Thursday, January 15, 2009

ചില ക്രീമിലെയര്‍ ചിന്തകള്‍

ചങ്ങനാശ്ശേരിയിലെ ചാന്തുപൊട്ടുകള്‍ എന്ന എന്റെ പോസ്റ്റിന്‌ മറുപടിയായി മാവേലി കേരളം എഴുതിയ മറുപടിയില്‍ മുന്നോക്ക സംവരണം ക്രീമിലെയര്‍ എന്നീ വിഷയങ്ങളില്‍ ചില വിശദീകരണങ്ങള്‍ നല്‍കണം എന്ന് തോന്നുന്നു

ആദ്യമായി മുന്നോക്ക സംവരണം എന്ന വിഷയത്തില്‍ മുന്നോക്കരിലെ പിന്നോക്കകാര്‍ക്ക്‌ ഒരു കൈ സഹായം ചെയ്യണം എന്ന് ഞാന്‍ എഴുതിയതിന്‌ മാവേലി കേരളം ഇങ്ങനെ പ്രതികരിച്ചു

കൊടുത്തേട്ടെ നമ്മുടെ ഗവണ്മെന്റു എല്ലോര്‍ക്കും കൊടുക്കട്ടെ, അതൊരു വെല്ഫെയര്‍ സ്റ്റേറ്റ് ആകട്ടെ. പക്ഷെ നായര്‍ക്കും അതുപോലെ മുന്നോക്കനെന്നു സ്വയം പറയുന്നവര്‍ക്കും സവരണം ഏര്‍പ്പെടുത്തുന്നതിന്റെ ന്യായീകരണം ഒന്നറിയണമല്ലോ.

ഇവിടെ മുന്നോക്കന്‍ എന്ന് പറഞ്ഞാല്‍ അവര്‍ എല്ലാവരും മുന്നോക്ക ആഡ്യത്തില്‍ ജീവിക്കുന്നവരാണ്‌ എന്ന മുന്‍വിധിയില്‍ എഴുതിയത്‌ പോലെ തോന്നുന്നു. മുന്നോക്കര്‍ എന്ന് സര്‍ക്കാര്‍ ബ്രാണ്ട്‌ ചെയ്യപ്പെട്ട ഒരു വിഭാഗം അവരിലെ അവശതയുള്ളവര്‍ക്ക്‌ പരിഗണന നല്‍കണം എന്ന് എങ്ങനെയാണ്‌ പറയേണ്ടതെന്ന് മാവേലി കേരളം വ്യക്തമാക്കേണ്ടതുണ്ട്‌. NSS ന്റെ തലപ്പത്തുള്ളവര്‍ വിളിച്ചുപറയുന്ന പോഴത്തരം ആ സമുദായത്തിന്റെ പൊതു സ്വഭാവമായി തെറ്റിദ്ധരിച്ചാണ്‌ ഇത്‌ എഴുതിയത്‌ എന്ന് പറയാതെ വയ്യ.

ഇനി ക്രീമിലെയറിലെക്ക്‌ വന്നാല്‍ ജോലി സംവരണത്തിന്റെ കാര്യം മാറ്റി വച്ച്‌ വിദ്യാഭ്യാസ സ്ഥാപങ്ങളിലെ അഡ്‌മിഷനുമായി ബന്ധപ്പെട്ട്‌ ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ്‌ എന്റെ അഭിപ്രായം. ക്രീമിലെയറിലുള്ള ആളുകളേ ഉന്നത വിദ്യാഭ്യാസത്തിന്റെ സംവരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയില്ലെങ്കില്‍ സംവരണ സമുദായത്തിലെ പിന്നോക്കക്കാര്‍ മുന്നോട്ടെത്താനുള്ള സാധ്യത്‌ കുറയും എന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഉദാഹരണത്തിലൂടെ വ്യക്ത്മാക്കിയാല്‍. കോഴിക്കോട്‌ ജില്ലയിലുള്ള രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 500 ഉം 550 ഉം റാങ്ക്‌ നേടി എന്നിരിക്കട്ടേ 500ആം റാങ്ക്‌ നേടിയത്‌ ഒരു ക്രീമിലെയറുകാരനും 550 ആം റാങ്ക്‌ നേടിയത്‌ ഒരു താഴേത്തട്ടുകാരനാണ്‌ എന്നും കരുതുക. 500ആം റാങ്ക്‌ നേടിയ ആള്‍ക്ക്‌ ജനറല്‍ മെറിട്ടില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കും എന്നാല്‍ അയാള്‍ സംവരണ ക്വാട്ട ഓപ്ട്‌ ചെയ്യുകയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇയാള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ തിരഞ്ഞെടുത്തതിനാല്‍ 550ആം റാങ്ക്‌ നേടിയ താഴേത്തട്ടുകാരന്‌ കോഴിക്കോട്‌ സീറ്റ്‌ നഷ്ടപ്പെടുകയും ആലപ്പുഴയില്‍ സംവരണ സീറ്റി ഓപ്ട്‌ ചെയ്യാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു എന്ന് കരുതുക. ജീവിത നിലവാര്‍ത്തില്‍ പിന്നോക്കകാരനായ 550ആം റാങ്ക്‌ കാരന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചേരാന്‍ സ്വാഭാവികമായും ബുദ്ധിമുട്ടും. അവന്‌ ഉദാരമതികളുടെ സഹായമുണ്ടെങ്കിലെ ഹോസ്റ്റല്‍ ഫീസും മറ്റ്‌ ജീവിത സാഹചര്യങ്ങളും മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിയൂ. ചിലപ്പോള്‍ MBBS ഉപേക്ഷിച്ച്‌ BDS നോ മറ്റോ കോഴിക്കോട്‌ തന്നെ ചേരാനും നിര്‍ബന്ധിതനാകും

ഇനി എഞ്ചിനിയറിഗ്‌ പ്രവേശനത്തിലും ഇത്‌ ബാധകമാണ്‌. ക്രീമിലെയറുകാരണ്‌ ഇഷ്ടമുള്ള കോഴ്സ്‌ ഏറ്റവും നല്ല കോളേജില്‍ തിരഞ്ഞെടുക്കാന്‍ കഴിയും എന്നതിനപ്പുറം യഥാര്‍ത്ഥത്തില്‍ അവശത അനുഭവിക്കുന്നവന്‌ കിട്ടുന്നത്‌ കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വരുന്നു.

ഈ രീതിക്ക്‌ ഒരു മാറ്റം ഉണ്ടാകാന്‍ ക്രീമിലെയര്‍ ഒഴിവാക്കല്‍ സഹായിക്കില്ലെ. അലെങ്കില്‍ നിര്‍ദ്ദിഷ്ട സംവരണ കോട്ട ക്രീമിലെയര്‍ അല്ലാത്തവരെ കൊണ്ട്‌ നിറഞ്ഞില്ലെങ്കില്‍ മാത്രം ക്രീമിലെയറുകാരന്‌ നല്‍കാന്‍ സംവിധാനം ഉണ്ടാക്കുക അല്ലേ വേണ്ടത്‌. അല്ലാതെ ക്രീമിലെയര്‍ എന്ന് കേള്‍ക്കുന്ന പാടേ ഇത്രക്ക്‌ ബഹളം ഉണ്ടാക്കേണ്ടതുണ്ടോ?

Monday, January 05, 2009

ചങ്ങനാശ്ശേരിയിലേ ചാന്തുപൊട്ടുകള്‍

NSS സമദൂരം വിട്ട്‌ വിമോചന സമര ഭീക്ഷിണി മുഴക്കിയ പശ്ചാത്തലത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതാന്‍ നിര്‍ബന്ധിതമാകുന്നത്‌. ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപങ്ങളായ നാരായണപ്പണിക്കരും സുകുമാരന്‍ നായരും സംവരണ പ്രശ്നത്തിലാണ്‌ ഇപ്പോള്‍ ബഹളം വയ്ക്കുന്നതെങ്കിലും സമദൂരം വിടും എന്ന് ഭീക്ഷിണിപ്പെടുത്തുന്നത്‌ സംസ്ഥാന സര്‍ക്കാരിനേയാണ്‌. NSS ന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്നാണ്‌ അവരുടെ പൊതു പരാതി. ദേവസം ബോര്‍ഡില്‍ നായരില്ല CPI യിലെ മന്ത്രിമാരെല്ലാം ഈഴവരാണ്‌ തുടങ്ങി ബാലിശ വാദങ്ങളാണ്‌ ഉയര്‍ന്ന് കേള്‍ക്കുന്നത്‌. യഥാര്‍ത്ഥ പ്രശ്നമായ സംവരണ കാര്യം ( ക്രീമിലെയര്‍ പരിധി ഉയര്‍ത്തിയത്‌) മുഖ്യ വിഷയമാകുന്നുമില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും NSS വിരുദ്ധ സമീപനമാണ്‌ സ്വീകരിക്കുന്നത്‌ എന്ന് പറയുന്നുണ്ടെങ്കിലും വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ UDF വിരുദ്ധ നിലപാട്‌ എടുക്കാന്‍ NSS ന്‌ കഴിയില്ല ( അലെങ്കില്‍ BJP യോടൊപ്പം പോകണം). അപ്പോള്‍ സംവരണ പ്രശ്നത്തെക്കാള്‍ വലുതാണ്‌ മറ്റ്‌ പ്രശ്നങ്ങള്‍ എന്ന് വ്യക്തം. അതാണല്ലോ വിമോചന സമര ഭീക്ഷിണിയുടെ കാതല്‍.

NSS നേതാക്കളുടെ പ്രശ്നം ഇപ്പോഴും മനസില്‍ അവശേഷിക്കുന്ന പഴയ മാടമ്പി സ്വഭാവമാണ്‌. അതാണ്‌ ദേവസം ബോര്‍ഡില്‍ നമ്പൂരിയും ഈഴവനും പട്ടിക ജാതിക്കാരനും ഉണ്ട്‌ നായരില്ലാ എന്ന് പറയുന്ന നിലയിലെക്ക്‌ ഇവരെ അധപ്പതിപ്പിച്ചത്‌. അതുകൊണ്ടാണ്‌ NSS ന്റെ സ്റ്റേജില്‍ നിന്ന് ബാലകൃഷ്ണന്‍ പിള്ള CPI ഈഴവരെ മാത്രം മന്ത്രിയാക്കി എന്ന് വിലപിച്ചത്‌. അതുകൊണ്ടാണ്‌ വയലാര്‍ രവിയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അപമാനിച്ചപ്പോള്‍ എന്തിനാ അവിടെ വീണ്ടും പോയത്‌ ഒരിക്കല്‍ ഇറക്കി വിട്ടതല്ലേ എന്ന് നാരായണപ്പണിക്കരും സുകുമാരാന്‍ നായരും ഒരുമിച്ച്‌ ചോദിച്ചത്‌. ഇതാണ്‌ NSS ന്റെ പ്രശ്നം ഇത്‌ മാത്രമാണ്‌ NSS ന്റെ പ്രശ്നം