Thursday, December 09, 2010

രണ്ട് തിരഞ്ഞെടുപ്പ് അവലോകനങ്ങള്‍

മംഗളം ദിനപത്രത്തില്‍ ഈ ആഴ്ച വന്ന രണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്‌ ഇവിടെ. തോല്‍പ്പിച്ചതു സാമുദായിക കേന്ദ്രീകരണമോ സൈദ്ധാന്തിക അധിനിവേശമോ എന്ന തലക്കെട്ടില്‍ ഫാ: മാണി പുതിയിടം എഴുതിയ ലേഖനമാണ്‌ ആദ്യത്തേത്. യു.ഡി.എഫ്‌. നേതാക്കളുടെ പുതിയ അസ്വസ്‌ഥതകള്‍ എന്ന തലക്കെട്ടില്‍ കെ.എം റൊയി എഴുതിയതാണ്‌ രണ്ടാമത്തേത്.

മാണി പുതിയിടത്തിന്റെ ലേഖനം കത്തോലിക്ക സഭക്ക് ഈ സര്‍ക്കാരിനോടുള്ള കലിപ്പിന്റെ നിറവില്‍ ഉള്ള ഒന്നാണ്‌. അതുകൊണ്ട് തന്നെ വിവിധ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് പല കാര്യങ്ങളും അദ്ദേഹം വിളമ്പുന്നുണ്ട്.അതിലെ ചില പ്രസ്കത ഭാഗങ്ങള്‍ നോക്കാം

റഷ്യയിലും പൂര്‍വയൂറോപ്പിലും സംഭവിച്ചതും ചൈനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ക്യൂബ വിളിച്ചുകൂവിയതുമായ സൈദ്ധാന്തികത്തകര്‍ച്ച കൊച്ചുകേരളത്തിലും പ്രതിഫലിക്കുന്നുവെന്നതല്ലേ തോല്‍വിക്കു പിന്നിലെ മഹാരഹസ്യം?വികസനത്തിനു കേന്ദ്രം അനുവദിച്ച തുകപോലും സൈദ്ധാന്തികഭ്രാന്തിനായി ചെലവിട്ടത്‌ ആര്‍ക്കാണു മനസിലാവാത്തത്‌?

ഏകീകരിക്കപ്പെട്ട ജര്‍മനിയില്‍ സാമ്പത്തികപ്രശ്‌നങ്ങളെക്കാള്‍ ധാര്‍മികപ്രശ്‌നങ്ങളാണ്‌ ഏറെയും. ദൈവവും മതവുമില്ലാതെ 40 വര്‍ഷം ജീവിച്ച പൂര്‍വജര്‍മന്‍കാര്‍ ജനാധിപത്യ ജര്‍മനിയിലെ വിഭവങ്ങള്‍ കണ്ട്‌ അന്ധാളിച്ചു. പഴയ പശ്‌ചിമ ജര്‍മന്‍കാര്‍ ബര്‍ലിന്‍ മതില്‍ തകര്‍ന്നതില്‍ ചിലപ്പോഴൊക്കെ ദു:ഖാര്‍ത്തരാവാറുണ്ട്‌. തകര്‍ന്നു തരിപ്പണമായ പൂര്‍വജര്‍മനിയെ പടുത്തുയര്‍ത്താന്‍ ഏകീകൃതജര്‍മനി സര്‍വശേഷിയും ഉപയോഗിക്കുമ്പോഴും ഈ ധര്‍മച്യുതി അവരെ അലട്ടുന്നുണ്ട്‌.

ചൈനയില്‍ ഇപ്പോള്‍ നടക്കുന്നതെന്താണ്‌? സ്‌ത്രീ ഒന്നില്‍ കൂടുതല്‍ ഗര്‍ഭിണിയായാല്‍ പാര്‍ട്ടിനേതാക്കള്‍ വീട്ടിലെത്തും. പിടിച്ചുകെട്ടി വയറ്റില്‍ തൊഴിച്ചും മരുന്നു കുത്തിവച്ചും ഗര്‍ഭം കലക്കും. ഒരു കുട്ടിയില്‍ കൂടുതലുള്ളവര്‍ മരണഭീതിയിലാണ്‌.

ഇതിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നുതോല്‍പ്പിച്ചതു സാമുദായിക കേന്ദ്രീകരണമോ സൈദ്ധാന്തിക അധിനിവേശമോ
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്കു കാരണമായി അവലോകന റിപ്പോര്‍ട്ടുകളില്‍ പറയുന്ന ഒരു കാരണം സംഘടനാ ദൗര്‍ബല്യമാണ്‌. മറ്റൊന്നു യു.ഡി.എഫിന്‌ അനുകൂലമായ സാമുദായിക കേന്ദ്രീകരണവും. വിദ്യാഭ്യാസപ്രശ്‌നങ്ങള്‍, റോഡുകളുടെ ശോച്യാവസ്‌ഥ, ഗതാഗതപ്രശ്‌നങ്ങള്‍ തുടങ്ങിയവ മധ്യവര്‍ഗത്തെ ഇടതുമുന്നണിയില്‍നിന്ന്‌ അകറ്റിയത്രേ! മേല്‍പ്പറഞ്ഞതെല്ലാം ശരിയാകാം. എന്നാല്‍, കാലഹരണപ്പെട്ട ഭൗതികസിദ്ധാന്തം എല്ലാ മേഖലയിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിനു ജനത്തിന്റെ മറുപടിയായി തെരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നവരുമുണ്ട്‌.

റഷ്യയിലും പൂര്‍വയൂറോപ്പിലും സംഭവിച്ചതും ചൈനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ക്യൂബ വിളിച്ചുകൂവിയതുമായ സൈദ്ധാന്തികത്തകര്‍ച്ച കൊച്ചുകേരളത്തിലും പ്രതിഫലിക്കുന്നുവെന്നതല്ലേ തോല്‍വിക്കു പിന്നിലെ മഹാരഹസ്യം?വികസനത്തിനു കേന്ദ്രം അനുവദിച്ച തുകപോലും സൈദ്ധാന്തികഭ്രാന്തിനായി ചെലവിട്ടത്‌ ആര്‍ക്കാണു മനസിലാവാത്തത്‌?

പഴയ പശ്‌ചിമജര്‍മനിക്കു ഹിറ്റ്‌ലര്‍ എന്ന നാമം എത്രമാത്രം നാണക്കേടും കുറ്റബോധവും ഉളവാക്കിയോ അതിനെക്കാള്‍ നാണക്കേടാണ്‌ പൂര്‍വജര്‍മനിക്കാര്‍ക്ക്‌ ഇന്നു കമ്യൂണിസം എന്ന നാമം. റഷ്യയില്‍ 70 വര്‍ഷത്തിലധികവും ഉപഗ്രഹരാജ്യങ്ങളില്‍ നാല്‍പ്പതിലേറെ വര്‍ഷവും തെരഞ്ഞെടുപ്പുകളില്ലാതെ നിലനിന്ന സര്‍വാധിപത്യത്തില്‍നിന്നു രക്ഷപ്പെട്ട ആശ്വാസത്തിലാണ്‌ ആ രാജ്യങ്ങളിലെ ജനത. അരനൂറ്റാണ്ടിലധികമായി ക്യൂബയെ കൈപ്പിടിയിലൊതുക്കിയ ഫിഡല്‍ കാസ്‌ട്രോ ഗതികേടു വന്നപ്പോള്‍ അധികാരം കൈമാറിയതു സഹോദരന്‌! സര്‍വാധിപത്യം വലിച്ചെറിഞ്ഞ രാജ്യങ്ങളിലെ ജനത്തിന്‌ ഇപ്പോള്‍ സ്വതന്ത്രമായി യാത്ര ചെയ്യാം, പണം സമ്പാദിക്കാം, പള്ളിയില്‍ പോകാം, ആരെയും പേടിക്കേണ്ടതില്ല. എണ്‍പതുകളുടെ ആദ്യഘട്ടത്തില്‍ ഞാന്‍ യൂറോപ്പില്‍ വിദ്യാര്‍ഥിയായിരിക്കേ, കിഴക്കന്‍ ജര്‍മനി കാണാന്‍ പോയതോര്‍ക്കുന്നു. റെയില്‍വേ സ്‌റ്റേഷനിലെ അടിച്ചിട്ട മുറിയില്‍ ഉടുതുണിയുരിഞ്ഞു പരിശോധന. കിഴക്കന്‍ ബര്‍ലിനില്‍ അകമ്പടിയായി കരിമ്പൂച്ചകളെപ്പോലെ രണ്ടു രഹസ്യപ്പോലീസുകാര്‍! നിശ്‌ചിത സ്‌ഥലങ്ങളില്‍ മാത്രം സന്ദര്‍ശനാനുമതി. പോലീസ്‌ സാന്നിധ്യത്തില്‍ മാത്രം സംഭാഷണം.

ഏകീകരിക്കപ്പെട്ട ജര്‍മനിയില്‍ സാമ്പത്തികപ്രശ്‌നങ്ങളെക്കാള്‍ ധാര്‍മികപ്രശ്‌നങ്ങളാണ്‌ ഏറെയും. ദൈവവും മതവുമില്ലാതെ 40 വര്‍ഷം ജീവിച്ച പൂര്‍വജര്‍മന്‍കാര്‍ ജനാധിപത്യ ജര്‍മനിയിലെ വിഭവങ്ങള്‍ കണ്ട്‌ അന്ധാളിച്ചു. പഴയ പശ്‌ചിമ ജര്‍മന്‍കാര്‍ ബര്‍ലിന്‍ മതില്‍ തകര്‍ന്നതില്‍ ചിലപ്പോഴൊക്കെ ദു:ഖാര്‍ത്തരാവാറുണ്ട്‌. തകര്‍ന്നു തരിപ്പണമായ പൂര്‍വജര്‍മനിയെ പടുത്തുയര്‍ത്താന്‍ ഏകീകൃതജര്‍മനി സര്‍വശേഷിയും ഉപയോഗിക്കുമ്പോഴും ഈ ധര്‍മച്യുതി അവരെ അലട്ടുന്നുണ്ട്‌.

ചൈനയില്‍ ഇപ്പോള്‍ നടക്കുന്നതെന്താണ്‌? സ്‌ത്രീ ഒന്നില്‍ കൂടുതല്‍ ഗര്‍ഭിണിയായാല്‍ പാര്‍ട്ടിനേതാക്കള്‍ വീട്ടിലെത്തും. പിടിച്ചുകെട്ടി വയറ്റില്‍ തൊഴിച്ചും മരുന്നു കുത്തിവച്ചും ഗര്‍ഭം കലക്കും. ഒരു കുട്ടിയില്‍ കൂടുതലുള്ളവര്‍ മരണഭീതിയിലാണ്‌. സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്‌ദമുയര്‍ത്തിയ ആയിരക്കണക്കിനു യുവാക്കളെ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ പാറ്റന്‍ ടാങ്ക്‌ കയറ്റിക്കൊന്നത്‌ ഇന്നും ചൈനക്കാരുടെ മനസിലുണ്ട്‌. ഓടുന്ന വണ്ടിയില്‍ ചാടിക്കയറി പ്രതിയോഗിയെ വെട്ടിക്കൊല്ലുന്നത്‌ അതിന്റെ ചെറിയ പതിപ്പുമാത്രം.

മേല്‍പ്പറഞ്ഞ കപടസിദ്ധാന്തത്തിന്റെ അടിച്ചേല്‍പിക്കല്‍ കഴിഞ്ഞ നാലരവര്‍ഷമായി ജനാധിപത്യകേരളം കാണുന്നു. സര്‍വകലാശാല വിദ്യാഭ്യാസത്തെയും ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്തെയും പിടിച്ചുലയ്‌ക്കുന്നു. പാഠപുസ്‌തകനിര്‍മിതിയോടും അധ്യാപക പരിശീലനരീതിയോടുമൊക്കെയുള്ള എതിര്‍പ്പ്‌ ന്യൂനപക്ഷത്തിന്റെ മാത്രമാക്കി തൃണവല്‍ഗണിച്ചപ്പോള്‍ കാല്‍ക്കീഴിലെ മണ്ണ്‌ ഒലിച്ചു പോയതറിഞ്ഞില്ല! പഠിക്കാനാഗ്രഹിക്കുന്നവര്‍ അന്യസംസ്‌ഥാനങ്ങളിലേക്കു പലായനം ചെയ്യുന്നതും എതിര്‍ക്കുന്നവരെ കച്ചവടക്കാരാക്കി മുദ്ര കുത്തുന്നതും, കുട്ടിസഖാക്കളെ ഇളക്കിവിട്ട്‌ സ്‌ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതുമൊക്കെ ജനം കണ്ടു. 30 വര്‍ഷം ഭരിച്ചിടത്തുനിന്നു പട്ടിണിക്കോലങ്ങള്‍ കേരളത്തിലേക്ക്‌ ഒഴുകുന്നു.

കമ്യൂണിസം ലോകത്തില്‍ എന്തു ചെയ്‌തോ അതു കേരളത്തില്‍ ആവര്‍ത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണു നടക്കുന്നത്‌. അതിനു തടസം ഭരണഘടന, കോടതി, പാര്‍ലമെന്ററി ജനാധിപത്യം! ജഡ്‌ജിമാരെ ശുംഭനെന്നും ഉണ്ണാമനെന്നും വിളിച്ചു പദസമ്പത്തു കൂട്ടി.

നേതാക്കള്‍ പണക്കാരും അഹങ്കാരികളുമായതു ജനം കണ്ടു. ഛോട്ടാ നേതാക്കള്‍ പോലീസ്‌ സ്‌റ്റേഷന്‍വരെ ഭരിക്കുന്നു. നോക്കുകൂലിയും കമ്മീഷനുമായി തൊഴില്‍മേഖലയും കര്‍ഷികരംഗവും കൈയടക്കി.ആര്‍ക്കും മണല്‍ വാരാം, ആര്‍ക്കും വയല്‍ നികത്താം. ഛോട്ടാനേതാവിനു കാശു കൊടുത്താല്‍ മതി. ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ക്കെതിരേ നികൃഷ്‌ടജീവി തൊട്ട്‌ കീടം വരെയുള്ള ധാര്‍ഷ്‌ട്യപ്രയോഗം. സ്വത്തു സമാഹരിക്കുക, മക്കളെ സാമ്രാജ്യത്വ സര്‍വകലാശാലകളില്‍ വിട്ടു പഠിപ്പിക്കുക, രമ്യഹര്‍മ്യങ്ങള്‍ നിര്‍മിക്കുക, അത്യാധുനിക സൗകര്യങ്ങളുള്ള പാര്‍ട്ടി ഓഫീസുകള്‍, പാര്‍ക്കുകള്‍, തുടങ്ങിയവ പണിതുയര്‍ത്തുക... പാവപ്പെട്ടവന്‍ റേഷന്‍കടയുടെ മുന്നിലെ ക്യൂവിലും.

ഭരണഘടന പ്രതിപാദിക്കുന്ന മതനിരപേക്ഷത കമ്യൂണിസ്‌റ്റുകാരനു മതരാഹിത്യമാണ്‌. മതത്തെ തകര്‍ക്കണമെങ്കില്‍ അതിന്റെ വക്‌താക്കളെ കൊള്ളരുതാത്തവരാക്കണം. പ്രത്യേകിച്ചു കത്തോലിക്കാ വൈദികരെ. അവരെ എങ്ങനെയും താഴ്‌ത്തിക്കെട്ടണം. മാനുഷിക അപഭ്രംശങ്ങള്‍ അവരുടെയിടയിലുണ്ടായാല്‍ അതു സാമാന്യവല്‍ക്കരിക്കും. എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരറ്റത്തു കത്തോലിക്കാ വൈദികനുണ്ടെങ്കില്‍ ഉടന്‍ ചാടിവീഴും. കേസില്ലെങ്കില്‍ ഉണ്ടാക്കും. അതാണു കൈതവനയില്‍ ഒരു കുട്ടി വെള്ളത്തില്‍ വീണു മരിച്ച സംഭവം ഊതിവീര്‍പ്പിച്ചത്‌. സ്വാഭാവികമരണംകൊലപാതകമാക്കണം. അജന്‍ഡ നടപ്പാക്കാന്‍ ഉടന്‍ ലൈംഗികാരോപണമായി. അതേസമയം, സ്‌ത്രീപീഡകരെ കൈയാമം വച്ചു തെരുവിലൂടെ നടത്തുമെന്നു പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാം മറന്നു. അതിലൊന്നും ഒരു കത്തോലിക്കാ വൈദികനെ ബന്ധപ്പെടുത്താന്‍ കിട്ടിയില്ലെന്നതാകാം കാരണം. മറിച്ച്‌ സ്വന്തം നേതാക്കള്‍ക്കു ബന്ധമുണ്ടുതാനും.

കിളിരൂരിലെ പെണ്‍കുട്ടി വധിക്കപ്പെട്ടിട്ട്‌ ആറുവര്‍ഷം കഴിഞ്ഞു. കൊട്ടിയം, കവിയൂര്‍, തിരുവല്ല, പൂവരണി എന്നുവേണ്ട അമ്പലപ്പുഴയില്‍ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തതുവരെയുള്ള കേസുകളില്‍ എന്തു ചെയ്‌തെന്നു ജനം കണ്ടു. തിരുവല്ലയില്‍ ഒരു പെണ്‍കുട്ടി വിദ്യാഭ്യാസസ്‌ഥാപനത്തില്‍നിന്നു വീട്ടിലെത്തി ആത്മഹത്യ ചെയ്‌തതിനു സ്‌ഥാപനം തല്ലിപ്പൊളിച്ചു. രോഗിയായ വൈദിക പ്രിന്‍സിപ്പലിനെ ആരോപണവിധേയനാക്കി. കാരണമറിയാവുന്ന മാതാപിതാക്കള്‍ പ്രതികരിച്ചില്ല. ആത്മഹത്യചെയ്‌ത കൊച്ചുകന്യാസ്‌ത്രീയുടെ വീട്ടില്‍ച്ചെന്നൊരു മന്ത്രി അപ്പനെയും കൂട്ടി തലസ്‌ഥാനത്തെത്തി രണ്ടുലക്ഷം രൂപ തരപ്പെടുത്തിക്കൊടുത്തു. അതേ മന്ത്രിയോ പാര്‍ട്ടിയോ രണ്ടു കന്യാസ്‌ത്രീകളുടെ തലയില്‍ ഫ്‌ളാറ്റില്‍നിന്നു കട്ട വീണു മരിച്ചപ്പോള്‍ മിണ്ടിയില്ല. കാരണം ഫ്‌ളാറ്റ്‌ പാര്‍ട്ടിക്കാരന്റേതായിരുന്നു.

ഇതൊന്നും പരിഗണിക്കാതെ സാമുദായിക കേന്ദ്രീകരണമാണു തോല്‍വിക്കു കാരണമെന്നൊക്കെപ്പറഞ്ഞു മറ്റുള്ളവര്‍ക്കുനേരേ ചെളി വാരിയെറിയാനുമുള്ള ശ്രമം പാഴ്‌വേലയാണ്‌. ഇടയലേഖനം കൊണ്ടാണു തോല്‍വിയുണ്ടായതെന്നു പറയുന്നത്‌ എത്ര ബാലിശമാണ്‌? ഇടയലേഖനമല്ല, അവയ്‌ക്കു കാരണമാക്കിയ സൈദ്ധാന്തിക അധിനിവേശവും പാര്‍ട്ടിവല്‍ക്കരണവുമാണ്‌ തോല്‍വിക്കു കാരണമെന്നു തിരിച്ചറിയുന്നതു നല്ലതാവും.

* ഫാ. മാണി പുതിയിടം


ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ്‌. ഒരു മുഖ്യധാര മാധ്യമത്തില്‍ ഒരു കത്തോലിക്ക പുരോഹിതന്‍ എഴുതിയ ലേഖനമാണ്‌ ഇത്. പരസ്യമായി ഇത്തരം കാര്യങ്ങള്‍ പറയുന്ന കത്തോലിക്ക സഭ നേതൃത്വം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ ഒക്കെ ഇടപെട്ടിട്ടുണ്ടാകും എന്നതിന്റെ ടെസ്റ്റ് കേസാണിത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ഏതറ്റം വരയും പോകുന്ന നിലപാടാണ്‌ കത്തോലിക്ക സഭ സ്വീകരിച്ചിരുന്നത്. ഇടത് സ്വതന്ത്രരായി മത്സരിക്കാന്‍ പോയവരെപ്പോലും പിന്‍തിരിപ്പിക്കാന്‍ പൌരോഹത്യ നേതൃത്വം ശ്രമിച്ചിരുന്നു

ഇനി കെ.എം റൊയിയുടെ ലേഖനത്തിലേക്ക് വരാം. ന്യൂനപക്ഷ മേഖലയില്‍ എല്ലാം യുഡി.എഫിന്‌ ഉണ്ടായ വന്‍ മുന്നേറ്റവും അതെ തുടര്‍ന്ന കത്തോലിക്ക സഭ നേതൃത്വം ഇതിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എടുക്കുകയും ചെയ്തത് ഭൂരിപക്ഷ സമുദായത്തില്‍ ഇടത് അനുകൂല തരംഗം ഉണ്ടാക്കുമോ എന്ന ആശങ്കയാണ്‌ പങ്കു വയ്ക്കുന്നത്. കത്തോലിക്ക സഭയെപ്പോലെ തന്നെ യുഡി.എഫ് വിജയം ആഗ്രഹിക്കുന്ന ആളാണ്‌ റോയീ. യുഡിഎഫ് ശ്രദ്ധിച്ചിലെങ്കില്‍ ഭൂരിപക്ഷ സമുദായം ഇടത്തോട്ട് ഒഴുകും എന്ന ആശങ്ക ഇത്തിരി പൊടിപ്പും തൊങ്ങലും വച്ച് പറയുകയാണ്‌ റോയീ. ഒപ്പം ചില ചരിത്രങ്ങളും. മാണി പുതിയിടത്തിന്റെ ലേഖനത്തിനൊപ്പം വായിക്കാവുന്ന ഒന്നാണ്‌ ഇത്. ഇതിന്റെ പൂര്‍ണ്ണ രൂപം ചുവടെ


യു.ഡി.എഫ്‌. നേതാക്കളുടെ പുതിയ അസ്വസ്‌ഥതകള്‍
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൈവരിച്ച നേട്ടത്തില്‍ ഐക്യജനാധിപത്യമുന്നണി മൊത്തത്തില്‍ ആഹ്‌ളാദിക്കുമ്പോള്‍ ജനവികാരമറിയാവുന്നവരും ജനസമ്പര്‍ക്കമുള്ളവരുമായ പലേ മുന്നണി നേതാക്കളും തെരഞ്ഞെടുപ്പു ഫലത്തിന്റെ കാര്യത്തില്‍ അസ്വസ്‌ഥരാണെന്നതാണു പുതിയ രാഷ്‌ട്രീയ സംഭവവികാസം. യു.ഡി.എഫിനു രാഷ്‌ട്രീയ സ്വത്വം നിലനിര്‍ത്താനാകുമോ എന്ന ആശങ്കയാണ്‌ ഈ അസ്വസ്‌ഥതയ്‌ക്കു കാരണം. കേരളത്തിന്റെ രാഷ്‌ട്രീയ മനസ്‌ വളരെ പെട്ടെന്നു നാടകീയമായാണു മാറ്റങ്ങള്‍ക്കു വിധേയമാവുക എന്നറിയുന്ന തലമൂത്ത ചില നേതാക്കളിലാണ്‌ ഈ അസ്വസ്‌ഥത വളര്‍ന്നിരിക്കുന്നത്‌.

മലപ്പുറവും കോട്ടയവും കേന്ദ്രീകരിച്ചുള്ള മത-ജാതീയ ശക്‌തികളുടെ ഒരു പിന്തിരിപ്പന്‍ സഖ്യമാണു യു.ഡി.എഫ്‌. എന്ന ധാരണ ഭൂരിപക്ഷ ഹൈന്ദവ വോട്ടര്‍മാരില്‍ അതിവേഗം വളരുന്നുണ്ടോ എന്ന സംശയമാണ്‌ ഈ അസ്വസ്‌ഥതയ്‌ക്കു കാരണം. മറ്റെല്ലാ ജില്ലകളിലേയും തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിനുശേഷം യു.ഡി.എഫ്‌. നേതൃത്വത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടു കോഴിക്കോട്‌ ജില്ലയില്‍ ഇടതുപക്ഷമുന്നണി മികച്ച വിജയം കരസ്‌ഥമാക്കിയതു നിസാര കാര്യമായല്ല ഈ യു.ഡി.എഫ്‌. നേതാക്കള്‍ കാണുന്നത്‌.

മറ്റു ജില്ലകളിലെ ഫലം പുറത്തുവന്നപ്പോള്‍ സംസ്‌ഥാനത്തുണ്ടായ യു.ഡി.എഫ്‌. വിജയം കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയലേഖനത്തിന്റെ വിജയമാണെന്നു മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വക്‌താവ്‌ പരസ്യമായി നടത്തിയ അവകാശവാദം മുന്നണിയുടെ പ്രതിഛായയ്‌ക്കു വലിയ കോട്ടമുണ്ടാക്കിയെന്നതാണ്‌ ഈ നേതാക്കള്‍ കരുതുന്നത്‌. കത്തോലിക്കാ ബിഷപ്പുമാരാണു യു.ഡി.എഫിന്റെ യഥാര്‍ഥ തലതൊട്ടപ്പന്മാര്‍ എന്ന അവകാശം സ്‌ഥാപിക്കാനുള്ള ശ്രമം ഭൂരിപക്ഷ സമുദായങ്ങളില്‍ അമര്‍ഷം വളര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ്‌ അവരുടെ ഭീതി.

ചില ബിഷപ്പുമാരും അവരുടെ വക്‌താക്കളും രാഷ്‌ട്രീയ കാര്യങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയിലെ ധാര്‍ഷ്‌ട്യവും ഔദ്ധത്യവും സഭാവിശ്വാസികളില്‍ത്തന്നെ ഇതിനകം വലിയ നീരസം ഉണ്ടാക്കിയിട്ടുണ്ട്‌. ഇതു കത്തോലിക്കാ ഇതര സമുദായങ്ങളുടെ, പ്രത്യേകിച്ചു ഹൈന്ദവ സമുദായത്തിന്റെ വ്യാപകമായ അമര്‍ഷത്തിന്‌ ഇടവരുത്തുകയാണെന്നത്‌ ഒരു വസ്‌തുതയാണ്‌. കേരളത്തിലെ കത്തോലിക്കാ സഭയുടെ വത്തിക്കാന്‍ എന്നു വിശേഷിപ്പിക്കാവുന്ന ചങ്ങനാശേരിയിലെ നഗരസഭയില്‍ യു.ഡി.എഫിനു ഭൂരിപക്ഷം കിട്ടാതിരുന്നതു ഭൂരിപക്ഷ സമുദായത്തിന്റെ അമര്‍ഷം കൊണ്ടാണെന്നതാണ്‌ ഈ യു.ഡി.എഫ്‌. നേതാക്കളുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ മുപ്പതുവര്‍ഷമായി കേരള കോണ്‍ഗ്രസ്‌ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്ന യു.ഡി.എഫ്‌. ഉരുക്കുകോട്ടയായ ചങ്ങനാശേരിയിലാണ്‌ ആ മുന്നണിക്ക്‌ ഇപ്പോഴത്തെ അനുകൂലമായ പരിതസ്‌ഥിതിയിലും അപ്രതീക്ഷിത പ്രഹരമേറ്റത്‌. അതുകൊണ്ടുതന്നെ സഭയുടെ രാഷ്‌ട്രീയക്കളിയോടുള്ള ഭൂരിപക്ഷ സമുദായത്തിന്റെ അമര്‍ഷം വളര്‍ന്നാല്‍ അഞ്ചുമാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം അനായാസമാകില്ലെന്നാണു ചില നേതാക്കള്‍ ഭയപ്പെടുന്നത്‌. ഹൈന്ദവ വോട്ടര്‍മാരുടെ ഈ വികാരം വളര്‍ത്താന്‍ ഇടതുപക്ഷമുന്നണി പരമാവധി ശ്രമിക്കുമെന്ന ഭീതിയും ഈ നേതാക്കള്‍ക്കുണ്ട്‌.

കത്തോലിക്കാ മെത്രാന്മാരുടെ ശക്‌തനായ പിന്തുണക്കാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ.എം. മാണിയെപ്പോലും അസ്വസ്‌ഥനാക്കാന്‍ തുടങ്ങിയിരിക്കുന്ന സംഭവവികാസമാണ്‌ ഇത്‌. മെത്രാന്മാരുടെ ഈ ആധിപത്യ മനോഭാവത്തിനു വഴങ്ങിയാല്‍ കത്തോലിക്കാ മിഷന്‍ ലീഗിന്റേയോ സൊഡാലിറ്റിയുടെയോ നിലയിലേക്കു തന്റെ കേരളാ കോണ്‍ഗ്രസ്‌ താണുപോകുമെന്നു ഭയപ്പെടുന്ന കേരളാ കോണ്‍ഗ്രസ്‌ നേതാക്കളുമുണ്ട്‌. കോണ്‍ഗ്രസില്‍ ചേരാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള നടത്തുന്ന നീക്കങ്ങളും യു.ഡി.എഫ്‌. വിടാന്‍ കെ.ആര്‍. ഗൗരിയമ്മ നടത്തുന്ന നീക്കങ്ങളും ഇതെല്ലാമായി കൂട്ടിവായിച്ചാല്‍ കാര്യങ്ങള്‍ എങ്ങോട്ടൊക്കെയോ തിരിയുകയാണെന്ന സംശയം കൂടുതല്‍ ബലവത്താക്കുന്നു.

കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം, പ്രത്യേകിച്ച്‌ എ.കെ. ആന്റണിയേയും അദ്ദേഹത്തിന്റെ നിലപാടുകളേയും പിന്താങ്ങുന്ന പുരോഗമനവാദികളായ നേതാക്കളും അനുയായികളും കത്തോലിക്കാ സഭാ നേതൃത്വത്തോടു യു.ഡി.എഫ്‌. അമിത വിധേയത്വം കാണിക്കുന്നത്‌ ആപല്‍ക്കരമാണെന്നു മാത്രമല്ല വിനാശകരമാണെന്നും കണക്കൂകൂട്ടുന്നവരാണ്‌. മുഖ്യമന്ത്രിയെന്ന നിലയില്‍ എ.കെ. ആന്റണിയോടു സഭാനേതൃത്വം നടത്തിയ വാഗ്‌ദാനലംഘനമാണു സംസ്‌ഥാനത്തെ വിദ്യാഭ്യാസരംഗമാകെ പ്രശ്‌നസങ്കീര്‍ണമാക്കാന്‍ കാരണമായതെന്നാണ്‌ ആ വിഭാഗം നേതാക്കള്‍ കരുതുന്നത്‌.

ഇക്കാര്യം എ.കെ. ആന്റണി പരസ്യമായി പ്രസ്‌താവിച്ചിട്ടുള്ളതാണ്‌. ഇക്കാര്യത്തിലുണ്ടായ ചതി ആന്റണിതന്നെ ഒരിക്കല്‍ എന്നോടു വിശദീകരിക്കുകയുണ്ടായി. സ്വകാര്യ കോളജ്‌ വിദ്യാഭ്യാസ രംഗത്തു നടക്കുന്ന ചൂഷണവും അഴിമതിയും തടയുന്ന കാര്യത്തില്‍ ധീരമായ നിലപാട്‌ കൈക്കൊണ്ട നേതാവാണ്‌ അദ്ദേഹം. അതുകൊണ്ടാണു സ്വകാര്യ കോളജ്‌ അധ്യാപകര്‍ക്കു നേരിട്ടു ശമ്പളം നല്‍കുന്നതിനുള്ള ഡയറക്‌ട് പേയ്‌മെന്റ്‌ സമ്പ്രദായത്തിന്‌ ആന്റണി നേതൃത്വം നല്‍കിയത്‌. കോളജ്‌ അധ്യാപകര്‍ക്കു മൂക്കുകയറിട്ടുകൊണ്ട്‌ അവരെ വരുതിയില്‍ നിര്‍ത്തി ചൂഷണം ചെയ്യാനുള്ള അവസരം നഷ്‌ടപ്പെടുമെന്നതു കാരണം ഡയറക്‌ട് പേയ്‌മെന്റിനെ ശക്‌തിയായി എതിര്‍ത്തുകൊണ്ടു സഭാനേതൃത്വവും മറ്റു സമുദായ നേതൃത്വങ്ങളും ചേര്‍ന്ന്‌ ആന്റണിക്കെതിരായി പ്രക്ഷോഭം തന്നെ നടത്തി നോക്കിയതാണ്‌.

അക്കാലത്തു കത്തോലിക്കാ ബിഷപ്പുമാര്‍ കോഴിക്കോട്ടുവച്ചു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കു നല്‍കിയ വിരുന്നുപോലും ബഹിഷ്‌കരിച്ചുകൊണ്ടാണ്‌ ആന്റണി തന്റെ നിലപാടില്‍ ധീരമായി ഉറച്ചുനിന്നത്‌. ഒടുവില്‍ ആന്റണി വാദിച്ചതുപോലെ കോളജ്‌ അധ്യാപകര്‍ക്കു നേരിട്ടുള്ള ശമ്പളം എന്ന സമ്പ്രദായം കേരളത്തില്‍ നടപ്പാക്കുകതന്നെ ചെയ്‌തു. 1957-ല്‍ ആദ്യത്തെ കമ്യൂണിസ്‌റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്‌കൂള്‍ അധ്യാപകര്‍ക്കു സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കി അവരെ മാനേജ്‌മെന്റിന്റെ ചൂഷണത്തില്‍ നിന്നു വിമുക്‌തമാക്കിയ അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രഫ. ജോസഫ്‌ മുണ്ടശേരിയുടെ ചുവടുപിടിച്ചുള്ള ആന്റണിയുടെ നീക്കം അന്തിമമായി വിജയിക്കുകതന്നെ ചെയ്‌തു.

അയല്‍ സംസ്‌ഥാനങ്ങളിലെ പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള കേരളത്തിലെ വിദ്യാര്‍ഥികളുടെ ഒഴുക്കു തടയാനാണു സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകള്‍ എന്ന നിര്‍ദേശം മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എ.കെ. ആന്റണി മനസില്ലാമനസോടെ സ്വീകരിക്കാന്‍ തയാറായത്‌. വിദ്യാഭ്യാസരംഗത്തു ലജ്‌ജാകരമായ കച്ചവടത്തിന്‌ അതു വഴിതുറക്കുമെന്നു മുഖ്യമന്ത്രി ആന്റണിക്ക്‌ അറിയാമായിരുന്നിട്ടും അതദ്ദേഹം അംഗീകരിച്ചത്‌ അമ്പതു ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം മെറിറ്റിന്റെ അടിസ്‌ഥാനത്തിലായിരിക്കുമെന്നു കത്തോലിക്കാ ബിഷപ്പുമാര്‍ മുഖ്യമന്ത്രിക്കു വ്യക്‌തമായ ഉറപ്പു നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ്‌. രണ്ടു സ്വകാര്യ എന്‍ജിനീയറിംഗ്‌ കോളജുകള്‍ എന്നത്‌ ഒരു സര്‍ക്കാര്‍ എന്‍ജിനീയറിംഗ്‌ കോളജിനു തുല്യമാകുമ്പോള്‍ മിടുക്കന്മാരായ നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ അവസരം കിട്ടുമെന്നും അതു സ്വകാര്യ പ്രൊഫഷണല്‍ കോളജുകള്‍ എന്ന ആശയത്തോടു ജനങ്ങള്‍ക്കുള്ള എതിര്‍പ്പ്‌ കുറയ്‌ക്കുമെന്നുമായിരുന്നു ആന്റണിയുടെ പ്രത്യാശ. സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ കാര്യവും അതുതന്നെയായിരുന്നു.

പക്ഷേ, സ്വാശ്രയ കോളജുകള്‍ അനുവദിച്ചുകഴിഞ്ഞപ്പോള്‍ ബിഷപ്പുമാര്‍ നിലപാടു മാറ്റി. പെട്ടെന്നു പ്രവേശനം മുഴുവന്‍ നിയമത്തിന്റെ മുടിനാരിഴകീറി ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശമാക്കി സ്വന്തമാക്കുകയാണ്‌ ഇവര്‍ ചെയ്‌തത്‌. പിന്നെ കേരളം കണ്ടതു ന്യൂനപക്ഷാവകാശങ്ങളുടെ പേരില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ കഴുത്തറുപ്പന്‍ കച്ചവടമാണ്‌.

കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്‌താവെന്നു പറയുന്ന ഒരു ബിഷപ്പിനോട്‌ ഈ വിശ്വാസവഞ്ചനയെക്കുറിച്ചു ഞാന്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ അങ്ങനെ ഒരു ഉറപ്പും ആന്റണിക്കു മെത്രാന്മാര്‍ നല്‍കുകയുണ്ടായിട്ടില്ലെന്നാണ്‌. ശുദ്ധമായ അസത്യമാണു ബിഷപ്‌ പറയുന്നതെന്ന്‌ എനിക്കറിയാമായിരുന്നു. ആന്റണിക്കാണോ ബിഷപ്പുമാര്‍ക്കാണോ സത്യസന്ധത എന്ന കാര്യത്തില്‍ കേരളത്തില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം ജനങ്ങള്‍ ആന്റണിയാണു സത്യസന്ധന്‍ എന്നു വിധിയെഴുതുമെന്നാണു ഞാന്‍ ആ മെത്രാനോടു പറഞ്ഞത്‌. അതെന്തുമാകട്ടെ.

എന്തുപറഞ്ഞാലും മുണ്ടശേരി മാഷിനെയും എ.കെ. ആന്റണിയെയും എതിരാളികളായിത്തന്നെയാണു സഭാനേതൃത്വം ഇന്നും കാണുന്നത്‌. കാരണം ആ നേതൃത്വത്തിന്റെ അപ്രമാദിത്വവും ചൂഷണവും അംഗീകരിക്കാത്തവരാണ്‌ ഈ രണ്ടുപേരും. പക്ഷേ ആന്റണിയെ അംഗീകരിക്കാനും പ്രത്യക്ഷമായി ആദരിക്കാനും സഭാനേതൃത്വം തയാറാകുന്നതിന്‌ ഒരു കാരണം അദ്ദേഹം കേന്ദ്രസര്‍ക്കാരില്‍ വലിയ അധികാരം കൈയാളുന്ന കേന്ദ്രമന്ത്രിയായി ദേശീയപദവിയിലേക്ക്‌ ഉയര്‍ന്നിരിക്കുന്നതുകൊണ്ടാണ്‌. അധികാരത്തിന്റെ മുന്നില്‍ തലകുനിക്കാതിരിക്കാന്‍ പറ്റില്ലല്ലോ? അല്ലെങ്കില്‍ തങ്ങളെ തലതൊട്ടപ്പന്‍മാരായി അംഗീകരിക്കാത്ത കത്തോലിക്കരുടെ പേരുള്ള ഒരു നേതാവിനേയും അംഗീകരിക്കാത്തവരാണു സഭാനേതാക്കള്‍. തങ്ങളുടെ കൈയൊപ്പില്ലാതെ കേരളത്തിലെ ഒരു കോണ്‍ഗ്രസ്‌ നേതാവിനും വളരാനാവില്ലെന്ന മെത്രാന്‍മാരുടെ തെറ്റിദ്ധാരണ ആന്റണി പൊളിച്ചെഴുതിയതു ചരിത്രം.

നമ്മുടെ മുന്‍ തലമുറയില്‍ ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടുകളുടെയും കാണപ്പെട്ട രൂപങ്ങളായിരുന്നു സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍. ശമ്പള രജിസ്‌റ്ററില്‍ ഒപ്പിട്ടുകൊടുത്താല്‍ സര്‍ക്കാരില്‍നിന്നു നല്‍കുന്ന ശമ്പളത്തിന്റെ പകുതി മാത്രമേ അധ്യാപകരുടെ കൈയിലെത്തുമായിരുന്നുള്ളൂ എന്നതാണു കാരണം. ആ ചൂഷണം ഒഴിവാക്കി ഒപ്പിട്ടുകൊടുക്കുന്ന മുഴുവന്‍ ശമ്പളത്തിനും അധ്യാപകരെ അര്‍ഹരാക്കി എന്ന മനുഷ്യത്വം മാത്രമേ വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ പ്രഫ. മുണ്ടശേരി ചെയ്യുകയുണ്ടായുള്ളു. അതിന്റെ പേരിലാണു സഭാവിരോധിയും ദൈവവിരോധിയുമായി സഭാനേതാക്കള്‍ അദ്ദേഹത്തെ കണ്ടത്‌.

എന്തായാലും കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ ഒരു സാമൂഹ്യവിപ്ലവത്തിനു നേതൃത്വം നല്‍കിയ മുണ്ടശേരി മാസ്‌റ്ററുടെ മകന്‍ ഡോ. ജോസ്‌ മുണ്ടശേരി വിദ്യാഭ്യാസരംഗത്ത്‌ ഒരു സാങ്കേതിക വിപ്ലവത്തിന്‌ ഇപ്പോള്‍ നേതൃത്വം നല്‍കുകയാണ്‌. അമേരിക്കയിലെ ചില പ്രമുഖ സ്‌ഥാപനങ്ങളുടെ മേധാവിയാണ്‌ ഈ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗ്‌ ബിരുദധാരി. കൊച്ചിയിലെ സാങ്കേതിക സര്‍വകലാശാല (കുസാറ്റ്‌) കമ്യൂണിക്കേഷന്‍ സ്‌റ്റഡീസിന്റെ ഗവേഷണ പഠനത്തിനായി പിതാവ്‌ പ്രഫ. മുണ്ടശേരിയുടെ പേരില്‍ ഒരു സെന്റര്‍ സ്‌ഥാപിക്കുന്നതിന്‌ അഞ്ചുകോടി രൂപയാണ്‌ ഈ പുത്രന്‍ സംഭാവന ചെയ്‌തിരിക്കുന്നത്‌. സംസ്‌ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു വലിയ സംഭവമാണ്‌ ഈ സംഭാവന.

കേരളത്തില്‍ ഒരു വ്യക്‌തിക്കുപോയിട്ട്‌ വലിയ സ്‌ഥാപനങ്ങള്‍ക്കുപോലും ചിന്തിക്കാനാവാത്ത സംഭാവനയാണ്‌ ഈ അഞ്ചുകോടി രൂപ. പ്രഫ. മുണ്ടശേരിയെ സഭാ വിരോധിയായി പ്രഖ്യാപിച്ച കേരളത്തിലെ കത്തോലിക്കാ സഭയ്‌ക്കു കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ട്‌. ഏതെങ്കിലും സര്‍വകലാശാലയിലെ ഗവേഷണത്തിനായി അഞ്ചുകോടി രൂപ സംഭാവന ചെയ്യുന്നതിനെക്കുറിച്ച്‌ സഭാപിതാക്കന്‍മാര്‍ക്കു ചിന്തിക്കാന്‍ കഴിയുമോ?

ആ അഞ്ചുകോടി രൂപയുണ്ടെങ്കില്‍ പത്തു സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം പബ്ലിക്‌ സ്‌കൂള്‍ തുടങ്ങി സമ്പന്ന സന്തതികള്‍ക്കു പഠിക്കാന്‍ സൗകര്യമുണ്ടാക്കിയാല്‍ എന്തു ലാഭമുണ്ടാക്കാം എന്നു ചിന്തിക്കുന്നവരായി മാറിയിരിക്കുന്നു ക്രിസ്‌ത്യന്‍ മാനേജ്‌മെന്റ്‌. അവിടെ എങ്ങനെ റബര്‍ വെട്ടുകാരും കടത്തുവള്ളക്കാരും മീന്‍പിടിത്തക്കാരുമായ ക്രിസ്‌ത്യാനികളുടെ മക്കള്‍ക്കു പഠിക്കാന്‍ കഴിയുമെന്നു ചോദിച്ചാല്‍ അതിനാണല്ലോ സര്‍ക്കാര്‍ സ്‌കൂളുള്ളതെന്ന മറുചോദ്യമായിരിക്കും ഉയരുക.

കെ.എം. റോയ്‌

Wednesday, December 08, 2010

വിസ്മയ വാട്ടര്‍ തീം പാര്‍ക്കിലെ ജലചൂഷണം


അപ്പോള്‍ ആ കാര്യത്തില്‍ തീരുമാനമായി പറശിനിക്കടവ്‌ വിസ്മയ വാട്ടര്‍ തീം പാര്‍ക്കില്‍ ജലചൂഷണമില്ല. പറഞ്ഞത് മാതൃഭൂമി ആയതിനാല്‍ വിശ്വസിച്ചേ മതിയാകൂ. നിര്‍ഭാഗ്യവശാല്‍ 2010 ജൂലൈയിലെ കണ്ണൂര്‍ എഡീഷനിലാണ്‌ ഈ വാര്‍ത്ത വന്നിട്ടുള്ളൂ. എന്നാലും അവിടെ എങ്കിലും വന്നല്ലോ എന്ന് കരുതി സമാധാനിക്കാം.

ഇനി അല്പം ചരിത്രം. പറശ്ശിനിക്കടവില്‍ സി.പി.എം നേതൃത്വത്തില്‍ ഉണ്ടാക്കിയ ഈ പാര്‍ക്കിനെപ്പറ്റി ആദ്യകാലങ്ങളില്‍ തന്നെ വന്‍ വിവാദങ്ങളായിരുന്നു. ആദ്യമൊക്കെ ഇത്തരത്തിലൊരു സ്ഥാപനം സി.പി.എം ആഭിമുഖ്യത്തില്‍ നടത്താമോ എന്നതായിരുന്നു വിഷയമെങ്കില്‍ പിന്നീടത് ജലചൂഷണം നടക്കുന്ന ഇത്തരം സംരംഭങ്ങള്‍ തുടങ്ങാമോ എന്നതായി. വീഗാലാന്റിനോടോ ആതിരപ്പള്ളിയിലെ വാട്ടര്‍ തീം പാര്‍ക്കുകളോടോ ഇല്ലാത്ത എതിര്‍പ്പായിരുന്നു പിന്നീടങ്ങോട്ട് . എല്ലാ മാധ്യമങ്ങളും ജചൂക്ഷണത്തിന്റെ പേരില്‍ സി.പി.എമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. എന്നാല്‍ അന്നു മുതല്‍ തന്നെ ഇത് മഴവെള്ള സംഭരണിയിലെ ജലമുപയോഗിച്ചാണ്‌ നടത്തുന്നത് എന്ന് ഈ സ്ഥാപനത്തിന്റെ സംരംഭകര്‍ പറയുന്നുണ്ടായിരുന്നു. ഇത് വെറും കെട്ടുകഥയാണ്‌ എന്നായിരുന്നു എതിര്‍പ്പിന്റെ ആള്‍ക്കാരുടെ വാദം. അന്ന് ഏഷ്യാനെറ്റ് ന്യൂസുലിലായിരുന്ന വേണു ന്യൂസ് ഹവര്‍ ചര്‍ച്ചയില്‍ വളപട്ടണം പുഴയല്ലെ നിങ്ങളുടെ ടാര്‍ഗ്ഗറ്റ് എന്ന് വരെ ചോദിച്ചിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ പോലെ പരിസ്ഥിതി വാദികളാകുന്ന അസുലഭ കാഴ്ചയായിരുന്നു അത്.

എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചത് സി.പി.എമിന്റെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിലപാടായിരുന്നു. മാധ്യമ കഥകള്‍ക്കൊപ്പം പതിവ് പോലെ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുക എന്നതായിരുന്നു വി.എസിന്റെ തന്ത്രം. ഉല്‍ഘാടകനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന വി.എസ് ഉല്‍ഘാടനത്തിന്റെ തലേന്ന് ആശുപത്രിയില്‍ അഡ്‌മിറ്റായി. വി.എസിന്റെ അഭാവത്തില്‍ പിണറായി ഇതിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. എന്നാല്‍ വി.എസിന്റെ കളികള്‍ അവിടെയും നിന്നില്ല. ഇടക്കിടെ പത്രലേഖകര്‍ വിസ്മയയില്‍ ജലചൂഷണമുണ്ടോ എന്ന് വി.എസിനോട് ചോദിക്കുമ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്‌ എന്നായിരുന്ന്നു മറുപടി. അങ്ങനെ എല്ലാവരാലും സംശയത്തിന്റെ മുള്‍മുനയില്‍ നിന്ന സ്ഥാപനത്തെപ്പറ്റി മാതൃഭുമിയില്‍ വന്ന വാര്‍ത്ത വായിക്കുക.


മഴക്കൊയ്ത്തില്‍ വിസ്മയമായി വാട്ടര്‍തീം പാര്‍ക്കിന്റെ സംഭരണി
കണ്ണൂര്‍: പറശ്ശിനിക്കടവ് 'വിസ്മയ' വാട്ടര്‍ തീം പാര്‍ക്കിലെ കൂറ്റന്‍ മഴവെള്ളസംഭരണി ജലസംരക്ഷണത്തിന് മാതൃകയാവുന്നു. 7.5 കോടി ലിറ്റര്‍ വെള്ളംകൊള്ളുന്ന സംഭരണിക്ക് ഒപ്പംനില്ക്കുന്ന മഴവെള്ള സംഭരണി കേരളത്തില്‍ വേറെയില്ല. ഇതുവരെ പെയ്ത മഴയില്‍ ജലസംഭരണിനിറഞ്ഞ് തടാകമായിമാറി.

വിസ്മയ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളംമുഴുവന്‍ ശേഖരിക്കുന്നത് മഴവെള്ളസംഭരണിയില്‍നിന്നാണെന്ന് മലബാര്‍ ടൂറിസം ഡെവലപ്‌മെന്റ് കൊ-ഓപ്പറേറ്റീവ് ലിമിറ്റഡ് ചെയര്‍മാന്‍ കെ.കെ.നാരായണന്‍ പറഞ്ഞു. കുടിവെള്ളത്തിനായി വേറെ കിണറുണ്ട്. കഴിഞ്ഞ വേനല്‍ക്കാലത്ത് പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനായി വെള്ളമെടുത്തശേഷവും സംഭരണിയില്‍ ജലംബാക്കിയായിരുന്നു. ദിവസംമൂന്ന്-നാല് ലക്ഷം ലിറ്റര്‍ വെള്ളം പാര്‍ക്കിലേക്ക് വേണം. ഇത്തവണ സംഭരണിയുടെ ഉയരം രണ്ടു മീറ്റര്‍കൂടി കൂട്ടിയതോടെയാണ് സംഭരണശേഷി 7.5 കോടി ലിറ്ററായി ഉയര്‍ന്നത്. 2.75 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ജലാശയത്തിന് ചിലഭാഗങ്ങളില്‍ ഒമ്പത് മീറ്ററും മറ്റിടങ്ങളില്‍ ഏഴ് മീറ്ററും ആഴമുണ്ട്.

ഇപ്പോഴുള്ളതിനേക്കാള്‍ രണ്ടടികൂടി ഉയരത്തില്‍ സംഭരണിയില്‍ വെള്ളംനിറയ്ക്കാം. കനത്തമഴയില്‍ നിറഞ്ഞൊഴുകുന്നത് തടയാന്‍ മുന്‍കരുതലെന്ന നിലയില്‍ ഇത് നിറയ്ക്കാതെ വെച്ചിരിക്കുകയാണ്. അധികമായെത്തുന്നജലം പ്രത്യേകചാലിലൂടെ ഒഴുക്കിക്കളയുകയാണ്. അലേയമാലിന്യങ്ങള്‍ അരിച്ചുമാറ്റി ലേയമാലിന്യങ്ങള്‍ സെറ്റിലിങ് ടാങ്കില്‍ അടിയിച്ചശേഷമാണ് വെള്ളം സംഭരണിയിലേക്ക് വിടുന്നത്. പാര്‍ക്ക് ജലചൂഷണം നടത്തുന്നുവെന്ന ആരോപണം മറികടക്കാനാണ് ജലസംഭരണി നിര്‍മിച്ചതെന്ന് എം.ടി.ഡി.സി. മാനേജിങ് ഡയറക്ടര്‍ പി.പി.ചന്ദ്രന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്‍േറതാണ് ആശയം.

പാര്‍ക്കില്‍ കുട്ടികള്‍ക്കായി പുതിയ പത്ത് റൈഡുകള്‍ ഉടന്‍ തുടങ്ങുമെന്നും എം.ഡി. പറഞ്ഞു. ഹൈഡ്രോളിക് സ്‌പേസ് ഷട്ടില്‍, സണ്‍ ആന്‍ഡ് മൂണ്‍, കിഡ്ഡി റൈഡ് റോബോട്ട്, മള്‍ട്ടി പ്ലേ സിസ്റ്റം ജംബോ ട്രംബോളിന്‍ തുടങ്ങിയ റൈഡുകള്‍ ഓണത്തിനുമുമ്പ് പ്രവര്‍ത്തനക്ഷമമാകും. പുതിയ മേജര്‍ റൈഡുകളും ചൈനീസ് റൈഡുകളും ഏര്‍പ്പെടുത്താനും നടപടി തുടങ്ങി.

Thursday, December 02, 2010

മനുഷ്യാവകാശവും മാധ്യമസ്വാതന്ത്ര്യവും


ഷാഹിന എന്ന മാധ്യമപ്രവര്‍ത്തക, മദനിക്കെതിരായി കര്‍ണ്ണാടക പോലീസ് ചാര്‍ജ്ജ് ചെയ്ത തീവ്രവാദി കേസുകളിലെ സാക്ഷികളെ കാണുകയും, പ്രസ്തുത കേസില്‍ കര്‍ണ്ണാടക പോലീസിന്റെ കള്ളക്കളികള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായി തീവ്രവാദ സ്വഭാവമുള്ള കേസുകളില്‍ പ്രതിചേര്‍ക്കാന്‍ ശ്രമം നടക്കുന്നതായി അറിയുന്നു. തികച്ചും അപഹാസ്യവും പ്രതിക്ഷേധാര്‍ഹവും മാധ്യമ സ്വാതന്ത്ര്യത്തിന്‌ നേരേയുള്ള വെല്ലുവിളിയുമാണ്‌ ഈ സംഭവം എന്നതില്‍ തര്‍ക്കമില്ല അതുകൊണ്ട് തന്നെ ഷാഹിനക്ക് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള എ.ഇ.സി എന്ന ഗ്രൂപ്പ് നയിക്കുന്ന പ്രതിക്ഷേധ പരിപാടികള്‍ സ്വാഗതാര്‍ഹവുമാണ്‌

എന്നാല്‍ ഇപ്പോള്‍ ഷാഹിനയുടെ വിഷയത്തില്‍ ഉണ്ടായ ഈ ഉല്‍കണ്ഠകള്‍ നമുക്ക് മദനിയുടെ കാര്യത്തിലും ഇനിയെങ്കിലും ഉണ്ടാകണം. നമ്മളില്‍ പലരും കര്‍ണ്ണാടക പോലീസ് പറഞ്ഞ കഥകളുടെ ഒരു മാധ്യമ പരിപ്രേക്ഷയിലാണ്‌ മദനിക്കെതിരെ ഉള്ള ചാര്‍ജ്ജ് ഷീറ്റിനെ വിലയിരുത്തിയിട്ടുള്ളൂ. അതിന്റെ യുക്തി രാഹിത്യത്തെ ആ കാലഘട്ടത്തില്‍ തന്നെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിജു വി. നായര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മാധ്യമം പത്രമൊഴികെ മറ്റാരും ഈ വിഷയത്തില്‍ മദനിക്കൊപ്പം ഉണ്ടായിരുന്നില്ല. അന്നൊക്കെ എല്ലാ മാധ്യമങ്ങളും കര്‍ണ്ണാടക പോലീസിന്റെ നിലപാടുകള്‍ക്ക് ഒപ്പമോ അലെങ്കില്‍ മദനി നിരപരാധി ആണോ എന്ന് കോടതി പരിശോധിക്കട്ടേ എന്ന നിലപാടിലോ ആയിരുന്നു.എന്നാല്‍ ഇന്ന് ഷാഹിന കണ്ടെത്താന്‍ ശ്രമിച്ച സംഗതികളും അവയോട് കര്‍ണ്ണാടക പോലീസ് സ്വീകരിച്ച നിലപാടുകളും ഈ വിഷയത്തില്‍ വിജു വി നായര്‍ മുന്നോട്ട് വച്ച ആശങ്കകളോട് യോജിച്ച് പോകുന്നതാണോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും

ചെയ്യാത്ത കുറ്റത്തിന്‌ 9 വര്‍ഷത്തിലധികം തടവനുഭവിച്ച വികലാംഗനായ ആ മനുഷ്യനോട് അല്‍പ്പമെങ്കിലും സഹതാപം കാണിക്കാന്‍ മാധ്യമ ലോകത്തിന്‌ ഉത്തരവാദിത്തമുണ്ടായിരുന്നു. ലാവ്‌ലിന്‍ കേസില്‍ ഇന്നലത്തെ മഴക്ക് പൊട്ടിമുളച്ച ദീപക്ക് കുമാറിനെപ്പോലെ ഉള്ളവര്‍ പറയുന്ന പരസ്പര ബന്ധമില്ലാത്ത ആരോപണങ്ങള്‍ വ്യാഖ്യാനിക്കാന്‍ പോലും രണ്ട് റിപ്പോര്‍ട്ടര്‍മാരെ ഒരേ സമയം രംഗത്തിറക്കുന്ന ഏഷ്യാനെറ്റ് പോലെ ഉള്ള മാധ്യമങ്ങള്‍ ഉള്ള ഈ നാട്ടില്‍ മദനി നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ അതിന്‌ വേണ്ടി ഉണ്ടാക്കപ്പെട്ട കള്ളത്തെളിവുകള്‍ എന്നിവയെപ്പറ്റി ഷാഹിനയുടെ അനുഭവങ്ങളെ അന്വേഷണ വിധേയമാക്കുന്ന അവസരത്തിലെങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു