Monday, August 02, 2010

വി.എസ് അങ്ങനെ പറയില്ല പക്ഷെ പിണറായി പറയും ഉറപ്പ്

വി.എസ് അച്ചുതാനന്ദന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയായി അവതരിപ്പിക്കപ്പെട്ട 20 വര്‍ഷം കൊണ്ട് ഇസ്ലാമിക രാഷ്ട്ര നിര്‍മ്മാണത്തെപ്പറ്റി പല കോണുകളില്‍ നിന്നും പലതരത്തിലുള്ള അഭിപ്രായങ്ങള്‍ വന്നു. യു.ഡി.എഫ് ഒന്നടങ്കം വി.എസിണ്‌ എതിരെ എത്തി ഒപ്പം മുസ്ലിം സംഘടനകളും . സംഘപരിവാരുകാര്‍ക്കും മറ്റും ഈ പ്രസ്താവന ആവേശം പകരുകയും ചെയ്തു. സി.പി.എമില്‍ നിന്ന് പതിവിന്‌ വ്യത്യസ്ഥമായി വി.എസിന്‌ ഈ വിഷയത്തില്‍ പിന്‍തുണ കിട്ടുകയും ചെയ്തു. പിണറായി വിജയന്‍ പോലും ശക്തമായ പിന്‍തുണയാണ്‌ വി.എസിന്‌ കിട്ടിയത്. അതോടെ സി.പി.എമിന്റെ മൃദു ഹിന്ദുത്വ അജണ്ടയാണ്‌ ഇതെന്ന് പൊതുവില്‍ വ്യാഖ്യാനിക്കപ്പെട്ടു.

വി.എസിന്റെ ഈ പ്രസ്താവന അദ്ദേഹത്തിന്റെ കടുത്ത ഫാന്‍സില്‍ ആശങ്കയുണ്ടാക്കി. പണ്ട് വി.എസ് മലപ്പുറത്തെ കുട്ടികളുടെ വിജയ ശതമാനത്തില്‍ ആക്ഷേപം ഉന്നയിച്ചത് ഈ അവസരത്തില്‍ കൂട്ടി വായിക്കപ്പെട്ടതും അവരെ അങ്കലാപ്പിലാക്കി. ജമായത്ത് ഇസ്ലാമിയുടെ പ്രയങ്കരനായ വി.എസ് പക്ഷ സാംസ്ക്കാരിക പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠനെ അത് പ്രകോപിപ്പിച്ചു. അദ്ദേഹം എന്തായാലും മംഗളം പത്രത്തില്‍ വി.എസിന്റെ പ്രതാവനയെ മയപ്പെടുത്താന്‍ അവതരിച്ചു. പ്രസ്താവന ചുമ്മാ മയപ്പെടുത്താന്‍ കഴിയില്ല അപ്പോള്‍ എങ്ങനെയെങ്കിലും അത് പിണറായി വിജയന്റെ തലയില്‍ കെട്ടി വയ്ക്കണം അങ്ങനെ വി,എസിന്റെ നിഷ്കളങ്കത മാലോകരെ അറിയിക്കണം. അതിവിടെ വായിച്ച് ആഹ്ലാദിക്കാന്‍ ചുവടെ ചേര്‍ക്കുന്നു
കടപ്പാട് മംഗളം ദിനപ്പത്രം

നേര്‍വാക്ക്‌: 'ഹൃദയങ്ങള്‍ ആയുധപ്പുരകളാക്കരുത്‌ '
ഇക്കഴിഞ്ഞ ഒരുദിവസം പതിവുപോലെ മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിച്ചുകൊണ്ട്‌ (അല്‍പം തര്‍ക്കിച്ചുകൊണ്ട്‌) വീട്ടിലേക്കു കയറുകയായിരുന്നു. മൂവാറ്റുപുഴയില്‍ അധ്യാപകനു നേരെയുണ്ടായ ഹീനമായ ആക്രമണത്തെ മതത്തിന്റേയോ ന്യൂനപക്ഷാവകാശങ്ങളുടേയോ മറപിടിച്ചു ന്യായീകരിക്കുന്നതു തെറ്റാണെന്നും അതിനു പിന്നില്‍ സമൂഹത്തെ നെടുകെ വിഭജിക്കാനുള്ള വലിയൊരു ഗൂഢാലോചനയുണ്ടെന്നും ഇതിനുത്തരവാദികളായ മുഴുവന്‍ പേരെയും കണ്ടെത്തി കര്‍ശനമായി ശിക്ഷിക്കണമെന്നും ആവേശത്തോടെ സംസാരിച്ചു നിര്‍ത്തിയപ്പോള്‍ തൊട്ടയല്‍വീട്ടിലെ ഒരു 14 വയസുകാരന്‍ കുട്ടി ഏറെ വ്യാകുലതയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. അവന്‍ ഇസ്ലാം മതവിശ്വാസിയാണ്‌. നന്നായി പഠിക്കുന്ന, കളിക്കുന്ന കുട്ടിയാണ്‌. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം പോലെതന്നെയാണ്‌. ആരും അടുത്തില്ലെന്നുറപ്പു വരുത്തി അവന്‍ എന്നോടു ചോദിച്ചു ''റസൂലിനെപ്പറ്റി മോശമായി എഴുതിയ ഒരാളുടെ കൈ വെട്ടിയതില്‍ തെറ്റുണ്ടോ ചേട്ടാ?'' എന്ന്‌. ഞാന്‍ ആകെ തളര്‍ന്നുപോയി. ഈ കുട്ടിയില്‍നിന്ന്‌ ഇത്തരമൊരു ചോദ്യം വരണമെങ്കില്‍ അവന്റെ വീട്ടില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നിരിക്കണമെന്നതാണ്‌ എന്നെ ഭയപ്പെടുത്തിയത്‌. എനിക്കറിയാവുന്ന ഇസ്ലാം മതവിജ്‌ഞാനം വച്ചുകൊണ്ട്‌ ഇതു തെറ്റാണെന്നു ഞാന്‍ അവനു പറഞ്ഞുകൊടുത്തു. തന്നെ വിമര്‍ശിക്കുക മാത്രമല്ല കൊല്ലാന്‍ വന്നവരോടു പോലും ഹിംസ പ്രയോഗിക്കാത്ത പ്രവാചകനായിരുന്നു റസൂലെന്നും മറ്റും ഞാന്‍ വിവരിച്ചു. ''ഒരു രാഷ്‌ട്രീയ നേതാവിനെതിരായും പാര്‍ട്ടിക്കെതിരായും എഴുതുകയും പറയുകയും ചെയ്‌തതിനല്ലേ ഞാന്‍ അടികൊണ്ടത്‌? അതു ശരിയാണെന്നു നീ കരുതുന്നുവോ?'' എന്ന ചോദ്യം അവനെ തോല്‍പിച്ചു. കാരണം എന്നെ വളരെയധികം സ്‌നേഹിച്ചിരുന്ന അവന്‌, എനിക്കു മര്‍ദനമേറ്റെന്നറിഞ്ഞ രാത്രി ഉറങ്ങാനായില്ലെന്നു ഞാനറിഞ്ഞിരുന്നു. പക്ഷേ, ഈ കുട്ടിയെ ആശ്വസിപ്പിച്ചതുകൊണ്ടായില്ല. കേരളത്തിലെ നിരവധി കുട്ടികളുടെയും വലിയവരുടെയും മനസുകളെ (വയലാര്‍ രാമവര്‍മയുടെ ഗാനത്തില്‍ പറയുന്നതുപോലെ) ആയുധപ്പുരകളാക്കുകയാണ്‌ ഏതുതരം വര്‍ഗീയ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ദ്രോഹം. വെട്ടിമുറിച്ച കൈപ്പത്തി ഒരുപക്ഷേ കുറെ ഡോക്‌ടര്‍മാര്‍ക്കു തുന്നിച്ചേര്‍ക്കാനായേക്കാം. പക്ഷേ, മുറിവേറ്റ (ആയുധങ്ങള്‍ നിറച്ച) മനസുകളെ എങ്ങനെ തുന്നിച്ചേര്‍ക്കാനാകും?മതം, വര്‍ഗീയത, സ്വത്വം തുടങ്ങിയവ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്തു വളരെ സൂക്ഷ്‌മതയോടെ മാത്രമേ ഇതു കൈകാര്യം ചെയ്യാനാകൂ. കേവല പാശ്‌ചാത്യ മതേതരത്വം (മതവും രാഷ്‌ട്രീയവും വെള്ളം ചേര്‍ക്കാത്ത അറകളിലാക്കുന്ന രീതി) ഇന്ത്യ പോലൊരു ബഹുമത സമൂഹത്തില്‍ സാധ്യമല്ലെന്നു കണ്ടെത്തിയതു നമ്മുടെ രാഷ്‌ട്രപിതാവായ മഹാത്മജി തന്നെയായിരുന്നു. ഇന്നു മതേതരത്വം പ്രസംഗിക്കുന്നവര്‍, സ്വത്വ രാഷ്‌ട്രീയം വര്‍ഗീയതയും ജാതീയതയുമാണെന്നു വാദിക്കുന്നവര്‍, ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജാതിയും ഉപജാതിയും മതവും അതിലെ അവാന്തരവിഭാഗങ്ങളും കുടുംബമഹിമയും (ചിലപ്പോഴെല്ലാം) തൊലിയുടെ വെളുപ്പും വരെ ഉപയോഗിക്കുമ്പോള്‍ ഇവരുടെ കാപട്യം വ്യക്‌തമാകുന്നു. ഇവിടെ മതത്തെ അതിന്റെ സത്തയില്‍നിന്നും അടര്‍ത്തിമാറ്റി പ്രയോഗിക്കുകയാണ്‌.

ഈ പശ്‌ചാത്തലത്തില്‍ വേണം മുഖ്യമന്ത്രി നടത്തിയ (പോപ്പുലര്‍ ഫ്രണ്ട്‌ സംബന്ധിച്ച) വിവാദ പ്രസ്‌താവനയെ വിലയിരുത്താന്‍. ഇന്ത്യയില്‍ 80 ശതമാനം ജനങ്ങളും ഹിന്ദുക്കളാണെന്നും (ഏതു ഹിന്ദുവെന്ന ചോദ്യം തല്‍ക്കാലം വിടുന്നു) അതുകൊണ്ടിതൊരു ഹിന്ദു രാഷ്‌ട്രമാക്കണമെന്നും വാദിക്കുന്നവര്‍ ഇവിടെയുണ്ടല്ലോ. എന്നാല്‍, ഇവര്‍ പറയുന്ന ഹിന്ദുക്കളില്‍ ഒരു ശതമാനം പോലും ഇത്തരമൊരു ലക്ഷ്യം സ്വപ്‌നത്തില്‍ പോലും ഇല്ലാത്തവരാണ്‌ എന്നും നമുക്കറിയാം. കാരണം ഇവരുടെ നിത്യജീവിതത്തില്‍ ഇത്‌ ഒട്ടുംതന്നെ പ്രധാനമായ ഒന്നല്ലെന്നവര്‍ക്കറിയാം. ഇതുപോലെ തന്നെയാണു കേരളത്തെ ഇസ്ലാമിക ഭൂരിപക്ഷ സംസ്‌ഥാനമാക്കാമെന്നും മറ്റുമുള്ള ചില 'മലര്‍പ്പൊടിക്കാരന്റെ സ്വപ്‌ന'ങ്ങളും. സാമാന്യബോധമുള്ള ഒരു ഇസ്ലാം മതവിശ്വാസിയും ഇതാഗ്രഹിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍, ഇതങ്ങനെ അവഗണിക്കാനാവുന്ന ഒന്നല്ല. അതിന്യൂനപക്ഷമായ സവര്‍ണ ഫാസിസ്‌റ്റുകളാണല്ലോ ഇന്ത്യയില്‍ പലയിടത്തും വര്‍ഗീയ കലാപങ്ങള്‍ക്കു കാരണമായത്‌. ഗുജറാത്തിലും ഒറീസയിലും കൂട്ടനരഹത്യയ്‌ക്കു വഴിവച്ചതും. ഇവരുടെ ലക്ഷ്യം രാമരാജ്യം സ്‌ഥാപിക്കലൊന്നുമല്ല, മറിച്ച്‌ സമൂഹമനസില്‍ ആയുധപ്പുരകള്‍ നിര്‍മിച്ച്‌ അതുപയോഗിച്ചു രാഷ്‌ട്രീയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടലാണ്‌. ആഗോളീകരണ നയങ്ങള്‍ ആരംഭിച്ച കാലത്തുതന്നെയാണല്ലോ ഇവര്‍ ബാബറി മസ്‌ജിദ്‌ പൊളിച്ചതും. അതോടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ പ്രധാന പ്രശ്‌നം സാമ്പത്തിക നയങ്ങളല്ലാതായി, മറിച്ച്‌ പള്ളിയും അമ്പലവുമായി.

ഈ സാഹചര്യത്തില്‍ ഇത്തരമൊരു പ്രസ്‌താവന നടത്തുകവഴി കേരളീയ സമൂഹത്തില്‍ എന്തു മാറ്റമാണുണ്ടാകുക എന്നു മുഖ്യമന്ത്രി അല്‍പം ആലോചിക്കേണ്ടതായിരുന്നു. സമൂഹത്തിന്റെ ഘടന തകര്‍ക്കാന്‍ വിദേശ പണം പോലും കൈപ്പറ്റി ഇവിടെ പ്രവര്‍ത്തിക്കുന്ന ചിലരുടെ ലഘുലേഖലയിലെ ജല്‍പനങ്ങള്‍ക്ക്‌ ഇത്ര പ്രചാരണം നല്‍കേണ്ടിയിരുന്നോ എന്നതുതന്നെയാണു പ്രധാന ചോദ്യം. മുഖ്യമന്ത്രി പറഞ്ഞതു വസ്‌തുതയാണ്‌. ഇത്തരം ഹിംസാത്മക പ്രചാരണക്കാരെ ഒറ്റപ്പെടുത്തി തോല്‍പിക്കണം. പൊതുസമൂഹത്തില്‍നിന്നു യാതൊരു പിന്തുണയും ഇവര്‍ക്കു കിട്ടില്ലെന്നുറപ്പു വരുത്തണം. പക്ഷേ, അതിനു സഹായകമാകുന്ന പ്രസ്‌താവനയാണോ ഇത്‌? കാര്യമറിയാത്ത കുറെ മനസുകളിലെങ്കിലും തെറ്റിദ്ധാരണയുടെ വിത്തുവിതയ്‌ക്കപ്പെടാന്‍ ഇതു വഴിവക്കില്ലേ? ഒരിക്കലും മുഖ്യമന്ത്രി ഇതുദ്ദേശിച്ചിരിക്കില്ലെന്നു ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ്‌ ഈ ലേഖകന്‍.

എന്നാല്‍, എല്ലാത്തിലും മുഖ്യമന്ത്രിയുമായി വൈരുദ്ധ്യമുള്ള പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്‌താവനയ്‌ക്കു പിന്തുണയുമായി വന്നതോടെ പ്രശ്‌നം ഗുരുതരമാകുകയാണ്‌. പ്രകടമായ സങ്കുചിത താല്‍പര്യങ്ങള്‍ വച്ചുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയുടെ അലയൊലികള്‍ സമൂഹത്തില്‍ സജീവമായി നിര്‍ത്താനുള്ള ഇടപെടലാണിത്‌. പത്തുമാസത്തിനകം രണ്ടു തെരഞ്ഞെടുപ്പുകളെ (തദ്ദേശഭരണം, നിയമസഭ) നേരിടാന്‍ പാര്‍ട്ടിയും മുന്നണിയും തയാറെടുക്കുകയാണ്‌.

ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ ദേശീയ സംസ്‌ഥാന രാഷ്‌ട്രീയ സാഹചര്യങ്ങളോ ഒന്നും ഇടതുപക്ഷത്തിനു ജനപ്രീതി കിട്ടാന്‍ സഹായകമാകില്ലെന്നു മറ്റാരേക്കാളും നന്നായറിയാവുന്ന വ്യക്‌തിയാണു പിണറായി വിജയന്‍. അതുകൊണ്ടുതന്നെ ജനങ്ങളെ ബാധിക്കുന്ന സാമൂഹികപ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ചുവിടുകയും മതം പോലുള്ള ചില വൈകാരിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കു വിടുകയും ചെയ്യുകയെന്ന ഹീനമാര്‍ഗമാണ്‌ ഇതുവഴി ഇവര്‍ തേടുന്നത്‌ എന്നു കരുതേണ്ടിയിരിക്കുന്നു. 2009-ലെ തെരഞ്ഞെടുപ്പു വരെ ഇടതുപക്ഷം യാതൊരു മടിയും കൂടാതെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരുന്നതാണ്‌. 2009-ല്‍ ഏറെ വിവാദമായ പി.ഡി.പിയും മഅ്‌ദനിയുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന്‌ ഇടതുപക്ഷം ഇതുവരെ ജനങ്ങളോടു പറഞ്ഞിട്ടില്ല. അതു തെറ്റായിരുന്നുവെന്നും സമ്മതിച്ചിട്ടില്ല. എന്നാല്‍, അത്തരം അടവുനയങ്ങള്‍ കൊണ്ടൊന്നും കേരളീയരുടെ പിന്തുണ നേടാനായിട്ടില്ലെന്നു ഇവര്‍ക്കു ബോധ്യമായി, തെരഞ്ഞെടുപ്പു ഫലത്തിലൂടെ.

ഓരോ തെരഞ്ഞെടുപ്പിലും മാറി മാറി മുന്നണികളെ പിന്തുണയ്‌ക്കുന്ന 'നിഷ്‌പക്ഷ' വോട്ടുകളല്ല, ഇടതുപക്ഷത്തിന്റെ ഉറച്ച അടിത്തറയായി പ്രവര്‍ത്തിച്ചിരുന്ന വോട്ടുകളിലാണ്‌ ഇടിവുണ്ടായത്‌ എന്നവര്‍ക്കറിയാം (കണ്ണൂര്‍, വടകര, കോഴിക്കോട്‌ തുടങ്ങിയ മണ്ഡലങ്ങള്‍ ഉദാഹരണം). ഇതെല്ലാമൊന്നു മാറ്റിയെടുക്കാന്‍ ചില പുതിയ അടവുനയങ്ങള്‍ക്കു രൂപം നല്‍കലാണു പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം. പക്ഷേ, കാലാകാലങ്ങളായി വലതുപക്ഷം സ്വീകരിച്ചുപോന്ന ഒരടവാണിത്‌, ജനങ്ങളെ അവരുടെ ജീവിതപ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ അനുവദിക്കാതിരിക്കല്‍ എന്നത്‌. ഇവിടെ ഇടതുപക്ഷമെന്ന്‌ അവകാശപ്പെടുന്നവരാണ്‌ ഈയടവ്‌ സ്വീകരിക്കുന്നത്‌. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്നതിനപ്പുറമുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന ഒരു അടവാണിത്‌. ഇത്തരം വര്‍ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്‌ടിക്കുന്ന ആയുധപ്പുരകള്‍ നിറഞ്ഞ മനസുകള്‍ ഇവിടെ വര്‍ധിപ്പിക്കാന്‍ ഇതു വഴിവക്കുമെന്നതിനാല്‍ തന്നെ ഇതു ഭീതിജനകമാണ്‌. ''മാനവഹൃദയങ്ങളെ ആയുധപ്പുരകളാക്കരുതേ'' എന്നേ നമുക്കു പറയാനുള്ളൂ.

-സി.ആര്‍.നീലകണ്‌ഠന്‍

3 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതിവിടെ ഇട്ടത് നന്നായി കിരണ്‍..നീലകണ്ഠന്‍ സാറിന്റെ ഈ പ്രവചങ്ങള്‍ ഒക്കെ നമുക്ക് ഭാവിയിലും വേണ്ടി വരും.....!

അങ്കിള്‍ said...

:)

chithrakaran:ചിത്രകാരന്‍ said...

സി.ആര്‍. നീലകണ്ഠന് ഉമ്മന്‍ ചാണ്ടിയുടെ
പ്രേതം കേറിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഏതായാലും അയാളുടെ അഭിപ്രായം അറിയിച്ചതിനു നന്ദി.
...........

കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !