Sunday, August 23, 2009

ഋതു ഭാവങ്ങള്‍

ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത്‌ പുറത്തിറിങ്ങിയ ഋതു എന്ന ചിത്രത്തെപ്പറ്റി മികച്ച ഒരു നിരൂപണം വെള്ളെഴുത്തില്‍ വന്നിട്ടുണ്ട്‌. എങ്കിലും IT മേഖലയുടെ പശ്ചത്തലത്തില്‍ എടുത്ത ഈ ചിത്രത്തെ ഒന്നു നിരൂപിക്കണം എന്ന് തോന്നി. ശ്യാമ പ്രസാദ്‌ എന്ന സംവിധായകനെ അല്ല ജോഷ്വാ ന്യൂട്ടണ്‍ എന്ന തിരക്കഥകൃത്തിനെയാണ്‌ എനിക്ക്‌ നിരൂപിക്കാന്‍ ഇഷ്ടം. വനിതയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം അവിട നിന്നും ഇറങ്ങി ഇപ്പോള്‍ ഫ്രീലാന്‍സ്‌ പരിപാടികളുമായി നടക്കുന്നു എന്നാണ്‌ ഇദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌.

ഋതുവില്‍ ഉപയോഗിക്കുന്ന പോര്‍ട്ടുഗീസ്‌ എഴുത്തുകാരന്‍ പെസോവായുടെ ഒരു മനുഷ്യനില്‍ ഉള്ള പല മനുഷ്യരെപ്പറ്റി ഉള്ള പരമര്‍ശം എടുത്തുകൊണ്ടാണ്‌ ഞാന്‍ ഇത്‌ നിരൂപിക്കാന്‍ ശ്രമിക്കുന്നത്‌ ആദ്യമായി എന്നിലെ IT ക്കാരന്‍ ഇതിനെ നിരൂപിക്കുന്നു.പറ്റുമെങ്കില്‍ എന്നിലെ മറ്റുള്ളവരെക്കൊണ്ടും നിരൂപിക്കാന്‍ ശ്രമിക്കാം

IT രംഗത്തെ ജീവനക്കാരുടെ ജീവിതങ്ങളേപ്പറ്റി പുറം ലോകത്ത്‌ പരക്കുന്ന നിറം പിടിപ്പിച്ച കഥകളോട്‌ പരമാവധി നീതി പുലര്‍ത്താന്‍ തിരക്കഥാകൃത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടാണ്‌ തുല്യ ദുഖിതാരായി 17 വര്‍ഷത്തോളം നീണ്ട ആത്മ ബന്ധമുള്ള നായകനെ കേവലാനന്ദത്തിന്‌ വേണ്ടി സുഹൃത്തുക്കള്‍ ചതിക്കുന്ന ഒരു കഥ സൃഷ്ടിക്കപ്പെട്ടത്‌. ചതിക്കുന്നതിനൊക്കെ ഒരു ലോജിക്ക്‌ വേണമല്ലോ അതു പോലും IT ക്കാരെപ്പറ്റിപ്പറയുമ്പോള്‍ ആവശ്യമില്ല. ചതിക്കാനായി ജനിച്ചവരാണല്ലോ അങ്ങോട്ട്‌ ചേക്കെറുന്നവരില്‍ ഭൂരിഭാഗവും ( പിഴക്കാനയി നഴ്‌സുമാര്‍ പോകുന്നത്‌ പോലെ ). അലെങ്കില്‍ IT ഇന്‍ഡസ്ട്രി നിങ്ങളേ അങ്ങനെ ഒരാളാക്കും. അങ്ങനെ അല്ലാത്തവര്‍ക്ക്‌ അവിടെ നിലനില്‍പ്പില്ല. ഒപ്പം മദ്യപാനം ( ആണുങ്ങളും പെണ്ണുങ്ങളും) പാര്‍ട്ടി ഫ്ലര്‍ട്ടിങ്ങ് എന്നിങ്ങനെ എല്ലാം സമസമം ചേര്‍ത്ത്‌ ഒരു കോക്‌ടെയിലാണ്‌ ഋതുവിന്റെ പ്രമേയം.

ഇംഗ്ലീഷ്‌ സാഹത്യം പഠിക്കാന്‍ ആഗ്രഹിച്ച ശരത്‌ വര്‍മ്മ, മ്യൂസിക്‌ കമ്പക്കാരനായ സണ്ണി ഇമ്മിട്ടി സാമൂഹിക സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന വര്‍ഷ എന്നിവരുടെ സുഹൃത്ത്‌ ബന്ധത്തിന്‌ 17 വര്‍ഷത്തോളം പഴക്കമുണ്ട്‌. ആഗ്രഹങ്ങള്‍ അനുസരിച്ചുള്ള ഒരു കരിയര്‍ ഇവര്‍ക്ക്‌ നേടാന്‍ കഴിയുന്നില്ല.എത്തിച്ചേര്‍ന്നതോ IT യില്‍. അളിയന്റെ കോയ്‌റോഫില്‍ 3 വര്‍ഷം അമേരിക്കയിലേക്ക്‌ പോകാന്‍ ശരത്തിന്‌ കഴിയുന്നു. വര്‍ഷയം സണ്ണിയും ബാംഗ്ലൂരില്‍ ഇന്‍ഫോസിസില്‍ കയറുന്നു. 3 വര്‍ഷങ്ങള്‍ക്ക്‌ ശേഷം കേരളത്തില്‍ സെറിന എന്ന വനിത നേതൃത്വം നല്‍കുന്ന താരതമ്യേന ചെറിയ കമ്പനിയിലേക്ക്‌ ശരത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി സണ്ണിയും വര്‍ഷയും എത്തുകയാണ്‌. അതി തീവ്രമായ നൊസ്റ്റാള്‍ജ്യയുമായി ജീവിക്കുന്ന ശരത്തിന്‌ ബാംഗ്ലൂരില്‍ നിന്നെത്തിയ സണ്ണിയിലും വര്‍ഷയിലും വന്ന മാറ്റങ്ങളേ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അവര്‍ക്ക്‌ ഈ നൊസ്റ്റാള്‍ജ്യ ബാധകമല്ലല്ലോ. ശരത്തിന്‌ പുഴയോരത്ത്‌ ഒരു വീടൊക്കെ വച്ച്‌ ഇഷ്ടമുള്ള എഴുത്തിലും മറ്റും വ്യാപരിക്കാനാണ്‌ താല്‍പ്പര്യം സണ്ണിയുടെ മ്യൂസിക്ക്‌ കമ്പത്തിനോ വര്‍ഷയുടെ സാമൂഹിക സേവന കമ്പത്തിനോ ഉണ്ടായ മാറ്റം ശരത്തില്‍ ഉണ്ടാകാത്തിനാല്‍ ശരത്ത്‌ അസ്വസ്ഥനാകുന്നു.

സെറീനയുടെ കമ്പനിയിലെത്തുമ്പോള്‍ അവിടെ ശരത്താണ്‌ താരം. ജിത്തു എന്ന സഹപ്രവര്‍ത്തകന്‍ ശരത്തിനെ മാത്രം പരിചയപ്പെടുമ്പോഴേക്കും സണ്ണിയില്‍ അമര്‍ഷം പൊടിയുന്നുണ്ട്‌. ഞാനും ഇന്‍ഫോസിസില്‍ ടീം ലീഡായിരുന്നു എന്ന് സണ്ണി സൂചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കയില്‍ 3 വര്‍ഷം ഉള്ള പ്രവര്‍ത്തി പരിചയം ഇന്ത്യയില്‍ 10 വര്‍ഷം ജോലി ചെയ്യുന്നതിന്‌ തുല്ല്യമാണ്‌ എന്ന് ജിത്തുവിനെക്കൊണ്ട്‌ ജോഷ്വാ പറയിക്കുന്നു. IT മേഖലയെക്കുറിച്ചുള്ള ജോഷ്വായുടെ മുന്‍വിധികള്‍ ഇവിടെ തുടങ്ങുന്നു.

പിന്നീട്‌ സെറീനയുടെ ചാരനായി ഓഫീസില്‍ പ്രവര്‍ത്തിക്കാന്‍ സണ്ണി തുടങ്ങുന്നു. അതിന്‌ പ്രതുപകരമായി അടുത്ത ടീം ലീഡര്‍ സ്ഥാനം സണ്ണിക്ക്‌ ലഭിക്കുന്നു.അതിനിടയില്‍ സണ്ണി ശരത്തിന്റെ ഇ-മെയില്‍ ഹാക്ക്‌ ചെയ്യുന്നുമുണ്ട്‌. കമ്പനിയുടെ സോഫ്റ്റ്‌ വെയര്‍ പുറത്തേക്ക്‌ ശരത്തിന്റെ E-mail വഴി അയക്കാനാണ്‌ സണ്ണിയുടെ പരിപാടി.

പിതാവിന്റെ ക്രൂരപീഡനത്തില്‍ തകര്‍ന്ന് എന്നേ ആര്‍ക്കും വേണ്ടെടാ എന്ന് പറഞ്ഞ്‌ കുടിച്ച്‌ മരിക്കാന്‍ ശ്രമിക്കുന്ന സണ്ണിയെ നിന്നെ എനിക്ക്‌ വേണെമെടാ എന്ന് പറഞ്ഞ്‌ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച്‌ ആശ്വസിപ്പിച്ച നായകനായ ശരത്തിനെ കേവലം ഒരു USA വിസക്ക്‌ അളിയനോട്‌ ശിപാര്‍ശ ചെയ്യാത്തതില്‍ പ്രതികാരത്തിനൊരുങ്ങാന്‍ IT ക്കാരനല്ലാതെ ആര്‍ക്കു കഴിയും. USA ഉള്ള ശരത്തിന്റെ അളിയന്‍ സഹായിച്ചിട്ട്‌ വേണമല്ലോ ഇന്‍ഫോസില്‍ ടീം ലീഡാകാന്‍ യോഗ്യതയുള്ളവന്‌ അമേരിക്കയില്‍ പോകാന്‍. അവിടം കൊണ്ടും നില്‍ക്കുന്നില്ല കാര്യങ്ങള്‍ പുതിയ ഓഫീസിലെ സോഫ്റ്റ്‌ വെയര്‍ കട്ടേടുത്ത്‌ കടത്താന്‍ സണ്ണിയെ പ്രേരിപ്പിക്കുന്നതും ഇതേ വിദേശ മോഹം. ഞാനും പോകുമെടാ വിദേശത്ത്‌ എന്ന് സണ്ണി മദ്യലഹരിയില്‍ ശരത്തിനോട്‌ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ ഗള്‍ഫില്‍ പോകാന്‍ വിസകിട്ടാത്തവന്റെ ദുഖം അമേരിക്കയി പോകാന്‍ പറ്റാത്ത IT ക്കരനില്‍ ജോഷ്വാ ഫിറ്റ്‌ ചെയ്യുന്നുണ്ട്‌.

ഇനി അടുത്തത്‌ വില്ലത്തി സുഹൃത്താണ്‌. അമ്മയെ ഉപേക്ഷിച്ച്‌ വിദേശത്ത്‌ ഗേള്‍ ഫ്രണ്ടിനോടൊത്ത്‌ ചുറ്റുന്ന അച്‌ഛനെപ്പറ്റിയുള്ള ദേഷ്യവുമായി നടക്കുന്നവളാണ്‌ വര്‍ഷ. വര്‍ഷയെ ശരത്തിനും ശരത്തിനെ വര്‍ഷക്കും ഇഷ്ടമാണ്‌. 3 വര്‍ഷം അമേരിക്കന്‍ ജീവിതം കഴിഞ്ഞ്‌ ശരത്ത്‌ എത്തിയപ്പോഴേക്കും വര്‍ഷ ഒരു ഒന്നൊന്നര ഫ്ലര്‍ട്ടായി തീര്‍ന്നു. പെണ്ണ്‌ IT യിലല്ലേ പിഴച്ചല്ലേ പറ്റൂ, 17 വര്‍ഷത്തെ ബന്ധമൊക്കെ എന്തു ബന്ധം. ശരത്താകാട്ടേ ആകേ തളര്‍ന്നു പോയി. ഒരു വശത്ത്‌ തന്നെ ചതിക്കാന്‍ ശ്രമിക്കുന്ന സണ്ണി മറുവശത്തെ തന്നെ വഞ്ചിക്കാന്‍ നില്‍ക്കുന്ന വര്‍ഷ. താന്‍ ഈ ഇന്‍ഡസ്ട്രിക്ക്‌ ചേരാത്തവനാണ്‌ എന്ന് ശരത്തിന്‌ മനസിലാകുന്നു. സിനിമ ആര്‍ട്ടാണോ കൊമേഷ്യലാണോ എന്നൊന്നും പ്രശ്നമല്ല നായകന്‍ നായകന്‍ തന്നെയാണ്‌. സണ്ണിക്ക്‌ കൊടുക്കേണ്ട പണി കൃത്യമായി നല്‍കി വര്‍ഷയെ ഒരു ദിവസം ഉപയോഗിച്ച ശേഷം നിഷ്ക്കരുണം തള്ളി ശരത്ത്‌ യാത്രയാകുകയാണ്‌. ഞാനും കാലത്തിനനുസ്സരിച്ച്‌ മാറി എന്ന സന്ദേശവും ശരത്ത്‌ നല്‍കുന്നുണ്ട്‌. പിഴക്കാന്‍ വര്‍ഷ പറയുന്ന ന്യായമാണ്‌ ഏറ്റവും രസകരം എന്റെ ഭാഗത്ത്‌ നിന്ന് എന്തുകൊണ്ടാണ്‌ നീ കാര്യങ്ങള്‍ മനസിലാക്കാത്തത്‌. നീ പോയപ്പോള്‍ എനിക്കുണ്ടായ എകാന്തതയെപ്പറ്റി നീ എന്താണ്‌ ചിന്തിക്കാത്തത്‌. നീയും അവിടെ ഇങ്ങനെ ഒക്കെ ആണ്‌ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ നീ അങ്ങനെ ആയിരുന്നില്ല. ഓഡിയോ വീഡിയോ ചാറ്റുകളില്‍ IT ലോകം അഭിരമിക്കുമ്പോഴാണ്‌ ഈ കമ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ എന്നോര്‍ക്കണം. അത്‌ മാത്രവുമല്ല കടയില്‍ പോയീ ഡോട്ടഡ്‌ കോണ്ഡമില്ലേ ചേട്ടാ എന്ന് ചോദിച്ച്‌ കപട സദാചാരത്തെ വെല്ലുവിളിക്കുന്നവരായിരുന്നു വര്‍ഷയും സണ്ണിയും ശരത്തുമൊക്കെ പണ്ട്‌ എന്നത്‌ ഇവിടെ തീരെ സിങ്കാകാതെ വരുന്നു.

IT യിലെ വനിതകളെ അത്‌ മുതലാളിയയലും തൊഴിലാളി ആയാലും ജോഷ്വാ കാണുന്നത്‌ മറ്റേ കണ്ണോടു കൂടിയാണ്‌. 10 മില്ല്യണ്‍ മതിപ്പുള്ള ഒരു പ്രോജകറ്റ്‌ കിട്ടിയ വാര്‍ത്ത അറിഞ്ഞ്‌ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടുന്ന സെറിന്റെ കുഞ്ഞിരാമനായ കെട്ടിയവന്‍ കുട്ടകളില്ലാത്തതിനെപ്പറ്റി പരിതപിക്കുകയാണ്‌. 50 കോടി രൂപയുടെ ഒരു പ്രോജക്റ്റ്‌ ലഭിക്കുമ്പോള്‍ ഭാര്യയിലെ ഒരു സംരഭകയെ ഉള്‍ക്കൊള്ളാന്‍ പോലും കഴിയുന്ന ഒരു പുരുഷനെ സൃഷ്ടിക്കാന്ന് പോലും IT വളര്‍ന്നിട്ടില്ലാ എന്നും ജോഷ്വാ സ്ഥാപിക്കുന്നുണ്ട്‌. അലെങ്കില്‍ തന്നെ പെണ്ണുങ്ങളെന്തിന്‌ വ്യവസായം ചെയ്യണം കുട്ടികളെ പ്രസവിക്കുക പാലൂട്ടി വളര്‍ത്തുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ കഴിഞ്ഞിട്ടുള്ള പണികളാണല്ലൊ അവര്‍ക്ക്‌ പറഞ്ഞിട്ടുള്ളത്‌. വനിത മാസികയില്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുണ്ടായ സ്ത്രീ സങ്കല്‍പ്പമായിരുക്കും ജോഷ്വയെ ഇങ്ങനെ ഒക്കെ ചിന്തിപ്പിച്ചത്‌.

മുതലാളി സ്ത്രീയെ ഇങ്ങനെ ആണെങ്കില്‍ തൊഴിലാളി സ്ത്രീയെ എങ്ങനെ കാണും എന്ന് ഊഹിക്കാമല്ലോ. ഉപ്പും നാരങ്ങയുമൊക്കെ ചേര്‍ത്ത്‌ ടക്കില്ല അടിക്കിക്കുന്ന പബ്ബില്‍ അടിച്ച്‌ പാമ്പാകുന്ന പെണ്ണുങ്ങളെ ഒക്കെ മനോഹരമായി വരച്ചു കാട്ടാനും ജോഷ്വ ശ്രമിച്ചിട്ടുണ്ട്‌.


ഇനി ഇതോക്ക്‌ എന്റെ തോന്നലുകളാണ്‌ എന്നും. ഇങ്ങനെ ഒന്നും ജോഷ്വാ സങ്കല്‍പ്പിച്ചിട്ടില്ല എന്നൊക്കെ ഇതൊക്കെ വായിക്കുന്ന പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇത്‌ ഒക്കെ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നതിന്‌ ഈ ആഴ്ചത്തെ മാധ്യമം ആഴ്ചപ്പതിപ്പില്‍ ഒരു ചന്ദ്രശേഖര്‍ എഴുതിയ നിരൂപണം വായിച്ചാല്‍ ഏതാണ്ട്‌ വ്യക്തമാകും. യുവത്വത്തെപ്പറ്റി ജോഷ്വാ ന്യൂട്ടന്റെ തെറ്റിദ്ധാരണകള്‍ ഇവിടെ വായിക്കാം


കൂടുതല്‍ വായനക്ക്‌

17 comments:

Haree | ഹരീ said...

ഐ.ടി.യില്‍ ഇങ്ങിനെയുള്ളവരില്ലേ? ഉണ്ട് എന്ന ഉത്തരത്തെ ജനറലൈസ് ചെയ്തിരിക്കുകയാണ് ഈ ചിത്രത്തില്‍. സത്യം പറഞ്ഞാല്‍ അവരുടെ മാറ്റത്തിനു കാരണമായ ജോലി സംബന്ധമായ വിഷയങ്ങളൊന്നും ചിത്രത്തിലില്ല. ജോലി സ്ഥലം ഒരു പ്രധാനയിടമായിട്ടു കൂടി ജോലിയുടെ ഗൌരവമോ, അതിലെ പ്രശ്നങ്ങളോ, സന്തോഷങ്ങളോ (ഒരു വലിയ പ്രോജക്ട് കിട്ടുമ്പോഴത്തേക്കാള്‍ സന്തോഷമുണ്ടാവും, ഒരു പ്രശ്നം സോള്‍വ് ചെയ്യുവാനൊരു ലോജിക്ക് കണ്ടുപിടിച്ച് അത് ആപ്ലിക്കേഷനില്‍ ഇമ്പ്ലിമറ്റ് ചെയ്യുമ്പോള്‍, ശരിയല്ലേ?) ഒന്നും ചിത്രത്തിലില്ല! ഇവര്‍ തമ്മില്‍ ഒരു കമ്മ്യൂണിക്കേഷനുമില്ലായിരുന്നു എന്നു സമ്മതിച്ചാല്‍, അങ്ങിനെ കമ്മ്യൂണിക്കേഷനില്ലാതെ മൂന്നു കൊല്ലം കഴിഞ്ഞ് ശരത്ത് വിളിച്ചാല്‍ രണ്ടാളും ഉള്ള ജോലിയും അവരുടെ കംഫര്‍ട്ടും കളഞ്ഞ് ഇങ്ങു പോരുമോ? ചോദിക്കാന്‍ പോയാല്‍ ഒരുപാടുണ്ട്...

മാധ്യമത്തിലെ നിരൂപണം എന്താണ് പറഞ്ഞതെന്നു കൂടി പറയാമോ? രത്നച്ചുരുക്കം മതി.
--

റോബി said...

ശരിക്കും ഈ പൈങ്കിളി സിനിമകളും വാരികകളും പറയുന്നതുപോലെ ഈ ഐ.ടി ലോകത്തിലെ(അതെന്തു ലോകമാണോ എന്തോ)ആൾക്കാർ വിചിത്രജീവികളാണോ?

രണ്ടുവർഷം അങ്ങനെയൊന്നിൽ പണിയെടുത്തിട്ടും എനിക്കിതൊന്നും മനസ്സിലായില്ലല്ലോ....:(

നല്ല റിവ്യ്യൂ കിരൺ.

cALviN::കാല്‍‌വിന്‍ said...

ഇത്തരം സിനിമകൾക്ക് നല്ല സിനിമ എന്ന ലേബൽ ഒട്ടിച്ചു കൊടുക്കുന്നതിനോടാണ് കൂടുതൽ വിരോധം.

ഐ.ടി എന്നാൽ അപ്രാപ്യമായ ലോകമൊന്നുമല്ല. തിരക്കഥയെഴുതും മുൻപ് നാട്ടിലൊന്നു ഇറങ്ങി നടന്നാൽ കാണാം ഐടിക്കാരെയും ഐടി കമ്പനികളേയും എല്ലാം. വിവരമില്ലായ്മ ആണെന്ന് വിശ്വസിക്കാൻ, അത് കൊണ്ട് തന്നെ പ്രയാസം തോന്നുന്നു. ചൊറിച്ചിൽ തീർത്തതാവണം.

ബാംഗ്ലൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥീ-വിദ്യാർത്ഥിനികൾ എല്ലാം അസാന്മാർഗികം നടത്തുന്നുവെന്ന് സർവേ നടത്തി കണ്ട് പിടിച്ച പഴയ മാസികാസംസ്കാരം തികട്ടി വന്നതാവാനും മതി.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

സൗഹൃദം സ്ഥായി ആണോ? കാലത്തിനനുസരിച്ച് മാറണോ? പുതിയ സൌഹൃദങ്ങളിലൂടെ എന്ത് നേടാം എന്നതാണ് ഇന്നത്തെ തലമുറയുടെ ചിന്ത. പ്രണയവും സൌഹൃദവും ഇന്ന് കേവലം 'ബിസിനസ്‌ ഫോര്‍മുല'കള്‍ മാത്രമായി ചുരുങ്ങുന്നില്ലേ എന്ന് സംശയം. അവനില്‍ നിന്നും/ അവളില്‍ നിന്നും എനിക്കെന്തു പ്രയോജനം എന്നാണു പലരും ചിന്തിക്കുക - ഒരു ബന്ധം തുടങ്ങുന്നതിനു മുന്‍പ്. സ്കൂളില്‍ ഒരുമിച്ചു പഠിച്ച പല കൂട്ടുകാരെയും ഓര്‍ക്കുട്ട്/ഫേസ്ബുക്ക്‌ ചികഞ്ഞു കണ്ടുപിടിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

തികച്ചും കാലികമായ പ്രമേയം.

കിരണ്‍ തോമസ് തോമ്പില്‍ said...

ഹരി ഈ സിനിമയുടെ അംവിധായകനും തിരക്കഥാകൃത്തുമൊക്കെ വലിയയ അവകാശ വാദങ്ങളൊന്നും ഇറക്കാതെ ഒരു സിനിമ ചെയ്‌തിരുന്നു എങ്കില്‍ നമുക്ക്‌ അങ്ങനെ ഒരു തലം IT യില്‍ ഉണ്ടല്ലോ എന്ന് പറയാമായിരുന്നു, എന്നാല്‍ ഇവര്‍ യൗവനത്തെയും IT യെയും ഒക്കെ ചില ഡിക്ലറേറ്റിവ്‌ സ്റ്റേറ്റ്‌ മെന്റ്‌ കൊണ്ട്‌ നിര്‍വചിക്കുകയാണ്‌ അതുതന്നെയാണ്‌ മാധ്യമം ആഴ്ചപ്പതിപ്പിലെ നിരൂപണത്തിന്റെ ചുരുക്കം. ജോഷ്വാ എന്താണ്‌ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്‌ അത്‌ തന്നെയാണ്‌ ചന്ദ്രശേസ്ഖരന്‍ നിരൂപിച്ചതും

കാലവിന്‍ നല്ല കമന്റ്‌

മാരീചന്‍‍ said...

മാധ്യമം റിവ്യൂ ഇവിടെ വായിക്കാം...........


മാറ്റത്തിന്‍റെ ഋതുഭേദങ്ങള്‍

suraj::സൂരജ് said...

അമേരിക്കന്‍ വീസയ്ക്ക് ശുപാര്‍ശചെയ്യുന്ന അളിയനെ ഓര്‍ത്ത് ചിരിച്ചിട്ട് മേലാ !

ഇത്രോം വല്യ മരക്കെഴങ്ങന്മാരക്കാണല്ലോ പടച്ചോനേ പത്രത്തിലെഴുതാനും സില്‍മാക്കതയെഴുതാനും അവസരങ്ങളു കിട്ടണത് !

Ambi said...

അവസാനം നായകനെ “വഞ്ചിച്ച” നായിക വല്ല എയിഡ്സോ സ്വയിന്‍ ഫ്ലൂവോ ഒക്കെപ്പോലെയുള്ള ഒരു “പുത്തന്‍“ രോഗം വന്നു മരിയ്ക്കുകയും(അല്ലെങ്കില്‍ മരണക്കിടക്കയിലാവുകയും) വില്ലന്‍ സണ്ണി കുടിച്ച് കുടിച്ച് കരളുപൊട്ടി പണിയൊന്നുമില്ലാതെ പിച്ച തെണ്ടി വല്ല തീവണ്ടിയിലും പാടിനടക്കുകയും കൂടി ചെയ്തിരുന്നെങ്കില്‍ സിനിമ മുഴുമിപ്പിച്ച ഒരു ഫീലിങ്ങുണ്ടായേനേ.

കുറേയെണ്ണം സിനിമായെടുക്കാന്‍ നടക്കുന്നു!!!!!

(ഇന്‍ഫോസിസിലെ മാനേയരെ അമേരിക്കാക്കായ്ക്ക് പോകാന്‍ വല്ലവന്റേം അളിയന്റടുത്തൂന്ന് വിസായെടുപ്പിയ്ക്കുന്ന തമാശ ഏറെ പിടിച്ച്..ഭീകരം)

Ambi said...

ഫോളോ

Ambi said...

സൂരജിന്റെ കമന്റ് ഇപ്പോഴാണ് കണ്ടത്. മരക്കിഴങ്ങന്‍ പ്രയോഗം ഭയങ്കരമായി ഇഷ്ടപ്പെട്ടു:)

Ambi said...

കിരണേ ഈ എഴുതിയതിന് ഒരു അഭിനന്ദനം പറയാന്‍ വികാരിയായോണ്ട് മറന്നുപോയി.
നന്ദി

Shaji T.U said...

നന്നായിരിക്കുന്നെടോ, തന്റെ നിരീക്ഷണങ്ങള്‍...

A.Chandrasekhar said...

ഒരു ചലച്ചിത്രത്തെയോ പുസ്തകത്ത്തെയോ നിരു‌പിക്കന്നതുപോലെ തന്നെ അതെപ്പറ്റി എഴുതപ്പെടുന്ന നിറു‌പനത്ത്തെയും നിരു‌പിക്കാം. തെറ്റില്ല. എന്റെ ഋതു നിരു‌പനത്ത്തെ പറ്റി വന്ന എല്ലാ വിമര്‍ശനങ്ങളെയും അതിന്റെ അന്തസത്ത്തയോറെ തന്നെ ഞാന്‍ സവിനയം സ്വീകരിക്കുന്നു. ആസ്വാടനമെന്നത് വ്യക്തിപരമാണ് എന്നതിനാല്‍ എന്റെ കാഴ്ചപ്പാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ മറു സ്വരങ്ങലോട് ജാഗ്രത പുലര്‍ത്താന്‍ ഞാന്‍ തയാറാണ്. പക്ഷേ ഒരു ചന്ദ്രശേഖരന്‍ എന്നെഴുതിയതില്‍ മാത്രം താഴ്മയോടെ എന്റെ പ്രതിഷേധം അറിയിചോട്ടെ. എന്റെ പേര് ചന്ദ്രശേഖര്‍ എന്നേയുള്ളു. പേരിനെ ചന്ദ്രശേഖരന്‍ എന്നാക്കുന്നതിനെപ്പടിയും ഞാനെഴുതിയിട്ടുന്ദ്‌. അത ഇവിടെ വായിക്കാം http://ezhuthonline7.blogspot.com/2009/07/blog-post_1470.html

കിരണ്‍ തോമസ് തോമ്പില്‍ said...

മാധ്യമം വാരികയിലാണ്‌ താങ്കളുടെ നിരൂപണം വായിച്ചത്‌. അതും വായനശാലയില്‍ നിന്ന്. ചന്ദ്രശേഖര്‍ എന്ന പേര്‍ മനസില്‍ പതിഞ്ഞില്ല. ചന്ദ്രശേഖരന്‍ എന്നേ പതിഞ്ഞുള്ളൂ. അതുകൊണ്ട്‌ സംഭവിച്ച പിഴവാണ്‌. താങ്കളുടെ വെബ്‌ പേജിന്റെ ലിങ്ക്‌ മാരിചന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ തിരുത്തേണ്ടിയിരുന്നു. തിരുത്തല്‍ വരുത്തിയിട്ടുണ്ട്‌.
തെറ്റുപറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു

MOM said...

ഇത് ഇന്നാണ് വായിച്ചത്.ഒന്നാന്തരം.
വളരെ അനുകൂലിക്കുന്നു.
രണ്ടുമൂന്നു ദിവസം മുന്‍പ് ഇത് വായിച്ചിരുന്നെങ്കില്‍ എന്റെ ബ്ലോഗില്‍ ഋതുവിനെപ്പറ്റി എഴുതില്ലായിരുന്നു.
:)

Jain Andrews said...

Nice review. Watched this movie recently .
I have posted a blog on Ritu.
http://greatzero.wordpress.com/