Friday, May 23, 2008

ഡീക്കനെ വെറുതെ വിടുക.

കേരളത്തിലെ കത്തോലിക്ക ന്യൂനപക്ഷത്തിനെതിരെ എന്ന തലക്കെട്ടില്‍ പോസ്റ്റുകള്‍ എഴുതുന്ന ഡിക്കന്‍ റൂബിന്‍ തോട്ടുമ്പുറത്തിന്റ ബ്ലോഗില്‍ ദയവു ചെയ്ത്‌ കമന്റെഴുതി അദ്ദേഹത്തെ പ്രകോപിപ്പിക്കരുത്‌ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹം എഴുതുന്നവയില്‍ മിക്കതും മറ്റ്‌ പലരും വിവിധ കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ മറ്റ്‌ പലരും എഴുതുന്നവയണ്‌. അത്‌ ബ്ലോഗില്‍ എത്തിക്കുക എന്ന കടമ മാത്രമേ ഡീക്കനുള്ളൂ. എന്നാല്‍ അത്‌ കണ്ട്‌ പ്രകോപിതരായ നമ്മളില്‍ പലരും അവിടെപ്പോയി ക്രിയാത്മക ചര്‍ച്ചക്ക്‌ ചെന്നപ്പോള്‍ ഡിക്കന്‍ പ്രതികരിച്ചത്‌ കണ്ടല്ലോ? അപ്പോള്‍ ദയവായി ഇനി ഇത്തരം ചര്‍ച്ചകള്‍ അവിടെ നടത്തതിരിക്കുക, നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഇവയെപ്പറ്റി ചര്‍ച്ചയാകാം. അന്നയുടെ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ വന്നപ്പോള്‍ ഡിക്കന്‍ തന്നെ അവിടെ ഇടപെട്ടു.

ഡീക്കന്‍ ചെയ്യുന്ന സേവനത്തിന്റ വില നമ്മള്‍ അറിയുന്നില്ല. കേരളത്തിലെ കത്തോലിക്ക സഭ എങ്ങനെ ഒക്കെയാണ്‌ സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നതെന്ന് ഡിക്കന്റ പോസ്റ്റുകളിലൂടെ നമ്മള്‍ക്കറിയാന്‍ സാധിക്കുന്നു. വിവിധ കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ഈ ലേഖനങ്ങള്‍ യൂണിക്കോഡില്‍ ആക്കി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതുകൊണ്ടാണ്‌ ഇങ്ങനെ ഒക്കെയാണ്‌ വിവിധ വിഷങ്ങളില്‍ സഭ പ്രതികരിക്കുന്നതെന്ന് അറിയാന്‍ കഴിയുന്നത്‌. പലിടങ്ങളിലായി നടത്തുന്ന വിവിധ പ്രചരണങ്ങളെ ബ്ലോഗില്‍ എത്തിക്കുന്നതു വഴി വലിയ സേവനമാണ്‌ ഡിക്കന്‍ നടത്തുന്നത്‌. അതുകൊണ്ട്‌ ഈ സേവനങ്ങളെക്കരുതി എങ്കിലും ഡീക്കനെ വെറുതെ വിടുക

Monday, May 19, 2008

ഏകജാലകം നല്ലതിനോ ?

കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത്‌ എന്ത്‌ പരിഷക്കരണം കൊണ്ടുവന്നാലും വിവാദമാകുക സാധരണമാണ്‌. സി.പി. രാമസ്വാമി അയ്യരുടെ കാലം മുതല്‍ ഈ വിവാദങ്ങള്‍ ഉണ്ട്‌. ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രി സഭയുടെ പതനത്തിന്‌ വഴിതെളിച്ചതും വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരം തന്നെ. അത്‌ ഈ കമ്യൂണിസ്റ്റ്‌ മന്ത്രി സഭയേയും പിന്‍തുടരുമോ എന്ന് തോന്നിക്കുന്ന തരത്തിലാണ്‌ വിദ്യാഭ്യാസ പരിഷ്ക്കരണ വിവാദങ്ങളുടെ പോക്ക്‌. പുതിയ വിവാദം ഏകജലക സംവിധാനമാണ്‌. പതിവു പോലെ കത്തോലിക്ക സഭ സര്‍ക്കാരിനെതിരെ പല്ലും നഖവുമെടുത്ത്‌ ഇറങ്ങിക്കഴിഞ്ഞു. എന്നാല്‍ ഒപ്പം ഉള്ളത്‌ NSS മാത്രമെന്നാണ്‌ ഇപ്പോള്‍ കാണുന്നത്‌. ബാക്കിയെല്ലാവരേയും സര്‍ക്കാര്‍ പാട്ടിലാക്കി കഴിഞ്ഞു എന്തിന്‌ ഓര്‍ത്തഡോക്സ്‌ സഭയേപ്പോലും.

കൊട്ടിഘോഷിക്കപ്പെട്ട സ്വയാശ്രയ നിയമം കോടതിയില്‍ ഉടഞ്ഞു വീഴുന്നത്‌ വരെ ഞാനടക്കമുള്ളവര്‍ അതിനേ ശക്തമായി പിന്‍തുണച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഏകജലക പരിഷക്കാരത്തെപ്പറ്റി പെട്ടെന്ന് പിന്‍തുണക്കേണ്ട എന്ന് തീരിമാനിച്ചു. സഭക്ക്‌ പറയാനുള്ളത്‌ മുഴുവന്‍ കേട്ടിട്ടെ ഒരു നിലപാട്‌ എടുക്കൂ എന്ന് ആദ്യമേ തീരുമാനിച്ചു. ഇതാണ്‌ സഭയുടെ വാദഗതികള്‍


ഏകജാലകം: വീണ്ടുമൊരു തുഗ്ലക്‌ പരിഷ്കാരം - ഫാ. ലോറന്‍സ്‌ തൈക്കാട്ടില്‍


കേരള വിദ്യാഭ്യാസ വകുപ്പ്‌ മാര്‍ച്ച്‌ 29-ന്‌ ഇറക്കിയ ഉത്തരവനുസരിച്ച്‌ അടുത്ത അധ്യയനവര്‍ഷത്തില്‍ (2008-09) പ്ലസ്‌ വണ്‍ ക്ലാസുകളിലേക്ക്‌ ഏകജാലക സംവിധാനത്തിലൂടെയാണു വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കുക. ഈ പുതിയ സംവിധാനം പ്ലസ്‌ വണ്‍ പ്രവേശനമാകെ പ്രശ്നകലുഷിതമാക്കുമെന്ന്‌ ആദ്യമേ പറയട്ടെ.ഏകജാലക സംവിധാനംപ്ലസ്‌ വണ്‍ പ്രവേശനത്തിനു നിലവിലുള്ള രീതി മാറ്റി ഓരോ ജില്ലയ്ക്കും പൊതുവായ മെരിറ്റ്‌ ലിസ്റ്റ്‌ തയാറാക്കി പ്രവേശനം നിശ്ചയിക്കുന്ന അശാസ്ത്രീയമായ പ്രവേശന സമ്പ്രദായമാണ്‌ ഏകജാലക സംവിധാനം.ഏകജാലക സംവിധാനത്തെക്കുറിച്ചു പ്രതിപാദിക്കുന്നതിനു മുമ്പ്‌ നിലവിലുള്ള പ്രവേശന സമ്പ്രദായത്തെക്കുറിച്ച്‌ അറിയുന്നത്‌ നല്ലതാണ്‌.
+1 നിലവിലുള്ള സമ്പ്രദായം
ഓരോ സ്കൂളും പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിക്കുന്നു. മാനേജ്മെന്റ്‌ ക്വാട്ടയിലേക്കുള്ള അപേക്ഷയും അതാതു സ്കൂളിലേക്കാണു നല്‍കേണ്ടത്‌. അതാതു സ്കൂളുകള്‍ തയാറാക്കുന്ന മാനേജ്മെന്റ്‌ ക്വാട്ട അപക്ഷാഫോറത്തില്‍ അതാതു മാനേജ്മെന്റിന്റെ ഹിതാനുസരണമുള്ള കാര്യങ്ങളാണു ചോദിക്കുന്നത്‌. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷാവകാശമാണ്‌ (ഭരണഘടന 30:1). ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ മാനേജ്മെന്റിന്‌ അനുവാദം നല്‍കുന്നത്‌.
സീറ്റു വിഭജനം - നിലവിലുള്ള സമ്പ്രദായം
പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ നിലവിലുള്ള സമ്പ്രദായത്തില്‍ ന്യൂനതകളും ക്രമക്കേടുകളുമുണെ്ടന്ന പ്രചാരണമാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ ഏകജാലക സംവിധാനം കൊണ്ടുവരുന്നതിന്‌ ഉപയോഗിക്കുന്ന ഉമ്മാക്കി. ക്രമക്കേടുണെ്ടങ്കില്‍ അതു കണ്ടുപിടിക്കാനുള്ള പ്രത്യേക സ്ക്വാഡ്‌ സര്‍ക്കാരിനുണെ്ടന്ന സത്യം എന്തുകൊണ്ടു മറച്ചുവയ്ക്കുന്നു. സാധാരണരീതിയില്‍ പ്രവേശനം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ മെരിറ്റ്‌ ലിസ്റ്റും അഡ്മിഷന്‍ രജിസ്റ്ററിന്റെ ഒരു കോപ്പിയും ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആര്‍.ഡി.ഡി.ക്ക്‌ അയച്ചുകൊടുക്കുന്നുണ്ട്‌. ഇത്ര സുതാര്യമാണ്‌ നമ്മുടെ പ്ലസ്‌ വണ്‍ പ്രവേശനം.
പുതിയ ഏകജാലക സംവിധാനം
പ്രവേശനപരീക്ഷയില്‍ നേടുന്ന റാങ്കിന്റെ അടിസ്ഥാനത്തില്‍ കോളജും സീറ്റും അലോട്ട്‌ ചെയ്ത്‌ പ്രവേശനം നല്‍കുന്ന മെഡിക്കല്‍/ എന്‍ജിനീയറിംഗ്‌ അഡ്മിഷന്റെ മോഡലില്‍ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ സ്വീകരിച്ചിട്ടുള്ള രീതിയാണ്‌ ഏകജാലക സംവിധാനം. പ്രവേശന പരീക്ഷയ്ക്കുപകരം എസ്‌.എസ്‌.എല്‍.സി.ക്കു വിവിധ വിഷയങ്ങള്‍ക്കു ലഭിക്കുന്ന ഗ്രേഡിന്റെയും കുട്ടി ആവശ്യപ്പെടുന്ന പ്രധാന വിഷയത്തിന്റെ (സയന്‍സ്‌, കൊമേഴ്സ്‌, ഹ്യൂമാനിറ്റീസ്‌) കോമ്പിനേഷനിലുള്ള വിഷയങ്ങള്‍ക്കു ലഭിച്ച ഗ്രേഡിന്റെ പോയിന്റും ബോണസ്‌ പോയിന്റുണെ്ടങ്കില്‍ അതും ചേര്‍ത്ത്‌ കണെ്ടത്തുന്ന വെയ്റ്റേജ്‌ ഗ്രേഡ്‌ പോയിന്റ്‌ ആവറേജിന്റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലും റാങ്ക്‌ ലിസ്റ്റ്‌ തയാറാക്കുന്നു. അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഓപ്ഷനും വെയ്റ്റേജ്‌ ഗ്രേഡ്‌ പോയിന്റ്‌ ആവറേജിന്റെയും അടിസ്ഥാനമാക്കി കോഴ്സിന്റെ പ്രധാന വിഷയവും സ്കൂളും തീരുമാനിക്കുന്നു. ആ വിവരം ഇന്റര്‍നെറ്റില്‍നിന്നും അറിയാം. ജില്ലയിലെ ഓരോ സ്കൂളുകളിലേക്കും അവിടെ പ്രവേശനം നല്‍കേണ്ട കുട്ടികളുടെ ലിസ്റ്റ്‌ അയച്ചുകൊടുക്കും. എന്നാല്‍, ജില്ലയുടെ മൊത്തമുള്ള ലിസ്റ്റ്‌ പ്രസിദ്ധപ്പെടുത്തുകയില്ല. (അനുവാചകം: വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കംപ്യൂട്ടര്‍ വന്നപ്പോള്‍ സാധാരണക്കാരന്റെ തൊഴില്‍പോകുമെന്നു പറഞ്ഞ്‌ കംപ്യൂട്ടര്‍ തല്ലിപ്പൊളിച്ച സാധാരണക്കാരന്റെ സര്‍ക്കാരിന്റെ വളര്‍ച്ച.)
ഏകജാലകത്തിലെ അപകടങ്ങള്
‍താത്വികമായും പ്രായോഗികമായും വിദ്യാര്‍ഥിയുടെയും മാതാപിതാക്കളുടെയും അവകാശാധികാരങ്ങളെ കാറ്റില്‍പ്പറത്തുന്ന ഭീകരമായ വിദ്യാഭ്യാസ അപചയ തളര്‍ച്ചയിലേക്കു കേരളത്തെ നയിക്കുന്ന നിയമമാണിത്‌. ഈ നിയമത്തിന്റെ അന്ധകാരാംശങ്ങളിലേക്ക്‌ പരിചിന്തനം നടത്തുന്നതിനു മുമ്പ്‌ കഴിഞ്ഞവര്‍ഷം പരീക്ഷണാര്‍ഥം ഈ സമ്പ്രദായം നടപ്പിലാക്കിയ തിരുവനന്തപുരം ജില്ലയിലുണ്ടായ അനുഭവങ്ങളെക്കുറിച്ചു പറയാം.
ഏകജാലക സംവിധാനം തിരുവനന്തപുരത്ത്‌
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കേരളത്തില്‍ പൊതുവില്‍ ജൂണ്‍ 23-ന്‌ പ്ലസ്‌ വണ്‍ക്ലാസുകള്‍ തുടങ്ങി. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ പ്ലസ്‌ വണ്‍ പ്രവേശനം പൂര്‍ത്തിയാക്കി ശരിയായ രീതിയില്‍ പ്ലസ്‌ വണ്‍ ക്ലാസുകള്‍ തുടങ്ങിയത്‌ നവംബര്‍മാസത്തിലാണ്‌. നഷ്ടപ്പെട്ട അധ്യയനദിവസങ്ങള്‍ക്ക്‌ ആരാണുത്തരവാദി?
(അകംപൊരുള്‍ 1: കഴിഞ്ഞ അധ്യയനവര്‍ഷം 200 പ്രവൃത്തിദിനങ്ങളുണ്ടാകണമെന്നു വാശിപിടിച്ചയാളാണ്‌ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി.
അകംപൊരുള്‍ 2: പ്ലസ്‌ വണ്‍ വിദ്യാഭ്യാസം തലസ്ഥാന നഗരിയില്‍ ഉപകാരപ്രദമായിട്ടില്ലെന്നറിഞ്ഞതുകൊണ്ടാണ്‌ പ്ലസ്‌ വണ്‍ പരീക്ഷകള്‍ മധ്യവേനലവധിക്കു ശേഷമാകാമെന്നു മന്ത്രി തിരുമനസായത്‌.)
ഏക ജാലകസമ്പ്രദായത്തില്‍ തിരുവനന്തപുരത്തെ പല ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പ്രവേശനം ലഭിച്ചവരില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ്‌ അവസാനം വരെയുണ്ടായത്‌. ഈ അനിശ്ചിതാവസ്ഥയ്ക്ക്‌ ആരാണുത്തരവാദി?ഈ സമ്പ്രദായം അനുവര്‍ത്തിച്ച തിരുവനന്തപുരം ജില്ലയില്‍ മൂന്നു പ്രാവശ്യത്തിലധികം വിദ്യാലയങ്ങള്‍ മാറേണ്ടിവന്ന വിദ്യാര്‍ഥികളുണ്ട്‌. ഈ അസ്വസ്ഥതകളുടെ (യൂണിഫോം, പാഠപുസ്തകം എന്നിവയുടെ ചെലവ്‌) ഉത്തരവാദിത്വം വിദ്യാഭ്യാസവകുപ്പ്‌ ഏറ്റെടുക്കുമോ?തിരുവനന്തപുരം ജില്ലയില്‍ 2007-2008-ല്‍ 20 ശതമാനം വരെ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ആര്‌ ഇതിന്‌ ഉത്തരവാദിത്വം പറയും? (സര്‍ക്കാര്‍ സ്കൂളുകളിലെ സ്ഥിതി ഇതിനേക്കാള്‍ മോശമാണെന്ന കാര്യം വിസ്മരിക്കുന്നില്ല.)
2008-09 ല്‍ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകജാലക സംവിധാനം താഴെപ്പറയുന്ന വിധത്തിലെല്ലാം അംഗീകരിക്കാ നാവുന്നതല്ല:
1 ഇന്ത്യന്‍ ഭരണഘടന കാത്തുസംരക്ഷിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്‌ ഈ നിയമം.
2 ഈ പുതിയ ഉത്തരവുപ്രകാരം വിദ്യാഭ്യാസവകുപ്പ്‌ രണ്ടുതരം അപേക്ഷാഫോമുകളാണ്‌ തരുന്നത്‌. ഒന്ന്‌ മെരിറ്റ്‌ സീറ്റിലേക്കും മറ്റൊന്നു മാനേജ്മെന്റ്‌ സീറ്റിലേക്കും. നിരീശ്വര തത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാരിനെങ്ങനെ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കുള്ള മാനേജ്മെന്റ്‌ ക്വാട്ട ഫോമുകള്‍ തയാറാക്കാന്‍ സാധിക്കുമെന്നു മനസിലാകുന്നില്ല. ഓരോ സ്വകാര്യമാനേജ്മെന്റിനും സ്വന്തമായ താത്പര്യങ്ങളുണ്ടാകുമല്ലോ.
3 പുതിയ സമ്പ്രദായമനുസരിച്ച്‌ 10 അംഗങ്ങളുള്ള (6 കംപ്യൂട്ടര്‍ അധ്യപകര്‍, 3 ക്ലാര്‍ക്കുമാര്‍, 1 കണ്‍വീനര്‍) കമ്മിറ്റിയാണ്‌ അപേക്ഷോഫോമുകള്‍ വെബ്സൈറ്റിലേക്ക്‌ അപ്ലോഡ്‌ ചെയ്യുന്നത്‌. അതിനുശേഷമാണ്‌ സീറ്റുകള്‍ അലോട്ട്‌ ചെയ്യുന്നത്‌. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത്‌ ഏഴ്‌ അലോട്ട്മെന്റുകള്‍ക്കുശേഷം സീറ്റുലഭിച്ച ധാരാളം കുട്ടികളുണ്ട്‌. ഇത്തരം അലോട്ട്മെന്റുകള്‍ യഥാര്‍ഥത്തില്‍ നീതിപൂര്‍വമാകില്ല എന്നുള്ള മുന്നറിയിപ്പാണു കഴിഞ്ഞവര്‍ഷത്തേത്‌.
4 പുതിയ സമ്പ്രദായത്തിന്റെ അപേക്ഷാഫോറം 40 പേജുണെ്ടന്നാണു പറയുന്നത്‌. ഇതില്‍ അപേക്ഷാര്‍ഥികള്‍ സ്കൂളിന്റെ കോഡും വിഷയങ്ങളുടെ കോഡും നല്‍കണം. ഇത്തരം ഒത്താശകള്‍ വിദ്യാര്‍ഥി ലോകത്തെയും ഒപ്പം മാതാപിതാക്കളെയും കടുത്ത ആശയ പ്രതിസന്ധിയിലാക്കുമെന്നതു തീര്‍ച്ചയാണ്‌.
5 പുതിയ ക്രമമനുസരിച്ച്‌ ഓരോ ജില്ലയ്ക്കും ഓരോ കോഓര്‍ഡിനേറ്റര്‍മാരുണ്ട്‌. ഇവര്‍ നിര്‍ദേശിക്കുന്നതനുസരിച്ച്‌ ഓരോ ബാച്ചിലും ഇപ്പോഴുള്ള 50 സീറ്റുകള്‍ക്ക്‌ പകരം 60 സീറ്റുകള്‍ വേണമെന്നാണ്‌. പുതിയതായി കൂട്ടുന്ന 10 സീറ്റുകള്‍ പൂര്‍ണമായും മെരിറ്റ്‌ അടിസ്ഥാനത്തിലാകണമെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്‌. വൈരുധ്യാത്മകതയിലൂന്നിയ നീതിബോധമാണ്‌ ഇത്‌ എന്നു പറയാം. 50- ല്‍നിന്ന്‌ 60-ലേക്ക്‌ മാറ്റുന്നത്‌ സര്‍ക്കാരിന്റെതന്നെ നയങ്ങളുടെ വൈരുധ്യാത്മകത ഒരിക്കല്‍ക്കൂടി വെളിച്ചത്താക്കുന്നതാണ്‌. പുതിയ കെ.ഇ.എ.ആര്‍. 2008-ല്‍ ഓരോ ഡിവിഷനും 40 കുട്ടികള്‍ മതിയെന്ന്‌ നിഷ്കര്‍ഷിക്കുന്നവര്‍തന്നെയാണ്‌ പ്ലസ്‌ വണ്ണിന്‌ 50 കുട്ടികള്‍ വേണമെന്നു ശഠിക്കുന്നത്‌.
6 ഒരു കുട്ടിക്ക്‌ തനിക്ക്‌ ഇഷ്ടപ്പെട്ട വിഷയം ലഭിച്ചില്ലെങ്കില്‍ പ്രവേശനപ്രക്രിയ അവസാനിക്കുന്നതുവരെ അതിനായി കാത്തിരിക്കേണ്ടിവരും.
7 കുട്ടിക്ക്‌ എത്ര ഉന്നതമായ ഗ്രേഡ്‌ കിട്ടിയാലും തനിക്ക്‌ ഇഷ്ടപ്പെട്ട സ്കൂളിലോ വിഷയമോ പഠിക്കാനാകുമോ എന്നു പറയാനൊക്കില്ല. കുട്ടിയുടെ സാമൂദായിക-മതപരമായ കാഴ്ചപ്പാടില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും അവനെ /അവളെ സര്‍ക്കാരിന്റെ പൊതുസ്വത്താക്കുക എന്ന സാക്ഷാല്‍ ലെനിനിസ്റ്റ്‌ - ഫാസിസ്റ്റ്‌ തന്ത്രമാണിത്‌.
8 ഒരു കുട്ടി തനിക്കു ലഭിക്കുന്ന ആദ്യ അലോട്ട്മെന്റില്‍ത്തന്നെ അഡ്മിഷനെടുക്കണം. പിന്നീടു തനിക്ക്‌ ഇഷ്ടപ്പെട്ട സ്ഥലത്തു കിട്ടുമ്പോള്‍ അവിടേക്കു പോകാം. പുറമേക്കു നന്നായി തോന്നാമെങ്കിലും ആട്ടിന്‍കൂട്ടത്തില്‍ ചെമ്മരിയാടിന്‍ തോലിട്ട്‌ ക്രൂരതയോടെ ചെമ്മരിയാടിന്റെ രക്തംകുടിക്കുന്ന രക്തദാഹിയായ ചെന്നയയാണ്‌ ഇതെന്നു നാം തിരിച്ചറിയണം. കാരണം, കുട്ടി സാമ്പത്തികമായും മാനസികമായും ചോരയൂറ്റപ്പെടുകയാണിവിടെ.
9 ഒന്നാമത്തെ സ്കൂള്‍ തുടങ്ങി കുട്ടി മാറുന്ന എല്ലാ സ്കൂളുകളുടെയും യൂണിഫോമും ടെക്സ്റ്റ്‌ പുസ്തകങ്ങളും വാങ്ങിച്ച്‌ സാമ്പത്തികമായി കുട്ടിയുടെയും കുടുംബത്തിന്റെയും നട്ടെല്ലു തകര്‍ത്ത്‌ ആനന്ദനൃത്തമാടുന്ന ക്രൂരതയാണിത്‌. പാവങ്ങളുടെ പക്ഷം ചേരുന്ന സര്‍ക്കാരിന്റെ ദരിദ്രസ്നേഹം.
10 ഈ സമ്പ്രദായം കേരളമൊട്ടാകെ നടപ്പിലാക്കാന്‍ ഏകദേശം മൂന്നുകോടി രൂപ ചെലവുവരും. പാവപ്പെട്ടവന്റെ നികുതിപ്പണത്തില്‍നിന്നും ഇത്തരം ദുര്‍വ്യയത്തിനുള്ള അനുമതി ആരാണു നല്‍കിയത്‌?
11 സ്വന്തം വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ നന്നായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളിലേക്കു വിന്യസിച്ച്‌ അവിടെ തങ്ങളുടെ പിണിയാളുകളെ കുത്തിനിറയ്ക്കാനുള്ള സംവിധാനമാണ്‌ ഏകജാലക സംവിധാനമെന്നു സംശയിക്കുന്നു.കാലാനുസൃതമായ മാറ്റങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും വ്യക്തികള്‍ക്കും ഉപയോഗപ്രദമാണെങ്കില്‍ സ്വീകരിക്കാന്‍ മനസ്സില്ലാത്തവരല്ല കേരളത്തിലെ പ്രബുദ്ധരായ ജനം. ചരിത്രം അതിനു സാക്ഷ്യംപറയുന്നുണ്ട്‌. എന്നാല്‍, പുതിയ ഏകജാലകസംവിധാനത്തില്‍ അനിശ്ചിതത്വവും കഷ്ടപ്പാടും സാമ്പത്തിക നഷ്ടവുമല്ലാതെ മറ്റൊന്നും കാണാനാകുന്നില്ല. വിദ്യാലയം ദേവാലയമായി കാണുന്ന, അധ്യാപകരെ ദൈവങ്ങളായി കാണുന്ന നമ്മുടെ നാട്ടില്‍ ഋഷിവര്യന്മാരുടെ പ്രാര്‍ഥനമാറ്റി 'വെളിച്ചം ദുഃഖമാണുണ്ണീ' എന്നു പഠിപ്പിക്കുന്ന രീതിയിലേക്കു ഭാവിവാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെ പന്താടുന്ന പരീക്ഷണങ്ങള്‍ നിറുത്താന്‍ സര്‍ക്കാര്‍ തയാറാകണം.
(ഡയറക്ടര്‍, ദൈവശാസ്ത്ര വിദ്യാപീഠം തൃശൂര്‍)ഇത്‌ വായിച്ച്‌ കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ പന്തികേട്‌. ആകെ മൊത്തം കണ്‍ഫ്യൂഷന്‍. നിരീശ്വരവാദ തത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ എന്ന പ്രയോഗമൊക്കെ മൊത്തത്തില്‍ ഒരു വല്ലായ്മ തോന്നിക്കുന്നു. എന്നാല്‍ ഈ പറയുന്നവയി എന്തെങ്കിലും കാര്യമുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്‌ എന്നതാണ്‌ എന്റ പക്ഷം. നിയമപരമായി ഇത്‌ നിലനില്‍ക്കില്ല എന്നാണ്‌ സഭ പറയുന്നത്‌ എന്താണ്‌ ഇതിന്റ യഥാര്‍ത്ഥ്യം. ഇതേപ്പറ്റി അന്വേഷിച്ച്‌ ചെന്നപ്പോഴാണ്‌ ഹയര്‍ സക്കന്ററി ഡയറക്ടരുടെ വിശദീകരണക്കുറിപ്പ്‌ കണ്ടത്‌ അതിങ്ങനെ
ഏകജാലകം: സത്യവും മിഥ്യയും വി. കാര്‍ത്തികേയന്‍നായര്‍


കഴിഞ്ഞ അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഏകജാലക പ്രവേശനരീതി ഈ വര്‍ഷം കേരളമാകെ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. അതില്‍ ശക്തിയായി പ്രതിഷേധിച്ച് ചില മാനേജ്മെന്റുകളും, മതസാമുദായിക നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. പ്രതിഷേധക്കാരെക്കാള്‍ വളരെക്കൂടുതലാണ് അനുകൂലിക്കുന്നവര്‍ എന്നതാണ് വാസ്തവം. തിരുവനന്തപുരത്തെ അനുഭവത്തില്‍നിന്നു മനസ്സിലാകുന്നത് ഇത് ഭൂരിപക്ഷത്തിനും ഗുണകരമാണെന്നാണ്.

ഇതിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്: വീട്ടില്‍നിന്ന് അകലെ കുട്ടികള്‍ പ്രവേശനംകിട്ടി പോകാന്‍ നിര്‍ബന്ധിതരാകുന്നു, പഠിച്ച സ്കൂളില്‍തന്നെ തുടര്‍പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നു, മുന്‍ഗണനാക്രമമനുസരിച്ച് കുട്ടികള്‍ മാറിപ്പോകുന്നതിനാല്‍ അക്കാദമികമായ പ്രയാസങ്ങളുണ്ടാകുന്നു, പ്രവേശനം അനന്തമായി നീളുന്നു, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥി പ്രവേശനം മാനേജര്‍മാരുടെ അവകാശമാണ്്.

എന്താണ് ഏകജാലകം?
ഏകജാലകപ്രവേശനം എന്ന പദപ്രയോഗം തെറ്റിദ്ധാരണക്കിടയാക്കിയിട്ടുണ്ട് എന്നുതോന്നുന്നു. വാസ്തവത്തില്‍ ഇതിന്റെ പേര് കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് എന്നാണ്. ഇതിന് തയാറാക്കിയ പ്രോജക്ടിന്റെ പേര് ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോഗ്രാം (എച്ച്.എസ്.സി.എ.പി) എന്നാണ്. പ്രൊഫഷനല്‍ കോഴ്സുകളിലേക്ക് എന്‍ട്രന്‍സ് പരീക്ഷാകമീഷണര്‍ കേന്ദ്രീകൃത അലോട്ട്മെന്റ് നടത്തുന്നതുപോലെ ഹയര്‍ സെക്കന്‍ഡറി പ്രവേശനവും കേന്ദ്രീകൃതമായി നടത്തുന്നുവെന്നേയുള്ളൂ. ജില്ല കേന്ദ്രീകരിച്ചാണ് പ്രവേശന അലോട്ട്മെന്റ് നടത്തുന്നത്. വിദ്യാര്‍ഥി ഒരു ജില്ലയില്‍ ഒരു അപേക്ഷ കൊടുത്താല്‍ മതി. അറുപത് സ്കൂളോ ബാച്ചോ മുന്‍ഗണനാക്രമമനുസരിച്ച് രേഖപ്പെടുത്താന്‍ അപേക്ഷാഫോറത്തില്‍ വ്യവസ്ഥയുണ്ട്. ഒരു അപേക്ഷക്ക് പത്തുരൂപയാണ് വില. കുട്ടിയുടെ അപേക്ഷ കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ പരിശോധിച്ച് അര്‍ഹതപ്പട്ടിക പ്രസിദ്ധീകരിക്കുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യമായ സമയം നല്‍കുന്നു.

തിരുത്തു വരുത്തിയശേഷം സ്കൂള്‍ തിരിച്ച് പ്രവേശനപ്പട്ടിക പ്രസിദ്ധീകരിക്കുന്നു. അതോടൊപ്പം ഓരോ കുട്ടിയുടെയും പ്രവേശനസാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കുന്നു. അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഓരോരുത്തര്‍ക്കും എവിടെ എപ്പോള്‍ പ്രവേശനം കിട്ടുമെന്ന് വെബ്സൈറ്റിലൂടെ അറിയാനും പറ്റുന്നു. ഇത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും സൌകര്യപ്രദമാണ്; സുതാര്യമാണ്.

മുന്‍ഗണനാക്രമമനുസരിച്ച് ഇഷ്ടപ്പെട്ട സ്കൂള്‍ കിട്ടുന്നതുവരെ വിദ്യാര്‍ഥിക്ക് സ്കൂള്‍ മാറാന്‍ അവസരമുണ്ട്.

അന്തിമമായി പ്രവേശനം തീരുമാനിക്കുന്ന സമയത്ത് സ്കൂളില്‍ ഫീസടച്ചാല്‍ മതി. ഒരിക്കല്‍ ഫീസടച്ചശേഷം മുന്‍ഗണനാക്രമമനുസരിച്ച് സ്കൂള്‍ മാറുകയാണെങ്കില്‍ പുതിയ സ്കൂളില്‍ ഫീസടക്കേണ്ടതില്ല. മുമ്പ് അടച്ച ഫീസ് വകവെച്ചുകൊടുക്കും. പ്രവേശനം അവസാനിക്കുന്ന സമയത്ത് ഏതെങ്കിലും സ്കൂളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ അവ നികത്തുന്നതിനും ഈ സമ്പ്രദായം അവസരമൊരുക്കുന്നു. പ്രവേശനം ലഭിക്കാത്തവരുടെ നീണ്ടനിര നില്‍ക്കുമ്പോള്‍ മറ്റു ചില സ്ഥലങ്ങളില്‍ ധാരാളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന നിലവിലെ സ്ഥിതിക്ക് പരിഹാരം കാണാന്‍ ഏകജാലക രീതിയിലൂടെ കഴിയുന്നു.

കഴിഞ്ഞ അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ ഏകജാലകപ്രവേശനരീതി വിജയകരമായിരുന്നു. അതിനുമുന്നോടിയായി അധ്യാപകസംഘടനാ പ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്ക് അനുവദിച്ച കമ്യൂണിറ്റി^മാനേജ്മെന്റ് സീറ്റുകള്‍ നികത്താന്‍ അവര്‍ക്കുതന്നെ അധികാരമുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത സീറ്റുകളിലേക്ക് പട്ടികതയാറാക്കുമ്പോള്‍ മാനദണ്ഡം വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എങ്കിലും അത്തരമൊരു പരിശോധന സര്‍ക്കാര്‍ നടത്തിയില്ല.

തിരുവനന്തപുരം ജില്ലയിലെ 177സര്‍ക്കാര്‍^എയ്ഡഡ് സ്കൂളുകളിലെ 23000ല്‍ പരം സീറ്റുകളിലേക്കാണ് കേന്ദ്രീകൃത പ്രവേശനം നടത്തിയത്. ആദ്യ രണ്ട് അലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 80 ശതമാനം സീറ്റുകളും നികത്തപ്പെട്ടിരുന്നു. 'സേ' പരീക്ഷാ വിജയികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കി. ഒഴിഞ്ഞുകിടന്ന പട്ടികജാതി ^വര്‍ഗ സീറ്റുകളിലേക്ക് പ്രത്യേകം അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്സ് ക്വാട്ടയില്‍ ഒഴിവുണ്ടായിരുന്ന സീറ്റുകളും പൊതുസീറ്റാക്കിമാറ്റി. അങ്ങനെ അവസാനഘട്ടം അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭിക്കുന്ന സ്ഥിതിവന്നു.

എങ്കിലും ചില തെറ്റുകള്‍ പറയേണ്ടതുണ്ട്. അത് കുട്ടികള്‍ അപേക്ഷ പൂരിപ്പിച്ചപ്പോള്‍ തെറ്റുസംഭവിച്ചതുകൊണ്ടുണ്ടായതാണ്. അപേക്ഷയില്‍ സ്കൂളിലെ പേരിനൊപ്പം കോഡ് നമ്പറും എഴുതണമെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ശ്രദ്ധക്കുറവുമൂലം കോഡ്നമ്പര്‍ എഴുതിയപ്പോള്‍ തെറ്റുപറ്റി. ഉദാഹരണത്തിന് നെയ്യാറ്റിന്‍കര താലൂക്കിലെ കുളത്തൂര്‍സ്കൂളില്‍ അപേക്ഷകൊടുത്ത കുട്ടിക്ക് തിരുവനന്തപുരം താലൂക്കിലെ അതേപേരുള്ള സ്കൂളിലാണ് പ്രവേശനം കിട്ടിയത്. നമ്പര്‍ എഴുതിയതിലെ തെറ്റാണ്. കൂടുതല്‍ ശ്രദ്ധചെലുത്തിയാല്‍ തെറ്റൊഴിവാക്കാവുന്നതേയുള്ളൂ.

ആക്ഷേപത്തില്‍ കഴമ്പുണ്ടോ?
മറ്റു രംഗങ്ങളിലെന്നപോലെ ഹയര്‍സെക്കന്‍ഡറിയിലും മൂന്നുതരം സ്കൂളുകളാണുള്ളത്^ സര്‍ക്കാര്‍, എയ്ഡഡ്്, അണ്‍എയ്ഡഡ്. അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി^മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനത്തിലും സര്‍ക്കാര്‍ ഇടപെടുകയില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ അവശേഷിക്കുന്ന സീറ്റുകളിലേക്കും സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും സാമുദായിക സംവരണതത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രവേശനം മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത്തരത്തില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അവകാശമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്നത് സംസ്ഥാന ഖജനാവില്‍ നിന്നാണ്. അവരെ നിയമിക്കുന്നത് മാനേജര്‍മാരും. ശമ്പളത്തിന് പുറമെ വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള കാശും സര്‍ക്കാറില്‍നിന്ന് മാനേജര്‍മാര്‍ പറ്റുന്നുണ്ട്. ഇക്കാരണങ്ങളാലാണ് വിദ്യാര്‍ഥിപ്രവേശനത്തില്‍ യോഗ്യതയും അര്‍ഹതയും അനുസരിച്ച് പ്രവേശനം നടത്താന്‍ സര്‍ക്കാറിന് അധികാരം സിദ്ധിക്കുന്നത്. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സര്‍ക്കാര്‍ ഇടപെടാത്തതിന്റെ കാരണവും അതുതന്നെ.

മാനേജര്‍മാര്‍ക്ക് കുറെ സീറ്റുകള്‍ സംവരണം ചെയ്തുകിട്ടിയതിന് ചരിത്രപരമായ ചില സാഹചര്യങ്ങളുണ്ട്. പിന്നാക്ക^ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന സ്കൂളുകളാണെങ്കില്‍ 20 ശതമാനം കമ്യൂണിറ്റി സീറ്റും 20 ശതമാനം മാനേജ്മെന്റുമാണ്. ആ പദവി ഇല്ലാത്ത മാനേജര്‍മാര്‍ നടത്തുന്ന സ്കൂളുകളില്‍ 10 ശതമാനം കമ്യൂണിറ്റി സീറ്റും 20 ശതമാനം മാനേജ്മെന്റ് സീറ്റുമാണ്.

ഈ അനുപാതത്തിലുള്ള വീതംവെപ്പ് ഉണ്ടായത് 1996ല്‍ പ്രീഡിഗ്രി കോളജുകളില്‍നിന്നു വേര്‍പ്പെടുത്തിയതോടെയാണ്. കോളജുകളില്‍നിന്നു പ്രീഡിഗ്രികോഴ്സ്് സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റിയത് ദേശീയ വിദ്യാഭ്യാസനയമനുസരിച്ചാണ്. എയ്ഡഡ് കോളജുകളില്‍ നിലനിന്നിരുന്ന പ്രിഡിഗ്രി ബാച്ചുകള്‍ക്ക് തത്തുല്യമായി ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അതേ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. അങ്ങനെ ബാച്ചുകള്‍ അനുവദിച്ചശേഷവും കോളജുകളില്‍ അധ്യാപകന്‍ അധികം വന്നെങ്കില്‍ അവരെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ മാറ്റി നിയമിച്ചു. അത്തരത്തിലുള്ള വളരെയധികം അധ്യാപകര്‍ ഇപ്പോഴും സര്‍ക്കാര്‍ സ്കൂളുകളില്‍ തുടരുന്നു.

മാനേജ്മെന്റ്^കമ്യൂണിറ്റി സീറ്റുള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നത് പ്രിന്‍സിപ്പല്‍മാരാണ്. സര്‍ക്കാറിന്റെ പ്രതിനിധിയാണ് പ്രിന്‍സിപ്പല്‍. ഏതുസീറ്റിലേക്കായാലും പ്രവേശനത്തില്‍ ക്രമക്കേടുണ്ടായാല്‍ അച്ചടക്കനടപടിക്ക് വിധേയരാവുന്നത് പ്രിന്‍സിപ്പല്‍മാരാണ്. 2006^07 അധ്യയനവര്‍ഷം തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളില്‍ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയ ഒരു വിദ്യാര്‍ഥി എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റയാളാണെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. മാനേജറുടെ ശിപാര്‍ശപ്രകാരം പ്രിന്‍സിപ്പലാണ് പ്രവേശനം നല്‍കിയത്. ക്രമക്കേട് കണ്ടെത്തിയതിനാല്‍ പ്രിന്‍സിപ്പലിനെ സസ്പെന്റുചെയ്തു. അഡ്മിഷന്‍ കമ്മിറ്റിയിലെ അധ്യാപകരോട് വിശദീകരണം ചോദിച്ചു. ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നാണോ? മാനേജ്മെന്റ് സീറ്റായാല്‍ തോറ്റ കുട്ടിക്കും പ്രവേശനം കൊടുക്കാമെന്നാണോ? എല്ലാവരും തെറ്റുചെയ്യുന്നുവെന്ന് അര്‍ഥമില്ല. തെറ്റുചെയ്താല്‍ നടപടി എടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടോ എന്ന് മാത്രമേ ചോദിക്കുന്നുള്ളൂ.

ചില മാനേജര്‍മാര്‍ എയ്ഡഡ് ബാച്ചുകള്‍ക്കൊപ്പം അണ്‍എയ്ഡഡ് ബാച്ചുകള്‍ നടത്തുകയും എയ്ഡഡ് അധ്യാപകരെ കൊണ്ട് പഠിപ്പിക്കുകയും ചെയ്യുന്നു.

മുമ്പൊരിക്കല്‍ എയ്ഡഡ് ബാച്ചുകള്‍ നടത്താന്‍ അനുമതി കിട്ടിയത് അന്ന് തുടങ്ങാതെ നാലഞ്ചുവര്‍ഷത്തിനുശേഷം തുടങ്ങുന്നു. അധ്യാപകരെ നിയമിച്ച് അംഗീകാരത്തിനും ശമ്പളത്തിനുമായി ഡയറക്ടറെ സമീപിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. അനുവദിച്ച ബാച്ച് ആ വര്‍ഷം തുടങ്ങിയില്ലെങ്കില്‍ പിന്നീട് തുടങ്ങാന്‍ പ്രത്യേകാനുമതി വേണം.

കുട്ടികള്‍ക്ക് ദൂരസ്ഥലത്ത് പ്രവേശനം കിട്ടിപ്പോയി, പഠിച്ച സ്കൂളില്‍ കിട്ടിയില്ല എന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. നിലവിലുള്ള രീതിയിലും പഠിച്ച സ്കൂളില്‍തന്നെ കിട്ടണമെന്നില്ല. ദൂരെയുള്ള സ്ഥലം കുട്ടി തെരഞ്ഞെടുത്തതാണ്. ആരും അടിച്ചേല്‍പിച്ചതല്ല. പ്രവേശനം അനന്തമായി നീണ്ടില്ല. മറ്റു ജില്ലകളില്‍ കഴിഞ്ഞ വര്‍ഷം ക്ലാസ് തുടങ്ങിയത് ജൂലൈ 23ന്. തിരുവനന്തപുരത്ത് ജൂലൈ 29ന്. മറ്റു ജില്ലകളില്‍ പ്രവേശനം അവസാനിപ്പിച്ചത് ആഗസ്റ്റ് 31ന്. തിരുവനന്തപുരത്ത് സെപ്റ്റംബര്‍ ഒമ്പതിന്. മുന്‍ഗണനാക്രമമനുസരിച്ച് കുട്ടികള്‍ക്ക് മാറിപ്പോകാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുന്നത് ശരിയോ? മാനേജര്‍മാരുടെ അവകാശം ലംഘിക്കാന്‍ പാടില്ല; വിദ്യാര്‍ഥിയുടേത് നിഷേധിക്കാം എന്നാണോ?

എന്താണ് മേന്മകള്‍?
മുമ്പ് അപേക്ഷിക്കുന്ന ഓരോ സ്കൂളിലും പത്തുരൂപ വീതം അപേക്ഷഫോറത്തിന്റെ വിലയായി നല്‍കണം. പല മാനേജര്‍മാരും അതിന്റെ പലമടങ്ങ് വാങ്ങിയതായി ആക്ഷേപമുണ്ട്. ഏകജാലക രീതിയില്‍ പത്തുരൂപയുടെ അപേക്ഷയിന്മേല്‍ അറുപതു സ്കൂളുകളില്‍ അപേക്ഷിക്കാം.

ഒരേദിവസം ഒരേസമയത്ത് പലസ്കൂളുകളില്‍ പ്രവേശനത്തിനായി കാത്തുകെട്ടി കിടക്കേണ്ട അവസ്ഥ, തന്മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കം എന്നിവക്ക് അറുതി. എവിടെ പ്രവേശനം കിട്ടുമെന്ന് വീട്ടിലിരുന്ന് അറിയാന്‍ പറ്റും.

യോഗ്യതയും അര്‍ഹതയുമനുസരിച്ച് പ്രവേശനം. സാമ്പത്തികമടക്കമുള്ള മറ്റു പരിഗണനകള്‍ ഇല്ല. സംവരണ തത്ത്വങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നു. മുന്‍ഗണനാക്രമമനുസരിച്ച് ബാച്ചും സ്കൂളും മാറാന്‍ അവസരം. കുട്ടിയുടെ അവകാശം പൂര്‍ണമായി സംരക്ഷിക്കപ്പെടുന്നു.

അവകാശവും കടമയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഒന്നില്ലാതെ മറ്റൊന്ന് നിലനില്‍ക്കില്ല.

പൌരന്റെ അവകാശം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. അര്‍ഹതയും യോഗ്യതയുമനുസരിച്ച് പ്രവേശനം ലഭിക്കാന്‍ വിദ്യാര്‍ഥിക്ക് അവകാശമുണ്ട്. അത് സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ഏകജാലക സംവിധാനത്തിലൂടെ ആ ബാധ്യത സര്‍ക്കാര്‍ നിറവേറ്റുകയാണ്.

(ഹയര്‍സെക്കന്‍ഡറി മുന്‍ഡയറക്ടറാണ് ലേഖകന്‍)
കടപ്പാട്: മാധ്യമം ദിനപത്രംഇത്‌ രണ്ടും വായിക്കുമ്പോള്‍ എകജാലക സംവിധാനം വിദ്യാര്‍ത്ഥിയുടെ ഇഷ്ടമുള്ള വിദ്യാലയം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഉറപ്പിക്കുകയും അതുപോലെ മാനേജ്മെന്റ കോട്ടയും ന്യൂനപക്ഷ അവകാശവും നിലനിര്‍ത്തുകയും ചെയ്യുന്നതായാണ്‌ മനസിലകുന്നത്‌. എന്താണ്‌ പിന്നെ സഭയുടെ പ്രശ്നം. സഭ മുന്നോട്ട്‌ വച്ചവയില്‍ ചില വാദങ്ങള്‍ ശരിയെന്ന് തോന്നാം. ഉദാഹരണത്തിന്‌. ഇതില്‍ പ്രധാനം അധ്യാപനം തുടങ്ങാന്‍ കാലതാമസം നേരിടും എന്നതാണ്‌. എന്നാല്‍ അത്‌ ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ പറയുന്നു. തിരുവനന്തപുരത്ത്‌ കഴിഞ്ഞവര്‍ഷം വൈകിയിട്ടില്ലാ എന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ഇതില്‍ ഒരു വ്യക്തമായ വിശദീകരണം ആവശ്യമാണ്‌ എന്ന് തോന്നുന്നു.

എന്നാല്‍ സഭയുടെ മറ്റ്‌ ആരോപണങ്ങള്‍ കണ്ടാല്‍ ഇതല്ല പ്രശ്നം എന്ന് തോന്നുന്നു. ന്യൂനപക്ഷ അവകാശത്തില്‍ കൈകടത്തുന്നു എന്ന വാദം എങ്ങനെ എന്ന് മനസിലാകുന്നില്ല. സര്‍ക്കാറിനാവകാശപ്പെട്ട സീറ്റുകള്‍ ഏകജാലക സംവിധാന പ്രകാരം നല്‍കുന്നതില്‍ എന്താണ്‌ തെറ്റ്‌ . അതുപോലെ SFI ക്കാരെ വിന്യസിക്കാനുള്ള കുതന്ത്രമാണ്‌ എന്നും ഒക്കെപ്പറയുമ്പോള്‍ അതിന്റെ ലക്ഷ്യം മറ്റു പലതുമാണ്‌ എന്ന് തോന്നും. സഭ മൊത്തത്തില്‍ ഏകജാലക സംവിധാനത്തിന്‌ എതിരാണ്‌ എന്നാണ്‌ പ്രഥമദൃഷ്ടിയാല്‍ മനസിലാകുന്നത്‌. അല്ലാതെ അതിലെ കുറവുകള്‍ പരിഹരിച്ച്‌ നടപ്പിലാക്കണം എന്ന രീതിയിലല്ല സഭയുടെ സമീപനം

ഈ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന കുറ്റകരമായ നിശബ്ദതയാണ്‌ അവലബിക്കുന്നത്‌. ചര്‍ച്ചകളൊക്കെ തൊലിപ്പുറത്താണ്‌. ഈ വിഷയത്തില്‍ പല ബ്ലോഗുകളിലും ചര്‍ച്ച നടന്നു. പലരും മുന്‍വിധിയോടെ ഇട്ട പോസ്റ്റുകളില്‍ ഒന്നും ഒരു വ്യക്ത ഇല്ലാത്തതിനാല്‍ സുതാര്യമായ ഒരു ചര്‍ച്ചക്ക്‌ ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നു. പ്രത്യേകിച്ച്‌ ശ്രീ ജോജുവിനെയും ബ്രദര്‍ റൂബിനേയും

Wednesday, May 07, 2008

ശാസ്ത്രവും മതവും.

ഇപ്പോള്‍ ബൂലോകത്ത്‌ ഏറ്റവും വലിയ അടി നടക്കുന്നത്‌ ശാസ്ത്രവാദികളും മത ശാസ്ത്ര വാദികളുമായിട്ടാണ്‌. അക്ഷരകഷായത്തില്‍ അശോക്‌ കര്‍ത്തയും ഖുറാനും മോഡേണ്‍ സയന്‍സുമായി ശരീഖും പിന്നെ അതാത്മാന്വേഷിയും ഒക്കെ കഴിഞ്ഞവാരം ബൂലോകത്ത്‌ നിറഞ്ഞു നിന്നു. ഈ പോസ്റ്റുകളില്‍ (കര്‍ത്തായുടേത്‌ ഒഴികേ) ഡോ.സൂരജ്‌ ശക്തമായി ഇടപെടുകയും അവിടെയെല്ലാം വിവാദങ്ങള്‍ നിറയുകയും ചെയ്തു. അശോക്‌ കര്‍ത്തയെ പലരും അവഗണിച്ച്‌ തുടങ്ങിയതിനാല്‍ അവിടെ ഇപ്പോള്‍ വലിയ സംവാദങ്ങള്‍ക്ക്‌ പ്രസ്ക്തി ഇല്ലാതെ പോയി. എന്നാല്‍ ശരീഖിന്റെയും ആത്മാന്വേഷിയുടെയും ബ്ലോഗില്‍ നല്ല ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശരീഖ്‌ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞ്‌ മാറുകയും ആത്മാന്വേഷി അവകാശവാദങ്ങളൊക്കെ ഉപേക്ഷിച്ച്‌ ഇട്ട പോസ്റ്റുകളും അതില്‍ സൂരജ്‌ അടക്കമുള്ളവര്‍ കഷ്ടപ്പെട്ട്‌ ഇട്ട കമന്റുകളും ഒറ്റയടിക്ക്‌ ഡിലീറ്റ്‌ ചെയ്ത്‌ സ്ഥലം കാലിയാക്കി അശോക്‌ കര്‍ത്തയുടെ ബ്ലോഗില്‍ അഭയം തേടി.ഒപ്പം അഹങ്കാരി എന്ന് പേരു മാറ്റുകയും ചെയ്തു.

ശാസ്ത്ര തത്വങ്ങളെ മതത്തിന്റ പ്രചാരണത്തിന്‌ ഉപയോഗിക്കുക എന്നത്‌ ഇപ്പോളത്തെ ഒരു ട്രന്റാണ്‌. പലരും അത്‌ പുസ്തകമായി അടിച്ചിറക്കുകയും അത്‌ കണ്ണടച്ച്‌ വിശ്വസിക്കുന്ന ഒരു പറ്റം ആള്‍ക്കാര്‍ ഇന്ന് കേരളത്തിലുണ്ട്‌. ശാസ്ത്രജ്ഞന്മാര്‍ വര്‍ഷങ്ങള്‍ ഗവേഷണം ചെയ്ത്‌ കണ്ടു പിടിച്ച കാര്യങ്ങള്‍ ഞങ്ങളുടെ മതഗ്രന്ഥത്തില്‍ പണ്ടെക്ക്‌ പണ്ടേ പറഞ്ഞു വച്ചിരുന്നു എന്ന് അറിവ്‌ ഒരു മത വിശ്വാസിയേ പൂളകം കൊള്ളിക്കും. എന്നാല്‍ അതിന്റ ന്യായന്യായങ്ങളിലെക്ക്‌ ചിന്തിക്കാന്‍ കഴിവുള്ളവരല്ല ബഹു ഭൂരിപക്ഷവും. വിഗ്രഹത്തിന്റ ഉള്ളില്‍ ഒരു കമ്പിയുണ്ട്‌ എന്നും മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ അത്‌ വൈബ്രേറ്റ്‌ ചെയ്യുമെന്നും അപ്പോള്‍ അതില്‍ നിന്ന് ഊര്‍ജ്ജം ഉണ്ടാകും എന്നും അത്‌ ഭക്തരിലേക്ക്‌ പ്രവഹിക്കുമെന്നുമൊക്കെ ഭൗതീക ശാസ്ത്രത്തിന്റെ ടെര്‍ംസൊക്കെ ഉപയോഗിച്ച്‌ എഴുതുമ്പോള്‍ 10ആം ക്ലാസിലോ 12 ആം ക്ലാസിലോ ഒക്കെ പഠിച്ച്‌ മറന്ന ഫിസിക്സിന്റ ഓര്‍മ്മ പോലും നശിച്ച സാധരണക്കാരന്‍ അറിയാതെ വിശ്വസിച്ചു പോകും. അലെങ്കില്‍ ഇവയൊക്കെ യുക്തി ഭദ്രമായി വിലയിരുത്താനും സംശയം ചോദിക്കാനുമൊക്കെ ആരുടെ അടുത്ത്‌ പോകും. അതിനൊക്കെയുള്ള സാഹചര്യം വളരെ വിരളം.പിന്നെ ഒരുപാട്‌ മെനക്കേടും. എന്നാല്‍ ഇങ്ങനെ ഉള്ള ആശയങ്ങള്‍ ബ്ലോഗ്‌ പോലെയുള്ള ഒരു മാധ്യമത്തില്‍ വരുമ്പോഴാണ്‌ ശരിക്കും പരീക്ഷക്കപ്പെടുന്നത്‌. അവിടെ ഉള്ളവര്‍ അതിനെ സംശയ ദൃഷ്ടിയില്‍ പരിശോധിക്കും എന്ന് മാത്രമല്ല കീറി മുറിച്ച്‌ വിലയിരുത്തുകയും ചെയ്യും. അപ്പോള്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ എഴുതുന്നവര്‍ ആ രീതിയിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കുകയും അവയ്ക്കൊക്കെ ഉത്തരം നല്‍കാന്‍ തയ്യാറാകുകയും വേണം.

ഇവിടെ ആത്മാന്വേഷി എന്ന ബ്ലോഗരോട്‌ സൂരജ്‌ ശാസ്ത്രീയ തത്വങ്ങള്‍ ഉന്നയിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പലതിനും അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല. ആ ചോദ്യങ്ങളോട്‌ കൃത്യമായി പ്രതികരിക്കാനോ വിശദീകരിക്കാനോ ശ്രമിക്കാതെ കുറേ മറു ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്‌ ആത്മാന്വേഷി ചെയ്തത്‌. പിന്നെ അതില്‍ കടിച്ച്‌ തൂങ്ങുകയും ചെയ്തു. ഒരാള്‍ വസ്തുതാവിരുദ്ധമായ ഒരു പോസ്റ്റ്‌ എഴുതുകയും ആ വാദങ്ങളേ മറ്റൊരാള്‍ കമന്റിലൂടെ ഘണ്ഡിക്കുകയും ചെയ്താല്‍ ആ കമന്റിനെ പ്രതിരോധിക്കാന്‍ പോസ്റ്റെഴുതിയ ആള്‍ ബാധ്യസ്ഥനാണ്‌. അതിന്‌ കഴിയുന്നിലെങ്കില്‍ സംവാദം അവിടെ തീര്‍ന്നു. എന്നാല്‍ ആത്മാന്വേഷി എന്ന ആള്‍ അതിന്‌ മുതിരാതെ അദ്ദേഹത്തിന്റ വാദങ്ങള്‍ പിന്‍വലിക്കുകയും മറുചോദ്യങ്ങളുമായി ഇറങ്ങുകയുമാണുണ്ടായത്‌. വിഷയത്തില്‍ നിന്ന് മാറി പുതിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കേണ്ട ബാധ്യത്‌ കമന്റ്‌ എഴുതുന്ന ആള്‍ക്കില്ല എന്ന അടിസ്ഥാന തത്വം മാന്യ ബ്ലോഗര്‍ ഓര്‍ത്തില്ല. തന്റ വാദങ്ങള്‍ ദുര്‍ബലമായപ്പെട്ടതിന്റ ദു:ഖത്തില്‍ നിന്നാണ്‌ പിന്നെ തര്‍ക്കം ആരംഭിക്കുന്നത്‌.അതു പോലെ ശരിഖിന്റ ബ്ലോഗിലും ഈ പ്രശ്നം സംഭവിച്ചു. കുറെ കട്ട്‌ ആന്‍ഡ്‌ പേസ്റ്റ്‌ സംഭവങ്ങള്‍ക്കപ്പുറം ഒന്നും അദ്ദേഹത്തിന്റ കൈയില്‍ ഇല്ല.അതിനിടെ ചര്‍ചയുടെ ഇടയില്‍ അദ്ദേഹം മറ്റ്‌ മതഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കുകയും തന്റെ ഗ്രന്ഥത്തിന്റ ആധികാരികത്‌ ഉന്നീപ്പറയുകയും ചെയ്യുന്നു. എന്നാല്‍ തന്റ പ്രവാചകനെപ്പറ്റി ആധികാരികമല്ലാത്ത ഗ്രന്ഥങ്ങളില്‍പ്പര്‍ഞ്ഞിട്ടുണ്ട്‌ എന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിന്‌ യുക്തിക്കുറവ്‌ കാണുന്നുമില്ല.

ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കൊണ്ട്‌ എന്ത്‌ പ്രയോജനം എന്ന് പലരും ആശങ്കപ്പെട്ട്‌ തുടങ്ങിയിട്ടുണ്ട്‌.. ചര്‍ച്ച എങ്ങും എത്താതെ പോകുകയും അതോടൊപ്പം മതത്തിലെ പല കാര്യങ്ങളെപ്പറ്റിയും ഒരു മതവിശ്വാസിക്ക്‌ മുറിവേല്‍ക്കുന്ന തരത്തില്‍ ചര്‍ച്ച എത്തിപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌ ഇസ്ലാം ശാസ്ത്ര ചര്‍ച്ചക്കിടയില്‍ മുഹമ്മദ്‌ നബിയേ പരാമര്‍സിക്കപ്പെടുമ്പോള്‍ അത്‌ ആ പോസ്റ്റിട്ട ആള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയിലാകുമ്പോള്‍ ആ കമന്റ്‌ ഡിലീറ്റ്‌ ചെയ്യപ്പെടുന്നു പിന്നെ ആ കമന്റിനേപ്പറ്റിയാകുന്നു ചര്‍ച്ച. അപ്പോള്‍ പറഞ്ഞു വരുന്നത്‌ ഇത്തരം പോസ്റ്റുകളുമായി വരുന്നവര്‍ അതി ശക്തമായ പ്രതിരോധത്തെ നേരിടാന്‍ തയ്യാറായി വരിക . അതിന്‌ ശക്തമായ ശാസ്ത്രീയ അറിവ്‌ ആവശ്യമാണ്‌ അത്‌ പരമാവധി ആര്‍ജിക്കുക. അതിന്‌ ശെഷം പോസ്റ്റ്‌ ഇടുക ആരോഗ്യകരമായ സംവാദത്തില്‍ ഏര്‍പ്പെടുക.