Sunday, November 23, 2008

P.K. പ്രകാശിന്‌ ഇതെന്തുപറ്റി ?

കഴിഞ്ഞ ദിവസങ്ങളില്‍ P.K. പ്രകാശിന്റെതായി വന്ന ചില വാര്‍ത്തകളാണ്‌ ഈ കുറിപ്പിനുള്ള പ്രചോദനം. മൂന്നാര്‍ ഒഴിപ്പിക്കലും മറ്റും നടക്കുമ്പോള്‍ അതിന്റെ മുഖ്യ പ്രചാരകനായിരുന്ന പ്രകാശിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക്‌ ഇവ വായിക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതമായേക്കാം. CPI എതിരെ അന്ന് അന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനഗള്‍ എയ്തത്‌ പ്രകാശായിരുന്നു. മാത്രവുമല്ല ദൗത്യ സംഘത്തിന്റെ ബ്രാന്റ്‌ മാധ്യമ പ്രചാകരകനും പ്രകാശ്‌ ആയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യേകിച്ച്‌ ഇന്ത്യാവിഷനിലെ സജീവ സാനിധ്യമായിരുന്നു പ്രകാശ്‌. എന്നാല്‍ 22 നവമ്പര്‍ 2008 ലെ മാധ്യമം പത്രത്തില്‍ പികെ പ്രകാശ്‌ എഴുതിയ ലേഖനം ചുവടെ കൊടുക്കുന്നു. അതിന്റെ തലക്കെട്ട്‌ തന്നെ ഇങ്ങനെ 
പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
വാര്‍ത്തയുടെ യൂണിക്കോഡ്‌ പരിഭാഷ ഇവിടെ വായിക്കുക


പ്രഖ്യാപനങ്ങളുമായി വി.എസ്; നടപടിയുമായി റവന്യൂ മന്ത്രി
തൊടുപുഴ: ടാറ്റയുടെയും മറ്റും കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനങ്ങളിലേക്ക് ഒതുങ്ങിയപ്പോള്‍ ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ രംഗത്ത്. ന്യൂനപക്ഷ കമീഷനംഗം ജോണ്‍ ജോസഫിന്റെ ഗ്ലോറിയ ഫാംസില്‍നിന്ന് 463 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നേരിട്ടെത്തി പിടിച്ചെടുത്തുകൊണ്ടാണ് റവന്യൂ മന്ത്രി വി.എസിനെ കടത്തിവെട്ടിയത്. ഒഴിപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്നോട്ടില്ലെന്നും റവന്യൂ വകുപ്പുതന്നെ ഇക്കാര്യത്തില്‍ ശക്തമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു രാജേന്ദ്രന്റെ നടപടി. മൂന്നാറിലെ ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ മുന്‍ ദൌത്യസംഘം മേധാവി, സസ്പെന്റ് ചെയ്യപ്പെട്ട ജില്ലാ സര്‍വേയര്‍, ഗവ. പ്ലീഡര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു താക്കീത് കൂടിയായി ഗ്ലോറിയ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത നടപടി. ഗ്ലോറിയ എസ്റ്റേറ്റിന്റെ ഉടമകള്‍ അവകാശപ്പെടുന്ന പട്ടയഭൂമി സംബന്ധിച്ച രേഖകള്‍ പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ആ ഭൂമിയും പിടിച്ചെടുക്കാനും റവന്യൂ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രി ദൌത്യസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറും ദൌത്യസംഘവും നടത്തിയ ശ്രമം ഇല്ലാത്ത കോടതി ഉത്തരവിന്റെ പേരില്‍ മുഖ്യമന്ത്രിയെ ഉപയോഗിച്ച് ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് റവന്യൂ മന്ത്രി ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുന്നത്. ഇന്നലെ മൂന്നാറിലെത്തിയ റവന്യൂ മന്ത്രി എ.ഐ.ടി.യു.സി ഓഫീസിലെത്തി പ്രാദേശിക സി.പി.ഐ^സി.പി.എം രാഷ്ട്രീയ നേതൃത്വങ്ങളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

എട്ടു വര്‍ഷമായി മൂന്നാറിലെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് വി.എസ് പ്രഖ്യാപിക്കുന്നു. സി.പി.എമ്മിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത് മറികടക്കാനുള്ള തന്ത്രം മാത്രമാണ് വി.എസിന്റെ മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപനങ്ങളെന്ന് ഓരോ ദിവസവും തുറന്നുകാട്ടപ്പെടുകയാണ്. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ മൂന്നാര്‍ ഇടപെടല്‍ അതുകൊണ്ടുതന്നെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് പുതിയ മുഖം നല്‍കുമെന്നാണ് സൂചന.

മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതിന് ഭൂമിയില്ലെന്ന് തെളിഞ്ഞുകഴിഞ്ഞു. ആദ്യ ദൌത്യസംഘം ഏറ്റെടുത്തത് വെറും 130 ഏക്കര്‍ ഭൂമി മാത്രമാണ്. ഈ സാഹചര്യത്തിലാണ് ടാറ്റ കൈയേറിയ ഭൂമി ഒഴിപ്പിച്ചെടുത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള നീക്കവുമായി റവന്യൂ മന്ത്രി മൂന്നാറില്‍ എത്തിയിരിക്കുന്നത്.

പി.കെ. പ്രകാശ്ഈ വാര്‍ത്തയിലെ ഏറ്റവും രസകരമായ ഭാഗം ഇതാണ്‌
സി.പി.ഐ ഓഫീസിലും രവീന്ദ്രന്‍ പട്ടയങ്ങളിലും ഇടിച്ച് മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ അട്ടിമറിച്ച നടപടി തിരുത്താനാണ് റവന്യൂ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലത്രെ.

CPI ഓഫീസ്‌ പൊളിക്കുന്നതിനെതിരെ പന്ന്യനും വെളിയവും ഇസ്മായേലും ഒക്കെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ അന്നൊക്കെ CPI ക്കെതിരെ ആഞ്ഞടിച്ച പ്രകാശിന്‌ എന്ത്‌ പറ്റി എന്ന് ചിന്തിക്കുന്നത്‌ ഇപ്പോള്‍ രസകരായി തോന്നുന്നു. അപ്പോഴാണ്‌ നവമ്പര്‍ രണ്ടാം തിയതിയും പ്രകാശിന്റെ തന്നെയായി മാധ്യമത്തില്‍ വന്ന മറ്റൊരു
വാര്‍ത്ത എന്റെ ഓര്‍മ്മയില്‍ വന്നത്‌ അതിങ്ങനെമൂന്നാര്‍: ആദ്യ ദൌത്യസംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍
തൊടുപുഴ: ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ആദ്യ മൂന്നാര്‍ ദൌത്യ സംഘം തിരിച്ചുപിടിച്ചത് വെറും 130 ഏക്കര്‍. ഇതിനായി ചെലവഴിച്ചത് 45 ലക്ഷം രൂപയും.മൂന്നാറില്‍ കൈയേറ്റക്കാരില്‍ നിന്ന് ഏറ്റെടുത്ത 16000 ഏക്കറില്‍ 1600 ഏക്കര്‍ മൂന്നുമാസത്തി നകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തി ലാണ് ഈ കണ്ടെത്തല്‍.ഏലം കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് റിസോര്‍ട്ട് നിര്‍മിച്ചതിനാണ് 130 ഏക്കറില്‍ ഭൂരിഭാഗവുംഏറ്റെടുത്തത്. ഈ ഭൂമി വീട് നിര്‍മിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി നല്‍കാന്‍ കഴിയില്ല. കൂടാതെ ഭൂമി ഏറ്റെടുത്ത പ്രശ്നം കോടതിയിലുമാണ്. അതിനാല്‍ ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാനും കഴിയില്ല. മൂന്നാറില്‍ കൈയേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2007 ഏപ്രിലില്‍ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനെ ചുമതലപ്പെടുത്തി യിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഉള്‍പ്പടെയുള്ള വന്‍കിടക്കാരില്‍നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ പ്ര ത്യേക ദൌത്യസംഘത്തെ ചുമതലപ്പെടുത്തി. സ്പെഷല്‍ ഓഫീസറായി കെ. സുരേഷ്കുമാറിനെയും ഐ.ജി ഋഷിരാജ്സിംഗ്, ഇടുക്കി ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ദൌത്യസംഘം രൂപവത്കരിച്ചത്. സ്പെഷല്‍ സോണ്‍ രൂ പവത്കരണത്തിനായി പ്രത്യേകഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനിച്ചു. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ യും ചുമതലപ്പെടുത്തി.എന്നാല്‍, ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന്ഭൂമി തിരിച്ചെടുക്കാന്‍ ദൌത്യസം ഘം വിമുഖത പുലര്‍ത്തി. ഏലംകുത്തകപാട്ടം ലംഘിച്ചതിന് 11 റിസോര്‍ട്ടുകളുടെ ഭൂമിയാണ് സംഘം ഏറ്റെടുത്തത്.ചിന്നക്കനാല്‍ പഞ്ചായത്തില്‍ ഗ്യാപ്പ് ഭാഗത്ത് 250ഏക്കര്‍ 2007 മെയ് 29ന് തിരിച്ചെടുത്തതായി ദൌത്യസംഘം അവകാശപ്പെട്ടെങ്കിലും ഇതില്‍ 20 ഏക്കര്‍മാത്രമാണ് ഉപയോഗയോഗ്യമായഭൂമിയെന്ന് കണ്ടെത്തി. കുത്തനെകിടക്കുന്ന ചെരിവ് പാറയാണ് ബാക്കി സ്ഥലം. ഇതുകൂടാതെമൊബൈല്‍ ടവര്‍ നിലനിന്നിരുന്നസി.പി.എം മുന്‍ നേതാവ് ലംബോധരന്റെ സഥ് ലം, ശമ് ശാനത്തിന്‍െ റ കുറച്ച് ഭാഗം എന്നിവയും ചൊക്രമുടിയില്‍ കുട്ടപ്പനും മറ്റുള്ളവരും ചേര്‍ന്ന് കൈയേറിയ 12 ഹെക്ടറും ആദ്യ സംഘം ഏറ്റെടുത്ത ഭൂമിയില്‍ ഉള്‍പ്പെടുന്നു. ഇതിനായി ജെ.സി.ബി വാടക ഇനത്തില്‍ മാത്രം 14 ലക്ഷം രൂപ ചെലവഴിച്ചു. ദൌത്യസംഘത്തിന്റെ യാത്ര^ഭക്ഷണം എന്നിവക്കുംവന്‍തുക ചെലവായി. നാനൂറോളം പോലിസുകാര്‍ക്ക് വന്ന ചെലവുകള്‍, അന്യ ജില്ലകളില്‍നിന്ന് സര്‍വേ ഉദ്യോഗസ്ഥരെയും മറ്റ് ഉദ്യോഗസഥ് രെയും എത്തിച്ചതിന്‍െറ ചെലവുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. അബാദ് ഗ്രൂപ്പിന്റെ റിസോര്‍ട്ട്, ലക്ഷ്മിയിലെ പുളിമൂട്ടില്‍ ഹൌസ് എന്നിവ ആദ്യ ദൌത്യസംഘം ഏറ്റെടുക്കുന്നതില്‍നിന്ന് ഒഴിവാ ക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍പല പ്രാവശ്യം നിര്‍ദേശിച്ചിട്ടുംചിന്നക്കനാലിലെ വന്‍കിട റി സോര്‍ട്ടുകളുടെ കൈയേറ്റം ഒഴിപ്പിക്കാനും സംഘം തയാറായുമില്ല. ടാറ്റ കൈവശപ്പെടുത്തിയസര്‍ക്കാര്‍ ഭൂമി അളന്നുതിരിച്ചെടു ക്കാനുള്ള നിര്‍ദേശവും നടപ്പാക്കിയില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി 2007 ജൂലൈ മൂന്നിന്നേമക്കാട് 1200 ഏക്കര്‍ ടാറ്റയില്‍ നിന്ന് തിരിച്ചുപിടിച്ചത്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ഏറ്റെടുത്ത ഭൂമിയുടെ കണക്ക് നല്‍കാന്‍ മുഖ്യമന്ത്രി പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും സംഘം നല്‍കിയില്ല.ടാറ്റ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 70000 ഏക്കര്‍ഏറ്റെടുക്കാത്തതാണ് മൂന്നാറിലെഎല്ലാ കൈയേറ്റങ്ങളുടെയും അടിസ്ഥാനമെന്ന് നിവേദിത പി. ഹ രന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍ നിന്ന് ഭൂമി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വന്തമാക്കിയാണ് പല റിസോര്‍ട്ടുക ളും സ്ഥാപിക്കപ്പെട്ടത്. വന്‍കിടക്കാരില്‍നിന്ന് ഭൂമി ഏറ്റെടുത്താലേ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും കഴിയൂ. ഇതിനായി ആരംഭി ച്ച നടപടികളാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്


ഈ വാര്‍ത്തയുടെ കൂടെ ബോക്സില്‍ മറ്റൊരു വാര്‍ത്തയും പ്രകാശ്‌ അന്നെഴുതി. അതിങ്ങനെഭൂമി പിടിച്ചത് വി.എസും രാജേന്ദ്രനും
തൊടുപുഴ: ദൌത്യസംഘങ്ങള്‍ മാറി മാറി വന്നിട്ടും മൂന്നാറില്‍ഭൂമി പിടിച്ചത് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും റവന്യൂ മ ന്ത്രി കെ.പി. രാജേന്ദ്രനും. ടാറ്റ കമ്പനിയുടെ കൈവശം ഉണ്ടായിരുന്ന 1200 ഏക്കറാണ് വി.എസ് ഒറ്റ മണിക്കൂര്‍കൊണ്ട് പിടിച്ചത്.ഇടുക്കി ജില്ലയിലെ കീഴാന്തൂരിലാണ് 4311 ഹെക്ടര്‍ (ഏകദേശം ഒമ്പതിനായിരം ഏക്കര്‍) റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഒരുദിവസം കൊണ്ട് പിടിച്ചെടുത്തത്. കെ. സുരേഷ്കുമാറിന്റെനേതൃത്വത്തിലുള്ള ദൌത്യസംഘത്തെ മറികടക്കാനാണ് രാജേന്ദ്രന്‍ ഭൂമി പിടിച്ചതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നെങ്കിലും ഈഭൂമിയാണ് ഇപ്പോള്‍ ജില്ലയില്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ കഴിയുന്നത്.


കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം മൂന്നാര്‍ ഒഴിപ്പക്കലിലെ നായക വില്ലന്മാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ തക്കവിധം പി.കെ പ്രകാശിന്‌ എന്തുപറ്റി എന്ന് വായനക്കാര്‍ തീരുമാനിക്കുക. 


വാര്‍ത്തകള്‍ക്ക്‌ കടപ്പാട്‌ മാധ്യമം ദിനപത്രം
9 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

കൊട്ടിഘോഷിക്കപ്പെട്ട ഒന്നാം മൂന്നാര്‍ ഒഴിപ്പക്കലിലെ നായക വില്ലന്മാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ തക്കവിധം പി.കെ പ്രകാശിന്‌ എന്തുപറ്റി എന്ന് വായനക്കാര്‍ തീരുമാനിക്കുക.

സൂരജ് said...

കരണം കരണം കുട്ടിക്കരണം.

അനംഗാരി said...

കിരണ്‍,
മൂന്നാറിലെ പ്രശ്നങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനോ, അല്ലെങ്കില്‍ പുറം കാഴ്ചക്കാരനോ നോക്കി കാണുന്ന ലാഘവത്തോടെയല്ലാതെ കിരണ്‍ എപ്പോഴെങ്കിലും മൂന്നാറില്‍ ജനിച്ച് വളര്‍ന്ന്, കിടക്കാന്‍ സ്വന്തമായി ഇടമില്ലാതെ,ടാറ്റയുടെ ഒറ്റമുറി ലയത്തില്‍ താമസിക്കുന്നവരെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ വേണം.എന്താണ് വി.എസ്സിന്റെ തട്ടകമായിരുന്ന മൂന്നാറില്‍ നിന്ന് വി.എസ്സിന്റെ അനുയായികള്‍ വി.എസ്സിനെ ഉപേക്ഷിച്ച് പോയതെന്ന് മനസ്സിലാക്കാന്‍ അത് ധാരാളം മതിയാകും.

പുറമെ നിന്ന് നോക്കികാണുന്ന മൂന്നാറല്ല മൂന്നാര്‍.ടാറ്റയെന്ന ഭീകരന്‍ ഒരു പഞ്ചായത്തിനെയും,പൊതുസ്വത്തിനേയും അടക്കി വാഴുന്ന കാഴ്ചയും അതിന്റെ ഇരകളേയും അവരുടെ സങ്കടങ്ങളേയും കാണണം.ടാറ്റയുടെ കയ്യില്‍ നിന്ന്,(ടാറ്റക്ക് മറിച്ച് വില്‍ക്കാന്‍ യാതൊരു അനുമതിയില്ലാതിരുന്നിട്ടു)ഭൂമി വാങ്ങിയവരെ കുടിയിറക്കുന്നതിനു മുന്‍പ് ടാറ്റയെ എന്തുകൊണ്ട് കുടിയിറക്കാന്‍ കഴിയുന്നില്ല എന്ന് പരിശോധിക്കേണ്ടതാണ്.കയ്യേറ്റക്കാരെ ഒഴിവാ‍ക്കാനെന്ന വ്യാജേന സാധാരണക്കാരുടെ നെഞ്ചത്ത് കൈവെച്ച റവന്യൂ ഉദ്യോഗസ്ഥന്‍ ആദ്യം ചെയ്യേണ്ടത് ടാറ്റയെ ഒഴിപ്പിക്കലാണ്.അതിന് മനക്കരുത്തും,നിശ്ശ്ചയദാര്‍ഡ്ഡ്യവും ഉള്ള ഒരു ഭരണാധികാരിയും ഇന്ന് കേരളത്തിലില്ല.മുഖ്യന്‍ അടക്കം.

പറഞ്ഞ് വന്നത് ടാറ്റയെ ഒഴിപ്പിക്കലാണ് പ്രധാനമെന്നാണ്.ലാന്റ് ബോര്‍ഡ് അവാര്‍ഡ് പാസാക്കിയെന്നും,ടാറ്റക്ക് ഭൂമി അളന്ന് കൊടുത്തുവെന്നും പറയുന്നത് പരമമായ പച്ചക്കള്ളം.ഞാന്‍ കോടതിയില്‍ റവന്യൂ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ ഇത് സമ്മതിപ്പിച്ചിട്ടുണ്ട്.അങ്ങിനെ അളന്ന് തിട്ടപ്പെടുത്തി എന്ന് പറയുന്ന ഒരു സര്‍വ്വെ പ്ലാനും ഒരു റവന്യൂ ആഫീസിലും ഇല്ല.എന്ന് പറഞ്ഞാല്‍ ലാന്റ് ബോര്‍ഡ് അവാര്‍ഡ് നടപ്പിലാക്കിയിട്ടില്ല എന്നാണര്‍ത്ഥം.അപ്പോള്‍ പിന്നെ എങ്ങനെ ടാറ്റക്ക് നിയമപ്രകാരം ഭൂമി കൈമാറികിട്ടി?കൈമാറ്റം നടന്നില്ല എന്നര്‍ത്ഥം.ചുരുക്കത്തില്‍ ടാറ്റയുടേത് അനധികൃത കൈവശമാണ്.അത് കൊണ്ടാണ് എല്ലാതവണയും പല്ലും നഖവും കൊണ്ട് ഭൂ‍മിയളവിനെ ടാറ്റ എതിര്‍ക്കുന്നത്.

ഈ പ്രതിസന്ധിയെ എങ്ങിനെ മറികടക്കാന്‍ കഴിയുമെന്നും അതിന്റെ നിയമവശം എന്തായിരിക്കണമെന്നും,അത് ഒരു നിയമഭേദദഗതിയിലൂടെ ചെയ്യാന്‍ കഴിയുമെന്നും,അന്നത്തെ റവന്യൂ മന്ത്രിക്ക് വിശദമായി എഴുതി നല്‍കിയിരുന്നു.ഒന്നും ഫലം കണ്ടില്ല.
ഒരു പാട് എഴുതാനുണ്ട്.തലപ്പത്തിരിക്കുന്ന റവന്യൂ മന്ത്രിക്കോ,അതിയാന്റെ കീഴിലെ,നിയമോപദേശകര്‍ക്കൊ.സാക്ഷാല്‍ മുഖ്യമന്ത്രിയുടേ ഉപദേശകര്‍ക്കോ ഇതൊന്നും അറിയില്ല എന്നതാണ് അതിലേറേ ദയനീയം.നമ്മുടെ മുഖ്യനോട് ഇതൊക്കെ വിശദമായി പറഞ്ഞിട്ടുള്ളതാണ്പക്ഷെ എന്തുകാര്യം
പി.കെ.പ്രകാശ് വക്കീല്‍ ആഫീസില്‍ വന്നിരുന്ന് സംസാരിച്ചതൊക്കെ എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട് :)

ഓ:ടോ:ടാറ്റയെ കുറിച്ചെഴുതാന്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്ന സകല രേഖകളും എന്റെ മേശപ്പുറത്തിരിക്കുന്നു.സമയമില്ലായ്മയാണ് കുഴപ്പം.

kaalidaasan said...

കിരണ്‍ ഇതിവിടെ എഴുതിയതിനു ഒരുദ്ദ്യേശ്യമേ ഉള്ളു.വി എസിനെ ഒന്നിരുത്തുക. അതിലപ്പുറമൊന്നുമില്ല. മാരീചന്റെയും കിരണിന്റെയും അഭിപ്രായത്തില്‍ പ്രകാശായിരുന്നു വി എസിന്റെ അജണ്ട നിശ്ചയിച്ചിരുന്നതും വി എസ് ചെയ്യന്‍ പോകുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിച്ചിരുന്നതും . അതു വെറും ഗോസിപ്പായിരുന്നു എന്ന് പ്രകാശിന്റെ പുതിയ ലേഖനം തെളിയിക്കുന്നു.

വി.എസ്സിന്റെ തട്ടകമായിരുന്ന മൂന്നാറില്‍ നിന്ന് വി.എസ്സിന്റെ അനുയായികള്‍ വി.എസ്സിനെ ഉപേക്ഷിച്ച് പോയി എന്നൊക്കെ പറയുന്നത് ഭാവനാവിലാസം മാത്രമാണ്. അനധികൃതമായി ഭൂമി കയ്യേറ്റം നടത്തിയ ചിലരൊക്കെ വി എസിനെ ഉപേക്ഷിച്ചു പോയി എന്നത് ശരിയാണു താനും . കയ്യേറ്റ ഭൂമിയില്‍ പാര്‍ട്ടി ഓഫീസു വരെ പണുതിരിക്കുന്നവര്‍ അതു ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു.

വി എസിനെ ഉപേക്ഷിച്ചു പോയി എന്നു പറയുന്ന ആളുകള്‍ റ്റാറ്റയുടെ കയ്യില്‍ നിന്നും ഭൂമി വങ്ങിയവരാണെന്നും അവര്‍ ആരും വന ഭൂമി കയ്യേറിയില്ല എന്നു അനംഗാരി കരുതുന്നുണ്ടോ?

ചെറുകിട കയ്യേറ്റക്കാരെയും വീടുവക്കാനായി ഭൂമി കയ്യേറിയവരെയും ഒഴിപ്പിക്കില്ല എന്നഎന്നതാണ്‌ സര്‍ക്കാര്‍ നയം . അങ്ങിനെ ആരെയെങ്കിലും ഒഴിപ്പിച്ചതായി അനംഗാരിക്ക് അറിയാമോ? അറിയാമെങ്കില്‍ വെളിപ്പെടുത്തുക.


ടാറ്റയെ ഒഴിപ്പിക്കാന്‍ കഴിവുള്ള ഒരു ഭരണാധികാരിയും ഇന്ന് കേരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ പോലുമില്ല. റ്റാറ്റ ആരാണെന്നറിയാന്നവര്‍ ഇതില്‍ അത്ഭുതപ്പെടില്ല. റ്റാറ്റയേപ്പോലെ നിയമ വ്യവസ്ഥക്കതീതരായ പലരും ഇന്‍ഡ്യയിലുണ്ട്. അഭയക്കേസ് പോലെയാണ്, റ്ററ്റയുടെ ഭൂമി കയ്യേറ്റവും . അവര്‍ക്ക് പിന്തുണയും ഒത്താശയും കിട്ടുന്നത് ഡെല്‍ഹിയില്‍ നിന്നായത് കൊണ്ട്, ഏത് കേരള മുഖ്യനും അവരെ ഒഴിപ്പിക്കുക എന്നത് അത്ര നിസാരമല്ല. റ്റാറ്റയുടെ കൈ വശമുള ഭൂമിയില്‍ സര്‍വേ നടത്താന്‍ പോലും റ്റാറ്റ സമ്മതിക്കില്ല. അതിനുള്ള ഏതു നീക്കവും മുളയിലേ അവര്‍ നുള്ളും . റ്റാറ്റയുടെ കയ്യേറ്റത്തിനു ഒത്താശ ചെയ്യുന്നത് കേരള കോണ്ഗ്രസും കോണ്ഗ്രസും സി പി ഐയുമാണ്.

ഭൂരിഭാഗം ചെറുകിട കയ്യേറ്റക്കാരുടെയും പിന്നില്‍ റ്റാറ്റയാണ്. റ്റാറ്റ അതിനുള്ള ഒത്താശ ചെയ്തു കൊടുക്കും . അതവരുടെ താല്പര്യം സംരക്ഷിക്കാനാണ്. ചെറുകിടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് അവര്‍ ക്കറിയാം . ഇപ്പോള്‍ രവീന്ദ്രന്‍ അയാള്‍ നല്‍കിയ പട്ടയങ്ങള്‍ മുഴുവനും റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതിന്റെ പിന്നിലും ഒരു പക്ഷെ റ്റാറ്റയായിരിക്കും . അതു സംഭവിച്ചാല്‍ കൂടുതല്‍ കുഴപ്പം ​ഉണ്ടാകുമെന്ന് അവര്‍ക്കറിയാം .


നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മിക്ക രാഷ്ട്രീയപാര്‍ട്ടികളും , സി പി എം ഉള്‍പ്പടെ റ്റാറ്റയുടെ താല്‍പ്പര്യ സംരക്ഷകരാണ്. മുഖ്യന്‍ ഒറ്റക്കു വിചാരിച്ചാലൊന്നും ഇതിനു മാറ്റം വരില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ഹ ഹാ ഹാ

കിരണ്‍ തോമസ് തോമ്പില്‍ said...

പി.കെ പ്രകാശിന്റെ അടുത്ത ലേഖനം കാണുക

ഉണ്ണി തെക്കേവിള said...

ഹ ഹാ ഹാ

അനംഗാരി said...

പ്രിയ കാളിദാസന്‍,
കാളിദാസന്‍ മൂന്നാറില്‍ പോയിട്ടുണ്ടോ എന്നെനിക്കറിയില്ല.കാളിദാസന്റെ കണ്ടുപിടിത്തങ്ങള്‍ അപാരം.മൂന്നാറിലെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അറിയാവുന്ന ഒരു രാഷ്ട്രീയക്കാരനും ഇന്ന് കേരള നിയമസഭയിലില്ല.ദേവികുളം എല്‍.എല്‍.എ രാജേന്ദ്രനു പോലും അക്കാര്യത്തില്‍ പരിമിതികളുണ്ട്.കാളിദാസന് മൂന്നാറിലെ പ്രശ്നങ്ങള്‍ അറിയാത്തിടത്തോളം കാടടച്ച് വെടിവെക്കാനെ കഴിയൂ.
കാളിദാസന്‍ ആദ്യം മൂന്നാറിന്റെ ചരിത്രം പഠിക്കണം.പിന്നീട് മൂന്നാറിലെ ടാറ്റയെയും ടാറ്റയിലെ ഉദ്യോഗസ്ഥന്മാരെയും കുറിച്ച് പഠിക്കണം.പിന്നെ ജനങ്ങളുടെ പ്രശ്നങ്ങളെ പഠിക്കണം.എന്നിട്ട് നമുക്ക് തമ്മില്‍ സംവാദത്തിലേര്‍പ്പെടാം.മലയാള പത്രങ്ങളും,ടിവി ചാനലുകളും,പിന്നെ സി.ആര്‍.നീലകണ്ടനെപോലെയുള്ളവരും പറയുന്നത് ഏറ്റുപിടിച്ച് എന്നോട് സംസാരിക്കാതിരിക്കാന്‍ അപേക്ഷ.ടാറ്റ ചെറുകിട കയ്യേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാളിദാസന്റെ ഏറ്റവും വലിയ തമാശ വായിച്ച് ഞാന്‍ പൊട്ടിച്ചിരിച്ചു.ഈയൊരു പ്രസ്താ‍വന കൊണ്ട് തന്നെ കാളിദാസന് മൂന്നാറിനെ കുറിച്ചുള്ള അറിവ് എനിക്ക് മനസ്സിലാക്കാന്‍ ആവും.ടാറ്റ ഏറ്റവും കൂടുതല്‍ കേസുകള്‍ നല്‍കിയിട്ടുള്ളത് മൂന്നാറിലെ മറ്റുള്ളവരുടെ കയ്യേറ്റത്തിനെതിരാണ്.അതില്‍ തന്നെ ടാറ്റയുടെ വാദം അവരുടെ ഭൂമിയില്‍ കയ്യേറിയെന്നാണ്.സുപ്രീം കോടതി പോലും ടാറ്റക്ക് കുത്തകപ്പാട്ടം എന്ന കൈവശാവകാശമല്ലാതെ,ഉടമസ്ഥാവകാശം ഇല്ലെന്ന് വിധിച്ചിട്ടും,ടാറ്റ കേസുകള്‍ നല്‍കുമ്പോള്‍ ഇപ്പോഴും പറയും..the plaintiff is absolute owner in possession and title holder of the plaint shcedule property ...എന്നിട്ട് കീഴ്കോടതികള്‍ അത് അനുവദിച്ച് കൊടുക്കും.അതാണ് നീതിന്യായം..! ടാറ്റയിലെ ഉദ്യോഗസ്ഥന്മാരുടെ ശിങ്കിടികള്‍ രാത്രിക്ക് രാത്രി പൊളിച്ച് കളഞ്ഞ റോഡ് പുറമ്പോക്കിലെ വീട് ഞാന്‍ എന്റെ കയ്യിലെ പണം കൊണ്ട് കെട്ടിച്ചിട്ടുണ്ട്.ഭര്‍ത്താവിനെ കാട്ടാന ചവിട്ടികൊന്നതിനെ തുടര്‍ന്ന് നിരാലംബയായി പോയ ആ സ്ത്രീയെ ഒരു പാര്‍ട്ടിക്കാരും സംരക്ഷിച്ചില്ല.അങ്ങിനെ ഒരു പാര്‍ട്ടിക്കാരും,പത്രക്കാരും കാണാത്ത എത്ര കഥകള്‍.ഹൈക്കോടതി ഉത്തരവിനെ പോലും ധിക്കരിച്ച് ടാറ്റയുടെ ഉദ്യോഗസ്ഥന്മാര്‍ കുടിലുകള്‍ പൊളിച്ചിട്ടുണ്ട്.സസ്പെന്‍ഡ് ചെയ്യപ്പെട്ട തൊഴിലാളിയെ,അല്ലെങ്കില്‍ ജീവനക്കാരനെ,അവന് താമസിക്കാന്‍ അവകാശപ്പെട്ട വീട്ടിലേക്കുള്ള വൈദ്യുതി,വെള്ളം എല്ലാം ടാറ്റ നിഷേധിക്കും.(എങ്കിലും പറയട്ടെ,ടാറ്റക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടുള്ളത് സി.പി.ഐ യിലെ ഓസേഫിനെ പോലുള്ളവരാണ്.പാവപ്പെട്ട തേയിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും,ആവശ്യങ്ങള്‍ക്കും അദ്ദേഹത്തിനെ പോലുള്ളവര്‍ ഒരു പാട് സഹായം ചെയ്ത് കൊടുക്കുന്നുണ്ട്.). ടാറ്റയുടെ മാനേജരെ വെട്ടിയെ കേസ് ഇപ്പോഴും തൊടുപുഴ കോടതിയില്‍ നടക്കുന്നുണ്ടാവണം.മൂന്നാറിലെ സര്‍വ്വേ നടപ്പിലാക്കാന്‍ കഴിയാത്തത് സി.പി.ഐ.യുടെ ഒത്താശമൂലമാണെന്ന ആരോപണവും കഴമ്പില്ലാത്തതാണ്.അതിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ അറിയണമെങ്കില്‍ കാളിദാസന്‍ ഒരു പാട് ബുദ്ധിമുട്ടണം.

മൂന്നാറിലെ കയ്യേറ്റം എന്നത് കൊണ്ട് കാളിദാസന്‍ ഉദ്ദേശിക്കുന്നത് മൂന്നാര്‍ മാത്രമാണെന്ന് തോന്നുന്നു.മൂന്നാര്‍ എന്നത് കെ.ഡി.ഏഛ് വില്ലേജിന്റെ ഒരു ഭാഗം മാത്രമാണ്.കെ.ഡി.എച്ച് വില്ലേജില്‍ ടാറ്റ മറിച്ച് വിറ്റിട്ടുള്ള ഭൂമിയും അതിന്റെ കണക്കുകളും പരിശോധിക്കണം.അതെങ്ങിനെ,ടാറ്റയല്ലല്ലോ മുഖ്യം..പാര്‍ട്ടി ഓഫീസുകളും,പാര്‍ട്ടിക്കാരുമല്ലെ?ടാറ്റ കൈയ്യടക്കി വെച്ചിരിക്കുന്ന പൊതു സ്വത്തുക്കള്‍(ആറ്റ് പുറമ്പോക്ക്,ചോലവനങ്ങള്‍,ദേവികുളം തടാകം,ഇരവികുളം ദേശിയ ഉദ്യാനത്തിലേക്കുള്ള ഒട്ടുമിക്ക സ്ഥലങ്ങളും,വരയാടുകള്‍ മേയുന്ന മൊട്ടക്കുന്നുകള്‍,പ്രകൃത്യാ ഉള്ള നീര്‍ച്ചാലുകള്‍ കെട്ടി ടാറ്റ നിര്‍മ്മിച്ച് ചെക്ക് ഡാമുകള്‍,ഫ്യൂവല്‍ ഏരിയയുടെ മറവില്‍ ടാറ്റ നട്ടുവളര്‍ത്തുന്ന ഗ്രാന്‍ഡിസ് മൂന്നാറിന്റെ പ്രകൃതിക്ക് ചെയ്തുകൂട്ടുന്ന ദോഷങ്ങള്‍..
ഇതൊന്നും കാണാന്‍ ഒരു നീലകണ്ടനോ,ഒരു പത്രമോ,ഒരു ടിവിയോ ഇല്ല..എന്തിന് സാക്ഷാല്‍ കാളിദാസന്‍ പോലും..:)
ഇന്ന് മൂന്നാറില്‍ പഴയ തണുപ്പ് ഇല്ലാത്തതിന് കാരണക്കാര്‍ ടാറ്റ ടീ തന്നെയാണ്.ഗ്രാന്‍ഡിസ് പ്രകൃതിക്ക് ചെയ്തു കൂട്ടുന്ന ദോഷങ്ങള്‍ എന്താണെന്ന് കാളിദാസന്‍ കിട്ടുമെങ്കില്‍ ഒന്ന് വായിച്ച് പഠിക്കുക.(ഈയിടെ ആനയിറങ്കല്‍ ഡാമില്‍ ഗ്രാന്‍ഡിസ് വെച്ച് പിടിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു എന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം തോന്നി.അതും ആനയുടെ ശല്യം തടയാന്‍!)

മോനെ ദാസപ്പാ...വല്ലാതങ്ങ് വി.എസിനെ താങ്ങാതെ.വി.എസിന്റെ കുഴപ്പം,വി.എസ്സിന്റെ കൂടെ നില്‍ക്കുന്നവരാണ്.ആവശ്യമില്ലാത്ത വളഞ്ഞ വഴി ഉപദേശിക്കുന്നവര്‍..വി.എസ്സിനെ കുഴിയില്‍ ചാടിക്കുന്നവര്‍.(ഞാനൊരു പിണറായിയുടെ അനുയായിയാണെന്ന് ധരിച്ച് കളയല്ലെ.)

karimeen/കരിമീന്‍ said...

മൂന്നാര്‍ അജണ്ട നിശ്ചയിച്ചുകൊടുത്തത് പി.കെ.പ്രകാശായിരുന്നു എന്നത് അയാള്‍ തന്നെ സമ്മതിച്ച കാര്യമാണ്. അതിനെ കാളിദാസന്‍ നിഷേധിച്ചിട്ട് കാര്യമില്ല.
പിന്നെ പൊളിക്കാതിരിക്കാന്‍ റിസോര്‍ട്ട് ഉടമകളില്‍ നിന്നും രണ്ടരക്കോടി വരെ സുരേഷ്കുമാര്‍ കൈക്കൂലി വാങ്ങിയ വിവരവും പി.കെ.പ്രകാശ് തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇനി സര്‍ക്കാര്‍ ജീപ്പില്‍ വി.എസിന്റെ ചെലവില്‍ മൂന്നാറിലെത്തി വി.എസ്.അനുകൂലപ്രകടനം നടത്തിയ സി.ആര്‍.നീലകണ്ഠന്റെ കാര്യമാണ് അറിയേണ്ട്ത്.