Tuesday, August 03, 2010

മാത്തുക്കുട്ടിച്ചായനും മനോരമയും പിന്നെ ലാവ്‌ലിനും

മലയാള മനോരമയുടെ ചീഫ് എഡിറ്റര്‍ കെ.എം മാത്യുവിനെപ്പറ്റിയുള്ള അനുസ്മരണക്കുറിപ്പില്‍ (ഞങ്ങള്‍ പഠിച്ച പാഠപുസ്തകം) പത്രത്തിന്റെ എഡിറ്റര്‍ തോമസ് ജേക്കബ് ഇങ്ങനെ എഴുതി

സംസാരത്തിലും പെരുമാറ്റത്തിലും വിനയം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കൈമുതലാക്കിയ മാത്യുവിന്റെ വശ്യമായ ചിരിപോലെ അക്ഷോഭ്യവും സൌമ്യവുമായിരുന്നു നിലപാടുകളും. ആരെയെങ്കിലും എതിര്‍ക്കേണ്ടിവന്നാല്‍, ആരോടെങ്കിലും വേര്‍പിരിയേണ്ടി വന്നാല്‍ അയാളെ വേട്ടയാടി നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നു വിശ്വസിച്ച മാത്യു ഞങ്ങളോട് എപ്പോഴും പറഞ്ഞു: ''നമ്മുടെ കയ്യിലുള്ള ആയുധം ഉപയോഗിച്ചു മറ്റുള്ളവരെ തേജോവധം ചെയ്യുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യരുത്. അതിനു ശ്രമിവച്ചാല്‍ അസാനം നശിക്കുന്നത് അയാളാവില്ല, നമ്മളായിരിക്കും.

ഇതെഴുതുന്നതിന്റെ തലേദിവസം മനോരമ പത്രത്തില്‍ സി.ബി.ഐ ലാവ്‌ലിന്‍ കേസിലെ ദിലീപ് രാഹുലന്റെ മൊഴി അടിസ്ഥാനമാക്കി പല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. അതിലെ മുഖ്യവാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു.

ലാവ്‌ലിന്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സിക്ക് കരാര്‍ നല്‍കിയത് പിണറായിയുടെ അറിവോടെ : സി.ബി.ഐ

എന്നാല്‍ അതേ പത്രത്തില്‍ മറ്റൊരു വാര്‍ത്തയില്‍ ഇങ്ങനെയും എഴുതി

വൈദ്യുതി മന്ത്രി എന്നര്‍ഥം വരുന്ന 'വസീര്‍ തോക്കത്ത് എന്ന അറബി വാക്കാണ് ഈ റിപ്പോര്‍ട്ടില്‍ ദുബായ് പൊലീസ് ഉപയോഗിച്ചട്ടുള്ളത്. എന്നാല്‍ അറബിയിലുള്ള റിപ്പോര്‍ട്ട് സിബിഐ ഇംഗീഷിലേക്കു തര്‍ജമ ചെയ്തപ്പോള്‍ ഒരിടത്ത് 'ഊര്‍ജ സെക്രട്ടറിയെന്നും മറ്റൊരിടത്ത് 'ഊര്‍ജ മന്ത്രി യെന്നും ഉപയോഗിച്ചതിന്റെ ആശയക്കുഴപ്പം സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിലനില്‍ക്കുന്നുണ്ട്. സിബിഐ ചെന്നൈ യൂണിറ്റിലെ ഡപ്യൂട്ടി സൂപ്രണ്ട് വി. അശോക് കുമാറാണു പ്രത്യേക കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് നവംബര്‍ 10 നു പരിഗണിക്കും.

അപ്പോള്‍ വാര്‍ത്തയില്‍ തന്നെ അതിനുള്ള ആശയക്കുഴപ്പം ഉണ്ട്. എന്നാല്‍ ഒന്നാം പെജിലെ തലക്കെട്ടിലൂടെ മനോരമ പറയാന്‍ ശ്രമിച്ചത് എന്താണ്‌? ടെക്നിക്കാലിയ എന്നത് കോഴപ്പണം കടത്താനുള്ള സ്ഥാപനമായിരുന്നു. ഇത് പിണറായിക്ക് അറിയാമായിരുന്നു. അപ്പോള്‍ ടെക്നിക്കാലിയ ലാവ്‌ലിന്‍ കേസിലെ ഗ്രാന്റ് വെട്ടിക്കാന്‍ കൂട്ട് നിന്ന ഒരു സ്ഥാപനമാണ്‌. ഇത് സിബിഐക്ക് നേരത്തെ അറിയാം. ടെക്നിക്കാലിയായെ പണി ഏല്‍പ്പിച്ചത് ഉദ്യോഗസ്ഥന്‍മാരാണ്‌ എന്നാണ്‌ പിണറായി സി.ബി.ഐയോട് പറഞ്ഞിരിക്കുന്നത്. ഇത് കളവാണ്‌

പക്ഷെ അത്ഭുതകരമായ ഒരു സംഭവം സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ടെക്നിക്കാലിയ എന്ന സ്ഥാപനമോ അതിന്റെ പ്രതിനിധികളോ ആരും പ്രതിയായില്ല. മാത്രവുമല്ല പിണറായി വിജയന്റെ കാലത്തും ശര്‍മ്മയുടെ കാലത്തും എന്തിന്‌ കടവൂര്‍ ശിവദാസന്റെ കാലത്തും ടെക്നിക്കാലിയ വഴി ലാവ്‌ലിന്‍ ക്യാന്‍സര്‍ സെന്ററിന്റെ പണികള്‍ നടത്തിയിട്ടുണ്ട്. ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ കോഴപ്പണം കടത്തനുള്ള കണ്‍സല്‍റ്റസിയാണ്‌ എന്ന് മനോരമ യാതോരു തെളിവുമില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോഴപ്പണം കടത്താനുള്ള കമ്പനിയെ തിരഞ്ഞെടുത്തതിനെപ്പറ്റി അറിവുള്ള പിണറായി വിജയന്‍ ഉറപ്പായും കോഴപ്പണം പറ്റിയിട്ടുണ്ടാകാം എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക്കുകയും ചെയ്യുന്നു.പിണറായി വിജയന്‍ പണം പറ്റിയതിന്‌ തെളിവുകളില്ല എന്ന് കഴിഞ്ഞ തവണത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പിണറായി വിജയനും കൂട്ടരും നന്നായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ആ മൈലേജ് തകര്‍ത്ത് വീണ്ടും സംശത്തിന്റെ മുള്‍മുന വീണ്ടും നിലനിര്‍ത്താനും പറ്റിയ പുതിയ ഒരു സംഞ്ജ മനോരമ സൃഷിട്ടിച്ചു. അതാണ്‌ ലാവ്ലിന്‍ ഇടപാടില്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സി

ഈ വാര്‍ത്തയെപ്പറ്റിയുള്ള പിണറായി വിജയന്റെ പ്രതികരണം മനോരമ ഇന്നലെ പ്രസിദ്ധീകരിച്ചത് ഇങ്ങനെ

ആലുവ: ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവ്ലിന്‍ ഇടപാടില്‍ കോഴപ്പണം കൈമാറിയ കണ്‍സള്‍റ്റന്‍സിക്കു കരാര്‍ നല്‍കിയതു സംബന്ധിച്ചു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


എത്രപെട്ടെന്നാണ്‌ ടെക്നിക്കാലിയ കോഴപ്പണം കൈമാറിയ കമ്പനിയായി രൂപപ്പെട്ടത്? അപ്പോള്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പണികഴിപ്പിച്ച തുക കോഴപ്പണമാണ്‌ എന്നാണ്‌ മനോരമ പ്രഖ്യാപിക്കുന്നത്.ഇത് ആദ്യമല്ല മനോരമ ലാവ്‌ലിന്‍ കേസില്‍ നുണ പ്രസിദ്ധീകരിക്കുന്നത്.
വരദാചാരിയുടെ തല പരിശോധിക്കണമെന്ന് ലാവ്‌ലിന്‍ ഫയലില്‍ പിണറായി വിജയന്‍ എഴുതി എന്ന നുണക്കഥ സൃഷ്ടിച്ചതും ഇതേ മനോരമയാണ്‌.ഇതുപോലെ മറ്റൊരു നുണയും മനോരമ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട വേളയില്‍ ഇറക്കിയിരുന്നു.ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കാലത്ത് ക്രിത്യമായി പറഞ്ഞാല്‍ ജൂണ്‍ 10 2009 ഇല്‍ മനോരമ ഇങ്ങനെ ഒരു വാര്‍ത്ത എഴുതി

സിംഗപ്പൂര്‍ ഗൂഢാലോചനയില്‍ പിണറായി പങ്കെടുത്തെന്ന്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ ഇടപാടിനു മുന്നോടിയായി സിംഗപ്പൂരില്‍ നടന്ന ഗൂഢാലോചനയിലും അന്നു സംസ്ഥാന മന്ത്രിയായിരുന്ന പിണറായി വിജയന്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ സിബിഐ ശേഖരിച്ചതായി അറിയുന്നു. പാര്‍ട്ടിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഇ.ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ 159 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ചൂണ്ടിക്കാട്ടിയ ലാവ്ലിന്‍ ഇടപാടിന്റെ യഥാര്‍ഥ ഗൂഢാലോചന നടന്നതു സിംഗപ്പൂരിലാണെന്നാണു സിബിഐയുടെ നിഗമനം. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ മറ്റു സിപിഎം നേതാക്കളോ അന്നു പിണറായി വിജയനോടൊപ്പം സിംഗപ്പൂരില്‍ എത്തിയിരുന്നില്ല. സംസ്ഥാന മന്ത്രിയായിരിക്കെ 1996 അവസാനം പിണറായി വിജയന്‍ നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ചെലവു വഹിച്ചത് ആരാണെന്നു കണ്ടെത്താന്‍ സിബിഐ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരോ, പാര്‍ട്ടിയോ അല്ല ഈ യാത്രയുടെ ചെലവു വഹിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. സിബിഐയുടെ ചോദ്യം ചെയ്യലില്‍ സിംഗപ്പൂര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മൊഴികളാണു പിണറായി വിജയന്‍ നല്‍കിയത്. സിംഗപ്പൂരില്‍ പിണറായിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തത് ആരെല്ലാമാണെന്ന നിര്‍ണായക വിവരം വിചാരണയ്ക്കിടയില്‍ പുറത്തുവരുമെന്നാണു സിബിഐയുടെ പ്രതീക്ഷ. മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 98 കോടി രൂപയില്‍ എസ്എന്‍സി ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ കാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടില്‍ എത്തിയിട്ടില്ല. ഈ തുക കൈമാറാന്‍ കാന്‍സര്‍ സെന്റര്‍ തുറന്ന അക്കൌണ്ടില്‍ 300 രൂപമാത്രമാണു നിക്ഷേപിക്കപ്പെട്ടത്. ലാവ്ലിന്‍ കമ്പനി നല്‍കിയ 12 കോടി രൂപയ്ക്ക് എന്താണു സംഭവിച്ചതെന്ന സിബിഐയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ പിണറായി വിജയനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരേന്ത്യയിലെ ബാങ്കിലേക്ക് ഈ തുകമാറ്റിയതായി സൂചനയുണ്ട്. ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി ഈ തുക വിനിയോഗിച്ചുവെന്ന കാതലായ ചോദ്യം കേസിന്റെ വിചാരണയില്‍ ഉയരും. 1997 ഫെബ്രുവരി 10 നു കാനഡയില്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിടുമ്പോള്‍ സിപിഎമ്മിലെ സമുന്നതനായ ഒരു നേതാവിന്റെ മക്കള്‍ കാനഡയിലുണ്ടായിരുന്നതായും സിബിഐക്കു സൂചന കിട്ടിയിട്ടുണ്ട്.


വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടാം എന്നാല്‍ ക്രിത്യമായി പ്ലാന്‍ ചെയ്ത് നുണ ഉല്‍പ്പാദിപ്പിക്കാന്‍ മനോരമയുടെ വൈഭവം ലാവ്‌ലിന്‍ കേസില്‍ ദിനംപ്രതി പുറത്തുവരുന്നു. വീണ്ടും തോമസ് ജേക്കബിന്റെ ലേഖനത്തിലേക്ക് വന്നാല്‍.

മനോരമയുടെ മുഖപ്രസംഗങ്ങള്‍ പലപ്പോഴും മൃദുവും സൌമ്യവുമായി മാറിയത് പത്രാധിപരുടെ ഈ കടുത്ത സംയമനം മൂലമായിരുന്നു.വിദേശത്തു പോലും ബ്രാഞ്ചുകളുണ്ടായിരുന്ന ട്രാവന്‍കൂര്‍ നാഷനല്‍ ക്വയിലോണ്‍ ബാങ്ക് തകര്‍ത്ത്, മനോരമ പൂട്ടി മുദ്രവയ്ക്കുകയും പത്രാധിപര്‍ മാമ്മന്‍ മാപ്പിളയെ തടവിലിടുകയും ചെയ്ത ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ 1966 ല്‍ നിര്യാതനായപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും നല്ല മുഖപ്രസംഗം മനോരമയുടേതായിരുന്നുവെന്നത് മാത്യുവിന്റെ ഈ നിലപാടിന് അടിവരയിടുന്നു. അതിനു മാത്യുവിനു പ്രചോദനമായത് അന്നു മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന കെ.എം.ചെറിയാന്റെ നല്ല മനസ്സും. തങ്ങളുടെ കുടുംബത്തെ പകയോടെ മണ്ണോടുചേര്‍ത്തു കഷ്ടങ്ങളിലേക്കമര്‍ത്തിയ സിപിയോടു കുലീനമായ ആദരം പ്രകടിപ്പിച്ചു മധുരപ്രതികാരം തീര്‍ത്തതുപോലെ...

ഇത് തോമസ് ജേക്കബിനെപ്പോലെ മാത്യു പിണറായി വിജയനോടും പറഞ്ഞിട്ടുണ്ടാകണം അല്ലെങ്കില്‍ സമാനമായ രീതിയില്‍ മാത്യു മരിച്ച് കിടക്കുമ്പോള്‍ പിണറായി വിജയന്‍ ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ ഇങ്ങനെ ഒന്ന് എഴുതുമായിരുന്നില്ല.

22 comments:

Radheyan said...

നന്നായി കിരണ്‍, മഴയും സ്കൂളു തുറപ്പും അടുത്തു എന്ന് ഞങ്ങള്‍ പണ്ട് അറിഞ്ഞിരുന്നത് സെന്റ് ജോര്‍ജ്ജ് കുടയുടെ പരസ്യം വരുമ്പോഴാണ്. അതു പോലെ തെരെഞ്ഞെടുപ്പ് അടുത്തു എന്നറിയുന്നത് പത്രത്തില്‍ ലാവ്ലിന്‍ വാര്‍ത്ത നട്ടു തുടങ്ങുമ്പോഴാണല്ലേ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാധ്യമരംഗത്തെ കുലപതി എന്ന് പലരും വിശേഷിപ്പിച്ചപ്പോളും “രാഷ്ട്രീയക്കാരനാകാതെ രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം” ആയ ആള്‍ എന്ന് കെ.എം മാത്യുവിനെ വിശേഷിപ്പിച്ചത് പിണറായി മാത്രമാണ്.

അതു തന്നെ സത്യവും !

ramachandran said...

Manoramayenna visha vriksham, nattu nanachu valuthakkiya, mathukuttychayan enna valathupakasha pynkili muthalaliyude sambhavanayanau,
innu nam kanunna jeernicha keralam.....!

eyal orikkalum mapparhikkunilla....

കാക്കര kaakkara said...

ദേശാഭിമാനിയിലെ എഡിറ്റ്‌ പേജിലെ പിണറായിയുടെ എഴുത്ത്‌ വായിച്ചു... വിയോജിക്കുന്ന മേഖലകളെ നിലനിറുത്തികൊണ്ട് യോജിക്കുന്ന മേഖലകൾ ചുണ്ടികാണിച്ചു... മാന്യത പുലർത്തിയ അനുശോചനകുറിപ്പ്‌...

കാക്കരയുടെ പോസ്റ്റിൽ നിന്ന്‌

"മാധ്യമങ്ങളുടെ നിഷ്പക്ഷത.. അതിന്‌ “അമിതവില” കാക്കര കൊടുക്കുന്നില്ല... സ്വന്തം ആശയത്തോട് ചേർന്നുനിൽക്കുന്ന വാർത്തകൾ എല്ലാം സത്യസന്ധവും മറ്റെല്ലാം അപനിർമിതിയുമെന്ന പുത്തൻ നിർവചനങ്ങളോടും യോജിക്കുന്നില്ല... പത്രം നടത്തുന്നവരുടെയും അതിൽ ജോലി ചെയുന്നവരുടെ ആശയങ്ങളും സ്വത്വബോധവും പത്രത്തിന്റെ വാർത്തകളെ സ്വാധീനിക്കും. രാഷ്ട്രീയപാർട്ടികളോ മതങ്ങളോ നടത്തുന്ന മാധ്യമങ്ങൾ ഒഴിച്ച്‌ വ്യക്തികൾ നടത്തുന്ന പത്രങ്ങൾ മാത്രം നിഷ്പക്ഷത പുലർത്തണം എന്നത്‌ മൗഢ്യമല്ലേ? ദേശാഭിമാനിയിൽ സി.പി.എമ്മിന്റെയും മാധ്യമത്തിൽ ജമാത്ത്‌ ഇസ്ലാമിയുടെയും താല്പര്യങ്ങൾ വാർത്തകളിൽ ഇടകലർത്തുമെങ്ങിൽ മാതൃഭൂമിയിൽ വിരേന്ദ്രകുമാരിന്റേയും മനോരമയിൽ കെ.എം.മാത്യുവിന്റേയും താല്പര്യവും വാർത്തകളിൽ ഇടകലരും!!! മനോരമയിൽ കെ.എം. മാത്യുവിന്റെ രാഷ്ട്രീയവും മതവും (ഓർത്തോഡോക്സ് സഭയും) സ്വന്തം ബിസിനസ്സ് താല്പര്യവും കൂട്ടത്തിൽ വായനക്കാരുടെ ഇഷ്ടവും വായന ശൈലിയും പത്രത്തിൽ ഇടം പിടിക്കും... ഇത്തരം പക്ഷപാതം മനോരമയിൽ കാണാം എന്നതിൽ കവിഞ്ഞ്‌ “പരമദുഷ്ടനായി” അവതരിപ്പിക്കപ്പെടാൻ മാത്രം കെ.എം. മാത്യു യോഗ്യനല്ല..."

nalan::നളന്‍ said...

നുണ എഴുതുന്നതും(നിര്‍മ്മിക്കുന്നതും) പക്ഷം പിടിക്കുന്നതും രണ്ടാണു....

അതു തന്നെയാണു ദേശാഭിമാനിയും മനോരമയും തമ്മിലുള്ള വ്യത്യാസം. നിഷ്പക്ഷവാദികള്‍ ( എന്ന പക്ഷപാതികള്‍) ഗീര്‍വ്വാണിക്കും പോലെ ഒന്നല്ല.

ജലേരഖ said...

കെ.എം മാത്യു നിര്യാതനായപ്പോള്‍ മനോരമ കൊടുത്ത കുറിപ്പുകളില്‍ രണ്ടു കുറിപ്പുകളിലുള്ള ചില ഭാഗങ്ങള്‍ എന്താണ് മനോരമ എന്നത് കാണിച്ചു തരുന്നു. ഒന്ന് സാഹിത്യ വാരാഫലം കൃഷ്ണന്‍ നായര്‍ നിര്ദോഷമായി എന്നാല്‍ മാത്യുവിനെ ഒരളവ് പ്രശംസിച്ചു കൊണ്ട് എഴുതിയ കുറിപ്പാണ്.കൃഷ്ണന്‍ നായര്‍ കണ്ണ് സര്‍ജറി കഴിഞ്ഞു വീട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ ഇരുപത്തയ്യായിരം രൂപായുടെ പൊതി മനോരമയില്‍ നിന്ന് കിട്ടുന്നു. ആശുപത്രിയില്‍ ബില്ലടച്ചു എന്ന് കൃഷ്ണന്‍നായര്‍ പറഞ്ഞിട്ടും,പോട്ടെ കയ്യില്‍ വച്ചോ എന്ന് മാത്യു. ഇങ്ങനെ ഒരുപാടു പേര്‍ക്ക് പൊതി കിട്ടാരുന്ടെന്നു നായര്‍ സാക്ഷ്യം. ചുരുക്കം ഇതാണ്, എനിക്കും നിങ്ങള്‍ക്കും കേരളത്തിലെ കാക്കത്തൊള്ളായിരം ജനത്തിനും പണപൊതി കിട്ടുമോ? ഇല്ല.കൃഷ്ണന്‍ നായര്‍ സാഹിത്യകാരനാണ്, കേരളത്തിലെ പൊതു ബോധം നിര്‍മ്മിക്കുന്നതില്‍ ചെറിയ തോതിലെങ്കിലും പങ്കുണ്ട്. അപ്പോള്‍ അത് വിലക്കെടുക്കുക.നാളെ ഈ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകന് മനോരമയുടെ തോന്ന്യാസം എതിര്‍ക്കാന്‍ പറ്റുമോ. ഇല്ല അതുതന്നെ കാര്യം.കൃത്യമായി പറഞ്ഞാല്‍ അഴിമതി. എന്നാല്‍ ഇതേ പൊതി ഒരു ബ്യൂരോക്രാട്ടോ, രാഷ്ട്രീയക്കാരനോ, മറ്റാരെങ്കിലും ഇതേ ഉദ്ദേശത്തില്‍ കൊടുത്താല്‍ അത് മനോരമയില്‍ അഴിമതി ആയി വെണ്ടയ്ക്ക വരും. ഇതുതന്നെ വീരഭൂമിയില്‍ വീരനും ചെയ്യുന്നു. എല്ലാം കച്ചോടം. ആയ്ക്കോട്ടെ,പക്ഷെ ആ വായ്ത്താരി, ഭാവം,നാലാംതൂണ് ജാട ഒക്കെ കാണുമ്പോള്‍...

ഇനിയാണ് സൂപര്‍കോമഡി . അടിയന്തരാവസ്ഥ.മാത്തുച്ചായന്‍ ഒന്നും അറിയില്ല.ചുമ്മാ പത്രാധിപസമിതി അംഗങ്ങളെ മീറ്റിങ്ങിനു വിളിക്കുന്നു."അടിയന്തര'അവസ്ഥ,നാം എന്ത് ചെയും എന്ന് ചോദിക്കുന്നു. എല്ലാരും പറയുന്നു, പത്രം പൂട്ടിയാ ഞങ്ങള്‍ പട്ടിണിയില്‍ ആകും. അപ്പോഴോ ? അടിയന്താവസ്ഥയെ എതിര്‍ക്കുകയുമില്ല അനുകൂലിക്കുകയുമില്ല. എന്തൊരു ഔദാര്യം. അങ്ങനെ ഇന്ത്യാ മഹാരാജ്യത്തില്‍ എല്ലാ പത്രങ്ങളും എമര്‍ജന്‍സി വിരുദ്ധ എഡിറ്റോറിയല്‍ എഴുതിയപ്പോ മനോരമയില്‍ രാജസ്ഥാനിലെ വെട്ടുകിളി ശല്യം എഡിറ്റോറിയല്‍ ആയി വന്നു.
ഓര്‍ക്കണം,സോവിയറ്റ് യൂണിയന്‍ എമര്‍ജന്സിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു എന്ന പ്രചാരണം ഉണ്ടായിരുന്നു. അങ്ങനെ വലതു കമ്യൂനിസ്ട്ടു പാര്‍ടിയും പിന്തുണച്ചു എന്നും. ആ 'സ്റ്റാലിന്മാരെ'നാണംകെട്ടും
മനോരമ പിന്തുണച്ചു.വസ്തുത ഇത്രയേ ഉള്ളൂ. നല്ല ഒരു വിരട്ടു വന്നാല്‍, മണങ്ങി നില്‍ക്കാന്‍ പറഞ്ഞാല്‍ ഇഴയും മനോരമ. എമര്‍ജന്‍സി നല്ലൊരു വിരട്ടയിരുന്നല്ലോ.കേരളത്തിലെ, ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂനിഷ്ടന്മാര്‍ക്ക് വിരട്ടാന്‍ അറിയില്ല, അങ്ങേയറ്റം ജനാധിപത്യ വാദികള്‍ ആയി നിലനില്‍ക്കുന്നു. അതോണ്ട് മനോരമ നന്നായി കച്ചോടം ചെയ്യുന്നു.

മാരീചന്‍‍ said...

കിരണ്‍ ഉദ്ധരിക്കുന്ന മനോരമ വാര്‍ത്തയെ നമുക്ക് ഇങ്ങനെ അപഗ്രഥിക്കാം. വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് 2009 ജൂണ്‍ 10ന്. ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്, 2009 ജനുവരിയില്‍. അതായത് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറു മാസങ്ങള്‍ക്ക് ശേഷമാണ് മനോരമ ഇവിടെ ഉദ്ധരിച്ച റിപ്പോര്‍ട്ട് പടയ്ക്കുന്നത്.

വാക്യം ഒന്ന്) സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ ഇടപാടിനു മുന്നോടിയായി സിംഗപ്പൂരില്‍ നടന്ന ഗൂഢാലോചനയിലും അന്നു സംസ്ഥാന മന്ത്രിയായിരുന്ന പിണറായി വിജയന്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ സിബിഐ ശേഖരിച്ചതായി അറിയുന്നു.

റിപ്പോര്‍ട്ട് നല്‍കി ആറുമാസം കഴിഞ്ഞിട്ടും തെളിവുകള്‍ ശേഖരിച്ചതായി അറിയുന്നതേയുളളൂ. വാചകത്തിന്റെ ഘടനയിലൂടെ ഉറപ്പിച്ചെടുക്കുന്ന സംഗതികള്‍ പരിശോധിക്കാം. സംസ്ഥാന സര്‍ക്കാരിന് 86 കോടി നഷ്ടപ്പെടുത്തി (പിണറായി, ശര്‍മ്മ, കടവൂര്‍, ആര്യാടന്‍ എന്നീ നാല് മന്ത്രിമാരില്‍ ആരെന്ന ചോദ്യം ബാക്കി). സിംഗപ്പൂരില്‍ ഗൂഢാലോചന നടന്നു, അതില്‍ പിണറായി പങ്കെടുത്തിരുന്നു. അതിനുളള തെളിവുകള്‍ നേരത്തെ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തെളിവുകള്‍ ശേഖരിച്ചെന്ന് അറിയുന്നു.

നാലുകാര്യങ്ങള്‍ സംശയലേശമെന്യേ അവതരിപ്പിച്ചതിന് ശേഷം തെളിവിന്റെ കാര്യത്തില്‍ മാത്രമാണ് അവ്യക്തതയുളളത്. അതിനുളള തെളിവുകള്‍ കൂടി ലഭിച്ചുകഴിഞ്ഞാല്‍ പിണറായി തൂക്കുമരത്തില്‍ കയറുമെന്ന് ഉറപ്പ്.

ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, 1995 ആഗസ്റ്റ് 10, 1996 ഫെബ്രുവരി 24 തീയതികളില്‍ ലാവലിനുമായി കരാര്‍ ഒപ്പിട്ട ജി കാര്‍ത്തികേയനെ ഫൗണ്ടര്‍ ഓഫ് ദി കോണ്‍സ്പിറസി എന്നാണ് സിബിഐ വിശേഷിപ്പിക്കുന്നത്. ഗൂഢാലോചനയുടെ തന്തപ്പടിയെന്ന് സിബിഐ വിശേഷിപ്പിച്ചയാളെ എത്ര സമര്‍ത്ഥമായാണ് മനോരമ ഒളിച്ചുപിടിക്കുന്നതെന്ന് നോക്കുക.

മാരീചന്‍‍ said...
This comment has been removed by the author.
മാരീചന്‍‍ said...

വാക്യം രണ്ട്) പാര്‍ട്ടിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഇ.ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ 159 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ചൂണ്ടിക്കാട്ടിയ ലാവ്ലിന്‍ ഇടപാടിന്റെ യഥാര്‍ഥ ഗൂഢാലോചന നടന്നതു സിംഗപ്പൂരിലാണെന്നാണു സിബിഐയുടെ നിഗമനം.

ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ 159 കോടിയുടെ ക്രമക്കേടിനെക്കുറിച്ച് ആരോപണമൊന്നുമില്ല. എന്നാല്‍ റിപ്പോര്‍ട്ട് അങ്ങനെ പറയുന്നുവെന്ന് മനോരമ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ബാലാനന്ദന്‍ റിപ്പോര്‍ട്ട് എന്ന് കേട്ടിട്ടുളളതല്ലാതെ അതിലെന്താണ് പറഞ്ഞതെന്ന് ശരാശരി വായനക്കാരന്‍ ഓര്‍മ്മിക്കുകയില്ല. വിവാദം കത്തിയെരിഞ്ഞു നില്‍ക്കുമ്പോള്‍ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പത്രങ്ങള്‍ ഒരു പുകമറ സൃഷ്ടിച്ചിരുന്നു. അന്നൊന്നും 159 കോടിയുടെ ക്രമക്കേടിനെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ബാലാനന്ദന്‍ അങ്ങനെ ചൂണ്ടിക്കാട്ടി എന്ന് മനോരമ പറയുന്നത് പെരുങ്കളളമാണ്. അടുത്ത ഭാഗം നോക്കുക. "യഥാര്‍ത്ഥ ഗൂഢാലോചന നടന്നത് സിംഗപ്പൂരിലാണെന്നാണ് സിബിഐയുടെ നിഗമനം".

അങ്ങനെയൊരു നിഗമനവും സിബിഐ ഉന്നയിക്കുന്നതേയില്ല. സിബിഐ റിപ്പോര്‍ട്ടോ അതേക്കുറിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മനോരമയടക്കമുളള പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ച വാര്‍ത്തകളോ ചേര്‍ത്തുവെച്ച് പരിശോധിക്കാനുളള സമയമോ സൗകര്യമോ സാധാരണവായനക്കാരന് ലഭിക്കുകയില്ല. അവന്റെ മുന്നില്‍ ഇങ്ങനെയൊരു നിഗമനം സിബിഐയ്ക്കുണ്ടെന്ന പച്ചക്കളളം തട്ടിവിട്ടാല്‍ ഏല്‍ക്കുക തന്നെ ചെയ്യുമെന്ന് മനോരമയ്ക്കറിയാം. ഇനി ആദ്യത്തെ വാക്യവുമായി തട്ടിച്ചു നോക്കുക.

സിംഗപ്പൂരില്‍ നടന്ന ഗൂഢാലോചനയില്‍ പിണറായി പങ്കെടുത്തുവെന്ന് അസന്നിഗ്ധമായി എഴുതിപ്പിടിപ്പിച്ച ശേഷമാണ് അതിനുളള തെളിവുകള്‍ സിബിഐ ശേഖരിച്ചുവെന്ന് പറയുന്നത്. തൊട്ടടുത്ത വാചകത്തില്‍ യഥാര്‍ത്ഥ ഗൂഢാലോചന നടന്നത് സിംഗപ്പൂരിലാണെന്നത് സിബിഐയുടെ വെറും നിഗമനം മാത്രമായി. അപ്പോള്‍ ആദ്യവാക്യത്തില്‍ പറഞ്ഞ തെളിവുകള്‍? ആരോടു ചോദിക്കും നാം?

മാരീചന്‍‍ said...

വാക്യം മൂന്ന്) വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ മറ്റു സിപിഎം നേതാക്കളോ അന്നു പിണറായി വിജയനോടൊപ്പം സിംഗപ്പൂരില്‍ എത്തിയിരുന്നില്ല.

അപ്പോള്‍ പിണറായി വിജയന്‍ സിംഗപ്പൂരില്‍ എത്തിയെന്ന് ഉറപ്പാണ്. പിന്നെ മേല്‍പറഞ്ഞ നിഗമനത്തിന്‍റെ അവസ്ഥയെന്ത്...?

മാരീചന്‍‍ said...

വാക്യം നാല്, അഞ്ച്) സംസ്ഥാന മന്ത്രിയായിരിക്കെ 1996 അവസാനം പിണറായി വിജയന്‍ നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ചെലവു വഹിച്ചത് ആരാണെന്നു കണ്ടെത്താന്‍ സിബിഐ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരോ, പാര്‍ട്ടിയോ അല്ല ഈ യാത്രയുടെ ചെലവു വഹിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്.

സംസ്ഥാന മന്ത്രിയായിരിക്കെ 1996 അവസാനം പിണറായി വിജയന്‍ സിംഗപ്പൂര്‍ യാത്ര നടത്തിയെന്ന് പത്രം വീണ്ടും പറയുന്നു. ഇങ്ങനെയൊരു യാത്ര പിണറായി വിജയന്‍ നടത്തിയെന്നോ ലാവലിന്‍ കരാര്‍ ഉണ്ടായത് അങ്ങനെയാണെന്നോ സിബിഐയ്ക്ക് ആരോപണമൊന്നുമില്ല. മന്ത്രിയുടെ യാത്രയുടെ ചെലവ് വഹിച്ചതാരെന്ന് കണ്ടെത്താന്‍ സിബിഐയ്ക്ക് വലിയ വിഷമമൊന്നുമില്ല. എന്നിട്ടും രണ്ടുവര്‍ഷം നീണ്ട അന്വേഷണം കൊണ്ട് പിണറായി വിജയന്‍ നടത്തിയ യാത്രയുടെ ചെലവിന്റെ കാര്യം പോലും കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്ന് മനോരമ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, സിബിഐയുടെ വിശ്വാസ്യത തന്നെ പ്രതിക്കൂട്ടിലാകുന്നു.

മാരീചന്‍‍ said...

വാക്യം ആറ്) സിബിഐയുടെ ചോദ്യം ചെയ്യലില്‍ സിംഗപ്പൂര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മൊഴികളാണു പിണറായി വിജയന്‍ നല്‍കിയത്.

പരസ്പരവിരുദ്ധമായി എന്താണ് പറഞ്ഞതെന്ന് വാര്‍ത്തയില്‍ പറയുന്നില്ല. സിബിഐയ്ക്കും അങ്ങനെയൊരു ആരോപണമില്ല. എന്നിട്ടും മൊഴികള്‍ പരസ്പരവിരുദ്ധമാണെന്ന് ലേഖകന്‍ സ്വന്തം നിലയ്ക്ക് തീരുമാനിച്ചു.

മാരീചന്‍‍ said...

വാക്യം ഏഴ്) സിംഗപ്പൂരില്‍ പിണറായിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തത് ആരെല്ലാമാണെന്ന നിര്‍ണായക വിവരം വിചാരണയ്ക്കിടയില്‍ പുറത്തുവരുമെന്നാണു സിബിഐയുടെ പ്രതീക്ഷ.

ഇതാണ് ഈ റിപ്പോര്‍ട്ടിലെ ഏറ്റവും ഗംഭീര വാചകം. അന്വേഷണം നടത്തി തെളിയിക്കാന്‍ കഴിയാത്തത് വിചാരണയില്‍ തെളിയും പോലും.

എന്നുവെച്ചാല്‍ വിചാരണ വേളയില്‍ സിബിഐ അഭിഭാഷകന്‍ തോക്കെടുത്ത് പിണറായിയുടെ നെറ്റിയോട് ചേര്‍ത്തുവെയ്ക്കുന്നു. എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ അദ്ദേഹത്തോട് ചോദിക്കുന്നു, "ആരൊക്കെയാണ് സിംഗപ്പൂര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തത്, സത്യം പറ. നെറ്റിപിളര്‍ന്നുപോകും, എന്റെ വിരലൊന്നമര്‍ന്നാല്‍...."

പേടിച്ചു വിറച്ച്, പ്രതിക്കൂട്ടില്‍ ഒന്നും രണ്ടും ഒരുമിച്ചും വേറെ വേറെയും നടത്തിയ ശേഷം വിതുമ്പിക്കൊണ്ട് ആളുകളുടെ പേര് ഒന്നൊന്നായി നിര്‍ത്തി നിര്‍ത്തി ജഡ്ജിക്ക് എഴുതിയെടുക്കാന്‍ പ്രായത്തില്‍ പിണറായി വിജയന്‍ മൊഴിയും. അതാണ് പ്രതീക്ഷ.

മാരീചന്‍‍ said...

ഇനി എല്ലാവാചകവും ചേര്‍ത്ത് ആശയം ഒന്നുകൂടി വിപുലപ്പെടുത്താന്‍ ശ്രമിച്ചാലോ.. പിണറായി വിജയന്‍ സിംഗപ്പൂരില്‍ ഗൂഢാലോചന നടത്തിയെന്ന് ആദ്യവാചകത്തില്‍ ഉറപ്പിച്ചു പറഞ്ഞു. അതിന്റെ തെളിവുകളും കിട്ടി. യഥാര്‍ത്ഥ ഗൂഢാലോചന നടന്നത് സിംഗപ്പൂരിലാണെന്നും സിബിഐ നിഗമിക്കുന്നു. എന്നാല്‍ അതില്‍ പങ്കെടുത്തവര്‍ ആരൊക്കെയെന്ന് സിബിഐയ്ക്ക് അറിയില്ല. അക്കാര്യം വിചാരണ വേളയില്‍ തെളിയുമെന്ന് പ്രതീക്ഷ.

പങ്കെടുത്തവരെക്കുറിച്ച് ഒരു പിണ്ണാക്കും അറിയില്ലെങ്കില്‍ നടന്നത് ഗൂഢാലോചനയാണെന്ന് എങ്ങനെ ഉറപ്പിക്കും. ലാവലിന്‍ പ്രതിനിധികളാരെങ്കിലും അന്നേദിവസം സിംഗപ്പൂരില്‍ ഉണ്ടായിരുന്നോ? അവരെയാരെയെങ്കിലും പിണറായി വിജയന്‍ കണ്ടിരുന്നോ? അക്കാര്യം സ്ഥിരീകരിക്കാതെ നടന്നത് ഗൂഢാലോചനയെന്ന് എങ്ങനെ സിബിഐ ഉറപ്പിച്ചു പറയും.... ചോദ്യങ്ങള്‍ സ്വയം ചോദിക്കാമെന്നല്ലാതെ ഉത്തരം പറയാന്‍ മനോരമയെ ആ പരിസരത്തൊന്നും കാണില്ലല്ലോ.

മാരീചന്‍‍ said...

വാക്യം എട്ട്, ഒമ്പത് ) മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 98 കോടി രൂപയില്‍ എസ്എന്‍സി ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ കാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടില്‍ എത്തിയിട്ടില്ല. ഈ തുക കൈമാറാന്‍ കാന്‍സര്‍ സെന്റര്‍ തുറന്ന അക്കൌണ്ടില്‍ 300 രൂപമാത്രമാണു നിക്ഷേപിക്കപ്പെട്ടത്.

മലബാര്‍ കാന്‍സര്‍ സെന്ററിന് അക്കൗണ്ട് വഴി തുക നല്‍കാമെന്ന് കരാറില്‍ വ്യവസ്ഥയൊന്നുമുണ്ടായിരുന്നില്ല. കാന്‍സര്‍ ആശുപത്രി പണിതത് കണ്ടത്തില്‍ കുടുംബം ഉദാരമായി അനുവദിച്ച സക്കാത്ത് കൊണ്ടുമായിരുന്നില്ല. ധാരണാപത്രത്തിലെ 3(എ) അനുസരിച്ച് ആശുപത്രി നിര്‍മ്മാണത്തിന് പണം നല്‍കേണ്ട ചുമതല എസ്എന്‍സി ലാവലിന്‍ കമ്പനിയ്ക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ആശുപത്രിയുടെ പേരില്‍ അക്കൗണ്ട് ആരംഭിക്കുന്നതിന് എത്രയോ മുന്നേ തന്നെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. അക്കൗണ്ട് ആരംഭിച്ചപ്പോള്‍, കരാര്‍ നിലവിലുണ്ടായിരുന്നോ, നിര്‍മ്മാണം നടന്നിരുന്നോ, കടവൂര്‍ ശിവദാസന്റെ കാലത്ത് കരാര്‍ പുതുക്കേണ്ടെന്ന് രഹസ്യമായി തീരുമാനിച്ചതിന് ശേഷമാണോ അക്കൗണ്ട് ആരംഭിച്ചത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ഉണ്ട്. അവയൊക്കെ സമര്‍ത്ഥമായി വെട്ടിനിരത്തിയിട്ടാണ് 12 കോടി രൂപ എത്തിയില്ല, 300 രൂപ മാത്രമേ അക്കൗണ്ടില്‍ ഉളളൂവെന്നൊക്കെ പത്രം തട്ടിവിടുന്നത്.

മാരീചന്‍‍ said...

വാക്യം പത്ത്) ലാവ്ലിന്‍ കമ്പനി നല്‍കിയ 12 കോടി രൂപയ്ക്ക് എന്താണു സംഭവിച്ചതെന്ന സിബിഐയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ പിണറായി വിജയനു കഴിഞ്ഞിട്ടില്ല.

കഷ്ടമായിപ്പോയി. ലാവലിന്‍ നല്‍കിയ 12 കോടി പിണറായി മുക്കിയപ്പോള്‍ കണ്ടത്തില്‍ കുടുംബം കൈയയച്ച് നല്‍കിയ സംഭാവന ഉപയോഗിച്ചാണല്ലോ ആശുപത്രി പണിതത്. അപ്പോള്‍ പിണറായി വിജയന് വ്യക്തമായ ഉത്തരം ഉണ്ടാകാന്‍ വഴിയൊന്നുമില്ല.

മാരീചന്‍‍ said...

വാക്യം പതിനൊന്ന്) എന്നാല്‍ ഉത്തരേന്ത്യയിലെ ബാങ്കിലേക്ക് ഈ തുക മാറ്റിയതായി സൂചനയുണ്ട്.

അടുത്ത തമാശ. ഈ ഉത്തരേന്ത്യ, ഉത്തരേന്ത്യ എന്നു പറയുന്നത് അങ്ങ് ഉഗാണ്ടയിലാണല്ലോ. അതുകൊണ്ട് സൂചന മാത്രമേയുളളൂ. ഉറപ്പൊന്നുമില്ല.

തുക മാറ്റിയെന്നാണ് സൂചന. എവിടെ നിന്ന് മാറ്റി. ഏതെങ്കിലും ബാങ്കില്‍ നിന്നാണോ? അതോ പിണറായിയുടെ വീട്ടിലെ വിറകുപുരയില്‍ ചാക്കില്‍കെട്ടി വെച്ചിരുന്ന തുക ഉത്തരേന്ത്യയിലെ ബാങ്കിലേയ്ക്ക് ചുമന്നോണ്ടു പോവുകയായിരുന്നോ? രണ്ടുവര്‍ഷം നീണ്ട അന്വേഷണം കഴിഞ്ഞിട്ടും ഉത്തരേന്ത്യയിലെ ബാങ്കിനെക്കുറിച്ച് സൂചന മാത്രമേയുളളൂ. പാവം പാവം സിബിഐ കുമാരന്മാര്‍...

മാരീചന്‍‍ said...

വാക്യം പന്ത്രണ്ട്) ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി ഈ തുക വിനിയോഗിച്ചുവെന്ന കാതലായ ചോദ്യം കേസിന്റെ വിചാരണയില്‍ ഉയരും.

നേരത്തെ പറഞ്ഞതുപോലെ തോക്ക് നെറ്റിയില്‍ ചൂണ്ടി, നരസിംഹത്തിലെ ഇന്ദുചൂഢന്‍റെ ഡയലോഗ് പൂശി "കാതലായ" ശോദ്യം ശോദിക്കും. ശോദനയ്ക്കു ശേഷം പിണറായി മറുപടിയും പറയും. അപ്പോഴറിയാം ഉത്തരേന്ത്യയിലെ ബാങ്കിന്റെ പേര്.

അല്ലാതെ സിബിഐയും മനോരമയും ആ ബാങ്കിന്റെ പേര് പറയുമെന്ന് കരുതിയെങ്കില്‍, ഹാ കഷ്ടം. സിബിഐയെക്കുറിച്ചോ മനോരമയെക്കുറിച്ചോ നിങ്ങള്‍ക്കൊരു ചുക്കും ചുണ്ണാന്പും അറിയില്ല.

മാരീചന്‍‍ said...

വാക്യം പതിമൂന്ന്) 1997 ഫെബ്രുവരി 10 നു കാനഡയില്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിടുമ്പോള്‍ സിപിഎമ്മിലെ സമുന്നതനായ ഒരു നേതാവിന്റെ മക്കള്‍ കാനഡയിലുണ്ടായിരുന്നതായും സിബിഐക്കു സൂചന കിട്ടിയിട്ടുണ്ട്.

ദേ വീണ്ടും സൂചന. നേതാവിനും മക്കള്‍ക്കും പേരില്ല. സിംഗപ്പൂരില്‍ പിണറായിയ്ക്കൊപ്പം ഗൂഡാലോചന നടത്തിയ ആളിനെയോ ആളുകളെയോ അറിയില്ലെങ്കിലും കാനഡിയില്‍ അതിയാന്‍ പോയപ്പോള്‍ ആ രാജ്യത്ത് ഉന്നതനായ സിപിഎം നേതാവിന്റെ മക്കള്‍ ഉണ്ടായിരുന്നതായി സൂചന കിട്ടിയിട്ടുണ്ട്.. ജാഗ്രതൈ...

മാരീചന്‍‍ said...

ചുരുക്കിപ്പറഞ്ഞാല്‍, വാര്‍ത്തയെഴുത്തില്‍ മാത്തുക്കുട്ടിച്ചായന്‍ വികസിപ്പിച്ചെടുത്തത് മേല്‍പറഞ്ഞ ശൈലിയാണ്.

പതറാതെ, അറയ്ക്കാതെ തന്റേടത്തോടെ നുണയെഴുതുക. പത്രത്തിന്റെയോ ലേഖകന്റെയോ വിശ്വാസ്യതയെക്കുറിച്ച് അല്‍പം പോലും ഭയക്കാതിരിക്കുക. ഉളുപ്പില്ലാതെ നുണകള്‍ ആവര്‍ത്തിച്ചാലും വേണ്ടില്ല, ഒരാളെങ്കില്‍ ഒരാളെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കെതിരാക്കുക.

വാര്‍ത്തയെഴുത്തിന്റെ ഈ ശൈലി തന്നെയാണ് വരദാചാരിയുടെ കാര്യത്തില്‍, കാണാതായ ഫയലുകളുടെ കാര്യത്തില്‍ മനോരമ അവലംബിച്ചത്. ചാരക്കേസില്‍ കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയ്ക്കുവേണ്ടി പയറ്റിയത്. അച്ചടിച്ച അക്ഷരങ്ങളില്‍ തലച്ചോറ് പണയം വെയ്ക്കുന്ന മധ്യവര്‍ഗസമൂഹം മറുചോദ്യങ്ങള്‍ ഉന്നയിക്കാതെ തങ്ങളുടെ വാര്‍ത്തകള്‍ അപ്പാടെ വിഴുങ്ങുമെന്ന കണ്ടെത്തലാണ് മലയാള പത്രപ്രവര്‍ത്തക ലോകത്തിന് കെ എം മാത്യു നല്‍കിയ സംഭാവന. മാത്യു മനസില്‍ കണ്ടത് മടിയില്‍ നിന്നെടുത്തു നല്‍കാന്‍ കഴിയുന്ന പത്രപ്രവര്‍ത്തകരെ മനോരമയില്‍ നിന്ന് പടച്ചിറക്കി എന്നത് അതിനോട് ചേര്‍ത്തുവെയ്ക്കേണ്ട അടുത്ത സംഭാവന.

തൊഴിലിനിടയില്‍ അബദ്ധം പറ്റുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ മനോരമ പയറ്റുന്നത് അതല്ല. വ്യക്തമായ ഉദ്ദേശത്തോടെ നുണകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണ്. അതിനാകട്ടെ രാഷ്ട്രീയ ലക്ഷ്യം മാത്രമേയുളളൂ. രാഷ്ട്രീയ ശത്രുവിനെതിരെ ഏതറ്റം വരെയുളള വ്യക്തിഹത്യയ്ക്കും തങ്ങള്‍ മടിക്കില്ലെന്ന് മനോരമ എത്രയോ തവണ തെളിയിച്ചിട്ടുണ്ട്. സൂര്യനെല്ലി കേസില്‍ പി ജെ കുര്യന്‍ പ്രതിപ്പട്ടികയിലെത്തിയ ശേഷം, അന്നുവരെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് നടിച്ച മനോരമയ്ക്ക് അവളെ സൂര്യനെല്ലിക്കാരിയെന്ന് സംബോധന ചെയ്യാന്‍ മടിയൊന്നുമുണ്ടായില്ല.

വിമോചന സമരകാലം മുതല്‍ മനോരമ പ്രസിദ്ധീകരിച്ച നുണകളുടെ സമാഹാരം തന്നെയാണ് മാത്തുക്കുട്ടിച്ചായന്‍റെ സ്മരണയ്ക്കു മുന്നില്‍ സമര്‍പ്പിക്കാവുന്ന ഒന്നാന്തരം ഉപഹാരം...

മൂര്‍ത്തി said...

മാരീചന്റെ കമന്റ് !!

മാത്തുക്കുട്ടിച്ചായന്റെ എട്ടാമത്തെ മോതിരം

http://keralabhumi.blogspot.com/2010/08/blog-post.html

ഇതും വായിക്കാം..

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണ്‍,ശരാശരി മലയാളിയുടെ മനസ്സിനെ രമിപ്പിക്കാന്‍ നല്ലവണ്ണമറിയാവുന്ന മാത്തുക്കുട്ടിച്ചായനും മനോറമയുംകൂടി ചെയ്തുകൂട്ടിയ പാതകങ്ങളെക്കുറിച്ചറിയാന്‍ ദുര്‍ഗന്ധം വമിക്കുന്ന ലാവ്ലിന്‍ കേസിന്റെ മാറാപ്പില്‍ പര്തേണ്ട കാര്യമൊന്നുമില്ല അതല്ലാതെ തന്നെ കിട്ടും നൂറുകണക്കിന്.

നട്ടാല്‍ കുരുക്കാത്ത നുണകളെ വാര്‍ത്തക്ളാക്കിയ, കരുണാകരനെ വലിച്ചിറക്കി അന്തോണിച്ചായനെ മുഖ്യമന്ത്രിയാക്കാന്‍ നടന്ന തരം താണ കളികളില്‍ പുരുഷായുസ്സ് മുഴുവനും ശാസ്ത്രത്തിനും രാജ്യത്തിനും വേണ്ടി കിലവഴിച്ച ശാസ്ത്രജ്ഞര്‍ക്കെതിരേ അനാവശ്യ കഥകള്മെനഞ്ഞ് അവരുടെ കുടുംബങ്ങള്‍ തകര്‍ത്ത, 1992 ഡിസമ്പര്‍ 7ന്റെ വളച്ചൊടിച്ച('താഴികക്കുടങ്ങള്‍ തകര്‍ന്നു-കല്യാണിനെ പുറത്താക്കി'- കല്യാണ്‍ സിങ് രാജിവെച്ചതിനു ശേഷം റാവു എന്തോ മഹാകാര്യം ​ചെയ്തു എന്ന് ധ്വനി!)തലകെട്ടും വാര്‍ത്തകളും, മുസ്ലിം ചെരുപ്പക്കാരെക്കുറിച്ച് ഇതര സഹോദരങ്ങളുടെ മാനസ്സില്‍ സംശയവും ഭീതിയും ജനിപ്പിച്ച ഇല്ലാത്ത പ്രണയക്കുരുക്കിനേക്കുറിച്ചൊഴുക്കിയ കാളകൂടവും,അധ്യാപ്കന്റെ കൈവെട്ടാഘോഷവും(ഇന്നും കേരളത്തില്‍ ദാരുണമായ മറ്റൊരു കൈവെട്ടു കൂടി നടന്നു പക്ഷേ അതിനു മനോരമ ഉദ്ദേശിക്കുന്ന ന്യൂസ് വാല്യൂ,സാമുദായിക ധ്രുവീകരണസാധ്യതയോ ഇല്ലല്ലോ!, ഏങ്ങനേയും ധനസമ്പാദനം മാത്രം ലക്‌ഷ്യമിട്ടുകൊണ്ട്, സമൂഹത്തെ കൊള്ളയടിക്കുന്ന (ആടു,തേക്ക്,മാന്ചിയം,ലിസ്,ജ്യോതിസ്,ടോട്ടല്‍ )തട്ടിപ്പുകാരുടെ പരസ്യം പ്രസിധീകരിക്കുകയും, ജനങ്ങള്‍ ഇരയായിക്കഴിഞ്ഞ് അവരെപ്പറ്റി ഫീച്ചറുകളെഴുതി മുതലക്കണ്ണീരൊഴുക്കി നല്ലപിള്ള ചമയലുമൊന്നും പുതുമയുള്ള കാര്യമല്ലല്ലോ? ഏതായാലും അത്തരത്തില്‍ ഒരുപാടു കാര്യങ്ങളില്‍ മനോരമയ്ക്ക് ഒരു ബെയിസ് ലൈന്‍ നേടിക്കൊടുത്തിട്ടു കൂടിയാണ്‌ മത്തുക്കുട്ടിച്ചായന്‍ വിടവാങ്ങിയത്.

ജീവിച്ചിരുന്ന കാലത്ത് എത്ര പാതകങ്ങള്‍ ചെയ്തവനായാലും മര്ണപ്പെട്ടുകഴിഞ്ഞാല്‍ നല്ലതുമാത്രമേ പറയാവൂ എന്നതാണ്‌ മര്യാദയെങ്കിലും, ഇത്‌ അനവസരത്തിലുള്ള വിമര്‍ശനമായി വ്യാഖ്യാനിക്കപ്പെടാമെങ്കിലും, അതു കേവലം ഒരു ലാവൈനിലോ മനോരമയ്ക്ക് പിണറായിയോടുള്ള കലിപ്പിലോമാത്രമൊതുങ്നുന്നതല്ല എന്നു ചൂണ്ട്ക്കാണിച്ചു എന്നുമാത്രമ്..