Monday, April 06, 2009

ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യരുത്‌

ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യരുത്‌ എന്ന് ആഹ്വാനം ചെയ്യുന്ന കോതമംഗലം രൂപതയുടെ ആഹ്വാനത്തെപ്പറ്റി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കുന്നത്‌ രസകരമായിരിക്കും എന്നതിനാല്‍ പുന:പ്രസിദ്ധീകരിക്കുന്നു.

കോതമംഗലം: കേരളത്തില്‍ കമ്യൂണിസ്റ്റ്‌ ഏകാധിപത്യത്തിനും തുടര്‍ഭരണത്തിനും നീക്കം നടത്തുന്നതായി കോതമംഗലം രൂപത. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്ത്‌ അക്രമത്തിന്റെ പാത പിന്തുടരുന്ന മാര്‍ക്‌സിസ്റ്റ്‌ ജനാധിപത്യം സ്ഥാപിക്കാനുള്ള നീക്കം വോട്ടര്‍മാര്‍ ചെറുക്കണമെന്ന്‌ 'കേരളം ഒരു ഏകകക്ഷി സര്‍വാധിപത്യത്തിലേക്കോ?' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ലഘുലേഖ ആഹ്വാനംചെയ്യുന്നു. പള്ളികളില്‍ ഞായറാഴ്‌ച വിതരണംചെയ്‌ത ലഘുലേഖ ഇടതുപക്ഷത്തിനെതിരായി വോട്ട്‌ചെയ്യണമെന്ന്‌ വ്യക്തമായിതന്നെ പറയുന്നുണ്ട്‌. 

ദൈവത്തിന്റെ സ്വന്തം നാടായ കേരളം നിരീശ്വരത്വത്തിന്റെയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെയും നീരാളിപ്പിടിത്തത്തിലാണ്‌. ഇവിടെ കമ്യൂണിസ്റ്റ്‌ ഏകാധിപത്യവും കമ്യൂണിസ്റ്റ്‌ തുടര്‍ഭരണവും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ നിയമവും പാഠപുസ്‌തക പരിഷ്‌കരണങ്ങളും സി.ഡി. വിവാദവും നികൃഷ്ടജീവി പ്രയോഗവും നിയമപരിഷ്‌കരണ ശുപാര്‍ശകളും നെല്‍വയല്‍ തരിശിട്ടാല്‍ കര്‍ഷകരെ തുറങ്കലിലടച്ച്‌ ഭൂമി പിടിച്ചെടുത്ത്‌ പാര്‍ട്ടി സംഘങ്ങളെ ഏല്‌പിക്കാനുള്ള നിയമവും കൊയ്‌ത്ത്‌യന്ത്ര ഉപരോധവും അക്രമികള്‍ക്കും ഗുണ്ടകള്‍ക്കും പാര്‍ട്ടിക്കാര്‍ പരിരക്ഷ നല്‍കുന്നതും എല്ലാം ഏകകക്ഷി ഭരണത്തെയും ഏകാധിപത്യത്തെയും ലക്ഷ്യംവച്ചാണ്‌. 

ചൂണ്ടയിടുന്ന മീന്‍പിടിത്തക്കാരന്റെ കൗശലത്തോടെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അധികാരം നിലനിര്‍ത്താന്‍ ആനുകൂല്യങ്ങളുടെ അപ്പക്കഷണങ്ങള്‍ എറിഞ്ഞ്‌ അറിവില്ലാത്തവരെയും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെയും കബളിപ്പിച്ചും പ്രലോഭിപ്പിച്ചും ഒപ്പംനിര്‍ത്താന്‍ ശ്രമിക്കുന്നു. സമ്പന്നന്മാരെയാവട്ടെ അവര്‍ക്ക്‌ താത്‌പര്യമായതെല്ലാം കൊടുത്ത്‌ കൂടെ നിര്‍ത്തുന്നു. ശേഷിക്കുന്ന ന്യൂനപക്ഷത്തെ കായബലവും കുത്സിതമാര്‍ഗങ്ങളുംവഴി ഒതുക്കിയും ഭിന്നിപ്പിച്ചും ഇല്ലായ്‌മ ചെയ്യുന്നു. പ്രസക്തിനഷ്ടപ്പെട്ട കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അവസാന ആളിക്കത്തലാണിതെന്നും ലഘുലേഖ പറയുന്നു. 

തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കാത്തതാണ്‌ കേരളത്തിലെ വികസന മുരടിപ്പിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യംവഴിയാണ്‌ ഇവിടെ സര്‍ക്കാരുകള്‍ മാറി മാറി വരുന്നത്‌. അതിനെ ഇല്ലാതാക്കി ഏകകക്ഷി ഭരണം കൊണ്ടുവരാനാണ്‌ ഇടതുപക്ഷ നീക്കം. 

കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ ആധിപത്യത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക്‌ പുല്ലുവിലയാണ്‌. മന്ത്രിമാര്‍ കോടതികളെ വെല്ലുവിളിക്കുന്നു. ഭരണക്കാരുടെ ഇഷ്ടത്തിനൊത്ത്‌ തുള്ളുന്ന നിയമപാലകര്‍ പാര്‍ട്ടിക്കാര്‍ക്ക്‌ അക്രമം നടത്താന്‍ ഒത്താശചെയ്യുകയും ആക്രമിക്കപ്പെടുന്നവരെ പ്രതികളാക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കള്‍ പലവട്ടം അസഹിഷ്‌ണുതയോടെ നിയമവ്യവസ്ഥിതിക്കും നിയമപാലകര്‍ക്കുമെതിരെ വിരല്‍ ചൂണ്ടിയതും ലേഖനം എടുത്തുകാട്ടുന്നു. പാര്‍ട്ടിക്കാരെ സ്റ്റേഷനില്‍നിന്നും മോചിപ്പിക്കുന്നതും ശിക്ഷിക്കപ്പെട്ട ഗുണ്ടകളെ ജയിലില്‍നിന്നും പുറത്തിറക്കുന്നതുമൊക്കെ മാര്‍ക്‌സിസ്റ്റ്‌ ആധിപത്യത്തിന്റെ പ്രകടനമാണ്‌. 

മാര്‍ക്‌സിസ്റ്റ്‌ സോഷ്യലിസമാണ്‌ ഇവര്‍ നടപ്പാക്കുന്നത്‌. തൊഴിലാളികള്‍ എന്ന്‌ അവര്‍ വിളിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ പേരില്‍ ഏതാനും സ്വയം പ്രഖ്യാപിത നേതാക്കന്മാര്‍ നാട്ടിലെ മുഴുവന്‍ സ്വത്തും ഉത്‌പാദനോപാധികളും കൈയടക്കി ഭീഷണിയിലൂടെയും പോലീസിനെ ഉപയോഗിച്ചും ജനങ്ങളെ നിശ്ശബ്ദരാക്കി നടത്തുന്ന ആക്രമണമാണത്‌. അവിടെ വ്യക്തിസ്വാതന്ത്ര്യമില്ല, സ്വകാര്യ സ്വത്തുമില്ല.
 

മതനിഷേധമാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി പറയുന്ന മതേതരത്വം. ദൈവവിശ്വാസവും മതാംഗത്വവുമില്ലാത്ത നപുംസക ജീവികളെ വാര്‍ത്തെടുക്കുകയാണ്‌ അവരുടെ ലക്ഷ്യം. ദയാവധം, ആത്മഹത്യ എന്നിവ നിയമവിധേയമാക്കാനുള്ള നിര്‍ദേശങ്ങളെയും ലേഖനം അപലപിക്കുന്നു. 

ക്രൈസ്‌തവ സമ്പത്ത്‌ കൈയടക്കാനും ഗൂഢനീക്കം നടക്കുന്നു. ഇതുവഴി സഭയെതന്നെ ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ്‌ തുടര്‍ഭരണത്തിന്‌ മുഖ്യപ്രതിസന്ധി ബിഷപ്പുമാരും വൈദികരുമടങ്ങുന്ന സഭയാണ്‌. അവരെ അവഹേളിക്കാനും കുത്സിത മാര്‍ഗങ്ങളിലൂടെ ജനങ്ങളില്‍ നിന്നകറ്റാനും ശ്രമിക്കുന്നത്‌ അതുകൊണ്ടാണ്‌. ഈ പശ്ചാത്തലത്തില്‍ യഥാര്‍ഥ ജനാധിപത്യത്തിലും ദൈവത്തിലും വിശ്വസിക്കുകയും മതജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ലഘുലേഖ ആഹ്വാനംചെയ്യുന്നു. 

വരും ദിവസങ്ങളില്‍ പാരീഷ്‌ കൗണ്‍സിലില്‍ അംഗങ്ങള്‍വഴി ഇത്‌ വീടുകളില്‍ എത്തിക്കാനും നീക്കമുണ്ട്‌. കോതമംഗലം രൂപത പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗമാണ്‌ ഇത്‌ പുറത്തിറക്കിയിരിക്കുന്നത്‌

19 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ഇടതുപക്ഷത്തിന്‌ വോട്ട്‌ ചെയ്യരുത്‌ എന്ന് ആഹ്വാനം ചെയ്യുന്ന കോതമംഗലം രൂപതയുടെ ആഹ്വാനത്തെപ്പറ്റി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത വായിക്കുന്നത്‌ രസകരമായിരിക്കും എന്നതിനാല്‍ പുന:പ്രസിദ്ധീകരിക്കുന്നു.

suraj::സൂരജ് said...

രൂപ-താ
രൂപ-താ...
“അധി”രൂപതാ !!!

the man to walk with said...

ahwanam cheyyunnathil thettundo..rashtreeyavum mathavum thammilulla ee malsaram ennumullathalle..?

മരത്തലയന്‍ said...

കിരൺ
ഇത് കെ സി ബി സിയും കോതമംഗലം രൂപതാധികാരികളും അറിഞ്ഞുള്ളതോ അതോ പി ടി തോമസിന്റെ ഇലൿഷൻ നമ്പറോ?

പ്രിന്ററുടേയും പബ്ലീഷറുടേയും പേരുണ്ടോ?

Arun - said...

അച്ഛന്മ്മാരും അരമനയും എന്നൊക്കെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ പറഞ്ഞോ അന്നൊക്കെ എല്ലാ വിശ്വാസികളും കൂട്ടത്തോടെ പോയി ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം പ്രഹസനമായ ലഘു ലേഖകള്‍ ഗുണത്തെക്കാളേറെ അവര്‍ക്ക് തന്നെ ദോഷം ചെയ്യും. അന്യന്റെ അപ്പം തിന്നു മിണ്ടാതിരുന്നു കൂടെ ഈ അച്ചന്മാര്‍ക്ക്? കഷ്ട്ടം!

അനുരൂപ് said...

ചൊറിയലിനു തലോടല്‍ പകരമാവില്ലല്ലോ..??

കിരണ്‍ തോമസ് തോമ്പില്‍ said...

മരത്തലയാ
CBCI പറഞ്ഞതിനെ ആദ്യദിവസം തന്നെ സ്റ്റീഫന്‍ ആലത്തറ തള്ളിപ്പറഞ്ഞതാണ്‌. സമാനമായ ഒന്ന് താമരശ്ശേരി രൂപതയിലും ഇറങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ ഇതെല്ലാം എല്ലാവരും അറിഞ്ഞുകൊണ്ടാണ്‌ ചെയ്യുന്നത്‌ എന്ന് വ്യക്തം.

അരുണേ അപ്പറഞ്ഞതില്‍ അല്‍പ്പം അതിഭാവുകത്വം ഉണ്ട്‌. ഇത്തവണ കത്തോലിക്ക വോട്ട്‌ ഇടതുപക്ഷം ഇച്ചിരി പുളിക്കും. പ്രചരണം അത്രക്ക്‌ ശക്തമാണ്‌. പിന്നെ അധികം വോട്ടോന്നും കത്തോലിക്ക സഭയില്‍ നിന്ന് LDF ന്‌ വരാനില്ല. പക്ഷേ ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ വെള്ളം കുടിക്കും


ഈ പ്രചാരണങ്ങളുടെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ചില മുന്നറിയിപ്പുകള്‍ കാണാം. അത്‌ മുസ്ലിമുകളും ഈഴവരും പട്ടിക ജാതിക്കാരും LDF (CPM) ന്‌ ഒപ്പം നിന്നാല്‍ കാര്യങ്ങള്‍ കൈവിട്ട്‌ പോകും എന്ന്

സി. കെ. ബാബു said...
This comment has been removed by the author.
സി. കെ. ബാബു said...

പ്രപഞ്ചസ്രഷ്ടാവിന്റെ ഏകമകന്റെ നാമത്തിൽ പത്രോസ്‌ എന്ന കരിമ്പാറയിൽ പണിതുയർത്തിയിരിക്കുന്ന സഭ കമ്മ്യൂണിസ്റ്റ്കാർ വിചാരിച്ചാൽ തകരുമെങ്കിൽ അവർ അത്ര മോശമാവാൻ വഴിയില്ലല്ലോ!

പിന്നെ ഈ നപുംസകം എന്നു് പറയുന്ന വിഭാഗത്തിൽ, യേശു പറഞ്ഞപോലെ, ദൈവരാജ്യത്തിന്റെ പേരിൽ സ്വയം ഷണ്ഡന്മാരാക്കിത്തീർത്ത ഷണ്ഡന്മാരും പെടുമോ എന്നൊരു സംശ്യം.

ക്രൈസ്തവവിശ്വാസികളുടെ സമ്പത്തു് സ്വർഗ്ഗത്തിലാണെന്നാണല്ലോ കൺവെൻഷനിലൊക്കെ പ്രസംഗിച്ചു് കേട്ടിട്ടുള്ളതു്? അതുമുഴുവൻ കൈയ്യടക്കാൻ കമ്മ്യൂണിസ്റ്റ്കാർ അവിടേം എത്തിയോ? "നാളെയെപ്പറ്റി ദുഃഖിക്കരുതു് എല്ലാം ദൈവം നോക്കിക്കൊള്ളും" എന്നുപറഞ്ഞ ദരിദ്രനാരായണനായിരുന്ന യേശു എവിടെ? ഇന്നത്തെ കസവുപുതച്ച കത്തനാരന്മാരെവിടെ?

'ചൂണ്ടയിടുന്ന മീൻപ്പിടുത്തക്കാരന്റെ കൗശലത്തോടെ മാർക്ക്സിസ്റ്റ്‌ പാർട്ടി...'

അപ്പോൾ മനുഷ്യരെ പിടിക്കാൻ മീൻ പിടിക്കുന്ന അത്ര കൗശലത്തിന്റെ ആവശ്യമില്ല എന്നാണോ? ("നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കും" എന്നു് പറഞ്ഞാണല്ലോ യേശു പണ്ടു് കുറെ എട്ടും പൊട്ടും തിരിയാത്ത മീൻപിടുത്തക്കാരെ പിടിച്ചു് ശിഷ്യന്മാരാക്കിയതു്!)

പൗരോഹിത്യം പ്രതിനിധീകരിക്കുന്നതും, പ്രസംഗിക്കുന്നതും, പ്രവർത്തിക്കുന്നതും തമ്മിലുള്ള പൊരുത്തക്കേടുകൾ പറയാനാണെങ്കിൽ ഇനിയും ഏറെയുണ്ടു്. പക്ഷേ "എന്തിനേറെപ്പറയുന്നു ഉളുപ്പില്ലാത്തവനോടു്, ഏറെയേറെപ്പറഞ്ഞെന്നാൽ ഉളുപ്പുണ്ടാമോ?"

രൊക്കം ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും 'ഹോക്കുസ്‌ പോക്കുസ്‌' പാടി കഞ്ഞികുടിച്ചു്, പഠിച്ച പ്രാർത്ഥനയും ചൊല്ലി കർത്തൃനാമത്തിൽ പ്രത്യാശവച്ചു് ജീവിച്ചു് ചത്തു് സ്വർഗ്ഗത്തിൽ എത്തി ദൈവമടിയിൽ കയറി ഇരിക്കാൻ നോക്കുന്നതിനു് പകരം രാഷ്ട്രീയം കളിക്കുന്ന കത്തനാരന്മാരെപ്പറ്റി എന്തു് പറയാൻ?

പ്രദീപ്കുമാര്‍ said...

ജനാധിപത്യ സംവിധാനത്തില്‍ വോട്ടവകാശം ഏതു രീതിയില്‍ വിനിയോഗിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്രം പൌരന്മാര്‍ക്കാണ്. അതിനെ ഇത്തരം വിലകുറഞ്ഞ രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ചെറുക്കപ്പെടണം. വിശ്വാസത്തിനു അടിമപ്പെടാതെ പൌരാവകാശം പ്രയോജനപ്പെടുത്താന്‍ എല്ലവര്‍ക്കും കഴിയട്ടെ.

Vote for LDF.
സൂരജിന്റെ കമെന്‍റ്റ് ഇഷ്ടപ്പെട്ടു.

പഴഞ്ചന്‍ said...

കിരണ്‍ തോമസ് തോമ്പില്‍
കൂട്ടിവായിക്കാന്‍ ഒരു കടലാസ് കഷണം കൂടി തരാം. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥന നോട്ടീസിന്റെ പുറം പേജാണ്. മറ്റു മണ്ഡലങ്ങളിലും ഇങ്ങനെയുണ്ടോ എന്ന് അറിയില്ല.

പുറം പേജിന്റെ തലക്കെട്ട് 'ഇടതു നേതാക്കളുടെ വായാടിത്തരങ്ങള്‍'.
>അഭിവന്ദ്യ ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചവര്‍> ബിഷപ്പുമാര്‍ പണത്തിനു മീതെ പറക്കുന്ന പരുന്തുകളാണ് എന്നു പറഞ്ഞവര്‍> സത്യം പറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ എടാ പോടാ വിളിച്ചവര്‍ > മാധ്യമപ്രവര്‍ത്തകരെ പിതൃശൂന്യര്‍ എന്നു വിളിച്ചവര്‍> വിദ്യാലയ സാരഥികളായ അച്ച•ാര്‍ കള്ളക്കച്ചവടക്കാരാണെന്ന് പറഞ്ഞവര്‍>

നോട്ടീസ് തുടരുകയാണ്. മുഴുവന്‍ ഇവിടെ പകര്‍ത്തുന്നില്ല. എന്റെ സംശയം ഇതാണ്. ആര്‍ക്കാണു നേട്ടം...

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ ഞായറഴ്ച ഓശാന ഞായറാഴ്ചയയിരുന്നു. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ ഉള്ള ദിവസങ്ങളേ വലിയ ആഴ്ചയായാണ്‌ കത്തോലിക്കര്‍ ആചരിക്കുന്നത്‌. പ്രാര്‍ത്ഥനയിലും ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ സ്മരണയിലും മുഴുകി ആണ്ടുകുമ്പസാരവും കഴിഞ്ഞ്‌ പെസഹ വ്യാഴാഴ്ച വിശുദ്ധകുര്‍ബാനയും സ്വീകരിച്ച്‌ ദു:ഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിലും പങ്കെടുത്ത്‌ ആത്മീയ ഉണര്‍വ്‌ നേടുന്ന സമയം. ഇത്തവണ ഓശാന ഞായറാഴ്ച തന്നെ കുന്നായിമയുമായി സഭാ നേതൃത്വം എത്തിക്കഴിഞ്ഞു. ഇനി ഈ വലിയ ആഴ്ച മുഴുവന്‍ ക്രിസ്തുവിന്റെ പീഡകള്‍ക്ക്‌ പകരം സഭയെ കമ്യൂണിസ്റ്റുകാര്‍ പീഡിപ്പിച്ച കഥകളായിരിക്കും കേള്‍ക്കാന്‍ കഴിയുക എന്ന് തോന്നുന്നു

ഇനി ഈ പ്രചരണങ്ങള്‍ എന്തു ഫലം ചെയ്യും എന്ന പഴഞ്ചന്റെ ചോദ്യത്തോട്‌ എന്റെ മറുപടി ഇത്‌ UDF ന്‌ ഗുണം ചെയ്യും എന്ന് തന്നെയാണ്‌. കത്തോലിക്കര്‍ പരമ്പരാഗത UDF വോട്ട്‌ ബാങ്കാണ്‌. അതില്‍ നിന്ന് അല്‍പ്പമെങ്കിലും ആടി നില്‍ക്കുന്നവരെയും UDF പക്ഷത്തേക്ക്‌ മാറ്റാന്‍ സഭയുടെ പ്രചരണങ്ങള്‍ക്ക്‌ കഴിയും. മാത്രവുമല്ല പരമാവധി വോട്ട്‌ പോള്‍ ചെയ്യിക്കാനുള്ള ശക്തമായ ശ്രമവും നടക്കും.

സഭ ഇത്തവണ ഇറക്കിയിരിക്കുന്ന തുരുപ്പ്‌ ചീട്ട്‌ നിരീശ്വരവാദമാണ്‌. കൂടെ ജ്സ്റ്റിസ്‌ കൃഷ്ണയ്യരുടെ മണ്ടന്‍ നിര്‍ദ്ദേശങ്ങളും. പ്രത്യേകിച്ച്‌ ദയാവധം അനുവദിക്കണം മൂന്നാമത്തെ കുട്ടിക്ക്‌ ആനുകൂല്യം നല്‍കരുത്‌ തുടങ്ങി ഉട്ടോപ്യന്‍ നിര്‍ദ്ദേശങ്ങള്‍ മത മൂല്യങ്ങളുടെ മേള്‍ കടന്നുകയറ്റം നടത്തുന്നു എന്ന് വ്യാഖ്യാനിക്കാന്‍ പാകത്തിലുള്ളതാണ്‌.

Umesh::ഉമേഷ് said...

പിന്നെ ഈ നപുംസകം എന്നു് പറയുന്ന വിഭാഗത്തിൽ, യേശു പറഞ്ഞപോലെ, ദൈവരാജ്യത്തിന്റെ പേരിൽ സ്വയം ഷണ്ഡന്മാരാക്കിത്തീർത്ത ഷണ്ഡന്മാരും പെടുമോ എന്നൊരു സംശ്യം.


ഈ ബാബുവിന്റെ ഒടുക്കത്തെ സംശയം! പോയി ബൈബിൾ വായിക്കു് ബാബൂ. ഷണ്ഡനും ഛിന്നലിംഗനും ദൈവരാജ്യത്തിൽ പ്രവേശിക്കാൻ അർഹതയില്ലെന്നല്ലേ ദൈവവചനം. (എവിടെയാണെന്നു നോക്കാൻ സമയമില്ല. ആവർത്തനപ്പുസ്തകത്തിലാണു്. 23:1 ആണെന്നു തോന്നുന്നു)

Umesh::ഉമേഷ് said...

അവിടെത്തന്നെ. ആവർത്തനപ്പുസ്തകം 23:1

http://bible.nishad.net/index.php?book_id=5&chapter_id=23

(കൈപ്പള്ളിക്കു സ്തുതി! സ്തോത്രം!)

സി. കെ. ബാബു said...

ഉമേഷ്‌,
"ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു." ആവർത്തനപ്പുസ്തകം 23:1

അതു് യഹൂദ'സഭയിൽ' പ്രവേശിക്കുന്ന കാര്യമാണു്. അല്ലാതെ ദൈവരാജ്യത്തിൽ പ്രവേശിക്കുന്ന കാര്യമല്ല.

ദൈവസഭ വേറെ, ദൈവരാജ്യം വേറെ, സ്വർഗ്ഗരാജ്യം വേറെ, അന്നമ്മ വേറെ, തുണി വേറെ! യേശുവിന്റെ മരണശേഷം ദൈവരാജ്യം ഇപ്പൊവരും ഇപ്പൊവരും എന്നു് കാത്തിരുന്നു് മടുത്തപ്പോൾ ഞങ്ങൾ അതിൽ ചില ഡോഗ്മാറ്റിക്‌ സർക്കസ്‌ നടത്തി തടി രക്ഷപെടുത്തുകയല്ലാതെ മറ്റു് വഴിയുണ്ടായിരുന്നില്ല.

മരണാനന്തരജീവിതം പുരാതനയഹൂദർക്കു് അത്ര വലിയ തലവേദനയായിരുന്നില്ല. യേശുവിനു് ശേഷമാണു് പൗരോഹിത്യം സ്വർഗ്ഗത്തിന്റെ വിലയും നേട്ടങ്ങളും മനസ്സിലാക്കിയതു്.

അതിനു് തൊട്ടു് താഴെ "അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു്" എന്നും ദൈവം കൽപിച്ചിട്ടുണ്ടു്.

ആവർത്തനപ്പുസ്തകം23:3 "ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു."

അപ്പനായ ലോത്തിനെ വീഞ്ഞു് കുടിപ്പിച്ചു് ബോധം കെടുത്തി അവനോടൊപ്പം ശയിച്ചു് ഗർഭിണികളായ രണ്ടു് പെണ്മക്കളിൽ മൂത്തവൾ പ്രസവിച്ച മോവാബ്‌, ഇളയവൾ പ്രസവിച്ച ബെൻ-അമ്മീ എന്നിവരുടെ പിൻതലമുറക്കാരാണു് അമ്മോന്യരും മോവാബ്യരും.

ഉൽപത്തിപ്പുസ്തകം പത്തൊൻപതാം അദ്ധ്യായത്തിന്റെ അവസാനഭാഗത്തു് ഇതു് വിശദമായി വിവരിച്ചിട്ടുണ്ടു്.

ഉൽപത്തി 19:36-38 'ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കും പിതാവു. ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ -അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കും പിതാവു.'

'ഷണ്ഡചരിതം' മത്തായിയുടെ സുവിശേഷത്തിൽ വായിക്കാം.

19:12 "അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ."

സമ്പത്തിനെപ്പറ്റിയും 'നാളത്തെ' ജീവിതത്തെപ്പറ്റിയും യേശു പറഞ്ഞ കാര്യങ്ങളിൽ ചിലതു് - മത്തായിയുടെ തന്നെ സുവിശേഷത്തിൽ നിന്നും:

6:21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.

6:31 ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.

6:32 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.

6:34 അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി

പഴയനിയമകാലത്തെ യഹോവക്കു് തന്റെ ദോശയും വടയും ഉപ്പു് ചേർക്കാതെ ഉണ്ടാക്കിയാൽ ഇഷ്ടപ്പെടുമായിരുന്നില്ല!:

ഉൽപത്തി 2:4 അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.

ഉൽപത്തി 2:5-7 നിന്റെ വഴിപാടു ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം. അതു കഷണംകഷണമായി നുറക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം. നിന്റെ വഴിപാടു ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അതു എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.

2:13 നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേർക്കേണം.

നല്ല നെയ്യുള്ള മാംസം യഹോവക്കു് (യഹോവ എന്നിടത്തെല്ലാം പുരോഹിതൻ എന്നു് തിരുത്തി വായിക്കുക!) പണ്ടേ പ്രിയമായിരുന്നു. അതുകൊണ്ടല്ലേ ഹാബേലിന്റെ 'ആട്ടിറച്ചിബലിയിൽ' യഹോവ സംതൃപ്തനായതും, കയീന്റെ കാർഷികഫലങ്ങളുടെ ബലിയിൽ അനിഷ്ടം പ്രകടിപ്പിച്ചതും, കയീൻ അസൂയമൂത്തു് അനിയനായ ഹാബേലിനെ തല്ലിക്കൊന്നതുമെല്ലാം!

കൊല്ലുന്നതും യഹോവ, കൊല്ലിക്കുന്നതും യഹോവ! തരുന്നതും, എടുക്കുന്നതും, തരാതിരിക്കുന്നതും, എടുക്കാതിരിക്കുന്നതും, തള്ളുന്നതും, കൊള്ളുന്നതും, തുപ്പുന്നതും, തൂറുന്നതും ഒക്കെ യഹോവ!

ദൈവകൽപനകൾ! കോപ്പു്!! (Sorry!)

കൈകൈപ്പള്ള്യായ നമോ നമഃ കൈപ്പള്ളി 'ഹിപ്പി ഹിപ്പി' ഹുറാ! (ബൈബിൾ വാക്യങ്ങൾ മുഴുവൻ ടൈപ്പ്‌ ചെയ്തു് വിരലുകൾ വ്രണമാക്കേണ്ടിവരാതിരുന്നതിനു്. ഉദ്ദിഷ്ട കാര്യത്തിനു് ഉപകാരസ്മരണ എന്നും പറയും.)

കമന്റ്‌ 'ഒട്ടുപാൽ' വലിച്ചു് നീട്ടുന്നതുപോലെ വലിച്ചു് നീട്ടിയതിനു് കിരൺ തോമസ്‌ ക്ഷമിക്കുമായിരിക്കുമല്ലേ?

Umesh::ഉമേഷ് said...

ബാബൂ,

വളരെ വളരെ നന്ദി. ഞാൻ നേരത്തേ പറഞ്ഞതു സർക്കാസമാണെന്നു മനസ്സിലായിക്കാണുമല്ലോ :)

മതഗ്രന്ഥങ്ങൾ ഏറ്റവും നന്നായും വിശദമായും വായിച്ചിട്ടുള്ളതു യുക്തിവാദികളാണെന്നു തോന്നുന്നു. തിരിച്ചു പറഞ്ഞാൽ, മതഗ്രന്ഥങ്ങൾ നന്നായി വായിച്ചു പഠിച്ചവരാണു് നല്ല യുക്തിവാദികളാകുന്നതു് എന്നു്. ബ്ലോഗുലകത്തിൽ ജബ്ബാർ, ബാബു, സൂരജ് എന്നിവർ ഉദാഹരണം. (സൂരജുമായി ഫോണിൽ സംസാരിച്ചപ്പോഴാണു് കക്ഷിയുടെ ഭഗവദ്ഗീത വായിച്ച അറിവു കണ്ടു കണ്ണു തള്ളിപ്പോയതു്... സോറി... കേട്ടു ചെവി തള്ളിപ്പോയതു് :))

അച്ഛനെ കുടിപ്പിച്ചു ശയിച്ച പെണ്മക്കളുടെ കഥ പഴയ നിയമത്തിൽ വായിച്ചിട്ടുണ്ടു്. അവർ കുതിരപ്പുറത്തു കയറുന്നവരായിരുന്നു എന്നോ മറ്റോ ഒരു പരാമർശവും ഉണ്ടു് എന്നാണു് ഓർമ്മ. അച്ഛനാരു്, മക്കളാരു് എന്നതൊക്കെ മറന്നു പോയി. പഴയ നിയമം അത്ര വിശദമായി വായിച്ചിട്ടില്ല. മനുസ്മൃതിയുമായുള്ള സാദൃശ്യമാണു് ആവർത്തനപ്പുസ്തകത്തിലെ ചില വാക്യങ്ങൾ ഓർക്കാൻ കാരണം.

അപ്പോൾ ഷണ്ഡപരാമർശം മത്തായിയുടെ സുവിശേഷത്തിലായിരുന്നു അല്ലേ? സുവിശേഷങ്ങളൊക്കെ ഒന്നു കൂടി വിശദമായി വായിക്കേണ്ടിയിരിക്കുന്നു.

ഹാബേലിന്റെയും കയീന്റെയും കഥയിൽ പിൽക്കാലത്തുള്ളവർ പതിരു ചേർത്തതു കണ്ടിട്ടില്ലേ? ഹാബേൽ മാംസവും കയീൻ ധാന്യവും കൊടുത്തു എന്നേ ബൈബിളിൽ ഉള്ളൂ. പക്ഷേ പല ബൈബിൾ കഥാപുസ്തകങ്ങളിലും കാണുന്നതും സൺ‌ഡേ സ്കൂളിൽ പഠിപ്പിക്കുന്നതും കയീൻ പതിരു് കൊടുത്തതിനാൽ യഹോവയ്ക്കു് അനിഷ്ടമായി എന്നാണു്. വായിച്ചപ്പോൾ ആ ചെയ്തിയിലെ പക്ഷഭേദം മനസ്സിലായിക്കാണും. അപ്പോൾ യഹോവയെ രക്ഷിക്കണ്ടേ?

കിരൺ, ഓഫിനു മാപ്പു്.

Zebu Bull::മാണിക്കന്‍ said...

{OT@ഉമേഷ്:
മതഗ്രന്ഥങ്ങൾ ഏറ്റവും നന്നായും വിശദമായും വായിച്ചിട്ടുള്ളതു യുക്തിവാദികളാണെന്നു തോന്നുന്നു. തിരിച്ചു പറഞ്ഞാൽ, മതഗ്രന്ഥങ്ങൾ നന്നായി വായിച്ചു പഠിച്ചവരാണു് നല്ല യുക്തിവാദികളാകുന്നതു് എന്നു്.
മതഗ്രന്ഥങ്ങള്‍ ശ്രദ്ധയോടെ, തുറന്നമനസ്സോടെ വായിച്ചാല്‍ ആരും യുക്തിവാദിയായിപ്പോകും എന്നാണ്‌ സ്വാനുഭവത്തില്‍നിന്ന് എനിക്കു തോന്നിയിട്ടുള്ളത് :-)
}

റോബി said...

പഴയനിയമകാലത്തെ യഹോവക്കു് തന്റെ ദോശയും വടയും ഉപ്പു് ചേർക്കാതെ ഉണ്ടാക്കിയാൽ ഇഷ്ടപ്പെടുമായിരുന്നില്ല!:


ഈ സി.കെ ബാബുമാഷിന്റെ ഓരോ കമന്റുകള്‌. ചിരിച്ചു പണി തീർന്നു.

കായേൻ ആബേൽ കഥയുടെ മർമ്മം പിടികിട്ടുന്നത്‌ പക്ഷെ ബാബുമാഷിന്റെ കമന്റു വായിച്ചപ്പോഴാണു കേട്ടോ.അത്‌ ഇറച്ചി കിട്ടാൻ വേണ്ടി പണ്ടത്തെ പുരോഹിതന്മാർ ഉണ്ടാക്കിയ കഥയാണെന്ന്. അരിക്കൊന്നും ഇറച്ചിയുടെ വില പണ്ടേ ഇല്ലല്ലോ....

പണ്ട്‌ വേദപാഠം പഠിപ്പിച്ചിരുന്ന കാലത്തൊന്നും ഇതൊന്നും ഓർത്തില്ലല്ലോ..:(

Nasiyansan said...

രൂപത്യിറക്കിയ circular എന്തിനുവേണ്ടിയായിരുന്നോ അതിനു അവര്‍ വിജയം കണ്ടു ...അഭിനതനങള്‍...74000 വോട്ടിന്റെ ഭൂരിപക്ഷം udf സ്ഥനാര്തിക്ക് കിട്ടി ..അത് കാലഖടത്തിന്റെ ആവശ്യമായിരുന്നു ..ഞാന്‍ ഇവിടെ പറയുന്നത് അല്‍പ്പം ബൈബിള്‍ ത്ര്‍ജമയെക്കുരിച്ചാണ് ...കത്തോലിക്കാസഭ മനോഹരമായി ബൈബിള്‍ മലയാളത്തില്‍ തര്‍ജമാചെയ്തിട്ടുണ്ട്, അത് വായിക്കുക ..www.pocbible.com...അന്പതുകളിലെ തര്‍ജമ ബൈബിളിനോടുചെയ്യുന്ന കടുത്ത അപരാടമായിരിക്കും ..