Thursday, January 31, 2008

വീണ്ടും HMT ഭൂമി ഇടപാടിലേക്ക്‌

HMT ഭൂമി ഇടപാടില്‍ അപാകത ഉണ്ടോ എന്ന്‌ പരിശോധിക്കാന്‍ സര്‍ക്കാര്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായുള്ള അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നു എന്നതാണ്‌ ഈ വിഷയത്തിലേ ഏറ്റവും പുതിയ വാര്‍ത്ത. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും ഈ ഭൂമി HMT ക്ക്‌ വില്‍ക്കാന്‍ കഴിയുമോ എന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ പറയുക.

കഴിഞ്ഞ ദിവസങ്ങളില്‍ എന്റ ഈ വിഷയത്തിലുള്ള പോസ്റ്റില്‍ പ്രധാനമായും ഉത്തരം കിട്ടാതിരുന്നത്‌ 2 ചോദ്യങ്ങള്‍ക്കായിരുന്നു.

1) ഈ ഭൂമി HMT ക്ക്‌ വില്‍ക്കാന്‍ അധികാരമുണ്ടോ. അതുപോലെ ഭൂമി വില്‍പ്പനയില്‍ എന്തെങ്കിലും അഴിമതിയുണ്ടോ

2) നിയമ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന്‌ എങ്ങനെ പോക്കുവരവ്‌ നടത്തി. അതില്‍ അഴിമതി ഉണ്ടോ.

ഈ രണ്ട്‌ വിഷയത്തിലും എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ നടത്തിയ ശ്രമത്തില്‍ കണ്ട ചില കാര്യങ്ങള്‍ എഴുതുന്നു.

നിയമ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന്‌ പോക്കുവരവ്‌ നടത്തിക്കൊടുത്തത്‌ റവന്യൂ വകുപ്പാണ്‌. ഇതില്‍ വ്യവസായ വകുപ്പിനും സമ്മതമായിരുന്നു. ജില്ലയിലെ റവന്യൂ വകുപ്പിന്റെ തലവന്‍ ജില്ല കലകടര്‍ മുഹമ്മദ്‌ ഹനീഷ്‌ സൈബര്‍ സിറ്റിയുടെ ഉല്‍ഘാടനത്തിന്റെ അന്ന്‌ പറഞ്ഞ കാര്യങ്ങള്‍ ദീപിക പത്രത്തിന്റെ English Edition നില്‍ ഇങ്ങനെ കണ്ടു

Ernakulam District Collector A P M Mohammad Hanish, however, said there was nothing illegal about the land deal as the HMT was given the land unconditionally in 2000. The company subsequently floated a global tender and sold 70 acres to HDIL in a public auction, he said.

എര്‍ണ്ണാകുളം ജില്ലാ കലക്ടരുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ്‌ പോക്കുവരവ്‌ നടത്തിക്കൊടുത്തത്‌. ഉല്‍ഘാടനത്തിന്റെ തലേ ദിവസമാണ്‌ ഈ ഭൂമി വില്‍ക്കാമോ എന്നതില്‍ തര്‍ക്കമുണ്ടായത്‌. അതുകൊണ്ടാണ്‌ VS ഇതില്‍ നിന്ന് വിട്ടു നിന്നത്‌. ഇത്രയും വിവാദമുണ്ടായിട്ടും എന്തുകൊണ്ട്‌ ജില്ല കലക്ടര്‍ ഇങ്ങനെ പറഞ്ഞു എന്നത്‌ സംശയം വര്‍ദ്ധിപ്പിക്കുന്നു. ഇത്‌ ശരിയാണോ എന്ന് നോക്കാന്‍ ദീപിക അടക്കമുള്ള മറ്റ്‌ മലയാള പത്രങ്ങളുടെ ആര്‍ക്കൈവ്‌സ്‌ നോക്കി. ഈ പ്രസ്താവന മാത്രം ഇല്ല. ചാനലുകളിലും ഇതിനെപ്പറ്റി ഒന്നും കണ്ടില്ല. ആരും ജില്ലാ കലക്ടരോട്‌ എന്ത്‌ അടിസ്ഥാനന്ത്തിലാണ്‌ ഈ പ്രസ്താവന വന്നതെന്നും ചോദിച്ച്‌ കണ്ടില്ല. മാതൃഭൂമിയുടെ ജനുവരി 26 ഇലെ റിപ്പോര്‍ട്ടുമായി നാം ഇത്‌ കൂട്ടിവായിക്കുമ്പോള്‍ ജില്ല കലകടര്‍ക്കും റവന്യൂ വകുപ്പിനും ഈ ഭൂമി വില്‍ക്കാന്‍ കഴിയുന്നതാണ്‌ എന്ന അഭിപ്രായമാണ്‌ എന്ന് കരുതണം.എര്‍ണ്ണാകുളം ജില കലക്‌ട്രേറ്റിലെ രേഖകള്‍ പരിശോധിച്ച്‌ റവന്യൂ വകുപ്പ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ എന്ന പേരില്‍ വന്ന് വാര്‍ത്ത മാതൃഭൂമി പത്രം റിപ്പോട്ട്‌ ചെയ്യുന്നു.

സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനായി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വിറ്റ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് റവന്യൂ വകുപ്പ്. അനന്തരാവകാശികള്‍ക്ക് കൈമാറാവുന്നതും കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ അധികാരം നല്‍കിയാണ് വില്പനയെ തുടര്‍ന്ന് വിവാദമായ 70 ഏക്കര്‍ ഉള്‍പ്പടെ 100 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടി.ക്ക് നല്‍കിയതെന്ന് റവന്യൂ വകുപ്പ് തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.എച്ച്.എം.ടി.ക്ക് നല്‍കിയ 1972ല്‍ 868.28 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതുതന്നെ ഹെറിറ്റബിള്‍ ആന്‍ഡ് അലീനിയബിള്‍ റൈറ്റ് വകവെച്ചാണ്. 1990ല്‍ ആവശ്യം കഴിഞ്ഞുകിടക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതുവരെ എച്ച്.എം.ടി. ഈ അവകാശം വിനിയോഗിച്ചു. ഇതിനുപുറമെ 1991ല്‍ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണ പ്രകാരം 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് നിബന്ധനകള്‍ക്ക് വിധേയമായിട്ടല്ലാതെ നല്‍കുകയും ചെയ്തു. കേരള ഭൂപരിഷ്കരണ നിയമം 81_ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കമ്പനി എന്ന നിലയ്ക്ക് ഭൂമി വിനിയോഗത്തിനുള്ള ഒഴിവുകളോടെയാണ് ഈ 100 ഏക്കര്‍ സ്ഥലം നല്‍കിയത്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അനുസരിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും കമ്പനിക്ക് 100 ഏക്കര്‍ ഭൂമി കൈകാര്യം ചെയ്യാം. കൂടാതെ ഈ വസ്തു മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ കമ്പനി ഭൂമി വിറ്റത് എന്ന് പരിശോധിക്കേണ്ടത് കേന്ദ്രാധികൃതരാണ്.

ഈ വിഷയത്തില്‍ ഇത്രയും ദിവസം മൗനം പാലിച്ച ദേശാഭുമാനി ഇന്ന് വിശദീകരണങ്ങളുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌. അതിലെ ഒരു ഭാഗം വായിക്കുക
എച്ച്എംടിയില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ നിയമവകുപ്പ് ശുപാര്‍ശ നല്‍കിയിട്ടും വ്യവസായ വകുപ്പ് നിരസിച്ചെന്ന പ്രചാരണവും മാധ്യമങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്. വ്യവസായവകുപ്പ് ഇതു നിരസിച്ചിട്ടില്ല. എന്നാല്‍ എച്ച്എംടിയുടെ ഭൂമി വില്‍ക്കാനോ കൈമാറാനോ ഉള്ള സര്‍വ അവകാശങ്ങളും നല്‍കി 1972ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമവകുപ്പ് പരിഗണിച്ചിട്ടില്ലെന്നാണ് സൂചന.

ഇന്നലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത മുന്‍ ചീഫ്‌ സെക്രട്ടറി റ്റി.എന്‍. ജയചന്ദ്രന്‍ പറയുന്നത്‌ പ്രഥമ ദൃഷ്ടിയാല്‍ ഈ ഭൂമി വില്‍ക്കുന്നതില്‍ HMT ക്ക്‌ ഒരു തടസവും ഇല്ല എന്നാണ്‌.ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ചീഫ്‌ സെക്രട്ടറിയുടെ അന്വേഷണം അത്‌ പുറത്തുകൊണ്ടുവരും എന്ന് മുന്‍ അഡീ: ചീഫ്‌ സെക്രട്ടറി ബാബൂ പോളും പറഞ്ഞു. നിയമ വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നതിനേപ്പറ്റി ബാബൂ പോളിന്റെ വിശദീകരണം അദ്ദേഹം തന്നെ പലപ്പോഴും അങ്ങനെ ചെയ്തിട്ടുട്‌ എന്നതായിരുന്നു. ഏന്തായലും ഒരാഴചക്കുള്ളില്‍ ഇതിനൊരു തീരുമാനം ആകും എന്ന് ഉറപ്പായിട്ടുണ്ട്‌.

എന്നാല്‍ ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത P.K. പ്രകാശ്‌ മാധ്യമം ലേഖകന്‍ ഒരു പ്രധാനപ്പെട്ട കാര്യം ചൂണ്ടിക്കാട്ടി. ഈ 100 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ അനുവാദമുള്ളതാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നയനാര്‍ ഗവണ്മെന്റിനാണ എന്നാണ്‌ പ്രകാശ്‌ പറയുന്നത്‌. 400 ഏക്കര്‍ ഏറ്റെടുക്കലിനെതിരെ കേസുകൊടുത്ത HMT യുമായി 100 ഏക്കര്‍ പൂര്‍ണ്ണ അവകാശത്തോടെ കോടതിക്ക്‌ പുറത്ത്‌ തീര്‍പ്പുണ്ടാക്കിയത്‌ നയനാര്‍ സര്‍ക്കാരാണ്‌ .

ഇനി HMT യുടെ ഭൂമി ഇടപാടിലേക്ക്‌ വരാം. HMT ഈ ഭൂമി വിറ്റത്‌ പരസ്യം ചെയ്താണ്‌ എന്നും അതിലൂടെയാണ്‌ ബ്ലൂസ്റ്റാറുകാര്‍ സ്വന്തമാക്കിയതെന്നുമാണ്‌ നമ്മള്‍ മനസ്സിലാക്കിയത്‌. എന്നാല്‍ HMT യുടെ കളമശ്ശേരി ഭൂമി വില്‍പ്പന പരമാവധി രഹസ്യമാക്കി വയ്ക്കാന്‍ HMT ശ്രമിച്ചിരുന്നു അത്രെ. ഈ വിഷയത്തിലെക്ക്‌ വെളിച്ചം വീശുന്ന ഒരു ലേഖനം ദാറ്റ്‌സ്‌മലയാളം പോര്‍ട്ടലില്‍ കാണാം.ഇത്‌ വായിക്കുപോള്‍ HMT ഭൂമി ഇടപാടിലെ ദുരൂഹതകള്‍ ഏറും.

ഇതിനേപ്പറ്റിയുള്ള ലേഖനം ഇവിടെ വായിക്കുക

Monday, January 28, 2008

സൈബര്‍ സിറ്റി: ദുരൂഹതകള്‍ അവസാനിക്കുന്നില്ല

ഒരുപാട്‌ കൊട്ടിഘോഷങ്ങളോടെ ഉല്‍ഘാടനം ചെയ്യപ്പെട്ട സൈബര്‍ സിറ്റി ഇന്ന് വിവാദങ്ങളുടെ ഇടയിലൂടെ കടന്നു പോകുകയാണ്‌. LDF ആണ്‌ കുറ്റക്കാര്‍ എന്ന് പ്രതിപഷവും അല്ല UDF ആണ്‌ കുറ്റക്കാര്‍ എന്ന് ഭരണപക്ഷവും പരസ്പരം പഴിചാരുമ്പോഴും മുഖ്യമന്ത്രിയും സഹ മന്ത്രിമാരും തമ്മിലും ആശയക്കുഴപ്പം ഈ പ്രശ്നത്തെ പുതിയ തലത്തില്‍ എത്തിക്കുന്നു. ഓരോ ഭാഗത്തു നിന്നും വരുന്ന പ്രസ്താവനകള്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നിനും കാരണമാകുന്നില്ല.

HMT ഭൂമി ഇടപാടിന്റെ ചരിത്രം 26 ആം തിയതിയിലെ മാധ്യമത്തില്‍ P.K. പ്രകാശ്‌ പറയുന്നതിങ്ങനെ

കേരളത്തിന്റെ വ്യവസായ മേഖലയില്‍ കേന്ദ്ര മുതല്‍മുടക്ക് ശക്തിപ്പെടുത്തണമെന്നത് എക്കാലത്തും രണ്ട് മുന്നണികളുടെയും ആവശ്യമായിരുന്നു. ഇതനുസരിച്ചാണ് ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ് (എച്ച്.എം.ടി) കളമശേãരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വ്യവസായ യൂനിറ്റ് തുടങ്ങാന്‍ കളമശേãരിയിലെ ജനങ്ങളെ കുടിയിറക്കി സര്‍ക്കാര്‍ തന്നെ പണം മുടക്കി 878.04 ഏക്കര്‍ ഭൂമി പൊന്നുംവിലക്കെടുത്ത് എച്ച്.എം.ടിക്ക് സൌജന്യമായി നല്‍കി. 1972ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചായിരുന്നു ഇത്. എച്ച്.എം.ടിക്ക് വ്യവസായം തുടങ്ങാനും കൂടുതല്‍ യൂനിറ്റുകള്‍ ആരംഭിക്കാനും മാത്രമാണ് ഭൂമി നല്‍കുന്നതെന്ന് ഈ ഉത്തരവില്‍ എടുത്തുപറഞ്ഞിരുന്നു. '76 ആയിട്ടും ഈ ഭൂമിയില്‍ പൂര്‍ണമായി വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ എച്ച്.എം.ടിക്ക് ആയില്ല. തുടര്‍ന്നാണ് 878 ഏക്കറില്‍ വ്യവസായം ആരംഭിക്കാതെ കിടന്ന 781 ഏക്കര്‍ മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍, കേന്ദ്ര വ്യവസായ സ്ഥാപനമെന്ന നിലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്നും കൂടുതല്‍ യൂനിറ്റുകള്‍ ആരംഭിക്കുമെന്നും എച്ച്.എം.ടി സംസ്ഥാന സര്‍ക്കാറിന് ഉറപ്പു നല്‍കി. ഇതേ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചു. '90ല്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ മിച്ചഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കി. പുതിയ വ്യവസായ യൂനിറ്റുകള്‍ എച്ച്.എം.ടി ആരംഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. വീണ്ടും സര്‍ക്കാറും എച്ച്.എം.ടിയുമായി ചര്‍ച്ചനടന്നു. ഇതേ തുടര്‍ന്ന് ഒരു പ്രത്യേക നോട്ടിഫിക്കേഷന്‍ റവന്യൂ വകുപ്പ് പുറത്തിറക്കി. 48499/N2/89 നമ്പറായി '91 ജൂലൈ 29ന് ഇറക്കിയ ഉത്തരവില്‍ എച്ച്.എം.ടി മുഴുവന്‍ സ്ഥലത്തും വ്യവസായ യൂനിറ്റുകള്‍ സ്ഥാപിക്കണം, ഭൂമി വില്‍പന നടത്തരുത് എന്നിങ്ങനെ വ്യവസ്ഥ ചെയ്തിരുന്നു. ഇവ പാലിച്ചില്ലെങ്കില്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും വ്യവസ്ഥചെയ്തു. എന്നിട്ടും വ്യവസായ യൂനിറ്റുകള്‍ കൂടുതലായി ആരംഭിക്കാന്‍ എച്ച്.എം.ടിക്ക് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ആന്റണി സര്‍ക്കാര്‍ '95 ല്‍ 400 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 350 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറാനും 50 ഏക്കര്‍ ഹൌസിംഗ് ബോര്‍ഡിന് നല്‍കാനും തീരുമാനിച്ചു. ഇതിനെതിരെ എച്ച്.എം.ടി ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാറും എച്ച്.എം.ടിയും വീണ്ടും ചര്‍ച്ച നടത്തി. 100 ഏക്കര്‍ എച്ച്.എം.ടിക്ക് വ്യവസായ വികസനത്തിന് വിട്ടുനല്‍കി. 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതില്‍ 240 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറി. 2002ല്‍ 251 ഏക്കര്‍കൂടി മിച്ചഭൂമിയായി ആന്റണി സര്‍ക്കാര്‍ എച്ച്.എം.ടിയില്‍ നിന്ന് ഏറ്റെടുത്തു. ഇതുസംബന്ധിച്ച് കേസ് ഹൈക്കോടതിയില്‍ നടന്നുവരുന്നു. ആന്റണി സര്‍ക്കാര്‍ മിച്ചഭൂമിയായി ആകെ ഏറ്റെടുത്ത 651 ഏക്കറില്‍ 100 ഏക്കര്‍ എച്ച്.എം.ടിക്കുതന്നെ നല്‍കിയതില്‍ 70 ഏക്കറാണ് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വില്‍പന നടത്തിയിരിക്കുന്നത്. 30 ഏക്കര്‍ നല്‍കിയാണ് ഇതിന് യൂനിയനുകളുടെ അംഗീകാരം നേടിയത്. സര്‍ക്കാറിന് ലഭിച്ച ഭൂമിയില്‍ 240 ഏക്കര്‍ കിന്‍ഫ്രക്ക് കൈമാറിയത് ഇതിനൊപ്പം സംസ്ഥാന സര്‍ക്കാറും വില്‍പന നടത്തി. ഐ.ടി, ബയോടെക്നോളജി, ഇലക്ട്രോണിക്, ഗാര്‍മെന്റ്സ് സെസുകള്‍ക്ക് വേണ്ടിയെന്ന പേരില്‍ മുംബൈ, ചെന്നൈ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കാണ് വി.എസ് സര്‍ക്കാര്‍ കൈമാറിയത്. മിച്ചഭൂമിയായി എച്ച്.എം.ടിയില്‍നിന്ന് ഏറ്റെടുത്ത ഭൂമി വി.എസ് സര്‍ക്കാറും എച്ച്.എം.ടിയും ട്രേഡ് യൂനിയനുകളുടെ അനുമതിയോടെ ഒരുപോലെ വിറ്റുവെന്നാണ് ഇത് തെളിയിക്കുന്നത്

ഇതില്‍ നിന്ന് നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌ സൈബര്‍ സിറ്റിക്ക്‌ HMT വിറ്റ സ്ഥലം കോടതിക്ക്‌ പുറത്തുവച്ച്‌ തീര്‍പ്പാക്കിയ 100 ഏക്കര്‍ സ്ഥലമാണ്‌. ഈ സ്ഥലം HMT ക്ക്‌ പൂര്‍ണ്ണ അവകാശമുള്ളതാണ്‌ എന്ന് ഉദ്ദരിച്ച്‌ റവന്യൂ വകുപ്പ്‌ കുറിപ്പ്‌ നല്‍കി എന്ന് 26 ആം തിയതിയിലെ തന്നെ മാതൃഭൂമി പത്രം റിപ്പോട്ട്‌ ചെയ്യുന്നു. മാതൃഭൂമി റിപ്പോര്‍ട്ടിങ്ങനെതിരുവനന്തപുരം: സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനായി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വിറ്റ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് റവന്യൂ വകുപ്പ്. അനന്തരാവകാശികള്‍ക്ക് കൈമാറാവുന്നതും കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ അധികാരം നല്‍കിയാണ് വില്പനയെ തുടര്‍ന്ന് വിവാദമായ 70 ഏക്കര്‍ ഉള്‍പ്പടെ 100 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടി.ക്ക് നല്‍കിയതെന്ന് റവന്യൂ വകുപ്പ് തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.
റവന്യൂ വകുപ്പിലെയും എറണാകുളം കളക്ടറേറ്റിലേയും രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പ് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും.
എച്ച്.എം.ടി.ക്ക് നല്‍കിയ 1972ല്‍ 868.28 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതുതന്നെ ഹെറിറ്റബിള്‍ ആന്‍ഡ് അലീനിയബിള്‍ റൈറ്റ് വകവെച്ചാണ്. 1990ല്‍ ആവശ്യം കഴിഞ്ഞുകിടക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതുവരെ എച്ച്.എം.ടി. ഈ അവകാശം വിനിയോഗിച്ചു. ഇതിനുപുറമെ 1991ല്‍ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണ പ്രകാരം 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് നിബന്ധനകള്‍ക്ക് വിധേയമായിട്ടല്ലാതെ നല്‍കുകയും ചെയ്തു. കേരള ഭൂപരിഷ്കരണ നിയമം 81_ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കമ്പനി എന്ന നിലയ്ക്ക് ഭൂമി വിനിയോഗത്തിനുള്ള ഒഴിവുകളോടെയാണ് ഈ 100 ഏക്കര്‍ സ്ഥലം നല്‍കിയത്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അനുസരിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും കമ്പനിക്ക് 100 ഏക്കര്‍ ഭൂമി കൈകാര്യം ചെയ്യാം. കൂടാതെ ഈ വസ്തു മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ കമ്പനി ഭൂമി വിറ്റത് എന്ന് പരിശോധിക്കേണ്ടത് കേന്ദ്രാധികൃതരാണ്.
എച്ച്.എം.ടി.ക്ക് നല്‍കിയ ഭൂമിയില്‍ 500 ഏക്കര്‍ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ തിരിച്ചെടുക്കാനുള്ള നടപടി 1995ലാണ് തുടങ്ങിയത്. ഇതിനെതിരെ എച്ച്.എം.ടി. ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ എച്ച്.എം.ടി.യുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടാണ് 300 ഏക്കര്‍ ഭൂമി കിന്‍ഫ്രയ്ക്ക് കൈമാറാനും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് ഭൂപരിഷ്കരണ നിയമം ബാധകമാകാത്ത തരത്തില്‍ നല്‍കാനും തീരുമാനിച്ചത്. ഈ നടപടി പൂര്‍ത്തിയായി ഉത്തരവിറങ്ങിയത് 2000ല്‍ ആണെന്ന് മാത്രം_റവന്യൂ മന്ത്രിയുട കുറിപ്പില്‍ പറയുന്നു.
വിവാദ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് വ്യക്തമായതോടെ ഭൂമി വില്പന സംബന്ധിച്ച ചര്‍ച്ചയ്ക്ക് വലിയ പ്രസക്തിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇവിടെ ഐ.ടി. വ്യവസായം തുടങ്ങാന്‍ വ്യവസായ വകുപ്പ് ഒത്താശ ചെയ്തപ്പോള്‍ ഐ.ടി. വകുപ്പിനെ അറിയിക്കുകയോ, ജോലി സൃഷ്ടിക്കലും മറ്റും സംബന്ധിച്ച് കരാറിലേര്‍പ്പെടുകയോ ചെയ്തില്ലെന്നത് മാത്രമാണ് അവശേഷിക്കുന്ന കുറ്റമെന്ന് സര്‍ക്കാര്‍ കരുതുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് വിശദമായി ചര്‍ച്ച ചെയ്തു. റവന്യൂ മന്ത്രി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് നല്‍കാനും നിര്‍ദ്ദേശമുണ്ട്. റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ മന്ത്രിമാരടങ്ങുന്ന സമിതി ആദ്യം ചര്‍ച്ച ചെയ്യും. വിറ്റ സ്ഥലത്തിന്റെ പോക്കുവരവ് നടത്തുന്നത് ആദ്യം തടഞ്ഞശേഷം പിന്നീട് അനുമതി നല്‍കിയ യോഗത്തില്‍ റവന്യൂ മന്ത്രി കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തണമായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
എന്നാല്‍ തൊഴിലാളി യൂണിയനുകള്‍ ഉയര്‍ത്തിയ തര്‍ക്കത്തിന്റെ പേരിലാണ് റവന്യൂ വകുപ്പ് ആദ്യം പോക്കുവരവ് തടഞ്ഞത്. കമ്പനി യൂണിയനുകളുമായി ചര്‍ച്ച നടത്തി 30 ഏക്കര്‍ ഹൌസിങ് സൊസൈറ്റിക്ക് നല്‍കാന്‍ ധാരണയായതോടെ പോക്കുവരവ് തടയാനിടയായ സാഹചര്യമൊഴിവായിയെന്നും നിയമപരമായി പോക്കുവരവ് നടത്തുന്നത് നിരോധിക്കാന്‍ കഴിയില്ലെന്നും റവന്യൂ മന്ത്രി സെക്രട്ടേറിയറ്റിനെ ധരിപ്പിച്ചു.
അനീഷ് ജേക്കബ്
ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പോക്കുവരവ്‌ സംബന്ധിയായ ആരോപണം മന്ത്രി ഇളമര കരീം വിശദീകരിക്കുന്നത്‌ HMT യുടെ ഭൂമി വിറ്റ പണം ഉപയോഗിക്കുന്നതിലുള്ള തൊഴിലാളികളും HMT യും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ്‌ പോക്കുവരവ്‌ തടഞ്ഞത്‌ എന്നാണ്‌ 30 ഏക്കാര്‍ തൊഴിലാളികള്‍ക്ക്‌ ഹൌസിംഗ്‌ ആവശ്യത്തിന്‌ നല്‍കാം എന്ന വാക്കാല്‍ ധാരണ ഉണ്ടാക്കുകയും അതേത്തുടര്‍ന്ന് പോക്കുവരവ്‌ നടത്തിക്കൊടുക്കുകയും ചെയ്തു എന്നാണ്‌. ആ യോഗത്തില്‍ എല്ലാ തൊഴിലാളി സഘടനാ നേതാക്കളും ഉണ്ടായിരുന്നു എന്നും കരീം പറയുന്നു. അതില്‍ ഒരു നിഷേധ കുറിപ്പും ഒരു തൊഴിലാളി സഘടനയും ഇതുവരെ പറയാത്ത സാഹചര്യത്തില്‍ ഈ ഭൂമി വില്‍ക്കുന്ന കാര്യത്തില്‍ ഒരു യൂണിയനും എതിര്‍പ്പുണ്ടായിരുന്നില്ല എന്നത്‌ വ്യക്തം.ഇതിനേപ്പറ്റി പ്രകാശ്‌ പറയുന്നതിങ്ങനെ

എച്ച്.എം.ടിയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി എച്ച്.എം.ടി വിറ്റ നടപടിയെയും സംസ്ഥാന സര്‍ക്കാറിന്റെ ഭൂമി വില്‍പനയെയും ട്രേഡ് യൂനിയനുകള്‍ ഒറ്റക്കെട്ടായി ന്യായീകരിക്കുന്നു. എച്ച്.എം.ടി സാമ്പത്തിക പ്രതിസന്ധിയിലാണ്, ഭൂമി വിറ്റ പണം എച്ച്.എം.ടിയുടെ വികസനത്തിനുതന്നെ വിനിയോഗിക്കും, ഇത് എച്ച്.എം.ടിയെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റും അതുകൊണ്ട് ഭൂമി വില്‍പനയെ പിന്തുണക്കുന്നുവെന്നാണ് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് മുതല്‍ ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് നേതാക്കള്‍ വരെ പറയുന്നത്.

എച്ച്.എം.ടി പ്രതിസന്ധിയിലായതിന്റെ യഥാര്‍ഥ കാരണങ്ങള്‍ മറച്ചുവെച്ചാണ് ഭൂമി വില്‍പനയിലൂടെ എച്ച്.എം.ടിയുടെ പ്രതിസന്ധി മറികടക്കാമെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നത്. 30 ഏക്കര്‍ തൊഴിലാളികളുടെ ഹൌസിംഗ് കോളനിക്കെന്ന പേരില്‍ വാങ്ങിയതിനെക്കുറിച്ച് മിണ്ടുന്നുമില്ല. കേന്ദ്ര പൊതുമേഖലാ വ്യവസായം വരുന്നതിന് കേരളത്തിലെ ജനങ്ങളുടെ ചെലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി വില്‍പന നടത്തുന്നതിന് അനുമതി നല്‍കാനും അതില്‍നിന്ന് മുപ്പതേക്കര്‍ പേശി വാങ്ങാനുമാണ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ തയാറായിരിക്കുന്നത്.
എന്നാല്‍ നിയമ വകുപ്പില്‍ നിന്ന് 2007 ജനവരിയില്‍ ഈ 100 ഏക്കര്‍ തിരിച്ചെടുക്കണം എന്ന് നിയമോപദേശം ലഭിച്ചിരുന്നു എന്ന വാര്‍ത്ത ഇന്നത്തെ പത്രങ്ങളില്‍ വരികയും മന്ത്രി വിജയകുമാര്‍ അത്‌ സ്ഥിരീകരിക്കുകയും ചെയ്യുകയും ചെയ്തു. അപ്പോള്‍ ഈ ഭൂമി വില്‍ക്കാമോ എന്ന പുതിയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു.ഇതിനിടെ പോക്കുവരവ്‌ നടത്തിക്കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാനാണ്‌ റിയല്‍ എസ്റ്റേറ്റ്‌ കമ്പിനിയായ ബ്ലൂസ്റ്റാര്‍ ഐ.ടി. പദ്ധതിയുമായി അവതരിച്ചതെന്നും അതിന്റെ മറവില്‍ എല്ലാ തിരിമറികളും വെള്ള പൂശാനുള്ള ശ്രമമാണ്‌ എന്ന പുതിയ വിവാദവും മൊട്ടിട്ടും. എങ്ങനെ ആലോചിട്ടും എവിടെ ആര്‍ക്ക്‌ പിഴച്ചു എന്താണ്‌ സംഭവിച്ചത്‌ എന്ന് വ്യക്തമാകുന്നെ ഇല്ല. കോടതിക്ക്‌ പുറത്ത്‌ നടത്തിയ ഒത്തു തീര്‍പ്പ്‌ വ്യവസ്ഥ പ്രകാരം HMT ക്ക്‌ ഭൂമി വില്‍ക്കാന്‍ കഴിയുമോ എന്നതില്‍ ഒരു വ്യക്തത വന്നാല്‍ ഈ പ്രശ്നത്തിന്റെ 90% വിവാദങ്ങളും അവസാനിക്കും എന്നാല്‍ അതുണ്ടാകാതെ മറ്റ്‌ വിഷയങ്ങളിലേക്ക്‌ ഇത്‌ തിരിഞ്ഞു പോകുകയാണ്‌. മുഖ്യമന്ത്രി അറിയാതെ ഇതെങ്ങനെ സംഭവിച്ചു എന്നത്‌ അതിലും വലിയ തമാശയായി തുടരുന്നു. ഇങ്ങനെ ഒരു പദ്ധതിയേപ്പറ്റി IT വകുപ്പ്‌ അറിഞ്ഞിട്ടെ ഇല്ല എന്നും പറയപ്പെടുന്നു.എന്നാല്‍ തങ്ങള്‍ IT വകുപ്പില്‍ തങ്ങള്‍ അപേക്ഷ നല്‍കി എന്ന് സൈബര്‍ സിറ്റി അധികൃതര്‍ അവകാശപ്പെടുന്നുമുണ്ട്‌.
25 ആം തിയതിയിലെ മാതൃഭൂമി വാര്‍ത്ത പറയുന്നതിങ്ങനെ

കളമശ്ശേരി: സൈബര്‍സിറ്റി പദ്ധതി വിവാദമായ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയില്ലാതെ തുടര്‍നടപടികള്‍ വേണ്ടെന്ന് നിര്‍മാതാക്കളായ ഹൌസിങ് ഡെവലപ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചറര്‍ ലിമിറ്റഡ് (എച്ച്.ഡി.ഐ.എല്‍.) തീരുമാനിച്ചു. നിയമനടപടിക്രമങ്ങളും പദ്ധതിപ്രദേശത്തെ ജോലികളും ഇനിയൊരറിയിപ്പുവരെ തുടരേണ്ടെന്ന് കേരളത്തിലെ എച്ച്.ഡി.ഐ.എല്‍. പ്രതിനിധികള്‍ക്ക് മുംബൈയില്‍നിന്ന് നിര്‍ദേശം ലഭിച്ചു.
ഐ.ടി. വകുപ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും പദ്ധതി സംബന്ധിച്ച എല്ലാ വിവരവും ഡിസംബര്‍ ആദ്യവാരംതന്നെ നല്‍കിയിരുന്നതായി എച്ച്.ഡി.ഐ.എല്‍. വ്യക്തമാക്കി. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പദ്ധതിയെക്കുറിച്ച് അറിവില്ലെന്നു പറയുന്നതിന്റെ കാരണം വ്യക്തമല്ല. സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ആവശ്യമില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണെന്നും എച്ച്.ഡി.ഐ.എല്ലിന്റെ ഉന്നതതല യോഗം വിലയിരുത്തി.
സംസ്ഥാന കെട്ടിടനിര്‍മ്മാണചട്ടമനുസരിച്ചുള്ള അനുമതി മാത്രം മതിയെന്നും ഐ.ടി. വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വേണ്ടെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. എല്ലാ നിയമവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിക്കാമെന്നും വ്യക്തമാക്കി.
മതില്‍ കെട്ടാനുള്ള അനുമതി കളമശ്ശേരി നഗരസഭ നല്‍കി. കെട്ടിടനിര്‍മാണ അനുമതിക്കുള്ള അപേക്ഷ എറണാകുളം ചീഫ് ടൌണ്‍ പ്ലാനറുടെ സൂക്ഷ്മപരിശോധനയിലാണ്. സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാലേ ഈ അനുമതി നല്‍കൂ.
സൈബര്‍സിറ്റിയുടെ നിക്ഷേപസാധ്യതകള്‍ സംബന്ധിച്ച് എച്ച്.ഡി.ഐ.എല്‍. അമേരിക്കയിലും യൂറോപ്പിലും റോഡ് ഷോ നടത്തിയതിനെത്തുടര്‍ന്ന് അമേരിക്കയിലെ ഒരു പ്രമുഖ ഐ.ടി. കമ്പനിയുടെ പ്രതിനിധികള്‍ കഴിഞ്ഞമാസം പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി വീണ്ടും എത്തുന്നുണ്ടെന്ന് എച്ച്.ഡി.ഐ.എല്‍. അധികൃതരെ അറിയിച്ചു. പദ്ധതി വിവാദത്തിലായ സാഹചര്യത്തില്‍ ഇതിനോട് എച്ച്.ഡി.ഐ.എല്‍. പ്രതികരിച്ചിട്ടില്ല.എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച്‌ ഇന്ന് കോടതിയി സര്‍ക്കാര്‍ അഭിഭാഷകന്‍ ഭൂമി പോക്കുവരവ്‌ ചെയ്തതില്‍ അപാകതകള്‍ ഉണ്ട്‌ എന്ന് സമ്മതിച്ചിരിക്കുന്നു.
സര്‍ക്കാരിന്റെ കൂട്ടുത്തരവാത്തിന്‌ മറ്റൊരു പൊന്‍തൂവല്‍ക്കൂടി

Wednesday, January 23, 2008

സാമൂദായിക നേതാക്കള്‍ വിശുദ്ധ പശുക്കളോ?

കേരളം വിമോചന സമരത്തിനെ വക്കിലാണ്‌ എന്ന് M.M. ഹസ്സന്‍ ഇന്നലെ അരുളിച്ചെയ്തു. സാമൂദായിക സംഘടന നേതാക്കളെ CPM നേതാകള്‍ കടന്നാക്രമിക്കുകയാണ്‌ എന്നും ഇത്‌ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത്‌ പത്മനാഭന്‍ വിമോചന സമരത്തില്‍ പങ്കെടുത്തത്‌ വഴി നെറികേട്‌ കാട്ടിയെന്ന പിണറായുടെയും സുധാകരന്റേയും പ്രസ്താവനയാണ്‌ ഹസ്സന്‍ സാഹിബിനേ ചൊടിപ്പിച്ചത്‌. വിമോചന സമരത്തിലൂടെയാണ്‌ മന്നം ഓര്‍മ്മിക്കപ്പെടുന്നതെന്നും ഹസ്സന്‍ പറഞ്ഞു കളഞ്ഞു. വയലാര്‍ രവിയും ആന്റണിയുമൊക്കെ വിമോചന സമരം തെറ്റായിപ്പോയി എന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്‌ തനിക്ക്‌ അങ്ങനെ ഒരു അഭിപ്രായമല്ല ഉള്ളതെന്നും EMS സര്‍ക്കാരിനെ പിരിച്ചുവിട്ടതിന്‌ ശേഷം നടന്ന തിരഞ്ഞേടുപ്പില്‍ അവര്‍ തോറ്റത്‌ കേരള ജനത വിമോചന സമരം അംഗീകരിച്ചതുകൊണ്ടാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതിനിടെ പിണറായിക്കെതിരെ നാരായണപ്പണിക്കരും ആഞ്ഞു തുള്ളുന്നുണ്ട്‌ അത്യത്തില്‍ ഇതൊക്കെ കാണുമ്പോള്‍ എനിക്കൊരു സംശയം കേരളത്തിലെ സാമൂദായിക നേതാക്കന്മാരേ വിമര്‍ശിക്കാന്‍ പാടില്ലാ എന്നുണ്ടോ. അത്‌ മന്നമായാലും പണിക്കരായാലും ബിഷപ്പായാലും വിമര്‍ശിക്കാന്‍ പാടില്ലേ. വിമോചന സമരത്തേക്കുറിച്ച്‌ CPM ന്‌ ഒരു അഭിപ്രായമുണ്ട്‌ അതില്‍ പങ്കെടുത്തത്‌ അവരേ സംബന്ധിച്ചോളം തെറ്റായ കാര്യമാണ്‌. അത്‌ പറയാന്‍ പോലും ഇവിടെ അവകാശമില്ലെ. അത്രക്ക്‌ പെട്ടെന്ന് വൃണപ്പെടുന്നതാണോ ഈ നായര്‍ വികാരം. എന്നാല്‍ പണിക്കര്‍ക്കും സുകുമാരന്‍ നായര്‍ക്കും ഏത്‌ ഭാഷയും ഉപയോഗിക്കാം അതില്‍ തെറ്റില്ല. രാഷ്ട്രീയക്കാര്‍ മര്യാദക്ക്‌ സംസാരിച്ചുകൊള്ളണം ഇലെങ്കില്‍ സാമൂദായിക വികാരം വൃണപ്പെടും നാളെ തെരെഞ്ഞെടുപ്പ്‌ ഗോദായില്‍ ഞങ്ങള്‍ മറിച്ചു കുത്തും. ഈ ഉമ്മാക്കിയേപ്പേടിച്ച്‌ എത്രനാള്‍ മിണ്ടാണ്ടിരിക്കും. ഇവര്‍ക്ക്‌ വക്കാലത്ത്‌ പറയുന്ന കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ തീപിടിക്കുമ്പോള്‍ വാഴവെട്ടാന്‍ ഇറങ്ങീയിരിക്കുന്നവരാണ്‌. നാല്‌ വോട്ട്‌ മറിഞ്ഞു കിട്ടിയാല്‍ അതും ഇങ്ങ്‌ പോരട്ടെ എന്ന് കരുതി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നവര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയല്ലേ?

KER പരിഷ്ക്കരണം ചര്‍ച്ചക്കെടുത്തപ്പോള്‍ത്തുടങ്ങിയതാണ്‌ ഈ ആസുഖം. കൂട്ടിന്‌ ക്രിസ്ത്യന്‍ സഭകളും ഉണ്ട്‌. ക്രിസ്ത്യന്‍ ബിഷപ്പുമാരും വിശുദ്ധപശുക്കളാണ്‌ അവരേയും വിമര്‍ശിക്കാന്‍ പാടില്ല. വേണമെങ്കില്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിനെ മാത്രം വിമര്‍ശിക്കാം. അത്‌ എത്ര നിലവാരം വരെ ആകാം എന്ന് പി.സി. ജോര്‍ജ്ജ്‌ കാണിച്ചു തന്നിട്ടുണ്ട്‌. ഒരു മെത്രാനും മിണ്ടാന്‍ വരില്ല. പക്ഷെ അതില്‍ ത്രിപ്തിപ്പെട്ടോണം പിന്നെ ആരെയെങ്കിലും വിമര്‍ശിച്ചാല്‍ പി.സി. ജോര്‍ജ്ജ്‌ തന്നെ അതിനെതിരെ രംഗത്തു വരും. ഇപ്പോള്‍ അതില്‍ സ്പെഷിലൈസ്‌ ചെയ്തിരിക്കുകയാണ്‌ ജോര്‍ജ്ജ്‌. തിരുവമ്പാടി തെരഞ്ഞെടുപ്പില്‍ കൂടരഞ്ഞി വികാരി നേരിട്ട്‌ രാഷ്ട്രീയം കളിക്കാനിറങ്ങി. മുരിങ്ങൂരെ റെയ്‌ഡായിരുന്നു പുള്ളിയുടെ ആയുധം. പിന്നീട്‌ താമരശേരി ബിഷപ്പ്‌ മത്തായി ചാക്കോയുടെ സ്വകാര്യ ജീവിതം തെരുവിലിറക്കി വിവാദം ഉണ്ടാക്കി. കൂടരഞ്ഞി വികാരിയേ CPM കാര്‍ വെറുതെ വിട്ടെങ്കിലും ബിഷപ്പിനെ പാര്‍ട്ടി സെക്രട്ടരി കൈകാര്യം ചെയ്തു. നികൃഷ്ട ജീവി വിവാദമായിരുന്നു അതിന്റെ ബാക്കി പത്രം. പിന്നെ കണ്ടത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അന്ത്യകൂദാശ നല്‍കും എന്നൊക്കെയുള്ള വെല്ലുവിളികളായിരുന്നു. അതിനിടയില്‍ ആഡ്രൂസ്‌ താഴത്തില്‍ പിതാവിന്‌ ഒരു മോഹം ഒരു വിമോചന സമരം നടത്തിക്കളയം. അദ്ദേഹവും നടത്തി ഒരു വിമോചന സമരാഹ്വാനം. അപ്പോള്‍ പിതാക്കന്മാരും സമുദായ നേതക്കന്മാരുമൊക്കെ എന്തും പറയും. പൌവത്തില്‍ പിതാവും നയം വ്യക്തമാക്കി അടിച്ചാല്‍ തിരിച്ചടിക്കും. അതൊക്കെ കേട്ട്‌ രാഷ്ട്രീയക്കാര്‍ മിണ്ടാതെ നിന്നു കൊള്ളണം അവര്‍ക്ക്‌ ഏത്‌ ഭാഷയുമാകാം തിരിച്ച്‌ ഒന്നും പറയരുത്‌. അതാണ്‌ കേരളത്തിലെ അലിഖിത നിയമം. അത്‌ ലഘിച്ചാല്‍ ഒരു സാമൂദായിക മുന്നേറ്റവും സര്‍ക്കാരിന്റെ തകര്‍ച്ചയും ഉറപ്പാണ്‌ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

KER പരിഷക്കരണം വഴി വിദ്യാഭ്യാസ രംഗം കൈയടക്കാനുള്ള CPM ന്റെ ശ്രമമാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌ എന്നാണ്‌ പൊതു ഭാഷ്യം. കൌമാര വിദ്യാഭ്യാസ പദ്ധതിയും പഞ്ചായത്തുകളെ മേല്‍നോട്ടമേല്‍പ്പിക്കലും ഒക്കെ ഇതിന്റെ ഭാഗമാണ്‌ എന്നും ഇവര്‍ ആരോപിക്കുന്നു. പിന്നെ വിദ്യാലയങ്ങളില്‍ നിരീശ്വരത്ത്വം പ്രചരിപ്പിക്കാനും CPM ന്‌ പരിപാടി ഉണ്ടത്ര. എന്നാല്‍ കൌമാര വിദ്യാഭ്യാസ പരിപാടിയും പഞ്ചായത്തുകളെ മേല്‍നോട്ടമേല്‍പ്പിക്കാനുള്ള നിര്‍ദ്ദേശമൊന്നും സംസ്ഥാന സര്‍ക്കാരിന്റെ അല്ല കേന്ദ്ര സര്‍ക്കാരിന്റെയല്ലെ എന്ന് ചോദിച്ചാല്‍ അതിനൊന്നും മറുപിടി ഇല്ല. എങ്ങാനും PSC വഴി ഏയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ നിയമനം വരുമോ എന്ന ഭീതിയാണ്‌ ഇവരെ നയിക്കുന്നത്‌. അതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്റ്റ്‌ പോകുകയും ചെയ്തു. പിന്നെ പഠന സമയം പരിഷ്ക്കരിക്കുമെന്നും അവധി ദിവസങ്ങള്‍ പ്രവര്‍ത്തി ദിവസമാക്കും എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉണ്ടെന്നും ഇത്‌ മതബോധനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളതാണെന്നും ആരോപിക്കപ്പെട്ടു. എന്നാല്‍ മുസ്ലിം സമുദായ നേതാക്കളും SNDP യും സര്‍ക്കാരുമായി സമവായമുണ്ടാക്കി മിണ്ടാതിരുന്ന് മാതൃക കാട്ടി. മുസ്ലിം സമുദായത്തെ തെരുവിലിറക്കാനുള്ള ലീഗിന്റെ വിലകുറഞ്ഞ തന്ത്രത്തെ തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ നിലവാരം കുറഞ്ഞ കളികള്‍ തുടരുകയാണ്‌ സഭയും NSS ഉം.

അനുബന്ധ ലിങ്ക്‌
മന്നത്ത്‌ പദ്മനാഭന്റെ പേരില്‍ കുരക്കുന്നവരും ഓരിയിടുന്നവരും!

Monday, January 14, 2008

ആശയ സമരമോ അധികാര സമരമോ ?

എന്റ നൂറാമത്‌ പോസ്റ്റില്‍ കമന്റ്‌ ചെയ്ത മണി എന്ന ബ്ലോഗര്‍ ഞാന്‍ പിണറായി പക്ഷത്തു നിന്ന് കാര്യങ്ങള്‍ നോക്കിക്കാണുന്നു എന്ന് വിമര്‍ശിക്കുകയുണ്ടായി.ഈ ആരോപണം എന്റെ ബ്ലോഗ്‌ വായിക്കുന്നവരില്‍ 99% ശതമാനം ആള്‍ക്കാര്‍ക്കും ഉണ്ടാകും എന്നുറപ്പാണ്‌. ഇതിന്‌ മുന്‍പ്‌ പലരും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. അന്ന് ഞാന്‍ ഈ വിഷയത്തില്‍ എന്റെ നിലപാട്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എങ്കിലും ഇപ്പോഴും ഇത്‌ പ്രസക്തമായതിനാല്‍ എന്തുകൊണ്ട്‌ ഞാന്‍ വി.എസ്‌. വിരുദ്ധ പക്ഷത്ത്‌ ( അങ്ങനെ ഉള്ളവരെ പിണറായി പക്ഷം എന്ന് സ്വാഭാവികമായും മുദ്രകുത്തപ്പെടും) നില്‍ക്കുന്നു എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

VS അച്ചുതാനന്ദന്‍ എന്ന നേതാവ്‌ ഇന്ന് കാണപ്പെടുന്നത്‌ പോലെ ആള്‍ദൈവ വല്‍ക്കരിക്കപ്പെട്ടത്‌ കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‌ സീറ്റ്‌ നിഷേഷിക്കപ്പെട്ടതിനേത്തുടര്‍ന്നാണ്‌. അതിന്‌ മുന്‍പ്‌ വരെ നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ക്ക്‌ അദ്ദേഹം വികസന വിരുദ്ധനും ഇടത്‌ വരട്ടുവാദിയുമായിരുന്നു. അദ്ദേഹം പ്രതിപക്ഷ നേതാവായി നടത്തിയ പലസമരങ്ങളും പ്രത്യേകിച്ച്‌ സ്മാര്‍ട്ട്‌ സിറ്റിക്കെതിരേയും ADB വായ്പക്കെതിരേയും നടത്തിയ സമരങ്ങളെ പുച്ഛിച്ച്‌ തള്ളിയവരാണ്‌ ഇവിടുത്തെ മുഖ്യധാര മാധ്യമങ്ങള്‍ ( ADB വിഷയത്തില്‍ മാധ്യമം പത്രം ഇതിനൊരു അപവാദമായിരുന്നു ). എന്നാല്‍ സീറ്റ്‌ നിഷേധിക്കപ്പെട്ട്‌ VS മാധ്യമങ്ങളുടെ പ്രിയങ്കരനാകാന്‍ അധികം സമയം വേണ്ടി വന്നില്ല. മാധ്യമങ്ങള്‍ VS ന്‌ വേണ്ടി കണ്ണീരൊഴുക്കി. പിന്നെ അദ്ദേഹം ആള്‍ദൈവമാകുന്നതാണ്‌ നാം കണ്ടത്‌. ഭരണത്തിലേറിയ VS ഒരു വിമത മുഖ്യമന്ത്രി എന്ന രീതിയാലാണ്‌ പ്രവര്‍ത്തിച്ചത്‌ അതുകൊണ്ട്‌ തന്നെ മാധ്യമങ്ങളില്‍ വിമത ശബ്ദത്താല്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. അതുപോലെ പല വിഷയത്തിലും VS സ്വന്തം ഇമേജ്‌ നില നിര്‍ത്തുക എന്നത്‌ മാത്രമല്ല തന്റെ സ്തുതിപാടക മാധ്യമങ്ങളെ സഹായിക്കുന്ന നിലപാടുകളും VS കൈക്കൊണ്ടു. പിതൃശൂന്യ വിവാദം ഇതിന്‌ ഒരു ഉദാഹരണം മാത്രം. പിന്നീട്‌ ADB വിഷയത്തിലും മറ്റും VS കൈക്കൊണ്ട നിലപാടുകള്‍ സ്വന്തം ഇമേജ്‌ സംരക്ഷിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള VS ന്റെ വിമത നിലപാടുകള്‍ CPM ന്റെ നേതൃത്വം പാര്‍ട്ടി പരിപാടികളില്‍ നിന്ന് വ്യതിചലിക്കുന്നതിനെതിരേ ഉള്ള പ്രതിരോധമായി വ്യാഖ്യാനിക്കപ്പെട്ടു. ബുദ്ധി ജീവികളും സാംസ്ക്കാരിക നായകന്മാരും എല്ലാം VS പക്ഷത്ത്‌ അണി നിരന്നു. മാതൃഭൂമിയും മംഗളവും മാധ്യമവുമൊക്കെ VS ന്‌ യഥാര്‍ത്ഥ CPM നയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും എന്ന് ഘോഷിച്ചു. എല്ലാത്തിനും തടസം പിണറായിയും ഐസക്കുമാണെന്നും അവര്‍ അറിയിച്ചു. പിണറായി പക്ഷത്തുള്ളവര്‍ എന്ന് കരുതപ്പെടുന്നവരെല്ലാം ചെറിയ കാര്യങ്ങളുടെ പേരില്‍പ്പോലും മാധ്യമ വേട്ടക്കിരയായി ( ഇതിനുവേണ്ടി മാത്രം ജനശക്തി പോലുള്ള മാധ്യമങ്ങള്‍ രൂപികരിക്കപ്പെട്ടു). ഈ സാഹചര്യത്തിലാണ്‌ ഞാന്‍ VS എന്തായിരുന്നു എന്നും ഇപ്പോള്‍ VS ഇല്‍ അവതരിപ്പിക്കപ്പെട്ട ദിവ്യത്വത്തില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട്‌ എന്ന് ചിന്തിച്ചത്‌. അന്നു മുതല്‍ ഞാന്‍ ഈ വിഷയത്തില്‍ എടുത്തിട്ടുള്ള നിലപാട്‌ CPM ഇല്‍ ആശയ സമരമില്ല വെറും അധികാര തര്‍ക്കം മാത്രമേ ഉള്ളൂ എന്നതാണ്‌.

പിണറായി പക്ഷം അലെങ്കില്‍ CPM ലെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം പിന്‍തുടരുന്ന നയങ്ങള്‍ പാര്‍ട്ടി വിരുദ്ധമാണ്‌ എന്ന സന്ദേശമാണ്‌ VS പക്ഷം മുന്നോട്ട്‌ വച്ചത്‌. അതുകൊണ്ട്‌ തന്നെ ഈ നയപരിപാടികളെ എതിര്‍ക്കുക എന്നതിലൂടെ ഒരു ആശയ സമരമാണ്‌ തങ്ങള്‍ മുന്നോട്ട്‌ വച്ചത്‌ എന്നതായിരുന്നു VS ന്റെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം ജോതിബാസുവിന്റെ വിവാദ പ്രസ്താവന വരുന്നതുവരെ ഇതിലൊക്കെ കഴമ്പുണ്ട്‌ എന്ന് വരുത്തി തീര്‍ക്കാന്‍ Vs പക്ഷത്തിന്‌ കഴിഞ്ഞു. എന്നാല്‍ ബസുവിന്റെ പ്രതാവനയും അതിന്‌ കാരാട്ടും SRP യും പറഞ്ഞ സാധൂകരണവും കണ്ടപ്പോള്‍ പിണറായി പക്ഷം മുന്നോട്ട്‌ വയ്കുന്ന നയങ്ങളല്ലേ CPM ന്റെ യഥാര്‍ത്ഥ നയങ്ങള്‍ എന്ന സംശയം ഉയര്‍ന്നു. എന്നാല്‍ അതിന്‌ മുന്‍പ്‌ VS തന്റെ ആശയ വെടി പൊട്ടിച്ചു മുതലാളിത്തം കുറ്റിയും പറിച്ച്‌ പോകേണ്ടി വരും എന്ന് VS എര്‍ണ്ണാകുളം ജില്ലാ സമ്മേളനത്തില്‍ അര്‍ത്ഥ ശങ്കക്കിടയില്ലാതെ പറഞ്ഞു. VS ന്റെ ഈ വിമത സ്വരം മാധ്യമങ്ങള്‍ ആഘോഷിച്ചു ഇത CPM ന്റെ ഗതിമാറ്റത്തിനെതിരേ VS പടനയിക്കുന്നു എന്ന രീതിയില്‍ എല്ലാവരും എഴുതി മരിച്ചു. പാലക്കാട്‌ ജില്ലാ സമ്മേളനത്തില്‍ പറഞ്ഞ ആശയ സമരമാണ്‌ പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് VS ന്റെ നിലപാടാണ്‌ ഇവിടെ കണ്ടതെന്നും എല്ലാവരും കരുതി. എന്നാല്‍ ഡല്‍ഹിയില്‍ പോയി മടങ്ങി എത്തിയ സഖാവ്‌ നിലപാട്‌ മാറ്റി. ബസ്സുവിന്റെ പ്രസ്താവന വളച്ചൊടിച്ചതാണ്‌ എന്നാണ്‌ ഇപ്പോള്‍ VS പറഞ്ഞത്‌. അപ്പോള്‍ കുറ്റി പറിച്ച്‌ പോകണം എന്നൊക്കെപ്പറഞ്ഞത്‌ വെറും ആവേശത്തില്‍ സംഭവിച്ചാതാണ്‌ എന്ന് വ്യക്തം അലെങ്കില്‍ മാതൃഭൂമി മാത്രമേ ഇപ്പോള്‍ VS വായിക്കുന്നുള്ളൂ എന്ന് കരുതേണ്ടി വരും. മറ്റേത്‌ നേതാവ്‌ ഇങ്ങനെ മലക്കം മറിഞ്ഞാല്‍ ഓടിച്ചിട്ടടിക്കുന്ന മീഡിയ ഇവിടെയും VS നെ രക്ഷിച്ചു. വലിയ വിവാദം ഉണ്ടാക്കാതെ ഒതുക്കിക്കൊടുത്തു.പക്ഷേ പാര്‍ട്ടി സമ്മേളനങ്ങളില്‍ ആദര്‍ശ ലൈന്‍ ചോദ്യം ചെയ്യാന്‍ മറുവിഭാഗത്തിന്‌ ഇത്‌ സഹായിച്ചു. നിഷ്പക്ഷമായി CPM നെ വിലയിരുത്തിയാല്‍ ഇത്‌ സത്യമെന്ന് തെളിയും.

ബസ്സുവിന്റെ പ്രസ്താവന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഒരു ചര്‍ച്ചയില്‍ V.B. ചെറിയാന്‍ ഇങ്ങനെ പറഞ്ഞു. ഇതില്‍ വലിയ പുതുമയൊന്നുമില്ല 2000 മുതല്‍ ഇതാണ്‌ CPM ന്റെ നയം 2000 ഇല്‍ തിരുവന്തപുരത്തുവച്ച്‌ ഈ നയം അവതരിപ്പിച്ചപ്പോള്‍ 23% പേര്‍ എതിര്‍ത്തിരുന്നു അത്രേ എന്നാല്‍ 2002 ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു എതിര്‍പ്പും കൂടാതെ ഈ പരിപാടി അംഗീകരിക്കുകയും ചെയ്തു പോലും. അപ്പോള്‍ 2002 മുതല്‍ നിലനില്‍ക്കുന്ന ഒരു ഈ പാര്‍ട്ടി പരിപാടി VS ഉം അദ്ദേഹത്തിന്റെ പക്ഷക്കാരും അംഗീകരിച്ചതാണ്‌. അപ്പോള്‍ അദ്ദേഹം നടത്തുന്നു എന്ന് പറയുന്ന ആശയ സമരം ആര്‍ക്കെതിരേയാണ്‌. ബംഗാളില്‍ നടപ്പിലാക്കുന്ന ഈ നയത്തിനെതിരെ VS എന്നെങ്കിലും കേന്ദ്ര തലത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ. അലെങ്കില്‍ കേന്ദ്രകമ്മിറ്റിയില്‍ VS പക്ഷം ആശയ സമരം നടത്താറുണ്ടോ. ഇത്തരത്തില്‍ ഒന്ന് നടത്തിയതായി ഇതുവരെ വായിച്ചതായി ഓര്‍ക്കുന്നില്ല. ബംഗാള്‍ നേതൃത്വത്തിന്റെ പിന്തുണ VS നാണ്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌. അപ്പോള്‍ ആശയ സമരം കേരളത്തില്‍ മാത്രമാണ്‌ അതിന്റെ അടിസ്ഥാനം പാര്‍ട്ടി പരിപാടികളുമല്ല അതെന്താണ്‌ അത്‌ അധികാര മത്സരമാണ്‌ എന്നാണ്‌ എന്റെ പക്ഷം. ഈ അധികാര മത്സരത്തിന്റെ പേരിലാണ്‌ VS ന്‌ സീറ്റ്‌ നിഷേധിച്ചതും പിന്നീട്‌ ആഭ്യന്തരം നിഷേധിച്ചതുമൊക്കെ. ഇതേ അധികാര മോഹങ്ങളാണ്‌ 1991 മുതല്‍ VS നേ ഗ്രൂപ്പ്‌ കളിക്കാന്‍ പ്രേരിപ്പിച്ചതു, ചെറിയാന്‍ പറഞ്ഞതു പോലെ കാറ്റ്‌ വിതച്ച്‌ കൊടുംങ്കാറ്റ്‌ കൊയ്യുന്നു.

ഇനി VS പക്ഷം എന്ന് പറയുന്ന ആശയ സമര ഗ്രൂപ്പിനെ നമുക്ക്‌ പിണറായി ഗ്രൂപ്പുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം. VS പക്ഷത്തിന്റെ ഉറച്ച്‌ ജില്ലാ കമ്മിറ്റികളായിരുന്നു ഇടുക്കിയും ഏര്‍ണ്ണാകുളവും. ആദര്‍ശ VS പക്ഷത്തെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആദര്‍ശത്‌ മൂന്നാര്‍ ഓപ്പറേഷന്റെ ആസിഡ്‌ ടെസ്റ്റില്‍ അലിഞ്ഞു പോകുന്നതാണ്‌ കണ്ടത്‌. സര്‍ക്കാരിനെതിരേ ഇടുക്കി ജില്ലാ കമ്മിറ്റി തെരുവിലിറങ്ങി. ഈ കമ്മിറ്റി പിണറായി പക്ഷത്തേക്ക്‌ കൂറുമാറി എന്ന പറഞ്ഞ്‌ മാധ്യമങ്ങള്‍ VS നെ രക്ഷിച്ചു. ഇനി ഏര്‍ണ്ണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന് ചര്‍ച്ചകളില്‍ കേട്ട കാര്യങ്ങള്‍ വച്ച്‌ നോക്കിയാല്‍ പിണറയൈ പക്ഷവും VS പക്ഷവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലാ എന്ന് വ്യക്തമാക്കുന്നതാണ്‌. കഴുത്തറപ്പന്‍ സ്വകാര്യ മാനേജ്മെന്റുകളെക്കാള്‍ ഫീസ്‌ വാങ്ങുന്ന് കോളാജായി മാറി വര്‍ക്കി മെമ്മോറിയല്‍ ആശുപത്രി. പിന്നെ നേതാക്കന്മാരുടെ ജീവിത രീതിയേപ്പറ്റിയും സ്വന്തം പാര്‍ട്ടി സഖാവിന്റെ കൊലപാതകത്തിലുള്ള പങ്കിനെപ്പറ്റ്യുമൊക്കെ ഉണ്ടായ വാര്‍ത്തകള്‍ ഈ കമ്മിറ്റിയുടെ ആശയ നിലപാടുകള്‍ എന്താണ്‌ എന്ന് വ്യക്തമാകാന്‍ സഹായിക്കുന്നതാണ്‌അപ്പോള്‍ VS പക്ഷം എന്ന് പറഞ്ഞ്‌ നടക്കുന്നവരും അങ്ങനെ അല്ലാത്തവരും തമ്മില്‍ ആശയപരമായോ പാര്‍ട്ടി പരിപാടി പ്രകാരമോ വലിയ വ്യത്യാസമൊന്നും കാണാന്‍ പുറത്തുനിന്ന് നോക്കുന്നവര്‍ക്ക്‌ കഴിയില്ല. ഈ സംസ്ഥാന സമ്മേളനം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തത വരുമെന്നും വിശ്വസിക്കാം. എന്താണ്‌ ആശയ സമരം എന്താണ്‌ പാര്‍ട്ടി പരിപാടി ഇവക്കൊക്കേ ഒരു വ്യക്തത കൈവരുകയും അത്‌ ഭരണം നേരേചൊവ്വേ നടക്കാന്‍ സഹായിക്കുകയും ചെയ്യും എന്ന ശുഭ പ്രതീക്ഷയിലാണ്‌ ഞാന്‍ .

ഇതോടൊപ്പം വായിക്കാന്‍ K.M. റോയി മംഗളം പത്രത്തിലെഴുതിയ ലേഖനത്തിന്റെ യൂണിക്കോഡ്‌ പരിഭാഷ ചുവടെ നല്‍കുന്നു.


ബസുവിനു മനസിലായതും വി.എസിനു മനസിലാകാത്തതും

ആദരവോടെ മാത്രം ഞാന്‍ കണ്ടിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവാണ് അന്തരിച്ച പി.കെ.വാസുദേവന്‍നായര്‍. മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാമായിരുന്നിട്ടും അഴിമതിയാരോപണത്തിന്റെ നേര്‍ത്ത കറപോലും പുരളാതെ സമൂഹത്തില്‍ തലയുയര്‍ത്തിനിന്ന സി.പി.ഐ. നേതാവ്. മുഖ്യമന്ത്രിപദംവരെ അലങ്കരിച്ചിട്ടും തീവണ്ടിയിലും ട്രാന്‍സ്പോര്‍ട്ട് ബസിലും കയറി സഞ്ചരിക്കാന്‍ മടിയില്ലാതിരുന്ന ലളിതജീവിതത്തിന്റെ ഉടമ.

1991 പി.കെ.വിയുടെ രാഷ്ട്രീയജീവിതത്തെയാകെ ഉലച്ച വര്‍ഷമായിരുന്നു. സോവിയറ്റ് യൂണിയന്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു. കമ്യൂണിസത്തിന്റെ വത്തിക്കാനായ മോസ്കോയിലെ ക്രെംലിനില്‍ ചെങ്കൊടി അഴിഞ്ഞുവീണപ്പോള്‍ കമ്യൂണിസത്തിന്റെ ചരമഗീതമുയര്‍ന്നു. ഒപ്പം ആ രാജ്യത്തെ പട്ടിണിക്കാരായ ജനങ്ങളുടെ ദീനരോദനവും. കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും ചെങ്കൊടി ഉപേക്ഷിച്ചു. റുമേനിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയായ ചെസസ്ക്യുവിനെ ജനക്കൂട്ടം തെരുവിലിട്ടു തല്ലിക്കൊല്ലുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.
ഈ നാളുകളില്‍ പി.കെ.വിയുടെ ആത്മസുഹൃത്തായ ഒരു ബിസിനസുകാരന്‍ അദ്ദേഹത്തോടു ചോദിച്ചു. 'ഇനിയും നിങ്ങളെപ്പോലുള്ള നേതാക്കള്‍ കമ്യൂണിസത്തിനുവേണ്ടി പ്രസംഗിക്കുന്നതില്‍ എന്തര്‍ഥം?' പി.കെ.വിയുടെ നിരാശനിറഞ്ഞ മറുപടി ഇതായിരുന്നു: 'ഒരായുസ് മുഴുവന്‍ വാദിച്ചുകൊണ്ടിരുന്ന കാര്യം തെറ്റായിപ്പോയെന്ന് എങ്ങനെയാണു സമ്മതിക്കാന്‍ കഴിയുക? അതുകൊണ്ട് ഇനി ശേഷിക്കുന്ന കാലവും, തെറ്റാണെങ്കിലും, അതുതന്നെ പറഞ്ഞുകൊണ്ടു മരിക്കാം'. പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തില്‍ പാപ്പരായിപ്പോയ ഒരു നേതാവ് സ്വയം സമാധാനിക്കാന്‍ പറഞ്ഞ വാക്കുകള്‍.

അങ്ങനെ കമ്യൂണിസത്തിന്റെ വക്താവായിത്തന്നെ പി.കെ.വി. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.

എന്നാല്‍ ജീവിതത്തിന്റെ അസ്തമയനാളിലെങ്കിലും തെറ്റു തുറന്നു സമ്മതിക്കാനുള്ള രാഷ്ട്രീയ സത്യസന്ധത സി.പി.എം. നേതാവ് ജ്യോതിബസു പ്രകടിപ്പിച്ചിരിക്കുന്നു. ബസുവിന് അടുത്ത ജൂലൈയില്‍ തൊണ്ണൂറ്റിനാലു തികയും. വേണമെങ്കില്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലധിഷ്ഠിതമായ വര്‍ഗരഹിത കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെക്കുറിച്ചു പ്രസംഗിച്ചുകൊണ്ടുതന്നെ ബസുവിനും കടന്നുപോകാമായിരുന്നു. ആ ആത്മവഞ്ചനയ്ക്ക് അദ്ദേഹം തയാറായില്ല.

പട്ടിണി മാറ്റാനും തൊഴിലില്ലായ്മ പരിഹരിക്കാനും സാമ്പത്തികവികസനം കൈവരിക്കാനും മുതലാളിത്തമാര്‍ഗം സ്വീകരിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് കാല്‍നൂറ്റാണ്ടോളം പശ്ചിമബംഗാള്‍ ഭരിച്ച ബസു തുറന്നുപറഞ്ഞു. 'ഞങ്ങളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അജണ്ട സോഷ്യലിസമാണ്. പക്ഷേ, കാലഘട്ടത്തിന്റെ ആവശ്യം മുതലാളിത്തപാത പിന്തുടര്‍ന്നു സാമ്പത്തിക വികസനം നേടുകയെന്നതു മാത്രമാണ്'.

ബസുവിന്റെ ഈ അഭിപ്രായപ്രകടനമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വിവാദവിഷയം. വാസ്തവത്തില്‍ ഇതിനു തുടക്കമിട്ടത് ബസുവിന്റെ പിന്‍ഗാമിയായ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണ്. പാര്‍ട്ടിപത്രമായ 'ഗണശക്തി'യുടെ വാര്‍ഷികയോഗത്തില്‍ പ്രസംഗിക്കവേയാണ് ഭട്ടാചാര്യ തന്റെ പുതിയ സാമ്പത്തിക കാഴ്ചപ്പാടു വ്യക്തമാക്കിയത്.

'വ്യാവസായിക വികസനത്തിനു പണം കണ്ടെത്താനുള്ള ഏകമാര്‍ഗം മുതലാളിത്തമാണെന്നതു നമുക്ക് അംഗീകരിക്കാതെ നിവൃത്തിയില്ല. വ്യവസായത്തിനു പണം കണ്ടെത്തുകയെന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച് അസാധ്യമാണ്. സമ്പദ്വ്യവസ്ഥ വികസിക്കണമെങ്കില്‍ മുതലാളിത്തത്തെ ആശ്രയിക്കേണ്ടിവരും. മുതലാളിത്തത്തിന്റെ ദൂഷ്യങ്ങളെപ്പറ്റി നാം ബോധവാന്മാരാണ്. പക്ഷേ, തല്‍ക്കാലം വേറെ വഴിയില്ല. വ്യവസായങ്ങള്‍ തുടങ്ങാന്‍ എവിടെനിന്നു പണം കിട്ടാനാണ്?' കയ്പ്പേറിയ അനുഭവങ്ങളുടെ വെളിച്ചത്തിലായിരുന്നു സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ഭട്ടാചാര്യയുടെ ഈ ചോദ്യം. ഭട്ടാചാര്യയുടെ വാദത്തെ പൂര്‍ണമായി പിന്താങ്ങുന്ന പ്രസ്താവനയുമായി ജ്യോതിബസു രംഗത്തുവന്നപ്പോള്‍ ഒരായുസ് മുഴുവന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നെന്നുള്ള അദ്ദേഹത്തിന്റെ തുറന്ന സമ്മതമായി അത്. ബസു പറഞ്ഞു: 'നാമൊരു മുതലാളിത്ത വ്യവസ്ഥിതിയിലാണു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ വികസനത്തിനു വേണ്ടി നമ്മുടെ സര്‍ക്കാര്‍ മുതലാളിത്തപാത അവലംബിക്കുന്നു.

ആഗോളവല്‍ക്കരിക്കപ്പെട്ട ആധുനികലോകത്തില്‍ കൃഷികൊണ്ടു മാത്രം സാമ്പത്തികവ്യവസ്ഥിതി നിലനിര്‍ത്താനാവില്ല. വ്യാവസായിക വികസനത്തില്‍കൂടി നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. കാരണം, അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന അഭ്യസ്തവിദ്യരായ മധ്യവര്‍ഗ സമൂഹത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കിയേ മതിയാകൂ'.

ഭട്ടാചാര്യയുടെയും ബസുവിന്റെയും ഈ കുമ്പസാരമാണ് വിവാദമായി മാറിയത്.

ജ്യോതിബസു കാല്‍നൂറ്റാണ്ടോളം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായി. ഒരേ പരിപാടിയുടേയും മാനിഫെസ്റ്റോയുടേയും അടിസ്ഥാനത്തില്‍ ഇടതുമുന്നണി 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും കഴിഞ്ഞവര്‍ഷം പശ്ചിമബംഗാളില്‍ പട്ടിണിമരണങ്ങളുണ്ടായി.

തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ലക്ഷങ്ങളായി. ലക്ഷക്കണക്കിനു ബംഗാളി യുവാക്കള്‍ കൂലിപ്പണിക്കായി കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ ബംഗാളില്‍ ഇന്നും റിക്ഷാവണ്ടി വലിച്ചാണ് ഉപജീവനം കഴിക്കുന്നത്. മനുഷ്യനെ കയറ്റിയിരുത്തി മനുഷ്യര്‍തന്നെ വണ്ടിക്കാളകളെപ്പോലെ റിക്ഷ വലിച്ചുകൊണ്ടുപോകുന്നത് ഇന്നു ലോകത്തില്‍ അപൂര്‍വദൃശ്യമാണ്.

കേരളം പോലും കൈവണ്ടിറിക്ഷാ കഴിഞ്ഞ് സൈക്കിള്‍റിക്ഷയിലേക്കും പിന്നെ ഓട്ടോറിക്ഷയിലേക്കും കടന്ന് ഒരുലക്ഷം രൂപയുടെ ടാറ്റ 'നാനോ' കാര്‍ ടാക്സിയായി ഓടിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. 30 കൊല്ലത്തെ ഭരണംകൊണ്ട് ബംഗാളിനു റിക്ഷായുഗം പോലും കടക്കാന്‍ കഴിയുന്നില്ലെന്നിരിക്കേ, തങ്ങളുടെ സാമ്പത്തിക പ്രത്യയശാസ്ത്രത്തില്‍ തെറ്റുണ്ടെന്നു ബസുവിനും ഭട്ടാചാര്യക്കും ബോധ്യപ്പെട്ടതില്‍ എന്താണു തെറ്റ്?

സ്വകാര്യ മൂലധനവും വിദേശമൂലധനവും വിദേശവായ്പയും വാങ്ങി വ്യവസായങ്ങള്‍ തുടങ്ങി, ഏകകക്ഷിഭരണത്തിന്‍ കീഴിലാണെങ്കിലും ചൈനയെ സാമ്പത്തികപുരോഗതിയിലേക്കു നയിച്ച ഡെങ് സ്യാവോ പിങ്ങിന്റെ ഉദാരവല്‍ക്കരണ സാമ്പത്തികനയമാണു സ്വീകാര്യമെന്ന് ബംഗാള്‍ നേതാക്കള്‍ക്കിപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു, വൈകിയാണെങ്കിലും തെറ്റുകള്‍ തിരുത്താനുള്ള ആത്മാര്‍ഥത.

ബസുവിന്റെയും ഭട്ടാചാര്യയുടെയും പ്രത്യയശാസ്ത്രപരമായ സത്യസന്ധതയെ കേരളത്തിലെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനല്ലാതെ മറ്റൊരു സി.പി.എം. നേതാവും ഇന്ത്യയില്‍ ചോദ്യം ചെയ്തില്ല. ബംഗാളി നേതാക്കളുടെ അഭിപ്രായപ്രകടനത്തെപ്പറ്റി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ അച്യുതാനന്ദന്‍ അധിക്ഷേപിച്ചത്, മുതലാളിത്തത്തെക്കുറിച്ചു പ്രസംഗിക്കുന്നവര്‍ക്കു നാട്ടില്‍നിന്ന് കുറ്റിയും പറിച്ച് ഓടേണ്ടിവരുമെന്നാണ്. ആറു പതിറ്റാണ്ടുമുമ്പ് അമ്പലപ്പുഴയിലെ തൊണ്ടുതല്ലു തൊഴിലാളികളോടു പ്രസംഗിച്ചിരുന്ന അച്യുതാനന്ദന്റെ അതേ ഭാഷയിലുള്ള മറുപടി.

ഫ്രാന്‍സിലെ പാരീസ് യൂണിവേഴ്സിറ്റിയില്‍ വിദ്യാഭ്യാസം നടത്തിയ ഡെങ് സ്യാവോ പിങ്ങ് എന്ന ചൈനീസ് നേതാവു സ്വീകരിച്ച വഴി ശരിയാണെന്ന് തുറന്നുപറഞ്ഞ, ഇംഗ്ളണ്ടിലെ കേംബ്രിഡ്ജില്‍ പഠിച്ചിറങ്ങിയ ബസുവിനും ഭട്ടാചാര്യക്കും പുന്നപ്ര പള്ളിക്കൂടത്തില്‍ പഠിച്ച് ദേശാഭിമാനി പത്രവും ചിന്ത വാരികയും വായിച്ച് ലോകത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കിയ വി.എസ്.അച്യുതാനന്ദനോളം സാമ്പത്തികശാസ്ത്ര വിവരമില്ലായിരിക്കാം. എന്നാല്‍ 30 വര്‍ഷത്തെ അനുഭവവെളിച്ചത്തില്‍ സത്യം തുറന്നുപറയാന്‍ സന്നദ്ധത കാണിച്ച ബസുവിനേയും ഭട്ടാചാര്യയേയുമായിരിക്കും ചരിത്രം അംഗീകരിക്കുക എന്നു തീര്‍ച്ച.

ഇ.എം.എസ്. നമ്പൂതിരിപ്പാട് ജീവിച്ചിരുന്നെങ്കില്‍ ബസുവിന്റെ വാദത്തെ ഖണ്ഡിക്കാന്‍ ന്യായങ്ങള്‍ കണ്ടെത്തുമായിരുന്നെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടതായി കണ്ടു. ഇ.എം.എസിനെക്കുറിച്ചു കേരളത്തിലെ ബിസിനസ് സമൂഹത്തില്‍ പ്രചരിക്കുന്ന അല്‍പം ക്രൂരമായ ഒരു ഫലിതമാണ് അതിനുള്ള മറുപടി. ലോകത്തില്‍ മുതലാളിത്തമാണ് ആധിപത്യം സ്ഥാപിക്കാന്‍ പോകുന്നതെന്നു ദീര്‍ഘവീക്ഷണം ചെയ്ത ആദ്യ കമ്യൂണിസ്റ്റ് നേതാവാണ് ഇ.എം.എസ്.

അതുകൊണ്ടാണത്രേ മൂത്ത പുത്രന്‍ ഇ.എം.ശ്രീധരനെ ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി പഠിപ്പിക്കാന്‍ വിട്ടത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ മാത്രമുള്ള ഒരു ജോലിയാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റേത്. അതെന്തായാലും ഈ വിവാദത്തിനിടെ നാം ഓര്‍ക്കേണ്ട ദീര്‍ഘദൃഷ്ടിയുണ്ടായിരുന്ന ഒരു കമ്യൂണിസ്റ്റ് നേതാവുണ്ട്. അതു ടി.വി. തോമസാണ്. വിദേശമൂലധനവും സ്വകാര്യമൂലധനവും സ്വീകരിച്ച് വ്യവസായവല്‍കരണം നടത്തി ജനങ്ങളുടെ പട്ടിണി മാറ്റുന്നതാണ് യഥാര്‍ഥ കമ്യൂണിസമെന്ന് 1967-ല്‍ തുറന്നുപറഞ്ഞതും പ്രവര്‍ത്തിച്ചതും അന്നത്തെ ഇ.എം.എസ്. മന്ത്രിസഭയിലെ വ്യവസായമന്ത്രിയായിരുന്ന ടി.വിയാണ്. ഡെങ്ങ് സ്യാവോ പിങ്ങിനെക്കാള്‍ ഒരു വ്യാഴവട്ടം മുമ്പ് ഉദാരവല്‍ക്കരണത്തെക്കുറിച്ച് ചിന്തിച്ച നേതാവാണദ്ദേഹം. ടി.വി. അങ്ങനെ ചിന്തിച്ചതിന്റെ പേരില്‍ ആ മന്ത്രിസഭയെത്തന്നെ ഇ.എം.എസ്. കശാപ്പു ചെയ്തെന്നതു മറ്റൊരു ചരിത്രസത്യം.


Thursday, January 10, 2008

100 ആം പോസ്റ്റ്‌. സമര്‍പ്പണം ജോജുവിന്‌

2006 മെയ്‌ മാസത്തില്‍ ലിസ്‌ : താന്‍ പാതി ആര്‍ത്തി പാതി എന്ന മാധ്യമം ലേഖനത്തിന്റെ ലിങ്കുകള്‍ നല്‍കി കൊണ്ട്‌ ബ്ലോഗാന്‍ ആരംഭിച്ച ഞാന്‍ ഇന്ന് 100 പോസ്റ്റുകളില്‍ എത്തി നില്‍ക്കുന്നു. എന്റ പോസ്റ്റുകള്‍ക്ക്‌ വലിയ നിലവാരം ഒന്നും ഉണ്ടായിരുന്നു എന്ന് അവകാശപ്പെടാന്‍ എനിക്കാവില്ല. എന്നാല്‍ ഇവിടെ ഒരുപാട്‌ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്നതില്‍ എനിക്കഭിമാനിക്കാം എന്ന് തോന്നുന്നു. എന്റ പോസ്റ്റുകളില്‍ നടന്ന ചര്‍ച്ചകളില്‍ സജീവരായി ഇടപെട്ട ( രാധേയന്‍, വക്കാരി, ശാലിനി, തക്കിടു, കുട്ടന്‍ മേനോന്‍, സെബിന്‍, സുകുമാരേട്ടന്‍ , റഫീക്ക്‌, കല്ലേച്ചി, മരീചന്‍.........) എല്ലാവരോടും എന്റ്‌ നന്ദി അറിയിക്കുന്നു.

വെറും വായനക്കാരന്റ കത്ത്‌ അലെങ്കില്‍ പണ്ടൊരു ബ്ലോഗര്‍ പറഞ്ഞ പോലെ ഒരു ചായക്കട ബ്ലോഗ്‌ അതില്‍ കവിഞ്ഞൊന്നും ഇല്ലാതിരുന്ന എന്റ പോസ്റ്റുകളിലെ ചര്‍ച്ചകളില്‍ പൊതുവേ ഞാന്‍ മുന്നോട്ട്‌ വച്ച ആശയങ്ങളൊട്‌ യോജിക്കുന്ന അഭിപ്രായങ്ങളാണ്‌ 90% ആദ്യകാലങ്ങളില്‍ വന്നിരുന്നത്‌. എന്നാല്‍ N.J. ജോജു എന്ന ബ്ലോഗറാണ്‌ ഇവിടുത്തെ ചര്‍ച്ചകളെ മറ്റൊരു തലത്തിലേക്ക്‌ തിരിച്ചു വിട്ടത്‌. വിദ്യാഭ്യാസ നിയമത്തിന്റെ കാര്യത്തിലായാലും സഭയേ സംബന്ധിക്കുന്ന കാര്യത്തിലായാലും സ്മാര്‍ട്ട്‌ സിറ്റി പോലുള്ള പൊതു വിഷയങ്ങളിലായാലും ശ്രീ ജോജു മുന്നോട്ട്‌ വച്ച പോയന്റുകളാണ്‌ ഇവിടുത്തെ ചര്‍ച്ചകള്‍ക്ക്‌ പുത്തന്‍ മാനങ്ങള്‍ നല്‍കിയത്‌. അതുകൊണ്ട്‌ തന്നെ എന്റെ 100 മത്‌ പോസ്റ്റ്‌ ജോജുവിന്‌ സമര്‍പ്പിക്കുന്നു.

ആദ്യ ബ്ലോഗില്‍ ലിസിനെതിരെയുള്ള മാധ്യമം ലിങ്കുകള്‍ നല്‍കുകയാണ്‌ ചെയ്തത്‌. എന്നാല്‍ ലിസ്സിനേപ്പറ്റി ഇപ്പോള്‍ എന്റ അഭിപ്രായം വ്യത്യസ്ഥമാണ്‌. അതിന്റെ സംരഭകരേക്കുറിച്ച്‌ കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇതൊരു തട്ടിപ്പ്‌ പരിപാടി ആയി അല്ല അവര്‍ തുടങ്ങിയതെന്ന് എനിക്ക്‌ മനസ്സിലായി. ഏഷ്യാനെറ്റിലെ കേരളാ സ്കാന്‍ പരിപാടി കണ്ടപ്പോളാണ്‌ എനിക്ക്‌ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്‌. ലിസ്സിനെതിരേ നല്‍കപ്പെട്ട ഒട്ടുമിക്ക കേസുകളും തള്ളിപ്പോയി എന്നതാണ്‌ സത്യം. ഇത്രയും വലിയ വിവാദമായിട്ടും നിക്ഷേപകരാരും ഇതുവരെ ബഹളം വയ്ക്കാത്തതും ശ്രദ്ധിക്കുക. ഇതുപോലെ കൂടുതല്‍ അറിയുമ്പോള്‍ ഏത്‌ വിഷ്യത്തിലും അഭിപ്രായം മാറാം മാറണം . അതിനാലണ്‌ മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രം എന്ന ആപ്തവാക്യം ഞാന്‍ ഈ ബ്ലോഗിന്റെ ടാഗ്‌ ലൈനായി ഉപയോഗിക്കുന്നത്‌.

100ആം പോസ്റ്റും ചില ലിങ്കുകള്‍ നല്‍കി അവസാനിപ്പിക്കാം എന്ന് കരുതി. തുടക്കം മുതല്‍ വിവാദമായ പുതിയ പാഠ്യ പദ്ധതിയിലെ SSLC മാതൃകാ ചോദ്യപേപ്പറുകളുടെ ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു. പഴയ സിലബസ്‌ പ്രകാരം പഠിച്ചവരാണല്ലോ ബ്ലോഗേഷില്‍ ഭൂരിഭാഗവും. മാത്രവുമല്ല ഈ വിഷയത്തില്‍ ഉള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ റഫറന്‍സായി ഉപയോഗിക്കുകയും ചെയ്യാം

ആധാരം : http://sslcmodelquestionpapers.blogspot.com/

Wednesday, January 09, 2008

ആശയ സംഘട്ടനക്കാര്‍ക്ക്‌ കാലിടറുമ്പോള്

ഇടതുപക്ഷത്ത്‌ ഇപ്പോള്‍ ആശയ സംഘര്‍ഷത്തിന്റെ കാലമാണ്‌. ആരാണ്‌ യഥാര്‍ത്ഥ ഇടതുപക്ഷം എന്നതും ആരാണ്‌ ആദ്യം വിപ്ലവവും സോഷ്യലിസവും കൊണ്ടുവരിക എന്നതിലും ഊന്നിയാണ്‌ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്‌ . CPM സമീപകാലത്തൊന്നു ലക്ഷ്യം കാണില്ല എന്ന് തുറന്നു പറഞ്ഞെങ്കിലും VS പക്ഷം വിട്ട്‌ കൊടുക്കാന്‍ ഭാവമില്ല. ഈ മത്സര്‍ത്തില്‍ CPM ഇല്‍ നിന്നും VS പക്ഷം പങ്കെടുക്കുമെന്ന് കരുതാം. എന്നാല്‍ RSP യിലും CPI ലും ജനതാദള്ളിലും സ്ഥിതി വ്യത്യസ്ഥമാണ്‌. അവര്‍ CPM നേപ്പോലെ ഘട്ടം ഘട്ടമായി വിപ്ലവം സോഷ്യലിസവും നടപ്പിലാക്കാന്‍ തയ്യാറല്ല. അതുകൊണ്ട്‌ തന്നെ അവര്‍ കരുതി ഇരിക്കുകയാണ്‌. ഒരു അവസരം ഒത്തു കിട്ടിയാല്‍ വിപ്ലവം നടത്തും. ചിലപ്പോള്‍ അത്‌ നാളെ സംഭവിക്കാം ചിലപ്പോള്‍ 100 വര്‍ഷം കഴിഞ്ഞുമാകാം ചിലപ്പോള്‍ വന്നില്ലാ എന്നും വരാം. എന്നാല്‍ ഉടനൊന്നും വരില്ലാ എന്ന് പറയുന്നത്‌ വലത്‌ വ്യതിയാനം തന്നേ.

പക്ഷെ വിപ്ലവ ലക്ഷ്യം നീട്ടിവച്ചിട്ടുള്ള ഒരു പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് ഭരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അവര്‍ വിപ്ലവ മാര്‍ഗ്ഗത്തില്‍ നിന്ന് അകന്നാല്‍ വിമര്‍ശിച്ചും ശാസിച്ചും അവരെ നേരേയാകാം അതായിരുന്നു വിപ്ലവ സിംഹം ചന്ദ്ര ചൂഡന്‍ സാറിന്റെ പരിപാടി. പാര്‍ട്ടി പിളര്‍ന്ന് മുഖ്യ ഷെയര്‍ ഹോള്‍ഡര്‍ ബേബി ജോണ്‍ വീതം വാങ്ങിപ്പോയതിനാല്‍ സെക്രട്ടറി ആയ ആളാണ്‌ ഇദ്ദേഹം. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ആര്യനാട്‌ നിന്ന് മത്സരിച്ചു . ജയിച്ചാല്‍ മന്ത്രി ആകുമായിരുന്നു എന്നാല്‍ ആളിക്കത്തിയ ഇടതു തരംഗത്തിലും തോറ്റു. പയ്യന്‍ പ്രേമചന്ദ്രന്‍ മന്ത്രിയായി. പ്രേമചന്ദ്രനേ മന്ത്രിയായിക്കിട്ടാന്‍ CPM തോല്‍പ്പിച്ചു എന്ന് പരാതി അന്ന് തന്നെ ചന്ദ്രചൂഡന്‍ സാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നേരേചൊവ്വേയില്‍ ജോണിയുടെ മുന്നില്‍ സാര്‍ എല്ലാം തുറന്നടിച്ചു. താന്‍ ആശയപരമായി VS നൊപ്പമെങ്കിലും പിണറായി വിജയനുമായി കൂടുതല്‍ ഇടപെടുന്നതിനാല്‍ ആ പക്ഷത്താണ്‌ എന്ന് തെറ്റിദ്ധരിച്ച VS പക്ഷക്കാര്‍ തന്നെ തോല്‍പ്പിച്ചു എന്നാണ്‌ അദ്ദേഹം അറിയിച്ചത്‌. മറ്റ്‌ രാഷ്ട്രീയ നേതാക്കളെപ്പോലെ അല്ല താനെന്നും എന്റെ പാരമ്പര്യം വ്യത്യസഥമാണെന്നും അന്ന് പറഞ്ഞു. പിന്നെ CPM നേക്കാലും വളരെ മോശം പ്രസ്ഥാനമാണ്‌ CPI എന്ന് പറയാനും അദ്ദേഹം മടിച്ചില്ല. പിന്നെ RSP യുടെ സമ്മേളനങ്ങളില്‍ മുഴുവന്‍ CPM ഇല്‍ മാഫിയ വല്‍ക്കരണമാണ്‌ എന്നും ഒരേ ഒരു വിപ്ലവപാര്‍ട്ടി RSP ആണെന്നുമൊക്കെ അദ്ദേഹം കണ്ടെത്തി. RSP പ്രവര്‍ത്തകര്‍ക്ക്‌ മൂല്യഛുതി ഇല്ലായെന്നുമൊക്കെപ്പറഞ്ഞെങ്കിലും പിണറായി നാവ്‌ വാടക്ക്‌ കൊടുക്കരുത്‌ എന്ന് വാണിഗ്‌ നല്‍കിയതോടെ ആ പരിപാടി നിര്‍ത്തി. എന്നാല്‍ RSP MLA കോവൂര്‍ കുഞ്ഞുമോന്റ അറിവോടെ പണം വാങ്ങുന്നത്‌ ഏഷ്യാനെറ്റ്‌ തെളിവുകളോടെ പിടിച്ചപ്പോള്‍ ഈ സിംഹം പ്രതികരിച്ച്‌ കണ്ടില്ലാ എന്നത്‌ മറക്കാം. അതിനിടെ ബസുവിന്റെ പ്രതാവന വന്നു. പിന്നെ അതിന്റെ മുകളിലായി RSP. വിപ്ലവ പാത്‌ വഴിക്കുപേക്ഷിച്ചതിനേതിരേ ആഞ്ഞടിച്ച്‌ ചന്ദ്രചൂഡന്‍ സമ്മേളനത്തിന്റെ അവസാനം തോറ്റ്‌ പുറത്താകുന്ന അവസ്ഥയാണ്‌ കണ്ടത്‌. മറ്റ്‌ ഇടത്‌ പാര്‍ട്ടികളിലേപ്പോലെ വ്യതിയാനവും ജീര്‍ണ്ണതയും RSP ക്ക്‌ ഇല്ലാ എന്ന് പറഞ്ഞത്‌ ചന്ദ്രചൂഡന്‍ സാര്‍ ആകയാല്‍ ഇതില്‍ തെറ്റൊന്നും പറയാന്‍ കഴിയില്ല.

വിപ്ലവം നീട്ടി വച്ചതിനെതിരേ ആഞ്ഞടിക്കാന്‍ CPI യും മടിച്ചില്ല. കിട്ടിയ ഗ്യാപ്പില്‍ ഇസ്മായീലും ഇറങ്ങി. പക്ഷെ ഇന്നലെ സേവി മനോ മാത്യു നല്‍കിയ 25000 രൂപയുടെ ജനയുഗം ഫണ്ടിന്റെ വിവരങ്ങള്‍ ഇന്ത്യാവിഷനില്‍ കണ്ടപ്പോഴാണ്‌ വിപ്ലവത്തിന്‌ കാലതാമസം ഉണ്ടാകില്ല എന്ന് നാട്ടുകാര്‍ക്ക്‌ മനസ്സിലായത്‌. സേവിയില്‍ നിന്ന് ജനയുഗം ഫണ്ട്‌ വാങ്ങിയിട്ടെ ഇല്ലാ എന്നായിരുന്നു CPI നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്‌. കഴിഞ്ഞ ആഴ്ച പോലും കാനം രാജേന്ദ്രന്‍ P.C. ജോര്‍ജ്ജിനെ വെല്ലുവിളിക്കുന്നത്‌ കണ്ടതാണ്‌.

ജനതാദള്ളും മോശമല്ല. അവരും വിപ്ലവ പാതയില്‍ തന്നേ. പക്ഷേ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുകിട്ടന്‍ പാര്‍ട്ടി പ്രസിഡന്റ്‌ കോടതിയേ സമീപിച്ചിരിക്കുകയാണ്‌.

ആശയ സംഘട്ടനം അന്തിമലക്ഷ്യമായി 1991 മുതല്‍ CPM ഇല്‍ സമരം ചെയ്യുന്ന അച്ചുതാനന്ദനും ഇവര്‍ക്കൊപ്പം ഉണ്ട്‌. അതുകൊണ്ട്‌ തന്നെ വിപ്ലവം എന്നു വേണമെങ്കിലും സംഭവിക്കാം. കുത്തക മുതലാളിമാരും ബൂഷകളും വലത്‌ പിന്തിരിപ്പന്മാരും ജാഗ്രതേ

Wednesday, January 02, 2008

പിണറായുടെ ശനിദശ മാറുന്നു.?

പിണറായി വിജയന്റെ ശനിദശ മാറുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങീയിരിക്കുന്നു. 9 ജില്ലാ സമ്മേളനം കഴിഞ്ഞപ്പോള്‍ 7 ലും പിണറായിയോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ മുന്‍തൂക്കം നേടി. ഇനി നടക്കാനുള്ള സമ്മേളനങ്ങളില്‍ എര്‍ണ്ണാകുളം ഒഴിച്ച്‌ ഒരിടത്തും VS വിഭാഗത്തിന്‌ ശക്തമായ മേല്‍ക്കൈ ഇല്ല. ഇതൊക്കെ തെളിയിക്കുന്നത്‌ കോട്ടയം സമ്മേളനത്തോടെ പിണറായീ കേരളത്തിലെ പാര്‍ട്ടിയുടെ നിയന്ത്രണം കൈക്കലാക്കും എന്നതാണ്‌. ഇത്‌ സംഭവിച്ചാല്‍ അത്‌ കേരളത്തില്‍ ഒരു ഭരണമാറ്റം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. മുഖ്യമന്ത്രിയും ചില മന്ത്രിമാരും വരേ മാറാന്‍ സാധ്യതയുണ്ട്‌ എന്നും ചില മാധ്യമ സുഹൃത്തുക്കള്‍ പറയുന്നു. സമ്മേളനങ്ങളിലെ വികാരം പുറത്ത്‌ കേള്‍ക്കുന്നതല്ല എന്നും അവര്‍ പറയുന്നു. VS നിലകൊള്ളുന്നത്‌ പാര്‍ട്ടിക്ക്‌ വേണ്ടി അല്ലാ എന്നുവരെ വിവിധ സമ്മേളനങ്ങളില്‍ ആരോപണം ഉയര്‍ന്നത്രേ. ഈ വികാരം വിദഗതമായി സംസ്ഥാന സമ്മേളനത്തില്‍ അലയടിപ്പിച്ച്‌ പുതിയ ഒരു നിരയെ അവതരിപ്പിക്കാനും മറുപക്ഷത്ത്‌ ശ്രമമുണ്ട്‌ എന്ന് അറിയുന്നു.

ഇതിനിടെ മനോരമ പിണറായിയെ ന്യൂസ്‌ മേക്കറായിയും തിരഞ്ഞെടുത്തു . SMS വോട്ടിങ്ങില്‍ പിന്നിലായ പിണറായിയേ സഹായിച്ചത്‌ ഓണ്‍ലൈന്‍ വോട്ടിഗാണ്‌ എന്ന് മനോരമ തന്നെ പറഞ്ഞു. ആദ്യത്തെ 2 ആഴ്ച നാലമത്‌ നിന്ന പിണറായി മൂന്നാമത്തെ ആഴ്ച മുതല്‍ ഒന്നാമത്‌ എത്തി എന്നതും രസകരമായി. മനോരമ സഹായിച്ചതാണോ അലെങ്കില്‍ ആരെങ്കിലും ഗ്രൂപ്പായി ഇരുന്ന് വോട്ട്‌ ചെയ്ത്‌ വിജയിപ്പിച്ചതാണോ എന്നറിയില്ല അദ്ദേഹം ന്യൂസ്‌ മേക്കറായി. കഴിഞ്ഞ തവണ VS നായിരുന്നു ഈ പദവി ലഭിച്ചത്‌.

ഏറ്റവും ഒടുവില്‍ ഇന്നലെ പിണറായിയേ സംബന്ധിച്ച്‌ ഏറ്റവും ദുരൂഹമായ പല ആരോപണങ്ങള്‍ക്കും ആദായ വകുപ്പിന്റെ സത്യവാങ്ങിലൂടെ മറുപടി വന്നിരിക്കുകയാണ്‌. മക്കളുടെ വിദ്യാഭ്യാസ ചെലവ്‌. കൊട്ടാരം പോലത്തെ വീട്‌ പിന്നെ സിങ്കപ്പൂരും ചെന്നൈയിലും ഉണ്ട്‌ എന്ന് ആരോപിക്കപ്പെട്ട ബിനാമി വ്യവസായങ്ങള്‍ ഇവയ്ക്കൊന്നും വ്യക്തമായ തെളിവുകള്‍ ഇല്ലാ എന്നാണ്‌ ആദായ നികുതി വകുപ്പ്‌ പറയുന്നത്‌. പിന്നെ മകന്റെ വിദേശ പഠനത്തിനും പിണറായിയോ ബന്ധുക്കളോ പണം മുടക്കിയിട്ടില്ല എന്നും സത്യവാങ്ങ്‌ പറയുന്നു. ചെന്നൈയില്‍ ഉണ്ട്‌ എന്ന് പറയപ്പെട്ട്‌ ടെക്നിവാലിയ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നില എന്നാണ്‌ അദായ നികുതി വകുപ്പ്‌ പറയുന്നത്‌. മകന്റെ വിദേശ വിദ്യഭ്യാസത്തിന്‌ ആരു മുടക്കി എന്ന ചോദ്യം അവശേഷിക്കുന്നുണ്ടെങ്കിലും ആ ചോദ്യം പല നേതാക്കന്മാരുടെ മക്കളുടെ കാര്യത്തിലും പ്രസക്തമായതിനാല്‍ തുടര്‍ വിവാദം ഉണ്ടാകില്ലാ എന്ന് പിണറായിക്ക്‌ പ്രതീക്ഷിക്കാം. ഈ വാര്‍ത്ത ഒട്ടുമിക്ക പത്രങ്ങളും ( മാതൃഭൂമി അടക്കം) വലിയ പ്രധാന്യത്തോടെ കൊടുത്തെങ്കിലും ഈ വിഷയത്തില്‍ കൂടുതല്‍ അച്ചുനിരത്തിയ മംഗളം പത്രത്തില്‍ മാത്രം ഈ വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ല.

പിണറായി വിജയന്‌ ഇനി അവശേഷിക്കുന്ന കടമ്പ ലവ്‌ലില്‍ കേസ്‌ മാത്രമാണ്‌. CBI അന്വേഷണം മന്തഗതിയിലെങ്കിലും നടക്കുന്നുണ്ട്‌. ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍ വച്ച്‌ പിണറായിയെ മാത്രം പ്രതിയാക്കി ഈ കേസ്‌ നിലനില്‍ക്കില്ല. അപ്പോള്‍ വിഹിതം പറ്റിയവര്‍ ആരെന്നൊക്കെ എല്ലാവരും അറിയും. ആ ഉറപ്പാണ്‌ പിണറായിയേ തിരുവനന്ദപുരം സമ്മേളനത്തില്‍ "എന്നേ കൈയാമം വയ്ക്കാന്‍ വരട്ടേ" എന്ന് പറയാന്‍ ധൈര്യപ്പെടുത്തിയത്‌. അപ്പോള്‍ ഈ കേസും ചേകന്നൂര്‍ കേസ്‌ പോലെയോ അഭയാ കേസുപോലെയോ ആയിത്തീരും എന്ന് പ്രതീക്ഷിക്കാം.

Tuesday, January 01, 2008

ഫാരിസ്‌ ദീപിക ഇനി സഭക്ക്‌ സ്വന്തം

ഫാരിസ്‌ അബുബക്കര്‍ ദീപിക പത്രവും രാഷ്ട്രദീപിക കമ്പനിയും ആസ്തികളും സഭക്ക്‌ തിരിച്ചേല്‍പ്പിച്ചു. ഇന്നുമുതല്‍ ( ജനവരി 1 2008) ദീപിക വീണ്ടും സഭയുടെ കൈകളിലായി. ദീപിക കൊടുക്കുക മാത്രമല്ല ഫാരിസിന്റെ നോമിനികള്‍ എല്ലാം ദീപികയുടെ പടി ഇറങ്ങുകയും ചെയ്തു. അതില്‍ ഫാ. റോബിനും പെടുന്നു.

ഇനി ചെറിയ ഒരു ഫ്ലാഷ്‌ ബാക്ക്‌.
നയാനാര്‍ ഫുട്‌ബോള്‍ മേളക്ക്‌ 60 ലക്ഷം നല്‍കിയതിനെത്തുടര്‍ന്ന് മാതൃഭൂമി പത്രം ഭീകരനായി പ്രഖ്യാപിച്ച ഫാരിസ്‌ വളരെപ്പെട്ടന്നാണ്‌ പ്രശസ്തനായത്‌. ഫാരിസ്‌ വെറുക്കെപ്പെടേണ്ടവനാണ്‌ എന്ന് മുഖ്യമന്ത്രി VS ന്റെ പ്രസ്താവനയും ഉടന്‍ വന്നു. ഫാസിസിന്റെ ഫോട്ടോ പോലും കിട്ടാനില്ല്ലാ എന്നും സക്കാത്ത്‌ നല്‍കാന്‍ വന്ന് പത്രം കൈക്കലാക്കി എന്നും മാതൃഭൂമി എഴുതി വിട്ടു. പിന്നീട്‌ ഇത്‌ ഇന്ത്യാവിഷന്‍ ഏറ്റുപിടിച്ചു. ഫാരിസ്‌ കഥകള്‍ ഇന്ത്യാവിഷനില്‍ നിറഞ്ഞു നിന്നു. PC ജോര്‍ജ്ജ്‌ ഫാരിസിനെതിരായി പുലഭ്യം പറഞ്ഞു. ഫാരിസിനെയും അറക്കല്‍ പിതാവിനേയും കൂട്ടി പറയാന്‍ അറക്കുന്ന ഒരുപാട്‌ കാര്യങ്ങള്‍ പറഞ്ഞു. അറക്കല്‍ പിതാവ്‌ കത്തോലിക്കനാകാന്‍ യോഗ്യനല്ല എന്നു വരെ പറഞ്ഞു. അങ്ങനെ ഫോട്ടോയോ മുഖമോ ഇല്ലാത്ത്‌ ഒറ്റക്കണ്ണന്‍ ഭീകരനെ കേരളീയര്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. പക്ഷെ കൈരളി ടിവി ഫാരിസ്‌ എന്ന ചെത്തു പയ്യനെ അവതരിപ്പിച്ച്‌ കളി തിരിച്ചു വിട്ടു. പാര്‍ട്ടി സെക്രട്ടറിയുടെ വിശസ്ഥന്‍ ബ്രിട്ടാസ്‌ അതി സാഹസീകമായി ഫാരിസിനെ കണ്ടെത്തി അഭിമുഖ നാടകം നടത്തി. ഫാരിസ്‌ തന്റെ നവ മുതലാളിത്ത പ്രത്യേശാസ്ത്രം പാര്‍ട്ടി ചാനലിലൂടെ വിളമ്പി. അതു കേട്ട്‌ ബ്രിട്ടാസ്‌ കോരിത്തരിച്ചു. ബ്രിട്ടാസും ഫാരിസും ഒളിയമ്പുകള്‍ വാരി വിതറി. അച്ചുതാനന്ദന്‍ അഭിമുഖം കാണിക്കാതിരിക്കാന്‍ പരാമവധി നോക്കി PB യേ വരെ സമീപിച്ചു. പക്ഷെ അഭിമുഖം വന്നു. അന്ന് ദീപികയേപ്പറ്റി ചോദിച്ചപ്പോള്‍ ഫാരിസ്‌ പറഞ്ഞത്‌ ദീപിക എനിക്ക്‌ എന്റെ മക്കള്‍ക്ക്‌ സമ്പാദിച്ച്‌ കൊടുക്കാന്‍ കഴിയുന്ന ഒന്നല്ല എന്നും അതുകൊണ്ട്‌ തന്നെ ഇത്‌ സഭക്ക്‌ തിരിച്ച്‌ കൊടുക്കുന്നതാണ്‌ എന്നും പ്രഖ്യാപിച്ചു 8 ആഴ്ചയാണ്‌ ഫാരിസ്‌ സഭക്ക്‌ തിരിച്ച്‌ നല്‍കാന്‍ വച്ച കാലാവധി. താന്‍ വെറും സൂക്ഷിപ്പ്‌ കാരന്‍ മാത്രമാണ്‌ എന്നായിരുന്ന് ഫാരിസിന്റെ വാദം.

എന്നാല്‍ ദീപിക പത്രവും കോട്ടയം എഡിഷനും സഭക്ക്‌ നല്‍കി രാഷ്ട്രദീപിക കമ്പനി ഫാരിസ്‌ ഏറ്റെടുക്കുന്നു എന്ന രീതിയിലുള്ള ഒത്തുതീര്‍പ്പ്‌ ഫോര്‍മുല സഭ നേതൃത്വവും ഫാരിസും മുന്നോട്ട്‌ വച്ചെങ്കിലും അത്‌ നടന്നില്ല. രാഷ്ട്രദീപിക കമ്പനി മൊത്തം വേണമെന്ന് ഒരു വാദം സഭയില്‍ നിന്ന് പൊങ്ങിവന്നു. PC ജോര്‍ജ്ജ്‌ വീണ്ടും രംഗത്ത്‌ വന്നു. ഫാരിസിനെതിരെ അലറി വിളിച്ചു. ചന്ദ്രകുകുന്നെല്‍ അച്ചനും ഫാ: അടപ്പൂരുമൊക്കെ ഫാരിസിനെതിരെ തിരിഞ്ഞു. സഭയിലും അങ്ങനെ ഒരു വികാരം പൊട്ടിപ്പുറപ്പെട്ടു. ഫാരിസ്‌ എതിര്‍ക്കുമെന്നാണ്‌ എല്ലാവരും കരുതിയതെങ്കിലും അതും വിട്ട്‌ നല്‍കാന്‍ ഫാരിസ്‌ തയ്യാറായി.പക്ഷെ ഫാരിസ്‌ ദീപികയില്‍ എങ്ങനെ വന്നു എന്നതിനെപ്പറ്റി സഭ വ്യക്തമായ ഒരു പ്രസ്താവന പുറപ്പെടുവിക്കണമെന്ന് ഫാരിസ്‌ ആവശ്യപ്പെട്ടു. തന്റെ നിക്ഷേപം മാത്രം തന്നാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ അത്‌ 20 കോടിയി കൂടതലാണ്‌ എന്നായിരുന്നു മാധ്യമങ്ങളില്‍ കണ്ടത്‌. അതിനിടെ ഫാരിസിനെ ന്യായികരിച്ചുകൊണ്ട്‌ വര്‍ക്കി വിതയത്തില്‍ പിതാവ്‌ മാധ്യമങ്ങളില്‍ പ്രസ്താവന പുറപ്പെടുവിച്ചു. അങ്ങനെ ഇന്ന് ആ ശുഭ മുഹൂര്‍ത്തം സമാഗതമായി 16 കോടി രൂപക്ക്‌ ഫാരിസ്‌ രാഷ്ട്രദീപിക കമ്പനി സഭക്ക്‌ തിരിച്ചു നല്‍കി.

ഫാരിസിനെ ഏറ്റവും അധികം അക്രമിച്ചത്‌ മാതൃഭൂമി പത്രമാണ്‌. തനിക്കെതിരെ കേസില്ല എന്ന് വിവാദ അഭിമുഖത്തില്‍ ഫാരിസ്‌ പറഞ്ഞതിനെ ഏറ്റുപിടിച്ച്‌ രാഷ്ട്രദീപിക കമ്പനിക്കെതിരേ ദിലീപ്‌ കൊടുത്ത കേസില്‍ ഫാരിസും ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്ന് കാണിച്ച്‌ മാതൃഭൂമി ഫ്രണ്ട്‌ പേജില്‍ വാര്‍ത്ത കൊടുത്തു. തുടര്‍ന്ന് എവിടെ ഒക്കെ ഫാരിസിനെപ്പെടുത്താമോ അവിടെ ഒക്കെ ഫാരിസ്‌ എന്ന അധോലോക രാജാവിനെ മാതൃഭൂമി പ്രതിഷ്ടിച്ചു. മാതൃഭൂമി കമ്പനി വീരേന്ദ്രകുമാര്‍ സ്വന്തമാക്കിയതുപോലെ ഫാരിസ്‌ ദീപിക സ്വന്തമാക്കും എന്ന മുന്‍വിധിയാകും മാതൃഭൂമിയേ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. ഇതിനൊക്കെപ്പുറമേ ഫാരിസ്‌ മനോരമക്കും ഒരു അഭിമുഖം നല്‍കി. അതില്‍ VS CPM ലെ ഗോര്‍ബച്ചേവാണ്‌ എന്നുവരെ ഫാരിസ്‌ പറഞ്ഞു. പിന്നീട്‌ കേരളത്തില്‍ ഒരു മാധ്യമത്തിനും ഫാരിസ്‌ അഭിമുഖം നല്‍കിയില്ല. എന്നാലും എന്ത്‌ വിവാദ വിഷയം വരുമ്പോഴും അതില്‍ ഫാരിസ്‌ നിറഞ്ഞു നിന്നു. വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ചീഫ്‌ സെക്രട്ടറിക്ക്‌ എഴുതിയ കുറിപ്പ്‌ വിവാദമായപ്പോഴും ഫാരിസ്‌ അതിലും പരാമര്‍ശിക്കപ്പെട്ടു. ഇതിനിടെ ദീപികയില്‍ അന്നം തരുന്നവള്‍ അന്നാമ്മാ എന്ന തലക്കെട്ടില്‍ മിസിസ്സ്‌ K.M മാത്യുവിനെപ്പറ്റി ഒരു ആര്‍ട്ടിക്കിള്‍ എഴുതുകയുമുണ്ടായി.

CPM വിഭാഗീയതയില്‍ പിണറായി പക്ഷം പിടിച്ചു എന്നതാണ്‌ ഫാരിസ്‌ അക്രമിക്കപ്പെടാന്‍ കാരണമായത്‌. ദീപികയില്‍ തൊഴിലാളികളെ കൂട്ടമയി നിര്‍ബന്ധിത വിരമിക്കലിന്‌ പ്രേരിപ്പിച്ചപ്പോഴൊന്നും (?) ഒരു മാധ്യമങ്ങള്‍ക്കും ഫാരിസ്‌ വെറുക്കപ്പെട്ടവനായില്ല. 60 ലക്ഷം നയനാര്‍ ഫുട്‌ബോളിന്‌ സംഭാവന നല്‍കിയത്‌ മാതൃഭൂമി വിവാദമാക്കിയിരുന്നില്ലാ എങ്കില്‍ ഫാരിസ്‌ മാധ്യമങ്ങളില്‍ നിറയുക പോലുമുണ്ടാകില്ലായിരുന്നു. സ്വന്തമായി വാര്‍ത്ത പത്രവും ചാനലും തുടങ്ങാന്‍ ഫാരിസ്‌ തയ്യാറെടുക്കുന്നു എന്നറിയുന്നു. ബാക്കി അപ്പോള്‍ അറിയാം. ഫാരിസിനൊപ്പം ഉള്ളവര്‍ ചില്ലറക്കാരല്ല. രണ്‍ജി പണിക്കരാണ്‌ അതില്‍ പ്രധാനി. നമുക്ക്‌ കാത്തിരുന്ന് കാണം.

കൂടുതല്‍ വായനക്ക്‌ പഴയ ഫാരിസ്‌ പോസ്റ്റുകള്‍
  1. പ്രതിസന്ധിയില്‍ ഫാരിസ് സഹായിച്ചു എന്ന് വര്‍ക്കി വിതയത്തില്‍
  2. ദീപികയുടെ എഡിറ്റോറിയല്‍ പോളിസി മാറ്റം
  3. ഫാരിസിനെ കണ്ടെത്തല്‍
  4. വെറുക്കുന്നവര്‍ വെറുക്കേണ്ടവര്‍ വെറുക്കപ്പെടുന്നവര്‍
  5. വെറുക്കപ്പെടാനുണ്ടോ വെറുക്കപ്പെടാന്‍‍‍‍‍‍‍...........