Tuesday, August 11, 2009

സ്വയാശ്രയം കോടതി ഭരണഘടന

RVG മേനോന്റെ സ്വയാശ്രയ വിഷയത്തിലുള്ള ലേഖനം അവതരിപ്പിച്ച എന്റെ പോസ്റ്റില്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ ഉള്ള 50:50 എന്ന പ്രവേശന രീതി ഭരണഘടന വിരുദ്ധമാണ്‌ എന്ന TMA പൈ കേസിലെ വിധിയെപ്പറ്റി ഉണ്ടായ ജോജുവിന്റെയും KK യുടെയും അഭിപ്രായങ്ങളാണ്‌ ഈ പോസ്റ്റിന്റെ പ്രചോദനം

KK പറഞ്ഞതനുസ്സരിച്ച്‌ ടാക്സ്‌ കൊടുക്കാത്തവര്‍ പബ്ലിക്ക്‌ ഇന്‍ഫ്രാ സ്റ്റ്രക്ചറുകള്‍ ഉപയോഗീക്കാന്‍ പാടില്ല എന്ന വാദം സ്വയാശ്രയ കോളെജിന്റെ ക്രോസ്‌ സബ്സിഡിയുമായി ബന്ധപ്പെടുത്താമോ എന്ന സംശയം എനിക്കുണ്ട്‌. കോടതിയുടെ ദൃഷ്ടിയില്‍ 100% വിദ്യാര്‍ത്ഥികളും കോഴ്സ്‌ പഠിക്കാന്‍ യോഗ്യരാണ്‌. അതില്‍ 50% പേര്‍ കൂടുതല്‍ മിടുക്കരും 50% പേര്‍ അയോഗ്യരുമല്ല. അവര്‍ ഇരുവരും ഒരേ കോഴ്സ്‌ പഠിക്കാന്‍ യോഗ്യരായ രണ്ട്‌ കൂട്ടര്‍ മാത്രം. ഒരു പ്രൊഫഷണല്‍ കോഴ്സിനെ സംബന്ധിച്ചിടത്തോളം അതിന്റെ പ്രവേശന യോഗ്യത എന്ന പറയുന്നത്‌ ആ കോഴ്സിന്റെ പ്രവേശന മാനദണ്ഡം മാത്രമാണ്‌. അതായത്‌ പ്രവേശന പരിക്ഷയിലെ റാങ്ക്‌ +2 വിന്റെ മാര്‍ക്ക്‌. ഇവ രണ്ടിലും അടിസ്ഥാനമാക്കി പ്രവേശനം നേടിയവര്‍ ( സംവരണ വിഭാഗങ്ങള്‍ക്ക്‌ ചില ഇളവുകള്‍ ഉണ്ട്‌) കോടതിയുടെ ദൃഷ്ടിയില്‍ ഒരു പോലെയാണ്‌. അതുകൊണ്ട്‌ ക്രോസ്‌ സബ്സിഡി എന്നതില്‍ കോടതിയുടെ നിരീക്ഷണം തെറ്റായി തോന്നേണ്ട കാര്യമില്ല

ഇനി സാമൂഹിക പ്രതിബദ്ധയുടെ ഭാഗമായി കോളെജുകള്‍ സര്‍ക്കാരുമായി 50% സീറ്റ്‌ മെറിറ്റ്‌ ലിസ്റ്റില്‍ നിന്ന് നല്‍കണം എന്ന കോണില്‍ നിന്നും നമുക്ക്‌ ഈ പ്രശ്നത്തെ നോക്കിക്കാണം. ഒരു സ്വയാശ്രയ സ്ഥാപനം ഉണ്ടാകുമ്പോള്‍ അവിടെ പഠിക്കാന്‍ കഴിവില്ലാത്തവര്‍ക്ക്‌ എന്നാല്‍ വിദ്യാഭ്യാസ പരമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക്‌ പണം ഇല്ലാത്തതിനാല്‍ മാത്രം പഠിക്കാന്‍ കഴിയുന്നില്ല എന്നതും ഒരു പ്രശ്നം തന്നെയാണ്‌. ഒരു സാമൂഹിക നീതിയുടെ എലമെന്റെ് ഇവിടെ ഉണ്ട്‌ താനും. എന്നാല്‍ 50% സ്വയാശ്രയ കോളെജില്‍ സര്‍ക്കാര്‍ ഫീസില്‍ പ്രവേശനം നേടാന്‍ പോകുന്നവര്‍ ഈ സമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരാണോ എന്ന് അന്വേഷിക്കുമ്പോഴാണ്‌ കാര്യങ്ങള്‍ മറ്റൊരു തലത്തിലാണ്‌ എന്ന് അറിയുന്നത്‌

50% സ്വയാശ്രയ സീറ്റില്‍ മാത്രമല്ല 70% സര്‍ക്കാര്‍ സീറ്റിലും പ്രവേശനം നേടുന്നത്‌ ഈ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരല്ല എന്നതാണ്‌ കേരളത്തിലെ യഥാര്‍ത്ഥ്യം. കേരളത്തില്‍ മെഡിക്കല്‍ എഞ്ചിനിയറിംഗ്‌ പ്രവേശന പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക്‌ മേടിക്കുകയും കേരളത്തിലെ പ്രസ്റ്റീജ്‌ കോളേജുകളില്‍ (സര്‍ക്കാര്‍ കോളേജുകള്‍ തന്നെ) പ്രവേശനം നേടുകയും ചെയ്യുന്നത്‌ ഉയര്‍ന്ന വരുമാനമുള്ളവര്‍ തന്നെ. അവര്‍ CBSE സിലബസില്‍ സ്വയാശ്രയ സ്കൂളിലോ അലെങ്കില്‍ KV പോലുള്ള മികവുറ്റ വിദ്യാഭ്യാസം ലഭിക്കുന്ന സ്ഥാപനങ്ങളിലോ പഠിച്ചവരാണ്‌ മാത്രവുമല്ല പി.സി. തോമസിന്റെയും ബ്രില്യന്റിന്റെയും ഒക്കെ പ്രത്യേക പ്രവേശന പരീക്ഷ സെന്റര്റില്‍ 2 വര്‍ഷത്തോളം കോച്ചിങ്ങിനും മറ്റും വലിയ തുക കൊടുത്ത്‌ പഠിക്കുന്നവരുമാണ്‌. നിരന്തരം പ്രവേശനപ്പരീക്ഷക്ക്‌ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ അഭ്യസിച്ച്‌ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ശരി ഉത്തരങ്ങള്‍ എങ്ങനെ എഴുതി മികച്ച റാങ്ക്‌ വാങ്ങാം എന്നതിന്‌ പരിശീലനം ലഭിച്ചവരാണ്‌. ഇങ്ങനെ പൊതു പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്‌ വാങ്ങുന്ന മിടുക്കന്മാരാണ്‌ സര്‍ക്കാര്‍ കോളെജുകളിലും സ്വയാശ്രയ കോളെജുകളിലും സര്‍ക്കാര്‍ നിരക്കില്‍ പ്രവേശനം ലഭിക്കുന്നവരില്‍ ഭൂരിപക്ഷവും. +2 വിന്‌ 90% അധികം മാര്‍ക്ക്‌ വാങ്ങിയ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പോലും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഒക്കെ ആദ്യ 1000 റാങ്കില്‍ വരണമെന്ന് പോലുമില്ല. കഴിഞ്ഞ ആഴ്ചത്തെ സമകാലിക മലയാളം വാരികയില്‍ വന്ന കണക്കനുസ്സരിച്ച്‌ മെഡിക്കല്‍ പ്രവേശനത്തില്‍ ആദ്യ 1000 റാങ്കില്‍ കേവലം 3 പേര്‍ മാത്രമാണ്‌ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പഠിച്ചവര്‍. CBSE ക്കാര്‍ 540 പേര്‍ ആദ്യ 1000 ഉണ്ട്‌.


അപ്പോള്‍ സ്വയാശ്രയ കോളെജില്‍ സാമൂഹിക നീതിക്ക്‌ വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ മല്ലു പിടിക്കുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ കോളെജുകളില്‍ സ്വയാശ്രയ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ സൗജന്യ നിരക്കില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നത്‌. ഇവരുടെ ഫീസ്‌ വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവില്‍ ഇറങ്ങുന്നത്‌ എന്തിനാണ്‌ എന്ന ചോദ്യം പോലും ആരും ഉന്നയിക്കാറില്ല. +2 വരെയുള്ള വിദ്യാഭ്യാസത്തിനും ട്യൂഷനും പ്രത്യേക പ്രവേശന പരീക്ഷ കോചിങ്ങിനും വലിയ തുക മുടക്കുന്നവര്‍ സര്‍ക്കാര്‍ കോളെജിലെ സൗജന്യ സീറ്റുകള്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഈ അവസരത്തില്‍ പ്രസ്കതമല്ലേ. മുഴുവന്‍ ഫീസൊന്നും തരേണ്ട പക്ഷേ ഒരു 50% ഫീസെങ്കിലും ഈ വരേണ്യ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടേ. ഒപ്പം പ്രവേശന പരീക്ഷ കോച്ചിങ്ങിനൊന്നും പോാകാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മലയാള മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്സുകള്‍ പഠിക്കാന്‍ ഒരു സാമൂഹിക നീതിയുടെ ദയക്ക്‌ അര്‍ഹതയില്ലേ?. ഇങ്ങനെ ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് ലഭിക്കുന്ന തുകയും നമുക്ക്‌ വിദ്യാഭ്യാസ നിധിയില്‍ നിക്ഷേപിക്കാം. എന്നിട്ട്‌ മലയാളം മീഡിയത്തില്‍ പഠിച്ച കുട്ടികള്‍ക്ക്‌ (അവര്‍ സാമ്പത്തികമായി പിന്നോക്കമാണെങ്കില്‍ മാത്രം) നിശ്ചിത % സീറ്റ്‌ സംവരണം ചെയ്യാം. സ്വയാശ്രയ കോളേജുകരനോട്‌ നമുക്ക്‌ ഈ കുട്ടികള്‍ക്ക്‌ വേണ്ടി മാത്രം സീറ്റുകള്‍ ചോദിക്കാം. വിദ്യാഭ്യാസ നിധിയില്‍ നിന്നും നമുക്ക്‌ പണം നല്‍കി അവരെ പഠിപ്പിക്കുകയും ചെയ്യാം

25 comments:

vrajesh said...

സര്‍ക്കാര്‍ പ്രഫഷണല്‍ കോളേജുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു പാട് പേര്‍ പഠിക്കുന്നുണ്ട് എന്നതാണ്‌ വസ്തുത.തെറ്റായി വ്യാഖ്യാനിച്ച ചില സ്ഥിതിവിവരക്കണക്ക് വെച്ചാണ് മറിച്ചു വാദിക്കുന്നത്.പണമുണ്ടായിട്ടും പൂജ്യം മാര്‍ക്കു വാങ്ങുന്നവര്‍ക്കു വേണ്ടി മെഡിക്കല്‍ കോളേജുകള്‍ തുറന്നുകൊടുത്ത്,കൈക്കൂലി കൊടുത്ത് പരീക്ഷ പാസാക്കുമ്പോള്‍ നമ്മുടെ സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങള്‍ ആരും കാണുന്നില്ല.

sajan jcb said...

എന്റെ നിഗമനത്തില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ സര്‍ക്കാര്‍ പ്രഫഷണല്‍ കോളേജില്‍ പഠിക്കുന്നുള്ളൂ... അതില്‍ തന്നെ അധികം പേരും സംവരണം കിട്ടി വന്നവരാണ്.

50-50 എന്ന ആശയം വളരെ നല്ലതാണ്. പക്ഷേ ഒരു 50% ന്റെ ചിലവ് വഹിക്കേണ്ടത്‌ മറ്റേ 50% കുട്ടികള്‍ അല്ല. സര്‍ക്കാരാണ് അവരെ സ്പോണ്‍സര്‍ ചെയ്യേണ്ടത്‌.

സ്വാശ്രയ കോളേജ്ജുകളുടെ ചിലവു മുഴുവന്‍ വഹിക്കുന്നത്‌ അവരവര്‍ തന്നെയാണ്... കെട്ടിട നിര്‍മാണവും അധ്യാപകരെ നിയമിക്കലും അവരുടെ ശമ്പളവും എല്ലാം കോളേജുകള്‍ തന്നെയാണ് വഹിക്കേണ്ടത്‌. കോളേജിന്റെ വരമാനത്തില്‍ നിന്നു ഇന്‍കം ടാക്സും സര്‍ക്കാര്‍ പിരിക്കുന്നുണ്ട്. പിന്നെ എന്തവകാശത്തിലാണ് സര്‍ക്കാരിനു സീറ്റു നല്‍കേണ്ടത്‌ എന്നു മനസ്സിലാകുന്നില്ല.

സര്‍‌ക്കാരിനു ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ ആ ഇന്‍കം ടാക്സില്‍ നിന്നു തന്നെ കുറച്ചു കുട്ടികളെ പഠിപ്പിക്കാവുന്നതാണ്. (തീര്‍ച്ചയായും മെരിറ്റ് സീറ്റില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മാത്രം).

ഒരു കാര്യം സര്‍ക്കാര്‍ തീര്‍ച്ചയായും നടപ്പാക്കണം. നിശ്ചയിച്ചിരിക്കുന്ന മാര്‍ക്കുകളില്‍ ഒരു ഇളവും അനുവദിക്കരുത്‌. പ്രവേശനം സുതാര്യമാക്കാന്‍ വ്യവസ്ഥ ചെയ്യണം.

sajan jcb said...

എന്തും തല്ലി തകര്‍ക്കാന്‍ നടന്നിരുന്ന എസ്.എഫ്.ഐ ക്കാര്‍ ഒതുങ്ങിയതു കാണുമ്പോള്‍ സന്തോഷമുണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

സാജന്‍ income tax പിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ് അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണു പഠിപ്പിക്കുക? ഇനി SFI സമരം ചെയ്തതുകൊന്ദ് ഉന്ടായ ഏറ്റവും വലിയ മാറ്റമാണ്‌ ഇന്ന് ഇന്റര്‍ ചര്ച്ച് കൌണ്സിലിന്റെ കീഴില്‍ ഉള്ള കോളെജുകളിലെങ്കിലും സുതാര്യമായ പ്രവേശനം നിലവില്‍ വന്നത്. ഇന്ന് അപേക്ഷിക്കുന്ന എല്ലാവര്ക്കും അപേഷ ഫോറം ലഭിക്കുന്നു പ്രവേശന പരീക്ഷയിലെ മാര്ക്കും +2 വിന്റെ മാര്‍ക്കും ചേര്ന്ന റാങ്ക് ലിസ്റ്റില്‍ നിന്നും സുതാര്യമായി 80% സീറ്റിലും പ്രവേശനം നടക്കുന്നു.മുന്‍പ് അങനെ അല്ലായിരുന്നു. കോഴ നല്‍കും എന്ന് ഉറപ്പ് നല്കുന്നവര്ക്ക് മാത്രമെ അപേക്ഷാ ഫോരം ലഭിക്കുകയുള്ളായിരുന്നു. മാത്രവുമല്ല സ്വന്തമായി നടത്തുന്ന പ്രവേശന പരീക്ഷയില്‍ നിന്നുമാണ്‌ അന്ന് ഇവര്‍ പ്രവേശനം നടന്നിരുന്നത്. അതിനൊക്കെ ഇന്ന് മാറ്റമുന്ടായി

sajan jcb said...

ബാക്കി കോളേജുകളും തല്ലി പൊളിച്ചിരിന്നെങ്കില്‍ അവരും സുതാര്യമായി പ്രവേശനം നടത്തിയേനേ അല്ലേ?

N.J ജോജൂ said...

കഴിഞ്ഞ പോസ്റ്റിന്റെ കമന്റില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ വിദ്യാഭ്യാസ സഹായ നിധിയെക്കുറിച്ച് ഞാന്‍ പരാമര്‍ശിച്ചിരുന്നു. തിരിച്ചടയ്ക്കേണ്ട പലിശരഹിത വായ്പയാണ്‌ ഇത്. വിദ്യാഭ്യാസ സഹായമായി
ജൂണില്‍ 2,60,000 രൂ, മേയില്‍ 1,25,000 രൂ, ഏപ്രിയില്‍ 65000രൂ, ജാനുവരി-ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി 8,10,000 രൂ വിതരണം ചെയ്തു കഴിഞ്ഞു. ഇത് ഏതൊരു സമൂഹത്തിനും, സര്‍ക്കാരിനും അനുവര്‍ത്തിയ്ക്കാവുന്ന മാതൃകയാണ്‌.

പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് സ്കോളര്‍ഷിപ്പുകള്‍ നല്കാന്‍ കഴിയും. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ചില വിദ്യാര്‍ത്ഥികളെയെങ്കിലും സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയും.

ബാങ്കുകളുമായി ചേര്‍ന്ന് കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ കൊടുക്കുവാന്‍ കഴിയുമ്. കര്‍ണ്ണാടക ഗവര്‍മെന്റ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്ക്ക് 6% പലിശയില്‍ ലോണ്‍ ഏര്‍പ്പാടാക്കിയിട്ടൂണ്ട്.

സര്‍ക്കാര്‍ കൊടുക്കുന്ന സൌജന്യങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കായി പരിമിതപ്പെടുത്തിയാല്‍ കൂടുതല്‍ പേരെ സഹായിക്കുവാന്‍ സര്‍ക്കാരിനു കഴിയും.

ഇതൊക്കെ നേരത്തേതന്നെ ആദ്യം മുതലുള്ള ചര്‍ച്ചകളില്‍ ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ മുന്‍പോട്ടു വച്ച ആശയങ്ങളാണ്‌. ചിലര്‍ക്ക് അതൊക്കെ മനസിലാവാന്‍ കുറച്ചു താമസിയ്ക്കും എന്നു മാത്രം.

കിരണ്‍ തോമസ് തോമ്പില്‍ said...

എന്തുകൊണ്ടാണ്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ ആദ്യകാലത്ത്‌ തള്ളപ്പെട്ടത്‌ എന്നതും ഈ അവസരത്തില്‍ ഓര്‍ക്കാം

പ്രവേശനത്തില്‍ യാതോരു സുതാര്യതയും ഇല്ലാതെ ലക്ഷങ്ങള്‍ കോഴ നല്‍കും എന്ന് ഉറപ്പുള്ളവര്‍ക്ക്‌ മാത്രം അപേക്ഷ ഫോറം നല്‍കി അവര്‍ക്ക്‌ മാത്രം പ്രത്യേകം പ്രവേശനപ്പരീക്ഷ നടത്തി വിദ്യാര്‍ത്ഥികളേ പ്രവേശിപ്പിച്ചിരുന്ന ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ പറഞ്ഞിരുന്നത്‌ അംഗീകരിക്കാന്‍ പൊതു സമൂഹം തയ്യാറാകണമെന്നില്ല. ക്രഡിബിലിറ്റി ഇല്ലാത്തവരുടെ മുട്ടാപ്പോക്ക്‌ വാദങ്ങളായെ അന്ന് അത്‌ കണക്കാക്കിയുള്ളൂ

എന്നാല്‍ ഇന്ന് അങ്ങനെ അല്ല മാന്യമായ രീതിയില്‍ 80% സീറ്റിലെങ്കിലും തലവരി ഇല്ലാതെ പ്രവേശനം നല്‍കുന്ന. BPL കാര്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ഒരു പ്രവേശന രീതി കൂണ്ടുവന്നതിന്‌ ശേഷം ഇന്റര്‍ ചര്‍ച്ച്‌ കൗണസില്‍ ക്രഡിബിലിറ്റി വീണ്ടെടുത്തു. അപ്പോള്‍ അവര്‍ പറയുന്ന കാര്യം ക്രഡിബിളായി തോന്നും. അലെങ്കില്‍ രാഷ്ട്രീയക്കാര്‍ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്നു പറയുന്ന നയമാറ്റമായെ ആളുകള്‍ അതിന്‌ കാണൂ. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ ഭാഗത്ത്‌ നന്മ കണ്ടാല്‍ അത്‌ അംഗീകരിക്കാന്‍ മടിക്കേണ്ടതില്ല

sajan jcb said...

ഇന്റര്‍ ചര്‍ച്ച്‌ കൗണസിലില്‍ ക്രഡിബിലിറ്റി ഉണ്ടെന്ന്‌ പക്ഷേ ഇപ്പോഴും വിദ്യഭ്യാസ മന്ത്രിയോ കുട്ടി സഖാക്കളോ അംഗീകരിക്കുന്നില്ലല്ലോ. ഇപ്പോഴും അവരെ പ്രതി സ്ഥാനത്തു തന്നെയല്ലേ നിര്‍ത്തിയിരിക്കുന്നത്?

ഒരു വ്യത്യാസം വന്നത്‌ ഞാന്‍ നേരത്തേ പറഞ്ഞതു പോലെ തല്ലി പൊളിക്കലുകള്‍ ഇല്ല. പക്ഷേ നാട്ടുകാരുടെ മുമ്പില്‍ പൊടിയിടാന്‍ സി.പി.ഐ സിപിമ്മം പോരാട്ടം. ‘ഞങ്ങളാണ്’ വിദ്യാര്‍ത്ഥികളുടെ ‘രക്ഷകര്‍’ എന്നുള്ള കാട്ടികൂട്ടലുകള്‍.

എന്നാലും താരതമ്യേന ഈ കൊല്ലം ശാന്തമാണ്.

N.J ജോജൂ said...

ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലിനെ കല്ലെറിയുന്നവര്‍ സത്യം മനസിലാക്കുമോ?

"ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനു കീഴില്‍ വരുന്ന നാലു മെഡിക്കല്‍ കോളജുകളിലെ 400 സീറ്റുകളിലേക്കും ഒരു ദന്തല്‍ കോളജിലെ 50 സീറ്റുകളിലേക്കുമായി 2009 ല്‍ ലഭിച്ചത്‌ 1800 അപേക്ഷകളും സര്‍ക്കാരുമായി ധാരണയുണ്ടാക്കിയതായി പറയുന്ന എട്ടു മെഡിക്കല്‍ കോളജുകളിലേക്കു ലഭിച്ചത്‌ 600 അപേക്ഷകളുമായിരുന്നുവല്ലോ"

"ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയും അവ നടത്തുന്ന സഭാ സമൂഹങ്ങളുടെയും സത്യസന്ധതയും സാമൂഹ്യ പ്രതിബദ്ധതയും കാലം തെളിയിക്കുകയും ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. തത്കാലത്തേക്കു പൂമാലകള്‍ നമുക്കാവശ്യമില്ല"

അതെ ഒരു ബുദ്ധിജീവിയുടെയും പൂമാല ആവശ്യമില്ല. കാലം തെളിയിക്കട്ടെ. ഒരു പരിധിവരെ ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കും കാര്യങ്ങളുടെ കിടപ്പു മനസിലായിട്ടൂണ്ട്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഓര്‍മ്മകള്‍ നശിച്ചു പോകുമ്പോള്‍ ഇങ്ങനെ പല എട്ടുകാലി മമ്മൂഞ്ഞുകളും ഉണ്ടാകും. പണ്ട്‌ (2006 ഇല്‍) ഈ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ അടക്കമുള്ള മഹാന്മാര്‍ എല്ലാവരും ചേര്‍ന്ന് ഒരു പ്രവേശനപ്പരീക്ഷ നടത്തിയിരുന്നു അന്ന് അപേക്ഷാ ഫോറം ലഭിച്ചവര്‍ 525 പേര്‍. അപെക്ഷിക്കുന്ന എല്ലാവര്‍ക്കും അപേക്ഷാ ഫോറം ലഭിക്കില്ല. കോഴ ഉറപ്പ്‌ നല്‍കുന്നവര്‍ക്ക്‌ മാത്രാം അപെക്ഷാഫോറം ലഭിക്കും . അങ്ങനെ ഒരു കാലം ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിനും ഉണ്ടായിരുന്നു എന്ന് മറക്കാതിരുന്നാല്‍ നല്ലത്‌. ചില കള്ളക്കടത്തുകാര്‍ പരിപാടി മതിയാക്കി മാന്യമാരായ ശേഷം ഉപദേശിക്കുന്നത്‌ പോലെ ഉണ്ട്‌ .

sajan jcb said...

ഉം.. പി.ഡി.പി തങ്ങളുടെ പൂര്‍‌വ കാലത്തില്‍ ഖേ.. (ദിക്കുന്നു) എന്നു പറഞ്ഞതും അവരെ തിരഞ്ഞെടുപ്പു സഖ്യത്തില്‍ കൂട്ടുകൂടാന്‍ തയ്യാറായി.

പക്ഷേ സ്വാശ്രയ ഫീസില്‍ ഏറ്റവും മികച്ച ഫീസ് ഘടനയും കോടതി വിധികളോട് വളരെ നീതിപൂര്‍വ്വം നില്‍ക്കുന്നതുമായ ഇന്റര്‍ കൌസിലിനോട് ഇപ്പോഴും ചിറ്റമ്മ നയം കാണിക്കുന്നതു എന്തിന്റെ പേരില്‍ ?

സഭയെ താറടിച്ചു കാണിക്കണം എന്നു കച്ചകെട്ടി നടക്കുന്നവര്‍ക്കു് അതിലും ഹീനമായ രീതിയില്‍ അഡ്മിഷന്‍ നടത്തുന്നവരോടും കരാറില്‍ ഏര്‍പ്പെടാന്‍ കഴിയും.

കുറച്ച് നാളുകഴിഞ്ഞാല്‍ കേള്‍ക്കാം ‘ഞങ്ങളാണ്’ ഇന്റര്‍ കൌസിലിനെ ശരിയാക്കിയെതെന്ന പിതൃത്വം അവകാശപ്പെട്ടുകൊണ്ട് ചില എട്ടുകാലു മമ്മൂഞ്ഞുകള്‍ വരുന്നത്.

കിരണ്‍ തോമസ് തോമ്പില്‍ said...

ചെയ്തു പോയ അപരാധങ്ങള്‍ മദനി എറ്റ് പറഞ്ഞിട്ടുണ്ട് . അത് പോലെ ഞങ്ങള്‍ കോഴ വാങ്ങിയിട്ടുണ്ട് എന്ന് സഭ സ്ഥാപനങ്ങള്‍ പറയട്ടെ . അത് കഴിഞ്ഞു തീരുമാനിക്കാം വേട്ട വേണോ വിരുന്നു വേണോ എന്നൊക്കെ . അല്ലാതെ ചരിത്രപരമായി ഞങ്ങള്‍ നീതിമാന്‍മാരനു എന്നൊക്കെ ഗീര്‍വാണം മുഴക്കുന്നത് കാണുമ്പോള്‍ ചിരിവരും.

പിന്നെ സഭയുടെ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നല്ല പ്രവേശന രീതി ഉണ്ട് എന്ന് ഞാന്‍ അഗികരിക്കും .പക്ഷെ അത് പണ്ടെ ഉണ്ടായിരുന്നു എന്നൊക്കെ ഗീര്‍വാണം വിട്ടാല്‍ കാര്‍ക്കിച്ച് തുപ്പും

N.J ജോജൂ said...

സഭാസ്ഥാപനങ്ങള്‍ക്ക് ഇന്നു നല്ല പ്രവേശന രീതി ഉണ്ടെങ്കില്‍ അതിനു പിന്നില്‍ കോടതി വിധികള്‍ നല്‍കിയ സ്വാതന്ത്ര്യവും വ്യക്തതയുമാണ്.

ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴേയ്ക്കും രൂപം കൊടുത്ത നിയമത്തിലെ വകുപ്പുകള്‍ കിരണും അറിവുള്ളതായിരിയ്ക്കുമല്ലോ. ആ രീതിയില്‍ പ്രവര്‍ത്തിയ്ക്കാനാവാതെ വരുമ്പോള്‍ തീര്‍ച്ചയായും പ്രവര്‍ത്തനച്ചിലവിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായേണ്ടി വരും.

കിരണിന്റെ ആദ്യകാലപോസ്റ്റുകളിലെ ഒന്ന് “തലവരി ഇല്ലാതാകണമെങ്കില്‍ ന്യായമായ ഫീസ് പിരിയ്ക്കാന്‍ അനുവദിയ്ക്കണം” എന്ന ധ്വനിയുള്ള പൌവ്വത്തില്‍ പിതാവിന്റെ വാക്കുകളെ പരാമര്‍ശിയ്ക്കുന്നതായിരുന്നു.

ഇപ്പോള്‍ ന്യായമെന്ന് സഭാസ്ഥാപനങ്ങള്‍ അംഗീകരിയ്ക്കുന്ന ഫീസ് അവര്‍ പിരിയ്ക്കുന്നുണ്ട്. അതുകൊണ്ട് തലവരി ഇല്ലാതാവുകയും ചെയ്യുന്നു.

പിന്നെ 525 പേരുടെ കണക്ക്. ഇന്ന് 1800 ന്യായമാണെന്നു വിശ്വസിയ്ക്കാമെങ്കില്‍ അന്ന് 525 എന്നു പറയുന്നത് സാധ്യതയില്ലാത്ത ഒരു അക്കമല്ല. പിന്നെയുള്ളതെല്ലാം ആരോപണങ്ങളാണ്. അവയെല്ലാം അസത്യമാണ് എന്ന് എനിയ്ക്കഭിപ്രായമില്ല. എങ്കിലും ഇന്നു ബേബി സ്വാശ്രയങ്ങളോടു പുലര്‍ത്തുന്ന മനോഭാവം അന്ന് കാണിച്ചിരുന്നെങ്കില്‍ പലതട്ടിലുള്ള ഫീസ് എന്നതൊഴിച്ചുള്ള കാര്യങ്ങളിലെങ്കിലും സഭസ്ഥാപനങ്ങളുമായി സമന്വയത്തിലെത്താന്‍ കഴിയുമായിരുന്നു.

N.J ജോജൂ said...

ref:

"വൈകുന്നേരം പവ്വത്തില്‍ പിതാവ്‌ ഒരു പടികൂടി മുന്നോട്ടുപോയി ഇപ്രകാരം അരുള്‍ ചെയ്തു. തലവരി വാങ്ങാതിരിക്കണം എങ്കില്‍ ന്യായമായ ഫീസ്‌ വാങ്ങാന്‍ അനുവദിക്കണമത്രേ."
-കിരണ്‍ തോമസ് തോമ്പില്‍ at Monday, July 24, 2006

"മേല്‍ക്കൂരയും ബഞ്ചുമില്ലാത്ത സര്‍ക്കാര്‍ സ്കൂളുകള്‍ നടത്തുന്നതു പോലെ പ്രഫഷനല്‍ കോളജുകള്‍ നടത്താന്‍ സാധിക്കില്ലെന്നും ഫീസ് ഘടനയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ തലവരിപ്പണം വാങ്ങുന്നത് ഒഴിവാകുമെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൌവത്തില്‍ പ്രസ്താവിച്ചു.
തലവരിപ്പണം വാങ്ങുന്നതിനെതിരെ ജനുവരിയില്‍ ചേര്‍ന്ന ബിഷപ് കോണ്‍ഫറന്‍സില്‍ തീരുമാനമുണ്ടായതാണെങ്കിലും, സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ ചിലര്‍ അതു വാങ്ങിയേക്കും. ഇതൊഴിവാക്കാന്‍ ന്യായമായ ഫീസ് ഘടന ഏര്‍പ്പെടുത്തുക മാത്രമേ വഴിയുള്ളു". (manorama, Evuran's comment)

"ദീപികയിലും ചന്ദ്രികയിലും പരസ്യം കൊടുത്തൂ എന്നാണ്‌ മനേജ്മെന്റുകള്‍ പറയുന്നത്‌. ഇതില്‍ നിന്നു തന്നേ മാനേജ്‌മന്റ്‌ പരിക്ഷ ഒരു പുകമറയാണെന്ന് മനസ്സിലാക്കാം.പിന്നെ 30% മാത്രമേ ഈ പരീക്ഷയുടെ മാര്‍ക്ക്‌ പരിഗണിക്കൂ. ബാക്കി +2 ന്റെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കുമാകും പരിഗണിക്കുക.ഇതൊക്കെ നോക്കുമ്പോള്‍ മൊത്തത്തില്‍ ഒരു തട്ടിപ്പ്‌ മണം വരുന്നില്ലേ?"
-കിരണ്‍ തോമസ് തോമ്പില്‍ at Wednesday, August 16, 2006

"എന്തുകൊണ്ടാണ്‌ വെറും 525 പേര്‍ മാത്രം പരീക്ഷക്കപേക്ഷിച്ചത്‌ എന്ന ചോദ്യത്തിന്‌ 70% മാര്‍ക്കുള്ളവര്‍ക്കു മാത്രമേ അപേക്ഷാ ഫോം നല്‍കിയുള്ളൂ എന്നാണ്‌ മാനേജ്മെന്റുകളുടേ മറുപടി. പിന്നെ K.T. തോമസ്‌ ഫീസിനെതിരേ മാനേജ്മെന്റുകള്‍ കോടതിയില്‍ പോയിട്ടുണ്ടെന്നും വിധി അനുകൂലമായാല്‍ കൂടുതല്‍ ഫീസ്‌ നല്‍കാന്‍ സമ്മത പത്രം ഒപ്പിട്ടുനല്‍കിയാലേ അപേക്ഷാ ഫോം നല്‍കിയുള്ളൂ പോലും. ഒരു അപേക്ഷാ ഫോറം കൊടുക്കാനുള്ള ഒാരോ നിബന്ധനകളേ."
-കിരണ്‍ തോമസ് തോമ്പില്‍ at Thursday, August 17, 2006

"എന്തു കൊണ്ട്‌ നമുക്കും ഒരു 50:50 എന്ന സമവായത്തില്‍ എത്താന്‍ കഴിയുന്നില്ല എന്നത്‌ നാം ചിന്തിക്കണം. MES ഉം ഗോകുലം ഗോപാലനും 50:50 സമമതിക്കുമ്പോള്‍ ക്രിസ്ത്യന്‍ മാനെജ്‌മന്റ്‌ 25:75 ആണ്‌ ആവശ്യപ്പെടുന്നു ഒപ്പം ന്യൂനപക്ഷ അവകാശവും. MES എല്ലാ കാര്യത്തിലും സംയമനം പാലിക്കുമ്പോള്‍ സഭ തെരുവിലിറങ്ങി ഭീക്ഷിണി മുഴക്കുകയാണ്‌. മാനേജ്മെന്റുകളൂടേ പരീക്ഷകളില്‍ മുഹമ്മദ്‌ കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തിയത്‌ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്‌. അപ്പോള്‍ സുതാര്യമല്ലാത്ത ഒരു പ്രവേശന രീതിയിലൂടേ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്‌ വിശ്വാസങ്ങള്‍ക്കു ചേര്‍ന്നതാണോ എന്ന് സഭാ പിതാക്കന്മാര്‍ അത്മപരിശോധന ചെയ്യണം." -കിരണ്‍ തോമസ് തോമ്പില്‍ at Friday, August 25, 2006

N.J ജോജൂ said...

കിരണിന്റെ പഴയപോസ്റ്റിലെ(2006) ചില വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്.

1. ന്യായമായ ഫീസു വന്നപ്പോള്‍ തലവരി ഇല്ലാതായി.
2. ന്യൂനപക്ഷാവകാശത്തോടെ സ്ഥാപനങ്ങള്‍ നടത്തുന്നു.
3. ഫിഫ്ടി ഫിഫ്ടിയോ ക്രോസ് സബ്‌സിഡിയോ ഇപ്പോഴും സഭയുടെ ഒരു സ്ഥാപനങ്ങളിലുമില്ല.

ഇതൊക്കെത്തന്നെയായിരുന്നു അന്നത്തെയും ആവശ്യങ്ങള്‍. കോടതി വിധിയുടെ സഹായത്തോടെ ഇതൊക്കെ സാധിയ്ക്കുമെന്നായി. പ്രവേശനം സുതാര്യമാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാനുമായി.

അന്നത്തെ കിരണിന്റെ നിലപാടുകളും ഇന്നത്തെ നിലപാടുകളും താരതമ്യപ്പെടുത്തി നോക്കുക. അന്ന് വികാരത്തോടെ സംസരിച്ചിരുന്ന കിരണ്‍ ഇപ്പോള്‍ യുക്തിസഹമായി കാര്യങ്ങളെ സമീപിയ്ക്കുന്നു. ഇപ്പോള്‍ ഫിഫ്ടി ഫിഫ്ടിയോട് കിരണു മമതയില്ല. ന്യൂനപക്ഷാവകാശത്തോട് വിരോധമില്ല. ഇപ്പോഴത്തെ ഫീസിനോടു പോലും കിരണിന്‌ എതിര്‍പ്പില്ല.പ്രവേശനത്തില്‍ പ്ലസ്‌ടു മാര്‍ക്ക് പരിഗണിയ്ക്കുന്നതിനെ അനുകൂലിയ്ക്കുകയും ചെയ്യുന്നു.

N.J ജോജൂ said...

തീര്‍ച്ചയായും ഇവിടെ മാറിയത് സഭയുടെ സ്ഥാപനങ്ങളാണെന്നു ഞാന്‍ വിശ്വസിയ്ക്കുന്നില്ല. കാലം കഴിയും തോറും മെച്ചപ്പെട്ട പ്രോസസ്സുകള്‍ വരുന്നു എന്നതു സത്യമാണെങ്കിലും. കോളേജിന്റെ ഭരണത്തില്‍, സുതാര്യത ഉറപ്പുവരുത്തുന്ന കാര്യത്തില്‍, കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിയ്ക്കുന്ന കാര്യത്തില്‍ ഒക്കെ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലും സഭാനേതൃത്വവും കൂടുതല്‍ ശ്രദ്ധിയ്ക്കുന്നു എന്നതും നേര്.

ചങ്ങനാശ്ശേരി അതിരൂപതയ്ക്കും പോലും ഈ അടുത്തകാലത്താണ്‌ കൃത്യമായ ഒരു വെബ്‌സൈറ്റ് ഉണ്ടായത്. പല സഭാ സ്ഥാപനങ്ങള്‍ക്കും വെബ് സൈറ്റ് നിലവില്‍ വന്നു. അതിനോടനുബന്ധിച്ച് ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ മെഡിക്കല്‍ കോളേജുകള്‍ക്കും കത്തോലിയ്ക്കാ സഭയുടെ എന്‍ജിനീയറിംഗ് കോളേജുകള്‍ക്കും വെബ്‌സൈറ്റുണ്ടായി. പ്രവേശന നടപടികള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റു ചെയ്യാനും സംവിധാനമായി. ഇതൊക്കെ ക്രമേണ സംഭവിയ്ക്കുന്നതും സംഭവിച്ചതുമാണ്‌.

കിരണ്‍ തോമസ് തോമ്പില്‍ said...

ജോജൂ പഴയ പോസ്റ്റിലെ കമന്റുകള്‍ ഒക്കെ എടുത്തിട്ടത്‌ നന്നായി.

അതിലെ കാര്യങ്ങള്‍ ഒക്കെ ഒന്ന് ആത്മാര്‍ത്ഥമായി ചിന്തിച്ചാല്‍ കാര്യങ്ങളില്‍ വ്യക്തത വരും. വാ തുറന്നാല്‍ ഭരണഘടന കോടതി വിധി മൗലീക അവകാശം എന്നൊക്കെ മൊഴിഞ്ഞിരുന്ന കത്തോലിക്ക സഭാ സ്ഥാപനങ്ങള്‍ക്ക്‌ തലവരി വാങ്ങരുത്‌ എന്ന കോടതി വിധി ബാധകമല്ല. ഞങ്ങള്‍ക്ക്‌ നഷ്ടം വന്നാല്‍ ഞങ്ങള്‍ തലവരി വാങ്ങും. അത്‌ ന്യായികരിക്കാന്‍ പൗവത്തില്‍ പിതാവിന്‌ ഒരു ഉളുപ്പുമില്ല. നിലവിലുള്ള നിയമ പ്രകാരം കച്ചവടം ചെയ്താല്‍ നഷ്ടം വരും അതിനാല്‍ മായം ചേര്‍ത്തു വില്‍ക്കുന്നു എന്ന് കച്ചവടക്കാരന്‍ പറയുന്ന ന്യായമാണ്‌ അത്‌.

ഇനി സ്വയാശ്രയ കോളെജ്‌ കേസ്‌ നടത്തുമ്പോള്‍ ഒരാള്‍ ആ കേസില്‍ കക്ഷിയാകാന്‍ ശ്രമിച്ച കഥ ഓര്‍മ്മിക്കുന്നുണ്ടാകും. കെ.ടി. തോമസ്‌ ഫീസാണ്‌ മുഴുവന്‍ സീറ്റിലും അന്നത്തെ കോടതി വിധികള്‍ പ്രകാരം. ആ ഫീസില്‍ മാത്രമേ അന്ന് മാനേജ്‌മന്റ്‌ സീറ്റില്‍ പോലും പ്രവേശനം നടത്താന്‍ പാടുള്ളൂ. കേരളത്തിലെ എന്നാ മെഡിക്കല്‍ കോളേജിലേക്കും അയാള്‍ രജിസ്റ്റേഡ്‌ പോസ്റ്റില്‍ അപേക്ഷാ ഫോറത്തിന്‌ അപേക്ഷിച്ചു. ഒരു സ്വായാശ്രയ അപ്പസ്തോലന്മാരും അപേക്ഷാ ഫോറം നല്‍കിയില്ല. ഇനി കോളെജുകള്‍ പരസ്യം നല്‍കിയത്‌ ദീപികയിലും ചന്ദ്രികയിലും നോക്കണേ ഒരോ കളികള്‍.

ഇനി 40 ലക്ഷം രൂപയാണ്‌ അന്ന് പുഷ്പഗിരിയില്‍ തലവര്‍ വാങ്ങിയിരുന്നത്‌ എന്ന് ജോജു തന്നെ സമ്മതിച്ചിട്ടുണ്ട്‌. 40 ലക്ഷം + ഫീസ്‌. ഇന്നോ 3.5 * 4 അത്‌ ഒരിക്കലും 40 ലക്ഷം വരില്ല. കച്ചവടം നടത്തുകയും ഉളിപ്പില്ലാതെ ന്യായം പറയുകയും ചെയ്യുന്ന സ്ഥലത്തു നിന്ന് മാന്യമായ പ്രവേശന രീതിയിലേക്ക്‌ സഭ വന്നപ്പോഴാണ്‌ ഞാന്‍ അംഗീകരിച്ചത്‌. മറ്റ്‌ മാനേജ്മെന്റുകളേക്കാള്‍ മാന്യമായ നിലപാട്‌ സ്വീകരിച്ചപ്പോള്‍ അംഗീകരിച്ചു. അത്‌ സഭയുടെ ചരിത്രപരമായ നിലപാടിനെ അംഗീകരിച്ചതായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്‌ കലക്കവെളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നത്‌ പോലെയാണ്‌.

N.J ജോജൂ said...

ചന്ദ്രികയിലും ദീപികയിലും മാത്രം വിജ്‌ഞാപനം കൊടുത്തു എന്നതാണ്‌ അന്നുണ്ടായിരുന്ന ഒരു ആരോപണം. ഇപ്പോള്‍ ഏതൊക്കെ പത്രങ്ങളില്‍ കൊടുക്കുന്നുണ്ട് എന്നറിയില്ല. വെബ് സൈറ്റ് ഉള്ളതുകൊന്ട് അവിടെ ഇടുന്നുണ്ട്. പത്രസമ്മേളനം നടത്തി എല്ലാവരെയും അറിയീക്കുന്നു.

മറ്റൊന്ന് സ്വന്തമായ പ്രവേശന പരീക്ഷയാണ്‌. സഭയുടെ മെഡിക്കല്‍ കോളേജുകളിലേയ്ക്കുള്ള പ്രവേശനമാണ്‌ അങ്ങനെ നടത്തിയത്. എന്‍ജിനീയറിംഗ് കോളേജുകള്‍ അപ്പോഴും സര്‍ക്കാരിന്റെ പ്രവേശനപ്പരീക്ഷയെ ആണ്‌ ആശ്രയിച്ചത്. സ്വന്തമായി പ്രവേശന പ്പരീക്ഷ നടത്തുക എന്നത് മാനേജുമെന്റുകളുടെ അവകാശമാണ്‌. ആ നിലയ്ക്കാണ്‌ പരീക്ഷ നടത്തിയതും. വിദ്യാര്‍ത്ഥീ പ്രസ്ഥാനങ്ങള്‍ അലങ്കോലപ്പെടുത്താനും സര്‍ക്കാര്‍ സംരക്ഷണം നല്കാതിരിയ്ക്കാനും ശ്രമിച്ചപ്പോള്‍ മാനേജുമെന്റുകള്‍ മറ്റു വഴികള്‍ ആരാഞ്ഞു. സര്‍ക്കാരിന്റെ പ്രവേശനപ്പരീക്ഷയെ ആണ്‌ ആശ്രയിച്ചുതന്നെ സ്വന്തം നിലയില്‍ പ്രവേശനം നടത്തുക എന്ന രീതിയിലേയ്ക്കു മാറി.

ഇന്റര്‍വ്യൂവില്‍ അഴിമതി സാധ്യത ആരോപിയ്ക്കപ്പെട്ടപ്പോള്‍ അതും ഉപോക്ഷിച്ചു.

അങ്ങനെ ഘട്ടം ഘട്ടമായി മെച്ചപ്പെട്ട ഒരു രീതി രൂപപ്പെട്ടു വന്നു. സുതാര്യമായാല്‍ മാത്രം പോരല്ലോ, സുതാര്യമാണെന്ന് ബോധ്യപ്പെടുത്തുക എന്ന ശ്രമകരമായ ജോലി കൂടി ഉണ്ടല്ലോ.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി അന്നത്തെ സഭയൗടെ പ്രവേശന രീതി നോക്കൂ. 525 കുട്ടികള്‍ മാത്രം പരീക്ഷ എഴുതുന്നു. അവരെല്ലാം തന്നെ കോഴ വാഗ്ദാനം നല്‍കിയവര്‍. പ്രവേശന പരീക്ഷക്ക്‌ 30% ബാക്കി +2 മാര്‍ക്കും അഭിമുഖവും. പ്രവേശനത്തിന്‌ 40 ലക്ഷം വരെ തലവരി വാങ്ങുന്നു

ഇന്ന് സഭ എല്ലാവര്‍ക്കും അപേക്ഷാ ഫോറം നല്‍കുന്നു.
സഭ പ്രത്യേകം പരീക്ഷ നടത്തുന്നില്ല
50:50 എന്ന അനുപാതത്തില്‍ +2: കോമണ്‍ ഏണ്ട്രന്‍സ്‌ മാര്‍ക്ക്‌ എന്ന രീതിയില്‍ സുതാര്യമായി പ്രവേശനം നടത്തുന്നു. അഭിമുഖത്തിന്‌ പ്രത്യെക മാര്‍ക്കില്ല
തലവരി വാങ്ങുന്നില്ല

ഈ മാറ്റത്തെ അംഗീകരിക്കാതിരിക്കുന്നത്‌ യുക്തിഭദ്രമല്ല എന്ന് എനിക്ക്‌ തോന്നിയതിനാലാണ്‌ ഞാന്‍ അംഗീകരിച്ചത്‌. ഈ നിലപാട്‌ ആദ്യമേ സ്വീകരിച്ചതെങ്കില്‍ സഭക്കൊപ്പം നില്‍ക്കുമായിരുന്നു.

N.J ജോജൂ said...

ഇതിന്റെഒക്കെ ക്രെഡിറ്റ് എസ്.എഫ്.ഐക്കാണെങ്കില്‍ ക്രെഡിറ്റ് അവരെടുത്തോട്ടെ. അല്ല ഇടതുപക്ഷത്തിനണെങ്കില്‍ അവരും എടുത്തോട്ടെ.

"നിലവിലുള്ള നിയമ പ്രകാരം കച്ചവടം ചെയ്താല്‍ നഷ്ടം വരും അതിനാല്‍ മായം ചേര്‍ത്തു വില്‍ക്കുന്നു എന്ന് കച്ചവടക്കാരന്‍ പറയുന്ന ന്യായമാണ്‌ അത്‌."
അതുകൊള്ളാം , നല്ല ഉപമ.
അന്ചു രൂപാ ഉത്പാദനച്ചിലവുള്ളത് രണ്ടു രൂപയ്ക്ക് വില്ക്കാന്‍ സര്‍ക്കാര്‍ നിയമമുണ്ടാക്കുന്ന കാലത്തു പരിഗണിയ്ക്കം കിരണിന്റെ ഉപമ.

നിര്‍ത്തുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ ജോജു വീണ്ടും അവകാശ പ്രഖ്യാപനവുമായി വന്നിരിക്കുന്നു. പ്രവേശനപ്പരീക്ഷ നടത്തുക എന്നത്‌ മാനേജുമെന്റുകളുടെ അവകാശമാണത്ര. സമ്മതിച്ചു പക്ഷേ കോഴ വാങ്ങാതിരിക്കലും നിലവിളുള്ള നിയമം അനുസരിച്ച്‌ പ്രവേശനം നടത്തലും സഭാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വവുമാണ്‌. അവകാശങ്ങളേപ്പറ്റി വചാലനാകുന്നവര്‍ ഉത്തരാവദിത്വത്തെപ്പറ്റി മറക്കുന്നു.

അന്നത്തെ അതായത്‌ കെ.ടി തോമസ്‌ ഫീസ്‌ മാത്രമേ വാങ്ങാന്‍ സഭക്ക്‌ അനുവാദമുള്ളൂ. അപേക്ഷിക്കുന്നവര്‍ക്ക്‌ എല്ലാം അപെക്ഷാ ഫോറം നല്‍കണം. കോഴ വാഗ്ദാനം ചെയ്തവര്‍ക്ക്‌ മാത്രം നല്‍കിയാല്‍പ്പോരാ ഇതൊക്കെ പാലിക്കാന്‍ സഭക്ക്‌ ബാധ്യത ഇല്ലേ? ഇനില്‍ 40 ലക്ഷം കോഴ വാങ്ങുന്നത്‌ കോഴ്സ്‌ നടത്താനുള്ള ബുദ്ധിമുട്ട്‌ ഉള്ളതിനാല്‍ അല്ലല്ലോ. അതില്‍ ഒരു കച്ചവട സാധ്യത ഉണ്ടായിരുന്നത്‌ കൊണ്ടല്ലേ. പിന്നെ തനിക്ക്‌ പോലും കോഴ സമ്പ്രദായം തടായാന്‍ കഴിയില്ല എന്ന് പറഞ്ഞത്‌ വര്‍ക്കി വിതയത്തിലാണ്‌ എന്നതും മറക്കാതിരിക്കുക. ചങ്ങനാശ്ശേരി രൂപതക്ക്‌ പുറത്തും കത്തോലിക്ക സ്ഥാപനങ്ങള്‍ ഉണ്ടല്ലോ

N.J ജോജൂ said...

കിരണ്‍ പറയുന്നതില്‍ നിന്നും ഞാന്‍ മനസിലാക്കുന്ന മാറ്റങ്ങള്‍

1. ഇന്ന് സഭ എല്ലാവര്‍ക്കും അപേക്ഷാ ഫോറം നല്‍കുന്നു.
(കാരണം സഭയുടെ കോളേജിലെ ഫീസ് സഭ നിശ്ചയിയ്ക്കുന്നു, സര്‍ക്കാരിന്റെ ഫീസ് അവിടെ ബാധകമല്ല, പ്രവേശനം ആഗ്രഹിയ്ക്കുന്നവര്‍ ആ ഫീസ് അംഗീകരിയ്ക്കുന്നു.)

2. സഭ പ്രത്യേകം പരീക്ഷ നടത്തുന്നില്ല.
അതിനുണ്ടായ സാഹചര്യം ഞാന്‍ പറഞ്ഞു. കര്‍ണ്ണാടകയിലും പല മാനേജുമെന്റുകളും ഇപ്പോള്‍ സ്വന്തമായി പരീക്ഷ നടത്തുന്നില്ല, കാരണം അത് അവര്‍ക്ക് ഒരു ബാധ്യതയാവുന്നു.

3. അഭിമുഖത്തിന്‌ പ്രത്യെക മാര്‍ക്കില്ല
അതിനുണ്ടായ സാഹചര്യവും  ഞാന്‍ പറഞ്ഞു

4. തലവരി വാങ്ങുന്നില്ല.
കാരണം ന്യായമായ് ഫീസ് പിരിയ്ക്കാനുള്ള മാനേജുമെന്റുകളുടെ അവകാശം കോടതി ശരിവച്ചു.

K K said...

ഞാൻ മുന്നെ എഴുതിയ കമന്റിൽ ടാക്സ് കൊദുക്കാത്തവരെ ഇൻഫ്രാസ്റ്റ്ര്ക്ചർ ഉപയൊഗിക്കുവാൻ അനുവദിക്കരുതെന്നും അതല്ല സർക്കാരിനു സാമൂഹിക ബാധ്യത നിറവേറ്റണമെന്നുണ്ടെങ്കിൽ സർക്കാർ കറൻസികൾ അതിനു വേണ്ടി അടിചിറക്കി അതുപയോഗിച്ചായിരിക്കണം ഇൻഫ്രാസ്റ്റ്ർക്ചർ വികസിപ്പിക്കേണ്ടത് എന്നും എഴുതിയിരുന്നു. എന്നാൽ ഇതിനെ കേന്ത്രീകരിച്ച് സ്വാശ്രയ ക്രോസ് സബ്സിഡിയും ഇതും ഒരു പോലെ കാണാൻ കഴിയില്ല എന്നു എഴുതി കണ്ടു. ആ കാരണങ്ങൾ നമുക്ക് പരിശോധിക്കാം.
കോടതിയുടെ ദൃഷ്ടിയില് 100% വിദ്യാര്ത്ഥികളും കോഴ്സ് പഠിക്കാന് യോഗ്യരാണ്. അതില് 50% പേര് കൂടുതല് മിടുക്കരും 50% പേര് അയോഗ്യരുമല്ല. അവര് ഇരുവരും ഒരേ കോഴ്സ് പഠിക്കാന് യോഗ്യരായ രണ്ട് കൂട്ടര് മാത്രം.
കോടതിക്കും ഭരണഘടനക്കും അനുസരിച്ച് 100% ആളുകളും റോഡുകളും മറ്റു ഇൻഫ്രാസ്റ്റ്ര്ക്ചറുകളും ഉപയോഗിക്കാൻ യോഗ്യർ. വഴി നടക്കാനും ആശയവിനിമയം നടത്താനും ഭരണഘടന എല്ലാവർക്കും അവകാശം നൽകുന്നുണ്ട്. റ്റാക്സ് നൽകുന്നവർ എന്നോ നൽകാത്തവർ എന്നോ ഭരണ ഘടനക്ക് ഇതിൽ ഭേദമില്ല.
എന്നാൽ ഈ സൌകര്യങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത് നികുതിപ്പണം കൊണ്ടും. പാവപ്പെട്ടവൻ പാവപ്പെട്ടവനും നികുതി കൊടുക്കുന്നുന്ട് എന്നു പറഞ്ഞാൽ, മുണ്ട് മുറുക്കി ഉടുത്ത് അഷ്ടിചു ജീവിക്കാൻ ചിലവിടുന്നതിനു കൊടുക്കുന്ന തുച്ചമായ പരോക്ഷ നികുതി പണമുള്ളവൻ ചിലവിടുന്ന പണത്തിനു കൊടുക്കുന്ന പരോക്ഷ നികുതിയും വരുമാനത്തിനു കൊടുക്കുന്ന പ്രത്യക്ഷ നികുതിയും പരിഗണിക്കുമ്പോൾ തുച്ചം. അപ്പോൾ സർക്കാർ പണമുള്ളവൻ കൊടുക്കുന്ന നികുതി കൊണ്ട് ഉണ്ടാക്കുന്ന ഇൻഫ്രാസ്റ്റ്ര്ക്ചർ എന്തിനു പാവപ്പെട്ടവനു ഉപയോഗിക്കാൻ അനുവദിക്കണം.
ഒരു റോഡ് ഉണ്ടാക്കിയാൽ എല്ലാവർക്കും ഉപയോഗിക്കാമല്ലൊ അതിന് പ്രത്യേക നഷ്ടമൊന്നും ഇല്ല്ല്ലല്ലോ എന്നാണെങ്കിൽ ഉപയോഗം വർധിക്കുംതോറും തേയ്മാനവും കൂടും എന്നുതന്നെ.
ഞാൻ ഈയൊരു വാദം പറഞ്ഞത് മാനേജുമെന്റ് സീറ്റ്കാരൻ മെരിറ്റ് സീറ്റ് കാരന്റെ ചിലവ് വഹിക്കുന്ന സിസ്റ്റത്തിലും 50:50 കണ്ടീഷനിലും വിദ്യാഭ്യാസനിധി രൂപീകരിക്കുന്ന കാരിയത്തിലും എല്ലാം പാവപ്പെട്ടവന്റെ ചിലവു വഹിക്കുന്നത് പണക്കാരൻ തന്നെയാണ്. ഇതെല്ലാം സമത്തിൽ ഒന്നുതന്നെ എന്നു കാണിക്കാൻ വേണ്ടിമാത്രമാണ്.
വിദ്യാഭ്യാസം ഒരു വ്യവസായമായിട്ടുള്ള സഹചര്യത്തിൽ സ്വാശ്രയ കോളേജുകൾക്ക് പരമാവധി ലാഭം കൊയ്യുക എന്നത് തന്നെയാണ് നീതി.വ്യവസായത്തിന് സാമൂഹ്യനീതി മാക്സിമം ലാഭം കൊയ്യലാണ്. ജോജു പറയും പോലെ മാന്യമായ ഫീസ് വാങ്ങി നല്ല പടന സൌകര്യങ്ങൾ നൽകുന്നിടത്ത് സ്വൊകാര്യ മേനേജുമെന്റുകളുടെ സാമൂഹിക ഉത്തരവാദിത്വം കഴിഞ്ഞു എന്നു പറയുന്നത് നല്ല കാശ് വാങ്ങി നല്ല പ്രോഡക്റ്റ് നൽകി എന്ന് പറയുന്ന ബിസിനസുകാരന്റെ മനസ്തിതി മാത്രമാണ്. വ്യവസായത്തിൽ മറിച്ചാവാൻ തരവുമില്ല.
കിരൺ പറയുന്ന സിബി എസ് ഇ വിദ്യാർതികൾ, റ്റ്യൂഷ്യൻ പടിച്ച് എത്തുന്ന പണക്കാരുടെ മക്കളാണ് കൂടുതലും മെറിറ്റ് സീറ്റിൽ എത്തുന്നത് എന്ന വിഷയവും എന്തുകൊണ്ട് സ്വോശ്രയ കോളേജുകൾ എന്ന വിഷയവും നമുക്ക് വഴിയേ ചർച്ച ചെയ്യാം. ഈ വിഷയങ്ങൾ ഇടതുമുന്നണി അധികാരത്തിൽ വരും മുമ്പെയും ഉണ്ടായിരുന്നു എന്നും ഇടതുമുന്നണിയുടെ ഈ വിഷയത്തിലെ നിലപാട് മാറുന്നതിനും മുൻപെയും ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുക മാത്രം ഇപ്പോൾ ചെയ്യുന്നു.

K K said...

ഞാൻ മുന്നെ എഴുതിയ കമന്റിൽ ടാക്സ് കൊടുക്കാത്തവരെ ഇൻഫ്രാസ്റ്റ്ര്ക്ചർ ഉപയൊഗിക്കുവാൻ അനുവദിക്കരുതെന്നും അതല്ല സർക്കാരിനു സാമൂഹിക ബാധ്യത നിറവേറ്റണമെന്നുണ്ടെങ്കിൽ സർക്കാർ കറൻസികൾ അതിനു വേണ്ടി അടിചിറക്കി അതുപയോഗിച്ചായിരിക്കണം ഇൻഫ്രാസ്റ്റ്ർക്ചർ വികസിപ്പിക്കേണ്ടത് എന്നും എഴുതിയിരുന്നു. ഞാൻ ഈയൊരു വാദം പറഞ്ഞത് മാനേജുമെന്റ് സീറ്റ്കാരൻ മെരിറ്റ് സീറ്റ് കാരന്റെ ചിലവ് വഹിക്കുന്ന സിസ്റ്റത്തിലും 50:50 കണ്ടീഷനിലും ക്രൊസ് സബ്സിഡി കാര്യത്തിലും വിദ്യാഭ്യാസനിധി രൂപീകരിക്കുന്ന കാരിയത്തിലും എല്ലാം പാവപ്പെട്ടവന്റെ ചിലവു വഹിക്കുന്നത് പണക്കാരൻ തന്നെയാണ്. ഇതെല്ലാം സമത്തിൽ ഒന്നുതന്നെ എന്നു കാണിക്കാൻ വേണ്ടിമാത്രമാണ്. അതോടൊപ്പം സാമൂഹ്യനീതി ഗവർമെന്റിന്റെ ബാധ്യതയാണ് എന്ന് പരഞ്ഞാൽ അത് ഏതറ്റംവരെ പോകാം എന്ന് കാണിക്കാൻ വേണ്ടിയും.
വിദ്യാഭ്യാസം ഒരു വ്യവസായമായിട്ടുള്ള സഹചര്യത്തിൽ സ്വാശ്രയ കോളേജുകൾക്ക് പരമാവധി ലാഭം കൊയ്യുക എന്നത് തന്നെയാണ് നീതി.വ്യവസായത്തിന് സാമൂഹ്യനീതി മാക്സിമം ലാഭം കൊയ്യലാണ്. ജോജു പറയും പോലെ മാന്യമായ ഫീസ് വാങ്ങി നല്ല പടന സൌകര്യങ്ങൾ നൽകുന്നിടത്ത് സ്വൊകാര്യ മേനേജുമെന്റുകളുടെ സാമൂഹിക ഉത്തരവാദിത്വം കഴിഞ്ഞു എന്നു പറയുന്നത് നല്ല കാശ് വാങ്ങി നല്ല പ്രോഡക്റ്റ് നൽകി എന്ന് പറയുന്ന ബിസിനസുകാരന്റെ മനസ്തിതി മാത്രമാണ്. വ്യവസായത്തിൽ മറിച്ചാവാൻ തരവുമില്ല. അപ്പോൾ ഈ ബിസിനസിന് ന്യൂനപക്ഷപദവി ആവശ്യമുണ്ടോ എന്നും നമ്മൾ ആലോചിക്കേണ്ടതാണ്-
കേരളത്തിൽ സ്വാശ്രയകോളേജ് വേണ്ടേവേണ്ട എന്ന് പറഞ്ഞിരുന്ന സ്തിതിയിൽ നിന്ന് സാമൂഹ്യനീതിശാസ്ത്രത്തിലേക്കും തുടർന്ന് യുഡി എഫിലൂടെ 50:50 ത്തിലേക്കും തുടർന്ന് ഇന്നത്തെ രൂപത്തിലുള്ള വ്യവസായ രൂപത്തിലേക്കും കര്യങ്ങൾ എത്തുന്നതിൽ പുരോഗമനപ്രസ്താനത്തിനുള്ള പങ്ക് കൂടി നമ്മൾ പരിശോധിക്കേണ്ടതല്ലേ. താങ്കൾ പറയുന്ന “ 50% സ്വയാശ്രയ സീറ്റില് മാത്രമല്ല 70% സര്ക്കാര് സീറ്റിലും പ്രവേശനം നേടുന്നത് ഈ സാമൂഹികമായി പിന്നോക്കം നില്ക്കുന്നവരല്ല എന്നതാണ് കേരളത്തിലെ യഥാര്ത്ഥ്യം.“ എന്നതിന്റെ പഴയ ഒരു രൂപം തന്നെയല്ലെ സ്വാശ്രയകോളേജ് രൂപീകരണത്തിന് (വിശാലാർതത്തിൽ സബ്സിഡികൾ ഇല്ലാതാക്കാനും) ആധാരമായി വന്നത്. അപ്പോൾ മാറിയത് ഇടത് പ്ക്ഷമോ അതോ ഭരണവർഗമോ? ഉന്നതവിദ്യാഭ്യാസമെഘലയിൽ ചിലവഴിക്കാൻ പണമില്ല എന്നും സ്വകാര്യമൂലധനം കൂടിയേ തീരൂ എന്നു പറഞ്ഞതും ഭരണവർഗമായിരുന്നു. കോറ്പറേറ്റുകൾക്ക് സൌജന്യമായി കൊടുക്കാൻ ഭരണകൂടത്തിന് ദാരിദ്ര്യമില്ലായെന്ന്, കഴിഞ്ഞ ബഡ്ജറ്റിൽ മാത്രം അവർക്കായി മാറ്റി വച്ചത് 68914 കോടിണെന്ന് പി സായിനാധ് ആഗസ്ത് 20 ദേശാഭിമാനിയിൽ സാക്ഷ്യം പറയുന്നു.
മറ്റൊന്ന് വൻ റ്റ്യൂഷ്യൻ ലോബികളെ സഹായിക്കുന്ന എന്ട്രൻസ് സംഭ്രദായതെ പൊളിച്ചെഴുതി സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന രീതിയിൽ പ്രവേശനസമ്പ്രദായം പരിഷ്കരിച്ചുകൂടെ. ഗവർമെന്റ് കോളേജുകളിൽ നിശ്ചിത പരിധിക്ക് മുകളിൽ സാമ്പത്തിക നിലവാരമുള്ളവർ പണ്ടും ഫീസ് കൊടുത്തിരുന്നു. (മെറിറ്റിൽ കിട്ടിയാലും അല്ലെങ്കിലും). സമാനമായ രീതി ഇപ്പോഴും തുടരാവുന്നതല്ലേ.
സെന്ട്രൽ ഗവർമെന്റിന്റെ പുതിയ വിദ്യാഭ്യാസ നയം പുറത്തുവന്ന സാഹചര്യത്തിൽ കേരളതിലെ ഇപ്പൊളത്തെ അവസ്തപോലും നിലനിറ്ത്താനാവുമോ എന്നും കണ്ടരിയേണ്ടിവരും എന്നതും വസ്തുതയാണ്. പുതിയ കേന്ദ്രനിയമത്തെ കുറിച്ചും ഒരു വിശകലനം പ്രതീക്ഷിക്കുന്നു.

sajan jcb said...

KK,

the difference here is simple. taking only one point. we are not sure that 50% merit seats goes to poor people. they might be well settled big shots.why should somebody else teach them freely?

(Sorry for commenting in English, mozhi is not available in this computer)