Monday, February 16, 2009

റെഡ്‌ ചില്ലീസ്‌ സിനിമയും രാഷ്ട്രീയവും

എ.കെ സാജന്‍ തിരക്കഥ എഴുതി ഷാജി കൈലാസ്‌ സംവിധാനം ചെയ്ത റെഡ്‌ ചില്ലീസ്‌ എന്ന് മോഹന്‍ലാല്‍ ചിത്രം ഇന്നലെ കണ്ടപ്പോള്‍ ഇതിന്റെ ഒരു നിരൂപണം എഴുതേണ്ടത്‌ അത്യാവശ്യമാണ്‌ എന്ന് തോന്നി. മനുഷ്യന്റെ യുക്തി ബോധത്തെ വെല്ലുവിളിക്കുന്ന ഈ ചിത്രം കാണാന്‍ പോകുന്നവരോടും കണ്ടവരോടും ഉള്ള എന്റെ പ്രതികരണം താഴേക്കോടുക്കുന്നു

നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌. ഈ ചിത്രത്തിന്റെ സസ്പെന്‍സടക്കം ഞാന്‍ ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. അതിനാല്‍ ചിത്രം കാണാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടെ വച്ച്‌ വായന അവസാനിപ്പിക്കുക.


സിനിമ

സിങ്കപ്പൂരിലെ എണ്ണ വ്യാപരിയായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ FM റേഡീയോ സ്റ്റേഷനിലെ ഒരുപറ്റം റേഡിയോ ജോക്കികള്‍ ഒരു ഹിറ്റ്‌ ആന്റ്‌ റണ്‍ കൂട്ടക്കൊലാതകത്തില്‍ പ്രതികളാകുന്നു. കൊല്ലപ്പെട്ടതാകട്ടേ OMR നെതിരെ സമരം ചെയ്യുന്ന ഒരുപറ്റം തൊഴിലാളികളും അവരുടെ നേതാവയ ജില്ല സെക്രട്ടറി മാണിയും. ഈ മാണി നമ്മുടെ മുഖ്യമന്ത്രി വി.എസിന്റെതായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഗുണങ്ങളുടെ ഒരു പതിപ്പാണ്‌. OMR സമരക്കാരെ ഒതുക്കാന്‍ തയ്യാറാക്കിയ ഹീനമായ പദ്ധതിയായി കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെടുന്നു. സറ്റ്‌ലൈറ്റ്‌ ഫോണ്‍ പോലുള്ള അത്യാധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പ്രതികളേ കടത്തിക്കൊണ്ടു പോയ OMR നെ സഖാവ്‌ മാണിയുടെ മകനും IPS ഓഫിസറുമായ സ്റ്റാലിനും മറ്റും ചേര്‍ന്ന് പിടിക്കുന്നു.എന്നാല്‍ സിങ്ക്പ്പൂരില്‍ നിന്ന് പറന്നു വന്ന OMR കോടതിയില്‍ എത്തി റെഡ്‌ ചില്ലീസ്‌ അല്ല കുറ്റവാളികള്‍ എന്ന് തെളിയിക്കുന്നു . അതിന്‌ ശേഷം OMR നടത്തുന്ന അന്വേഷണത്തില്‍ യഥാര്‍ത്ഥ കൊലയളി സഖാവ്‌ മാണിയുടെ മകന്‍ സ്റ്റാലിനാണ്‌ എന്ന് കണ്ടെത്തുന്നതുമാണ്‌ കഥ ( മകന്റെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളും മറ്റും അറിഞ്ഞ മാണി സ്റ്റാലിനെതിരെ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിക്ക്‌ കത്തയക്കാന്‍ പോകുന്നു എന്നറിഞ്ഞതാണ്‌ കൊല്ലാനുള്ള ഒരു പ്രചോദനം)


ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ കണ്ടുകഴിയുമ്പോള്‍ ഒരുകാര്യം നമുക്ക്‌ മനസിലാകും. എത്ര മനോഹരമായാണ്‌ ഷാജി കൈലാസ്‌ നമ്മെ മണ്ടന്മാരാക്കിയത്‌ എന്ന്. സഖാവ്‌ മാണിയുടെയും കൂട്ടരുടെയും കൊലപാതികയാ മകന്‍ സ്റ്റാലിന്‍ അഛനെ ഓര്‍ത്ത്‌ ദുഖിക്കുന്ന ഒരുപാട്‌ സീനുകള്‍ ഷാജി കൈലാസ്‌ നമ്മെ കാണിക്കുന്നുണ്ട്‌. സ്റ്റാലിനാണ്‌ കൊലപാതകി എന്ന് OMR പ്രഖ്യാപിക്കുന്നത്‌ തന്നെ സ്റ്റാലിന്‍ മാണിയുട്‌ കല്ലറിയില്‍ ദു:ഖത്തോടെ അഛനെപ്പറ്റി ഓര്‍മ്മിക്കുകയും ആത്മഗതം നടത്തുകയും ചെയ്യുമ്പോഴാണ്‌. ഇത്രക്ക്‌ സില്ലിയായി ഒരു ചിത്രം ഷാജി കൈലാസ്‌ ചെയ്തതായി എനിക്ക്‌ തോന്നിയിട്ടില്ല. അത്രക്കും ബോറായാണ്‌ രണ്ടാം പകുതിയും ക്ലൈമാക്സും എടുത്തിട്ടുള്ളത്‌. 3 മാസത്തിനുള്ളില്‍ മോസയര്‍ ബെയര്‍ ഇപ്പോള്‍ DVD ഇറക്കാറുള്ളതിനാല്‍ ഈ ചിത്രം തീയേറ്ററില്‍ പോയി കാണാന്‍ ഞാന്‍ പറയില്ല. കഴിയുന്നതും ഇത്‌ ഒഴിവാക്കുക

രാഷ്ട്രീയം

നേരത്തെ പറഞ്ഞതു പോലെ സഖാവ്‌ മാണിക്ക്‌ ഒരു വി.എസ്‌ പരിവേഷം ഉണ്ട്‌. അതുപോലെ സ്റ്റാലിന്‌ ഒരു വി.എസ്‌ പുത്ര പരിവേശവും. വിഴിഞ്ഞം പ്രോജകറ്റുമായി പറഞ്ഞു കേള്‍ക്കുന്ന അദ്ദേഹത്തിന്റെ മകന്റെ ഇടപാടുകളേ (P.C. ജോര്‍ജും മറ്റും ആരോപിക്കുന്നത്‌ പോലെ) ബന്ധപ്പെടുത്തിയാണ്‌ സ്റ്റാലിന്റെ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്‌. അപ്പോള്‍ ആരായിരിക്കും OMR? ആദ്യം മുതല്‍ക്ക്‌ എനിക്ക്‌ ഈ സംശയം തുടങ്ങിയതാണ്‌ എന്നാല്‍ ഞാന്‍ ചിന്തിക്കുന്നത്‌ പോലെ ആകാന്‍ അപ്പോള്‍ ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു സീനില്‍ മെട്രോ വാര്‍ത്ത എന്ന പത്രം സഖാവ്‌ മാണിയുടെ വീടിന്റെ മുന്നില്‍ വീഴുന്നു. അതെടുത്ത്‌ OMR മാണിയുടെ വീട്ടിലേക്ക്‌ പ്രവേശിക്കുന്നു. അപ്പോള്‍ മുതല്‍ എനിക്കത്‌ ഉറപ്പായി OMR = ഫാരിസ്‌ അബൂബക്കര്‍. പിന്നീട്‌ ചിത്രം ക്ലൈമാക്സിലേക്ക്‌ നീങ്ങും തോറും OMR ഫാരിസായി രൂപാന്തരപ്പെടുകയും കഥയിലെ വില്ലാനായി സ്റ്റാലിന്‍ മാറുകയും ചെയ്യുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌. മെട്രോ വാര്‍ത്ത പത്രം സ്ഥിരമായി വായിക്കുന്ന ഒരാള്‍ക്ക്‌ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയം എളുപ്പം വായിച്ചെടുക്കാന്‍ കഴിയും. വി.എസിനെ അപകീര്‍ത്തിപ്പെടുത്തി എന്നാല്‍ അവസാനം നല്ലവാനക്കി രൗദ്രം എന്ന ചിത്രത്തില്‍ ഫാരിസ്‌ ഇടപെട്ടത്‌ ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. എന്നാല്‍ ഇതില്‍ വി.എസിനെ നല്ലവന്‍ തന്നെയാക്കി അവതരിപ്പിച്ച്‌ മകനെ ടര്‍ഗറ്റ്‌ ചെയ്യുന്നു എന്ന പുതിയ തന്ത്രം കണ്ടെത്താന്‍ കഴിയും. രൗദ്രത്തില്‍ റെഡ്‌ ചില്ലീസിലും മകന്‍ ഒരു ടാര്‍ഗറ്റായി നില്‍ക്കുന്നത്‌ ഫാരിസ്‌ വി.എസ്‌ യുദ്ധത്തിന്റെ മറ്റൊരു മുഖമായി കാണാം എന്ന് തോന്നുന്നു

23 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

എ.കെ സാജന്‍ തിരക്കഥ എഴുതി ഷാജി കൈലാസ്‌ സംവിധാനം ചെയ്ത റെഡ്‌ ചില്ലീസ്‌ എന്ന് മോഹന്‍ലാല്‍ ചിത്രം ഇന്നലെ കണ്ടപ്പോള്‍ ഇതിന്റെ ഒരു നിരൂപണം എഴുതേണ്ടത്‌ അത്യാവശ്യമാണ്‌ എന്ന് തോന്നി. മനുഷ്യന്റെ യുക്തി ബോധത്തെ വെല്ലുവിളിക്കുന്ന ഈ ചിത്രം കാണാന്‍ പോകുന്നവരോടും കണ്ടവരോടും ഉള്ള എന്റെ പ്രതികരണം താഴേക്കോടുക്കുന്നു

ജോ l JOE said...

ചിത്രം കാണേണ്ടത് ആയതിനാല്‍ റെഡ് വരികളില്‍ വായന അവസാനിപ്പിച്ചു.

suraj::സൂരജ് said...

അപ്പോള്‍ സ്വാഭാവികമായും ഇനി പിണറായിയാണ് പടത്തിന്റെ ബിനാമി പ്രൊഡ്യൂസര്‍ എന്ന് നസ്യമിറങ്ങിക്കൊള്ളും ;) അതാണല്ലോ പതിവ്.

...പകല്‍കിനാവന്‍...daYdreamEr... said...

ഇവര്‍ക്കൊക്കെ ഇനിയെങ്കിലും ഇപ്പണി (സിനിമ ) നിറുത്തിക്കൂടെ... ??

കൂതറ അനോണി said...

നല്ല നിരൂപണം

the man to walk with said...

:)

G.manu said...
This comment has been removed by the author.
G.manu said...

സൂപ്പര്‍ താര പരിവേഷം നല്ല സിനിമ വരാന്‍ ഉള്ള വഴികള്‍ എങ്ങനെ അടയ്ക്കുന്നു എന്ന വേദനാജനകമായ സത്യം ‘റെഡ് ചില്ലീസും’ നല്‍കുന്നു..

അനുഗ്രീത നടനായ ലാല്‍ മലയാളി കാണാന്‍ കൊതിക്കുന്ന സിനിമകള്‍ക്ക് അപ്ര്യാപ്യനാവും വിധം ഉയരുന്ന ദു:ഖ സത്യം...

മലയാളിക്ക് ദഹിക്കാത്ത ഒരു വിഷയം പത്താംക്ലാസിലെ പിള്ളേരു കളിക്കുന്ന നാടകം പോലെ ചവറാക്കിയ പടം...

ഷാജി കൈലാസിന്റെ സംവിധാന വൈദഗ്ധ്യം, ക്യാമറ ആംഗിളുകള്‍, എഡിറ്റിംഗിന്റെ ഇന്ദ്രജാലം എന്നിവ മാത്രമുണ്ട് കൊള്ളാം എന്നു പറയാവുന്നവ

തോപ്പന്‍ said...

ചിലവാകുന്ന വിഷയം ആവശ്യമുള്ളതുപോലെ വെടക്കാക്കുന്നു... അത്രേയുമേ ഉള്ളൂ .

Radheyan said...

എനിക്കെന്നും തോന്നിയിട്ടുള്ള ഒരു സംശയം, സിനിമയിലെ സാമ്യങ്ങള്‍ പലപ്പോഴും പാത്രരൂപീകരണത്തില്‍ അവസാനിക്കിന്നില്ലേ എന്നതാണ്.ഉദാ:ഏകലവ്യനിലെ മുഖ്യമന്ത്രി അച്യുതമേനോനും പ്രതിപക്ഷ നേതാവ് നായനാരുമാണെന്ന് ദ്യോതിപ്പിക്കുന്നു.പക്ഷെ 1977ല്‍ അവസാനിച്ച മേനോന്‍ യുഗത്തിനു ശേഷമാണ് നായനാര്‍ ലൈം‌ലൈറ്റില്‍ വരുന്നത്.അപ്പോള്‍ മോള്‍ഡ് മാത്രമാണ് ഉപയോഗിച്ചതെന്നും കഥാസന്ദര്‍ഭങ്ങള്‍ അവരുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് വരുന്നു.

ഇത് പോലെ പാത്രസൃഷ്ടിക്കായി പലപ്പോഴും കരുണാകരന്‍(സ്ഥലത്തെ പയ്യന്‍സ്),നായനാര്‍,ആന്റണി (ഒന്നിലധികം),ഉമ്മന്‍ ചാണ്ടി(ശിവം,ഭരത് ചന്ദ്രന്‍),മനോരമ മാത്തുക്കുട്ടിച്ചായന്‍ (പത്രം,പ്രജ)എന്നിങ്ങനെ പലരും വരുന്നുണ്ട്.ഇതില്‍ ഉമ്മന്‍ ചാണ്ടിയെ റിസംബിള്‍ ചെയ്യുന്ന കഥാപാത്രത്തിന് 2 സിനിമയിലും കടുത്ത വില്ലന്റെ റോളായിരുന്നു.പ്രജയില്‍ മാത്തുക്കുട്ടിച്ചായനും.

രസകരമായ ഒരു സംഗതി വി.എസ്.ഇതിനു മുന്‍പ് ഒരു സിനിമയില്‍ കഥാപാത്രമായി വന്നിട്ടുണ്ട് (നയം വ്യക്തമാക്കുന്നു ആണെന്ന് തോന്നുന്നു).അന്ന് സഖാവിന്റെ മാനറിസങ്ങള്‍ ഞങ്ങള്‍ അയല്‍ക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമല്ലാതെ പൊതു സമൂഹത്തിന് തിരിച്ചറിയാന്‍ പറ്റാത്തത് കൊണ്ട് ആ കഥാപാത്രം എപ്പോഴും “ഞാന്‍ ഒരു ബിറ്റ് ഇടും”(വി എസ് ഒരു തയ്യല്‍ക്കാരന്‍ എന്ന് വ്യംഗ്യം)എന്ന് കത്രിക കൊണ്ട് മുറിക്കുന്ന ആക്ഷന്‍ സഹിതം ഒരു ഡയലോഗിട്ടായിരുന്നു ഐഡന്റിറ്റി ദ്യോതിപ്പിക്കാന്‍ ശ്രമിച്ചത്.

ചുരുക്കത്തില്‍ ചാപ്ലിന്‍ ഹിറ്റ്ലറെ നടത്തിയ പോലുള്ള വിമര്‍ശനമൊന്നുമല്ല ഇത്തരം സാമ്യങ്ങളുടെ പിന്നില്‍ മറിച്ച് ഇത്തരം ഐഡന്റിഫിക്കേഷന്‍ ഉണര്‍ത്തുന്ന ചില സെന്റിമെന്‍സുകള്‍ മാത്രമാണ്.

ഏതായാലും സിനിമ നിരൂപിച്ചാലും കിരണ്‍ ഈ ദ്വന്ദ്വത്തില്‍ ചെന്നെത്തും എന്ന അറിവ് കൌതുകമുണര്‍ത്തുന്നു. നല്ല നിരൂപണം..

അങ്കിള്‍ said...

ഈ പോസ്റ്റ് വായനക്കാര്‍ ഇനിയെങ്ങനെ ആ സിനിമ കാണാന്‍ പോകും?

എത്ര കോടികളാണ് ആ സിനിമപിടിക്കാന്‍ വേണ്ടി വന്നതെന്ന വല്ല ബോധവും കിരണിനുണ്ടോ?

രാഷ്ട്രീയ നിരൂപകരെല്ലാം ഇനി സിനിമാ നിരൂപകരും കൂടിയായാലുള്ള സ്ഥിതി?

ജിവി/JiVi said...

കിരണ്‍ എഴുതിയതുകൊണ്ടല്ല, മുന്നേതന്നെ റെഡ് ചില്ലീസ് കാണെണ്ടെന്ന് തീരുമാനിച്ചിരുന്നു.

രാധേയന്റെ കമന്റ് വായിച്ചപ്പോള്‍ ‘നയം വ്യക്തമാക്കുന്നു’ കാണണമെന്ന് തോനുന്നു. അല്ല, നിങ്ങള്‍ രണ്ടു മമ്മൂട്ടിഫാന്‍സും കൂടി നമ്മടെ ലാലേട്ടന്റെ പടം പൊളിക്കാനും മമ്മൂട്ടി പടങ്ങളെ ബ്ലോഗിലൂടെ പ്രൊമോട്ട് ചെയ്യാനും ഇറങ്ങിയിരിക്കയാണോ!

Moorthy said...

ഇത് ഓഫ്. ചിത്രം കണ്ടില്ല. കാണുന്നുമില്ല.

കുറെക്കാലം മുന്‍പ് ജനം എന്നൊരു വി.ജി.തമ്പി ചിത്രം ഇറങ്ങിയിരുന്നു. മാണി സി കാപ്പന്‍ നിര്‍മ്മാണം. അദ്ദേഹത്തിന്റെ എല്ലാ രാഷ്ട്രീയവും ആ ചിത്രത്തിലുണ്ടായിരുന്നു. വില്ലന്മാര്‍ ചില്ലറക്കാരല്ല. മൂന്നു പേര്‍. ഇ.എം.എസ്. ലോറന്‍സ്, നായനാര്‍.(അതോ അച്ചുതാനന്ദനോ?) അത് അന്തകാലം. ഇന്നത്തെപ്പോലെ മിമിക്രിയില്‍ രാഷ്ട്രീയക്കാര്‍ അനുകരിക്കപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഡിറ്റോ അല്ല എന്നേ ഉള്ളൂ. പല്ലിശ്ശേരി, കരമന എന്നിവരായിരുന്നു രണ്ട് പേര്‍.മൂന്നാമനെ ഓര്‍മ്മയില്ല.

രാധേയന്റെ ഈ വാചകം രസകരം.

ഏതായാലും സിനിമ നിരൂപിച്ചാലും കിരണ്‍ ഈ ദ്വന്ദ്വത്തില്‍ ചെന്നെത്തും എന്ന അറിവ് കൌതുകമുണര്‍ത്തുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

സൂരജേ

രൗദ്രം പോലെ പടം ഇറങ്ങുന്നതിന്‌ മുന്‍പെ ഇതിലെ രാഷ്ട്രീയം ചര്‍ച്ചയായില്ല. അതിനാല്‍ വിവാദങ്ങള്‍ ഉണ്ടാകാന്‍ സമയം എടുക്കും. പിന്നെ ഷാജി കൈലാസ്‌ ഇന്ത്യാവിഷനില്‍ പറഞ്ഞത്‌ ഇതില്‍ സമകാലിക രാഷ്ട്രീയവുമായി ഒന്നുമില്ല എന്നാണ്‌. എന്തെങ്കിലും ഉണ്ടായാല്‍ തികച്ചും യാഥര്‍ഛികം

മനു.

ഞായറാഴ്ചത്തെ ഇന്ത്യവിഷന്‍ അഭിമുഖത്തില്‍ ഷാജി കൈലാസ്‌ പറഞ്ഞത്‌ ഇതില്‍ മോഹന്‍ലാലിനെ ഗസ്റ്റ്‌ അപ്പിയറന്‍സ്‌ മാത്രമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്‌. എന്നാല്‍ ഇടക്ക്‌ ലാലിന്റെ ഒരു പടം നീന്റു പോയപ്പോള്‍ ആ ദിവസങ്ങള്‍ ഈ ചിത്രത്തിന്‌ ഉപയോഗിച്ചുകൂടെ എന്ന് ലാല്‍ ചോദിക്കുകയും കഥയില്‍ അതനുസ്സരിച്ച്‌ മാറ്റം വരുത്തുകയുണ്ടായി എന്നാണ്‌. അപ്പോള്‍ ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴി അന്വര്‍ത്ഥമായി എന്ന് കരുതിയാല്‍ മതി

പിന്നെ എന്തു സംവിധാന വൈദഗ്ധ്യമാണ്‌ ഈ സിനിമയില്‍ ഷാജി ഉപയോഗിച്ചത്‌ എന്ന് എനിക്ക്‌ മനസിലായതെ ഇല്ലേ. ക്ലോസപ്പ്‌ ഷോട്ടുകളില്‍ പതിവ്‌ ക്യാമറ വിറപ്പീരുകള്‍ക്കപ്പുറം എന്താണ്‌ ഇതില്‍ ടെക്‌നിക്കല്‍ പുതുമ. തമിഴിലെ പുത്തന്‍ പിള്ളേര്‍ ഇതിലും മനോഹരമായി ലോബഡ്ജറ്റ്‌ സിനിമകള്‍ എടുത്ത്‌ കാണിച്ച്‌ തരും.

രാധേയ ,

രൗദ്രം എന്ന ചിത്രം ഫാരിസിന്റെ പത്രത്തിന്റെ എഡിറ്റര്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്ത്‌ ഇറക്കിയപ്പോള്‍ കേരളത്തില്‍ അത്‌ ഉണ്ടാക്കിയ പ്രതികരണങ്ങള്‍ ഓര്‍മ്മിക്കുന്നത്‌ നന്നായിരുക്കും. വി.എസ്‌ ആ സിനിമക്കെതിരെ ശക്തമായാ ഭാഷയിലാണ്‌ പ്രതികരിച്ചത്‌. മാത്രമല്ല അത്‌ ഒട്ടനവധി വിവാദങ്ങള്‍ക്ക്‌ അക്കാലത്ത്‌ കാരണമാകുകയും ചെയ്തു. പിന്നെയാണ്‌ മെട്രോ വാര്‍ത്ത എന്ന പത്രത്തിന്റെ അവതാരം. ആ പത്രം സ്ഥിരമായി വായിച്ചാല്‍ അവരുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്‌. വി.എസിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുന്നത്‌ ഏല്‍ക്കുന്നില്ല എന്ന് മനസിലാക്കിയ അവര്‍ മകനേയും മകളേയും ടാര്‍ഗ്ഗറ്റ്‌ ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഈ ചിത്രം കണ്ടാല്‍ ഞാന്‍ നിരൂപിച്ചത്‌ ശരിയാണ്‌ എന്ന് തോന്നും. രൗദ്രം സിനിമ രാധേയന്‍ കണ്ടിരുന്നില്ല എന്ന് തോന്ന് തോന്നുന്നു. കേരളത്തില്‍ രാഷ്ട്രീയ സിനിമ കാലാവസ്ഥയിലൊക്കെ പ്രകടമായ മാറ്റം CPM ലെ തമ്മിലടിക്ക്‌ കൊണ്ടുവരാന്‍ കഴിഞ്ഞു. അത്‌ തുടങ്ങിയത്‌ രാഷ്ട്രം എന്ന സുരോഷ്‌ ഗോപി സിനിമ മുതലാണ്‌ എന്നാണ്‌ എന്റെ നിരീക്ഷണം.

അങ്കിള്‍. അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന അങ്ങേക്ക്‌ സിനിമ നിരൂപണം വായിക്കമെങ്കില്‍ എനിക്ക്‌ സിനിമാ നിരൂപണം എഴുതാം. ഞാന്‍ നിരൂപണം എഴുതണം എന്ന് വിചാരിച്ചതല്ല . ഹരിയോ മറ്റോ എഴുതുന്ന നിരൂപണത്തില്‍ കമന്റിടാം എന്ന് മാത്രമാണ്‌ ഞാന്‍ വിചാരിച്ചിരുന്നത്‌. എന്നാല്‍ ആരും നിരൂപണം എഴുതാത്തതിനാല്‍ എഴുതാന്‍ നിര്‍ബന്ധൈതമായി എന്ന് മാത്രം

ജീവി, എന്ത്‌ അസംബന്ധമാണ്‌ ഈ പറയുന്നത്‌. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും എന്തിനാണ്‌ വ്യത്യസ്ഥമായി കാണുന്നത്‌. അവര്‍ രണ്ട്‌ പേരും മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്‌. എല്ലാ നല്ല മോഹന്‍ലാല്‍ സിനിമകള്‍ക്കും ഞങ്ങളുടെ പിന്‍തുണ ലഭിച്ചിട്ടുണ്ട്‌. ആദരണീയനായ മോഹന്‍ലാലിനെ ഞങ്ങള്‍ ഒരിക്കലൗം ആക്ഷേപിച്ചിട്ടില്ല ( ഒരു പിണറായി വിജയന്‍ പത്ര സമ്മേളന രീതിയില്‍ വായിക്കുക)

മൂര്‍ത്തീീീീീീീീ

Radheyan said...

രൌദ്രം കണ്ടിരുന്നു,കിരണ്‍ പറഞ്ഞതിനോട് പുതിയതായി ഒന്നും ചേര്‍ക്കാനില്ലാത്തത് കൊണ്ട് പ്രത്യേകം പരാമര്‍ശിച്ചില്ല എന്നു മാത്രം.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ സൌകരത്തിന്‍ നേതാക്കന്‍‌മാര്‍ അപ്പപ്പോള്‍ അലക്കുന്ന വിഴുപ്പുകള്‍ എടുത്ത് ഒരു സിനിമ ഉണ്ടാക്കിയാല്‍ അതും വെറും വിഴുപ്പ് മാത്രമായിരിക്കും.ഇതിനെയൊക്കെ രാഷ്ട്രീയ സിനിമ എന്ന് വിളിക്കാന്‍ എന്റെ രാഷ്ട്രീയ ബോധം അനുവദിക്കുന്നില്ല.അല്ലെങ്കില്‍ സിനിമാലയെ ഏറ്റവും നല്ല പൊളിറ്റിക്കല്‍ സറ്റയര്‍ എന്നു വിളിക്കേണ്ടി വരും. എന്റെ അഭിപ്രായത്തില്‍ ഞാന്‍ കണ്ടതില്‍ ഒരു പരിധി വരെ രാഷ്ട്രീയ സിനിമകള്‍ എന്ന് പറയാവുന്നത് താഴെ പറയുന്നവയാണ്.എന്ന് വെച്ച് അതില്‍ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തോട് എനിക്ക് യോജിപ്പുണ്ടെന്നല്ല.

1. മുഖാമുഖം
2. എലിപ്പത്തായം
3. പഞ്ചവടിപ്പാലം
4. ആദാമിന്റെ വാരിയെല്ല്
5. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
6. മീനമാസത്തിലെ സൂര്യന്‍
7. സന്ദേശം
8. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക
9. അറബിക്കഥ

അവസാനത്തെ മൂന്ന് സിനിമകളും രാഷ്ട്രീയം സട്ടിലായും ചിലപ്പോഴൊക്കെ പ്രകടമായും കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഒരു പരിധി വരെ അരാഷ്ട്രീയതയാണ് പരിഹാരം എന്ന ക്ലൈമാക്സിലേക്ക് ചൂണ്ടുപലകയുമായി നില്‍ക്കുന്നതാണ്.

ഇതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് പഞ്ചവടിപ്പാലവും ആദാമിന്റെ വാരിയല്ലുമാണ്.പഞ്ചവടിപ്പാലത്തെ അനികരിച്ച് ഷാജി കൈലാസ് ഡോ: പശുപതി എന്ന സിനിമ എടുത്തെങ്കിലും അത് വെറും കൂതറയായി പോയി.

(എന്റെ ലിസ്റ്റില്‍ പെടാത്ത രാഷ്ട്രീയ സിനിമകള്‍ ഉണ്ട്-ജോണ്‍ എബ്രഹാമിന്റെ സിനിമകള്‍,ഒരേ തൂവല്‍ പക്ഷികള്‍,അസ്ഥികള്‍ പൂക്കുന്നു,മരിക്കുന്നില്ല ഞാന്‍,തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തുടങ്ങിയവ.ഇവയൊന്നും മുഴുവന്‍ കണ്ടിരിക്കാനുള്ള ക്ഷമയോ പക്വതയോ ഇവ കണ്ട കാലത്ത് എനിക്കുണ്ടായിരുന്നില്ല, അതു കൊണ്ട് അവയെ കുറിച്ച് അഭിപ്രായം പറയുന്നില്ല)

നന്ദകുമാര്‍ said...

ഷാജി കൈലാസ് എന്നത് കാറ്റുപോയ ഒരു ബലൂണാണ്, അല്ലെങ്കില്‍ ഉള്ളില്‍ മരുന്നില്ലാത്ത ഓലപ്പടക്കം.


‍‍‍@ രാധേയന്‍
രാധേയന്‍ പറഞ്ഞ രാഷ്ട്രീയ സിനിമകളുടെ ലിസ്റ്റില്‍ ഒരു സിനിമ കൂടി ചേര്‍ത്തു വെയ്കാന്‍ തോന്നുന്നു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘പിറവി’. മകനെ നഷ്ടപ്പെട്ട ഒരു അച്ഛന്റെ വേദനയാണ് മുഖ്യമായും അതില്‍ പ്രതിപാദിക്കുന്നതെങ്കിലും അത് തികച്ചും ഒരു രാഷ്ടീയ സിനിമ തന്നെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മാത്രമല്ല ഒരു കൊടിയോ, മുദ്രാവാക്യമോ, രാഷ്ട്രീയനേതാക്കളോ, സമരമോ ഒന്നും കാണിക്കാതെ കേരളത്തിലെ ഒരു രാഷ്ട്രീയാവസ്ഥ ശക്തമായി പ്രതിപാദിച്ച ഒരേ ഒരു സിനിമയായിരിക്കും പിറവി. അച്ഛന്റെ ദു:ഖം (കുടുംബത്തിന്റേയും) ആണ് അത് വിഷ്വല്‍ ചെയ്യുന്നതെങ്കിലും അതിലെ രാഷ്ട്രീയം കാണാതിരിക്കാനാവില്ല.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ

റെഡ്‌ ചീല്ലിസ്‌ ഒരു രാഷ്ട്രീയ സിനിമ എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഇതില്‍ ഒരു രാഷ്ട്രീയ ലക്ഷ്യം ഉണ്ട്‌ എന്ന് മാത്രാമാണ്‌ പറഞ്ഞിരിക്കുന്നത്‌. ഈ ചിത്രം കണ്ടവരാരും ഇതിനേപ്പറ്റി ഒന്നു പ്രതികരിച്ചിരുന്നു എങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമായേനേ

അയല്‍ക്കാരന്‍ said...

മൂര്‍ത്തി പറഞ്ഞ ജനം എന്ന സിനിമയില്‍ ലോറന്‍സായി (ലൂക്കോസ് എന്നോ മറ്റോ ആയിരുന്നു സ്ക്രീന്‍ നെയിം) സുകുമാരന്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ. മാണി സി കാപ്പന്‌റെ രാഷ്ട്രീയം എന്നതിലുപരി അന്തരിച്ച കഥാകൃത്ത് സി കെ ജീവന്‍‌റെ രാഷ്ട്രീയം ആയിരുന്നിരിക്കണം ആ പടം. യൂക്കോയുടെ ഒരു വലിയ നേതാവായിരുന്നു ജീവന്‍. കൌതുകകരമായ കാര്യം ആ പടമിറങ്ങി വൈകാതെ തന്നെ ജീവന്‍ ഇടതുപാളയത്തിലെത്തി എന്നതാണ്. ഏറ്റുമാനൂര്‍ ജില്ലാ ഡിവിഷന്‍ പിടിച്ചെടുക്കാനും മാണിയോട് പോരാടിത്തോല്‍ക്കാനും ജീവന്‍ എല്‍ ഡി എഫി നൊപ്പം ഉണ്ടായിരുന്നു.

Haree | ഹരീ said...

വി.എസ്. സിനിമയിലെ മാണിസാറിന്റെയത്രയും വിപ്ലവവീര്യമുള്ള, ആ‍ദര്‍ശധീരനായ നേതാവാണോ? :-D

‘രൌദ്ര’ത്തിലേതു പോലെ ഒരു ഐയിമിംഗ് (ദുരുദ്ദേശത്തോടെ, വ്യക്തിഹത്യ നടത്തണമെന്ന പ്രകടലാക്കോടെ...) ഇതിലുണ്ടെന്നു തോന്നുന്നില്ല. പിന്നെ സാന്ദര്‍ഭികമായ ചില സാമ്യങ്ങള്‍, അത് രാഷ്ട്രീയ നേതാക്കളുള്ള ഏത് മലയാളം സിനിമയിലാണ് ഇല്ലാത്തത്? (മെട്രോ ഞാന്‍ സ്ഥിരമായി വായിക്കാറില്ല.)

അതെയതെ, ഒരാളെ കൊന്നശേഷം ഒറ്റയ്ക്കിരിക്കുമ്പോള്‍ പോലും താന്‍ കൊന്നുകളഞ്ഞയാളെക്കുറിച്ച് ഓര്‍ത്തോര്‍ത്തുവിഷമിക്കുന്ന കുറ്റവാളി ഷാജിയുടെ സിനിമയിലേ കാണൂ...

ഒരു കുറ്റാന്വേഷണ സിനിമയില്‍ ആരു കൊന്നു എന്നറിയുന്നതിനെക്കാള്‍ എനിക്കിഷ്ടം, ക്രൈം സീനില്‍ നിന്നും കുറ്റവാളിയിലേക്കുള്ള അന്വേഷകന്റെ സഞ്ചാരമാണ്. അതു മര്യാദയ്ക്കെടുത്ത് കാണിക്കുവാന്‍ ഇവിടെ ആളില്ല... കൊന്നത് സംശയം തോന്നാത്ത ഒരാളാവുന്നതില്‍ വലിയ കാര്യമൊന്നുമില്ല.
--

Haree | ഹരീ said...

"ഞായറാഴ്ചത്തെ ഇന്ത്യവിഷന്‍ അഭിമുഖത്തില്‍ ഷാജി കൈലാസ്‌ പറഞ്ഞത്‌ ഇതില്‍ മോഹന്‍ലാലിനെ ഗസ്റ്റ്‌ അപ്പിയറന്‍സ്‌ മാത്രമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്‌." - ഹെന്റീശ്വര! ഇതില്‍ ആകെയുള്ളത് ലാലിന്റെ അപ്പിയറന്‍സാണ്, അതുകൂടി ഗസ്റ്റാക്കിയിരുന്നെങ്കില്‍ എന്തായെനേ സ്ഥിതി!
--

മാരീചന്‍‍ said...

വ്യക്തമായ ലക്ഷ്യമുളള സിനിമയാണ് റെഡ് ചില്ലീസ് എന്നു തന്നെയാണ് എനിക്കും തോന്നിയത്. തിലകനെ ഇന്‍ഡ്രൊഡ്യൂസ് ചെയ്യുന്ന സീനില്‍ തൊട്ടു തുടങ്ങുന്നു, ആ സൂചനകള്‍.

ഒഎംആറിനെതിരെ തിലകന്റെ കഥാപാത്രം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വിഎസ് ഫാരിസിനെതിരെ ഉന്നയിച്ചവ തന്നെ. ഇതു പറഞ്ഞതിന് കൂടെ നില്‍ക്കുന്നവരടക്കം എന്നെ മന്ദബുദ്ധിയും കാലഹരണപ്പെട്ട പുണ്യവാളനെന്നും വിളിച്ചു എന്നു കൂടി പറയുമ്പോള്‍ സൂചന കൃത്യം.

ഒഎംആറിനെക്കുറിച്ച് പറയുമ്പോള്‍, ഒരു ഫോട്ടോ പോലും കിട്ടാനില്ല എന്ന് സിദ്ദിഖോ, ഗണേഷോ പറയുന്നുണ്ട്. ഫാരിസിന്റെ ഫോട്ടോ കിട്ടാനില്ലെന്ന് മാതൃഭൂമി നിലവിളിച്ചിരുന്നു.

മനോരമയും മാതൃഭൂമിയും ദേശാഭിമാനിയുമൊക്കെ ഉണ്ടായിട്ടും സിനിമയില്‍ കാണിക്കുന്നത് മെട്രോ പത്രമാണ്. അതും ഒരു സൂചനയായി കാണാനാണ് എനിക്കിഷ്ടം.

പക്ഷേ, ആ സൂചനയ്ക്ക് നിലനില്‍പ്പില്ല. ആദര്‍ശധീരനായ സഖാവ് മാണി വര്‍ഗീസിന്റെ വീട്ടില്‍ മെട്രോ വാര്‍ത്ത വരുത്തുമെന്ന് കരുതാന്‍ വയ്യ. മാത്രവുമല്ല, സഖാവിന്റെ ഡയറിയില്‍ ദേശാഭിമാനിയിരിക്കുന്ന ദൃശ്യം നേരത്തെ കാണിക്കുകയും ചെയ്തിരുന്നു.

മകന്‍ വെറുക്കപ്പെട്ടവരുടെ ഇടയിലെത്തിയത് സഖാവ് അറിഞ്ഞത് വളരെ വൈകിയാണ് എന്ന് ഒഎംആര്‍ അവസാനം സൂചിപ്പിക്കുന്നു. ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന് പറഞ്ഞ വിഎസിന് കൃത്യമായ മറുപടി.

ആദര്‍ശധീരനായ കമ്മ്യൂണിസ്റ്റ് പിതാവിന് അറുവഷളനായ മകനെന്നു ഷാജി കൈലാസിന്റെ സൂചന. തന്തയുടെ ഒടുക്കം മകനിലൂടെയെന്ന സൂചനയിലും സമകാലിക രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുണ്ട്. തനിക്കുണ്ടെന്ന് വിഎസ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആദര്‍ശ വ്യക്തിത്വത്തിന്റെ അവസാനം അദ്ദേഹത്തിന്റെ മകനിലൂടെ നശിക്കുമെന്നൊരു മുന്നറിയിപ്പും കൂടി വേണമെങ്കില്‍ വായിച്ചെടുക്കാം.

സിനിമ മഹാ ബോറ്. ഒമര്‍ എന്ന് കഥാപാത്രമാണ് മോഹന്‍ലാല്‍ എന്നു കേള്‍ക്കുമ്പോള്‍, മുല്ലാ ഒമര്‍, ഒമര്‍ അബ്ദുളള മുതലായ മുസ്ലിം ജനുസിലുളള ഏതെങ്കിലും കഥാപാത്രമാണെന്ന് പേടിച്ചവരെ സംവിധായകന്‍ ആശ്വസിപ്പിക്കുന്നുണ്ട്. ഒഎംആര്‍ എന്നാല്‍ ഒയ്യാരത്ത് മഠത്തില്‍ രാമന്‍. നായകന്‍ ഒന്നാന്തരം പട്ടര്‍. പിന്നെ അഗ്രഹാരം, സജ്ജനങ്ങളോട് ഭക്തിയും ബഹുമാനവും. നായകന്റെ സവര്‍ണ പശ്ചാത്തലം ഒട്ടും ചോരാതെ പകര്‍ത്തിയിട്ടുണ്ട്.

ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, സമകാലിക രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ചില സൂചനകള്‍ നല്‍കുന്ന ഒരു വിഷ്വല്‍ ഗിമ്മിക്കാണ് സിനിമ. നിരൂപണം ഒരു പോസ്റ്റാക്കി എഴുതണമെന്ന് കരുതിയതാണ്. വയ്യ.

നതാഷ said...

റെഡ് ചില്ലീസ് കണ്ടില്ല. ഷാജി കൈലാസിന്റെ ഇതിനു മുന്‍പത്തെ ചിത്രമായ സൗണ്ട് ഓഫ് ബൂട്ട്സ് കണ്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ കഥ എന്നു തെറ്റിദ്ധരിപ്പിച്ച് എന്തൊക്കെയോ കാട്ടിക്കൂട്ടിയിരിക്കുന്നു. സാമാന്യം നല്ല സാമൂഹികാവബോധമുള്ള ഒരു സമൂഹമാണ് മലയാളികള്‍ എന്നു തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം. എന്നിട്ടും നമ്മുടെ സിനിമകള്‍ എങ്ങനെ ഇത്ര തരംതാഴ്ന്നു പോകുന്നു എന്നു മനസ്സിലാകുന്നില്ല.
രാധേയന്റെ ലിസ്റ്റില്‍ പെടാത്ത ഒരു സിനിമ: അമ്മ അറിയാന്‍.
ആ ലിസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടമായ സിനിമ: ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.

kaalidaasan said...

ചുവന്ന ചെല്ലികളെന്ന പേര്‍ അന്വര്‍ത്ഥമാക്കുന്ന ഒരു സിനിമ. കറുത്ത ചെല്ലികളെ കണ്ടിട്ടുണ്ട്. ചുവന്ന ചെല്ലികളെ ആദ്യം കാണുകയാണ്.