Saturday, May 29, 2010

കേരളവികസനം, ബദലുകള്‍ക്ക് സമയമായി

ആതിരപ്പള്ളി പദ്ധതി, ദേശീയപാതാ വികസനം, വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍, വിദേശ കമ്പനികളെ ആകര്‍ഷിക്കല്‍ എന്നിങ്ങനെ കേരളത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകേണ്ട എല്ല ശ്രമങ്ങളും വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നിങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഇനി എന്ത് എന്ന കാര്യത്തില്‍ ശക്തമായ ആശയക്കുഴപ്പം പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ദേശീയപാതയുടെ വികസനം 60 മീറ്ററില്‍ വേണമെന്ന പൊതു നയം തിരുത്തി കേരളത്തിനായി അത് 45 മീറ്ററാക്കി. എന്നാല്‍ 45 മീറ്റര്‍ പ്രായോഗികമല്ല 30 മീറ്റര്‍ മതി എന്നായി കേരളം. എന്നാല്‍ അത് പറ്റില്ല 45 മീറ്ററില്ലെങ്കില്‍ വേറേ വഴി നോക്കൂ എന്ന് കേന്ദ്രം. ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ച് നമ്മള്‍ കാലം തള്ളി നീക്കുന്നു.

ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലെന്താ അഴിമതി ആരോപണമോ പദ്ധതി പ്രദേശത്തെ ജനരോഷമോ ഉണ്ടാകില്ലല്ലോ എന്നാണ്‌ മിക്ക രാഷ്ട്രീയാക്കാരുടെയും തഞ്ചം. മാദ്ധ്യമങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തിരിയും എന്നുറപ്പുള്ളതിനാല്‍ അവര്‍ തന്ത്രപൂര്‍വ്വം സേഫ് മോഡിലെക്ക് നീങ്ങുന്നു. ഇത്തരം പ്രശ്നങ്ങളില്‍ എന്ത് ബദല്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

ഇപ്പോഴുള്ള പ്രധാന പ്രശ്നം കുടിയൊഴിപ്പിക്കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന്‌ പണമില്ലെന്നതാണ്. എന്തുകൊണ്ട് ആ പണം നമ്മള്‍ ജനങ്ങള്‍ക്ക് സമാഹരിച്ച് നല്‍കിക്കൂട? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുനാമി ബാധിതരെ സഹായിക്കാന്‍ നമ്മള്‍ പണം സമാഹരിച്ച് നല്‍കി. അതുപോലെ നമ്മുടെ എല്ലാവരുടെയും ഭാവി തലമുറയുടെയും അത്യാവശ്യമായ ഈ പാത വികസനത്തിന്‌ വീടും സ്ഥലവും കൈമാറുന്നവരെ നമുക്കൊരു കൈ നല്‍കി സഹായിക്കാന്‍ കഴിയില്ലെ?
malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക

Wednesday, May 26, 2010

വിഎസ് എന്ന കാപട്യം

കേരള രാഷ്ട്രീയത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത മാദ്ധ്യമ പിന്തുണയാണ്‌ വിഎസിന്‌ ഇന്നുവരെ ലഭിച്ചു വരുന്നത്. വിഎസിനോട് ചേര്‍ന്ന് നിന്ന് അല്ലെങ്കില്‍ വിഎസിന് ഇഷ്ടമല്ലാത്തത് ഇതാ ഈ നാട്ടില്‍ നടക്കാന്‍ പോകുന്നു എന്ന രീതിയില്‍ ഉള്ള പ്രചരണങ്ങള്‍ ഏറ്റെടുക്കുക എന്ന രീതിയാണ് മുഖ്യധാര മാദ്ധ്യമങ്ങള്‍ പിന്തുടരുന്നത്. മലയാള മനോരമ പോലും തീവ്ര ഇടത് നയങ്ങളെ ആശ്ലേഷിക്കുന്ന രീതിയില്‍ ഇത് വളര്‍ന്നു എന്നതാണ്‌ ഏറ്റവും രസകരം.

വിഎസിന്‌ ഇഷ്ടപ്പെടുന്ന അലെങ്കില്‍ വിഎസ് വഴി നടപ്പിലാകുന്ന പദ്ധതികളെ മഹത്തരം എന്നും അതല്ലാതെ വരുന്ന എല്ലാത്തിനെയും മാഫിയ എന്നും വിശേഷിപ്പിക്കുന്ന സവിശേഷമായ ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്. സ്മാര്‍ട്ട് സിറ്റി വല്ലാര്‍പ്പാടം പദ്ധതികളുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലുകളെ അവഗണിക്കുവാനും കുടിയൊഴിപ്പിക്കലില്ലാതെ സ്വന്തമായി ഭൂമി വാങ്ങി വികസന പ്രവര്‍ത്തനം നടത്താന്‍ വന്ന സ്വകാര്യ സെസ് ഡെവലപ്പേഴ്‌സിനേയും എച്‌എംടി ഭൂമി വാങ്ങി സൈബര്‍ സിറ്റി നിര്‍മ്മിക്കാന്‍ വന്നവരെയും ഒക്കെ വിഎസിന്‌ താല്‍പ്പര്യമില്ല (അല്ലെങ്കില്‍ വിഎസിന്റെ ഉപദേഷ്ടാക്കള്‍ക്ക് താല്‍പ്പര്യമില്ല) എന്ന ഒറ്റക്കാരണത്താല്‍ അട്ടിമറിക്കുവാനും നമ്മുടെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ കൂട്ടുനിന്നു എന്നതാണ്‌ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് മനസിലാകുന്നത്

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക

Tuesday, May 11, 2010

കിനാലൂരിലെ നുണവ്യവസായം

കുറെ നാളുകള്‍ക്ക് മുമ്പ്, പാലായില്‍ ഒറ്റക്ക് താമസിക്കുന്ന എന്റെ ഒരു അമ്മായിയെ കാണാന്‍ പോകേണ്ടി വന്നു. കൊച്ചിയില്‍ എനിക്ക് ഇത്ര ശമ്പളത്തില്‍ ജോലി ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ഈ നാട്ടില്‍ ഇപ്പോള്‍ കൊടികുത്തലൊക്കെ തീര്‍ന്നോ എന്നായിരുന്നു ചോദ്യം. ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം കിനാലൂരില്‍ വ്യവസായ പാര്‍ക്കിലേക്ക് നാലുവരിപ്പാതയ്ക്ക് സ്ഥലം സര്‍‌വ്വേയ്ക്ക് വന്ന ഉദ്യോഗസ്ഥരെയും പൊലീസുകാരെയും ചാണക വെള്ളമൊഴിച്ചും കല്ലുകള്‍ എറിഞ്ഞും നേരിട്ട സമരക്കാര്‍ക്കാണ്‌ മാദ്ധ്യമ ബുദ്ധിജീവി പിന്തുണ എന്നത് കണ്ടിട്ടാണ്‌.

വ്യവസായ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒരുപാട് പ്രശ്നങ്ങളും സമരങ്ങളും നാം ഇതിന്‌ മുന്നെ കണ്ടിട്ടുണ്ട്. മൂലമ്പള്ളി, സ്മാര്‍ട്ടി സിറ്റി, വിഴിഞ്ഞം, അങ്ങനെ പോകുന്നു സ്ഥലമെടുപ്പ് പദ്ധതികള്‍. ദേശിയപാതാ വികസനവുമായി ബന്ധപ്പെട്ടും ഈയിടെ സമാന രീതിയിലുള്ള പ്രശ്നങ്ങള്‍ നമ്മള്‍ കണ്ടിരുന്നു. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്ഥമായി റോഡിന്‌ സര്‍‌വ്വേ നടത്താന്‍ വരുമ്പോള്‍ തന്നെ അക്രമസമരം നടത്തുക എന്നത് ഒരു പുതിയ അടവാണ്‌.

ആദ്യം തന്നെ പൊലീസുമായി ഏറ്റുമുട്ടി ഒരു വിവാദമുണ്ടാക്കുകയും ഒപ്പം മികച്ച മാദ്ധ്യമ മാനേജ്‌മെന്റ് കൂടി നടത്തുകയും ചെയ്താല്‍ സംഗതി മുളയിലെ ഞുള്ളാം. ഒപ്പം ഭരിക്കുന്ന കക്ഷിക്കെതിരെ ചില മാഫിയ ബന്ധങ്ങള്‍ ആരോപിച്ചാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുകയും ചെയ്യാം. പിന്നെ സമരം ചാനലുകള്‍ ഏറ്റെടുത്തു കൊള്ളും.

പക്ഷെ ഒന്നുണ്ട്. മാദ്ധ്യമ മാനേജ്‌മെന്റെ കിടിലമല്ലെങ്കില്‍ എല്ലാം പാളിപ്പോകും. മൂലമ്പള്ളിക്കാരെപ്പോലെ ചിലപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് പുറമ്പോക്കില്‍ കുറെക്കാലം കഴിയേണ്ടി വരും. അതുമല്ലെങ്കില്‍ സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ശശി ഏനാദിയുടെ പിഞ്ചുകുഞ്ഞടങ്ങുന്ന കുടുംബത്തെപെരുമഴയത്ത് ഇറക്കി വിട്ടതുപോലെയോ സംഭവിക്കാം

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക


Tuesday, May 04, 2010

ജോസഫ് ഗ്രൂപ്പ് ഇടതുപക്ഷം വിടുമ്പോള്‍

ഇടതു മുന്നണിയിലെ ഇടതു സ്വഭാവമില്ലാത്ത ഏക പാര്‍ട്ടിയായിരുന്ന കേരള കോണ്ഗ്രസ് കഴിഞ്ഞ ആഴ്ച ഇടതുപക്ഷം വിട്ട് മാണീ ഗ്രൂപ്പില്‍ ലയിച്ചു. സത്യസന്ധമായി വിലയിരുത്തിയാല്‍ ജോസഫിന്‌ മുന്നില്‍ മറ്റൊരു വഴിയുമില്ലായിരുന്നു എന്ന് മനസിലാക്കാന്‍ കഴിയും. എന്തുകൊണ്ടെന്നാല്‍ ഇനി ഇടതുമുന്നണിയില്‍ നിന്നാല്‍ ജോസഫ് ഗ്രൂപ്പിന്റെ അടിത്തറ ഇളകും എന്ന് മാത്രമല്ല അടുത്ത തിരഞ്ഞെടുപ്പോടെ ഈ പാര്‍ട്ടി ഇല്ലാതാകുകയും ചെയ്തേനേ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഫലങ്ങളില്‍ നിന്ന് തന്നെ ജോസഫിന്‌ ട്രന്റ് മനസിലായി. സ്വന്തം കോട്ടകള്‍ ഇളകിയതിന്റെ സൂചനകള്‍ ആ ഫലങ്ങളില്‍ വ്യക്തമായിരുന്നു. ഉറച്ച സീറ്റുകളൊന്നും ഇല്ലാത്തതും കത്തോലിക്ക സഭയുടെ നിലപാടുകളില്‍ അയവില്ലാത്തതും ജോസഫിനെ പ്രതിസന്ധിയിലാക്കി. ഇനി ഇടതില്‍ നിന്നാല്‍ പച്ച തൊടില്ല എന്ന് ജോസഫിന്‌ മനസിലായി.

അടിസ്ഥാനപരാമായി ജോസഫ് ഗ്രൂപ്പ് ഒരു ക്രിസ്ത്യന്‍ വോട്ട് ബാങ്ക് പാര്‍ട്ടിയാണ്‌. ഇടതുപക്ഷമാണെങ്കില്‍ വിദ്യാഭ്യാസ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയുമായി പിണക്കത്തിലുമാണ്‌. കത്തോലിക്ക സഭക്ക് വേണ്ടി ശക്തിയുക്തം വാദിക്കേണ്ടിയിരുന്ന ജോസഫിന്‌ അത് സാധിക്കതെ പോയി. അതിന്` കാരണമായത് വിമാന യാത്ര വിവാദമായിരുന്നു. അതോടെ ഒതുങ്ങിയ ജോസഫിന്‌ എല്‍.ഡി.എഫില്‍ സമ്മര്‍ദ്ദ ശക്തിയാകാനുള്ള കഴിവാണ്‌ ഇല്ലാതായത്. ഒപ്പം മന്ത്രിയായ കുരുവിള ഭൂമി ഇടപാട് കേസില്‍ കുടുങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയീ. എന്നാല്‍ ജോസഫ് ഗ്രൂപ്പിനെ വിവാദങ്ങളിലൂടെ കെട്ടിയിട്ട പി.സി ജോര്‍ജ്ജിനെ എല്‍.ഡി.എഫില്‍ നിന്ന് പുറത്താക്കാന്‍ ജോസഫിന്‌ കഴിഞ്ഞു. അതോടെ ജോര്‍ജ്ജിന്‌ ജോസഫ് എന്നാല്‍ പാപിയായി. കുരുവിള ഭൂ സ്വാമിയും. എന്നാല്‍ പണ്ട് പാലാഴി പാലാഴി എന്ന് പറഞ്ഞ് മാണിയെ തെറിപറഞ്ഞ് നടന്ന ജോര്‍ജ്ജ് മാണിയെ വാനോളം പുകഴ്തി മാണി ഗ്രൂപ്പിന്റെ ഏക വൈസ് പ്രസിഡന്റായി . ഇതേ ജോര്‍ജ്ജ് തന്നെ പാപിയായ ജോസഫിനെയും ഭൂസ്വാമിയായ കുരുവിളയെയും മാണീ ഗ്രൂപ്പില്‍ മാമോദിസ മുക്കാന്‍ മുന്നില്‍ നില്‍ക്കുന്നു എന്നത് മറ്റൊരു ലോക മഹാത്ഭുതമായി എന്നത് മറ്റൊരു തമാശ.

എന്നാല്‍ ജോസഫിന്റെ ലയനം കോണ്ഗ്രസിന്‌ അത്രയങ്ങ് ഇഷ്ടപ്പെട്ടില്ല. അവര്‍ ഇപ്പോഴും ഇടഞ്ഞു തന്നെ നില്‍ക്കുന്നു. എന്നാല്‍ മാണി ലയനത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. മധ്യകേരളത്തിലെ ചില ബിഷപ്പുമാരുടെ കാര്‍മ്മികത്തതിലാണ്‌ ഈ ലയനം നടന്നത് എന്ന് വാര്‍ത്തകളാണ്` ഇപ്പോള്‍ പൊതുവില്‍ കേള്‍ക്കുന്നത്. ചില ബിഷപ്പ്മാര്‍ എന്നതിന്‌ പകരം ചങ്ങനാശ്ശേരി ബിഷപ്പും കോതമംഗലം ബിഷപ്പും എന്നൊക്കെ പേരു പറഞ്ഞ് എഴുതാന്‍ മാധ്യമങ്ങള്‍ ധൈര്യം കാണിച്ചു. ഇത് ഇതുവരെ സഭ നേതൃത്വം നിഷേധിച്ചിട്ടില്ലെങ്കിലും പി.സി. ജോര്‍ജ്ജ് മുതല്‍ കോണ്ഗ്രസ് നേതാക്കള്‍ വരെ ഇത് നിഷേധിച്ചു കഴിഞ്ഞു. ജോസഫ് ഗ്രൂപ്പ് വഴിയാധാരമായി പോകുന്നതില്‍ സഭക്കും വിഷമമുണ്ട് അതുകൊണ്ടാണ്‌ കത്തിത്തീരാന്‍ പോയ ജോസഫ് ഗ്രൂപ്പിന്‌ മാണി സ്ഥലം കൊടുത്തത്. പക്ഷെ മാണിയുടെ കാലശേഷം പാര്‍ട്ടി പിടിക്കാം എന്ന ലക്ഷ്യത്തില്‍ മാണിഗ്രൂപ്പില്‍ ചേക്കേറിയ പി.സി. ജോര്‍ജ്ജ് അടക്കമുള്ളവര്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജ്ജിനേയും മോന്‍സ് ജോസഫിനെയുമൊക്കെ എത്രകണ്ട് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം. ചാഴിക്കാടന്‍ , ഉണ്ണിയാടാന്‍ പുതുശ്ശേരി എന്നിങ്ങനെ നിലവില്‍ മാണീഗ്രൂപ്പിലെ രണ്ടാം നിരക്കാരുടെ മന്ത്രി സ്വപ്നങ്ങളേ ഇല്ലാതാക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഈ ലയനം മാണീഗ്രൂപ്പിനെ മറ്റൊരു പിളര്‍പ്പിലേക്ക് നയിച്ചേക്കാം

ജോസഫ് മാണി ലയനം മാധ്യമങ്ങളിലും വന്‍ വാര്‍ത്ത പ്രധാന്യം നേടി. ജോസഫിനെ തീവ്ര ഇടതര്‍ക്ക് താല്‍പ്പര്യമില്ലാത്തതുകൊണ്ടും മുന്നണിയില്‍ എടുത്തത് ഇ.എം.എസിന്റെ കാലത്തായിരുന്നതിനാലും അപ്പുക്കുട്ടന്‍ വള്ളിക്കുന്നു മുതല്‍ ആസാദ് വരെ ഉള്ളവര്‍ക്ക് കാര്യമായ റോള്‍ ഉണ്ടായില്ല. അതുകൊണ്ട് തന്നെ പിണറായി വിജയന്‌ അല്പം മനസമാധനം കിട്ടി. എന്നാല്‍ കോട്ടയം പത്രങ്ങള്‍ അങ്ങനെ വിട്ട് കൊടുക്കാന്‍ തയ്യാറല്ലയിരുന്നു. ജോസഫ് മാണി ലയനത്തോടനുബന്ധിച്ച് സി.പി.എമിനെ നന്നാക്കനുള്ള പ്രത്യേക പരമ്പരയാണ്` മനോരയുടെ വക ഉള്ളത്. പിണറായുടെ ഭാഷയില്‍ പറഞ്ഞാല്‍ നിഴല്‍ യുദ്ധം. നേരിട്ട് പേരു പറയാതെ ഒരു നേതാവ് ഒരു ഉന്നതന്‍ ഒരു കേന്ദ്ര കമ്മിറ്റി അംഗം എന്നിങ്ങനെ ചില സൂചനകളിലൂടെ ഒരു പരമ്പര. മനോരമയുടെ പരമ്പാരഗത വായനക്കാരെ വഴിതിരിച്ച് വിടാന്‍ ഇതൊക്കെ ധാരാളം. ദീപിക പതിവ്‌ പോലെ സി.പി.എമിന്റെ തകര്‍ച്ചയായി കണ്ട് ആഹ്ലാദിച്ചു. പക്ഷെ ഞെട്ടിച്ചത് മംഗളമാണ്‌. മനോരമയോ മാതൃഭൂമിയോ ദീപികയോ ഒന്നും കണ്ടെത്താത്ത ആ രഹസ്യം അവര്‍ ഇങ്ങനെ വായനക്കാരെ അറിയിച്ചുബാറുടമകളെ രക്ഷിക്കാന്‍ ദേശീയപാതയ്‌ക്കു തുരങ്കംവച്ചതും ജോസഫ്‌ ഗ്രൂപ്പിനെ ചൊടിപ്പിച്ചു
കൊച്ചി: ദേശീയപാതയുടെ വികസനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച പതിനായിരംകോടി രൂപയുടെ സ്വപ്‌ന പദ്ധതി ബാറുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങി അട്ടിമറിക്കാന്‍ ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികള്‍ രംഗത്തിറങ്ങിയതും പൊതുമരാമത്തു വകുപ്പു കയ്യാളുന്ന കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്റെ 'ഇറങ്ങിപ്പോക്കി'ന്‌ ആക്കംകൂട്ടി. ദേശീയപാത അഥോറിട്ടിയുടെ കര്‍ശന നിര്‍ദേശപ്രകാരം റോഡ്‌ വികസനം നടപ്പാക്കിയാല്‍ 'വഴിയാധാര'മാകുന്ന എണ്‍പതോളം ബാറുടമകളാണ്‌ പദ്ധതിക്കു തുരങ്കംവയ്‌ക്കാന്‍ ഇടതുമുന്നണിയിലെ വല്ല്യേട്ടനും കൊച്ചേട്ടനും ഉള്‍പ്പെടെയുള്ളവരെ കൂട്ടുപിടിച്ചത്‌.

ഒരുവര്‍ഷത്തിനകം പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ പൊതുമരാമത്ത്‌ വകുപ്പു കൈയാളുന്ന പാര്‍ട്ടിക്ക്‌ 'കാര്യമായി വല്ലതും തടയാനുള്ള' സാഹചര്യമാണ്‌ അട്ടിമറിക്കപ്പെട്ടത്‌. സംസ്‌ഥാന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന വമ്പന്‍ പദ്ധതിക്കു മുന്നണിയില്‍ നിന്നുതന്നെ 'പാര' വന്നതോടെ ജോസഫ്‌ വിഭാഗത്തിനുണ്ടായ അതൃപ്‌തി മാണി വിഭാഗവുമായുള്ള ലയന ചര്‍ച്ചകള്‍ക്ക്‌ എരിവുപകര്‍ന്നതായാണ്‌ വിലയിരുത്തല്‍.

സംസ്‌ഥാനത്തെ എന്‍.എച്ച്‌ 47, എന്‍.എച്ച്‌ 17 പാതകളുടെ വികസനത്തിനായി പതിനായിരംകോടി രൂപയുടെ പദ്ധതിയാണ്‌ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്‌. ബി.ഒ.ടി. അടിസ്‌ഥാനത്തില്‍ നടത്തുന്ന പദ്ധതിപ്രകാരം റോഡിന്‌ 60 മീറ്റര്‍ വീതി വേണമെന്നാണ്‌ വ്യവസ്‌ഥ. എന്നാല്‍, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പേരില്‍ സംസ്‌ഥാനത്തെ ബാറുടമകളുടെയും സ്‌ഥാപിത താല്‍പര്യക്കാരുടെയും സമ്മര്‍ദത്തിനു വഴങ്ങി കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വീതി 45 മീറ്ററാക്കി ചുരുക്കാന്‍ കേന്ദ്രം അനുമതി നല്‍കി.

ഇങ്ങനെയായാലും ദേശീയപാതയോരത്തെ നിരവധി ബാറുകള്‍ ഒഴിവാക്കപ്പെടേണ്ടിവരുമെന്നതാണു സ്‌ഥിതി. ഇതു മറികടക്കാന്‍ കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി പാതയുടെ വീതി 30 മീറ്ററാക്കി ചുരുക്കണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എം. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു.

കുടിയൊഴിപ്പിക്കല്‍ പ്രശ്‌നമുയര്‍ത്തി പദ്ധതി പെരുവഴിയിലാക്കാന്‍ തന്ത്രം മെനഞ്ഞതു ബാറുടമകളും രാഷ്‌ട്രീയ ലോബിയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആക്ഷേപമുണ്ട്‌. ഇതോടെ, പദ്ധതി നടപ്പാക്കാനുള്ള പൊതുമരാമത്തു വകുപ്പിന്റെ ശ്രമങ്ങള്‍ക്കു മുന്നണിയിലെ സഹകരണക്കുറവും സമ്മര്‍ദവും തിരിച്ചടിയായി. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ പതിനായിരം കോടിയുടെ പദ്ധതി പാഴാക്കിയെന്ന ചീത്തപ്പേരുകൂടി കേള്‍ക്കേണ്ടിവരുമെന്ന ഭീതിയും ജോസഫ്‌ വിഭാഗത്തിനുണ്ട്‌A

ഈ വാര്‍ത്തയിലെ ഈ ഭാഗങ്ങള്‍ ഒന്ന് ഇരുത്തി വായിക്കേണ്ടതാണ്‌

ബാറുടമകളുടെ സമ്മര്‍ദത്തിനു വഴങ്ങി അട്ടിമറിക്കാന്‍ ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികള്‍ രംഗത്തിറങ്ങിയതും പൊതുമരാമത്തു വകുപ്പു കയ്യാളുന്ന കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്റെ 'ഇറങ്ങിപ്പോക്കി'ന്‌ ആക്കംകൂട്ടി

കുടിയൊഴിപ്പിക്കല്‍ പ്രശ്‌നമുയര്‍ത്തി പദ്ധതി പെരുവഴിയിലാക്കാന്‍ തന്ത്രം മെനഞ്ഞതു ബാറുടമകളും രാഷ്‌ട്രീയ ലോബിയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടാണെന്നും ആക്ഷേപമുണ്ട്‌. ഇതോടെ, പദ്ധതി നടപ്പാക്കാനുള്ള പൊതുമരാമത്തു വകുപ്പിന്റെ ശ്രമങ്ങള്‍ക്കു മുന്നണിയിലെ സഹകരണക്കുറവും സമ്മര്‍ദവും തിരിച്ചടിയായി. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ തുടര്‍ന്നാല്‍ പതിനായിരം കോടിയുടെ പദ്ധതി പാഴാക്കിയെന്ന ചീത്തപ്പേരുകൂടി കേള്‍ക്കേണ്ടിവരുമെന്ന ഭീതിയും ജോസഫ്‌ വിഭാഗത്തിനുണ്ട്‌

സത്യത്തില്‍ ഈ വാര്‍ത്ത കണ്ട് എല്ലാവരും ഞെട്ടി . ഇത്രയും വലിയൊരു സര്‍ട്ടിഫിക്കേറ്റ് ജോസഫിന്‌ ഇനി കിട്ടാനില്ല എന്ന മാത്രമല്ല. ദേശിയ പാതയുടെ വീതി 30 മീറ്ററായി കുറക്കാന്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കേന്ദ്രത്തെ സമീപിച്ചത് ബാര്‍ മുതലാളിമാര്‍ക്ക് വേണ്ടിയായിരുന്നു എന്ന ആ രഹസ്യവും മംഗളം പൊട്ടിച്ചു. മംഗളത്തിലെ കോളം എഴുത്തുകാരന്‍ സി.ആര്‍ നീലകണ്ഠനും മറ്റും ദേശിയപാത വികസനത്തിഎതിരെ സമരം ചെയ്യുന്നത് ബാറുകാര്‍ക്ക് വേണ്ടിയായിരുന്നു എന്നത് എന്ന് മറ്റൊരു തരത്തില്‍ ഈ വാര്‍ത്ത വ്യാഖ്യാനം നല്‍കി

ദേശാഭിമാനിയെക്കാള്‍ വേദന ആയിരുന്നു മാധ്യമം പത്രത്തിന്‌ പി.കെ. പ്രകാശും വയലാര്‍ ഗോപകുമാറുമൊക്കെ ചാവേറുകളായി ഇറങ്ങി. മാധ്യമം പത്രത്തിന്റെ സാമുദായിക താല്‍പ്പര്യങ്ങളെ മതേതര മുഖം മൂടി ഇട്ട് ഇരുവരും പടക്കിറങ്ങി. ഒരു ഘട്ടത്തില്‍ പി.കെ പ്രകാശ്‌ ഇങ്ങനെ ആക്രോശിച്ചു

പത്ത് ശതമാനത്തില്‍ താഴെവരുന്ന റോമന്‍ കത്തോലിക്കാസഭ ഇടുക്കി, എറണാകുളം, കോട്ടയം,
പത്തനംതിട്ട, ആലപ്പുഴജില്ലകളില്‍ ഭൂരിഭാഗം നിയമസഭാ സീറ്റുകളും പാര്‍ലമെന്റ് സീറ്റുകളും കൈയടക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മധ്യകേരളത്തിലെ പാര്‍ലമെന്റ്സീറ്റുകള്‍ ഇപ്പോള്‍തന്നെ റോമന്‍കത്തോലിക്കര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു.അമേരിക്കന്‍ സാമ്പത്തികസഹായം കൈപ്പറ്റുന്ന വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും മറ്റും പിന്തുണയുള്ളവര്‍ കേരളരാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക^സാമുദായികപ്രത്യാഘാതങ്ങള്‍ ഗൌരവമേറിയതാണ്
ആ ലേഖനം ചുവടെ വായിക്കുകകേരളരാഷ്ട്രീയത്തിലേക്ക് കത്തോലിക്കാ സഭ വീണ്ടും
പി.കെ. പ്രകാശ്
Thursday, April 29, 2010
പുറപ്പുഴയിലെ വസതിയില്‍ ഇന്നലെ പി.ജെ. ജോസഫിനെ കണ്ടപ്പോള്‍ അദ്ദേഹം ഒന്നു പറഞ്ഞു: ഇടതുമുന്നണി വിടുന്നതും മാണി വഴി യു.ഡി.എഫില്‍ ചേരുന്നതും രാഷ്ട്രീയ തീരുമാനമല്ല. കേരളകോണ്‍ഗ്രസുകളെ ഒന്നിപ്പിക്കാന്‍ കത്തോലിക്കാ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. മുന്നണി മാറ്റത്തിലും ലയനത്തിലും രാഷ്ട്രീയത്തേക്കാളുപരി സഭയാണ് തീരുമാനങ്ങളെടുക്കുന്നതെന്നര്‍ഥം.

കത്തോലിക്കാസഭയുടെ താല്‍പര്യം സംരക്ഷിക്കലാണ് കേരളകോണ്‍ഗ്രസുകാരുടെ ദൌത്യം. വിമോചനസമര കാലത്ത് രൂപം കൊണ്ട ക്രിസ്ത്യന്‍^നായര്‍ കൂട്ടുകെട്ടാണ് പിന്നീട് കേരളകോണ്‍ഗ്രസ് ആയത്. വിമോചനസമരത്തിന് പിന്നില്‍ രണ്ട് താല്‍പര്യങ്ങളായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തില്‍ വന്നത് അമേരിക്കയുടെ കാഴ്ചപ്പാടില്‍ ക്രിസ്ത്യന്‍സംഘടനകളുടെ വീഴ്ചയാണ്. അധികാരത്തില്‍വന്ന കമ്യൂണിസ്റ്റുകാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നയവും വിദ്യാഭ്യാസനയവും സഭയുടെയും വിശ്വാസികളുടെയും താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ഈ രണ്ട് തെറ്റുകളും തിരുത്താനായിരുന്നു വിമോചനസമരം. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം മുസ്ലിംകളും ഇപ്പോള്‍ അമേരിക്കന്‍വിരുദ്ധരാണ്. സഭക്കാണെങ്കില്‍ ഇപ്പോള്‍ കേരള ഭരണത്തില്‍ വേണ്ടത്ര നിയന്ത്രണമില്ല. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കാനും കേരളത്തില്‍ ഭരണനിയന്ത്രണം ഉറപ്പിക്കാനും രാഷ്ട്രീയ ഇടപെടല്‍ വേണം.

രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്രസക്തമാകുന്നു
കേരള കോണ്‍ഗ്രസ് ലയന തീരുമാനം വരുംവരെ ആരും അറിഞ്ഞില്ല. മാണി^ജോസഫ് വിഭാഗം നേതാക്കളോ യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കളോ അറിഞ്ഞില്ല. കത്തോലിക്കാസഭ ജോസഫിനോട് മുന്നണി വിടാന്‍ പറഞ്ഞു. മാണിവഴി ജോസഫിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞു. ഒന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ ബന്ധപ്പെട്ട കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമായിരുന്നില്ല. സഭ പറഞ്ഞത് രാഷ്ട്രീയനേതൃത്വം അനുസരിക്കുക മാത്രമായിരുന്നു. ചങ്ങനാശേരി രൂപത മുന്‍മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പൌവ്വത്തിലും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും കോതമംഗലം ബിഷപ്പ് ജോസഫ് പുന്നക്കോട്ടിലും കളിച്ച നാടകത്തിന് മുന്നിലെ പാവകളായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളൊന്നും അറിഞ്ഞില്ലെന്ന് കേരളകോണ്‍ഗ്രസിലെ നേതാക്കളും യു.ഡി.എഫ് സാരഥിയും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം അലമുറയിട്ടു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പും മഅ്ദനിയും
ഇനി കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ നടന്ന വേദിപങ്കിടല്‍ വിവാദവുമായി ഇതിനെ താരതമ്യപ്പെടുത്തുക. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുമായി സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ പൊന്നാനിയില്‍ വേദി പങ്കിട്ടപ്പോള്‍ ഉയര്‍ന്ന വിമര്‍ശം ഓര്‍ക്കുക. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തില്ല, സി.പി.എമ്മില്‍ ആലോചിച്ചില്ല, മതമൌലിക വാദികളുമായി കൂട്ടുചേര്‍ന്നു എന്നെല്ലാമായിരുന്നു ആക്ഷേപം. ആ ആരോപണങ്ങള്‍ ഉയര്‍ത്തിയ സെക്യുലറിസ്റ്റുകളോ ബുദ്ധിജീവികളോ കത്തോലിക്കാസഭ കേരളരാഷ്ട്രീയത്തില്‍ നടത്തുന്ന ഈ ഇടപെടലിനെതിരെ ഇതുവരെയും രംഗത്തുവന്നിട്ടില്ല. 24 ശതമാനം വരുന്ന മുസ്ലിംസമുദായത്തിലെ പല കക്ഷികളില്‍ ഒന്നു മാത്രമായിരുന്നു പി.ഡി.പി. കത്തോലിക്കാ സഭയാകട്ടെ, ഒരു മതസ്ഥാപനം തന്നെയാണ്. ഒരു മതസ്ഥാപനം രാഷ്ട്രീയപാര്‍ട്ടികളെയും അതിന്റെ സംഘടനാരൂപങ്ങളെയും മാറ്റിനിറുത്തി കേരളരാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുകയും ഒരു മുന്നണിയുടെ നേതൃത്വംതന്നെ പിടിച്ചെടുക്കാന്‍ തുനിയുകയും ചെയ്തിട്ടും അതില്‍ മതേതരവാദികള്‍ തെറ്റു കാണാത്തത് എന്താണ്?

ഒറീസയില്‍ ക്രിസ്ത്യാനികള്‍ ഹിന്ദുത്വശക്തികളാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കിയത് കമ്യൂണിസ്റ്റുകാരായിരുന്നു. എന്നിട്ടും കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്താന്‍ കത്തോലിക്കാസഭ ശ്രമിക്കുന്നത് ശരിയോ എന്ന ചോദ്യത്തിന് പൌവ്വത്തില്‍ നല്‍കിയ മറുപടി ശാരീരികാതിക്രമങ്ങളേക്കാള്‍ ഭയാനകമാണ് ആത്മീയാതിക്രമം എന്നും അതുകൊണ്ട് കമ്യൂണിസ്റ്റ്വിരുദ്ധ പോരാട്ടത്തിനാണ് പ്രഥമസ്ഥാനം എന്നുമാണ്.

കെ.എം. മാണി കേരളരാഷ്ട്രീയത്തിലെ ചാണക്യനാണ്. ആ മാണി ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസുമായി പോലും ആലോചിക്കാതെ ജോസഫിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തീരുമാനിച്ചതിന് കാരണമെന്തായിരിക്കും?. ഓര്‍ക്കുന്നില്ലേ പി.സി. തോമസിനെ കത്തോലിക്കാസഭ ബി.ജെ.പി പിന്തുണയോടെ മൂവാറ്റുപുഴയില്‍ മല്‍സരിപ്പിച്ച് വിജയിപ്പിച്ചത്? അതിനുംമുമ്പ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്^ജെയും ജനസംഘവും ഒന്നിച്ച് മല്‍സരിച്ചത്? സഭക്ക് അമേരിക്കതന്നെ ഫണ്ട് ചെയ്യുന്ന ഹിന്ദുത്വശക്തികളോട് ഒരു എതിര്‍പ്പുമില്ല. കോണ്‍ഗ്രസ് എതിര്‍ത്താല്‍ മറ്റൊന്ന് സഭയും മാണിയും ജോസഫും കണ്ടിട്ടുണ്ടാകാം. വേണ്ടിവന്നാല്‍ ഒരു മൂന്നാം മുന്നണി. സഭയുടെ ആളും അര്‍ഥവും, സംഘ്പരിവാറിന്റെ മൂവാറ്റുപുഴ മോഡല്‍. രണ്ട് മുന്നണികളിലും ഇന്ന് നിലനില്‍ക്കുന്ന ദുര്‍ബലാവസ്ഥ വേണ്ടിവന്നാല്‍ മുതലെടുക്കാമെന്ന തന്റേടം കൂടിയാണ് ബുദ്ധിമാനായ മാണി കോണ്‍ഗ്രസിനെ പോലും വെല്ലുവിളിച്ച് സഭക്ക് വേണ്ടി നടത്തുന്ന ഈ കളിക്ക് പിന്നില്‍ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാവില്ല.

ചരിത്രത്തിന്റെ തനിയാവര്‍ത്തനം
18 ശതമാനമാണ് കേരളത്തില്‍ ക്രിസ്ത്യാനികള്‍. അതില്‍ ലത്തീന്‍കത്തോലിക്കരും ഓര്‍ത്തഡോക്സും യാക്കോബായയും മാര്‍ത്തോമയും എല്ലാം കഴിഞ്ഞാല്‍ റോമന്‍കത്തോലിക്കര്‍ 10 ശതമാനത്തില്‍ താഴെയേ വരൂ. അവരുടെ രാഷ്ട്രീയപാര്‍ട്ടികളാണ് കേരളകോണ്‍ഗ്രസുകള്‍. പത്ത് ശതമാനത്തില്‍ താഴെവരുന്ന റോമന്‍ കത്തോലിക്കാസഭ ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴജില്ലകളില്‍ ഭൂരിഭാഗം നിയമസഭാ സീറ്റുകളും പാര്‍ലമെന്റ് സീറ്റുകളും കൈയടക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മധ്യകേരളത്തിലെ പാര്‍ലമെന്റ്സീറ്റുകള്‍ ഇപ്പോള്‍തന്നെ റോമന്‍കത്തോലിക്കര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു.അമേരിക്കന്‍ സാമ്പത്തികസഹായം കൈപ്പറ്റുന്ന വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും മറ്റും പിന്തുണയുള്ളവര്‍ കേരളരാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക^സാമുദായികപ്രത്യാഘാതങ്ങള്‍ ഗൌരവമേറിയതാണ്.

1964 ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഈഴവ സമുദായത്തില്‍പെട്ട ആര്‍. ശങ്കറിനെതിരെ പി.ടി. ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന കളികളാണ് കേരളകോണ്‍ഗ്രസിന്റെ രൂപവത്കരണത്തിന് വഴിയൊരുക്കിയത്. കോണ്‍ഗ്രസ്നേതൃത്വം ശങ്കറിനെ പിന്തുണച്ചതോടെയാണ് പിളര്‍പ്പിന് തുടക്കം. ശങ്കര്‍ വിരുദ്ധവിഭാഗത്തെ കോണ്‍ഗ്രസ് പുറത്താക്കിയതോടെ അവര്‍ ചേര്‍ന്ന് 1964 ഒക്ടോബര്‍ ഒമ്പതിന് രൂപവത്കരിച്ച കേരളകോണ്‍ഗ്രസിന്റെ അടിത്തറ റോമന്‍ കത്തോലിക്കരും നായര്‍വിഭാഗവുമായിരുന്നു. ശങ്കറിനെ പുകക്കാന്‍ ശ്രമിച്ചവര്‍ ചേര്‍ന്ന് രൂപവത്കരിച്ച പാര്‍ട്ടിയായതിനാല്‍ എസ്.എന്‍.ഡി.പിയും ഈഴവസമുദായവും കേരള കോണ്‍ഗ്രസിന് എതിരായി. കോണ്‍ഗ്രസിന്റെ അടിത്തറ ചോര്‍ത്തിയാണ് കേരള കോണ്‍ഗ്രസ് ശക്തിപ്പെട്ടത്. 1965ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നായര്‍^ക്രൈസ്തവപിന്തുണക്കാരില്‍ വലിയൊരു വിഭാഗം കേരളകോണ്‍ഗ്രസിന്റെ അടിത്തറയായി മാറി.

ഇന്നും കോണ്‍ഗ്രസിന്റെ അടിത്തറ തോണ്ടുകയാണ് കേരളത്തില്‍ കത്തോലിക്കാസഭയുടെ ലക്ഷ്യം. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പെട്ട ഉമ്മന്‍ചാണ്ടിയുടേയോ ഈഴവവിഭാഗത്തില്‍പെട്ട വയലാര്‍ രവിയുടേയോ നേതൃത്വത്തിലുള്ള ഗവണ്‍മെന്റല്ല സഭക്കു വേണ്ടത്. കത്തോലിക്കരല്ലാത്ത ക്രൈസ്തവവിഭാഗങ്ങളെ റോമന്‍ കത്തോലിക്കര്‍ യഥാര്‍ഥത്തില്‍ അംഗീകരിക്കുന്നില്ല. ഉന്നതജാതി ഹിന്ദുക്കള്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ടതാണ് റോമന്‍കത്തോലിക്കര്‍ എന്നൊരു വിശ്വാസമുണ്ട്. റോമന്‍കത്തോലിക്ക^നായര്‍സഖ്യത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണ്. സംവരണത്തിന്റെ കാര്യത്തിലും ലത്തീന്‍ കത്തോലിക്കര്‍ പോലുള്ള സംവരണ വിഭാഗങ്ങളെ റോമന്‍ കത്തോലിക്കര്‍ അംഗീകരിക്കുന്നില്ല. സംവരണത്തില്‍ എന്‍.എസ്.എസിന്റെ നിലപാടാണ് റോമന്‍ കത്തോലിക്കര്‍ക്കുള്ളത്. യാക്കോബായ വിഭാഗങ്ങളോടും ഭിന്നത രൂക്ഷമാണ്. മാര്‍ത്തോമാ, യാക്കോബായ, ലാറ്റിന്‍ വിഭാഗങ്ങളേക്കാള്‍ അമേരിക്കന്‍വിധേയത്വവും റോമന്‍ കത്തോലിക്കര്‍ക്ക് ഏറെയാണ്. ഈ ഒരു രാഷ്ട്രീയ^സാമൂഹിക^സാംസ്കാരിക പശ്ചാത്തലമുള്ള റോമന്‍ കത്തോലിക്കാസഭ യു.ഡി.എഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനും എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനും വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ പ്രവര്‍ത്തനത്തിന് ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വേണം സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് ലയനത്തെ രാഷ്ട്രീയകേരളം കാണേണ്ടത്.