Tuesday, April 06, 2010

എങ്കിലും എന്റെ ഗോപാലകൃഷ്ണാ

മലയാള ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും അഭിമാനപരമായ നിമിഷങ്ങളിലൂടെയാണ്‌ ഞാനിപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇവിടെ ഇന്നൊരു ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അത് ഈ പോസ്റ്റുകളാണ്‌.


ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ശാസ്ത്രജ്ഞന്‍ എന്ന് ലേബലില്‍ വിഢിത്തരങ്ങള്‍ പുലമ്പിക്കൊണ്ടിരുന്ന ഗോപാലകൃഷ്ണനെതിരെ പഴുതുകള്‍ അടച്ചുള്ള ആക്രമണമാണ്‌ ഈ പോസ്റ്റുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. ശരിയായ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ ജീവിക്കുന്ന മലയാളികളെ മുഴുവന്‍ തന്റെ പി.എച്.ഡികളും ഡിലിറ്റും പേറ്റാന്റുമൊക്കെക്കാട്ടി വിരട്ടി കപട ശാസ്ത്രത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ടിരുന്ന ഗോപാലകൃഷ്ണനെതിരെ ഈ സംരംഭത്തിന്‌ തുടക്കമിട്ട ഉമേഷിനെയും സൂരജിനെയും അഭിനന്ദിക്കുന്നു.

ഗോപാലകൃഷ്ണന്റെ ശൈലിക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഇവര്‍ ചൂണ്ടിക്കാട്ടിയ യൂ ട്യൂബ് വീഡിയോകള്‍ കാണുന്നവര്‍ക്ക് മനസിലാകും. വളരെ തന്ത്രപൂര്‍വ്വം ഡിക്ലറേറ്റീവ് സ്റ്റേറ്റ്‌മെന്റുകള്‍ ഉപയോഗിക്കുക എന്നതാണ്‌ ഈ ശൈലിയുടെ പ്രത്യേകത . ഇത് അല്പ ശാസ്ത്രജ്ഞാനികളെ പെട്ടെന്ന് വിശ്വസിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്‌. പി.എച്.ഡിയും പേറ്റന്റുമൊക്കെ ഉള്ള ഈ ശാസ്ത്രജ്ഞന്‍ തറപ്പിച്ച് പറയുന്നത് എങ്ങനെ നിഷേധിക്കാന്‍ കഴിയും. ഈ രീതിയില്‍ ഒരു ദുരനുഭവവും എനിക്കുണ്ടായിട്ടുണ്ട്. വിവാഹത്തിന്‌ ശേഷം ഞാനും ഭാര്യയും ഒറ്റക്ക് വീട് എടുത്ത് മാറിയ കാലത്ത് ആ വീട്ടിലെ കട്ടില്‍ കിടന്നിരുന്ന രീതിയെപ്പറ്റി ഭാര്യ നിരന്തരം പരാതി പറയുമായിരുന്നു. എന്നാല്‍ അതില്‍ വലിയ കാര്യമില്ല എന്ന അഭിപ്രായമായിരുന്നു എനിക്ക്. എന്നാല്‍ ആയിടെ അമൃത ടി.വിയില്‍ ഗോപാലകൃഷ്ണന്റെ ഒരു പരിപാടി അവിചാരതമയി ഞനും ഭാര്യയും ഒരുമിച്ച് കാണാനിടയായി. ഗോപാലകൃഷ്ണന്റെ സിദ്ധാന്ത പ്രകാരം ഞാന്‍ കിടക്കുന്ന രീതിയില്‍ കിടന്നാല്‍ ഭൂമിയുടെ മാഗ്‌നറ്റും നമ്മുടെ രക്തത്തിലുള്ള ഇരുമ്പും തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കും എന്നമട്ടിലുള്ള ഒരു സംഗതി അവതരിപ്പിക്കപ്പെട്ടു. ഭാര്യക്ക് ഇതിലും വലിയ ഒരു വടി കിട്ടാനുണ്ടോ. വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്ക് മനുഷ്യാ എന്നായി ഭാര്യ. അദ്ദേഹത്തിന്` രണ്ട് പി.എച്ച്.ഡി കൂടെ ഉണ്ടെന്നറിഞ്ഞപ്പോഴെക്കും കാര്യങ്ങള്‍ കുഴപ്പമായി. കട്ടില്‍ തിരിച്ചിടാതിരിക്കണമെങ്കില്‍ ഞാന്‍ ഷോവനിസം കാണിക്കെണ്ട അവസ്ഥയുമായി. അപ്പോള്‍ തന്നെ ഞാന്‍ സൂരജിനെ ഫോണില്‍ വിളിച്ചു. നമ്മുടെ രക്തത്തിലെ ഇരുമ്പിന്‌ ഭൂമിയുടെ മാഗ്‌നറ്റുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമോ എന്ന് ചോദിച്ചു. പൊട്ടിച്ചിരിച്ചു കൊണ്ട് സൂരജ് എന്നോട് ചോദിച്ചു അല്ല ഭായി , അപ്പോള്‍ നമുക്ക് സ്കാനിങ്ങ് മെഷ്യന്റെ ഒക്കെ അടുത്ത് പോകാനെ പറ്റില്ലല്ലോ എന്ന്.

എന്നെപ്പോലെ ഉള്ള ആളുകള്‍ക്ക് ഗോപലകൃഷ്ണനെപ്പോലെ ഉള്ളവരെ പ്രതിരോധിക്കാന്‍ ഓരോ തവണയും ഇനി സൂരജിനെ വിളിക്കേണ്ടി വരുന്ന അവസ്ഥ ഇതോടെ അവസാനിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് ഈ രണ്ട് പോസ്റ്റുകള്‍ മലയാള ബ്ലോഗിങ്ങില്‍ നാഴികകല്ലാകട്ടെ എന്ന് ആശംസിക്കുന്നു