Friday, July 18, 2008

ചന്ദനക്കുറിക്കും കുങ്കുമപ്പൊട്ടിനും വിലക്ക്‌

18/07 2008 വന്ന മാതൃഭൂമി വാര്‍ത്തയാണ്‌ ഇത്‌


മൂവാറ്റുപുഴ: സ്‌കൂള്‍ അസംബ്ലിയില്‍വെച്ച്‌ വിദ്യാര്‍ത്ഥികളുടെ ചന്ദനക്കുറിയും കുങ്കുമപ്പൊട്ടും മായ്‌പ്പിച്ച സംഭവം വിവാദമാകുന്നു. മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ സിബിഎസ്‌ഇ സ്‌കൂളിലാണ്‌ സംഭവം. ആരും രേഖാമൂലം പരാതിപ്പെടാത്തതിനെ തുടര്‍ന്ന്‌ സംഭവം പരസ്യമായിരുന്നില്ല. വിശ്വാസത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും മറ്റും പൂജിച്ച്‌ ധരിക്കുന്ന ഏലസ്‌, ചരട്‌ എന്നിവയും അഴിച്ചുമാറ്റിച്ചതായും പരാതിയുണ്ട്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട്‌ ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക്‌ സമിതിയാണ്‌ മൂവാറ്റുപുഴ ഡിഇഒക്കും ഡിവൈഎസ്‌പിക്കും പരാതി നല്‍കിയത്‌.

സംഭവം നടന്നതിനു പിന്നാലെ മാതാപിതാക്കള്‍ സ്‌കൂള്‍ മാനേജരെ കണ്ട്‌ പരാതി പറഞ്ഞിരുന്നെങ്കിലും കുട്ടികളുടെ ഭാവി കരുതി പലരും ഇത്‌ പുറത്തുപറഞ്ഞില്ല. പിന്നീട്‌ നടന്ന അസംബ്ലിയില്‍ നിയമം കര്‍ശനമല്ലെന്നു പറഞ്ഞെങ്കിലും വീണ്ടും കുട്ടികളുടെ മേല്‍ നിയമം അടിച്ചേല്‌പിച്ചതോടെയാണ്‌ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനും എതിരെ പരാതിയുമായി രംഗത്തെത്തിയത്‌.

കുട്ടികളുടെ മനോവീര്യം കെടുത്തുംവിധം പെരുമാറുകയും ഒരു പ്രത്യേക മതത്തിന്റെ വക്താക്കളായി സ്‌കൂള്‍ അധികൃതര്‍ പെരുമാറിയതായും ജൂലായ്‌ 17ന്‌ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നു.

പ്രശ്‌നം സംബന്ധിച്ച്‌ സ്‌കൂള്‍ മാനേജരേയും പ്രിന്‍സിപ്പലിനേയും നേരിട്ടുകണ്ട്‌ പ്രതിഷേധം അറിയിച്ചതാണെന്നും മേലില്‍ ഇത്തരം നടപടികള്‍ ഉണ്ടാവില്ല എന്ന്‌ മാനേജ്‌മെന്റ്‌ ഉറപ്പു നല്‍കിയതാണെന്നും ഹിന്ദു ഐക്യവേദി താലൂക്ക്‌ ജനറല്‍ സെക്രട്ടറി എസ്‌. സുധീഷ്‌ പറഞ്ഞു. എന്നാല്‍ ഇപ്പോഴും വിദ്യാര്‍ത്ഥികളെ ആചാരാനുഷുാനങ്ങളുടെ പേരില്‍ പീഡിപ്പിക്കുകയാണെന്നും ഇതാണ്‌ പരാതി പോലീസിനും വിദ്യാഭ്യാസ വകുപ്പിനും നല്‍കാന്‍ കാരണമെന്നും സുധീഷ്‌ വ്യക്തമാക്കി.

എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്‌കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ്‌ ഇതു ചെയ്യുന്നതെന്നുമാണ്‌ സ്‌കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. നേരത്തെ തന്നെ സ്‌കൂള്‍ മാനേജുമെന്റ്‌ ഇത്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.


ഈ വാര്‍ത്തയിലെ 99% കാര്യങ്ങളും അതിശയോക്തിയുടെ പേരിലോ മാതൃഭൂമിയുടെ സംഘപരിവാര്‍ ചായ്‌വിന്റ പേരിലോ തള്ളിക്കളഞ്ഞാലും കേവലം പ്രസക്തമായ 1% നിലനില്‍ക്കുന്നു എന്ന് തോന്നുന്നു. ഈ 1% മാനേജ്‌മെന്റിന്റെ വിശദീകരണത്തിലാണ്‌ കുടികൊള്ളുന്നത്‌ അത്‌ ഇങ്ങനെ

എന്നാല്‍, ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പലതരത്തിലും നിറത്തിലുമുള്ള കുറികള്‍ വരക്കുന്നതാണ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതെന്നും കുറികളും ചരടുകളും മറ്റും സ്‌കൂള്‍ യൂണിഫോമിനു ചേരാത്തതുകൊണ്ടാണ്‌ ഇതു ചെയ്യുന്നതെന്നുമാണ്‌ സ്‌കൂള്‍ മാനേജര്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌. നേരത്തെ തന്നെ സ്‌കൂള്‍ മാനേജുമെന്റ്‌ ഇത്‌ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും വിശ്വാസങ്ങള്‍ക്കെതിരല്ലെന്നും മാനേജര്‍ പറഞ്ഞു.


മതമില്ലാത്ത ജിവന്‍ എന്ന ചെറിയ പാഠപുസ്തക കുറിപ്പില്‍ പോലും മത നിഷേധവും മത സ്വാതന്ത്ര്യ ലംഘനവും ആരോപിച്ച്‌ തെരുവുകള്‍ ചോരക്കളമാകുന്നകാലത്താണ്‌ യൂണിഫോമിന്‌ ചേരാത്തത്‌ എന്ന് പറഞ്ഞ്‌ ഭൂരിപക്ഷ സമുദായ ബിംബങ്ങളേ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്‌. ഈ വിഷയം ഹൈന്ദു ഐക്യവേദി ഏറ്റെടുത്തതോടെ ഇതില്‍ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ യുവജന സംഘടനയോ അഭിപ്രായം പറയുമെന്ന് കരുതാന്‍ വയ്യ. വെറുതെ എന്തിനാണ്‌ ഒരു സംഘപരിവാര്‍ ലേബല്‍ വാങ്ങി വയ്ക്കുന്നത്‌ എന്ന് അവര്‍ ചിന്തിക്കും. മാത്രവുമല്ല ന്യൂനപക്ഷ അവകാശം പോലെ ലംഘിക്കപ്പെടാന്‍ ഭൂരിപക്ഷ അവകാശം എന്നൊന്ന് ഭരണഘടനയില്‍ ഇല്ലല്ലോ. വയലാര്‍ രവിയുടെ മകന്റ്‌ കുട്ടിയുടെ ചോറൂണിന്‌ ശേഷം പുണ്യാഹം തളിച്ചതിനെപ്പറ്റി NSS നേതൃത്വം പറഞ്ഞതാണ്‌ എനിക്ക്‌ ഇപ്പോള്‍ ഓര്‍മ്മ വരുന്നത്‌ . അത എതാണ്ട്‌ ഇങ്ങനെ ആയിരുന്നു ഒരിക്കല്‍ പോയപ്പോള്‍ മനസിലായതല്ലെ പിന്നെ എന്തിനാണ്‌ വീണ്ടും പോയത്‌. പണ്ട്‌ സമാനമായ ഒരു വിഷയം ഉണ്ടായപ്പോള്‍ പറഞ്ഞത്‌ തന്നെ ഞാന്‍ വീണ്ടും പറയുന്നു എല്ലാ സമുദായങ്ങളും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം അവരുടെ മക്കളേ അവിടെ തന്നെ പഠിപ്പിക്കണം. പക്ഷെ അതിന്‌ മുന്നെ ഭൂരിപക്ഷ സമുദായക്കാര്‍ക്കും സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇഷ്ടം പോലെ തുടങ്ങാനും പ്രവേശനം നിയന്ത്രിക്കാനും നിയമനങ്ങള്‍ നടത്താനുമുള്ള ന്യൂനപക്ഷ സമാനമായ്‌ ഒരു പരിരക്ഷ അടിയന്തരമായി കൊണ്ടുവരണം. അടുത്ത BJP സര്‍ക്കാര്‍ വരുമ്പോഴെങ്കിലും ഇതിന്‍ വേണ്ടി ശ്രമിക്കാന്‍ ഹിന്ദു ഐക്യവേദി തയ്യാറാകണം. ഭൂരിപക്ഷത്തിനും ഉണ്ടല്ലോ സ്വന്തം സത്വം നിലനിര്‍ത്താനുള്ള അവകാശം ( ഭരണഘടന പ്രത്യേകം എടുത്തു പറഞ്ഞിട്ടിലെങ്കിലും)

Monday, July 07, 2008

ഈ പോസ്റ്റുകള്‍ വായിക്കുക

കഴിഞ്ഞവാരം ശ്രദ്ധ ആകര്‍ഷിച്ച രണ്ട്‌ പോസ്റ്റുളാണ്‌

 • വെള്ളെഴുത്തിന്റ പാഠപുസ്തകങ്ങളുടെ മസ്തിഷ്കം
  കേരളത്തിലെ പാഠപുസ്തക പരിഷ്കാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പരിഗണിക്കേണ്ട ഒരു ലേഖനം കൂടിയുണ്ട്. വിജു വി നായരുടെ ‘വിശക്കുന്ന മനുഷ്യാ, നീ പാഠപുസ്തകം കൈയിലെടുത്തുകൊള്ളൂ’ (മാധ്യമം ലക്കം-542) ഏഴാംക്ലാസിലെ പാഠപുസ്തകം മുന്നില്‍ വച്ച് കേരളത്തിലെ ഇടതു- വലതു കക്ഷികള്‍ കളിക്കുന്ന രാഷ്ട്രീയം, വിചാരിക്കുമ്പോലെ അത്ര നിരുപദ്രവകരമോ അവകാശപ്പെടും പോലെ പുരോഗമനപരമോ അല്ല എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്
 • തറവാടിയുടെ പിന്‍‌വലിക്കണം
  14. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
  ഉത്തരം: ഇല്ല പക്ഷെ , മത/ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.
  15. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
  ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.
  16. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
  ഉത്തരം: എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.
  17. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
  ഉത്തരം : ഇല്ല.
  18. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
  ഉത്തരം : കരുതുന്നുണ്ട്.
വെള്ളെഴുത്തിന്റ പോസ്റ്റില്‍ അദ്ദേഹം പങ്കുവയ്ക്കാനാഗ്രഹിച്ചത്‌ പുസ്തക നിര്‍മമാണത്തിലെ അദൃശ്യ ശക്തിയേപ്പറ്റിയായിരുന്നു.

ഈ വിഷയത്തിന്റ ബാക്കി ഭാഗമായി മറ്റ്‌ രണ്ട്‌ പോസ്റ്റുകള്‍ വന്നിട്ടുണ്ട്‌. അത്‌ ഇവിടെ വായിക്കുക
 • കണ്ണൂസിന്റ വെള്ളെഴുത്തും അന്ധതയും
  ഓരോ വിവാദങ്ങളുടേയും ബാക്കിപത്രം എന്താണെന്ന് എപ്പൊഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? വിജയിയുടേയോ പരാജിതന്റേയോ കാഴ്ചപ്പാടില്‍ അണുവിട മാറ്റം പോലും വരുത്താന്‍ വിവാദങ്ങളുടെ അവസാനഫലത്തിന് മിക്കപ്പോഴും കഴിയാറില്ല. പലപ്പോഴും ആരും വിജയം നേടാറുമില്ല. അങ്ങിനെയുള്ള വിവാദങ്ങളില്‍, വിവാദത്തിന് ഹേതുവായ കാരണങ്ങളില്‍ താത്‌പര്യമുള്ളവര്‍ക്ക്, നേടുവാനുള്ളത് ആ കൊടുക്കല്‍-വാങ്ങല്‍ പ്രോസസ്സിനിടയില്‍ ആര്‍ജ്ജിച്ച ജ്ഞാനമായിരിക്കും, എത്തിച്ചേര്‍ന്ന ഉറച്ച നിലപാ‍ടുകളും.
 • scertkerala യുടെ ചില വേറിട്ട സ്വരങ്ങള്‍ക്ക് പറയാനുണ്ടായിരുന്നതെന്തായിരുന്നിക്കും?
  ജ്ഞാന നിര്‍മ്മിതിയുടെ പന്ഥാവുകളിലെങ്ങോ ഒളിച്ചിരിക്കുന്ന നിര്‍മ്മാതാവ് പുതു സ്വാതന്ത്രത്തിന്റെ പരപുരുഷനാണോ, അതോ വര്‍ഗസമീപനരാഷ്ട്രീയത്തിന്റെ ഉപകര്‍ത്താവാണോ എന്ന സന്ദേഹം, അതിന്റെ രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് പരിശോധിക്കുമ്പോള്‍ മനസ്സിലുയരുക സ്വാഭാവികമാണ്. അരമനകള്‍ വര്‍ഗസമീപനമെന്നും, അധിനിവേശവിരുദ്ധര്‍ പുത്തന്‍ സ്വാതന്ത്ര്യം എന്നും ഒരേ പാഠത്തെ ദര്‍ശിക്കുന്നതിനു പിന്നിലെ വൈരുദ്ധ്യം പ്രജ്ഞയുടെ പിന്നാമ്പുറങ്ങളില്‍ ചുറ്റിത്തിരിയുന്നതല്ലാതെ സര്‍വതലസ്പര്‍ശിയായ ഒരപഗ്രഥനത്തിന് വിഷയീഭവിക്കുന്നില്ല.
പാഠപുസ്തകം പിന്‍വലിക്കണം എന്ന ആവശ്യത്തിന്‌ പിന്‍തുണ പ്രഖ്യാപിച്ച്‌ ചില കാരണങ്ങളായിരുന്നു തറവാടിയുടെ പോസ്റ്റിന്റ കാതല്‍. ചോദ്യോത്തര രീതിയിലുള്ള ഈ പോസ്റ്റിന്‌ scertkerala യില്‍ സൂരജ്‌ എഴുതിയ മറുപടി ഇവിടെ വായിക്കുക
 • തറവാടിക്കൊരു മറുപടി !

  12. മത/ദൈവ വിശ്വാസമുണ്ടായാലേ ആത്മവിശ്വാസമുണ്ടാകൂ എന്നുണ്ടോ ?
  ഉത്തരം: ഇല്ല പക്ഷെ , മത /ദൈവ വിശ്വസമുള്ള വളരെ വലിയ ഒരു സമൂഹത്തോടൊപ്പം അതില്ലാത്ത വളരെ ചെറിയ ഒരു സമൂഹത്തിനുണ്ടാകവുന്ന ആത്മ വിശ്വാസക്കുറവ് സ്വാഭാവികമാണ് പ്രത്യേകിച്ചും കുട്ടിക്കാലത്ത്.
  13. അങ്ങിനെയെങ്കില്‍ ഇത്തരം പാഠങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ ആ സമൂഹത്തെ ആത്മവിശ്വാസം ഉണ്ടാക്കുകയല്ലെ വേണ്ടത്?
  ഉത്തരം: തീര്‍ച്ചയായും , പക്ഷെ മറ്റൊരു വലിയ സമൂഹത്തിന്‍‌റ്റെ വിശ്വാസങ്ങളെ ബലികഴിച്ചല്ല അതിനുമുതിരേണ്ടത്.

  അങ്ങനെയാണെങ്കില്‍ ഹിന്ദു മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള സമൂഹത്തില്‍ മുസ്ലീമിനും മുസ്ലീമിനു ഭൂരിപക്ഷമുള്ള സമൂഹത്തില്‍ ഹിന്ദുവിനും ആത്മവിശ്വാസക്കുറവുണ്ടാകും എന്നും ഒരു extended logic ഉണ്ട് എന്നു സമ്മതിക്കേണ്ടിവരും.
  അപ്പോള്‍ മുസ്ലീം ഭൂരിപക്ഷരാജ്യത്ത് ഒരു പാഠപുസ്തകത്തില്‍ ഹിന്ദുമതത്തെ പരിചയപ്പെടുത്തുമ്പോഴും ഹൈന്ദവഭൂരിപക്ഷമുള്ള രാജ്യത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുമ്പോഴും ഇതേ യുക്തി പ്രയോഗിക്കണം. അപ്പോള്‍ നാട്ടുകാരുടെ ഭൂരിപക്ഷ വിശ്വാസം മാത്രമേ പാഠപുസ്തകത്തില്‍ അച്ചടിക്കപ്പെടാന്‍ അര്‍ഹത നേടാവൂ എന്നും മറ്റൊരു (കു)യുക്തി കൂടി പുറകേ വരും !

  ഹിന്ദുവിന്റെ ആചാരങ്ങളില്‍ ബിംബാരാധന അതിപ്രധാനം. ഇസ്ലാമാണെങ്കില്‍ ബിംബാരാധനയെ കഠിനമായി വെറുക്കുന്നു. ഹിന്ദു ബഹുദൈവ ആരാധകന്‍. ഇസ്ലാം ഏകദൈവത്തില്‍ വിശ്വസിക്കുന്നു. ക്രൈസ്തവര്‍ക്ക് പരിശുദ്ധ ത്രിത്വത്തിലൊന്ന് കര്‍ത്താവായ യേശുവാണ്‍. ഇസ്ലാമാണെങ്കില്‍ യേശുവിനെ മനുഷ്യനായ പ്രവാചകന്‍ മാത്രമായി കാണുന്നു. സിഖ് മതത്തിനാകട്ടെ മുഹമ്മദ് അന്ത്യപ്രവാചകനോ ഖുര്‍ ആന്‍ ദൈവ വചനമോ അല്ല. ബൌദ്ധനാകട്ടെ രൂപാരൂപങ്ങള്‍ ഉള്ള ഈശ്വരസങ്കല്പം കമ്മി. പാഴ്സിക്ക് അതിലും വ്യത്യസ്ഥമായ വേറെ ചില വ്യത്യാസങ്ങള്‍….ലിസ്റ്റ് നീണ്ടു നീണ്ടു പോകും.

  അടിസ്ഥാനമേഖലകളില്‍ തന്നെ ഇങ്ങനെയുള്ള കടുത്ത വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ഈ മതങ്ങളെ നാം ചരിത്രപാഠങ്ങളിലും സാമൂഹ്യപാഠങ്ങളിലും പരിചയപ്പെടുത്തുന്നില്ലേ ?
  വീട്ടില്‍ വന്ന് “ അച്ഛാ/ഉപ്പാ/ഡാഡീ, നമ്മളെന്താ ഇങ്ങനെ, അയല്പക്കത്തെ ‌‌‌കുട്ടികളായ A ഉം B ഉം അങ്ങനെയല്ലല്ലൊ” എന്ന് മകനോ മകളോ ചോദിക്കുമ്പോള്‍ നാം എന്താണ് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത് ? നമ്മുടെ വിശ്വാസത്തിന്റെ മഹത്വമല്ലേ ? അല്ലാതെ അയല്പക്കത്തെ Aയുടെയും Bയുടേയും വിശ്വാസത്തിന്റെ മേന്മയല്ലല്ലോ.
  അവിടെയൊക്കെ കുട്ടിക്ക് എന്ത് ആശയ സംഘട്ടനമാണ് ഉണ്ടാവുന്നത് ?

  താന്‍ വിശ്വസിക്കുന്നതില്‍ നിന്നും വിഭിന്നമായൊരു വിശ്വാസം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അറിഞ്ഞു എന്നുവച്ച് കുട്ടിക്കെന്തു സംഭവിക്കാന്‍ ? ആ ആശയ സംഘട്ടനം മൂലം മാതാപിതാക്കളുടെ മതം ഉപേക്ഷിച്ച് കുട്ടികള്‍ മറ്റൊന്നിലേക്ക് ചേക്കേറാറുണ്ടോ ?

  14. ഈ അധ്യായം അങ്ങിനെ മത വിശ്വാസികളുടെ താത്പര്യങ്ങളെ ബലികഴിക്കുന്നെന്ന് പറയാമോ?
  ഉത്തരം:
  എന്തായാലും മതവിശ്വാസികള്‍ക്ക് അനുകൂലമായിതോന്നുന്നില്ല.

  എങ്ങനെ അനുകൂലമായി തോന്നുന്നില്ല എന്നു പാഠഭാഗം വായിച്ചിട്ട് മൂര്‍ത്തമായും യുക്തിഭദ്രമായും പറയൂ.

  15. പ്രസ്തുത അധ്യായം കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്ന് കരുതുന്നുണ്ടോ?
  ഉത്തരം : ഇല്ല.
  16. അങ്ങിനെ ഒരുദ്ദേശം ഇതിനുപിന്നിലുണ്ടെന്ന് കരുതുന്നുണ്ടോ?
  ഉത്തരം : കരുതുന്നുണ്ട്.
  17. എന്താണങ്ങിനെ തോന്നാന്‍ കാരണം.
  ഉത്തരം : ഇതിനൊപ്പമുള്ള മറ്റധ്യായങ്ങള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

  സ്വയം ഖണ്ഡിക്കുന്ന വാദഗതിയാണല്ലോ ഇത്. (തറവാടിയുടെ പോയിന്റ് നമ്പര്‍ 6-ഉം ഇതോടൊപ്പം ചേര്‍ത്തുവായിക്കുക)
  “കമ്മ്യൂണിസ്റ്റുകാരെ ഉണ്ടാക്കും എന്നു കരുതുന്നില്ല”, “വിവാദ പാഠഭാഗം മത നിഷേധമായും തോന്നുന്നില്ല”. പിന്നെ ഇതിനു കുട്ടികളെ കമ്മ്യൂണിസ്റ്റാക്കാനുള്ള ഉദ്ദേശ്യമുണ്ട് എന്ന് തോന്നിയതെങ്ങനെ ?

  ഇനി അങ്ങനൊരു ഉദ്ദേശ്യമുണ്ടെങ്കില്‍ തന്നെ അതു സംഭവിക്കില്ലാ എന്ന് പോയിന്റ് നമ്പര്‍ 15-ല്‍ പറയുന്നു. പിന്നെന്തിനാണ് പുസ്തകം പിന്‍വലിക്കേണ്ടത് ?


ഇത്‌ ഒരു പരിചയപ്പെടുത്തല്‍ പോസ്റ്റാണ്‌ എല്ലാ ചര്‍ച്ചയും പ്രസ്തുത ബ്ലോഗുകള്‍ നടക്കട്ടേ

Wednesday, July 02, 2008

ആകാശത്തിലെ നക്ഷത്രങ്ങളേപ്പോലേയും ....

ആകാശത്തിലേ നക്ഷത്രങ്ങളേപ്പോലെയും കടലിലേ മണല്‍ത്തരികളേപ്പോലെയും സന്താനങ്ങള്‍ ഉണ്ടാകട്ടേ എന്ന ആഹ്വാനം മറയില്ലാതെ കത്തോലിക്ക സഭയില്‍ നിന്നും പുറത്തു വന്നു. പണ്ടിതു പോലെ ഒരു വാര്‍ത്തയേ ചുറ്റിപ്പറ്റി ഒരു പോസ്റ്റ്‌ എഴുതി മാപ്പ്‌ പറയേണ്ടി വന്നതിനാല്‍ കുറച്ചുകൂടി വിവരങ്ങള്‍ ശേഖരിച്ച ശേഷം ഒരു പോസ്റ്റ്‌ എഴുതാം എന്ന് കരുതി.

ഇതുവരെ കൂടുതല്‍ കുട്ടികള്‍ വേണമെന്നുള്ളത്‌ പരസ്യമായി സഭ പറഞ്ഞിരുന്നില്ല. ജീവന്റ മൂല്ല്യത്തേപ്പറ്റിയും കുടുംബ ബന്ധങ്ങളിലെ സ്വാര്‍ത്ഥായേപ്പറ്റിയുമൊക്കെ പറഞ്ഞുകൊണ്ട്‌ ഒരു വളഞ്ഞ്‌ മൂക്കുപിടിക്കല്‍ പരിപാടിയായിരുന്നു നടപ്പിലാക്കിയിരുന്നത്‌. ധ്യാനങ്ങള്‍ പ്രീ മാര്യേജ്‌ കോഴ്സ്‌ എന്നിവടങ്ങളില്‍ ഒക്കെ ഇത്തരത്തിലുള്ള ആശയങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരിന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നൊക്കെമാറി പരസ്യ നിലപാട്‌ എടുത്തു കഴിഞ്ഞു. KCBC യുടെ കീഴിലുള്ള പ്രോ ലൈഫ്‌ സമിതിയുടെ നിര്‍ദ്ദേശങ്ങളിലൂന്നി കൂടുതല്‍ കുട്ടികളേ പ്രത്സാഹിപ്പിക്കാന്‍ സഭ തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌. അവര്‍ മുന്നോട്ട്‌ വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌

1) ഗര്‍ഭനിരോധന്‍ സസ്ത്രക്രിയ നടത്തിയവരില്‍ പോലും സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ വീണ്ടും മക്കള്‍ ഉണ്ടാകനുള്ള സസ്ത്രക്രിയ കുറഞ്ഞ നിരക്കില്‍ ചെയ്യുക.

2) ഗര്‍ഭചിദ്രം ഗര്‍ഭനിരോധന സസ്ത്രക്രിയ തുടങ്ങിയവസഭയുടെ ആശുപത്രികളില്‍ ചെയ്യരുത്‌

3) 3 കുട്ടികളില്‍ അധികമുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ സഹായം. സഭയുടെ സ്ഥാപങ്ങളില്‍ മൂന്നാമത്തെ കുഞ്ഞിന്‌ പകുതി ഫീസ്‌. നാലമത്തെ കുഞ്ഞിന്‌ മുഴുവന്‍ ഫീസ്‌ സൗജന്യം

4) നാലും അതിലധികവും മക്കളുള്ള മാതാപിതാക്കളെ പൊതു ചടങ്ങില്‍ ആദരിക്കും. യുവ ദമ്പതികള്‍ക്ക്‌ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ പ്രേരണ പരിപാടികള്‍.


ഇത്രയും വായിച്ച്‌ കത്തോലിക്കരുടെ എണ്ണം കൂട്ടാനുള്ള ആഹ്വാനമാണ്‌ ഇതെന്ന് കരുതി സഭയെ തല്ലാന്‍ വരുന്നവര്‍ KCBC ഡെപ്യൂട്ടി സെക്രട്ടറി പറയുന്നത്‌ സ്റ്റീഫന്‍ ആലത്തറ പറയുന്നത്‌ കേള്‍ക്കൂ

കത്തോലിക്കരെ മാത്രമല്ല ഹിന്ദുക്കള്‍ ഉള്‍പ്പെട്ട മുഴുവന്‍ സമുദായങ്ങളെയും ലക്ഷ്യമിട്ടാണ്‌ പുതിയ കര്‍മ്മ പദ്ധതി മുന്നോട്ട്‌ വച്ചിരിക്കുന്നത്‌. മറ്റ്‌ സഭകളിലും സമുദായങ്ങളിലും കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. ഇവരുടെ മക്കള്‍ക്കും സഭയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ പഠിക്കുകയാണ്‌ എങ്കില്‍ ഫീസ്‌ ആനുകൂല്യങ്ങള്‍ ലഭിക്കും

കേരളാത്തിലെ ജനസംഖ്യയില്‍ കുട്ടികളുടെ ഏണ്ണം കുറഞ്ഞു വരുന്നതാണ്‌ സഭയേ ഇത്തരത്തിലുള്ള പ്രചരണത്തിലേക്ക്‌ പ്രേരിപ്പിക്കുന്നത്‌.കഴിഞ്ഞ വര്‍ഷം തന്നെ ഒരു ലക്ഷമണ്‌ കുറഞ്ഞത്‌.കേരള ജനസംഖ്യയില്‍ 60% വൃദ്ധന്മാരാണ്‌. ഭാവിയില്‍ കേരളാം വൃദ്ധന്മാരുടെ നാടായി മാറും സഭാ താല്‍പര്യത്തിന്‌ പുറമേ സാമൂഹിക താല്‍പര്യമാണ്‌ മെത്രാന്‍ സമിതിക്കുള്ളതെന്ന് ആലത്തറ പറഞ്ഞു.

കോടികള്‍ മുടക്കി സര്‍ക്കാര്‍ ജനസംഖ്യാ വിസ്പോടനത്തിനെതിരേ പ്രചാരണം നടത്തുമ്പോള്‍ കുടുംബാസൂത്രണത്തിന്‌ മാതൃകയായ കേരളത്തില്‍ നിന്ന് തന്നെ അതിന്റ വിപരീത ദിശയിലുള്ള പ്രചരണം ആരംഭിക്കുന്നത്‌ കൗതുകകരമായിത്തോന്നാം. മാറിയ ജീവിത സാഹചര്യങ്ങളില്‍ മികച്ച ജീവിത സൗകര്യങ്ങള്‍ നല്‍കി കൂടുതല്‍ കുട്ടികളെ വളര്‍ത്തുക എന്നത്‌ എത്രത്തോളം ബുദ്ധിമുട്ടുള്ള സംഗതിയാണ്‌ എന്ന് ആഹ്വാനം ചെയ്യുന്ന കുടുംബ്വും കുട്ടികളുമില്ലാത്ത പുരോഹിതര്‍ക്ക്‌ മനസിലാകാന്‍ ബുദ്ധിമുട്ടാണ്‌. എന്നാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ അക്കാര്യത്തില്‍ ബോധവതികളായതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവര്‍ തള്ളിക്കളയും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട്‌. രണ്ടു കുട്ടികളെ വളര്‍ത്തുകയും ഒപ്പം ജോലിക്ക്‌ പോയി വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നവരാണ്‌ ഇന്ന് മിക്ക സ്ത്രികളും മൂന്നാമത്തെയും നാലമത്തെയും കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്‍ക്ക്‌ ആവശ്യത്തിന്‌ നല്‍കാന്‍ സമയമുണ്ടാവില്ല എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്‌. അതുകൊണ്ട്‌ തന്നെ ഈ ആഹ്വാനം ആഹ്വാനമായിത്തന്നെ അവസാനിക്കുമെന്ന് കരുതി തള്ളിക്കളയാം

ജൂണ്‍ 27 ആം തിയതി ഡോക്ടര്‍ ബാബൂ പോള്‍ മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ ലേഖനം നിര്‍ബന്ധിതമായും വായിച്ചിരിക്കേണ്ട ഒന്നാണ്‌. അതിന്റ PDF വേര്‍ഷന്‍ ഇവിടെ ലഭിക്കും

ഈ പോസ്റ്റിലെ വിവരങ്ങള്‍ക്ക്‌ കടപ്പാട്‌. ഇന്ത്യാ ടുഡേ, മാതൃഭൂമി ദിനപ്പത്രം, മാധ്യമം ദിനപ്രത്രം