Tuesday, June 22, 2010

നീലകണ്ഠന്റെ ഇരട്ടത്താപ്പുകള്‍

സി.ആര്‍ നീലകണ്ഠന്റെ malayal.am ലെ അഭിമുഖം കണ്ടപ്പോള്‍ എഴുതിയ കുറിപ്പ് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

സി ആര്‍ നീലകണ്ഠന്‍ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളാണ്‌. ചാനല്‍ ചര്‍ച്ചകളിലും ടോക്‌ഷോകളിലും പ്രതിവാര കോളങ്ങളിലും കവര്‍സ്റ്റോറികളിലുമൊക്കെ നിറഞ്ഞു നിന്ന ഒരാള്‍. പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ലേബലില്‍ മാത്രമല്ല ലാവ്‌ലിന്‍ വിദഗ്ദ്ധന്‍, സിപിഎമ്മിലെ വിഭാഗീയതാ സ്പെഷ്യലിസ്റ്റ്, സാംസ്ക്കാരിക നായകന്‍, അധിനിവേശ വിരുദ്ധ പോരാട്ടക്കാരന്‍ എന്നുവേണ്ട ഐടി മുതല്‍ ബസ് വ്യവസായം വരെ സി ആര്‍ നീലകണ്ഠന്‍ കൈകാര്യം ചെയ്യുന്ന വിഷയമായി വരും. അങ്ങനെ ഉള്ള ഒരാള്‍ സി.പി.എം പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടിട്ടും അത് കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടില്ല എന്നത് അത്ഭുതകരമായ സംഗതിയാണ്‌.

നവ ലിബറല്‍ മുതലാളിത്ത ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്ന സക്കറിയയെപ്പോലെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഒരാള്‍ ആക്രമിക്കപ്പെട്ടത് എത്ര ആഴ്ചയാണ്‌ മാദ്ധ്യമങ്ങള്‍ ആഘോഷിച്ചത്. എന്നാല്‍ ടാം റേറ്റിങ്ങുകള്‍ ഉണ്ടാക്കാന്‍ സഹായിയായി ചാനലുകളില്‍ നിറഞ്ഞു നിന്ന നീലകണ്ഠന്‍ ആക്രമിക്കപ്പെട്ടിട്ടും ആരും നീലകണ്ഠന്‌ അനുകൂലമായി കരയുന്നില്ല എന്നത് അത്ഭുതത്തോടെയെ നോക്കിക്കാണാനാകൂ.

നീലകണ്ഠന്‌ തല്ല്‌ കിട്ടിയതിന്‌ ശേഷം മാസം ഒന്ന് തികഞ്ഞിട്ടും സിപിഎമ്മിന്റെ തല്ലു വാങ്ങിയ ഒരാള്‍ക്ക് ഇവിടുത്തെ മാദ്ധ്യമ ലോകം കനിഞ്ഞനുവദിക്കുന്ന പരിഗണനകള്‍ എന്തുകൊണ്ട് ലഭിക്കാതെ പോയി എന്നതിന്റെ പൊരുള്‍ അന്വേഷിച്ച് പോകുമ്പോള്‍ പലവിഷയങ്ങളിലും സിആറിന്‌ ഇരട്ടത്താപ്പുകള്‍ ഉണ്ടെന്ന് വ്യക്തമാകും. സിപിഎമ്മിന്റെ പല നേതാക്കള്‍ക്കുമെതിരെ സി ആര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം അവരുടെ നിലപാടുകളിലെ ഇരട്ടത്താപ്പാണ്‌. എന്നാല്‍ ഇതെ ഇരട്ടത്താപ്പുകള്‍ തന്നെയാണ്‌ സി ആറിനും ഉള്ളതെന്ന് മാദ്ധ്യമ ലോകത്തെ പലരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സി ആര്‍ നിലകണ്ഠനെ ന്യായീകരിക്കാനിറങ്ങിയാല്‍ അത് പുലിവാലാകുമെന്ന് അവര്‍ പലരും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

2010 മെയ് 20 ലെ മാതൃഭൂമി പത്രത്തില്‍ സി ആര്‍ നീലകണ്ഠന്‍ കേരള സര്‍ക്കാരിന്റെ നാലു വര്‍ഷം വിലയിരുത്തിക്കൊണ്ട് കേരള ധനമന്ത്രി തോമസ് ഐസക്കിനെപ്പറ്റി ഇങ്ങനെ എഴുതി:

ധനകാര്യം: എല്ലാ വകുപ്പുകളുടെയും മേല്‍ കടിഞ്ഞാണിടുന്ന സൂപ്പര്‍ മുഖ്യമന്ത്രിയാണിദ്ദേഹം. ആഗോളമൂലധന താത്പര്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി ഇദ്ദേഹത്തെ ഏല്പിച്ചിരിക്കുന്നു. എ.ഡി.ബി. വായ്പ മുതല്‍ കിനാലൂര്‍ പാത വരെ നീണ്ടുകിടക്കുന്നു അതിന്റെ ചരിത്രരേഖകള്‍. അഴിമതി രഹിത വാളയാര്‍ പോലുള്ള പ്രഖ്യാപനങ്ങളുടെ കാപട്യം ആ വഴി ഒരിക്കല്‍ കടന്നുപോയവര്‍ക്ക് ബോധ്യപ്പെടും. അതിസമ്പന്നര്‍ക്കുവേണ്ടി എന്തും ചെയ്യും. ദരിദ്രരോട് അകമേ പുച്ഛം. എന്നാല്‍ അവര്‍ക്കു വേണ്ടി വാചകമടിക്കും. ഗ്രീന്‍ ബജറ്റെന്നു പ്രഖ്യാപിക്കും. നെല്‍പ്പാടം നികത്തുന്നതിന്റെ പിഴയും ഡാമിലെ മണല്‍ വാരിയതിന്റെ വിലയും ബജറ്റിലെ പ്രധാന വരുമാനമാര്‍ഗമായിക്കാണും. നെല്‍പ്പാടം നികത്തി ചെരുപ്പുകമ്പനിക്കു നാലുവരിപ്പാതയുണ്ടാക്കുന്നതിനെ ശക്തമായി ന്യായീകരിക്കും.

രണ്ട് രൂപക്ക് അരി നല്‍കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നതും ക്ഷേമ പദ്ധതികള്‍ അമാന്തം കൂടാതെ നടപ്പിലാക്കുന്നതും മത്സ്യത്തൊഴിലാളി മേഖലയിലും കുടുബശ്രീയിലുമൊക്കെ പണലഭ്യത ഉറപ്പുവരുത്തുന്നതും ട്രഷറി പൂട്ടാതെ ഇരുന്നതുമൊക്കെയാണോ ആഗോള മൂലധന താല്‍പ്പര്യമായി നീലകണ്ഠനെപ്പോലെ ഉള്ളവര്‍ കരുതുന്നത്? ഇത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാന്ദ്യകാലത്ത് പോലും ഒരു കുറവുണ്ടാകാതെ നോക്കാന്‍ കഴിയും വിധം കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് നടത്തിയ ഒരു ധനമന്ത്രിയാണ്‌ നീലകണ്ഠന്റെ പുലയാട്ടിന്‌ വിധേയനാകുന്നത് എന്നത് പരിശോധിക്കേണ്ട സംഗതിയാണ്‌. വിഎസ് പക്ഷത്തുള്ള ശര്‍മ്മയേയും ഗുരുദാസനെയും വിലയിരുത്താതെയുള്ള നീലകണ്ഠന്റെ സര്‍ക്കാര്‍ വിമര്‍ശനം അദ്ദേഹത്തിന്റെ പക്ഷപാതം തുറന്നുകാട്ടുകയും ചെയ്തു. തനിക്ക് ഇഷ്ടമില്ലാത്തവരെ മുച്ചൂടും വിമര്‍ശിക്കുക എന്നതാണ്‌ നീലകണ്ഠന്റെ രീതി. അതില്‍ നീലകണ്ഠന്‌ കൃത്യമായ രാഷ്ട്രീയ താല്‍പ്പര്യമുണ്ട്. ഈ താല്‍പ്പര്യത്തിന്‌ അനുയോജ്യമായ നിലപാടുകളാണ്‌ സി.ആറിനുള്ളത്. അതുകൊണ്ട് തന്നെ അത് പലപ്പോഴും ഇരട്ടത്താപ്പായി മാറുന്നു.

ഈ ഇരട്ടത്താപ്പിന്‌ ഉത്തമോദാഹരണമാണ്‌ അദ്ദേഹത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയെപ്പറ്റിയുള്ള നിലപാടുകള്‍.ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് അദ്ദേഹം കടുത്ത സ്മാര്‍ട്ട് സിറ്റി വിരുദ്ധനായിരുന്നു. കരാറിലെ വ്യവസ്ഥകളല്ല മറിച്ച് സ്മാര്‍ട്ട് സിറ്റി എന്ന സങ്കല്‍പ്പത്തെ തന്നെ അദ്ദേഹത്തിന്‌ പുഛമായിരുന്നു. അതായത്‌ സ്മാര്‍ട്ട്‌ സിറ്റി ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍, സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ലഭിക്കുന്ന അധിക പ്രാധാന്യം, ഒപ്പം ആദിവാസികളും പരമ്പരാഗത മേഖലകളും നേരിടുന്ന അവഗണന, പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, അവിടെ ബാധകമല്ലാത്ത തൊഴില്‍ നിയമം, ഇങ്ങനെ പോകുന്നു സാമൂഹിക ആശങ്കകള്‍ എങ്കില്‍ ഒരു ലക്ഷത്തോളം പേര്‍ താമസിക്കാന്‍ വരുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതിക പ്രശ്നത്തെപ്പറ്റിയും സി ആര്‍ ആശങ്കകള്‍ പങ്കു വയ്ക്കുന്നുണ്ട്‌. കുടിവെള്ള ക്ഷാമം, വായു മലിനീകരണം, ഭൂഗര്‍ഭ ജലചൂഷണം ഇങ്ങനെ പോകുന്നു ആശങ്കകള്‍. ചുരുക്കം പറഞ്ഞാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരു അനാവശ്യം തന്നെ. ഒപ്പം ഈ വരികള്‍ കൂടി കൂട്ടിവായിച്ചാല്‍ സ്മാര്‍ട്ട്‌ സിറ്റി ഒരിക്കലും വരാന്‍ പാടില്ല

സമരക്കാര്‍ക്കും യാചകര്‍ക്കും ദരിദ്രര്‍ക്കും പ്രവേശനമില്ലാത്ത്‌ ഇത്തരം അതിസമ്പന്ന മേഖല തുരുത്തുകള്‍ ചുറ്റുപാടുണ്ടാക്കുന്ന സാമൂഹിക പ്രശ്നനഗള്‍ പരിഗണിച്ചിട്ടുണ്ടോ? ചുറ്റുപാടുമുള്ള സാധാരണക്കാരില്‍ കടുത്ത ഉപഭോഗാസക്തിയും അസംതൃപ്തിയും കടക്കെണിയും ആത്മഹത്യയും ഗുണ്ടാ മാഫിയയും വളരാന്‍ ഇത്‌ വഴിവയ്ക്കില്ലെ?

എന്നാല്‍ വി.എസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും തങ്ങളുടെ പ്രിയ നായകന്‍ വി.എസ്‌ പുതുക്കിയ സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തതോടെ സി.ആര്‍ കളം മാറി. പരിസ്ഥിതി സാമൂഹിക പ്രശ്നങ്ങളൊക്കെ കാറ്റില്‍പ്പറന്നു. അന്താരാഷ്ട്ര കരാറുകള്‍ എങ്ങനെ എഴുതണം എന്നതിന്റെ ഉത്തമോദാഹരണമായി സി ആര്‍ സ്മാര്‍ട് സിറ്റി കരാറിനെ മാദ്ധ്യമങ്ങളില്‍ ഉയര്‍ത്തിക്കാട്ടി. 33,000 തൊഴില്‍ അവസരങ്ങള്‍ 90,000 ആയതില്‍ അഭിമാനം കൊണ്ടു. അപ്പോള്‍ മുന്‍പ്‌ പറഞ്ഞ പരിസ്ഥിതി നമ്പരുകള്‍ മറന്നേ പോയി. 33,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ 90,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുമോ എന്നൊന്നും സി ആര്‍ ആശങ്കപ്പെടുന്നേ ഇല്ല. എന്നു മാത്രമല്ല അനര്‍ഹമായ ആവശ്യങ്ങളാണ്‌ സ്മാര്‍ട്ട് സിറ്റിക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ശര്‍മ്മയും വി.എസും ഒരേ പോലെ ആണയിടുമ്പോള്‍ സി ആര്‍ നീലകണ്ഠന്‍ തന്റെ സര്‍ക്കാര്‍ വിശകലന ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു:

എന്നാല്‍ പാര്‍ട്ടിയുടെ സര്‍വാധിപത്യമാണിവിടത്തെ ജനാധിപത്യം. മുഖ്യമന്ത്രിയെ പാര്‍ട്ടി സംഘടനയില്‍ തരംതാഴ്‌ത്തി 'ശിക്ഷിച്ചു'. 'മുഖ്യമന്ത്രിയുടെ പദ്ധതി' ആയതിനാല്‍ സ്മാര്‍ട്ട് സിറ്റി പരമാവധി തകര്‍ക്കാന്‍ ശ്രമിക്കുന്നു.

അതായത് ഒരിക്കല്‍ മോശക്കാര്‍ എന്ന് സി ആര്‍ പറഞ്ഞ സ്മാര്‍ട്ട് സിറ്റിക്കാരെ വെള്ളയടിക്കാന്‍ സി.ആറിന്‌ ഇപ്പോള്‍ ഒരു യുക്തിയും ബാധകമല്ല.സ്മാര്‍ട്ട് സിറ്റിക്കാരന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്‌ എന്ന് വി.എസ് ആണയിടുമ്പോഴും സി ആര്‍ പറയുന്നത് സി.പി.എമ്മാണ്‌ സ്മാര്‍ട്ട് സിറ്റി തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ്‌. ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളും അന്താരാഷ്ട്ര മൂലധന താല്‍പ്പര്യങ്ങളും പറഞ്ഞ് മറ്റ് വന്‍കിട പദ്ധതികളെ എതിര്‍ക്കുന്ന അതേശക്തിയോടെ ഒരിക്കല്‍ സി ആര്‍ എതിര്‍ത്ത സ്മാര്‍ട്ട് സിറ്റി പദ്ധതി ഇന്ന് അദ്ദേഹത്തിന്‌ പ്രിയങ്കരമാകുന്നത് ഇരട്ടത്താപ്പല്ലാതെ എന്താണ്‌? നീലകണ്ഠന്‍ മറ്റുള്ളവരെ അളക്കുന്ന കോല്‍ അദ്ദേഹത്തിന്‌ തന്നെ ബാധകമാക്കിയാല്‍ അവരും ഇദ്ദേഹവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാകും.

സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ മാത്രമല്ല ഭൂസമരത്തിലും കുടിയൊഴിപ്പിക്കലിലുമൊക്കെ നീലകണ്ഠന്റെ ഇരട്ടത്താപ്പ് നമുക്ക് കാണാന്‍ കഴിയും ചെങ്ങറ സമരത്തിലും വയനാട്ടിലെ സമരത്തിലും സമരക്കാരെ ഇറക്കി വിടണം എന്നതാണ്‌ കോടതി വിധി. എന്നാല്‍ ചെങ്ങറയില്‍ ഹാരിസണ്‍ കമ്പനിയോടുള്ള നിലപാടല്ല വയനാട്ടില്‍ വീരേന്ദ്രകുമാര്‍ ജോര്‍ജ്ജ് പോത്തന്‍ തുടങ്ങിയവരുടെ കൈയേറ്റ ഭൂമിയുമായി ബന്ധപ്പെട്ട് നീലകണ്ഠനുള്ളത്.

വയനാട് സമരവുമായി ബന്ധപ്പെട്ട് നടന്ന മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വീരേന്ദ്രകുമാറിനെ നോവിക്കാതെ സി ആര്‍ നീലകണ്ഠന്‍ നടത്തുന്ന മെയ്‌വഴക്കം കണ്ടിരിക്കുന്നവരില്‍ അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു. വീരേന്ദ്രകുമാറിനെ വെറുപ്പിച്ചാല്‍ മാതൃഭൂമി പത്രവും വീക്കിലിയിലും ലഭിക്കുന്ന സ്പേസ് നഷ്ടപ്പെടും എന്നത് നീലകണ്ഠന്‌ നന്നായി അറിയാം. അത് കൊണ്ട് തന്നെയാണ്‌ ഭൂവിവാദവുമായി ബന്ധപ്പെട്ട് പി.രാജന്‍ എന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ പ്രകൃതി സ്നേഹിയായ വീരേന്ദ്രകുമാര്‍ നടത്തിയ മരം വെട്ട് കഥകളെ വെളിച്ചത്തുകൊണ്ടുവന്നത് സിആര്‍ നീലകണ്ഠന്‍ തന്ത്രപൂര്‍വ്വം വിസ്മരിക്കുന്നതും. സി.പി.ഐക്കാരുടെ മൂന്നാറിലെ ഭൂമിക്ക് ചെമ്പ് പട്ടയമുണ്ട് എന്നതിനെ പുഛിക്കുന്ന നീലകണ്ഠന്‍ വീരേന്ദ്രകുമാറിന്റെ പുഞ്ചച്ചീട്ട് പട്ടയത്തെപ്പറ്റി മൌനം പാലിക്കുന്നത് കൌതുകകരമായ സംഗതിയാണ്‌.

സ്മാര്‍ട്ട് സിറ്റി പ്രദേശത്തെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരത്തില്‍ ആദ്യ ഘട്ടത്തില്‍ സജീവമായി ഇടപെട്ട സി ആര്‍ പദ്ധതിയുമായി വി.എസ് മുന്നോട്ട് വന്നതോടെ പതുക്കെ പിന്‍വലിഞ്ഞു. സ്മാര്‍ട്ട് സിറ്റി ഉല്‍ഘാടനം നടക്കുമ്പോള്‍ പോലും തുഛമായ തുകക്ക് ഭൂമി കൊടുക്കേണ്ടി വന്ന പാവങ്ങള്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ലഭിച്ചവരെ ചൂണ്ടിക്കാണിച്ച് സ്മാര്‍ട്ട് സിറ്റി മോഡല്‍ പുനരധിവാസത്തിന്റെ വക്താവാകുകയായിരുന്നു നീലകണ്ഠന്‍.

മൂലമ്പള്ളി സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന സി ആര്‍ നീലകണ്ഠന്‌ എന്തുകൊണ്ട് അവര്‍ക്ക് ഇപ്പോഴും പുനരധിവാസം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. ലാവലില്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരായ പാര്‍ട്ടി നടപടിയെ പ്രതിരോധിക്കാന്‍ പുസ്തകം ഇറക്കുകയും അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഡല്‍ഹിയില്‍ വിമാനത്തില്‍ പറന്നെത്തി കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്ത സി ആര്‍ അതേ ആവേശം ഉള്‍ക്കൊണ്ട് തന്റെ മുഖ്യമന്ത്രിയിലുള്ള സ്വാധീനം കുടിയിറക്കപ്പെട്ടിട്ടുള്ളവര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ മിഷനറി തിരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. വി.എസിലാണ്‌ അവസാന പ്രതീക്ഷ എന്ന് നിരന്തരം ലേഖനങ്ങള്‍ എഴുതി വിടുന്ന സി ആര്‍ ചെങ്ങറ മൂലമ്പള്ളി സ്മാര്‍ട്ട് സിറ്റി കുടിയിറക്ക് വിഷയങ്ങളില്‍ വി.എസിനെ ഇടപെടുവിക്കാന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല എന്നത് മറ്റൊരു രസകരമായ സംഗതിയായി അവശേഷിക്കുന്നു. വി.എസിന്റെ ഇമേജിന്‌ കേട് പറ്റുന്നതൊന്നും സി ആര്‍ ചെയ്യാതിരിക്കുന്നത് എന്ത് നിലപാടുകളുടെ അടിസ്ഥാനത്തിലാണ്‌ എന്നത് ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.

പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ബ്രാന്‍ഡിലാണ്‌ നീലകണ്ഠന്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും കൃത്യമായി വി.എസ് പക്ഷ വിഭാഗീയരാഷ്ട്രീയം തന്നെയാണ്‌ നീലകണ്ഠന്‍ തുടരുന്നത്. അതില്‍ തന്നെ തോമസ് ഐസക്ക് അദ്ദേഹത്തിന്റെ പ്രത്യേക ടാര്‍ഗ്ഗറ്റുമാണ്‌. ഐസക്ക് നാലാംലോകവാദിയാണ്‌ എന്നതടക്കമുള്ള ആരോപണങ്ങള്‍ നിരന്തരമുപയോഗിച്ച് ഐസക്കിനെ മുതലാളിത്ത ഏജന്റാക്കി അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരാളുമാണ്‌ ഇദ്ദേഹം.

സിപിഎമ്മിലെ വിഭാഗീയതയില്‍ കൃത്യമായി പക്ഷം ചേരുകയും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകുകയും ചെയ്ത ഇദ്ദേഹം മലപ്പുറം സമ്മേളനത്തില്‍ വി.എസ് വിജയിച്ചിരുന്നു എങ്കില്‍ ഇന്ന് പ്ലാനിങ്ങ് ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ എത്തിയേനെ.നിര്‍ഭാഗ്യവശാല്‍ മലപ്പുറം സമ്മേളനത്തില്‍ വി.എസിന്‌ അടിതെറ്റുകയും അതോടൊപ്പം ഈ ചെറുമരങ്ങളുടെ സാധ്യത അടയുകയും ചെയ്തതോടെ വി.എസ് പക്ഷത്ത് നിന്ന് ഔദ്യോഗിക പക്ഷത്തെ ആക്രമിക്കുക എന്ന പ്രക്രിയ ആരംഭിച്ചു. അതിന്റെ അവസാനത്തെ ശ്രമമാണ്‌ മാതൃഭൂമിയിലെ ലേഖനത്തിലൂടെ പുറത്തുവന്നത്.

പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന ലേബലിനേക്കാലും രാഷ്ട്രീയ ഉപചാപകന്‍ എന്ന ലേബലാണ് ഇദ്ദേഹത്തിന്‌ ചേരുക. പരിസ്ഥിതി വിഷയങ്ങളില്‍ ആളു നോക്കി നിലപാട് മാറുന്ന ഇദ്ദേഹം എങ്ങനെ പരിസ്ഥിതി വാദിയാകുന്നു എന്നതാണ്‌ ഏറ്റവും വലിയ ചോദ്യം

8 comments:

കെട്ടുങ്ങല്‍ said...

ഞാനും പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യങ്ങളാണ് താങ്കള്‍ വസ്തുനിഷ്ടമായി ഇവിടെ പറഞ്ഞത്...ഇതുപോലെ കോങ്കണ്ണുള്ള ഒരുപാട് കൂതറ ബുദ്ധിജീവികളുണ്ട് നമ്മുടെ ഈ മലയാള ഉലകത്തില്‍.. ഇക്കൂട്ടരെല്ലാം വിമര്‍ശിക്കപ്പെടുകതന്നെ വേണം...

karimeen/കരിമീന്‍ said...

പതിനഞ്ചോളം ഡിഫിക്കാര്‍ കുറുവടികളുപയോഗിച്ച് ഒരു മണിക്കൂര്‍ പൊതിരെ തല്ലിയിട്ടും നീലകണ്ഠന് ഒരു കൈ പോലും ഒടിഞ്ഞില്ല.
മൂന്നാറില്‍ ഇടിച്ചുനിരത്തലിനെ അനുകൂലിക്കുവാന്‍ നീലകണ്ഠന്‍ എത്തിയത് സര്‍ക്കാര്‍ ജീപ്പിലായിരുന്നു. സ്വന്തം നേതാവ് കനിഞ്ഞു നല്‍കിയതായിരുന്നു അത്. കൂടെ സ്ഥിരം പരിസ്ഥിതിവാദികളും.
എറണാകുളം ഉപതെരെഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ യു.ഡി.ഏഫ്.സംഘടിപ്പിച്ച രഹസ്യസമ്മേളനത്തിലും നീലന്‍ നായകനായിരുന്നു.
പാലേരിയില്‍ കിട്ടേണ്ടത് കിട്ടിയപ്പോള്‍ നീലന്‍ ഓര്‍ത്തത് എം.ടിയുടെ വരികളായിരുന്നിരിക്കാം. “ അച്ചുവിനിഷ്ടം എന്നും അച്ചുവിനെ മാത്രം”

കിരണ്‍ തോമസ് തോമ്പില്‍ said...

എന്തു ചെയ്യാം കരിമീനെ നിലകണ്ഠന്റെയും വി.എസിന്റെയും ജയശങ്കറിന്റെയും കാലമാണ്‌ ഇത്. ഭാഗ്യത്തിന്‌ ജയശങ്കര്‍ ഐസക്കിനെ അംഗീകരിക്കുന്നുണ്ട്. പക്ഷെ പഴയ ക്രൈം കഥകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടാണ്‌ എന്ന് മാത്രം ഉദാഹരണം മലയാളഭാഷയില്‍ ഐസക്കിന്‌ സീമാതീതമായ അറിവുണ്ട് എന്ന് തറ കമന്റ് സ്ഥിരമായി പറയും

അങ്കിള്‍ said...

Tracking

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അടികിട്ടി അര മണിക്കൂറിനുള്ളില്‍ തന്നെ ഏഷ്യാനെറ്റില്‍ ലൈവ് അഭിമുഖം കൊടുത്തു “ അവശനായി” പ്പോയ ഈ സാമൂഹ്യ സേവകന്‍...!


പ്രസക്തമായ ലേഖനം..........

പട്ടേപ്പാടം റാംജി said...

തനിനിറം പിച്ചിച്ചീന്തുന്ന പ്രസക്തമായ ലേഖനം...
ആശംസകള്‍..

jeesh said...

Very well drafted.. keep it up.
Sajeesh Narayan

ബിജുകുമാര്‍ said...

ഇത്തരം നീലാണ്ടന്മാരാണ് ഇന്ന് മലയാളിയുടെ പൊതുബോധ്യത്തെ നിര്‍മ്മിയ്ക്കുന്നത്. ഇവരെ കൊണ്ടാടുന്ന മാധ്യമങ്ങള്‍ മലയാളിയുടെ മുഖത്താണ് വിസര്‍ജിയ്ക്കുന്നത്. ഇത്തരം ഒരു ചരക്കാണ് ജയശങ്കര്‍ എന്ന ജന്തു. അയാളുടെ മുഖത്തെ ആ പുച്ഛചിരി ഓരോ മലയാളിയ്ക്കു നേരെയുമുള്ള ആട്ടാണ്. ഇത്തരം ചൊറിയണങ്ങളെ വെട്ടിക്കൂട്ടി തെങ്ങിന്‍ കുഴിയില്‍ മൂടേണ്ട കാലം എന്നേ കഴിഞ്ഞു.