന്‌ മെരിറ്റ്‌ സീറ്റിലേക്കും മറ്റൊന്നു മാനേജ്മെന്റ്‌ സീറ്റിലേക്കും. നിരീശ്വര തത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാരിനെങ്ങനെ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കുള്ള മാനേജ്മെന്റ്‌ ക്വാട്ട ഫോമുകള്‍ തയാറാക്കാന്‍ സാധിക്കുമെന്നു മനസിലാകുന്നില്ല. ഓരോ സ്വകാര്യമാനേജ്മെന്റിനും സ്വന്തമായ താത്പര്യങ്ങളുണ്ടാകുമല്ലോ.
3 പുതിയ സമ്പ്രദായമനുസരിച്ച്‌ 10 അംഗങ്ങളുള്ള (6 കംപ്യൂട്ടര്‍ അധ്യപകര്‍, 3 ക്ലാര്‍ക്കുമാര്‍, 1 കണ്‍വീനര്‍) കമ്മിറ്റിയാണ്‌ അപേക്ഷോഫോമുകള്‍ വെബ്സൈറ്റിലേക്ക്‌ അപ്ലോഡ്‌ ചെയ്യുന്നത്‌. അതിനുശേഷമാണ്‌ സീറ്റുകള്‍ അലോട്ട്‌ ചെയ്യുന്നത്‌. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത്‌ ഏഴ്‌ അലോട്ട്മെന്റുകള്‍ക്കുശേഷം സീറ്റുലഭിച്ച ധാരാളം കുട്ടികളുണ്ട്‌. ഇത്തരം അലോട്ട്മെന്റുകള്‍ യഥാര്‍ഥത്തില്‍ നീതിപൂര്‍വമാകില്ല എന്നുള്ള മുന്നറിയിപ്പാണു കഴിഞ്ഞവര്‍ഷത്തേത്‌.
4 പുതിയ സമ്പ്രദായത്തിന്റെ അപേക്ഷാഫോറം 40 പേജുണെ്ടന്നാണു പറയുന്നത്‌. ഇതില്‍ അപേക്ഷാര്‍ഥികള്‍ സ്കൂളിന്റെ കോഡും വിഷയങ്ങളുടെ കോഡും നല്‍കണം. ഇത്തരം ഒത്താശകള്‍ വിദ്യാര്‍ഥി ലോകത്തെയും ഒപ്പം മാതാപിതാക്കളെയും കടുത്ത ആശയ പ്രതിസന്ധിയിലാക്കുമെന്നതു തീര്‍ച്ചയാണ്‌.
5 പുതിയ ക്രമമനുസരിച്ച്‌ ഓരോ ജില്ലയ്ക്കും ഓരോ കോഓര്‍ഡിനേറ്റര്‍മാരുണ്ട്‌. ഇവര്‍ നിര്‍ദേശിക്കുന്നതനുസരിച്ച്‌ ഓരോ ബാച്ചിലും ഇപ്പോഴുള്ള 50 സീറ്റുകള്‍ക്ക്‌ പകരം 60 സീറ്റുകള്‍ വേണമെന്നാണ്‌. പുതിയതായി കൂട്ടുന്ന 10 സീറ്റുകള്‍ പൂര്‍ണമായും മെരിറ്റ്‌ അടിസ്ഥാനത്തിലാകണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്‌. വൈരുധ്യാത്മകതയിലൂന്നിയ നീതിബോധമാണ്‌ ഇത്‌ എന്നു പറയാം. 50- ല്‍നിന്ന്‌ 60-ലേക്ക്‌ മാറ്റുന്നത്‌ സര്‍ക്കാരിന്റെതന്നെ നയങ്ങളുടെ വൈരുധ്യാത്മകത ഒരിക്കല്‍ക്കൂടി വെളിച്ചത്താക്കുന്നതാണ്‌. പുതിയ കെ.ഇ.എ.ആര്‍. 2008-ല്‍ ഓരോ ഡിവിഷനും 40 കുട്ടികള്‍ മതിയെന്ന്‌ നിഷ്കര്‍ഷിക്കുന്നവര്‍തന്നെയാണ്‌ പ്ലസ്‌ വണ്ണിന്‌ 50 കുട്ടികള്‍ വേണമെന്നു ശഠിക്കുന്നത്‌.
6 ഒരു കുട്ടിക്ക്‌ തനിക്ക്‌ ഇഷ്ടപ്പെട്ട വിഷയം ലഭിച്ചില്ലെങ്കില്‍ പ്രവേശനപ്രക്രിയ അവസാനിക്കുന്നതുവരെ അതിനായി കാത്തിരിക്കേണ്ടിവരും.
7 കുട്ടിക്ക്‌ എത്ര ഉന്നതമായ ഗ്രേഡ്‌ കിട്ടിയാലും തനിക്ക്‌ ഇഷ്ടപ്പെട്ട സ്കൂളിലോ വിഷയമോ പഠിക്കാനാകുമോ എന്നു പറയാനൊക്കില്ല. കുട്ടിയുടെ സാമൂദായിക-മതപരമായ കാഴ്ചപ്പാടില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും അവനെ /അവളെ സര്‍ക്കാരിന്റെ പൊതുസ്വത്താക്കുക എന്ന സാക്ഷാല്‍ ലെനിനിസ്റ്റ്‌ - ഫാസിസ്റ്റ്‌ തന്ത്രമാണിത്‌.
8 ഒരു കുട്ടി തനിക്കു ലഭിക്കുന്ന ആദ്യ അലോട്ട്മെന്റില്‍ത്തന്നെ അഡ്മിഷനെടുക്കണം. പിന്നീടു തനിക്ക്‌ ഇഷ്ടപ്പെട്ട സ്ഥലത്തു കിട്ടുമ്പോള്‍ അവിടേക്കു പോകാം. പുറമേക്കു നന്നായി തോന്നാമെങ്കിലും ആട്ടിന്‍കൂട്ടത്തില്‍ ചെമ്മരിയാടിന്‍ തോലിട്ട്‌ ക്രൂരതയോടെ ചെമ്മരിയാടിന്റെ രക്തംകുടിക്കുന്ന രക്തദാഹിയായ ചെന്നയയാണ്‌ ഇതെന്നു നാം തിരിച്ചറിയണം. കാരണം, കുട്ടി സാമ്പത്തികമായും മാനസികമായും ചോരയൂറ്റപ്പെടുകയാണിവിടെ.
9 ഒന്നാമത്തെ സ്കൂള്‍ തുടങ്ങി കുട്ടി മാറുന്ന എല്ലാ സ്കൂളുകളുടെയും യൂണിഫോമും ടെക്സ്റ്റ്‌ പുസ്തകങ്ങളും വാങ്ങിച്ച്‌ സാമ്പത്തികമായി കുട്ടിയുടെയും കുടുംബത്തിന്റെയും നട്ടെല്ലു തകര്‍ത്ത്‌ ആനന്ദനൃത്തമാടുന്ന ക്രൂരതയാണിത്‌. പാവങ്ങളുടെ പക്ഷം ചേരുന്ന സര്‍ക്കാരിന്റെ ദരിദ്രസ്നേഹം.
10 ഈ സമ്പ്രദായം കേരളമൊട്ടാകെ നടപ്പിലാക്കാന്‍ ഏകദേശം മൂന്നുകോടി രൂപ ചെലവുവരും. പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍നിന്നും ഇത്തരം ദുര്‍വ്യയത്തിനുള്ള അനുമതി ആരാണു നല്‍കിയത്‌?
11 സ്വന്തം വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ നന്നായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലേക്കു വിന്യസിച്ച്‌ അവിടെ തങ്ങളുടെ പിണിയാളുകളെ കുത്തിനിറയ്ക്കാനുള്ള സംവിധാനമാണ്‌ ഏകജാലക സംവിധാനമെന്നു സംശയിക്കുന്നു.കാലാനുസൃതമായ മാറ്റങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും വ്യക്തികള്‍ക്കും ഉപയോഗപ്രദമാണെങ്കില്‍ സ്വീകരിക്കാന്‍ മനസ്സില്ലാത്തവരല്ല കേരളത്തിലെ പ്രബുദ്ധരായ ജനം. ചരിത്രം അതിനു സാക്ഷ്യംപറയുന്നുണ്ട്‌. എന്നാല്‍, പുതിയ ഏകജാലകസംവിധാനത്തില്‍ അനിശ്ചിതത്വവും കഷ്ടപ്പാടും സാമ്പത്തിക നഷ്ടവുമല്ലാതെ മറ്റൊന്നും കാണാനാകുന്നില്ല. വിദ്യാലയം ദേവാലയമായി കാണുന്ന, അധ്യാപകരെ ദൈവങ്ങളായി കാണുന്ന നമ്മുടെ നാട്ടില്‍ ഋഷിവര്യന്മാരുടെ പ്രാര്‍ഥനമാറ്റി 'വെളിച്ചം ദുഃഖമാണുണ്ണീ' എന്നു പഠിപ്പിക്കുന്ന രീതിയിലേക്കു ഭാവിവാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ പന്താടുന്ന പരീക്ഷണങ്ങള്‍ നിറുത്താന്‍ സര്‍ക്കാര്‍ തയാറാകണം.
(ഡയറക്ടര്‍, ദൈവശാസ്ത്ര വിദ്യാപീഠം തൃശൂര്‍)



ഇത്‌ വായിച്ച്‌ കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ പന്തികേട്‌. ആകെ മൊത്തം കണ്‍ഫ്യൂഷന്‍. നിരീശ്വരവാദ തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ എന്ന പ്രയോഗമൊക്കെ മൊത്തത്തില്‍ ഒരു വല്ലായ്മ തോന്നിക്കുന്നു. എന്നാല്‍ ഈ പറയുന്നവയി എന്തെങ്കിലും കാര്യമുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്‌ എന്നതാണ്‌ എന്റ പക്ഷം. നിയമപരമായി ഇത്‌ നിലനില്‍ക്കില്ല എന്നാണ്‌ സഭ പറയുന്നത്‌ എന്താണ്‌ ഇതിന്റ യഥാര്‍ത്ഥ്യം. ഇതേപ്പറ്റി അന്വേഷിച്ച്‌ ചെന്നപ്പോഴാണ്‌ ഹയര്‍ സക്കന്ററി ഡയറക്ടരുടെ വിശദീകരണക്കുറിപ്പ്‌ കണ്ടത്‌ അതിങ്ങനെ




ഏകജാലകം: സത്യവും മിഥ്യയും വി. കാര്‍ത്തികേയന്‍നായര്‍


കഴിഞ്ഞ അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഏകജാലക പ്രവേശനരീതി ഈ വര്‍ഷം കേരളമാകെ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. അതില്‍ ശക്തിയായി പ്രതിഷേധിച്ച് ചില മാനേജ്മെന്റുകളും, മതസാമുദായിക നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. പ്രതിഷേധക്കാരെക്കാള്‍ വളരെക്കൂടുതലാണ് അനുകൂലിക്കുന്നവര്‍ എന്നതാണ് വാസ്തവം. തിരുവനന്തപുരത്തെ അനുഭവത്തില്‍നിന്നു മനസ്സിലാകുന്നത് ഇത് ഭൂരിപക്ഷത്തിനും ഗുണകരമാണെന്നാണ്.

ഇതിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്: വീട്ടില്‍നിന്ന് അകലെ കുട്ടികള്‍ പ്രവേശനംകിട്ടി പോകാന്‍ നിര്‍ബന്ധിതരാകുന്നു, പഠിച്ച സ്കൂളില്‍തന്നെ തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നു, മുന്‍ഗണനാക്രമമനുസരിച്ച് കുട്ടികള്‍ മാറിപ്പോകുന്നതിനാല്‍ അക്കാദമികമായ പ്രയാസങ്ങളുണ്ടാകുന്നു, പ്രവേശനം അനന്തമായി നീളുന്നു, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥി പ്രവേശനം മാനേജര്‍മാരുടെ അവകാശമാണ്്.

എന്താണ് ഏകജാലകം?
ഏകജാലകപ്രവേശനം എന്ന പദപ്രയോഗം തെറ്റിദ്ധാരണക്കിടയാക്കിയിട്ടുണ്ട് എന്നുതോന്നുന്നു. വാസ്തവത്തില്‍ ഇതിന്റെ പേര് കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് എന്നാണ്. ഇതിന് തയാറാക്കിയ പ്രോജക്ടിന്റെ പേര് ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോഗ്രാം (എച്ച്.എസ്.സി.എ.പി) എന്നാണ്. പ്രൊഫഷനല്‍ കോഴ്സുകളിലേക്ക് എന്‍ട്രന്‍സ് പരീക്ഷാകമീഷണര്‍ കേന്ദ്രീകൃത അലോട്ട്മെന്റ് നടത്തുന്നതുപോലെ ഹയര്‍ സെക്കന്‍ഡറി പ്രവേശനവും കേന്ദ്രീകൃതമായി നടത്തുന്നുവെന്നേയുള്ളൂ. ജില്ല കേന്ദ്രീകരിച്ചാണ് പ്രവേശന അലോട്ട്മെന്റ് നടത്തുന്നത്. വിദ്യാര്‍ഥി ഒരു ജില്ലയില്‍ ഒരു അപേക്ഷ കൊടുത്താല്‍ മതി. അറുപത് സ്കൂളോ ബാച്ചോ മുന്‍ഗണനാക്രമമനുസരിച്ച് രേഖപ്പെടുത്താന്‍ അപേക്ഷാഫോറത്തില്‍ വ്യവസ്ഥയുണ്ട്. ഒരു അപേക്ഷക്ക് പത്തുരൂപയാണ് വില. കുട്ടിയുടെ അപേക്ഷ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ പരിശോധിച്ച് അര്‍ഹതപ്പട്ടിക പ്രസിദ്ധീകരിക്കുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യമായ സമയം നല്‍കുന്നു.

തിരുത്തു വരുത്തിയശേഷം സ്കൂള്‍ തിരിച്ച് പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കുന്നു. അതോടൊപ്പം ഓരോ കുട്ടിയുടെയും പ്രവേശനസാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കുന്നു. അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഓരോരുത്തര്‍ക്കും എവിടെ എപ്പോള്‍ പ്രവേശനം കിട്ടുമെന്ന് വെബ്സൈറ്റിലൂടെ അറിയാനും പറ്റുന്നു. ഇത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും സൌകര്യപ്രദമാണ്; സുതാര്യമാണ്.

മുന്‍ഗണനാക്രമമനുസരിച്ച് ഇഷ്ടപ്പെട്ട സ്കൂള്‍ കിട്ടുന്നതുവരെ വിദ്യാര്‍ഥിക്ക് സ്കൂള്‍ മാറാന്‍ അവസരമുണ്ട്.

അന്തിമമായി പ്രവേശനം തീരുമാനിക്കുന്ന സമയത്ത് സ്കൂളില്‍ ഫീസടച്ചാല്‍ മതി. ഒരിക്കല്‍ ഫീസടച്ചശേഷം മുന്‍ഗണനാക്രമമനുസരിച്ച് സ്കൂള്‍ മാറുകയാണെങ്കില്‍ പുതിയ സ്കൂളില്‍ ഫീസടക്കേണ്ടതില്ല. മുമ്പ് അടച്ച ഫീസ് വകവെച്ചുകൊടുക്കും. പ്രവേശനം അവസാനിക്കുന്ന സമയത്ത് ഏതെങ്കിലും സ്കൂളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ അവ നികത്തുന്നതിനും ഈ സമ്പ്രദായം അവസരമൊരുക്കുന്നു. പ്രവേശനം ലഭിക്കാത്തവരുടെ നീണ്ടനിര നില്‍ക്കുമ്പോള്‍ മറ്റു ചില സ്ഥലങ്ങളില്‍ ധാരാളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന നിലവിലെ സ്ഥിതിക്ക് പരിഹാരം കാണാന്‍ ഏകജാലക രീതിയിലൂടെ കഴിയുന്നു.

കഴിഞ്ഞ അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ ഏകജാലകപ്രവേശനരീതി വിജയകരമായിരുന്നു. അതിനുമുന്നോടിയായി അധ്യാപകസംഘടനാ പ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്ക് അനുവദിച്ച കമ്യൂണിറ്റി^മാനേജ്മെന്റ് സീറ്റുകള്‍ നികത്താന്‍ അവര്‍ക്കുതന്നെ അധികാരമുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത സീറ്റുകളിലേക്ക് പട്ടികതയാറാക്കുമ്പോള്‍ മാനദണ്ഡം വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എങ്കിലും അത്തരമൊരു പരിശോധന സര്‍ക്കാര്‍ നടത്തിയില്ല.

തിരുവനന്തപുരം ജില്ലയിലെ 177സര്‍ക്കാര്‍^എയ്ഡഡ് സ്കൂളുകളിലെ 23000ല്‍ പരം സീറ്റുകളിലേക്കാണ് കേന്ദ്രീകൃത പ്രവേശനം നടത്തിയത്. ആദ്യ രണ്ട് അലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 80 ശതമാനം സീറ്റുകളും നികത്തപ്പെട്ടിരുന്നു. 'സേ' പരീക്ഷാ വിജയികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കി. ഒഴിഞ്ഞുകിടന്ന പട്ടികജാതി ^വര്‍ഗ സീറ്റുകളിലേക്ക് പ്രത്യേകം അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് ക്വാട്ടയില്‍ ഒഴിവുണ്ടായിരുന്ന സീറ്റുകളും പൊതുസീറ്റാക്കിമാറ്റി. അങ്ങനെ അവസാനഘട്ടം അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭിക്കുന്ന സ്ഥിതിവന്നു.

എങ്കിലും ചില തെറ്റുകള്‍ പറയേണ്ടതുണ്ട്. അത് കുട്ടികള്‍ അപേക്ഷ പൂരിപ്പിച്ചപ്പോള്‍ തെറ്റുസംഭവിച്ചതുകൊണ്ടുണ്ടായതാണ്. അപേക്ഷയില്‍ സ്കൂളിലെ പേരിനൊപ്പം കോഡ് നമ്പറും എഴുതണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ശ്രദ്ധക്കുറവുമൂലം കോഡ്നമ്പര്‍ എഴുതിയപ്പോള്‍ തെറ്റുപറ്റി. ഉദാഹരണത്തിന് നെയ്യാറ്റിന്‍കര താലൂക്കിലെ കുളത്തൂര്‍സ്കൂളില്‍ അപേക്ഷകൊടുത്ത കുട്ടിക്ക് തിരുവനന്തപുരം താലൂക്കിലെ അതേപേരുള്ള സ്കൂളിലാണ് പ്രവേശനം കിട്ടിയത്. നമ്പര്‍ എഴുതിയതിലെ തെറ്റാണ്. കൂടുതല്‍ ശ്രദ്ധചെലുത്തിയാല്‍ തെറ്റൊഴിവാക്കാവുന്നതേയുള്ളൂ.

ആക്ഷേപത്തില്‍ കഴമ്പുണ്ടോ?
മറ്റു രംഗങ്ങളിലെന്നപോലെ ഹയര്‍സെക്കന്‍ഡറിയിലും മൂന്നുതരം സ്കൂളുകളാണുള്ളത്^ സര്‍ക്കാര്‍, എയ്ഡഡ്്, അണ്‍എയ്ഡഡ്. അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി^മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ അവശേഷിക്കുന്ന സീറ്റുകളിലേക്കും സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും സാമുദായിക സംവരണതത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രവേശനം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത്തരത്തില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അവകാശമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്നത് സംസ്ഥാന ഖജനാവില്‍ നിന്നാണ്. അവരെ നിയമിക്കുന്നത് മാനേജര്‍മാരും. ശമ്പളത്തിന് പുറമെ വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള കാശും സര്‍ക്കാറില്‍നിന്ന് മാനേജര്‍മാര്‍ പറ്റുന്നുണ്ട്. ഇക്കാരണങ്ങളാലാണ് വിദ്യാര്‍ഥിപ്രവേശനത്തില്‍ യോഗ്യതയും അര്‍ഹതയും അനുസരിച്ച് പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അധികാരം സിദ്ധിക്കുന്നത്. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ ഇടപെടാത്തതിന്റെ കാരണവും അതുതന്നെ.

മാനേജര്‍മാര്‍ക്ക് കുറെ സീറ്റുകള്‍ സംവരണം ചെയ്തുകിട്ടിയതിന് ചരിത്രപരമായ ചില സാഹചര്യങ്ങളുണ്ട്. പിന്നാക്ക^ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകളാണെങ്കില്‍ 20 ശതമാനം കമ്യൂണിറ്റി സീറ്റും 20 ശതമാനം മാനേജ്മെന്റുമാണ്. ആ പദവി ഇല്ലാത്ത മാനേജര്‍മാര്‍ നടത്തുന്ന സ്കൂളുകളില്‍ 10 ശതമാനം കമ്യൂണിറ്റി സീറ്റും 20 ശതമാനം മാനേജ്മെന്റ് സീറ്റുമാണ്.

ഈ അനുപാതത്തിലുള്ള വീതംവെപ്പ് ഉണ്ടായത് 1996ല്‍ പ്രീഡിഗ്രി കോളജുകളില്‍നിന്നു വേര്‍പ്പെടുത്തിയതോടെയാണ്. കോളജുകളില്‍നിന്നു പ്രീഡിഗ്രികോഴ്സ്് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റിയത് ദേശീയ വിദ്യാഭ്യാസനയമനുസരിച്ചാണ്. എയ്ഡഡ് കോളജുകളില്‍ നിലനിന്നിരുന്ന പ്രിഡിഗ്രി ബാച്ചുകള്‍ക്ക് തത്തുല്യമായി ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അതേ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. അങ്ങനെ ബാച്ചുകള്‍ അനുവദിച്ചശേഷവും കോളജുകളില്‍ അധ്യാപകന്‍ അധികം വന്നെങ്കില്‍ അവരെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മാറ്റി നിയമിച്ചു. അത്തരത്തിലുള്ള വളരെയധികം അധ്യാപകര്‍ ഇപ്പോഴും സര്‍ക്കാര്‍ സ്കൂളുകളില്‍ തുടരുന്നു.

മാനേജ്മെന്റ്^കമ്യൂണിറ്റി സീറ്റുള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നത് പ്രിന്‍സിപ്പല്‍മാരാണ്. സര്‍ക്കാറിന്റെ പ്രതിനിധിയാണ് പ്രിന്‍സിപ്പല്‍. ഏതുസീറ്റിലേക്കായാലും പ്രവേശനത്തില്‍ ക്രമക്കേടുണ്ടായാല്‍ അച്ചടക്കനടപടിക്ക് വിധേയരാവുന്നത് പ്രിന്‍സിപ്പല്‍മാരാണ്. 2006^07 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളില്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയ ഒരു വിദ്യാര്‍ഥി എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റയാളാണെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. മാനേജറുടെ ശിപാര്‍ശപ്രകാരം പ്രിന്‍സിപ്പലാണ് പ്രവേശനം നല്‍കിയത്. ക്രമക്കേട് കണ്ടെത്തിയതിനാല്‍ പ്രിന്‍സിപ്പലിനെ സസ്പെന്റുചെയ്തു. അഡ്മിഷന്‍ കമ്മിറ്റിയിലെ അധ്യാപകരോട് വിശദീകരണം ചോദിച്ചു. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നാണോ? മാനേജ്മെന്റ് സീറ്റായാല്‍ തോറ്റ കുട്ടിക്കും പ്രവേശനം കൊടുക്കാമെന്നാണോ? എല്ലാവരും തെറ്റുചെയ്യുന്നുവെന്ന് അര്‍ഥമില്ല. തെറ്റുചെയ്താല്‍ നടപടി എടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടോ എന്ന് മാത്രമേ ചോദിക്കുന്നുള്ളൂ.

ചില മാനേജര്‍മാര്‍ എയ്ഡഡ് ബാച്ചുകള്‍ക്കൊപ്പം അണ്‍എയ്ഡഡ് ബാച്ചുകള്‍ നടത്തുകയും എയ്ഡഡ് അധ്യാപകരെ കൊണ്ട് പഠിപ്പിക്കുകയും ചെയ്യുന്നു.

മുമ്പൊരിക്കല്‍ എയ്ഡഡ് ബാച്ചുകള്‍ നടത്താന്‍ അനുമതി കിട്ടിയത് അന്ന് തുടങ്ങാതെ നാലഞ്ചുവര്‍ഷത്തിനുശേഷം തുടങ്ങുന്നു. അധ്യാപകരെ നിയമിച്ച് അംഗീകാരത്തിനും ശമ്പളത്തിനുമായി ഡയറക്ടറെ സമീപിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. അനുവദിച്ച ബാച്ച് ആ വര്‍ഷം തുടങ്ങിയില്ലെങ്കില്‍ പിന്നീട് തുടങ്ങാന്‍ പ്രത്യേകാനുമതി വേണം.

കുട്ടികള്‍ക്ക് ദൂരസ്ഥലത്ത് പ്രവേശനം കിട്ടിപ്പോയി, പഠിച്ച സ്കൂളില്‍ കിട്ടിയില്ല എന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. നിലവിലുള്ള രീതിയിലും പഠിച്ച സ്കൂളില്‍തന്നെ കിട്ടണമെന്നില്ല. ദൂരെയുള്ള സ്ഥലം കുട്ടി തെരഞ്ഞെടുത്തതാണ്. ആരും അടിച്ചേല്‍പിച്ചതല്ല. പ്രവേശനം അനന്തമായി നീണ്ടില്ല. മറ്റു ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം ക്ലാസ് തുടങ്ങിയത് ജൂലൈ 23ന്. തിരുവനന്തപുരത്ത് ജൂലൈ 29ന്. മറ്റു ജില്ലകളില്‍ പ്രവേശനം അവസാനിപ്പിച്ചത് ആഗസ്റ്റ് 31ന്. തിരുവനന്തപുരത്ത് സെപ്റ്റംബര്‍ ഒമ്പതിന്. മുന്‍ഗണനാക്രമമനുസരിച്ച് കുട്ടികള്‍ക്ക് മാറിപ്പോകാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുന്നത് ശരിയോ? മാനേജര്‍മാരുടെ അവകാശം ലംഘിക്കാന്‍ പാടില്ല; വിദ്യാര്‍ഥിയുടേത് നിഷേധിക്കാം എന്നാണോ?

എന്താണ് മേന്മകള്‍?
മുമ്പ് അപേക്ഷിക്കുന്ന ഓരോ സ്കൂളിലും പത്തുരൂപ വീതം അപേക്ഷഫോറത്തിന്റെ വിലയായി നല്‍കണം. പല മാനേജര്‍മാരും അതിന്റെ പലമടങ്ങ് വാങ്ങിയതായി ആക്ഷേപമുണ്ട്. ഏകജാലക രീതിയില്‍ പത്തുരൂപയുടെ അപേക്ഷയിന്മേല്‍ അറുപതു സ്കൂളുകളില്‍ അപേക്ഷിക്കാം.

ഒരേദിവസം ഒരേസമയത്ത് പലസ്കൂളുകളില്‍ പ്രവേശനത്തിനായി കാത്തുകെട്ടി കിടക്കേണ്ട അവസ്ഥ, തന്മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കം എന്നിവക്ക് അറുതി. എവിടെ പ്രവേശനം കിട്ടുമെന്ന് വീട്ടിലിരുന്ന് അറിയാന്‍ പറ്റും.

യോഗ്യതയും അര്‍ഹതയുമനുസരിച്ച് പ്രവേശനം. സാമ്പത്തികമടക്കമുള്ള മറ്റു പരിഗണനകള്‍ ഇല്ല. സംവരണ തത്ത്വങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നു. മുന്‍ഗണനാക്രമമനുസരിച്ച് ബാച്ചും സ്കൂളും മാറാന്‍ അവസരം. കുട്ടിയുടെ അവകാശം പൂര്‍ണമായി സംരക്ഷിക്കപ്പെടുന്നു.

അവകാശവും കടമയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്ന് നിലനില്‍ക്കില്ല.

പൌരന്റെ അവകാശം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അര്‍ഹതയും യോഗ്യതയുമനുസരിച്ച് പ്രവേശനം ലഭിക്കാന്‍ വിദ്യാര്‍ഥിക്ക് അവകാശമുണ്ട്. അത് സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഏകജാലക സംവിധാനത്തിലൂടെ ആ ബാധ്യത സര്‍ക്കാര്‍ നിറവേറ്റുകയാണ്.

(ഹയര്‍സെക്കന്‍ഡറി മുന്‍ഡയറക്ടറാണ് ലേഖകന്‍)
കടപ്പാട്: മാധ്യമം ദിനപത്രം



ഇത്‌ രണ്ടും വായിക്കുമ്പോള്‍ എകജാലക സംവിധാനം വിദ്യാര്‍ത്ഥിയുടെ ഇഷ്ടമുള്ള വിദ്യാലയം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഉറപ്പിക്കുകയും അതുപോലെ മാനേജ്മെന്റ കോട്ടയും ന്യൂനപക്ഷ അവകാശവും നിലനിര്‍ത്തുകയും ചെയ്യുന്നതായാണ്‌ മനസിലകുന്നത്‌. എന്താണ്‌ പിന്നെ സഭയുടെ പ്രശ്നം. സഭ മുന്നോട്ട്‌ വച്ചവയില്‍ ചില വാദങ്ങള്‍ ശരിയെന്ന് തോന്നാം. ഉദാഹരണത്തിന്‌. ഇതില്‍ പ്രധാനം അധ്യാപനം തുടങ്ങാന്‍ കാലതാമസം നേരിടും എന്നതാണ്‌. എന്നാല്‍ അത്‌ ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ പറയുന്നു. തിരുവനന്തപുരത്ത്‌ കഴിഞ്ഞവര്‍ഷം വൈകിയിട്ടില്ലാ എന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ഇതില്‍ ഒരു വ്യക്തമായ വിശദീകരണം ആവശ്യമാണ്‌ എന്ന് തോന്നുന്നു.

എന്നാല്‍ സഭയുടെ മറ്റ്‌ ആരോപണങ്ങള്‍ കണ്ടാല്‍ ഇതല്ല പ്രശ്നം എന്ന് തോന്നുന്നു. ന്യൂനപക്ഷ അവകാശത്തില്‍ കൈകടത്തുന്നു എന്ന വാദം എങ്ങനെ എന്ന് മനസിലാകുന്നില്ല. സര്‍ക്കാറിനാവകാശപ്പെട്ട സീറ്റുകള്‍ ഏകജാലക സംവിധാന പ്രകാരം നല്‍കുന്നതില്‍ എന്താണ്‌ തെറ്റ്‌ . അതുപോലെ SFI ക്കാരെ വിന്യസിക്കാനുള്ള കുതന്ത്രമാണ്‌ എന്നും ഒക്കെപ്പറയുമ്പോള്‍ അതിന്റെ ലക്ഷ്യം മറ്റു പലതുമാണ്‌ എന്ന് തോന്നും. സഭ മൊത്തത്തില്‍ ഏകജാലക സംവിധാനത്തിന്‌ എതിരാണ്‌ എന്നാണ്‌ പ്രഥമദൃഷ്ടിയാല്‍ മനസിലാകുന്നത്‌. അല്ലാതെ അതിലെ കുറവുകള്‍ പരിഹരിച്ച്‌ നടപ്പിലാക്കണം എന്ന രീതിയിലല്ല സഭയുടെ സമീപനം

ഈ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന കുറ്റകരമായ നിശബ്ദതയാണ്‌ അവലബിക്കുന്നത്‌. ചര്‍ച്ചകളൊക്കെ തൊലിപ്പുറത്താണ്‌. ഈ വിഷയത്തില്‍ പല ബ്ലോഗുകളിലും ചര്‍ച്ച നടന്നു. പലരും മുന്‍വിധിയോടെ ഇട്ട പോസ്റ്റുകളില്‍ ഒന്നും ഒരു വ്യക്ത ഇല്ലാത്തതിനാല്‍ സുതാര്യമായ ഒരു ചര്‍ച്ചക്ക്‌ ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. പ്രത്യേകിച്ച്‌ ശ്രീ ജോജുവിനെയും ബ്രദര്‍ റൂബിനേയും