Wednesday, January 13, 2010

ഒരു വെടിക്ക് എത്ര പക്ഷികള്‍

സാംസ്കാരിക നായകനായ സക്കറിയ പയ്യന്നൂരില്‍ പ്രസംഗ മദ്ധ്യേ ഉപയോഗിച്ച ചില പരാമര്‍ശങ്ങളേ തുടര്‍ന്ന കൈയേറ്റം ചെയ്യപ്പെട്ടത് വന്‍ വിവാദമായിരിക്കുകയാണല്ലോ. സാധാരണ ഗതിയില്‍ മാധ്യമങ്ങള്‍ പരിഗണന കൊടുക്കുന്ന ഒരു സാംസ്ക്കാരിക നായകനല്ല സക്കറിയ മറിച്ച് പരിഗണന കൊടുക്കുന്നവരുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവനാണ്‌ സക്കറിയ. മാത്രവുമല്ല സി.പി.എമിലെ ഔദ്യോഗിക വിഭാഗത്തിനോട് പല വിഷയങ്ങളിലും അനുഭാവം പ്രകടിപ്പിക്കുന്ന ആളുമാണ്‌. അത്തരത്തിലുള്ള ഒരാളെയാണ്‌ പ്രസംഗ മദ്ധ്യേ ഉണ്ടായ ചില പരാമര്‍ശങ്ങളുടെ പേരില്‍ കൈയേറ്റം ചെയ്യപ്പെട്ടത്.

മന്‍ചേരിയില്‍ രാജ് മോഹന്‍ ഉണ്ണിത്താനുണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്തം ഡി.വൈ.എഫ്.ഐയുടെ തലയില്‍ മാത്രം വച്ചുകെട്ടുകയും അതോടൊപ്പം ഒളിജീവിതത്തിന്റെ മറയില്‍ ലൈംഗീകതയുടെ സുഖങ്ങള്‍ അനുഭവിച്ച പാര്‍ട്ടിയാണ്‌ സി.പി.എം എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ചിലര്‍ അദ്ദേഹവുമായി വാക്കുതര്‍ക്കമായി തുടര്‍ന്ന് അത് കൈയേറ്റത്തിന്റെ വക്കത്തുമെത്തി. തുടര്‍ന്ന കണ്ടത് ഡി.വൈ.എഫ്.ഐ സക്കറിയയെ കൈയേറ്റം ചെയ്തു എന്ന വിവാദമായിരുന്നു. ചാനലായ ചാനല്‍ മുഴുവന്‍ സക്കറിയായുടെ പ്രതികരണം ചെറിയ വിമര്‍ശനത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയാതെ വന്നിരിക്കുന്നു. ഇത് അധികാരത്തിന്റെ മത്താണ്‌ തുടങ്ങി ഡി.വൈ.എഫ്.ഐ സമ്മേളന കാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍ സക്കരിയാ നല്‍കി. സംഭവ അറിഞ്ഞ ഉടന്‍ സമ്മേളന നഗരിയില്‍ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ കൈയേറ്റത്തെ അപലപിച്ചു മന്ത്രി ബേബി അപലപിച്ചു അഭിപ്രായ സ്വാതന്ത്ര്യം ആര്‍ക്കുന്‍ തടയാന്‍ പാടില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. വൈകുന്നേരം ഡിഫി സമ്മേളന വേദിയില്‍ വച്ച് പിണറായി വിജയനും കൈയേറ്റത്തെ അപലപിച്ചു. അതോടൊപ്പം സദസിനെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ചാല്‍ ഇത്തരം കൈയേറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

വൈകുന്നേരം ഇന്ത്യാവിഷനില്‍ ചര്‍ച്ച തുടങ്ങിയ ഭഗത് സ്ഥാപിച്ചെടുക്കാന്‍ നോക്കിയത് ശ്രീരാം സേന മംഗലാപുരത്ത് നടത്തുന്ന സാംസ്ക്കാരിക ഫാസിസത്തിന്റെ കേരളപ്പതിപ്പാണ്‌ ഈ സംഭവം എന്ന നിലയിലാണ്‌. വേദി അറിഞ്ഞു പ്രസംഗിച്ചില്ലെങ്കില്‍ തല്ലുകിട്ടും എന്നാണ്‌ പിണറായി ഓര്‍മ്മിപ്പിക്കുന്നതെന്നും ഭഗത് വ്യാഖ്യാനിച്ചു. ഡിഫി ആസൂത്രിതമായി നടത്തിയ ഒരു സംഭവമല്ലാതിരുന്നിട്ട് പോലും അതിന്റെ ഉത്തരവാദത്തം മുഴുവന്‍ അവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ഭഗത്തിന്റെ ആവേശം അതിഭയങ്കരമായിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളേപ്പറ്റി ഞാന്‍ ഒരു അധികേഷപവും ചൊരിഞ്ഞില്ല എന്ന് ആ ചര്‍ച്ചയില്‍ സക്കറിയ ആണയിട്ടു. അങ്ങനെ അല്ല എന്ന് പറഞ്ഞ ഡി.ഫി നേതാവിനോട് സക്കറിയയെ കേരളത്തിന്‌ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞ് ഭഗത്ത് തട്ടിക്കയറി.സാറാ ജോസഫും എം ലിജുവും എന്തിന്‌ എ.വൈ.എസ്.എഫ് നേതാവ് സുപാല്‍ വരെ ഈ വിഷയത്തില്‍ സക്കറിയക്ക് പിന്‍തുണയുമായി എത്തി. ഡിഫിയുടെ കാടത്തത്തില്‍ ആത്മരോഷം പ്രകടിപ്പിച്ച് കേരളം ഉറങ്ങി.


പിറ്റേന്ന് കൈരളി പീപ്പിള്‍ സക്കറിയുടെ പ്രസംഗം പുറത്തുവിട്ടു . അതിലെ പരാമര്‍ശങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ രാജ് മോഹന്‍ ഉണ്ണിത്താനെ ന്യായികരിക്കാന്‍ പഴയ സി.പി.എം നേതാക്കളുടെ ഒളിജീവിതത്തിന്റെ മറവില്‍ അനുഭവിച്ച് സുഖങ്ങളുടെ ചരിത്രം ഉപയോഗിക്കുന്നു എന്ന് മനസിലാകാവുന്നതെ ഉള്ളൂ. അത് ഒരു സദസില്‍ പറഞ്ഞപ്പോള്‍ വികാരപരരായ ചിലര്‍ സക്കറിയയെ കാണുകയും അവര്‍ തമ്മിലുള്ള വാക്കേറ്റം കയേറ്റമാകുകയുമാണ്‌ ചെയ്തത് എന്ന് മനസിലാകും. അതല്ലാതെ ആസൂത്രിതമായ ഒന്നും അവിടെ സംഭവിച്ചിട്ടില്ല. താന്‍ അപകീര്‍ത്തികരമായി ഒന്നും പറഞ്ഞില്ല എന്ന് ആണയിട്ട് സക്കറിയ , സക്കറിയയെ അവിശ്വസിക്കേണ്ടതില്ല എന്ന് പറഞ്ഞ ഭഗത്ത് വിഷ്വലുകള്‍ വച്ച് ഒരു ചര്‍ച്ച നടത്തിക്കണ്ടില്ല. എന്നാല്‍ മനോരയില്‍ സക്കറിയ ഇതിനെ വീണ്ടും ന്യായീകരിച്ചു.

ഇനി ഇതിന്റെ മറുവശത്തേക്ക് വരാം മാധ്യമങ്ങള്‍ക്ക് അത്രയൊന്നും അഭിമതനല്ലാത്ത സക്കറിയ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഇത്രക്ക് ആഘോഷിക്കപ്പെടുന്നു. ഡി.ഫിക്കെതിരെ അടിക്കാന്‍ കിട്ടിയ ഒരു വടി എടുത്ത് അടിച്ചത് മാത്രമാണോ അല്ല എന്ന് കരുതേണ്ടി വരും കാരണം ഉണ്ണിത്താന്‍ സംഭവത്തിന്‌ ശേഷം ഇന്ത്യാവിഷനില്‍ നടന്ന ചര്‍ച്ച കണ്ടവര്‍ക്ക് ആ ചര്‍ച്ചയുടെ സ്വഭാവം ഓര്‍മ്മയുള്ളവര്‍ അന്ന് പങ്കെടുത്ത പെണ്‍വിഷയ സ്പെഷിലിസ്റ്റ് പി.സി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെ ഇടതുപക്ഷത്ത് ആരാണ്‌ ഈ പരിപാടിക്ക് മോശം. കേരളത്തില്‍ നടന്ന എല്ലാ ലൈംഗീക വിവാദത്തിലും അഭിപ്രായം പറയുന്ന ജോര്‍ജ്ജിനെ ഉപയോഗിച്ച് ഇന്ത്യാവിഷന്‍ പറയിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ബാക്കിയാണ്‌ സക്കറിയായിലൂടെ വീണുകിട്ടിയത്. അത് ഡി.ഫിയുടെ താലിബനിസം എന്നത് ഇതിന്റെ ഒരു ബോണസ് മാത്രമാണ്‌.

ഇനി ഈ സക്കറിയുടെ പ്രസംഗത്തിന്‌ ശേഷം വിവാദങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് കരുതുക. രണ്ട് ദിവസത്തിനുള്ളില്‍ ഈ വിവാദ പരാമര്‍ശമുള്ള പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യാവിഷനും ഏഷ്യാനെറ്റും പ്രസിദ്ധീകരിക്കും. അന്ന് ചര്‍ച്ചകളില്‍ പങ്കെറ്റുക്ക ആസാദും ജനശക്തി സുഗതനും ഉമേഷ് ബാബു കെ.സിയും പിയേഴ്സണുമൊക്കെയാകും. അവര്‍ പറയും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളേ പയ്യന്നൂര്‍ പോലെ ഉള്ള ഒരു സ്ഥലത്തുവച്ച് ഉണ്ണിത്താനോട് ഉപമിച്ചിട്ട് ഒരു സി.പി.എമുമ്കാര്നും പ്രതികരിച്ചില്ല എന്ന്. ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കില്‍ സക്കറിയുടെ ചെപ്പകുറ്റിക്കിട്ട് പൊട്ടിച്ചെനെ എന്ന് ഉമേഷ് ബാബു വികാരപരമായി പറയുമായിരുന്നു. ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായിക്കൊപ്പം നിന്നതിനാല്‍ സക്കറയിക്ക് ആവിഷ്ക്കര സ്വാതന്ത്ര്യത്തിന്റെ ഇളവകള്‍ ലഭിക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെട്ടേനെ. സക്കറിയുടെ സദാചാര വിരുദ്ധതയെപ്പറ്റി ക്രൈം നന്ദകുമാര്‍ ഒരു പ്രത്യേക ലക്കമിറക്കിയെനേ ജനശക്തി മുതല്‍ മാതൃഭൂമി വീക്കിലിയില്‍ വരെ പ്രത്യക പതിപ്പിറങ്ങിയേനെ.

അപ്പോള്‍ ഒരു വെടിക്ക് എത്രപക്ഷികളാണ്‌ കിട്ടിയത് എന്ന് ഇനി ആലോചീക്കുക

Sunday, January 10, 2010

HMT ഭൂമി ഇടപാട് സുപ്രീം കോടതി ശരിവയ്ക്കുമ്പോള്‍

കേരളത്തിലെ വ്യവസായ മന്ത്രി ഇളമരം കരീം ഏതാണ്ട് 2 മാസക്കാലം വേട്ടയാടപ്പെട്ട് എച്.എം.ടി ഭൂമി വിവാദം ഹൈക്കോടതി വിധിയോടെ അവസാനിച്ചതായിരുന്നു. ഭൂമി ഇടപാട് ശരിവച്ച ഹൈക്കോടതി വിധി വന്ന അന്ന് വൈകുന്നെരം പരാതിക്കാരനായ ജോയി കൈതാരത്തിന്റെ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ വിവിധ ചാനലുകളിലിരുന്ന് ഈ കേസ് സുപ്രിം കോടതിയില്‍ കണ്ടോളാം എന്ന് വീമ്പടിക്കുന്നുണ്ടായിരുന്നു. മാത്രവുമല്ല അന്ന് ശിവന്‍ മഠത്തിലിനൊപ്പം കേരളത്തിലെ " യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ " നേരവകാശികളെല്ലാം ചേര്‍ന്ന് ഹൈക്കോടതിയില്‍ തോറ്റ കേസ്‌ ജയിച്ചത് പോലെ ആക്കിതീര്‍ത്തിരുന്നു. ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ച വാര്‍ത്ത 7 ആം പേജില്‍ 9 ആം പേജിലോ 14 ആം പേജിലോ ഒക്കെയായി തപ്പി എടുക്കേണ്ട അവസ്ഥയായി.

കേന്ദ്ര പൊതുമേഖല സ്ഥാപനമായി എച്ച്.എം.ടി. ഓപ്പണ്‍്‌ ടെണ്ടര്‍ വിളിച്ച് സെന്റിന്‌ 1.3 ലക്ഷം രൂപ നിരക്കില്‍ ബ്ലൂസ്റ്റാര്‍ റിയാല്‍റ്റേറ്റേഴ്സിന്‌ 2005 ഇല്‍ വിറ്റ ഭൂമിയില്‍ സൈബര്‍ സിറ്റി സ്ഥാപിക്കാന്‍ അവര്‍ ശ്രമിക്കുന്നതിനിടെ ഉല്‍ഘാടന ചടങ്ങില്‍ നിന്ന് വി.എസ് വിട്ട് നിന്നിടത്തു നിന്നാണ്‌ വിവാദം ആരംഭിക്കുന്നത്. അന്ന് വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഐ.റ്റി ഉപദേഷ്ടാവ് ഇതില്‍ ദുരൂഹത ഉണ്ട് എന്ന് രീതിയില്‍ വ്യംഗ്യമായി സൂചന നല്‍കുകയും ചെയ്തതോടെ വിവാദം കൊണ്ടുപിടിച്ചു. വിഭാഗീതയുടെ ഉച്ചസ്ഥായിയില്‍ വി.എസിന്റെ മൌനവും പുതിയ കഥകളിലേക്ക് മാധ്യമ പ്രവര്‍ത്തകരെ നയിച്ചു. അങ്ങനെ ഇളമരം ക രീം സംശയ ദൃഷ്ടിയിലായി. നാട്ടില്‍ വ്യവസായം ചെയ്യാന്‍ വരുന്നവന്‌ അതിനുള്ള സൌകര്യം ചെയ്തു കൊടുക്കുക എന്ന പണി ചെയ്യാന്‍ പോയതിനാല്‍ കരീം കേട്ട പഴിക്ക് കണക്കില്ല. അഴിമതി ആരോപണങ്ങള്‍ക്കൊപ്പം പലതും കരീമിന്‌ പതിച്ചു കിട്ടി പൊളിട്രിക്സുകാരന്‍ പി.ടി നാസര്‍ വക മുന്‍ കമ്യൂണിസ്റ്റ് എന്നായിരുന്നു ഒരെണ്ണം പിന്നീട് വാരാന്ത്യക്കാരന്‍ ജയശങ്കര്‍ അഭിനവ കുഞ്ഞാലിക്കുട്ടി എന്നും വിശേഷിപ്പിച്ചു. ഇതൊന്നും ഒരു തവണ അല്ല പല തവണ ഇതേ പംക്തികളില്‍ ആവര്‍ത്തിച്ചു. സകലമാന മുന്‍ കമ്യൂനിസ്റ്റുകാരും മാതൃഭൂമി മാധ്യമം മംഗളം തുടങ്ങിയ പത്രങ്ങളും കരീമിനെ വട്ടമിട്ട് ആക്രമിച്ചു. പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി മനോരമയും ഒപ്പം ചേര്‍ന്നു. സ്മാര്‍ട്റ്റ് സിറ്റി പദ്ധതിയെ മുന്‍ നിര്‍ത്തി ആയിരുന്നു പ്രധാന ആരോപണങ്ങള്‍ ഉദാത്തമായ സ്മാര്‍ട്ട് സിറ്റിക്കാരാറിനെപ്പറ്റി ജോസഫ് സി മാത്യു മുതല്‍ സി.ആര്‍ നീലകണ്ഠന്‍ വരെ മുതലക്കണ്ണീരൊഴിക്കി. മാന്യമായ വില നല്‍കി ഓപ്പണ്‍ ടെന്ററില്‍ ഭൂമി വാങ്ങി വ്യവസായം ചെയ്യാന്‍ വന്ന ഒരു സംരഭകന്‌ നേരിടേണ്ടി വന്നത് അതിഭയങ്കരമായ മാധ്യമ വേട്ടയാണ്‌.

അവസാനം ഇപ്പോള്‍ സുപ്രിം കോടതി വിധി വരുമ്പോള്‍ ഒരു പദ്ധതി അനാവശ്യ വിവാദം മൂലം 3 വര്‍ഷം തടസപ്പെട്ടത് കൊണ്ട് ആര്‍ക്ക് എന്ത് നേട്ടമുണ്ടായി? കുറേക്കാലം മുന്‍പ് വരെ മാധ്യമ ചര്‍ച്ചകളില്‍ കേരളത്തിലെ തൊഴില്‍ സമരങ്ങള്‍ മൂലം വ്യവസായങ്ങള്‍ വരുന്നില്ല എന്ന മുറവിളി വളരെ സജീവമായിരുന്നു. എതാണ്ട് 10 വര്‍ഷമായി കേരളത്തിന്‌ ആ ദുഷ്‌പേര്‍ മാറി വരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാധ്യമങ്ങളുടെ വിവാദ വ്യവസായത്തിനോ സംഘം ചേര്‍ന്ന പക്ഷപാതത്തിനോ അനുസൃതമായി വ്യവസായ അനുകൂലമല്ല എന്ന് ഒരിക്കല്‍ക്കൂടി അടിവര ഇടുന്നു. ഇത് സൈബര്‍ സിറ്റിക്ക് മാത്രമല്ല; 15 എക്കറില്‍ കിന്‍ഫ്രയില്‍ നിന്ന് 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത് ഐ.റ്റി സെസ് പണിയാന്‍ വന്ന സംരംഭകരും ഇതേ അവസ്ഥയില്‍ക്കൂടി കടന്നു പോയീ എന്നതും ഈ അവസരത്തില്‍ കൂട്ടി വായിക്കണം. അന്നും ചര്‍ച്ചകളില്‍ സജീവമായി ജോസഫ് സി. മാത്യുവിന്റെ മഹനീയ സാനിധ്യമുണ്ടായിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. അദ്ദേഹവും കൂടി ചേര്‍ന്നെഴുതിയ സ്മാര്‍ട്ട് സിറ്റിക്കരാറിലെ ഈ ഭാഗം ഇവിടെ പ്രസക്തമാകുമോ എന്ന് വായനക്കാര്‍ തീരുമനിക്കുക

8.2.10 GoK shall make best efforts as a joint venture partner in SPV not to undertake activities that shall diminish the value of Smart City, such as (but not restricted to) encroachments, entry to polluting industries and any activity that will jeopardize the success of Smart City.