Monday, February 16, 2009

റെഡ്‌ ചില്ലീസ്‌ സിനിമയും രാഷ്ട്രീയവും

എ.കെ സാജന്‍ തിരക്കഥ എഴുതി ഷാജി കൈലാസ്‌ സംവിധാനം ചെയ്ത റെഡ്‌ ചില്ലീസ്‌ എന്ന് മോഹന്‍ലാല്‍ ചിത്രം ഇന്നലെ കണ്ടപ്പോള്‍ ഇതിന്റെ ഒരു നിരൂപണം എഴുതേണ്ടത്‌ അത്യാവശ്യമാണ്‌ എന്ന് തോന്നി. മനുഷ്യന്റെ യുക്തി ബോധത്തെ വെല്ലുവിളിക്കുന്ന ഈ ചിത്രം കാണാന്‍ പോകുന്നവരോടും കണ്ടവരോടും ഉള്ള എന്റെ പ്രതികരണം താഴേക്കോടുക്കുന്നു

നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌. ഈ ചിത്രത്തിന്റെ സസ്പെന്‍സടക്കം ഞാന്‍ ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. അതിനാല്‍ ചിത്രം കാണാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ വച്ച്‌ വായന അവസാനിപ്പിക്കുക.


സിനിമ

സിങ്കപ്പൂരിലെ എണ്ണ വ്യാപരിയായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ FM റേഡീയോ സ്റ്റേഷനിലെ ഒരുപറ്റം റേഡിയോ ജോക്കികള്‍ ഒരു ഹിറ്റ്‌ ആന്റ്‌ റണ്‍ കൂട്ടക്കൊലാതകത്തില്‍ പ്രതികളാകുന്നു. കൊല്ലപ്പെട്ടതാകട്ടേ OMR നെതിരെ സമരം ചെയ്യുന്ന ഒരുപറ്റം തൊഴിലാളികളും അവരുടെ നേതാവയ ജില്ല സെക്രട്ടറി മാണിയും. ഈ മാണി നമ്മുടെ മുഖ്യമന്ത്രി വി.എസിന്റെതായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഗുണങ്ങളുടെ ഒരു പതിപ്പാണ്‌. OMR സമരക്കാരെ ഒതുക്കാന്‍ തയ്യാറാക്കിയ ഹീനമായ പദ്ധതിയായി കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെടുന്നു. സറ്റ്‌ലൈറ്റ്‌ ഫോണ്‍ പോലുള്ള അത്യാധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പ്രതികളേ കടത്തിക്കൊണ്ടു പോയ OMR നെ സഖാവ്‌ മാണിയുടെ മകനും IPS ഓഫിസറുമായ സ്റ്റാലിനും മറ്റും ചേര്‍ന്ന് പിടിക്കുന്നു.എന്നാല്‍ സിങ്ക്പ്പൂരില്‍ നിന്ന് പറന്നു വന്ന OMR കോടതിയില്‍ എത്തി റെഡ്‌ ചില്ലീസ്‌ അല്ല കുറ്റവാളികള്‍ എന്ന് തെളിയിക്കുന്നു . അതിന്‌ ശേഷം OMR നടത്തുന്ന അന്വേഷണത്തില്‍ യഥാര്‍ത്ഥ കൊലയളി സഖാവ്‌ മാണിയുടെ മകന്‍ സ്റ്റാലിനാണ്‌ എന്ന് കണ്ടെത്തുന്നതുമാണ്‌ കഥ ( മകന്റെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളും മറ്റും അറിഞ്ഞ മാണി സ്റ്റാലിനെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിക്ക്‌ കത്തയക്കാന്‍ പോകുന്നു എന്നറിഞ്ഞതാണ്‌ കൊല്ലാനുള്ള ഒരു പ്രചോദനം)


ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ കണ്ടുകഴിയുമ്പോള്‍ ഒരുകാര്യം നമുക്ക്‌ മനസിലാകും. എത്ര മനോഹരമായാണ്‌ ഷാജി കൈലാസ്‌ നമ്മെ മണ്ടന്മാരാക്കിയത്‌ എന്ന്. സഖാവ്‌ മാണിയുടെയും കൂട്ടരുടെയും കൊലപാതികയാ മകന്‍ സ്റ്റാലിന്‍ അഛനെ ഓര്‍ത്ത്‌ ദുഖിക്കുന്ന ഒരുപാട്‌ സീനുകള്‍ ഷാജി കൈലാസ്‌ നമ്മെ കാണിക്കുന്നുണ്ട്‌. സ്റ്റാലിനാണ്‌ കൊലപാതകി എന്ന് OMR പ്രഖ്യാപിക്കുന്നത്‌ തന്നെ സ്റ്റാലിന്‍ മാണിയുട്‌ കല്ലറിയില്‍ ദു:ഖത്തോടെ അഛനെപ്പറ്റി ഓര്‍മ്മിക്കുകയും ആത്മഗതം നടത്തുകയും ചെയ്യുമ്പോഴാണ്‌. ഇത്രക്ക്‌ സില്ലിയായി ഒരു ചിത്രം ഷാജി കൈലാസ്‌ ചെയ്തതായി എനിക്ക്‌ തോന്നിയിട്ടില്ല. അത്രക്കും ബോറായാണ്‌ രണ്ടാം പകുതിയും ക്ലൈമാക്സും എടുത്തിട്ടുള്ളത്‌. 3 മാസത്തിനുള്ളില്‍ മോസയര്‍ ബെയര്‍ ഇപ്പോള്‍ DVD ഇറക്കാറുള്ളതിനാല്‍ ഈ ചിത്രം തീയേറ്ററില്‍ പോയി കാണാന്‍ ഞാന്‍ പറയില്ല. കഴിയുന്നതും ഇത്‌ ഒഴിവാക്കുക

രാഷ്ട്രീയം

നേരത്തെ പറഞ്ഞതു പോലെ സഖാവ്‌ മാണിക്ക്‌ ഒരു വി.എസ്‌ പരിവേഷം ഉണ്ട്‌. അതുപോലെ സ്റ്റാലിന്‌ ഒരു വി.എസ്‌ പുത്ര പരിവേശവും. വിഴിഞ്ഞം പ്രോജകറ്റുമായി പറഞ്ഞു കേള്‍ക്കുന്ന അദ്ദേഹത്തിന്റെ മകന്റെ ഇടപാടുകളേ (P.C. ജോര്‍ജും മറ്റും ആരോപിക്കുന്നത്‌ പോലെ) ബന്ധപ്പെടുത്തിയാണ്‌ സ്റ്റാലിന്റെ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്‌. അപ്പോള്‍ ആരായിരിക്കും OMR? ആദ്യം മുതല്‍ക്ക്‌ എനിക്ക്‌ ഈ സംശയം തുടങ്ങിയതാണ്‌ എന്നാല്‍ ഞാന്‍ ചിന്തിക്കുന്നത്‌ പോലെ ആകാന്‍ അപ്പോള്‍ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു സീനില്‍ മെട്രോ വാര്‍ത്ത എന്ന പത്രം സഖാവ്‌ മാണിയുടെ വീടിന്റെ മുന്നില്‍ വീഴുന്നു. അതെടുത്ത്‌ OMR മാണിയുടെ വീട്ടിലേക്ക്‌ പ്രവേശിക്കുന്നു. അപ്പോള്‍ മുതല്‍ എനിക്കത്‌ ഉറപ്പായി OMR = ഫാരിസ്‌ അബൂബക്കര്‍. പിന്നീട്‌ ചിത്രം ക്ലൈമാക്സിലേക്ക്‌ നീങ്ങും തോറും OMR ഫാരിസായി രൂപാന്തരപ്പെടുകയും കഥയിലെ വില്ലാനായി സ്റ്റാലിന്‍ മാറുകയും ചെയ്യുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌. മെട്രോ വാര്‍ത്ത പത്രം സ്ഥിരമായി വായിക്കുന്ന ഒരാള്‍ക്ക്‌ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയം എളുപ്പം വായിച്ചെടുക്കാന്‍ കഴിയും. വി.എസിനെ അപകീര്‍ത്തിപ്പെടുത്തി എന്നാല്‍ അവസാനം നല്ലവാനക്കി രൗദ്രം എന്ന ചിത്രത്തില്‍ ഫാരിസ്‌ ഇടപെട്ടത്‌ ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. എന്നാല്‍ ഇതില്‍ വി.എസിനെ നല്ലവന്‍ തന്നെയാക്കി അവതരിപ്പിച്ച്‌ മകനെ ടര്‍ഗറ്റ്‌ ചെയ്യുന്നു എന്ന പുതിയ തന്ത്രം കണ്ടെത്താന്‍ കഴിയും. രൗദ്രത്തില്‍ റെഡ്‌ ചില്ലീസിലും മകന്‍ ഒരു ടാര്‍ഗറ്റായി നില്‍ക്കുന്നത്‌ ഫാരിസ്‌ വി.എസ്‌ യുദ്ധത്തിന്റെ മറ്റൊരു മുഖമായി കാണാം എന്ന് തോന്നുന്നു

Wednesday, February 04, 2009

ബാലാനന്ദന്‍ കമ്മിറ്റിക്കാലത്തെ പ്രണയം

കേരളാ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച്‌ CPM രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ SNC ലാവ്‌ലിന്‍ കേസ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചത്തലത്തില്‍ ലാവ്‌ലിന്‍ കേസിലെ സുപ്രധാന നിര്‍ദ്ദേശമായ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ഒരു കുറിപ്പ്‌

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരായി CBI അടക്കമുള്ളവര്‍ ആരോപിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം എന്തുകൊണ്ട്‌ 100 കോടി രൂപ മുടക്കി അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതി എന്ന ബാലാനന്ദന്‍ കമിറ്റി റിപ്പോര്‍ട്ട്‌ അവഗണിച്ചു എന്നാണ്‌. അക്കാലത്ത്‌ പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന ഇ.ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അവഗണിച്ക്‌ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെല്ലിന്‌ കരാര്‍ നല്‍കാതെ വിദേശ കമ്പനിയായ ലാവ്ലിന്‌ കരാര്‍ നല്‍കിയത്‌ പാര്‍ട്ടി അച്ചടക്കം ലംഘനമായിപ്പോലും പലകോണില്‍ നിന്നും ഇപ്പോള്‍ ആരോപണം ഉയരുന്നുണ്ട്‌. CPM ന്റെ ഔദ്യോഗിക നേതൃത്വം അതിന്‌ ഒരുപാട്‌ കാരണങ്ങളൊക്കെപ്പറയുന്നുണ്ടെങ്കിലും അക്കാലത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളും പിന്നീട്‌ നടന്ന പാലക്കാട്‌ സമ്മേളനത്തില്‍ ബാലാനന്ദന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ നേരിടേണ്ടി വന്ന പാര്‍ട്ടി നടപടികളും ഓര്‍മ്മിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ പറയാതെ വയ്യ

ലാവ്‌ലിന്‍ കേസ്‌ സജീവമായി നിലനിര്‍ത്തിയത്‌ വി.എസ്‌ അച്ചുതാനന്ദനാണ്‌. ഇപ്പോഴും CPM ന്റെ നയത്തിനെതിരെ സ്വന്തം നിലപാടുകളും പരസ്യപ്രസ്താവനയുമായി നീങ്ങുന്ന വി.എസ്‌ ലാവിലിന്‍ കാലഘട്ടത്തില്‍ എന്തായിരുന്നു ചെയ്തിരുന്നത്‌ എന്ന് അന്വേഷിക്കുന്നത്‌ രസകരമായിരിക്കും. മാരാരിക്കുളത്ത്‌ തോറ്റ്‌ മുഖ്യമന്ത്രി മോഹം പൊലിഞ്ഞ്‌ CITU പക്ഷത്തിന്‌ നേരെ കലിതുള്ളി ഇരിക്കുന്ന വി.എസാണ്‌ അക്കാലത്ത്‌ LDF കണ്‍വീനര്‍. മാത്രവുമല്ല് സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവും വൈദ്യതി മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ രാഷ്ട്രീയ മെന്റരുമായിരുന്നു വി.എസ്‌. ആ വി.എസ്‌ അറിയാതെ 100 കോടിക്ക്‌ തീര്‍ക്കാമെന്ന് പോളിറ്റ്‌ ബ്യൂറോ അംഗമായ ബാലനന്ദന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ പിണറായി വിജയന്‍ അതിന്റെ ഇരട്ടിയോളം ചിലവില്‍ നവീകരണ കരാര്‍ ഒരു വിദേശ കമ്പനിക്ക്‌ നല്‍കി എന്നത്‌ എത്രമാത്രം വിശ്വസനീയമാണ്‌. മാത്രവുമല്ല 100 കോടിയില്‍ അധികം രൂപ ഈ കരാറിന്റെ ഭാഗമായി വിദേശ ധനസഹായം നേടിത്തരാന്‍ ശ്രമിക്കാം എന്ന പ്രഥമ ദൃഷ്ടിയാല്‍ അഴിമതി അല്ലെ എന്ന് തോന്നുന്ന ഒരു കരാര്‍ അക്കാലത്ത്‌ PB യില്‍ ഉള്ള EMS,VS, നായനാര്‍ , ബാലാനന്ദന്‍ എന്നിവര്‍ അടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനേക്കൊണ്ട്‌ പിണറായി വിജയന്‍ അംഗീകരിപ്പിച്ചു എന്നത്‌ ഈ അവസര്‍ത്തില്‍ ഓര്‍ക്കാവുന്നതാണ്‌. ഒരു വാദത്തിന്‌ പിണറായി വിജയന്‍ ഇവരെ ഒക്കെ മനോഹരമായി കബളിപ്പിച്ചു എന്ന് കരുതുക. എന്നാല്‍ തന്റെ റിപ്പോര്‍ട്ട്‌ തള്ളിയതില്‍ ഉള്ള വിഷമം ബാലാനന്ദന്‍ പി.ബി. യെ അറിയിച്ചിരുന്നു അത്രെ. അതിലെ പ്രധാന ഭാഗങ്ങള്‍ 30/01/2009 ഇല്‍ മാധ്യമം പത്രത്തില്‍ പി.കെ പ്രകാശ്‌ ഇങ്ങനെ പറയുന്നു

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി.  

ബാലാനന്ദന്റെ പരാതിക്ക്‌ അന്ന് ഒരു വിലയും ഉണ്ടായില്ല എന്ന് മാത്രമല്ല തുടര്‍ന്ന നടന്ന പാലക്കാട്‌ സമ്മേളനത്തില്‍ ബാലനന്ദനും ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും എന്താണ്‌ സംഭവിച്ചത്‌ എന്നും പ്രസ്തുത പി.കെ പ്രകാശ്‌ ലേഖനം ഇങ്ങനെ പറയുന്നു

ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്.

പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിന്‌ ശേഷം വന്ന വി.എസ്‌ പിണറായി പക്ഷക്കാരനായിരുന്ന ശര്‍മ്മയായിരുന്നു. അദ്ദേഹം ചില കണ്ടെത്തുകള്‍ നടത്തി അതേപ്പറ്റി പ്രകാശ്‌ ഇങ്ങനെ എഴുതുന്നു

പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്.

ചുരുക്കം പറഞ്ഞാല്‍ വി.എസിന്‌ ലാവ്‌ലിന്‍ വിഷയമാകുന്നത്‌ പിണറായിയുമായുള്ള ബന്ധം വിട്ടപ്പോള്‍ മാത്രം. അതുവരെ അവര്‍ പ്രണയത്തിലായിരുന്നു. CITU പക്ഷം മുഖ്യ ശത്രുവായി നില്‍ക്കുമ്പോള്‍ എന്ത്‌ ലാവ്‌ലിന്‍. അന്നത്തെ മുഖ്യ ശത്രു ബാലാനന്ദനും ചെറിയാനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമൊക്കെ CITU പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ അവരെ വെട്ടാല്‍ കൂടെ ഒരു പിണറായി ഉള്ളത്ത്‌ നല്ലതാണ്‌ എന്ന് കരുതുമോ അതോ സ്വന്തം ഗ്രൂപ്പുകാരനേ വെട്ടി ആദര്‍ശം സംരക്ഷിക്കുമോ

ഇനി പാലക്കാട്‌ സമ്മേളനം കഴിഞ്ഞ്‌ ബാലാനന്ദന്‍ വി.എസും ഒത്ത്‌ തുടരാനാകില്ല എന്ന് EMS നെ അറിയിച്ചു എന്നാണ്‌ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നത്‌ എന്ന് മംഗളം പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആ വാര്‍ത്തയിലെ ഭാഗങ്ങള്‍ക്കൂടി വായിച്ചാല്‍ ബാലാനന്ദന്‍ കമ്മിറ്റിക്കാലത്തെ അലെങ്കില്‍ ലാവ്‌ലിന്‍ കാലത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ കിട്ടും

വി.എസുമൊത്തു തുടരാനാവില്ലെന്ന്‌ ഇ.എം.എസിനെ അറിയിച്ചു: ബാലാനന്ദന്‍

വി.എസ്‌. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട്‌ സമ്മേളനത്തിനു ശേഷം ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ്‌ ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന്‍ ആത്മകഥയില്‍ പറയുന്നു. 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയിലാണു ബാലാനന്ദന്റെ ഈ വെളിപ്പെടുത്തല്‍. 'പാലക്കാട്‌ സമ്മേളനത്തില്‍ (1998) പ്രധാന വര്‍ഗമുന്നണിയിലെ സഖാക്കളെ ഇതാദ്യമായി തെരഞ്ഞു പിടിച്ചു തോല്‍പിച്ചതു എന്നെ വേദനിപ്പിച്ചു. പി.ബി. അംഗമായിട്ടും അതിനെതിരേ പരസ്യപ്രസ്‌താവന നടത്തി. പാര്‍ട്ടി നല്‍കിയ ചെറിയ ശിക്ഷ ഉള്‍ക്കൊണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്‌. മാരാരിക്കുളത്തു പരാജയപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു പാലക്കാടുണ്ടായത്‌. വി.എസിനെ കരുതിക്കൂട്ടി തോല്‍പിച്ചതാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാലക്കാട്‌ സമ്മേളനത്തിനു മൂന്നു വര്‍ഷം മുന്‍പു നടന്ന കൊല്ലം സമ്മേളനത്തിലും സി.ഐ.ടി.യു. നേതാക്കളെ തോല്‍പിക്കാന്‍ ശ്രമമുണ്ടായിരുന്നു. വി.എസിനെ തോല്‍പിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടായില്ലന്നാണു കരുതുന്നത്‌. എന്നിട്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എം.എം. ലോറന്‍സ്‌, കെ.എന്‍. രവീന്ദ്രനാഥ്‌ എന്നിവരെ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ തോല്‍പിച്ചത്‌ എന്നെ ക്ഷോഭിപ്പിച്ചു. ദേശാഭിമാനി അസോഷ്യേറ്റ്‌ എഡിറ്ററായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി. ദാസും അന്നു തോല്‍പിക്കപ്പെട്ടവരില്‍പെടുന്നു. പരിഹാരമുണ്ടാകുമെന്ന്‌ ഇ.എം.എസ്‌. അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പരിഹാരം അകന്നു പോയി'. 'പാലക്കാട്‌ സമ്മേളനത്തെതുടര്‍ന്നുണ്ടായ സേവ്‌ സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെ അനീതി അവഗണിക്കപ്പെട്ടു. വി.ബി. ചെറിയാനെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും സേവ്‌ ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇതിനെതിരേ അവര്‍ നല്‍കിയ പരാതി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗീകരിച്ചെങ്കിലും അതു പാലിക്കപ്പെട്ടില്ല. സമര്‍ മുഖര്‍ജിയായിരുന്നു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. മുതിര്‍ന്ന നേതാവായിരുന്ന സമര്‍ മുഖര്‍ജിയുടെ തീരുമാനം അഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്‌തിപ്പെടുമായിരുന്നു'. 'സേവ്‌ ഫോറത്തിന്റെ പേരില്‍ എം.എം. ലോറന്‍സിനേയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ചോര്‍ന്നതിന്റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനേയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി. കേരളത്തിലെ മുഴുവന്‍ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായ സി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ്‌ യൂണിയനും വലിയ സംഭാവന നല്‍കിയ ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയ വേദനയോടെയാണ്‌ ഇരുവരും മരിച്ചത്‌. ഭരതന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. മനസു മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അക്കാലത്തു പാര്‍ട്ടിയില്‍- ബാലാനന്ദന്‍ അനുസ്‌മരിക്കുന്നു