Tuesday, June 24, 2008

പച്ചക്കുതിര ജൂണ്‍ ലക്കം

DC ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന പച്ചക്കുതിര മാസികയുടെ ജൂണ്‍ ലക്കം നല്ല ഒരു വായനാനുഭവം പ്രദാനം ചെയ്യുന്നു. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ലക്കം എന്നെ ഒരുപാട്‌ ആകര്‍ഷിച്ചു. അതിലെ വിഭവങ്ങളുടെ ആമുഖം ഞാന്‍ എഴുതുന്നു.

ദളിതരുടെ സഭയും നിയമ സഭയും . സ്പീക്കര്‍ ക്‌.രാധകൃഷ്ണനുമായി എ.വി ശ്രീകുമാര്‍ നടത്തുന്ന അഭിമുഖം

എന്റ ഒക്കെ ചെറുപ്പത്തില്‍ ജാതിയമായ വേര്‍തിരിവുകള്‍ ഉണ്ടായിരുന്നു. ഒരു സദ്യക്ക്‌ പോയാല്‍ ഒന്നും രണ്ടും മൂന്നും പന്തികള്‍. ഓരോ വിഭാഗത്തിനും ഓരോ പന്തി....ആദിവാസികള്‍ മാത്രം തനിമ നില നിര്‍ത്തുക , മറ്റുള്ളവരൊക്കെ പുതിയ കാലഘട്ടത്തിനനുസ്സരിച്ച്‌ മുന്നേറുക അവരെ ഷോകെസ്‌ പീസാക്കലാണ്‌ ഇത്‌

ആദിവാസി പദ്ധതിയുടെ ദയനീയ പരിണാമം ജോസഫ്‌.കെ.ജോബ്‌

അടിമവേലയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വയനാട്ടിലെ പൂക്കോട്‌ ഡയറിഫാം പ്രോജക്റ്റ്‌ നാമാവശേഷമായതിന്റ കഥ

മുസ്ലിം സ്ത്രീയുടെ സാഹിത്യവും സന്ദേഹവും ഉമ്മര്‍ ടി.കെ റാഫി നടുവണ്ണൂര്

‍മുസ്ലിം സമൂഹത്തില്‍ നിന്നുയരുന്ന സ്ത്രീകളുടെ ശബ്ദത്തിന്‌ ചരിത്രപരമായ പ്രസക്തിയുണ്ട്‌. ആധുനിക ജനാധിപത്യ സമൂഹങ്ങള്‍ക്കിണങ്ങാത്ത മൂല്യ ചിന്തകളെ, പ്രത്യേകിച്ചും അതിലെ പുരുഷാധിപത്യ മൂല്യങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌, കൂടുതല്‍ ജനാധിപത്യപരമായിത്തീരാന്‍ സജ്ജമാകുക വഴി മാത്രമേ മുസ്ലിം സമൂഹത്തിന്‌ അതിനു നേരെ വരുന്ന പ്രത്യേയശാസ്ത്ര ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴീയൂ. അത്തരത്തിലുള്ള നവോത്ഥാനത്തിനായുള്ള കേരളീയ മുസ്ലിം സ്ത്രീകളുടെ ആദ്യശബ്ദങ്ങളെ വിശകലനം ചെയ്യുകയാണ്‌ ലേഖകര്‍

യത്തിംഖാനയിലെ കുട്ടികള്‍ ഡോ: അസീസ്‌ തരുവണ

വെള്ളമുണ്ടും ഷര്‍ട്ടും വെള്ളത്തൊപ്പിയുമാണ്‌ ഞങ്ങളുടെ യൂണിഫോം. സ്കൂളില്‍ ഞങ്ങളെ വേറിട്ട്‌ മനസിലാകും. ക്ലാസ്‌ മുറിയില്‍ ഞങ്ങളെ അഭിസംബോധന്‍ ചെയ്തിരുന്നത്‌ പല പേരുകളിലാണ്‌. ചിലര്‍ യത്തിംഖാന എന്ന് വിളിക്കും ചിലര്‍ റ്റൊപ്പിക്കാരനെന്നും.... അപമാനവും പരിഹാസവും ഏകാന്തതയും പീഡയും കാമവും നിറഞ്ഞ അനാഥശാലയിലെ കേരളബാലയത്തെപ്പറ്റി ആദ്യമായി ഒരു തുറന്ന കത്ത്‌

അജിതക്കും കുഞ്ഞാലിക്കുട്ടിക്കും ഇടയില്‍ അജിതയുടെ ഭര്‍ത്താവ്‌ യാക്കുബുമായി താഹ മാടായി നടത്തുന്ന അഭിമുഖം

ചോദ്യം : യാക്കുബിന്റ അറസ്റ്റിനു പിന്നില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നോ ?
ഉത്തരം സത്യത്തില്‍ അങ്ങനെ ഞാന്‍ വിശ്വസിക്കുന്നില്ല. പാലക്കാട്‌ ഭരിക്കുന്ന വളരെ പ്രമുഖനായ ഒരു അബ്കാരി കോണ്ട്രകടര്‍ അറസ്റ്റിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എന്നാല്‍ എന്നെ കുരുക്കിയതിന്‌ കുഞ്ഞാലിക്കുട്ടി നേരിട്ട്‌ പങ്കുവഹിച്ചു എന്ന് കരുതുന്നില്ല.

ജാരനും ദാമ്പത്യവും പി.കെ.ഗണേശന്‍

ജാരസാന്നിധ്യം ജീവിതത്തെ കാല്‍പനികമാക്കുമെങ്കില്‍ ആരു കൊതിക്കാതിരിക്കും ആ ജീവിതം. ഭര്‍ത്താവിന്റ പിറകിലാണ്‌ ജാരന്റ ഇടം. ഭര്‍ത്താവ്‌ കാണുന്നില്ല ജാരനെ . അതേ സമയംതന്റ ജീവിതം എന്നും വസന്തമാക്കുന്ന ജാരനെ അവള്‍ കാണുന്നു, എപ്പോഴും ഭര്‍ത്താവിനു പിന്നില്‍.......ജാര സങ്കല്‍പം മോഹനമാംവിധം പ്രമേയമാക്കപ്പെട്ട ചലച്കിത്രങ്ങളിലൂടെ ഒരു യാത്ര...സസൊീഷ്യസ്‌ റിവര്‍, തി അയണ്‍,സെക്സ്‌ , ലൈസ്‌ ആന്‍ഡ്‌ വീഡിയോ ടേപ്‌ റ്റൂ സിലബിള്‍സ്‌ ബിഹൈന്‍ഡ്‌... തുടങ്ങിയ ചിത്രങ്ങളേ അനവരണം ചെയ്യുന്നു

ആയുസിന്റ പുസ്തകവും ക്രിസ്ത്യന്‍ പാപസങ്കല്‍പവും .. കെ.സി വര്‍ഗീസ്‌

ലൈഗീകത മനോഹരമായ ആപ്പിള്‍പ്പഴമായിരുന്നു. ക്രിസ്തുമതം പാപബോധം എന്ന പുഴുവിനെ അതിലേക്ക്‌ കടത്തിവിട്ടു. ആ പുഴു മുട്ടയിട്ടു പെരുകി. സെക്സ്‌ എന്ന അപ്പിളിനെ ആകെ മലിനമാക്കി. കസാന്‍ ദ്‌ സാക്കിസിന്റ ഇഹ്റ്റേ സമീപനം തന്നെയാണ്‌ായുസിന്റ പുസ്തക കര്‍ത്താവും ക്രൈസ്തവമായ പാപബോധത്തോടും അതുമായിയ ബന്ധപ്പെട്ട ലൈഗീകതയോടും പുലര്‍ത്തുന്നത്‌

ഈ ലക്കം പച്ചക്കുതിര കേരളത്തിലെ പ്രമുഖ ബുക്ക്‌സ്റ്റാളുകളില്‍ 10 രൂപക്ക്‌ ലഭിക്കുന്നതാണ്‌. മറ്റുലക്കങ്ങളെ അപേക്ഷിച്ച്‌ ഈ ലക്കം എന്നേ ഒരുപാട്‌ ആകര്‍ഷിച്ചു.സമകാലിക മലയാളമോ മാതൃഭൂമി ആഴ്ചപ്പതിപ്പോ മാധ്യമോ ഒക്കെ വായിക്കുന്നതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു അനുഭവം.

Monday, June 09, 2008

മാക്ടയും മലയാള സിനിമയും

സന്തോഷ്‌ മാധവന്‍ തുടങ്ങി വച്ച സ്വാമി വിവാദത്തിന്‌ ശേഷം മലയാള മാധ്യമങ്ങള്‍ക്ക്‌ മാകടയുടെ വക പുത്തന്‍ വിവാദ വിരുന്ന് ഒരുങ്ങിയിരിക്കുകയാണ്‌. ദിലീപ്‌ തുളസിദാസ്‌ തര്‍ക്കത്തില്‍ തുടങ്ങി സിദ്ധിക്ക്‌ വിനയന്‍ തര്‍ക്കത്തില്‍ എത്തി നില്‍ക്കുന്ന ഈ പോര്‌ ഇപ്പോള്‍ മറ്റ്‌ സംവിധായകര്‍ കൂടി ഏറ്റെടുത്തതോടെ മറ്റൊരു വിവാദ നാടകത്തിനു കൂടി തിരി തെളിയുകയായി.

പ്രശ്നം തുടങ്ങുന്നത്‌ ദിലീകും തുളസി ദാസും തമ്മിലാണ്‌. തുളസിദാസിന്റ കുട്ടനാടന്‍ എക്സ്പ്രസ്‌ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ 50000 രൂപ തുളസിദാസിന്റ കൈയില്‍ നിന്നും 40 ലക്ഷം ഉള്ളാട്ടില്‍ ശശി എന്ന നിര്‍മ്മാതവില്‍ നിന്നും പറ്റിയ ശേഷം ദിലീപ്‌ തുളസിദാസിന്‌ ഡേറ്റ്‌ നല്‍കിയില്ല എന്നതിലാണ്‌. എന്നാല്‍ 40 ലക്ഷം പറ്റിയ നിര്‍മ്മാതാവിനോട്‌ ഇനി തുളസിദാസിനെ സംവിധായകനാക്കി ഈ ചിത്രം ചെയ്യാന്‍ കഴിയില്ല എന്നും പറഞ്ഞത്രെ. ഇത്‌ തുളസിദാസ്‌ മാക്ടയിലെ സംവിധായക യൂണിയനില്‍ എത്തിക്കുകയും മാക്ട ദിലീപിനെ വിലക്കുകയും ചെയ്തു. എന്നാല്‍ ദില്ലിപിന്റ അടുത്ത ചിത്രം ചെയ്യേണ്ട സിദ്ധിക്ക്‌ ഇതില്‍ പ്രതിക്ഷേധിച്ചപ്പോള്‍ മാക്ട ഫെഡറെഷന്‍ ജനറല്‍ സെക്രട്ടറി വിനയന്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ്‌ ഇപ്പോള്‍ ഒരു പറ്റം സംവിധായകര്‍ രാജി വച്ച്‌ പുറത്ത്‌ വന്നിരിക്കുന്നത്‌.

ഈ വിഷയത്തിലുണ്ടായ തര്‍ക്കം മാക്ട എന്ന ട്രേഡ്‌ യൂനിയന്‍ സംഘടന എങ്ങനെ സിനിമ വ്യവസായത്തെ തകര്‍ക്കുന്നു എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ എന്നതാണ്‌ എന്റ പക്ഷം. മുന്‍പ്‌ ഇതു പോലെ നിര്‍മ്മാതക്കള്‍ക്ക്‌ മാക്ട ഫെഡറെഷന്‍ ചില നിര്‍ദ്ദേശങ്ങള്‍ ന്‍ല്‍കിയതിനെത്തുടര്‍ന്ന ചലചിത്ര നിര്‍മ്മാണം നിര്‍ത്തി വയ്ക്കുന്ന ഒരു സാഹചര്യം ഉരിത്തിരിഞ്ഞിരുന്നു. അന്ന് ഡ്രൈവര്‍മ്മാരുടെ ബാറ്റ പ്രശ്നത്തിലാണ്‌ ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായത്‌. മാക്ട നിര്‍മ്മാതക്കളോട്‌ കല്‍പ്പിക്കേണ്ട എന്നതായിരുന്നു അന്നത്തെ പ്രശ്നം. അന്ന് നിര്‍മ്മാതക്കള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയതിനെപ്പറ്റി ബ്ലസി പറഞ്ഞതിങ്ങനെയാണ്‌. കല്‍ക്കട്ടയി ഷൂട്ടിംഗ്‌ നടക്കുമ്പോഴാണ്‌ ഈ ഉപരോധം ഉണ്ടായത്‌. നിര്‍മ്മാതാവിന്റെ ചിലവില്‍ ജീവിച്ചിട്ട്‌ നിര്‍മ്മാതവുമായി സമരം ചെയ്യേണ്ടിവരുന്ന ഒരു ദുരവസ്ഥ. ഇന്ന് അത്‌ ദിലീപിന്റ പ്രശ്നത്തില്‍ എത്തി നില്‍ക്കുമ്പോഴും സംഭവിക്കുന്നതും ഇതൊക്കെത്തന്നെ . സിനിമ എന്നത്‌ ഒരു ട്രേഡ്‌ യൂണിയന്‍ സ്വഭാവമുള്ള ഒരു തൊഴില്‍ മേഖല അല്ല എന്നത്‌ മനസിലാക്കാന്‍ എന്നാണ്‍! ഇവര്‍ പഠിക്കുക.

ഇനി ദിലീപ്‌ തുളസിദാസ്‌ പ്രശ്നത്തിലേക്ക്‌ വന്നാല്‍ കോളെജ്‌ കുമാരന്‍ എന്ന ചിത്രം കണ്ട ആരും ദിലിപ്പിന്റ അഭിപ്രായത്തോട്‌ യോജിച്ച്‌ പോകും എന്നതാണ്‌ സത്യം. എന്നാലും സംവിധായകനെ മാറ്റാന്‍ പറയത്തക്ക രീതിയില്‍ താരം വളര്‍ന്നോ എന്ന ചിന്തയും പ്രസക്തം. എന്നാല്‍ ഇത്തരം പ്രതിസധി പരിഹരിക്കേണ്ട യൂണിയങ്കാര്‍ ചെയ്യുന്നതോ വ്യവസായത്തെ തകര്‍ക്കുന്ന ഉപരോധ നടപടികളും. മാക്ടയുടേ വക്തക്കാളായി വരുന്ന മിക്കവരും സംവിധാനം ചെയ്ത ചിത്രമേത്‌ എന്ന് ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. അതില്‍ ബൈജു കൊട്ടാരക്കര , അമ്പിളി ബാലു കിരിയത്ത ഇവരൊക്കെ ഏത്‌ കാലഘട്ടത്തിലാണ്‌ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്‌ എന്ന് ചിന്തിച്ചാല്‍ ഇവരൊക്കെ സിനിമാ യൂണിയനെ എവിടെ എത്തിക്കും എന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. പിന്നെ ജനറല്‍ സെക്രട്ടറി വിനയനാകട്ടെ ഒരു ഹിറ്റ്‌ ചിത്രം ചെയ്ത കാലം മറന്നു.ഇനി മാക്ട എന്താണ്‌ അതിലെ അംഗങ്ങള്‍ക്ക്‌ ചെയ്തു കൊടുക്കുന്നത്‌ എന്നറിയാന്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റ യൂണിക്കോഡ്‌ പരിഭാഷ താഴേക്കൊടുക്കുന്നു.കേരളത്തില്‍ രൂപംകൊണ്ട ഏറ്റവും പ്രായം കുറഞ്ഞ തൊഴിലാളിപ്രസ്ഥാനങ്ങളിലൊന്നായ മാക്ട ഫെഡറേഷന്‍ മാസങ്ങള്‍ക്കു മുമ്പ് ഒരു പണിമുടക്ക് നടത്തി. ഫെഡറേഷനിലെ ഡ്രൈവര്‍മാരുടെ ദിവസക്കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. സിനിമാമേഖലയാകെ ദിവസങ്ങളോളം സ്തംഭിപ്പിച്ച ആ പണിമുടക്ക് വിജയം കണ്ടുവെങ്കിലും പുതുതായി രൂപംകൊണ്ട തൊഴിലാളി പ്രസ്ഥാനത്തിന്റെ ആഭ്യന്തരവൈരുധ്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടാണ് അത് അവസാനിച്ചത്. ''ഡ്രൈവര്‍മാരുടെ കൂലി വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ നമ്മുടെ സ്വപ്നങ്ങള്‍ ബലികഴിക്കേണ്ടിവരുന്നത് വലിയ കഷ്ടമാണെന്ന്'' ഒരു പ്രമുഖ സംവിധായകന്‍ ആത്മഗതംപോലെ പറഞ്ഞു. കോടികള്‍ മുടക്കി (പലപ്പോഴും പാഴാക്കി) സിനിമ ചെയ്യുന്ന നിര്‍മാതാക്കളാകട്ടെ ഡ്രൈവര്‍മാര്‍ക്ക് തുച്ഛമായ കൂലിവര്‍ധന നടപ്പാക്കാന്‍ അനാവശ്യമായി ബലം പിടിക്കുകയും ചെയ്തു. ഡ്രൈവര്‍മാരുടെ ആവശ്യത്തിന് വഴങ്ങിക്കൊടുത്താല്‍ ഭാവിയില്‍ മാക്ട ഫെഡറേഷനിലെ മറ്റു യൂനിയനുകളും ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി മുന്നോട്ടുവരുമെന്ന ഭയം സ്വാഭാവികമായും അവര്‍ പ്രകടിപ്പിച്ചു. അതിനിടയിലാണ് ഫെഡറേഷനിലെ തന്നെ ഡയറക്ടേഴ്സ് യൂനിയന്‍ അംഗങ്ങള്‍ അടക്കമുള്ള വന്‍തുകകള്‍ കൈപ്പറ്റുന്ന 'തൊഴിലാളികള്‍' പരസ്യമായും രഹസ്യമായും സമരത്തില്‍ അതൃപ്തി പ്രകടിപ്പിച്ചത്. സമരം പിന്നെയും നീണ്ടുപോയിരുന്നെങ്കില്‍ സംഘടനയില്‍ വിള്ളലുകള്‍ ഉണ്ടാകുമെന്നുവരെ സംശയം ഉണര്‍ന്നിരുന്നു.

ഈ സമരത്തിലൂടെ ഒരു ട്രേഡ് യൂനിയനെന്ന നിലയില്‍ മാക്ട ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. അതോടൊപ്പം തൊഴിലെടുക്കാനുള്ള അവകാശവും തൊഴിലാളിയൂനിയനുകളുടെ ഇടപെടലുകളും സൃഷ്ടിച്ച വൈരുധ്യം മലയാള സിനിമയില്‍ പുതിയൊരു പ്രശ്നമേഖല സൃഷ്ടിക്കുകയായിരുന്നു. 40 ലക്ഷം പ്രതിഫലം വാങ്ങുന്ന സംവിധായകര്‍ മുതല്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന പ്രൊഡക്ഷന്‍ ബോയ് വരെയുള്ള വിവിധ സാമ്പത്തികശ്രേണിയില്‍ പെട്ടവര്‍ ഒരേ കൊടിക്കീഴില്‍ അണിനിരന്നതാണ് മാക്ട ഫെഡറേഷന്‍. സമനിരപ്പായ ഒരു തൊഴില്‍സംസ്കാരത്തിന്റെ സാധ്യതയായിരുന്നു അത് മുന്നോട്ടുവെച്ചത്. എന്നാല്‍ ആഭ്യന്തരമായ വര്‍ഗസംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയും അധികാരമുറപ്പിക്കലും നിലനിറുത്തലും മുഖ്യ അജണ്ടയാവുകയുമാണുണ്ടായത്. തൊഴില്‍പരമായും സര്‍ഗാത്മകമായും സിനിമയെ മുന്നോട്ടു നയിക്കുന്നതില്‍ യൂനിയന്‍ പരാജയപ്പെടുന്നുവെന്ന വിമര്‍ശം ഉയര്‍ന്നത് ഈ ഘട്ടത്തിലാണ്. പ്രശസ്ത സംവിധായകന്‍ കമല്‍ ഒരഭിമുഖത്തില്‍ പറയുന്നു: ''...സംഘടനയിലെ അംഗങ്ങളുടെ അടിയന്തരമായ ആവശ്യങ്ങള്‍ പരിഹരിക്കുക എന്നതില്‍ കവിഞ്ഞ് ഒന്നും സംഭവിക്കുന്നില്ല. ചര്‍ച്ചക്കുള്ള വേദിയല്ല അത്. മാക്ടയില്‍മാത്രമല്ല, നിര്‍മാതാക്കള്‍ക്കിടയിലോ, താരങ്ങള്‍ക്കിടയിലോ അത്തരം ചര്‍ച്ചകള്‍ സംഭവിക്കുന്നില്ല.''

വ്യവസായമെന്ന നിലയില്‍ സിനിമ ഒരു സാമ്പത്തികസ്ഥാപനമാണ്. ഒരു സംവേദനരൂപമെന്ന നിലയില്‍ സാംസ്കാരിക സ്ഥാപനവും. സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ മൂലധനത്തിന്റെ പ്രത്യയശാസ്ത്ര താല്‍പര്യങ്ങളാണ് സിനിമയില്‍ നടക്കുന്നത്. ജനങ്ങളെ സ്വന്തം വിശ്വാസങ്ങള്‍ക്കും ലോകവീക്ഷണങ്ങള്‍ക്കുമനുസരിച്ച് ചിട്ടപ്പെടുത്താന്‍ അത് ശ്രമിക്കുന്നു. ഈ മൂലധന താല്‍പര്യങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ സാധൂകരണം നല്‍കുന്നത് സിനിമയുടെ 'സാംസ്കാരിക മൂല്യമാണ്.' ഇവിടെയാണ് ഒരു തൊഴിലാളി യൂനിയന്‍ എടുക്കുന്ന നിലപാട് വളരെ നിര്‍ണായകമാവുന്നത്.

''ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ക്കും ആദ്യകാല ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും വളരെയധികം വേരോട്ടമുള്ള സംസ്ഥാനമാണിത്. ഇവിടെ എല്ലാ മേഖലയിലും ട്രേഡ് യൂനിയനിസം വന്നിട്ടുണ്ട്. സിനിമയില്‍ അത് സാധ്യമായിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ എന്നത് ഒരു പാരഡോക്സ് ആണ്. തമിഴിലും തെലുങ്കിലും മറ്റ് പ്രാദേശിക ഭാഷകളിലും ട്രേഡ് യൂനിയന്‍ ശക്തമാണ്. കേരളത്തില്‍ എന്തുകൊണ്ടോ അത് വൈകി. സംവിധായകര്‍ മുതല്‍ പ്രൊഡക്ഷന്‍ ബോയ്സ് വരെയുള്ള പതിനെട്ട് ^ഇപ്പോള്‍ ഇരുപതോളം ആയി^ സംഘടനകള്‍ ചേര്‍ന്ന കോണ്‍ഫെഡറേഷന്‍ ആണ് ഇപ്പോള്‍ മാക്ട ഫെഡറേഷന്‍. ചരിത്രത്തിന്റെ ഒരു ഡിമാന്റിനോട് ഒരു ഇന്‍ഡസ്ട്രി വളരെ വൈകി പ്രതികരിച്ചതാണ് എന്നു പറയാം. അസംഘടിതമായ ഒരു തൊഴിലാളിമേഖല സംഘടിതമാവുകയാണ്. അതില്‍ ഇത്രയും അങ്കലാപ്പുകളുണ്ടാക്കേണ്ട കാര്യമില്ല. മറ്റെല്ലാ തൊഴിലാളി യൂനിയനുകള്‍ക്കും ഉള്ളതുപോലെ മാക്ടയിലെ എല്ലാ യൂനിയനിലും അംഗത്വം ലഭിക്കുന്നതിന് അതിന്റേതായ മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിന് അതിന്റെ ജനറല്‍ ബോഡിക്ക് സാധിക്കുന്നതുമാണ്'' ^മാക്ട ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയും റൈറ്റേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഏകീകൃതമായ ട്രേഡ് യൂനിയന്‍ സ്വഭാവത്തിലേക്കും സിനിമാരംഗത്തെ ഏക ട്രേഡ് യൂനിയന്‍ എന്ന നിലയിലേക്കും മാക്ട ഫെഡറേഷന്‍ മാറുമ്പോള്‍ അത് മുന്നോട്ടുവെക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും 'ഉള്ളിലുള്ളവരെ' പരമാവധി സംരക്ഷിക്കുന്നതിനും 'പുറത്തുനിന്നുള്ളവരെ' ആവുംവിധം അകറ്റിനിറുത്തുന്നതിനും ലക്ഷ്യം വെച്ചുള്ളതാണെന്ന് ആരോപണങ്ങള്‍ ഉയരുന്നു. മാക്ട ഫെഡറേഷനില്‍ അംഗത്വം ലഭിക്കുന്നതിന് 15000 മുതല്‍ അമ്പതിനായിരം രൂപ വരെയാണ് വ്യത്യസ്ത യൂനിയനുകള്‍ ഈടാക്കുന്നത്. ഭാരിച്ച അംഗത്വഫീസ് ഒടുക്കാന്‍ തയാറായാല്‍ തന്നെ അംഗത്വം നല്‍കുന്നതിന് അനാവശ്യമായ കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു. പല യൂനിയനുകളും ഒരു തരം കുത്തക സ്വഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശം പലഭാഗത്തുനിന്നും ഉയരുന്നു.

''ഡയറക്ടേഴ്സ് യൂനിയനില്‍ 25,000 രൂപ ഈടാക്കുന്നുണ്ട്. 10,000 രൂപ അംഗത്വ ഫീസ് ഈടാക്കുന്ന യൂനിയനുകളും ഉണ്ട്. അതില്‍ കൂടുതല്‍ ഉള്ള സംഘടനകളും ഉണ്ട്. സിനിമ എന്നത് തരക്കേടില്ലാത്ത വേതനം ലഭിക്കുന്ന തൊഴില്‍മേഖലയാണ്. ട്രേഡ് യൂനിയന്‍ രൂപവത്കരണത്തിന് മുമ്പുവരെ വേതനം കിട്ടിയില്ലെങ്കില്‍ കിട്ടിയില്ല എന്നേ ഉള്ളൂ. അത് ചോദിച്ചു വാങ്ങാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. പക്ഷേ ഇനി അത് അങ്ങനെയല്ല. പ്രതിഫലം വാങ്ങിച്ചുകൊടുക്കുന്നതിനുള്ള ഉത്തരവാദിത്തം യൂനിയന്‍ ഏറ്റെടുക്കും. തൊഴിലാളികളുടെ അവകാശ സംരക്ഷണം, ഇന്‍ഷൂറന്‍സ് പരിരക്ഷ, ക്ഷേമനിധി തുടങ്ങി ഒരു ട്രേഡ് യൂനിയന്‍ തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കുന്ന വ്യവസ്ഥകളെല്ലാം ഫെഡറേഷന്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു കനത്ത അംഗത്വഫീസായി പരിഗണിക്കാനാവില്ല''^ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

എഡിറ്റേഴ്സ് യൂനിയനില്‍ അംഗത്വം ലഭിക്കാന്‍ അമ്പതിനായിരം രൂപയാണ് അടയ്ക്കേണ്ടത്. പുതുമുഖങ്ങളെ പരമാവധി ഒഴിവാക്കുന്ന പ്രവണതയാണ് ഈ യൂനിയനില്‍ നിലനില്‍ക്കുന്നതെന്ന് യുവതലമുറയിലെ പല എഡിറ്റര്‍മാരും പരാതിപ്പെടുന്നു. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത 'മെയ്ഡ് ഇന്‍ യു.എസ്.എ' എന്ന ചിത്രത്തിലൂടെ എഡിറ്ററായി രംഗപ്രവേശം ചെയ്ത വിജയ് ശങ്കറിന് മാക്ട എഡിറ്റേഴ്സ് യൂനിയനില്‍ അംഗത്വമില്ല. ''അംഗത്വത്തിനുള്ള അപേക്ഷ ഒപ്പുവെക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്. ഏതെങ്കിലും എഡിറ്ററോടൊപ്പം രണ്ടുവര്‍ഷം അപ്രന്റിസായി പ്രവര്‍ത്തിച്ചിരിക്കണം. അപ്പോള്‍ മാക്ടയില്‍നിന്നും അപ്രന്റീസ് കാര്‍ഡ് കിട്ടും. അതുമായി ചെന്നാല്‍ അംഗത്വം നല്‍കാമെന്നാണ് പറയുന്നത്. പഴയ കാലത്താണെങ്കില്‍ ഇത് ശരിയായിരുന്നു. അന്നൊക്കെ എഡിറ്റിംഗ് പഠിക്കാന്‍ അവസരങ്ങള്‍ കുറവായിരുന്നു. അപ്പോള്‍ അപ്രന്റിസായി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ നിരവധി ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. അവിടെനിന്നും എഡിറ്റിംഗ് ജോലികള്‍ പഠിച്ചിറങ്ങുന്നവരാണ് എന്നെപ്പോലുള്ളവര്‍. സ്വതന്ത്രമായി സിനിമ ചെയ്ത് കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അപ്രന്റിസായും അസിസ്റ്റന്റ് എഡിറ്ററായുമൊക്കെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കണം എന്നു പറയുന്നത് അസംബന്ധമാണ്. കാലത്തിനനുസരിച്ച് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തൊഴിലാളി യൂനിയനുകള്‍ തയാറാവണം.'' ബ്ലെസിയുടെ 'കല്‍ക്കട്ടാ ന്യൂസി'ന്റെയും 'ഫ്രെയിംഡ്'എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെയും എഡിറ്ററായിരുന്നു വിജയ്. മാക്ട ഇടപെടലുകളെ തുടര്‍ന്ന് 'കല്‍ക്കട്ടാ ന്യൂസി'ന്റെ ക്രെഡിറ്റ് ലിസ്റ്റില്‍ കെ.തങ്കവേല്‍ കുമരന്‍ എന്ന അംഗത്വമുള്ള ആളിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. നൂറ് ദിവസത്തോളം കൊല്‍ക്കത്തയിലും കൊച്ചിയിലുമായി നടന്ന ഷൂട്ടിംഗിന്റെ ഓണ്‍ ലൈന്‍ എഡിറ്റിംഗ് നടത്തിയതും ചിത്രത്തിന്റെ എഡിറ്റിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്തതും വിജയ് ശങ്കറായിരുന്നു. ഒടുവില്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ ക്രെഡിറ്റ് ലിസ്റ്റില്‍ ഏറ്റവും അവസാനം 'കട്ട്സ്: വിജയ്ശങ്കര്‍' എന്നു മാത്രം കാണാം. ''അംഗത്വത്തെക്കുറിച്ചൊന്നും ഞാനിപ്പോള്‍ ശ്രദ്ധിക്കാറില്ല. ക്രെഡിറ്റില്‍ പേര് വന്നാലും ഇല്ലെങ്കിലും ഞാന്‍ വര്‍ക്ക് ചെയ്യും.'' ജോലി അറിയുന്നവരെ ഒരുപാട് കാലം അകറ്റി നിറുത്താനാവില്ലെന്നാണ് വിജയ് പറയുന്നത്. മലയാളത്തില്‍ ഏറ്റവും വേഗതയാര്‍ന്ന ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിച്ച ഡോണ്‍ മാക്സിനും ഇതേ ഗതി തന്നെയാണുണ്ടായത്. എഡിറ്റര്‍ എന്ന പേരിന് പകരം 'കട്സ്' കൊണ്ടു തൃപ്തിപ്പെടേണ്ടി വരുന്നു ഇവര്‍ക്കെല്ലാം. ഇതുമൂലം അര്‍ഹതപ്പെട്ട പല അംഗീകാരങ്ങളും ഇവര്‍ക്ക് നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

എഡിറ്റേഴ്സ് യൂനിയനില്‍ പുതിയ ചെറുപ്പക്കാര്‍ക്ക് വിവേചനമൊന്നുമില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. ''എഡിറ്റേഴ്സ് യൂനിയനില്‍ കുറെ പുതിയ ചെറുപ്പക്കാര്‍ കടന്നുവന്നിട്ടുണ്ട്. അങ്ങനെയുള്ള ഏഴ് ചെറുപ്പക്കാര്‍ക്ക് എഡിറ്റേഴ്സ് യൂനിയനില്‍ മെമ്പര്‍ഷിപ്പ് കൊടുത്തിട്ടുണ്ട്. അങ്ങനെ കടന്നുവന്ന ചെറുപ്പക്കാരനാണ് ഡോണ്‍ മാക്സ്. അതിന് ശേഷം എഡിറ്റേഴ്സ് യൂനിയന്‍ എടുത്ത ഒരു തീരുമാനം രണ്ടു വര്‍ഷമെങ്കിലും ഇന്‍^സ്റ്റുഡിയോ എക്സ്പീരിയന്‍സ് ഉള്ളവര്‍ക്കുമാത്രം മെമ്പര്‍ഷിപ്പ് കൊടുത്താല്‍ മതിയെന്നാണ്. എഡിറ്റിംഗ് എന്നത് വളരെ സാങ്കേതികമികവ് ആവശ്യപ്പെടുന്ന ജോലിയായതുകൊണ്ടാണ് അത്തരമൊരു മാനദണ്ഡം മുന്നോട്ടുവെച്ചത്. ആയാള്‍ അത്തരത്തില്‍ പരിശീലനം നേടിയ ആളായിരിക്കണം, അംഗീകൃത സ്ഥാപനങ്ങളില്‍ പഠിച്ച ആളുകളെ ഈ നിബന്ധനകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്'' ^അദ്ദേഹം പറയുന്നു.

എന്നാല്‍ ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്ന അവകാശ സംരക്ഷണമോ ജനാധിപത്യമോ സിനിമയുടെ തൊഴിലിടങ്ങളില്‍ കാണാനാവില്ലെന്നാണ് തൊഴിലാളികള്‍ രഹസ്യമായി പങ്കുവെക്കുന്ന അനുഭവം. വന്‍തുക പ്രതിഫലം വാങ്ങുന്ന സംവിധായകരും ദിവസക്കൂലിക്ക് ജോലിചെയ്യുന്ന പ്രൊഡക്ഷന്‍ ബോയ്സും അടങ്ങുന്ന വലിയ വൃത്തത്തിനുള്ളില്‍ ഭക്ഷണം മാത്രം പ്രതിഫലമായി ലഭിക്കുന്ന മറ്റൊരു വിഭാഗമുണ്ട്^ സംവിധാന സഹായികള്‍! സിനിമ തലക്കുപിടിച്ച് ഇറങ്ങിപ്പുറപ്പെടുന്ന നിരവധി ചെറുപ്പക്കാര്‍ സിനിമാ സെറ്റുകളിലെ കോമാളികളായിത്തീരുകയാണ് പതിവ്. മാക്ടയില്‍ താല്‍ക്കാലിക അംഗത്വം നേടി സിനിമ പഠിക്കാനെത്തുന്നവര്‍ ചുരുങ്ങിയത് മൂന്ന് സിനിമകളിലെങ്കിലും സംവിധായകനൊപ്പം നിന്നെങ്കിലേ ഇവരെ സ്ഥിരാംഗത്വത്തിന് പരിഗണിക്കുകയുള്ളു. ഇക്കാലമത്രയും സംവിധായകന്റെ ആട്ടും തുപ്പും സഹിച്ച് പ്രതിഫലമൊന്നുമില്ലാതെ പണിയെടുക്കണം. വരാനിരിക്കുന്ന നല്ല കാലത്തിനുവേണ്ടിയുള്ള പരിധിയില്ലാത്ത സഹനം! മലയാളത്തിലെ ഒരു പ്രമുഖ ആക്ഷന്‍ സംവിധായകന്റെ കൂടെ നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഒരു യുവാവ് തന്റെ അനുഭവം ഇങ്ങനെയാണ് വിവരിക്കുന്നത്. നാല് ചിത്രങ്ങളില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടും തന്റെ പേരെന്താണെന്നുപോലും സംവിധായകന് അറിയില്ലായിരുന്നു. തുടക്കം മുതല്‍ 'ഇഡിയറ്റ്' എന്നാണ് സംവിധായകന്‍ ഈ അസിസ്റ്റന്റിനെ വിളിച്ചിരുന്നത്. പുതുതായി സംവിധാന രംഗത്തേക്ക് കടന്നുവരുന്ന 'താല്‍ക്കാലിക മെമ്പര്‍ക്ക്' ലഭിക്കുന്ന സ്വീകരണം ഇതാണ്.

നൂറ് ദിവസത്തോളം നീണ്ട ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനുശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ വണ്ടിക്കൂലിക്ക് 500 രൂപ ചോദിച്ച അസിസ്റ്റന്റ് ഡയറക്ടറോട് പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞത്, ഒരു പൈസപോലും അസിസ്റ്റന്‍സിന് കൊടുത്തുപോകരുതെന്നാണ് ഡയറക്ടറുടെ പ്രത്യേക നിര്‍ദേശം എന്നാണ്. ചിത്രീകരണത്തിനൊടുവില്‍ ഡബ്ബിംഗിന് സഹായിക്കാന്‍ ആദരപൂര്‍വം കാത്തുനിന്ന മറ്റൊരു സംവിധാന സഹായി താമസിക്കാന്‍ ഇടമോ ഭക്ഷണം കഴിക്കാന്‍ പണമോ ഇല്ലാതെ ഒടുവില്‍ സംവിധായകനെ തന്നെ സമീപിച്ചു. ''ഞങ്ങളൊക്കെ സിനിമ പഠിച്ചത് കടത്തിണ്ണയിലും ബസ് സ്റ്റാന്റിലുമൊക്കെ അന്തിയുറങ്ങിയാ... കൊച്ചിയിലെന്താ റെയില്‍വേ സ്റ്റേഷനൊന്നും ഇല്ലായോ?'' എന്നായിരുന്നു ഗുരുവിന്റെ മറുപടി. ലൊക്കേഷനില്‍ വെച്ചു പരിചയപ്പെട്ട മറ്റൊരു സിനിമാഭ്രാന്തന്റെ കാരുണ്യത്തില്‍ അയാളുടെ മുറിയില്‍ അന്തിയുറങ്ങിയാണ് ആ സംവിധാനസഹായി സിനിമ പൂര്‍ത്തിയാക്കിയത്. ഇത്തരം നിരവധി അനുഭവങ്ങള്‍ സിനിമാവ്യവസായ രംഗത്തെ യഥാര്‍ഥ തൊഴിലാളികള്‍ പങ്കുവെക്കുന്നു. സിനിമാ സെറ്റിലെ ഭക്ഷണവിതരണത്തില്‍ മുതല്‍ പന്തിയിലെ വലുപ്പച്ചെറുപ്പം ദൃശ്യമാകും. സൂപ്പര്‍സ്റ്റാര്‍ മുതല്‍ ലൈറ്റ്ബോയ് വരെ ഓരോ ശ്രേണിയില്‍ പെട്ടവര്‍ക്കും വ്യത്യസ്തമായ ഭക്ഷണമാണ് വിതരണം ചെയ്യുക. താമസം മുതല്‍ ഭക്ഷണം വരെയുള്ള ഈ ഉച്ചനീചത്വം ഒരുതരം അനുഷ്ഠാനം പോലെ സിനിമാവ്യവസായം പാലിച്ചുപോരുന്നുണ്ട്. ഈ തൊഴില്‍ സാഹചര്യത്തിലേക്കാണ് തൊലിപ്പുറമേയുള്ള ചില ട്രേഡ് യൂനിയന്‍ അവകാശവാദങ്ങളുമായി ഫെഡറേഷന്‍ ഇടപെടലുകള്‍ നടത്തുന്നത്.

സിനിമാ വ്യവസായരംഗത്ത് ഇത്തരം മാമൂലുകളും ഉച്ചനീചത്വങ്ങളും നിലനിറുത്തിക്കൊണ്ടുതന്നെയാണ് ട്രേഡ് യൂനിയന്‍ സ്വഭാവം കൈവരിക്കാന്‍ മാക്ട ശ്രമിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുകയെന്ന അടിസ്ഥാനപരമായ ലക്ഷ്യത്തിലേക്കുള്ള ഈ ചുവടുവെപ്പില്‍ ഒരു കലാപ്രവര്‍ത്തനം എന്ന നിലയിലുള്ള സിനിമയുടെ സവിശേഷത മറ്റൊരു തരം പ്രതിസന്ധി കൂടി സൃഷ്ടിക്കുന്നുണ്ട്. മലയാള സിനിമാരംഗത്ത് നിലനിന്നുപോരുന്ന 'ഗുരുകുലസമ്പ്രദായ'ത്തിന് പുറത്തുനിന്ന് വരുന്നവരെ അതെപ്പോഴും അകറ്റിനിറുത്താന്‍ ശ്രമിക്കുന്നു. പുതിയ സംവിധായകര്‍ക്കും പുതിയ സിനിമാസങ്കല്‍പങ്ങളുമായി വരുന്നവര്‍ക്കും നേരെ ട്രേഡ് യൂനിയന്‍ തന്ത്രങ്ങള്‍ കൂടി പുറത്തെടുക്കുമ്പോള്‍ മാക്ടയുടെ പരിധിക്ക് പുറത്തുനില്‍ക്കുന്ന സംവിധായകരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. പുതിയ കാഴ്ചശീലങ്ങളുടെ പിന്‍ബലത്തില്‍ പരമ്പരാഗത ശിക്ഷണമില്ലാതെ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കുമുമ്പില്‍ മാക്ടയുടെ തൊഴിലാളി യൂനിയന്‍ മാനദണ്ഡങ്ങള്‍ വിലങ്ങുതടിയാവുന്നുവെന്ന വിമര്‍ശം ശക്തമാണ്.

നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും പുതിയ കാലത്തിന്റെ രാഷ്ട്രീയം ധ്വനിക്കുന്ന സിനിമയെടുക്കണമെന്ന ആഗ്രഹവുമായി മുന്നോട്ടുവരുകയും ചെയ്ത ചെറുപ്പക്കാരനാണ് അജയന്‍. കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി'യെ ആസ്പദമാക്കി അജയന്‍ സംവിധാനം ചെയ്യുന്ന 'ബോധി' എന്ന ചിത്രം ആദ്യം മുതല്‍ തന്നെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. കൃത്യമായ ഒരു പ്രൊഡ്യൂസറോ സംഘാംഗങ്ങളോ ഇല്ലാതെ വളരെ ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ചിത്രത്തിന്റെ മൂലധനം ഒരേ തരംഗവേഗത്തില്‍ ചിന്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായിരുന്നു. എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ മാക്ടയിലെ വിവിധ യൂനിയനുകള്‍ തടസ്സവാദവുമായി രംഗത്തുവന്നു. അവരുടെ യൂനിയനില്‍ പെട്ടവരെ മാത്രം ഉള്‍പെടുത്തിക്കൊണ്ടായിരിക്കണം ചിത്രീകരണം, മാക്ടയില്‍ മെമ്പര്‍ഷിപ്പില്ലെങ്കില്‍ സിനിമയെടുക്കാനാവില്ല തുടങ്ങിയ വാദഗതികള്‍ ഉയര്‍ത്തിയായിരുന്നു തടസ്സവാദങ്ങള്‍. സംവിധായകനുള്‍പ്പെടെ എല്ലാവരും മാറണം എന്നായിരുന്നു തൊഴിലാളി യൂനിയന്‍ പരോക്ഷമായി നിര്‍ദേശിച്ചത്. ''വളരെ പാഷനോടുകൂടിയാണ് സിനിമയിലേക്ക് ഞങ്ങള്‍ എത്തുന്നത്. മാത്രവുമല്ല അതിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ആ പൊളിറ്റിക്സ് നമ്മുടെ സാമൂഹികനീതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു മാധ്യമത്തിലൂടെ പുറത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ട്രേഡ് യൂനിയന്‍ മനോഭാവത്തോടെ സമീപിക്കുന്നത് വേദനാജനകമാണ് '' ^അജയന്‍ പറയുന്നു.

''മാക്ട പോലുള്ള സംഘടനകള്‍ ഒരു വ്യവസായം എന്ന നിലയില്‍ സിനിമയുടെ നിലനില്‍പിന് സഹായകമായേക്കാം. പക്ഷേ, സര്‍ഗാത്മകമായ രീതിയില്‍ അല്ലെങ്കില്‍ വളരെ റിബലായ രീതിയില്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, സമാന്തരമായ സിനിമാസങ്കല്‍പങ്ങളുമായി വരുന്ന എന്നെപ്പോലുള്ളവര്‍ക്ക് മാക്ട പോലെയുള്ള പ്രസ്ഥാനങ്ങള്‍ തടസ്സമായാണ് നില്‍ക്കുന്നത്. ജോണിന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകള്‍ കണ്ട് ആ മൂല്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ജനകീയമായ രീതിയില്‍ സിനിമ ചെയ്യാന്‍ മുന്നോട്ടുവരുമ്പോള്‍ മാക്ട മെമ്പര്‍ഷിപ്പും കനത്ത മെമ്പര്‍ഷിപ്പ് തുകയുമൊക്കെയായി പ്രതിബന്ധം സൃഷ്ടിക്കുന്നു. നിങ്ങള്‍ക്ക് മാക്ടയില്‍ മെമ്പര്‍ഷിപ്പുണ്ടോ, ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സിനിമ ചെയ്യാനാവില്ല എന്നാണവര്‍ പറയുന്നത്. ഇത് ഭീഷണിയുടെ സ്വരത്തിലാണ് വരുന്നത്. ഭീഷണി ഉയരുന്നത് പലപ്പോഴും മാക്ടയുടെ നേതൃത്വത്തില്‍ നിന്നല്ല. ചിലപ്പോള്‍ കാമറാമാന്‍ ആവാം, അല്ലെങ്കില്‍ മേക്കപ്മാന്മാരാവാം. അതുമല്ലെങ്കില്‍ മറ്റു ചിലര്‍.... എനിക്കുതോന്നിയത് ക്രിയേറ്റീവ് ആയി ചെയ്യാന്‍ അവരുടെ കൈയില്‍ ഒന്നുമില്ലാത്തതിന്റെ ഭീതിയാണ് ഭീഷണിയുടെ സ്വരം സ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്നാണ്. മാക്ടയുടെ മെമ്പര്‍ഷിപ്പ് ഉണ്ടെങ്കില്‍ ആര്‍ക്കും സിനിമയെടുക്കാം, പക്ഷേ എന്നെപ്പോലുള്ളവര്‍ക്ക് കൃത്യമായ പ്രൊഡ്യൂസര്‍ പോലുമില്ല. ഞാന്‍ സിനിമ ചെയ്യുന്നത് എന്റെ സുഹൃത്തുക്കളും ഈ വിഷയവുമായി താല്‍പര്യമുള്ളവരുമൊക്കെ ഒന്നുചേര്‍ന്നുകൊണ്ടുള്ള ഒരു ശ്രമമാണ്. പത്തോ ഇരുപതോ ലക്ഷം സ്വരുക്കൂട്ടിയെടുക്കുന്ന സിനിമ. ഇത്തരം സിനിമകളാണ് എല്ലാകാലത്തും മലയാള സിനിമയെയും ഭാഷയെയും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ശ്രമങ്ങളെയും തീക്ഷ്ണമായ സ്വപ്നങ്ങളെയും നശിപ്പിച്ചുകളയുന്ന ഒരു പ്രവണതയാണ് മാക്ട പോലുള്ള സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.''

സമാന്തരവും സ്വതന്ത്രവുമായ സിനിമാ പ്രവര്‍ത്തനങ്ങളേയും ശ്രമങ്ങളെയും ബാധിക്കുന്ന രീതിയിലേക്ക് മാക്ടയുടെ ട്രേഡ്യൂനിയനിസം അവകാശ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സിനിമയുടെ വ്യത്യസ്തമായ ധാരകളെ അത് തടയുന്നു. വ്യവസായത്തെയും അതിന്റെ രീതികളെയും മാനദണ്ഡങ്ങളെയും മാത്രമല്ല, സിനിമ എന്ന മാധ്യമത്തെക്കൂടി സ്വന്തം നിര്‍വചനങ്ങള്‍ക്കകത്തേക്ക് ചുരുക്കാനുള്ള ശ്രമം കൂടി ഇവിടെ വെളിപ്പെടുകയാണ്. മൂലധനകേന്ദ്രിതമായ ഒരു വ്യവസായത്തെ സാധ്യമാക്കുന്ന ഇടം എന്ന നിലക്ക് മാത്രമാണ് സിനിമാ നിര്‍മാണത്തെ മാക്ട സമീപിക്കുന്നത്. ലാഭം ലക്ഷ്യംവെക്കുന്ന ഒരു ഉല്‍പന്നം മാത്രമായി സിനിമ മാറുകയും ചെയ്യുന്നു. ട്രേഡ് യൂനിയനിസത്തിലേക്ക് പ്രവേശിക്കുന്ന ഒരു തൊഴില്‍മേഖലയുടെ ആന്തരികസംഘര്‍ഷങ്ങളെ മാത്രമേ അത് അഭിസംബോധന ചെയ്യുന്നുള്ളു. മറ്റെല്ലാത്തരം വ്യത്യസ്തതകളെയും ഇത് നിരാകരിക്കുകയും ചെയ്യുന്നു. ''ഇവിടത്തെ മധ്യവര്‍ഗ സിനിമ ഒരു വീഗാലാന്റ് സംസ്കാരമാണ് മുന്നോട്ടുവെക്കുന്നത്. അവിടെ ചെന്നാല്‍ ഒന്ന് കുളിക്കണം, നീന്തണം, കളിക്കണം ആഘോഷിക്കണം, പാട്ടുപാടി നൃത്തം വെക്കണം. ഈ ബഹളങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ഞാന്‍ മനസ്സിലാക്കിയതും കണ്ടുശീലിച്ചതും എന്റെ മനസ്സിലുള്ളതുമായ സിനിമ ചെയ്യാന്‍ ഞാന്‍ ഇറങ്ങിത്തിരിക്കുന്നു. സിനിമ എന്ന കലാരൂപത്തിന് കഥകളിപോലെത്തന്നെ, നാടകം പോലെത്തന്നെ ഒരു ഒറിജിനാലിറ്റി ഉണ്ട്. അത് മാസ്റ്റേഴ്സിന്റെ സിനിമകളില്‍ നാം കണ്ടെത്തിയിട്ടുള്ള യാഥാര്‍ഥ്യമാണ്. അത്തരം സിനിമകളെ റോള്‍ മോഡലായി നിറുത്തിക്കൊണ്ട് കേരളത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഇവിടെ നിന്ന് വളരെ നെഗറ്റീവ് ആയ പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത്തരം സിനിമകള്‍ കാണാന്‍ ആരെക്കിട്ടും എന്ന പ്രതികരണമാണ് ആദ്യം ലഭിക്കുക. പക്ഷേ, നാടകരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ കരുത്ത് ഉള്ളിലുള്ളതുകൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ എനിക്ക് കഴിയും. ഇത് മധ്യവര്‍ഗസിനിമാക്കാര്‍ ജനങ്ങളെക്കുറിച്ച് ഉണ്ടാക്കിവെച്ചിരിക്കുന്ന വികലമായ മുന്‍വിധിയാണ്. നമ്മുടെ തെരുവില്‍ പണിയെടുക്കുന്നവരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഉള്ളില്‍ പസോളിനിയും ഗൊദാര്‍ദും കുറാസോവയും ഒക്കെയുണ്ടെന്ന് ഇവര്‍ അറിയുന്നില്ല. ഗ്രാമങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ സിനിമ ആസ്വദിക്കാനെത്തുവരില്‍ ഭൂരിഭാഗവും ഈ സാധാരണക്കാര്‍ തന്നെയാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. എന്നാല്‍ സിനിമയെ കൊമേഴ്സ്യല്‍ തലത്തില്‍നിന്ന് മാത്രം ചിന്തിക്കുന്നവര്‍ക്ക് ഈ പ്രേക്ഷകരെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നില്ല. ഇതിന്റെയൊക്കെ ഭാഗമായാണ് മാക്ട പോലുള്ള സംഘടനകള്‍ വെച്ച് അവര്‍ക്ക് ഇങ്ങനെയൊരു കളി കളിക്കേണ്ടി വരുന്നത്.'' ^അജയന്‍ അഭിപ്രായപ്പെടുന്നു.

മാക്ട മുന്നോട്ടുവെക്കുന്ന നിബന്ധനകളെക്കുറിച്ച് വളരെ വ്യത്യസ്തമായ നിലപാടാണ് ദേശീയ അവാര്‍ഡ് ജേതാവായ ഫിലിം എഡിറ്റര്‍ ബി അജിത് കുമാര്‍ പങ്കുവെക്കുന്നത്. ''സിനിമ നിര്‍മിക്കുന്നതിനോ റിലീസ് ചെയ്യുന്നതിനോ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടാകാന്‍ പാടില്ല. അതിലുപരിയായി, നമ്മുടെ സിനിമയുടെ അഭിവൃദ്ധിക്കായി പുതിയ പ്രതിഭകളെയും ആശയങ്ങളെയും പ്രോല്‍സാഹിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. യൂനിയന്‍ മെമ്പര്‍ഷിപ്പിനുവേണ്ടി ഔദ്യോഗികമായ ഒരു അപ്രന്റിസ്ഷിപ്പ് നിര്‍ബന്ധമാക്കുകയല്ല വേണ്ടത്. ഒരാള്‍ക്ക് സിനിമ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍, അല്ലെങ്കില്‍ ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അയാള്‍ മെമ്പര്‍ഷിപ്പിന് അര്‍ഹനായിരിക്കണം.

ഓഡിയോ വിഷ്വല്‍ ഇമേജിംഗ് രംഗം ഇത്തരം മാനദണ്ഡങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാത്ത വിധം അങ്ങേയറ്റം ജനാധിപത്യവത്കരിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങളുടെ മൊബൈലില്‍ പോലും സിനിമ നിര്‍മിക്കാവുന്ന കാലമാണിത്. പ്രതിഭയുള്ളവര്‍ അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്തുക തന്നെ ചെയ്യും. പുതിയ ടെക്നീഷ്യന്മാരും ചലച്ചിത്രകാരന്മാരും കഴിവുള്ളവരാണോ എന്നത് അവരുടെ സൃഷ്ടികള്‍ തന്നെ തെളിയിക്കട്ടെ. യൂനിയനുകളും പ്രൊഫഷനല്‍ സംഘടനകളും തൊഴിലാളികളുടെയും പ്രൊഫഷനലുകളുടെയും ശക്തിയാണ് പ്രകടിപ്പിക്കേണ്ടത്. മറിച്ച് അവരുടെ ദൌര്‍ബല്യങ്ങളും പ്രൊഫഷനല്‍ അരക്ഷിതത്വവുമല്ല.''

മാക്ടയുടെ ആന്തരിക സംഘര്‍ഷങ്ങള്‍ 'വ്യവസായ'ത്തിന് അകത്തും പുറത്തുമായി സിനിമകളെ സങ്കല്‍പിക്കുകയും വ്യത്യസ്തതകളെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതുപോലെ തന്നെ അവകാശങ്ങളുടെ കാര്യത്തിലും അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലും ഇരട്ടസമീപനം സ്വീകരിക്കുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ 'മണിച്ചിത്രത്താഴി'ന്റെ തിരക്കഥാകൃത്തിന്റെ അനുഭവം ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. 'മണിച്ചിത്രത്താഴി'ന്റെ കഥ വിവിധ ഭാഷകളില്‍ സിനിമയായി. എല്ലാം വന്‍ഹിറ്റുകളുമായിരുന്നു. എന്നാല്‍, അതിന്റെ കഥാകൃത്തായ മധുമുട്ടത്തിന് ഒരു പ്രയോജനവും കിട്ടിയില്ല. പകര്‍പ്പവകാശം വാങ്ങാതെയാണ് സിനിമയുടെ കഥ വില്‍പന നടത്തിയതെന്നും കഥാകൃത്തിന്റെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മധുമുട്ടം കോടതിയെ സമീപിച്ചു. പ്രമുഖസംവിധായകരായ ഫാസിലും പ്രിയദര്‍ശനുമായിരുന്നു എതിര്‍കക്ഷികള്‍. സ്വാഭാവികമായും മാക്ട കേസില്‍നിന്നും തന്ത്രപരമായ അകലം പാലിച്ചു. ''മണിച്ചിത്രത്താഴിന്റെ പകര്‍പ്പവകാശത്തെ സംബന്ധിക്കുന്ന കേസ് ആരംഭിക്കുന്ന കാലത്ത് ഞാന്‍ മാക്ടയില്‍ അംഗമായിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട് മാക്ട എപ്പോഴെങ്കിലും ഇടപെട്ടതായി എനിക്കറിയില്ല. വളരെ അടുത്തകാലത്ത് ഞാന്‍ മാക്ട റൈറ്റേഴ്സ് യൂനിയനില്‍ അംഗത്വമെടുത്തു. എഴുത്തുകാരന്റെ അവകാശങ്ങള്‍ പരമാവധി സംരക്ഷിക്കുക എന്നതാണ് യൂനിയന്റെ ലക്ഷ്യമെന്നും എന്റെ കേസ് അതിന് ഒരു കാരണമാണെന്നുമൊക്കെ പൊതുയോഗത്തില്‍ പലരും പറഞ്ഞു. അതിലപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.'' ^മധുമുട്ടം പറയുന്നു.

സെല്ലുലോയ്ഡില്‍ പതിയുന്ന ഉല്‍പന്നത്തിന് മാത്രമാണ് സിനിമയുടെ നിര്‍മാതാവിന് അവകാശം. കഥയും തിരക്കഥയുമെല്ലാം എഴുത്തുകാര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പകര്‍പ്പവകാശനിയമത്തിന്റെ കാതല്‍. എന്നാല്‍, മാക്ട റൈറ്റേഴ്സ് യൂനിയന്‍ ഇക്കാര്യത്തില്‍ പുതിയ സമീപനമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു ഭാഷകളിലേക്ക് കഥ വില്‍ക്കുമ്പോള്‍ പ്രതിഫലത്തിന്റെ അമ്പത് ശതമാനം എഴുത്തുകാരനും അമ്പത് ശതമാനം നിര്‍മാതാവിനുമുള്ളതാവണം എന്നാണ് ഈ സമീപനം. മൂലധനകേന്ദ്രിതമായ ഇത്തരം സമവായങ്ങള്‍ എഴുത്തുകാരുടെ അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. എന്നാല്‍ മാക്ട അംഗത്വത്തിനുവേണ്ടി ഈ നിര്‍ദേശങ്ങള്‍ക്ക് എഴുത്തുകാര്‍ക്ക് വഴിപ്പെടേണ്ടിവരുന്നു. എഴുത്തുകാരുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ പോലും മാക്ട അംഗമല്ലാത്ത പുതിയ എഴുത്തുകാരുടെ കാര്യത്തില്‍ വളരെ വിചിത്രമായ നിലപാടാണ് യൂനിയന്‍ പിന്തുടര്‍ന്നുപോരുന്നത്. കഥാകൃത്തിന് അംഗത്വമില്ലെങ്കില്‍ അയാള്‍ക്ക് അര്‍ഹമായ ക്രെഡിറ്റോ പ്രതിഫലമോ നല്‍കാന്‍ വിസമ്മതിക്കുന്ന യൂനിയന്‍ അവകാശങ്ങളേക്കാള്‍ 'വ്യവസായിക' താല്‍പര്യത്തിന് കീഴടങ്ങുകയാണ്. മറ്റു തൊഴിലാളി യൂനിയനുകളിലും അംഗത്വത്തിന് നിശ്ചിത മാനദണ്ഡങ്ങളും അംഗത്വഫീസും ഉണ്ടെന്നതു ശരി തന്നെ. എന്നാല്‍, അത്തരം തൊഴില്‍ മേഖലകളിലേതുപോലെ സ്ഥിരം ജോലിയും വേതനവും ഉറപ്പുനല്‍കുന്ന രംഗമല്ല സിനിമ. സാങ്കേതികവിദഗ്ധരെ മാറ്റിനിറുത്തിയാല്‍ ചലച്ചിത്രത്തിന്റെ സര്‍ഗാത്മകമേഖലകളില്‍ ഇടപെടുന്നവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുനല്‍കാന്‍ മാക്ടക്കു കഴിയില്ല എന്ന പ്രശ്നം ഇവിടെ ബാക്കിനില്‍ക്കുന്നു.

Thursday, June 05, 2008

കന്യാസ്ത്രീകളും വനിതാ കമ്മിഷനും

കന്യാസ്ത്രിയാകാന്‍ മിനിമം പ്രായമൊക്കെ നിര്‍ദ്ദേശിച്ച്‌ ജസ്റ്റിസ്‌ ശ്രീദേവിയുടെ കുറിപ്പടി വന്നതോടെ കത്തോലിക്ക സഭക്ക്‌ സര്‍ക്കാരിനെ തല്ലാന്‍ മറ്റൊരു വടി കൂടിയായി. ദീപികയും ഡിക്കനും എഴുതി വിടുന്നതില്‍ നിന്ന് കാര്യങ്ങളുടെ ഒരു നിജ സ്ഥിതി എല്ലാവര്‍ക്കും വ്യക്തമായിക്കാണും.

ജസ്റ്റിസ്‌ ശ്രീദേവിയുടെ ഈ കുറുപ്പടിയേപ്പറ്റി ഒറ്റ CPM നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്തിന്‌ ജനാധിപത്യ മഹിളകള്‍ പോലും സംസാരിച്ചിട്ടില്ല. ഉടന്‍ തന്നെ ആരെങ്കിലും പ്രതികരിച്ചിലെങ്കില്‍ കത്തോലിക്ക സഭയേ തകര്‍ക്കാനുള്ള ഗൂഡ ശ്രമമാണ്‌ ഇതെന്ന് വ്യാഖ്യാനം വരും. ചിലപ്പോള്‍ ഇടയലേഖനങ്ങളോ സമരങ്ങളോ പ്രതീക്ഷിക്കാം. ഇനി ശ്രീദേവി പറഞ്ഞതില്‍ കാര്യമുണ്ടോ ചിന്തിക്കുമ്പോള്‍ എനിക്ക്‌ തോന്നുന്ന ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

കത്തോലിക്ക സഭയില്‍ രണ്ട്‌ ജീവിതാന്തസുകളാണ്‌ പ്രധാനമായും ഉള്ളത്‌ അല്‍മ്മായരും സന്യസ്തരും. അച്ചന്മാരും കന്യാസ്ത്രീകളുമായവരെ സന്യസ്തര്‍ എന്നും അല്ലാത്തവരെ അല്‍മായരെന്നും വിളിക്കുന്നു. ഇനി സഭയെയില്‍ എങ്ങനെയാണ്‌ ആളുകള്‍ സന്യസ്തരാകാന്‍ പോകുന്നതെന്ന് നോക്കാം.(ഇത്‌ എന്റ ചുറ്റുപാടില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും എഴുതുന്നതാണ്‌ തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നു). സഭയുടെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ 9 ആം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പല സന്യാസി സമൂഹങ്ങളിലേയും ആള്‍ക്കാര്‍ സ്കൂളുകളില്‍ എത്തുകയും അവരുടെ സന്യാസ സമൂഹങ്ങളെ പരിചയപ്പെടുത്തുകയും അതിലേക്ക ക്ഷണിക്കുകയും ചെയ്യും. ഇത്‌ 10 ക്ലാസിലും തുടരും. 10 ആം ക്ലാസ്‌ പരീക്ഷ കഴിയുമ്പോള്‍ ദൈവവിളി ക്യാമ്പ്‌ എന്ന പേരില്‍ ഒരു സെമിനാര്‍ ഓരോ ഫോറോന പള്ളി കേന്ദ്രീകരിച്ച്‌ നടത്താറുണ്ട്‌. ആ ഫോറോനയുടെ കീഴില്‍ വരുന്ന ഇടവകകളിലെ 10 ഇല്‍ പരീക്ഷ എഴുതിയ കുട്ടികള്‍ ( എല്ലാ കുട്ടികളും പങ്കെടുക്കണം എന്ന് നിര്‍ബന്ധമില്ല. സന്യാസ ജീവിതം തിരഞ്ഞെടുക്കാന്‍ മാത്രം താല്‍പര്യമുള്ളവര്‍ ആയിരിക്കണമെന്നും നിരബന്ധവും ഇല്ല ) പങ്കെടുക്കുന്നു. അവിടെയുംവിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ സഭകളെ പരിചയപ്പെടുത്തുന്നു. ക്യാമ്പ കഴിഞ്ഞ്‌ വീട്ടില്‍ എത്തുന്ന കുട്ടികള്‍ മാതാപിതാക്കളുമായി സംസാരിക്കുന്നു. ചില മാതാപിതാക്കള്‍ എതിര്‍ക്കുന്നു ചിലര്‍ അനുകൂലിക്കുന്നു. അനുകൂലിക്കുന്നവര്‍ അവരെ സന്യാസ സമൂഹങ്ങളിലേക്ക്‌ പറഞ്ഞയിക്കുന്നു.

അങ്ങനെ 15 വയസില്‍ തന്നെ അച്ചനാകാനോ കന്യസ്ത്രീ ആകാനോ പോകുന്നവരാണ്‌ ബഹു ഭൂരിപക്ഷം ആള്‍ക്കാരും. അതില്‍ അച്ചനാകാന്‍ ഒരു പാട്‌ കാലം പഠിക്കേണ്ടതുണ്ട്‌. ഏതാണ്ട്‌ 10 ഓ 12 ഓ ചിലപ്പോള്‍ അതില്‍ കൂടുതല്‍ വര്‍ഷം പഠിച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ തിരുപ്പട്ടം എന്ന കൂദാശ ലഭിക്കുകയും അയാള്‍ ഒരു അച്ചനായി തീരുകയും ചെയ്യുന്നത്‌. ഈ വലിയ ഒരു കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഒരുാള്‍ക്ക്‌ മടങ്ങി പോരാവുന്നതോ അലെങ്കില്‍ സഭക്ക്‌ അയാളെ കൊള്ളില്ല എന്ന് കണ്ടാല്‍ മടക്കി അയക്കാവുന്നതോ ആണ്‌. എന്നാല്‍ കന്യാസ്ത്രി ആകാന്‍ പോകുന്ന ഒരാള്‍ക്ക്‌ ഇത്രക്ക്‌ വലിയ ഒരു കാലയളവ്‌ പഠിക്കേണ്ടതില്ല.ഏതാണ്ട്‌ 3.5 വര്‍ഷം കഴിയുമ്പോള്‍ തന്നെ അവര്‍ താല്‍ക്കാലിക വൃതം സ്വീകരിക്കാന്‍ പര്യാപ്തമാകുകയും സഭാ വസ്ത്രം അണിയാന്‍ യോഗ്യയാകുകയും ചെയ്യും. ചുരുക്കത്തില്‍ 18 വയസിന്റ അവസാനങ്ങളില്‍ അവര്‍ ഒരു കന്യാസ്ത്രി ആയി പൊതു സമൂഹം അംഗീകരിക്കും. സാങ്കേതികമായി നിത്യ വൃത വാഗ്ദാനം പിന്നേയും വര്‍ഷങ്ങള്‍ എടുക്കുമെങ്കിലും അവര്‍ കന്യസ്ത്രിയായി സമൂഹത്തില്‍ സ്വീകാര്യയായിട്ടുണ്ടാകും.

15ആം വയസില്‍ അച്ചനാകാന്‍ പോകുന്നവരില്‍ മിക്കവരും മടങ്ങി വരാറുണ്ട്‌. പല കാരണങ്ങളാണ്‌ ഇതിന്‌ പിന്നില്‍ എന്ന് പറയപ്പെടുന്നു. സന്യാസ സമൂഹങ്ങളിലെ അച്ചടക്കമുള്ള ജീവിതത്തോട്‌ പൊരുത്തപ്പെടാന്‍ വയ്യാത്തവര്‍ മുതല്‍ ആശയപരമായ അഭിപ്രായാ വ്യത്യാസങ്ങള്‍ വരെ ഇതിന്‌ കാരണമാകുന്നുണ്ട്‌. അച്ചന്‍ പട്ടത്തിനുള്ള പഠനത്തിന്റ ഉയര്‍ന്ന നിലവാരം പലരേയും ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു. വളരെ ലിബറലായ പഠിപ്പിക്കലുകള്‍ പഠനത്തില്‍ ഉണ്ട്‌ ഇയവയൊക്കെ അതിന്റ യഥാര്‍ത്ഥ അര്‍ത്ഥ തലത്തില്‍ മനസിലാക്കാന്‍ കഴിവും പ്രാപ്തിയും ഉള്ളവര്‍ക്കേ ഈ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളൂ. അതുകൊണ്ട്‌ തന്നെ സെമിനാരിയില്‍ നിന്ന് മടങ്ങി എത്തുക എന്നത്‌ സമുദായത്തില്‍ വലിയൊരു പ്രശ്നമുള്ള ഒരു വിഷയമല്ല, അയാളുടെ സോഷ്യല്‍ സ്റ്റാറ്റസിനെ അത്‌ ഒരു തരത്തിലും ബാധിക്കില്ല. മാത്രവുമല്ല സെമിനാരിയില്‍ നിന്ന് മടങ്ങി വന്നവരില്‍ ഭൂരിപക്ഷവും English ഭാഷയില്‍ പ്രകടിപ്പിക്കുന്ന മികച്ച പ്രാവീണ്യവും സ്വഭാവത്തിലും ഇടപെടലിലും ആര്‍ജിക്കുന്ന കുലീനതയും കൊണ്ട്‌ ശ്രദ്ധിക്കപ്പെടാറുണ്ട്‌. അങ്ങനെ ഉള്ള മിക്കവരും ജീവിതത്തില്‍ നല്ല ഒരു നിലയില്‍ എത്തിച്ചേരാറും ഉണ്ട്‌. ഇതൊക്കെ കൊണ്ട്‌ തന്നെ സെമിനാരിയില്‍ നിന്ന് മടങ്ങുന്നവര്‍ പൊതുവില്‍ ഒരു പ്രശ്നവും നേരിടുന്നില്ല. അച്ചന്‍ പട്ടം ലഭിക്കുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ വരെ ഇവര്‍ മടങ്ങിയാല്‍ സമൂഹം പരിഭ്രമിക്കാറിലെങ്കിലും പട്ടം കിട്ടിയ ശേഷം മടങ്ങള്‍ അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല.

എന്നാല്‍ കന്യാസ്ത്രി മഠത്തില്‍ ചേരാന്‍ പോകുന്നവര്‍ ഭൂരിപക്ഷവും അവിടെ തന്നെ തുടരുന്നതാണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌. മാത്രവുമല്ല ഒരു കന്യാസ്ത്രീ മഠത്തില്‍ നിന്ന് മടങ്ങി വരുന്നതിനോട്‌ സമൂഹം പ്രതികരിക്കുന്നത്‌ അച്ചനാകാന്‍ പോയ ഒരാള്‍ മടങ്ങി വരുന്നത്‌ പോലെ അല്ല. മഠം ചാടി മറിയാ എന്നൊക്കെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അവരെ കുത്തിപ്പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. സെമിനാരിയിലേപ്പോലെ ദീര്‍ഘമായ കാലയളവില്ലാത്തതിനാല്‍ അവര്‍ പെട്ടെന്ന ഏതാണ്ട്‌ 3.5 വര്‍ഷത്തിനുള്ളില്‍ സഭാ വസ്ത്രം ധരിച്ച്‌ കാണപ്പെടുന്നു. സഭാ വസ്ത്രം ഒഴിവാക്കി അവരെ അങ്ങനെ അല്ലാതെ കാണാന്‍ മാത്രം സമുദായം പുരോഗമിച്ച്‌ വരുന്നേ ഉള്ളൂ എന്നതാണ്‌ യഥാര്‍ത്ഥ്യം. ഇങ്ങനെ ഒരു അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ 90% കന്യാസ്ത്രികളും അവരുടെ ജിവിതാവസ്ഥ തുടരുകയാണ്‌ . മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു ശേഷമുള്ള എതിര്‍പ്പിനെ ഓര്‍ത്ത്‌ മിക്കവരും മടിക്കുന്നു.

ഇനി ശ്രീദേവിയുടെ അഭിപ്രാത്തിലേക്ക്‌ വന്നാല്‍ ഇത്‌ തികച്ചും അനവസര്‍ത്തില്‍ ഉള്ളതായിപ്പോയി എന്നേ എനിക്ക്‌ പറയുവാനുള്ളൂ. നിര്‍ദ്ദേശം വച്ചുകൊണ്ടല്ല സംവാദം നടത്തേണ്ടത്‌. അവര്‍ക്ക്‌ വേണമെങ്കില്‍ ഇങ്ങനെ ഒരു വിഷയം ഉണ്ട്‌ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു എന്നോ ചര്‍ച്ചകള്‍ക്ക്‌ ക്ഷണിക്കുന്നു എന്നോ പറയാമായിരുന്നു എന്നാണ്‌ എന്റ പക്ഷം. ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ അതൊരു കാരണമായേനേ . കുട്ടികളേ 18 വയസു തികഞ്ഞതിന്‌ ശേഷം മഠത്തില്‍ വിട്ടാല്‍ മതി എന്ന് അഭിപ്രായമുള്ള ഒരു ഭൂരിപക്ഷം സമുദായത്തില്‍ ഉണ്ട്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. സഭ തന്നെ ഭാവിയില്‍ അത്‌ അംഗീകരിക്കാനു സധ്യാതയുള്ളതായിരുന്നു എന്നാണ്‌ എന്റ നിരിക്ഷണം . നിര്‍ഭാഗ്യവശാല്‍ തെറ്റായ സമയത്ത്‌ ഉണ്ടായ്‌ ഈ നിര്‍ദ്ദേശങ്ങള്‍ എരിതീയില്‍ എണ്ണ ഒഴിക്കുക മാത്രമല്ല ക്രിയാത്മക ചര്‍ച്ചക്കുള്ള അവസരം നഷ്ടമാക്കുകയും ചെയ്തു.

[NB]
അച്ചന്‍ പട്ടവും കന്യാസ്ത്രി ജീവിതവും ഒഴിവാക്കി വിവാഹിതരാകുന്ന രണ്ട്‌ പേരുടെ കഥ സാറാ ജോസഫ്‌ ഒതപ്പ്‌ എന്ന നോവലില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. സന്യാസ ജീവിതാന്തസില്‍ എത്തിയ ശേഷം അതില്‍ നിന്ന് പിന്‍തിരിയുന്നവൃടെ കുടുംബങ്ങള്‍ അവരെ എങ്ങനെ കാണുന്നു എന്നത്‌ വളരെ വ്യക്തമായി അതില്‍ ഇതില്‍ ഉണ്ട്‌.