Wednesday, February 04, 2009

ബാലാനന്ദന്‍ കമ്മിറ്റിക്കാലത്തെ പ്രണയം

കേരളാ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച്‌ CPM രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ SNC ലാവ്‌ലിന്‍ കേസ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചത്തലത്തില്‍ ലാവ്‌ലിന്‍ കേസിലെ സുപ്രധാന നിര്‍ദ്ദേശമായ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ഒരു കുറിപ്പ്‌

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരായി CBI അടക്കമുള്ളവര്‍ ആരോപിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം എന്തുകൊണ്ട്‌ 100 കോടി രൂപ മുടക്കി അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതി എന്ന ബാലാനന്ദന്‍ കമിറ്റി റിപ്പോര്‍ട്ട്‌ അവഗണിച്ചു എന്നാണ്‌. അക്കാലത്ത്‌ പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന ഇ.ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അവഗണിച്ക്‌ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെല്ലിന്‌ കരാര്‍ നല്‍കാതെ വിദേശ കമ്പനിയായ ലാവ്ലിന്‌ കരാര്‍ നല്‍കിയത്‌ പാര്‍ട്ടി അച്ചടക്കം ലംഘനമായിപ്പോലും പലകോണില്‍ നിന്നും ഇപ്പോള്‍ ആരോപണം ഉയരുന്നുണ്ട്‌. CPM ന്റെ ഔദ്യോഗിക നേതൃത്വം അതിന്‌ ഒരുപാട്‌ കാരണങ്ങളൊക്കെപ്പറയുന്നുണ്ടെങ്കിലും അക്കാലത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളും പിന്നീട്‌ നടന്ന പാലക്കാട്‌ സമ്മേളനത്തില്‍ ബാലാനന്ദന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നവര്‍ക്ക്‌ നേരിടേണ്ടി വന്ന പാര്‍ട്ടി നടപടികളും ഓര്‍മ്മിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ പറയാതെ വയ്യ

ലാവ്‌ലിന്‍ കേസ്‌ സജീവമായി നിലനിര്‍ത്തിയത്‌ വി.എസ്‌ അച്ചുതാനന്ദനാണ്‌. ഇപ്പോഴും CPM ന്റെ നയത്തിനെതിരെ സ്വന്തം നിലപാടുകളും പരസ്യപ്രസ്താവനയുമായി നീങ്ങുന്ന വി.എസ്‌ ലാവിലിന്‍ കാലഘട്ടത്തില്‍ എന്തായിരുന്നു ചെയ്തിരുന്നത്‌ എന്ന് അന്വേഷിക്കുന്നത്‌ രസകരമായിരിക്കും. മാരാരിക്കുളത്ത്‌ തോറ്റ്‌ മുഖ്യമന്ത്രി മോഹം പൊലിഞ്ഞ്‌ CITU പക്ഷത്തിന്‌ നേരെ കലിതുള്ളി ഇരിക്കുന്ന വി.എസാണ്‌ അക്കാലത്ത്‌ LDF കണ്‍വീനര്‍. മാത്രവുമല്ല് സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവും വൈദ്യതി മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ രാഷ്ട്രീയ മെന്റരുമായിരുന്നു വി.എസ്‌. ആ വി.എസ്‌ അറിയാതെ 100 കോടിക്ക്‌ തീര്‍ക്കാമെന്ന് പോളിറ്റ്‌ ബ്യൂറോ അംഗമായ ബാലനന്ദന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ പിണറായി വിജയന്‍ അതിന്റെ ഇരട്ടിയോളം ചിലവില്‍ നവീകരണ കരാര്‍ ഒരു വിദേശ കമ്പനിക്ക്‌ നല്‍കി എന്നത്‌ എത്രമാത്രം വിശ്വസനീയമാണ്‌. മാത്രവുമല്ല 100 കോടിയില്‍ അധികം രൂപ ഈ കരാറിന്റെ ഭാഗമായി വിദേശ ധനസഹായം നേടിത്തരാന്‍ ശ്രമിക്കാം എന്ന പ്രഥമ ദൃഷ്ടിയാല്‍ അഴിമതി അല്ലെ എന്ന് തോന്നുന്ന ഒരു കരാര്‍ അക്കാലത്ത്‌ PB യില്‍ ഉള്ള EMS,VS, നായനാര്‍ , ബാലാനന്ദന്‍ എന്നിവര്‍ അടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനേക്കൊണ്ട്‌ പിണറായി വിജയന്‍ അംഗീകരിപ്പിച്ചു എന്നത്‌ ഈ അവസര്‍ത്തില്‍ ഓര്‍ക്കാവുന്നതാണ്‌. ഒരു വാദത്തിന്‌ പിണറായി വിജയന്‍ ഇവരെ ഒക്കെ മനോഹരമായി കബളിപ്പിച്ചു എന്ന് കരുതുക. എന്നാല്‍ തന്റെ റിപ്പോര്‍ട്ട്‌ തള്ളിയതില്‍ ഉള്ള വിഷമം ബാലാനന്ദന്‍ പി.ബി. യെ അറിയിച്ചിരുന്നു അത്രെ. അതിലെ പ്രധാന ഭാഗങ്ങള്‍ 30/01/2009 ഇല്‍ മാധ്യമം പത്രത്തില്‍ പി.കെ പ്രകാശ്‌ ഇങ്ങനെ പറയുന്നു

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി.  

ബാലാനന്ദന്റെ പരാതിക്ക്‌ അന്ന് ഒരു വിലയും ഉണ്ടായില്ല എന്ന് മാത്രമല്ല തുടര്‍ന്ന നടന്ന പാലക്കാട്‌ സമ്മേളനത്തില്‍ ബാലനന്ദനും ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും എന്താണ്‌ സംഭവിച്ചത്‌ എന്നും പ്രസ്തുത പി.കെ പ്രകാശ്‌ ലേഖനം ഇങ്ങനെ പറയുന്നു

ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്.

പിണറായി വിജയന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിന്‌ ശേഷം വന്ന വി.എസ്‌ പിണറായി പക്ഷക്കാരനായിരുന്ന ശര്‍മ്മയായിരുന്നു. അദ്ദേഹം ചില കണ്ടെത്തുകള്‍ നടത്തി അതേപ്പറ്റി പ്രകാശ്‌ ഇങ്ങനെ എഴുതുന്നു

പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്.

ചുരുക്കം പറഞ്ഞാല്‍ വി.എസിന്‌ ലാവ്‌ലിന്‍ വിഷയമാകുന്നത്‌ പിണറായിയുമായുള്ള ബന്ധം വിട്ടപ്പോള്‍ മാത്രം. അതുവരെ അവര്‍ പ്രണയത്തിലായിരുന്നു. CITU പക്ഷം മുഖ്യ ശത്രുവായി നില്‍ക്കുമ്പോള്‍ എന്ത്‌ ലാവ്‌ലിന്‍. അന്നത്തെ മുഖ്യ ശത്രു ബാലാനന്ദനും ചെറിയാനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നുമൊക്കെ CITU പക്ഷത്ത്‌ നില്‍ക്കുമ്പോള്‍ അവരെ വെട്ടാല്‍ കൂടെ ഒരു പിണറായി ഉള്ളത്ത്‌ നല്ലതാണ്‌ എന്ന് കരുതുമോ അതോ സ്വന്തം ഗ്രൂപ്പുകാരനേ വെട്ടി ആദര്‍ശം സംരക്ഷിക്കുമോ

ഇനി പാലക്കാട്‌ സമ്മേളനം കഴിഞ്ഞ്‌ ബാലാനന്ദന്‍ വി.എസും ഒത്ത്‌ തുടരാനാകില്ല എന്ന് EMS നെ അറിയിച്ചു എന്നാണ്‌ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നത്‌ എന്ന് മംഗളം പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആ വാര്‍ത്തയിലെ ഭാഗങ്ങള്‍ക്കൂടി വായിച്ചാല്‍ ബാലാനന്ദന്‍ കമ്മിറ്റിക്കാലത്തെ അലെങ്കില്‍ ലാവ്‌ലിന്‍ കാലത്തെ ഗ്രൂപ്പ്‌ സമവാക്യങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ കിട്ടും

വി.എസുമൊത്തു തുടരാനാവില്ലെന്ന്‌ ഇ.എം.എസിനെ അറിയിച്ചു: ബാലാനന്ദന്‍

വി.എസ്‌. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട്‌ സമ്മേളനത്തിനു ശേഷം ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ്‌ ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന്‍ ആത്മകഥയില്‍ പറയുന്നു. 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയിലാണു ബാലാനന്ദന്റെ ഈ വെളിപ്പെടുത്തല്‍. 'പാലക്കാട്‌ സമ്മേളനത്തില്‍ (1998) പ്രധാന വര്‍ഗമുന്നണിയിലെ സഖാക്കളെ ഇതാദ്യമായി തെരഞ്ഞു പിടിച്ചു തോല്‍പിച്ചതു എന്നെ വേദനിപ്പിച്ചു. പി.ബി. അംഗമായിട്ടും അതിനെതിരേ പരസ്യപ്രസ്‌താവന നടത്തി. പാര്‍ട്ടി നല്‍കിയ ചെറിയ ശിക്ഷ ഉള്‍ക്കൊണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്‌. മാരാരിക്കുളത്തു പരാജയപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു പാലക്കാടുണ്ടായത്‌. വി.എസിനെ കരുതിക്കൂട്ടി തോല്‍പിച്ചതാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാലക്കാട്‌ സമ്മേളനത്തിനു മൂന്നു വര്‍ഷം മുന്‍പു നടന്ന കൊല്ലം സമ്മേളനത്തിലും സി.ഐ.ടി.യു. നേതാക്കളെ തോല്‍പിക്കാന്‍ ശ്രമമുണ്ടായിരുന്നു. വി.എസിനെ തോല്‍പിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടായില്ലന്നാണു കരുതുന്നത്‌. എന്നിട്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എം.എം. ലോറന്‍സ്‌, കെ.എന്‍. രവീന്ദ്രനാഥ്‌ എന്നിവരെ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ തോല്‍പിച്ചത്‌ എന്നെ ക്ഷോഭിപ്പിച്ചു. ദേശാഭിമാനി അസോഷ്യേറ്റ്‌ എഡിറ്ററായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി. ദാസും അന്നു തോല്‍പിക്കപ്പെട്ടവരില്‍പെടുന്നു. പരിഹാരമുണ്ടാകുമെന്ന്‌ ഇ.എം.എസ്‌. അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പരിഹാരം അകന്നു പോയി'. 'പാലക്കാട്‌ സമ്മേളനത്തെതുടര്‍ന്നുണ്ടായ സേവ്‌ സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെ അനീതി അവഗണിക്കപ്പെട്ടു. വി.ബി. ചെറിയാനെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും സേവ്‌ ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇതിനെതിരേ അവര്‍ നല്‍കിയ പരാതി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗീകരിച്ചെങ്കിലും അതു പാലിക്കപ്പെട്ടില്ല. സമര്‍ മുഖര്‍ജിയായിരുന്നു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. മുതിര്‍ന്ന നേതാവായിരുന്ന സമര്‍ മുഖര്‍ജിയുടെ തീരുമാനം അഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്‌തിപ്പെടുമായിരുന്നു'. 'സേവ്‌ ഫോറത്തിന്റെ പേരില്‍ എം.എം. ലോറന്‍സിനേയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ചോര്‍ന്നതിന്റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനേയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി. കേരളത്തിലെ മുഴുവന്‍ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായ സി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ്‌ യൂണിയനും വലിയ സംഭാവന നല്‍കിയ ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയ വേദനയോടെയാണ്‌ ഇരുവരും മരിച്ചത്‌. ഭരതന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. മനസു മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അക്കാലത്തു പാര്‍ട്ടിയില്‍- ബാലാനന്ദന്‍ അനുസ്‌മരിക്കുന്നു

11 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളാ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച്‌ CPM രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ SNC ലാവ്‌ലിന്‍ കേസ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചത്തലത്തില്‍ ലാവ്‌ലിന്‍ കേസിലെ സുപ്രധാന നിര്‍ദ്ദേശമായ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ഒരു കുറിപ്പ്‌

...പകല്‍കിനാവന്‍...daYdreamEr... said...

ചുരുക്കം പറഞ്ഞാല്‍ വി.എസിന്‌ ലാവ്‌ലിന്‍ വിഷയമാകുന്നത്‌ പിണറായിയുമായുള്ള ബന്ധം വിട്ടപ്പോള്‍ മാത്രം.

ശരിയാണ്.. പക്ഷെ ഇന്നത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ സ്വാഗതാര്‍ഹം ആണ്...!
ആശംസകള്‍...!

N.J ജോജൂ said...

ലാവലില്‍ കരാര്‍ തെറ്റോ ശരിയോ എന്നല്ല ലാവലിനെ വി.എസ് നിലപാട് അവസരവാദപരമോ അല്ലയോ എന്നുള്ളതാണ്‌ വിഷയം അല്ലേ കിരണ്‍. ഈ അവസരത്തില്‍ വി.എസ് ഭരണഘടനാ പരമായ ചുമതല വഹിയ്ക്കുന്ന മുഖ്യമന്ത്രിയാണ് എന്നതുകൂടി പരിഗണിയ്ക്കണം. വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കില്‍ വി.എസ് ഇങ്ങനെ പെരുമാ‍റുമായിരുന്നോ എന്നത് വിഷയം വേറെ. ഇപ്പോഴത്തെ വി.എസ് എന്റെ മൌനം മുഖ്യമന്ത്രി എന്ന നിലയില്‍ ശരിയാണ്. കേരളയാത്രയില്‍ പങ്കെടുക്കില്ല എന്ന നിലപാട് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തെറ്റുമാണ്.


അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ(?) ലേഖനം കണ്ടുകാണുമല്ലോ. രാഷ്ട്രീയമായി നേരിടുമെന്ന സി.പി.എം നിലപാട് സി.പി.എം എന്റെ പൂര്‍വ്വകാലനിലപാടുകള്‍ക്കു വിരുദ്ധമാണന്നാണല്ലോ അതില്‍ പറഞ്ഞു വച്ചത്.
കമ്യൂണിസ്റ്റു പാര്‍ട്ടിയും പാര്‍ട്ടി മെമ്പര്‍മാര്‍ക്കും എന്തും പറയാം. പക്ഷേ മന്ത്രിയെന്ന നിലയില്‍ കൊടിയേരി പറഞ്ഞത് ശരിയായില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ ലാലവില്‍ കരാര്‍ തെറ്റോ ശരിയോ എന്നത്‌ കോടതി തീരുമാനിക്കട്ടേ. അന്തിമ കുറ്റപത്രം പോലും CBI സമര്‍പ്പിച്ചിട്ടില്ല. ഇപ്പോള്‍ പിണറായിക്കെതിരെ ഉള്ള പരാമര്‍ശത്തിന്റെ കൂടുതല്‍ വലിയ തലത്തിലുള്ള തെളിവുകള്‍ CBI കണ്ടെത്തിയിട്റ്റുണ്ടെങ്കില്‍ അതും നമുക്ക്‌ കാണാം.

ഇവിടെ മുഖ്യമന്ത്രിക്ക്‌ പ്രശ്നം ഭരണഘടനയൊന്നുമല്ല. അങ്ങനെ എങ്കില്‍ പാമോയില്‍ ഇറക്കുമതി നിരോധന കേസില്‍ വിധിപറഞ്ഞ ജഡ്‌ജിയെ പരസ്യമായി വി.എസ്‌ വിമര്‍ശിക്കുകയില്ലായിരുന്നല്ലോ. അപ്പോള്‍ ഈ ഭരണഘടയൊക്കെ എവിടെയായിരുന്നു. പിണറായിക്കൊപ്പം ശര്‍മ്മയും കൂടി പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു എങ്കില്‍ ഭരണഘടനയൊന്നും മുഖ്യന്‌ പ്രശ്നമാകുമായിരുന്നോ എന്ന് കണ്ടറിയണം.

ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ലാവ്‌ലിന്‍ വിഷയം ഒരു CPM തലത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ വി.എസിന്റെ പങ്ക്‌ പഴയകാല പ്രസക്തമായി ഓര്‍മ്മിക്കേണ്ടതുണ്ട്‌ എന്നാണ്‌ എന്റെ പക്ഷം. അത്‌ ഓര്‍മ്മിപ്പിക്കുക മാത്രമാണ്‌ ഞാന്‍ ചെയ്തിട്ടുള്ളൂ.

കണ്ണൂസ്‌ said...

മുന്‍പ് പലപ്പോഴും കിരണിന്റെ ബ്ലോഗില്‍ പറഞ്ഞിട്ടുള്ളതു തന്നെ ഒരിക്കല്‍ കൂടി പറയട്ടേ. വി.എസിനേയും പിണറായിയേയും പുറത്താക്കാതെ സി.പി.എം രക്ഷപ്പെടില്ല. അതിനുള്ള ധൈര്യമോ ആര്‍ജ്ജവമോ ഇന്നത്തെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇല്ല എന്നത് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ശിക്ഷ ഇനി അടുത്ത തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ കൊടുക്കും. കഴിഞ്ഞ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു സംഭവിച്ചതാണ് ഇത്തവണ എല്‍.ഡി.ഫിനെ കാത്തിരിക്കുന്നത്.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

എന്ത് തന്നെയായാലും ഇപ്പോഴത്തെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് വേദനയുണ്ടാക്കുന്നത് തന്നെയാണ്. വി എസിന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് അനുകൂലമാകുന്നില്ല എന്നതു പോലെ തന്നെ പിണറായിക്കെതിരെ വന്ന ആരോപണവും പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നു. പിണറായി തെറ്റ് ചെയ്തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ. പക്ഷെ പ്രതി പ്പട്ടികയില്‍ എന്ത് കൊണ്ട് പേരു ചേര്‍ക്കപ്പെട്ടു? അത് രാഷ്ട്രീയ പക പോക്കലാണ് എങ്കില്‍ സി പി എം മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ പേരില്‍ ഉന്നയിച്ചതും അവര്‍ പ്രതികളായി കേസ് വന്നതു മൊക്കെ രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതാമോ?

എന്ത് തന്നെയായാലും പിണറായിയും വി എസും ഒന്ന് ഓര്‍ത്താല്‍ നല്ലത്, അവര്‍ ഈ പ്രസ്ഥാനത്തെ നശിപ്പിക്കുകയാണ്. വ്യക്തി താത്പര്യങ്ങളും സ്വാര്‍ത്ഥ മോഹങ്ങളും ഉള്ള നേതാക്കള്‍ എല്ലാം കൂടി അനേകം രക്തസാക്ഷികളുടെ സ്വപ്നവും സാധാരണക്കാരായ ജനങ്ങളുടെ ആശ്രയവും നശിപ്പിക്കും.
സി പി എമ്മിനെ നശിപ്പിക്കാന്‍ കച്ച കെട്ടിയ നേതാക്കളും അതിനെ എരിതീയില്‍ എണ്ണയൊഴിച്ച് രസിക്കുന്ന മാധ്യമങ്ങളും ഒന്നോര്‍ത്താല്‍ നല്ലത്, ഇവിടെ സി പി എം ഇല്ലാതാവുന്ന സ്പേസില്‍ കടന്നു വരുന്നത് വര്‍ഗ്ഗീയതയും മറ്റ് അരാജകവാദികളും ആയിരിക്കുമെന്ന്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ അമേരിക്ക ആരും ചോദിക്കാനില്ലാത്ത ശക്തിയായതു പോലെ, ലോകത്തില്‍ അവര്‍ കാണിച്ച അതിക്രമങ്ങളേയും അധിനിവേശങ്ങളേയും പ്രധിരോധിക്കാന്‍ മറ്റൊരു വന്‍ശക്തിയില്ലാതായതു പോലെ.

സി പി എം എന്ന പാര്‍ട്ടി നശിച്ചാല്‍ അത് കേരളത്തിനു തന്നെയായിരിക്കും ദോഷം. എന്നാണീ നേതാക്കളിതു മനസ്സിലാക്കുക?

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണുസ് കൊല്ലം സമ്മേളനത്തില്‍ വി.എസ് ലക്ഷ്യമിട്ട വെട്ടി നിരത്ത്ത്തല്‍ അജണ്ടാക്ക് ഉള്ള CITU തിരിച്ചടി ആയിരുന്നു മാരാരിക്കുളത്ത് സംഭവിച്ചത് . മാരാരിക്കുളത്ത് സംഭവിച്ചതിന്റെ തിരിച്ചടിയാണ് പാലക്കാട് സംഭവിച്ചത് . അങ്ങനെ അച്ചുതാന്ദനും കു‌ട്ടരും ബാലാനന്ദനും കുട്ടരെയും അട്ടിമറിച്ചു പാര്‍ട്ടിയില്‍ ആധിപത്യം നേടി . അവര്‍ വിഇണ്ടും പിളര്‍ന്നു വി.എസും പിണറായിയുമായി . അടി തുടരുന്നു. വി.എസും പിണറായും പോയാലും ഇത് വേറെ കോമ്പിനേഷനില്‍ തുടരില്ല എന്ന് ആര് കണ്ടു. ഏറ്റവും രസകരമായ സംഗതി വെട്ടി നിരത്ത്തപ്പെടുന്നവന്‍ ആദര്‍ശം പ്രസംഗിക്കും വെട്ടി നിരത്ത്തുന്നവന്‍ അച്ചടക്കം പ്രസംഗിക്കും

കണ്ണൂസ്‌ said...

കിരണ്‍, ഇവര്‍ക്കെതിരെ ശക്തമായ നടപടി എടുത്താല്‍ പിന്നെ കോണ്‍ഗ്രസ്സ് നിലവാരത്തിലുള്ള ഗ്രൂപ്പ് കളിക്ക് ആര്‍ക്കും ധൈര്യമുണ്ടാവില്ല എന്നതാണ് വസ്തുത. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടല്ലോ.

സുര്‍ജിത് എന്ന രാഷ്ട്രീയ കൂട്ടികൊടുപ്പുകാരന്‍ സെക്രട്ടറി ആയതു മുതല്‍ സി.പി.എം ഇനു ഉണ്ടായ അപചയത്തിന്റെ വൃത്തികെട്ട മുഖമാണ് ഇത്.

കിരണ്‍ തോമസ് തോമ്പില്‍ said...

കണ്ണൂസെ ജനപിന്തുണ ഇല്ലാത്തവര്‍ തലപ്പത്ത്‌ വന്നാല്‍ ഇതല്ല ഇതിലപ്പുറവും സംഭവിക്കും. സുര്‍ജിത്തിന്റെ മകനും ലാവ്‌ലിന്‍ ഇടപാടില്‍ റോള്‍ ഉണ്ട്‌ എന്നൊക്കെ കേള്‍ക്കുന്നില്ലെ?

ശരിക്കും പാലക്കാട്‌ സമ്മേളനമാണ്‌ CPM ചരിത്രത്തിലെ നാഴികക്കല്ല്. അന്ന് അരിഞ്ഞു വിണപ്പെട്ട നേതാക്കള്‍ അലഞ്ഞു നടക്കുന്നുണ്ട്‌. എന്നാല്‍ എറ്റവും വലിയ തമാശ അവരെല്ലാം ഇപ്പോള്‍ വി.എസ്‌ പക്ഷ വക്കാലത്തുമായാണ്‌ നടക്കുന്നത്‌ എന്നാണ്‌. കാലത്തിന്റെ ഓരോ കളികളേ

വെളിച്ചപ്പാട് said...

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും മാഷേ...

Siju | സിജു said...

വി എസ് പുണ്യവാളനല്ല എന്ന കിരണിന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു.