Thursday, January 15, 2009

ചില ക്രീമിലെയര്‍ ചിന്തകള്‍

ചങ്ങനാശ്ശേരിയിലെ ചാന്തുപൊട്ടുകള്‍ എന്ന എന്റെ പോസ്റ്റിന്‌ മറുപടിയായി മാവേലി കേരളം എഴുതിയ മറുപടിയില്‍ മുന്നോക്ക സംവരണം ക്രീമിലെയര്‍ എന്നീ വിഷയങ്ങളില്‍ ചില വിശദീകരണങ്ങള്‍ നല്‍കണം എന്ന് തോന്നുന്നു

ആദ്യമായി മുന്നോക്ക സംവരണം എന്ന വിഷയത്തില്‍ മുന്നോക്കരിലെ പിന്നോക്കകാര്‍ക്ക്‌ ഒരു കൈ സഹായം ചെയ്യണം എന്ന് ഞാന്‍ എഴുതിയതിന്‌ മാവേലി കേരളം ഇങ്ങനെ പ്രതികരിച്ചു

കൊടുത്തേട്ടെ നമ്മുടെ ഗവണ്മെന്റു എല്ലോര്‍ക്കും കൊടുക്കട്ടെ, അതൊരു വെല്ഫെയര്‍ സ്റ്റേറ്റ് ആകട്ടെ. പക്ഷെ നായര്‍ക്കും അതുപോലെ മുന്നോക്കനെന്നു സ്വയം പറയുന്നവര്‍ക്കും സവരണം ഏര്‍പ്പെടുത്തുന്നതിന്റെ ന്യായീകരണം ഒന്നറിയണമല്ലോ.

ഇവിടെ മുന്നോക്കന്‍ എന്ന് പറഞ്ഞാല്‍ അവര്‍ എല്ലാവരും മുന്നോക്ക ആഡ്യത്തില്‍ ജീവിക്കുന്നവരാണ്‌ എന്ന മുന്‍വിധിയില്‍ എഴുതിയത്‌ പോലെ തോന്നുന്നു. മുന്നോക്കര്‍ എന്ന് സര്‍ക്കാര്‍ ബ്രാണ്ട്‌ ചെയ്യപ്പെട്ട ഒരു വിഭാഗം അവരിലെ അവശതയുള്ളവര്‍ക്ക്‌ പരിഗണന നല്‍കണം എന്ന് എങ്ങനെയാണ്‌ പറയേണ്ടതെന്ന് മാവേലി കേരളം വ്യക്തമാക്കേണ്ടതുണ്ട്‌. NSS ന്റെ തലപ്പത്തുള്ളവര്‍ വിളിച്ചുപറയുന്ന പോഴത്തരം ആ സമുദായത്തിന്റെ പൊതു സ്വഭാവമായി തെറ്റിദ്ധരിച്ചാണ്‌ ഇത്‌ എഴുതിയത്‌ എന്ന് പറയാതെ വയ്യ.

ഇനി ക്രീമിലെയറിലെക്ക്‌ വന്നാല്‍ ജോലി സംവരണത്തിന്റെ കാര്യം മാറ്റി വച്ച്‌ വിദ്യാഭ്യാസ സ്ഥാപങ്ങളിലെ അഡ്‌മിഷനുമായി ബന്ധപ്പെട്ട്‌ ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ്‌ എന്റെ അഭിപ്രായം. ക്രീമിലെയറിലുള്ള ആളുകളേ ഉന്നത വിദ്യാഭ്യാസത്തിന്റെ സംവരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയില്ലെങ്കില്‍ സംവരണ സമുദായത്തിലെ പിന്നോക്കക്കാര്‍ മുന്നോട്ടെത്താനുള്ള സാധ്യത്‌ കുറയും എന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഉദാഹരണത്തിലൂടെ വ്യക്ത്മാക്കിയാല്‍. കോഴിക്കോട്‌ ജില്ലയിലുള്ള രണ്ട്‌ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 500 ഉം 550 ഉം റാങ്ക്‌ നേടി എന്നിരിക്കട്ടേ 500ആം റാങ്ക്‌ നേടിയത്‌ ഒരു ക്രീമിലെയറുകാരനും 550 ആം റാങ്ക്‌ നേടിയത്‌ ഒരു താഴേത്തട്ടുകാരനാണ്‌ എന്നും കരുതുക. 500ആം റാങ്ക്‌ നേടിയ ആള്‍ക്ക്‌ ജനറല്‍ മെറിട്ടില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിക്കും എന്നാല്‍ അയാള്‍ സംവരണ ക്വാട്ട ഓപ്ട്‌ ചെയ്യുകയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇയാള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ തിരഞ്ഞെടുത്തതിനാല്‍ 550ആം റാങ്ക്‌ നേടിയ താഴേത്തട്ടുകാരന്‌ കോഴിക്കോട്‌ സീറ്റ്‌ നഷ്ടപ്പെടുകയും ആലപ്പുഴയില്‍ സംവരണ സീറ്റി ഓപ്ട്‌ ചെയ്യാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു എന്ന് കരുതുക. ജീവിത നിലവാര്‍ത്തില്‍ പിന്നോക്കകാരനായ 550ആം റാങ്ക്‌ കാരന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചേരാന്‍ സ്വാഭാവികമായും ബുദ്ധിമുട്ടും. അവന്‌ ഉദാരമതികളുടെ സഹായമുണ്ടെങ്കിലെ ഹോസ്റ്റല്‍ ഫീസും മറ്റ്‌ ജീവിത സാഹചര്യങ്ങളും മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിയൂ. ചിലപ്പോള്‍ MBBS ഉപേക്ഷിച്ച്‌ BDS നോ മറ്റോ കോഴിക്കോട്‌ തന്നെ ചേരാനും നിര്‍ബന്ധിതനാകും

ഇനി എഞ്ചിനിയറിഗ്‌ പ്രവേശനത്തിലും ഇത്‌ ബാധകമാണ്‌. ക്രീമിലെയറുകാരണ്‌ ഇഷ്ടമുള്ള കോഴ്സ്‌ ഏറ്റവും നല്ല കോളേജില്‍ തിരഞ്ഞെടുക്കാന്‍ കഴിയും എന്നതിനപ്പുറം യഥാര്‍ത്ഥത്തില്‍ അവശത അനുഭവിക്കുന്നവന്‌ കിട്ടുന്നത്‌ കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വരുന്നു.

ഈ രീതിക്ക്‌ ഒരു മാറ്റം ഉണ്ടാകാന്‍ ക്രീമിലെയര്‍ ഒഴിവാക്കല്‍ സഹായിക്കില്ലെ. അലെങ്കില്‍ നിര്‍ദ്ദിഷ്ട സംവരണ കോട്ട ക്രീമിലെയര്‍ അല്ലാത്തവരെ കൊണ്ട്‌ നിറഞ്ഞില്ലെങ്കില്‍ മാത്രം ക്രീമിലെയറുകാരന്‌ നല്‍കാന്‍ സംവിധാനം ഉണ്ടാക്കുക അല്ലേ വേണ്ടത്‌. അല്ലാതെ ക്രീമിലെയര്‍ എന്ന് കേള്‍ക്കുന്ന പാടേ ഇത്രക്ക്‌ ബഹളം ഉണ്ടാക്കേണ്ടതുണ്ടോ?

5 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ചങ്ങനാശ്ശേരിയിലെ ചാന്തുപൊട്ടുകള്‍ എന്ന എന്റെ പോസ്റ്റിന്‌ മറുപടിയായി മാവേലി കേരളം എഴുതിയ മറുപടിയില്‍ മുന്നോക്ക സംവരണം ക്രീമിലെയര്‍ എന്നീ വിഷയങ്ങളില്‍ ചില വിശദീകരണങ്ങള്‍

മാവേലി കേരളം said...

കിരണ്‍ തോമസ് എനിക്കു പറയാനുള്ളത് എന്റെ ബ്ലോഗില്‍ ഞാന്‍ കൊടുത്തിട്ടൂണ്ട്. ഒരു കോപ്പി ഇവിടെയും ഇടുന്നു.

വിശദീകരണങ്ങള്‍ എന്റെ പോസ്റ്റില്‍തന്നെ കൊടുത്തിരുന്നുവല്ലോ

‘മുന്നോക്കനെന്നു സ്വയം അവകാശപ്പെടുന്ന ജാതികളെല്ലാം, തങ്ങള്‍ സമൂഹത്തില്‍ മുന്നോക്കരാണ് എന്നതു പ്രകാശിപ്പിക്കുന്നതിനുള്ള അടയാളങ്ങളെയെല്ലാം കാത്തു സൂക്ഷിക്കണമെന്നു ശക്തിപൂര്‍വം വാദിക്കുന്നവരാണ്‍്. ഈ ബ്ലോഗ്ഗൊസ്പിയറില്‍ തന്നെ എത്ര ഉദാഹരണങ്ങള്‍. ഈ അടയാളങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ട് എന്നല്ല. ആ അടയാളങ്ങള്‍ പോലും തങ്ങളുടെ മുന്നോക്ക (?)ചിഹ്നങ്ങളായി വേണം എന്നു വീറോടെ വാദിക്കുന്നവര്‍ക്ക് എന്തിന്റെ പേരിലാണ്‍് റിസര്‍വേഷന്‍:)‘

അതു കോണ്ടും മാനസിലായില്ലെങ്കില്‍,
എന്റെ സംവരണ ചിന്തകളുടെ അടിസ്ഥാനത്തെക്കുറിച്ചു ഞാന്‍ ജോജുവിനെഴുതിയ ഒരു മറുപടിയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അത് ഇവിടെയും ചേര്‍ക്കുന്നു.
അതും വായിക്കുക.
1. എന്റെ പ്രിമിസിസില്‍ സാമൂഹിക തുല്യത കൈവരിക്കുന്നതിന് നമ്മുടെ ഗവണ്മെന്റും, സമൂഹവും സംവരണത്തില്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. കാരണം വര്‍ഗ്ഗിയ വിവേചനം നടമാടിയ രാജ്യങ്ങളില്‍ അങ്ങിനെയാണ്‍് അതു നടപ്പാക്കുന്നത്.അവര്‍ അതില്‍ വിജയിക്കുന്നുമുണ്ട്.

2. പിന്നോക്കര്‍ മുന്നോക്കര്‍ക്കു, സാമൂഹ്യമായി തുല്യമായി എന്ന് ഉറപ്പുവരുത്തിന്നിടം വരെ (അതെങ്ങനെ വേണം എന്നു അതിനു വേണ്ടി ഒരു പോളിസി രൂപീകരിച്ച് ഗവണ്മെന്റിനു തീരുമാനിക്കാം)ക്രീമിലെയറിന്റെ ആശയത്തില്‍ സംശയം കടന്നു കൂടും. ഇപ്പോല്‍ അതു നടപ്പാക്കിയിരിക്കുന്ന വിധത്തില്‍ നോക്കിയാല്‍ അതില്‍ അനേക പരാതികളും അപ്രീതികളും കടന്നു കൂടിയിട്ടുണ്ട്. ജനങ്ങള്‍ പരതി പറയുമ്പോള്‍ അതിനെ സംഗത്യമായ പഠനങ്ങളില്‍ കൂടിയും ചര്‍ച്ചകളില്‍ കൂടിയുമാണ്‍് പരിഹരിക്കേണ്ടത്. അതില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും സമ്മതിക്കാവുന്ന (അങ്ങഓട്ടുമിങ്ങോട്ടും വിട്ടു വീഴ്ച്ചകള്‍ക്കു തയ്യാറായിക്കോണ്ട്)തീരുമാനങ്ങളാണ്‍് ഏടുക്കേണ്ടത്.ക്രീമിലെയരില്‍ യദ്ധാര്‍ഥത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ നിയമം കൂടാതെ തന്നെ സംവരണത്തില്‍ നിന്നു പിന്മാരണം.

3.ഇന്നത്തെ നിലയില്‍ ക്രിമി ലെയര്‍ മുന്നോക്കന്റെ സാമ്പത്തിക സംവരണം എന്ന ആശ്യത്തിന്റെ കോമ്പ്രമൈസ് രൂപമായാണ്‍് രൂപപ്പെട്ടുവന്നിരിക്കുന്നത്. അതില്‍ ആളുകള്‍ക്ക് അത്രുപ്തിയുണ്ട്. അതു കേവലം ഒരു രാഷ്ട്ര്രിയമായ, മുന്നോക്കരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടായതാണ്‍് എന്ന് അതിനെക്കുറിച്ചു പഠിച്ചാല്‍ മാന്‍സിലാകും. ഇന്നു കേരളത്തില്‍ എത്ര ഒ.ബിസിഉണ്ട്. അവരുമായി ഇതേ ചൊല്ലി എത്ര ചര്‍ച്ചകള്‍ നടന്നിട്ടൂണ്ട്. എന്താ അതിന്റെ ആവശ്യമില്ലേ?

4. ഇനി പിന്നോക്കര്‍ എന്നു പറഞ്ഞാല്‍ തന്നെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ഒക്കെ പിന്നോക്കരുണ്ട്. എന്നാല്‍ അവരുറ്റെ പിന്നോക്കത്തിന്റെ കാരണങ്ങള്‍ വേറെയായതിനാല്‍ കാരണങ്ങള്‍ അനുസരിച്ച് പരിഹാരം കാണണം.


5.ഒരു ജനാധിത്യരാജ്യത്തില്‍ മുന്നോക്കനും പിന്നോക്കനും തുല്യ പങ്കാളീകളും അവകാശികളുമാണ്‍്. എന്നാല്‍ കുറഞ്ഞവനെ നിന്ദിക്കയല്ല, അവരേക്കൂടി തന്നോടൊപ്പമെത്തിക്കാന്‍ കഴിയുന്നതു ചെയ്യുക എന്നുള്ളതാണ്‍് സിവിലൈസ്ഡ് ആയ ഒരു ജനതയൂടെ മനവിക, രാഷ്റ്റ്രീയ സാമൂഹ്യ ധര്‍മ്മം. എന്നാല്‍ സുപ്രിം കോടതി കാണുന്നതെങ്ങനെ? ജോജു അതിനെ അനുകൂലിക്കുന്നു.

6. വര്‍ഗ്ഗിയ വിവേചനതിനു പരിഹാരം കാണുന്ന പിന്നോക്ക വികസനത്തില്‍, ഒരു കാലത്ത് അവരുടെ പുരോഗതി തടഞ്ഞുവച്ചാനുഭവിച്ച മുന്നോക്കന്റെ വരും കാല തലമുറ അതില്‍ നഷ്ടം സഹിക്കേണ്ടി വരും.

സമൂഹ്യ തുല്യതയെന്ന അവസ്ഥ പ്രാപിക്കുന്നതിനു മുന്നോക്ക ജാതി പേരുകളും,മറ്റെല്ലാ മുന്നോക്ക ജാതി അടയാളങ്ങളും വിലങ്ങു നില്‍ക്കുന്നു എന്നാണ്‍് എന്റെ അഭിപ്രയം,

മുകളില്‍ പറഞ്ഞ കാരണത്താല്‍, മുന്നോക്കന്‍ മുന്നോക്കനെന്നു പറഞ്ഞുകൊണ്ട് ജാതി സംവരണം ചോദിക്കാനുള്ള അവകാശം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

മുന്നോക്കന് പിന്നോക്കവസ്ഥയുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനകരണങ്ങള്‍ എന്താണ്‍് എന്നു മനസിലാക്കണം. വര്‍ഗ്ഗിയാധിപത്യം കാണിച്ചവരുടെ പിന്നോക്കവസ്ഥയുടെയും ആ ആധിപത്യത്തിന്റെ തിക്തഫലങ്ങള്‍ മൂലം പിന്നൊക്കരായവരുടെയും കാരണങ്ങള്‍ ‍ വ്യത്യസ്ഥമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.കാരണങ്ങള്‍ അനുസരിച്ചാണ്‍് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത്.

ക്രീമി ലേയറിലെ ക്രമക്കേടുകളെക്കുറിച്ചും ജോജുവിനെഴുതിയ മറുപടിയില്‍ കൊടുത്തിട്ടൂണ്ട്. അതുകൂടി വായിക്കുക.
കിരണ്‍ എഴുതി;
‘NSS ന്റെ തലപ്പത്തുള്ളവര്‍ വിളിച്ചുപറയുന്ന പോഴത്തരം ആ സമുദായത്തിന്റെ പൊതു സ്വഭാവമായി തെറ്റിദ്ധരിച്ചാണ്‌ ഇത്‌ എഴുതിയത്‌ എന്ന് പറയാതെ വയ്യ.‘

അങ്ങനെ ധരിച്ചിട്ടല്ല. സംവരണത്തെ പിന്നോക്കന്റെ സമൂഹ്യ തുല്യതയ്ക്കുള്ള ഒരു ഉപാധിയായികാണുന്ന അനേകം ആളുകള്‍ അവരുടെ കൂട്ടത്തിലുണ്ട്, അതുപോലെ ക്രീമിലെയറിനെ സ്വയം മാനസോടെ അംഗീകരിക്കാന്‍ തയ്യാറാകുന്ന പിന്നോക്കരും.

ക്രീമിലെയര്‍ ഒഴിവാക്കണെം എന്നു ഞാന്‍ എഴുതിയില്ല. ക്രീമിലെയറിലുള്‍പ്പെടുത്തിയിരിക്കുന്ന ചതിവ് ശരിയല്ല എന്നാണ്‍് എഴുതിയത്.

ജിവി/JiVi said...

കഴിഞ്ഞ ചര്‍ച്ച ശരിക്കും വായിച്ചില്ല. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം വേണമെന്ന അഭിപ്രായമില്ല. എന്നാല്‍ പിന്നോക്കക്കാരിലെ ക്രീമിലെയറിനെ സംവരണത്തില്‍നിന്നും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.(ക്രീമിലെയര്‍ പരിധി കൂട്ടിയത് ഒട്ടും യോജിക്കാനാവില്ല). ചുരുങ്ങിയപക്ഷം വിദ്യാഭ്യാസത്തിലെങ്കിലും. അല്ലെങ്കില്‍ സംവരണത്തിന്റെ ഗുണഭോക്താവ് എപ്പോഴും ക്രീമിലെയര്‍ ആയിരിക്കും. എല്ലാ പിന്നോക്കവിഭാഗങ്ങളിലും ക്രീമിലെയര്‍ ഉണ്ട് എന്നതിനാല്‍ ആ സമുദായങ്ങളിലെയെല്ലാം പിന്നോക്കക്കാര്‍ എല്ലാക്കാലത്തും ആ നിലയില്‍ തുടരും.

Ralminov റാല്‍മിനോവ് said...

ക്രിമിലെയര്‍ ആവശ്യമേയില്ല. എന്റെ അഭിപ്രായം ഇവിടെ

ചാര്‍വാകന്‍ said...

എല്ലാവരും അല്പകാലം കൂടിക്ഷമിക്കണം ​,വിപ്ളവം മാത്രമേ ഈ കുഴഞ്ഞപ്രശ്നത്തിനൊരു പരിഹാരമുള്ളൂ.അതിങ്ങെത്താറായി.ഏതാണ്ട്...
വെനിസുല,,,കടന്നിട്ടുണ്ട്.
രണ്ടു ജാതിമനുഷ്യര്‍(ആണും ,പെണ്ണും )രണ്ടുവര്‍ഗ്ഗങ്ങള്‍(തൊഴിലാളി,മുതലാളീ)
ബാക്കിയൊക്കെ വിപ്ളവത്തിനുപാരയാണ്.
ചരിത്രത്തെ ചികഞ്ഞു കൈമിനകെടുത്തരുത്.ചരിത്രം ഉണ്ടാക്കണം ​.
(ക്ഷീണിച്ചു).
ഓ.ടൊ;ദൈവം എന്നാപണീയാകാണിച്ചെ..?
ഒണ്ടാക്കിയപ്പൊ,ബുദ്ധിയൊള്ളോരെ മാത്രം ചെലജാതിയിലുണ്ടാക്കിയെ..