Wednesday, January 09, 2008

ആശയ സംഘട്ടനക്കാര്‍ക്ക്‌ കാലിടറുമ്പോള്

ഇടതുപക്ഷത്ത്‌ ഇപ്പോള്‍ ആശയ സംഘര്‍ഷത്തിന്റെ കാലമാണ്‌. ആരാണ്‌ യഥാര്‍ത്ഥ ഇടതുപക്ഷം എന്നതും ആരാണ്‌ ആദ്യം വിപ്ലവവും സോഷ്യലിസവും കൊണ്ടുവരിക എന്നതിലും ഊന്നിയാണ്‌ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്‌ . CPM സമീപകാലത്തൊന്നു ലക്ഷ്യം കാണില്ല എന്ന് തുറന്നു പറഞ്ഞെങ്കിലും VS പക്ഷം വിട്ട്‌ കൊടുക്കാന്‍ ഭാവമില്ല. ഈ മത്സര്‍ത്തില്‍ CPM ഇല്‍ നിന്നും VS പക്ഷം പങ്കെടുക്കുമെന്ന് കരുതാം. എന്നാല്‍ RSP യിലും CPI ലും ജനതാദള്ളിലും സ്ഥിതി വ്യത്യസ്ഥമാണ്‌. അവര്‍ CPM നേപ്പോലെ ഘട്ടം ഘട്ടമായി വിപ്ലവം സോഷ്യലിസവും നടപ്പിലാക്കാന്‍ തയ്യാറല്ല. അതുകൊണ്ട്‌ തന്നെ അവര്‍ കരുതി ഇരിക്കുകയാണ്‌. ഒരു അവസരം ഒത്തു കിട്ടിയാല്‍ വിപ്ലവം നടത്തും. ചിലപ്പോള്‍ അത്‌ നാളെ സംഭവിക്കാം ചിലപ്പോള്‍ 100 വര്‍ഷം കഴിഞ്ഞുമാകാം ചിലപ്പോള്‍ വന്നില്ലാ എന്നും വരാം. എന്നാല്‍ ഉടനൊന്നും വരില്ലാ എന്ന് പറയുന്നത്‌ വലത്‌ വ്യതിയാനം തന്നേ.

പക്ഷെ വിപ്ലവ ലക്ഷ്യം നീട്ടിവച്ചിട്ടുള്ള ഒരു പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് ഭരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അവര്‍ വിപ്ലവ മാര്‍ഗ്ഗത്തില്‍ നിന്ന് അകന്നാല്‍ വിമര്‍ശിച്ചും ശാസിച്ചും അവരെ നേരേയാകാം അതായിരുന്നു വിപ്ലവ സിംഹം ചന്ദ്ര ചൂഡന്‍ സാറിന്റെ പരിപാടി. പാര്‍ട്ടി പിളര്‍ന്ന് മുഖ്യ ഷെയര്‍ ഹോള്‍ഡര്‍ ബേബി ജോണ്‍ വീതം വാങ്ങിപ്പോയതിനാല്‍ സെക്രട്ടറി ആയ ആളാണ്‌ ഇദ്ദേഹം. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ ആര്യനാട്‌ നിന്ന് മത്സരിച്ചു . ജയിച്ചാല്‍ മന്ത്രി ആകുമായിരുന്നു എന്നാല്‍ ആളിക്കത്തിയ ഇടതു തരംഗത്തിലും തോറ്റു. പയ്യന്‍ പ്രേമചന്ദ്രന്‍ മന്ത്രിയായി. പ്രേമചന്ദ്രനേ മന്ത്രിയായിക്കിട്ടാന്‍ CPM തോല്‍പ്പിച്ചു എന്ന് പരാതി അന്ന് തന്നെ ചന്ദ്രചൂഡന്‍ സാര്‍ പറഞ്ഞിരുന്നു. എന്നാല്‍ നേരേചൊവ്വേയില്‍ ജോണിയുടെ മുന്നില്‍ സാര്‍ എല്ലാം തുറന്നടിച്ചു. താന്‍ ആശയപരമായി VS നൊപ്പമെങ്കിലും പിണറായി വിജയനുമായി കൂടുതല്‍ ഇടപെടുന്നതിനാല്‍ ആ പക്ഷത്താണ്‌ എന്ന് തെറ്റിദ്ധരിച്ച VS പക്ഷക്കാര്‍ തന്നെ തോല്‍പ്പിച്ചു എന്നാണ്‌ അദ്ദേഹം അറിയിച്ചത്‌. മറ്റ്‌ രാഷ്ട്രീയ നേതാക്കളെപ്പോലെ അല്ല താനെന്നും എന്റെ പാരമ്പര്യം വ്യത്യസഥമാണെന്നും അന്ന് പറഞ്ഞു. പിന്നെ CPM നേക്കാലും വളരെ മോശം പ്രസ്ഥാനമാണ്‌ CPI എന്ന് പറയാനും അദ്ദേഹം മടിച്ചില്ല. പിന്നെ RSP യുടെ സമ്മേളനങ്ങളില്‍ മുഴുവന്‍ CPM ഇല്‍ മാഫിയ വല്‍ക്കരണമാണ്‌ എന്നും ഒരേ ഒരു വിപ്ലവപാര്‍ട്ടി RSP ആണെന്നുമൊക്കെ അദ്ദേഹം കണ്ടെത്തി. RSP പ്രവര്‍ത്തകര്‍ക്ക്‌ മൂല്യഛുതി ഇല്ലായെന്നുമൊക്കെപ്പറഞ്ഞെങ്കിലും പിണറായി നാവ്‌ വാടക്ക്‌ കൊടുക്കരുത്‌ എന്ന് വാണിഗ്‌ നല്‍കിയതോടെ ആ പരിപാടി നിര്‍ത്തി. എന്നാല്‍ RSP MLA കോവൂര്‍ കുഞ്ഞുമോന്റ അറിവോടെ പണം വാങ്ങുന്നത്‌ ഏഷ്യാനെറ്റ്‌ തെളിവുകളോടെ പിടിച്ചപ്പോള്‍ ഈ സിംഹം പ്രതികരിച്ച്‌ കണ്ടില്ലാ എന്നത്‌ മറക്കാം. അതിനിടെ ബസുവിന്റെ പ്രതാവന വന്നു. പിന്നെ അതിന്റെ മുകളിലായി RSP. വിപ്ലവ പാത്‌ വഴിക്കുപേക്ഷിച്ചതിനേതിരേ ആഞ്ഞടിച്ച്‌ ചന്ദ്രചൂഡന്‍ സമ്മേളനത്തിന്റെ അവസാനം തോറ്റ്‌ പുറത്താകുന്ന അവസ്ഥയാണ്‌ കണ്ടത്‌. മറ്റ്‌ ഇടത്‌ പാര്‍ട്ടികളിലേപ്പോലെ വ്യതിയാനവും ജീര്‍ണ്ണതയും RSP ക്ക്‌ ഇല്ലാ എന്ന് പറഞ്ഞത്‌ ചന്ദ്രചൂഡന്‍ സാര്‍ ആകയാല്‍ ഇതില്‍ തെറ്റൊന്നും പറയാന്‍ കഴിയില്ല.

വിപ്ലവം നീട്ടി വച്ചതിനെതിരേ ആഞ്ഞടിക്കാന്‍ CPI യും മടിച്ചില്ല. കിട്ടിയ ഗ്യാപ്പില്‍ ഇസ്മായീലും ഇറങ്ങി. പക്ഷെ ഇന്നലെ സേവി മനോ മാത്യു നല്‍കിയ 25000 രൂപയുടെ ജനയുഗം ഫണ്ടിന്റെ വിവരങ്ങള്‍ ഇന്ത്യാവിഷനില്‍ കണ്ടപ്പോഴാണ്‌ വിപ്ലവത്തിന്‌ കാലതാമസം ഉണ്ടാകില്ല എന്ന് നാട്ടുകാര്‍ക്ക്‌ മനസ്സിലായത്‌. സേവിയില്‍ നിന്ന് ജനയുഗം ഫണ്ട്‌ വാങ്ങിയിട്ടെ ഇല്ലാ എന്നായിരുന്നു CPI നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്‌. കഴിഞ്ഞ ആഴ്ച പോലും കാനം രാജേന്ദ്രന്‍ P.C. ജോര്‍ജ്ജിനെ വെല്ലുവിളിക്കുന്നത്‌ കണ്ടതാണ്‌.

ജനതാദള്ളും മോശമല്ല. അവരും വിപ്ലവ പാതയില്‍ തന്നേ. പക്ഷേ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുകിട്ടന്‍ പാര്‍ട്ടി പ്രസിഡന്റ്‌ കോടതിയേ സമീപിച്ചിരിക്കുകയാണ്‌.

ആശയ സംഘട്ടനം അന്തിമലക്ഷ്യമായി 1991 മുതല്‍ CPM ഇല്‍ സമരം ചെയ്യുന്ന അച്ചുതാനന്ദനും ഇവര്‍ക്കൊപ്പം ഉണ്ട്‌. അതുകൊണ്ട്‌ തന്നെ വിപ്ലവം എന്നു വേണമെങ്കിലും സംഭവിക്കാം. കുത്തക മുതലാളിമാരും ബൂഷകളും വലത്‌ പിന്തിരിപ്പന്മാരും ജാഗ്രതേ

23 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഇടതുപക്ഷത്ത്‌ ഇപ്പോള്‍ ആശയ സംഘര്‍ഷത്തിന്റെ കാലമാണ്‌. ആരാണ്‌ യഥാര്‍ത്ഥ ഇടതുപക്ഷം എന്നതും ആരാണ്‌ ആദ്യം വിപ്ലവവും സോഷ്യലിസവും കൊണ്ടുവരിക എന്നതിലും ഊന്നിയാണ്‌ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്‌ . CPM സമീപകാലത്തൊന്നു ലക്ഷ്യം കാണില്ല എന്ന് തുറന്നു പറഞ്ഞെങ്കിലും VS പക്ഷം വിട്ട്‌ കൊടുക്കാന്‍ ഭാവമില്ല. ഈ മത്സര്‍ത്തില്‍ CPM ഇല്‍ നിന്നും VS പക്ഷം പങ്കെടുക്കുമെന്ന് കരുതാം. എന്നാല്‍ RSP യിലും CPI ലും ജനതാദള്ളിലും സ്ഥിതി വ്യത്യസ്ഥമാണ്‌. അവര്‍ CPM നേപ്പോലെ ഘട്ടം ഘട്ടമായി വിപ്ലവം സോഷ്യലിസവും നടപ്പിലാക്കാന്‍ തയ്യാറല്ല. അതുകൊണ്ട്‌ തന്നെ അവര്‍ കരുതി ഇരിക്കുകയാണ്‌. ഒരു അവസരം ഒത്തു കിട്ടിയാല്‍ വിപ്ലവം നടത്തും. ചിലപ്പോള്‍ അത്‌ നാളെ സംഭവിക്കാം ചിലപ്പോള്‍ 100 വര്‍ഷം കഴിഞ്ഞുമാകാം ചിലപ്പോള്‍ വന്നില്ലാ എന്നും വരാം. എന്നാല്‍ ഉടനൊന്നും വരില്ലാ എന്ന് പറയുന്നത്‌ വലത്‌ വ്യതിയാനം തന്നേ.

മാരീചന്‍ said...

ഒരു നിനവില്‍ ഇടിവെട്ടി
ഉടനുറവ പൊട്ടുന്ന കര്‍ക്കിടക മഴയല്ല, പൊന്നനിയാ
നാടിന്റെ വിപ്ലവം.

തമ്പുരാന്‍ ഞെരടിയാല്‍ തലയറ്റു വീഴുന്ന
ചെമ്പകപ്പൂവിലെ പുഴുവുമല്ല വിപ്ലവം

പിന്നെയോ,

വിപ്ലവം, നാടിന്റെ ചൂടാണ് വിപ്ലവം
വിപ്ലവം, നാടിന്റെ ചുണയാണ് വിപ്ലവം.

ആകയാല്‍,
ഫാരിസിന്റെ അറുപതു ലക്ഷവും വിപ്ലവമാണ്,
സേവിയുടെയും കാക്കത്തൊളളായിരം റിസോര്‍ട്ട് ഉടമകളുടെയും
ജനയുഗം സംഭാവനയും വിപ്ലവമാണ്.
വലിയേട്ടന്റെ ചിറകു പറ്റി ഭരണവീര്യം നുകരുകയും
ചാനലുകളിലും മൈക്കിലും വിടുവാ പറയുകയും ചെയ്യുന്ന
ചാന്ദ്രചൂഡവും വിപ്ലവം തന്നെയാണ്.

ചുരുക്കത്തില്‍,
നാട്ടിലെ നേതാക്കളുടെ ചൂടും ചുണയുമാണ് വിപ്ലവം,
ആകയാല്‍ നേതാക്കളെ പരിഹസിക്കരുത്, അവമതിക്കരുത്.

സര്‍വരാജ്യ നേതാക്കളേ സംഘടിക്കുവിന്‍,
കാരണം, നിങ്ങള്‍ക്കാണ് നഷ്ടപ്പെടാന്‍ ഒരുപാടുളളത്.

സംഘടിച്ച് ശക്തരാവുക, പിന്നെയും പിന്നെയും ശക്തരാവുക.
വിപ്ലവം വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ.

നിങ്ങള്‍ക്ക് ആപത്തൊന്നും വരരുത്!

കാവലാന്‍ said...

ഇന്നു കാലത്തു കേട്ട ഒരു റേഡിയോ വാര്‍ത്ത.'സോഷ്യലിസത്തിന് വ്യക്തമായ നിര്‍വ്വചനമില്ല.എങ്കിലും ഭരണഘടനയില്‍ നിന്ന് വാക്കു നീക്കം ചെയ്യാന്‍ ഉദ്ധേശിക്കുന്നില്ലെന്നാണ്'.കൊല്‍ക്കത്തയില്‍ നിന്നും ഒരാള്‍ കൊടുത്ത ഹര്‍ജ്ജിയിലാണ് വിധി എന്നും കേട്ടു. ഞാന്‍ പത്രങ്ങള്‍ നെറ്റില്‍ തിരഞ്ഞെങ്കിലും അതുമാത്രം
കിട്ടിയില്ല. ഇങ്ങനെ കുറേ അര്‍ത്ഥമില്ലാത്ത വാക്കുകളുടേയും നടപ്പാവാത്ത ആശയങ്ങളുടേയും പേരില്‍
കുറേയെണ്ണത്തിന്റെ ചോര കുടിച്ചു കുറച്ചു പേര്‍ ചീര്‍ക്കുന്നു.എന്നിട്ട് ആദ്യന്തികമായങ്ങു കല്പ്പിക്കുകയാണ്.
മൊതലാളിത്തമേ പുലരൂ. കാരണം ഞമ്മളിപ്പോ മൊതലാളിയാണ് അതു തന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...

നമ്മള്‍ക്ക്‌ പണമില്ലാത്തപ്പോള്‍ സോഷ്യലിസം മികച്ച ആശയമാണ്‌. പണക്കാരന്‍ കൊള്ളരുതാത്തവനാണ്‌. എന്നാല്‍ നമ്മള്‍ പണക്കാരനായാലോ സോഷ്യലിസം പോലെ ഇത്രക്ക്‌ മോശം ആശയം ഇല്ല. ഇതാണ്‌ യഥാര്‍ത്ഥ്യം. പറയാന്‍ വളരെ എളുപ്പം പ്രവര്‍ത്തിക്കാന്‍ ഭയങ്കര വിഷമം.

ഇന്നലെ ഏറ്റവും രസകരമായിത്തോന്നിയ കമന്റ്‌ ഷിബു ബേബി ജോണിന്റെയാണ്‌. മാറിയ സാഹചര്യത്തില്‍ RSP യിലേക്ക്‌ മടങ്ങുമോ എന്ന് ചോദിച്ചപ്പോള്‍ RSP യിലേക്ക്‌ മടങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കിലും വിപ്ലവവും സോഷ്യലിസവും ഉപേക്ഷിച്ച CPM നയിക്കുന്ന ഇടതുപക്ഷത്തേക്കില്ല എന്നയിരുന്നു മറുപടി. അപ്പോള്‍ ഷിബു UDF ഇല്‍ വിപ്ലവം കൊണ്ടുവരാന്‍ നില്‍ക്കുകയാണ്‌ എന്നും വ്യക്തമായി. ചന്ദ്രചൂഡനേക്കാലും വലിയ വിപ്ലവകാരി. അപാര തൊലിക്കട്ടി തന്നേ

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

സത്യത്തില്‍ ഈ വിപ്ലവം സോഷ്യലിസം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കിപ്പോള്‍ ചിരിയാണ് വരുന്നത് . കൂലി,വില,ലാഭം എന്ന പുസ്തകം വായിച്ചപ്പോഴാണ് ഞാന്‍ മാര്‍ക്സിസത്തില്‍ ആദ്യമായി ആകര്‍ഷിക്കപ്പെട്ടത് . തൊളിലാളി അധ്വാനിച്ചുണ്ടാക്കുന്ന ഉപരിമിച്ചമാണ് ലാഭം എന്ന അറിവ് എന്നെ ഞെട്ടിച്ചു . പിന്നീട് ധാരാളം പുസ്തകങ്ങള്‍ വായിച്ചു . എന്നാല്‍ പുസ്തകങ്ങളില്‍ ഉള്ളതാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ . സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം വായിക്കുന്തോറും ഞാന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാവുകയായിരുന്നു . എങ്കിലും കുറച്ചുകാലം സി.പി.ഐ.യിലും അടിയന്തിരാവസ്ഥയില്‍ സി.പി.എമ്മിലും സഹകരിച്ചു. സംഘടന നിലനിര്‍ത്താനും മറ്റുള്ളവ പിടിച്ചെടുക്കാനും സി.പി.എം. സ്വീകരിക്കുന്ന കുതന്ത്രങ്ങള്‍ എന്നെ തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കി . എന്നാലും സി.പി.എമ്മിലുള്ള പ്രവര്‍ത്തകന്മാരുടെ സാമൂഹ്യപ്രതിബദ്ധത നിമിത്തം ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ അവരാണ് .

എന്ത് തരത്തിലുള്ള വിപ്ലവവും സോഷ്യലിസവുമാണ് ഇനിയും വരണമെന്ന് കിരണും , മാരീചനും , രാജീവ് ചേലനാട്ടും പോലെയുള്ള അനേകായിരങ്ങള്‍ പ്രതീക്ഷിക്കുന്നത് ? സോവിയറ്റ് യൂനിയനില്‍ പരീക്ഷിച്ച് പരാജയപ്പെട്ട് തകര്‍ന്ന സോഷ്യലിസമോ ? ചൈനയില്‍ വിദേശമൂലധനത്തെ സ്വാഗതം ചെയ്തും സ്വകാര്യസ്വത്തവകാശം വീണ്ടും നിയമവിധേയമാക്കിയും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സോഷ്യലിസമോ ?

സോഷ്യലിസം മാത്രമല്ല ഭരണകൂടം കൊഴിഞ്ഞ് പോയി മനുഷ്യന്റെ ഉയര്‍ന്ന സാമൂഹ്യബോധത്താല്‍ സ്വയം നിയന്ത്രിക്കപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയും മാര്‍ക്സ് വിഭാവനം ചെയ്തിട്ടുണ്ട് . ആ കമ്മ്യൂണിസവും വരേണ്ടേ ? അതെങ്ങിനെ വരും . ഈ ലോകം മുഴുവനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സോഷ്യലിസം നടപ്പാക്കി എന്ന് സങ്കല്‍പ്പിക്കാം . പിന്നീടങ്ങോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യിലുള്ള ഭരണകൂടം അവര്‍ സ്വമേധയാ കയ്യൊഴിയുമോ ? അതല്ല കാള്‍ മാര്‍ക്സ് എഴുതിവെച്ചത് കൊണ്ട് എന്തായാലും എല്ലാം വരും ,വന്നേ തീരൂ എന്നാണോ ?

മനുഷ്യപ്രകൃതി അടിസ്ഥാനപരമായി സോഷ്യലിസം എന്ന സമത്വ ഭാവനയ്ക്കെതിരാണ് എന്നതാണ് യാഥാര്‍ത്ഥ്യം . സ്വാര്‍ത്ഥതയാണ് എല്ലാ മനുഷ്യരേയും മുന്‍പോട്ട് നയിക്കുന്ന ചേതോവികാരം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് കൊണ്ടോ അതിന്റെ നേതാവാകുന്നത് കൊണ്ടോ ആരില്‍ നിന്നും ഈ അടിസ്ഥാനസ്വഭാവം ഇല്ലാതാകുന്നില്ല . സമൂഹത്തിന്റെ ചലനാത്മകത തന്നെ ഈ സ്വാര്‍ത്ഥതയാണെന്ന് പറയാം . എനിക്ക് ഇനിയും വേണം , അത് പണമായാലും , മറ്റ് ഭൌതിക സമ്പത്തായാലും , അധികാരമായാലും , സുഖഭോഗങ്ങളായാലും എല്ലാം തന്നെ പോര പോര എന്നതാണ് മനുഷ്യരുടെ ചിന്ത . ഈ ചിന്തയില്‍ നിന്ന് മുക്തമായ അണികളും നേതാക്കളും ഉള്ള ഒരു പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ കഴിയുമോ ? ഇല്ല !

സോഷ്യലിസം എന്നാല്‍ കമ്മ്യൂണിസത്തിന്റെ ആദ്യപടിയാണല്ലോ . അതായത് എല്ലാം തന്നെ സര്‍ക്കാര്‍ ഉടമയിലാവുക . എന്നിട്ട് പാര്‍ട്ടി തന്നെ എല്ലാറ്റിന്റേയും മുതലാളിയാവുക . അതാണല്ലോ റഷ്യയില്‍ പരാജയപ്പെട്ടതും ചൈനയില്‍ വിജയം കാണാന്‍ കഴിയാത്തതുകൊണ്ട് വീണ്ടും സ്വകാര്യസ്വത്തവകാശത്തിലേക്ക് മടങ്ങുന്നതുമായ പാര്‍ട്ടി മുതലാളിത്വം . മൂലധനസമാഹരണത്തിന് സ്വകാര്യ സംരംഭങ്ങള്‍ അനിവാര്യമാണെന്ന് ഇന്ന് സര്‍വ്വസമ്മതമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് . സോവിയറ്റ് യൂനിയനിലേയും ചൈനയിലേയും പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭം തൊട്ട് വീണ്ടും പരീക്ഷിക്കപ്പെടമെന്നാണോ സോഷ്യലിസം വിപ്ലവം എന്നൊക്കെ ഇന്നും പറയുന്നവര്‍ ഉദ്ധേശിക്കുന്നത് ? വേറെ എന്തെങ്കിലും ബദല്‍ സിദ്ധാന്തങ്ങള്‍ ആലോചിക്കുന്നുണ്ടോ ? വെറുതെ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഉരുവിടുന്നതാണോ ? മാനവരാശിയുടെ പുരോഗതിയും അതിജീവനവും ജനാധിപത്യ സമ്പ്രദായത്തില്‍ മാത്രമേ സാക്ഷാല്‍ക്കൃതമാവൂ എന്നും തെളിഞ്ഞിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തില്‍ , പാര്‍ട്ടിയും അതിന്റെ നേതാക്കളും കൊഴുക്കുമെന്നല്ലാതെ സമൂഹം ഒരിഞ്ച് മുന്നോട്ട് പോകില്ല എന്നതില്‍ ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ ?

മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഭരണത്തില്‍ ഇരിക്കുന്നത് കൊണ്ട് സോഷ്യലിസം നടപ്പാക്കാന്‍ കഴിയില്ല എന്നാണ് കാരാട്ടും , രാമചന്ദ്രന്‍ പിള്ളയും എല്ലാവരും പറയുന്നത് . സോഷ്യലിസം നടപ്പാക്കേണ്ടത് പാര്‍ട്ടിയാണോ , അതോ ജനങ്ങളോ ? റഷ്യയിലേയും ചൈനയിലേയും ജനങ്ങള്‍ക്ക് കഴിയാത്തത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കഴിയുമോ അല്ലെങ്കില്‍ ഇന്ത്യന്‍ ജനതയ്ക്ക് സോഷ്യലിസം വേണോ ? ജനങ്ങള്‍ക്ക് വേണ്ടത് ജനാധിപത്യ സമ്പ്രദായത്തില്‍ തന്നെ ധാരാളമുണ്ട് . സോഷ്യലിസം പറയുമ്പോള്‍ അതൊക്കെ വിസ്മരിക്കുകയാണ് ചെയ്യുന്നത് .

പെന്തക്കോസ്തുകാര്‍ രോഗശമനത്തിന് പ്രാര്‍ത്ഥന മാത്രം മതി എന്ന് വാശി പിടിക്കുന്നത് പോലെയാണ് , സോഷ്യലിസം വിപ്ലവം എന്നൊക്കെ ഇപ്പോഴും പറയുന്നത് . ക്യാപ്പിറ്റലിസം അഥവാ മുതലാളിത്തം എന്ന വാക്ക് ഒരു മാര്‍ക്സിസ്റ്റ് പദമാണ് . എന്നാല്‍ സ്വകാരസ്വത്തും , സ്വകാര്യസംരംഭങ്ങളും മനുഷ്യസമൂഹത്തിന്റെ വികാസത്തിനും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്ന്‍ അസന്നിഗ്ദമായി തെളിഞ്ഞിരിക്കുന്നു . പിന്നെ ഇനിയെന്ത് സോഷ്യലിസം , ഇനിയെന്ത് വിപ്ലവം ? വെറുതെ ആളെ പറ്റിക്കല്‍ അല്ലാതെ ?

മനുഷ്യന്‍ പൊതുവേ ഇന്ന് നിരവധി പ്രശ്നങ്ങള്‍ നേരിടുന്നു . സാമ്പത്തിക അസമത്വങ്ങള്‍ മൂര്‍ച്ചിക്കുന്നു . എണ്ണിപ്പറയാന്‍ കഴിയാത്ത വിധം ചൂഷണങ്ങകളും തിന്മകളും പെരുകുന്നു . നമുക്കാവശ്യം പുതിയ പോംവഴികളാണ് , പുതിയ ചിന്തകളും അന്വേഷണങ്ങളുമാണ് . ഇടത് എന്ന് പറഞ്ഞാല്‍ എന്തോ പുരോഗമനമാണ് , ബുദ്ധിയുടെ ലക്ഷണമാണ് എന്നൊക്കെയുള്ള ജാടകള്‍ ഒഴിവാക്കാന്‍ സമയമായി !

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടാ സോഷ്യലിസം വരണമെന്നൊന്നും ഇതുവരേ ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ട്‌ എന്ന് തോന്നുന്നില്ല. സോഷ്യലിസ്റ്റ്‌ എന്ന് പറഞ്ഞു നടക്കുന്നവരേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടാകും. അവരുടെ ഇരട്ടത്താപ്പിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടാകും എന്നാല്‍ സോഷ്യലിസം വരണമെന്നോ അത്‌ മഹത്തരമെന്ന ഒരു അഭിപ്രായമോ എനിക്കില്ല എന്നത്‌ വ്യക്തമാക്കിക്കൊള്ളട്ടേ.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ആചാര്യന്‍ ബസ്സു കഴിഞ്ഞ ദിവസം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണ്‌ എന്ന് പറഞ്ഞപ്പോള്‍ RSP യും CPI യും ജനതാദള്ളുമൊക്കെ എന്തോ വലിയ തെറ്റ്‌ പറഞ്ഞതുപോലെയാണ്‌ പ്രതികരിച്ചത്‌. മുതലാളിത്തത്തെ പുല്‍കാന്‍ വെമ്പുന്നവരുടെ കുറ്റിയറ്റു പോകും എന്ന് VS ഉം പറയുന്നു. ഒരിക്കലും ഇന്ത്യയില്‍ സംഭവിക്കില്ലാ എന്ന് ഉറപ്പുള്ള ഒന്നാണ്‌ ഇതെന്ന് അറിയാവുന്നവര്‍ അതിന്റെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത്‌ കണ്ടപ്പോള്‍ എഴുതിപ്പോയതാണ്‌

ചതുര്‍മാനങ്ങള്‍ said...

ഭരണഘടനയെ നിര്‍വചിക്കേണ്ട സുപ്രീം കോടതിക്കു തന്നെ ഭരണഘടനയിലെ സോഷ്യലിസം എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാകുന്നില്ല എങ്കില്‍ ഒരു പൌരന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.

ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ടു, സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളിലും അതിലുള്‍പ്പെടാത്ത ചില യൂറോപ്പ്യന്‍ രാജ്യങ്ങളിലുമാണു യഥാര്‍ത്ഥ സോഷ്യലിസം നിലനില്‍ക്കുന്നതെന്നു. അവിടങ്ങളില്‍ വരുമാനത്തിന്റെ 20% മുതല്‍ 40% വരെ ടാക്സ് അടക്കണം. തൊഴിലില്ലാത്തവര്‍ക്കു ഗവണ്മെന്റു നല്‍കുന്ന തുക 500 യൂറോക്കടുത്താണു. സാമാന്യം തെറ്റില്ലാതെ ഒരാള്‍ക്കു കഴിഞ്ഞുകൂടാനുളള തുകയാണിതു. കൂടാതെ “പൊതു“ വിദ്യാഭ്യാസം “പൊതു“ജനാരോഗ്യം തുടങ്ങിയ പൊതുകാര്യങ്ങളിലെല്ലാം സേവനങ്ങള്‍ ഏറെക്കുറേ ഫ്രീ( അല്ലെങ്കില്‍ ഗവണ്മെന്റു വിവിധ ഏജന്‍സികളിലൂടെ പൌരനെ സഹായിക്കുന്നുണ്ടു).
നമ്മുടെ ഇടതന്മാര്‍ ഈ രാജ്യങ്ങളെ കാപ്പിറ്റലിസ്റ്റാക്കിയേ ലേബലിടൂ. എന്നിട്ടു നാട്ടിലെ എല്ലാ ‘പൊതു’ കാര്യങ്ങളെയും സ്വകാര്യവത്കരിക്കുകയും ചെയ്യും.

ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങളില്‍ എല്ലാ‍ം സ്വകാര്യമേഘലയുടെ കയ്യിലാണെന്നുള്ളതു ഒരു കല്ലുവച്ച നുണയാണു.
വ്യക്തികളുടെ പോക്കറ്റിലേക്കു ലാഭവിഹിതം പോകുന്ന രീതിയിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു നമുക്കുള്ളതു. കാപ്പിറ്റലിസ്റ്റ് രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ നിന്നു ഫീസ് പിരിക്കുമ്പോഴും അതിനെ ഒരു കച്ചവടമാക്കിമാറ്റിയിട്ടില്ല.

ക്യാപ്പിറ്റലിസ്റ്റ് രാഷ്ട്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഫീസടച്ചുതന്നെയാണു പഠിക്കുന്നതു. ആ പൈസ ഒരു സ്വകാര്യവ്യക്തിയുടെ പോക്കറ്റിലേക്കാണു പോകുന്നതു എന്നാണു നമ്മുടെ ഇടതന്മാരും വലത്ന്മാരും കൂടി നമ്മെ പഠിപ്പിച്ചിരിക്കുന്നതു. കാപ്പിറ്റലിസ്റ്റ് രാഷ്ട്രങ്ങളില്‍ ഫീസ് കൊടുത്താണ് പഠിക്കുന്നതെങ്കിലും ആ ഫീസ് കണ്ടെത്താനുള്ള സാഹചര്യങ്ങളും അവര്‍ ഒരുക്കുന്നുണ്ടു. നമ്മള്‍ കാപിറ്റലിസം ആകാം എന്ന വിട്ടുവീഴ്ച ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കു പണം കണ്ടെത്താനുള്ള സാഹചര്യം ഒരുക്കുന്നതിനെക്കുറിച്ചു ചിന്തിക്കില്ല. നമ്മുടെ ഈ വിട്ടുവീഴ്ചാ കാപ്പിറ്റലിസം കാപ്പിറ്റലിസ്റ്റ് രാഷ്ട്രങ്ങളിലെ കാപ്പിറ്റലിസത്തേക്കാള്‍ മനുഷ്യനെ ദ്രോഹിക്കുന്നതും നിലവാരം ഇല്ലാത്തതുമാണു. പണക്കാരനും പാവപ്പെട്ടവനും വിവിധമേഖലകളിലൂടെ തുല്യ അവസരം ഒരുക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നതില്‍ ക്യാപ്പിറ്റലിസ്റ്റ് രാഷ്ട്രങ്ങള്‍ കുറച്ചെങ്കിലും ശ്രദ്ധിക്കുന്നുണ്ടു. നമ്മള്‍ കാപ്പിറ്റലിസത്തെ സ്വീകരിക്കുമ്പോള്‍ അതിലെ സ്വകാര്യവത്കരണം എന്ന തെറ്റായ വശം മാത്രമേസ്വീകരിക്കുന്നുള്ളൂ. എല്ലാ പൌരനും ഏറെക്കുറെ തുല്യ അവസരങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനെക്കുറിച്ചു നമ്മള്‍ മനപ്പൂര്‍വ്വം കണ്ണടക്കുന്നു. ഇതിനെക്കുറിച്ചൊന്നും വലിയ ബോധമില്ലാത്തവരും ആശയപരമായോ പ്രായോഗികമായോ ഉന്നത നിലവാരമില്ലാ എങ്കില്‍ക്കൂടി പാര്‍ട്ടിയിലെ ഹയറാര്‍ക്കിയിലൂടെ പ്രബലരായവരും കൂടി പൊതുജനത്തിന്റെ ഭാഗഥേയം നിര്‍ണ്ണയിക്കുന്ന അവസ്ഥ നിലവിലുള്ളപ്പോള്‍ തെറ്റായ നിലയിലുള്ള കാപ്പിറ്റലിസ്റ്റിക് വ്യതിയാനങ്ങള്‍ക്കെതിരെ ഇടതുപക്ഷത്തിലെ ഒരു കൂട്ടരെങ്കിലും ബോധവാന്മാരായി ഇരിക്കുന്നതും അതിനെതിരെ ആശയപരമായി പൊരുതുന്നതും നല്ല സൂചനയാണു നല്‍കുന്നതു.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കിരണ്‍ , സോഷ്യലിസം വിപ്ലവം എന്നൊക്കെ യാന്ത്രികമായി പറയുമ്പോള്‍ നമ്മള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളും അതിനൊക്കെയുള്ള പരിഹാരങ്ങളും ഒക്കെ വിസ്മരിക്കുന്നു എന്ന് പറയുകയായിരുന്നു ഞാന്‍ . അല്ലാതെ കിരണിനെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തുക എന്റെ ഉദ്ധേശ്യമല്ല . ഇങ്ങിനെ എത്രകാലം രാഷ്ട്രീയക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കും എന്ന് അമ്പരക്കുകയാണ് ഞാന്‍ . ഇവിടെ ചതുര്‍‌മാനങ്ങള്‍ എന്ന ബ്ലോഗ്ഗര്‍ എഴുതിയ കമന്റ് ശ്രദ്ധിക്കുക . സ്വകാര്യസ്വത്തവകാശവും വിപണി അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയും ലോകത്ത് നിലനിന്നേ മതിയാവൂ . ഇതിനൊരു ബദല്‍ സങ്കല്‍പ്പിക്കാന്‍ പോലും ഇന്ന് കഴിയില്ല . അപ്പോള്‍ സര്‍ക്കാറിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ചുമതലകള്‍ എന്തൊക്കെ എന്ന് പുനര്‍നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട് . ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രസക്തിയുണ്ട് . എന്റെ അഭിപ്രായത്തില്‍ നമ്മള്‍ എം.പി.പരമേശ്വരനില്‍ നിന്ന് പോലും സ്വതന്ത്രമായി ചിന്തിക്കേണ്ടതുണ്ട് . മുതലാളിത്ത രാജ്യങ്ങള്‍ എന്ന് പറയപ്പെടുന്ന രാജ്യങ്ങളില്‍ നിലവിലുള്ള നല്ല കാര്യങ്ങള്‍ പോലും നമ്മള്‍ സ്വീകരിക്കുന്നില്ല . അനാവശ്യമായ പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ നമ്മെ ആണും പെണ്ണും കെട്ട ഒരു സ്ഥിതിയിലാണ് എത്തിച്ചിരിക്കുന്നത് . ഇവിടെ നിലവിലുള്ള വ്യവസ്ഥിതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമാണ് . അതിന് ഇടത്-വലത്-വര്‍ഗ്ഗീയ-മതേതര വ്യത്യാസമില്ല . കിരണിനറിയോ ഒരു നാല് ആളുകള്‍ ചേര്‍ന്ന് ഒരു ട്രസ്റ്റോ ക്ലബ്ബോ രൂപീകരിക്കണെമെങ്കില്‍ പോലും ഇവിടെ നിയമമുണ്ട് . എന്നാല്‍ ഒരു പാര്‍ട്ടി രൂപീകരിക്കാന്‍ ഒരു നിയമവും ബാധകമല്ല. ഒരു നിയമവും അവരെ നിയന്ത്രിക്കുന്നില്ല . പാര്‍ട്ടികളുടെ സ്വന്തം ഭരണഘടനയല്ല ഞാന്‍ ഉദ്ധേശിക്കുന്നത് . ഇതൊന്നും ആരും മിണ്ടുന്നില്ല്ല. അമേരിക്കയില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തന്നെ എത്ര കടമ്പകള്‍ കടക്കണം എന്ന് നോക്കുക . ഇവിടെ നേതാക്കളും ആള്‍ദൈവങ്ങളാണ് .

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടനും ചതുര്‍മാനങളും പറഞതിനോട് ഞാന്‍ 100% യോജിക്കുന്നു. പിന്നെ ആള്‍ദൈവങളേ ഉണ്ടാക്കുന്നത് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്ന് തോന്നുന്നു. അത് നമ്മുടെ രാഷ്ട്രീയത്തേയും ബാധിച്ചു എന്നുവേണം കരുതാന്‍.

90 കള്‍ വരെ നമ്മുടെ രാഷ്ട്രീയം വലിയ തോതില്‍ ചരച്ച ചെയ്യപ്പെട്റ്റിട്ടില്ല. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് സ്വപനങളില്‍ നിന്ന് 90 കളോടേയാണ് മാറ്റം സംഭവിക്കുന്നത്. പിന്നീട് ഉണ്ടായ വളര്‍ച്ചയും മാറിയ സാഹചര്യങളും മനസ്സിലാക്കാന്‍ പറ്റിയ രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നു വന്നില്ല. പണ്ട് പറഞു നടന്ന പലതും എല്ലാ പാര്‍ട്ടികള്‍ക്കും മാറ്റേണ്ടി വന്നു. എന്നാല്‍ മാറാന്‍ ഏറ്റവും താമസിച്ചത് ഇടതുകക്ഷികളാണ്. മാറാത്തതിന്റെ പേരില്‍ അവരേ നമ്മുടെ മാധ്യമങള്‍ ഒരുപാട് വിമര്‍ശിച്ചിട്റ്റുമുണ്ട്. എന്നാല്‍ ഇന്ന് അവരും മാറ്റത്തിന്റെ സന്ദേശം മുന്നോട്ടുവയ്ക്കുമ്പോള്‍ അത് എന്തോ വലിയ അപഛയമാണ് എന്നാണ് മാധ്യമങള്‍ പറയുന്നത്. ഓര്മ്മ ശക്തിയുണ്ടാകുക എന്നത് ഇന്ന് ഒരു തെറ്റായ സംഭവമാണ്. ഇടതു രാഷ്ട്രീയം എത്തിയ അനിവാര്യമായ മാറ്റത്തെപ്പറ്റി ഒരു പോസിറ്റീവ്‌ സംവാദം പോലും നടക്കുന്നില്ല എന്നതാണ് സത്യം. അതോടൊപ്പം തീവ്ര ഇടതുപക്ഷക്കാര്‍ എന്ന് നടിക്കുന്നവര്‍ നേടുന്ന മൈലേജ് ശ്രദ്ധിക്കൂ. ഏതായാലും സി.പി.എം ഈ വിഷയം പാര്‍ട്ടി കോണ്‍ഗ്രസില്‍ സജീവമയി ചര്‍ച്ച ചെയ്യും എന്ന് പ്രതീക്ഷിക്കാം. ബംഗാളില്‍ നടക്കുന്ന കാര്യങ്ങളെങ്കിലും കേരളത്തിലും നടക്കണമെന്ന് ആവശ്യപ്പെടാന്‍ ഒരു പൌരന് അവകാശം ഉണ്ട് എന്നു കരുതുന്നു. അല്ലാതെ ആശയ സമരം എന്ന് പേരിട്ട് നടത്തുന്ന വ്യക്തിവിരോധം തീര്‍ക്കല്‍ ഒരു സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തിക്കളായാന്‍ അനുവദിക്കരുത്. പാര്‍ട്ടി നയത്തിന് ഒരു ക്ലാരിറ്റി വേണമെന്ന് മാത്രമേ ഉള്ളൂ. അതില്‍ കൂടുതലൊന്നും ആവശ്യപ്പെടുന്നില്ല

ബുദ്ധിമാന്‍ said...

തകര്‍ത്തൂ...
എഴുതണം എന്ന് വിചാരിച്ചതായിരുന്നു ഇതെല്ലാം...നന്നായിരിക്കുന്നു! സമയക്കുറവ് മൂലം ഇപ്പൊ കമന്റുന്നില്ല.

റോബി said...

kiran Said...
"ബംഗാളില്‍ നടക്കുന്ന കാര്യങ്ങളെങ്കിലും കേരളത്തിലും നടക്കണമെന്ന് ആവശ്യപ്പെടാന്‍ ഒരു പൌരന് അവകാശം ഉണ്ട് എന്നു കരുതുന്നു."

ബംഗാളിലെ ഏതു കാര്യമാണ് കേരളത്തില്‍ നടക്കേണ്ടത് എന്നു കിരണിനോടു ചോദിക്കട്ടെ...

ഇതൊഴികെ പോസ്റ്റിന്റെ മൊത്തം ആശയത്തോടു യോജിക്കുന്നു. ചതുര്‍മാനങ്ങള്‍ക്ക് ഒരു സ്പെഷല്‍ കൈയടി.

Jack Rabbit said...

On 1/09/2008 at 07:03:00 PM കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said..

മനുഷ്യപ്രകൃതി അടിസ്ഥാനപരമായി സോഷ്യലിസം എന്ന സമത്വ ഭാവനയ്ക്കെതിരാണ് എന്നതാണ് യാഥാര്‍ത്ഥ്യം . സ്വാര്‍ത്ഥതയാണ് എല്ലാ മനുഷ്യരേയും മുന്‍പോട്ട് നയിക്കുന്ന ചേതോവികാരം . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് കൊണ്ടോ അതിന്റെ നേതാവാകുന്നത് കൊണ്ടോ ആരില്‍ നിന്നും ഈ അടിസ്ഥാനസ്വഭാവം ഇല്ലാതാകുന്നില്ല . സമൂഹത്തിന്റെ ചലനാത്മകത തന്നെ ഈ സ്വാര്‍ത്ഥതയാണെന്ന് പറയാം .


Similar question was once asked to E.O Wilson, who is one of the most famous scientists living today.

Why doesn't this sort of communism exist among humans?

What I like to say is that Karl Marx was right, socialism works, it is just that he had the wrong species. Why doesn't it work in humans? Because we have repro­ductive independence, and we get maximum Darwinian fitness by looking after our own survival and having our own offspring. The great success of the social insects is that the success of the indivi­dual genes are invested in the success of the colony as a whole, and especially in the reproduction of the queen, and thus through her the reproduction of new colonies.


Another blogger also had put his thoughts on biologically feasible political systems

കിരണ്‍ തോമസ് തോമ്പില്‍ said...

റോബി,
ഇവിടെ യുഡീഫ് ഭരിക്കുമ്പോള്‍ വിദേശ വായ്പ വാങ്ങുന്നതിനേയും വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനെതിരേയും സി.പി.എം. ശക്തമായ സമരങ്ങളാണ് നടത്തിയത്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ നീക്കങ്ങളും ബംഗാളിലും നടക്കുന്നുണ്ടായിരുന്നു. അന്ന് മുഖ്യംന്തിയയ ഉമ്മന്‍ ചാണ്ടി പറഞതാണ് ബംഗാളില്‍ നടക്കുന്നതെങ്കിലും കേരളത്തില്‍ നടത്താന്‍ അനുവദിക്കണമെന്ന്.

ഇന്ന് സി.പി. എം തന്നെ അധികാരത്തില്‍ എത്തിയപ്പോള്‍ ആശയ സമരം എന്ന പേരില്‍ വിദേശ വായ്പവാങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത തുടരുകയാണ്. ധനമന്ത്രിയേ മുഖ്യ മന്ത്രി ശത്രുവിനേപ്പോലെയാണ് കാണുന്നത്. ഈ ആശയ സംഘരഷം കൊണ്ട് തന്നെയാണ് ഇവിടെ മിക്ക കാര്യങ്ങള്‍ക്കും കാല താമസം വരുന്നത്. ഒരു ചെറിയ ഉദാഹരണം നോക്കുക. ദേശിയ പാത വികസനത്തിന് കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത് ബി.ഒ.ടി അനുസ്സരിച്ചുള്ള പാക്കേജാണ്. മുഖ്യമന്ത്രി ഇതീതിരാണ് എന്ന കാരണത്താല്‍ ഇത് നടക്കാതെ കുറേക്കാല്‍ം ഇരുന്നു. മന്ത്രി സഭ യോഗത്തില്‍ വി.എസ്. ഉടക്കിട്ടു. അവസാനം എല്‍.ഡി.എഫ് യോഗം കൂടി ഇത് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ബംഗാള്‍ വളാരെ മുന്നെ ഇതില്‍ ഒപ്പു വയ്ക്കുകയും ചെയ്തു.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

jack rabbitന് നന്ദി ലിങ്ക് നല്‍കിയതിന് .
ഇവിടെ സോഷ്യലിസം വിപ്ലവം എന്നൊക്കെ പറഞ്ഞ് ഇരുട്ട് മുറിയില്‍ , ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുവാന്‍ അണികളെ പ്രേരിപ്പികയാണ് നേതാക്കള്‍ ചെയ്യുന്നത് . ഇതൊന്നും ഒരിക്കലും പ്രായോഗികമല്ല എന്ന് ഈ നേതാക്കന്മാര്‍ക്കെല്ലാം നന്നായി അറിയാം . എന്നാല്‍ സോഷ്യലിസം പറഞ്ഞാല്‍ അണികളെ വിശ്വസിപ്പിച്ച് തങ്ങളുടെ പദവിയും സോഷ്യല്‍ സ്റ്റാറ്റസും നിലനിര്‍ത്താന്‍ കഴിയും എന്നത് കൊണ്ട് പറയുന്നു എന്നേയുള്ളൂ . സാര്‍വ്വത്രികമായ തട്ടിപ്പുകളാണ് നമ്മുടെ നാട്ടില്‍ എല്ലാ രംഗത്തും നടക്കുന്നത് . ഇപ്പോള്‍ കേരളത്തിലെ ജീവന്മരണ പ്രശ്നം അരവണയാണ് . അരവണയെന്താ പ്രാണവായു ആണോ എന്ന് ആരും ചോദിക്കുന്നില്ല . കാരണം അങ്ങിനെ ചോദിച്ചാല്‍ ഭക്തന്മാരുടെ വികാരം വൃണപ്പെട്ടുപോകും . വികാരം വൃണപ്പെടലാണ് ഇന്ന് ഏറ്റവും വലിയ പ്രകൃതിദുരന്തം . അതേപോലെ തന്നെ സോഷ്യലിസം നടപ്പില്ല എന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ ഇടത് പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് അണികളുടെ വിശ്വാസം വൃണപ്പെടും . ആള്‍ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഭക്തിയിലൂടെ മാത്രമല്ല രാഷ്ട്രീയത്തിലൂടെയും സംഭവിക്കാം !

മാരീചന്‍ said...

സുകുമാരേട്ടന്,
സുപ്രസിദ്ധ എളുത്താളര്‍ ലേറ്റ് വികെഎന്‍ അവര്‍കളുടെ ചാത്തന്‍സ് കഥകളില്‍ തിരുവാതിരയിലെ ഒരു ഭാഗമാണ് താഴെ ഉദ്ധരിച്ച് ചേര്‍ക്കുന്നത്. (ഡിസി രവി അവര്‍കളേ, പകര്‍പ്പവകാശപ്പടവാള്‍ വീശി മാരീചന്റെ തലയരിയരുതേ!!)

................ ഇതിന്റെ നടുക്കാണ് ചുകന്ന മഷിയുടെ ഒരു രക്തരേഖ പോലെ പാര്‍ട്ടിയുടെ പുതിയ രാഷ്ട്രീയ ലൈന്‍ വരുന്നത്. ടിപ്പണി ഈ വിധമായിരുന്നു. കര്‍ഷകത്തൊഴിലാളി തല്‍ക്കാലം അവന്‍ ഇപ്പോള്‍ അഭിനയിക്കുന്ന പോസില്‍ നില്‍ക്കട്ടെ. അതിനിടയ്ക്ക് നമുക്ക് വ്യാവസായിക ത്തൊഴിലാളികളെ സംഘടിപ്പിക്കുക. സമരസജ്ജരാക്കുക. ഇവിടെ വിപ്ലവം വരുത്താന്‍ ഉഴിഞ്ഞു വെയ്ക്കപ്പെട്ട നേര്‍ച്ചക്കോഴിയുടെ ജന്മമാകുന്നു അവന്റേത്. അവന്റെ നടുക്ക് കര്‍ഷകവേഷത്തെ കയറ്റിയാല്‍ അത് പരക്കെ വീര്യം കെടാനേ സഹായിക്കൂ. വിപ്ലവത്തിന്റെ അടിയന്തരം കഴിഞ്ഞു പുതിയ വ്യവസ്ഥിതി നിലവില്‍ വന്നു കഴിയുമ്പോള്‍ കര്‍ഷകപ്പരിഷയെ അതിന്റെ ഭാഗഭാക്കും കൊക്കുമാക്കും. അതുകൊണ്ട് വ്യാവസായിക ശിങ്കപങ്കേരുഹങ്ങളേ തയങ്കാതെ!

മുന്നോട്ട് മുന്നോട്ട് മുന്നോട്ട്!
(നിങ്ങള്‍ ആവശ്യപ്പെട്ട വിപ്ലവം. ഗാനരചന പാര്‍ട്ടി, ഈണം നല്‍കുന്നത് തൊഴിലാളി)

ഈ ലൈന്‍ തെറ്റാണ്. ചാത്തന്‍സ് സിക്രട്ടറിയോട് പറഞ്ഞു.
എന്തു തെറ്റ്?
മുക്കാലേ മുണ്ടാണിയും മുണ്ടി വെളിച്ചപ്പാടും കാര്‍ഷികരാജ്യവുമായ ഇവിടെ വ്യാവസായികത്തൊഴിലാളിയാണ് വിപ്ലവത്തിന്റെ കത്തി എന്നു പറയുന്നത് കാപട്യമാണ്.
ആരുടെ?
പാര്‍ട്ടിത്തമ്പുരാന്റെ.
സിക്രട്ടറി ചൊടിച്ചു.
അതുപറയാന്‍ മാത്രം നീ ആശയപരമായി വളര്‍ന്നോടാ ചാത്തന്‍സ്?
കെണി വെച്ചാല്‍ അത് മണത്തറിയാന്‍ മാത്രം ഘ്രാണശക്തി ചാത്തന്‍സിനുണ്ട്. പാര്‍ട്ടിയുടെ ഇടത്തരം സ്വഭാവത്തെയാണ് ഈ ലൈന്‍ വ്യക്തമാക്കുന്നത്.
അല്ല
അതെ. ഇറ്റ് ഷോസ് ദി മിഡില്‍ ക്ലാസ് കാരക്ടര്‍ ഓഫ് ദി പാര്‍ട്ടി. നത്തിംഗ് എല്‍സ്.
നീ മലയാളത്തില്‍ പറ.
പാര്‍ട്ടി ശൈലിയില്‍ ഇടതു കൈപ്പത്തിയില്‍ വലതു ചൂണ്ടുവിരല്‍ കൊണ്ട് താളം കൊട്ടി ചാത്തന്‍സ് പറഞ്ഞു.
ഇടത്തരക്കാരുടേതാണ് പാര്‍ട്ടി നേതൃത്വം. മിനിമം കൂലി കൊടുക്കുന്നത് അവര്‍ക്ക് നഷ്ടമാണ്. ആശയത്തിന്റെ തടിക്ക് തട്ടും. അതുകൊണ്ട് പ്രൊഫഷണല്‍ ബുദ്ധിമാനായ അവന്‍ വിപ്ലവത്തിന്റെ പന്തും വ്യാവസായിക വിഡ്ഢിയുടെ കൈയില്‍ വെച്ചു കൊടുക്കുകയാണ്. അപ്പോള്‍ പിന്നെ കര്‍ഷക നീചന്‍ എതിര്‍ക്കുകയില്ലല്ലോ?
നിന്റെ തലയില്‍ പുകയാണ്. അതാണ് ചിന്താക്കുഴപ്പം.
ഒരു കുഴപ്പവുമില്ല.
അപ്പോള്‍ നിനക്ക് പുതിയ ലൈനില്‍ വിശ്വാസമില്ലേ.
അങ്ങനെയല്ല. എല്ലാ ലൈനിലും ഞാന്‍ വിശ്വസിക്കുന്നു.
എന്നു പറഞ്ഞാല്‍?
ഒന്നും സംഭവിക്കാന്‍ പോകുന്നില്ലാത്ത ഈ രാജ്യത്ത് ഏത് ലൈനായാലെന്ത്?


മാരീചന്‍ സിന്ദാബാദ് വിളിക്കുന്നത് ചാത്തന്‍സിനാണ്. മാരീചന്റെ പ്രത്യയശാസ്ത്രവും ചാത്തന്‍സിന്റേത്. മാരീചന്റെ ആരാധനാമൂര്‍ത്തിയും ചാത്തന്‍സ്.

ഒന്നും സംഭവിക്കാന്‍ പോകുന്നില്ലാത്ത ഈ രാജ്യത്ത് ആരെങ്കിലും സിദ്ധാന്തവും കെട്ടിപ്പിടിച്ചിരിക്കുമോ?

നചികേതസ്സ് said...

കലക്കി കിരണ്‍ , പിന്നെ സുകുമാരേട്ടന്റെ കമന്റില്‍ നിന്നും...” എന്നാലും സി.പി.എമ്മിലുള്ള പ്രവര്‍ത്തകന്മാരുടെ സാമൂഹ്യപ്രതിബദ്ധത നിമിത്തം ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ അവരാണ്”
ഇത്തരം പ്രവര്‍ത്തകര്‍ നിരവധിയുണ്ട് കേരളത്തില്‍ , യഥാര്‍ത്ഥ സോഷ്യലിസ്റ്റുകളായി ജീവിച്ചു മരിച്ച നിരവധി നേതാക്കന്മാരും.......അവരെയൊന്നും മറന്നുകൊണ്ടാവരുത് .....

സൂര്യോദയം said...

സോഷ്യലിസം എന്ന സമത്വ ഭാവന നല്ലൊരു ഭാവനയാണെങ്കിലും അത്‌ നടപ്പില്‍ വരാന്‍ അല്‍പം ബുദ്ധിമുട്ടാണ്‌.. കാരണം, മനുഷ്യന്‌ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്തോറും അത്‌ കൂടുതല്‍ കൂടുതല്‍ കിട്ടുവാനുള്ള താല്‍പര്യം കൂടും എന്നല്ലാതെ അതില്‍ നിന്ന് അല്‍പം കൊടുത്ത്‌ താഴെനില്‍ക്കുന്നവനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുക എന്നത്‌ ആലോചിക്കുകപോലുമില്ല.

വിരലിലെണ്ണാവുന്ന ജന്മിമാരും ബാക്കിയെല്ലാം അടിയാളന്മാരുമാണെങ്കില്‍ ഈ ആശയം വിജയിക്കും... പക്ഷെ, കാലക്രമേണ മനുഷ്യന്റെ അത്യാഗ്രഹം മൂലം അതെല്ലാം വീണ്ടും പരാജയപ്പെടും...

ഇവിടെ സോഷ്യലിസം ഒറ്റയടിയ്ക്ക്‌ നടപ്പാവുമെന്ന് ഒരു പാര്‍ട്ടിയും കരുതുന്നില്ല, പക്ഷെ, അത്‌ മുന്നില്‍ കണ്ട്‌ അത്യാവശ്യം ചില ഇടപെടലുകളും നിയന്ത്രണങ്ങളും നടത്താന്‍ ശ്രമിക്കുകമാത്രമാണ്‌... ഉദാഹരണത്തിന്‌, സമ്പന്നജനവിഭാഗത്തിനുമാത്രം നേട്ടമുണ്ടാക്കുന്ന നടപടികളോ, തൊഴിലാളിവര്‍ഗ്ഗങ്ങള്‍ക്ക്‌ ഉണ്ടാകുന്ന കോട്ടങ്ങളോ കണ്ടാല്‍ അതില്‍ ഇടപെട്ട്‌ വേണ്ടരീതിയില്‍ കറക്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുക എന്ന് മാത്രം... അതുപോലെ വര്‍ഗ്ഗീയവാദം ഉയരുന്നിടത്ത്‌ അത്‌ തടയിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക്‌ പ്രാമുഖ്യം കൊടുത്തുള്ള കാര്യങ്ങള്‍ ചെയ്യുക... ഇത്തരം ഇടപെടലുകള്‍ നടത്താതെ, താഴെക്കിടയിലെ ജനവിഭാഗങ്ങളെ അവഗണിച്ചുകൊണ്ട്‌ കൂടുതല്‍ മുതലാളിത്തരീതിയിലേയ്ക്ക്‌ കാര്യങ്ങള്‍ പോകുമ്പോള്‍ എതിര്‍പ്പിന്റെ സ്വരം പുറപ്പെടുവിക്കാനോ ആരും തന്നെ ഇല്ലെങ്കിലുള്ള സ്ഥിതി എന്താവും?

സഹജീവികളോടുള്ള സ്നേഹം, ദുരിതവും കഷ്ടതയും അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനം, സാധാരണജനവിഭാഗങ്ങള്‍ക്ക്‌ ദോഷകരമായ കാര്യങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം എന്നിവയൊക്കെ ചെയ്യാന്‍ കഴിഞ്ഞാല്‍ അത്‌ തന്നെയാണ്‌ വലിയ സോഷ്യലിസവും കമ്മ്യൂണിസവും.... അത്‌ ഏത്‌ പാര്‍ട്ടിയായാലും കൊടിയുടെ നിറം ഏതായാലും നേതാക്കള്‍ ആരായാലും...

കിരണ്‍ തോമസ് തോമ്പില്‍ said...

എന്താണ്‌ സോഷ്യലിസം എന്നത്‌ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ അത്‌ സ്വകാര്യ സ്വപ്നങ്ങളില്ലാതെ സമത്വം വിഭാവനം ചെയ്യുന്നു എന്നാണ്‌ എന്റ വിശ്വാസം. ആചാര്യന്മാര്‍ എങ്ങനെയാണ്‌ ഇതിനേ നിര്‍വ്വചിച്ചിരിക്കുന്നതെന്ന് അറിയിലെങ്കിലും ഏതാന്റിങ്ങനെ ഒക്കെയാണ്‌.

ഇങ്ങനെ ഒരു പങ്കുവയ്ക്കല്‍ യാഥാര്‍ത്ഥ്യമാകുമോ? അങ്ങനെ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയുമോ ഇതാണ്‌ കാലകാലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. കമ്യൂണിസ്റ്റ്‌ ബ്ലോക്കില്‍ ഒരു കാലത്ത്‌ ഇങ്ങനെ നടന്നിരുന്നു എന്നാല്‍ കാലക്രമത്തില്‍ അത്‌ ഇല്ലാതായി. സ്വകാര്യ സ്വത്തവകാശം എന്നത്‌ നിഷേധിക്കാന്‍ കഴിയത്ത ഒന്നാണ്‌ എന്ന തിരിച്ചറിവിലേക്ക്‌ ലോക രാഷ്ട്രീയം മാറി.

എന്നാല്‍ സോഷ്യലിസം എന്തുകൊണ്ട്‌ പരാജയപ്പെട്ടു എന്ന് വിലയിരുത്തുമ്പോള്‍ അത്‌ സാമ്രാജിത്ത ഗൂഡാലോചന എന്ന സ്ഥിരം പല്ലവി പറയാമെങ്കിലും സത്യത്തില്‍ പങ്കുവയ്ക്കാനുള്ള മനസ്ഥിതി ഇല്ലാത്ത ഒരു ജനതയുടെ മുകളില്‍ അടിച്ചേല്‍പ്പിച്ചതിനാലാണ്‌ എന്നാണ്‌ എന്റ അഭിപ്രായം. സുകുമാരേട്ടന്‍ പറഞ്ഞതു പോലെ സ്വാര്‍ത്ഥത മനുഷ്യന്റെ കൂടെപ്പിറപ്പാണ്‌. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ സോഷ്യലിസം വരണമെങ്കില്‍ അത്‌ നടപ്പിലാക്കുന്ന സമൂഹം അതുള്‍ക്കൊള്ളാന്‍ തയ്യാറാകണം.

മേല്‍പ്പറഞ്ഞ പ്രകാരം സോഷ്യലിസം നടമാടിയ ഒരു സമൂഹത്തെ ബൈബിളില്‍ കാണാന്‍ കഴിയും. അത്‌ ആദിമ ക്രൈസ്തവ സമൂഹമായിരുന്നു. അവിടെ വിശ്വാസികള്‍ തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ്‌ ശിഷ്യന്മാരേ എല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അവിടെയും ഒരാള്‍ തന്റെ സ്വത്ത്‌ വിറ്റ്‌ പകുതിപ്പണം മാത്രം ശിഷ്യന്മാരേ ഏല്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹത്തോട്‌ ശിഷ്യന്‍ ചോദിച്ചു താങ്കളെന്തിനാണ്‌ ഇങ്ങനെ ഒരു തട്ടിപ്പ്‌ കാണിച്ചത്‌. ഇങ്ങനെ ചെയ്യാന്‍ ആരും താങ്കളേ നിര്‍ബന്ധിച്ചില്ലല്ലോ എന്നു പറഞ്ഞു. ആദിമ ക്രൈസ്തവ സമൂഹത്തെപ്പറ്റി പറയുന്ന ബൈബിള്‍ ഭാഗം വായിക്കുക.

4:32 വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;
4:33 സകലവും അവര്‍ക്കും പൊതുവായിരുന്നു. അപ്പൊസ്തലന്മാര്‍ മഹാശക്തിയോടെ കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവര്‍ക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
4:34 മുട്ടുള്ളവര്‍ ആരും അവരില്‍ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവര്‍ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു
4:35 അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വേക്കും; പിന്നെ ഔരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
4:36 പ്രബോധനപുത്രന്‍ എന്നു അര്‍ത്ഥമുള്ള ബര്‍ന്നബാസ് എന്നു അപ്പൊസ്തലന്മാര്‍ മറുപേര്‍ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
4:37 എന്നൊരു ലേവ്യന്‍ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വെച്ചു.
5:1 എന്നാല്‍ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷന്‍ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.
5:2 ഭാര്യയുടെ അറിവോടെ വിലയില്‍ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്കല്‍ വെച്ചു.
5:3 അപ്പോള്‍ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
5:4 അതു വിലക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
5:5 ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവര്‍ക്കും എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.

ഒരു “ദേശാഭിമാനി” said...

കമ്മൂണിസം, സോഷ്യലിസം, വിപ്ലവം, നവോദ്ധാനം, ഇതൊക്കെ നടപ്പിലായി ജനങ്ങള്‍ക്കു സമത്വം നടപ്പിലാവണമെങ്കില്‍, ലാഭക്കൊതിയന്മാരായ മുതലാളികളുടെ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതാകണം.

എല്ലാ പാര്‍ട്ടികളും വിഭാവന ചെയ്യുന്നതു സമത്വസുന്ദരമായ ഒരു ജനതയെ ആണു. എന്നാല്‍ സ്വകാര്യ മുതലാളിമാരുടെ വന്‍‌കിട വ്യാവസായിക സംരംഭങ്ങള്‍, രാഷ്ട്രിയ ഇടപെടലുകളിലൂടെ, തൊഴിലാളി വര്‍ഗ്ഗത്തെ അവരുടെ അടിമപണിക്കു നിര്‍ബന്ധിതരാകത്തക്ക സാഹചര്യങ്ങള്‍ നിലനിര്‍ത്തികൊണ്ടു പോകാന്‍ എല്ലാ വിധത്തിലും ശ്രമിച്ചുകൊണ്ടിരിക്കും. അവരുടെ തണലില്‍ നേതക്കന്മാര്‍ നാള്‍ക്കുനാള്‍ മുതലാളിമാരാകുകയും ചെയ്യും.വളരെ താഴ്ന്ന നിലയില്‍ നിന്നും രാഷ്ട്രിയത്തില്‍ ഇറങ്ങി കോടി-കോടി-കോടീശ്വരന്മാരായ വന്ദ്യവയോധികരാ‍യ (?)രാഷ്ട്രീയനേതക്കന്മാരെ കാണുന്നില്ലേ!

രാഷ്ട്രീയം എന്നുംതന്നെ വ്യക്തികളിലേക്കു ചുരുങ്ങി പോകുകയാണു. ഉദാഹരണത്തിനു നമ്മുടെ സംസ്ഥാനത്തിനെ പൊതുവായ പ്രശ്നത്തെക്കാള്‍ കൂടുതലായി, ഭരണപക്ഷത്തെ നേതൃത്തത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലും ഉള്ള ചര്‍ച്ചകളാണു നടക്കുന്നതു. ഇതിനു മാധ്യമങ്ങളും കൂടി താളം കൊട്ടുമ്പോള്‍, രാഷ്ട്രീയത്തിന്റെ ഉദ്ദേശശുദ്ധിയൊക്കെ മാറ്റി വച്ചു വ്യക്തിപരമായ പകപോക്കലുകളും മറ്റുമായി തീരും. നമ്മുടെ ചിന്താ രീതിയും, രാഷ്ട്രീയ കാഴ്ചപാടും മാറിയാലെ ശാന്തമായ ഒരു ചുറ്റുപാടില്‍ ജനജീവിതം മുമ്പോടുപോകുകയുള്ളു എന്നാണു എനിക്കു തോന്നുന്നതു. നേതാക്കള്‍ പലപ്പോഴും“ആള്‍ദൈവങ്ങള്‍ക്കു തുല്യരായി” , ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നതും, പലപ്പോഴും മാറ്റങ്ങള്‍ നടപ്പില്‍ വരാന്‍ തടസ്സമാകാറുണ്ടു.

പണ്ടേ പറയുന്നതുപോലെ, പൊതുജനം കഴുതയേപോലെ പ്രതികരണശേഷിയില്ലാതെ - വെറും കഴുതകരച്ചിലുമായി - ചര്‍ച്ചകളും മറ്റുമായി കഴിയാമെന്നല്ലാതെ ഒരു സമത്വവും വരുമെന്നു വെറുതെ പ്രതീക്ഷിക്കണ്ട! ഇതു വരെ ലോകത്തു ഒരിടത്തും ഇതു സംഭവിച്ചിട്ടുമില്ല!

എങ്കിലും പ്രതീക്ഷ കൈവിടരുതല്ലോ! നല്ലതിനു വേണ്ടി പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.

സ്നേഹത്തോടെ,

ദില്‍ബാസുരന്‍ said...

മാരീചന്റെ കമന്റിന് ഒരു സലാം. :)

ജോസഫ് ജോണ്‍ said...

എല്ലാവരും കൂടി മുക്കുപണ്ടത്തിന് മാറ്റ് നോക്കുന്നല്ലോ.
ബലേഭേഷ്...........

Anonymous said...

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോര തന്നെ കിരണിനു കൌതുകം..

ഇതു അവസാനം നാലുകാലേല്‍ അച്ചുമ്മാന്റെ നെഞ്ചത്തേ വീഴൂ എന്നു ഉറപ്പായിരുന്നു.

അതു പോട്ടെ....ഇവിടെ ആരൊക്കെയാ സോഷ്യലിസത്തിനു വേണ്ടി വാദിക്കുന്നെ?

ഒന്നാം പ്രതി ഇന്ത്യന്‍ ഭരണഘടന
രണ്ടാം പ്രതി ആവഡി സോഷ്യലിസ്റ്റുകള്‍
മൂന്നാം പ്രതി ഗാന്ധിയന്‍ സോഷ്യലിസ്റ്റുകള്‍( സാക്ഷാല്‍ ഭാ ജ പാ)
പിന്നെ റവല്യൂഷനറി സോഷ്യലിസ്റ്റുകള്‍..
അതും കഴിഞ്ഞേ വരുന്നുള്ളൂ സിപിഐ, സിപി എം ഒക്കെ
സി പി എം നു ഇപ്പോള്‍ പരിപാടി സോഷ്യലിസം സ്ഥപിക്കല്‍ അല്ല.. ജനകീയ ജനാധിപത്യ വിപ്ലവം നടത്തലാണ് ലക്ഷ്യം. എന്നു വച്ചാല്‍ മുതലാളിത്തം നടപ്പിലാക്കേണ്ടിയിരുന്ന കാര്യങ്ങള്‍ ( ജന്മിത്വം അവസാനിപ്പിക്കല്‍, ഭൂപരിഷ്ക്കരണം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പോരാടല്‍ ...ഇത്യാദി) ചെയ്തു തീര്‍ക്കല്‍..ഇതൊന്നും അറിയാത്തവരല്ലല്ലോ ബൂലോകത്തിലെ മാര്‍ക്സിസ്റ്റ് വിശകലന വിദഗ്ദര്‍

അതു പോകട്ടെ
ഞാനൊന്നു ഞെട്ടി ഇതു വായിച്ചപ്പോള്‍..
തൊളിലാളി അധ്വാനിച്ചുണ്ടാക്കുന്ന ഉപരിമിച്ചമാണ്
ലാഭം എന്ന അറിവ് എന്നെ ഞെട്ടിച്ചു
ആ ഞെട്ടല്‍ മാറിയത് വേറൊരു പുസ്തകം വായിച്ചപ്പോള്‍
ഈയിടെ ഒരു പുസ്തകം പക്തി വായിച്ചപ്പോള്‍ ഒരു മതവിശ്വാസികള്‍ ഒന്നടങ്കം ഞെട്ടി.
എന്തായാലും ഇതൂടെ വായിച്ചു ഒന്നൂടെ ഞെട്ടിക്കൂടെ?
മാര്‍ക്സിസംതന്നെ കാലഹരണപ്പെട്ടുകഴിഞ്ഞു എന്നൊരു വാദം ഇന്ന് ശക്തിയായി ഉയര്‍ന്നുവന്നിരിക്കുന്നു. അതിലൂടെ നശിപ്പിക്കപ്പെടുന്നത്, ഈ ഭൂമിയില്‍ത്തന്നെ ചൂഷണവും അടിച്ചമര്‍ത്തലുമില്ലാത്ത ഒരു ബദല്‍ലോകം സാധ്യമാണെന്ന മനുഷ്യസമൂഹത്തിന്റെ ജീവിതശുഭപ്രതീക്ഷയുടെ യുക്തികള്‍തന്നെയാണ്. അതിലൂടെ ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അടിച്ചമര്‍ത്തലിനും പ്രാന്തീകരണത്തിനും എതിരെ പൊരുതാനുള്ള മനുഷ്യവംശത്തിന്റെ ഇച്ഛാശക്തിയുടെ ആധാരങ്ങള്‍തന്നെയാണ്. ചുരുക്കത്തില്‍ ആ വാദമുഖങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഭൂമിയിലെ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന്റെ അര്‍ഥത്തെത്തന്നെയാണ്. അവര്‍ പറയുംപോലെ മുതലാളിത്തത്തിന്റേതാണ് അന്തിമവിജയമെങ്കില്‍ അതിനര്‍ഥം മനുഷ്യന്റെ വില കമ്പോളം തീരുമാനിക്കുന്ന, അതുകൊണ്ടുതന്നെ അടിമത്തത്തെ ആഴത്തില്‍ വഹിക്കുന്ന ഒരു വ്യവസ്ഥ, പരസ്പരം ചോരകുടിക്കാന്‍ പ്രേരിപ്പിക്കുന്ന, അതുകൊണ്ടുന്നെ പരസ്പരസ്നേഹം അസാധ്യമാക്കുന്ന ഒരു വ്യവസ്ഥ എല്ലാ പ്രതീക്ഷകള്‍ക്കുമൊടുവില്‍ ഒരു ദുരന്തനാടകത്തിന്റെ അന്ത്യത്തിലെത്തുന്നതുപോലെ അരങ്ങു വാഴും എന്നാണ്. അങ്ങനെ നിര്‍വീര്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിതശക്തികളുടെ നിരാലംബതയെ ലക്ഷ്യംവച്ചുകൊണ്ടാണ് പഴയതും പുതിയതുമായ പല വിമോചനമിഥ്യകളും തീവ്രവും മിതവുമായ വാദങ്ങളുടെ രൂപത്തില്‍ ഇന്ന് ഉയരത്തില്‍പറക്കാന്‍ തുടങ്ങുന്നത്. ഇങ്ങനെയൊരവസ്ഥ മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്സിസത്തിന്റെ സാധ്യതകള്‍ക്കുള്ള പ്രസക്തി പണ്ടെന്നത്തേക്കാളും വമ്പിച്ചതാക്കിയിരിക്കുന്നു.

ഇതു തന്നെ സോഷ്യലിസത്തിനും ബാധകമല്ലേ?

എന്തായാലൂം ജോസഫ് ജോണ്‍ കലക്കി..