Monday, April 27, 2009

തൊഴിലാളി വര്‍ഗ്ഗ സഭാധിപത്യം

തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാന്‍ കത്തോലിക്ക സഭയും രംഗത്തു വരുന്നു എന്നതാണ്‌ ഈ വരുന്ന മെയ്‌ദിനത്തിന്റെ പ്രത്യേകത. അതിനോട്‌ മുന്നോടിയായി പള്ളികളില്‍ ഇടയലെഖനം വായിച്ചു. മാധ്യമം പത്രത്തില്‍ 27 ആം തിയതി പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കുകകത്തോലിക്കാ സഭ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നു
ചങ്ങനാശേരി: സമകാലിക സാഹചര്യങ്ങളെ അതിജീവിക്കാന്‍ ക്രൈസ്തവ തൊഴിലാളി സംഘടന രൂപവത്കരിക്കാന്‍ കത്തോലിക്കാ സഭ തീരുമാനം. സംഘടന രൂപവത്കരിച്ച് എല്ലാ ഇടവകകളിലും കര്‍മപദ്ധതി ആവിഷ്കരിക്കും. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് സംഘടനക്ക് തുടക്കം കുറിക്കാന്‍ പ്രേരണ നല്‍കുന്ന ഇടയലേഖനം നാളെ എല്ലാ പള്ളികളിലും വായിക്കും.

മേയ്ദിന സന്ദേശം എന്ന തലക്കെട്ടില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ചങ്ങനാശേരി അതിരൂപതയും ചേര്‍ന്നാണ് ഇടയലേഖനം തയാറാക്കിയത്. എല്ലാ തൊഴിലാളികള്‍ക്കും മംഗളാംശംസ നേര്‍ന്നാണ് ഇടയലേഖനം ആരംഭിക്കുന്നത്.രൂപതകളുടെ പരിധിയിലെ തൊഴിലാളികളുടെ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ ആത്മീയവും ഭൌതികവുമായ പുരോഗതിയും നന്മയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ലേബര്‍ കമീഷന്‍. കമീഷന് കീഴില്‍ കേരള ലേബര്‍ മൂവ്മെന്റ് (കെ.എല്‍.എം)എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തൊഴിലാളി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു. തൊഴിലാളികളുടെ ഉന്നതിക്കും പുരോഗതിക്കും സവിശേഷ പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനത്തിലൂടെ പുതിയൊരു തൊഴില്‍ സംസ്കാരത്തിന് രൂപം കൊടുക്കാനാണ് കെ.എല്‍.എം ശ്രമിക്കുന്നത്.

സാമ്പത്തികമാന്ദ്യം എല്ലാവരെയും ബാധിക്കും. എന്നാല്‍ ആവശ്യത്തിലേറെ സമ്പാദിച്ച ധനാഢ്യരെ സംബന്ധിച്ച് പ്രശ്നമല്ല. മാന്ദ്യത്തില്‍ ബലിയാടാകുന്നത് തൊഴിലാളികളാണ്. കേരളത്തില്‍ 38 ലക്ഷം പേരുടെ തൊഴിലിനെ ബാധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനത്തില്‍ തെളിയുന്നത്. ചെറുകിട കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മല്‍സ്യതൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, കയര്‍, കശുവണ്ടി തൊഴിലാളികള്‍ എന്നിവരെ മാന്ദ്യം ബുദ്ധിമുട്ടിലാക്കും. അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ ജോലിക്കാരെ പിരിച്ചുവിടും. ആറ് പതിറ്റാണ്ടുകള്‍ക്കിടയില്‍ അസംഘടിത വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷക്കും സമഗ്ര നിയമങ്ങള്‍ രൂപവത്കരിച്ചിട്ടില്ല. എന്നാല്‍ അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട് വലിയ കാല്‍വെപ്പാണ്. സാമ്പത്തികമാന്ദ്യം, വികസനത്തിന്റെ സദ്ഫലങ്ങള്‍ താഴെ തട്ടിലേക്ക് വിതരണം ചെയ്യാതിരിക്കല്‍, ക്ഷേമ രാഷ്ട്ര ആശയത്തിനുള്ള സര്‍ക്കാറിന്റെ പിന്മാറ്റം, കമ്പോള സംസ്കാരത്തിന്റെ വളര്‍ച്ച, ഭൌതിക മൂല്യങ്ങളുടെ സ്വാധീനം, ട്രേഡ്യൂനിയനുകളുടെ മൂല്യച്യുതി, തൊഴിലാളി ചൂഷണം എന്നിവയില്‍ സമഗ്ര പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ കെ.എല്‍.എമ്മിന് കഴിഞ്ഞിട്ടുണ്ട്. വെള്ളക്കോളര്‍ ജോലി മാത്രം തൊഴിലായി കണക്കാക്കുന്നവര്‍ക്ക് പുരോഗതി എളുപ്പമാകില്ല. എന്തിനും ഏതിനും സമരവും ബന്ദും നടത്തി ഉല്‍പാദനം തടസ്സപ്പെടുത്തുന്നതും ശരിയല്ല^ഇടയലേഖനത്തില്‍ പറയുന്നു. പുതിയ കാഴ്ചപ്പാടും മനോഭാവവും പ്രവര്‍ത്തന ശൈലിയും സ്വാംശീകരിക്കാന്‍ തയാറാകുമെന്ന് മേയ് ദിനത്തില്‍ പ്രതിജ്ഞയെടുക്കാമെന്ന സന്ദേശത്തോടെയാണ് ഇടയലേഖനം അവസാനിക്കുന്നത്.
ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തയാറാക്കിയ ഇടയലേഖനത്തില്‍ കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഔപചാരികമായി ഒരു വര്‍ഷം പിന്നിട്ട കെ.എല്‍.എം പ്രധാനമായും ചങ്ങനാശേരി, തൃക്കൊടിത്താനം ഫൊറോനകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതുതായി രൂപവത്കരിച്ച കത്തോലിക്കാ തൊഴിലാളി അയല്‍ക്കൂട്ടം സഭാ ബോധനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ഉത്തമ വേദിയായി മാറിയതാണ് പുതിയ തൊഴില്‍ സംസ്കാരം രൂപപ്പെടുത്താന്‍ സഭയെ പ്രേരിപ്പിച്ചതെന്ന് ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പി.എസ്. താജുദ്ദീന്‍ഈ വിഷയത്തെ രണ്ടു രീതിയില്‍ നോക്കിക്കാണാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. പോസിറ്റീവായ വശത്തു നിന്ന് ആദ്യം തുടങ്ങാം. തൊഴിലാളി സംഘടനകളോട്‌ പൊതുവേ ആഭിമുഖ്യമില്ലാത്തവരാണ്‌ കത്തോലിക്ക വിശ്വാസികള്‍. നിലവിലുള്ള തൊഴിലാളി സംഘടനകള്‍ക്ക്‌ സംഘടിപ്പിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവര്‍ കുറവായതും അലെങ്കില്‍ അവര്‍ ഉള്ള മേഖലകളില്‍ നിലവിലുള്ള തൊഴിലാളി സംഘടനങ്കള്‍ക്ക്‌ അവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതോ ആണ്‌ ഇതിനു കാരണം. കത്തോലിക്ക സഭാ വിശ്വാസികളില്‍ വലിയൊരു വിഭാഗം ചെറുകിട കര്‍ഷകരാണ്‌. സ്വയം മുതലാളിയും തൊഴിലാളിയുമായി പ്രവര്‍ത്തിക്കുന്നവര്‍. ഈ വിഭാഗം ആള്‍ക്കാര്‍ മറ്റ്‌ തൊഴിലാളികളേ ചിലപ്പോള്‍ ജോലിക്ക്‌ വിളിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊപ്പം ഇവരും ജോലിയെടുക്കുന്നു. റമ്പര്‍, കവുങ്ങ്‌, തെങ്ങ്‌ തുടങ്ങിയ കൃഷികള്‍ ചെയ്യുന്ന ഈ വിഭാഗം കൃത്യമായി പറഞ്ഞാല്‍ അസംഘിടിതരാണ്‌. ഈ വിഭാഗം ആള്‍ക്കാരെ സംഘടിപ്പിക്കാനാണ്‌ സഭ മുഖ്യമായു ശ്രമിക്കുക. അവര്‍ക്ക്‌ പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ ഇന്‍ഷുറന്‍സ്‌ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതിനായിരിക്കും സഭ മുന്‍തൂക്കം നല്‍കുക.

ഏതാണ്ട്‌ 50 വര്‍ഷത്തോളം ഇത്തരത്തിലുള്ള ഒരു വിഭാഗം ഉണ്ടായിട്ടും എന്തുകൊണ്ടാണ്‌ ഈ കൂട്ടരെ ആരും സംഘടിപ്പിക്കത്തത്‌ എന്ന് ചിന്തിക്കുന്നത്‌ രസകരമാണ്‌ എന്ന് തോന്നുന്നു. അതിന്‌ കാരണമായി എനിക്ക്‌ തോന്നുന്നത്‌ ഈ വിഭാഗക്കാര്‍ പൊതുവില്‍ UDF അനുഭാവികളാണ്‌. എന്നാല്‍ അവരുടെ തൊഴിലാളി സംഘടനയാകട്ടേ അത്തരത്തിലൊരു നീക്കം നടത്തിയതും ഇല്ല. എന്നാല്‍ അതിന്‌ സാധിക്കുമായിരുന്ന കേരള കോണ്‍ഗ്രസുകള്‍ അധികരം വടംവലിയുടെ ഭാഗമായി മുന്നോട്ട്‌ പോയീ. ഇടതു കക്ഷികള്‍ക്ക്‌ ഒരു സ്വാധീനവും ഈ വിഭാഗങ്ങളുടെ ഇടയില്‍ ഇല്ലാത്തതിനാല്‍ വര്‍ക്കും ഇവരെ സംഘടിപ്പിക്കാനയില്ല. എന്നാല്‍ ഇടക്ക്‌ ഇന്‍ഫാം പോലുള്ള കൂട്ടായ്മകള്‍ വന്നെങ്കിലും അത്‌ കേവലം റമ്പര്‍ സംഘടന ആയിരുന്നു. റബ്ബറിന്‌ വില വന്നതോടെ ഇന്‍ഫാമും പോയി. ഫാര്‍മേഴ്സ്‌ റിലീഫ്‌ ഫോറം പോലുള്ള സംഘടനകള്‍ വന്നെങ്കിലും അവര്‍ക്കും കാര്യമായി വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കത്തോലിക്ക സഭ ഈ രംഗത്തേക്ക്‌ വരുമ്പോള്‍ ഈ മേഖലയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയും എന്നാണ്‌ എന്റെ പ്രതീക്ഷ. എന്നാല്‍ തൊഴിലാളി സംഘടന എന്നതിനപ്പുറം ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടോ എന്നതും ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്‌. ത്രിശ്ശൂര്‍ രൂപതയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങനെ സൂചിപ്പിക്കുന്നു


തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കത്തോലിക്കാ സഭ

അടുത്ത പഞ്ചായത്ത് തെര ഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്കു മത്സരിക്കാന്‍ വിശ്വാസികളോടു കത്തോലിക്കാ സഭയുടെ ആഹ്വാനം. തൃശൂര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂ താഴത്ത് രക്ഷാധികാരിയായ രൂപതാ മുഖപത്രം
കത്തോലിക്കാസഭ'യുടെ പുതിയ ലക്കത്തിലാണ് ഈ നിര്‍ദേശമടങ്ങുന്ന ലേഖനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടുവയ്പ്പു നടത്താന്‍ ഉദ്ദേശിച്ചു തന്നെയാണു ലേഖനമെന്നു രൂപതാ നേതൃത്വം വ്യക്തമാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കുമെന്ന സൂചനയുമുണ്ട് ലേഖനത്തില്‍.
ക്രൈസ്തവ യുവജനങ്ങള്‍ മൂല്യാധിഷ്ടിത രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സമയമായെന്ന് ഓര്‍മപ്പെടുത്തിയാണു ലേഖനം തുടങ്ങുന്നത്. മാറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍നിന്നു തുടങ്ങണം. ഇനിയുള്ള കാലം വെ റും വോട്ട്കുത്തികളും വഴിയോര കാഴ്ചക്കാരുമായിത്തന്നെ നിന്നാല്‍ മതിയോ എന്ന ചോദ്യവും സഭ ഉന്നയിക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരം ഒരു ചിന്തയ്ക്കു സഭയെ പ്രേരിപ്പിച്ചിട്ടുള്ളത്. വരും തെരഞ്ഞെടുപ്പുകളി ല്‍ സത്യവും നീതിയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ശക്തികളോത്തു കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്നും ലേഖനത്തിലൂടെ സഭ പ്രഖ്യാപിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പി നു ശേഷമുള്ള രാഷ്ട്രീയ സാഹ ചര്യങ്ങള്‍ വിശകലനം ചെയ്താണു പുതിയ തീരുമാനങ്ങള്‍. രാജ്യത്തെ നാലു ശതമാന ത്തോളമേ ക്രൈസ്തവ സമൂഹമുള്ളതെങ്കിലും സമസ്ത മേഖലകളി ലും മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ലേഖനത്തിലൂ ടെ സഭ അവകാശപ്പെടുന്നു. കാലത്തിന്‍റെ വെല്ലുവിളികളെ തിരിച്ചറിയുന്നതാണ് ഇപ്പോഴത്തെ മാറ്റത്തിനു കാരണം. ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതരത്വത്തിനും നേര്‍ക്കുണ്ടാകുന്ന വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സഭാ മേലധ്യക്ഷന്മാരെ അവഗണിക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നതില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെ ന്നും, ഇക്കാരണത്താല്‍ രാഷ്ട്രീ യകാര്യങ്ങളില്‍ ഇനി സഭ സ്വതന്ത്ര നിലപാടു സ്വീകരിക്കുമെന്നും ലേഖനത്തില്‍ ഉറപ്പിച്ചു പറയുന്നു.
പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടുന്നതിലൂടെ രാഷ്ട്രീയാടിത്തറയോടെ മുന്നേറാന്‍ കഴിയുമെന്ന തിരച്ചറിവാണു തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ പ്രവേശനം നടത്താന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു രൂപതാ വക്താവു
മെട്രൊ വാര്‍ത്ത'യോടു പറഞ്ഞു. സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നു സഭ അവകാശപ്പെടുന്നു. തൃശൂര്‍, കോട്ടയം ജില്ലകളില്‍ സിറിയന്‍ കത്തോലിക്കര്‍ക്കും എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും വ്യക്തമായ സ്വാധീനമു ണ്ട്. സഭയുടെ ശക്തി ലോക്സ ഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും. രാഷ്ട്രീയത്തിലേ ക്ക് ഇറങ്ങാനുള്ള തയാറെടുപ്പി ല്‍ വിവിധ സഭാ നേതൃത്വങ്ങളെ ഒന്നിപ്പിച്ചുള്ള പ്രവര്‍ത്തനവും സഭ ലക്ഷ്യമിടുന്നുണ്ട്. തൃശൂര്‍ അതിരൂപതയുടെ നിലപാട് കെസിബിസി ചര്‍ച്ചചെയ്യുമെന്നും രൂപതാ നേതൃത്വം പറയുന്നു.
ഇടവക തലങ്ങളില്‍ ട്രേഡ് യൂനിയന്‍ രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കെസിബിസിയുടെ ഇടയലേഖനം ഇന്നു കുര്‍ബാന മധ്യേ സംസ്ഥാന ത്തെ കത്തോലിക്കാ പള്ളികളില്‍ വായിക്കും. വരുകാല സാമൂഹ്യ വ്യവസ്ഥതിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സഭ തയാറെടുക്കുകയാണെന്നാണ് ഈ രണ്ടു ലേഘനങ്ങ ളും നല്‍കുന്ന സൂചന.


ഇനി നെഗറ്റീവായ സംഗതികളിലേക്ക്‌ വന്നാല്‍ ഞാന്‍ ആദ്യം പറയുക കത്തോലിക്ക സഭ തൊഴിലാളി സംഘടന എന്ന ആശയവുമായി വരുന്നതിന്‌ മുന്‍പ്‌ നിര്‍ബന്ധമായു ചെയ്തു തീര്‍ക്കേണ്ട ചില സംഗതികള്‍ ഉണ്ട്‌ . അതില്‍ പ്രധാനം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലാണ്‌ അത്‌. 5000 രൂപ ഒപ്പിടീച്ച്‌ 2500 രൂപ സാലറി നല്‍കുന്ന ഒരുപാട്‌ സഭാ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്‌ അണ്‍ ഏയിഡഡ്‌ മേഖലകളില്‍ ഉണ്ട്‌. അതുപോലെ സഭയുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍. ഈ വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന വേതനം ഏത്‌ അളവു കോലുകൊണ്ട്‌ അളന്നാലും നീതീകരിക്കാന്‍ കഴിയുന്നതല്ല. സഭയുടെ തൊഴിലാളി സംഘടന പ്രവര്‍ത്തനത്തിനെതിരെ ആദ്യം ഉയരുന്ന വെടി ഈ മേഖലകളില്‍ നടക്കുന്ന ബോധപൂര്‍വ്വമായി ചൂഷണങ്ങില്‍ ഊന്നിയാകും. സ്വായശ്ര സ്ഥാപങ്ങളില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ ഒഴിവാക്കി പ്രവേശനത്തില്‍ സുതാര്യത വരുത്തിയതുപോലെ ഇവിടെയും മാറ്റം ഉണ്ടാക്കാന്‍ കഴിണം. അതുപോലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒഴിവാക്കി മുന്നോട്ട്‌ പോയാല്‍ നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാന്‍ പോലും ഈ തൊഴിലാളി സംഘടന പ്രവര്‍ത്തനം സഹായിച്ചേക്കാം

Monday, April 06, 2009

ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യരുത്‌

ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യരുത്‌ എന്ന് ആഹ്വാനം ചെയ്യുന്ന കോതമംഗലം രൂപതയുടെ ആഹ്വാനത്തെപ്പറ്റി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കുന്നത്‌ രസകരമായിരിക്കും എന്നതിനാല്‍ പുന:പ്രസിദ്ധീകരിക്കുന്നു.

കോതമംഗലം: കേരളത്തില്‍ കമ്യൂണിസ്റ്റ്‌ ഏകാധിപത്യത്തിനും തുടര്‍ഭരണത്തിനും നീക്കം നടത്തുന്നതായി കോതമംഗലം രൂപത. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്ത്‌ അക്രമത്തിന്റെ പാത പിന്തുടരുന്ന മാര്‍ക്‌സിസ്റ്റ്‌ ജനാധിപത്യം സ്ഥാപിക്കാനുള്ള നീക്കം വോട്ടര്‍മാര്‍ ചെറുക്കണമെന്ന്‌ 'കേരളം ഒരു ഏകകക്ഷി സര്‍വാധിപത്യത്തിലേക്കോ?' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ലഘുലേഖ ആഹ്വാനംചെയ്യുന്നു. പള്ളികളില്‍ ഞായറാഴ്‌ച വിതരണംചെയ്‌ത ലഘുലേഖ ഇടതുപക്ഷത്തിനെതിരായി വോട്ട്‌ചെയ്യണമെന്ന്‌ വ്യക്തമായിതന്നെ പറയുന്നുണ്ട്‌. 

ദൈവത്തിന്റെ സ്വന്തം നാടായ കേരളം നിരീശ്വരത്വത്തിന്റെയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെയും നീരാളിപ്പിടിത്തത്തിലാണ്‌. ഇവിടെ കമ്യൂണിസ്റ്റ്‌ ഏകാധിപത്യവും കമ്യൂണിസ്റ്റ്‌ തുടര്‍ഭരണവും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ നിയമവും പാഠപുസ്‌തക പരിഷ്‌കരണങ്ങളും സി.ഡി. വിവാദവും നികൃഷ്ടജീവി പ്രയോഗവും നിയമപരിഷ്‌കരണ ശുപാര്‍ശകളും നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ഷകരെ തുറങ്കലിലടച്ച്‌ ഭൂമി പിടിച്ചെടുത്ത്‌ പാര്‍ട്ടി സംഘങ്ങളെ ഏല്‌പിക്കാനുള്ള നിയമവും കൊയ്‌ത്ത്‌യന്ത്ര ഉപരോധവും അക്രമികള്‍ക്കും ഗുണ്ടകള്‍ക്കും പാര്‍ട്ടിക്കാര്‍ പരിരക്ഷ നല്‍കുന്നതും എല്ലാം ഏകകക്ഷി ഭരണത്തെയും ഏകാധിപത്യത്തെയും ലക്ഷ്യംവച്ചാണ്‌. 

ചൂണ്ടയിടുന്ന മീന്‍പിടിത്തക്കാരന്റെ കൗശലത്തോടെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അധികാരം നിലനിര്‍ത്താന്‍ ആനുകൂല്യങ്ങളുടെ അപ്പക്കഷണങ്ങള്‍ എറിഞ്ഞ്‌ അറിവില്ലാത്തവരെയും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെയും കബളിപ്പിച്ചും പ്രലോഭിപ്പിച്ചും ഒപ്പംനിര്‍ത്താന്‍ ശ്രമിക്കുന്നു. സമ്പന്നന്മാരെയാവട്ടെ അവര്‍ക്ക്‌ താത്‌പര്യമായതെല്ലാം കൊടുത്ത്‌ കൂടെ നിര്‍ത്തുന്നു. ശേഷിക്കുന്ന ന്യൂനപക്ഷത്തെ കായബലവും കുത്സിതമാര്‍ഗങ്ങളുംവഴി ഒതുക്കിയും ഭിന്നിപ്പിച്ചും ഇല്ലായ്‌മ ചെയ്യുന്നു. പ്രസക്തിനഷ്ടപ്പെട്ട കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അവസാന ആളിക്കത്തലാണിതെന്നും ലഘുലേഖ പറയുന്നു. 

തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കാത്തതാണ്‌ കേരളത്തിലെ വികസന മുരടിപ്പിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യംവഴിയാണ്‌ ഇവിടെ സര്‍ക്കാരുകള്‍ മാറി മാറി വരുന്നത്‌. അതിനെ ഇല്ലാതാക്കി ഏകകക്ഷി ഭരണം കൊണ്ടുവരാനാണ്‌ ഇടതുപക്ഷ നീക്കം. 

കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ ആധിപത്യത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക്‌ പുല്ലുവിലയാണ്‌. മന്ത്രിമാര്‍ കോടതികളെ വെല്ലുവിളിക്കുന്നു. ഭരണക്കാരുടെ ഇഷ്ടത്തിനൊത്ത്‌ തുള്ളുന്ന നിയമപാലകര്‍ പാര്‍ട്ടിക്കാര്‍ക്ക്‌ അക്രമം നടത്താന്‍ ഒത്താശചെയ്യുകയും ആക്രമിക്കപ്പെടുന്നവരെ പ്രതികളാക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കള്‍ പലവട്ടം അസഹിഷ്‌ണുതയോടെ നിയമവ്യവസ്ഥിതിക്കും നിയമപാലകര്‍ക്കുമെതിരെ വിരല്‍ ചൂണ്ടിയതും ലേഖനം എടുത്തുകാട്ടുന്നു. പാര്‍ട്ടിക്കാരെ സ്റ്റേഷനില്‍നിന്നും മോചിപ്പിക്കുന്നതും ശിക്ഷിക്കപ്പെട്ട ഗുണ്ടകളെ ജയിലില്‍നിന്നും പുറത്തിറക്കുന്നതുമൊക്കെ മാര്‍ക്‌സിസ്റ്റ്‌ ആധിപത്യത്തിന്റെ പ്രകടനമാണ്‌. 

മാര്‍ക്‌സിസ്റ്റ്‌ സോഷ്യലിസമാണ്‌ ഇവര്‍ നടപ്പാക്കുന്നത്‌. തൊഴിലാളികള്‍ എന്ന്‌ അവര്‍ വിളിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ പേരില്‍ ഏതാനും സ്വയം പ്രഖ്യാപിത നേതാക്കന്മാര്‍ നാട്ടിലെ മുഴുവന്‍ സ്വത്തും ഉത്‌പാദനോപാധികളും കൈയടക്കി ഭീഷണിയിലൂടെയും പോലീസിനെ ഉപയോഗിച്ചും ജനങ്ങളെ നിശ്ശബ്ദരാക്കി നടത്തുന്ന ആക്രമണമാണത്‌. അവിടെ വ്യക്തിസ്വാതന്ത്ര്യമില്ല, സ്വകാര്യ സ്വത്തുമില്ല.
 

മതനിഷേധമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പറയുന്ന മതേതരത്വം. ദൈവവിശ്വാസവും മതാംഗത്വവുമില്ലാത്ത നപുംസക ജീവികളെ വാര്‍ത്തെടുക്കുകയാണ്‌ അവരുടെ ലക്ഷ്യം. ദയാവധം, ആത്മഹത്യ എന്നിവ നിയമവിധേയമാക്കാനുള്ള നിര്‍ദേശങ്ങളെയും ലേഖനം അപലപിക്കുന്നു. 

ക്രൈസ്‌തവ സമ്പത്ത്‌ കൈയടക്കാനും ഗൂഢനീക്കം നടക്കുന്നു. ഇതുവഴി സഭയെതന്നെ ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ്‌ തുടര്‍ഭരണത്തിന്‌ മുഖ്യപ്രതിസന്ധി ബിഷപ്പുമാരും വൈദികരുമടങ്ങുന്ന സഭയാണ്‌. അവരെ അവഹേളിക്കാനും കുത്സിത മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ നിന്നകറ്റാനും ശ്രമിക്കുന്നത്‌ അതുകൊണ്ടാണ്‌. ഈ പശ്ചാത്തലത്തില്‍ യഥാര്‍ഥ ജനാധിപത്യത്തിലും ദൈവത്തിലും വിശ്വസിക്കുകയും മതജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ലഘുലേഖ ആഹ്വാനംചെയ്യുന്നു. 

വരും ദിവസങ്ങളില്‍ പാരീഷ്‌ കൗണ്‍സിലില്‍ അംഗങ്ങള്‍വഴി ഇത്‌ വീടുകളില്‍ എത്തിക്കാനും നീക്കമുണ്ട്‌. കോതമംഗലം രൂപത പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗമാണ്‌ ഇത്‌ പുറത്തിറക്കിയിരിക്കുന്നത്‌

Wednesday, April 01, 2009

ജനതാ തള്ള്‌ കീ ജയ്‌

കേരള രാഷ്ട്രീയ ഒരു വീരനേ ഉള്ളൂ അത്‌ നമ്മുടെ സ്വന്തം സോഷ്യലിസ്റ്റ്‌ വീരേന്ദ്രകുമാര്‍. ധാര്‍മ്മികതയുടെ ആള്‍ രൂപം. കേരളത്തിലെ അതിശക്തമായ ജനതാദള്ളിന്റെ സാരധി. ആഗോളവല്‍ക്കരണത്തിന്റെ കടുത്ത എതിരാളി ( ഇടക്കാലത്ത്‌ ചിദംബരത്തിന്റെ കൂടെ സഹമന്ത്രി ആയി ഇരുന്നിട്ടുണ്ട്‌ എന്നത്‌ ഒരു കുറവായി കരുതരുത്‌).ഗാട്ടിന്റെ കാണാചരടിലൂടെ ആഗോളവല്‍ക്കരണത്തേയും മുതലാളിത്തത്തേയും പ്രതിരോധിച്ച മഹാന്‍. ഇപ്പോള്‍ അദ്ദേഹം ഇടതുമുന്നണിയേയും CPM നേയും പാഠം പഠിപ്പിക്കാന്‍ ഇറങ്ങീയിരിക്കുന്നു. UDF ന്‌ വോട്ട്‌ ചെയ്യാനാണ്‌ അദ്ദേഹത്തിന്റെ ആഹ്വാനം.

കോഴിക്കോട്‌ സീറ്റ്‌ ലഭിക്കാതെ പോയതിലുള്ള അതിയായ സങ്കടമാണ്‌ അദ്ദേഹത്തെ ഇത്തരം കടുത്ത നിലപാടിലേക്ക്‌ എത്തിച്ചത്‌. എന്നാല്‍ CPM ന്റെ വിഭാഗിയതയില്‍ കൃത്യമായി പക്ഷം ചേര്‍ന്ന് ഉപചാപങ്ങള്‍ നടത്തിയതിനുള്ള തിരിച്ചടിയാണ്‌ കോഴിക്കോട്‌ സീറ്റ്‌ വീരന്‌ നഷ്ടമാക്കിയത്‌. കോഴിക്കോട്‌ സീറ്റ്‌ ഇപ്പോള്‍ ഫാരിസിന്റെ നോമിനിക്കാണ്‌ നല്‍കിയത്‌ എന്ന ആരോപണവുമായി വീരന്‍ രംഗത്ത്‌ എത്തിയിരിക്കുന്നു. അവിടെ നിന്നും പോയി ഇതാ മറ്റൊരു ആരോപണവും വീരന്‍ ഉന്നയിക്കുന്നു

കോഴിക്കോട്‌ മണ്ഡലത്തില്‍ സി.പി.എം. നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ഥി മുഹമ്മദ്‌ റിയാസിന്റെ പിതാവ്‌, എം.കെ. പ്രേംനാഥ്‌ എം.എല്‍.എ.യെ അടിയന്തരാവസ്ഥയില്‍ മര്‍ദിച്ചയാളാണ്‌. എം.പി.യായ എന്‍.എന്‍. കൃഷ്‌ണദാസിനെയും ടി. ശിവദാസമേനോനെയും അദ്ദേഹം മര്‍ദിച്ചിട്ടുണ്ട്‌. ഇതിനുള്ള പാരിതോഷികമാണ്‌ ഇപ്പോഴത്തെ സ്ഥാനാര്‍ഥിത്വം. 


ഈ മാനദണ്ഡമൊക്കെ വച്ചാല്‍ CPI ക്കും RSP ക്കുമൊന്നും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍പ്പോലും സീറ്റ്‌ നല്‍കാന്‍ കഴിയില്ല. CPI ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത്‌ കോണ്‍ഗ്രസിനൊപ്പമായിരുന്നു.വിമോചന സമരകാലത്ത്‌ RSP സമരക്കാര്‍ക്കൊപ്പമായിരുന്നു. തന്ത പോലീസായി സമരക്കാരെ തല്ലിയാല്‍ പാര്‍ട്ടി യുവജനസംഘടനയുടെ ജില്ലസെക്രട്ടറിക്ക്‌ സീറ്റ്‌ നല്‍കാന്‍ പാടില്ല എന്നൊക്കെപ്പറായമാത്രം വീരന്‍ അധപധിച്ചു.

ദേശാഭിമാനി ബോണ്ട്‌ വിവാദമാണ്‌ CPM നെ വിറളിപ്പിടിപ്പിച്ചതെന്നും അതിനാലാണ്‌ സീറ്റ്‌ ന്‍ഷ്ടപ്പെട്ടതെന്നുമാണ്‌ വീരന്‍ പക്ഷക്കാരുടെ മറ്റൊരു ആരോപണം. അതില്‍ ചില്ലറ കാര്യം ഇല്ലാതില്ല. എന്നാല്‍ ഇതിന്റെ പേരില്‍ അത്രക്ക്‌ ധാര്‍മ്മിക രോഷം കൊള്ളാന്‍ വീരന്‌ എന്ത്‌ അവകാശം?

കോട്ടയം സമ്മേളനം വരെ CPM ഇല്‍ നിലനിന്നിരുന്ന ശക്തമായ വി.എസ്‌ പിണറായി ബലാബലത്തില്‍ അച്ചുതാനന്ദനൊപ്പമായിരുന്നു മാതൃഭൂമി പത്രം. അതിന്റെ എഡിറ്റര്‍ ഗോപാലകൃഷ്ണന്‍ ഔദ്യോഗിക പക്ഷത്തെ കടന്നാക്രമിച്ചു. ലിസ്‌ വിവാദം ബോണ്ട്‌ വിവാദം ഫാരിസ്‌ വിവാദം പിതൃശൂന്യ വിവാദം അങ്ങനെ പോയി കാര്യങ്ങള്‍. എന്നാല്‍ കോട്ടയം സമ്മേളനത്തോടെ പിണറായി പാര്‍ട്ടി പിടിക്കുകയും വി.എസ്‌ ഒതുങ്ങുകയും ചെയ്തതോടെ ഗോപാലകൃഷ്ണന്റെ തൊപ്പി തെറിച്ചു. അതിന്റെ അനുരണനങ്ങള്‍ പിന്നെ മാതൃഭുമിയില്‍ ദൃശ്യമായി. ബോണ്ട്‌ വിവാദത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇന്ത്യവിഷനടക്കമുള്ള ദൃശ്യമാധ്യാമങ്ങള്‍ മാതൃഭൂമിയുടെ രണ്ട്‌ കോടി കോഴ എന്ന ഫ്രണ്ട്‌ പേജ്‌ വാര്‍ത്ത കാണിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ മാതൃഭൂമിയുടെ 7 പേജിലും 9 ആം പേജിലുമൊക്കെ ചെറിയ കോളം വാര്‍ത്തകളായി മാറി. മാതൃഭൂമി അന്വേഷിച്ച്‌ കണ്ടെത്തിയ വാര്‍ത്തകളുടെ ഫോളോ അപ്പ്‌ വാര്‍ത്തകള്‍ക്കാണ്‌ ഈ ഗതി വന്നതെന്ന് ഓര്‍ക്കണം. പക്ഷെ ഗോപാളകൃഷ്ണനെ പുറത്താക്കിയതുകൊണ്ടോ പാര്‍ട്ടിക്കിഷ്ടമില്ലാത്ത വാര്‍ത്ത കൊടുക്കാതിരുന്നതുകൊണ്ടോ എന്നും കോഴിക്കോട്‌ സീറ്റ്‌ തരപ്പെട്ടില്ല. അപ്പോള്‍ വീണ്ടും ആദര്‍ശത്തിന്റെ അസുഖം പൊട്ടി മുളച്ചു.

ഇപ്പോള്‍ ജനതാദള്ളില്‍ ഇപ്പോള്‍ എല്ലാ ഞാഞ്ഞൂലുകള്‍ക്കും ആദര്‍ശം മുറ്റി നില്‍ക്കുകയാണ്‌. കൃഷ്ണന്‍ കുട്ടി പറയുന്നത്‌ ജനതാദള്‍ തുടങ്ങി വച്ച സമരങ്ങളാണ്‌ വി.എസ്‌ പോലും ഏറ്റെടുത്തത്‌ എന്നാണ്‌. കൊക്കോക്കോള സമരമാണ്‌ അദ്ദേഹം ഉദാഹരിക്കുന്നത്‌. ജലചൂഷണം നടത്തിയ കൊക്കോക്കോള സമര നായകന്‍ പെപ്സിയുടെ ജല ചൂഷണത്തെ കാണാതെ പോയി എന്നതിലാണ്‌ ഇതിലെ ആന്റി ക്ലൈമാക്സ്‌.പിന്നെ ഈ സമരനായകന്‍ 1987 നു ശേഷം ഇന്നെ വരെ ചിറ്റൂരില്‍ നിന്ന് ജയിച്ചിട്ടില്ല. എല്ലാത്തവണയും K. അച്ചുതനോട്‌ തോല്‍ക്കാനാണ്‌ വിധി.

ഗൗഡ ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ പുതിയ ദള്ള്‌ ഉണ്ടാകിയവര്‍ സമാജ്‌വാദിയില്‍ ലയിക്കാന്‍ ചെന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ ലയനം നീണ്ടു അപ്പോഴേക്കും SP ആണവക്കരാറുമായി പോയി. അതോടെ ആ ലയനവും വഴിമുട്ടി. പിന്നെ ബി.ജെ.പി ബന്ധം വിട്ട്‌ ആണവക്കരാര്‍ വിരുദ്ധനായി വന്ന ഗൗഡക്കൊപ്പം വീണ്ടും ലയിച്ചു. എല്ലാത്തിനും കാരണം ആഗോളവല്‍ക്കരണം സാമ്പത്തിക നയം സാമ്രാജത്ത വിധേയത്തം ഇവയോടൊക്കെയുള്ള എതിര്‍പ്പ്‌ . എന്നാല്‍ ഇവയൊക്കെ ഒറ്റ നിമിഷം കൊണ്ട്‌ ആവിയായിപ്പോയി. കോഴിക്കോട്‌ സീറ്റ്‌ ലഭിച്ചില്ല എന്ന ഒറ്റക്കരാണത്താല്‍. അതോടേ യു.ഡി.എഫിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു. സ്വന്താമയി 20 മണ്ഡലങ്ങളില്‍ ഒന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കഴിവ്‌ തെളിയിക്കുകയൊന്നും വേണ്ടായിരുന്നു. ചുരിങ്ങിയത്‌ സ്വാധീനമുണ്ട്‌ എന്ന് അവകാശപ്പെടുന്ന കോഴിക്കോട്‌ എങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമായിരുന്നു. സിറ്റിംഗ്‌ സീറ്റിലെ ശക്തി കേരളീയര്‍ ഒന്നറിനേനെ. വടകരയിലും ആലത്തൂരും പാലക്കടുമൊക്കെ സ്വാധീനം അറിയിക്കാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി CPM നേയും മറ്റും സ്വന്തം വോട്ട്‌ ബാങ്ക്‌ കാട്ടിക്കൊടുക്കാമായിരുന്നു. അധിനിവേശ പ്രതിരോധ സമിതിക്കാര്‍ പോലും (ഇവര്‍ക്ക്‌ വടകരയില്‍ UDF ന്റെ അടവ്‌ സപ്പോര്‍ട്ട്‌ ഓഫര്‍ ഉണ്ടായിരുന്നിട്ട്‌ പോലും ) സ്വന്തമായി മത്സരിക്കാന്‍ തീരുമാനിച്ച സാഹ്ചര്യത്തില്‍ ജനതാദള്ള്‌ ഇങ്ങനെ ഒരു നിലപാട്‌ സ്വീകരിച്ചത്‌ അവരുടെ ശക്തി അറിയാനുള്ള സാചര്യമാണ്‌ നഷ്ടപ്പെട്ടത്ത്‌. ഇനി UDF ജയിക്കുന്ന എല്ലാ മണ്ഡലത്തിലും ജനതാദള്ള്‌ പറയും കണ്ടോ ഞാനും കടുവാച്ചനും കൂടി നിങ്ങളേ പാഠം പഠിപ്പിച്ചത്‌ കണ്ടോ എന്ന്