Friday, June 25, 2010

റോഡിലെ പൊതുയോഗം മാത്രം നിയന്ത്രിച്ചാല്‍ മതിയോ?

പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ വിലക്കിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് ഇറങ്ങി. ഇതുമായു ബന്ധപ്പെട്ട വിധിയിലെ പ്രധാന സംഗതികള്‍ ഇവയാണ്‌

അനുമതിയില്ലാതെ പൊതുനിരത്തിലും പാതയോരത്തും യോഗങ്ങള്‍ നടത്തിയാല്‍ പൊലീസ് നടപടി എടുക്കണം. ഗതാഗത തടസ്സത്തിന് കാരണമാകുന്ന സ്‌റ്റേജും മറ്റും നീക്കണം. ഗതാഗത തടസ്സം ഒഴിവാക്കാന്‍ മാത്രമല്ല, ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് നിരോധ ഉത്തരവെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അലക്ഷ്യമായി ഓടിക്കുന്ന വാഹനങ്ങള്‍ പാഞ്ഞുകയറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. ചീഫ് സെക്രട്ടറിയെ കോടതി സ്വമേധയാ ഹരജിയില്‍ കക്ഷിചേര്‍ത്തു. അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലെ സ്‌കൂളുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മൈതാനങ്ങള്‍ സമ്മേളനങ്ങള്‍ നടത്താന്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. പാതയോരത്തുനിന്ന് മാറിയുള്ള തുറന്ന മൈതാനങ്ങളും സമ്മേളനങ്ങള്‍ക്കായി നല്‍കണം.

കോടതിവിധിക്ക് എതിരെ സി.പി.എമിനെപ്പോലെ ഉള്ള ഇടതു സംഘടനകള്‍ മാത്രമാണ്‌ പ്രതികരിച്ചിരിക്കുന്നത്. മാധ്യമങ്ങളെല്ലാം കോടതി വിധിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. ഇങ്ങനെ ഒരു മുഖപ്രസംഗം മാധ്യമം പത്രം വരെ എഴുതി.

ഇനി ആരെങ്കെലും ഈ വിധിയുടെ ചുവടുപിടിച്ച് മതപരമായ ആഘോഷങ്ങളേ ഇതെ പോലെ റോഡില്‍ നിന്ന് തുടച്ച് നീക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയാലും സമാന വിധി കിട്ടുമോ. അങ്ങനെ കിട്ടിയാല്‍ പൊങ്കാല പള്ളിപ്പെരുന്നാള്‍ നബിദിന റാലി തുടങ്ങിയവയും നിരോധിക്കപ്പെടുന്നത് മാധ്യമ സമൂഹം ഇതേ ആവേശത്തില്‍ സ്വാഗതം ചെയ്യുമോ.അങ്ങനെ എങ്കില്‍ ഈ വിധിക്ക് അര്‍ത്ഥമുണ്ടാകും. ഇലെങ്കില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചിടത്ത് മത സംഘടനകള്‍ പിടിമുറിക്കയത് പോലെയാകും ഇത്.

ഈ വിഷയത്തില്‍ വന്ന് മറ്റ് പോസ്റ്റുകള്‍


Thursday, June 24, 2010

ടി ബാലകൃഷ്ണന്റെ വിവാദമായ കൊക്കക്കോള പ്രസംഗം

വ്യവസായ വകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന്റെ വിവാദമായ കൊക്കോക്കോള പ്രസംഗത്തിന്റെ ഏതാണ്ട് പൂര്‍ണ്ണ രൂപം ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചു. മുന്‍വിധി ഇല്ലാതെ വായിച്ചിരിക്കേണ്ട ഒന്നാണ്‌ എന്ന് തോന്നുന്നതിനാല്‍ ഇവിടെ പങ്കുവയ്ക്കുന്നു.


പണ്ട് ബാലകൃഷ്ണന്‍ ഭൂപരിഷ്ക്കരണത്തെപ്പറ്റിപ്പറഞ്ഞത് ഇവിടെ നിന്നും വായിക്കുക

Wednesday, June 23, 2010

പാവം മ്അദനി

നീതി നിഷേധിക്കപ്പെട്ട ഒരാളുടെ ഉദാഹരണം പറയാന്‍ പറഞ്ഞാല്‍ ആര്‍ക്കും എളുപ്പം ചൂണ്ടിക്കാണിക്കാവുന്ന പേരാണ്‌ അബ്ദുള്‍ നാസര്‍ മ്അദനി. ഇന്ത്യന്‍ ഉപപ്രധാനമന്ത്രി അടക്കമുള്ളവരെ കൊല്ലുക എന്ന ലക്ഷ്യത്തോടെ കോയമ്പത്തൂരില്‍ ബോബ് സ്പോടനം നടത്തി എന്ന കേസില്‍ വിചാരണത്തടവുകാരനായി 7 വര്‍ഷത്തോളം ജയിലില്‍. അവിടെ നിന്ന് ഉണ്ടായ മനം മടുപ്പിക്കുന്ന ദുരനുഭവങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തനായി പുറത്തേക്ക്. ഇപ്പോഴിതാ വീണ്ടും സമാനമായ മറ്റൊരു കേസിലും മ്അദനി അകപ്പെടാന്‍ പോകുന്നു. ബാംഗ്ലൂര്‍ സ്പോടനക്കേസില്‍ മദനി 31 ആം പ്രതിയാണത്രെ. ഇത്തവണ സ്പോടനം നടത്തിയവര്‍ക്ക് പ്രേരണ നല്‍കി എന്നതാണ്‌ കുറ്റം

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക

ഇതോടൊപ്പം രാജിവ് കൌപ്പിന്റെ ഈ പോസ്റ്റും വായിക്കുക. (ഇത് മാത്രം വായിച്ചാലും മതി)

Tuesday, June 22, 2010

നീലകണ്ഠന്റെ ഇരട്ടത്താപ്പുകള്‍

സി.ആര്‍ നീലകണ്ഠന്റെ malayal.am ലെ അഭിമുഖം കണ്ടപ്പോള്‍ എഴുതിയ കുറിപ്പ് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

സി ആര്‍ നീലകണ്ഠന്‍ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളാണ്‌. ചാനല്‍ ചര്‍ച്ചകളിലും ടോക്‌ഷോകളിലും പ്രതിവാര കോളങ്ങളിലും കവര്‍സ്റ്റോറികളിലുമൊക്കെ നിറഞ്ഞു നിന്ന ഒരാള്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ലേബലില്‍ മാത്രമല്ല ലാവ്‌ലിന്‍ വിദഗ്ദ്ധന്‍, സിപിഎമ്മിലെ വിഭാഗീയതാ സ്പെഷ്യലിസ്റ്റ്, സാംസ്ക്കാരിക നായകന്‍, അധിനിവേശ വിരുദ്ധ പോരാട്ടക്കാരന്‍ എന്നുവേണ്ട ഐടി മുതല്‍ ബസ് വ്യവസായം വരെ സി ആര്‍ നീലകണ്ഠന്‍ കൈകാര്യം ചെയ്യുന്ന വിഷയമായി വരും. അങ്ങനെ ഉള്ള ഒരാള്‍ സി.പി.എം പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടിട്ടും അത് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടില്ല എന്നത് അത്ഭുതകരമായ സംഗതിയാണ്‌.

നവ ലിബറല്‍ മുതലാളിത്ത ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന സക്കറിയയെപ്പോലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരാള്‍ ആക്രമിക്കപ്പെട്ടത് എത്ര ആഴ്ചയാണ്‌ മാദ്ധ്യമങ്ങള്‍ ആഘോഷിച്ചത്. എന്നാല്‍ ടാം റേറ്റിങ്ങുകള്‍ ഉണ്ടാക്കാന്‍ സഹായിയായി ചാനലുകളില്‍ നിറഞ്ഞു നിന്ന നീലകണ്ഠന്‍ ആക്രമിക്കപ്പെട്ടിട്ടും ആരും നീലകണ്ഠന്‌ അനുകൂലമായി കരയുന്നില്ല എന്നത് അത്ഭുതത്തോടെയെ നോക്കിക്കാണാനാകൂ.

നീലകണ്ഠന്‌ തല്ല്‌ കിട്ടിയതിന്‌ ശേഷം മാസം ഒന്ന് തികഞ്ഞിട്ടും സിപിഎമ്മിന്റെ തല്ലു വാങ്ങിയ ഒരാള്‍ക്ക് ഇവിടുത്തെ മാദ്ധ്യമ ലോകം കനിഞ്ഞനുവദിക്കുന്ന പരിഗണനകള്‍ എന്തുകൊണ്ട് ലഭിക്കാതെ പോയി എന്നതിന്റെ പൊരുള്‍ അന്വേഷിച്ച് പോകുമ്പോള്‍ പലവിഷയങ്ങളിലും സിആറിന്‌ ഇരട്ടത്താപ്പുകള്‍ ഉണ്ടെന്ന് വ്യക്തമാകും. സിപിഎമ്മിന്റെ പല നേതാക്കള്‍ക്കുമെതിരെ സി ആര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം അവരുടെ നിലപാടുകളിലെ ഇരട്ടത്താപ്പാണ്‌. എന്നാല്‍ ഇതെ ഇരട്ടത്താപ്പുകള്‍ തന്നെയാണ്‌ സി ആറിനും ഉള്ളതെന്ന് മാദ്ധ്യമ ലോകത്തെ പലരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സി ആര്‍ നിലകണ്ഠനെ ന്യായീകരിക്കാനിറങ്ങിയാല്‍ അത് പുലിവാലാകുമെന്ന് അവര്‍ പലരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

2010 മെയ് 20 ലെ മാതൃഭൂമി പത്രത്തില്‍ സി ആര്‍ നീലകണ്ഠന്‍ കേരള സര്‍ക്കാരിന്റെ നാലു വര്‍ഷം വിലയിരുത്തിക്കൊണ്ട് കേരള ധനമന്ത്രി തോമസ് ഐസക്കിനെപ്പറ്റി ഇങ്ങനെ എഴുതി:

ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും.

രണ്ട് രൂപക്ക് അരി നല്‍കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതും ക്ഷേമ പദ്ധതികള്‍ അമാന്തം കൂടാതെ നടപ്പിലാക്കുന്നതും മത്സ്യത്തൊഴിലാളി മേഖലയിലും കുടുബശ്രീയിലുമൊക്കെ പണലഭ്യത ഉറപ്പുവരുത്തുന്നതും ട്രഷറി പൂട്ടാതെ ഇരുന്നതുമൊക്കെയാണോ ആഗോള മൂലധന താല്‍പ്പര്യമായി നീലകണ്ഠനെപ്പോലെ ഉള്ളവര്‍ കരുതുന്നത്? ഇത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്ദ്യകാലത്ത് പോലും ഒരു കുറവുണ്ടാകാതെ നോക്കാന്‍ കഴിയും വിധം കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് നടത്തിയ ഒരു ധനമന്ത്രിയാണ്‌ നീലകണ്ഠന്റെ പുലയാട്ടിന്‌ വിധേയനാകുന്നത് എന്നത് പരിശോധിക്കേണ്ട സംഗതിയാണ്‌. വിഎസ് പക്ഷത്തുള്ള ശര്‍മ്മയേയും ഗുരുദാസനെയും വിലയിരുത്താതെയുള്ള നീലകണ്ഠന്റെ സര്‍ക്കാര്‍ വിമര്‍ശനം അദ്ദേഹത്തിന്റെ പക്ഷപാതം തുറന്നുകാട്ടുകയും ചെയ്തു. തനിക്ക് ഇഷ്ടമില്ലാത്തവരെ മുച്ചൂടും വിമര്‍ശിക്കുക എന്നതാണ്‌ നീലകണ്ഠന്റെ രീതി. അതില്‍ നീലകണ്ഠന്‌ കൃത്യമായ രാഷ്ട്രീയ താല്‍പ്പര്യമുണ്ട്. ഈ താല്‍പ്പര്യത്തിന്‌ അനുയോജ്യമായ നിലപാടുകളാണ്‌ സി.ആറിനുള്ളത്. അതുകൊണ്ട് തന്നെ അത് പലപ്പോഴും ഇരട്ടത്താപ്പായി മാറുന്നു.

ഈ ഇരട്ടത്താപ്പിന്‌ ഉത്തമോദാഹരണമാണ്‌ അദ്ദേഹത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയെപ്പറ്റിയുള്ള നിലപാടുകള്‍.ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അദ്ദേഹം കടുത്ത സ്മാര്‍ട്ട് സിറ്റി വിരുദ്ധനായിരുന്നു. കരാറിലെ വ്യവസ്ഥകളല്ല മറിച്ച് സ്മാര്‍ട്ട് സിറ്റി എന്ന സങ്കല്‍പ്പത്തെ തന്നെ അദ്ദേഹത്തിന്‌ പുഛമായിരുന്നു. അതായത്‌ സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍, സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ലഭിക്കുന്ന അധിക പ്രാധാന്യം, ഒപ്പം ആദിവാസികളും പരമ്പരാഗത മേഖലകളും നേരിടുന്ന അവഗണന, പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, അവിടെ ബാധകമല്ലാത്ത തൊഴില്‍ നിയമം, ഇങ്ങനെ പോകുന്നു സാമൂഹിക ആശങ്കകള്‍ എങ്കില്‍ ഒരു ലക്ഷത്തോളം പേര്‍ താമസിക്കാന്‍ വരുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതിക പ്രശ്നത്തെപ്പറ്റിയും സി ആര്‍ ആശങ്കകള്‍ പങ്കു വയ്ക്കുന്നുണ്ട്‌. കുടിവെള്ള ക്ഷാമം, വായു മലിനീകരണം, ഭൂഗര്‍ഭ ജലചൂഷണം ഇങ്ങനെ പോകുന്നു ആശങ്കകള്‍. ചുരുക്കം പറഞ്ഞാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരു അനാവശ്യം തന്നെ. ഒപ്പം ഈ വരികള്‍ കൂടി കൂട്ടിവായിച്ചാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരിക്കലും വരാന്‍ പാടില്ല

സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

എന്നാല്‍ വി.എസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും തങ്ങളുടെ പ്രിയ നായകന്‍ വി.എസ്‌ പുതുക്കിയ സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തതോടെ സി.ആര്‍ കളം മാറി. പരിസ്ഥിതി സാമൂഹിക പ്രശ്നങ്ങളൊക്കെ കാറ്റില്‍പ്പറന്നു. അന്താരാഷ്ട്ര കരാറുകള്‍ എങ്ങനെ എഴുതണം എന്നതിന്റെ ഉത്തമോദാഹരണമായി സി ആര്‍ സ്മാര്‍ട് സിറ്റി കരാറിനെ മാദ്ധ്യമങ്ങളില്‍ ഉയര്‍ത്തിക്കാട്ടി. 33,000 തൊഴില്‍ അവസരങ്ങള്‍ 90,000 ആയതില്‍ അഭിമാനം കൊണ്ടു. അപ്പോള്‍ മുന്‍പ്‌ പറഞ്ഞ പരിസ്ഥിതി നമ്പരുകള്‍ മറന്നേ പോയി. 33,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ 90,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുമോ എന്നൊന്നും സി ആര്‍ ആശങ്കപ്പെടുന്നേ ഇല്ല. എന്നു മാത്രമല്ല അനര്‍ഹമായ ആവശ്യങ്ങളാണ്‌ സ്മാര്‍ട്ട് സിറ്റിക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ശര്‍മ്മയും വി.എസും ഒരേ പോലെ ആണയിടുമ്പോള്‍ സി ആര്‍ നീലകണ്ഠന്‍ തന്റെ സര്‍ക്കാര്‍ വിശകലന ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു:

എന്നാല്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യമാണിവിടത്തെ ജനാധിപത്യം. മുഖ്യമന്ത്രിയെ പാര്‍ട്ടി സംഘടനയില്‍ തരംതാഴ്‌ത്തി 'ശിക്ഷിച്ചു'. 'മുഖ്യമന്ത്രിയുടെ പദ്ധതി' ആയതിനാല്‍ സ്മാര്‍ട്ട് സിറ്റി പരമാവധി തകര്‍ക്കാന്‍ ശ്രമിക്കുന്നു.

അതായത് ഒരിക്കല്‍ മോശക്കാര്‍ എന്ന് സി ആര്‍ പറഞ്ഞ സ്മാര്‍ട്ട് സിറ്റിക്കാരെ വെള്ളയടിക്കാന്‍ സി.ആറിന്‌ ഇപ്പോള്‍ ഒരു യുക്തിയും ബാധകമല്ല.സ്മാര്‍ട്ട് സിറ്റിക്കാരന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്‌ എന്ന് വി.എസ് ആണയിടുമ്പോഴും സി ആര്‍ പറയുന്നത് സി.പി.എമ്മാണ്‌ സ്മാര്‍ട്ട് സിറ്റി തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ്‌. ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളും അന്താരാഷ്ട്ര മൂലധന താല്‍പ്പര്യങ്ങളും പറഞ്ഞ് മറ്റ് വന്‍കിട പദ്ധതികളെ എതിര്‍ക്കുന്ന അതേശക്തിയോടെ ഒരിക്കല്‍ സി ആര്‍ എതിര്‍ത്ത സ്മാര്‍ട്ട് സിറ്റി പദ്ധതി ഇന്ന് അദ്ദേഹത്തിന്‌ പ്രിയങ്കരമാകുന്നത് ഇരട്ടത്താപ്പല്ലാതെ എന്താണ്‌? നീലകണ്ഠന്‍ മറ്റുള്ളവരെ അളക്കുന്ന കോല്‍ അദ്ദേഹത്തിന്‌ തന്നെ ബാധകമാക്കിയാല്‍ അവരും ഇദ്ദേഹവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാകും.

സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ മാത്രമല്ല ഭൂസമരത്തിലും കുടിയൊഴിപ്പിക്കലിലുമൊക്കെ നീലകണ്ഠന്റെ ഇരട്ടത്താപ്പ് നമുക്ക് കാണാന്‍ കഴിയും ചെങ്ങറ സമരത്തിലും വയനാട്ടിലെ സമരത്തിലും സമരക്കാരെ ഇറക്കി വിടണം എന്നതാണ്‌ കോടതി വിധി. എന്നാല്‍ ചെങ്ങറയില്‍ ഹാരിസണ്‍ കമ്പനിയോടുള്ള നിലപാടല്ല വയനാട്ടില്‍ വീരേന്ദ്രകുമാര്‍ ജോര്‍ജ്ജ് പോത്തന്‍ തുടങ്ങിയവരുടെ കൈയേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് നീലകണ്ഠനുള്ളത്.

വയനാട് സമരവുമായി ബന്ധപ്പെട്ട് നടന്ന മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വീരേന്ദ്രകുമാറിനെ നോവിക്കാതെ സി ആര്‍ നീലകണ്ഠന്‍ നടത്തുന്ന മെയ്‌വഴക്കം കണ്ടിരിക്കുന്നവരില്‍ അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു. വീരേന്ദ്രകുമാറിനെ വെറുപ്പിച്ചാല്‍ മാതൃഭൂമി പത്രവും വീക്കിലിയിലും ലഭിക്കുന്ന സ്പേസ് നഷ്ടപ്പെടും എന്നത് നീലകണ്ഠന്‌ നന്നായി അറിയാം. അത് കൊണ്ട് തന്നെയാണ്‌ ഭൂവിവാദവുമായി ബന്ധപ്പെട്ട് പി.രാജന്‍ എന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ പ്രകൃതി സ്നേഹിയായ വീരേന്ദ്രകുമാര്‍ നടത്തിയ മരം വെട്ട് കഥകളെ വെളിച്ചത്തുകൊണ്ടുവന്നത് സിആര്‍ നീലകണ്ഠന്‍ തന്ത്രപൂര്‍വ്വം വിസ്മരിക്കുന്നതും. സി.പി.ഐക്കാരുടെ മൂന്നാറിലെ ഭൂമിക്ക് ചെമ്പ് പട്ടയമുണ്ട് എന്നതിനെ പുഛിക്കുന്ന നീലകണ്ഠന്‍ വീരേന്ദ്രകുമാറിന്റെ പുഞ്ചച്ചീട്ട് പട്ടയത്തെപ്പറ്റി മൌനം പാലിക്കുന്നത് കൌതുകകരമായ സംഗതിയാണ്‌.

സ്മാര്‍ട്ട് സിറ്റി പ്രദേശത്തെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരത്തില്‍ ആദ്യ ഘട്ടത്തില്‍ സജീവമായി ഇടപെട്ട സി ആര്‍ പദ്ധതിയുമായി വി.എസ് മുന്നോട്ട് വന്നതോടെ പതുക്കെ പിന്‍വലിഞ്ഞു. സ്മാര്‍ട്ട് സിറ്റി ഉല്‍ഘാടനം നടക്കുമ്പോള്‍ പോലും തുഛമായ തുകക്ക് ഭൂമി കൊടുക്കേണ്ടി വന്ന പാവങ്ങള്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ലഭിച്ചവരെ ചൂണ്ടിക്കാണിച്ച് സ്മാര്‍ട്ട് സിറ്റി മോഡല്‍ പുനരധിവാസത്തിന്റെ വക്താവാകുകയായിരുന്നു നീലകണ്ഠന്‍.

മൂലമ്പള്ളി സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന സി ആര്‍ നീലകണ്ഠന്‌ എന്തുകൊണ്ട് അവര്‍ക്ക് ഇപ്പോഴും പുനരധിവാസം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. ലാവലില്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ പാര്‍ട്ടി നടപടിയെ പ്രതിരോധിക്കാന്‍ പുസ്തകം ഇറക്കുകയും അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഡല്‍ഹിയില്‍ വിമാനത്തില്‍ പറന്നെത്തി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്ത സി ആര്‍ അതേ ആവേശം ഉള്‍ക്കൊണ്ട് തന്റെ മുഖ്യമന്ത്രിയിലുള്ള സ്വാധീനം കുടിയിറക്കപ്പെട്ടിട്ടുള്ളവര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ മിഷനറി തിരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. വി.എസിലാണ്‌ അവസാന പ്രതീക്ഷ എന്ന് നിരന്തരം ലേഖനങ്ങള്‍ എഴുതി വിടുന്ന സി ആര്‍ ചെങ്ങറ മൂലമ്പള്ളി സ്മാര്‍ട്ട് സിറ്റി കുടിയിറക്ക് വിഷയങ്ങളില്‍ വി.എസിനെ ഇടപെടുവിക്കാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നത് മറ്റൊരു രസകരമായ സംഗതിയായി അവശേഷിക്കുന്നു. വി.എസിന്റെ ഇമേജിന്‌ കേട് പറ്റുന്നതൊന്നും സി ആര്‍ ചെയ്യാതിരിക്കുന്നത് എന്ത് നിലപാടുകളുടെ അടിസ്ഥാനത്തിലാണ്‌ എന്നത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.

പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ബ്രാന്‍ഡിലാണ്‌ നീലകണ്ഠന്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും കൃത്യമായി വി.എസ് പക്ഷ വിഭാഗീയരാഷ്ട്രീയം തന്നെയാണ്‌ നീലകണ്ഠന്‍ തുടരുന്നത്. അതില്‍ തന്നെ തോമസ് ഐസക്ക് അദ്ദേഹത്തിന്റെ പ്രത്യേക ടാര്‍ഗ്ഗറ്റുമാണ്‌. ഐസക്ക് നാലാംലോകവാദിയാണ്‌ എന്നതടക്കമുള്ള ആരോപണങ്ങള്‍ നിരന്തരമുപയോഗിച്ച് ഐസക്കിനെ മുതലാളിത്ത ഏജന്റാക്കി അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരാളുമാണ്‌ ഇദ്ദേഹം.

സിപിഎമ്മിലെ വിഭാഗീയതയില്‍ കൃത്യമായി പക്ഷം ചേരുകയും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകുകയും ചെയ്ത ഇദ്ദേഹം മലപ്പുറം സമ്മേളനത്തില്‍ വി.എസ് വിജയിച്ചിരുന്നു എങ്കില്‍ ഇന്ന് പ്ലാനിങ്ങ് ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ എത്തിയേനെ.നിര്‍ഭാഗ്യവശാല്‍ മലപ്പുറം സമ്മേളനത്തില്‍ വി.എസിന്‌ അടിതെറ്റുകയും അതോടൊപ്പം ഈ ചെറുമരങ്ങളുടെ സാധ്യത അടയുകയും ചെയ്തതോടെ വി.എസ് പക്ഷത്ത് നിന്ന് ഔദ്യോഗിക പക്ഷത്തെ ആക്രമിക്കുക എന്ന പ്രക്രിയ ആരംഭിച്ചു. അതിന്റെ അവസാനത്തെ ശ്രമമാണ്‌ മാതൃഭൂമിയിലെ ലേഖനത്തിലൂടെ പുറത്തുവന്നത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ലേബലിനേക്കാലും രാഷ്ട്രീയ ഉപചാപകന്‍ എന്ന ലേബലാണ് ഇദ്ദേഹത്തിന്‌ ചേരുക. പരിസ്ഥിതി വിഷയങ്ങളില്‍ ആളു നോക്കി നിലപാട് മാറുന്ന ഇദ്ദേഹം എങ്ങനെ പരിസ്ഥിതി വാദിയാകുന്നു എന്നതാണ്‌ ഏറ്റവും വലിയ ചോദ്യം

Monday, June 14, 2010

വിദ്യാഭ്യാസ ഇരട്ടത്താപ്പുകള്‍

പതിവ്‌ പോലെ ഒന്നാം ക്ലാസിലെ 6 ആം പ്രവര്‍ത്തി ദിനത്തെ കണക്കുകള്‍ വന്നു.വിദ്യാര്‍ത്ഥികളുടെ കുറവും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്ന് അണ്‍ഏയ്‌ഡഡ് രംഗത്തെക്കേള്ള മാറ്റത്തെ പറ്റിയും തൊഴില്‍ ഭീക്ഷിണിയിലായ 2500 അധികം അധ്യാപകരെ പറ്റിയും മാധ്യമങ്ങള്‍ വാചാലരായി. നിലവാരമില്ലാത്ത സിലബസാണ്‌ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒഴിവാക്കാനുള്ള കാരണമെന്നും വിലയിരുത്തലുകള്‍ ഉണ്ടായി.

ഇതോടൊപ്പം മറ്റൊരു വാര്‍ത്തയും പുറത്ത് വന്നു. പത്താം തരത്തിലെ സി.ബി.എസ്.സി റിസല്‍റ്റ് വൈകിയതിനാലും സംസ്ഥാനത്തെ +2 അലോക്കേഷന്‍ നേരത്തെ ആരംഭിച്ചതിനാലും സി.ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് +2 വിലെ ആദ്യ അലോട്ട്മെന്റില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം അലോട്ട്മെന്റില്‍ ഇവരെ പരിഗണിക്കാം എന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും രക്ഷിതാക്കള്‍ അങ്കലാപ്പിലാണത്രെ. . കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകനെ ഈ അവസ്ഥയിലുള്ള രക്ഷിതാവ്‌ വിളിക്കുകയും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ഉടനടി ഇടപെടണം എന്ന്
ആവശ്യപ്പെടുക ഉണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ 10 ക്ലാസ് റിസല്‍റ്റ് നേരത്തെ വന്നതിനാല്‍ അവര്‍ കേരള സിലബസിലുള്ള +2 പ്രവേശനവുമായി മുന്നോട്ട് പോയതില്‍ തെറ്റെന്താണ്‌ എന്ന് ചോദിച്ചപ്പോള്‍ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സി.ബി.എസ്.സിയില്‍ പഠിക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങളെ നിഷേധിക്കലാണ്‌ ഈ നടപടി എന്നായി രക്ഷിതാവ്‌. അത്രക്ക് വിഷമം ഉണ്ടെങ്കില്‍ എന്തെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നില്ല എന്നായി മാധ്യമ പ്രവര്‍ത്തകന്‍. അവിടെ പഠിച്ചാല്‍ എന്റെ കുട്ടി ക്രിമിനലായി പോകുമെന്ന് രക്ഷിതാവ്. പിന്നെ എന്തെ +2 വിന്‌ സര്‍ക്കാര്‍ സ്കൂളിലെക്ക് എന്നായി അടുത്ത ചോദ്യം. സി.ബി.എസ്.സി +2 കോസ്റ്റിലിയാണത്രെ. പിന്നെ കേരള
സിലബസില്‍ പഠിച്ചാല്‍ നല്ല മാര്‍ക്ക് സ്കോര്‍ ചെയ്യാന്‍ കഴിയും എന്ന് മാത്രമല്ല ഉന്നത് വിദ്യാഭ്യാസത്തിന്‌ മാര്‍ക്ക് മുതല്‍ക്കൂട്ടാകുകയും ചെയ്യുമത്രെ

കേരള സര്‍ക്കാരിന്റെ പത്താം തരത്തില്‍ മാര്‍ക്ക് ദാനമാണെന്നും അവിടെ നിന്ന് ജയിക്കുന്നവര്‍ക്ക് നിലവാരമില്ല എന്നും ഉള്ളത് ഒരു മദ്ധ്യവര്‍ഗ്ഗ പൊതുബോധമാണ്‌. എന്നാല്‍ ഇങ്ങനെ ജയിക്കുന്ന നിലവാരമില്ലാത്ത കുട്ടികള്‍ 80% ഓളം സംസ്ഥാന സര്‍ക്കാരിന്റെ +2 വിന്‌ വിജയിക്കുന്നുമുണ്ട്. അങ്ങനെ മണ്ടന്‍മാര്‍ പഠിക്കുന്ന +2 സിലബസ് മാര്‍ക്ക് കിട്ടുമെന്നും ഓസില്‍ പഠിക്കാമെന്നും ഉള്ളതുകൊണ്ട് സി.ബി.എസ്.സി കുട്ടികള്‍ക്കും ഹരമാണ്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന് കരുതപ്പെടുന്ന +2 വിന്‌ മികച്ച സി.ബി.എസ്.സി സിലബസ് ആവശ്യമില്ല മറിച്ച് കൂടുതല്‍ മാര്‍ക്ക്
കിട്ടി ഭാവി സുരക്ഷിതമായാല്‍ മതി. വിദ്യാഭ്യാസം എന്നാല്‍ ഒരു അഭ്യാസമാണല്ലോ?

Thursday, June 03, 2010

ഇങ്ങനെയും ചില കുടിയിറക്കല്‍ വാര്‍ത്തകള്‍

കണ്ണൂര്‍ വിമാനത്താവളം: കുടിയൊഴിയുന്നവര്‍ വീടു നിര്‍മാണം തുടങ്ങി

മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കുന്നവര്‍ സര്‍ക്കാര്‍ നല്‍കിയ പത്ത് സെന്റ് ഭൂമിയില്‍ വീട് നിര്‍മിക്കാനുള്ള തിരക്കിലാണ്. വീടു നിര്‍മാണത്തിന്റെ ആദ്യഘട്ടം ഏതാനും പേര്‍ ആരംഭിച്ചു കഴിഞ്ഞു. കീഴല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ 139 കുടുംബങ്ങളാണ് വിമാനത്താവളം നിര്‍മിക്കാന്‍ കിടപ്പാടം വിട്ടുകൊടുത്തത്.

കുടിയൊഴിയുന്ന ഓരോ കുടുംബത്തിനും സര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള വീടിനു സമീപത്ത് തന്നെ പത്ത് സെന്റ് ഭൂമി സൌജന്യമായി നല്‍കുകയായിരുന്നു. കുന്നിന്‍ പ്രദേശത്തും മറ്റുമായി താമസിച്ചിരുന്നവര്‍ക്ക് റോഡരികില്‍ നല്ല ഭൂമി കിട്ടിയത് ആശ്വാസവുമായിട്ടുണ്ട്. കല്ലേരിക്കര, കുമ്മാനം, ആനക്കുഴി, കാര പേരാവൂര്‍, കുറ്റിക്കര, കീഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ക്കു ഭൂമി നല്‍കിയത്. പുതിയ വീടിനു വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നുണ്ട്

ദേശാഭിമാനിയില്‍ ഇങ്ങനെ പല വാര്‍ത്തകളും വരും അതൊക്കെ വിശ്വസിക്കാന്‍ ഞങ്ങളെന്താ മാവിലായിക്കാരാണോ എന്ന് ചോദിക്കാന്‍ വരുന്നുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക