Monday, April 27, 2009

തൊഴിലാളി വര്‍ഗ്ഗ സഭാധിപത്യം

തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാന്‍ കത്തോലിക്ക സഭയും രംഗത്തു വരുന്നു എന്നതാണ്‌ ഈ വരുന്ന മെയ്‌ദിനത്തിന്റെ പ്രത്യേകത. അതിനോട്‌ മുന്നോടിയായി പള്ളികളില്‍ ഇടയലെഖനം വായിച്ചു. മാധ്യമം പത്രത്തില്‍ 27 ആം തിയതി പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കുക



കത്തോലിക്കാ സഭ തൊഴിലാളി സംഘടന രൂപവത്കരിക്കുന്നു
ചങ്ങനാശേരി: സമകാലിക സാഹചര്യങ്ങളെ അതിജീവിക്കാന്‍ ക്രൈസ്തവ തൊഴിലാളി സംഘടന രൂപവത്കരിക്കാന്‍ കത്തോലിക്കാ സഭ തീരുമാനം. സംഘടന രൂപവത്കരിച്ച് എല്ലാ ഇടവകകളിലും കര്‍മപദ്ധതി ആവിഷ്കരിക്കും. ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് സംഘടനക്ക് തുടക്കം കുറിക്കാന്‍ പ്രേരണ നല്‍കുന്ന ഇടയലേഖനം നാളെ എല്ലാ പള്ളികളിലും വായിക്കും.

മേയ്ദിന സന്ദേശം എന്ന തലക്കെട്ടില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയും ചങ്ങനാശേരി അതിരൂപതയും ചേര്‍ന്നാണ് ഇടയലേഖനം തയാറാക്കിയത്. എല്ലാ തൊഴിലാളികള്‍ക്കും മംഗളാംശംസ നേര്‍ന്നാണ് ഇടയലേഖനം ആരംഭിക്കുന്നത്.രൂപതകളുടെ പരിധിയിലെ തൊഴിലാളികളുടെ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ ആത്മീയവും ഭൌതികവുമായ പുരോഗതിയും നന്മയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ലേബര്‍ കമീഷന്‍. കമീഷന് കീഴില്‍ കേരള ലേബര്‍ മൂവ്മെന്റ് (കെ.എല്‍.എം)എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തൊഴിലാളി ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു. തൊഴിലാളികളുടെ ഉന്നതിക്കും പുരോഗതിക്കും സവിശേഷ പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനത്തിലൂടെ പുതിയൊരു തൊഴില്‍ സംസ്കാരത്തിന് രൂപം കൊടുക്കാനാണ് കെ.എല്‍.എം ശ്രമിക്കുന്നത്.

സാമ്പത്തികമാന്ദ്യം എല്ലാവരെയും ബാധിക്കും. എന്നാല്‍ ആവശ്യത്തിലേറെ സമ്പാദിച്ച ധനാഢ്യരെ സംബന്ധിച്ച് പ്രശ്നമല്ല. മാന്ദ്യത്തില്‍ ബലിയാടാകുന്നത് തൊഴിലാളികളാണ്. കേരളത്തില്‍ 38 ലക്ഷം പേരുടെ തൊഴിലിനെ ബാധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് പഠനത്തില്‍ തെളിയുന്നത്. ചെറുകിട കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, മല്‍സ്യതൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, കയര്‍, കശുവണ്ടി തൊഴിലാളികള്‍ എന്നിവരെ മാന്ദ്യം ബുദ്ധിമുട്ടിലാക്കും. അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ ജോലിക്കാരെ പിരിച്ചുവിടും. ആറ് പതിറ്റാണ്ടുകള്‍ക്കിടയില്‍ അസംഘടിത വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷക്കും സമഗ്ര നിയമങ്ങള്‍ രൂപവത്കരിച്ചിട്ടില്ല. എന്നാല്‍ അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട് വലിയ കാല്‍വെപ്പാണ്. സാമ്പത്തികമാന്ദ്യം, വികസനത്തിന്റെ സദ്ഫലങ്ങള്‍ താഴെ തട്ടിലേക്ക് വിതരണം ചെയ്യാതിരിക്കല്‍, ക്ഷേമ രാഷ്ട്ര ആശയത്തിനുള്ള സര്‍ക്കാറിന്റെ പിന്മാറ്റം, കമ്പോള സംസ്കാരത്തിന്റെ വളര്‍ച്ച, ഭൌതിക മൂല്യങ്ങളുടെ സ്വാധീനം, ട്രേഡ്യൂനിയനുകളുടെ മൂല്യച്യുതി, തൊഴിലാളി ചൂഷണം എന്നിവയില്‍ സമഗ്ര പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാന്‍ കെ.എല്‍.എമ്മിന് കഴിഞ്ഞിട്ടുണ്ട്. വെള്ളക്കോളര്‍ ജോലി മാത്രം തൊഴിലായി കണക്കാക്കുന്നവര്‍ക്ക് പുരോഗതി എളുപ്പമാകില്ല. എന്തിനും ഏതിനും സമരവും ബന്ദും നടത്തി ഉല്‍പാദനം തടസ്സപ്പെടുത്തുന്നതും ശരിയല്ല^ഇടയലേഖനത്തില്‍ പറയുന്നു. പുതിയ കാഴ്ചപ്പാടും മനോഭാവവും പ്രവര്‍ത്തന ശൈലിയും സ്വാംശീകരിക്കാന്‍ തയാറാകുമെന്ന് മേയ് ദിനത്തില്‍ പ്രതിജ്ഞയെടുക്കാമെന്ന സന്ദേശത്തോടെയാണ് ഇടയലേഖനം അവസാനിക്കുന്നത്.
ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തയാറാക്കിയ ഇടയലേഖനത്തില്‍ കേരള ലേബര്‍ മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഔപചാരികമായി ഒരു വര്‍ഷം പിന്നിട്ട കെ.എല്‍.എം പ്രധാനമായും ചങ്ങനാശേരി, തൃക്കൊടിത്താനം ഫൊറോനകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതുതായി രൂപവത്കരിച്ച കത്തോലിക്കാ തൊഴിലാളി അയല്‍ക്കൂട്ടം സഭാ ബോധനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ ഉത്തമ വേദിയായി മാറിയതാണ് പുതിയ തൊഴില്‍ സംസ്കാരം രൂപപ്പെടുത്താന്‍ സഭയെ പ്രേരിപ്പിച്ചതെന്ന് ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പി.എസ്. താജുദ്ദീന്‍



ഈ വിഷയത്തെ രണ്ടു രീതിയില്‍ നോക്കിക്കാണാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. പോസിറ്റീവായ വശത്തു നിന്ന് ആദ്യം തുടങ്ങാം. തൊഴിലാളി സംഘടനകളോട്‌ പൊതുവേ ആഭിമുഖ്യമില്ലാത്തവരാണ്‌ കത്തോലിക്ക വിശ്വാസികള്‍. നിലവിലുള്ള തൊഴിലാളി സംഘടനകള്‍ക്ക്‌ സംഘടിപ്പിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവര്‍ കുറവായതും അലെങ്കില്‍ അവര്‍ ഉള്ള മേഖലകളില്‍ നിലവിലുള്ള തൊഴിലാളി സംഘടനങ്കള്‍ക്ക്‌ അവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതോ ആണ്‌ ഇതിനു കാരണം. കത്തോലിക്ക സഭാ വിശ്വാസികളില്‍ വലിയൊരു വിഭാഗം ചെറുകിട കര്‍ഷകരാണ്‌. സ്വയം മുതലാളിയും തൊഴിലാളിയുമായി പ്രവര്‍ത്തിക്കുന്നവര്‍. ഈ വിഭാഗം ആള്‍ക്കാര്‍ മറ്റ്‌ തൊഴിലാളികളേ ചിലപ്പോള്‍ ജോലിക്ക്‌ വിളിക്കുന്നുണ്ടെങ്കിലും അവര്‍ക്കൊപ്പം ഇവരും ജോലിയെടുക്കുന്നു. റമ്പര്‍, കവുങ്ങ്‌, തെങ്ങ്‌ തുടങ്ങിയ കൃഷികള്‍ ചെയ്യുന്ന ഈ വിഭാഗം കൃത്യമായി പറഞ്ഞാല്‍ അസംഘിടിതരാണ്‌. ഈ വിഭാഗം ആള്‍ക്കാരെ സംഘടിപ്പിക്കാനാണ്‌ സഭ മുഖ്യമായു ശ്രമിക്കുക. അവര്‍ക്ക്‌ പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ ഇന്‍ഷുറന്‍സ്‌ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താം എന്നതിനായിരിക്കും സഭ മുന്‍തൂക്കം നല്‍കുക.

ഏതാണ്ട്‌ 50 വര്‍ഷത്തോളം ഇത്തരത്തിലുള്ള ഒരു വിഭാഗം ഉണ്ടായിട്ടും എന്തുകൊണ്ടാണ്‌ ഈ കൂട്ടരെ ആരും സംഘടിപ്പിക്കത്തത്‌ എന്ന് ചിന്തിക്കുന്നത്‌ രസകരമാണ്‌ എന്ന് തോന്നുന്നു. അതിന്‌ കാരണമായി എനിക്ക്‌ തോന്നുന്നത്‌ ഈ വിഭാഗക്കാര്‍ പൊതുവില്‍ UDF അനുഭാവികളാണ്‌. എന്നാല്‍ അവരുടെ തൊഴിലാളി സംഘടനയാകട്ടേ അത്തരത്തിലൊരു നീക്കം നടത്തിയതും ഇല്ല. എന്നാല്‍ അതിന്‌ സാധിക്കുമായിരുന്ന കേരള കോണ്‍ഗ്രസുകള്‍ അധികരം വടംവലിയുടെ ഭാഗമായി മുന്നോട്ട്‌ പോയീ. ഇടതു കക്ഷികള്‍ക്ക്‌ ഒരു സ്വാധീനവും ഈ വിഭാഗങ്ങളുടെ ഇടയില്‍ ഇല്ലാത്തതിനാല്‍ വര്‍ക്കും ഇവരെ സംഘടിപ്പിക്കാനയില്ല. എന്നാല്‍ ഇടക്ക്‌ ഇന്‍ഫാം പോലുള്ള കൂട്ടായ്മകള്‍ വന്നെങ്കിലും അത്‌ കേവലം റമ്പര്‍ സംഘടന ആയിരുന്നു. റബ്ബറിന്‌ വില വന്നതോടെ ഇന്‍ഫാമും പോയി. ഫാര്‍മേഴ്സ്‌ റിലീഫ്‌ ഫോറം പോലുള്ള സംഘടനകള്‍ വന്നെങ്കിലും അവര്‍ക്കും കാര്യമായി വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കത്തോലിക്ക സഭ ഈ രംഗത്തേക്ക്‌ വരുമ്പോള്‍ ഈ മേഖലയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയും എന്നാണ്‌ എന്റെ പ്രതീക്ഷ. എന്നാല്‍ തൊഴിലാളി സംഘടന എന്നതിനപ്പുറം ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടോ എന്നതും ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്‌. ത്രിശ്ശൂര്‍ രൂപതയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങനെ സൂചിപ്പിക്കുന്നു


തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കത്തോലിക്കാ സഭ

അടുത്ത പഞ്ചായത്ത് തെര ഞ്ഞെടുപ്പില്‍ സ്വന്തം നിലയ്ക്കു മത്സരിക്കാന്‍ വിശ്വാസികളോടു കത്തോലിക്കാ സഭയുടെ ആഹ്വാനം. തൃശൂര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂ താഴത്ത് രക്ഷാധികാരിയായ രൂപതാ മുഖപത്രം
കത്തോലിക്കാസഭ'യുടെ പുതിയ ലക്കത്തിലാണ് ഈ നിര്‍ദേശമടങ്ങുന്ന ലേഖനം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവടുവയ്പ്പു നടത്താന്‍ ഉദ്ദേശിച്ചു തന്നെയാണു ലേഖനമെന്നു രൂപതാ നേതൃത്വം വ്യക്തമാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കുമെന്ന സൂചനയുമുണ്ട് ലേഖനത്തില്‍.
ക്രൈസ്തവ യുവജനങ്ങള്‍ മൂല്യാധിഷ്ടിത രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട സമയമായെന്ന് ഓര്‍മപ്പെടുത്തിയാണു ലേഖനം തുടങ്ങുന്നത്. മാറ്റം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍നിന്നു തുടങ്ങണം. ഇനിയുള്ള കാലം വെ റും വോട്ട്കുത്തികളും വഴിയോര കാഴ്ചക്കാരുമായിത്തന്നെ നിന്നാല്‍ മതിയോ എന്ന ചോദ്യവും സഭ ഉന്നയിക്കുന്നു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇത്തരം ഒരു ചിന്തയ്ക്കു സഭയെ പ്രേരിപ്പിച്ചിട്ടുള്ളത്. വരും തെരഞ്ഞെടുപ്പുകളി ല്‍ സത്യവും നീതിയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ശക്തികളോത്തു കൈകോര്‍ത്തു പ്രവര്‍ത്തിക്കുമെന്നും ലേഖനത്തിലൂടെ സഭ പ്രഖ്യാപിക്കുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പി നു ശേഷമുള്ള രാഷ്ട്രീയ സാഹ ചര്യങ്ങള്‍ വിശകലനം ചെയ്താണു പുതിയ തീരുമാനങ്ങള്‍. രാജ്യത്തെ നാലു ശതമാന ത്തോളമേ ക്രൈസ്തവ സമൂഹമുള്ളതെങ്കിലും സമസ്ത മേഖലകളി ലും മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നു ലേഖനത്തിലൂ ടെ സഭ അവകാശപ്പെടുന്നു. കാലത്തിന്‍റെ വെല്ലുവിളികളെ തിരിച്ചറിയുന്നതാണ് ഇപ്പോഴത്തെ മാറ്റത്തിനു കാരണം. ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതരത്വത്തിനും നേര്‍ക്കുണ്ടാകുന്ന വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സഭാ മേലധ്യക്ഷന്മാരെ അവഗണിക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നതില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെ ന്നും, ഇക്കാരണത്താല്‍ രാഷ്ട്രീ യകാര്യങ്ങളില്‍ ഇനി സഭ സ്വതന്ത്ര നിലപാടു സ്വീകരിക്കുമെന്നും ലേഖനത്തില്‍ ഉറപ്പിച്ചു പറയുന്നു.
പ്രാദേശിക പ്രശ്നങ്ങളില്‍ ഇടപെടുന്നതിലൂടെ രാഷ്ട്രീയാടിത്തറയോടെ മുന്നേറാന്‍ കഴിയുമെന്ന തിരച്ചറിവാണു തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ പ്രവേശനം നടത്താന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു രൂപതാ വക്താവു
മെട്രൊ വാര്‍ത്ത'യോടു പറഞ്ഞു. സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലകളിലും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നു സഭ അവകാശപ്പെടുന്നു. തൃശൂര്‍, കോട്ടയം ജില്ലകളില്‍ സിറിയന്‍ കത്തോലിക്കര്‍ക്കും എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും വ്യക്തമായ സ്വാധീനമു ണ്ട്. സഭയുടെ ശക്തി ലോക്സ ഭാ തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കും. രാഷ്ട്രീയത്തിലേ ക്ക് ഇറങ്ങാനുള്ള തയാറെടുപ്പി ല്‍ വിവിധ സഭാ നേതൃത്വങ്ങളെ ഒന്നിപ്പിച്ചുള്ള പ്രവര്‍ത്തനവും സഭ ലക്ഷ്യമിടുന്നുണ്ട്. തൃശൂര്‍ അതിരൂപതയുടെ നിലപാട് കെസിബിസി ചര്‍ച്ചചെയ്യുമെന്നും രൂപതാ നേതൃത്വം പറയുന്നു.
ഇടവക തലങ്ങളില്‍ ട്രേഡ് യൂനിയന്‍ രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കെസിബിസിയുടെ ഇടയലേഖനം ഇന്നു കുര്‍ബാന മധ്യേ സംസ്ഥാന ത്തെ കത്തോലിക്കാ പള്ളികളില്‍ വായിക്കും. വരുകാല സാമൂഹ്യ വ്യവസ്ഥതിയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സഭ തയാറെടുക്കുകയാണെന്നാണ് ഈ രണ്ടു ലേഘനങ്ങ ളും നല്‍കുന്ന സൂചന.


ഇനി നെഗറ്റീവായ സംഗതികളിലേക്ക്‌ വന്നാല്‍ ഞാന്‍ ആദ്യം പറയുക കത്തോലിക്ക സഭ തൊഴിലാളി സംഘടന എന്ന ആശയവുമായി വരുന്നതിന്‌ മുന്‍പ്‌ നിര്‍ബന്ധമായു ചെയ്തു തീര്‍ക്കേണ്ട ചില സംഗതികള്‍ ഉണ്ട്‌ . അതില്‍ പ്രധാനം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലാണ്‌ അത്‌. 5000 രൂപ ഒപ്പിടീച്ച്‌ 2500 രൂപ സാലറി നല്‍കുന്ന ഒരുപാട്‌ സഭാ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്‌ അണ്‍ ഏയിഡഡ്‌ മേഖലകളില്‍ ഉണ്ട്‌. അതുപോലെ സഭയുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍. ഈ വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന വേതനം ഏത്‌ അളവു കോലുകൊണ്ട്‌ അളന്നാലും നീതീകരിക്കാന്‍ കഴിയുന്നതല്ല. സഭയുടെ തൊഴിലാളി സംഘടന പ്രവര്‍ത്തനത്തിനെതിരെ ആദ്യം ഉയരുന്ന വെടി ഈ മേഖലകളില്‍ നടക്കുന്ന ബോധപൂര്‍വ്വമായി ചൂഷണങ്ങില്‍ ഊന്നിയാകും. സ്വായശ്ര സ്ഥാപങ്ങളില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ ഒഴിവാക്കി പ്രവേശനത്തില്‍ സുതാര്യത വരുത്തിയതുപോലെ ഇവിടെയും മാറ്റം ഉണ്ടാക്കാന്‍ കഴിണം. അതുപോലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒഴിവാക്കി മുന്നോട്ട്‌ പോയാല്‍ നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാന്‍ പോലും ഈ തൊഴിലാളി സംഘടന പ്രവര്‍ത്തനം സഹായിച്ചേക്കാം

28 comments:

cALviN::കാല്‍‌വിന്‍ said...

5000 രൂപ ഒപ്പിടീച്ച്‌ 2500 രൂപ സാലറി നല്‍കുന്ന പല സ്ഥാപനങ്ങളും അണ്‍-എയിഡഡ് മേഖലയില്‍ ഉണ്ട്. പല പല ചാരിറ്റിക്കാരുടെ. പകുതി ഡൊണേഷന്‍ എന്നും പറഞ്ഞ് അവരു വിഴുങ്ങും (
അത് ഇന്ന ജാതിമത സംഘടനയുടേത് എന്നൊന്നും ഇല്ല)..

പാവം അദ്ധ്യാപകര്‍
ട്രസ്റ്റുകളുടെ പേരു പറഞ്ഞാല്‍ ഇവിടെ പലര്‍ക്കും പൊള്ളും....

കിരണ്‍ തോമസ് തോമ്പില്‍ said...

അതിന്‌ ചാരിറ്റിക്കാര്‍ പറയുന്ന ഒരു മറുന്യായമുണ്ട്‌. ഡിമന്റ്‌ Vs സപ്ലൈ. കുറഞ്ഞ തുകക്ക്‌ ജോലിചെയ്യാന്‍ വേറേ ആളേക്കിട്ടും. Bed കഴിഞ്ഞ ആളുകള്‍ ക്യൂവിലാണ്‌ എന്ന്

cALviN::കാല്‍‌വിന്‍ said...

തൊഴിലില്ലായ്മ കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ തൊഴില്‍ നിയമങ്ങള്‍ സം‌രക്ഷിക്കപ്പെടേണ്ട എന്നല്ലേ?
കൊള്ളാം....

ഏതായാലും സഭ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഇറങ്ങിത്ത്രിരിച്ച സ്ഥിതിക്ക് ആദ്യം ഇത്തരം കാര്യങ്ങള്‍ പരിഹരിക്കട്ടെ

വാഴക്കോടന്‍ ‍// vazhakodan said...

മതം ആദ്യം മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നു,പിന്നെ പണം മതത്തെ കറുപ്പിക്കുന്നു.
ഇത് ഇവിടം കൊണ്ടൊന്നും നില്‍ക്കില്ല.സാമുദായിക ധ്രുവീകരണം സംഭവിക്കാനാണ് കൂടുതല്‍ ചാന്‍സ്. മതങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഉയരമുള്ള മതിലുകള്‍ തീര്‍ത്തുകൊന്ടെയിരിക്കും!
അത് തിരിച്ചറിയുന്നവര്‍ ജീവിക്കും സ്വസ്ഥമായി!
എന്റെ "ബ്ലോഗയ തൃതീയ ആശംസകള്‍"

Inji Pennu said...

അതില്‍ പ്രധാനം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലാണ്‌ അത്‌. 5000 രൂപ ഒപ്പിടീച്ച്‌ 2500 രൂപ സാലറി നല്‍കുന്ന ഒരുപാട്‌ സഭാ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച്‌ അണ്‍ ഏയിഡഡ്‌ മേഖലകളില്‍ ഉണ്ട്‌. അതുപോലെ സഭയുടെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍. ഈ വിഭാഗങ്ങള്‍ക്ക്‌ നല്‍കുന്ന വേതനം ഏത്‌ അളവു കോലുകൊണ്ട്‌ അളന്നാലും നീതീകരിക്കാന്‍ കഴിയുന്നതല്ല. -- ഇതിനു താഴെ ഒരു പത്ത് ഒപ്പ്!

cALviN::കാല്‍‌വിന്‍ said...

ചില സ്ഥാപനങ്ങളിലെ നഴ്സിംഗ് കോളെജില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ എങ്ങാന്‍ ബോണ്ട് ഉണ്ടത്രേ. കഷ്ടമാണ് ഇത്രയും ഫീസ് കൊടുത്തിട്ട് പിന്നെയും രണ്ട് വര്‍ഷം കുറഞ്ഞ ശംബളത്തിന് ജോലി ചെയ്യണം...

വേണാടന്‍ said...

അതെ സഭ ആദ്യം സ്വന്തം തൊഴിലാളികളൊട് നീതിപുലര്‍ത്തട്ടെ, സ്വന്തം കണ്ണിലെ കോലും, അന്യന്റെ കണ്ണിലെ കരടും സഭക്കും ബാധകം.
കിരണ്‍ന്റെ പോസ്റ്റ് വളരെ സമയോജിതം.

വാഴക്കൊടന്‍ അഭിപ്രായപ്പെട്ടതുപോലെ, ധ്രുവീകരണം ഉണ്ടാകും, ഇത്തരം നീക്കങ്ങള്‍ അവ ഒന്നു കൂടി പ്രത്യക്ഷീഭവിപ്പിക്കും.

............ said...
This comment has been removed by the author.
പഴഞ്ചന്‍ said...

ശ്രീ കിരണ്‍,
കേരളത്തിലെ സഭാ നേതൃത്വം ഏറ്റവും കൂടുതല്‍ ബുദ്ധി ഉപയോഗിച്ച് എടുത്ത തീരുമാനമാണ് തൊഴിലാളി സംഘടന എന്നത്. അത് ഒരേസമയം രാഷ്ട്രീയ തീരുമാനവും അരാഷ്ട്രീയവല്‍ക്കരണത്തിലേക്കുള്ള മാമോദിസയുമാണ്. കേരളത്തില്‍ എന്നും പ്രതിഷേധങ്ങളും നിഷേധങ്ങളും ഉണ്ടായിട്ടുള്ളത് ക്യാംപസുകളിലും തൊഴിലിടങ്ങളിലുമാണ്. ക്യാംപസുകളെ പരമാവധി അരാഷ്ട്രീയവല്‍ക്കരിച്ചു കഴിഞ്ഞതോടെ അടുത്ത പിടി ഇവിടെ ആരംഭിക്കുകയാണ്.
ഈ നടപടിയെ സഭ എന്തോ ക്രൂരത കാണിക്കുന്നു എന്ന മട്ടില്‍ കാണേണ്ടതില്ല. ഈ നീക്കം വിജയിച്ചാല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും നിരവധി പോരായ്മകള്‍ ഉണ്ട് എന്നു മാത്രമെ അര്‍ഥമുള്ളു. അല്ലെങ്കില്‍ സഭയില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസം നേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയുന്നില്ല. അതു ക്യാംപസില്‍ സംഭവിച്ചതുപോലെ തന്നെ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടാണ്.

Radheyan said...

ഞാന്‍ ഇതിനെ സാകൂതം വീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു.പോസിറ്റീവായോ നെഗറ്റീവായോ ഇപ്പോള്‍ ചിന്തിക്കുന്നില്ല.

പലരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും ഒന്നായി കാണുന്നു.ഒരു പക്ഷെ സഭ പോലും.ഇത് ശരിയല്ല എന്ന് ഒരുപക്ഷെ അനുഭവം സഭയെ പഠിപ്പിച്ചേക്കും.ഇവ തമ്മില്‍ ചില കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടെങ്കില്‍ പോലും ട്രേഡ് യൂണിയന് പൂര്‍ണ്ണമായി രാഷ്ട്രീയ നേതൃത്വത്തിന് വഴങ്ങി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല.അത് പോലെ തന്നെ സഭക്ക് പരിപൂര്‍ണ്ണമായി വഴങ്ങി അവരുടെ ട്രേഡ് യൂണിയനും വര്‍ത്തിക്കാനാവില്ല.

സംഘടിതമായ വിലപേശല്‍ തന്നെയാണ് ട്രേഡ് യൂണിയന്റെ ശക്തി.സമരങ്ങള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കാനാവാത്തതും.ക്രിസ്തു മാര്‍ഗ്ഗത്തില്‍ സഭക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്താന്‍ കഴിയുമെങ്കില്‍ നന്ന്.പക്ഷെ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.(ഇനി രാഷ്ട്രീയക്കാര്‍ നടത്തുന്ന ഹര്‍ത്താല്‍ സാത്തനിക്ക് ഹര്‍ത്താലും നാം നമ്മുടെ പള്ളിക്കൂടങ്ങള്‍ അടച്ചിട്ട് പിള്ളേരുമായി നിരത്തിലിറങ്ങുന്നത് വിശുദ്ധ ഹര്‍ത്താലുമാകുമെങ്കില്‍ അങ്ങനെ)

കിരണ്‍ പറഞ്ഞ പ്രതിസന്ധി മുതലാളിത്ത സ്ഥാപനങ്ങളുള്ളവര്‍ തൊഴിലാളി പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ മാത്രമല്ല,തൊഴിലാളി പ്രസ്ഥാനങ്ങളിലുള്ളവര്‍ മുതല്‍ മുടക്കി സംരംഭകരാകുമ്പോഴും ഉണ്ടാകാം അല്ലേ.ദ്വന്ദവ്യക്തിത്വം അല്ലെങ്കില്‍ ഇരട്ടത്താപ്പ് ഉണ്ടാക്കുന്ന സ്വത്വപ്രതിസന്ധി...

സി. കെ. ബാബു said...

"ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതരത്വത്തിനും നേര്‍ക്കുണ്ടാകുന്ന വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സഭാ മേലധ്യക്ഷന്മാരെ അവഗണിക്കുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്നതില്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെ ന്നും, ഇക്കാരണത്താല്‍ രാഷ്ട്രീ യകാര്യങ്ങളില്‍ ഇനി സഭ സ്വതന്ത്ര നിലപാടു സ്വീകരിക്കുമെന്നും ലേഖനത്തില്‍ ഉറപ്പിച്ചു പറയുന്നു."

പേരിൽ 'ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌' എന്ന വാലുള്ള ഏതു് പാർട്ടിയും മുതലാളിത്തത്തെ പ്രതിനിധീകരിക്കുന്നവരാണു്. ലക്ഷ്യം നേടാൻ മാഫിയാകളെ വരെ രംഗത്തിറക്കാൻ മടിക്കാത്ത 'രാഷ്ട്രീയ' പ്രസ്ഥാനങ്ങൾ! ഇറ്റലിയിലെ Andreotti-യുടെ പാർട്ടി മാത്രം മതി ഉദാഹരണത്തിനു്. ഏകദൈവത്തിൽ, ഏകസഭയിൽ, ഏകമാർപ്പാപ്പയുടെ അപ്രമാദിത്യത്തിൽ, ഏകസഭാതലവന്റെ സ്വേച്ഛാധിപത്യത്തിൽ നിരുപാധികം വിശ്വസിക്കുന്ന കത്തോലിക്കാസഭയിലെ മേലദ്ധ്യക്ഷന്മാർ ജനാധിപത്യമൂല്യങ്ങൾക്കും മതേതരമൂല്യങ്ങൾക്കും ഒക്കെ നേരെയുണ്ടാകുന്ന വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിക്കുന്നതു് കാണുമ്പോൾ ആ മനുഷ്യസ്നേഹത്തിന്റെ പേരിൽ കണ്ണിൽ ആനന്ദമൂത്രം നിറയാത്തവരുണ്ടോ?

രാഷ്ട്രീയകാര്യങ്ങളിൽ സഭ ഇനിമുതൽ സ്വതന്ത്രനിലപാടു് സ്വീകരിക്കുമത്രേ! അതിനർത്ഥം ഇതുവരെ അസ്വതന്ത്രമായ, കമ്മ്യൂണിസ്റ്റ്‌ പാർട്ടി അടക്കമുള്ള പാർട്ടികൾക്കു് അനുകൂലമായ നിശബ്ദനിലപാടുകളായിരുന്നു സഭ സ്വീകരിച്ചിരുന്നതു് എന്നാണോ മനസ്സിലാക്കേണ്ടതു്? ബാക്റ്റീരിയ പെരുകുന്നപോലെ കേരളത്തിന്റെ മണ്ണിൽ കേരളകോൺഗ്രസ്സുകൾ പെരുകിയതുപോലും 'മനസാ-വാചാ-കർമ്മണാ' അറിയാതിരുന്ന പാവം സഭ!

"വെള്ളക്കോളര്‍ ജോലി മാത്രം തൊഴിലായി കണക്കാക്കുന്നവര്‍ക്ക് പുരോഗതി എളുപ്പമാകില്ല."

വെള്ളക്കോളറൊക്കെ ഇക്കാലത്തു് ആർക്കുവേണം? വെട്ടിത്തിളങ്ങുന്ന വര്‍ണ്ണശബളമായ പട്ടു് കോളറുകൾ സംഘടിപ്പിക്കാനാണു് ഇന്നു് മനുഷ്യരുടെ ഓട്ടം! പണ്ടു് യേശു കുരിശിൽ മരിച്ചപ്പോൾ ധരിച്ചിരുന്നതുപോലുള്ളവ!

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ പോസിറ്റീവായി കാണാന്‍ ഒരുപാട്‌ കാരണങ്ങള്‍ ഉണ്ട്‌

സാമ്പത്തികമാന്ദ്യം, വികസനത്തിന്റെ സദ്ഫലങ്ങള്‍ താഴെ തട്ടിലേക്ക് വിതരണം ചെയ്യാതിരിക്കല്‍, ക്ഷേമ രാഷ്ട്ര ആശയത്തിനുള്ള സര്‍ക്കാറിന്റെ പിന്മാറ്റം, കമ്പോള സംസ്കാരത്തിന്റെ വളര്‍ച്ച, ഭൌതിക മൂല്യങ്ങളുടെ സ്വാധീനം, ട്രേഡ്യൂനിയനുകളുടെ മൂല്യച്യുതി, തൊഴിലാളി ചൂഷണം
ഇതൊക്കെ ഒരു കത്തോലിക്ക വിശ്വാസി കേള്‍ക്കാന്‍ ഇടയാകുന്നു എന്നത്‌ പോലും പോസിറ്റീവാണ്‌ എന്നാണ്‌ എന്റെ പക്ഷം

Rajeeve Chelanat said...

കിരണ്‍, നല്ല നിരീക്ഷണം. പ്രസക്തമായ ലേഖനം.

പഴഞ്ചന്‍ സൂചിപ്പിച്ച കാര്യം പ്രധാനമാണ്. സ്കൂളുകളിലും മറ്റും അരാഷ്ട്രീയം ഉറപ്പുവരുത്തിയെന്ന മൂഢസ്വര്‍ഗ്ഗാനുഭൂതിയിലാണ് ഈ പുതിയ കത്തോലിക്കാ തൊഴിലാളി സ്നേഹം ഇപ്പോള്‍ ഒലിക്കുന്നത്.

കത്തോലിക്കക്കാരും ഇതരമതക്കാരുമൊക്കെ വിവിധ തൊഴിലാളിസംഘടനകളില്‍ അംഗങ്ങളായുണ്ട്. അവരെ സഭയുടെ ഉപരിപ്ലവ വര്‍ഗ്ഗബോധത്തിലേക്ക്ക് നയിക്കുക,അവരുടെ രാഷ്ട്രീയം പിഴിഞ്ഞെടുത്ത് സഭയുടെ ബഹുജനസംഘടനകളാക്കി ഷണ്ഡീകരിക്കുക. ഇതുതന്നെയാണ് ഈ തൊഴിലാളിവര്‍ഗ്ഗ സഭാധിപത്യത്തിന്റെ ഉദ്ദേശലക്ഷ്യം.

അഭിവാദ്യങ്ങളോടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

രാധേയൻ പറയുന്നതു പോലെ,എന്തായാലും കാത്തിരുന്നു കാണാം.സഭയുടെ കീഴിലുള്ള തൊഴിലാളികൾക്കെങ്കിലും ഗുണം കിട്ടിയാൽ മതിയായിരുന്നു.

എന്തായാലും ഇപ്പോൾ പെട്ടെന്ന് കേരളത്തിലെ സഭയ്ക്ക് ഈ വെളിപാട് വന്നതിൽ ചെറുതല്ലാത്ത ദുരുദ്ദേശം ഉണ്ടെന്നു വ്യക്തം.

കാലം തെളിയിയ്ക്കട്ടെ !

Radheyan said...

തീര്‍ച്ചയായും കിരണ്‍.

അതാണ് എന്റെ കൌതുകത്തിന്റെ കാരണവും.മുതലാളിയെയും തൊഴിലാളിയെയും ഒരു മാലയില്‍ കൊരുത്ത മുത്തു പോലെ സഭക്കെങ്ങനെ കൊണ്ടു നടക്കാനാകും.

എന്ത് വേദാന്തം പറഞ്ഞാലും ക്യാപിറ്റലിന്റെയും തൊഴിലാളിയുടെയും പ്രശ്നങ്ങള്‍ പരസ്പരം സംഘര്‍ഷം ചെയ്യുന്നവ തന്നെയാണ്.ലാഭം,ലാഭത്തിനു മേല്‍ ലാഭം എന്ന ചിന്തയുമായി മുന്നോട്ട് പോകുന്ന ക്യാപിറ്റലിന് സമൂഹത്തോടുള്ള ഉത്തരവാദിത്തം വട്ടപ്പൂജ്യമാണ് എന്ന് നടപ്പ് പ്രതിസന്ധി നമ്മോട് പിന്നെയും വ്യക്തമാക്കുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

രാധേയാ

അവിടെയാണ്‌ ഞാന്‍ ആദ്യം ചുണ്ടിക്കാണിച്ച്‌ സ്പേസ്‌. അവിടെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ല. ആ സ്പേസില്‍ തന്നെ ക്ലിക്കകാന്‍ സമയം എടുക്കും.ഉടന്‍ ഫലങ്ങള്‍ സഭ പ്രതീക്ഷിക്കുന്നില്ല.പിന്നിടാണല്ലോ മറ്റ്‌ പ്രശ്നങ്ങള്‍ വരുന്നത്‌.

suraj::സൂരജ് said...

കെ.എം.മാ‍ണിയുടെ “...അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം” ക്ലാസെടുക്കാനും കൂടെ തുടങ്ങിയാല്‍ ഒരു തിയറെറ്റിക്കല്‍ ബാക്കിങ്ങുമാവും ;)

THOMMA said...

തൊഴിലാളികളോട് ഒരു കാലത്തും കേരള സഭ ആഭിമുഖ്യം കാണിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല ,അധ്യാപനം അത്ര ചെറുതായി കാണേണ്ട ഒരുതൊഴിളല്ല,demand vs സപ്ലൈ ഇതിനു ഒരു ന്യായീകരണമല്ല .സഭ നടത്തുന്ന പല നഴ്സിംഗ് സ്കൂളുകളിലും സ്റ്റാഫ് പരിമിത എണ്ണം മാത്രമേ ഉള്ളൂ. ബോണ്ട് ചെയ്യുന്ന വിദ്യര്ധികല്ക് കൊടുക്കുന്ന തുച്ഛമായ തുക മെസ്സ് ചാര്‍ജ് വെട്ടിയിട്ടുമാണ് നല്‍കുന്നത്. ഒരുഭാഗം തൊഴില്‍ students ആണ് ചെയ്യുന്നത്. ഇനി പരിമിത എണ്ണം മാത്രം aaya സ്റ്റാഫ് നഴ്സ് മാര്‍ക്ക് ഒന്നിനും തികയാത് ശമ്പളം നല്‍കി വന്ചിക്കുന്നു . രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നുമില്ലെന്കില്‍ ,സാമൂഹിക ക്ഷേമം മാത്രമാണ് ലക്ഷ്യമെങ്കില്‍ ഈ നീക്കം സ്വാഗതം ചെയ്യപ്പെടണം.
ഇന്‍ഫാം പോലെ ആയാല്‍...... ഇന്‍ഫാം തകരന്നത് റബറിന് വില വരുന്നതിന്റെ മുന്പ് തന്നെ ആണ് ...അതിന്റെ കാരണങ്ങളും വേറെയാണ് .... ഒരു സമയത്ത് രാഷ്ട്രീയത്തിന് ഭീഷനിയയെക്കം എന്ന് വന്നപ്പോള്‍ കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ അടക്കമുള്ളവര്‍ ഇതില്‍ നുഴഞ്ഞു കയറി തകര്‍ക്കുകയായിരുന്നു എന്നും ഒരു അഭിപ്രായമുണ്ട്, എന്തോ കാര്യത്തിനു അതിനു നെതൃതം വഹിച്ച ഒരു പുരോഹിതന്‍ സഭയുടെ അച്ചടക്ക നടപടിക്ക് വിധേയന്‍ ആയി എന്നും കേട്ടിരുന്നു

അനില്‍@ബ്ലോഗ് said...

അസംഘടിത മേഖലയിലെ തൊഴിലാളികളാണ് സംഘടിത മേഖലയിലേക്കാള്‍ അധികം എന്നത് ഈ ആശയത്തിനു കരുത്തുപകരും എന്ന് തോന്നുന്നു. ഭാവിയില്‍ എന്തു സംഭവിക്കും എന്ന് കണ്ട് തന്നെ അറിയണം.

ഏതായാലും കുഴിമാടത്തിന്റെ താക്കോല്‍ കയ്യിലുള്ള കാരണം കുറച്ച് ഗ്രിപ്പ് കൂടാനാണ് സാദ്ധ്യത.

മുക്കുവന്‍ said...

I do agree that the employees should be paid enough. if the employee doesn;t want to work with current salary better to move to different area. otherwise I dont see a difference between nokku kooli...

as usual everyone want to throw stone against christian organisation. I have only one question to them,

WHY THE GOVT CANT START THE SAME COLLEAGE AND MAKE MONEY?

answer is simple. they cant manage it :)

whom to blame, yea... christian organisation makes money. lets kill that organisation :) what a wonderful idea?

Inji Pennu said...

WHY THE GOVT CANT START THE SAME COLLEAGE AND MAKE MONEY?

-- :) answer is right there. Govt usually don't start education institutions for profit.

മുക്കുവന്‍ said...

if LDF can start a kairali and five star hotel why they cant start few nursing colleages and bio-medical schools? thats the one people need right now.

its not becuase they dont have money. its becuase they want start... I am sure, if there a good competetion from other organisation, Christian organisation will reduce their money and behave better.

so why cant you?

മുക്കുവന്‍ said...

make a nonprofit school/colleage... from what I understood is that christian organisation loots money from every student as well as the teachers..

if govt make a non profit organisation, that should be cheaper than christian organisation. so who will go to christian organisation?

'am i missing something here?

cALviN::കാല്‍‌വിന്‍ said...

മുക്കുവന്‍ ജീ,

താങ്കളെന്തൊക്കെയാണ് പറയുന്നത്?

ഇന്ത്യയിലേ പൊതുവേ മൂന്നു തരം സ്ഥാപനങ്ങള്‍ ഉണ്ട്
൧) പൊതുമേഖലാ
൨) സം‌യുക്തമേഖലാ
൩) സ്വകാര്യമേഖലാ...

ഇതില്‍ സ്വകാര്യമേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞോണ്ടൊരിക്കുന്നത്.

വിദ്യാഭ്യാസം എടുത്താല്‍
പൊതുമേഖലയിലും സൗയുക്തമേഖലയിലും അഡ്മിഷന്‍ കിട്ടാത്ത ഒരു കുട്ടി സ്വകാര്യമേഖലയില്‍ ചേരുന്നു. ഉയര്‍ന്ന ഫീസ് കൊടുത്ത്. ഈടാക്കുന്ന ഫീസ് ഉയര്‍ന്നതാണെങ്കിലും അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് കൊടുക്കുന്ന ശംബളം ഫീസ് കുറഞ്ഞ മറ്റു രണ്ടു മേഖലയെ അപേക്ഷിച്ച് വളരെ വളരെ കുറവ്... അതാണിവിടത്തെ പ്രശനം മനസിലായോ?

അതില്‍ തന്നെ പറയുന്ന ശംബളത്തിന്റെ പകുതിയോളം സ്ഥാപനത്തിനു ഡൊണേറ്റും ചെയ്യേണ്ടി വരുന്നു... അത്തരം ചൂഷണം അവസാനിപ്പിക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്.

ഹൂ വില്‍ ഗോ ടു പ്രവറ്റ് ഓര്‍ഗനൈസേഷന്‍സ്?

മറ്റു രണ്ട് സ്ഥലങ്ങളില്‍ അഡ്മിഷന്‍ അല്ലെങ്കില്‍ അപ്പോയിന്റ്മെന്റ് കിട്ടാത്തവര്‍ - പൊതുവേ...
പുരിഞ്ചാച്ചാ?

പ്രൈവറ്റ് സ്ഥാപനങ്ങള്‍ മൊത്തം കെട്ടിപ്പൂട്ടാന്‍ അല്ല പറഞ്ഞത്. കൊള്ളലാഭം കൂറയ്ക്കുകയും തൊഴില്‍നിയമങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യാന്‍ വേണ്ടിയാ...

അങ്കിള്‍ said...

താമസിച്ചു പോയി. എന്നാലും tracking

കിരണ്‍ തോമസ് തോമ്പില്‍ said...

മുക്കുവന്‍ ലോജിക്ക്‌ മനസിലാകുന്നു. പണം കുറവാണെങ്കില്‍ വേറെ പണി നോക്കെടാ എന്ന നമ്മുടെ സോ കോള്‍ഡ്‌ മുതലാളിത്ത മറുപടി. അത്‌ സഭ പറയില്ല. അങ്ങനെ പറഞ്ഞാല്‍ പിന്നെ തൊഴിലാളി സംഘടന എന്ന ആശയം സഭക്ക്‌ മുന്നോട്ട്‌ വയ്ക്കാന്‍ കഴിയില്ല. ആദര്‍ശവും ന്യായവും തൊഴിലവകാശവും ഒക്കെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തൊഴില്‍ സംഘടന ഉണ്ടാക്കാന്‍ പോകുമ്പോള്‍ മുകളില്‍ പറഞ്ഞ നിലപാട്‌ പ്രസക്തമല്ല.
അപ്പോള്‍ എന്താണ്‌ പ്രശ്നം ഒരു സംസ്ഥാനത്ത്‌ മിനിമം കൂലി എന്നൊരു ഇടപാടുണ്ട്‌. അത്‌ പല ജോലിക്കും നിശ്ചയിച്ചിട്ടുണ്ട്‌ പ്രത്യേകിച്ച്‌ അധ്യാപനത്തിന്‌ അത്‌ നിര്‍ബന്ധമായും നല്‍കിയാലെ സ്ഥാപനം നടത്തിക്കൊണ്ട്‌ പോകാന്‍ കഴിയുകയുള്ള. ഇലെങ്കില്‍ അംഗീകരം നഷ്ടപ്പെടും. ഉദാഹരണത്തിന്‌ 5000 രൂപയാണ്‌ ഈ മിനിമം കൂലി എന്നിരിക്കട്ടേ 2500 രൂപ നല്‍കി 5000 രൂപ കിട്ടി എന്ന് ഒപ്പിടിച്ച്‌ അധ്യാപകരെ ചൂഷണം ചെയ്യുകയാണ്‌ ഇത്തരത്തില്‍ സ്ഥാപനം നടത്തുന്നവര്‍ ചെയ്യുന്നത്‌. അത്‌ സഭയിലെ സ്ഥാപനങ്ങളിലും ഉണ്ട്‌. അതുകൊണ്ടാണ്‌ പറഞ്ഞത്‌ അത്തരത്തിലുള്ള ചൂഷണങ്ങള്‍ നടത്തുന്നര്‍ അത്‌ നിര്‍ത്തലാക്കിയിട്ട്‌ വേണം തൊഴിലാളി സംഘടന ചൂഷണം മുല്ല്യഛ്യുതി എന്നൊക്കെപ്പറായാന്‍ എന്നെ ഉദ്ദ്യേശിച്ചിട്ടുള്ളൂ

ഇനി രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങരുത്‌ എന്നാണ്‌ എന്റ പക്ഷം. പക്ഷെ അവര്‍ സഹരണ മേഖലയില്‍ സ്വയാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്‌ എന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇത്‌ ഇവിടെ പ്രസക്തമയ വിഷയം അല്ലാത്തതിനാല്‍ കൂടുതല്‍ ചര്‍ച്ച്‌ ഇതില്‍ വേണ്ട എന്നാണ്‌ എന്റെ പക്ഷം. തൊഴില്‍ സഘടന രംഗത്ത്‌ സഭ വരുന്നു എന്നതാണ്‌ ഇവിടുത്തെ വിഷയം

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

തൊഴിലാളികളെ കുറിച്ച് ചിന്തിക്കുവാനും പറയുവാനും ഇവിടെ ഇടതു ബു.ജി. കള്‍ക്ക് മാത്രമേ അവകാശമുള്ളൂ. അതിനാല്‍ തന്നെ കത്തോലിക്കാ സഭ ചെയ്തത് വലിയൊരു പാതകമാണ്. പിന്നെ തലസ്സെര്രി കോ-ഒപ്പ് ആശുപത്രിയിലും എറണാകുളതിനടുത്ത് എ.പി വര്‍ക്കി മിശനിലും നഴ്സുമാര്‍ക്ക് കൊട്ടകണക്കിനു ശമ്പളം കൊടുക്കുന്നുണ്ട്. അവിടത്തെ നഴ്സിംഗ് സ്കൂള്‍ ആണ് കേരളത്തിലെ ഏറ്റവും നല്ലത്. അവിടെ അന്യായമായ ഫീസില്ല.
മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്കൂള്‍ തുടങ്ങാന്‍ ആലോചിക്കുന്നു. തലവരി ഇല്ല, ഫീസില്ല, അധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളം . . . ഉടനെ ആയിരം സ്കൂളുകള്‍ ആണ് പാര്‍ട്ടി കേരളത്തില്‍ തുടങ്ങുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്‍.
പിന്നെ മാന്ദ്യം. പാവപ്പെട്ട കൂളിപനിക്കാര്‍ ശരിക്കും കഷ്ടപ്പെട്ടുപോയി. ദിവസം വെറും 350 രൂപയെ ഞങ്ങളുടെ നാട്ടില്‍ കൂലിയുള്ളൂ. അതും ആര് മണിക്കൂര്‍ പണിക്കു. (രണ്ടു ചായയും ഒരു ഉച്ചഭക്ഷണവും കഴിഞ്ഞ്)
കത്തോലിക്കാ സഭ തൊഴിലാളികളെ സംഘടിപ്പിക്കാം എന്ന് 'സ്വപ്നം' കാണുന്നത് ആരുടെയൊക്കെയോ ഉറക്കം കെടുത്തി എന്ന് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ സ.ലോറന്‍സിന്റെ പ്രസ്താവന വായിച്ചപ്പോള്‍ തോന്നി.

കിരണ്‍ തോമസ് തോമ്പില്‍ said...

കെ.സി.ബി.സിയുടെ തൊഴില്‍ കാര്യകമ്മീഷന്‍ പുറപ്പെടുവിക്കുന്ന മേയ്‌ ദിന സന്ദേശം - 2009

കര്‍ത്താവില്‍ സ്നേഹിക്കപ്പെടുന്ന സഹോദരി സഹോദരന്മാരേ,
മേയ്‌ ഒന്നാം തീയതി തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ഓര്‍മ്മ ദിനവും അന്താരാഷ്ട്ര തൊഴിലാളി ദിനവുമാണല്ലോ. എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും ഈ ദിനത്തിന്റെ മംഗളാശംസകള്‍ നേരുന്നു. വി. യൗസേപ്പിതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥം വഴി ആത്മീയവും ഭൗതികവുമായ നന്മകളാല്‍ തൊഴിലാളി സമൂഹം അനുഗ്രഹിക്കപ്പെടട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുന്നു. മുപ്പത്‌ വയസ്സു വരെ തന്റെ വളര്‍ത്തുപിതാവിന്റെ പണിശാലയില്‍ കഠിനാദ്ധ്വാനം ചെയ്ത നമ്മുടെ നാഥനും രക്ഷകനുമായ ഈശോമിശിഹായുടെ പ്രത്യേക കാരുണ്യവര്‍ഷം അദ്ധ്വാനിക്കുന്നവരുടെ മേല്‍ ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌. തൊഴില്‍ കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ കത്തോലിക്കാ മെത്രാന്‍ സമിതിയില്‍ ലേബര്‍ കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നത്‌. നമ്മുടെ രൂപതകള്‍ക്കുള്ളില്‍ വരുന്ന പ്രദേശങ്ങളിലെ തൊഴിലാളികളുടെ ആത്മീയവും ഭൗതികവുമായ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഡിപ്പാട്ടുമെന്റാണത്‌. ഈ കമ്മീഷന്റെ കീഴില്‍ കെ.എല്‍.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ലേബര്‍ മൂവ്മെന്റിലൂടെയാണ്‌ കമ്മീഷന്‍ അതിന്റെ ദൗത്യം പ്രധാനമായും നിര്‍വ്വഹിക്കുന്നത്‌. കെ.എല്‍.എം. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഒരു സൊസൈറ്റിയാണ്‌. ലേബര്‍ കമ്മീഷനും കെ.എല്‍.എമ്മും പ്രധാനമായും സര്‍ക്കാരിനും തൊഴിലാളികള്‍ക്കും ഇടയില്‍ ഒരു കണ്ണിയായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍ ചെയ്യുന്നത്‌. അതോടൊപ്പെ സ്വന്തം നിലയിലും കെ.എല്‍.എം തൊഴിലാളി ക്ഷേമപദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കി വരുന്നുണ്ട്‌. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ആവിഷ്ക്കരിച്ചിട്ടുള്ള തൊഴിലാളി ക്ഷേമപദ്ധതികള്‍ അവര്‍ക്ക്‌ കിട്ടാനുള്ള സാഹചര്യം ഒരുക്കുകയും അവ കിട്ടുന്നുണ്ട്‌ എന്ന്‌ ഉറപ്പു വരുത്തുകയും ചെയ്യുന്നു. അതുപോലെതന്നെ പുതിയൊരു തൊഴില്‍ സംസ്ക്കാരത്തിന്‌ രൂപം കൊടുക്കുവാനും കെ.എല്‍.എം ശ്രമിക്കുന്നു. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളില്‍ തൊഴിലാളികളുടെ ഉന്നതിയ്ക്കും പുരോഗതിയ്ക്കും സവിശേഷ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌ എന്നതാണ്‌ ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും എക്കാലവും കത്തോലിക്കാ തിരുസഭ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ പിതാവ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പറയുന്നു : തൊഴില്‍ ചെയ്തുകൊണ്ടു വേണം മനുഷ്യന്‍ അനുദിനം ആഹാരം സമ്പാദിക്കുവാന്‍. അതിലൂടെ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും നിരന്തരമായ പുരോഗതിയെ ത്വരിതപ്പെടുത്തണം. സര്‍വ്വോപരി താന്‍ ഉള്‍പ്പെടുന്ന കുടുംബമാകുന്ന സമൂഹത്തിന്റെ സാംസ്ക്കാരികവും ധാര്‍മികവുമായ നിലവാരം ഉയര്‍ത്താന്‍ അതുവഴി നിരന്തരം സഹായിക്കുകയും വേണം. മനുഷ്യന്റെ ശാരീരികമോ ബുദ്ധിപരമോ ആയ ഏതെങ്കിലുമൊരു പ്രവര്‍ത്തനമാണ്‌ - അതിന്റെ സ്വഭാവവും സാഹചര്യവും എന്തൊക്കെ ആയാലും - തൊഴില്‍ എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌... മറ്റു ജീവജാലങ്ങളില്‍ നിന്നും മനുഷ്യനെ വേര്‍തിരിച്ചു കാണിക്കുന്ന സ്വഭാവ വിശേഷങ്ങളില്‍ ഒന്നാണ്‌ തൊഴില്‍... മനുഷ്യനു മാത്രമേ തൊഴില്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്‍ മാത്രമാണ്‌ തൊഴില്‍ ചെയ്യുന്നത്‌. മനുഷ്യന്‍ മാത്രമാണ്‌ തൊഴില്‍ ചെയ്യുകയും അതുവഴി തന്റെ അസ്തിത്വത്തെ ഭൂമിയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത്‌ (ജോണ്‍ പോള്‍ 2 തൊഴില്‍ 0). അതുകൊണ്ടാണ്‌ ജോലി ചെയ്യാത്തവന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന്‌ വി. പൗലോസ്‌ ശ്ലീഹാ പ്രബോധിപ്പിക്കുന്നത്‌ (2 തെസ. 3: 10). തൊഴിലിനെയും തൊഴിലാളികളെയും വളരെ ഗൗരവത്തോടെയാണ്‌ തിരുസഭ ഉള്‍ക്കൊള്ളുന്നതെന്ന്‌ പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ലോകജനതയെ മുഴുവന്‍ സാമ്പത്തിക മാന്ദ്യം വലയം ചെയ്തുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ ഈ വര്‍ഷത്തെ തൊഴിലാളി ദിനം ആചരിക്കപ്പടുന്നത്‌. സാമ്പത്തികമായി വളരെ മുന്നാക്കം നില്‍ക്കുന്ന പശ്ചാത്യനാടുകളില്‍ നിന്നാണ്‌ സാമ്പത്തിക മാന്ദ്യത്തിന്റെ വിഷപ്പുക വമിയ്ക്കാന്‍ തുടങ്ങിയതെന്നാണ്‌ ഇതിന്റെ പ്രത്യേകത. ധനാസക്തി, ഉപഭോഗാസക്തി എന്നിവയുടെ പിന്നാലെ പാഞ്ഞ ചിലര്‍ ഒരുക്കിയ ചതിക്കുഴികളില്‍ നിന്നാണ്‌ സാമ്പത്തിക മാന്ദ്യത്തിന്‌ തുടക്കം കുറിച്ചിട്ടുള്ളത്‌. ധനാസക്തിയാണ്‌ എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം (തിമോത്തി 6: 10) എന്ന വിശുദ്ധ ഗ്രന്ഥവചനം ശ്രദ്ധിക്കുക. ഈ സാമ്പത്തിക മാന്ദ്യം എല്ലാവരെയും ബാധിക്കും. എന്നാല്‍ ആവശ്യത്തിലേറെ സമ്പാദിച്ച്‌ വച്ചിട്ടുള്ള ധനാഢ്യരെ സംബന്ധിച്ച്‌ അതത്ര പ്രശ്നമല്ല. കാരണം അവരുടെ സുഖസൗകര്യങ്ങളില്‍ വലിയ കുറവു വരുത്താതെ തന്നെ അവര്‍ക്കതിനെ നേരിടാന്‍ കഴിയും. സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും വലിയ ബലിയാടുകള്‍ തൊഴിലാളികളാണ്‌. ഇപ്പോഴത്തെ ആഗോളമാന്ദ്യം മൂലം ലോകത്ത്‌ അമ്പത്‌ കോടിയില്‍പരം പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമെന്നാണ്‌ അന്താരാഷ്ട്ര സംഘടന കണക്കുകൂട്ടിയിരിക്കുന്നത്‌. നമ്മുടെ കൊച്ചു കേരളത്തില്‍ തന്നെ മുപ്പത്തിയെട്ടു ലക്ഷത്തില്‍പ്പരം പേരുടെ തൊഴിലിനെ സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്നാണ്‌ സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ്‌ സ്റ്റഡീസ്‌ കേരളസര്‍ക്കാരിനു വേണ്ടി നടത്തിയ പഠനത്തില്‍ നിന്നും വെളിവാകുന്നത്‌. ചെറുകിട കര്‍ഷകരേയും കര്‍ഷക തൊഴിലാളികളെയുമാണ്‌ സാമ്പത്തിക മാന്ദ്യം കേരളത്തില്‍ ഏറ്റവും ശക്തമായി ബാധിക്കുന്നത്‌. മത്സ്യത്തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍ എന്നിവരെയും സാമ്പത്തിക മാന്ദ്യം ബുദ്ധിമുട്ടിലാക്കും. കാരണം അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വരും. അപ്പോള്‍ കമ്പനികള്‍ ജോലിക്കാരെ പിരിച്ചിവിടും. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ തന്നെ രണ്ടുമുതല്‍ രണ്ടര ശതമാനം വരെ പുറകോട്ടായി കഴിഞ്ഞുവെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്‌. ഏഴുശതമാനമാണ്‌ ഈ വര്‍ഷത്തെ പ്രതീക്ഷിതാ വളര്‍ച്ചാ നിരക്ക്‌. എന്നാല്‍ ഏറ്റവും ഗൗരവമേറിയ കാര്യം നമ്മുടെ ജനതയിലെ അറുപത്തിയഞ്ച്‌ ശതമാനം പേരും കൃഷി, മത്സ്യബന്ധനം, കന്നുകാലി വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രാഥമിക മേഖലയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതാണ്‌. ഈ രംഗത്തുള്ള വളര്‍ച്ചാ നിരക്ക്‌ മൂന്നു ശതമാനത്തില്‍ താഴെ മാത്രമായിരിക്കുമെന്നാണ്‌ സൂചന.ഇതുമൂലം അടിസ്ഥാന തൊഴിലാളികളുടെയും ചെറുകിട തൊഴിലാളികളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. ക്ഷാമകാലത്തെ നേരിടാനായി പൂര്‍വ്വ പിതാവായ യൗസേപ്പിതാവിന്റെ വിവേകത്തോടെ പെരുമാറാന്‍ തൊഴിലാളി വിഭാഗം തയ്യാറാകേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഒരു ദശകക്കാലമായി നമ്മുടെ രാജ്യം വികസന കുതിപ്പിലാണെന്നത്‌ അഭിമാനാര്‍ഹമായ കാര്യമാണ്‌. ലോകത്തിലെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്‌. പക്ഷേ ഈ നേട്ടങ്ങള്‍ നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക്‌ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ്‌ വസ്തുത. കര്‍ഷകരുടെ ഇടയിലുള്ള ആത്മഹത്യകള്‍ പോലെയുള്ള ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നത്‌ അതാണ്‌. ഐക്യരാഷ്ട്ര സംഘടന, കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മനുഷ്യവികസന സൂചികയില്‍ ( Human Development Index) ഇന്ത്യയുടെ സ്ഥാനം നൂറ്റിയിരുപത്തിയെട്ടാണ്‌. ഒരു വര്‍ഷം മുമ്പ്‌ അത്‌ നൂറ്റിയിരുപത്തിയാറായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വികസനകുതിപ്പിനിടയിലും അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളുടെ ജീവിത നിലവാരം താഴോട്ട്‌ പോകുകയാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തെ വിശകലനം ചെയ്യുന്നതിനെ സംബന്ധിച്ച മാനദണ്ഡം ലോകബാങ്ക്‌ ഈയിടെ പുതുക്കി നിശ്ചയിക്കയുണ്ടായി. പ്രതിദിനം രണ്ടു ഡോളറില്‍ (ഏകദേശം നൂറു രൂപ) കുറവ്‌ വരുമാനം ലഭിക്കുന്നവരെയാണ്‌ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പ്രതിദിനം ഒന്നേകാല്‍ ഡോളര്‍ പോലും ലഭിക്കാത്തവരെ പരമദരിദ്രര്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത്തിയഞ്ച്‌ ശതമാനം പേരെയും ദരിദ്രരുടെ പട്ടികയിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. പരമദരിദ്രരാവട്ടെ മൊത്തം ഇന്ത്യാക്കാരുടെ നാല്‍പ്പത്തിയൊന്ന്‌ ശതമാനമാണ്‌. 2006 ജനുവരിയില്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്റെ സമ്മേളനത്തില്‍ വത്തിക്കാന്റെ പ്രതിനിധി ഇപ്രകാരം പറയുകയുണ്ടായി. ആഗോളീകരണത്തിന്റെ ഭാഗമായുള്ള സമ്പത്ത്‌ വ്യവസ്ഥയുടെ ഉദാരവത്ക്കരണം വഴി കൂടുതല്‍ കൂടുതല്‍ സമ്പത്ത്‌ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ വളരെ വര്‍ദ്ധിച്ചിട്ടും ഈ സമ്പത്തിന്റെ സദ്ഫലങ്ങള്‍ കൊയ്തെടുക്കുന്നതില്‍ രാഷ്ട്രങ്ങള്‍ തമ്മിലും രാഷ്ട്രങ്ങളുടെ ഉള്ളിലും വ്യത്യാസം ഉണ്ടായിട്ടുണ്ടെന്ന്‌ ധാരാളം തെളിവുകളുണ്ട്‌. അന്തസ്സുള്ള തൊഴിലിന്റെ മാനദണ്ഡങ്ങള്‍ വച്ച്‌ അളന്നാല്‍ വളരെപേര്‍ സാമൂഹിക നേട്ടങ്ങള്‍ ആസ്വദിക്കുന്നതില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണെന്ന്‌ കാണാം. കാരണം അപമാനകരമായ വിധത്തില്‍ അവര്‍ ചൂഷണം ചെയ്യപ്പെടുന്നു. ഇതേകാര്യത്തെപ്പറ്റി പരിശുദ്ധ പിതാവ്‌ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ 2009 ജനുവരി 1-ന്‌ നല്‍കിയ ലോകസമാധാന സന്ദേശത്തില്‍ ഇപ്രകാരം പറയുന്നു, ഇന്നത്തെ ആഗോളീകൃത ലോകത്തില്‍ എല്ലാവര്‍ക്കും ന്യായമായി വളരാനുള്ള അവസരം നല്‍കിയെങ്കില്‍ മാത്രമെ സമാധാനം സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന്‌ വ്യക്തമാണ്‌. അനീതി നിറഞ്ഞ സാമൂഹിക ക്രമം സൃഷ്ടിച്ചുള്ള വ്യതിയാനങ്ങള്‍ക്ക്‌ ഉടനെ അല്ലെങ്കില്‍ അധികം വൈകാതെ എല്ലാവരും വില നല്‍കേണ്ടി വരും. മരുഭൂമിയുടെ നടുവില്‍ ആഢംബരം നിറഞ്ഞ ഭവനം നിര്‍മിക്കുകയെന്നത്‌ ശുദ്ധ വിഢിത്തമാണ്‌. നമ്മുടെ രാജ്യത്ത്‌ ഏറെയും അസംഘടിത മേഖലയിലെ തൊഴിലാളികളാണ്‌ എന്ന്‌ നാം പറഞ്ഞു. സംഘടിത മേഖലയില്‍ പോലും സാമൂഹിക തൊഴില്‍ സുരക്ഷ ലഭിക്കാത്തവര്‍ ധാരാളമുണ്ട്‌. കര്‍ഷകതൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍ (അഞ്ചേക്കര്‍ കൃഷി ഭൂമിയില്‍ താഴെയുള്ളവര്‍), മത്സ്യതൊഴിലാളികള്‍, കയര്‍-കശുവണ്ടി തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, പീടിക തൊഴിലാളികള്‍ തുടങ്ങിയ നൂറില്‍പരം വിഭാഗങ്ങളെ അസംഘടിത തൊഴിലാളികളുടെ ലിസ്റ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.നമ്മുടെ ദേശീയവരുമാനത്തിന്റെ അറുപത്‌ ശതമാനത്തില്‍ അധികം ഈ വിഭാഗത്തിന്റെ സാമൂഹിക ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള സമഗ്രനിയമങ്ങള്‍ ഒന്നും തന്നെ കഴിഞ്ഞ ആറ്‌ പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപീകരിക്കപ്പെട്ടിരുന്നില്ലാ എന്നത്‌ ഖേദകരമാണ്‌. അതുകൊണ്ട്‌ തന്നെ ഈ അടുത്ത കാലത്ത്‌ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ ആക്ട്‌ - 2008 ഈ രംഗത്തുള്ള വലിയ കാല്‍ വെയ്പ്പായിട്ടാണ്‌ കാണുന്നത്‌. ഈ നിയമം കൊണ്ടുവരുന്നതില്‍ കെ.എല്‍.എം വളരെയധികം നീക്കങ്ങള്‍ നടത്തിയിരുന്നു. നിയമം അതിന്റെ പൂര്‍ണ്ണ ഉദ്ദേശശുദ്ധിയോടെ നടപ്പിലാക്കാന്‍ വേണ്ട പിന്തുണയും സഹകരണവും തൊഴിലാളി സമൂഹവും തൊഴിലാളി സംഘടനകളും നല്‍കണം. തൊഴിലാളി സമൂഹത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തിരുസ്സഭ എന്നും തയ്യാറായിട്ടുണ്ട്‌. ആധുനിക കാലഘട്ടത്തിലെ തിരുസ്സഭയുടെ പ്രഥമ സാമൂഹിക പ്രബോധനമായ റേരും നൊവാരും 1891-ല്‍ ഭാഗ്യസ്മരണാര്‍ഹനായ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ പുറത്തിറക്കിയത്‌ തൊഴിലാളി സമൂഹത്തിനു വേണ്ടിയായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ധാരാളം സാമൂഹിക ലേഖനങ്ങള്‍ പരിശുദ്ധ പിതാക്കന്മാര്‍ പുറത്തിറക്കിയിട്ടുണ്ട്‌. തിരുസ്സഭയുടെ നേതൃത്വത്തില്‍ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ പലതലത്തിലും നടത്തിവരുന്നുണ്ട്‌. തല്‍സംബന്ധമായി രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ പറയുന്നു ഈ കാലഘട്ടത്തിലെ മനുഷ്യരുടെ വിശിഷ്യ പാവങ്ങളുടെയും പീഡിതരുടെയും സന്തോഷവും പ്രതീക്ഷകളും സങ്കടങ്ങളും ഉത്കഠകളുമെല്ലാം ക്രിസ്തുവിന്റെ അനുയായികളുടെയും കൂടിയാണ്‌. ഈ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കാലത്തിന്റെ അടയാളങ്ങള്‍ സൂക്ഷ്മ നിരീക്ഷണം ചെയ്ത്‌ സുവിശേഷ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ സഭ എല്ലായ്പോഴും ബാധ്യസ്ഥയത്രെ (സഭ ആധുനിക ലോകത്തില്‍ 1 & 4). ഇക്കാരണത്താല്‍ തന്നെ തൊഴിലിന്റെ കര്‍ത്താവിനെപ്പറ്റിയും അവന്റെ ജീവിത സാഹചര്യങ്ങളെപ്പറ്റിയും നിരന്തരമായ പഠനം നടത്തേണ്ടിയിരിക്കുന്നു (ജോണ്‍പോള്‍ 2, തൊഴില്‍ 8 5). ഈ അടിസ്ഥാന കാഴ്ചപ്പാടിലൂടെയാണ്‌ തിരുസ്സഭ തന്റെ സാമൂഹിക പ്രബോധന ദൗത്യം നിര്‍വ്വഹിക്കുന്നത്‌. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള ലേബര്‍ മൂവ്മെന്റാണ്‌ കേരള കത്തോലിക്കാ സഭയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌ എന്ന്‌ തുടക്കത്തില്‍ നാം കണ്ടു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കൊണ്ടു തന്നെ കേരളത്തിലെ എല്ലാ രൂപതകളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കെ.എല്‍.എമ്മിന്‌ സാധിച്ചിട്ടുണ്ട്‌. സഭയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ ശക്തമായ അല്‍മായ നേതൃത്വത്തെ ഇതിലൂടെ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌. സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ തൊഴില്‍ മേഖലകളില്‍ ധാരാളം പുതിയ പുതിയ പ്രശ്നങ്ങള്‍ രൂപപ്പെട്ടു വരുന്നുണ്ട്‌. സാമ്പത്തിക മാന്ദ്യം, വികസനത്തിന്റെ സദ്ഫലങ്ങള്‍ താഴെത്തട്ടിലേക്ക്‌ വിതരണെ ചെയ്യപ്പെടാതിരിക്കല്‍, ക്ഷേമരാഷ്ട്ര ആശയത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം, കമ്പോള സംസ്ക്കാരത്തിന്റെ വളര്‍ച്ച, ഭൗതീക മൂല്യങ്ങളുടെ സ്വാധീനം, ട്രേഡ്‌ യൂണിയനുകള്‍ക്കുണ്ടായിട്ടുള്ള മൂല്യച്യുതി, തൊഴിലാളി ചൂഷണം തുടങ്ങിയ ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്‌. ഇത്തരം കാര്യങ്ങളില്‍ സമഗ്രമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ കെ.എല്‍.എമ്മിന്‌ കഴിയുന്നുണ്ട്‌ എന്നത്‌ അഭിമാനാര്‍ഹമാണ്‌. അദ്ധ്വാനത്തിന്റെ ശ്രേഷ്ഠതയും മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന തൊഴില്‍ സംസ്ക്കാരം വ്യാപിപ്പിക്കുക, സമകാലിക സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ തൊഴിലാളികള്‍ക്കുമുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ അവരെ ശക്തീകരിക്കുക, പുത്തന്‍ സാങ്കേതിക പരിജ്ഞാനവും ആധുനിക യന്ത്രോപകരണങ്ങളും പുത്തന്‍ പ്രവണതകളും തൊഴിലാളികള്‍ക്ക്‌ ലഭ്യമാകാന്‍ അവസരം ഒരുക്കുക, സര്‍ക്കാരിന്റെയും ഇതര ഏജന്‍സികളുടെയും വിവിധ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളായി മുഴുവന്‍ തൊഴിലാളികളെയും മാറ്റുക, തൊഴിലാളികളുടെ നേതൃത്വത്തെ പരിപോഷിപ്പിക്കുകയും സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ നയിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള അഞ്ച്‌ പ്രവര്‍ത്തന പദ്ധതികളുമായിട്ടാണ്‌ കെ.എല്‍.എം. മുന്നോട്ട്‌ പോകുന്നത്‌. തൊഴിലാളികളുടെ ശക്തീകരണത്തിന്‌ ഫലപ്രദമായ ഒരു പ്രവര്‍ത്തനമാണ്‌ തൊഴിലാളി സ്വയം സഹായ സംഘടനകളുടെ രൂപീകരണം. ഇതിന്റെ തുടര്‍ച്ചയായി തൊഴിലാളി ഫോറങ്ങള്‍ രൂപപ്പെടുത്തണം. വിവിധ തലങ്ങളില്‍ ഇടവക പ്രവര്‍ത്തനങ്ങളുടെ കോ-ഓഡിനേഷന്‌ വേണ്ടിയുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. എല്ലാ രൂപതകളിലും തൊഴിലാളി നേതൃത്വം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. രൂപതാ സാമൂഹികപ്രവര്‍ത്തന സംവിധാനങ്ങള്‍ വഴിയായിട്ടാണ്‌ സാധാരണയായി കെ.എല്‍.എം പ്രവര്‍ത്തിച്ചു വരുന്നത്‌. ഇന്ന്‌ എല്ലാ ഇടവകകളിലും തന്നെ സ്വയം സഹായസംഘങ്ങള്‍, ക്രെഡിറ്റ്‌ യൂണിറ്റുകള്‍ മുതലായവ പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌. ഈ സംഘങ്ങളിലുള്ള തൊഴിലാളികളുടെ ഏകോപനം വിവിധ തൊഴിലാളി ഫോറങ്ങള്‍ വഴി നടത്തപ്പെടണം. എല്ലാ തൊഴിലാളുകളെയും സംഘടിതരാക്കണം. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചില്‍പ്പരം തൊഴിലാളി ക്ഷേമപദ്ധതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌. എല്ലാ തൊഴിലാളികളെയും ക്ഷേമപദ്ധതിയില്‍ അംഗങ്ങളാക്കുവാന്‍ നാം ശ്രദ്ധിക്കണം. ആദ്യമായി ഈ രംഗത്ത്‌ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളെപ്പറ്റി അറിവുണ്ടാവുക അത്യാവശ്യമാണ്‌. ക്ഷേമനിധികളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ച്‌ ഒരു കൊച്ചുപുസ്തകം കെ.എല്‍.എം അടുത്തയിടെ പുറത്തിറക്കിയിട്ടുണ്ട്‌. ജെ.ബി.വൈ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ്‌ ഇന്‍ഷ്വൂറന്‍സ്്‌ പദ്ധതിയില്‍ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും അംഗങ്ങളാകുവാന്‍ കഴിയും. ജീവന്‍, മധൂര്‍ പോലെയുള്ള ഇന്‍ഷ്വൂറന്‍സ്‌ വഴിയുള്ള പണം ശേഖരിക്കാനും, കാലക്രമോണ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കാനുമുള്ള സംവിധാനം ഏര്‍പ്പെടുത്താനും വേണ്ട ഒത്താശകള്‍ ചെയ്യാന്‍ കെ.എല്‍.എം പരിശ്രമിച്ചുവരുന്നു. മറ്റൊരു പ്രധാനപ്പെട്ട മേഖലയാണ്‌ രോഗീ ചികിത്സയ്ക്ക്‌ സഹായം ലഭിക്കുന്ന മെഡിക്ലെയിം ഇന്‍ഷ്വുറന്‍സ്‌ പദ്ദതികള്‍. എല്ലാ തൊഴിലാളികളും മെഡിക്ലെയിം ഇന്‍ഷ്വുറന്‍സില്‍ അംഗങ്ങളാവണം. ഇതിനായി ഒട്ടുമിക്ക രൂപതകളിലെയും സാമൂഹിക സേവന വിഭാഗത്തിന്റെ കീഴില്‍ ഇന്‍ഷ്വുറന്‍സ്‌ സംബന്ധിയായ കാര്യങ്ങള്‍ ചെയ്തവരുന്നുണ്ട്‌. അത്‌ എല്ലാ തൊഴിലാളികളിലേയ്ക്കും വ്യാപിപ്പിക്കാന്‍ രൂപതാ കെ.എല്‍.എം ഘടകങ്ങള്‍ നേതൃത്വം നല്‍കണം. തൊഴിലാളികളുടെ ക്ഷേമനിധി പ്രവേശനം, ഇന്‍ഷ്വുറന്‍സ്‌ സംബന്ധിയായ കാര്യങ്ങള്‍ എന്നിവയ്ക്ക്‌ വേണ്ട ഉവദേശവും നേതൃത്വവും കെ.എല്‍.എം നല്‍കുന്നതാണ്‌. തൊഴില്‍ അന്വേഷകരെയും തൊഴില്‍ സ്ഥാപനങ്ങളെയും രജിസ്റ്റര്‍ ചെയ്യുന്ന കേരള ലേബര്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളും കെ.എല്‍.എം നടത്തുന്നുണ്ട്‌. അതും എല്ലാ രൂപതകളിലേക്കും ഇപ്പോള്‍തന്നെ ഇതിലേയ്ക്കായി മൂന്ന്‌ വെബ്സൈറ്റുകള്‍ (www.keralalabour.org, www.medicarrier.in, www.jobtech.in) കെ.എല്‍.എം. തയ്യാറാക്കി നടത്തിവരുന്നുണ്ട്‌. ജോലി തേടുന്നവരെയും ജോലി തരാന്‍ സാധ്യതയുള്ളവരെയും ഒരേ വേദിയില്‍ കൊണ്ടുവരുന്ന ഒരു പ്രസ്ഥാനമാണ്‌ ഈ സൈറ്റുകള്‍. ജോലി അന്വേഷിച്ച്‌ വിവിധ സ്ഥലങ്ങളില്‍ പോകുമ്പോഴുണ്ടാവുന്ന സമയനഷ്ടവും പണനഷ്ടവും എല്ലാം ഇതിലൂടെ ഇല്ലാതാക്കാന്‍ കഴിയും. രൂപതാ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റികളും കെ.എല്‍.എമ്മും ഇക്കാര്യത്തില്‍ പ്രത്യേകം താത്പര്യമെടുക്കണം. തൊഴില്‍ സാമ്പത്തിക രംഗങ്ങളില്‍ വന്‍ പ്രതിസന്ധികളുടെ കാര്‍മേഘം ഉരുണ്ടുകൂടി വരുന്ന ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ശക്തീകരണത്തിന്‌ ഉപയുക്തമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ എല്ലാ ഇടവകകളിലും സ്ഥാപിക്കപ്പെടണം. ഒരു പക്ഷേ പുതിയൊരു പ്രസ്ഥാനം തുടങ്ങുന്നതിനു പകരം നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇതു ചെയ്യുകയാവും കരണീയവും എളുപ്പവും. അതുപോലെ തന്നെ പെട്ടെന്നുള്ള ഫലങ്ങള്‍ ഇതില്‍നിന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്‌. തൊഴില്‍ ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തിലുള്ള പങ്കു ചേരലാണ്‌. ഏതു തരത്തിലും തലത്തിലുമുള്ള തൊഴിലും മാന്യതയുള്ളതാണ്‌ എന്ന്‌ നാം മനസ്സിലാക്കണം. അതുപോലെ ഏതുതരം തൊഴില്‍ ചെയ്യുന്നവരും മാന്യതയും അംഗീകാരവും അര്‍ഹിക്കുന്നവരാണ്‌ എന്ന കാര്യവും നാം അനുസ്മരിക്കണം. മലയാളിയുടെ ദുരഭിനമാനബോധമാണ്‌ നമുക്ക്‌ പലതിനും തടസ്സമായി നില്‍ക്കുന്നത്‌ എന്നതൊരു വസ്തുതയാണ്‌. വെള്ളക്കോളര്‍ ജോലിമാത്രം ജോലിയായി കണക്കാക്കുന്ന ഒരു ജനതയ്ക്ക്‌ പുരോഗതി ഉണ്ടാവുക എളുപ്പമല്ല. അതുപോലെ തന്നെ എന്തിനും ഏതിനും സമരം, ബന്ദ്‌ മുതലായവ ചെയ്യുന്നതും അതുവഴി ഉല്‍പാദനം തടസ്സപ്പെടുത്തുന്നതും ശരിയായ ഒരു പ്രവണതയല്ല. ഒരു പരിധി വരെ ജോലിയെടുക്കാതെ പണം സമ്പാദിക്കുന്നതിനുള്ള തൃഷ്ണതയാണ്‌ ഇത്തരം പ്രവണതകള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ പറയേണ്ടിയിരിക്കുന്നു. അതൊരിക്കലും നമ്മെ പുരോഗതിയിലേക്ക്‌ നയിക്കുകയില്ല. തീക്ഷ്ണമതിയായ വി. പൗലോസ്‌ അപ്പസ്തോലന്റെ വര്‍ഷാചരണത്തിന്റെ ഇടയിലാണ്‌ 2009 ലെ മെയ്‌ ദിനം കടന്നു വരുന്നത്‌. അലസത കൂടാതെ അദ്ധ്വാനിക്കാനുള്ള ആഹ്വാനമാണ്‌ വി. പൗലോസ്‌ നമുക്ക്‌ നല്‍കുന്നത്‌. തന്നെ അനുകരിക്കേണ്ടത്‌ എങ്ങിനെയെന്ന്‌ വി. പൗലോസ്‌ ശ്ലീഹ പഠിപ്പിക്കുന്നുണ്ട്‌. ആരില്‍ നിന്നും ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല. മറിച്ച്‌ ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപ്പകല്‍ കഷ്ടപ്പെട്ട്‌ കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ക്ക്‌ അവകാശം ഇല്ലാഞ്ഞിട്ടല്ല, പ്രത്യുത അനുകരണാര്‍ഹമായ ഒരു മാതൃക നിങ്ങള്‍ക്ക്‌ നല്‍കുവാനാണ്‌ ഇങ്ങനെ ചെയ്തത്‌ (2 തെസ. 3: 7-9). നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള അസംഘടിത തൊഴില്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അതിജീവിക്കാന്‍ പുതിയ കാഴ്ചപ്പാടും പുതിയ മനോഭാവവും പുതിയ പ്രവര്‍ത്തന ശൈലിയും സ്വാംശീകരിക്കാന്‍ നാം തയ്യാറാവുമെന്ന്‌ ഈ മെയ്‌ ദിനത്തില്‍ നമുക്ക്‌ പ്രതിജ്ഞയെടുക്കാം. ഒന്നിച്ചു നിന്ന്‌ വികസനത്തിനും നന്മയ്ക്കുമായി നമുക്ക്‌ മുന്നേറാം. പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട്‌ ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍ (ഗല. 6:2) എന്ന അപ്പസ്തോല വചനങ്ങള്‍ നമുക്ക്‌ ഓര്‍ക്കാം. കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഒരിക്കല്‍കൂടി എല്ലാവര്‍ക്കും മേയ്‌ ദിനാശംസകള്‍ നേരുന്നു