Friday, June 25, 2010

റോഡിലെ പൊതുയോഗം മാത്രം നിയന്ത്രിച്ചാല്‍ മതിയോ?

പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ വിലക്കിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് ഇറങ്ങി. ഇതുമായു ബന്ധപ്പെട്ട വിധിയിലെ പ്രധാന സംഗതികള്‍ ഇവയാണ്‌

അനുമതിയില്ലാതെ പൊതുനിരത്തിലും പാതയോരത്തും യോഗങ്ങള്‍ നടത്തിയാല്‍ പൊലീസ് നടപടി എടുക്കണം. ഗതാഗത തടസ്സത്തിന് കാരണമാകുന്ന സ്‌റ്റേജും മറ്റും നീക്കണം. ഗതാഗത തടസ്സം ഒഴിവാക്കാന്‍ മാത്രമല്ല, ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് നിരോധ ഉത്തരവെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

അലക്ഷ്യമായി ഓടിക്കുന്ന വാഹനങ്ങള്‍ പാഞ്ഞുകയറി അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. ചീഫ് സെക്രട്ടറിയെ കോടതി സ്വമേധയാ ഹരജിയില്‍ കക്ഷിചേര്‍ത്തു. അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലെ സ്‌കൂളുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മൈതാനങ്ങള്‍ സമ്മേളനങ്ങള്‍ നടത്താന്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. പാതയോരത്തുനിന്ന് മാറിയുള്ള തുറന്ന മൈതാനങ്ങളും സമ്മേളനങ്ങള്‍ക്കായി നല്‍കണം.

കോടതിവിധിക്ക് എതിരെ സി.പി.എമിനെപ്പോലെ ഉള്ള ഇടതു സംഘടനകള്‍ മാത്രമാണ്‌ പ്രതികരിച്ചിരിക്കുന്നത്. മാധ്യമങ്ങളെല്ലാം കോടതി വിധിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. ഇങ്ങനെ ഒരു മുഖപ്രസംഗം മാധ്യമം പത്രം വരെ എഴുതി.

ഇനി ആരെങ്കെലും ഈ വിധിയുടെ ചുവടുപിടിച്ച് മതപരമായ ആഘോഷങ്ങളേ ഇതെ പോലെ റോഡില്‍ നിന്ന് തുടച്ച് നീക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയാലും സമാന വിധി കിട്ടുമോ. അങ്ങനെ കിട്ടിയാല്‍ പൊങ്കാല പള്ളിപ്പെരുന്നാള്‍ നബിദിന റാലി തുടങ്ങിയവയും നിരോധിക്കപ്പെടുന്നത് മാധ്യമ സമൂഹം ഇതേ ആവേശത്തില്‍ സ്വാഗതം ചെയ്യുമോ.അങ്ങനെ എങ്കില്‍ ഈ വിധിക്ക് അര്‍ത്ഥമുണ്ടാകും. ഇലെങ്കില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചിടത്ത് മത സംഘടനകള്‍ പിടിമുറിക്കയത് പോലെയാകും ഇത്.

ഈ വിഷയത്തില്‍ വന്ന് മറ്റ് പോസ്റ്റുകള്‍


13 comments:

അനില്‍@ബ്ലോഗ് said...

എന്തായാലും അതൂടെ വരട്ടെ.
അപ്പോള്‍ കാണാം കളി.

മുക്കുവന്‍ said...

ഹൈക്കോടതി വിധി സ്വാഗാതാര്‍ഹം.. പക്ഷേ പള്ളിപ്പെരുന്നാളോ,ഉത്സവമോ തടയാന്‍ ചെന്നാല്‍ അപ്പോ മതവികാരം വ്രണപ്പെടും...:)

മുക്കുവന്‍ said...

ഞങ്ങളുടേ നാട്ടില്‍ കുരിശിന്റെ വഴി എന്ന ഒരു കലാപരിപാടിയുണ്ട്... 7/8 വാരം വെള്ളി ദിവസങ്ങളില്‍ കോളാമ്പി മൈക്ക് വച്ച് ഘോരഘോരം പാടി നടക്കണ ഒരു പരിപാടി.. ആരെ തോല്പിക്കാനാണെന്ന് എനിക്ക് ഇപ്പോഴും ഒരു പിടികിട്ടണില്ലാ‍ാ‍ാ‍ാ‍ാ

shajiqatar said...

വളരെ അപകടം പിടിച്ച കോടതി വിധി.

വിജി പിണറായി said...

'ആരെങ്കെലും ഈ വിധിയുടെ ചുവടുപിടിച്ച് മതപരമായ ആഘോഷങ്ങളേ ഇതെ പോലെ റോഡില്‍ നിന്ന് തുടച്ച് നീക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയാലും സമാന വിധി കിട്ടുമോ.'

ഇതെന്തു ചോദ്യമാ കിരണേ...? അങ്ങനെയൊരു ഹര്‍ജി നല്‍കുന്നതു പോയിട്ട് അതിനെക്കുറിച്ച് ആലോചിക്കുക പോലും ചെയ്താല്‍ ‘തുടച്ചു നീക്കും’, ആഘോഷങ്ങളെയല്ല, തടയാന്‍ ആലോചിച്ചവനെ! ജനാധിപത്യപരമായി പ്രതികരീക്കുന്ന രാഷ്ട്രീയക്കാരുടെ മേല്‍ കുതിര കയറുന്നതു പോലെ മതങ്ങളെ തൊട്ടു കളിക്കാനോ? കൈ പൊള്ളും, കോടതിക്കായാലും മാധ്യമശിങ്കങ്ങള്‍ക്കായാലും! (സമാനമായ ഒരു കമന്റ് ‘കൂട്ടം ചേരാന്‍ സ്വാതന്ത്ര്യമില്ലേ?’ എന്ന പോസ്റ്റില്‍ ഞാനും ഇട്ടിരുന്നു.)

ea jabbar said...

ഈ അഭിപ്രായം ഒരു പത്തു കൊല്ലമായി മനസ്സില്‍ കൊണ്ടു നടക്കുന്ന ആളാണു ഞാന്‍ . റോടുകള്‍ മനുഷ്യര്‍ക്കു യാത്ര ചെയ്യാനുള്ളതാണ്. അതു മുടക്കിക്കൊണ്ട് റോടും തെരുവും കയ്യേറുന്ന എല്ലാ പരിപാടിയും നിരോധിക്കണം. നിയമവും നിരോധനവും എന്നതിനപ്പുറം ഇതൊക്കെ ഒരു സംസ്കാരമായി നാം സ്വയം പാലിക്കുകയാണു വേണ്ടത്. കിരണ്‍ പറഞ്ഞതിനോടു യോജിക്കുന്നു :-
ഇനി ആരെങ്കെലും ഈ വിധിയുടെ ചുവടുപിടിച്ച് മതപരമായ ആഘോഷങ്ങളേ ഇതെ പോലെ റോഡില്‍ നിന്ന് തുടച്ച് നീക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയാലും സമാന വിധി കിട്ടുമോ. അങ്ങനെ കിട്ടിയാല്‍ പൊങ്കാല പള്ളിപ്പെരുന്നാള്‍ നബിദിന റാലി തുടങ്ങിയവയും നിരോധിക്കപ്പെടുന്നത് മാധ്യമ സമൂഹം ഇതേ ആവേശത്തില്‍ സ്വാഗതം ചെയ്യുമോ.അങ്ങനെ എങ്കില്‍ ഈ വിധിക്ക് അര്‍ത്ഥമുണ്ടാകും. ഇലെങ്കില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചിടത്ത് മത സംഘടനകള്‍ പിടിമുറിക്കയത് പോലെയാകും ഇത്.

വിബിഎന്‍ said...
This comment has been removed by the author.
വിബിഎന്‍ said...

കോടതികളുടെ വില കളയാൻ ഇത്തരം കോമൺസെൻസ് ഇല്ലാത്ത കുറെ ന്യായാധിപന്മാർ ഉണ്ട്. മുൻപ് പൊതു നിരത്തിൽ തുപ്പുന്നത് നിരോധിച്ചതു പോലെ. യൂറൊപ്യൻ രാജ്യങ്ങളെ പിന്തുടർന്ന്താണ് ജഡ്ജി. പക്ഷേ ഇവിടെ അതു എത്രത്തോളം പ്രായോഗികമാണെന്നു ആലോചിക്കാനുള്ള് സാമാന്യ ബോധം ഉണ്ടായില്ല അങ്ങേർക്കു.

അതുപോലെ എനിക്കുള്ള ഒരു സംശയം, ഈ ഐ.പി.സി. എന്നു പറഞ്ഞാൽ ഇൻഡ്യക്കു മുഴുവൻ ബാധകമല്ലേ? അതു വ്യാഖ്യാനിക്കുമ്പോൾ കേരളത്തിൽ മാത്രമേ ഇത്തരം വിധികൾ വരുന്നൊള്ളൂ, അതുകൊണ്ടു ചോദിച്ചു പോയതാ...

ഇ.എ.സജിം തട്ടത്തുമല said...

പതിറ്റാണ്ടുകളായി കേരളത്തിൽ പൊതുനിരത്തികളുടെ ഓരം പറ്റി രാഷ്ട്രീയ സാംസ്കാരിക സമ്മേളനങ്ങൾ നടക്കുന്നു.കേരളത്തിലെ ജനങ്ങൾക്ക് ഇന്ന് ഉണ്ടന്നു നാം പറയുന്ന പ്രബുദ്ധത ഉണ്ടായതിൽ ഇത്തരം പൊതുയോഗങ്ങളിലെ പ്രസംഗങ്ങളും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുള്ളതാണ്.നാലാളുകൾ കൂടുന്നിടത്താണ് ആശയപ്രചരണം നടക്കേണ്ടത്. അത് പൊതുവഴിയരികിലുമാകാം. റോഡരികിൽ നടക്കുന്ന പൊതുയോഗങ്ങൾക്കരികിലൂടെ അല്പം സ്ലോ ചെയ്തു പോകേണ്ടി വരുന്നു എന്നതല്ലാതെ ഒരു തടസ്സവും സാധാരണ ഉണ്ടാവാറില്ല. എന്നാൽ മതാ‍ഘോഷങ്ങളോ? ഒരു മതാഘോഷം നടക്കുന്നതിന്റെ പരിസരപ്രദേശങ്ങളിലെല്ലാം ഗതാഗതതടസ്സം.കിലോമീറ്ററുകൾക്കപ്പുറത്തിരിക്കുന്ന ദൈവങ്ങളെ പ്രസദിപ്പിക്കാൻ നഗരജീവിതം ഒന്നാകെ സ്തംഭിപ്പിക്കൽ!ഇവിടെ രാഷ്ട്രീയക്കാർക്ക് ഉച്ചഭഷിണി നിരോധനം. പൾലികളിൽ നടക്കുന്ന മത പ്രഭാഷണങ്ങൾ കേൾപ്പിക്കാൻ കിലോമീറ്ററുകളോളം ദൂരത്തിൽ കോളാമ്പികൾ വച്ചു കെട്ടി അന്യമതസ്ഥന്റെ കൂടി കാതു തുളപ്പിക്കൽ. ഇതിലൊന്നും ഒരു കോടതിക്കും തോടേണ്ട.വിജി പിണറായിയുടെ അഭിപ്രായത്തെ പിന്താങ്ങുന്നു. അരാഷ്ട്രീയവൽക്കരണത്തിന് വെള്ളവും വളവും നൽകുക വഴി കോടതികളും ഇരിക്കുന്ന കൊമ്പാണു മുറിക്കുന്നതെന്ന് നമ്മുടെ ഈ (അ)ന്യായാധിപന്മാർ എന്നാണാവോ മനസ്സിലാക്കുക!

ഈയുള്ളവന്റെയും പുതിയ പോസ്റ്റിന്റെ വിഷയം ഇതായിരുന്നു.

കാക്കര kaakkara said...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം.

റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌.

റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു.

കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിലും കളിക്കും. നിരോധിക്കുന്നതിന്‌ മുൻപ്‌ കളിസ്ഥലം നിർമ്മിക്കുക...

ഓഫ്‌... എം.വി. ജയരാജനെ പാർട്ടി സെക്രട്ടറിയാക്കുക!!!

N.J ജോജൂ said...

കോടതിവിധിയില്‍ രാഷ്ട്രീയ യോഗങ്ങള്‍ എന്നു പറഞ്ഞിട്ടൂണ്ടോ കിരണേ. പൊതുസ്ഥലത്ത് നടത്തുന്ന ആഘോഷങ്ങള്‍ യോഗങ്ങള്‍  എന്തുമായിക്കൊള്ളട്ടെ അതു മതപരമാണെങ്കിലും അല്ലെങ്കിലും അനുവാദമില്ലാതെ നടത്തുവാന്‍ അവകാശമില്ല. അതിനൊരു പ്രത്യേക വിധിയുടെ ആവശ്യം തന്നെയുണ്ടെന്നു തോന്നുന്നില്ല.

പാര്‍ത്ഥന്‍ said...

ജാഥ പോകുമ്പോൾ ഒരു വശത്തുകൂടെ ഗതാഗതം നിയന്ത്രിച്ച് വിടുന്നത് പാലിക്കാത്തപ്പോൾ അത് പൊതുജനങ്ങളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലാണ്. പൊതുയോഗം ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായി സാധാരണ ഗതാഗതം തടസ്സപ്പെടുത്തി വേറെ സംവിധാനം ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തീർത്തും പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉത്സവങ്ങൾ നടക്കുമ്പോൾ എവിടെയും അത് തീരുന്നതുവരെ ഗതാഗത തടസ്സം ഉണ്ടാക്കിയതായി പരാതി കേട്ടിട്ടില്ല. ഇടതും-വലതും നിയന്ത്രിച്ച് വിടുന്നതിലെ താമസം എല്ലാവരും അംഗീകരിക്കും. ആറ്റുകാൽ പൊങ്കാല പോലുള്ള അവസരത്തിലും അത്യാവശ്യം വേണ്ട ചില സ്ഥലങ്ങളിൽ നിയന്ത്രിത ഗതാഗത സംവിധാനം ഏർപ്പെടുത്തിയാൽ അവിടെയും ഈ അപഖ്യാതി ഒഴിവാക്കാവുന്നതേയുള്ളൂ. ഇതെല്ലാം കൊല്ലത്തിൽ ഒരിക്കലല്ലെ ഉള്ളൂ. രാഷ്ട്രീയ പാർട്ടികളുടെ ബന്ദും ഹർത്താലും ജാഥയും മിന്നൽ പണിമുടക്ക്-ബന്ദ് തുടങ്ങിയവ പോലെ എന്നും ആഘോഷിക്കുന്നതല്ല എന്ന യാഥർത്ഥ്യവും കണക്കിലെടുക്കണം.

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com