Friday, May 23, 2008

ഡീക്കനെ വെറുതെ വിടുക.

കേരളത്തിലെ കത്തോലിക്ക ന്യൂനപക്ഷത്തിനെതിരെ എന്ന തലക്കെട്ടില്‍ പോസ്റ്റുകള്‍ എഴുതുന്ന ഡിക്കന്‍ റൂബിന്‍ തോട്ടുമ്പുറത്തിന്റ ബ്ലോഗില്‍ ദയവു ചെയ്ത്‌ കമന്റെഴുതി അദ്ദേഹത്തെ പ്രകോപിപ്പിക്കരുത്‌ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹം എഴുതുന്നവയില്‍ മിക്കതും മറ്റ്‌ പലരും വിവിധ കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ മറ്റ്‌ പലരും എഴുതുന്നവയണ്‌. അത്‌ ബ്ലോഗില്‍ എത്തിക്കുക എന്ന കടമ മാത്രമേ ഡീക്കനുള്ളൂ. എന്നാല്‍ അത്‌ കണ്ട്‌ പ്രകോപിതരായ നമ്മളില്‍ പലരും അവിടെപ്പോയി ക്രിയാത്മക ചര്‍ച്ചക്ക്‌ ചെന്നപ്പോള്‍ ഡിക്കന്‍ പ്രതികരിച്ചത്‌ കണ്ടല്ലോ? അപ്പോള്‍ ദയവായി ഇനി ഇത്തരം ചര്‍ച്ചകള്‍ അവിടെ നടത്തതിരിക്കുക, നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ സ്വന്തം ബ്ലോഗില്‍ ഇവയെപ്പറ്റി ചര്‍ച്ചയാകാം. അന്നയുടെ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ വന്നപ്പോള്‍ ഡിക്കന്‍ തന്നെ അവിടെ ഇടപെട്ടു.

ഡീക്കന്‍ ചെയ്യുന്ന സേവനത്തിന്റ വില നമ്മള്‍ അറിയുന്നില്ല. കേരളത്തിലെ കത്തോലിക്ക സഭ എങ്ങനെ ഒക്കെയാണ്‌ സര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്നതെന്ന് ഡിക്കന്റ പോസ്റ്റുകളിലൂടെ നമ്മള്‍ക്കറിയാന്‍ സാധിക്കുന്നു. വിവിധ കത്തോലിക്ക പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ഈ ലേഖനങ്ങള്‍ യൂണിക്കോഡില്‍ ആക്കി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതുകൊണ്ടാണ്‌ ഇങ്ങനെ ഒക്കെയാണ്‌ വിവിധ വിഷങ്ങളില്‍ സഭ പ്രതികരിക്കുന്നതെന്ന് അറിയാന്‍ കഴിയുന്നത്‌. പലിടങ്ങളിലായി നടത്തുന്ന വിവിധ പ്രചരണങ്ങളെ ബ്ലോഗില്‍ എത്തിക്കുന്നതു വഴി വലിയ സേവനമാണ്‌ ഡിക്കന്‍ നടത്തുന്നത്‌. അതുകൊണ്ട്‌ ഈ സേവനങ്ങളെക്കരുതി എങ്കിലും ഡീക്കനെ വെറുതെ വിടുക

43 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളത്തിലെ കത്തോലിക്ക ന്യൂനപക്ഷത്തിനെതിരെ എന്ന തലക്കെട്ടില്‍ പോസ്റ്റുകള്‍ എഴുതുന്ന ഡിക്കന്‍ റൂബിന്‍ തോട്ടുമ്പുറത്തിന്റ ബ്ലോഗില്‍ ദയവു ചെയ്ത്‌ കമന്റെഴുതി അദ്ദേഹത്തെ പ്രകോപിപ്പിക്കരുത്‌ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

N.J ജോജൂ said...

കിരണ്‍,

വിവാദവിഷയങ്ങളായ എത്ര പോസ്റ്റുകളില്‍ ചര്‍ച്ചകളിലൂടെ ഒരു ഒത്തുതീര്‍പ്പില്‍ എത്താന്‍ സാധിച്ചിട്ടൂണ്ട്. അഭിപ്രായവ്യത്യാസങ്ങളില്‍ ആരംഭിച്ച് അഭിപ്രായവ്യത്യാസങ്ങളില്‍ അവസാനിയ്ക്കുകയാണ് ചര്‍ച്ചകള്‍.

സര്‍ക്കാരിന്റെ നയങ്ങളില്‍, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഒക്കെ സഭയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതു പ്രകടിപ്പിയ്ക്കമാത്രമാണ് ഡീക്കന്‍ ചെയ്തിട്ടൂള്ളത്.

കത്തോലിക്കാ സഭയുടെ വിദ്യാഭ്യസ നയത്തെക്കുറിച്ചൂള്ള കാഴ്ചപ്പാട് സ്വാശ്രയനിയമത്തിനൂശേഷം ഉണ്ടാക്കിയതല്ല. ഏതെങ്കിലും വിഷയത്തില്‍ ഡോക്ടറേറ്റുള്ളവരാണ് ഡീക്കന്റെ പോസ്റ്റിന് ആധാരമായ മിക്ക ലേഖനങ്ങളും എഴുതിയിട്ടൂള്ളത്.

വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ കൊണ്ട്, തീരുമാനത്തില്‍ എത്താന്‍ കഴിയത്ത വിഷയങ്ങളുണ്ട്. ഏതുവിഷയവും വോട്ടിനിട്ട് തീരുമാനത്തില്‍ എത്താമെന്ന് ഞാന്‍ കരുതുന്നില്ല.

സഭയുടെ വിദ്യാഭ്യാസ നിലപാടുകള്‍ക്കെതിരെ കച്ചവടം എന്ന ഒരു വാക്കല്ലാതെ മറ്റൊന്നും ഇടതുപക്ഷത്തിനോ ഇടതുപക്ഷ സഹയാത്രികര്‍ക്കോ വിദ്യാ‍ര്‍ത്ഥീ സംഘടനകള്‍ക്കോ ഇല്ല. സര്‍ക്കാര്‍ സഹകരണ സ്വാശ്രയ കോളേജുകളിലെ (പരിയാരം പോലുള്ളവ) ഏറ്റവും പുതിയ ഫീസ് ഘടനയൊക്കെ ഒന്നു മനസിലാക്കാന്‍ ശ്രമിച്ചാല്‍ തന്നെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് മനസിലാക്കാവുന്നതേയുള്ളൂ. ഏതുകാരണം കൊണ്ട് കച്ചവടക്കാരെന്നു വിളിച്ചുവോ അതിലും മോശമായ ഒത്തുതീര്‍പ്പു വ്യവസ്ഥകളാണ് സര്‍ക്കാനു മായി സഹകരിയ്ക്കുന്നവരുമായി സര്‍ക്കാര്‍ ഉണ്ടാക്കിയിരിയ്ക്കുന്നത് എന്നത് ഒന്നു കണ്ണോടിച്ചാല്‍ മനസിലാകാവുന്നതേയുള്ളോ.

അതുകൊണ്ട് ഡീക്കന്‍ പ്രകോപനപരമായീ എഴുതീ എന്ന് പറയുന്നതില്‍ വലിയ അര്‍ഥമില്ല. അദ്ദേഹം കമന്റുകള്‍ക്കെല്ലാം മറുപടി പറയണമെന്നു വാശി പിടിയ്ക്കുന്നതിലും അര്‍ത്ഥമില്ല. ഭരണഘടന ഇപ്രകാരം പറയുന്നൂ എന്നു പറഞ്ഞാല്‍ ഭരണഘടന മാറ്റി എഴുതേണ്ട കാലമായീ എന്നഭിപ്രായപ്പെടൂന്നവരോട് ചര്‍ച്ച ചെയ്തിട്ട് എന്തു കാര്യം.

എത്രപറഞ്ഞാലും തീരാത്ത ഒരു വിഷയമായി ഇത് അവശേഷിയ്ക്കും എന്നറിവാവുന്നതു കൊണ്ട് നിര്‍ത്തുന്നു.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

ആത്മാഭിമാനവും നട്ടെല്ലും ഇല്ലാത്ത വ്യക്തികളാണ്‌ ഓരോരോ കാര്യങ്ങള്‍ക്കുവേണ്ടി ഓരോരോ രീതിയിലുള്ള ന്യായീകരണം അന്വേഷിച്ചുപോവുക. എന്നാല്‍, തന്റേടവും ധര്‍മബോധവുമുള്ള മനുഷ്യര്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടരീതിയില്‍ ചെയ്യാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യുമ്പോള്‍ അതിലവര്‍ക്കു കുറവുകള്‍ വരില്ല എന്നിവിടെ വിവക്ഷയില്ല. എന്നാല്‍, തങ്ങള്‍ക്കു കുറവുകള്‍ വന്നാല്‍പ്പോലും അവ ഏറ്റുപറയാനും അവ പരിഹരിക്കാനും അവര്‍ തയാറാകും എന്നതാണ്‌ അവരുടെ പ്രത്യേകത.

സി. കെ. ബാബു said...

ഭാരതീയസമൂഹം അതിലെ ന്യൂനപക്ഷങ്ങള്‍ക്കു്‌ അനുവദിക്കുന്ന free space-ന്റെ വിലയും മഹത്വവും അറിയണമെങ്കില്‍ “ദൈവത്തിന്റെ” രാജ്യങ്ങളിലെ അധികാരികള്‍ അന്യചിന്തകളെയും അന്യവിശ്വാസങ്ങളെയും നേരിടുന്നതു്‌ എങ്ങനെ എന്നു്‌ അറിഞ്ഞിരിക്കണം. അതറിയണമെങ്കില്‍ മനുഷ്യര്‍‍ ആര്‍ക്കെങ്കിലും കീഴ്പ്പെടാതെ‍ ആനന്ദമനുഭവിക്കാന്‍ കഴിയാത്ത masochist-കള്‍ അല്ലാതിരിക്കണം. പുരുഷന്റെ ലൈംഗികാവയവങ്ങള്‍ ഉള്ളവരെല്ലാം പുരുഷന്മാര്‍ ആയിക്കൊള്ളണമെന്നില്ല. “സ്വര്‍ഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ടു്‌” എന്നാണല്ലോ ബൈബിളും ഘോഷിക്കുന്നതു്! (മത്തായി 19: 12) മുട്ടില്‍ കിടന്നു് മോങ്ങി സംതൃപ്തി അടയുന്നവര്‍ അന്തസ്സുള്ള ഒരു സമൂഹത്തിനു് നല്ലനടപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുന്നതല്ലേ ഭംഗി?

സമൂഹത്തിലെ കീടങ്ങളായി വേരു് കരളാനോ, ചാണകപ്പുഴുക്കളായി തിന്നു് വീര്‍ക്കാനോ അല്ല, നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ ജനങ്ങള്‍ വിലമതിക്കുന്ന‍ മുത്തുമണികളാവാനാണു് ന്യൂനപക്ഷങ്ങള്‍ “യഥാര്‍ത്ഥത്തില്‍” ശ്രമിക്കേണ്ടതു്.

സഹാനുഭൂതി മൂലം കഴുത്തില്‍ കയറി ഇരിക്കാന്‍ അവസരം നല്‍കിയവനെ കടല്‍ക്കിഴവന്‍ കാലിറുക്കി ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതുപോലെ, സമൂഹത്തിന്റെ കഴുത്തില്‍ കാലിറുക്കി ജനങ്ങളുടെ പൊതുവായ വളര്‍ച്ചയ്ക്കു് വിലങ്ങുതടിയാവാന്‍ ശ്രമിക്കുന്നവര്‍, സഹികെടുന്ന ആന ശല്യം ചെയ്യുന്ന പാപ്പാനെ തുമ്പിക്കൈക്കു്‌ കശക്കി എറിയുന്ന ചിത്രം വല്ലപ്പോഴും ഒന്നു് കണ്ടിരിക്കുന്നതു്‌‍ നല്ലതാണു്. അറിഞ്ഞില്ലെന്നു് വരരുതല്ലോ!

“ഡീക്കനെ” മാത്രമല്ല, ഇരുട്ടിനെ വെളിച്ചമായി കരുതുന്ന സകല “പാക്കാന്മാരെയും” വെറുതെ വിടുന്നതാണു് സമയം ലാഭിക്കാന്‍ നല്ലതെന്നു് തോന്നുന്നു. വെറുതെയിരുന്നു് നേര്‍ച്ചക്കാശുകൊണ്ടു് ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ലല്ലോ. ശരിക്കും അദ്ധ്വാനിച്ചാലേ അതിനു്‌ കഴിയൂ എന്നുള്ളവര്‍ക്കു്‌ സമയം കുറവും ക്ഷീണം കൂടുതലുമായിരിക്കും താനും!

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...
This comment has been removed by the author.
സി. കെ. ബാബു said...

“സ്വര്‍ഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ടു്‌” എന്ന വിശുദ്ധ ബൈബിളിലെ വാചകം കൂടി കൂട്ടിച്ചേര്‍ത്തു് വായിക്കൂ ബഹുമാന്യനായ ഡീക്കനെ! അല്ലെങ്കില്‍ ദൈവദോഷം കിട്ടും!

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

നമ്മിലെയും മറ്റു മനുഷ്യരിലെയും നന്മയും മനുഷ്യത്വവും നമുക്ക്‌ അംഗീകരിക്കാം; ആദരിക്കാം. അതനുസരിച്ച്‌ നമുക്കു പ്രവര്‍ത്തിക്കാം; മറ്റുള്ളവരോടു പെരുമാറാം. ആരുമാരും അത്രയേറെ മോശക്കാരല്ല എന്നതു നമുക്കോര്‍മിക്കാം. നാം മറ്റുള്ളവരെ മോശക്കാരായി കാണുന്നുണെ്ടങ്കില്‍ അതിന്റെ കാരണം അവരുടെ കുറ്റം മാത്രമല്ല എന്നതു നാം മറക്കേണ്ട. നമ്മുടെ കുറവാണു മറ്റുള്ളവരെ കുറവുള്ളവരായി കാണാനിടയാക്കുന്നതെന്നതു നമ്മുടെ ഓര്‍മയിലിരിക്കട്ടെ.

സി. കെ. ബാബു said...

ബഹുമാന്യനായ ഡീക്കനെ! താങ്കളുടെ കമന്റ് എന്നെ ഉദ്ദേശിച്ചാണെന്ന ധാരണയിലാണിതു് എഴുതുന്നതു്. അങ്ങനെ ആയിരുന്നില്ലെങ്കില്‍ ചുമ്മാ മറന്നേക്കുക. എന്റെ ഓര്‍മ്മയിലിരിക്കേണ്ടതു് എന്താണെന്നു് അറിയാന്‍ എനിക്കു് താങ്കളുടെയോ മറ്റേതെങ്കിലും ആത്മീയന്റേയോ സഹായം ആവശ്യമില്ല. താങ്കള്‍ നല്ലവനോ മോശക്കാരനോ എന്നതു് എനിക്കു് ഒരു ചൊറിച്ചിലുമുണ്ടാക്കുന്നില്ല. അതു് താങ്കളുടെ സ്വന്തം പ്രശ്നം. ഞാനൊരു സ്വവര്‍ഗ്ഗാനുരാഗിയോ, ബാലനോ, കന്യാസ്ത്രിയോ അല്ലാത്തതിനാല്‍ താങ്കളുടെ പ്രശ്നം എന്റെ പ്രശ്നമാവാന്‍ യാതൊരു സാദ്ധ്യതയും ഞാന്‍ കാണുന്നുമില്ല.

കിരണ്‍ തോമസിന്റെ ബ്ലോഗ് പരിചിതമായതിനാലും മലയാളവാര്‍ത്തകള്‍ കേള്‍ക്കാറുള്ളതുകൊണ്ടും‍ അതില്‍ എന്റെ ഒരു അഭിപ്രായമെഴുതി. താങ്കളുടെ പോസ്റ്റുകള്‍ ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. ഇനി എന്നെങ്കിലും വായിക്കുകയുമില്ല.

കപ്യാര് ഗോതണ്ടദവര്‍മ്മ said...

@ പുരുഷന്റെ ലൈംഗികാവയവങ്ങള്‍ ഉള്ളവരെല്ലാം പുരുഷന്മാര്‍ ആയിക്കൊള്ളണമെന്നില്ല.
----
സ്വയാവബോധം എത്രനല്ലതാണ് ... ഇത് എല്ലാവര്ക്കും പറഞ്ഞു കൊടുക്കുക ...

അച്ചന്റെ മറുപടി ബെസ്റ്റ്..മെത്രാനു പഠിക്കുവാന്നോ?
ആദ്യം സ്വയം അധ്വാനിച്ച് തിന്നാന്‍ പഠിക്ക് അച്ചാ, വിശ്വാസികളുടെ പോക്കറ്റില്‍ കൈയ്യിട്ടും, വത്തിക്കാനില്‍ നിന്ന് പോപ്പെറിഞ്ഞു തരുന്ന ഇവാഞ്ചലൈസേഷന്‍ ഓഫ് ഏഷ്യാ അലവന്‍സിലും മൃഷ്ടാനം തട്ടി എല്ലില്‍ കുത്തുമ്പോ വളവള പറയാതെ.
എന്തു പറഞ്ഞാലും തിരിച്ചു പറയാന്‍ ഒന്നുമില്ലേ ഓടിക്കേറിക്കോണം..ന്യൂനപക്ഷ പീഡന പുളിമരത്തില്‍! വാട്ട് ആന്‍ ഈസി ഫാള്‍ ബാക്ക്! ഇതിനു തുല്യം കമ്യൂണിസ്റ്റുകളുടെ ഏതു പ്രശ്നത്തിനു പിന്നിലും വിദേശ ശക്തി ആരോപണം മാത്രം!

Ramachandran said...

ഡിസംബറില്‍ പൌരോഹിത്യം സ്വീകരിക്കേണ്ടതല്ലേ..കുറച്ചുകൂടി മച്യൂരിറ്റി കാണിക്കൂ ഡീക്കാ..ഒരു കരണത്തടിച്ചാല്‍ മറ്റേക്കരണം കാട്ടിക്കൊടുക്കുന്നതല്ലേ ക്രിസ്തു കാണിച്ചു തന്ന മാതൃക. വിപ്ലവത്തെയും വര്‍ഗ്ഗസമരത്തെയുമെല്ലാം പുച്ഛിക്കുന്നത് അവ ഈ മാര്‍ഗ്ഗത്തെ നിരാകരിക്കുന്നു എന്നു പറഞ്ഞല്ലേ?

പറയാനുള്ള കാര്യങ്ങളില്‍ ദൃഢത പുലര്‍ത്തുകയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ച് കേള്‍ക്കുന്നവരെ തന്നിലേക്കടുപ്പിക്കുകയുമല്ലേ വേണ്ടത്. ഇത്തരം ഇല്ലോജിക്കലായ പ്രതികരണങ്ങളേക്കാള്‍ ആ മൌനം എത്രയോ ഭേദമായിരുന്നു !

കിരണ്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല. സഭ കുഞ്ഞാടുകളുടെ ഇടയില്‍ കുത്തിവെക്കുന്ന വിഷത്തിന്റെ ഈ സാമ്പിള്‍ കാണാന്‍ കിട്ടിയല്ലോ ? കഥയില്‍ ചോദ്യമില്ല എന്നു പറഞ്ഞപോലെ പള്ളിയിലും ചോദ്യമില്ലല്ലോ? ചോദിക്കുന്നവനെ കമ്യൂണിസ്റ്റാക്കിയാല്‍ എന്തെളുപ്പം.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

@ ഒരു കരണത്തടിച്ചാല്‍ മറ്റേക്കരണം കാട്ടിക്കൊടുക്കുന്നതല്ലേ ക്രിസ്തു കാണിച്ചു തന്ന മാതൃക.
---
തെറ്റായി വ്യാഖ്യാനിക്കരുതേ പ്ലീസ്. പിന്നെ സ്വയം നന്നാവാതെ ഉപദേശങ്ങള്‍ ആര്‍ക്കും പറയാം ...നന്ദി ...

jinsbond007 said...

സത്യം പറഞ്ഞാല്‍ റൂബിനച്ചന്‍ എഴുതുന്നതില്‍ ഒരു തെറ്റുമില്ല, നമ്മള്‍ ചോദ്യം ചെയ്തു കമന്റിടുന്നതിലും തെറ്റില്ല. നമ്മള്‍ രണ്ട് കമന്റിട്ടെന്നു വിചാരിച്ച് അദ്ദേഹം എഴുത്തു നിര്‍ത്താനും പോണില്ല. ചര്‍ച്ച നമ്മള്‍ നടത്തുന്ന കാര്യമാണ് ജോജു പറയുന്നതെങ്കില്‍ ഒത്തുതീര്‍പ്പിലെത്തുക എന്ന ലക്ഷ്യത്തെക്കാളും, വ്യക്തമായ വാദങ്ങളും എതിര്‍വാദങ്ങളും അവതരിപ്പിച്ച് കാര്യത്തിന്റെ ,ഒരു വ്യക്തമായ വിവരണം എല്ലാവര്‍ക്കും നല്‍കാന്‍ ശ്രമിക്കുക എന്നതല്ലാതെ വേറൊന്നും നമുക്കു ചെയ്യാനില്ല. അക്കാര്യത്തില്‍ റൂബിനച്ചന്‍ നല്ല കാര്യമാണ് ചെയ്യുന്നതും.

അച്ചന്റെ ബ്ലോഗില്‍ എഴുതുന്ന എല്ലാം വായിക്കാന്‍ സമയം കിട്ടാറില്ല, എങ്കിലും ആരുടെ വാക്കുകളായാലും, പലപ്പോഴും വസ്തുനിഷ്ഠമായി അച്ചന്‍ ഖണ്ഡിക്കപ്പെട്ടിട്ടുണ്ട്. പല കാര്യത്തിലും അച്ചന്‍ പറഞ്ഞത് ശരിയാണുതാനും.എനിക്ക് പല കാര്യങ്ങളിലും കത്തോലിക്കാ സഭയോട് യോജിപ്പുണ്ട്. പല കാര്യങ്ങളിലും എതിര്‍പ്പും. മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടും അതുപോലെത്തന്നെ.

പലപ്പോഴും എനിക്ക് പലകാര്യങ്ങളും ഇഷ്ടപ്പെടാറില്ല. പക്ഷെ നീതിയും ന്യായവും അവരുടെ പക്ഷത്താണെങ്കില്‍ പിന്നെന്തു ചെയ്യാന്‍.

നമ്മളോടുത്തരം പറയാതിരിക്കാനുള്ള അവകാശം അച്ചനുമുണ്ട്. അതുകൊണ്ട് ഒരു പോസ്റ്റിടാനുള്ളതൊന്നുമുണ്ടായിരുന്നില്ലെന്നു തോന്നുന്നു. ഇതെന്റെ അഭിപ്രായം പോസ്റ്റിടുന്നതും ഡിലീറ്റു ചെയ്യുന്നതും കിരണിന്റെയിഷ്ടം. അത്രയൊക്കെ സ്വാതന്ത്ര്യമേ നമുക്കുള്ളൂ.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

യഥാര്‍ത്ഥത്തില്‍ സുവിശേഷത്തിന്റെ വെളിച്ചംകൊണ്ടു പ്രകാശിപ്പിക്കേണ്ട അനേകം മേഖലകള്‍ ഉണ്ട്‌. പ്രത്യേകിച്ച്‌ ആധുനീക അരയോപ്പാഗുകള്‍ എന്നു പേരിട്ടിട്ടുള്ള മേഖലകളെ പ്രകാശിപ്പിക്കണം. അത്തരം മേഖലകളാണ്‌ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍, സമാധാനത്തിനും ജനതകളുടെ വികസനത്തിനും വിമോചനത്തിനും വേണ്ടിയുള്ള രാഷ്ട്രീയസമരങ്ങള്‍, സൃഷ്ടിസംരക്ഷണം; മനുഷ്യാവകാശങ്ങളുടെ പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങളുടെയും സ്ത്രികളുടെയും കുട്ടികളുടെയും അവകാശങ്ങളുടെ സംരക്ഷണം; ശാസ്ത്രീയ ഗവേഷണം; അന്താരാഷ്ട്രബന്ധങ്ങള്‍ എന്നിവ. (കത്തോലിക്കാസഭയുടെ മതബോധന ഡയറക്ടറി. ഖ:211)

മൂര്‍ത്തി said...

കിരണ്‍ പറഞ്ഞ ‘സേവനം’ പോയിന്റ് കൊള്ളാം.

അച്ചന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് ആധാരമായ ഡോക്ടറേറ്റ് ഉള്ള ലേഖനകര്‍ത്താക്കളുടെ രാഷ്ട്രീയ ചായ്‌വ് കൂടി അറിഞ്ഞിരിക്കണം. ചിലരെങ്കിലും യു.ഡി.എഫ് നോമിനികളായി എം.ജി.സിന്‍ഡിക്കേറ്റില്‍ കയറിയിട്ടുണ്ട്. അവര്‍ പറയുന്നതിലെ സര്‍ക്കാര്‍ വിരുദ്ധത/ഇടത് വിരുദ്ധത നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ എന്നും പറയാം.

പതാലി said...

കിരണ്‍,
ഡീക്കന്‍ പുറത്തുനിന്ന് എടുക്കുന്ന ലേഖനങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല എന്നത് സത്യം. പക്ഷെ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ സമീപനം ഇതിനോടകം വ്യക്തമായിക്കഴിഞ്ഞതാണ്.
ജോജൂ...
പല വിഷയങ്ങളിലും സജീവ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്ന താങ്കള്‍ ഈ ഡീക്കനെ ന്യായീകരിക്കുന്നത് മനസിലാക്കാന്‍ കഴിയുന്നില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകളെല്ലാം തെറ്റാണെന്ന അഭിപ്രായം എനിക്കില്ല.
അതായത് സര്‍ക്കാര്‍ പറയുന്നത് സഭ നിശബ്ദമായി അനുസരിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല.
പക്ഷെ അന്നചൂണ്ടിക്കാട്ടിയപോലെ ഡീക്കനും ചിലപ്പോഴൊക്കെ സഭയും നില വിടുന്നു എന്നതാണ് പ്രശ്നം.
ജോജു പറഞ്ഞപോലെ കമന്‍റുകളോടെല്ലാം അദ്ദേഹം പ്രതികരിക്കണമെന്ന് നിര്‍ബന്ധമില്ല.പക്ഷെ കമന്‍റുകളോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം നിഷേധാത്മകമാണെന്ന് ശ്രദ്ധിച്ചാല്‍ മനസിലാകും.
പൊതു സമൂഹം ഇതിനെ എങ്ങനെ കാണുന്നു എന്നറിയാന്‍ ഇതോടൊപ്പമുള്ള രാമചന്ദ്രന്‍റെ കമന്‍റ് ശ്രദ്ധിച്ചാല്‍ മതിയാകും

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ

ഡോക്‌ട്രേറ്റ്‌ ഉള്ളവര്‍ എഴുതിയ കാര്യങ്ങളാണ്‌ ഡിക്കന്‍ പോസ്റ്റുന്നത്‌ എന്നതുകൊണ്ട്‌ അതൊന്നും മഹത്തരമാകണമെന്നില്ല. പിന്നെ നയപരമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ കല്ലുവച്ച നുണകളും വിമോചന സമരാഹ്വാനങ്ങളുമൊക്കെ ഒരു പൊതു സമൂഹത്തില്‍ സഭയേപ്പോലെ ആത്മിയ സംഘം ചെയ്യുന്നത്‌ കാണുമ്പോള്‍ അത്‌ വിലകുറഞ്ഞു പോകുന്നു. സഭ വെറും രാഷ്ട്രീയം കളിക്കുന്നതായി വെളിപ്പെടുന്നു.

സര്‍ സി.പി, രാമസ്വാമി അയ്യരെ വിറപ്പിച്ചു എന്നൊക്കെയാണ്‌ പല ഡോക്‌ടര്‍മാരും എഴുതി വിടുന്നത്‌. അതിന്‌ മരീചന്‍ ഇട്ട കമന്റ ജോജുവും കണ്ടു കാണും. പക്ഷെ ഡിക്കന്‌ മറുപടി ഇല്ല. എന്നാല്‍ മറ്റൊരു പോസ്റ്റിലൂടെ ഡിക്കന്‍ പറഞ്ഞതൊക്കെ കാണുമ്പോള്‍ എന്താണ്‌ പറയേണ്ടത്‌. അതുപോലെ ചിറ്റിലപ്പള്ളിപ്പിതാവിനെ ന്യായികരിക്കുന്നതൊക്കെ കണ്ടാല്‍ സത്യത്തില്‍ ചിരി വന്നു പോകും. എന്നാല്‍ എന്തേ കാഞ്ഞിരപ്പള്ളിപ്പിതാവിനെ അധിക്ഷേപിച്ചവനേപ്പറ്റി ഒന്നും മിണ്ടാത്തതെന്ന് പറയുന്നുമില്ല. കേരളത്തില്‍ പണ്ട്‌ എങ്ങോ നടത്തിയ വിമോചന സമരത്തിന്റ ഹാങ്ങ്‌ ഓവറില്‍ നിന്ന് സംസാരിക്കുന്ന സഭ നേതൃത്വത്തിന്റ വികലമായ മനസിന്റ പ്രതിബിംബങ്ങളാണ്‌ ഡിക്കന്റ പോസ്റ്റുകളിലൂടെ ഉരിത്തിരിയുന്നത്‌.

ബ്ലോഗുകളിലൂടെ ജോജുവിനെപ്പോലെ ഉള്ളവര്‍ മാത്രമല്ല വലിയൊരു വിഭാഗം ആളുകള്‍ ഇതൊക്കെ കാണുന്നുണ്ട്‌. അത്‌ കത്തോലിക്കരെക്കുറിച്ച്‌ എന്ത്‌ ചിന്തായാണ്‌ ഉണ്ടാക്കുക എന്നൊക്കെ ചിന്തിക്കുന്നവര്‍ക്ക്‌ ഡീക്കന്റ പോസ്റ്റുകളെ ആശങ്കയോടെയേ നോക്കിക്കാണാന്‍ കഴിയൂ.

എനിക്കൊരാപേക്ഷയെ ഉള്ളൂ നുണകള്‍ ദയവ്‌ ചെയ്ത്‌ എഴുതിപ്പിടിപ്പിക്കരുത്‌. അത്‌ ഗുണത്തേക്കാള്‍ ദോഷം ചെയ്യും.

അന്ന ഫിലിപ്പ് said...

കിരണ്‍,
നേരത്തെ ഇതിലേ വന്നിരുന്നു. അപ്പം കമന്‍റിടാന്‍ നേരം കിട്ടിയില്ല. എന്‍റെ പോസ്റ്റീക്കൂടെ വന്ന ചെലരെ ഇവിടേക്ക് പറഞ്ഞയക്കുകേം ചെയ്തു.
കിരണ്‍ പറഞ്ഞ പോലെ ഡീക്കനെ വെറുതെ വിടുന്നതാ നല്ലതെന്നു തോന്നുന്നു. പ്രത്യേകിച്ചും എന്‍റെ പോസ്റ്റിലും ഇവിടേം അദ്ദേഹം ഇട്ട കമന്‍റുകള്‍ കണക്കിലെടുക്കുന്പോള്‍.
അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ എതിര്‍ വാദം പറയുന്നോരൊന്നും ശരിയല്ല. ഡീക്കന്‍മാര്‍ക്കും അച്ചമ്മാര്‍ക്കും പിന്നെ കുറ്റം കൊറവും വീഴ്ച്ചേം ഉണ്ടാകത്തില്ലല്ലേ.
എന്തു ചെയ്യാം സഭേടെ ഓരോ ഗതികേടുകള്‍.

Noti Morrison said...

Hi Kiran,

I do not believe anyone should be left out in the blogworld. The Deacon is free to have his opinions, however outlandish they are, and he is free to blog on them.

There are all kinds of blogs in Malayalam alone - from the ultra feminist to the MCPs to the undecided ones to the leftists, rightists and centrists. Whats the harm in having a Catholic windbag?

At the same time, everyone of us have the freedom to comment or not to comment on them. At the very least it is fun to read some of his posts :-)

റോബി said...

ഡീ‍ക്കന്റെ ബ്ലോഗില്‍ ഞാനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒന്നിലേറെ തവണ. അതൊന്നും ഡീക്കനെ പ്രകോപിപ്പിക്കാനായിരുന്നില്ല. ഡീക്കന്റെ ബ്ലോഗില്‍ നിന്നും മനസ്സിലാകുന്ന സഭാശബ്ദങ്ങളെല്ലാം പരിഹാസ്യമാണ്.സഭയില്‍ ചിലരുടെ ശബ്ദങ്ങളെ സഭയുടെ പൊതുശബ്ദമായി കരുതുന്നതിനോട് സഭയിലെ ഒരംഗം എന്ന നിലയില്‍ വിയോജിപ്പുണ്ട്. ഈ വിയോജിപ്പാണ് കമന്റിലൂടെ പറയാന്‍ ശ്രമിച്ചതും.

ഏകദേശം മുപ്പതിനടുത്ത പ്രായമുള്ള, വിദ്യാഭ്യാസമുള്ള ഒരു യുവാവ് ആര്‍ക്കൊക്കെയോ വേണ്ടി വാലാട്ടുന്നതുകാണുമ്പോള്‍ സഹതാപം മാത്രം.
കമന്റുകള്‍ എഴുതുന്നത് മറുപടി ഉണ്ടാവില്ല എന്നറിഞ്ഞു തന്നെ. [ബൈബിള്‍ സംബന്ധമായ ഒരു ചോദ്യം ചോദിച്ചിട്ടും മറുപടി കിട്ടിയില്ല..:)]

പതാലി said...

റോബിയേ...
ബൈബിള്‍ സംബന്ധമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അത്തരം കാര്യങ്ങളില്‍ താല്‍പര്യമുള്ള വേറെ ഡീക്കന്‍മാരും വൈദിക വിദ്യാര്‍ഥികളും ബൂലോകത്തുണ്ട്.ഇത് http://www.swargheeyam.blogspot.com/ ഒരു സാന്പിള്‍.
ഡീക്കന്‍ റൂബിന്‍ തിരക്കിലാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് ശല്യപ്പെടുത്തരുത്.

പിന്നെ കിരണേ,
ഒരു കൊച്ചു കുസൃതികൂടി. ഈ പോസ്റ്റിന്‍റെ ആദ്യത്തെ കമന്‍റിലെ ഒരു കൊച്ചു പിശകുണ്ട്.
തിരുത്തിയേര്. ഇനി അതിന്‍റെ പേരില്‍ ആര്‍ക്കും പരാതി വേണ്ട.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം said...

ഞാന്‍ സമാഹരിച്ചതും തനിയെ കുറിച്ചതുമയവ ആരെയെന്കിലും വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു.
ഞാന്‍ കംമുനിസ്ടുകരെ ക്കുറിച്ച് മാത്രമല്ല എഴുതിയിട്ടുള്ളത് ... സഭയെയും ദൈവ ശാസ്ത്രത്തെയും കുറിച്ചു എഴുതിയിട്ടുണ്ട് .... അതു വായിക്കാന്‍ ഇവടെപ്പൊകുക്

http://thottupuram.blogspot.com

Anonymous said...

കിരണ്‍,

ഒരു ഇഷ്യൂ വരുമ്പോള്‍ നമ്മള്‍ കഴിഞ്ഞത് മറക്കും എന്നു തോന്നുന്നു. കഴിഞ്ഞ കോണ്‍ഗ്രസിന്റെ സമയത്ത് മദ്യനയത്തിനെതിരായും പ്രത്യേകിച്ച് വക്കം പുരുഷോത്തമന്റെ പരാമര്‍ശങ്ങള്‍ക്കെതിരായും സഭ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അന്ന് സഭ രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് ആരോപണമുണ്ടായില്ല. അതേ സമയം മറുപക്ഷത്ത് ഇടതുപക്ഷം വന്നപ്പോള്‍ സഭ രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് ആരോപണമുണ്ടാവുന്നു. ഇതെന്തുകൊണ്ടാണ്?

വിദ്യാഭ്യാസരംഗത്തെ ഭരണപരിഷ്കാരങ്ങളാണ് സഭയുടെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയത്. വിദ്യാഭ്യാസരംഗത്ത് സഭാസ്ഥാപനങ്ങള്‍ എണ്ണത്തിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഒക്കെ മുന്‍‌പന്തിയില്‍ തന്നെയാണ്. ഒരു പക്ഷേ മറ്റ് ഏതൊരു സമുദായത്തിന്റെ സ്ഥാപനങ്ങളെ അപേക്ഷിച്ചും ആ സമുദായത്തിലെ അംഗങ്ങള്‍ പഠിയ്ക്കുന്നതും സഭയുടെ സ്ഥാപങ്ങളില്‍ തന്നെയാവും.

സ്വാശ്രയവിദ്യാഭ്യാസ നിയമം മുതലണ് ഈ സര്‍ക്കാരുമായി നിയമയുദ്ധത്തിന് സഭ മുതിരുന്നത്. അന്നും സഭയുടെ നിലപാടുകളെ കിരണ്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയിരുന്നു. എഴുപതോളം കമന്റുണ്ടായിരുന്ന കിരണിന്റെ ഒരു പോസ്റ്റില്‍ ഞാന്‍ മാത്രമായിരുന്നു സഭയുടെ നിലപാടുകളെ പിന്‍തുണച്ചത്. പ്രത്യേകിച്ച് പൌവ്വത്തില്‍ പിതാവിനെ ഇടതുപക്ഷം (പിണറായി) തേജോവധം ചെയ്തിരുന്നു എന്നു പറഞ്ഞാല്‍ അത് അധികമാവില്ല. നിര്‍ഭാഗ്യവശ്ശാല്‍ ഇവിടെ കിരണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ഓര്‍മ്മയുണ്ടാവില്ലെന്നും ഉണ്ടെങ്കില്‍ തന്നെ അത് ഓര്‍ക്കാന്‍ ആഗ്രഹമുണ്ടാവില്ലെന്നും ഞാന്‍ കരുതുന്നു. ഇതൊന്നും തെളിയിയ്ക്കാന്‍ എനിക്ക് ഒട്ടും താത്പര്യവുമില്ല. (അന്ന് രാധേയന്‍ എന്നെ സ്വാശ്രയാധിക്രമാനുകൂലി എന്നാണു വിളിച്ചത്.) ഏറ്റവും കുറവ് സ്വാശ്രയപ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഒരു പക്ഷേ ചങ്ങനാശ്ശേരി അതിരൂപതയ്ക്കാവും. അന്ന് ഒരു സ്വാശ്രയ എന്‍‌ജിനീയറിംഗ് കോളേജോ മെഡിക്കല്‍ കോളേജോ നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടൂകളെക്കുറിച്ച് (2000 ലോ 2001ലോ മറ്റോ ഉറപ്പില്ല) ഇടയലേഖനത്തില്‍ പൌവത്തില്‍ പിതാവു പറഞ്ഞിരുന്നു. എന്നിട്ടും സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ നയത്തിനെതിരെ ശബ്ദമുയര്‍ത്തിയത് പൌവത്തില്‍ പിതാവായിരിയ്ക്കും. അന്നു പൌവത്തില്‍ പിതാവ് ഉയര്‍ത്തിയ ഭരണാഘടനാപരവും മൌലീകവുമായ അവകാശ വാദങ്ങളെ ശരിവയ്ക്കുന്ന രീതിയിലാണ് കോടതി വിധി ഉണ്ടയത് എന്നു മറക്കരുത്. അതുകൊണ്ട് കേവലം ചര്‍ച്ചയില്‍ ഭൂരിപക്ഷമുണ്ടാവുന്ന ആശയമാണ് ശരിയെന്നോ തന്റെ യുക്തിതോന്നുന്നതു മാത്രമാണ് ശരിയെന്നോ ആരും കരുതരുത്. അതുകൊണ്ടു തന്നെ സര്‍ക്കാരുകളുടെ ഭരണഘടനാ പ്രതിപത്തിയെക്കുറീച്ച് എനിയ്ക്ക് ന്യായമായും സംശയങ്ങളുണ്ട്.
(തുടരും)

N.J ജോജൂ said...

സഭയുടെ നിലപാടുകളെ പിന്തുണച്ചപ്പോള്‍ പോലും എന്റെ യുക്തിയ്ക്കു നിരക്കാത്ത ഒരു വാദത്തെയും ഞാന്‍ അനുകൂലിച്ചതായി ഓര്‍ക്കുന്നില്ല.

വിമോചന സമരത്തെക്കുറിച്ച് കിരണിന്റെ പ്രായം മാത്രമുള്ള ഡീക്കന്‍ എന്തു മറൂപടി പറയാന്‍.

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ചരിത്രകാരനായ എം.ജി.എസ് വിമോചനസമരത്തെ ഏറ്റവും ജനാധിപത്യപരമായ രീതിയില്‍ നടന്ന സമരമായി ചിത്രീകരിച്ചാല്‍ നമ്മള്‍ പറയും അത് അദ്ദേഹം കമ്യൂണിസ്റ്റു വിരോധിയാണെന്ന്. അഥവാ വിമോചനസമരത്തെ ആരെങ്കിലും എതിര്‍‌ത്തു പറഞ്ഞാല്‍ നമ്മള്‍ അപ്പാടെ അംഗീകരിയ്കുകയും ചെയ്യുന്ന നിലപാടാണ് കണ്ടുവരുന്നത്.

ഒരു കാലഘട്ടത്തിലെ സാംസ്ക്കാരിക നായകന്മാരും ബുദ്ധിജീവികളുമൊക്കെ ഇടതുപക്ഷക്കാരോ ഇടതുപക്ഷസഹയാത്രികരോ ഒക്കെ ആയതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു നിഷ്പക്ഷമായ ഒരു കാഴ്ചപ്പാട് പൊതുസമൂഹത്തിനുണ്ടാവാനും പ്രയാസമുണ്ട്. നിറം മാറുന്ന രാഷ്ട്രീയക്കാരെ വിശ്വസിയ്ക്കാനും ബുദ്ധിമുട്ടൂണ്ട്. നിഷ്പക്ഷമെന്നു നാം കരുതുന്നവരുടെ പോലും വ്യക്തിപരമായ അഭിപ്രായമേ അറിയാനാവൂ, അതുപോലും ബയാസ്ഡ് ആയി കൂടെന്നില്ല(കിരണ്‍ നിഷ്പക്ഷമെന്നു പരിചയപ്പെടുത്തിയ പുസ്തകത്തെക്കുറീച്ചാണ് പരാമര്‍ശിയ്ക്കുന്നത്).

ഇന്നു ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിയ്ക്കുന്ന ഒട്ടുമിക്ക രാഷ്ട്രീയസംഘടനകളും സമുദായസംഘടനകളും പിന്തുണച്ച ഒരു സമരത്തെ ഒരു കാലത്തും ഒറ്റയടിയ്ക്ക് തള്ളിപ്പറയണമെങ്കില്‍ അതിനെ അവസരവാദമെന്നു പറയേണ്ടീ വരും. കാരണം അന്ന് അവര്‍ക്ക് അതിനെ പിന്തുണയ്ക്കാന്‍ മതിയായ കാരണങ്ങളുണ്ടായിരുന്നു. മാറിവന്ന രാഷ്ട്രീയസമവാക്യങ്ങളുടെയും സാഹചര്യങ്ങളുടെയും ഫലമായി ഇന്ന് തള്ളിപ്പറയേണ്ടീയും വരുന്നു.

കേഡര്‍ സ്വഭാവവും കര്‍ശനമായ അച്ചടക്ക നടപടികളും ഉള്ള ഒരു പാര്‍ട്ടിയെക്ക് കത്തോലിയ്ക്കാ സഭയെക്കാള്‍ അസത്യപ്രചരണത്തിനുള്ള സാധ്യതകളുമുണ്ട്.

N.J ജോജൂ said...

"ബ്ലോഗുകളിലൂടെ ജോജുവിനെപ്പോലെ ഉള്ളവര്‍ മാത്രമല്ല വലിയൊരു വിഭാഗം ആളുകള്‍ ഇതൊക്കെ കാണുന്നുണ്ട്‌."

കിരണ്‍,

കാണട്ടെ കിരണ്‍, അവര്‍ തീരുമാനിയ്ക്കട്ടെ. പക്ഷേ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഒരു വിഭാഗത്തിനേ ഉള്ളൂ എന്നു പറയരുത്. കിരണ്‍ ഉള്‍പ്പെടെ ഇവിടെ കമന്റു ചെയ്തവര്‍ പലരും ഇടതുപക്ഷ അനുഭാവികളാണ്, അഥവാ എനിയ്ക്ക് ഒരു പക്ഷമേയുള്ളൂ അത് ഇടതു പക്ഷമാണ് അന്ന് അഭിപ്രായക്കാരാണ്. അതുകൊണ്ടൂ തന്നെ നിഷ്പക്ഷമാവണമെന്ന് ആഗ്രഹിയ്ക്കുമ്പോള്‍ പോലും മുന്‍‌വിധികളും രാഷ്ട്രീയവും ഒക്കെ കടന്നുവരും. അത് സ്വാഭാവികമാണ്. അതുകൊണ്ട് മറുപക്ഷം പറയുന്ന ശരികളെപ്പോലും അംഗീകരിയ്ക്കാനാവാതെ വരും.

മറ്റൊരു പ്രശ്നം കൂടിയുണ്ട് സഭയെക്കുറിച്ച് എന്റെങ്കിലും പറയുമ്പോള്‍. മറുപടി പറയേണ്ടീ വരുന്നത് പലരോടാണ്.
1. രാഷ്ട്രീയക്കാര്‍
2. അരാജകത്വ വാദികള്‍
3. സഭാവിരോധികള്‍
4. മതവിരോധികള്‍
5. നിരീശ്വരന്മാര്‍
6. സ്വതന്ത്ര ചിന്താഗതിയുള്ള സഭാവിശ്വാസികള്‍
7. സഭയുടെ വാദങ്ങള്‍ മനസിലാക്കത്തവര്‍
8. ന്യായമായ അവകാശങ്ങളെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഒന്നും അറിയാത്തവര്‍.
9. തെറ്റിദ്ധരിയ്ക്കപ്പെട്ടവര്‍.
10.വ്യക്തിപരമായി സഭാനേതൃത്വത്തിനോടു എതിര്‍പ്പുള്ളവര്‍
11.വിമോചന ദൈവശാസ്ത്രാ‍നുഭാവികള്‍
...........


അപ്പോ ഇതൊക്കെ ഇവിടെ കിടക്കട്ടെ കാലം തീരുമാനിയ്ക്കട്ടെ ശരിയും തെറ്റും.

മൂര്‍ത്തി said...

കേരളത്തിലെ ഏറ്റവും പ്രശസ്തനായ ചരിത്രകാരനായ എം.ജി.എസ് വിമോചനസമരത്തെ ഏറ്റവും ജനാധിപത്യപരമായ രീതിയില്‍ നടന്ന സമരമായി ചിത്രീകരിച്ചാല്‍ നമ്മള്‍ പറയും അത് അദ്ദേഹം കമ്യൂണിസ്റ്റു വിരോധിയാണെന്ന്.

ശ്രീ. എം.ജി.എസ്സിനു സംഘപരിവാറിനോടുള്ള അടുപ്പം രഹസ്യമല്ലല്ലോ. തങ്ങള്‍ ഒരു കാലത്ത് ചെയ്തത് (ഉദ:വിമോചന സമരം) തെറ്റായിരുന്നുവെന്ന് അത് ചെയ്തവര്‍ പിന്നീട് സമ്മതിക്കുമ്പോള്‍, അതിനെ അവസരവാദമായി കാണുന്നത് പൂര്‍ണ്ണമായും ശരിയാണെന്ന് തോന്നുന്നില്ല. വിമോചന സമരം ശരിയായിരുന്നു എന്ന് ഇന്നും വാദിക്കുന്നവരുടെ ആവശ്യം മാത്രമേ അത്തരത്തിലുള്ള വിലയിരുത്തല്‍ ആകുന്നുള്ളൂ. വിമോചനസമരം തെറ്റായിരുന്നു എന്ന് പറയുന്നതിനെ അംഗീകരിക്കാത്ത ജോജു അനുകൂലിക്കുന്നവരെക്കുറിച്ച് അന്നും എതിരായി പറഞ്ഞ് കണ്ടില്ല.

ജോജു പറഞ്ഞ “പലര്‍ക്കും മറുപടി പറയണം“ എന്ന പ്രശ്നം എല്ലാവര്‍ക്കും ഉള്ളതാണ്. ഒരു സ്റ്റാന്‍ഡ് എടുക്കുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികമായ പ്രശ്നം. ഇടതിനെയോ വലതിനെയൊ അനുകൂലിച്ചാലും ഈ പ്രശ്നം ഉണ്ട്.

സജി said...

ഡീകനെ എങ്ങിനെയാണു വെറുതെ വിടുക!പറ്റില്ല!!

ഒന്നു നോക്കണേ...

http://kapatanmar.blogspot.com/2008/05/blog-post_23.html

മാരീചന്‍‍ said...

ഡീക്കനെ വെറുതേ വിടുക എന്ന കിരണിന്റെ ആഹ്വാനത്തിലെ ക്രൂരമായ നര്‍മ്മം മനസിലാക്കുന്നു.

അല്‍പം കൂടി ആലോചിച്ചാല്‍ ആ "വെറുതേ വിടുക" എന്ന ആഹ്വാനത്തിന്റെ ചരിത്രപരമായ പൊരുളും നമുക്ക് പിടികിട്ടും. ബ്ലോഗില്‍ കമന്റുകളിലൂടെ അഭിപ്രായം പറയുന്നവര്‍ക്ക് ആരെയും ശിക്ഷിക്കാനോ രക്ഷിക്കാനോ ആവില്ല. ചില വാദമുഖങ്ങള്‍ക്ക് എതിര്‍വാദം പറയേണ്ടി വരും. വാദത്തിലും എതിര്‍വാദത്തിലും സ്വാഭാവികമായും അവനവന്റെ രാഷ്ട്രീയ നിലപാടും പ്രതിധ്വനിക്കും. അതൊക്കെ ജനാധിപത്യ സമൂഹത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ സ്വാഭാവികവുമാണ്. ബ്രൂണോയുടെയും ഗലീലിയോയുടെയും കാലമൊന്നുമല്ലല്ലോ ഇപ്പോള്‍.

ബ്രൂണോയെ വെറുതേ വിടുക. ഗലീലിയോയെ വെറുതേ വിടുക മുതലായ ആഹ്വാനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഡീക്കനെ വെറുതേ വിടുക എന്ന ആഹ്വാനത്തില്‍ കിരണ്‍ പ്രയോഗിച്ചിരിക്കുന്ന പരിഹാസത്തിന്റെ മൂര്‍ച്ച പിടികിട്ടും. സഭ അവരോട് ചെയ്തതുപോലെ നമുക്ക് ഡീക്കനോട് ചെയ്യാനാകുമോ? ഇല്ലേയില്ല.

ഇതിനോട് ചേര്‍ത്ത് പറയാവുന്ന വേറൊരു മറുവാദമുണ്ട്. അത് സ്റ്റാലിന്റെയും മറ്റ് അനേകം സ്വേച്ഛാധികാരികളായ കമ്മ്യൂണിസ്റ്റുകാരുടെയും രക്തത്തിലുളള, എതിര്‍പ്പിനോടുളള വൈരവും ജനാധിപത്യത്തോടുളള അസഹിഷ്ണുതയുമാണ്.

കമ്മ്യൂണിസ്റ്റുകാര്‍ക്ക്, കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ഭരണാധികാരികളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ വൈരം എങ്ങനെയുണ്ടായി എന്ന് പലരും പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് സംഘടനാ ചട്ടക്കൂടിന്റെ പേറ്റന്റ് പതിഞ്ഞു കിടക്കുന്നത് ക്രൈസ്തവ സഭകളുടെ അധികാര ഘടനയിലാണെന്ന് അവരില്‍ ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. മെത്രാനെ എതിര്‍ത്താല്‍ കിട്ടുന്ന ശിക്ഷ തന്നെയാണ് സോവിയറ്റ് യൂണിയനില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ എതിര്‍ത്താലും കിട്ടിയിരുന്നത്.

ചോദ്യം ചെയ്യലുകളെ, എതിര്‍പ്പിന്റെ സ്വരങ്ങളെ സഭ എങ്ങനെയാണോ അടിച്ചമര്‍ത്തുന്നത് അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകാരും പിന്തുടരുന്നത്. ചുരുക്കത്തില്‍ കമ്മ്യൂണിസത്തില്‍ സ്വേച്ഛാധിപത്യത്തിന്റെ ഫംഗസ് പടര്‍ന്നത് സഭയില്‍ നിന്നത്രേ!

സ്വഭാവത്തില്‍, പെരുമാറ്റത്തില്‍, പ്രവൃത്തിയില്‍ സഹോദര സ്ഥാനമുളളവരാണ് ഭരണകൂട കമ്മ്യൂണിസവും കത്തോലിക്കായിസവും. ചത്തതിനു ശേഷം കിട്ടുന്ന സ്വര്‍ഗരാജ്യത്തെക്കുറിച്ച് വാചാലമായി പ്രസംഗിച്ച് സഭാ നേതൃത്വം മനുഷ്യനെ വ്യഭിചരിക്കുമ്പോള്‍ ഇഹലോക ഉഡായിപ്പുകളിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കണ്ണ്.

ഡീക്കന്റെ വാദങ്ങളിലും വാചകങ്ങളിലും ഒന്നു സൂക്ഷിച്ചു നോക്കൂ. അസഹിഷ്ണുവായ ഒരു സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ കാണാനാകുന്നില്ലേ നിങ്ങള്‍ക്ക്.

ഭൂമി ഉരുണ്ടതാണെന്നും ഭൂമി കറങ്ങുന്നുവെന്നും ഭൂമി സൂര്യനെയാണ് ചുറ്റുന്നത്, മറിച്ചല്ലെന്നും പറഞ്ഞത് നിരീക്ഷണങ്ങളുടെ വെളിപ്പെടലായിരുന്നു. അതാകട്ടെ വേദപുസ്തക വിരുദ്ധവും. അവര്‍ക്കുണ്ടായ വിധിയെന്തെന്ന് നമുക്കറിയാം. പുരോഹിതന്മാരെ ചോദ്യം ചെയ്തവര്‍ക്ക് ശിക്ഷ കഠിനമായിരുന്നു, അവര്‍ക്ക് അധികാരമുണ്ടായിരുന്ന കാലത്ത്.

ആ വ്യവസ്ഥയുടെ വികലമായ അനുകരണങ്ങളായിരുന്നു കമ്മ്യൂണിസത്തിന്റെ മറവില്‍ സ്റ്റാലിനടക്കം നടപ്പാക്കാന്‍ ശ്രമിച്ചതും.

കുറേക്കൂടി വ്യക്തമാക്കിയാല്‍, കത്തോലിക്കാ സഭ അനുവര്‍ത്തിച്ചു വന്ന സംഘടനാ ചട്ടക്കൂട് കമ്മ്യൂണിസത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഫലം സോവിയറ്റ് യൂണിയനിലും മറ്റനേകം കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സ്വാഭിപ്രായങ്ങളുടെയും നിലപാടുകളുടെയും പേരില്‍ ജനങ്ങള്‍ ആയുസെത്തും മുമ്പ് പരലോകം പൂകി.

സംഘടനാ ഘടനയില്‍ തങ്ങളെ കോപ്പിയടിച്ചവരോടുളള ഒടുങ്ങാത്ത പകയാണ് സഭയ്ക്ക് കമ്മ്യൂണിസ്റ്റുകാരോടുളളത്. ഒരുതരം സഹോദര നിര്‍വിശേഷമായ വൈരം. ബൗദ്ധിക സ്വത്തവകാശത്തിന്റെ നഗ്നമായ ലംഘനത്തിലുളള കുടിപ്പകയെന്നും പറയാം.

മഹാഭാരതത്തിലെ കൗരവ പാണ്ഡവ യുദ്ധത്തെ നമുക്ക് ഈ യുദ്ധവുമായി താരതമ്യം ചെയ്യാം. ലോകാധികാരത്തിനു വേണ്ടി സഹോദരങ്ങള്‍ തമ്മിലുളള പോരിന്റെ മറ്റൊരു രൂപം.

ഈ ലോകത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വര്‍ഗം പണിതാല്‍, ലോകത്ത് എത്രകോടി ളോഹകള്‍ അന്യാധീനമാകുമെന്ന് ആലോചിച്ചു നോക്കുക. എത്രകോടി ആളുകള്‍ക്ക് പണിയില്ലാതാകും? ഡീക്കനൊക്കെ പഠിക്കുന്നതും ചില ലക്ഷ്യങ്ങള്‍ നേടാനാണല്ലോ.

ആത്മീയതയുടെ ട്യൂഷന്‍ക്ലാസില്‍ വിദ്യാര്‍ത്ഥികളില്ലെങ്കില്‍ ഡീക്കന്മാര്‍ തെണ്ടിപ്പോകും. മൈല്‍ക്കുറ്റിയെയും മരക്കുറ്റിയെയും നോക്കി സുവിശേഷം പറയാനാവില്ല. കണ്ടന്‍പൂച്ചയ്ക്കും ചാവാലിപ്പട്ടിക്കും സ്വര്‍ഗരാജ്യം കിട്ടാന്‍ കോടിക്കണക്കിന് ഡീക്കന്മാര്‍ ഊണും ഉറക്കവും കളഞ്ഞ് അധ്വാനിക്കേണ്ട കാര്യവുമില്ല. വയറ്റുപ്പിഴപ്പ് തന്നെയാണ് പ്രശ്നം. വിശപ്പില്‍ നിന്നും വിമോചനം നേടാനുളള സോഫ്റ്റ്വെയര്‍ കണ്ടുപിടിച്ചാല്‍ എല്ലാ ഇസത്തിന്റെയും ആപ്പീസ് പൂട്ടുമല്ലോ.

ഇനി, കം ടു സം അദര്‍ പോയിന്റ്സ്.

ചില വാചകമടികളൊക്കെ കേള്‍ക്കുമ്പോള്‍ ചിലരുടെ പൂര്‍വാശ്രമം തേടിപ്പോകുന്ന മനോരോഗികളുണ്ട്. മാരീചനൊക്കെ കലശലായുളളത് ആ മനോരോഗമാണ്. ആ രോഗമുളളതു കൊണ്ടാണ് വിമോചന സമരത്തിന്റെ ചരിത്രം അന്വേഷിച്ച് പോകേണ്ടി വരുന്നതും.

വെളളയപ്പവും താറാവിറച്ചിയും തിന്ന് ഒന്നാന്തരം വീഞ്ഞും കുടിച്ച് മനസ് നിറഞ്ഞിരിക്കുമ്പോള്‍ സകലരെയും സഹോദരരെ എന്ന് സംബോധന ചെയ്യുന്ന അച്ചന്‍മാര്‍ക്ക്‍,
"ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു
റൗഡിത്തൊമ്മാ സൂക്ഷിച്ചോ" എന്നും
"പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
ചാത്തന്‍ പൂട്ടാന്‍ പൊക്കോട്ടെ
ചാക്കോ നാടു ഭരിക്കട്ടെ" എന്നും വിളിക്കാന്‍ നാവു പൊന്തിയതെങ്ങനെ എന്ന് ആലോചിക്കാന്‍ തോന്നുന്നതിനു കാരണം മനോരോഗമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

സി പി രാമസ്വാമി അയ്യരെ വരെ കത്തോലിക്കാ സഭ വരച്ച വരയില്‍ നിര്‍ത്തിയിട്ടുണ്ട് എന്നൊക്കെ ഡീക്കനെപ്പോലെ "സത്യം മാത്രം പറയുന്ന ളോഹവേഷങ്ങള്‍" വെച്ചു കീറുമ്പോള്‍, സി പിയുടെ മുന്നില്‍ കുമ്പസരിച്ച് കാളശേരി പിതാവ് പുറത്തിറക്കിയ രണ്ടാം ഇടയലേഖനത്തിലെ വാക്കും വാചകങ്ങളും തപ്പിപ്പോകാന്‍ തോന്നുന്നത് ചെകുത്താന്റെ പ്രേരണയല്ലെങ്കില്‍ പിന്നെന്താണ്?

വിമോചന സമരത്തിനും മുമ്പായിരുന്നല്ലോ സ്വാതന്ത്ര്യ സമരം. ആ കാലവും ചരിത്രത്തില്‍ കിടന്ന് ചിലരെ നോക്കി പല്ലിളിച്ച് ചിരിക്കുന്നുണ്ട്. മഷിയുണങ്ങിയെങ്കിലും അക്ഷരങ്ങള്‍ക്കിപ്പോഴും വജ്രത്തിന്റെ തിളക്കം.

മിഷനറി പ്രവര്‍ത്തനങ്ങളുടെ നന്മയും അത് വിദ്യാഭ്യാസത്തിലും സാമൂഹ്യ നവോത്ഥാന രംഗത്തും വരുത്തിയ മാറ്റങ്ങളും സര്‍വാത്മനാ അംഗീകരിച്ചാല്‍ പോരെ, സ്വാതന്ത്ര്യ സമരകാലത്തെ മിഷണറിമാരുടെ ചെയ്തുകളെന്തെന്ന് ചികഞ്ഞു നോക്കുന്നതെന്തിന് എന്ന് ഇത് വായിക്കുന്നവര്‍ ചോദിച്ചേക്കാം. മനോരോഗികള്‍ക്ക് ചെകുത്താന്‍ബാധയേറ്റാല്‍ എന്തൊക്കെ സംഭവിച്ചു കൂടാ.

ജാലിയന്‍വാലാ ബാഗ് ദുരന്തത്തെ ന്യായീകരിച്ച മിഷണറി പ്രവര്‍ത്തനം, സ്വാതന്ത്ര്യ സമര ഭൂവില്‍ ഒരു അവധൂതനെപ്പോലെ അവതരിച്ച ഗാന്ധിജിയെ "മിസ്റ്റര്‍ ഗാന്ധി"യെന്ന് സംബോധന ചെയ്ത് (മനോരമ പിന്നീട് കടമെടുത്ത ഈ പ്രയോഗത്തിന്റെ പേറ്റന്റ് The Harvest Field എന്ന മിഷണറി ജേര്‍ണലിനാണ്. 1921 മെയില്‍ പുറത്തിറങ്ങിയ ലക്കത്തില്‍ "മിസ്റ്റര്‍ ഗാന്ധിയുടെ പഠിപ്പീരുകള്‍" - Mr Gandhi's Teachings-"കൂട്ടക്കുഴപ്പവും അരാജകത്വവും മാത്രമേ" - chaos and anarchy- രാജ്യത്തുണ്ടാക്കൂ എന്ന് നിരീക്ഷിച്ചിട്ടുണ്ട്) ഗാന്ധിയെ നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഭരണകൂടത്തിന് പ്രശ്നങ്ങളുണ്ടാകുമെന്ന് ബ്രിട്ടീഷ് തമ്പുരാന്മാരെ ലേഖനമെഴുതി ഓര്‍മ്മിപ്പിച്ച ക്രാന്തദര്‍ശിത്വവും ചെകുത്താന്റെ കണ്ണുകളുണ്ടെങ്കില്‍ നിങ്ങള്‍ക്കും കാണാം. മനോരോഗിയായിരിക്കണമെന്നത് പ്രത്യേകം പറയേണ്ടല്ലോ.

ഗാന്ധിജിയുടെ സത്യഗ്രഹത്തില്‍ "പോസിറ്റീവോ കണ്‍സ്ട്രക്ടീവോ" ആയ യാതൊന്നും ഇല്ലെന്ന് വിധിയെഴുതിയിട്ടുണ്ട് പഴയ ഡീക്കന്മാര്‍. ഗാന്ധിജിയെ അന്ന് വിലയിരുത്തിയ മിഷണറിമാരുടെ വാചകങ്ങള്‍ പകര്‍ത്തിയാല്‍ ദാ ഇങ്ങനെയിരിക്കും, "an anarchist at heart prone to mental confusion."

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ നിന്നുണ്ടായ ആത്മരോഷമാണ് ഭഗത് സിംഗിനെ കൊലക്കയറിലേയ്ക്ക് നയിച്ചത്. ഭഗത് സിംഗ് കൊലക്കയറിലേയ്ക്ക് സധൈര്യം നടന്നപ്പോള്‍ മിഷനറിമാര്‍ കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ അഹോരാത്രം പരിശ്രമിച്ചു.

സര്‍ മൈക്കേല്‍ ഒ ഡയര്‍ എന്ന പഞ്ചാബ് ഗവര്‍ണര്‍ ജനറല്‍ ഡയര്‍, സഭയ്ക്ക് അന്നത്തെ ഉമ്മന്‍ചാണ്ടിയായിരുന്നു. യംഗ് മെന്‍ ഓഫ് ഇന്ത്യയെന്ന മിഷണറി ജേര്‍ണലില്‍ ജാലിയന്‍വാലാ ബാഗ് ദുരന്തത്തെ അധികരിച്ച് പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ജനറല്‍ ഡയറിനെ the strongest and best ruler the country has had in modern times എന്ന് വിശേഷിപ്പിച്ചാണ് ന്യായീകരിച്ചത്. "the only means of saving life" എന്നായിരുന്നു കൂട്ടക്കൊലയെക്കുറിച്ച് മിഷണറിമാരുടെ സാക്ഷ്യം.

എത്രയും വേഗം ജനത്തെ കൂട്ടത്തോടെ സ്വര്‍ഗരാജ്യത്തിലെത്തിക്കാന്‍ വെടിവെപ്പു പോലെ എളുപ്പവഴി ഏതുണ്ട് വേറെ?

എന്നാല്‍ 1959 ജൂണ്‍ 13ന് അങ്കമാലിയിലെ വെടിവെപ്പില്‍ പാപ്പച്ചനും ദേവസിയും കൊച്ചു വറീതും പളളന്‍ വറീതും പൈലിയും കൊല്ലപ്പെട്ടപ്പോള്‍ കളി മാറി. "അങ്കമാലി കല്ലറയില്‍ ഞങ്ങടെ സോദരരുണ്ടെങ്കില്‍, കല്ലറയാണേ കട്ടായം, പകരം ഞങ്ങള്‍ ചോദിക്കും" എന്നായി സഭ. (നമ്മുടെ ആളുകളെ സ്വര്‍ഗത്തെത്തിക്കാന്‍ നമുക്കറിയാം. അതിനല്ലേ പരശതം ഡീക്കന്മാര്‍ പെടാപ്പാടൊക്കെ പെടുന്നത്).
ജനറല്‍ ഡയര്‍ വേറെ, ഇഎംഎസ് നമ്പൂരി വേറെ.

പളളി വേറെ പാതിരി വേറെയെന്ന് അണലി സന്തതികള്‍ കളിയാക്കുന്നത് ഈ നിലപാടിനെയാണ്. എല്ലാമൊന്നും എല്ലാവര്‍ക്കും ബോധ്യപ്പെടണമെന്നില്ല.

ഗാന്ധിജിയുടെ സത്യഗ്രഹത്തെ ക്രൈസ്തവ വിരുദ്ധമെന്ന് വിളിച്ച് അധിക്ഷേപിച്ച പാരമ്പര്യവും ഡീക്കന്‍ സംഘത്തിനുണ്ട്.

ചെകുത്താന്‍ ബാധയും മനോരോഗവുമുളളവര്‍ ഈ വിധം ചരിത്രം ചികഞ്ഞു തുടങ്ങിയാല്‍ ഒരു ജോജു എത്രകാലം മറുപടി പറയും? പറഞ്ഞാല്‍ തന്നെ ആരുടെ ചെവിയില്‍ കേറും?

പാപികളുടെ ഹൃദയത്തില്‍ ‍ജ്ഞാനം പ്രവേശിക്കില്ലെന്ന് വേദപുസ്തകവും പറയുന്നു.

ഇനി പറയൂ, ഡീക്കനെ വെറുതേ വിടാന്‍ നമുക്ക് അധികാരമുണ്ടോ?

യാരിദ്‌|~|Yarid said...

....

Anonymous said...

അതെന്താ കിരണേ ഡീക്കനു അഭിപ്രായ സ്വാതത്ര്യം ഇല്ലേ? അതോ അച്ചന്‍കുഞ്ഞായതുകൊണ്ട് വിവരമില്ല എന്ന് അങ്ങ് തീരുമാനിച്ചോ?

തുറന്നു പറഞ്ഞാല്‍ കിരണിതുവരെ നിഷ്പക്ഷമായി ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല എന്നാണു എന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ഇഷ്ടവിഷയം മുരിങ്ങൂര്‍ ആയിരുന്നു. അല്ലെങ്കില്‍ പിണറായിയെ (മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ) പുകഴ്ത്തിയുള്ളത്.

ചെകുത്താന്‍ ബാധയും മാനസിക രോഗവുമുണ്ടെന്നു സമ്മതിച്ച മാരീചാ,

പാപികളുടെ ഹൃദയത്തില്‍ ‍ജ്ഞാനം പ്രവേശിക്കില്ല. സത്യം!!!

റോബി said...

മാരീചാ,,
ഈ കമന്റൊരു പോസ്റ്റാക്കാമോ?
സമയമുണ്ടെങ്കില്‍ അല്പം കൂടി വികസിപ്പിച്ച്..

vidushakan said...

കിരണേ ഡീക്കനെ വെറുതെ വിടാന്‍ പാടില്ല.
കാരണം ഇവര്‍ പടച്ചു വിടുന്ന കള്ളങ്ങള്‍ വിശ്വസിക്കാന്‍ ശുദ്ധാത്മാക്കള്‍ക്ക് തോന്നും.
അച്ചന്മാരുടെയും കൊച്ചച്ചന്മാരുടെയും നുണകള്‍ അവര്‍ സത്യമായെടുക്കും..
അതുകൊണ്ട് ഉറക്കെ ശബ്ദിക്കുക തന്നെ വേണം.
കിരണിന്റെ ബ്ലോഗ് ഇന്നാണ് കാണുന്നത്.
ഞാനൊരു പുതിയ ബ്ലോഗറാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

വിമോചന സമരത്തെ തള്ളിപ്പറഞ്ഞവരില്‍ അതില്‍ പങ്കെടുത്ത പല പ്രമുഖരും ഉണ്ട്‌ ജോജൂ. അതില്‍ ജസ്റ്റിസ്‌ കെ.ടി. തോമസുണ്ട്‌ എ.കെ ആന്റണിയുണ്ട്‌ ഫാ: വടക്കനുണ്ട്‌. ഇതൊക്കെ ചരിത്രവുമാണ്‌. പിന്നെ MGS നാരയണന്റ ചരിത്രമേ ജോജൂ വിശ്വസിക്കൂ എനിങ്കില്‍ എനിക്ക്‌ ഒന്നും പറയാനില്ല. പക്ഷെ ജോജൂ പറഞ്ഞ മറുവാദം വേറോരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍ SFI നടത്തുന്ന അക്രമണ സമരങ്ങളെയും ന്യായികരിക്കാന്‍ കഴിയും. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഗവണമെന്റിനെ പുറത്താക്കാന്‍ നാട്ടില്‍ അക്രമണ സമരവും 18 പേരുടെ ജീവനും ഒക്കെ കളഞ്ഞ ആ സമരം തികച്ചും ജനാധിപത്യ വിരുദ്ധമായിരുന്നു. ആ സമരത്തില്‍ അന്ന് വിളിച്ച മുദ്രാവാക്യത്തിന്റ സാമ്പിള്‍ ഒക്കെ മരീചന്‍ പറഞ്ഞത്‌ കണ്ടു കാണുമല്ലോ. ജാതി ചിന്തയും നിലവാരമില്ലായ്മയുമൊക്കെ അതില്‍ മുഴച്ച്‌ നില്‍പ്പുണ്ട്‌. ആത്മീയത എന്നൊക്കെപ്പറഞ്ഞ്‌ മുറവിളി കൂട്ടുന്നവരുടെ വായില്‍ നിന്ന് വന്നതിന്റ സാമ്പിളുകളാണവ. അപ്പോള്‍ അല്‍പമൊക്കെ ചരിത്ര ബോധമുള്ളവര്‍ അഭിവന്ദ്യ പിതാക്കാന്മാരുടെ ഇതേ രീതിയില്‍ രണ്ടാമതൊന്നിന്റ ആഹ്വാനങ്ങളുമായി ഇറങ്ങുമ്പോള്‍ കണ്ടു നില്‍ക്കില്ല.

സഭയുടെ പല പ്രതികരണങ്ങളും സമരങ്ങളും ഏതാണ്ടിതു പോലെയാണ്‌. പിതാക്കന്മാരുടെ ഭാഷ പലപ്പോഴും മോശമാണ്‌. രണ്ടാം വിമോചന സമരാഹ്വാനം നടത്തിയിട്ടുള്ള താഴത്തില്‍പ്പിതവും അച്ചാരു പറമ്പിലിന്റയും പ്രസ്താവനകള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. അവകാശ സംരക്ഷണ റാലിയില്‍ ഒന്നില്‍ മത്തായി ചാക്കോയുടെ വിഷയം കൊണ്ടുവന്ന് വിവാദത്തിന്‌ തിരി കൊളുത്തിയതും ഒരു പിതാവാണ്‌. പിണറായുടെ ഭാഷയേപ്പറ്റി വ്യാകുലപ്പെടുന്നവര്‍ ഒരു ആവശ്യവുമില്ലാതെ മത്തായി ചാക്കോയേപ്പറ്റി നടത്തിയ പരാമര്‍ശത്തെപ്പറ്റി മറന്നു പോകുന്നു.

ഇനി സഭ രാഷ്ട്രീയ കളിക്കുന്നതിന്റ ഒരു സാമ്പിള്‍. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം നടന്ന റെയ്‌ഡിനെ സഭ എങ്ങനെയാണ്‌ നേരിട്ടത്‌ എന്നറിയാമല്ലോ. അതും സ്വയാശ്രയ വിഷയുമായി ബന്ധിപ്പീച്ച്‌ തിരുവമ്പാടി ഉപ തിരഞ്ഞെടുപ്പില്‍ കൂടരഞ്ഞി പള്ളി വികാരി നടത്തിയ പ്രചരണങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ?

അച്ചങ്കുഞ്ഞായതിനാല്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലയെന്നൊ വിവരമില്ല എന്നൊന്നും എനിക്കഭിപ്രായമില്ല.ഡീക്കന്‍ ഇട്ട പോസ്റ്റുകളില്‍ കണ്ട ചില വസ്തുതാപരമായ്‌ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു. കമന്റ്‌ ഓപ്ഷന്‍ കണ്ടതിനാല്‍ ഇട്ടതാണ്‌. എന്നാല്‍ ഡിക്കന്റ പ്രതികരണം കണ്ടപ്പോള്‍ അത്‌ വേണ്ടായിരുന്നു എന്ന് തോന്നി. അത്രമാത്രം. ഇനി ഞാന്‍ എഴുതിയ പോസ്റ്റുകളേപ്പറ്റി ഉള്ള മാന്യ അനോണിയോട്‌ എനിക്ക്‌ പറയാനുള്ളത്‌ ആ പോസ്റ്റ്കളില്‍ ഒക്കെ കംന്റുകളിലൂടെ ഞാന്‍ സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ചോദ്യങ്ങള്‍ക്ക്‌ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്‌. അല്ലാതെ കമന്റിട്ടവരെ കളിയാക്കി പോസ്റ്റിട്ടില്ല. മാത്രവുമല്ല തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുത്തിയിട്ടുണ്ട്‌ മാപ്പ്‌ പറഞ്ഞിട്ടുണ്ട്‌.

ഇനി നമുക്ക്‌ ഡിക്കന്റ ബ്ലോഗിനെപ്പറ്റി സജി പറഞ്ഞ കാര്യങ്ങള്‍ എല്ലാവറു ശ്രദ്ധിച്ച്‌ കാണുമല്ലോ. പ്രത്യേകിച്ച്‌ ഡിക്കന്റ ബ്ലൊഗിലെ ഒപ്പിനിയന്‍ പോലിനെപ്പറ്റി.

മരീചനോട്‌ എനിക്കൊന്നും പറയാനില്ല.

N.J ജോജൂ said...

"അതില്‍ ജസ്റ്റിസ്‌ കെ.ടി. തോമസുണ്ട്‌ എ.കെ ആന്റണിയുണ്ട്‌ ഫാ: വടക്കനുണ്ട്‌. ഇതൊക്കെ ചരിത്രവുമാണ്‌. പിന്നെ MGS നാരയണന്റ ചരിത്രമേ ജോജൂ വിശ്വസിക്കൂ എനിങ്കില്‍ എനിക്ക്‌ ഒന്നും പറയാനില്ല."

കിരണ്‍,

നമ്മള്‍ വിമോചനസമരത്തെപ്പറ്റി എന്തുപറഞ്ഞാലും എങ്ങുമെത്തും എന്നു തോന്നുന്നില്ല. അതുകൊണ്ട് ഒരു തര്‍ക്കമല്ല ഒരു സംശയം മാത്രം ചോദിച്ചു നിര്‍ത്തുന്നു.

സത്യസന്ധനായ ആന്റണിയും സത്യസന്ധനായ കെ.ടി തോമസിനും (ഫാ.വടക്കനെ തത്കാലം ഒഴിവാക്കാം) എന്തുകൊണ്ട് അന്ന് വിമോചന സമരത്തെ പിന്തുണച്ചു? ഇവര്‍ക്കു രണ്ടു പേര്‍ക്കും അന്ന് പ്രായപൂര്‍ത്തിയായിരുന്നു എന്നും സ്വന്തമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് ഉണ്ടായിരുന്നവരുമാണ് എന്നു കരുതട്ടെ. ( എന്നു തന്നെയല്ല ആന്റണി അന്നും ഇന്നും സാമുദായസംഘടനകളോട് (സഭയുള്‍പ്പെടെ) അകലം കാത്തു സൂക്ഷിച്ചിരുന്ന ആളാണെന്നാണ് അറിവ്. ആ ശരിയെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ചരിത്രകാരനെയാണ് എനിയ്ക്ക് കൂടുതല്‍ വിശ്വാസമെന്നത് എന്റെ കുഴപ്പമായിരിയ്ക്കാം. വിമോചനസമരത്തെ SFI യുടെ സമരവുമായി താരതമ്യപ്പെടുതില്‍ ഒത്തിരി വൈരുധ്യങ്ങളുണ്ട്.)
ബ്രാക്കറ്റില്‍ പറഞ്ഞത് എന്റെ അഭിപ്രായം മാത്രം. അതിന് മറുപടി പ്രതീക്ഷിയ്ക്കുന്നില്ല, ചര്‍ച്ചയ്ക്ക് ബുദ്ധിമുട്ടൂമുണ്ട്. അതിനു മുന്‍പേ ചോദിച്ച സംശയത്തിന് ഉത്തരം പ്രതീക്ഷിയ്ക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ,
K.T. തോമസും ആന്റണിയും ഒക്കെ വിമോചന സമരത്തില്‍ പങ്കെടുത്തത്‌ രാഷ്ട്രീയ തീരുമാനമായിട്ടാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. തോമസ്‌ അന്ന് കോണ്‍ഗ്രസ്‌ നേതാവാണ്‌ ആന്റണി KSU നേതാവും. പ്രതിപക്ഷ രാഷ്ട്രീയത്തിന്റ ഭാഗമായാണ്‌ അവര്‍ അതിനെ പിന്‍തുണച്ചിട്ടുണ്ടാകുക. അലെങ്കില്‍ തെറ്റിദ്ധാരണയുടെ ഫലമായും പങ്കെടുത്തിട്ടുണ്ടാകാം. പിന്നെ തിരിച്ചറിവായില്ലെ എന്നൊക്കെ ചോദിച്ചാല്‍ എന്താ ജോജൂ പറയുക. പല കാര്യങ്ങളും തിരിച്ചറിവിന്റ അടിസ്ഥാനത്തില്‍ അല്ലല്ലോ നടക്കുന്നത്‌.

കോണ്‍ഗ്രസിന്‌ വിമോചന സമരത്തെ പിന്‍തുണക്കുന്ന ഒരു രാഷ്ട്രീയ ലൈന്‍ അന്ന് ഉണ്ടായതിന്‌ മറ്റ്‌ കാരണങ്ങളും ഉണ്ട്‌. കേരളത്തില്‍ മാത്രമാണ്‌ അന്ന് കോണ്‍ഗ്രസ്‌ ഇതര ഗവണമെന്റുള്ളത്‌. സ്വാഭാവികമായും അത്‌ കോണ്‍ഗ്രസിനെ വിഷമിപ്പിച്ചിട്ടുണ്ട്‌. വിമോചന സമരം വളരെ വിദഗ്‌തമായി കോണ്‍ഗ്രസ്‌ ഗവണ്മെന്റിനെ താഴേ ഇറക്കാനുള്ള ആയുധമായി ഉപയോഗീകുകയായിരുന്നു. ഇന്നും വേണമെങ്കില്‍ കോഗ്രസ്‌ അത്തരത്തില്‍ ഒരു രീതി സ്വീകരിച്ചേക്കാം. ഉദാഹരണമായി ഇന്ന് രണ്ടാം വിമോചന സമരാഹ്വാനം നടത്തുന്ന പിതാക്കന്മാരെ ഒളിഞ്ഞും തെളിഞ്ഞും സപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ UDF കാര്‍ കാണിക്കുന്ന താല്‍പ്പര്യം ശ്രദ്ധിച്ചാല്‍ മതി.

ഇനി എന്തുകൊണ്ട്‌ തോമസും ആന്റണിയുമൊക്കെ പിന്നീട്‌ വിമോചന സമരത്തെ തള്ളിപ്പറന്‍ഞ്ഞു എന്ന് ചിന്തിച്ചാല്‍ വീണ്ടു വിചാരം കൊണ്ട്‌ എന്നേ ഞാന്‍ പറയൂ. വിമോചന സമരാനന്തരം ഗവണ്‍മന്റ്‌ നിലം പൊത്തുകയും പിന്നീട്‌ അതിന്റ ചരിത്രം ഇഴകീറി പരിശോധൈക്കുകയും ചെയ്തപ്പോള്‍ തങ്ങള്‍ ചെയ്തത്‌ തെറ്റായിപ്പോയി എന്ന് അവര്‍ക്ക്‌ തോന്നീീ. അതിനാല്‍ അവര്‍ അതിനെ തള്ളിപ്പറഞ്ഞു. മാത്രവുമല്ല രണ്ടാം വിമോചന സമരത്തെപ്പറ്റി ആഹ്വാനം ചെയ്യുന്ന പിതാക്കന്മാരെ കാണുമ്പോള്‍ കെ.ടി. തോമസൊക്കെ ശക്തമായി എതിര്‍ക്കുന്നത്‌ തിരിത്താന്‍ കഴിയാത്ത ഒരു തെറ്റു അവര്‍ക്കൊക്കെ പറ്റി എന്ന ബോധ്യത്തില്‍ നിന്നാണ്‌.

വിനയം said...

ഞാന്‍ ജോജുവിനൊടു ചോദിച്ചിട്ടു മറുപടി കിട്ടാത്ത ഒരു ചോദ്യം ഇവിടെ ചോദിക്കുന്നു.
"
സാങ്കേതിക വിദ്യാഭ്യാസം നല്‍കലല്ല മതത്തിന്റെ ലക്ഷ്യം എന്നാണെന്റെ അറിവ്‌. ഒരു മതം സ്വാശ്രയ സ്ഥാപനം വഴി ധര്‍മത്തിനും മാനവ നന്മക്കും വേണ്ടി എന്താണു ചെയ്യുന്നത്‌ എന്നാണെന്റെ ചോദ്യം. ജിന്‍സിന്റെ വാദങ്ങളെപ്പറ്റിയും ജോജുവിന്റെ അഭിപ്രായം അറിയിക്കുക. ദയവായി കണക്കുകള്‍ ഒഴിവാക്കുക. ജോജുവിന്റെ കണക്കുകള്‍ ശരിയാണെന്നു ഞാന്‍ ആദ്യമെ സമ്മതിച്ചിരുന്നു. ഒരു മതം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ഔദാര്യം പ്രതീക്ഷിക്കുന്നതു തെറ്റാണൊ?"

ഡീക്കനെങ്കിലും മറുപടി തരട്ടെ. ലിങ്ക്‌ ഇതാ.
http://njjoju.blogspot.com/2008/04/5050-by.html

ജോജുവിനു ഉത്തരം അറിയാമൊ അതോ പറയാത്തതാണൊ എന്നെനിക്കറിയില്ല

@അനൊണീ.. കിരണിന്റെ ബ്ലോഗ്‌ ജനാധിപത്യ വിരുദ്ധമാണ്‌ എന്ന കുറവു വെറെ ആര്‍ക്കും തോന്നിയിട്ടില്ല.

jinsbond007 said...

ഇവിടെ ഇനിയും കമന്റിടരുതെന്നു കരുതിയതാണ്. പക്ഷെ റൂബിനച്ചന് എഴുതാനും നമുക്കു കമന്റാനും മറുപടിപറയാനും തിരുത്താനും അവകാശമുണ്ട് എന്ന ചെറിയ ഒരു കാര്യത്തില്‍ നിന്ന് വിമോചനസമരം ശരിയോ തെറ്റോ എന്നും സഭയുടെ വിദ്യാഭ്യാസ നിലപാടു ശരിയാണോ എന്നുമുള്ള നിലയിലേക്ക് ചര്‍ച്ച വളര്‍ന്നു പോയതില്‍ ഖേദമുണ്ട്. ഈ ലോകത്ത് ഒരു കാര്യവും പൂര്‍ണ്ണമായും ശരിയോ തെറ്റോ അല്ലെന്നും നമുക്കൊരു നിലപാടെടുക്കാന്‍ വേണ്ടിമാത്രമാണ്(മറ്റുള്ളവര്‍ എന്തുകൊണ്ട് നമ്മളീനിലപാടെടുത്തു എന്നു മനസ്സിലാക്കാനും) നമ്മള്‍ വാദപ്രദിവാദത്തിലേര്‍പ്പെടുന്നും എല്ലാവര്‍ക്കും അറിയാമെന്നു കരുതുന്നു.

പിന്നെ, ഡീക്കന്‍ എന്നത് ഒരു പദവിയായതു കൊണ്ടുമാത്രം അദ്ദേഹം ഇങ്ങനെ ബ്ലോഗെഴുതണമെന്നില്ല. അദ്ദേഹത്തിന് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമായിരിക്കണം എഴുതുന്നത്. എഴുത്തിലെ ഭാഷ ഒരു പുരോഹിതനു ചേര്‍ന്നതല്ല എന്നാണു പറയുന്നതെങ്കില്‍, ഇത് രണ്ട് സഭകള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന കാലമാണെന്നാണ്.

പിന്നെ എനിക്ക് പല കാര്യങ്ങളിലും ഡീക്കനുമായി വിയോജിപ്പുണ്ട്. എന്നു കരുതി ഡീക്കന്‍ എഴുതുന്നതു മുഴുവന്‍ തെറ്റാണെന്നൊ ശരിയാണെന്നൊ അതിനര്‍ത്ഥമില്ല. വിദ്യാഭ്യാസകാര്യങ്ങളില്‍ പ്ലസ് ടു തലത്തിലുള്ള പ്രശ്നവും പാഠപുസ്തകനവീകരണവും എല്ലാമെല്ലാം കാത്തോലിക്കാ സഭയെ തകര്‍ക്കാന്‍ വേണ്ടിമാത്രമുള്ള നാടകമാണെന്നോ അല്ലെങ്കില്‍ കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കാനുള്ള വഴിയാണെന്നോ പറഞ്ഞാല്‍, സത്യത്തില്‍ എനിക്ക് മനസ്സിലാവുന്നില്ല അത്രമാത്രമേയുള്ളൂ.ക്രിസ്മസ്സിനു ലഭിച്ചിരുന്ന അവധി ഒരുമാസം മുമ്പ് ലഭിച്ചാല്‍ ലോകം ഇടിഞ്ഞു വീഴില്ല എന്നെനിക്കറിയാം. കാരണം ഇതു ഞാന്‍ അനുഭവിച്ചതാണ്, കണ്ടതാണ്. ജാതിയുടെയും മതത്തിന്റയും കോളം വെറുതെ വിടാന്‍ പ്രേരിപ്പിക്കുന്ന പാഠങ്ങള്‍ എനിക്കിഷ്ടമാണ്.പക്ഷെ അവ ഭരണഘടനാ വിരുദ്ധമായിരിക്കാം. ജന്മം കൊണ്ടുമാത്രം ജാതിയും മതവും ലേബല്‍ ചെയ്യപ്പെടുന്ന രീതി എനിക്കിഷ്ടമല്ല. അതും ഭരണഘടനാ വിരുദ്ധമായിരിക്കാം. അതുകൊണ്ട് ഡീക്കന്‍ തെറ്റെഴുതിയാല്‍ ചൂണ്ടിക്കാണിക്കാനും തിരുത്താനും നമുക്കും, മറുപടി തരാന്‍ അദ്ദേഹത്തിനും അവകാശമുണ്ടെന്നു തന്നെയാണെന്റെ പക്ഷം. അതു മനസ്സിലാക്കാന്‍ കഴിയാത്ത ഒരു മനുഷ്യനൊന്നുമല്ല റൂബിനച്ചന്‍ എന്നാണെന്റെ വിശ്വാസം. പ്രത്യേകിച്ചും ഇത് അദ്ദേഹത്തിന്റെ ഒരുപാടു ബ്ലോഗുകളില്‍ ഒന്നുമാത്രമാവുമ്പോള്‍.

so please treat him as just like another human being. When the platform is level, there is no difference. He is just another human being.

സജി said...

സ്നേഹിതരെ , ഇനി എനിക്ക് ഒരു പോസ്റ്റ് ഇടാതിരിക്കുവാന്‍ കഴിറ്യില്ല..
കാണുക..
http://kapatanmar.blogspot.com/2008/05/blog-post_27.html

വിനയം said...

എം ജി എസ്‌ നാരായണന്‍ എന്നേ വിശ്വാസ്യത തകര്‍ന്ന വ്യക്തിയാണ്‌. വ്യക്തമായ ഉദ്ദേശങ്ങളുള്ള ഒരു പ്രൊപ്പഗണ്ടക്കാരന്‍ മാത്രമണദ്ദേഹം. ഇന്ത്യന്‍ ചരിത്രകാരന്മാരിലെ ആദ്യത്തെ സംഘ പരിവാര്‍ അനുകൂലി. ഒരു നിക്ഷ്പക്ഷ സംവാദത്തില്‍ ഇത്തരം ആള്‍ക്കാരുടെ വാക്കുകള്‍ ഉപയോഗിച്ചാല്‍ അതു സ്വന്തം വാദത്തെ ദുര്‍ബലപ്പെടുത്തുകയെ ഉള്ളൂ.

ഒരു കത്തോലിക്കന്‍ (ചെറിയ ഇടതു ചായ്വുണ്ടേലും കമ്മ്യൂനിസ്റ്റല്ല) said...

റൂബിന്‍ കൊച്ചച്ചന്, അച്ചനാകാതെ, ഡബിള്‍ പ്രമോഷന്‍ വാങ്ങി മെത്രാന്‍ ആകാന്‍ ഉള്ള സമ്രഭത്തിനു എല്ലാ ആശമ്ശകളും നേരുന്നു .... അതിനുള്ള പ്രൊവിഷന്‍ നമ്മുടെ സഭയുടെ ഭരണകറ്റനയില്‍ ഉണ്ടൊ ?

paulose said...

വിമോചനസമരം തെറ്റോ ശരിയോ എന്നു ചര്‍ച്ച ചെയ്യേണ്ട ആവശ്യം തന്നെയില്ല. അതു തെറ്റുതന്നെയായിരുന്നു. അതില്‍ മതവിശ്വാസത്തിണ്റ്റെയോ വിദ്യാഭ്യാസപരിഷ്കാരത്തിണ്റ്റെയോ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. തികച്ചും കമ്യൂണിസ്റ്റ്‌ വിരോധം മാത്രം. എ കെ ആണ്റ്റണിയുടെ ആ കമ്യൂണിസ്റ്റ്‌ വിരോധം ഇപ്പോഴുമുണ്ട്‌. പിന്നെ ഫാദര്‍ വടക്കനും കെ ടി തോമസും കമ്യൂണിസ്റ്റ്‌ വിരോധം കായ്യൊഴിഞ്ഞപ്പോള്‍ അതിനെ തള്ളി പറഞ്ഞു. ആണ്റ്റണി അതിനെ തള്ളി പറഞ്ഞതിണ്റ്റെ കാരണം വേറൊന്നാണു. അതു സഭയോടുള്ള വിരോധം കൊണ്ടൊന്നുമല്ല. അതു പ്രതിഛായാ നിര്‍മ്മാണത്തിണ്റ്റെ ഭാഗമായിട്ടായിരുന്നു. വിദ്യാഭ്യാസബില്‍ എന്ന ഉമ്മാക്കിയില്‍ പിടിച്ചു വിമോചനസമരത്തെ പിന്തുണച്ചിട്ടു, അതേ ബില്ലിലെ കാതലായ വ്യവസ്ഥകള്‍ ഉള്‍പെടുത്തി അടിയന്തരാവസ്ഥക്കാലത്ത്‌ പുതിയ വിദ്യാഭ്യാസബില്‍ പാസ്സാക്കിയപ്പോളുണ്ടായ ജാള്യം മറക്കാന്‍ കാണിച്ച ഒരു ചെപ്പടിവിദ്യ ആയിരുന്നു ആ കുറ്റസ്സമ്മതം. കമൂണിസ്റ്റ്കാര്‍ കൊണ്ടുവന്ന പല നിയമങ്ങളും നടപ്പാക്കിയത്‌ കോണ്‍ഗ്രസ്‌ ഗവര്‍മെണ്ടുകളായിരുന്നു. എഴുപതുകളില്‍, പിതാക്കന്‍മാരുടെ വിദ്യാഭ്യസാക്ക്രമണങ്ങള്‍ക്കു മൂക്കുകയറിടാന്‍ പുതിയ നിയമം കൊണ്ടുവന്നപ്പോള്‍ പിതാക്കന്‍മാര്‍ ആണ്റ്റണിക്കെതിരെ ചൊരിഞ്ഞ അസഭ്യവര്‍ഷങ്ങള്‍ ദീപിക പത്രത്തിണ്റ്റെ താളുകളില്‍ കാണാം. വിദ്യാഭ്യാസബില്ലിനെതിരെ ആയിരുന്നു ആണ്റ്റണി ഉള്‍പെട്ട ശക്തികള്‍ വിമോചന സമരം നടത്തിയതെന്നതണല്ലോ സത്യം. അന്നുപോലും ആണ്റ്റണി വിമോചനസമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. കപടവേഷധാരിയായ ഒരു രാഷ്ട്രീയ ഓന്താണാണ്റ്റണി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകാലത്തും ആണ്റ്റണി ആ കമ്യൂണിസ്റ്റ്‌ വിരോധം പ്രകടിപ്പിച്ചിരുന്നു, സി പി എം നെ കേരളത്തിണ്റ്റെ ആറടി മണ്ണില്‍ അടക്കം ചെയ്യണമെന്ന്‌. പക്ഷേ കോണ്‍ഗ്രസ്സിനെയാണു കേരളീയര്‍ ആറടിമണ്ണില്‍ അടക്കം ചെയ്തത്‌. ഇന്നും ആണ്റ്റണി കമ്യൂണിസ്റ്റ്കാരുടെ നേട്ടങ്ങള്‍ അംഗീകരിക്കാന്‍ തയ്യറാവത്തത്‌ അതുകൊണ്ടാണു.


ന്യൂനപക്ഷാവാകാശങ്ങളേപ്പറ്റി അല്‍പ്പം. ന്യൂനപക്ഷങ്ങള്‍ല്‍ക്ക്‌ വിദ്യാഭ്യാസഥാപങ്ങള്‍ നടത്താന്‍ അനുവാദം കൊടുത്തത്‌ അവരുടെ വിശ്വാസങ്ങളും അചാരങ്ങളും സംരക്ഷിക്കത്തക്കരീതിയില്‍ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കന്‍ വേണ്ടിയാണു. കത്തോലിക്കാസഭ പുഷ്പഗിരി മെഡിക്കല്‍ കോളേജ്‌ നടത്തുന്നത്‌ കത്തോലിക്കാ വിശ്വാസം സംരക്ഷിക്കാനാണെന്നു ഒരു കഴുത പോലും കരുതില്ല. സ്ക്കൂള്‍ തലത്തില്‍ വിശ്വാസത്തില്‍ അധിഷ്ടിതമായ വിദ്യാഭ്യാസം നല്‍കുന്നത്‌ മനസ്സിലാക്കം. ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്കു മതബോധനം നടതുന്നു എന്നു വിമോചന സംരത്തിനാഹ്വാനം നല്‍കിയ താഴെ തറയില്‍ നില്‍ക്കുന്ന മെത്രാന്‍ പോലും പറയുമെന്നു തോന്നുന്നില്ല. പിന്നെയുള്ള ചോദ്യം. ജനങ്ങളെ സേവിക്കലാണു ലക്ഷ്യമെങ്കില്‍, ആ സേവനം കേരളത്തിലല്ല നടത്തേണ്ടത്‌. അടിസ്ഥാന വിദ്യാഭ്യാസമില്ലാതെ കോടിക്കണക്കിനു ജനങ്ങള്‍ കേരളത്തിനു വെളിയില്‍ ജീവിക്കുന്നുണ്ട്‌. അവരെയല്ലെ അച്ചന്‍മാരും കന്യാസ്ത്രികളും ഉയര്‍ത്തേണ്ടത്‌? അതോ നൂറു ശതമാനം സാക്ഷരത്‌ നേടിയ മലയാളികളെയോ?


ഇതെല്ലം വെറും പുക മറകളാണു. ലക്ഷ്യം പണം തന്നെ. അതു ന്യൂനപക്ഷ അവകാശങ്ങളുടെ മറവിലാണെങ്കില്‍ കെങ്കേമം.സേവനം എന്ന വാക്കിനെ വ്യഭിചരിക്കല്‍. റൂബിന്‍ ഡീക്കണ്‍ തുടങ്ങി കാക്കത്തൊള്ളയിരം അച്ചന്‍മാരും കന്യാസ്ത്രീകളും ആണയിടുന്ന വേദവാക്യമാണു, സേവനം. സേവനം എന്ന വാക്കിനു മഹത്തായ ഒരര്‍ഥമുണ്ട്‌. വലിയ ഒരു പറ്റം മിഷനറികള്‍ അത്‌ കാണിച്ചുതന്നിട്ടുണ്ട്‌. പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ അമ്പത്‌ ലക്ഷം വാങ്ങി ഒരു ഡോക്ടറെ സ്രഷ്ടികുന്നത്‌ സേവനമല്ല, വെറും കച്ചവടം മാത്രം. മെത്രാന്‍മാര്‍ പറയുന്നത്‌ ശരിയെങ്കില്‍ അടുത്ത കവലയില്‍ പതിനഞ്ചു രൂപക്കു അരിവിറ്റ്‌ ഉപജീവനം നടത്തുന്ന പത്രോസുചേട്ടന്‍ അതിലും വലിയ സേവനമാണു നടത്തുന്നത്‌.എം ജി എസ്‌ നാരായണന്‍ അര്‍ജ്ജവമില്ലാത്ത ചരിത്രകാരനാണു. സംഘ പരിവാരം രാമന്‍ എന്ന ചരിത്രപുരുഷനു വേണ്ടി ഒരരാധനാലയം പൊളിച്ചപ്പോള്‍ അതിനു കുഴലൂത്തുനടത്തിയിട്ട്‌, ഇപ്പോള്‍ പറയുന്നു രാമന്‍ വെറുമൊരു കഥപാത്രം മത്രമാണെന്ന്‌. ഇതില്‍പരം അല്‍പ്പത്തം വേറെയുണ്ടോ?

ഇതളുകള്‍ said...

അച്ചോ കഷ്ടം തോന്നുന്നുആള്‍ക്കാര്‍ ഇങ്ങനെ അച്ഛനെ എടുത്തിട്ട് പെരുക്കുന്നത് കാണുമ്പോള്‍..
അച്ഛന്‍ കര്‍ത്താവ്‌ ജീവിച്ചിരുന്ന കാലത്തു ജീവിച്ചിരുന്ന ആളാണോ? അല്ല ഒരു സംശയം ആള്‍ വെള്ളയടിച്ച കുഴിമാടം എന്ന് വിളിച്ചത് അച്ഛനെ നേരിട്ടു അറിയാമെന്നത് കൊണ്ടാണോ എന്നൊരു സംശയം.. തല്ലുകൊള്ളിത്തരത്തിനും ഒരു അതിരൊക്കെ ഇല്ലേ അച്ചോ... ഗലീലിയോ ബ്രുണോ എന്നിവര്‍ പ്രേമ നൈരാശ്യം കൊണ്ടു ആത്മഹത്യ ചെയ്തതാണെന്ന് ഉറക്കെ പറയച്ചോ ? അത് കൊണ്ടാണല്ലോ അപ്രമാദിത്യ വരം ലഭിച്ച പോപിനു ലോകം മുഴുവന്‍ ഓടി നടന്നു മാപ്പു പറയേണ്ടി വരുന്നതു. അച്ചന് തല്ലു ചട്ടവാര് കൊണ്ടല്ല, തിരണ്ടി വാല് കൊണ്ടാണ് വേണ്ടത്. അച്ചന് മാത്രമല്ല കൂട്ടുകാരന്‍ ആ പള്ളിമേട കോണ്‍ഗ്രെസ്സ്കാരന്‍ ജോജുവിനും കൂടിയാണ്.

kaalidaasan said...

ജോജൂ,

ഇന്നു ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിയ്ക്കുന്ന ഒട്ടുമിക്ക രാഷ്ട്രീയസംഘടനകളും സമുദായസംഘടനകളും പിന്തുണച്ച ഒരു സമരത്തെ ഒരു കാലത്തും ഒറ്റയടിയ്ക്ക് തള്ളിപ്പറയണമെങ്കില്‍ അതിനെ അവസരവാദമെന്നു പറയേണ്ടീ വരും.

ഈ പ്രസ്ഥാവനയോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആളുകള്‍ തെറ്റു ചെയ്യാറുണ്ട്. മിക്ക തെറ്റുകളും ശരിയെന്നു കരുതി ചെയ്യുന്നു. പക്ഷെ മറ്റു ചിലത് തെറ്റെന്നു കരുതിയും ചെയ്യാറുണ്ട്. എന്തു കൊണ്ട് അതു ചെയ്യുന്നു എന്നു അന്വേഷിച്ചുപോകുന്നതില്‍ അര്‍ത്ഥമില്ല.

തള്ളിപ്പറയുന്ന എല്ലാത്തിനേയും അവസരവാദമെന്നു പറഞ്ഞാല്‍ , കത്തോലിക്കാ സഭ ചരിത്രത്തിലേ ഏറ്റവും വലിയ അവസരവാദി എന്നു വരും . ഇങ്ക്വിസിഷന്‍ എന്ന കാടത്തത്തെ സഭ ഇപ്പോഴാണു തള്ളിപ്പറഞ്ഞതും അതിനു വേണ്ടി മാപ്പു ചോദിച്ചതും . അതു അവസര വാദ്ത്തിന്റെ ഭാഗമാണെന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല. അത് തെറ്റു മനസിലാക്കുന്നതായിട്ടേ എനിക്കു തോന്നിയുള്ളൂ.

ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞയാളെ തീയിലെറിഞ്ഞു ശിക്ഷിച്ചിട്ട് പിന്നീട് ഭൂമി ഉരുണ്ടതാണെന്നു സമ്മതിക്കുന്നതിനെ അവസരവാദം എന്നു പറയാം .

കാരണം അന്ന് അവര്‍ക്ക് അതിനെ പിന്തുണയ്ക്കാന്‍ മതിയായ കാരണങ്ങളുണ്ടായിരുന്നു. മാറിവന്ന രാഷ്ട്രീയസമവാക്യങ്ങളുടെയും സാഹചര്യങ്ങളുടെയും ഫലമായി ഇന്ന് തള്ളിപ്പറയേണ്ടീയും വരുന്നു.

അന്നവര്‍ക്ക് പിന്തുണക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ആ കാരണങ്ങള്‍ ശരിയായ അവബോധത്തില്‍ നിന്നും വന്നതല്ല എന്നു മനസിലാക്കിയപ്പോഴാണ്‌ അതു തള്ളിപ്പറയാന്‍ അവര്‍ക്ക് കഴിഞ്ഞത്. ശരിയായ അവബോധം ഇല്ലായിരുന്നു എന്നു പറയാന്‍ കാരണം, കേരളം റഷ്യയോ ചൈനയോ പോലെ ഒരു സ്വതന്ത്ര രാജ്യമല്ല എന്ന അടിസ്ഥാന സത്യം അവര്‍ മറന്നു പോയി,എന്നതാണ്‌ . ജനാധിപത്യത്തിന്റെ ശൈശവ ദശയില്‍ ഇങ്ങനെ ചില ഓര്‍മ്മപിശകുകള്‍ വരും . റഷ്യയിലും ചൈനയിലും നടന്ന പോലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സര്‍വാധിപത്യം ഇന്ഡ്യയില്‍ ഒരു സംസ്ഥാനത്തും നടപ്പിലാക്കന്‍ പറ്റില്ല എന്ന സത്യവും അവര്‍ മറന്നു. അതാണവര്‍ക്ക് പറ്റിയ തെറ്റ്. അതു തെറ്റായിരുന്നു എന്ന് മനസിലായത്, പിന്നീടുവന്ന കോണ്ഗ്രസ് സര്‍ക്കാരുകള്‍ അന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നിയമങ്ങളും നടപ്പിലാക്കിയപ്പോഴാണ്‌. ആ നിയമങ്ങള്‍ ‍ ജനോപകാര പ്രദവും ജനങ്ങള്‍ അംഗീകരിക്കുന്നതുമാണെന്ന് അവര്‍ മനസിലാക്കി. മാത്രമല്ല ജനങ്ങള്‍ അന്നു വിമോചന സമരത്തിലൂടെ പുറത്താക്കിയ കമ്യൂണിസ്റ്റുകാരെ പല പ്രാവശ്യം അധികാരത്തിലേറ്റുകയും ചെയ്തു. അങ്ങനെ സംഭവിച്ചപ്പോള്‍ പലര്‍ക്കും തെറ്റു മനസിലാക്കി മാപ്പു ചോദിക്കാന്‍ തോന്നി.

ഈ സത്യങ്ങള്‍ കത്തോലിക്ക നേത്ര്^ത്വം മനസിലാക്കിയത് ഇപ്പോഴാണ്‌. അതിന്റെ അലയൊലി ഇന്നലെ നടന്ന കത്തോലിക്കാ സഭയുടെ സമ്മേളനത്തില്‍ ബിഷപ്പ് പവ്വത്തില്‍ പറഞ്ഞ അഭിപ്രായത്തിലുണ്ട്. ഇപ്പോഴത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തുടര്‍ ച്ചയാണെന്ന്‌. ഇതിനിടക്കു വന്ന കമ്യൂണിസ്റ്റു സര്‍ക്കാരുകളൊന്നും യധാര്‍ത്ഥ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ആയിരുന്നില്ലെന്ന്‌. സഭ നേത്ര്^ത്വം വികലമയി ചിന്തിക്കുന്നതിന്റെയും , തെറ്റു മനസിലാക്കാന്‍ വിമുഖത കാണിക്കുന്നതിന്റെയും ഉദാഹരണമാണത്.

kaalidaasan said...

ജോജു,

സത്യസന്ധനായ ആന്റണിയും സത്യസന്ധനായ കെ.ടി തോമസിനും (ഫാ.വടക്കനെ തത്കാലം ഒഴിവാക്കാം) എന്തുകൊണ്ട് അന്ന് വിമോചന സമരത്തെ പിന്തുണച്ചു? ഇവര്‍ക്കു രണ്ടു പേര്‍ക്കും അന്ന് പ്രായപൂര്‍ത്തിയായിരുന്നു എന്നും സ്വന്തമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് ഉണ്ടായിരുന്നവരുമാണ് എന്നു കരുതട്ടെ. ( എന്നു തന്നെയല്ല ആന്റണി അന്നും ഇന്നും സാമുദായസംഘടനകളോട് (സഭയുള്‍പ്പെടെ) അകലം കാത്തു സൂക്ഷിച്ചിരുന്ന ആളാണെന്നാണ് അറിവ്. ആ ശരിയെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്.

ബ്റൂണൊയെയും, ജോആന്‍ ഓഫ് ആര്‍ക്കിനേയും, തീയിലെറിഞ്ഞുകൊല്ലാനും, ഗാലി ലെയോയെ തടവിലാടുനും തീരുമാനിച്ചതും പ്രായപൂര്‍ ത്തിയായ മാര്‍പ്പാപ്പയും അതിനെ പിന്‍തുണച്ചത് പ്രായപൂര്‍ത്തിയായ പുരോഹിതര്‍ ഉള്‍പ്പെടുന്ന കത്തോലിക്കാ മത നേത്ര്^ത്വവും ആയിരുന്നു. അവര്‍ ചെയ്തത് ശരിയാണെന്നു വിശ്വസിച്ചു കൊണ്ടു തന്നെയാണവര്‍ അന്നത് ചെയ്തത്. അതുകൊണ്ട് പ്രായപൂര്‍ ത്തിയായവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല.

സത്യസന്ധനായ ആന്റണി എന്നു പറയുന്നത് അല്‍പ്പം കടന്ന കൈയ്യാണ്‌. ഈ ആന്റണി യാണ്‌ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയെ കൈയടിച്ച് അനുകൂലിക്കുകയും , ഇന്ദിര പരാജയപ്പെട്ടപ്പോള്‍ അതേ അടിന്തരാവസ്ഥയുടെ പേരില്‍ ഇന്ദരയെ കൈവിടുകയും ചെയ്തത്. അടിയന്തരാവസ്ഥയെ പിന്തുണച്ച ആന്റണി അറിവിലും , അനുഭവജ്ഞാനത്തിലും , ലോക പരിചയത്തിലും; വിമോചന സമരത്തെ പിന്തുണച്ച ആന്റണിയേക്കാളും കുറേക്കൂടി പക്വത വന്ന ആന്റണിയായിരുന്നു. ആന്റണിക്കു, ജനങ്ങള്‍ തിരസ്കരിച്ചപ്പോള്‍ , ഇന്ദിരാ ഗാന്ധിയെ തള്ളിപ്പറയാന്‍ യാതൊരു ഉളുപ്പുമുണ്ടായില്ല. പക്ഷെ അന്നും കരുണാകരന്‍ ഇന്ദിരയുടെ പിന്നില്‍ ഉറച്ചു തന്നെ നിന്നു. ആ സത്യസന്ധതയെ ആന്റണിയുടെ സത്യസന്ധതയേക്കാള്‍ ,ഞാന്‍ ബഹുമാനിക്കുന്നു.

ആന്റണി സഭയോട് പണ്ടുണ്ടായിരുന്ന അകലം കാത്തുസൂക്ഷിക്കുന്നില്ല. ആന്റണിയുടെ അപ്പനെ തെമ്മാടിക്കുഴിയില്‍ ആണ്‌ അടക്കം ചെയ്തതെന്ന്‌എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. അടുത്തകാലത്ത് ആന്റണിയും പങ്കുകൊണ്ട കര്‍മ്മങ്ങള്‍ പള്ളിയിലുണ്ടായിരുന്നു. ഗാലി ലെയോയുടെ ശിക്ഷ സഭ റദ്ദാക്കിയതു പോലെ ആന്റണിയുടെ അപ്പന്റെ ശിക്ഷ റദ്ദാക്കിയതായി ആരും പറഞ്ഞുകേട്ടതുമില്ല. ആന്റണിയുടെ പള്ളിയുമായുള്ള അകലം എന്തായാലും കുറഞ്ഞു എന്നതു സത്യത്യം .