Sunday, August 23, 2009

ഋതു ഭാവങ്ങള്‍

ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത്‌ പുറത്തിറിങ്ങിയ ഋതു എന്ന ചിത്രത്തെപ്പറ്റി മികച്ച ഒരു നിരൂപണം വെള്ളെഴുത്തില്‍ വന്നിട്ടുണ്ട്‌. എങ്കിലും IT മേഖലയുടെ പശ്ചത്തലത്തില്‍ എടുത്ത ഈ ചിത്രത്തെ ഒന്നു നിരൂപിക്കണം എന്ന് തോന്നി. ശ്യാമ പ്രസാദ്‌ എന്ന സംവിധായകനെ അല്ല ജോഷ്വാ ന്യൂട്ടണ്‍ എന്ന തിരക്കഥകൃത്തിനെയാണ്‌ എനിക്ക്‌ നിരൂപിക്കാന്‍ ഇഷ്ടം. വനിതയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിട നിന്നും ഇറങ്ങി ഇപ്പോള്‍ ഫ്രീലാന്‍സ്‌ പരിപാടികളുമായി നടക്കുന്നു എന്നാണ്‌ ഇദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌.

ഋതുവില്‍ ഉപയോഗിക്കുന്ന പോര്‍ട്ടുഗീസ്‌ എഴുത്തുകാരന്‍ പെസോവായുടെ ഒരു മനുഷ്യനില്‍ ഉള്ള പല മനുഷ്യരെപ്പറ്റി ഉള്ള പരമര്‍ശം എടുത്തുകൊണ്ടാണ്‌ ഞാന്‍ ഇത്‌ നിരൂപിക്കാന്‍ ശ്രമിക്കുന്നത്‌ ആദ്യമായി എന്നിലെ IT ക്കാരന്‍ ഇതിനെ നിരൂപിക്കുന്നു.പറ്റുമെങ്കില്‍ എന്നിലെ മറ്റുള്ളവരെക്കൊണ്ടും നിരൂപിക്കാന്‍ ശ്രമിക്കാം

IT രംഗത്തെ ജീവനക്കാരുടെ ജീവിതങ്ങളേപ്പറ്റി പുറം ലോകത്ത്‌ പരക്കുന്ന നിറം പിടിപ്പിച്ച കഥകളോട്‌ പരമാവധി നീതി പുലര്‍ത്താന്‍ തിരക്കഥാകൃത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടാണ്‌ തുല്യ ദുഖിതാരായി 17 വര്‍ഷത്തോളം നീണ്ട ആത്മ ബന്ധമുള്ള നായകനെ കേവലാനന്ദത്തിന്‌ വേണ്ടി സുഹൃത്തുക്കള്‍ ചതിക്കുന്ന ഒരു കഥ സൃഷ്ടിക്കപ്പെട്ടത്‌. ചതിക്കുന്നതിനൊക്കെ ഒരു ലോജിക്ക്‌ വേണമല്ലോ അതു പോലും IT ക്കാരെപ്പറ്റിപ്പറയുമ്പോള്‍ ആവശ്യമില്ല. ചതിക്കാനായി ജനിച്ചവരാണല്ലോ അങ്ങോട്ട്‌ ചേക്കെറുന്നവരില്‍ ഭൂരിഭാഗവും ( പിഴക്കാനയി നഴ്‌സുമാര്‍ പോകുന്നത്‌ പോലെ ). അലെങ്കില്‍ IT ഇന്‍ഡസ്ട്രി നിങ്ങളേ അങ്ങനെ ഒരാളാക്കും. അങ്ങനെ അല്ലാത്തവര്‍ക്ക്‌ അവിടെ നിലനില്‍പ്പില്ല. ഒപ്പം മദ്യപാനം ( ആണുങ്ങളും പെണ്ണുങ്ങളും) പാര്‍ട്ടി ഫ്ലര്‍ട്ടിങ്ങ് എന്നിങ്ങനെ എല്ലാം സമസമം ചേര്‍ത്ത്‌ ഒരു കോക്‌ടെയിലാണ്‌ ഋതുവിന്റെ പ്രമേയം.

ഇംഗ്ലീഷ്‌ സാഹത്യം പഠിക്കാന്‍ ആഗ്രഹിച്ച ശരത്‌ വര്‍മ്മ, മ്യൂസിക്‌ കമ്പക്കാരനായ സണ്ണി ഇമ്മിട്ടി സാമൂഹിക സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന വര്‍ഷ എന്നിവരുടെ സുഹൃത്ത്‌ ബന്ധത്തിന്‌ 17 വര്‍ഷത്തോളം പഴക്കമുണ്ട്‌. ആഗ്രഹങ്ങള്‍ അനുസരിച്ചുള്ള ഒരു കരിയര്‍ ഇവര്‍ക്ക്‌ നേടാന്‍ കഴിയുന്നില്ല.എത്തിച്ചേര്‍ന്നതോ IT യില്‍. അളിയന്റെ കോയ്‌റോഫില്‍ 3 വര്‍ഷം അമേരിക്കയിലേക്ക്‌ പോകാന്‍ ശരത്തിന്‌ കഴിയുന്നു. വര്‍ഷയം സണ്ണിയും ബാംഗ്ലൂരില്‍ ഇന്‍ഫോസിസില്‍ കയറുന്നു. 3 വര്‍ഷങ്ങള്‍ക്ക്‌ ശേഷം കേരളത്തില്‍ സെറിന എന്ന വനിത നേതൃത്വം നല്‍കുന്ന താരതമ്യേന ചെറിയ കമ്പനിയിലേക്ക്‌ ശരത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി സണ്ണിയും വര്‍ഷയും എത്തുകയാണ്‌. അതി തീവ്രമായ നൊസ്റ്റാള്‍ജ്യയുമായി ജീവിക്കുന്ന ശരത്തിന്‌ ബാംഗ്ലൂരില്‍ നിന്നെത്തിയ സണ്ണിയിലും വര്‍ഷയിലും വന്ന മാറ്റങ്ങളേ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അവര്‍ക്ക്‌ ഈ നൊസ്റ്റാള്‍ജ്യ ബാധകമല്ലല്ലോ. ശരത്തിന്‌ പുഴയോരത്ത്‌ ഒരു വീടൊക്കെ വച്ച്‌ ഇഷ്ടമുള്ള എഴുത്തിലും മറ്റും വ്യാപരിക്കാനാണ്‌ താല്‍പ്പര്യം സണ്ണിയുടെ മ്യൂസിക്ക്‌ കമ്പത്തിനോ വര്‍ഷയുടെ സാമൂഹിക സേവന കമ്പത്തിനോ ഉണ്ടായ മാറ്റം ശരത്തില്‍ ഉണ്ടാകാത്തിനാല്‍ ശരത്ത്‌ അസ്വസ്ഥനാകുന്നു.

സെറീനയുടെ കമ്പനിയിലെത്തുമ്പോള്‍ അവിടെ ശരത്താണ്‌ താരം. ജിത്തു എന്ന സഹപ്രവര്‍ത്തകന്‍ ശരത്തിനെ മാത്രം പരിചയപ്പെടുമ്പോഴേക്കും സണ്ണിയില്‍ അമര്‍ഷം പൊടിയുന്നുണ്ട്‌. ഞാനും ഇന്‍ഫോസിസില്‍ ടീം ലീഡായിരുന്നു എന്ന് സണ്ണി സൂചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കയില്‍ 3 വര്‍ഷം ഉള്ള പ്രവര്‍ത്തി പരിചയം ഇന്ത്യയില്‍ 10 വര്‍ഷം ജോലി ചെയ്യുന്നതിന്‌ തുല്ല്യമാണ്‌ എന്ന് ജിത്തുവിനെക്കൊണ്ട്‌ ജോഷ്വാ പറയിക്കുന്നു. IT മേഖലയെക്കുറിച്ചുള്ള ജോഷ്വായുടെ മുന്‍വിധികള്‍ ഇവിടെ തുടങ്ങുന്നു.

പിന്നീട്‌ സെറീനയുടെ ചാരനായി ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ സണ്ണി തുടങ്ങുന്നു. അതിന്‌ പ്രതുപകരമായി അടുത്ത ടീം ലീഡര്‍ സ്ഥാനം സണ്ണിക്ക്‌ ലഭിക്കുന്നു.അതിനിടയില്‍ സണ്ണി ശരത്തിന്റെ ഇ-മെയില്‍ ഹാക്ക്‌ ചെയ്യുന്നുമുണ്ട്‌. കമ്പനിയുടെ സോഫ്റ്റ്‌ വെയര്‍ പുറത്തേക്ക്‌ ശരത്തിന്റെ E-mail വഴി അയക്കാനാണ്‌ സണ്ണിയുടെ പരിപാടി.

പിതാവിന്റെ ക്രൂരപീഡനത്തില്‍ തകര്‍ന്ന് എന്നേ ആര്‍ക്കും വേണ്ടെടാ എന്ന് പറഞ്ഞ്‌ കുടിച്ച്‌ മരിക്കാന്‍ ശ്രമിക്കുന്ന സണ്ണിയെ നിന്നെ എനിക്ക്‌ വേണെമെടാ എന്ന് പറഞ്ഞ്‌ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച്‌ ആശ്വസിപ്പിച്ച നായകനായ ശരത്തിനെ കേവലം ഒരു USA വിസക്ക്‌ അളിയനോട്‌ ശിപാര്‍ശ ചെയ്യാത്തതില്‍ പ്രതികാരത്തിനൊരുങ്ങാന്‍ IT ക്കാരനല്ലാതെ ആര്‍ക്കു കഴിയും. USA ഉള്ള ശരത്തിന്റെ അളിയന്‍ സഹായിച്ചിട്ട്‌ വേണമല്ലോ ഇന്‍ഫോസില്‍ ടീം ലീഡാകാന്‍ യോഗ്യതയുള്ളവന്‌ അമേരിക്കയില്‍ പോകാന്‍. അവിടം കൊണ്ടും നില്‍ക്കുന്നില്ല കാര്യങ്ങള്‍ പുതിയ ഓഫീസിലെ സോഫ്റ്റ്‌ വെയര്‍ കട്ടേടുത്ത്‌ കടത്താന്‍ സണ്ണിയെ പ്രേരിപ്പിക്കുന്നതും ഇതേ വിദേശ മോഹം. ഞാനും പോകുമെടാ വിദേശത്ത്‌ എന്ന് സണ്ണി മദ്യലഹരിയില്‍ ശരത്തിനോട്‌ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ ഗള്‍ഫില്‍ പോകാന്‍ വിസകിട്ടാത്തവന്റെ ദുഖം അമേരിക്കയി പോകാന്‍ പറ്റാത്ത IT ക്കരനില്‍ ജോഷ്വാ ഫിറ്റ്‌ ചെയ്യുന്നുണ്ട്‌.

ഇനി അടുത്തത്‌ വില്ലത്തി സുഹൃത്താണ്‌. അമ്മയെ ഉപേക്ഷിച്ച്‌ വിദേശത്ത്‌ ഗേള്‍ ഫ്രണ്ടിനോടൊത്ത്‌ ചുറ്റുന്ന അച്‌ഛനെപ്പറ്റിയുള്ള ദേഷ്യവുമായി നടക്കുന്നവളാണ്‌ വര്‍ഷ. വര്‍ഷയെ ശരത്തിനും ശരത്തിനെ വര്‍ഷക്കും ഇഷ്ടമാണ്‌. 3 വര്‍ഷം അമേരിക്കന്‍ ജീവിതം കഴിഞ്ഞ്‌ ശരത്ത്‌ എത്തിയപ്പോഴേക്കും വര്‍ഷ ഒരു ഒന്നൊന്നര ഫ്ലര്‍ട്ടായി തീര്‍ന്നു. പെണ്ണ്‌ IT യിലല്ലേ പിഴച്ചല്ലേ പറ്റൂ, 17 വര്‍ഷത്തെ ബന്ധമൊക്കെ എന്തു ബന്ധം. ശരത്താകാട്ടേ ആകേ തളര്‍ന്നു പോയി. ഒരു വശത്ത്‌ തന്നെ ചതിക്കാന്‍ ശ്രമിക്കുന്ന സണ്ണി മറുവശത്തെ തന്നെ വഞ്ചിക്കാന്‍ നില്‍ക്കുന്ന വര്‍ഷ. താന്‍ ഈ ഇന്‍ഡസ്ട്രിക്ക്‌ ചേരാത്തവനാണ്‌ എന്ന് ശരത്തിന്‌ മനസിലാകുന്നു. സിനിമ ആര്‍ട്ടാണോ കൊമേഷ്യലാണോ എന്നൊന്നും പ്രശ്നമല്ല നായകന്‍ നായകന്‍ തന്നെയാണ്‌. സണ്ണിക്ക്‌ കൊടുക്കേണ്ട പണി കൃത്യമായി നല്‍കി വര്‍ഷയെ ഒരു ദിവസം ഉപയോഗിച്ച ശേഷം നിഷ്ക്കരുണം തള്ളി ശരത്ത്‌ യാത്രയാകുകയാണ്‌. ഞാനും കാലത്തിനനുസ്സരിച്ച്‌ മാറി എന്ന സന്ദേശവും ശരത്ത്‌ നല്‍കുന്നുണ്ട്‌. പിഴക്കാന്‍ വര്‍ഷ പറയുന്ന ന്യായമാണ്‌ ഏറ്റവും രസകരം എന്റെ ഭാഗത്ത്‌ നിന്ന് എന്തുകൊണ്ടാണ്‌ നീ കാര്യങ്ങള്‍ മനസിലാക്കാത്തത്‌. നീ പോയപ്പോള്‍ എനിക്കുണ്ടായ എകാന്തതയെപ്പറ്റി നീ എന്താണ്‌ ചിന്തിക്കാത്തത്‌. നീയും അവിടെ ഇങ്ങനെ ഒക്കെ ആണ്‌ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ നീ അങ്ങനെ ആയിരുന്നില്ല. ഓഡിയോ വീഡിയോ ചാറ്റുകളില്‍ IT ലോകം അഭിരമിക്കുമ്പോഴാണ്‌ ഈ കമ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ എന്നോര്‍ക്കണം. അത്‌ മാത്രവുമല്ല കടയില്‍ പോയീ ഡോട്ടഡ്‌ കോണ്ഡമില്ലേ ചേട്ടാ എന്ന് ചോദിച്ച്‌ കപട സദാചാരത്തെ വെല്ലുവിളിക്കുന്നവരായിരുന്നു വര്‍ഷയും സണ്ണിയും ശരത്തുമൊക്കെ പണ്ട്‌ എന്നത്‌ ഇവിടെ തീരെ സിങ്കാകാതെ വരുന്നു.

IT യിലെ വനിതകളെ അത്‌ മുതലാളിയയലും തൊഴിലാളി ആയാലും ജോഷ്വാ കാണുന്നത്‌ മറ്റേ കണ്ണോടു കൂടിയാണ്‌. 10 മില്ല്യണ്‍ മതിപ്പുള്ള ഒരു പ്രോജകറ്റ്‌ കിട്ടിയ വാര്‍ത്ത അറിഞ്ഞ്‌ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടുന്ന സെറിന്റെ കുഞ്ഞിരാമനായ കെട്ടിയവന്‍ കുട്ടകളില്ലാത്തതിനെപ്പറ്റി പരിതപിക്കുകയാണ്‌. 50 കോടി രൂപയുടെ ഒരു പ്രോജക്റ്റ്‌ ലഭിക്കുമ്പോള്‍ ഭാര്യയിലെ ഒരു സംരഭകയെ ഉള്‍ക്കൊള്ളാന്‍ പോലും കഴിയുന്ന ഒരു പുരുഷനെ സൃഷ്ടിക്കാന്ന് പോലും IT വളര്‍ന്നിട്ടില്ലാ എന്നും ജോഷ്വാ സ്ഥാപിക്കുന്നുണ്ട്‌. അലെങ്കില്‍ തന്നെ പെണ്ണുങ്ങളെന്തിന്‌ വ്യവസായം ചെയ്യണം കുട്ടികളെ പ്രസവിക്കുക പാലൂട്ടി വളര്‍ത്തുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ കഴിഞ്ഞിട്ടുള്ള പണികളാണല്ലൊ അവര്‍ക്ക്‌ പറഞ്ഞിട്ടുള്ളത്‌. വനിത മാസികയില്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുണ്ടായ സ്ത്രീ സങ്കല്‍പ്പമായിരുക്കും ജോഷ്വയെ ഇങ്ങനെ ഒക്കെ ചിന്തിപ്പിച്ചത്‌.

മുതലാളി സ്ത്രീയെ ഇങ്ങനെ ആണെങ്കില്‍ തൊഴിലാളി സ്ത്രീയെ എങ്ങനെ കാണും എന്ന് ഊഹിക്കാമല്ലോ. ഉപ്പും നാരങ്ങയുമൊക്കെ ചേര്‍ത്ത്‌ ടക്കില്ല അടിക്കിക്കുന്ന പബ്ബില്‍ അടിച്ച്‌ പാമ്പാകുന്ന പെണ്ണുങ്ങളെ ഒക്കെ മനോഹരമായി വരച്ചു കാട്ടാനും ജോഷ്വ ശ്രമിച്ചിട്ടുണ്ട്‌.


ഇനി ഇതോക്ക്‌ എന്റെ തോന്നലുകളാണ്‌ എന്നും. ഇങ്ങനെ ഒന്നും ജോഷ്വാ സങ്കല്‍പ്പിച്ചിട്ടില്ല എന്നൊക്കെ ഇതൊക്കെ വായിക്കുന്ന പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇത്‌ ഒക്കെ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നതിന്‌ ഈ ആഴ്ചത്തെ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒരു ചന്ദ്രശേഖര്‍ എഴുതിയ നിരൂപണം വായിച്ചാല്‍ ഏതാണ്ട്‌ വ്യക്തമാകും. യുവത്വത്തെപ്പറ്റി ജോഷ്വാ ന്യൂട്ടന്റെ തെറ്റിദ്ധാരണകള്‍ ഇവിടെ വായിക്കാം


കൂടുതല്‍ വായനക്ക്‌

Tuesday, August 11, 2009

സ്വയാശ്രയം കോടതി ഭരണഘടന

RVG മേനോന്റെ സ്വയാശ്രയ വിഷയത്തിലുള്ള ലേഖനം അവതരിപ്പിച്ച എന്റെ പോസ്റ്റില്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ ഉള്ള 50:50 എന്ന പ്രവേശന രീതി ഭരണഘടന വിരുദ്ധമാണ്‌ എന്ന TMA പൈ കേസിലെ വിധിയെപ്പറ്റി ഉണ്ടായ ജോജുവിന്റെയും KK യുടെയും അഭിപ്രായങ്ങളാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം

KK പറഞ്ഞതനുസ്സരിച്ച്‌ ടാക്സ്‌ കൊടുക്കാത്തവര്‍ പബ്ലിക്ക്‌ ഇന്‍ഫ്രാ സ്റ്റ്രക്ചറുകള്‍ ഉപയോഗീക്കാന്‍ പാടില്ല എന്ന വാദം സ്വയാശ്രയ കോളെജിന്റെ ക്രോസ്‌ സബ്സിഡിയുമായി ബന്ധപ്പെടുത്താമോ എന്ന സംശയം എനിക്കുണ്ട്‌. കോടതിയുടെ ദൃഷ്ടിയില്‍ 100% വിദ്യാര്‍ത്ഥികളും കോഴ്സ്‌ പഠിക്കാന്‍ യോഗ്യരാണ്‌. അതില്‍ 50% പേര്‍ കൂടുതല്‍ മിടുക്കരും 50% പേര്‍ അയോഗ്യരുമല്ല. അവര്‍ ഇരുവരും ഒരേ കോഴ്സ്‌ പഠിക്കാന്‍ യോഗ്യരായ രണ്ട്‌ കൂട്ടര്‍ മാത്രം. ഒരു പ്രൊഫഷണല്‍ കോഴ്സിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രവേശന യോഗ്യത എന്ന പറയുന്നത്‌ ആ കോഴ്സിന്റെ പ്രവേശന മാനദണ്ഡം മാത്രമാണ്‌. അതായത്‌ പ്രവേശന പരിക്ഷയിലെ റാങ്ക്‌ +2 വിന്റെ മാര്‍ക്ക്‌. ഇവ രണ്ടിലും അടിസ്ഥാനമാക്കി പ്രവേശനം നേടിയവര്‍ ( സംവരണ വിഭാഗങ്ങള്‍ക്ക്‌ ചില ഇളവുകള്‍ ഉണ്ട്‌) കോടതിയുടെ ദൃഷ്ടിയില്‍ ഒരു പോലെയാണ്‌. അതുകൊണ്ട്‌ ക്രോസ്‌ സബ്സിഡി എന്നതില്‍ കോടതിയുടെ നിരീക്ഷണം തെറ്റായി തോന്നേണ്ട കാര്യമില്ല

ഇനി സാമൂഹിക പ്രതിബദ്ധയുടെ ഭാഗമായി കോളെജുകള്‍ സര്‍ക്കാരുമായി 50% സീറ്റ്‌ മെറിറ്റ്‌ ലിസ്റ്റില്‍ നിന്ന് നല്‍കണം എന്ന കോണില്‍ നിന്നും നമുക്ക്‌ ഈ പ്രശ്നത്തെ നോക്കിക്കാണം. ഒരു സ്വയാശ്രയ സ്ഥാപനം ഉണ്ടാകുമ്പോള്‍ അവിടെ പഠിക്കാന്‍ കഴിവില്ലാത്തവര്‍ക്ക്‌ എന്നാല്‍ വിദ്യാഭ്യാസ പരമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക്‌ പണം ഇല്ലാത്തതിനാല്‍ മാത്രം പഠിക്കാന്‍ കഴിയുന്നില്ല എന്നതും ഒരു പ്രശ്നം തന്നെയാണ്‌. ഒരു സാമൂഹിക നീതിയുടെ എലമെന്റെ് ഇവിടെ ഉണ്ട്‌ താനും. എന്നാല്‍ 50% സ്വയാശ്രയ കോളെജില്‍ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം നേടാന്‍ പോകുന്നവര്‍ ഈ സമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരാണോ എന്ന് അന്വേഷിക്കുമ്പോഴാണ്‌ കാര്യങ്ങള്‍ മറ്റൊരു തലത്തിലാണ്‌ എന്ന് അറിയുന്നത്‌

50% സ്വയാശ്രയ സീറ്റില്‍ മാത്രമല്ല 70% സര്‍ക്കാര്‍ സീറ്റിലും പ്രവേശനം നേടുന്നത്‌ ഈ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരല്ല എന്നതാണ്‌ കേരളത്തിലെ യഥാര്‍ത്ഥ്യം. കേരളത്തില്‍ മെഡിക്കല്‍ എഞ്ചിനിയറിംഗ്‌ പ്രവേശന പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക്‌ മേടിക്കുകയും കേരളത്തിലെ പ്രസ്റ്റീജ്‌ കോളേജുകളില്‍ (സര്‍ക്കാര്‍ കോളേജുകള്‍ തന്നെ) പ്രവേശനം നേടുകയും ചെയ്യുന്നത്‌ ഉയര്‍ന്ന വരുമാനമുള്ളവര്‍ തന്നെ. അവര്‍ CBSE സിലബസില്‍ സ്വയാശ്രയ സ്കൂളിലോ അലെങ്കില്‍ KV പോലുള്ള മികവുറ്റ വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥാപനങ്ങളിലോ പഠിച്ചവരാണ്‌ മാത്രവുമല്ല പി.സി. തോമസിന്റെയും ബ്രില്യന്റിന്റെയും ഒക്കെ പ്രത്യേക പ്രവേശന പരീക്ഷ സെന്റര്റില്‍ 2 വര്‍ഷത്തോളം കോച്ചിങ്ങിനും മറ്റും വലിയ തുക കൊടുത്ത്‌ പഠിക്കുന്നവരുമാണ്‌. നിരന്തരം പ്രവേശനപ്പരീക്ഷക്ക്‌ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ അഭ്യസിച്ച്‌ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ശരി ഉത്തരങ്ങള്‍ എങ്ങനെ എഴുതി മികച്ച റാങ്ക്‌ വാങ്ങാം എന്നതിന്‌ പരിശീലനം ലഭിച്ചവരാണ്‌. ഇങ്ങനെ പൊതു പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്‌ വാങ്ങുന്ന മിടുക്കന്മാരാണ്‌ സര്‍ക്കാര്‍ കോളെജുകളിലും സ്വയാശ്രയ കോളെജുകളിലും സര്‍ക്കാര്‍ നിരക്കില്‍ പ്രവേശനം ലഭിക്കുന്നവരില്‍ ഭൂരിപക്ഷവും. +2 വിന്‌ 90% അധികം മാര്‍ക്ക്‌ വാങ്ങിയ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഒക്കെ ആദ്യ 1000 റാങ്കില്‍ വരണമെന്ന് പോലുമില്ല. കഴിഞ്ഞ ആഴ്ചത്തെ സമകാലിക മലയാളം വാരികയില്‍ വന്ന കണക്കനുസ്സരിച്ച്‌ മെഡിക്കല്‍ പ്രവേശനത്തില്‍ ആദ്യ 1000 റാങ്കില്‍ കേവലം 3 പേര്‍ മാത്രമാണ്‌ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പഠിച്ചവര്‍. CBSE ക്കാര്‍ 540 പേര്‍ ആദ്യ 1000 ഉണ്ട്‌.


അപ്പോള്‍ സ്വയാശ്രയ കോളെജില്‍ സാമൂഹിക നീതിക്ക്‌ വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ മല്ലു പിടിക്കുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ കോളെജുകളില്‍ സ്വയാശ്രയ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ സൗജന്യ നിരക്കില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നത്‌. ഇവരുടെ ഫീസ്‌ വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവില്‍ ഇറങ്ങുന്നത്‌ എന്തിനാണ്‌ എന്ന ചോദ്യം പോലും ആരും ഉന്നയിക്കാറില്ല. +2 വരെയുള്ള വിദ്യാഭ്യാസത്തിനും ട്യൂഷനും പ്രത്യേക പ്രവേശന പരീക്ഷ കോചിങ്ങിനും വലിയ തുക മുടക്കുന്നവര്‍ സര്‍ക്കാര്‍ കോളെജിലെ സൗജന്യ സീറ്റുകള്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഈ അവസരത്തില്‍ പ്രസ്കതമല്ലേ. മുഴുവന്‍ ഫീസൊന്നും തരേണ്ട പക്ഷേ ഒരു 50% ഫീസെങ്കിലും ഈ വരേണ്യ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടേ. ഒപ്പം പ്രവേശന പരീക്ഷ കോച്ചിങ്ങിനൊന്നും പോാകാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മലയാള മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്സുകള്‍ പഠിക്കാന്‍ ഒരു സാമൂഹിക നീതിയുടെ ദയക്ക്‌ അര്‍ഹതയില്ലേ?. ഇങ്ങനെ ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് ലഭിക്കുന്ന തുകയും നമുക്ക്‌ വിദ്യാഭ്യാസ നിധിയില്‍ നിക്ഷേപിക്കാം. എന്നിട്ട്‌ മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ക്ക്‌ (അവര്‍ സാമ്പത്തികമായി പിന്നോക്കമാണെങ്കില്‍ മാത്രം) നിശ്ചിത % സീറ്റ്‌ സംവരണം ചെയ്യാം. സ്വയാശ്രയ കോളേജുകരനോട്‌ നമുക്ക്‌ ഈ കുട്ടികള്‍ക്ക്‌ വേണ്ടി മാത്രം സീറ്റുകള്‍ ചോദിക്കാം. വിദ്യാഭ്യാസ നിധിയില്‍ നിന്നും നമുക്ക്‌ പണം നല്‍കി അവരെ പഠിപ്പിക്കുകയും ചെയ്യാം