Tuesday, August 12, 2008

മാറ്റം അറിയിച്ച്‌ CPM

സംസ്ഥാന സര്‍ക്കാരിന്റ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളേപ്പറ്റി ധനമന്ത്രി തോമസ്‌ ഐസക്ക്‌ CPM സംസ്ഥാന കമ്മിറ്റിയില്‍ വച്ച നയരേഖ വലിയ കോലാഹലങ്ങളോ വിവാദങ്ങളോ ഉണ്ടാക്കാതെ കടന്നു പോയീ. ഒളിമ്പിക്സ്‌ ലഹരിയിലോട്ട്‌ മാധ്യമ ലോകം കൂടുമാറിയ സാഹചര്യത്തില്‍ വന്ന ഈ വാര്‍ത്തയേ പാര്‍ട്ടി VS നെ തിരുത്തുന്നു എന്ന രീതിയില്‍ മനോരമയും ചന്ദ്രികയും മംഗളവും വലിയ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. മാതൃഭൂമി ഉള്‍പ്പേജ്‌ വാര്‍ത്തയായി ഒതുക്കി. ഇന്ത്യാവിഷന്‍ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ ആദ്യ ദിനത്തില്‍ വലിയ പ്രാധാന്യം നല്‍കിയെങ്കിലും വിവാദപരമായി ഇതിനെ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

രണ്ടാം ഭൂപരിഷക്കരണം (?) എന്ന VS ന്റ വായിത്താരിയേ ചുറ്റിപ്പറ്റിയാണ്‌ ഈ വാര്‍ത്തയേ മാധ്യമ ലോകം വിലയിരുത്തിയത്‌. രണ്ടാം ഭൂപരിഷക്കരണത്തെ കുത്തക കമ്പനികള്‍ക്കും ഭൂമാഫിയക്കാര്‍ക്കും വേണ്ടി CPM അട്ടിമറിക്കുന്നു എന്നതായിരുന്നു പൊതുവില്‍ ഇത്തരം വാര്‍ത്തകളുടെ കാതല്‍. എന്നാല്‍ ഒരുപാട്‌ പ്രകോപനമുണ്ടായിട്ടും VS മൗനം തുടര്‍ന്നതിനാല്‍ പിന്നെ അതിനെപ്പറ്റി ഫോളോ അപ്പ്‌ ഉണ്ടായില്ല. ഈ വിഷയം ഇപ്പോഴും ലൈവായി നില്‍കുന്നത്‌ ദേശാഭിമാനിയില്‍ മാത്രമാണ്‌.

ഓഗസ്റ്റ്‌ 11 ആം തിയതിയിലെ ദേശാഭിമാനിയുടെ മുഖപ്രസംഗത്തില്‍ CPM എന്താണ്‌ ഇതില്‍ നിന്ന് ഉദ്യേശിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്‌. അത്‌ ഇവിടെ വായിക്കുക

കുതിപ്പിന്റെ മാര്‍ഗരേഖ

ആധുനിക കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെയാകണം എന്നതിന്റെ വ്യക്തവും സുനിശ്ചിതവുമായ മാര്‍ഗരേഖയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റി മുന്നോട്ടുവച്ചത്. കുഴഞ്ഞുമറിഞ്ഞ ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷങ്ങളുടെ ഇടപെടലിന് കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ- ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ വിജയകരമായ പ്രവര്‍ത്തനം വഹിക്കുന്ന നിര്‍ണായകമായ പങ്കിനെക്കുറിച്ച് സിപിഐ എം 19-ാം പാര്‍ടി കോഗ്രസ് ഗൌരവത്തോടെ ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്, കേരളത്തിലെ ഭരണം രണ്ടുവര്‍ഷം പിന്നിടുന്ന വേളയില്‍ സംസ്ഥാന കമ്മിറ്റി ഭരണത്തെ വിലയിരുത്തിയതും നേട്ടങ്ങള്‍ സംരക്ഷിക്കാനും ദൌര്‍ബല്യങ്ങള്‍ പരിഹരിക്കാനുമുള്ള ഊര്‍ജിതമായ നടപടികളിലേക്ക് കടന്നതും. വിവിധ മേഖലകളില്‍ ബദല്‍നയങ്ങള്‍ എത്രമാത്രം ഉയര്‍ത്താന്‍ കഴിഞ്ഞു, നേട്ടങ്ങള്‍ എത്രമാത്രം ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പാര്‍ടി പരിശോധിച്ചത്. രണ്ടുവര്‍ഷംകൊണ്ട് ഗവമെന്റിന് അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു എന്നത് അവിതര്‍ക്കിതമായി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയിലെ 455 ഇനങ്ങളില്‍ 385 ഇനങ്ങള്‍ അഥവാ 85 ശതമാനം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി എന്നത് അഭിമാനകരമായ സംഗതിയാണ്. അതില്‍ 158 ഇനങ്ങള്‍ അഥവാ 35.5 ശതമാനം പൂര്‍ത്തീകരിക്കുകയോ നടപ്പാക്കുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയോ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനുവേണ്ടി മാനിഫെസ്റോ തയ്യാറാക്കുകയും അധികാരത്തിലെത്തിയാല്‍ ആദ്യം അതു മറക്കുകയും ചെയ്യുന്ന കോഗ്രസിന്റെ സമീപനത്തില്‍നിന്ന് നേര്‍വിപരീതമായ ഈ അനുഭവം വി എസ് ഗവമെന്റിന്റെ അഭിനന്ദനാര്‍ഹമായ മികവുതന്നെയാണ്. പാര്‍ടി ചൂണ്ടിക്കാണിച്ചപോലെ, ഇന്ന് അന്തര്‍ദേശീയ-ദേശീയ സ്ഥിതിഗതികളില്‍ മാറ്റംവന്നിരിക്കുന്നു. ഇടതുപക്ഷ- ഇടതുപക്ഷ ജനാധിപത്യമുന്നണി സംവിധാനങ്ങള്‍ താല്‍ക്കാലിക പ്രതിഭാസമല്ല, ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയപ്രക്രിയകളാകാമെന്ന് ബംഗാളും ത്രിപുരയും തെളിയിച്ചിരിക്കുന്നു. കേരളത്തില്‍പ്പോലും 57-59, 67-69, 80-81 തുടങ്ങിയ കാലങ്ങളെ അപേക്ഷിച്ച് 1987ലും '97ലും സിപിഐ എം നേതൃത്വം നല്‍കിയ എല്‍ഡിഎഫ് ഗവമെന്റുകള്‍ ഭരണകാലാവധി പൂര്‍ത്തിയാക്കി. ഇവയൊക്കെ കണക്കിലെടുത്ത്, പാര്‍ടി നേതൃത്വത്തിലുള്ള സംസ്ഥാന ഭരണങ്ങളെ കേവലം അടിയന്തര സമാശ്വാസം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍മാത്രമായി കണ്ടാല്‍ പോരെന്നും കോഗ്രസ്, ബിജെപി ഭരണങ്ങളില്‍നിന്ന് വ്യത്യസ്തമായി ബദല്‍ സമീപനങ്ങള്‍ ഉയര്‍ത്താനും നടപ്പാക്കാനും കഴിയണമെന്നുമാണ് 19-ാം പാര്‍ടി കോഗ്രസ് വിലയിരുത്തിയത്. അതിനനുസൃതമായ പ്രവര്‍ത്തനം കൂടുതല്‍ ജാഗ്രതയോടെ തുടരാനുള്ള സമീപനമാണ് കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റി തീരുമാനമായി പുറത്തുവന്ന മാര്‍ഗരേഖയില്‍ തെളിഞ്ഞുനില്‍ക്കുന്നത്. കാര്‍ഷിക പരമ്പരാഗത മേഖലകള്‍ സംരക്ഷിക്കുക, അവയെ തകര്‍ക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ത്തന്നെ ആ മേഖലകളുടെ ഉല്‍പ്പാദനക്ഷമതയും മത്സരശേഷിയും ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക; വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ക്ഷേമസൌകര്യങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക; പട്ടികവിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അഗതികള്‍ തുടങ്ങിയ വിഭാഗങ്ങളുടെ കൊടിയ ദാരിദ്യ്രം ഇല്ലാതാക്കുക; വികസനരംഗത്ത് സ്ത്രീകളോടുള്ള വിവേചനം ഇല്ലാതാക്കി അവരുടെ സാമൂഹ്യപദവി ഉയര്‍ത്തുക എന്നിങ്ങനെയുള്ള കര്‍ത്തവ്യങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടുന്നു. ഈ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി അധികാരവികേന്ദ്രീകരണം വിപുലമാക്കേണ്ടതുണ്ടെന്നും പാര്‍ടി കാണുന്നു. വിദ്യാസമ്പന്നരുടെ തൊഴില്‍പ്രതീക്ഷയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക; ഉല്‍പ്പാദനമേഖലകളുടെ ദ്രുതവളര്‍ച്ച ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഐടി, ടൂറിസം, ലൈറ്റ് എന്‍ജിനിയറിങ് തുടങ്ങിയ വ്യത്യസ്ത ആധുനിക വ്യവസായങ്ങളില്‍ ഊന്നണമെന്നാണ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയത്. സ്വകാര്യനിക്ഷേപം ഈ രംഗങ്ങളില്‍ ആകര്‍ഷിക്കാന്‍ കഴിയണമെന്നും അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും വൈദ്യുതി, ഗതാഗതസൌകര്യങ്ങള്‍, വ്യവസായ പാര്‍ക്കുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ പശ്ചാത്തലസൌകര്യങ്ങള്‍ വലിയതോതില്‍ ഒരുക്കണമെന്നുമാണ് പാര്‍ടി നിര്‍ദേശിക്കുന്നത്. അതിനനുസൃതമായി അടുത്ത മൂന്നുവര്‍ഷംകൊണ്ട് ഓരോ മേഖലയിലും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളാണ് മാര്‍ഗരേഖയില്‍ അക്കമിട്ടു പറയുന്നത്. മൂന്നുവര്‍ഷത്തിനകം പശ്ചാത്തല-വ്യവസായമേഖലകളില്‍ 25,000 കോടി രൂപയുടെ മുതല്‍മുടക്ക് ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുള്ളത്. സ്വകാര്യ വ്യവസായനിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിന് ഊര്‍ജിതനടപടി തുടരണമെന്നും മാനദണ്ഡങ്ങള്‍ക്കനുസൃതമായ എല്ലാ സെസ് (പ്രത്യേക സാമ്പത്തികമേഖല) അപേക്ഷകളും കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളുമുണ്ട്. മുന്നണിസര്‍ക്കാരിന്റെ സ്വഭാവവും ശാക്തികപരിമിതികളും കണക്കിലെടുക്കാതെ ജനകീയ ജനാധിപത്യപരിപാടി നടപ്പാക്കാമെന്ന അപക്വ കാഴ്ചപ്പാടുകാരും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ബദല്‍സമീപനങ്ങള്‍ സാധ്യമല്ലെന്നുള്ള കീഴടങ്ങല്‍ സമീപനക്കാരും ഉയര്‍ത്തുന്ന വാദഗതികളെ തള്ളിക്കളഞ്ഞ്, മൂര്‍ത്തമായ രാഷ്ട്രീയസാഹചര്യങ്ങളെ ശരിയായി വിലയിരുത്തിയാണ് സിപിഐ എം ഈ മാര്‍ഗരേഖ അംഗീകരിച്ചതെന്ന് അതിലെ ഓരോ വരിയിലും വ്യക്തമാണ്. 1957ലെന്നപോലെ കേരളവികസനത്തിന് പുതിയ വഴിത്തിരിവ് സൃഷ്ടിക്കാന്‍ ഒരുമിച്ച് അണിനിരക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോടും അനുഭാവികളോടും കേരളത്തിലെ എല്ലാ ജനങ്ങളോടുമുള്ള ആഹ്വാനം സര്‍വാത്മനാ സ്വാഗതംചെയ്യപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ വിശാല വികസനതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സങ്കുചിത രാഷ്ട്രീയനിലപാടുകളില്‍നിന്നും സമരങ്ങളില്‍നിന്നും പിന്മാറി വികസനകാര്യങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം തയ്യാറാകേണ്ടതുണ്ട്. ഭരണത്തെ നയിക്കുന്ന രാഷ്ട്രീയപാര്‍ടി നടത്തുന്ന മാതൃകാപരമായ ഇടപെടലിനെ മറ്റു പല വ്യാഖ്യാനങ്ങളും നല്‍കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഞങ്ങളുടെ ചില സഹജീവികളും സങ്കുചിത അജന്‍ഡകള്‍ മാറ്റി സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള ഈ പരിശ്രമങ്ങളെ പിന്തുണയ്ക്കാന്‍ സന്മനസ്സ് കാട്ടെ


CPM ന്റ ബംഗാള്‍ നയത്തോട്‌ ചേര്‍ന്ന് പോകുന്ന ഒന്നാണ്‌ ഇതെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ നമുക്ക്‌ മനസിലാകുന്നതാണ്‌. പ്രത്യേശാസ്ത്ര കാല്‍പനികത വെടിഞ്ഞ്‌ യാഥാരത്ഥ്യ ബോധമുള്‍ക്കൊണ്ടുള്ള മാറ്റമായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷമായി പാര്‍ട്ടിയില്‍ നടന്നിരുന്ന VS പിണറായി യുദ്ധത്തിന്റ മറയായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഈ കാല്‍പനിക സ്വപ്നങ്ങള്‍. എന്നാല്‍ മാറിയ സാഹചര്യത്തില്‍ തങ്ങള്‍ക്കുള്ള മുന്‍തൂക്കം പിണറായിയും കൂട്ടരും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ്‌. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കാനും വിജയിപ്പിക്കാനും ഏറ്റവും സാധ്യതയുള്ള സ്ഥലമാണ്‌ കേരളം. ഇത്തരം സാമ്പത്തീക നയങ്ങളിലൂടെ ഉണ്ടാകുന്ന ഗുണങ്ങള്‍ താഴേത്തട്ടുവരെ എളുപ്പം പ്രതിഫലിക്കുകയും ചെയ്യും. ഗുണപരമായി രീതിയില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട്‌ CPM എന്തൊക്കെ ചെയ്യുമെന്ന് നമുക്ക്‌ കാത്തിരുന്ന് കാണാം

21 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രമാണ്‌ എന്നാണല്ലോ പ്രമാണം. CPM ന്റ പുതിയ നയരേഖയേപ്പറ്റി ഒരു കുറിപ്പ്‌

Radheyan said...

കിരണ്‍,

ജനകീയ ജനാധിപത്യ പരിപാടി നിലവിലെ സാഹചര്യങ്ങളില്‍ നടപ്പാക്കാനാവില്ല എന്ന വിവേകപൂര്‍ണ്ണമായ നിലപാടില്‍ ഒടുവില്‍ സി.പി.എം എത്തി ചേര്‍ന്നിരിക്കുന്നു. ഒടുവില്‍ എന്ന വാക്കിന് പ്രസക്തിയുണ്ട്.ഇത് വൈകി വന്ന വിവേകമെന്ന് അപഹസിക്കപ്പെട്ടേക്കാം.വൈകി വരുന്നത് ഒരിക്കലും വരാത്തതിലും നല്ലത് എന്നാണല്ലോ റോഡ് വക്കില്‍ എഴുതി വെച്ചിരിക്കുന്നത്.

പക്ഷെ ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

1. ഈ നിലപാടുകള്‍ക്ക് സ്ഥിരത ഉണ്ടാകുമോ?അതോ ഭരണമുള്ളപ്പോള്‍ മാത്രം സ്വീകരിക്കപ്പെടുന്ന ഒന്ന് മാത്രമാവുമോ?മുന്‍പ് ഇതു പോലുള്ള ശ്രമങ്ങള്‍ മറ്റു ഭാഗങ്ങളില്‍ നിന്ന് ഉണ്ടായപ്പോള്‍(ഉദാഹരണത്തിന് സ്വകാര്യ മൂലധനത്തിന് റ്റിവി തോമസ് ശ്രമിച്ചപ്പോള്‍,ട്രാക്റ്ററുകള്‍ കുട്ടനാട്ടില്‍ കൊണ്ടു വന്നപ്പോള്‍)എതിര്‍ത്ത പോലെ ഭരണം ഇല്ലാത്ത കാലത്ത് എന്തായിരിക്കും നയം?മാറ്റമില്ലത്തത് മറ്റത്തിനു മാത്രമെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ടെങ്കിലും അഞ്ചഞ്ചു കൊല്ലം കൂടുമ്പോള്‍ നയം മാറുന്നത് നല്ലതിനല്ലല്ലോ.

2. നല്ല മൂലധനത്തോടൊപ്പം അത്ര നല്ല വഴിയില്‍ അല്ലാത്തമൂലധനവും വരും. അവയോട് എന്താകും സമീപനം?
3. മൂലധനത്തോട് മൃദുവായ സമീപനം സ്വീകരിക്കുമ്പോള്‍, ചില കൊള്ളരുതായ്മകള്‍ കണ്ടില്ല എന്ന് നടിക്കുമോ? ഉദാഹരണത്തിന്കഴിഞ്ഞ ദിവസം തന്നെ സെസ് അപേക്ഷ നല്‍കിയവതില്‍ ഒന്ന് കൈയ്യേറ്റ ഭൂമിയാണെന്ന് ആരോപണമുള്ളതാണ്.അവയോട് എന്താകും സമീപനം?

4. 1991 മുതല്‍ കേന്ദ്രം ആഗോളവല്‍ക്കരണം പിന്‍‌തുടരുകയാണ്.അത്തരം നയങ്ങളെ പാര്‍ട്ടി എതിര്‍ത്തും വരുന്നു.അതിനെതിരേ ഈ വരുന്ന 20നും ഒരു പൊതു പണിമുടക്ക് നടക്കുന്നു.സമാനമായ നയങ്ങള്‍ ഇവിടെ നടപ്പാക്കുന്നു.ഇതില്‍ ഒരു ഇന്‍‌കണ്‍സിസ്റ്റന്‍സി ഇല്ലേ?അതോ ഏത് നയവും നാം നടപ്പാക്കുമ്പോള്‍ വിപ്ലവം ആകുന്നു എന്ന പ്രിസംഷന്‍ വേണമോ?

5.കൃഷിയെ സംരക്ഷിക്കും എന്നും വ്യവസായങ്ങള്‍ക്ക് ഭൂമി നല്‍കും എന്നും ഒരേ ശ്വാസത്തില്‍ പറയുമ്പോള്‍ തന്നെ അതെത്ര മാത്രം പ്രായോഗികമാണെന്ന് കരുതുന്നു?

6. മൂലധനത്തില്‍ തന്നെ ഉല്‍പ്പാനനോന്മുഖമായ മൂലധനവും ഒഴുകി നടക്കുന്ന ഉല്‍പ്പാദനക്ഷമമല്ലാത്തതും ഊഹക്കച്ചവടസ്വാഭാവമുള്ളതുമായ മൂലധനവുമുണ്ട്.ഇവയെ എങ്ങനെ സ്ക്രീന്‍ ചെയ്യും?

7.എന്തായിരിക്കും വികസനത്തോട് അനുബന്ധിച്ച പരിസ്ഥിതി നയം? ഇത് വളരെ പ്രധാനമുള്ളതാണ്.അതിരപ്പള്ളി പദ്ധതി,പാത്രക്കടവ് പദ്ധതി,എക്സ്പ്രസ് ഹൈവേ,മിനറല്‍ വാട്ടര്‍,കോള തുടങ്ങിയ ജലചൂഷണമുള്ള പദ്ധതികള്‍,ഇവയോടൊക്കെയുള്ള സമീപനം വളരെ പ്രധാനമാണ്.

8.തൊഴിലാളി-മൂലധന തര്‍ക്കങ്ങളില്‍ നേരത്തെ തൊഴിലാളി അനുകൂല സമീപനമായിരുന്നു പാര്‍ട്ടിയുടേത്. ഇനിയെന്താവും അത്, ഒരു ഫെലിസിറ്റേറ്ററുടേത്?

chithrakoran said...

രാധേയന്റെ ചോദ്യങ്ങള്‍ പ്രസക്തം.
ഇതൊക്കെ ഭരണത്തിലിരിക്കുമ്പൊള്‍ വെളിപ്പെടുന്ന തിരുവചനങ്ങള്‍ മാത്രമാണ്.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ ട്റാക്ടര്‍ പോയിട്ട് മോട്ടോര്‍ ഘടിപ്പിച്ച ഷേവിംഗ് റേസര്‍ ഉപയോഗിക്കുന്നത് വരെ ലിവന്മാര്‍ തടയും.
ഏതു വിധേനയും പ്രത്യയശാസ്ത്രം സം‌രക്ഷിക്കപ്പെടണം എന്നുള്ളവര്‍ ഉള്ളിടത്തോളം ഈ ചാഞ്ചാട്ടം തുടരും.
കമ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് പിന്തിരിപ്പന്മാര്‍ ഉള്ള നാട്ടില്‍, മാറ്റമില്ലാത്തത് നാറ്റത്തിന് മാത്രം.
(പിന്തിരിപ്പന്മാര്‍ എന്നുള്ളതിന് പ്രാധാന്യമുണ്ട്)

കേരളത്തിന് ആഗോളവത്കരണ സ്കോപ്പ് (ജോബ് ക്രിയേഷന്‍ ത്രൂ ഇന്‍ഡസ്ട്രീസ്) താരതമ്യേനെ കുറവാണ്. സ്ഥലമെവിടെ? പോപ്പുലേഷന്‍ ഡെന്‍സിറ്റി കാരണം മനുഷ്യനു സ്വസ്ഥമായി കക്കൂസ് വയ്കാന്‍ സ്ഥലമില്ല. പിന്നെയാണ് ഫാക്ടറിയും മറ്റും. അല്ലെങ്കില്‍ ചില പ്രത്യേക സ്പെഷ്യലൈസേഷന്‍സ് / സ്കില്‍സ് വളര്‍ത്തിയെടുക്കണം. ഇന്‍ഫ്രാസ്ട്രച്ചര്‍ സപ്പോര്‍ട്ടായി എക്സ്പ്രസ്സ് ഹൈവേക്ക് പകരം എക്സ്പ്രെസ്സ് വാട്ടര്‍ വേ കൊണ്ടു വരണം. (റോഡിന് ഇനി എങ്ങോട്ട് വീതി കൂട്ടാനാണ്!) അങ്ങിനെയങ്ങനെ..എന്തൊക്കെ നടക്കാത്ത സ്വപ്നങ്ങള്‍.

mayavi said...

halloo radheyaN WHERE ARE YOU WORKING? BLA BLA BLA IS EASYYAA? are you not a labour of a multinationanl company?

Radheyan said...

I don't know what provoked Mayavi. I have neither supported nor criticised the new program of CPM. What I have pointed out is just about its inconsistencies, which they themselves have to solve, otherwise such inconsistencies would lead to its wreckage.

After all what is the qualification to tell one's opinion? You should be/should not be working in MNC,America,Dubai etc?

And personally I am not working with MNC, but if I get a chance I will ofcourse do so. And even if I join a MNC, it won't prevent me from saying my opinion.

കണ്ണൂസ്‌ said...

സര്‍ക്കാര്‍ തലത്തില്‍ നയങ്ങള്‍ മാറ്റുന്നത് പ്രധാനം തന്നെ. പക്ഷേ അതു പോലെ തന്നെ പ്രധാനമാണ് സി.പി.എം തങ്ങളുടെ പാര്‍ട്ടിയുടെ നയരേഖ ഇന്നതാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇപ്പോഴും ജനകീയ വിപ്ലവം വരുമെന്ന് പ്രതീക്ഷിക്കുന്ന സ്വപ്നജീവികളെ അതു നിരാശപ്പെടുത്തുമെങ്കില്‍, അങ്ങിനെയായിക്കോട്ടേ എന്ന് വെക്കാനുള്ള ധൈര്യം പാര്‍ട്ടി നേതൃത്വം കാണിക്കണം. സാമ്പത്തിക നയം വ്യക്തമായി നിര്‍വചിക്കുമ്പോള്‍ രാധേയന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ആവുകയും ചെയ്യും.

അനുഭാവികളോട് ഉള്ള കടമ എന്നതിലുപരി, ഇടതു സര്‍ക്കാരുകള്‍ പാരമ്പര്യകമ്മ്യൂണിസത്തില്‍ നിന്ന് വ്യതിചലിച്ച് എന്തു ചെയ്താലും പരിഹസിക്കുന്ന മറ്റു കുറേ സ്വപ്നജീവികള്‍ക്കു കൂടി സമാധാനമാവും അങ്ങിനെ ഒരു ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍.

Radheyan said...

തീര്‍ച്ചയായും കണ്ണൂസ്.താങ്കള്‍ പറഞ്ഞ നിര്‍വചനങ്ങള്‍ വളരെ പ്രധാനം തന്നെയാണ്.

പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നു എന്ന് അതിന്റെ ഭരണഘടനയില്‍ തന്നെ പറയുന്നു.അത് കൊണ്ട് ഇന്നത്തെ വ്യവസ്ഥിതിയുടെ എല്ലാ പരിമിതികളും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കും ഉണ്ടാകും.നിലവിലെ കേന്ദ്രനയങ്ങള്‍ക്ക് അനുഗുണമായി മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ.ടോള്‍ പിരിക്കാന്‍ വിസമ്മതിച്ചത് മൂലം നാഷണല്‍ ഹൈവേകളുടെ വികസനം എങ്ങനെ തടസ്സപ്പെട്ടു എന്ന് നാം കണ്ടതാണ്.

റെഗുലേറ്റഡ് ആയ മൂലധനവരവിനെയാണ് പാര്‍ട്ടി സ്വാഗതം ചെയ്യേണ്ടത്.റെഗുലേറ്റഡ് എന്നത് കൊണ്ട് പരിമിതമായത് എന്ന് അര്‍ത്ഥമില്ല.പ്രോജക്റ്റുകള്‍ സുതാര്യമാകണം.അത് നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നതാവരുത്.നമ്മുടെ സമ്പത്ത് കടത്തുവാനുദ്ദേശിച്ചുള്ളതാവരുത്.നമ്മുടെ സംസ്ഥാനത്ത് സ്ഥിരനിക്ഷേപത്തിനുതകുന്നതാവണം.നമ്മുടെ under utilised ആയ പൊട്ടന്‍ഷ്യല്‍ പരമാവധി ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കുന്നതാവണം.നിയമവിധേയമായ വ്യവസായങ്ങളായിരിക്കണം.പരമാവധി നല്ല സോഴ്സില്‍ നിന്നുള്ള മൂലധനമായിരിക്കണം.

ഇതൊക്കെ അടങ്ങുന്ന ഒരു കരട് ഫിസ്ക്കല്‍ പോളിസി പാര്‍ട്ടി കൊണ്ടുവന്നാല്‍ അത് കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കും.

നചികേതസ്സ് said...

കിരണ്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല, ആഗോള വത്കരണത്തിന്റെ സാധ്യതകളെ വളരെ ജനോപകാരപ്രദമായി ഉപയോഗിയ്ക്കാന്‍ കേരളാ‍ സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളില്‍ ഒന്നും തന്നെ കണ്ടില്ല, കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു ചെയ്തവയെ തത്വാതിഷ്ഠിതമാക്കുന്നുവെന്നതില്‍ കവിഞ്ഞ്, ഒരു പക്ഷെ ഒരു തുടര്‍ പ്രക്രിയയുടെ ഭാഗമായതിനാലാവാം, കൂടാതെ സാധാരണ ഗതിയില്‍ ആര്‍ക്കും കാണിയ്ക്കാന്‍ കഴിയാത്ത ഒരു സ്വയം വിമര്‍ശനവും വേറെ പുതിയ എന്തെങ്കിലുമുണ്ടോ നയരേഖയില്‍ ?

കടത്തുകാരന്‍/kadathukaaran said...

കഴിഞ്ഞ യു ഡി എഫ് ഭരണക്കാലത്ത് രാഷ്ട്രീയ സങ്കുചിത നിലപാടുകാരണം തടസ്സപ്പെടുത്തേണ്ടി വന്ന പല ജനോപകാരപ്രദമായ കാര്യങ്ങളും വേണ്ടതായിരുന്നു, നേരായ മാര്‍ഗ്ഗത്തിലായിരുന്നു എന്ന തിരിച്ചറിവും ഇതുവരെ കൊണ്ടു നടന്നിരുന്ന നിലപാടുകളിലെ വങ്കത്തരം തിരിച്ചറിവിന്‍റെ പാതയിലേക്കെത്തിച്ചേര്‍ന്നു എന്നതും ഇതില്‍ നിന്ന് വായിക്കപ്പെടേണ്ടതാണ്. യു ഡി എഫ് നടപ്പിലാക്കാന്‍ ശ്രമിച്ച പല പദ്ധതികളും മറ്റു പല പേരിലും സ്മയ മാറ്റത്തിലും കൊണ്ടുവരാന്‍ തയ്യാറായാല്‍ തന്നെ ഗള്‍ഫുകാരന്‍റെ ഡ്രാഫ്റ്റില്‍ മാത്രം കണ്ണു നട്ടിരിക്കുന്ന കേരള സംസ്ഥനത്തെ, മറ്റു പല സംസ്ഥനങ്ങളെപോലെ സ്വയം പര്യാപ്തിയിലെത്തിക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞേക്കും

കണ്ണൂസ്‌ said...

ആഗോള വത്‌കരണം ഏറ്റവും ജനോപകാര പ്രദമാവുക, അധികാര വികേന്ദ്രീകരണം ഉള്ള ഒരു വ്യവസ്ഥയിലാണ്. അത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയവുമാണ്. പ്രാദേശിക ഭരണ കൂടങ്ങളിലും അല്പം പ്രോഗ്രസീവ് ആയ ചിന്തിക്കുന്ന, വിഷന്‍ ഉള്ള ഭരണാധികാരികള്‍ ഉണ്ടാവണം.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പ്രധാനമാണ്‌. അവയ്ക്ക്‌ എന്റ മറുപടി ഇങ്ങനെ

CPM ഇന്ന് വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ്‌ കടന്നു പോകുന്നത്‌. പ്രത്യേകിച്ച്‌ കേരളത്തില്‍. CPM ഇന്നലെ വരെ പറഞ്ഞിരുന്ന കാര്യങ്ങളൊന്നും പ്രധാനമല്ലാത്ത ഒരു കാലഘട്ടമാണ്‌ ഇന്നിവിടെ ഉള്ളത്‌. CPM പണ്ട്‌ പ്രതിനിധാനം ചെയ്തിരുന്ന ക്ലാസ്‌ ആള്‍ക്കാര്‍ ഇന്ന് കേരളത്തില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ്‌. അവരുടെ പോലും ശരാശരി പ്രതിദിന വരുമാനം 175 രൂപയിലും അധികമാണ്‌. അല്ലാത്ത ഒട്ടുമിക്ക ആള്‍ക്കാരും താരതമ്യേന അധ്വാന ഭാരം കുറഞ്ഞ ജോലികള്‍ ചെയ്യാനും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്താനും ആഗ്രഹിക്കുന്നു. സ്വാഭാവികമായും ഈ ഒരു ഉയര്‍ന്ന ജീവിത നിലവാരത്തിലേക്ക്‌ മലയാളികളേ എത്തിക്കേണ്ട ബാധ്യത CPM ഉണ്ട്‌. അതിന്റ പരിണിത ഫലമായി വേണം നമുക്ക്‌ ഈ മാറ്റത്തെക്കാണാന്‍.

ഇനി രാധേയന്‍ പറഞ്ഞ നല്ല മൂലധനം മോശം മൂലധനം എന്ന വിഷയത്തിലേക്ക്‌ വന്നാല്‍ നല്ല മൂലധനം മോശം മൂലധനം എന്ന രീതിയില്‍ ഒന്നുണ്ടോ എന്നത്‌ പുനര്‍ വിചിന്തനം ചെയ്യേണ്ടതാണ്‌ എന്ന് തോന്നുന്നു. CPM ന്റ പ്രഖ്യാപിത നയമനുസ്സരിച്ച്‌ ഉല്‍പ്പാദനക്ഷമായ മൂലധന നിക്ഷേപം സ്വീകരിക്കുക എന്നതാകും അവര്‍ സ്വീകരിക്കുക എന്ന് തോന്നുന്നു. തൊഴിലവസരം ലഭിക്കുന്നതിനുതകുന്ന എന്ത്‌ മൂലധന നിക്ഷേപവും സ്വീകരിക്കാം പക്ഷേ പെപ്സി കൊക്കോള സംരംഭങ്ങളില്‍ പറ്റിയ പോലെയുള്ള തെറ്റ്‌ പറ്റാതെ നോക്കുക എന്നതാണ്‌ പ്രധാനം. ഇനി രാധേയന്‍ പറഞ്ഞ സെസ്‌ ഭൂമിയുടെ പേരില്‍ ഉള്ള ആക്ഷേപങ്ങള്‍ ഉടനടി തീര്‍പ്പ്‌ കല്‍പ്പിക്കാനുള്ള ഒരു സംവിധാനം ഉണ്ടാകുകയാണ്‌ വേണ്ടത്‌. അല്ലാതെ അനിയന്ത്രിതമായ അന്വേഷണങ്ങളും കാലതാമസങ്ങളുമൊക്കെയായി ഉടക്കു വയ്ക്കുകയല്ല. അതനുസ്സരിച്ചുള്ള ഒരു ഉയര്‍ന്ന നിലവാരമുള്ള ഒരു സിസ്റ്റം ഇവിടെ ഉണ്ടാക്കുക. അക്ഷേപം ഉണ്ടായാല്‍ ഉടനടി സെറ്റില്‍മെന്റുണ്ടാക്കാന്‍ കഴിയുക.

ഇനി കൃഷി വ്യവസായ ഭൂമിയേപ്പറ്റിപ്പറഞ്ഞാല്‍ മന്ത്രി കരീം പറഞ്ഞതാണ്‌ പ്രധാനം മൊത്തം സ്ഥലത്തിന്റ 1% സ്ഥലം എങ്കിലും നമുക്ക്‌ വ്യവസായങ്ങള്‍ക്കായി ഏറ്റെടുത്ത്‌ കൊടുക്കാന്‍ കഴിയണം. അപ്പോള്‍ 1% സ്ഥലത്തെപ്പറ്റി മാത്രമാണ്‌ നമ്മുടെ പ്രശ്നം ബാക്കിയുള്ള 99% സ്ഥലത്തും ഗാര്‍ഹിക ആവശ്യം കഴിഞ്ഞുള്ള ഭൂമി കൃഷിക്കായി ഉണ്ട്‌. ഇനി കൃഷി മേഖലയിലേക്ക്‌ വന്നാല്‍ നാണ്യ വിളകള്‍ കൃഷി ചെയ്യാനും ലാഭം കിട്ടാനുമാണ്‌ പൊതുവില്‍ കേരളീയര്‍ക്ക്‌ താല്‍പര്യം. റബ്ബര്‍ പോലുള്ളവ നല്ലരീതിയില്‍ തന്നെ ഗുണം ചെയ്യുന്നുമുണ്ട്‌. എന്നാല്‍ ഭഷ്യ വിള കൃഷി ചെയ്യാന്‍ പ്രത്യേകിച്ച്‌ നെല്ല് പലര്‍ക്കും കഴിയുന്നില്ല. അത്‌ ലാഭകരമല്ല എന്നാണ്‌ കാരണമായി പറയുന്നത്‌. എങ്ങനെ ഇത്‌ ലാഭകരമാക്കാം എന്ന് ചിന്തിച്ചാല്‍ യന്ത്രവല്‍ക്കരണം കൊണ്ട്‌ എന്നാണ്‌ മറുപടി . എന്നാല്‍ തുണ്ട്‌ വല്‍ക്കരിക്കപ്പെട്ട നെല്‍പ്പാടങ്ങളില്‍ യന്ത്രവല്‍ക്കരണം കൂട്ടായ്മകളിലൂടെയേ നടക്കൂ. എന്നാല്‍ ഈ കൂട്ടായ്മകള്‍ അന്യമാകുന്ന കേരളത്തില്‍ കോര്‍പ്പറേറ്റ്‌ ഫാമിങ്ങിന്റ്‌ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ്‌ പരിഹാരം

പരിസ്ഥിതി വിഷയത്തില്‍ ജനങ്ങളുടെ താല്‍പര്യങ്ങളോട്‌ ചേര്‍ന്ന് പോകുക എന്ന പരിഹാരമേ എനിക്ക്‌ പറയാനാകൂ. ഉദാഹരണത്തിന്‌ എക്സ്പ്രസ്‌ ഹൈവേയും ആതിരപ്പള്ളി പദ്ധതിയുമൊക്കെ ആവശ്യമാണ്‌ എന്ന ഒരു ഘട്ടമെത്തിയാല്‍ അത്‌ നടപ്പക്കലല്ലാതെ വേറെ വഴിയുണ്ടോ. എങ്ങനെ വൈദ്യുത ലക്ഷ്യം നേടാം എന്ന് ചിന്തിച്ചാല്‍ ഇതൊക്കെയേ വഴിയുള്ളൂ എന്ന് കാണാന്‍ കഴിയും.

തൊഴിലാളി നയത്തിലും ആഗോളവല്‍ക്കരണത്തോടുള്ള മുന്‍ നിലപാടുകളും CPM ന്‌ ബാധ്യതയായിത്തീരും എന്നതില്‍ തര്‍ക്കമില്ല. പക്ഷെ അത്‌ അതിജീവിക്കാതെ മുന്നോട്ട്‌ പോകുക അസാധ്യം എന്ന് പറായന്‍ കഴിയൂ

ചതുര്‍മാനങ്ങള്‍ said...

മാറ്റമില്ലാത്ത ഒന്നേയുള്ളൂ, അതാ പേരാണു. എല്ലാം മാറ്റുമ്പോള്‍ ആ പേരുംകൂടിയങ്ങുമാറ്റുന്നതല്ലേ ഭംഗി.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസ്‌ പറയുന്നതിനോടും എനിക്ക്‌ യോജിപ്പാണ്‌. കാല്‍പ്പനീകതയുടെ കാലം കഴിഞ്ഞു എന്ന് ഉറക്കെപ്പറായന്‍ CPM ന്‌ കഴിയില്ലാ എങ്കിലും പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നിപ്പാക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ അതു തന്നെ സമാധാനം. പിന്നെ കണ്ണൂസ്‌ പറഞ്ഞ അധികാര വികേന്ദ്രികരണം എന്നതും പ്രധാനം തന്നെ പക്ഷെ അതില്‍ ഉള്ള ഒരു പ്രശ്നം പ്രതിഭാ സമ്പന്നരായവരെ നമുക്ക്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ്‌. കഴിവും പ്രാപ്തിയും ഉള്ള ഒരു നേതൃത്വം താഴേത്തട്ടില്‍ ഉണ്ടാകുന്നില്ല എന്നത്‌ ഒരു പ്രശ്നം തന്നെയാണ്‌. പല പഞ്ചായത്തുകള്‍ക്കും കാര്യക്ഷമമായി വികസന പ്രവര്‍ത്തനം നടത്താനുള്ള കാര്യപ്രാപ്തി ഇല്ല എന്നതാണ്‌ ഏറ്റവും വലിയ പ്രശ്നം.

Nattumavinchottil said...

കിരണിണ്റ്റെ നിരീക്ഷണങ്ങളില്‍ പ്രത്യയശാസ്ത്ര കാല്‍പനികത വെദിഞ്ഞു യാഥാര്‍ത്യം ഉള്‍കൊണ്ടതായുള്ള നിരീക്ഷണം ശരിയാണോ എന്ന്‌ കാത്തിരിന്നു കാണേണ്ടതാണൂ.മൂന്ന്‌ നാലു വര്‍ഷം മുന്‍പുണ്ടായ പ്രത്യയശാസ്ത്ര വിവാദങ്ങളില്‍ നിലപാടുകളില്‍ സ്വാധീനം ചെലുത്തിയതു മാധ്യമങ്ങളുടെ നിലപാടുകളായിരുന്നു എന്നു കാണാം.പാര്‍ട്ടിക്കാകെ ബോധ്യമുണ്ടായിരുന്ന -പ്രശ്നമായിരുന്നു ഡോ.ഇക്ബാല്‍ ഒപ്പ്വ്‌ വച്ച കരാര്‍ കേരള സര്‍വകലാശാലക്കൊ കേരളത്തിന്‍ തന്നയൊ ഒരുദോഷവും ഉണ്ടാക്കില്ല എന്നും പ്രയോജനം ചെയ്യുന്നതായിരുന്നു എന്നും. എന്നാല്‍ മാധ്യമങ്ങളെ ത്രിപ്തിപ്പെടുത്താനായാണു ഡോക്ടറെ പാര്‍ടിയില്‍ നിന്നു പുറത്താക്കിയതു എന്ന്‌ ഇന്ന്‌ വ്യക്തമായിരിക്കുന്നു.നവലിബറല്‍ എന്നൊക്കെ കേട്ടാല്‍ ഉടനെ തന്നെ വിപ്ളവപാര്‍ടിയാണന്ന്‌ ബോധ്യപ്പെടുത്താന്‍ വേണ്ടി നയങ്ങള്‍ മാറ്റാന്‍ ശ്രമിക്കുകയില്ലന്നു ഉറപ്പില്ല. ഒരു പക്ഷെ വിജയകുമാര്‍ ഒഴികെയുള്ള സിപീ എം മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു കുതിച്ചു ചാട്ടത്തിനുള്ള സാധ്യത കാണാനുണ്ട്‌. രാധേയന്‍ പറഞ്ഞതുപോലെ കേരളത്തിലേക്കു വരുന്ന മുലധനത്തില്‍ നല്ലതും ചീത്തയും കാണും. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന വിചരണയില്‍ സാധരണ രീതിയില്‍ എല്ലാ മൂലധനവും ചീത്തയയി വിലയിരുത്തപ്പെടാനാണു സാധ്യത.റിയല്‍ എസ്റ്റേറ്റ്‌ എന്നാല്‍ അശ്ളീലമായി കണക്കാക്കുന്ന രീതി മാറേണ്ടതുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സില്‍ ൫൦൦൦൦ കോടി വരുന്ന മൂന്ന്‌ വര്‍ഷം ചെലവക്കിയാല്‍ സംസ്ഥാന സര്‍ക്കാരിനു നേരിട്ട്‌ വിവിധ നികുതികളിലായി ൮൦൦-൯൦൦ കോടി ലഭിക്കും.ഐ റ്റി സംരംഭങ്ങളില്‍ ൫൦൦൦ കോടി വന്നാല്‍ സര്‍ക്കാരിനു നേരിട്ട്‌ വിവിധ നികുതികളിലായി കാര്യമായി ഒന്നും കിട്ടാനില്ല.ആ മേഘല നല്‍കുന്ന തൊഴില്‍ സാധ്യത കാണാതിരിക്കുന്നില്ല(ഐറ്റി നികുതി ഒഴിവായി പരിഗണിക്കപ്പെടുന്നു.) ആഗോളവല്‍ക്കരണത്തിനെതിരായ സമരത്തിനു വളരെയധികം പ്രസക്തിയുണ്ട്‌.പക്ഷെ ധര്‍ണയും പണിമുടക്കും കൊണ്ട്‌ അതിനെ ചെറുക്കാം എന്ന്‌ ധരിക്കുന്നിടത്താണു പ്രശ്നം.കാര്‍ഷിക മേഘലയില്‍ വളര്‍ച്ചക്കു ഇന്നത്തെ ഭൂമിയുടമസ്തതയില്‍ മാറ്റം വരണം.ജീവിക്കനുള്ള വരുമാനം മട്ടിടങ്ങളില്‍ നിന്നു ലഭിക്കുന്നവര്‍ ഞായറാഴച്‌ നടത്തുന്ന ക്രിഷി കൊണ്ട്‌ ഉല്‍പ്പാദനം വര്‍ധിക്കില്ല, ണിലവിലുള്ള പാര്‍പ്പിട രീതിയില്‍ മാറ്റം വരുത്തിയാല്‍ ഇനിയും ഭൂമി കണ്ടെത്താന്‍ കഴിയും.വ്യവസായങ്ങള്‍ക്ക്‌ ഭൂമി നല്‍കാന്‍ അത്ര അധികം ഭൂമി വേണ്ട.എഫ്‌ എ സീറ്റി എച്‌ എം റ്റി തുടങ്ങിയവക്കൊന്നും ആവശ്യത്തിനു മാത്രമല്ല ഭൂമി നല്‍കിയതു. (കേരള സര്‍വകലശാലക്ക്‌ വേണ്ടിയുള്ള സ്ഥലം മുഴുവന്‍ കണ്ടിട്ടുള്ള എതെങ്കിലും സിന്‍ഡിക്കേറ്റ്‌ മെംബര്‍മാരുണ്ടോ എന്ന്‌ സംശയമാണു)പരിസ്ഥിതി പരിഗണിക്കാതുള്ള വികസനം ഇനി കേരളത്തില്‍ സാധ്യമല്ല.അതിണ്റ്റെ ആവശ്യവും ഇല്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളത്തിലെന്തായാലും വന്‍ വ്യവസായ ശാലകള്‍ക്ക്‌ സ്കോപ്പില്ല. IT enabled services ലാണ്‌ കേരളത്തിന്‌ കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയുക. ഡാറ്റാ പ്രോസസിംഗ്‌ എന്ന മേഖല നമുക്ക്‌ വലിയ സാധ്യത നല്‍കുന്നു. ഡാറ്റാ പ്രോസസിംഗ്‌ ജോലികള്‍ നമുക്ക്‌ അമേരിക്കയില്‍ നിന്ന് മാത്രമല്ല ഗള്‍ഫ്‌ നാടുകളില്‍ നിന്നു പോലും ലഭിക്കാവുന്നതാണ്‌. അതിനുള്ള അപാര സാധ്യതകള്‍ സ്മാര്‍ട്ട്‌ സിറ്റി വരുന്നതോടെ തുറക്കുമെന്നാണ്‌ എന്റ പ്രതീക്ഷ. എന്നാല്‍ ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള ഡാറ്റാ പ്രോസസങ്ങ്‌ ജോലികള്‍ കേരളാത്തിലെക്ക്‌ വരുമ്പോള്‍ അവിടെ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്ന പലരുടെയും ജോലിയേ അത്‌ ബാധിച്ചേക്കാം എന്ന ആശങ്കയും ഉണ്ട്‌. ഇവിടെ 5000 രൂപ പ്രതിമാസ ശമ്പളത്തില്‍ ഇത്തരം ജോലികള്‍ക്ക്‌ skilled ആയ ഒരാളെ ലഭിക്കുന്നു എങ്കില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലര്‍ക്കും അത്‌ ബുദ്ധിമുട്ടാകും

Nattumavinchotti പറഞ്ഞതുപോലെ മാധ്യമങ്ങളെ ഭയന്ന് ഇവര്‍ ഇനിയും നിലപാടില്‍ വെള്ളം ചേര്‍ക്കുമോ എന്ന ഭയം എനിക്കില്ല. അന്നതെ എതിര്‍പ്പുകളുടെ ഊര്‍ജ്ജ സ്രോതസായ VS നിശബ്ദനാണ്‌ എന്നതും. VS ഉദ്ദ്യേശിച്ചത്‌ ഇതാണ്‌ എന്ന് തോമസ്‌ ഐസക്ക്‌ വിശദീകരിക്കാനും തുടങ്ങീയിരിക്കുന്നു.

പിന്നെ വ്യവസായ വികസനത്തിന്‌ കേരളം നേരിടുന്ന ഒരേ ഒരു പ്രതിസന്ധി വൈദ്യുതിയായിരിക്കും.എല്ലാ അര്‍ത്ഥത്തിലും അത്‌ പരിസ്ഥിതിയുമായ ബന്ധപ്പെടതാണുതാനും

Radheyan said...

നല്ല മൂലധനവും ചീത്ത മൂലധനവുമില്ലെന്ന് പറയാനാവില്ല.പലതരത്തിലുള്ള ക്രിമിനല്‍ മൂലധനങ്ങള്‍ സംസ്ഥാനത്ത്, പ്രധാനമായും ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.കള്ളനോട്ട്,കള്ളപ്പണം,ഹവാല മുതല്‍ ഡി കമ്പിനി (ദാവൂദ്) പണം വരെ വ്വരുന്നു എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കോര്‍പ്പറൈറ്റ് സ്ഥാപനങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കുക എന്നതാണ് ഇതില്‍ ചെയ്യാവുന്ന പ്രതിവിധി.നമ്മള്‍ കോര്‍പ്പറൈറ്റ് കുത്തക എന്നൊക്കെ വിളിക്കുമെങ്കിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മറ്റ് സംരംഭകരെക്കാള്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്നവരാണ്.കുറേ കൂടി ജനാധിപത്യവും റെഗുലേഷന്‍സുമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നേരിട്ട് കള്ളപ്പണം,അഴിമതി,കള്ളനോട്ട് തുടങ്ങിയ നിയമവിരുദ്ധ പരിപാടികളില്‍ ഏര്‍പ്പെടാനാവില്ല(വളഞ്ഞ വഴികള്‍ ധാരാളമുണ്ട്,അത് പറയണമെങ്കില്‍ ഫീസ് തരണം).

ജലവൈദ്യുതി എന്ന ഓപ്ഷന്‍ പലരും ഇപ്പോള്‍ ഉപേക്ഷിക്കുകയാണ്.ചെയ്യുന്നങ്കില്‍ തന്നെ പരിസ്ഥിതി നശിപ്പിക്കാതെ ഉള്ള ചെറുകിട പദ്ധതികളാണ് ചെയ്യുന്നത്.

എക്സ്പ്രസ് ഹൈവേയും എത്ര നല്ല ഓപ്ഷനാണ് കേരളം പോലെ ജാം പാക്ക്ഡ് ആയ ഒരു സ്ഥലത്ത് എന്ന് സംശയമുണ്ട്.കൂറേ കൂടി നല്ല നെറ്റ്‌വര്‍ക്ക്,കൂടുതല്‍ മെട്രോ റെയിലുകള്‍,കൂടുതല്‍ ട്രേയ്നുകള്‍,കൂടുതല്‍ നാലുവരിപ്പാതകള്‍ എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കണമെന്നേ പറയാനാകൂ.പ്രത്യേകിച്ചും വല്ലാര്‍പാടം പോലെ ചെറിയ ഒരു റോഡ്-റെയില്‍ സ്ഥലമെടുപ്പ് പോലും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍.

ലാഭകരമല്ലെങ്കില്‍ പോലും ഭക്‍ഷ്യകൃഷി നടത്തിയേ മതിയാകൂ എന്ന് ഇപ്പോളത്തെ പ്രതിസന്ധി നമ്മോട് പറയുന്നു.കോര്‍പ്പറൈറ്റ് കൃഷി അവസാനത്തെ ഓപ്ഷനായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ.കര്‍ഷകന് ലാഭം മാത്രമല്ല,മലയാളിക്കുള്ള ഭക്ഷണം കൂടിയായി അതിനെ കാണണം.കോര്‍പ്പറൈറ്റ് കൃഷി ആ ലക്‍ഷ്യം നേടി തരണമെന്നില്ല.

വ്യാപകമായാ യന്ത്രവല്‍ക്കരണം നടത്തുക,പരാമാവധി ഭൂമി ഉപയോഗിച്ച് കൃഷി ചെയ്യുക,ഏത് തരം ഭക്‍ഷ്യകൃഷിയെയും പ്രോത്സാഹിപ്പിക്കുക,പൂരുഷ വനിതാ സ്വയം സഹായ സംഘങ്ങളെയും സഹകരണ സംഘങ്ങളെയും പരമാവധി കൃഷിയിലേക്ക് നയിക്കുക,കാര്‍ഷിക ഗവേഷകരെയും കൃഷി ശാസ്ത്രജ്ഞരെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും മണ്ണിലേക്ക് ഇറങ്ങി കര്‍ഷകര്‍ക്ക് സഹായമാകും വിധം
പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുക,തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പാദന റ്റാര്‍ജറ്റ് നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ വന്‍‌തോതില്‍ ഇടപെടണം.പരമാവധി സൌകര്യമുള്ളവരെ കൊണ്ട് അടുക്കള തോട്ടവും പശു കോഴി വളര്‍ത്തല്‍ എന്നിവ ചെയ്യിക്കണം,അതിന് വന്‍ പ്രോത്സാഹനവും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയും വകുപ്പുകള്‍ വശ്ഴിയും ചെയ്യണം.(ദിവാകര‍ന്‍ പറഞ്ഞതിനെ ഇങ്ങനെ വ്യാഖ്യാനിക്കുക,നിങ്ങളുടെ അറയില്‍ നെല്ലുണ്ട്,നിങ്ങളുടെ പറമ്പില്‍ ഒന്നോ രണ്ടോ കറിക്കുള്ള പച്ചക്കറിയുണ്ട്,കുളത്തില്‍ മീനുണ്ട്,മുട്ടയ്ക്ക് കോഴിയൂണ്ട്,പാലിന് പശുവുണ്ട്).എല്ലാവര്‍ക്കും എല്ലാം ഇല്ലെങ്കിലും ഒരു ഗ്രാമത്തിന് അത്യാവശ്യം ബാര്‍ട്ടര്‍ രീതിയിലൂടെ പുലരാന്‍ കഴിയുന്ന ഭക്‍ഷ്യോല്‍പ്പാദനം നടത്താന്‍ കഴിയും.

Rajeeve Chelanat said...

കിരണ്‍,

കേരളത്തിലെ സി.പി.എമ്മിന്റെ മാറ്റം ഈയടുത്ത് തുടങ്ങിയതൊന്നുമല്ല. രേഖാമൂലം അതിപ്പോള്‍ പുറത്തു പ്രകടിപ്പിച്ചു എന്നു മാത്രം.

ഇനി ഈ മാറ്റത്തെക്കുറിച്ച് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍.

“ആഗോളവല്‍ക്കരണ നയങ്ങള്‍ ..ഉണ്ടാകുന്ന ഗുണങ്ങള്‍ താഴേത്തട്ടുവരെ എളുപ്പം പ്രതിഫലിക്കുകയും ചെയ്യും“

ആഗോളവത്‌ക്കരണം എന്ന സങ്കല്‍പ്പം കേള്‍ക്കാന്‍ നല്ല സുഖമുള്ളതാണെങ്കിലും, അതിന്റെ പിന്നിലുള്ള, അഥവാ, അതിനെ നിയന്ത്രിക്കുന്ന ശക്തികള്‍ (പാശ്ചാത്യ)കോര്‍പ്പറേറ്റ് മുതലളിത്തവും അതിന്റെ ദേശീയ സഹകാരികളും തന്നെയാണ്. അതിന്റെ മോഡസ് ഓപ്പറാന്റി ഊഹാധിഷ്ഠിതമായ കമ്പോളവ്യവസ്ഥയുമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ തന്നെ, ആ കമ്പോളരീതി തകര്‍ന്നുതുടങ്ങിയിരിക്കുന്നു. അതിന്റെ സ്ഥാനം പൊതുമേഖലകള്‍ ഏറ്റെടുത്തുതുടങ്ങിയിരിക്കുകയുമാണ്. രസകരമായ കാര്യം, അതൊന്നും അതാതിടങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മാത്രം ശ്രമഫലമായിട്ടല്ല എന്നതാണ്. സ്വകാര്യമൂലധനത്തിനും അവിടങ്ങളില്‍ നല്ല പങ്കുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലൊക്കെ ഈയൊരു ‘ആഗോളേ‘തര കമ്പോളവ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‍പ്പം പച്ചപിടിക്കുന്നു. ദോഹ-ജനീവ ചര്‍ച്ചകളില്‍ മൂന്നാം ലോകരാജ്യങ്ങള്‍ എടുത്ത നിലപാടുകളും ആഗോളവത്‌ക്കരണത്തിനെതിരായ സ്വഭാവം ഉള്‍ക്കൊള്ളുന്നതായിരുന്നു. കുറച്ചുകാലം മുന്‍പ്, ആ പദത്തിനുണ്ടായിരുന്ന വശ്യത ഇപ്പോഴില്ലെന്നര്‍ത്ഥം. പാശ്ചാ‍ത്യേതര ലോകത്തിന്റെ വളര്‍ച്ചയെ ആഗോളവത്ക്കരണം നശിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ സര്‍ക്കാരുകള്‍ തുടങ്ങിയിരിക്കുന്നു.

രാധേയന്റെയും കണ്ണൂസിന്റെയും ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. എങ്കിലും, രാധേയന്റെ ആ ഒരു വാചകം നന്നേ രസിച്ചു. “പരമാവധി നല്ല സോഴ്സില്‍ നിന്നുള്ള മൂലധനമായിരിക്കണം“ എത്ര ശ്രമിച്ചിട്ടും ‘നല്ല സോഴ്സില്‍നിന്ന്‘ മൂലധനം വന്നില്ലെങ്കിലോ രാധേയാ?

സ്വന്തം വിഭവസമാഹരണത്തിലൂടെ, നാടിന്റെ പ്രാഥമികവും സുസ്ഥിരവുമായ വളര്‍ച്ചാ ആവശ്യങ്ങള്‍ക്കുമനുസരിച്ചുള്ള വികസനപദ്ധതികളാണ് രൂപീകരിക്കേണ്ടത്. അതിന് മുന്നൊരുക്കങ്ങള്‍ നിരവധി വേണം. നാണയമൂല്യം തീരുമാനിക്കുന്നതടക്കമുള്ള സമ്പദ്‌വ്യവസ്ഥയുടെ പൂര്‍ണ്ണവും സമഗ്രവുമായ പൊളിച്ചെഴുത്ത് വേണ്ടിവരും. പുതിയ വികസന പരിപ്രേക്ഷ്യങ്ങള്‍ ആവശ്യമായി വരും. പരിഗണനകള്‍ പ്രയോറിറ്റൈസ് ചെയ്യേണ്ടിവരും. മിനക്കേടുള്ള പണിയാണ്. ആഗോളവത്ക്കരണ സന്ധ്യാമന്ത്രങ്ങള്‍ മുടക്കം കൂടാതെ ഉരുവിട്ടതുകൊണ്ട് കാര്യമില്ല.

പരസ്പരാശ്രിതത്വം വേണ്ട എന്നല്ല. ലോകം ഒരു ആഗോളഗ്രാമമാകുന്നതൊക്കെ നന്ന്. ബോസ്സിനിയുടെ പരസ്യം പോലെ. world without strangers. പക്ഷേ, അത്, എല്ലാ ഗ്രാമങ്ങളുടെയും വളര്‍ച്ചയെ സഹായിക്കുന്നതിനായിരിക്കണം. അപരിചിതരും ലോകത്തിന്റെ ഭാഗമാണെന്ന് സമ്മതിക്കാനുള്ള സന്മനസ്സെങ്കിലും ഉണ്ടാകണം. ആരോഗ്യകരമായ സഹവര്‍ത്തിത്വത്തിലൂടെയും, തുല്യമായ സാമൂഹികനീതിയിലൂടെയും മാത്രമേ ആഗോളമായി വളരാനും വികസിക്കാനും കഴിയൂ. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ആനുപാതികമായി പുഷ്ടിപ്പെടുന്നതിനെയാണല്ലോ ആരോഗ്യം എന്ന് നമ്മള്‍ വിളിക്കുക. മന്റ് ആരോഗ്യത്തിന്റെ ലക്ഷണമല്ല. രോഗമാണ്.

ഐ.ടി മേഖലക്ക് ഇന്ത്യപോലുള്ള മൂന്നാം ലോകരാജ്യങ്ങളിലെ വേതനനിലവാരത്തിലും മറ്റും അല്പം വളര്‍ച്ച പ്രദാനം ചെയ്യാന്‍ കഴിഞ്ഞു എന്നത് ശരിയാണെങ്കിലും, പാശ്ചാത്യരാജ്യങ്ങളില്‍പ്പോലും (വളര്‍ച്ചയുടെ കാര്യത്തിലായാലും, തൊഴില്‍ സാധ്യതകളുടെ കാര്യത്തിലായാലും) അവയും അത്ര സുരക്ഷിത മേഖലയല്ലെന്ന് തെളിഞ്ഞുവരുന്നുണ്ട്. ഒരു താത്ക്കാലിക പ്രതിഭാസം മാത്രമാണ് ആ മേഖലയിലെ വളര്‍ച്ച. ഉറപ്പിച്ചൊന്നും പറഞ്ഞുകൂടാ. ടൂറിസത്തിന്റെ സാധ്യതകള്ളിലൂടെ നാടു സ്വര്‍ഗ്ഗമാകുമെന്നു കരുതുന്നവര്‍ ഒന്നുകില്‍ മന്ദബുദ്ധികളായിരിക്കണം. അല്ലെങ്കില്‍ വിവരദോഷികള്‍. സെസ്സ് മേഖലയാകട്ടെ,ദേശീയ വികസനത്തെ മുന്തിയ ആഗോള ഊഹക്കച്ചവടങ്ങള്‍ക്ക് വില്‍പ്പനക്കു വെക്കുകയാണ് ചെയ്യുന്നത്. ദേശീയസര്‍ക്കാരുകള്‍ക്കുപോലും അതില്‍ കാര്യമായ പങ്കോ നിയന്ത്രണമോ ഇല്ല.

ജനകീയ ജനാധിപത്യ പരിപാടി സി.പി.എം.കയ്യൊഴിഞ്ഞതില്‍ രാധേയന് അത്ര സന്തോഷിക്കേണ്ട കാര്യമുണ്ടോ? ദേശീയജനാധിപത്യത്തിലേക്ക് സി.പി.എം.എത്തിയെന്നു തോന്നുന്നുവോ? പഴയൊരു വഴിത്തര്‍ക്കമായിരുന്നില്ലേ അത്?

Nattumavinchottil said...

പ്രധാന പ്രശ്നം സിപി എം കൊണ്ടുവന്ന നയരേഖ കേരളത്തിലെ വികസന പ്രശ്നങ്ങളില്‍ ഹ്രുസ്വകാല പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ടോ എന്നതും അത്‌ സാധ്യമാക്കന്‍ ഗവര്‍മണ്റ്റ്‌ വേണ്ടത്ര മാറ്റത്തിനു തയ്യാറാകുന്നുണ്ടോ എന്നതുമാണ്‌.എത്ര പരിമിതികള്‍ ഉണ്ടയാലും കേരളത്തിണ്റ്റെ വളര്‍ച്ച ഉല്‍പാദനത്തില്‍ അധിഷ്ടിതമാകതെ വയ്യ.ഇക്കാര്യത്തില്‍ മതിയായ പരിഗണന നല്‍കിയതായ്‌ കാണുന്നില്ല.൨൫൦൦൦ കോടിയുടെ നിക്ഷേപം ഏതൊക്കെ മെഘലകളിലാണ്‌ എന്നതിണ്റ്റെ സൂചനകള്‍ ലഭ്യമല്ല.കാര്‍ഷിക ഉല്‍പാദന ക്ഷമത വലിയ തോതില്‍ വര്‍ധിപ്പിക്കുവാനും ഉള്ള വ്യ്‌വസായങ്ങളെ പുനസംഘടിപ്പിക്കനും എത്ര കഴിയുന്നു എന്നതാണ്‌ കാര്യം. ഐറ്റി വ്യവസായങ്ങല്‍ക്ക്‌( പ്രത്യകിച്ചും ഐറ്റി എനേബള്‍ഡ്‌ )കുറച്ച്‌ കാലത്തേക്ക്‌ പ്രശ്നപരിഹാരത്തിനു്‌ സാധ്യമായേക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക്‌ ബദലാവാന്‍ കഴിയില്ല. സെസ്സുകള്‍ വഴിയല്ലാതെ ഈ ഐറ്റി വ്യവസായങ്ങള്‍ വ്യാപകമായി വരാനും സാധ്യതയില്ല.സെസ്സ്‌ വഴി വരുന്ന ഐറ്റി കുറെ തൊഴില്‍ നല്‍കുന്നു എന്നത്‌ ശരിയാണെങ്കിലും മറ്റ്‌ എന്തു പ്രയോജനം നല്‍കുന്നു എന്നത്‌ ചര്‍ച്ച ചെയ്യപ്പെടണം.തിരുവനന്തപുരത്തെ ടെക്നൊപാര്‍ക്ക്‌ കംബനികളിലെ ജീവനക്കാര്‍ തൊഴില്‍ നികുതി പോലും നല്‍കുന്നില്ല..ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ ആണോ ഊന്നല്‍ നല്‍കേണ്ടത്‌ എന്നതില്‍ തര്‍ക്കം ഉണ്ട്‌.(ഐറ്റിക്ക്‌ എതിരാണന്നതല്ല. )നമ്മുടെ സമൂഹത്തില്‍ അതിവേഗം ഓരം ചേര്‍ക്കപ്പെടുന്നവരെ പ്രത്യേകം പരിഗണിക്കപ്പെടണം അതിനായുള്ള സെന്‍സിറ്റിവിറ്റി കാണിക്കുന്നതായി സിപീ എം തെളിയിക്കുന്നില്ല..എത്ര മാന്യമായി ചെയ്യവുന്ന കാര്യങ്ങളാണു്‌ മൂലമ്പള്ളിയില്‍ ഒക്കെ അലംബാക്കിയത്‌.൨൫൦൦൦ കോടിയുടെ വികസനത്തിനു പറ്റിയ ഉദ്യോഗസ്ഥ സംവിധാനമല്ല ഇവിടുള്ളത്‌.(പണമില്ലാത്തത്‌ കൊണ്ടല്ലാതെ തന്നെ യഥാസമയം വൈദ്യുതി ബില്ലും വാട്ടര്‍ ചാര്‍ജും സമയത്ത്‌ അടക്കാത്ത സര്‍ക്കാര്‍ അഫീസുകള്‍ ആണു നമുക്കു ഏറെയും)പഞ്ചായത്‌ സ്ഥാപനങ്ങാളാകട്ടെ പ്രതീക്ഷക്കൊത്ത്‌ ഉയര്‍ന്നില്ല. ഇക്കാര്യങ്ങള്‍ നന്നായി നടത്താന്‍ വിജിലണ്റ്റായ സിവിള്‍ സമൂഹം മുന്നുപാധിയണു'.ഇത്തരം ഒരു സിവിള്‍ സൊസൈറ്റിയെ പറ്റി പറയുന്നത്‌ പോലും സാമ്രജ്യ്ത്വ ഗൂഡാലോചനയണന്ന് സ്ഥപിക്കാന്‍ പരിഷത്‌ വിവാദങ്ങള്‍ക്ക്‌ ആയല്ലോ. ഒന്ന് കൂടി ആവര്‍ത്തിക്കട്ടേ മാധ്യമങ്ങള്‍ ഹൈജക്ക്‌ ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണു്‌

കിരണ്‍ തോമസ് തോമ്പില്‍ said...

രാജീവ്‌, രാധേയന്‍

ഐസക്കിന്റ കഴിഞ്ഞ 3 ദിവസമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ദേശാഭിമാനി ലേഖന പരമ്പര കണ്ടു കാണുമല്ലോ. അതില്‍ അവസാനത്തേത്‌ ഇന്ന് വന്നിട്ടുണ്ട്‌. കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാണ്‌ എന്ന് കരുതുന്നു

Radheyan said...

"Over 500 princely states were merged with the Union of India in 1947; today we are rapidly recreating fiefdoms or 'Selective Exclusive Zamindaris'."


മൂര്‍ത്തി തന്ന ഒരു ലിങ്കില്‍ നിന്ന്.

poor-me/പാവം-ഞാന്‍ said...

if u r interested in politics pl read my Regional parties... in
www.manjaly-halwa.blogspot.com